5/7/10

ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ്.

05-07-2010

നേരം പരപരാ വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ മാഷ്‌ നടക്കാനിറങ്ങി.

സ്ക്കൂള്‍ അദ്ധ്യാപകനാണ്‌.

ഡോക്ടറുടെ കര്‍ശന നിര്‍ദേശമാണ്‌ എന്നും രാവിലെ അര മണിക്കൂറെങ്കിലും നടക്കണം എന്നത്‌. വെറുതെ നടന്നാല്‍ പോര. പതിയെ തുടങ്ങി പിന്നെ കയ്യ്‌ വീശി കാല്‌ നീട്ടി വെച്ച്‌ നിവര്‍ന്ന്‌ വേണം നടക്കാന്‍. തിരിച്ചെത്തുമ്പോഴേക്കും നന്നായി വിയര്‍ക്കണം.

ഇപ്പോള്‍ കാലത്തും വൈകീട്ടും റോഡ്‌ നിറയെ നടത്തക്കാരാണ്‌. ജോലി കഴിഞ്ഞ്‌ വരുന്ന സ്തീകള്‍ വീടെത്തുന്നതിന്‍റെ രണ്ടൂമൂന്ന്‌ സ്റ്റോപ്പ്‌ മുന്‍പ്‌ ബസ്സില്‍ നിന്നിറങ്ങി, നടക്കും. പണ്ടൊക്കെ സ്കൂളില്‍ പോയിരുന്ന സമയത്ത്‌ ബസ്സില്‍ കയറി സ്കൂളില്‍ പോകാന്‍ കൊതിയായിരുന്നു. അതെല്ലാം മാറി ഒന്നു്‌ നടന്നു പോകാന്‍ കൊതിയായിത്തുടങ്ങി. കൊതിച്ചാലും നടക്കാന്‍ കഴിയാതായിരിക്കുന്നു. രണ്ടടി വെച്ചാല്‍ അണപ്പാണ്‌. പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.

ആരോടും കൂടാതെ ഒറ്റയ്ക്കാണ്‌ നടപ്പ്‌. ആദ്യമൊക്കെ നടക്കാന്‍ ഒരു ചമ്മലായിരുന്നു. ആരെങ്കിലും കണ്ടാല്‍ ഒരു രോഗിയാണെന്ന്‌ ധരിച്ചെങ്കിലൊ എന്നൊക്കെ. അതുകൊണ്ട്‌ നേരം വെളുക്കുന്നതിന്‌ മുന്‍പേ നടത്തം നടത്തിയിരുന്നു. അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. ഇരുട്ട്‌ വിട്ട്‌ മാറിയിട്ടില്ലാത്തതിനാല്‍ പട്ടികളുടെ ശല്യം കൊണ്ടാണ്‌ നേരം വെളുത്തതിനു ശേഷം നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. അപ്പോഴേക്കും ചമ്മലും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ഓരോന്ന്‌ ചിന്തിച്ച്‌ ആരേയും ശ്രദ്ധിക്കാതെ തന്നെയാണ്‌ മാഷ്‌ നന്നിരുന്നത്‌. വീടിന്‍റെ പടി ഇറങ്ങുന്നതും ചിന്തകള്‍ ഓടിക്കയറുന്നതും ഒരുമിച്ചാണ്‌.

തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ ഒരു അടയ്ക്കാമരം വെട്ടിപ്പൊളിക്കുന്നതിടയില്‍ കുഴഞ്ഞു വീണാണ്‌ അച്ഛാച്ചന്‍ മരിക്കുന്നത്‌. ഒത്ത ശരീരവും അതിനൊത്ത പൊക്കവും. ഒരു നിമിഷവും വെറുതെ ഇരിക്കാത്ത ഇരുനിറക്കാരാന്‍. മൂന്ന്‌ കെട്ട്‌ തെറുപ്പ്‌ ബീഡിയും ഒരു കെട്ട്‌ ചുരുട്ടും ഒരു ദിവസം വലിച്ച്‌ തള്ളും. ചെത്താന്‍ കൊടുത്ത തെങ്ങിന്‍റെ പാട്ടമായി ലഭിക്കുന്ന ഒരു കപ്പ്‌ കള്ള്‌ രാവിലെ അകത്താക്കും. അഞ്ചെട്ടെണ്ണത്തില്‍ മൂന്നാമനായ താനായിരുന്നു അച്ഛാച്ചന്റെ സഹായി. കള്ള്‌ മോന്തുന്നത്‌ നോക്കിയിരിക്കുമ്പോള്‍ കപ്പിന്‍റെ അടിഭാഗം നുണയാന്‍ കിട്ടിയിരുന്നു.

