11/4/12

പടക്കപ്പരമു

11-04-2012
കാലം തെറ്റി കടന്നെത്തുന്ന കാലാവസ്ഥ കണിക്കൊന്നയുടെ കണക്കുകളും തെറ്റിക്കുന്നു. പലതും നേരത്തെ പൂത്തുകൊഴിഞ്ഞു. ചിലതിൽ മാത്രം പേരിനുണ്ട് പൂക്കൾ. വിഷുവാണ്‌ വരുന്നത്, പരമുവിന്‌ സന്തോഷത്തിന്റെ നാളുകളാണ്‌.

പടക്കപ്പണിക്കാരനാണ്‌ പരമു. കറുത്ത എല്ലിച്ച മനുഷ്യൻ. എത്ര സമയം പണിയെടുത്താലും മുഷിവില്ലാത്തവൻ. എല്ലാവരേയും വിശ്വസിക്കുന്ന മനസ്സ്. എവിടെ, ആർക്കെന്തു സഹായത്തിനും ഉടനെ ഓടിയെത്തുന്ന പ്രകൃതം. സ്വന്തം ശരീരത്തെക്കാൾ മറ്റുള്ളവരുടെ ശരീരം നോവുന്നത് കാണുമ്പോള്‍ പ്രയാസപ്പെടുന്ന പരോപകാരി.

ഒരു കുഴപ്പമേയുള്ളു. വെള്ളത്തിനു പകരം പട്ടച്ചാരായമാണ്‌ പഥ്യം എന്നു മാത്രം കൂടെ കാജാ ബീഡിയും. ഇവ രണ്ടും വീട്ടിൽ സ്റ്റോക്കുണ്ടാകും. രണ്ടു പൊതി കാജാ ബീഡിയും ഒരു തീപ്പെട്ടിയും എപ്പോഴും ഇടതു കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കും. പോക്കറ്റിലോ മടിയിലോ ഒന്നും വെയ്ക്കില്ല, വിയർപ്പിന്റെ നനവ് ബീഡിയിൽ പടർന്നിരിക്കും.

ഗന്ധകം കലർന്ന വെടിമരുന്നിന്റെ മണവും, വാറ്റ് ചാരായം കുടിച്ച് വിയർക്കുമ്പോഴുണ്ടാകുന്ന നാറ്റവും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത ദുർഗ്ഗന്ധമാണ്‌ പരമുവിനെപ്പോഴും. പീടികച്ചായ കുടിക്കൽ ഒരു ശീലമായതിനാൽ നൂറ്‌ മീറ്റർ ദൂരെയുള്ള കവലയിലെ ചായക്കടയിലേയ്ക്ക് ഇടയ്ക്കിടെ പോയ്ക്കൊണ്ടിരിക്കും. ചായ കുടിക്കണം എന്നു തോന്നിയാൽ ഉടനെ പണി നിർത്തി എഴുന്നേല്‍ക്കും. നല്ല വേഗത്തിൽ ഒറ്റ നടത്തം. കറുത്ത ദേഹത്ത് പടക്കത്തിന്റെ മരുന്ന് പറ്റിപ്പിടിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണാം. മരുന്നെടുക്കുന്ന കൈകൊണ്ട് ശരീരത്തിന്റെ എവിടെയെങ്കിലും ഒന്നു തൊട്ടാല്‍ അതവിടെ മിനുസത്തോടെ വെളുത്ത പാണ്ടായി കിടക്കും. തുടച്ചു കളയാൻ ശ്രമിച്ചാൽ കൂടുതൽ പരക്കും എന്നല്ലാതെ പ്രയോജനമുണ്ടാകില്ല. കഴുകിയാൽ മാത്രമെ പിന്നീടത് പോകു. ചായകുടി കഴിഞ്ഞ് ഒരു ബീഡിയും വലിച്ച് തിരികെ പോരും.

