31/3/10

ചുവന്ന കണ്ണുകള്‍

23-03-2010

വേലിക്കുറുപ്പല്ല ശരിക്കും വേലുക്കുറുപ്പാണ്‌.
ഉണ്ണിക്ക്‌ പക്ഷെ വേലിക്കുറുപ്പാണ്‌. ഉണ്ണിക്ക്‌ മാത്രമല്ല ആ ഗ്രാമത്തില്‍ എല്ലാരും വേലിക്കുറുപ്പ്‌ എന്നു തന്നെയാണ്‌ വിളിച്ചിരുന്നത്‌. കുറുപ്പ്‌ എന്നു പറയുമ്പോള്‍ സംശയിക്കേണ്ട. ഇത്‌ അമ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ട കുറുപ്പാണ്‌.

വേലിക്കുറുപ്പാണ്‌ അന്ന്‌ മുടി വെട്ടുന്നതില്‍ വിദഗ്ദന്‍. ഉണ്ണി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ വേലിക്കുറുപ്പ്‌ ആദ്യമായി അവന്റെ മുടിവെട്ടിയത്‌.

ഒരു പ്രത്യേക തരം മനുഷ്യന്‍. കറുത്തിട്ടാണ്‌. അതും ഒരു മയമില്ലാത്ത കറുപ്പ്‌. എണ്ണ തൊടാതെ മൊരി പിടിച്ച കൈകാലുകള്‍. നടക്കുമ്പോള്‍ ഒരു കാല്‍മുട്ടിനു മുകളില്‍ മറ്റേ കാല്‍മുട്ട്‌ പിണഞ്ഞ്‌ വരും. രണ്ട്‌ മുട്ട്‌ കാലുകളും അല്‍പം അകത്തേക്ക്‌ തള്ളിയാണ്‌. കയ്യുടെ കക്ഷത്തില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ കത്രികയും ചീര്‍പ്പും. ഉയര്‍ന്നും വളഞ്ഞും ഇരിക്കുന്ന കൈവിരലുകള്‍. കാലിന്റെ വിരലുകള്‍ രണ്ട്‌ ഭാഗത്തേക്കും ചരിഞ്ഞ്‌ വളര്‍ന്നിരിക്കുന്നു. ഷര്‍ട്ടിടില്ല. വെളുത്ത ഒറ്റമുണ്ടാണ്‌ വേഷം. അടിയില്‍ മറ്റൊന്നും ഉപയോഗിക്കില്ല.

അന്നാഗ്രാമത്തില്‍ കുറുപ്പിനെ കൂടാതെ മുടി വെട്ടാനുണ്ടായിരുന്നത്‌ പത്രോസ്സാപ്ളയാണ്‌ (പത്രോസ്‌ മാപ്പിള). ആളല്‍പം ലൂസാണ്‌. ചെറുപ്പമാണ്‌. മുടിവെട്ടിയാല്‍ മുഴുവന്‍ കത്തിരപ്പഴുതും. അതുകൊണ്ട്‌ വേലിക്കുറുപ്പ്‌ തന്നെയാണ്‌ അന്നത്തെ താരം. കടകളില്‍ ബോര്‍ഡ്‌ വെച്ച്‌ മുടി വെട്ടില്ലായിരുന്നു അന്ന്‌. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ്‌ മുടി വെട്ടിയിരുന്നത്‌. മുറ്റത്ത്‌ ഒരു സ്റ്റൂളില്‍ കണ്ണാടിയും പിടിച്ച്‌ മുതിര്‍ന്നവര്‍ മുടി വെട്ടാനിരിക്കുമ്പോള്‍ ഉണ്ണിയെപ്പോലുള്ളവര്‍ താഴെ മുട്ടിപ്പലകയിലിരുന്നാണ്‌ തല നീട്ടി കൊടുത്തിരുന്നത്‌.