പാടത്ത്‌ മത്തനും കുബളവും പടവലവും പാവയ്ക്കായും നട്ട്‌ വളര്‍ത്തിയിരുന്നതിന്‌ നനയ്ക്കാന്‍ അച്ഛാച്ചനോടൊപ്പം കൂടിയിരുന്നു. വെള്ളം തിരിക്കുന്ന പണി തന്റേതാണ്‌. അച്ഛാച്ചന്‍ തേവും. എഞ്ചിനും കറണ്ടും ഒന്നും എത്തി നോക്കിയിട്ടില്ലാത്തതിനാല്‍ ത്-ലാത്തേക്കായിരുന്നു വീട്ടില്‍. മുഴുവന്‍ മുള കൊണ്ട്‌ കെട്ടിയുണ്ടാക്കിയ അന്നത്തെ നനയന്ത്രമായിരുന്നു ത്-ലാവ്‌ എന്ന്‌ പറയുന്ന പലതില്‍ ഒന്നായ ത്-ലാത്തേക്ക്‌. പിന്നെയുള്ളത്‌ കാളത്തേക്കാണ്‌. അന്ന്‌ രണ്ട്‌ കാളകളെ വാങ്ങാന്‍ കഴിവുള്ളവന്‍ നാട്ടിലെ ചെറുപ്രമാണിയാണ്‌. അച്ഛാച്ചന്‌ അത്രയൊന്നും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

ക്രമേണ വെള്ളം തേവാന്‍ പഠിച്ചു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തേക്ക്‌ പൂര്‍ണ്ണമായും ഏറ്റെടുത്തു. വെള്ളം തിരിയ്ക്കാന്‍ അനിയത്തിയും. അച്ഛാച്ചന്‌ വീട്ടില്‍ വേറെ പണികള്‍ കാണും.

നല്ല ആയാസമുള്ള പണിയായിരുന്നു തേക്ക്‌(തേവല്‍‍). കിണറിനോളം തന്നെ നീളമുള്ള ത്-ലാക്കണ എന്ന ഒരു മുളയില്‍ വെള്ളം കോരിയെടുക്കാന്‍ പാകത്തില്‍ പലക കൊണ്ട്‌ തയ്യാറാക്കിയ ഒരു ത്-ലാക്കൊട്ട പിടിപ്പിക്കും. കിണറിന്‌ മുകളില്‍ പാലം പോലെ മെതി വെച്ചിരിക്കും. പാലത്തില്‍ കയറി മുളയില്‍ പിടിച്ച്‌ താഴ്ത്തി കിണറിന്‍റെ അടിയില്‍ നിന്ന്‌ ത്-ലാക്കൊട്ടയില്‍ വെള്ളം നിറയ്ക്കും. മെതിയില്‍ കുനിഞ്ഞ്‌ നിന്ന്‌ രണ്ട്‌ കൈകൊണ്ടും മുളയില്‍ പിടിച്ച്‌ ശക്തിയോടെ മുകളിലേക്ക്‌ ഒറ്റ ശ്വാസത്തില്‍ പൊക്കിവിടും. കിണറിന്‍റെ മദ്ധ്യഭാഗം വരെ ആ ആച്ചലില്‍ വെള്ളം അടങ്ങിയ ത്-ലാക്കൊട്ട ഉയര്‍ന്ന്‌ വരും. പിന്നീട്‌ ഓരോ കൈ മാറിമാറി മുളയില്‍ പിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടിരിക്കും. മുകളിലെത്തിയ വെള്ളം പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തേപ്പട്ക്ക എന്ന ഭാഗത്തേക്ക്‌ ഒഴിക്കും. അതങ്ങിനെ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും.