ഷർട്ടിടാതെ മുണ്ട് മടക്കിക്കുത്തിയാണ്‌ പണിക്കിരിക്കുക. മടക്കിക്കുത്തിയ മുണ്ടിന്റെ മടക്ക് പിന്നെ വൈകീട്ടേ അഴിയൂ. വെടിമരുന്നും അഴുക്കും ചേർന്ന് മുണ്ടും ഒരു കോലത്തിലാണ്‌. ആഴ്ചയിൽ ഒരിക്കലേ ആ തുണി കഴുകു എന്നതിനാൽ പരമുവിനെക്കാൾ നാറ്റമാണ്‌ ആ തുണിക്ക്. പണിക്കിറങ്ങിയാൽ ഭക്ഷണം കഴിക്കാൻ മാത്രമേ കൈ കഴുകു. മറ്റ് സന്ദർഭങ്ങളിൽ ഉടുതുണിയിൽ കൈ തുടക്കുക എന്നതാണ്‌.

അമിതലാഭവും മൂലധനക്കുറവും മാത്രമല്ല ഈ കുടിൽ വ്യവസായം സ്വീകരിക്കാൻ പരമുവിനെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായി തുടർന്നുപോന്ന തൊഴിലിനെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് വിശ്വസിച്ച് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് മുഖ്യ കാരണം.  വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും, കൂടുതൽ ശ്രദ്ധ വേണ്ടതാണെന്നും മറ്റാരേക്കാളും പരമുവിന്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നു. കർശനമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അടുത്ത് പനകളുള്ള വീടുകളിൽ നിന്ന് അവ കച്ചോടം ചെയ്ത് പനയോല വെട്ടി താഴെയിറക്കി വെയിലത്ത് വിരിച്ചിടുന്നത് പരമു തന്നെ. ഉണങ്ങിയ പനയോലകൾ കെട്ടാക്കി തലച്ചുമടായി വീട്ടിലെത്തിക്കുന്നത് പരമുവും ഭാര്യയും ചേർന്നാണ്‌. നാളത്തെ ആവശ്യത്തിനുള്ള പനയോലകൾ ഇന്ന് രാത്രി തന്നെ മുറ്റത്ത് വീണ്ടും വിരിച്ചിടും. രാത്രിയിലെ ചെറിയ മഞ്ഞിൽ ഓലയ്ക്ക് പശിമ കിട്ടും. നേരം നന്നായി വെളുക്കുന്നതിനു മുൻപേ ആ ഓലയെല്ലാം ഓലപ്പടക്കം കെട്ടുന്നതിനു വേണ്ട സൈസിൽ ചെറുതായി വാർന്നു* വെക്കും. വാർന്നു വെച്ച ഓലകൾ ചെറിയ കെട്ടുകളാക്കി വെള്ളം തളിച്ചോ, നനച്ച ചാക്കിൽ പൊതിഞ്ഞു വെച്ചോ വൈകുന്നേരം വരെ അതിന്റെ പശിമ നിലനിർത്താം. വെയിലുദിച്ചാൽ ഓല ഒടിയും എന്നതിനാലാണ്‌ നേരത്തേ വാര്‍ന്നു വെക്കുന്നത്. ഓല വാർന്നു വെക്കലും, പടക്കം പേണലും*, ചെങ്കല്ല് ഇടിച്ചുപൊടിച്ചത്  ഈർക്കിലിപ്പടക്കത്തിന്റെ കുറ്റിയുടെ ഒരറ്റത്ത് ഇടിച്ച് നിറയ്ക്കുന്നതും പരമു തന്നെ.

'തിരി'ക്കാവശ്യമായ കരിമരുന്ന് ഇടിച്ചെടുക്കുന്നത് മരത്തിന്റെ ഉരലിലാണ്‌. അരമീറ്റർ നീളത്തിൽ വേണ്ടത്ര വണ്ണത്തിൽ തരംതിരിച്ചെടുക്കുന്ന നൂലിൽ, കഞ്ഞിവെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ കരിമരുന്ന് തേച്ചുപിടിപ്പിച്ച് വെയിലത്തുവെച്ച് ഉണക്കിയെടുക്കുന്ന പണി പരമുവിന്റെ ഭാര്യക്കാണ്‌. പിന്നീടവ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും.

