14/2/11

ഞാനെന്തേ ഇങ്ങിനെ..?

14-02-2011

അമ്പാട്ടെ കേറ്റം കേറുന്ന "തൊഴിലാളി"യുടെ ശബ്ദം എന്റെ തിരക്കുകള്‍ക്ക്‌ വേഗത കൂട്ടി. കാറി വലിച്ചാണ്‌ എല്ലാ വണ്ടികളും ആ കയറ്റം കയറുന്നത്‌. മൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും വീട്ടില്‍ നിന്നാല്‍ കേള്‍ക്കുന്ന ആ ശബ്ദം ദൈനംദിന ഓഫീസ്‌ യാത്രയിലെ ആദ്യം ലഭിക്കുന്ന സൂചനയായി വന്നെത്തുന്നു


ഒരു പ്രദേശം മുഴുവന്‍ തണല്‍ വിരിച്ച്‌ പടര്‍ന്ന്‌ പന്തലിച്ച്‌ നില്‍ക്കുന്ന കൂറ്റന്‍‍ ഞാവല്‍ മരത്തിന്റെ തണലിനടിയിലൂടെ ഇറക്കം ഇറങ്ങി വന്നാല്‍ 'അമ്പല നട' സ്റ്റോപ്പില്‍ വണ്ടി നില്‍ക്കും. കാലത്ത്‌ എട്ടര എന്നതിനാല്‍ കോളേജ്‌ കുട്ടികളും ജോലിക്കാരുമായി ഒരു ബസ്സിനുള്ള യാത്രക്കാര്‍ അവിടെ തന്നെ കാണും. ചെറിയ പാടവും പാലവും പിന്നിട്ട്‌ കപ്പേള സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ എന്റെ ഊഴമാണ്‌.

തിടുക്കപ്പെട്ട്‌ ബാഗെടുത്ത്‌ വീട്ടില്‍ നിന്ന്‌ റോഡിലേക്കിറങ്ങി. റോഡിലേക്കിറങ്ങുന്നത്‌ തന്നെയാണ്‌ സ്റ്റോപ്പ്‌. മുന്നൂറ്‌ മീറ്റര്‍ മുന്നിലേക്കൊ പിന്നിലേക്കൊ നടന്നാല്‍ വേറെ സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും സമയമില്ലല്ലൊ..അതുകൊണ്ട്‌ ഞങ്ങള്‍‍ ചിലര്‍ ചേര്‍ന്ന്‌ രൂപപ്പെടുത്തിയതാണ്‌ ഈ സ്റ്റോപ്പ്‌.

സ്റ്റോപ്പെന്ന്‌ പറയാനൊന്നും ഇല്ല. ആദ്യം കട്ടി കൂടിയ ഒരു പേപ്പറില്‍ ചോക്കുകൊണ്ട്‌ ബസ്‌ സ്റ്റോപ്പ്‌ എന്നെഴുതി വേലിയില്‍ കെട്ടിവെച്ചു. പിന്നെ ഒരു മുളന്തൂണില്‍ പലകയടിച്ച്‌ പെയിന്റോണ്ടെഴുതി കാനയില്‍ കുത്തിനിര്‍ത്തി. ഇപ്പോളത്‌ വണ്ണം കുറഞ്ഞ പൈപ്പില്‍ വട്ടത്തിലുള്ള തകര ഷീറ്റില്‍ ഭംഗിയായി കാനക്ക്‌ മുകളിലായി സ്ഥാപിച്ചു. ബസ്റ്റോപ്പിന്റെ ചെറിയ ഗൌരവവും കൈവന്നു.

പലപ്പോഴും സ്റ്റോപ്പില്‍ ഞാന്‍ മാത്രമെ ഉണ്ടാകാറുള്ളു. ഞാനവിടെ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌ കണ്ടാല്‍ പോലും അവിടെ നിന്നുള്ളവര്‍ തൊട്ടടുത്ത സ്റ്റോപ്പുകളിലേക്ക്‌ നടക്കും. പിന്നീട്‌ ഞാന്‍, കുറച്ചു മുന്‍പേ വീട്ടില്‍ നിന്നിറങ്ങി മറ്റു സ്റ്റോപ്പുകളിലേക്ക്‌ പോകുന്നവരെ തടഞ്ഞ്‌ എന്നോടൊപ്പം നിര്‍ത്തി. ഇപ്പോള്‍ ഈ ഭാഗത്തുള്ളവര്‍ ഇവിടെ തന്നെയാണ്‌ നില്‍ക്കുന്നത്‌.

