20/6/10

മോര്‍ച്ചറിയുടെ മരവിപ്പ്

15-06-2010


(എന്‍റെ കഴിഞ്ഞ കഥ ശാപമാകുന്ന ശവങ്ങളുടെ ഒരു തുടര്‍ച്ച ഞാനിവിടെ കുറിക്കുന്നു.)


ഇന്ന്‌ ഞായറാഴ്ചയാണ്‌.

മധുസൂദനന്‍പിള്ളയുടെ മൃതദേഹം അധികം വൈകാതെ വീട്ടിലെത്തും.

ഒരു സാധാരണ ഗ്രാമപ്രദേശം. ഒഴുകിയെത്തുന്ന ജനങ്ങളെ ഉള്‍‍ക്കൊള്ളാനാകാതെ കൊച്ചുഗ്രാമം വീര്‍പ്പ്‌ മുട്ടി നിന്നു. പത്ത്‌ മണിക്ക്‌ വീട്ടിലെത്തിക്കുന്ന മൃതദേഹത്തെ അധികം വൈകിക്കാതെ മറവ്‌ ചെയ്യുമെന്നതിനാല്‍ തിക്കിത്തിരക്കി നേരത്തെ എത്തിയവരാണ് അധികവും. മൌനം പൂണ്ട്‌ ദു:ഖം തളം കെട്ടി നിന്ന നാല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു കുടുംബത്തെ അനാഥമാക്കിയെത്തുന്ന അവസാനത്തെ തീര്‍ച്ചപ്പെടുത്തല്‍.

അത്രയൊന്നും അറിയപ്പെടുന്ന വ്യക്തി അല്ലാതിരുന്നിട്ടും മരണവീട്ടിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങളില്‍ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചത്‌ നല്‍പത്തിയാറ്‌ ദിവസത്തെ കാത്തിരിപ്പെന്ന്‌ വ്യക്തം. ഞായറാഴ്ച കൂടി ആയതോടെ ആ നാട്ടില്‍ ഒരു നോക്ക്‌ കാണാനെത്തിയവരുടെ ഏറ്റവും വലിയ കൂട്ടമായി മാറി.

ആകാംക്ഷ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വീടിന്‍റെ പുറം കാഴ്ചയിലെ വലിപ്പം നാട്ടുകാരില്‍ ഉളവാക്കിയ പിള്ളയുടെ സാമ്പത്തികനില മുഴച്ചു നില്‍ക്കുന്നതായിരുന്നു.

ശരിയാണ്‌. പിള്ള ഒരു വീടുണ്ടാക്കി എന്നതാണ്‌ ശേഷിക്കുന്ന അയാളുടെ കുടുംബത്തിന്‍റെ ദുരന്തം. സമ്പന്നതയുടെ അടയാളമായി വീട്‌ മാറുമ്പോള്‍ ആ വീട്ടില്‍ കഞ്ഞിവെക്കാന്‍ വകയില്ലെന്ന്‌' ചിന്തിക്കാന്‍ ആര്‍ക്കും ആകില്ല. വലിയ ചിന്തകളില്ലാതെ ജീവിക്കാന്‍ മാത്രമായി കുടിയേറുന്ന ഒരു സാധാരണക്കാരന്‍റെ ചിന്തകളെ മായക്കാഴ്ചയുടെ മാസ്മരികത സ്വാധീനിക്കുന്നത്‌ സ്വാഭാവികം മാത്രം. നാട്ടിന്‍പുറത്തെ വിവാഹം, അടിയന്തിരം, പിറന്നാള്‍, പെരുന്നാല്‍, ഓണം, കൃസ്തുമസ്സ്‌ എല്ലാം ഒരു ചടങ്ങുപോലെ ഓര്‍മ്മകളില്‍ ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ ജോലിയും പണവും മാത്രമായി രൂപാന്തരപ്പെടുന്ന മനസ്സിലേക്ക്‌ പുതിയ ചിന്തകളുടെ വേലിയേറ്റം സ്വയമറിയാതെ കടന്ന്‌ കയറുമ്പോള്‍ ആഢംബര ജീവിതത്തിന്‍റെ ആലസ്യം അവനില്‍ കുന്നുകൂടുന്നത്‌ ഒരു സാധാരണ ജീവിതത്തിന്‍റെ ഭാഗമായ തോന്നല്‍ ഉളവാക്കുന്നു.

