18/10/10

കടുവ

18-10-2010

hay

hi

തിരക്കിലാണോ?

എന്ത്‌ തിരക്ക്‌..കുറേ ബ്ളോഗ്‌ നോക്കണം. എന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ക്ക്‌ മറുപടി എഴുതണം. അതൊക്കെത്തന്നെ.

ഞാനൊരു പുതിയ ബ്ളോഗറായതിനാല്‍ കുറേ തെറ്റുകളൊക്കെ എന്റെ പ്രവൃത്തിയില്‍ ഉണ്ടാകും.

എല്ലാവരും ആദ്യം അങ്ങനെയൊക്കെത്തന്നെ.

mic?

ഉണ്ട്‌...

എങ്കില്‍ നമുക്ക്‌ സംസാരിക്കാം. അതാണ്‌ കൂടുതല്‍ നല്ലത്‌.

ഓകെ മാഷെ

ഹലോ...കേള്‍ക്കാമോ?

കേള്‍ക്കാം.

എന്നാല്‍ പറഞ്ഞൊ..


മാഷിന്റെ ബ്ളോഗിന്റെ പേര്‌ കടുവ എന്നാക്കിയത്‌ എന്തോ പോലെ തോന്നി എനിക്ക്‌. മെയില്‍ ഐഡിയും കടുവ എന്ന് തന്നെ ആയപ്പോള്‍ വ്യക്തിയെക്കുറിച്ച്‌ ഒന്നും മനസ്സിലാകാത്തത്‌ പോലെ.

അതിനു വേണ്ടിയല്ലെ അങ്ങിനെ ചെയ്തത്‌?

എന്നാലും അതിനൊരു പോരായ്ക പോലെ എനിക്ക്‌ തോന്നുന്നു. സൌഹൃദത്തില്‍, മുഴുവനല്ലെങ്കിലും അല്‍പം ചില കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കുന്നതല്ലെ നല്ലത്‌? ഞാനൊരു പുതുമുഖവും ഗള്‍ഫില്‍ അധികം പഴക്കം ഇല്ലാത്തതിനാലും എനിക്ക്‌ തോന്നുന്നതാവാം അല്ലെ?

ആ തോന്നല്‍ മുഴുവന്‍ തെറ്റാണ്‌ എന്ന് പറയാന്‍ പറ്റില്ല. ഒരു കാര്യത്തെക്കുറിച്ച്‌ മുഴുവന്‍ അറിയാതെ തുടങ്ങുമ്പോള്‍ പലതും നമ്മള്‍ മറച്ചുവെക്കാന്‍ ശ്രമിക്കും. എനിക്ക്‌ അങ്ങിനെ സംഭവിച്ചതാണ്‌.

എന്നാല്‍ ഇപ്പോഴത്‌ മാറ്റിക്കൂടെ?

അതിന്‌ ചില കുഴപ്പങ്ങളുണ്ട്‌. കടുവ എന്ന ബ്ളോഗ്‌ ഇപ്പോള്‍ കുറേ അധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നു. ഇനി അത്‌ മാറ്റുമ്പോള്‍ ഇപ്പോഴുണ്ടായിരിക്കുന്ന കടുവ എന്ന ബ്ളോഗിനോടുള്ള കാഴ്ചപ്പാടില്‍ത്തന്നെ ഒരു വ്യത്യാസം ഉണ്ടാകും.

അത്‌ ചെറിയൊരു കാര്യമല്ലെ?

അത്‌ കൂടാതെ ഇത്രയും നാള്‍ അജ്ഞാതനായിരുന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്ന് ചെറുതാകുന്നത്‌ പോലെ മന:സ്സാക്ഷി പറയുന്നു. ജാഡ കാണിക്കുന്നവന്‍ എന്ന്.

അതൊക്കെ വെറുതെ തോന്നുന്നതാ. പോസ്റ്റ്‌ ഇഷ്ടപ്പെട്ടാല്‍ അതിനെ കൂടുതല്‍ അംഗീകരിക്കുകയേ ഉള്ളു.

അങ്ങിനെ വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്‌.

അതൊക്കെ പോട്ടെ മാഷെ...നമുക്ക്‌ അന്യോന്യം നമ്മെക്കുറിച്ച്‌ പരിചയപ്പെടാം. അതിനെന്തെങ്കിലും തടസ്സമുണ്ടൊ അജ്ഞാത സുഹൃത്തേ....

ഹ.ഹ.ഹ. പരിഹാസ ഹാസ്യം ഇഷ്ടപ്പെട്ടു.

പരിഹസിച്ചതല്ല. ഒരു തമാശക്ക്‌ പറഞ്ഞതാ.

സാഗറിന്‌ എന്ത്‌ വേണമേങ്കിലും പറയാം. ഞാന്‍ അതിന്റെ അര്‍ത്ഥത്തിലേ അതിനെ കാണു. വിഷമിക്കണ്ട. കടുവ എന്ന പേര്‌ കൊടുത്തെങ്കിലും തങ്കപ്പെട്ട പാവം മനസ്സാ എന്റേത്‌.

അതിഷ്ടപ്പെട്ടു മാഷെ. നമ്മള്‍ നാലഞ്ചു ദിവസമേ ആയുള്ളു ചാറ്റ്‌ തുടങ്ങിയതെങ്കിലും നല്ലൊരു ബന്ധം പോലെ ആയിക്കഴിഞ്ഞു അല്ലെ?

അതെ.

എത്ര കൊല്ലമായി ഖത്തറില്‍ എത്തിയിട്ട്‌?

ഇരുപത്തൊമ്പത്‌ വര്‍ഷം കഴിയുന്നു.