താഴെ ഇരിക്കുമ്പോള്‍ കുറുപ്പിന്‌ ഒരു സൌകര്യമുണ്ട്‌. മുട്ട്‌ കാലുകള്‍ അല്‍പം ഉള്ളിലേക്ക്‌ തള്ളിയിരിക്കുന്നതിനാല്‍ കുട്ടികളുടെ തല കാല്‍മുട്ടുകള്‍ക്കിടയിലാക്കി ഇറുക്കി പിടിക്കും. കുട്ടികളാവുമ്പോള്‍ തല ഇളക്കാതിരിക്കാനാണ്‌ അങ്ങിനെ ചെയ്യുന്നത്‌. ഉണ്ണി ഒരു നാള്‍ ഒരു പണി പറ്റിച്ചു. മുടി വെട്ടാനിരിക്കുന്നതിടയില്‍ കുറുപ്പ്‌ ഒന്ന്‌ നടു നിവര്‍ത്തിയപ്പോള്‍ ഉണ്ണി തല ചരിച്ച്‌ മുകളിലേക്ക്‌ നോക്കി. നല്ല രസം. കുറുപ്പ്‌ അതറിഞ്ഞില്ല. കുറേ നാളായി അത്തരം ഒരാഗ്രഹം മനസ്സില്‍ തത്തിക്കളിക്കയായിരുന്നു. ഇതൊന്നും അറിയാതെ വീണ്ടും മുടി വെട്ട്‌ തുടര്‍ന്നു. കുനിഞ്ഞിരിക്കുന്ന ഉണ്ണി മുറ്റത്തെ മണ്ണ്‌ വാരിയും ചെറിയ കല്ലുകളെടുത്തിട്ടും അനുസരണയോടെ ഇരുന്നു കൊടുത്തു. കത്രികക്ക്‌ മൂര്‍ച്ചയില്ലാതെ പലപ്പോഴും മുടി പിടിച്ച്‌ വലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അപ്പോഴൊക്കെ 'അ' എന്നൊരു ശബ്ദം ഉണ്ണി പുറപ്പെടുവിക്കും. മുടിവെട്ട്‌ തീര്‍ന്നപ്പോള്‍ താഴെ നിന്ന്‌ പൊറുക്കിയ ഒരു കുഞ്ഞിക്കല്ല്‌ ഉണ്ണിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

"ഇനി എന്‍റ്റോ" എന്ന്‌ പറഞ്ഞ്‌ കുറുപ്പ്‌ നിവര്‍ന്ന്‌ നിന്നു.
കുനിഞ്ഞിരുന്ന ഉണ്ണി മടക്കിക്കുത്തിയ കുറുപ്പിന്റെ മുണ്ടിനടിയിലൂടെ താഴെനിന്ന്‌ മുകളിലേക്ക്‌ കല്ല്‌ തെറിപ്പിച്ചു. കല്ല്‌ തെറിപ്പിച്ചതും ശരം വിട്ടതുപോലുള്ള ഉണ്ണിയുടെ പാച്ചിലും ഒന്നിച്ചായിരുന്നു. കുറുപ്പ്‌ കൈകൊണ്ടൊന്നുഴിഞ്ഞ്‌, ഉണ്ണിയെ പിടിക്കാന്‍ നോക്കിയെങ്കിലും അവന്റെ പൊടി പോലും കാണാനായില്ല.

വൈകുന്നേരം അഞ്ചു മണിയായാല്‍ കുറുപ്പ്‌ കള്ള്‌ ഷാപ്പിലേക്ക്‌. രണ്ട്‌ കുപ്പി അകത്താക്കും. കുറുപ്പ്‌ ചെല്ലുന്ന എല്ലാ സമയത്തും പത്രോസ്സാപ്ള അവിടെ ഉണ്ടാകും. പത്രോസിന്‌ കുറുപ്പിന്റെ വക രണ്ട്‌ ഗ്ളാസ്സ്‌ എപ്പോഴും ഫ്രീ ആണ്‌. അത്‌ കഴിഞ്ഞ്‌ ആടിയാടി "കായലരികത്ത്‌...."എന്ന പാട്ട്‌ കുറുപ്പിന്റെ ഈണത്തില്‍ ഉറക്കെ പാടി റോഡിലൂടെ നടന്നു നീങ്ങും. കുറുപ്പിന്റെ പാട്ട്‌ കേള്‍ക്കാന്‍ പലരും റോഡുവക്കിലേക്ക്‌ ശ്രദ്ധിക്കാറുണ്ട്‌. യാതൊരു ശല്യവുമില്ലാത്ത കുറുപ്പിനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

