14/9/10

പവന് പതിനയ്യായിരം രൂപയാ...(അനുഭവ കഥ)

14-09-2010

രേഖ ആദ്യമായാണ്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്നത്‌. അതിന്റേതായ പരിഭ്രമവും പരവശതയും മുഖത്ത്‌ വ്യക്തമാണ്‌. കേട്ടറിവിലൂടേയും പത്രക്കാഴ്ചയിലൂടേയും മനസ്സില്‍ കോറിയിട്ട പോലീസ്‌ ചിത്രം ക്രൂരന്മാരുടേതാണ്‌. പകപ്പ്‌ വിട്ടുമാറിയിട്ടില്ലെങ്കിലും നഷ്ടപ്പെട്ടതിന്റെ നീറ്റലില്‍ മറ്റെല്ലാം നിസ്സാരം. ചാലിട്ടൊഴുകുന്ന കണ്ണീരില്‍ നിസ്സഹായതയും പിടിപ്പു കെട്ടവളെന്ന പഴിയും ഇണ പിരിയുന്നു.


ഏത്‌ നശിച്ച നേരത്തായിരുന്നു തനിക്ക്‌ സ്ക്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ നടക്കാന്‍ തോന്നിയത്‌. രക്ഷാകര്‍ത്താക്കളുടെ മീറ്റിംഗ്‌ കഴിഞ്ഞ്‌ ഓണം പ്രമാണിച്ച്‌ മോള്‍ക്ക്‌ ലഭിക്കുന്ന അഞ്ച്‌ കിലോ അരിയും വാങ്ങി സ്ക്കൂളില്‍ നിന്ന്‌ പുറത്ത്‌ കടക്കുമ്പോള്‍ സഫിമോള്‍ടെ ഉമ്മയും കൂട്ടിനുണ്ടായിരുന്നു. ഒന്നോ രണ്ടോ പുരുഷന്മാരൊഴികെ ബാക്കിയെല്ലാം അമ്മമാരായിരുന്നു യോഗത്തിലുണ്ടായിരുന്നത്‌.

ഒരു കിലോമീറ്ററോളം നടന്നാലെ വീട്ടിലേക്ക്‌ ബസ്സിന്‌ പോകാന്‍ പറ്റു. പിന്നെ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന സമയവും. അതിനേക്കാള്‍ നല്ലത്‌ രണ്ടര കിലോമീറ്റര്‍ നേരിട്ട്‌ വീട്ടിലേക്ക്‌ നടക്കുന്നതാണ്‌. ഒറ്റയ്‌ക്കല്ലല്ലൊ, വീടിന്റെ അടുത്ത്‌ വരെ കൂട്ടിന്‌ ആളുണ്ട്‌. എങ്കിലും അല്പനേരം സ്ക്കൂളിന്റെ പഠിക്കല്‍ ഓട്ടോറിക്ഷ കാത്ത്‌ നിന്നു. ചെറിയ യു.പി.സ്ക്കൂള്‍ ആയതിനാല്‍ ഓട്ടോ സ്റ്റാന്റോന്നും ഇല്ലായിരുന്നു. അല്പം കാത്ത്‌ നിന്ന്‌ മടുത്തപ്പോള്‍ 'നമുക്ക്‌ നടക്കാം ചേച്ചി' എന്ന്‌ സഫിമോള്‍ടെ ഉമ്മ പറഞ്ഞു. രണ്ടുപേരും അഞ്ചു കിലോ വരുന്ന സഞ്ചിയും തൂക്കിപ്പിടിച്ച്‌ നടന്നു. സമയം ഉച്ചക്ക്‌ രണ്ട്‌ മണി ആയതേ ഉള്ളു. നല്ല ചൂട്‌.

പോലീസ്‌ സ്റ്റേഷനിലാണ്‌ നില്‍ക്കുന്നതെന്ന ഓര്‍മ്മ പോലും ഇല്ലായിരുന്നു അപ്പോള്‍. ഓരോന്ന്‌ ചിന്തിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം പോലെ മനസ്സിനെ ശിഥിലമാക്കിക്കൊണ്ടിരുന്നു.