അള്ളാ..ഒരു കൊല്ലം പോലും തികയാത്ത ഞാനെന്ത്‌ പ്രവാസി?

വിവാഹം കഴിഞ്ഞില്ലെ?

അതുകൊണ്ടല്ലെ ഇങ്ങോട്ട്‌ പോരേണ്ടി വന്നത്‌. പണിയൊന്നും ഇല്ലാതിരുന്നപ്പോള്‍ ഒരു പെണ്ണ്‌ കെട്ടിപ്പോയി.

ഞാനും ഏകദേശം അങ്ങിനെയൊക്കെത്തന്നെ. വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസം കഴിഞ്ഞപ്പോള്‍ ഇവിടെ എത്തിയതാണ്‌.

അതെയോ?

പിന്നീട്‌ അഥിതിയായി വീട്ടിലെത്തി തിരിക്കും. അങ്ങിനെ ഇരുപത്തൊന്‍പത്‌ വര്‍ഷങ്ങള്‍. സെക്രട്ടറിയാണ്‌. അന്ന് മുതല്‍ നല്ല ശംബളവും കിട്ടിയിരുന്നു.

പിന്നെന്താ ഇത്രയും കാലമായിട്ട്‌ തിരിച്ച്‌ പൊകാതിരുന്നത്‌? ഗള്‍ഫ്‌ അത്രക്കും ഇഷ്ടപ്പെട്ടൊ..

ഇഷ്ടപ്പെട്ടിട്ടൊന്നും അല്ല. അല്‍പം കടമുണ്ട്‌. അതു കൂടി അവസാനിപ്പിക്കണം. എന്നിട്ട്‌ പോകണം.


ഇരുപത്‌ വര്‍ഷം കഴിഞ്ഞ പലരും ഇതുതന്നെ പറഞ്ഞ്‌ ഞാന്‍ കേള്‍ക്കുന്നു. അതാണെനിക്ക്‌ മന‍സ്സിലാവാത്തത്‌.

കുറച്ച്‌ കഴിയുമ്പോള്‍ എല്ലാം മനസ്സിലാകും. നാട്ടിലെ ജീവിതരീതിയില്‍ തുടങ്ങുന്ന മാറ്റങ്ങള്‍‍ പിന്നെപ്പിന്നെ നമ്മളറിയാതെ നമ്മളെ വിഴുങ്ങും. അതൊക്കെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും എന്നെപ്പോലെ ആന്‍പത്തിയഞ്ച്‌ വയസ്സെങ്കിലും ആവേണ്ടി വരും.

മക്കള്‍?

രണ്ടുപേര്‍. ഒരാണും ഒരു പെണ്ണും. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു.

പിന്നെന്താ പ്രശ്നം?

മകന്‌ എഞ്ചിനിയര്‍ ആകണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ ഡൊണേഷന്‍ കൊടുത്താണ്‌ പഠിപ്പിച്ചത്‌. കിട്ടുന്ന ശംബളം തികയാതെ വന്നാപ്പോള്‍ കടം വാങ്ങീ പഠിപ്പിച്ചു.

അതുകൊണ്ടെന്താ അവര്‍ രക്ഷപ്പെട്ടില്ലെ?

ഓരോ വര്‍ഷം കഴിയുന്തോറും കടം കൂടുകയല്ലാതെ കുറഞ്ഞില്ല. അതിനു പുറകെ മകളും എത്തി. അവള്‍ക്ക്‌ ഡോക്ടറാകണം.

മക്കളെ നല്ല രീതിയില്‍ എത്തിക്കാനല്ലെ നമ്മളിവിടെ കഷ്ടപ്പെടുന്നത്‌?

നമ്മള്‍, നമ്മളെ മറന്നുള്ള ജീവിതത്തെ എത്തിപ്പിടിക്കുമ്പോള്‍ നമുക്ക്‌ സമാധാനം നല്‍കില്ലെന്ന് ഞാന്‍ പഠിച്ചു.

മക്കള്‍ നല്ല രീതിയില്‍ ആകുന്നതില്‍ എന്താ സമാധാനക്കുറവ്‌?

മകന്‍ എഞ്ചിയറിംഗ്‌ പാസ്സായപ്പോള്‍ മകള്‍ രണ്ടാം വര്‍ഷം M.B.B.Sന്. നാട്ടിലും ഇവിടേയും നല്ലൊരു തുക ഞാന്‍ കടം വരുത്തി.

എന്നാലും രണ്ടുപേരും ഒരു നിലയിലായില്ലെ? അതൊരഭിമാനമല്ലെ.

അഭിമാനമൊക്കെ തന്നെ. എഞ്ചിനിയറിംഗ്‌ പാസ്സായ മകന്‍ അതിന്‌ ശ്രമിക്കാതെ സിനിമാസീരിയലിലേക്ക്‌ തിരിഞ്ഞു. എന്റെ തലക്കേറ്റ ആദ്യത്തെ അടിയായിരുന്നു അത്‌.

മാഷിന്റെ ഭാര്യ ഇതൊന്നും ശ്രദ്ധിച്ചില്ലെ?

ഇതാണ്‌ എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇപ്പോഴത്തെ നമ്മുടെ പ്രവാസി കുടുംബങ്ങളില്‍ മക്കള്‍ അമ്മയ്ക്ക്‌ എത്രമാത്രം വില നല്‍കുന്നു എന്ന് സാഗര്‍ ചിന്തിച്ചിട്ടുണ്ടൊ?

ഒരു പരിധി വരെ...

