2/8/12

ശിക്ഷയില്ലാത്ത കൊലപാതകികള്‍



മരിച്ചു കഴിഞ്ഞപ്പോഴാണ്‌ മരിക്കേണ്ടായിരുന്നുവെന്ന് തോന്നുന്നത്. അനാവശ്യമായ ഒരു തീരുമാനം എത്ര പേരെയാണ്‌ വിഷമിപ്പിക്കുന്നത്. വിവേകശൂന്യമായ പ്രവൃത്തിയെന്ന് പൊതുവിൽ. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് സമൂഹം മുഴുവനായും ചിന്തിക്കുന്നത് മറിച്ചാകാൻ തരമില്ലല്ലൊ. എന്റെ കാര്യത്തിൽ അക്കാര്യം ഒന്നുകൂടി തറപ്പിച്ച് ഉറപ്പിക്കാൻ കഴിയുന്നത് എന്നെ നേരിട്ടറിയുന്നവർക്ക് മാത്രമല്ല കേട്ടറിയുന്ന പുതിയ ആളുകൾക്കു കൂടിയാണ്‌ എന്നത് വാസ്തവമാണ്. കാരണം ഞാനൊരു അസ്സൽ കർഷകൻ എന്നത് തന്നെ.

വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.

ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ്‌ കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.

‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘

എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ്‌ ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ്‌ ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.

പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്‌.

മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.

ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.

ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത്  ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.

സംശയങ്ങൾക്ക് സ്ഥാനമില്ലാതെ, അടിച്ചേല്പിക്കപ്പെടുന്ന നുണകളെ ചേർത്തുവെക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ വ്യക്തിത്വം തന്നെയായിരുന്നു. മുൻപ് നടന്ന എത്ര നുണകൾ പിന്നീട് തൊലിയുരിക്കപ്പെട്ട് പുറത്ത് വന്നാലും വർത്തമാന കാലത്തിലെ പുതിയ നുണകൾക്ക് നൽകുന്ന വിശ്വസനിയമെന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളിൽ എന്റെ മനസ്സും കുരുങ്ങിപ്പോകാറുണ്ട്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് എന്റെ ശ്വാസഗതി പോലും മനപ്പാഠമായ ഭാര്യയുടെ മുഖത്തിപ്പോൾ കാണുന്നത് സങ്കടത്തേക്കാളേറെ സംശയം തന്നെ. ഇത്രയും തെറ്റിദ്ധരിപ്പിക്കൽ നടത്താൻ കഴിയുന്ന മാധ്യമ ശക്തിയെ തിരിച്ചറിയാൻ ഇത്ര കാലവും എനിക്ക് കഴിയാതിരുന്നത് പഴതെല്ലാം പെട്ടെന്ന് മറന്നു പോകുന്ന എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരുന്നു. ഇപ്പോൾ നടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വൈകൃതം. പരോക്ഷമായെങ്കിലും എനിക്കെന്തെങ്കിലും നഷ്ടപ്പെടുന്നോ എന്ന് ചിന്തിക്കാത്ത വികാരപ്രകടനം.

മരണാനന്തര ക്രിയകൾ പെട്ടെന്ന് നടത്തി സ്ഥലം വിടാനാണ്‌ പലരും ആഗ്രഹിക്കുന്നത്. ആരും അത് പ്രകടമാക്കുന്നില്ലെന്നേ ഉള്ളു. മരിച്ചു കിടക്കുന്നത് എത്ര വേണ്ടപ്പെട്ടവനായാലും ശവത്തെ നോക്കിയിരുന്ന് സമയം കളയാൻ ഇന്നെവിടെ സമയം?

എന്റെ ഉറ്റ ചങ്ങാതിയാണ്‌ പ്രാഞ്ചീസ്. ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾ അവൻ ധാരാളം കണ്ടിട്ടുണ്ട്. ആധികാരികമായി ഒന്നും അറിയില്ല. എന്ത് കാര്യവും ‘ചടപടാന്ന്’ നടത്തുന്നവനാണ്.  ഇക്കാര്യത്തിൽ അതിനാവില്ലല്ലോ? അല്പം മാറിയിരിക്കുന്ന മൂനാലാളുകള്‍ക്കിടയിൽ അവനും ഇരിപ്പുണ്ട്. വേദനയും മൗനവുമാണ്‌ സ്വതവേ വാചാലനായ അവന്റെ ഭാവമിപ്പോൾ.