"കരയല്ലെ മോളെ...മോളാ ബഞ്ചില്‍ പോയിരിക്ക്‌."
പോലീസുകാരന്റെ സാന്ത്വനത്തില്‍ ഏന്തലിന്റെ ശക്തി വര്‍ദ്ധിച്ചതേ ഉള്ളു. രേഖയുടെ അവസ്ഥ കണ്ട പോലീസുകാരനും വല്ലാതായി. നില്‍ക്കാനൊ ഇരിക്കാനൊ സാധിക്കുന്നില്ലെങ്കിലും അയാളുടെ വാക്കുകള്‍ അനുസരിച്ചു.

"മോളെ..എന്തും നമ്മള്‍ക്ക്‌ സംഭവിക്കുമ്പോഴാണ്‌ കൂടുതല്‍ പ്രയാസം തോന്നുക. പത്രം വായിക്കാറില്ലെ? ഓരോ ദിവസവും എത്ര സംഭവങ്ങളാണ്‌?"

"ഞാനിന്നുവരെ ജീവനെക്കാളുപരി സൂക്ഷിച്ചിരുന്ന എന്റെ താലിയെങ്കിലും തിരികെ തരാമായിരുന്നില്ലെ....അവന്‍ വലിച്ച്‌ പൊട്ടിച്ചത്‌ എന്റെ കെട്ട്‌ താലിയാണ്‌"
അമാന്തിച്ചുനിന്ന കണ്ണീരും കരച്ചിലും അണപൊട്ടിയൊഴുകി. ഏതൊരുവന്റേയും മനസ്സലിയിക്കുന്ന ഹൃദയത്തിന്റെ ഞരക്കമായിരുന്നു അത്‌. എല്ലാരും പുറത്ത്‌ വന്ന്‌ നോക്കി.

"കള്ളന്‍മാര്‍ക്ക്‌ മന:സ്സാക്ഷി എന്നൊന്നില്ല. അന്യന്റെ ദു:ഖം അവര്‍ക്ക്‌ സന്തോഷമാണ്‌. മനസ്സിന്‌ നല്ല വേദന ഇണ്ടാവും. ഇനി വേണ്ടത്‌ ധൈര്യമാണ്‌. എല്ലാം നേരിടാനുള്ള ചങ്കൂറ്റം. മുസ്ലിംസ്‌ താലി കെട്ടിയാണൊ വിവാഹം കഴിക്കുന്നത്‌. അവരുടേയും മാല പൊട്ടിക്കാറില്ലെ..? വിവാഹ ജീവിതത്തില്‍ താലിയൊന്നുമല്ല പ്രശ്നം. പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ്‌. വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ച്‌ വീട്ടിലിരിക്കുന്ന മോള്‍ടെ പിള്ളേരെ കൂടി വിഷമിപ്പിക്കണ്ട."

"എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല സാറെ." വിങ്ങിപ്പൊട്ടി.

"പെട്ടെന്ന്‌ പറ്റ്ല്യാന്ന്‌ അറിയാം. എന്നാലും സഹിക്കണം. വേറെ ഒന്നും പറ്റിയില്ലല്ലൊ. എത്രയോ പേര്‍, പിടിച്ച്‌ വലിക്കുമ്പോള്‍ താഴെ വീഴുന്നു. കഴുത്ത്‌ കുരുങ്ങുന്നു. മുറിവ്‌ പറ്റുന്നു. ഇവിടെ അങ്ങിനെ ഒന്നും ഉണ്ടായില്ലല്ലൊ? അത്‌ ഭാഗ്യം എന്ന്‌ കരുതി സമാധാനിക്കുക. നഷ്ടപ്പെട്ടത്‌ പലതും തിരിച്ച്‌ കിട്ടിയീട്ടുണ്ട്‌. ഇതും നമുക്ക്‌ തിരിച്ച്‌ കിട്ടും."