ഒരു പരിധിയും ഇല്ല. ചെറുപ്പത്തില്‍ നമ്മള്‍ കഷ്ടപ്പെട്ട്‌ ജീവിക്കുന്നു. കഷ്ടപ്പാട്‌ അറിഞ്ഞ്‌ കൊണ്ട്‌ പഠിക്കുന്നു, ജീവിക്കുന്നു. എന്നിട്ടും അവസാനം വരെ കഷ്ടപ്പാട്‌ മാത്രമാണ്‌ പ്രവാസികള്‍ക്ക്‌ കൂട്ട്‌.

അത്‌ ശരിയാണ്‌.

മക്കള്‍ കഷ്ടപ്പെടാതെ പഠിച്ച്‌ വളരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എത്ര ഇല്ലെന്ന് പറഞ്ഞാലും അവര്‍ ചോദിക്കുന്നതൊക്കെ നമ്മള്‍ ചെയ്ത്‌ കൊടുക്കുന്നു. കഷ്ടപ്പാടിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഇടവരാതെ വളരുന്ന അവരില്‍ പണം എങ്ങിനെ ഉണ്ടാകുന്ന എന്ന ചിന്തപോലും ഉയരുന്നില്ല.

അങ്ങിനെ ഒരു ധാരണ സ്വാഭാവികമാണ്‌.

അവന്‍ ഒരു സീരിയല്‍ നടിയെ കല്യാണം കഴിച്ച്‌ ദൂരെ വാടകക്ക്‌ താമസിക്കുന്നു. വല്ലപ്പോഴും പണം ആവശ്യപ്പെട്ട്‌ അമ്മയുടെ അടുത്ത്‌ വരും.

എന്നാലും മോള് അങ്ങിനെ അല്ലല്ലൊ.

അവള്‍ കോഴ്സ്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുന്‍പ്‌ കൂടെ പഠിക്കുന്ന ഒരുവനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു.
ഇപ്പൊള്‍‍ മാഷോട്‌ എനിക്ക്‌ ഒന്നും പറയാന്‍ പറ്റുന്നില്ല.

എന്നാലും മരുമകന്‍ ഇപ്പോള്‍ ഡോക്ടറാണ്‌. ജോലിയും ഉണ്ട്‌. വലിയ അല്ലലില്ലാതെ ജീവിക്കുന്നു.

അത്രയും സമാധാനം.

എങ്കിലും അവളും പലപ്പോഴും പണത്തിനായി വീട്ടില്‍ വരും. മക്കളുടെ മനസ്സില്‍ ഞാനൊരു മഹാനായ പണക്കാരനാണ്‌ ഇപ്പോഴും.

ങും.

ബാങ്കുകളിലെ അഞ്ച്‌ ലക്ഷത്തിന്റെ കടം ഇപ്പോഴും ബാക്കിയാണ്‌. അതൊന്നവസാനിപ്പിക്കാനാണ്‌ എന്റെ ശ്രമം.

അത്‌ കഴിഞ്ഞ്‌ തിരിച്ച്‌ പോകാനാണോ....

അതെ. ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക്‌ എനിക്ക്‌ സാഗറിനോട്‌ ഒന്നേ പറയാനുള്ളു.

പറയാതെ തന്നെ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

അത്‌ വെറും പറച്ചിലാണ്‌. കാരണം ഞാനിവിടെ വന്ന ആദ്യനാള്‍ മുതല്‍ ഇത്തരം വിവരങ്ങള്‍ പലരും എന്നെ ധരിപ്പിച്ചിരുന്നു. ഞാനതെല്ലാം ശരിവെക്കുകയും ചെയ്തു. കേള്‍ക്കുകയല്ലാതെ എന്റെ പ്രവൃത്തിയില്‍ ഒന്നും ഉണ്ടായില്ല. എനിക്ക്‌ അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന എന്റെ അതിരു കടന്ന വിശ്വാസം.

ങും.

നമ്മള്‍ എത്ര വര്‍ഷം ഇവിടെ തങ്ങിയാലും നാട്ടില്‍ നിന്ന് വരുമ്പോള്‍ നമ്മളില്‍ വേരുറച്ച വിശ്വാസങ്ങളും കാഴ്ചകളും ചിന്തകളും അതേപടി വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നതായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നു. ആ മാറ്റങ്ങള്‍ നമ്മുടെ വീടിനേയും ബാധിക്കുന്നു എന്ന ഉള്‍ക്കൊള്ളല്‍ നമുക്ക്‌ എത്രത്തോളം സംഭവിക്കുന്നുണ്ട്‌? തീരെ സംഭവിക്കുന്നില്ല. ഒരു പൊതു സ്വഭാവം എന്നതിനപ്പുറത്തേക്ക്‌ നീങ്ങാന്‍ നമുക്കാകുന്നില്ല. അതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന തള്ളിക്കളയല്‍.

നമ്മള്‍ പല മാധ്യമങ്ങള്‍ വഴിയും അത്‌ തിരിച്ചറിയുന്നില്ലെ?

എത്രപേര്‍?
എത്രത്തോളം?
ലേബര്‍ ക്യാമ്പും കമ്പനിയും മാത്രമായി കഴിയുന്നവരാണ്‌ അധികവും. അല്ലെങ്കില്‍ തന്നെ അത്തരം തിരിച്ചറിവുകള്‍ക്ക്‌ മുകളില്‍ ഇവിടെ തുടരുന്ന ഒരേ ജോലിയും ഒരേ ഭക്ഷണവും ഒരേ ശംബളവും അവിടവിടെ ഉയരുന്ന കെട്ടിടങ്ങളും മാറ്റമില്ലാതെ മനസ്സിനെ കീഴടക്കുകയല്ലെ?