ഇടക്കിടയ്ക്ക് ജീവനില്ലാത്ത എന്റെ മുഖത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. നനവ് പടർന്ന കണ്ണുകളിൽ അവിശ്വസനിയത. അവൻ പത്രമെടുത്ത് ഞാൻ മരത്തിൽ തൂങ്ങിക്കിടക്കുന്ന ചിത്രം നോക്കുകയാണ്‌. അത് കാണാനാവാതെ അവൻ കണ്ണ്‌ വെട്ടിക്കുന്നു.

ശരിയാണ്.....വേണ്ടപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരോർമ്മയായി തൂങ്ങിക്കിടക്കുന്ന ഈ ചിത്രമെങ്കിലും ഞാൻ ഒഴിവാക്കേണ്ടതായിരുന്നു. വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു? ആ സമയത്ത് അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. മരിക്കുക എന്ന ഒറ്റ ചിന്ത മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.

കർഷകശ്രീപ്പട്ടം കിട്ടിയപ്പോഴാണ്‌ ആദ്യമായി എന്റെ മുഖം ടീവിയിൽ വന്നത്. അന്ന് എന്തൊരു സന്തോഷമായിരുന്നു. ടീവിയിൽ മുഖം വരുത്താനുള്ള എന്തെങ്കിലും കഴിവുകൾ എനിക്കുണ്ടായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അറിയപ്പെടൽ കൂടുതൽ ശ്രദ്ധേയനാക്കി. അധികം വൈകാതെ അറിയപ്പെടൽ തല്ലിക്കെടുത്തിയതും അറിയപ്പെടൽ പരസ്യമാക്കിയ അതേ വഴികൾ. ആ വഴികളിലൂടെ ഞാൻ രണ്ടാമതായി പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധി എന്ന നിലയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വളരെ നിസ്സാരമായ ആ സംഭവം അരങ്ങേറിയത്.

‘കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ വേലായുധൻ നായർ വർഷങ്ങളായി തൊട്ടടുത്ത സഹകരണ ബാങ്കിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണ്‌. കടമെടുത്ത തുക തിരിച്ചടക്കാതെ മുതലും പലിശയും ചേർന്ന് ഇരട്ടിയോളമായിരിക്കുന്നു.’ വാർത്ത പ്രത്യക്ഷപ്പെട്ടത് ടീവിയിലായിരുന്നു. കേട്ടപ്പോൾ അത്ഭുതം തോന്നി.

ജീവിതത്തിൽ ഇന്നുവരെ ലോണെടുക്കുകയോ കടം വാങ്ങുകയോ ചെയ്യാത്ത എന്നെ പ്രതിയാക്കിയ വാർത്ത. തുകയോ ബാങ്കിന്റെ പേരോ പരാമർശിക്കാത്ത ആരോപണം കണ്ട ഉടനെ തൊട്ടടുത്ത ബങ്കിൽ പോയി തിരക്കി. ഒന്നും ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ഒരന്വേഷണം. ബഹുമാനത്തോടെ ബാങ്ക് ജീവനക്കാർ എന്നെ തിരിച്ചയക്കുമ്പോൾ അവർ പറഞ്ഞത് ഒർത്തെടുത്തു. കടമെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച അന്വേഷണവുമായി ടീവിക്കാർ വന്നെന്നും പറയത്തക്ക സംഖ്യ ആരും തരാനില്ലെന്നും പറഞ്ഞപ്പോൾ സിമ്പിൾ ലോണിനെക്കുറിച്ചു ചോദിച്ചെന്നും പറഞ്ഞു. കൂട്ടത്തിൽ ഞാന്‍ ജാമ്യം നിന്നു വാങ്ങിക്കൊടുത്ത ലോൺ അബ്ദുള്ള തിരിച്ചടയ്ക്കാതെ ഇരട്ടിയായെന്നും സൂചിപ്പിച്ചിരുന്നു.

