13/5/10

ഭ്രൂണം

03-05-2010
അമ്മയുടെ പേര് നിങ്ങള്‍ക്കറിയില്ലല്ലൊ...
സുമംഗലഭായി.
നല്ല പേര്‌ അല്ലെ? പേര്‌ പോലെ തന്നെ സുന്ദരിയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നിറയെ കാമുകന്‍മാരായിരുന്നു. പക്ഷെ അമ്മയ്ക്കാരേയും ബോധിച്ചില്ല. എല്ലാം വെള്ളമൊലിപ്പിച്ച്‌ പിന്നാലെ നടന്നത്‌ മെച്ചം.

പഠിപ്പ്‌ അവസാനിക്കുന്നതിന്‌ മുന്‍പ്‌ അച്ഛന്‍ അമ്മയെ കെട്ടി. അച്ഛനും സുന്ദരനാണ്. ബിസ്സിനനുകാരന്. വിവാഹക്കമ്പോളത്തിലെ ഡിമാന്‍റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ ബിസ്സിനസ്സുകാരന്‍ എന്ന്‌ പറയുന്നത്. ഒരു തുക്കട തുണിക്കട നടത്തുന്ന ആള്‍ എങ്ങിനെയാണ്‌ ബിസ്സിനസ്സുകാരന്‍ ആകുന്നത്‌.? എന്തായാലും അച്ഛന്‍റെ ബിസ്സിനസ്സില്‍ അമ്മേടെ കുടുംബം കുടുങ്ങി എന്ന്‌ പറയുന്നതാവും ശരി. ദോഷം പറയരുതല്ലൊ, അമ്മേടെ വരവോടെ അച്ഛന്‌ വെച്ചടി വെച്ചടി കേറ്റമായിരുന്നു.

അമ്മ പക്ഷെ അന്നൊക്കെ നിരാശയിലായിരുന്നു. വര്‍ഷം ഒമ്പത്‌ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. വീട്ടുകാരെല്ലാവരും അമ്മയെ കുരുത്തം കെട്ടവള്‍ എന്ന്‌ പറഞ്ഞ്‌ നടന്നു. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ കഴിയാതെ അച്ഛന്‍റെ അമ്മ പഴി പറഞ്ഞ്‌ ശണ്ഠ കൂട്ടി. അച്ഛനും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നിരങ്ങി ഉരുളി കമഴ്ത്തി. ഫലം കാണാതെ രണ്ട്‌ വര്‍ഷം മുന്‍പ്‌ അമ്പലം തെണ്ടല്‍ നിര്‍ത്തി. പകരം ഡോക്ടര്‍മാരെ തിരക്കിയിറങ്ങി. സര്‍വ്വ ടെസ്റ്റ്‌ നടത്തിയിട്ടും രണ്ട്‌ പേര്‍ക്കും ഒരു കുഴപ്പവും ഇല്ലത്രെ..! ഊണും ഉറക്കവും ഇല്ലാതെ എല്ലും തോലും ആയി അമ്മ. അച്ഛന്‌ അത്രക്ക്‌ പ്രയാസം ഉണ്ടെന്ന്‌ തോന്നിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അമ്മ ഗര്‍ഭിണിയായി. അതിരില്ലാത്ത ആഹ്ളാദത്തോടെ അമ്മയും അഭിമാനത്തോടെ തലയുയര്‍ത്തി അച്ഛനും ശണ്ഠക്ക്‌ പകരം സ്നേഹം പൊതിഞ്ഞ്‌ അമ്മൂമ്മയും. ആകെക്കൂടി സന്തോഷമയം.

പ്രശ്നം ഇതൊന്നുമല്ല. എനിക്കപ്പോള്‍ നാല്‌ മാസം മാത്രമെ വളര്‍ച്ച എത്തിയിട്ടുള്ളു. ഞാനപ്പോഴും സുമംഗലഭായിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന കൈയ്യും കാലും ഒതുക്കിവെച്ച്‌ അടങ്ങിക്കിടക്കുന്ന പകുതി വളര്‍ച്ച മാത്രമായിട്ടുള്ള മനുഷ്യക്കുഞ്ഞായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടയില്‍ സുമംഗലഭായി പടിഞ്ഞാമ്പുറത്തെ ചാച്ചിറക്കിലിരുന്ന്‌ പെണ്‍സഭകളില്‍ വിളമ്പിയ കാര്യങ്ങളായതുകൊണ്ടാണ്‌ എനിക്കിതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രം സുരക്ഷിതമായ ഒരിടമായി തോന്നുന്നു. എല്ലാം മറ്റുള്ളവര്‍ ചെയ്തോളും. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജ്ജമെല്ലാം പൊക്കിള്‍കൊടിവഴി എനിക്ക്‌.; മൂത്രമൊഴിക്കണ്ട, കക്കൂസില്‍ പോകണ്ട, പല്ല്‌ തേക്കണ്ട, കുളിക്കണ്ട, തുണി മാറണ്ട. അങ്ങിനെ എല്ലാം കൊണ്ടും പരമസുഖം. വളഞ്ഞുകൂടി ഒരേ കിടപ്പാണെങ്കിലും ഒരു മടുപ്പും ഇല്ലായിരുന്നു. എന്നെ തട്ടാതേയും മുട്ടാതേയും കൊണ്ടുനടക്കാന്‍ എന്ത്‌ സന്തോഷമായിരുന്നു പാവം അമ്മയ്ക്ക്. അമ്മയെ പ്രയാസപ്പെടുത്താതെ ഞാനും അടങ്ങിക്കിടക്കുമായിരുന്നുട്ടോ.

എന്‍റെ ചലനങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അമ്മയുടെ വയററില്‍ ചെവി ചേര്‍ക്കുമ്പോള്‍ ഞാനനങ്ങാതെ കിടക്കും. അല്ലെങ്കില്‍ തന്നെ എനിക്കപ്പോള്‍ വലിയ അനക്കമൊന്നും ആയിട്ടില്ല.

കൊച്ചുകുട്ടികള്‍ അമ്മയുടെ വയറ്റില്‍ തടവി സന്തോഷിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. അമ്മയെ ആരെങ്കിലും തൊടുന്നത്‌ എനിക്കിഷ്ടമല്ല. അമ്മ എന്‍റെ മാത്രമാണ്‌., അങ്ങിനെയിപ്പൊ ആരും തൊടണ്ട. ഈ വിവരം എങ്ങിനെ അറിയിക്കും? എല്ലാം ഉള്ളിലൊതുക്കി. പുറത്തെ വിവരങ്ങളൊക്കെ എനിക്കറിയാന്‍ കഴിയുന്നു എന്ന്‌ അമ്മക്കറിയില്ലല്ലൊ.

രണ്ട്‌ പേരും കൂടി ടീവി കാണുമ്പോഴാണ്‌ പൊതു വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയും, റഷ്യയും, ഗള്‍ഫും, മന്‍മോഹന്‍സിങ്ങും, അച്ചുതാനന്ദനും ഒക്കെ എനിക്കറിയാം. അമ്മ തനിച്ച്‌ ടീവി കാണുമ്പോള്‍ കാമ്പില്ലാത്ത കുറേ സീരിയലും കാണാം. അമ്മ പത്രം വായിക്കാത്തതുകൊണ്ട്‌ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ കേട്ട്‌ വേണം അങ്ങിനെയുള്ള വിവരങ്ങള്‍ അറിയാന്‍.