മൂന്നാല്‌ കുട്ടികളും ഒന്നുരണ്ട് സ്ത്രീകളുമാണ്‌ ഓലപ്പടക്കം കെട്ടാൻ വരുന്നത്. ഗന്ധകവും(ഫോസ്ഫറസ്), പൊട്ടാസും(പൊട്ടാസ്യം ക്ലോറൈറ്റ്), അലുമിനിയം പൗഡറും(അലിമിനിയം ഓക്സൈഡ്) കൂട്ടിയോജിപ്പിച്ച പൊടി വളരെ സൂക്ഷിച്ചാണ്‌ ഓരോരുത്തർക്കും നല്‍കുക. മണ്ണിന്റെ ചെറിയൊരംശംപോലും കയറാതെ കടലാസ്സിലാണ്‌ മരുന്ന് എടുക്കുക. മണ്ണിന്റെ തരി വീഴണമെന്നില്ല, ചെറിയൊരു ഘര്‍ഷണം മതി അത് കത്തിപ്പിടിക്കാന്‍. ഏറ്റവും അപകടകാരിയാണ് പൊട്ടാസ് എന്ന് വിളിക്കപ്പെടുന്ന പൊട്ടാസ്യം ക്ലോറൈറ്റ്. മരുന്ന് മിക്സ് ചെയ്യുമ്പോള്‍ വെറുതെ തിരിക്കുകയും മറിക്കുകയും മാത്രമെ ആകാവു എന്നാണ്. കൈകൊണ്ട് തിരുമ്മി മിക്സ് ചെയ്‌താല്‍പോലും കത്തിപ്പിടിക്കാം. നിയമപ്രകാരം ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. പക്ഷെ നല്ല ശബ്ദത്തോടെ പൊട്ടുന്നതിനു വേണ്ടി എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുക. പടക്കം കെട്ടുന്നതിനുള്ള മരുന്ന് കോരിയെടുക്കാൻ പനയോല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു കോരിയും ഉണ്ടാകും.

വിഷു കൂടാതെ കല്യാണങ്ങൾക്കും ചെറിയ അമ്പലപ്പരിപാടിക്കും ചെറിയ പള്ളികളിലേക്കും ചന്ദനക്കുടത്തിനും ഒക്കെ പരമുവിന്റെ പടക്കം ഉപയോഗിച്ചു വന്നിരുന്നു. കൂടുതലുണ്ടാക്കുന്ന പടക്കം 'ചന്തക്കുന്നിലെ കടയിൽ' കൊണ്ടുപോയി കൊടുക്കും.

പതിനഞ്ച് കിലോമീറ്ററിനുള്ളിൽ ആകെയുള്ള ഒരേയൊരു പടക്കക്കടയാണ്‌ ചന്തക്കുന്നിലേത്. ശിവകാശിയിൽ നിന്നു കൊണ്ടുവരുന്ന എല്ലാത്തരം പടക്കങ്ങളും അവിടെ കിട്ടും. പരമുവിനെപ്പോലെ ആ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന പടക്കങ്ങൾ മുഴുവൻ ആ കടയിലാണ്‌ കൊടുക്കുക.  ചെറിയ തോതിൽ ഡൈനയും ഗുണ്ടും ഏറ്‌പടക്കവും ഉണ്ടാക്കാൻ തുടങ്ങിയതോടെ പരമുവിനെ തേടി പൊലീസെത്തി. ലൈസൻസില്ലാതെയോ താമസിക്കുന്ന വീട്ടിൽ വെച്ചോ ഇപ്പണി നടപ്പില്ലെന്ന്‌ പൊലീസ് കർശനമായി താക്കീത്‌ ചെയ്തു.

നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ പൊലീസുമായി ഒത്തുതീർപ്പുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കണം. പരമുവിന്റെ ജീവിതമാർഗ്ഗം എന്ന രീതിയിൽ നാട്ടുകാർ അലിവോടെ കാര്യങ്ങൾ ആലോചിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനും ലൈസൻസ് സംഘടിപ്പിക്കുന്നതിനും നാട്ടുകാര്‍ ശ്രമം തുടങ്ങി. നാട്ടുകാര്‍ക്ക്‌ പരമുവിനോടുള്ള താല്പര്യമായിരുന്നു അതിനു പിന്നില്‍.

പ്രസാദ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ഈ സമയത്താണ്‌. പരമു പണിയും മേൽനോട്ടവും നടത്തിയാൽ മതി. മറ്റെല്ലാം പ്രസാദ് ഏറ്റെടുത്തു. ചെറുപ്പത്തിന്റെ ആവേശവും, പുതിയ ബിസ്സിനസ്സിന്റെ കണക്കുകൂട്ടലുകളും കൂടിച്ചേർന്നത് പുതിയ പടക്കക്കമ്പനിയുടെ ഉദയത്തിനായിരുന്നു. പ്രസാദിന്റെ ഭാവനക്കനുസരിച്ച് ഷെഡ്ഡ് തീർത്തപ്പോൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതിൽ പരമുവിന്‌ എതിർപ്പുണ്ടായിരുന്നു.

പരമുവിന്റെ എതിര്‍പ്പ് നോക്കിയിരുന്നാല്‍
ഷെഡ്ഡ് പണിത്‌ ലൈസെന്‍സെടുക്കുന്ന കാര്യം നടപ്പില്ലെന്ന് പ്രസാദിനറിയാമായിരുന്നു. കുറഞ്ഞത് നാല് ഷെഡ്ഡുകള്‍ വേണം. ഓരോ ഷെഡ്ഡുകള്‍ തമ്മിലും നാല്‍പത്‌ മീറ്റര്‍ അകലമെന്കിലും ഉണ്ടായിരിക്കണം. മരുന്ന് തയ്യാറാക്കാനും ഉണക്കാനും പ്രത്യേകം തറ. പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത്‌ വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. പകല്‍ വെളിച്ചത്തിലേ നിര്‍മ്മാണം നടത്താവു. പൊട്ടുന്നതും പൊട്ടാത്തതുമായവ വെവ്വേറെ സൂക്ഷിക്കണം. ഷെഡ്ഡില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മാത്രമേ വീടുകള്‍ ഉണ്ടാവാന്‍ പാടുള്ളൂ. അങ്ങിനെ പോകുന്നു നിബന്ധനകള്‍....

പ്രസാദിന്റെ  സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തം പുരയിടത്തിന്റെ ഒരറ്റത്ത് ഒറ്റഷെ
ഡ്ഡില്‍ ലൈസന്‍സ്‌ നേടിയെടുത്തു. വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. വീട്ടില്‍ നിന്ന് ഒളിവില്‍ വൈദ്യുതി തരപ്പെടുത്തി.

പരിമിതമായ അധികാരത്തിൽ പരമുവിന്‌ വിഷമമില്ലായിരുന്നു. അത്യാവശ്യം വേണ്ടവ നിസ്സാരമാക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിർന്നവരെ പണിക്ക് വെച്ചതിനു പിന്നിൽ പ്രസാദിന്റെ ചിന്തകളായിരുന്നു. അത് നന്നെന്ന് പരമുവിനും തോന്നി.

കേമന്മാരായ പണിക്കാരെത്തിയപ്പോൾ കമ്പനിയിൽ 'നില'യമിട്ടുകൾ വിരിയാൻ തുടങ്ങി.

ആകാശത്തിനു  കീഴെ തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി കാഴ്ചയില്‍ അസൂയ നിരത്തി. നിരനിരയായി ഉയര്‍ന്നു പൊങ്ങി പൊട്ടിവിരിയുന്ന മനോഹരമായ കാഴ്ച.