അബ്ദുള്ളയെപ്പോലെ പലർക്കും ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ആരും മുടക്ക് വരുത്തിയതായി അറിയില്ല. ആൾ ജാമ്യത്തിൽ പെട്ടെന്ന് ലഭിക്കാവുന്ന അയ്യായിരം രൂപയുടെ ലോൺ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. അവർക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ തിരിച്ചടച്ച് തീർക്കും എന്ന തീരുമാനത്തോടെയാണ്‌ ജാമ്യമായി നിൽക്കാറുള്ളത്. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അബ്ദുള്ള പറയാതിരുന്നത്. എന്നാലും ഇതത്ര വലിയ പ്രശ്നമാണോ? വാർത്ത കൊടുത്തതിൽ അവർക്കെന്തെങ്കിലും പിഴവ് സംഭവിച്ചതാകാം എന്ന് കരുതി സമാധാനിച്ചു.

അവിടം കൊണ്ടവസാനിക്കാതെ വലിയൊരു ചർച്ചയായി ടീവിക്കാർ ആഘോഷം തുടങ്ങി. ഞാനൊരു തട്ടിപ്പുകാരനെന്ന് ജീവിതത്തിലാദ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. സത്യം അതല്ലെന്ന് ബോധ്യപ്പെടുത്താൻ ആകുമെങ്കിലും 'എത്ര പേരെ' എന്ന ചിന്ത ആധി വർദ്ധിപ്പിച്ചു. തെറ്റായാലും ശരിയായാലും ആദ്യം കേൾക്കുന്ന വാർത്ത എല്ലാവരുടെ മനസ്സിലും ഉറച്ചു പോകും. പിന്നീടൊരു തിരുത്ത് വെറും പ്രഹസനമാണ്.

പ്രാഞ്ചീസുമായി എന്റെ പ്രയാസങ്ങൾ പങ്കിട്ടു. അവന്റെ ആശ്വസിപ്പിക്കൽ എനിക്കാശ്വാസം നല്‍കിയില്ല. എത്രയൊക്കെ പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ എന്നെ സംശയിക്കുന്നു എന്നുകൂടി പ്രാഞ്ചി കൂട്ടിച്ചേർത്തപ്പോൾ കൂടുതൽ വേദനക്ക് കാരണമായി. എന്തിന്‌, സ്വന്തം ഭാര്യ പോലും ഇപ്പോൾ വിശ്വസിക്കുന്നത് ഞാനൊരു തട്ടിപ്പുകാരനെന്നാണ്.

മറ്റു വഴികളൊന്നും എന്റെ മുന്നിൽ തുറന്നു കണ്ടില്ല. കാണുന്നവർക്ക് പറയാം ഞാൻ മണ്ടത്തരമാണ്‌ കാണിച്ചതെന്ന്. ചങ്കൂറ്റത്തോടെ എന്തും നേരിടാനുള്ള നിങ്ങളുടെ കഴിവാണ്‌ അങ്ങിനെ തോന്നാൻ കാരണം. അല്ലെങ്കിൽ സത്യവും നീതിയും നിയമവും വെറും പറച്ചിൽ മാത്രമാകുന്നതുകൊണ്ട്.

ഒരനക്കം സംഭവിക്കുന്നുണ്ട്. മറവു ചെയ്യാനുള്ള സമയം ആയിരിക്കും. അല്ലല്ലോ...ഒരു കാറ്‌ വന്നു നിന്നതിന്റെ ആകാംക്ഷയാണ്. നാലഞ്ചുപേർ ക്യാമറയുമായി ഇറങ്ങി. എന്നെ നാറ്റിച്ചവളും ഉണ്ടല്ലോ കൂട്ടത്തിൽ. ഇവൾക്കൊന്നും മന:സ്സാക്ഷി എന്നൊന്നില്ലേ? എന്റെ ശവത്തിൽ ചവുട്ടിനിന്ന് പുതിയ കഥ മെനയാൻ എത്തിയതായിരിക്കും.