സ്റ്റോപ്പിന്‌ പ്രത്യേകം പേരൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു കുറവ്‌ തോന്നിയിരുന്ന ഘട്ടത്തിലാണ്‌ 'തൊഴിലാളി'യിലെ കിളി "കുപ്പി വളവ്‌" ആളെറങ്ങാനുണ്ടൊ എന്നൊരിക്കല്‍ ചോദിച്ചത്‌. അങ്ങിനെയാണ്‌ 'കുപ്പിവളവ്‌' സ്റ്റോപ്പായത്‌.

ഇവിടെ റോഡിനൊരു ചെറിയ വളവുണ്ട്‌. വളവിന്‌ തൊട്ടടുത്ത വീട്ടിലെ രണ്ടാനമ്മ, ആദ്യ ഭാര്യയിലെ മകന്‌ കുപ്പിച്ചില്ല്‌ അരച്ച്‌ ചോറിലിട്ട്‌ കലര്‍ത്തി കൊടുത്തു. രണ്ടാനമ്മയുടെ ഒരു കണ്ണിന്‌ അല്‍പം കാഴ്ച കുറവായതിനാല്‍ കുപ്പിച്ചില്ല്‌ വേണ്ടവിധം പൊടിഞ്ഞില്ലെന്നത്‌ കാണാനായില്ല. മകന്‍ ചോറ്‌ വാരിയപ്പോള്‍ കരകര ശബ്ദം. ആദ്യമെ രണ്ടാനമ്മയില്‍ സംശയം തോന്നിയിരുന്ന മകന്‍ ചോറ്‌ കഴിക്കാതിരുന്നപ്പോള്‍ നിര്‍ബന്ധിച്ചവര്‍ വായില്‍ കുത്തിക്കയറ്റാന്‍ ശ്രമിച്ചു. അടിപിടി ബഹളം. നാട്ടുകര്‍ ഓടിക്കൂടി. സംഗതി കൈവിട്ടെന്ന്‌ കണ്ട രണ്ടാനമ്മ ചോറെടുത്ത്‌ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു.

ഈ സമയത്താണ്‌ തൊഴിലാളി ബസ്സ്,‌ സംഭവ ദിവസം അന്നവിടെ നിര്‍ത്തിയിരുന്നത്‌. പേര്‌ കിട്ടാന്‍ വേറെന്ത്‌വേണം?

ഒരുവിധം ബസ്സിനകത്തേക്ക്‌ ഞാന്‍ നുഴഞ്ഞ്‌ കയറി. പുറമെ നിന്ന്‌ നോക്കിയാല്‍ ഇനി അതിനകത്തേക്ക്‌ ആര്‍ക്കും കയറാന്‍ പറ്റില്ലെന്ന്‌ തോന്നും. അത്രയും നിറഞ്ഞിരിക്കുന്നു. എന്നിരുന്നാലും അടുത്ത രണ്ട്‌ സ്റ്റോപ്പിലേയും യാത്രക്കാരെ ഇതിനുള്ളില്‍ തന്നെ കുത്തി നിറക്കും. എങ്ങിനെയും കയറിപ്പറ്റാന്‍ യാത്രക്കാരും, എത്ര പേരെ വേണമെങ്കിലും കയറ്റാന്‍ ബസ്സുകാരും തയ്യാറാണെന്നതിനാല്‍ പരിഭവങ്ങള്‍ക്ക്‌ സ്ഥാനമില്ല. അടുത്ത ബസ്സ്‌‌ വരാന്‍ ഇനിയും അര മണിക്കൂറില്‍ കൂടുതല്‍ വേണം.

ഇത്രയും തിരക്കിനുള്ളിലേക്ക്‌ ഇനിയും തിക്കിത്തിരക്കി ഈ ആള്‍ക്കാര്‍ കയറുന്നത്‌ എന്തിനാണെന്ന്‌ ബസ്സിനകത്തായ എനിക്ക്‌ മനസ്സിലാകുന്നില്ല. ഇനിയെങ്കിലും ഇവര്‍ക്ക്‌ ബസ്സ്‌ നിര്‍ത്താതിരുന്നു കൂടെ.