പിള്ളയുടെ ഭാര്യ സരസു നാല്‍പത്തിയാറ്‌ ദിവസം കൊണ്ട്‌ ശക്തി ക്ഷയിച്ച ഒരു രൂപം മാത്രമായി. മുറിഞ്ഞുവീഴുന്ന കരച്ചിലില്‍ നിരാലംബയുടെ നിശ്വാസം പടരുന്നത്‌ ഏവരേയും തളര്‍ത്തി.

അന്ന്‌, മരണവാര്‍ത്ത അറിഞ്ഞ ദിവസം ഓടിക്കൂടിയ ജനങ്ങള്‍ അധികം വൈകാതെ പിരിഞ്ഞു പോയിരുന്നു. രണ്ട്‌ ദിവസം കൊണ്ട്‌ ബന്ധുക്കളും പോയി കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കായ സരസു കടിച്ചമര്‍ത്തിയ വേദന വിങ്ങിപ്പൊട്ടുമ്പോള്‍ മക്കളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.

ലഭിച്ചേക്കാവുന്ന പണത്തിന്‍റെ അവ്യക്തത മനസ്സില്‍ സംശയം വിതച്ച അപൂര്‍വ്വം ചിലരൊഴികെ മറ്റാരും ഇന്നുവരെ ആ വീടിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. സഹായിക്കേണ്ടി വന്നെങ്കിലൊ എന്ന ഭയവും ആവശ്യമില്ലാതെ ബാദ്ധ്യത തലയിലേറ്റേണ്ടെന്ന ചിന്തയും മുന്‍നിര്‍ത്തി പലരും അകന്നു നിന്നു.

ചിന്തിക്കാനാകാതെ സഹായിക്കാനാളില്ലാതെ എന്തുചെയ്യണമെന്നറിയാതെ ചോദ്യമായി മാറിക്കഴിഞ്ഞ മക്കളെ ചേര്‍ത്ത്‌ പിടിക്കുമ്പോള്‍ മോര്‍ച്ചറിയുടെ മരവിപ്പ്‌ സരസുവിനെ പിടി കൂടുന്നു. ഇനിയും വറ്റാത്ത കണ്ണുനീര്‍ കവിള്‍ത്തടങ്ങളിലൂടെ അരിച്ചിറങ്ങി. ശ്വാസം നിലച്ച നേര്‍ പാതിയെ കാത്തിരിക്കുന്ന അമ്മയും മക്കളും തിന്നെങ്കിലായി ഉടുത്തെങ്കിലായി കുളിച്ചെങ്കിലായി എന്ന്‌ തിട്ടമില്ലാതെ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നറിയാതെ ജീവച്ഛവങ്ങളായി ജീവിക്കേണ്ടതിന്‍റെ ദുര്യോഗം പേറി ദൈര്‍ഘ്യമേറിയ ദിനങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു.

സഹതപിക്കാന്‍ മാത്രമായി വന്നെത്തുന്ന പലരില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്ന മൂര്‍ച്ചയുള്ള വാക്കുകള്‍ ചിതറിവീണിരുന്നു. എല്ലാം സഹിച്ച്‌ ശവത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ആശ്വാസത്തിനായി കൊതിച്ച അവരെ സാന്ത്വനിപ്പിക്കാന്‍ നൌഷാദിന്‍റെ കുടുംബം വന്നു കയറിയത്‌ വീട്ടുകാരിലും ഒപ്പം നാട്ടുകാരിലും മുറുമുറുപ്പിന്റെ ചീളുകള്‍ ചിതറിച്ചുകൊണ്ടായിരുന്നു.

പിള്ള പറഞ്ഞറിഞ്ഞ ബന്ധങ്ങള്‍ സരംക്ഷണത്തിന്‌ പകരം സംഹരിക്കാനുള്ള വഴി തേടുന്നവരാണെന്ന്‌ മനസ്സിലാക്കിയ നൌഷാദിന്‍റെ നിര്‍ദേശം ഭാര്യ റസിയയും മകനും സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മരണം കഴിഞ്ഞ്‌ അധികം വൈകാതെ അവരെത്തിയപ്പോള്‍ നഷ്ടപ്പെടലിന്‍റെ തീവ്രത ചുരുങ്ങുന്നത്‌ സരസു കണ്ടെത്തി. അപ്പോഴും വെറുതെയുള്ള കാത്തിരിപ്പ്‌ ചങ്ക്‌ തകര്‍ത്തു കൊണ്ട്‌ തന്നെ.