നാലാംതരം കഴിഞ്ഞതോടെ മകന്‍ പുരുഷന്‍ ഒരു നിഴലായി കുറുപ്പിന്റെ കൂടെ കൂടി. അവന്‍റെ അമ്മയെ ആരും കണ്ടിട്ടില്ല. അതാരും അന്വേഷിച്ചിട്ടില്ലതാനും. പുരുഷന്‍ പക്ഷെ വെളുത്തിട്ടാണ്‌. നല്ല മുഖം. വള്ളിട്രൌസറുമിട്ട്‌ അച്ഛന്റൊപ്പം നടന്നു നടന്ന്‌ മുടിവെട്ട്‌ പഠിച്ചു. കുറുപ്പിനത്‌ കുറെ സഹായമായി.
എവിടെ പോണേലും കുറുപ്പിന്‌ പുരുഷന്‍ വേണം, പുരുഷന്‌ കുറുപ്പും......

അവന്‍ കുറുപ്പിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ഒഴിവു സമയം ധാരാളമായി. കള്ളുകുടിയുടെ ദൈര്‍ഘ്യം കൂടി. ഇടക്കൊക്കെ പുരുഷനും ലഭിച്ചിരുന്നു കള്ള്‌. അവന്‍ പിന്നീട്‌ ഒരു പലചരക്കുകടയുടെ ചെരുവില്‍ ഒരു കസേരയും കണ്ണാടിയും സ്ഥാപിച്ച്‌ മുടിവെട്ടിന്‌ ഒരാസ്ഥാനം ഉണ്ടാക്കി. വീടുകളില്‍ പോയി വെട്ടുന്നത്‌ കുറക്കുകയൊ അല്ലെങ്കില്‍ ആ ജോലി കുറുപ്പ്‌ ഏറ്റെടുക്കുകയൊ ചെയ്തു. വരുമാനം വര്‍ദ്ധിച്ചു.

സ്ഥലങ്ങള്‍ മാറിക്കൊണ്ടേ ഇരുന്നു. കറങ്ങുന്ന കസേര, മേശ, മുന്നിലും പിന്നിലും കണ്ണാടി ഒക്കെ വന്നപ്പോല്‍ ഹെയര്‍ കട്ടിങ്ങ്‌ സലൂണ്‍ ആയി. കുറിപ്പിനേക്കാള്‍ വേഗത്തില്‍ മുടി വെട്ടുന്നതിനാല്‍ പുരുഷന്‌ മതിപ്പ്‌ കൂടി. കുറുപ്പ്‌ വൈകുന്നേരം അല്‍പം അകത്താക്കി മകന്റെ കടയില്‍ വന്നിരിക്കും. അപ്പോള്‍ പാട്ട്‌ പാടാറില്ല. അതൊരിക്കല്‍ മകന്‍ തന്നെ വിലക്കിയതാണ്‌.

അല്ലെങ്കിലും ഈയിടെയായി അച്ഛനോടുള്ള മമത അല്‍പം കുറഞ്ഞിട്ടുണ്ട്‌. ബീഡി പോലും വലിക്കാത്ത അച്ഛന്റെ കള്ളുകുടി ഇഷ്ടമല്ലാതായിത്തുടങ്ങി. പാന്റും ഇസ്തിരിയിട്ട ഷര്‍ട്ടുമായ്‌ നടന്നു. കുറുപ്പിന്റെ തുറന്നു കിടക്കുന്ന ശരീരം കണ്ട്‌ അവജ്ഞ തോന്നിത്തുടങ്ങി. വല്ലാത്തൊരു വെറുപ്പ്‌.