ഈ സ്റ്റോപ്പിലേയും മുഴുവന്‍ യാത്രക്കാരും കേറി. അല്‍പസ്വല്‍പം പഴുത്‌ ഉണ്ടായിരുന്നത്‌ കൂടി നികത്തി. മൂക്ക്‌ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ചാല്‍ ശ്വാസം കിട്ടുമെന്ന അവസ്ഥയായി. വിയര്‍പ്പില്‍ പുഴുകിയ തുണികളിലെ മണവും, പൌഡറിന്റെയും സ്പ്രേകളുടെയും തുളച്ച്‌ കയറുന്ന ഗന്ധവും കൂടി മനമ്പുരട്ടല്‍. താഴെ വെച്ചിടത്ത്‌ നിന്ന്‌ എങ്ങാനും കാലുയര്‍ത്തിയാല്‍ മറ്റാരുടെയെങ്കിലും കാലിനു മുകളില്‍ വെക്കുകയൊ അല്ലെങ്കില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിക്കുകയൊ ചെയ്യെണ്ട സ്ഥിതി.

ഒരഭ്യാസിയെപ്പോലെ ഒരു സൈഡിലേക്ക്‌ തല തിരിച്ച്‌ വെച്ചപ്പോള്‍ അല്‍പം ആശ്വാസം. ബാഗിന്റെ വള്ളി മാത്രമെ തോളിലുള്ളു എന്നറിഞ്ഞപ്പോള്‍ വള്ളിയില്‍ പിടിച്ച്‌ വലിച്ച്‌ ബാഗ്‌ ശരീരത്തോട്‌ അടുപ്പിച്ചു. സീറ്റിന്റെ അരികെ ശരീരം ചേര്‍ത്തുവെച്ച്‌ വളഞ്ഞ്‌ ബാലന്‍സോടെ നിന്നു.

കോളേജ്‌ സ്റ്റോപ്പ്‌ എത്തുന്നത്‌ വരെ ആ നില്‍പ്‌ തുടര്‍ന്നു. കയ്യും കാലും കഴച്ച്‌ വേര്‍പ്പെടുമെന്നു വരെ തോന്നി. ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ജോലി ഉപേക്ഷിക്കണമെന്നും, ആരെയെങ്കിലും കൊന്നിട്ടായാലും ബൈക്കൊ കാറൊ വാങ്ങണമെന്നും തോന്നാറുള്ളത്‌.

കോളേജ്‌ പിള്ളേര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ബസ്സിനകത്തേക്ക്‌ കാറ്റും വെളിച്ചവും കടന്ന്‌ വന്നു. പുളിച്ച മണം കുറെ പുറത്തേക്ക്‌ ചാടി. ചെറിയൊരാശ്വാസം.

ഞാന്‍ ചാരി നില്‍ക്കുന്ന സീറ്റില്‍ രണ്ട്‌ പേര്‍ ഇരിപ്പുണ്ട്‌. ആരെങ്കിലും ഒരാള്‍ അടുത്തെങ്ങാനും ഇറങ്ങിയാല്‍ അവിടെ കയറി ഇരിക്കാം. മറ്റാരും അവിടം പിടിച്ചടക്കാതിരിക്കാന്‍ കാലൊക്കെ അകത്തി വെച്ച്‌ വിസ്തരിച്ച്‌ നിന്നു. അറ്റത്തിരിക്കുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ നോക്കി ചിരിച്ചു കൊണ്ടിരിപ്പാണ്‌. ഞാന്‍ കാണുന്നത്‌ മുതല്‍ അവന്റെ പണി അതാണ്‌. എന്തൊക്കെയൊ ചിത്രങ്ങള്‍‍ കാണുകയാണ്‌. പിന്നെയുള്ളത്‌ ഒരു വൃദ്ധനാണ്‌. വിഷണ്ണനായി ഇരിക്കുന്ന അങ്ങേരുടെ ഭാവം കണ്ടാല്‍ ഏതൊ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്നു തോന്നുന്നു.

ബസ്സിനകത്തേക്ക്‌ വീണ്ടും യാത്രക്കാര്‍ കയറുകയാണ്‌. കുറഞ്ഞ തിരക്ക്‌ വീണ്ടും കനക്കുന്നു. കുട്ടിയെ എടുത്ത ഒരാള്‍ എവിടെയെങ്കിലും സീറ്റ്‌ കിട്ടുമൊ എന്ന്‌ വെപ്രാളപ്പെടുന്നു‌. അത്ര ചെറിയ കുട്ടിയൊന്നും അല്ല. അയാള്‍ക്ക്‌ ഇരിക്കാന്‍ വേണ്ടിയുള്ള അടവായിരിക്കുമൊ എന്ന്‌ സംശയം തോന്നി.