നാലഞ്ച്‌ കൊട്ട വെള്ളം എത്തിക്കുന്നതിനിടയില്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കും. ശരീരത്തിന്‍റെ ഓരോ ഭാഗവും ഇളകും.

നാല്‍പത്തിയഞ്ച്‌ മിനിറ്റിനുള്ളില്‍ ആവശ്യത്തിനുള്ള വെള്ളം തേവിക്കഴിയും. തേക്ക്‌ നിര്‍ത്തി ഇടവിളത്തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയും പൂക്കളും നോക്കി ചുറ്റിത്തിരിയുന്നതിനിടയില്‍, വേരുകള്‍ കൊണ്ട്‌ സ്പ്രിംഗ്‌ നിര്‍മ്മിച്ച്‌ മുകളിലേക്ക്‌ കയറിപ്പോകുന്ന പടവലത്തിന്‍റെ തണ്ടില്‍ നിന്ന്‌ ചെറിയ പടവലം ഞാന്ന്‌ കിടക്കുന്നത്‌ കണ്ടു. വാഴനാരില്‍ ഒരു ചെറിയ കല്ല്‌ കെട്ടി പടവലത്തിന്‍റെ താഴെ ഞാത്തിയിട്ടു. അല്ലെങ്കില്‍ നീളം വെക്കുന്ന പടവലം ചുരുണ്ട്‌ കൂടി വികൃതമാകും.

പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പ്‌ എല്ലാം വറ്റി. കിണറ്റിന്‍ കരയിലെത്തി രണ്ട്‌ കൊട്ട വെള്ളം കോരി തേപ്പട്ക്കയില്‍ നിന്ന്‌ സുഖമായി കുളിച്ചു. ത്-ലാക്കൊട്ട ഊരി തോളില്‍ കമിഴ്ത്തി വെച്ച്‌ വീട്ടിലേക്ക്‌ നടന്നു. സ്കൂളില്‍ പോകേണ്ട സമയം ആയിരിക്കുന്നു. കാന്താരി മുളക്‌ അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്‌ സ്കൂളിലേക്ക്‌ പുറപ്പെട്ടു. മൂന്നര കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലെത്താന്‍.

നടക്കാന്‍ വേണ്ടി നടന്ന ബാലകൃഷ്ണന്‍ മാഷ്‌ വാച്ച്‌ നോക്കി. ഇന്ന്‌ ഇരുപത്‌ മിനിറ്റ്‌ കൊണ്ട്‌ തിരിച്ചെത്തി. ഓ..സാരമില്ല. അല്ലെങ്കിലും ഇത്‌ നനയും തേക്കുമൊന്നും അല്ലല്ലൊ കൃത്യമായി ചെയ്യാന്‍..? നമ്മുടെ സൌകര്യത്തിന്‌ ചില വിട്ടുവീഴ്ചകളൊക്കെ ആകാം.

മുറ്റത്ത്‌ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന മകനെ ഭാര്യ ശകാരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ വീടിന്‍റെ പടി കയറിയത്‌.

"നേരം വെളുത്തപ്പോള്‍ തൊടങ്ങ്യതാണ്‌ അവന്‍റെയൊരു സൈക്കിള്‌ ചവിട്ട്‌. വെയര്‍ത്തൊഴുകുന്നത്‌ കണ്ടൊ? നീയിന്ന്‌ എന്തെങ്കിലും വരുത്തിവെയ്ക്കും. പനി പിടിച്ച്‌ കെടന്നാല്‍ അവ്ടെ കെടക്കലെ ഇണ്ടാകു. നീയ്യാ തെക്കേലെ ഉണ്ണ്യെ കണ്ട്‌ പഠിക്ക്‌...അവന്‌ എല്ലാത്തിനും ഏ-പ്ളസ്സാ. നിനക്ക്‌ ഒരെണ്ണത്തില്‌ മാത്രല്ലെ ഏ-പ്ളസ്‌ കിട്ടീത്‌. പഠിക്കുന്നില്ലെങ്കില്‍ പോട്ടെ, കംബ്യൂട്ടറുണ്ടിവിടെ....ഈ നേരം കൊണ്ട്‌ അതിലെന്തെങ്കിലും പഠിച്ചാ എത്ര കാര്യംണ്ട്‌? ആരോട്‌ പറയാനാ...അവനൊരു കുലുക്കം ഇണ്ടോന്ന്‌ നോക്ക്‌ ഞാനിത്രേം കൊരച്ചിട്ട്‌..?"