പയ്ക്കറ്റ്‌ കണക്കിന്‌ പനാമ സിഗരറ്റും വിസ്ക്കിയുമാണ്‌ പുരുഷന്‌ താല്‍പര്യം. കള്ളിനോട്‌ പുച്ഛം. വളരുന്തോറും കുറുപ്പിനോടുള്ള അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കുറുപ്പ്‌ നടക്കാന്‍ പാടില്ല, ആടാന്‍ പാടില്ല, നിക്കാന്‍ പാടില്ല, പാടാന്‍ പാടില്ല. എന്നുവേണ്ട പുറത്തിറങ്ങാന്‍ പാടില്ല എന്നു വരെയായി.

ഉണ്ണിയുടെ അച്ഛന്‍ എപ്പോഴും പറയും... "നിയാ പുരുഷനെ കണ്ട്‌ പഠിക്ക്‌. ഇത്ര ചെറുപ്പത്തിലേ അവനെത്രയാ സമ്പാദിക്കുന്നത്‌? അവനെന്തു പഠിച്ചിട്ടാ...? നീയോ... ഒരു ഡിഗ്രീം കൈയ്യീപ്പിടിച്ച്‌ ജോലിക്ക്‌ തെണ്ടി നടക്കുന്നു. എന്നിട്ടെന്തായി..? ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്‌."

ഈ ഒരു പുരുഷന്‍ കാരണം ഞങ്ങള്‍ക്ക്‌ കണ്ണും ചെവിയും പൊത്തേണ്ടി വന്നിരിക്കുന്നു. ഇവനെ ഇങ്ങിനെ വിട്ടാല്‍ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല. അവനെ പുരുഷ കുറുപ്പെന്ന്‌ ആരും വിളിക്കുന്നുമില്ല. ഒരമ്പട്ടനാണെന്ന്‌ അവന്‍ പോലും മറന്നിരിക്കുന്നു. അവന്റെ കടയില്‍ ഇപ്പോള്‍ അഞ്ചുപേരാണ്‌ ജോലിക്കാര്‍.

പുരുഷന്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

യാത്ര തുടര്‍ന്നു....ഇത്തവണ ടൌണില്‍ തന്നെ ഒരു മുറി ഒപ്പിച്ചെടുത്തു. നല്ല സ്ഥലസൌകര്യമുള്ള ഒരു മുറി. അപാരമായ ഗ്ളാസ്സൊക്കെ പതിപ്പിച്ച്‌ പുതുപുത്തന്‍ ഡിസൈനോടു കൂടിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഒരടിപൊളി ഫാഷന്‍ ഹോമാക്കി മാറ്റി.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അക്ഷരങ്ങളില്‍ 'ഐശ്വര്യ ബ്യൂട്ടിപാര്‍ലര്‍ കം മസാജ്‌ സെന്റര്‍' എന്ന്‌ തിളങ്ങി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. കസ്റ്റമേഴ്സിന്‌ സ്വര്‍ഗ്ഗത്തിലെത്തുന്ന പ്രതീതി. നിറയെ ജോലിക്കാര്‍. വൃ‍ത്തിയായ ഡ്രസ്സുകളും സുഗന്ധപൂരിതമായ അന്തരീക്ഷവും. ഒരിക്കല്‍ കയറിയവന്‍ വീണ്ടും വീണ്ടും കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നു. പുരുഷന്‌ തീരെ സമയമില്ല. തിരക്കോട്‌ തിരക്ക്‌. ആവശ്യക്കാരുടെ തള്ളിച്ച ആവേശമായി. ജോലിക്കാരുടെ എണ്ണം കൂട്ടിയും തൊട്ടടുത്ത സ്ഥലം കൈക്കലാക്കിയും പ്രസ്ഥാനം വികസിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.