പൊട്ടി വിരിയാന്‍ തയ്യാറെടുക്കുന്ന വര്‍ണ്ണങ്ങളുടെ നിര്‍മ്മിതിയില്‍ അറിയപ്പെടാതെ പതിയിരിക്കുന്ന അപകട കാരണങ്ങള്‍ പല തീപ്പിടുത്തത്തിലേയും ഒന്നാം പ്രതിയാണ്. വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ തയ്യാറാക്കുന്ന മിശ്രിതം തറയില്‍ പരത്തിവെച്ച് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കും. വയലറ്റ്‌ പോലുള്ള നിറങ്ങളുടെ ഉണക്കി സൂക്ഷിക്കുന്ന ചെറു തുണ്ടുകള്‍ അന്തരീക്ഷത്തിന്റെ മാറുന്ന ഊഷ്മാവില്‍ തനിയെ കത്തുന്നു എന്നാണ് കാണപ്പെടുന്നത്. ചില ശ്രദ്ധക്കുറവുകള്‍ മൂലം ഉപയോഗിച്ച് മിച്ചം വരുന്ന കഷ്ണങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് പൊട്ടുന്ന പടക്കങ്ങള്‍ക്കരുകില്‍ തല്‍ക്കാലത്തേയ്ക്ക് എടുത്തു വെയ്ക്കാറുണ്ട്. പല പൊട്ടിത്തെറികള്‍ക്കും കാരണമായിട്ടുള്ളത് ഈ ശ്രദ്ധക്കുറവ് തന്നെ.

ഓർഡറുകൾ പിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പ്രസാദിന്‌ പ്രത്യേക കഴിവായിരുന്നു. ഇടത്തരം വെടിക്കെട്ടുകൾ നടത്തിക്കഴിയുമ്പോൾ എല്ലാവരുടേയും ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു.

പണിക്കിടയിൽ ചാരായം കുടിക്കാൻ പാടില്ലെന്ന പ്രസാദിന്റെ താക്കീത് മാത്രമായിരുന്നു പ്രയാസം. അത് നന്നെന്ന് പരമുവിന്‌ പിന്നീട് ബോദ്ധ്യമായി. കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ അംഗീകരിക്കേണ്ടതാണെന്ന് സ്വയം തീരുമാനിച്ചു.

കുറച്ചു നാളുകളിലെ പ്രവര്‍ത്തനം മൂലം കമ്പനിക്കുണ്ടായ പുരോഗതി വിലയിരുത്തിയാല്‍, കര്‍ക്കശമായ തീരുമാനത്തേക്കാള്‍ നല്ലത് പ്രായോഗികമായ വേഗമാണ് ഉചിതമെന്ന് പരമു മനസ്സിലാക്കി. പ്രസാദിന്റെ തീരുമാനങ്ങളാണ് കമ്പനിയുടെ വളര്‍ച്ചക്ക്‌ ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈസന്‍സ് പോലും തരപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഒളിവില്‍ വൈദ്യുതി എടുക്കാതിരുന്നെന്കില്‍ തിരക്ക്‌ സമയങ്ങളില്‍ പണികള്‍ ബാക്കിവന്നേനെ. പകല്‍ വെളിച്ചത്തില്‍ മാത്രം പണിയണമെന്ന നിയമം പാലിച്ചിരുന്നെങ്കില്‍ എത്ര വെടിക്കെട്ടുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു?

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. നാളെയാണ്‌ വിഷു. അങ്ങിങ്ങ് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാം. കവലയിൽ എല്ലാവരും സന്തോഷത്തിലാണ്‌. പരമുവിന്റെ ഇത്തവണത്തെ വിൽപന ആ കവലയിലാണ്‌. നല്ലോണം ‘വീശി’ സന്തോഷത്തോടെയാണ്‌ പുള്ളിക്കാരന്റെ നില്പ്.