ഇരിക്കാനുള്ള ഇടം നേടിക്കൊടുക്കാന്‍, നില്‍ക്കുന്ന എനിക്കായിരുന്നു കൂടുതല്‍ ആവേശം. എനിക്കേതായാലും സീറ്റൊന്നും കിട്ടാന്‍ പൊകുന്നില്ല. എങ്കില്‍ പിന്നെ ആരെയെങ്കിലും എഴുന്നേല്‍പിക്കണമെന്ന കുശുമ്പ്‌ നിറഞ്ഞു. വൃദ്ധനോട്‌ എഴുന്നേല്‍ക്കാന്‍ പറയുന്നത്‌ മര്യാദയല്ല. എന്തുകൊണ്ടും കുട്ടിയെ എടുത്തയാളെക്കാള്‍ അവശത വൃദ്ധന്‌ തന്നെ.

കുട്ടിയെ എടുത്തയാള്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ ഞാന്‍ വളരെ ഭവ്യതയോടെ ചെറുപ്പക്കാരനോട്‌ പറഞ്ഞു. ഞാന്‍ പറഞ്ഞത്‌ കേട്ടതായൊ, മൊബൈലില്‍ നിന്ന്‌ കണ്ണെടുക്കുകയൊ അയാള്‍ ചെയ്തില്ല. വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചു. ചെറുപ്പക്കാരന്‍ പരുഷമായി എന്നെ നോക്കി. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്ത്‌ കാണാം.

"ഞാന്‍ തൃശൂരിലേക്കാണ്‌. ഇനിയും മുക്കാല്‍ മണിക്കൂറ്‍ വേണം അവിടെ എത്താന്‍. സീറ്റിനുവേണ്ടി ബസ്‌ അങ്ങോട്ട്‌ പൊയപ്പഴേ കയറിയതാണ്‌ ഇതില്‍. അതുകൊണ്ട്‌ ഞാന്‍ എഴുന്നേല്‍ക്കുന്ന പ്രശ്നമെ ഉദിക്കുന്നില്ല. തനിക്ക്‌ അത്രയും വിഷമം തൊന്നുന്നുവെങ്കില്‍ ഒരു കാറ്‌ പിടിച്ച്‌ അവരെ കൊണ്ടാക്കിക്കൊടുക്ക്‌. അല്ലെങ്കില്‍ വേറെ എന്തെങ്കിലും വഴി നോക്ക്‌."

സൌമ്യമായി പറഞ്ഞിട്ടും മുഖത്തടിക്കുന്നത്‌ പോലുള്ള വാക്ക്‌ കേട്ടപ്പോള്‍ എന്റെ ശരീരം ഒന്ന്‌ പെരുത്തു. ചുറ്റും നോക്കി. അപഹാസ്യനായൊ എന്നൊരു സംശയം. ആരും ഒന്നും മിണ്ടുന്നില്ല. പറയേണ്ടിയിരുന്നില്ല എന്ന്‌ തോന്നി.

വൃദ്ധന്‍ പതിയെ എഴുന്നേറ്റു. മൊബൈലുകാരന്‍ വൃദ്ധനെ പിടിച്ച്‌ അവിടെത്തന്നെ ഇരുത്തി. എന്നിട്ട്‌ പറഞ്ഞു.
"അതത്ര കൊച്ച്‌ കുട്ടിയൊന്നും അല്ല. താഴെ നിര്‍ത്തിയാല്‍ അവനവിടെ നിന്നോളും. കൊച്ചുകുട്ടിയെന്ന്‌ കരുതി സഹതാപം കൊണ്ട്‌ ആരെങ്കിലും എഴുന്നേറ്റാല്‍ അയാള്‍ക്കവിടെ ഇരിക്കാന്‍ വേണ്ടിയുള്ള വേലയാണിത്‌"

ഇപ്പോള്‍ കുട്ടിയെ എടുത്ത മനുഷ്യനും ഒന്ന്‌ ചമ്മിയെന്നത്‌ നേരാണ്‌. മറ്റാരും ഒന്നും പറയാതിരുന്നതിനാല്‍ പെരുത്ത്‌ തുടങ്ങിയ ഞാന്‍ തണുത്തു. പരിഹാസനോട്ടങ്ങള്‍ തനിക്ക്‌ നേരെയാണൊ നീളുന്നത്‌.

അയാള്‍ കുട്ടിയെ താഴെ ഇറക്കി നിര്‍ത്തിയതോടെ ഞാനാകെ വല്ലാതായി. എങ്ങിനെയും ബസ്സി‍‌ന് പുറത്തേക്ക്‌ ചാടിയാലൊ എന്നായി ചിന്ത. വൃദ്ധനരികെ സീറ്റുകള്‍ക്കിടയിലായി കുട്ടി കയറി നിന്നു. ചെറുപ്പക്കാരന്‍ മൊബൈലിലേക്ക്‌ തന്നെ കൂപ്പുകുത്തി.