നേരം വെളുക്കുന്നതും അന്തിയാകുന്നതും ഒന്നും അറിയാതെ ഓരോ ദിവസവും ഇനിയും മരിച്ചിട്ടില്ലെന്ന വിശ്വാസം മനസ്സിലേക്ക്‌ തള്ളിക്കയറ്റിയ നിമിഷങ്ങള്‍ വെറുതെ ആശിപ്പിച്ചുകൊണ്ട്‌ കടന്നു പോകുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നത്‌ പോലെ.

ആദ്യനാളുകളില്‍ റസിയയുടെ സാമിപ്യം ആശ്വാസം നല്‍കിയെങ്കിലും പതിയെപ്പതിയെ ആ ആശ്വാസത്തിന്‍റെ ശക്തി ക്ഷയിക്കുന്നത്‌ കാത്തിരിപ്പിന്‍റെ വേദന തന്നെ. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മരണത്തിന്‍റെ നേരിലേക്ക്‌ ഇനിയും എത്ര നാള്‍... നാല്‍പത്‌ ദിവസം കഴിഞ്ഞിരിക്കുന്നു. ഇനിയും എത്ര മാസം എന്ന് കരുതിയാണ് ഇങ്ങിനെ...

"ഞാനിനി എങ്ങിനെ ജീവിക്കും റസിയ.... ?

"ചേച്ചി വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ?"

"എത്ര ദിവസം....?

പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ള ഈ ചോദ്യത്തിന് ആദ്യമൊന്നും റസിയയ്ക്ക്‌ ഉത്തരമില്ലായിരുന്നു. ഇന്നിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. നൌഷാദുമായി നിരന്തരം ഫോണിലൂടെ സംസാരിച്ച്‌ രണ്ടുപേരും കൂടി ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പെട്ടെന്നാര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനത്തിന്‌ സരസുവിന്‍റെ പ്രതികരണം മാത്രമെ ആവശ്യമുള്ളു. നൌഷാദില്‍ നിന്ന്‌ ആദ്യം കേട്ടപ്പോള്‍ ഉള്‍ക്കൊള്ളാനാകാതെ റസിയ പരിഭവിച്ചെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ ശരിയെന്ന്‌ തോന്നി. ഒന്നുമില്ലെങ്കിലും പറയാനും കേള്‍ക്കാനും മനസ്സറിഞ്ഞ്‌ സ്നേഹിക്കാനും കൂടുതല്‍ പേരെ ലഭിക്കുന്നത്‌ രണ്ട്‌ കൂട്ടര്‍ക്കും ആശ്വാസം തന്നെ. പക്ഷെ ഇപ്പോഴെങ്ങിനെ ഇക്കാര്യം അവതരിപ്പിക്കും? മൃതദേഹം എന്നെത്തുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുവരെ കാത്തിരിക്കാന്‍ റസിയയ്ക്ക് എന്തുകൊണ്ടോ ആയില്ല.

"ഇനിയുള്ള കാലം നമുക്ക്‌ ഒരേ വീട്ടില്‍ ഒരുമിച്ച്‌ കഴിയാമെന്നാണ്‌ ഇക്ക ഇന്നലെ എന്നോട്‌ പറഞ്ഞത്‌. ചേച്ചിയുടെ അഭിപ്രായം ചോദിച്ച്‌ അറിയിക്കാനും എന്നോട്‌ പറഞ്ഞു."

പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഈ സമയത്ത്‌ പറയണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ സരസുവിന്റെ പ്രയാസം മറ്റാരെക്കാളും മനസ്സിലാക്കിയിരുന്ന റസിയ വ്യക്തമല്ലാത്ത കാത്തിരിപ്പിന് ആശ്വാസം നല്‍കി.

ഒരു നിമിഷം സ്തംഭിച്ചുപോയ സരസു ഉറച്ച തീരുമാനത്തിനായി ഉഴറി. എന്ത്‌ പറയണമെന്നറിയാതെ മനസ്സ്‌ വികലമായി.