പെട്ടെന്നാണ്‌ കാതടപ്പിക്കുന്ന ശബ്ദവും കൂട്ടപ്പൊരിച്ചിലും കേട്ടത്. പരിഭ്രമത്തോടെ പടക്കക്കമ്പനി ലക്ഷ്യമാക്കി ജനങ്ങള്‍ ഓടി. ഒരലർച്ചയോടെ വെളിവില്ലാതെയാണ്‌ പരമു പായുന്നത്.

ചിതറിത്തെറിച്ച പടക്കപ്പുരയുടെ അവശിഷ്ടങ്ങൾ ദൂരെക്കിടന്ന് കത്തുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില പൊട്ടലുകൾ മാത്രം കേൾക്കാം. ഷെഡ്ഡില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പ്രസാദിന്റെ അമ്മ പറഞ്ഞു. വൈദ്യുതി കണക്ഷനെടുക്കാനുപയോഗിച്ച വയറെല്ലാം ഈ സമയത്തിനിടക്ക് പ്രസാദ് മാറ്റിയിരുന്നു. തളർന്നു വീണ പരമുവിനെ പ്രസാദിന്റെ വീട്ടിൽ കിടത്തി. "ഇനി ഞാനില്ല..ഇനി ഞാനില്ല" എന്ന് ശബ്ദം കുറച്ച് പരമു മന്ത്രിക്കുന്നുണ്ടായിരുന്നു.

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ തുടങ്ങിയതാണ്‌. ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല. പിന്നെന്താണ്‌ ഇപ്പോഴിങ്ങനെ സംഭവിക്കാൻ? ലാഭം കൂട്ടാൻ വേണ്ടി ശ്രദ്ധിക്കേണ്ട പലതും വിസ്മരിക്കുന്നതാണോ? മരുന്നുകളിലും മായം കലർന്നിരിക്കുമോ? കൈക്കൂലിയുടെ കരുത്തില്‍ നിയമത്തിന്റെ താളം തെറ്റിക്കുന്നോ.... എന്തായാലും പരമു പടക്കപ്പണി നിർത്തി.

ആരില്ലെങ്കിലും ഇട്ട് പോകാൻ പ്രസാദ് തയ്യാറായില്ല. ഒരാഴ്ചക്കുള്ളിൽ പുതിയ ഷെഡ്ഡ്  ഉയർന്നു. തൊഴിലാളികളുടെ ജീവൻ കള്ളക്കണക്കായി ചേർത്ത് പുതിയ ലാഭക്കണക്കുകൾ മെനഞ്ഞ പ്രസാദിനു തെറ്റിയത് ഗ്രാമീണര്‍ വിവരമില്ലാത്തവരെന്ന തോന്നലാണ്, വളരുന്ന ഗ്രാമത്തെക്കുറിച്ച ബോധമില്ലായ്മയാണ്.

നേരം വെളുക്കുന്നതിനു മുൻപേ നാട്ടുകാർ കത്തിച്ച പുതിയ ഷെ
ഡ്ഡ് പിന്നീടുയർത്താൻ പ്രസാദും ശ്രമിച്ചില്ല.

എന്നാല്‍, അടുത്ത മാസത്തില്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ 'ചന്തക്കുന്നിലെ' പടക്കക്കടക്കാരന്റെ പുതിയ പടക്കനിര്‍മ്മാണശാലയ്ക്കുള്ള ഷെ
ഡ്ഡ് ഉയര്‍ന്നുകഴിഞ്ഞിരുന്നു.  

*വാര്‍ന്ന് എടുക്കുക= വാരല്‍ എന്നും പറയും. ഉണങ്ങിയ പനയോല പടക്കം കെട്ടേണ്ട രീതിയില്‍ മുറിച്ചെടുക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. അല്പം പരിചയം ഉള്ളവര്‍ക്കേ അത് കഴിയു.

*പടക്കം പേണുക= കയറില്‍ ഓരോ പടക്കങ്ങളും ചേര്‍ത്ത്‌ വെച്ച് മാല കേട്ടുന്നതിനെയാണ്
പടക്കം പേണുക എന്ന് പറയുന്നത്.