തൃശൂരിലേക്ക്‌ എത്താറായതോടെ ബസ്സില്‍ വീണ്ടും തിരക്ക്‌ വര്‍ദ്ധിച്ചു. ഇനി കുറച്ച്‌ ദൂരമെ ഉള്ളു എന്നതാണ്‌ സമാധാനം. മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ച്‌ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായിയിരിക്കും. ചെറിയൊരു വിരോധം മനസ്സില്‍ തോന്നിയതിനാല്‍ അവന്റെ എല്ലാ ചെയ്തികളും നിരീക്ഷിക്കാന്‍ കൌതുകം തോന്നി.

"ഒരു മണിക്കൂറിനകത്ത്‌ ഞാനവിടെ എത്തും. വിചാരിക്കാത്ത ഒരു കുരിശല്ലെ കാലത്ത്‌ തന്നെ തലയില്‍ വീണത്‌. കുറച്ച്‌ കാശടയ്ക്കാന്‍ ബാങ്കില്‍ വന്നതാ. ജപ്തി നോട്ടീസ്സ്‌ ബാങ്കീന്ന്‌ വന്നപ്പൊ അപ്പന്‍ എങ്ങാണ്ട്ന്നൊക്കെ ഒപ്പിച്ചതാ. ഇന്ന്‌ തന്നെ അടക്കാതെ പറ്റില്ല. നീയാ സീഡി വാങ്ങീട്ട്‌ വാ. ഞാനിതാ എത്തി." പരിസരം മറന്നാണ്‌ അവന്റെ ഫോണ്‍ സംഭാഷണം.

വേഗത കുറച്ച ബസ്സ്‌, സ്റ്റോപ്പിനോടടുത്തു. മുക്കാല്‍ ഭാഗം ആള്‍ക്കാരും ഇവിടെ ഇറങ്ങും. റെയില്‍വെ സ്റ്റേഷനിലേക്കും ബസ്സ്‌ സ്റ്റാന്റിലേക്കും ചന്തയിലേക്കും പോകേണ്ടവരൊക്കെ ഇവിടെയാണ്‌ ഇറങ്ങുന്നത്‌. അടുത്ത സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ തിരിച്ചുള്ള യാത്രക്ക്‌ തൊഴിലാളി തയ്യാറെടുക്കും.

ഇറങ്ങാനുള്ള തിക്കും തിരക്കും തള്ളിച്ചയും നടക്കുന്നതിനിടെ മതിമറന്നവന്‍ ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കയാണ്‌. മറ്റുള്ളവര്‍ കാണുമെന്നൊ അവര്‍ക്കൊരു ശല്യമാകുമെന്നൊ ചിന്തയില്ലാതെ ഫോണ്‍ ചെവിയില്‍ നിന്നെടുക്കാതെ തന്നെ താഴെയിറങ്ങി.

ബസ്സിലെ തിരക്ക്‌ റോഡിലൂടെ ചിതറി നീങ്ങി. ചെറുപ്പക്കാരന്റെ ഫോണ്‍ വിളിയും നിലച്ചിരിക്കുന്നു. അവന്‍ എന്തൊ ഓര്‍ത്ത പോലെ പോക്കറ്റ്‌ തപ്പാന്‍ തുടങ്ങി. നിമിഷം കൊണ്ട്‌ പരിഭ്രമവും പരവശവും മുഖത്ത്‌ നിഴലിച്ചു. ബസ്സില്‍ നിന്നിറങ്ങിയവരുടെ അടുത്തേക്ക്‌ നീങ്ങി സങ്കടവും വേദനയും കലര്‍ന്ന കരച്ചിലോടെ എന്തൊക്കെയൊ ചോദിക്കുന്നു.

സംഗതി ഇനിയും നേരം പോകാന്‍ ഉള്ള വഴിയായിരിക്കുന്നു. ബസ്സ്‌ പോകാന്‍ നോക്കാതെ കണ്ടക്ടര്‍ കാര്യം അന്വേഷിക്കാന്‍ പോയിരിക്കുന്നു.


"മാഷേ..വണ്ടി വിട്. അവന്‍ ശ്രദ്ധിക്കാതെ സംഭവിച്ചതല്ലേ? നമ്മളെന്ത് ചെയ്യാനാണ്? അതവന്‍ നോക്കിക്കോളും. നമുക്ക്‌ പോകാം."ബസ്സിനുള്ളില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലൊന്നില്‍ ഞാന്‍ കയറിയിരുന്നു.