എനിക്കെന്തൊ ഒരു മനസ്സിലാകായ്ക വരുന്നു.

നാട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളും മക്കളില്‍ അതുണ്ടാക്കുന്ന സ്വാധീനവും നമ്മള്‍ കാണുന്നില്ല. നമ്മളെപ്പോഴും നാട്ടില്‍ നിന്ന്‌ പോരുമ്പോഴുണ്ടായ സ്നേഹങ്ങളും ബന്ധങ്ങളും അതേപടി സ്വരുക്കൂട്ടി അതിന്‍മേല്‍ അടയിരുന്ന്‌ ഇല്ലാത്ത പൈസ ഉണ്ടാക്കി ഓരോന്ന്‌ ചെയ്ത്‌ അവസാനം മക്കള്‍ വഴിതെറ്റി എന്നു പരിതപിക്കുന്നു.

ഞാനെന്താ പറയാ....

നമ്മള്‍ ആഗ്രഹിക്കുന്ന ഉള്ളില്‍ താലോലിക്കുന്ന സ്നേഹങ്ങള്‍ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു എന്നുള്‍ക്കൊള്ളാന്‍ അപ്പോഴും നമ്മള്‍ക്കാവില്ല. എന്നിട്ടും പഴയ സ്നേഹം തിരിച്ച്‌ കിട്ടും എന്ന്‌ പ്രതീക്ഷിച്ച്‌ കാത്തിരിക്കും.

അത്‌ ശരിയല്ലെ?

എന്ത്‌? കിട്ടില്ല എന്നതിനെ കാത്തിരിക്കുന്നതൊ...

അല്ലാതെ പിന്നെ എന്താണ്‌ വഴി?

നമ്മള്‍ ഇവിടെ ജീവിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ ജീവിതം പോലെ നമ്മുടെ വീട്ടിലും പകര്‍ത്താന്‍ ശ്രമിക്കും. അതുവഴി തന്നെ ആഢംബരം വര്‍ദ്ധിക്കുന്നു. പിന്നീട്‌ അവിടെ നിന്ന്‌ താഴാന്‍ നമ്മുടെ ദുരഭിമാനം തടസ്സമാകുന്നു. ആവശ്യമില്ലാതെ മക്കളെ എഞ്ചിനിയറും ഡോക്ടറും ആക്കാന്‍ അറിയാതെ നമ്മളും ആഗ്രഹിക്കുന്നു. ഇതൊക്കെ കടന്നു കയറുന്നത്‌ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ തന്നെയല്ലെ?

ഞാന്‍ കേള്‍ക്കുന്നുണ്ട്‌.

പറഞ്ഞ്‌ പറഞ്ഞ്‌ കാട്‌ കയറുന്നു. ഞാനനുഭവിച്ച പ്രയാസങ്ങള്‍ മറ്റുള്ളവര്‍ അനുഭവിക്കാന്‍ ഇടവരരുത്‌ എന്ന്‌ കരുതി പറഞ്ഞ്‌ പോയതാണ്‌. സാഗറിന്‌ ബോറടിച്ച്‌ കാണും.

ഇല്ല. ഞാന്‍ സസൂഷ്മം കേള്‍ക്കുകയായിരുന്നു ഓരോ വാക്കും.

ബ്ളോഗില്‍ പഴക്കമുണ്ടെങ്കിലും ആദ്യമായാണ്‌ ഒരു ബ്ളോഗ്‌ സുഹൃത്തുമായി ഇത്രയും സംസാരിച്ചത്‌. സാഗര്‍ ഗള്‍ഫിലെ തുടക്കക്കാരന്‍ ആയതാണ്‌ എന്നെക്കൊണ്ടിത്‌ പറയിച്ചത്‌. കുറെ ആയി. ഇനി പിന്നെ ആവാം.

മാഷുടെ അനുഭവങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച്‌ എത്രമാത്രം മുന്നോട്ട്‌ പോകാന്‍ എനിക്ക്‌ കഴിയുമോ ആവോ..
ശരി മാഷെ..പിന്നെകാണാം...


ok.good night.
---------------------------------------------------------------------------------------------------------------------------------------------------------------------
                                സന്തോഷം പങ്കുവെക്കുന്നു.

"പവന് പതിനയ്യായിരം രൂപയാ..." എന്ന എന്റെ അനുഭവ കഥ 14-09-2010ല്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ പറഞ്ഞിരുന്ന പിടിച്ചു പറിച്ച് കൊണ്ടുപോയ ചെയിന്‍ തിരികെ കിട്ടും എന്നായിരിക്കുന്നു. രണ്ടുപേരെ പോലീസ്‌ പിടികൂടി. 13-10-2010ന് പോലീസ്‌ സ്റേഷനില്‍ നിന്നുള്ള ആവശ്യപ്രകാരം പതിനാലാം തിയതി എന്റെ ഭാര്യ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. തൊട്ടടുത്ത (മാള) സ്റ്റേഷനിലാണ് അവരെ പിടിച്ചത്‌ എന്നതിനാല്‍ ഞങ്ങളുടെ സ്റ്റേഷനിലേക്ക് (ഇരിഞ്ഞാലക്കുട) അവരെ കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ കേസിന്റെ ചില കാര്യങ്ങള്‍ ശരിയാക്കിയത്തിനു ശേഷം അധികം വൈകാതെ ആഭരണം തിരിച്ച് കിട്ടും എന്ന് പറഞ്ഞിരിക്കുന്നു. ഷഡി മാത്രമിട്ട് ലോക്കപ്പിനകത്തിരിക്കുന്ന ഇരുപത് വയസ്സ്‌ മാത്രം പ്രായം തോന്നിക്കുന്ന രണ്ടുപേരും മാല പണയം വെച്ചിരിക്കുകയാണെന്ന് പോലീസിനോട്‌ പറഞ്ഞു. പോലീസിന്റെ നല്ല മുഖം കണ്ടതിലുള്ള സന്തോഷത്തോടൊപ്പം നഷ്ടപ്പെട്ടു എന്ന് പൂര്‍ണ്ണമായും കരുതിയിരുന്നത് തിരിച്ചുകിട്ടും എന്നതിലും ഉള്ള ആഹ്ലാദം, മാല തിരികെ ലഭിക്കണമെന്ന് ആഗ്രഹിച്ച എന്റെ എല്ലാ ബൂലോകസുഹൃത്തുക്കളുമായി ഞാന്‍ പങ്കുവെക്കുന്നു.