"ഞങ്ങള്‍ റോഡിലെ കാനയോട്‌ ചേര്‍ന്നാണ്‌ നടന്നിരുന്നത്‌. ബൈക്ക്‌ പിന്നിലൂടെ തീരെ ശബ്ദമില്ലാതെ വന്നു. പിന്നിലിരുന്നവന്‍ കൈ നീട്ടുന്നത്‌ സഫിമോള്‍ടെ ഉമ്മ കണ്ടു. അവള്‍ വിചാരിച്ചത്‌ പരിചയക്കാര്‍ ആരെങ്കിലും പറ്റിക്കാന്‍ തോണ്ടുന്നതാണ്‌ എന്നാണ്‌. ഒരു നിമിഷം കൊണ്ട്‌ എന്റെ മാല പോയി എന്ന തിരിച്ചരിവ്‌ സ്ഥലകാലബോധം നഷ്ടപ്പെടുത്തി."

"മോള്‍ടെ ഭര്‍ത്താവിനെന്താ ജോലി?"

"ചേട്ടന്‍ അല്‍പം ദൂരെയാണ്‌. ആഴ്ചയില്‍ ഒരിക്കലെ വീട്ടില്‍ വരു."

"വിവരം അറിയിച്ചില്ലെ?"

"അപ്പൊത്തന്നെ അറിയിച്ചു"

"എന്ത്‌ പറഞ്ഞു?"

"നിനക്ക്‌ ഒന്നും പറ്റിയില്ലല്ലൊ? പോയത്‌ പോട്ടെ. കിട്ടിയാല്‍ കിട്ടി എന്ന്‌ പറഞ്ഞു. അതാണ്‌ ആകെ കൂടി ഒരു സമാധാനം."

"വേറെ എന്ത്‌ വേണം? അങ്ങിനെ വേണം കാര്യങ്ങള്‍ കാണേണ്ടത്‌. ബാക്കിയെല്ലാം വഴിയേ  നമുക്ക്‌ അന്വേഷിക്കാം."
അവര്‍ രേഖയുടെ കഴുത്ത്‌ പരിശോധിച്ചു. എന്തെങ്കിലും മുറിവുകളൊ പാടുകളൊ ഉണ്ടായിരുന്നില്ല.

"സാധാരണ എന്തെങ്കിലും മുറിവ്‌ പറ്റേണ്ടതാണ്‌. ഇനി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമൊ?"

"ഞാന്‍ ഒന്നും കണ്ടില്ല. മാല പോയതോടെ എനിക്ക്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായി. ഉച്ചത്തില്‍ കാറി വിളിച്ചെങ്കിലും റോക്കറ്റിന്‍റേത്‌ പോലുള്ള ബൈക്കിന്റെ ശബ്ദത്തില്‍ അതൊന്നും ആരും കേട്ടിരിക്കാന്‍ വഴിയില്ല. രണ്ട്‌ പേര്‌ ഉണ്ടായിരുന്നെന്നും ഹെല്‍മെറ്റ്‌ ധരിച്ചിരുന്നില്ലെന്നും ഒരാളുടെ നീളന്‍ മുഖമാണെന്നും ഇരുപത്‌ വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും സഫിമോള്‍ടെ ഉമ്മ പറഞ്ഞു. "

"ഒരു കേസായി കിടന്നോട്ടെ. എങ്കിലെ ആരെയെങ്കിലും പിടിക്കുമ്പോള്‍ നമ്മുടെ ആഭരണങ്ങള്‍ ലഭിക്കാന്‍ എളുപ്പം ഉണ്ടാകു. സാധാരണ ആള്‍ക്കാര്‍ കേസൊന്നും ആക്കാറില്ല. അത്‌ അറിവില്ലായ്മയാണ്‌. പിന്നീട്‌ സാധനം ലഭിച്ചാലും ഉടമസ്ഥന്‌ ലഭിക്കുന്നതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്‌ തടസ്സമാകും."