വളരേ നേരത്തെ മുതല്‍ ഞാന്‍ ആണൊ പെണ്ണൊ എന്നറിയാന്‍ അമ്മയ്ക്കാണ്‌ തിടുക്കം. സ്കാന്‍ ചെയ്താല്‍ അറിയാമെന്ന്‌ അമ്മ. ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന വടക്കേലെ സറീനയെ സ്കാന്‍ ചെയ്ത്‌ പറഞ്ഞത്‌ പെണ്ണായിരുന്നെന്നും പ്രസവിച്ചപ്പോള്‍ ആണായി പോയതും പറഞ്ഞ്‌ അച്ഛന്‍ കളിയാക്കി. ഞാനിപ്പൊ ആണായാലും പെണ്ണായാലും അമ്മയ്ക്കെന്താ? ഇതാ ചിലപ്പോഴൊക്കെ എനിക്ക്‌ ദേഷ്യം വരുന്നത്‌.

പെണ്ണായാല്‍ മറ്റുള്ളവര്‍ എന്ത്‌ പറയും എന്നാണ്‌ അമ്മയുടെ ഏറ്റവും വലിയ ആധി. പിന്നെ പെണ്ണുങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഓരോരൊ കഥകള്‍ , പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ സ്വര്‍ണ്ണം ഉണ്ടാക്കേണ്ടത്.......അങ്ങിനെ പോകുന്നു.

കുട്ടികളില്ലെങ്കില്‍ ഉണ്ടാവത്തതിന്‍റെ വിഷമങ്ങള്‍ . പഴി പറച്ചിലും, കുത്തുവാക്കുകളും, കളിയാക്കലും, അമ്പലവും, പള്ളിയും, ആശുപത്രിയും, ഡോക്ടറുമായി അങ്ങിനെ. അഥവാ ഉണ്ടായാലോ..ആഴ്ച ചെക്കപ്പ്‌, മാസചെക്കപ്പ്‌, സ്ക്കാന്‍, ടെസ്റ്റ്‌, കുഞ്ഞിന്‍റെ കുത്തിവെയ്പ്‌, പാല്‌, പോഷകാഹാരം, സ്ക്കൂള്‍, ഉന്നതപഠനം, കല്യാണം ഇങ്ങിനേയും. മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എ‍ങ്ങിനെ ചിരി വരാതിരിക്കും..?

അഞ്ച്‌ മാസം ആയപ്പോഴേക്കും എനിക്ക്‌ പുറത്ത്‌ വരണമെന്ന്‌ തോന്നിത്തുടങ്ങി. മറ്റു കുട്ടികളുടെ ചിരിയും കളിയും മൊബൈല്‍ തമാശകളും ഒക്കെ കാണുമ്പോള്‍ ഈ കിടപ്പ്‌ അത്ര സുഖമല്ലെന്ന തോന്നല്‍ വന്ന്‌ തുടങ്ങി. ഒതുങ്ങിക്കൂടിയുള്ള ഒളിച്ചിരിപ്പ്‌ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ പുറത്തെ കാഴ്ചകളാണ്‌ മധുരം. ഇനിയും എത്ര നാള്‍ ഇവിടെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നറിയില്ല. പുതിയതോരോന്ന്‌ കാണുമ്പോഴും ഇപ്പൊ വേണം എന്ന തോന്നല്‍ ശക്തമായി തുടങ്ങി.

അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ഇത്രനാളും അടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത്യാവശ്യം അനങ്ങാനും മറിയാനും ശ്രമിക്കുന്നുണ്ട്. പണ്ടത്തെ കാലമൊന്നും അല്ലല്ലൊ. പണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ഭ്രൂണങ്ങളെ വയറ്റിലിട്ട്‌ അലക്കലും തേക്കലും കുളിക്കലും എന്തിനേറെ വാര്‍ക്കപ്പണിവരെ ചെയ്യുന്ന അമ്മമാരായിരുന്നു. അന്ന്‌ പെറാന്‍ മാത്രമായിരുന്നു അമ്മമാര്‍ക്ക്‌ ഒഴിവ്‌ കിട്ടിയിരുന്നത്. ഇന്ന്‌ അണ്ഡത്തില്‍ ബീജം പ്രവേശിക്കുമ്പോള്‍ മുതല്‍ റെസ്റ്റാണ്. അപ്പോപ്പിന്നെ ഞങ്ങള്‍ അനങ്ങേം മറിയേം ചെയ്താല്‍ ഒരു തെറ്റുമില്ല.

ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയോ ചെയ്യുകയോ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു. ടോണിച്ചേട്ടന്‍റെ അമ്മ കരയേം മൂക്ക്‌ പിഴിയേം എല്ലാം ചെയ്തീട്ടും പൊലീസ്‌ കുലുങ്ങിയില്ല. അവര്‌ ചേട്ടനേം കൊണ്ടുപോയി. ഈ വേണ്ടാത്തത്‌ എന്തെന്ന്‌ എനിക്കൊരു പിടിയും കിട്ടുന്നില്ല. എന്തായാലും രസമുള്ളതായിരിക്കും. അല്ലെങ്കില്‍ ഇത്ര കുഴപ്പം വരാവുന്ന കാര്യം കാണിക്കില്ലല്ലൊ. അതെങ്ങിനാ ഒന്ന്‌ അറിയാന്‍ പററ്വാ. കൊറേ പിള്ളേര്‌ നെറ്റില്‍ വേണ്ടാത്തതാണ്‌ കണുന്നതെന്ന്‌ അമ്മ പറഞ്ഞ്‌ ഞാനും കേട്ടിട്ടുണ്ട്. എന്തായാലും അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യം. അതിനെങ്ങിനെയാ? എനിക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അമ്മേടെ വയറ്‌ ചവുട്ടിപ്പൊളിച്ച്‌ പുറത്ത്‌ ചാടും. ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. എനിക്കിപ്പൊത്തന്നെ കാണണം.

ഞങ്ങടെ നാട്ടിലെ വെല്യേ ആശുപത്രീല്‌ അമ്മേനെ കൊണ്ടോയി. ബ്ളെയിഡ്‌ കമ്പനീന്ന എല്ലാരും വിളിക്കണേ. കാല്‌ തല്ലിപ്പൊട്ടിയാലും മല-മൂത്ര-രക്ത ടെസ്റ്റുകള്‍ കൂടാതെ എക്സ്രെ-സ്ക്കാന്‍ അടക്കം മിനിമം അഞ്ച്‌ ടെസ്റ്റ്‌ നടത്താതെ മരുന്ന്‌ കുറിക്കാന്‍ പാടില്ലെന്നാണ്‌ അവിടത്തെ നിയമം. എല്ലാം ഒരു സ്ഥലത്ത്‌ നടത്താം എന്നതിനാല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്ത എല്ലാരും ആ ആശുപത്രിയെ നല്ല ആശുപത്രീന്നു പറയും. ഞാന്‍ ആണൊ പെണ്ണൊ എന്നറിയാനാണ്‌ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്‌ സ്കാന്‍ മാത്രം മതി.