"പ്ളീസ്‌ അമ്മേ..പത്ത്‌ മിനിറ്റ്‌ കൂടെ.. "

"അല്ലെങ്കിലും ഞാന്‍ പറയണേന്‌ ഇവ്ടെ ആര്‍ക്കാ വെല...പട്ട്യേപ്പോലെ കൊരച്ച്‌ തൊള്ളേലെ വെള്ളം വറ്റിക്കാന്നല്ലാണ്ട്‌..?ദേഷ്യത്തോടെ അടുക്കളയിലേക്ക്‌ നടന്നു.

"അമ്മ പറയുന്നത്‌ കേക്ക്‌ മോനെ. സൈക്കിള്‌ വൈകീട്ടായാലും ചവ്ട്ടിക്കൂടെ?"

സൈക്കിള്‍ നിറുത്തി താഴെ ഇറങ്ങി.

"അപ്പൊ അച്ഛന്‌ ഒന്നും പറയാനില്ല അല്ലെ? അച്ഛന്‌ നേരം വെളുക്കുമ്പം നടക്കാന്‍ പുവ്വാം. ഇനിക്ക്‌ സൈക്കിള്‌ ചവ്ട്ടാന്‍ പാടില്ല. നാല്‌ മണിക്ക്‌ സ്കൂള്‌ വിട്ടെത്തിയാ അപ്പത്തന്നെ ട്യൂഷന്‌ പോണം. അത്‌ കഴിഞ്ഞ്‌ വന്നാ പിന്നേം പഠിക്കണം. ഒന്ന്‌ മൂത്രം മുള്ളാങ്കൂടി അമ്മ സമ്മതിക്കില്ല. പിന്നെവിട്യാ നേരം...?" ദേഷ്യത്തോടെ സൈക്കിള്‍ ഒതുക്കി വെച്ചു.

പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. മാഷ്‌ അകത്തേക്ക്‌ കയറി. ഇനിയും കുറേ നേരം ബാക്കിയാണ്‌ സ്കൂളിലേക്ക്‌ പോകാന്‍. സ്കൂട്ടറൊന്ന്‌ തുടച്ച്‌ വെച്ചാലൊ..പിന്നീടാകാം...! ടീവി ഓണ്‍ ചെയ്ത്‌ കട്ടിലില്‍ കിടന്നു.

"അപ്പോഴേക്കും അനന്തശയനം തുടങ്ങിയൊ?" അടുക്കളയില്‍ നിന്ന്‌ ഭാര്യയുടെ പരിഭവം.

"നേരം വെളുത്തപ്പോ മുതല്‍ ഞാനീ അടുക്കളേല്‌ കെടന്ന്‌ മറിയാ. ഒരു പണീം ഇല്ലെങ്കി ഇവ്ടെ വന്നിരുന്ന്‌ രണ്ട്‌ ഉള്ളി തൊണ്ട്‌ പൊളിച്ചെങ്കിലും തന്നൂടെ. അതെങ്ങിനെയാ...വള ഊരിപ്പോകില്ലെ, സ്കൂള്‍ മാഷല്ലെ? ആ കട്ടില്‌ ആദ്യം തല്ലിപ്പൊളിച്ച്‌ കളയണം. നേരം വെളുക്കുമ്പോത്തന്നെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

അവള്‍ക്കിന്ന്‌ ചെകുത്താന്‍ കയറിയിരിക്കയാണ്‌. ഇനി രക്ഷയില്ല. കട്ടില്‌ കളഞ്ഞാലും ടീവി കളയില്ലവള്‍.

മാഷ്‌ അടുക്കളയിലേക്ക്‌ നടന്നു