"എങ്ങിനെ‍ എങ്കിലും സാറ്‌ വേഗം ഒന്ന് കണ്ടെത്തണം.'
"മോള്‌ വിഷമിക്കണ്ട. പെട്ടെന്ന് നമുക്ക്‌ കണ്ടെടുക്കാം. പോലീസുകാരുടെ എല്ലാ സഹായവും ഉണ്ടാകും. ഈ സ്റ്റേഷന്‍ പരിധിക്കകത്ത്‌ ഇതിപ്പോള്‍ നാലാമത്തെ കേസാണ്‌. ആദ്യത്തെ രണ്ടെണ്ണം കണ്ടുപിടിച്ച്‌ ഉടമസ്ഥര്‍ക്ക്‌ മാല ലഭിച്ചു. ഇവിടെ ഇങ്ങിനെ പിടിച്ചുപറി കൂടുമ്പോള്‍ മേലധികാരികളുടെ ചോദ്യങ്ങള്‍ക്ക്‌ ഞങ്ങള്‍ ഉത്തരം പറയണം. എത്രയും പെട്ടെന്ന് ഞങ്ങള്‍ പിടിക്കും."

"പിടിക്കുമ്പോള്‍ ഞങ്ങള്‍ എങ്ങിനെ അറിയും? വേറെ സ്റ്റേഷനിലാണ്‌ പിടിക്കുന്നതെങ്കിലൊ?"

"അതിനല്ലെ കേസാക്കുന്നത്‌. ഞങ്ങള്‍‍ നിങ്ങളെ അറിയിക്കും. ഇത്തരം കേസുകള്‍ കേരളത്തിലെ ഏത്‌ സ്റ്റേഷനില്‍ പിടിച്ചാലും അപ്പോള്‍ തന്നെ നമ്മുടെ എല്ലാ സ്റ്റേഷനുകളിലും എത്തുന്ന സംവിധാനം ഇപ്പോള്‍ നമുക്കുണ്ട്‌. അതുകൊണ്ട്‌ ആ നിമിഷം തന്നെ എല്ലാം അറിയാന്‍ കഴിയും."

"വേഗം കിട്ടിയാല്‍ മതിയായിരുന്നു."

"ഒരു പവന്‌ ഇപ്പോള്‍ പതിനയ്യായിരം രൂപയോളം ആയി. ഒരു ബൈക്കുണ്ടെങ്കില്‍ അധികം പ്രയസമില്ലാതെ പണമുണ്ടാക്കാന്‍, മനസ്സക്ഷിയില്ലാത്തവര്‍ക്ക്‌ കഴിയുന്ന എളുപ്പവഴി. ശക്തമായ ശിക്ഷകളിലൂടെ ഇത്‌ ഞങ്ങള്‍‍ അവസാനിപ്പിക്കും. അതിന് നിങ്ങളും കൂടി സഹകരിക്കണം. സ്വര്‍ണ്ണത്തിന്‌ പകരം മുത്ത്‌ മാലകള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. അതിന്‌ കഴിയാത്തവര്‍ റോള്‍ഡ്‌ ഗോള്‍ഡ്‌ ഉപയോഗിച്ചാല്‍ പണനഷ്ടം കുറയ്‌ക്കാം. സ്വര്‍ണ്ണം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍‍ വളയൊ മറ്റൊ ആയി ധരിച്ചാല്‍ ഈസിയായ പിടിച്ച്‌ പറിയില്‍ നിന്ന് രക്ഷപ്പെടാം."

ഒപ്പിട്ട്‌ കൊടുത്ത്‌ വീട്ടിലേക്ക്‌ തിരിക്കുമ്പോള്‍ രേഖയുടെ മനസ്സ്‌ കലുഷിതമായിരുന്നു. നാട്ടിലുള്ളവരെ എങ്ങിനെ‍ നേരിടും. അവരുടെ വാക്കുകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും സംഭവിച്ച നഷ്ടത്തേക്കാള്‍ മനസ്സിനെ മുറിപ്പെടുത്തും.

വീട്ടിലേക്ക്‌ കയറുമ്പോള്‍ അറിയാതെ തേങ്ങിപ്പോയി. ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവും പെയ്തിറങ്ങിയ ആ ദിവസത്തിന്‌ ഇരുട്ട്‌ വീണു.