ഒരു നേഴ്സ്‌ വന്ന്‌ അമ്മയെ ഇത്തിരിക്കോളം പോന്ന മേശപ്പുറത്ത്‌ കിടത്തി സാരി അടിവയറിനു താഴെ വരെ ഇറക്കിവെച്ചു. തണുപ്പ്‌ കൊണ്ട്‌ എനിക്ക്‌ വരെ കുളിര്‌ വന്നു. ഉടനെ ഞാനെന്‍റെ വര്‍ഗ്ഗം തെളിയിക്കുന്ന ഭാഗം പൊത്തിപ്പിടിച്ച്‌ ഡോക്ടറെ പറ്റിക്കാന്‍ നോക്കി. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ എല്ലാം കഴിഞ്ഞു.

ഞാന്‍ ആണ്‍കുട്ടിയാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കററ്. അച്ഛന്‌ സന്തോഷം, അമ്മക്ക്‌ അതിലേറെ. എല്ലാം ശുഭം.

വീട്ടുപടിക്കല്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ പിള്ളേരൊക്കെ മുറ്റത്ത്‌ ക്രിക്കറ്റ്‌ കളിക്കുന്നു. വയറ്‌ പൊട്ടിച്ച്‌ ചാടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അമ്മയിപ്പോള്‍ എളിയില്‍ കൈകുത്തിയാണ്‌ നടപ്പ്. അതിനര്‍ത്ഥം ഏതാണ്ടൊക്കെ ആയിത്തുടങ്ങി എന്നാണ്. എന്നാലും ഇനിയും രണ്ട്‌ മാസം ബാക്കി കിടക്കയാണ്. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കാവില്ല. പെട്ടെന്ന്‌ പെട്ടെന്നാണ്‌ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ എനിക്കും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമല്ലെ? ഇതൊക്കെ ആരോട്‌ എങ്ങിനെയാ ഒന്ന്‌ ഞാന്‍ ചോദിയ്ക്കാ. പണ്ടത്തെ കൂട്ടുകുടുംബം ആയിരുന്നെങ്കില്‍ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടേയും അമ്മാവന്‍റെയും വെല്ലിച്ഛന്റേം ഒക്കെ അഭിപ്രായം അറിയാമായിരുന്നു. ഒറ്റയ്ക്ക്‌ ഒരു തീരുമാനം എടുക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. ഇപ്പൊ അതാണൊ സ്ഥിതി? എനിക്കിനി തീരെ കാത്തിരിക്കാന്‍ വയ്യ.

അച്ഛന്‍ ടീവി ഓണാക്കിയപ്പോള്‍ അമ്മയും അടുത്ത്‌ ചെന്നിരുന്നു. വാര്‍ത്തകള്‍ വായിക്കുകയാണ്‌ ഒരു സുന്ദരിക്കോത.
"എണ്‍പതില്‍ പരം രാജ്യങ്ങളിലെ ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സ്‌-ന്യൂസിലാന്‍റ്‌ അതിര്‍ത്തിയിലെ കടലിനടിയില്‍ അന്‍പത്‌ മുതല്‍ നൂറ്റിഎഴുപത്തഞ്ച്‌ മീറ്റര്‍ വരെ താഴ്ചയില്‍ ഇരുപത്തിഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന വായുശൂന്യമായ ഉപകരണത്തില്‍ കണികാപരീക്ഷണം തകൃതിയായി നടത്തുന്നു. പ്രപഞ്ചസൃഷ്ടിക്ക്‌ ശാസ്ത്രലോകം കണ്ടെത്തിയ കാരണമെന്ന്‌ കരുതുന്ന മഹാവിസ്പോടനം നടന്ന്‌ ഏതാനും മൈക്രോ സെക്കന്‍റുകള്‍ക്കുള്ളിലുള്ള പ്രപഞ്ചാവസ്ഥ സൃഷ്ടിച്ച്‌ കണികാരഹസ്യം കണ്ടുപിടിക്കുക എന്ന മഹാസംഭവം ആണ്‌ പരീക്ഷിക്കപ്പെടുന്നത്. പരീക്ഷണം പരാജയപ്പെട്ടാല്‍ ലോകം നശിക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കഴിഞ്ഞു. പരീക്ഷണം കൊണ്ട്‌ ഭൂമിയില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുമെന്നും പറയപ്പെടുന്നു."

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ല എഴുന്നേറ്റ്‌ പോയി കട്ടിലില്‍ കിടന്നു.
എനിക്കാകെ പരവേശം തുടങ്ങി. ഇനി ഞാനെന്ത്‌ ചെയ്യും? ഇവന്‍മാരുടെ ഒക്കെ പരീക്ഷണം കൊണ്ട്‌ ലോകം നശിച്ചാലോ? ഞാനീ വയറ്റിനകത്തെ വഴുവഴുപ്പില്‍ ഒടുങ്ങും. ഒരു ദിവസം പോലും ഒന്നും കാണാനാകാതെ നശിക്കും.

അമ്മയുടെ വേദനയും അച്ഛന്‍റെ വിഷമവും എല്ലാം എനിക്കന്യമായി. എന്‍റേതു മാത്രമായ ഒരു ലോകത്തേക്ക്‌ ചുരുങ്ങി. നഷ്ടപ്പെടലുകളെക്കുറിച്ച്‌ ചിന്തിക്കാനാകാതെ കൈകാലിട്ടട്ച്ച്‌ ബഹളം കൂട്ടി.

അമ്മയുടെ നിലവിളി കേട്ട്‌ അച്ഛന്‍ ഓടിവന്നു. സുമംഗലഭായി വേദന കൊണ്ട്‌ പുളുകയാണ്. അച്ഛന്‌ കാര്യം മനസ്സിലായില്ല. എന്‍റെ ശക്തമായ പിടച്ചിലാണ്‌ വേദനക്ക്‌ കാരണം. വയറു പൊത്തിപ്പിടിച്ച്‌ ഞെരിപിരികൊള്ളുന്നത്‌ കണ്ടു നില്‍ക്കാനാകാതെ അച്ഛന്‍ തളര്‍ന്നു. പ്രസവിക്കാന്‍ രണ്ട്‌ മാസവും കൂടി ബാക്കിയിരിക്കെ പെട്ടെന്നുണ്ടായ വേദന എല്ലാവരിലും ആശങ്കയുണര്‍ത്തി. ആരു ശ്രമിച്ചിട്ടും സമാധാനിപ്പിക്കാനാകാതെ പിടയുന്ന അമ്മയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

ബോധരഹിതയായിരുന്ന സുമംഗലഭായിയുടെ അനങ്ങിക്കൊണ്ടിരുന്ന വയറ്‌ കണ്ട്‌ ആശുപത്രി അധികൃതരിലും ഭയം കടന്നുകൂടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഉടനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്‌ കയറ്റി. എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു.

ഓപ്പറേഷന്‌ മുന്‍പ്‌ തന്നെ പ്രസവം നടന്നു.

കൈകാലിട്ടടിച്ച്‌ കരച്ചിലോടെ പുറത്തേക്കു വന്നത്‌ മാത്രമെ എനിക്കോര്‍മ്മയുള്ളു.