സസ്നേഹം
റാംജി

1/10/10

ചാവാന്‍ വൈകുന്നവര്‍

01-10-2010



അയ്യേ..എന്തൊരു നാറ്റം.

മലമൂത്ര വിസര്‍ജ്യത്തിന്റേയും മറ്റ്‌ സുഗന്ധദ്രവ്യങ്ങളുടേയും സമ്മിശ്രമായ രൂക്ഷഗന്ധം കൊച്ചുവാര്‍ക്കപ്പുര വിട്ട്‌ പടികടന്ന്‌ റോഡിലേക്കിറങ്ങി ചിന്നിച്ചിതറി അന്തരീക്ഷത്തില്‍ ലയിച്ചൂകൊണ്ടിരുന്നു. ഈ നാറ്റമാണ്‌ റോഡിലൂടെ പൊകുന്നവര്‍ ആ വീടിനെ ശ്രദ്ധിക്കാന്‍ ഇടയാക്കിയത്‌.

അവിടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ അച്ഛനും മാത്രം. ഈ നാറ്റം ആ വീടിന്‌ ചുറ്റും പടര്‍ന്ന്‌ കിടക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര വര്‍ഷമായി. അവര്‍ക്കത്‌ ഒരു ശീലമായതിനാല്‍ വേറിട്ടൊരു തിരിച്ചറിയല്‍ ഇല്ലായിരുന്നു. പ്രത്യേകതകളില്ലാതെ ആ നാറ്റത്തെ ഒരു ദിനചര്യ പോലെ എന്നും അവര്‍ പിന്തുടര്‍ന്നിരുന്നു.

ഭര്‍ത്താവിന്റെ അച്ഛന്‍ കിടപ്പിലായിട്ട്‌ രണ്ട്‌ വര്‍ഷം കഴിയുന്നു. ഒന്നര വര്‍ഷമായി കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ കഴിയാതായിട്ട്. തൂറലും മുള്ളലും കിടന്നിടത്ത്‌ തന്നെ. വര്‍ഷങ്ങളായി അച്ഛന്‍ ഉപയോഗിച്ചിരുന്ന കട്ടിലില്‍ തന്നെയാണ്‌ കിടപ്പ്‌. കട്ടിലിന്റെ അഴികള്‍ക്കെല്ലാം കറുത്ത നിറം. അത്‌ മരത്തിന്റെ നിറമായിരുന്നില്ല, ദീര്‍ഘനാളത്തെ ഉപയോഗം മൂലം അങ്ങിനെ ആയിത്തീര്‍ന്നതാണ്.  കട്ടില്‍ മാറ്റാന്‍ ആവത്‌ ശ്രമിച്ചിട്ടും അച്ഛന്‍ വഴങ്ങിയില്ല.

കിടപ്പിലായ ആദ്യനാളുകളില്‍ ഭര്‍ത്താവ്‌ ജോലിക്ക്‌ പൊകാതെ അച്ഛനെ നോക്കിയിരുന്നു. ക്രമേണ അച്ഛന്റെ കിടപ്പ്‌ ജീവിതത്തിന്റെ ഒരു ഭാഗമെന്ന തോന്നല്‍ സൃഷ്ടിച്ചു.

കിടന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ വയ്യതായപ്പോള്‍ അവളുടെ ജോലിഭാരം കൂടി. എഴുന്നേല്‍പിച്ചിരുത്തി പ്രാഥമിക കാര്യങ്ങള്‍‍ സാധിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ആകെ കുഴങ്ങിയത്. ആദ്യമെല്ലാം അല്‍പം അറപ്പും വെറുപ്പും മനസ്സില്‍ തോന്നിയെങ്കിലും ഒന്നും പുറത്ത്‌ കാണിച്ചില്ല. പണിക്ക്‌ പോകാതെ കാത്തുകെട്ടിക്കിടന്ന്‌ ഭാര്യയെ സഹായിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനെ പരിചരിക്കുന്നതില്‍ അവള്‍ക്കൊരു പ്രയാസവും ഇല്ലായിരുന്നു. സ്വന്തം പിതാവിന്‌ നല്‍കുന്ന ശുശ്രൂഷപോലെ കറയറ്റതായിരുന്നു.