പിന്നീടുള്ള ഓരോ ദിവസം പിന്നിടുമ്പോഴും ആശ്വാസവാക്കുകളും സമാധാനിപ്പിക്കലും സഹതാപവുമെല്ലാം കുത്തുവാക്കുകളും പരിഹാസവുമായി തിരി‍ച്ച്‌ വന്നത്‌ മൂകമായ കരച്ചിലിലൂടെ രേഖ മനസ്സിലൊതുക്കി. ചിരിച്ച്‌ കാണിക്കുന്ന പല മുഖങ്ങളിലേയും മനസ്സിലിരിപ്പ്‌ ഈ ദിവസങ്ങളില്‍ പുറത്ത്‌ ചാടി.

-എന്തായിരുന്നു അവളുടെ ഒരു നെഗളിപ്പ്‌. എല്ലാം മാറിയില്ലെ. മാലേം പുറത്തിട്ട്‌ അവളുടെ ഒരു ഗമ. അവസാനിച്ചല്ലൊ..അഞ്ച്‌ പവന്റെ മാലയൊക്കെ കഴുത്തിലിട്ട്‌ നടക്കുമ്പോള്‍ പരിസരബോധം വേണ്ടെ എന്ന് പറഞ്ഞ്‌ പത്ത്‌ പവന്റെ മാല ധരിച്ച്‌ ഞെളിഞ്ഞ്‌ നടക്കുന്ന ഒരുവള്‍ കുറ്റപ്പെടുത്തി. പോയെങ്കില്‍ കണക്കായിപ്പോയി. അവള്‍ക്കങ്ങനെ വേണം. അവളുടെ കണ്ണിലെന്താ 'മത്ത കുത്തിയിട്ടുണ്ടോ' മാല പൊട്ടിക്കാന്‍ വരുമ്പോള്‍ നിന്ന് കൊടുക്കാന്‍. അഹങ്കാരം.. അല്ലാണ്ടെന്താ...അല്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോക്കി വെക്കില്ലായിരുന്നൊ?-

വിവരമില്ലാത്ത കുറ്റപ്പെടുത്തലുകളില്‍ ‍രേഖ ആദ്യമെല്ലാം കണ്ണീരൊഴുക്കിയെങ്കിലും ഭര്‍ത്താവിന്റെ പ്രതികരണങ്ങളില്‍ നിന്ന്‌ അവള്‍ കരുത്താര്‍ജ്ജിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്ന്‌ മനസ്സ്‌ മുക്തമായില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചെത്തി എന്ന്‌ സമാധാനിച്ചു. ആയിരങ്ങള്‍ വെറുതെ കൊടുത്താലും പത്ത്‌ പൈസ കയ്യില്‍ നിന്ന്‌ നഷ്ടപ്പെട്ടാല്‍ അതൊരു നീറ്റലായി എന്നും കൂടെ ഉണ്ടാകും.

പത്രം വായിക്കാറില്ലായിരുന്ന രേഖ പത്രം നോക്കുന്ന ഒരുവളായി. ദിവസവും പത്രത്തില്‍ കാണുന്ന മോഷണ വാര്‍ത്തകള്‍‍ വായിച്ച്‌ ഭയവും വേദനയും നേര്‍ത്ത്‌ വന്നു. ക്രമേണ മറ്റ്‌ വാര്‍ത്തകളിലേക്ക്‌ സഞ്ചരിച്ചു തുടങ്ങി.