പ്രാഞ്ചിയുടെ മുഖം ചുവന്നു തുടുത്തു. ചുഴലി കയറിയവനെപ്പോലെ വിറച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്ന് അവൾക്കു മുന്നിൽ വിലങ്ങനെ നിന്നു.

ഇവനെന്താണീ കാണിക്കുന്നത്? നാളെ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്തയുണ്ടാക്കാനാണോ വെറുതേ...

"നിങ്ങൾ ചർച്ച നടത്തി വേലായുധനെ കൊന്നത് പോരാഞ്ഞ് ഇനി അവന്റെ ശവം കാണിച്ച് അധിക്ഷേപിക്കാനാണോടീ പരിപാടി?" പ്രാഞ്ചിയുടെ രോഷം എടീ എന്ന വിളിയിൽ ഒതുക്കി.

"കൃഷി ചെയ്താൽ ചിലപ്പോ നഷ്ടവും സംഭവിക്കാം. കടം വാങ്ങിയത്‌ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരാം." അമ്പടീ...അവളുടെ തൊലിക്കട്ടി സമ്മതിക്കണം. അത് തന്നെയാണ്‌ അവളുടെ കഴിവും. അസത്യങ്ങളും അർദ്ധസത്യങ്ങളും തങ്കപ്പെട്ട സത്യങ്ങളായി കാഴ്ചക്കാരനിൽ സന്നിവേശിപ്പിക്കാനുള്ള അവളുടെ കഴിവ്. നടന്ന, നടക്കുന്ന സംഭവം പോലെ അവതരിപ്പിക്കുന്ന സംസാരത്തിലെ ആധികാരിക ഭാവവും ദൃഢതയും.

"കൃഷി ചെയ്യാനുള്ള പണം കടം വാങ്ങിയല്ലെടീ അവൻ ചത്ത് കിടക്കുന്നത്. നീ കാണിച്ച അയ്യായിരം ഉലുവേടെ നൊണയിലാടി."

"അല്പം മര്യാദയ്ക്ക് സംസാരിക്കണം. എടീ പോടീന്നൊക്കെ വിളിച്ചാൽ താൻ വിവരം അറിയും. വേലായുധൻനായരെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും കരുതാം. അത് ഞങ്ങളുടെ വിഷയമല്ല." അവളും വിടുന്ന ലക്ഷണമില്ല.

"എല്ലാം ഞങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്ക്യ. ഒന്നുരണ്ട് പേര് കുത്തിയിര്ന്ന്‍ ഏഴ്തിയിണ്ടാക്കണ നിങ്ങടെ പൂതികള്, സ്വന്തം എജമാനന് വേണ്ടി ഒര് പൊത്കാര്യാണെന്ന നെലയ്ക്ക് ഏഴ്ന്ന്‍ള്ളിക്കണത്...അതൊര് രാജ്യത്തെയാകെ വിശ്വസിപ്പിക്ക്യ. നിങ്ങള് പറയണത്‌ നൊണയാണെന്ന് ഇപ്പൊ ഞങ്ങക്ക് ബോദ്ധ്യായിത്തൊടങ്ങി. നേരിട്ട് അനുഭവിക്കണോരാ കമ്പ്യൂട്ടറിക്കൂടെ ഇപ്പോ കാര്യങ്ങള് പറഞ്ഞു തരണേ. ഇനി നിങ്ങടെ നൊണ വിശ്വസിക്കാന്‍ ആരേം കിട്ടില്ല കൊറച്ച് നാളുംകൂടി കഴിഞ്ഞാ....കഴിഞ്ഞ ദെവസം നിങ്ങള് കണ്ടത്‌ അതാ."

"ഞങ്ങളെന്തു കണ്ടെന്ന്...?"