കാലത്തെഴുന്നേറ്റാല്‍ ആദ്യം അച്ഛന്റെ മുറി അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കിയിട്ടേ പല്ലുതേപ്പ്‌ പോലും നടത്തിയിരുന്നുള്ളു. ചന്തനത്തിരി കത്തിച്ചുവെച്ചാല്‍ മണം ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വാക്ക്‌ അനുസരിച്ചു. അപ്പോള്‍ ഒരു മരണവീടിന്റെ മണമായി. പിന്നീടാണ്‌ ഡെറ്റോള്‍ ഉപയോഗിച്ച്‌ തുടങ്ങിയത്. ഒരാശുപത്രി മണം പരന്നെങ്കിലും അതൊരാശ്വാസമായി. പയ്യെപ്പയ്യെ ഡെറ്റോള്‍ മണത്തെ ഒതുക്കി രൂക്ഷഗന്ധം ഉയര്‍ന്ന്‌ വന്നു. അച്ഛന്റെ മുറിയിലെ ചുമരിനോട്‌ ചേര്‍ന്ന അലമാരയില്‍ എയര്‍ഫ്രഷ്നറിന്റെ ടിന്നുകള്‍ കുന്നുകൂടിയത്‌ അതേത്തുടര്‍ന്നാണ്. എന്ത്‌ ചെയ്താലും ഒരു പത്ത്‌ മിനിറ്റ്‌ കഴിയുമ്പോഴേക്കും എല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു കുമ്മലായി അവശേഷിച്ചു.

സംസാരിക്കാന്‍കൂടി കഴിയാതായതോടെ എല്ലാം കണ്ടറിഞ്ഞ്‌ ചെയ്യേണ്ടതായി വന്നു. എല്ലാ ദിവസവും രാവിലെത്തന്നെ തുണികള്‍ മാറ്റി, ശരീരം മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിയ തുണി പിഴിഞ്ഞ്‌ തുടച്ച്‌, പൌഡര്‍ കുടഞ്ഞ്‌ പുറത്ത്‌ കടന്നാല്‍ തുണികള്‍ കുത്തിപ്പിഴിഞ്ഞ്‌ തോരയിട്ട്‌ വരുമ്പോഴേക്കും ഉച്ചയാകാറാകും.

ദിവസങ്ങള്‍‍ വളരുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. വീടിനകത്തേക്ക്‌ കയറുമ്പോള്‍ അനുഭവപ്പെടുന്ന മണമാണ്‌ പലരേയും പിന്തിരിപ്പിക്കുന്നതെന്ന്‌ അവര്‍ സംശയിച്ചു. ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യപോലും അകത്ത്‌ കയറുന്നത്‌ സാരിത്തലപ്പുകൊണ്ട്‌ മൂക്ക്‌ പൊത്തിയാണ്. സഹോദരന്‍ അന്യനാട്ടിലാണ്. ദോഷം പറയരുതല്ലൊ. മാസാമാസം അഞ്ഞൂറ്‌ രൂപ അച്ഛന്റെ ചിലവിനായി അവര്‍ തന്നുപോരുന്നുണ്ട്. പിന്നെ, സഹായിക്കാന്‍ വരാത്തത്‌ ജേഷ്ഠത്തിക്ക്‌ ഇതൊക്കെ അറപ്പായത്‌ കൊണ്ടാണ്. കഴിവതും വീടിന്റെ ഉമ്മറത്ത്‌ നിന്ന്‌ വല്ലപ്പോഴുമൊക്കെ വിശേഷങ്ങള്‍ തിരക്കാന്‍ അവര്‍ വരാറുണ്ട്‌.

രണ്ട്‌ പെണ്‍മക്കളേയും അധികം ദൂരത്തേക്കല്ല കെട്ടിച്ചയച്ചിരുന്നതെങ്കിലും വല്ലപ്പോഴുമാണ്‌. വരവ്. വന്നാല്‍ തന്നെ ഒരു രാത്രി പോലും ഇവിടെ തങ്ങാറില്ല. അച്ഛന്‍ കിടന്നിടത്ത്‌ തന്നെ കിടപ്പായതിന്‌ ശേഷമാണ്‌ തീരെ വരാതായത്. അതിനുമുന്‍പ്‌ വന്നാല്‍ ഒന്നുരണ്ട്‌ ദിവസമൊക്കെ തങ്ങാറുണ്ട്. നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കണ്ട എന്ന്‌ കരുതിയാണ്‌ ഇപ്പോഴത്തെ വരവുകള്‍..

താഴെ ഉള്ളവള്‍ എത്തിയാലുടന്‍ അച്ഛനെ നോക്കി ഒന്ന്‌ നെടുവീര്‍പ്പിടും. പിന്നെ നാത്തൂനോട്‌ എന്തെങ്കിലും കുശലം പറഞ്ഞ്‌ ജേഷ്ഠത്തിയുടെ വീട്ടിലേയ്ക്ക്‌ പോകും. പോകാന്‍ നേരമെ പിന്നെ തിരിച്ച്‌ വരു. കുറ്റം പറച്ചിലും ചീത്തവിളിയും കേക്കണ്ട എന്നത്‌ ഭാഗ്യം.

മൂത്തവളാണെങ്കില്‍ വന്നാലുടനെ അകവും പുറവും അടിച്ച്‌ വാരും. നേരത്തെ വൃത്തിയാക്കിയതാണെങ്കിലും അതാണ്‌ ആദ്യത്തെ പണി. പിന്നീട്‌ അച്ഛന്റെ മുറിയിലേക്ക്‌. കയറി മരുമകള്‍ കാലത്ത്‌ മാറ്റിയ തുണികളൊക്കെ നീക്കി വീണ്ടും പുതിയവ വിരിക്കും. ഒപ്പം പിറുപിറുക്കലിലൂടെ കുറ്റങ്ങള്‍ പുറത്ത്‌ ചാടിക്കൊണ്ടിരിക്കും.