ഒരാഴ്ച മുന്‍പാണ്‌ അടുത്ത പ്രദേശത്തു നിന്ന്‌ രണ്ടുപേരെ മാല മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്‌. അതും പത്രത്തിലൂടെയാണ്‌ അറിഞ്ഞത്‌. നല്ല ഡ്രസ്സുകളും ബൈക്കും ഒക്കെയായി അടിച്ച്‌ പൊളിച്ച്‌ സിനിമാ സ്റ്റൈലില്‍ ജീവിക്കാന്‍ കണ്ടെത്തിയ വഴി. പ്ളസ്സ്‌ ടൂവിന്‌ പഠിക്കുന്ന നാല്‌ പിള്ളേരുടെ സംഘമാണ്‌ പിടിച്ചുപറി നടത്തിയിരുന്നത്‌. എല്ലാം ഗള്‍‍ഫ്‌കാരുടെ മക്കള്‍. പിടി കൂടുന്ന ഓരോ പിടിച്ചുപറി സംഘത്തിനും വ്യത്യസ്ഥ ഉദ്ദ്യേശങ്ങളാണെങ്കിലും ആഢംബര ജീവിതത്തിന്റെ ആസക്തി തന്നെ മുഖ്യം.

ഫോണ്‍ ബെല്ലടിച്ചപ്പോള്‍ പത്രം മടക്കി എഴുന്നേറ്റു.

"ഹലോ..രേഖയുടെ വീടല്ലെ? ഇത്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്നാണ്‌."
"അതെ..എന്താ സാറെ കാര്യം?"

"ഒരു മാസം മുന്‍പ്‌ നിങ്ങളുടെ ഒരു ചെയിന്‍ നഷ്ടപ്പെട്ടിരുന്നില്ലെ? ഒരു സംഘത്തെ കഴിഞ്ഞ ആഴ്ച പിടികൂടി. അവരുടെ കയ്യില്‍ നിന്ന്‌ കണ്ടെടുത്ത ആഭരണങ്ങളില്‍ നിങ്ങളുടെ ചെയിന്‍ ഉണ്ടൊ എന്ന് തിരിച്ചറിയാന്‍ നാളെ സ്റ്റേഷനില്‍ വരെ ഒന്ന് വരണം."

ഒന്നും മിണ്ടാനാവാതെ റിസീവറും പിടിച്ച്‌ സ്തബ്ധയായി നിന്നു രേഖ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് കേട്ടത്പോലെ.

സ്റ്റേഷനിലെത്തുമ്പോള്‍ വേറെയും ചിലര്‍ അവിടെ ഉണ്ടായിരുന്നു. വര്‍ദ്ധിച്ച ചങ്കിടിപ്പോടെ ആഭരണം തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞുപോയി. മുന്‍പ്‌ സമാധാനിപ്പിച്ചിരുന്ന പോലീസുകാരനെ കണ്ട് നന്ദി പറയുമ്പോള്‍ പ്രതികളെ ഒന്ന് കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു. രേഖയെ ഒരു സെല്ലിന് മുന്നിലെത്തിച്ചു. അകത്ത്‌ നാലഞ്ച് ചെറുപ്പക്കാര്‍. ഇതില്‍ ആരാണെന്ന് എങ്ങിനെ തിരിച്ചറിയും?
പെട്ടെന്ന് വെളുത്ത്‌ മെലിഞ്ഞ ഒരുവനില്‍ രേഖയുടെ കണ്ണുകള്‍ ഉടക്കി നിന്നു.
അവന്‍ തന്നെ....
ഞങ്ങള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ വഴിയില്‍ നിര്‍ത്തിവെച്ചിരുന്ന ബൈക്കില്‍ എന്തോ തിരഞ്ഞുകൊണ്ടിരുന്ന അവന്‍ തന്നെ ഇത്.
ശരീരമാകെ ഒരു തരിപ്പ് കയറിയ രേഖ അവന്റെ മുഖത്തേക്ക്‌ കാര്‍ക്കിച്ച് തുപ്പിയത് പോലീസുകാരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

[ഇക്കഴിഞ്ഞ ഓണത്തിന് രണ്ടു ദിവസം മുന്‍പ്‌ സംഭവിച്ച കാര്യം ഞാന്‍ കഥയിലൂടെ പങ്കുവെക്കുന്നു. അവസാനഭാഗം ഒഴിച്ച് നിര്ത്തിയാല്‍ പൂര്‍ണ്ണമായും ഞാന്‍ നേരിട്ട സംഭവം. കഥ എന്ന രൂപത്തിലുള്ള പോരായ്മകളും കുറവുകളും അറിയിക്കണം.]