"ഞങ്ങളെപ്പോലുള്ളോര് സര്‍ക്കാരിന് കൊട്ക്കണ നികുതിപ്പണം താമസിക്കാനൊള്ള വീടെന്ന വ്യാജേന നിങ്ങ കൊള്ളയടിച്ചത്...പന്ത്രണ്ട് വർഷായി ഒരൊറ്റ അടവ്‌ പോലും തിരിച്ചടക്കാതിര്ന്നത്...നിങ്ങളീ പലരും ആ വായ്പ എട്ത്തോരല്ലേ? അതെന്താ സത്യല്ലേ? ജീവിക്കാൻ വേണ്ടിട്ട് അയ്യായിരം ഉലുവ എടുത്തേന്‌ മറ്റൊരാള്‍ടെ പേരില് കള്ളക്കഥ പ്രചരിപ്പിക്കണ നിങ്ങള് ഓരോര്ത്തരും ലക്ഷങ്ങൾ കടം വാങ്ങി തട്ടിച്ചെട്ത്ത വീടുകള് വാടകയ്ക്ക് കൊട്ത്ത്‌ വഞ്ചിച്ച കഥ എത്ര ആൾക്കാര്‍ക്കറിയാം?"

"അതെല്ലാം ഞങ്ങൾ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ലേ?"

"ത്ഫൂ....തീരുമാനിച്ചു! അധികഭാഗോം എഴുതിത്തള്ളി. രണ്ടു കൂട്ടരും കൂടി ഒത്ത്‌ കളിച്ച് വീണ്ടും ഞങ്ങളെ പറ്റിച്ചു. നിങ്ങള് മൂടിവെയ്ക്കണതും നൊണ പ്രചരിപ്പിക്കണതും ഞങ്ങള്  കണ്ട്പിടിക്കാന്‍ തൊടങ്ങി. പലരും പല രൂപത്തില് പ്രതികരിച്ചെന്ന്‍ വരും സഹികെടുമ്പോ. നിങ്ങളെ കൊറേ വിശ്വസിച്ചതാ ഞങ്ങക്കു പറ്റിയ തെറ്റ്. ഇനി അതാവർത്തിക്കുന്ന് കര്തണ്ട."

"ഞങ്ങള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്തിട്ട് പോയ്ക്കൊള്ളാം."

"ഏതദ്ദേഹത്തിന്റെ...? അയാളിനി ടീവീ സ്വന്തം പടം കണ്ട് കോൾമയിർക്കൊള്ളാവ്വേണ്ടി ജീവിച്ചിരിപ്പില്യല്ലോ. ഞങ്ങക്കും നിങ്ങടെ അത്തരം ഔദാര്യം ആവശ്യല്യ. പോകുന്നതാ നിങ്ങക്കു നല്ലത്." മരണ വീട്ടിലെ ജനങ്ങൾ ഒത്തു കൂടിയപ്പോൾ അവർ പിന്തിരിഞ്ഞ് നടന്നു.

ശബ്ദമില്ലാത്ത വീഡിയോയിൽ കയർത്ത് സംസാരിക്കുന്ന പ്രാഞ്ചീസിനേയും, കൂട്ടം കൂടിയ മരണ വീട്ടിലെ ജനങ്ങളേയും മാറിമാറി കാണിക്കുന്നതിനിടയിൽ ടീവിയിൽ വാർത്ത വായിക്കുകയാണ്‌. ‘വേലായുധൻനായരുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ  പ്രവർത്തകരെ അവിടെ തടിച്ചു കൂടിയ ഒരു കൂട്ടം ആളുകൾ തെറി പറഞ്ഞും ചീത്ത വിളിച്ചും അടിച്ചോടിച്ചു. കേട്ടാലറക്കുന്ന...."

-മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം- എന്ന ഫ്ലാഷ് ന്യൂസ് ടീവികളിൽ മിന്നിക്കൊണ്ടിരിക്കുമ്പോൾ വേലായുധൻ നായരുടെ ശവശരീരത്തിൽ അഗ്നി ആളിപ്പടരുകയായിരുന്നു.