"പെട്ടെന്ന്‌ ഒരുത്തരം പറയണ്ട. ചേച്ചി ആലോചിച്ച്‌ സാവധാനം പറഞ്ഞാ മതി. ഇവിടെയൊ അവിടെയൊ നമുക്ക്‌ ഒരുമിച്ച്‌ ജീവിക്കാം. ആരോടെങ്കിലും ചോദിക്കാനൊ പറയാനൊ ഉണ്ടെങ്കില്‍ അത്‌ കഴിഞ്ഞ്‌ മതി. നാട്ടുകാരുടെ പഴി കുറയ്ക്കാന്‍ ഇവിടെ താമസിക്കുന്നതാണ്‌ നല്ലതെന്നും ഇക്ക പറഞ്ഞു. ചേച്ചി പറയുന്നത്‌ പോലെ ചെയ്യാം എന്നാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ പറയേണ്ടെന്ന് കരുതിയതാണ്. എനിക്ക് പറയാതിരിക്കാന്‍ ആയില്ല ചേച്ചി"

യോജിക്കാനാകാത്ത വിഷയം പോലെ തോന്നിയെങ്കിലും കൂടുതല്‍ ചിന്തിക്കുന്തോറും നേരായ വഴി തെളിഞ്ഞ സംതൃപ്തി നിറഞ്ഞു വന്നു. ഉറച്ചെടുത്ത തീരുമാനത്തിനൊടുവില്‍ അറിയിക്കേണ്ടവരെ അറിയിച്ചപ്പോള്‍ എല്ലാരും ഉറഞ്ഞ്‌ തുള്ളി.

"മുസ്ളീംങ്ങളെ കൂടെ കയറ്റി താമസിപ്പിക്കാനാണ്‌ ഭാവമെങ്കില്‍ ഇനി ഞങ്ങളെ നീ പ്രതീക്ഷിക്കേണ്ട" എല്ലരും കട്ടായം പറഞ്ഞു.

സ്വന്തമായി തീരുമാനമെടുക്കാന്‍ ത്രാണിയില്ലെന്ന്‌ പിള്ള ധരിച്ചിരുന്ന സരസു മറ്റുള്ളവരുടെ എതിര്‍പ്പ്‌ വകവെക്കാതെ നൌഷാദിനെ അറിയിക്കാന്‍ റസിയയ്ക്ക്‌ വാക്ക്‌ കൊടുത്തു. ചെറിയൊരു സഹായത്തിന്‌ പോലും ലഭിക്കാതിരുന്ന സ്വന്തക്കാരും വീട്ടുകാരും അവരുടെ പൊള്ളയായ അഭിമാനം ഉയര്‍ത്തി അക്രോശിക്കുമ്പോള്‍ നാളെയുടെ നീര്‍ച്ചുഴിക്ക്‌ ഒരു കൈത്താങ്ങായി വന്നെത്തിയ സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‌ കനിവ്‌ കാണിക്കാത്ത ഭദ്രകാളിയായി സരസു യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറെടുത്ത് കഴിഞ്ഞു.

ആബുലന്‍സിന്‍റെ ശബ്ദം കൂട്ടം കൂടി നില്‍ക്കുന്നവരില്‍ അനക്കം സൃഷ്ടിച്ചു. കരച്ചില്‍ അലമുറകളായി പരിണമിച്ചു. ജനങ്ങളെ നിയന്ത്രിക്കാന്‍ അല്‍പം പണിപ്പെട്ടെങ്കിലും ഡെഡ്ബോഡി അടങ്ങുന്ന നീളന്‍ പെട്ടി ഉമ്മറത്ത്‌ തയ്യാറാക്കിയ മേശയിലേക്ക്‌ വെച്ചു.

ചുണ്ടുകള്‍ കടിച്ചുപിടിച്ച്‌ പെട്ടിയിലേക്ക്‌ നോക്കിനില്‍ക്കുന്ന നൌഷാദില്‍ നിന്ന്‌ കണ്ണുനീര്‍ പൊട്ടിയടര്‍ന്നത്‌ ഒരലര്‍ച്ചയോടെയായിരുന്നു.

അര മണിക്കൂറ്‍ നേരത്തെ പൊതു ദര്‍ശനത്തിന്‍ ശേഷം ശവം മറവ്‌ ചെയ്തു.

നൌഷാദിനെ സമീപിച്ച്‌ നല്ല വാക്കുകള്‍ പറയുന്ന നാട്ടുകാര്‍ക്കിടയില്‍ മുഖം വീര്‍പ്പിച്ചവരും നടന്നു നീങ്ങിയപ്പോള്‍ ആശ്വാസത്തിന്‍റെ ചെറിയ വെള്ളിവെളിച്ചം തെളിഞ്ഞ സരസുവിന്‍റെ കുടുംബം പുതിയൊരു നാളെയുടെ പുത്തന്‍ ഉദയത്തിനായി കാത്തുനിന്നു.