"അമ്മായിക്കെന്താ പ്രാന്താ ഒറ്റക്കിരുന്ന്‌ ഭേ...ഭേന്നു പറയാന്‍..?"

"മോനിന്ന്‌ സ്ക്കൂളില്‍ പോയില്ലെ?"

"ഇന്ന്‌ ഞായറാഴ്ച്യാ.."

"മോനിപ്പോ ഏഴിലല്ലെ?"

"എട്ടിലാ"

"എന്തൊര്‌ നാറ്റാ അച്ചാച്ചന്റെ മുറീല്‌ മോനെ"

"തീട്ടത്തിനും മൂത്രത്തിനും പൊട്ട മണാ അമ്മായി. ഈ അച്ചാച്ചനെന്താ ചാവാത്തെ...?"

അവളോടിവന്ന്‌ മകന്റെ ചെവിക്ക്‌ പിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോയി. മൂത്തോരോട്‌ ഇങ്ങിന്യാ വര്‍ത്താനം പറയാന്ന്‌ ചോദിച്ച്‌ രണ്ടടിയും കൊടുത്തു.

വൈകുന്നേരത്തോടെ വെള്ളം നിറച്ച കിടക്കയില്‍ അച്ഛനെ കിടത്തി. അങ്ങിങ്ങ്‌ ശരീരത്തിലെ തൊലി പോയിരുന്നു. അവിടമെല്ലാം വ്രണം പോലെ പൌഡര്‍ കട്ടപിടിച്ച്‌ കിടന്നു. അങ്ങോട്ടും ഇങ്ങോട്ടും മറിച്ച്‌ കിടത്തുമ്പോള്‍ തൊലി നഷ്ടപ്പെടുന്നതിനാലാണ്‌ പലരുടേയും അഭിപ്രായം കണക്കിലെടുത്ത്‌ വെള്ളം നിറച്ച കിടക്ക വാങ്ങിയത്. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ പലരും ഈ കിടക്ക കണ്ടിട്ടില്ലാത്തതിനാല്‍ അയല്‍‍വക്കക്കാരൊക്കെ സഹായത്തിന്‌ എത്തിയിരുന്നു.

"രണ്ട്‌ കൊല്ലത്തോളമായി ഈ കിടപ്പ്‌ തുടരുന്നു. ഇനിയും എത്രനാള്‍ കിടക്കുമെന്ന് അറിയില്ല. എത്ര സ്നേഹമെന്ന് പറഞ്ഞാലും എല്ലാത്തിനും ഒരു പരിധിയില്ലെ? അതുകൊണ്ട്‌ എനിക്ക്‌ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. വീടിനോട്‌ തൊട്ടുള്ള ആ മുറിയിലേക്ക്‌ മാറ്റുന്നതില്‍ എന്താ തകരാറ്‌?"

എല്ലാവരും കൂടിച്ചേര്‍ന്നപ്പോള്‍ സംസാരത്തിനിടയില്‍ അയല്‍വക്കക്കാരില്‍ ഒരു കാരണവര്‍ ചോദിച്ചു. ആ വീടിന്റെ അവസ്ഥ കണക്കിലെടുത്ത്‌ അതൊരു തെറ്റാണെന്ന് ആര്‍ക്കും തോന്നിയില്ല. സഹോദരന്റെ ഭാര്യയ്ക്കും പെണ്‍മക്കള്‍ക്കും എല്ലാവര്‍ക്കും ഉചിതമായ ഒരു പോംവഴിയായി തോന്നി അത്‌.

വീടിനോട്‌ ചേര്‍ന്ന് തന്നെ. പണ്ടതൊരു തൊഴുത്തായിരുന്നു. പിന്നീടതിനു മാറ്റങ്ങള്‍ വരുത്തി വരുത്തി ഇപ്പോഴവിടെ നല്ലൊരു മുറിയാക്കിയും  ബാക്കി ഭാഗം വിറക്‌ വെക്കാനായി കോണ്‍ക്രീറ്റ്‌ ചെയ്ത്‌ നന്നാക്കിയും ഇട്ടിട്ടുണ്ട്. മുറിയിലാണെങ്കില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല. പഴയ കാലത്ത്‌ ഉപയോഗിച്ചിരുന്ന കിണ്ടി, മൊന്ത, ഓട്ടുപാത്രങ്ങള്‍‍, ഉരുളി തുടങ്ങിയ ചില വസ്തുക്കള്‍ മാത്രമാണ്‌ അതിനകത്തുള്ളത്. പ്രതാപം നഷ്ടപ്പെട്ട പുരാവസ്തുക്കള്‍.

നേരം വൈകിയ രാത്രി, കിടക്കറയില്‍ വെച്ച്‌ അവള്‍ ഭര്‍ത്താവിനെ പകലുണ്ടായ തീരുമാനങ്ങളിലെ അതൃപ്തി അറിയിച്ചു.

"അച്ഛനെ മുറിയിലേക്ക്‌ മറ്റുന്നത്‌ എല്ലാര്‍ക്കും സഹായമാണെങ്കിലും അത്‌ അവസാനം വലിയ പരാതിയിലെ അവസാനിക്കു എന്നെനിക്ക്‌ തോന്നുന്നു."

"പരാതി പറയുന്നവരാണല്ലൊ തീരുമാനിച്ചത്. അപ്പോള്‍ പ്രശ്നമൊന്നും ഇല്ല."

"ഞാന്‍ പറഞ്ഞെന്ന് മാത്രം."