(മാസം തികയാതെ പ്രസവിക്കുമോള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം നശിച്ച്‌ പോകാനാണ്‌ ഏറെ സാദ്ധ്യത. ക്ഷമയില്ലാതെ വളര്‍ന്നു വരുന്ന ഒരു പുതു തലമുറ സഹനശക്തി നഷ്ടപ്പെടുത്തി കാണുന്നതെല്ലാം സ്വന്തമാക്കാന്‍ എന്തും ചെയ്യാവുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ (തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രാദേശികവാദത്തിനും പുതിയ അംഗങ്ങളെ ലഭിക്കുന്ന പോലെ) തെറ്റും ശരിയും തിരിച്ചറിയാനാകാതെ സുഖം തേടി നശിക്കുകയല്ലെ...? നശിപ്പിക്കുകയല്ലെ...? പഴയ തലമുറ കാണാതെപോകുന്നതും പുതിയ തലമുറ മനസ്സിലാക്കാനാകാതെ പിടയുന്നതും ഒരു കഥയിലൂടെ ലളിതമായി പറയുവാന്‍ ശ്രമിക്കുകയാണ്‌ ഞാനിവിടെ. ഇനി ഇത്‌ പൂര്‍ണ്ണമാക്കേണ്ടത്‌ വായിക്കുന്ന ഓരോരുത്തരും അഭിപ്രായം പറഞ്ഞാണ്.)

ചിത്രം ഗൂഗിളില്‍ നിന്ന്. 

84 അഭിപ്രായങ്ങൾ:

  1. ജീവിതത്തെ മൈക്രോസ്കോപിലൂടെ നോക്കിയത് പോലുണ്ട് കലക്കന്‍

    മറുപടിഇല്ലാതാക്കൂ
  2. കഥയുടെ പേര്‌ കണ്ടപ്പോൾ ഒരു സങ്കോചം തോന്നി. എന്തായാലും എനിക്കിഷ്ടപ്പെട്ടു. ഞാനും അങ്ങനെ നേരത്തെ ചാടി വന്ന പാർട്ടിയാണേ!

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,

    മറുപടിഇല്ലാതാക്കൂ
  4. എനിക്കിഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. വിശകലനാത്മകമായ എഴുത്ത്.
    കൊള്ളാം പ്രേം ജി...!

    മറുപടിഇല്ലാതാക്കൂ
  6. സമകാലികമായ അവസ്ഥജകള്‍ ക്ര്‍ത്തിണക്കിയ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു, മാഷേ. ലോകത്തിന്റെ പോക്കു കാണുമ്പോള്‍ തോന്നുന്ന ആ ഭ്രൂണത്തിന്റെ അസ്വസ്ഥതകളിലും ആകുലതകളിലും ഞാനും പങ്കു ചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഒരു പിറവിയുടെ പശ്ചാത്തലത്തില്‍ കുറെ കാലികസത്യങ്ങള്‍ പറഞ്ഞിരിക്കുന്നു....രാംജി...മനോഹരം...

    മറുപടിഇല്ലാതാക്കൂ
  8. റാംജി സര്‍,കഥ നന്നായി...
    രണ്ടു മാസം ഒന്നും ഇപ്പോള്‍ ഒരു വിഷയമേ അല്ല..കുഞ്ഞിനെ ആരോഗ്യത്തോടെ തന്നെ കിട്ടും..28ഉം. 31ഉം.ആഴ്ചയില്‍ ജനിക്കുന്ന പ്രീ ടേം കുഞ്ഞുങ്ങള്‍ സുഖമായിട്ടു വളരുന്നു..(കഥയെ ഉദ്ദേശിച്ചല്ല..മെഡിക്കല്‍ ഫീല്‍ഡിന്റെ ഉയര്‍ച്ചയെ പറ്റിയാണ്)

    മറുപടിഇല്ലാതാക്കൂ
  9. കഥ .. കഥയായി നല്ല കഥ.!! വിത്യസ്ഥമായ രീതിയില്‍ തികച്ചു പുതുമയാര്‍ന്ന വിധത്തില്‍ ഇന്നത്തെ ജീവിതത്തെ കാണാന്‍ കഴിഞ്ഞ റാംജിയുടെ കഴിവിനെ പ്രശംസിക്കാതെ വയ്യ.!! ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന് ഭ്രൂണത്തിനു പോലും ഇന്നിന്‍റെ വേഗതയിലൂടെ സഞ്ചരിക്കുവാനുള്ള ആവേശം ഭംഗിയായി പറഞ്ഞു.!!

    മറുപടിഇല്ലാതാക്കൂ
  10. നല്ല രചന. വിഷയത്തില്‍ ഒരു പുതുമയും ഉണ്ട് .

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. നല്ല കഥ..
    നല്ല എഴുത്ത്..

    അര്‍ഥപൂര്‍ണം
    കാലികം..

    കഥയാവുമ്പോള്‍ ഇങ്ങനെ വേണം..

    അവസാനം ബ്രാക്കറ്റിട്ടുകൊടുത്ത വിശദീകരണം അവിടേ വേണ്ടിയിരുന്നില്ല..
    അതില്ലാതെ തന്നെ കഥ സം‌വദിക്കുന്നുണ്ട്..

    അതൊരു കമന്റായി ഇട്ടാല്‍ മതിയായിരുന്നു..

    (ഗര്‍ഭസ്ഥ ശിശു
    ആറാം മാസം മുതല്‍ സജീവമായ വൈകാരിക ജീവിതമാരംഭിക്കുന്നുവെന്ന് ശാസ്ത്രം..
    അമ്മയുടെ കാഴ്ചകളും കേള്‍‌വിയും പറച്ചിലും വികാര- വിചാരങ്ങളും എല്ലാം ഗര്‍ഭസ്ഥശിശുവഇന്റെ വ്യക്തിത്വ രൂപീകരണത്തെ ബാധിക്കുമെന്നും പുതിയ പഠനങ്ങള്‍..)

    മറുപടിഇല്ലാതാക്കൂ
  13. അവതരണത്തിലെ പുതുമ പ്രശംസനീയം തന്നെ ....
    വളരെ കാലിക പ്രസക്തിയുള്ള ചിന്തകള്‍ ....
    അതിന്റെ വ്യാകുലത വായനക്കാരനില്‍ എത്തുന്നു എന്നതാണ് താങ്കളുടെ വിജയം ...

    മറുപടിഇല്ലാതാക്കൂ
  14. റാംജി എഴുത്തൊരു കല തന്നെയായാണെടുത്തിരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട പല എഴുത്തുകാരും നേരംപോക്കും കൂലിയെഴുത്തുമൊക്കെയായി കാലംനീക്കുന്പോള് ഇതിനെ ബ്ലോഗെഴുത്തില് ചുരുക്കിക്കൂടാ.
    ഗര്ഭാശയത്തിനുള്ളിലിരുന്ന് ലോകംവായിക്കുന്ന കുഞ്ഞ് ഇത്തരത്തിലാദ്യ കഥാപാത്രമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  15. അറിയാതെ വായിച്ചു പോകാന്‍ പ്രേരിപ്പിക്കുകയും ഒടുവില്‍ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥ.
    ഈ ലോകത്തിന്റെ അവസ്തയറിയാതെ ചില കേട്ടുകേള്‍വികളും അടക്കിപ്പരചിലുകളും വഴി മാത്രം മനസ്സിനെ അറിയാത്ത വഴികളില്‍ പാകപ്പെടുതിയെടുക്കുന്ന ഒരു തലമുറയെ പ്രതീകാത്മകമായി വരച്ചു വെച്ചിരിക്കുന്നു.
    വാക്കുകളുടെ വഴികളില്‍ ഭാവുകങ്ങളോടെ.