വീട്ടില്‍ പോക്ക്‌ വല്ലപ്പോഴുമൊക്കെയായി. ഇത്രയൊക്കെയായിട്ടും കുറുപ്പ്‌ മുടിവെട്ട്‌ നിറുത്തിയിരുന്നില്ല. പക്ഷ്‌ ഇപ്പോള്‍ വെട്ടുന്നത്‌ പ്രായമായി നടക്കാന്‍ വയ്യാത്തവരുടെ മുടി ആണെന്നുമാത്രം. മകന്‍ ഇത്രയും ഉയരത്തിലെത്തിയിട്ടും കുറുപ്പ്‌ മുടിവെട്ടുന്നതിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. പണ്ടത്തെ മധുരമില്ലെങ്കിലും കുറുപ്പിന്‌ കള്ള്‌ കുടിക്കാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. മകന്‍ എപ്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും കൊടുത്തെങ്കിലായി. പുരുഷനെ കാണാതെ പലപ്പോഴും കുറുപ്പ്‌ ഐശ്വര്യയില്‍ പോകാറുണ്ട്‌. ഷര്‍ട്ട്‌ ഇടാത്തതിനാല്‍ അകത്ത്‌ കയറാന്‍ ശ്രമിക്കാറില്ല. ദൂരെ നിന്ന്‌ മകനെ കണ്ട്‌ സംതൃപ്തിയോടെ മടങ്ങും. നേരിട്ട്‌ കണ്ടാല്‍ അവന്‍ വഴക്ക്‌ പറയുമെന്നറിയാം. ചിലപ്പോള്‍ രണ്ടടിയും തന്ന്‌ ചവുട്ടി പുറത്താക്കുമെന്നും നിശ്ചയമുണ്ടായിരുന്നു.

കുറുപ്പ്‌ ഇന്ന്‌ ഷര്‍ട്ടിടാന്‍ ഒരു കാരണമുണ്ട്‌. ഐശ്വര്യയില്‍ കയറാനും മകനെ കാണാനും കുറുപ്പ്‌ തീരുമാനിച്ചു. സെക്യൂരിറ്റിക്കാരെ ധിക്കരിച്ച്‌ അകത്ത്‌ കയറാന്‍ കഴിയാതെ വന്ന സമയത്താണ്‌ പുരുഷന്റെ വരവ്‌. ചുവന്ന കണ്ണുകള്‍ കോപം കൊണ്ട്‌ വിറച്ചു.

"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന്‌ ഞാനെത്രവട്ടം പറഞ്ഞു. ഇന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ വരുന്നുണ്ട്‌. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ്‌ കുറുപ്പിനെ തള്ളി താഴെ ഇട്ടു
..........

ഐശ്വര്യയുടെ മുന്നില്‍ ജനക്കൂട്ടം. പതിവില്ലാതെ ബ്യൂട്ടി പാര്‍ലര്‍ പോലീസ്‌ വളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം ഓരോ ചലങ്ങളും നിരീക്ഷിക്കുന്നു. കൈയ്യാമം വെച്ച്‌ പുരുഷനെ പുറത്തേക്ക്‌ കൊണ്ടുവന്നു. ഐശ്വര്യയില്‍ നിന്നും പുറത്തു വന്ന സ്ത്രീകളേയും പുരുഷന്‍മാരേയും വരിവരിയായി ജീപ്പുകളിലേക്ക്‌ കയറ്റി. ഐശ്വര്യയുടെ വാതില്‍ പോലീസുകാര്‍ പൂട്ടി സീല്‍ ചെയ്തു. വേലിക്കുറുപ്പിന്റെ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്ക്‌ ബോണസായി ലഭിച്ചതായിരുന്നു അനാശാസ്യത്തിന്റെ ഇരകളെ.

പുരുഷന്റെ കണ്ണുകള്‍ അപ്പോഴും ചുവന്നു തന്നെ ഇരുന്നു....