കാലത്തുതന്നെ മുറിയിലെ പഴയ സാധനങ്ങള്‍ മാറ്റി ചുമരുകള്‍ പെയിന്റ്‌ ചെയ്തു. നല്ലൊരു ഫാന്‍ ഫിറ്റ്‌ ചെയ്തു. ഉച്ചയോടെ പുതിയ മുറിയിലേക്ക്‌ അച്ഛനെ മാറ്റി. ഒരാഴ്ച കഴിയുന്നതിന്‌ മുന്‍പേ അവിടേയും ഇവിടേയും നിന്നുമായി കുശുകുശുപ്പുകള്‍ എത്തിത്തുടങ്ങി. തീരുമാനങ്ങള്‍ എടുത്തവരില്‍ നിന്ന് തന്നെ നിയന്ത്രണമില്ലാത്ത ആരോപണങ്ങള്‍‍ ഉതിര്‍ന്ന് വീണു.

കഷ്ടപ്പെട്ട്‌ വളര്‍ത്തി വലുതാക്കി ഓരോന്നിനേയും ഓരോ നിലക്ക്‌ എത്തിച്ച്‌ അവസാനം തളര്‍ന്ന് അവശനായ കാര്‍ന്നോരെ കെട്ട്യോനും കെട്ട്യോളും കൂടി നാല്‍ക്കാലിയെപ്പോലെ തൊഴുത്തിലേക്ക്‌ നടതള്ളി സുഖിച്ച്‌ വാഴുകയാണ്‌ എന്ന് കേട്ടതോടെ അവള്‍ മറ്റൊന്നും ആലോചിച്ചില്ല. അച്ഛനെ വീണ്ടും വീടിനകത്തേക്ക്‌ മാറ്റി.

ഇപ്പോള്‍ ശരീരം മുഴുവന്‍ നനഞ്ഞ തുണികൊണ്ട്‌ തുടയ്ക്കാന്‍ പോലും കഴിയുന്നില്ല. നേരിയതായി തൊടുമ്പോള്‍പോലും തൊടുന്ന ഭാഗത്തെ തൊലി പൊളിഞ്ഞ്‌ പോകുന്നു. വെറും എല്ലും തോലുമായ രൂപം. മരിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു തരം ഭീതി പരത്തുന്ന ശബ്ദം തുറന്നിരിക്കുന്ന പല്ല് പോയ വായില്‍ നിന്ന് പുറത്ത്‌ വരുന്നുണ്ട്. ചെറിയൊരു അനക്കം മാത്രമായി അവശേഷിച്ചിട്ട്‌ നാളേറെയായി. പലരും മാറിമാറി വെള്ളം തൊട്ട്‌ കൊടുക്കുന്നെങ്കിലും നില അതേ പടി തുടരുന്നു.

രാത്രിയില്‍ രാമായണപാരായണവും തുടങ്ങി. മരണത്തെക്കുറിച്ച ഭാഗങ്ങള്‍ വായനയില്‍ വരുന്നതോടെ കിടപ്പിലായ രോഗി മരിക്കും എന്നതാണ് അതിന്‌ നിദാനമായുള്ളത്. അടച്ചു വെച്ചിരിക്കുന്ന പുസ്തകം കയ്യിലെടുത്ത് നിവര്ത്തുമ്പോള്‍ തുറന്നു വരുന്ന ഭാഗം മുതലാണ്‌ വായന തുടങ്ങുന്നത്. ഇനിയും ഈ കിടപ്പ്‌ തുടരാതെ മരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടായിരുന്നില്ല.

നേരം വെളുത്തപ്പോള്‍ അവളുടെ മകന്‌ സംശയങ്ങള്‍ ബാക്കിയായി. അവന്‍ അമ്മയുടെ അരികിലെത്തി.

"ഇന്നലെ രാത്രി എന്തിനാമ്മേ രാമായണം വായിച്ചെ?"

"അതിനി എല്ലാ ദിവസവും വായിക്കും. അച്ചാച്ചന്‌ സുഖവും സന്തോഷവും ആയി മരിക്കാന്‍ വേണ്ടിയാണ്‌."

"അപ്പോഴെന്ത്യെ നേര്‍ത്തെ വായിക്കാണ്ടിര്ന്നേ?"

"ഇപ്പോഴല്ലെ ആകെ വയ്യാതായത്‌?"

"അതൊന്നുല്ല. ഇനിക്കറിയാ. അച്ചാച്ചനെ വേഗം കൊല്ലാന്‍ വേണ്ടിയാ വായിക്കുന്നേന്ന്. പുസ്തകം വായിച്ചാലൊന്നും അച്ചാച്ചന്‍ ചാവ്‌ല്യ. അതിലും നല്ലത്‌ ഒറക്ക ഗുളിക കൊടുക്കുന്നതാ. അല്ലെങ്കിലും ഇങ്ങിനെ കെടന്ന്‍ട്ടെന്താ കാര്യം? വെര്‍തെ നാറാന്നല്ലാതെ."

അവന്‍ കളിക്കാനായി ഓടിപ്പോയി.

(ഇത്തരം അവസ്ഥയില്‍ ദയാവധത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ എന്നിടത്തേക്കുള്ള ചിന്തയിലേക്കാണ് ഞാന്‍ പറഞ്ഞു വന്നത്. ആരും അത്തരത്തില്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല. എല്ലാരും ഇത്തരം ഒരവസ്ഥയില്‍ മനസ്സില്‍ അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു എന്നത്‌ സത്യം. അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നതും നേര്. ഇത്തരം ചിന്തകളിലേക്കാണ് ഈ കഥ ഞാന്‍ അവതരിപ്പിച്ചത്‌. ഒരു സങ്കട കഥ എന്ന് മാത്രമായി ചുരുക്കരുത്.)