    മറുപടിഇല്ലാതാക്കൂ
  16. അഭിനന്ദനങ്ങള്‍ റാംജി.. വിത്യസ്ത്ഥമായ കഥാകോണ്‍.. നല്ലൊരു കഥ വായിച്ച സംതൃപ്തി..
    പിന്നെ അവസാനം ആ ബ്രാക്കറ്റ് വേണ്ടിയിരുന്നില്ലായെന്ന് എനിക്കും തോന്നി..

    മറുപടിഇല്ലാതാക്കൂ
  17. റാംജി, സത്യത്തിന്‍റെ മുഖം ഒരിക്കല്‍ കൂടി പിച്ചി ചീന്തിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. വ്യത്യസ്തം,, നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  19. വ്യത്യസ്തമായ ഒരു തീം.. ഭൂണത്തെ ചുറ്റിപറ്റി കഥകൾ വളരെ കുറവെന്ന് തോന്നുന്നു..പണ്ടെപ്പോളോ വിജയൻ സാറിന്റെ ഒരു കഥ (പേരു മറാന്നു.. മറക്കാൻ പാടില്ലാത്തതാണ്.. തെറ്റുതന്നെ) പിന്നെ അടുത്തിടെ ഭ്രൂണം ചുമക്കുന്ന ഗർഭപാത്രത്തെ പറ്റി സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം.. ഇത് വളരെ മനോഹരമായി റാംജീ.. വ്യത്യസ്തത കൊണ്ട് തന്നെ ഏറെ ഹൃദ്യം..

    മറുപടിഇല്ലാതാക്കൂ
  20. ആയിരത്തിയൊന്നാംരാവ്,
    Domy,
    Sapna Anu B.George,
    റ്റോംസ് കോനുമഠം,
    jayanEvoor,
    ശ്രീ,
    ചാണ്ടിക്കുഞ്ഞ്,
    junaith,
    ഹംസ,
    Divarettan ദിവാരേട്ടന്‍,
    »¦ മുഖ്‌താര്‍ ¦ udarampoyil ¦«,
    Readers Dais,
    സലാഹ്,
    മുഫാദ്‌/\mufad,
    സുമേഷ് | Sumesh Menon,
    ഒഴാക്കന്‍.,
    കുമാരന്‍ | kumaran,
    നല്ല വായനക്കും നല്ല അഭിപ്രായങ്ങള്ക്കും ഹൃതയം നിറഞ്ഞ നന്ദി എല്ലാ കൂട്ടുകാര്ക്കും .

    സമയക്കുറവ്‌ മൂലം ഓരോരുത്തര്ക്കും പ്രത്യേകം മറുപടി എഴുതുന്നില്ല.

    എന്നാലും എന്റെ ഒരഭിപ്രായം ഞാന്‍ പറയട്ടെ.
    ഒരു പുസ്തകം വാങ്ങി വായിക്കുമ്പോള്‍ നമ്മള്‍ നമ്മള്ക്കിഷ്ടപ്പെട്ട പുസ്തകം മാത്രേ വാങ്ങു.
    ബ്ലോഗിനെ സംബന്ധിച്ച് കിട്ടുന്നതെല്ലാം വായിക്കുന്ന ഒരു സാഹചര്യമാണ്. വലിയ എഴുത്തുകാര്‍ ബ്ലോഗില്‍ കുറവാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ഞാന്‍ എന്റെ അഭിപ്രായം ഒരു കഥയിലൂടെ അവതരിപ്പിക്കുമ്പോള്‍ അതെല്ലാവരും അതുപോലെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ കഥയില്‍ ഞാന്‍ ഒരു ബ്രാക്കറ്റില്‍ ചില കാര്യങ്ങള്‍ അവതരിപ്പിച്ചത്‌, ഏറ്റവും ഈസിയാക്കാന്‍ വേണ്ടി. മുക്താറും,സുമേഷും പറഞ്ഞതുപോലെ ശരിക്കും അതാവശ്യമില്ല. വെറും ഒരു ഭ്രൂണം മാത്രമായി ചിന്തിക്കാതിരിക്കാന്‍ വേണ്ടി മാത്രം ചേര്ത്ത്താണ്.

    എല്ലാര്ക്കും ഒരിക്കല്‍ കൂടി നന്ദി.

    മറുപടിഇല്ലാതാക്കൂ
  21. നൂറു കണക്കിന് പുറത്തുവരുന്ന കഥകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒരു സൃഷ്ടി. നന്നായിരിക്കുന്നു റാം ജി. ആശയം ഉഗ്രന്‍. ആവിഷ്കാരം അത്രത്തോളം എത്തിയില്ല. ഒന്നുകൂടി ശ്രമിച്ചിരുന്നു എങ്കില്‍ കൂടുതല്‍ സുന്ദരമാക്കാമായിരുന്നു. എഴുതണം. സമയമെടുത്തെഴുതണം. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  22. ചെറുപ്പകാലത്തെ കഥകള്‍ ഒത്തിരി വായിച്ചിട്ടുണ്ട്
    ഇതിപ്പോ ജനിക്കുന്നതിനും മുമ്പേയുള്ള ചെറുപ്പമായി..!!
    നല്ല കഥ, ഒഴുക്കോടെ വായിച്ചു
    <<< ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. >>>
    മ്മ്ഹ്... ഈ വരികള്‍ ഒത്തിരി കൂടുതല്‍ സംസാരിക്കുന്നു.!!!

    മറുപടിഇല്ലാതാക്കൂ
  23. പുതുതലമുറയുടെ അക്ഷമ വളരെ നന്നായി അവതരിപ്പിച്ചു റാംജീ....

    മറുപടിഇല്ലാതാക്കൂ
  24. എന്നത്തേയും പോലെ റാംജി ലീഡ് ചെയ്യുന്നു...ഹി..ഹി

    മറുപടിഇല്ലാതാക്കൂ
  25. സത്യം റാംജീ .ഒരുപാടു അസ്വസ്ഥതകള്‍ ഉണ്ടായതുകൊണ്ട് തന്നെയാവണം ഞാനും മാസമെട്ടു തികയും മുമ്പേ പുറത്തിറങ്ങിയത് .ആ അസ്വസ്ഥത ഇന്നും തുടരുന്നു .വ്യത്യസ്ഥമായ അവതരണം കൊള്ളാം റാംജീ .

    മറുപടിഇല്ലാതാക്കൂ
  26. ജനിക്കുന്നതിനു മുൻപെ പലതും പഠിച്ചല്ലൊ.

    മറുപടിഇല്ലാതാക്കൂ
  27. "look who's talking too" kandappo thonniya vikaram thanne thonni..

    ishtaayi..
    best wishes

    മറുപടിഇല്ലാതാക്കൂ
  28. "look who's talking too" kandappo thonniya vikaram thanne thonni..

    ishtaayi..
    best wishes

    മറുപടിഇല്ലാതാക്കൂ
  29. കഥയുടെ പ്രമേയം വളരെ മികച്ചത്.. ഇതേ പോലെ തിടുക്കമുള്ള ഒരു ഭ്രുണമായിരുന്നു ഞാനും.. എട്ടു മാസം തികയാന്‍ ഞാനും കാത്തുനിന്നില്ല..

    മറുപടിഇല്ലാതാക്കൂ
  30. വ്യത്യസ്തമായ വീക്ഷണ കോണിലൂടെ പറഞ്ഞ കഥ.ആ കാരണം കോണ്ട് തന്നെ തികച്ചും പ്രശംസനീയം .ഭ്രൂണത്തിന്റെ കാഴ്ച്ചകൾ വളരെ കാലികം തന്നെ .
    ഓ വി വിജയൻ ഇതേ പേരിൽ തന്നെ ഒരു കഥ എഴുതിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  31. നല്ല കാമ്പ്‌.. നല്ല പോലെ എഴുതി

    മറുപടിഇല്ലാതാക്കൂ
  32. ഇതില്‍പ്പരം ലളിതമായി ആര് പറഞ്ഞു തരും? യുവ തലമുറയുടെ അസഹിഷ്ണുത, പഴയ തലമുറ ഇതൊന്നും അറിയാതെ പോകുന്നത് ... ഇഷ്ടമായി ഈ ശൈലി.

    മറുപടിഇല്ലാതാക്കൂ
  33. പുതിയ ഒരു തീം എടുത്ത് നല്ലൊരു പരീക്ഷണം നടത്തിയിരിക്കുന്നു...അതും വളരെ നന്നായിട്ട്!

    ഭ്രൂണവളർച്ചയിൽ തന്നെ ലോകത്തിന്റെ എല്ലാസങ്കീർണതകളും നോക്കിക്കണ്ട് പേടിച്ചു പിൻവാങ്ങി, ഭൂലോകവാസം വെടിയുന്ന ഒരാത്മാവിന്റെ ആവിഷ്കാരങ്ങൾ എന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടേ....

    മറുപടിഇല്ലാതാക്കൂ
  34. "എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു. "
    ഭയം എന്നൊരു വികാരം മനസ്സിലുണ്ടാകുന്നത് ഇന്നത്തെ തലമുറയുടെ ദുഷ്പ്രവണതകളെ ഒരു പരിധിവരെ നിയന്ത്രിക്കും.

    പുതുമയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  35. ബ്രൂണാവസ്ഥയിലിരുന്ന് ഇന്നത്തെ ലോകത്തെ നോക്കിക്കാണുന്ന ഈ കഥാതന്തു പുതുമയുള്ളതാണ്.

    'ഇന്നത്തെ വേണ്ടാതീനങ്ങള്‍ അന്നെയ്ക്ക് വേണ്ടതായെങ്കിലോ?!'

    മറുപടിഇല്ലാതാക്കൂ
  36. റാംജിയുടെ ഓരോ കഥയും ഒന്നിനൊന്നു വ്യസ്ത്യസ്ഥമാണ്‍.ഓരോ മേസ്സേജും കാണും അതില്‍.ഈ കഥയും അങ്ങനെ തന്നെ.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  37. ഏതൊരു തലമുറയും തൊട്ട് മുന്‍പുള്ള തലമുറയേക്കാള്‍ ഉയര്‍ന്ന് ചിന്തിച്ചത്കൊണ്ടാണ് പുരോഗമനം എന്നത് സാധ്യമാവുന്നത്.ഇത് കാലാകാലങ്ങളായി നടന്ന്‌വരുന്ന ഒരു പ്രോസ്സെസ്സ് ആണ്. അതുകൊണ്ട് പഴയ തലമുറ ചക്കയാണ് തേങ്ങയാണ് എന്നൊക്കെ വിളിച്ച് കൂവുന്നതില്‍ ഒരു കഴമ്പുമില്ല. പഴയ തലമുറ എന്നത് 50 വര്‍ഷം മുന്‍പുള്ള ആളുകളാണെങ്കില്‍ 50 മടങ്ങ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ് ഇന്നത്തെ തലമുറ. :)

    മറുപടിഇല്ലാതാക്കൂ
  38. ഇഷ്ടമായി...ഒരുപാട് ഇഷ്ടമായി. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഹോ! വായിച്ചങ്ങിനെയിരുന്നു പോയി.... ഇങ്ങിനെയൊരു കഥ ഞങ്ങള്‍ക്ക് സമ്മാനിച്ചതില്‍ നന്ദി.

    മറുപടിഇല്ലാതാക്കൂ
  39. gambheeramaya bhavana raamjiyetta. orubhruunaththinte manassavan kazhinjathu nannayirikkunnu

    മറുപടിഇല്ലാതാക്കൂ
  40. Manoraj,
    ഖാലിദ്‌ കല്ലൂര്‍,
    കൂതറHashimܓ,
    കുഞ്ഞൂസ് (Kunjuss),
    എറക്കാടൻ / Erakkadan,
    ജീവി കരിവെള്ളൂര്‍,
    Renjith,
    ബിഗു,
    mini//മിനി,
    the man to walk with,
    വിജിത...,
    vinus,
    ചങ്കരന്‍,
    Sukanya,

    ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  41. തികച്ചും വ്യത്യസ്തമായ ഒരു രീതിയിലൂടെ ഇന്നിന്റെ കഥ പറഞ്ഞ താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  42. ബിലാത്തിപട്ടണം / Bilatthipattanam,
    Kalavallabhan,
    തെച്ചിക്കോടന്‍,
    റോസാപ്പൂക്കള്‍,
    sreeNu Lah (എഴുതാപ്പുറം ആണല്ലോ വായിച്ചത് സുഹൃത്തെ)
    Vayady,
    ഭാനു കളരിക്കല്‍
    thalayambalath,

    എന്റെ കഥകളെല്ലാം എപ്പോഴും വായിച്ച് അഭിപ്രായം പറയുന്നതിന് ഇടക്കിടക്ക്‌ എത്തിച്ചേരുന്ന എല്ലാ സുഹൃത്തുക്കള്ക്കും വളരെയേറെ നന്ദിയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  43. റാംജീ,
    വരാനിത്തിരി വൈകി. സാധാരണ റാംജി എഴുതുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ. വളരെ നല്ലതുപോലെ പറഞ്ഞു. അഭിനന്ദനങ്ങള്‍.
    വിഷമം തോന്നില്ലെങ്കില്‍ പറയട്ടെ. ഒരു സ്ഥലം മാത്രം കല്ലുകടിച്ചു.
    "ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയൊ ചെയ്യുകയൊ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു" എന്ന് തുടങ്ങുന്ന പാരഗ്രാഫ്... കഥയുടെ ഒഴുക്കുമായി ബന്ധമില്ലാത്ത ഒരു സബ്ജക്റ്റ് പോലെ തോന്നി. ബാക്കി എല്ലാം അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  44. അജ്ഞാതന്‍5/05/2010 04:57:00 PM

    പ്രിയ റാംജി,
    എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  45. കഥ പറഞ്ഞ പുതിയ രീതിയും അതിനിണങ്ങിയ ഭാഷയും ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  46. കഥയാണെങ്കിലും നല്ല ചിന്തകള്‍.

    മറുപടിഇല്ലാതാക്കൂ
  47. തീര്‍ത്തും വിത്യസ്തമായ ഒരു വീക്ഷണ കോണിലൂടെ കുറെ ആശയങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.. നല്ല ഒഴുക്കോടെ വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  48. വഷളന്‍ | Vashalan,
    ഏറെ നന്ദിയുണ്ട്.
    എനിക്ക് കാണാനാകാത്തത് കാണിച്ചു തരുന്നതില്‍ ഏറെ സന്തോഷമാണ്.
    മേലിലും ഇതുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

    യറഫാത്ത്,
    നന്ദി.

    ആര്ദ്രത ആസാദ്,
    നന്ദിയുണ്ട് ആസാദ്‌.

    Typist | എഴുത്തുകാരി,
    നന്ദി.

    മഹേഷ്‌ വിജയന്‍,
    നല്ല വാക്കുകള്ക്ക്ജ നന്ദി മഹേഷ്‌.

    മറുപടിഇല്ലാതാക്കൂ
  49. വ്യത്യസ്തം,, നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  50. അനായാസമായ എഴുത്ത്...നല്ല കഥ രാംജി സര്‍

    മറുപടിഇല്ലാതാക്കൂ
  51. പ്രിയപ്പെട്ട പ്രേം ജി ഇതൊരു സാധാരണ കഥയല്ല ആനുകാലികങ്ങളിൽ മുക്കിയെടുത്ത് നിരീക്ഷണത്തിന്റെ , ഒരു പരീക്ഷണത്തിന്റെ നെയ്യിൽ പൊരിച്ചെടുത്ത അസാധാരണത്വം ഉള്ള ഒരു കഥ എന്നു വേണം വിശേഷിപ്പിക്കാൻ . ഏറെ ചിന്തിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  52. ഗര്‍ഭസ്ഥ ശിശുവിന്റെ ചിന്തകള്‍
    വളരെ വ്യത്യസ്തത പുലര്‍ത്തുന്നു,,,,
    കഥ ശരിക്കും ഇഷ്ടമായീ

    മറുപടിഇല്ലാതാക്കൂ
  53. വളരെ വ്യത്യസ്തമായതും പുതുമയുള്ളതുമായ ആശയം.
    ജനിക്കാന്‍ മടിക്കുന്ന തലമുറ.
    കൊള്ളാം.ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  54. റാംജി..അതിമനോഹരമായ ആഖ്യായനം..നല്ല സമകാലിക വിഷയം..എഴുത്തിനും രജയിതാവിനും അഭിനന്ദനങ്ങൾ. വിജയ്‌ ശ്രീമാൻ ഭവന്തൂ...

    മറുപടിഇല്ലാതാക്കൂ
  55. പുതുമയുള്ള അവതരണം-നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  56. നിയ ജിഷാദ്,
    നന്ദി.

    രഘുനാഥന്‍,
    നന്ദി രഘു.

    നാടകക്കാരൻ,
    വായനക്കും അഭിപ്രായത്തിനും നന്ദി.

    Geetha,
    സന്ദര്ശുനത്തിനും അഭിപ്രായത്തിനും നന്ദി.

    Dipin Soman,
    ഏറെ നന്ദിയുണ്ട് ടിപിന്‍.

    ManzoorAluvila,
    വിശദമായ വിലയിരുത്തലിനു നന്ദി.

    jyo,
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  57. കഥയല്ല ... പക്ഷെ മുഴുകിപ്പോയി !
    അസാധ്യ ട്രീറ്റ്മെന്റ്റ്...

    ഒരുപാട് എഴുതുക

    മറുപടിഇല്ലാതാക്കൂ
  58. നല്ല കഥ
    ശരിക്കും ഇഷ്ട്ടപ്പെട്ടു
    എല്ലാവരും പറഞ്ഞപോലെ തന്നെ വ്യത്യസ്തമായ ഒരു വിഷയം
    നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  59. ഇത് പോലൊരു ഭ്രൂണത്തിന്റെ കഥ കുറച്ച് നാൾ മുൻപെവിടെയൊ വായിച്ചിട്ടുണ്ട്. അത് പക്ഷെ ലോകത്തിന്റെ അവസ്ഥ കണ്ട് പുറത്ത് വരാൻ ഇഷ്ട്ടമില്ലാത്ത ഭ്രൂണമായിരുന്നു. കഥ വളരെ ഇഷ്ട്ടമായി. നല്ല അവതരണവും.

    മറുപടിഇല്ലാതാക്കൂ
  60. റാംജി, കഥ ഏറെ മുന്നേറിയിരീക്കുന്നു. സന്തോഷം. ആഖ്യാനത്തിന്റെ ഒരു പുതുമയുമുണ്ട്. റാംജി തന്നെ അടിക്കുറിപ്പു കൊടുത്ത പോലെ എല്ലാത്തിനും വെമ്പല്‍ കാട്ടുന്ന ഒരു പുതു തലമ്മുറ എന്താണ് തകര്‍ക്കുന്നതെന്നറിയില്ല.

    എനിക്കപ്പോഴും വിയോജിപ്പുള്ള കാര്യമൂണ്ട്.
    ഇവിടെ ഭ്രൂണത്തിന്റെ കാഴ്ചപാടിലാണ് കഥ പറയുന്നത്. അതിന് ഉള്‍ക്കൊള്ളാവുന്ന കാര്യമേ
    ഈ സ്വഗതാഖ്യാനത്തില്‍ വരാവൂ. കുറച്ചുകൂടി കുട്ടിത്തം കഥാനായകന്റെ വാക്കിലും ചിന്തയിലും വേണമായിരുന്നു. ലോകത്തെ ക്കുറിച്ച് നമ്മള്‍ അറിഞ്ഞു വച്ചതെല്ലാം ആ ഭ്രൂണത്തിന്റെ എവായില്‍ തിരുകരുതായിരുന്നു.

    ഉദാഹരണം: റ്റോണിച്ചേട്ടന്റെ കാര്യം, കണികാപരീക്ഷ്ണം, തുടങ്ങിയവ, സൂചനകളിലൂടെ പോകണം.

    പിന്നെ നമ്മള്‍ മഹാഭാരതത്തിലെ അഭിമന്യുവില്‍ കണ്ടതാണ് ഭ്രൂണത്തിന്റെ ചിന്തകള്‍.

    അപ്പോള്‍ അമ്മയ്ക്ക് സുഭദ്ര എന്നും, അഛന് അര്‍ജ്ജുനന്‍ എന്നും പേരിടുമ്പോള്‍ ഒരു അധികമാനം കൈവന്നേനെ.

    ഇതൊരു ഫാന്റസി ആണല്ലോ.

    ഇന്നുതന്നെ ഭ്രൂണത്തിന്റെ ഒരു മിനിക്കഥ വായിച്ചു ചിരവയില്‍. ഒന്നു നൊക്കിക്കോളൂ.

    മുന്നേറൂ, റാംജി.

    മറുപടിഇല്ലാതാക്കൂ
  61. കൊലകൊമ്പന്‍,
    അഭിപ്രായത്തിന് നന്ദിയുണ്ട് സുഹൃത്തെ

    സിനു,
    നല്ല വാക്കുകള്ക്ക്ദ നന്ദി.

    khader patteppadam,
    നന്ദി.

    കുഞ്ഞാമിന,
    സന്ദര്ശിനത്തിനും അഭിപ്രായത്തിനും നന്ദി.

    എന്‍.ബി.സുരേഷ്,
    എല്ലാ കഥകളിലും എത്തി വളരെ വിലപ്പെട്ട നിര്ദേനശങ്ങള്‍ തരുന്നതിന് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട് മാഷെ.
    ഞാനൊരു കഥ തീര്ക്കുതമ്പോള്‍ മാഷടെ ഓരോ അക്ഷരങ്ങളും എന്നെ സ്വാധീനിക്കാറുണ്ട്.
    വീണ്ടും വീണ്ടും നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  62. കഥ നേരത്തെ വായിച്ചിരുന്നു. പക്ഷെ ഒന്നും കുറിയ്ക്കുവാൻ പറ്റിയില്ല.
    പുതുമയുള്ള വിഷയമാണ്. മഹാഭാരതത്തോളം പഴക്കമുള്ളതും.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  63. വളരെ വ്യത്യസ്തത.ഭ്രൂണത്തിലൂടെ ഭ്രമിപ്പിക്കുന്ന ചില ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  64. ഭ്രൂണത്തിന്റെ ഭ്രമകല്‍‌പ്പനകളിലൂടെ കഥ പറഞ്ഞ രീതി നന്നായി..
    ഫാന്റസിയുടെയും യാത്ഥാര്‍‌ത്ഥ്യത്തിന്റെയും ഇടയിലൂടെ കറങ്ങിയ ഭ്രൂണം കഥാഖ്യാനത്തില്‍ പലയിടങ്ങളിലായി ശുഷ്കിച്ച പോലൊരു തോന്നല്‍ ഇല്ലാതില്ല,
    നല്ല കഥയ്ക്ക് നന്ദി, ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  65. നന്നായിട്ടുണ്ട് രാംജീ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  66. السلام عليكم ورحمة الله وبركاته

    معذرة لا أعرف غير لغتي الأم ولكن أحببت أن ألقي عليكم تحية الإسلام

    وأنا من مكة بلد قبلة المسلمين

    وأتمنى لكم التوفيق

    മറുപടിഇല്ലാതാക്കൂ
  67. പരിചയപ്പെട്ടതില്‍ സന്തോഷം,

    മനസ്സിലാകുന്നവര്‍ക്ക് ഒരു നല്ല ഉപദേശം കൂടിയാണ് ഈ കഥ.

    ഒരു പ്രഭാഷകന്‍ പറഞ്ഞപോലെ

    ഇന്ന് പലപ്പൊഴും ഒരു കുഞ്ഞു പിറക്കുന്നത് വികാരത്തിന്റെ വേലിയേറ്റത്തിനിടയില്‍ എപ്പഴോ ആണ്.പലപ്പൊഴു അബദ്ധത്തിലും അറിയാതെയും സംഭവിച്ചുപോകുന്നത്.

    മറുപടിഇല്ലാതാക്കൂ
  68. Echmukutty,
    അഭിപ്രായത്തിന് നന്ദിയുണ്ട്.

    അരുണ്‍ കായംകുളം,
    നന്ദി അരുണ്‍.

    Ranjith Chemmad / ചെമ്മാടന്‍,
    അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുന്നു.
    നന്ദി രഞ്ജിത്.

    കൃഷ്ണഭദ്ര,
    എനിക്കും സന്തോഷമുണ്ട്.
    അപ്രീയസത്യം അംഗീകരിക്കാന്‍ എല്ലാര്ക്കും മടിയാണ്.
    വരവിനും വായനക്കും നന്ദി കൃഷ്ണഭദ്ര.

    മറുപടിഇല്ലാതാക്കൂ
  69. കൊള്ളാം മാഷെ നല്ല വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  70. വായിച്ചു..പിന്നേം ഒന്നുകൂടി വായിച്ചു...ഏതൊരു മനുഷ്യജീവിക്കും തോന്നാവുന്നതേ ഇതിലുള്ളൂ എന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല...നമ്മൊളൊക്കെ ഓരോ ഭ്രൂണങ്ങള്‍ തന്നെയാണ്...ക്ഷമയില്ലാത്ത ഭ്രൂണങ്ങള്‍..!!പുറത്തിറങ്ങിയാല്‍ ഇതു തന്നെയാവും ഗതി..ഓര്‍മ്മകള്‍ പോലും ഉണ്ടാവില്ല..!

    വളരെ നന്നായി റാംജി സര്‍..!!

    മറുപടിഇല്ലാതാക്കൂ
  71. പ്രസക്തിയുള്ള ആശയം...
    പുതുമയുള്ള അവതരണം
    നന്നായിട്ടുണ്ട് രാം ജി

    മറുപടിഇല്ലാതാക്കൂ
  72. അതേ, അസഹിഷ്ണുതയും അക്ഷമയുമാണല്ലോ ഇന്നത്തെ തലമുറയുടെ മുഖമുദ്ര.പിന്നെ താങ്ങാനാവാത്ത ടെന്‍ഷനുകളും. ഇതും ഒരു ആത്മഹത്യാ പ്രവണത തന്നെ.

    മറുപടിഇല്ലാതാക്കൂ
  73. ഇരുപത്തിനാലഴ്ച്ചയിൽ ജനിച്ച് രക്ഷപ്പെട്ടിട്ടുള്ള കുട്ടിയുടെ കഥ കേട്ടിട്ടുണ്ട്. അത്രയും നേരത്തെ ജനിച്ചത്തിന്റെ പ്രത്യാഖ്യാതത്തോടു കൂടിയുള്ള ജീവിതം സുഗമമല്ലെങ്കിലും .

    വ്യത്യസ്തമായ കഥ, ഇഷ്ടമായി :)

    മറുപടിഇല്ലാതാക്കൂ
  74. അനൂപ്‌ കോതനല്ലൂര്‍,
    നന്ദി അനൂപ്‌.

    ലക്ഷ്മി~,
    നല്ല വാക്കുകള്ക്ക്ത നന്ദി ലക്ഷ്മി.

    കണ്ണനുണ്ണി,
    അഭിപ്രായത്തിന് നന്ദിയുണ്ട് കണ്ണാ.

    പാവത്താൻ,
    ഭയത്തോടെ നോക്കേണ്ടി വരുന്ന പ്രവണത ആശങ്ക ജനിപ്പിക്കുന്നു.
    നന്ദി പാവത്താന്‍.

    മയൂര,
    സന്ദര്ശാനത്തിനും അഭിപ്രായത്തിനും നന്ദി മയൂര.

    perooran,
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  75. "ചെറിയ വായില്‍ വലിയ വര്‍ത്തമാനമെന്ന് " പറയുന്നത് കേള്‍ക്കാം..
    ഇത് അനിവാര്യമായ വര്‍ത്തമാനം തന്നെ !!

    മറുപടിഇല്ലാതാക്കൂ
  76. നല്ല കഥ മാഷേ :)എന്തോ വായിച്ചപ്പോള്‍ വേറൊന്നു തോന്നി..ആ ഭ്രൂണം..അവന്‍ മിടുക്കനായി..നല്ലതും ചീത്തയും വേണ്ടതും വേണ്ടാത്തതും കണ്ടറിഞ്ഞു വളരട്ടെ...എന്തിനെയും നിര്‍ദ്ദോഷമായ കൌതുകത്തോടെ മാത്രം നോക്കിക്കാണുന്ന ബാല്യത്തിന്റെ നിഷ്കളങ്കത അവനു രക്ഷയാകും ...

    മറുപടിഇല്ലാതാക്കൂ
  77. അപ്പൊ റാംജിക്ക് കൊച്ചുകുട്ടിയാകാനും കഴിയൂല്ലേ. നൂതന തലമുറ അക്ഷമരാണ്.

    മറുപടിഇല്ലാതാക്കൂ
  78. എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

    മറുപടിഇല്ലാതാക്കൂ
  79. വ്യത്യസ്തതയുള്ള പുതുമ നിറഞ്ഞ അവതരണം. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....