31/8/10

പൊട്ടിച്ചി

01-09-2010
മഴ കനത്തു. ചിങ്ങത്തിലെ മഴയ്ക്കും ഇത്ര രൌദ്രഭാവമൊ? തുള്ളിക്കൊരു കുടം എന്ന കണക്കെ കോരിച്ചൊരിയുകയാണ്‌. ഭീകരമാകുന്ന മഴയുടെ ഭാവത്തിന്‌ മിന്നലും ഇടിവെട്ടും കൊഴുപ്പേകി. ശക്തിയോടെ വെള്ളം കുത്തിയൊലിച്ച്‌ പലവഴിക്കും പായുന്നു.

പാടത്തെ‌ കീറിമുറിച്ച്‌ കടന്നു പോകുന്ന റോഡ്‌ ഉയരത്തില്‍ മണ്ണിട്ട്‌ നിര്‍മ്മിച്ചതാണ്‌. രണ്ട്‌ സൈഡും കരിങ്കല്ല്‌ കൊണ്ട്‌ ഭദ്രമായി കെട്ടിയിട്ടുണ്ട്‌. പാടനിരപ്പില്‍ നിന്ന്‌ പത്ത്‌ പന്ത്രണ്ടടി ഉയരത്തിലാണ്‌ റോഡ്‌. സമതലനിരപ്പില്‍ നിന്ന്‌ കരിങ്കല്‍ കെട്ടിന്റെ അരികു ചേര്‍ന്ന്‌ പാടത്തേക്ക്‌ ഇറങ്ങിപ്പോകാന്‍ നടന്നു നടന്ന്‌ ചാലായ വഴിയുണ്ട്‌. ആ വഴിക്കരുകിലാണ്‌ പുറ‍മ്പോക്ക്‌ കിടക്കുന്ന സ്ഥലത്ത്‌ അഞ്ചെട്ട്‌ കുടിലുകള്‍ അടുപ്പിച്ചടുപ്പിച്ച്‌.

മുകളില്‍ നിന്ന്‌ മഴവെള്ളവും ചളിയും കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാടത്തേക്ക്‌ പതിക്കും. പലപ്പോഴും വഴിച്ചാല്‌ തിങ്ങി നിറഞ്ഞ്‌ കുടിലുകള്‍ക്കകത്തേക്ക്‌ കലക്കവെള്ളം കയറും. വെള്ളം കയറുന്നതില്‍ അതിനകത്തുള്ളവര്‍ക്ക്‌ പരാതി ഇല്ലായിരുന്നു. മഴയിലും കാറ്റിലും ഇടിഞ്ഞ്‌ പൊളിഞ്ഞ്‌ വീഴാതിരുന്നാല്‍ മതിയെന്നാണ്‌ അവരുടെ പ്രാര്‍ത്ഥന.

പൊട്ടിച്ചിമാതുവിന്റെ കൂരയാണ്‌ ഏറ്റവും മോശം. സിമന്റ്‌ ചാക്കുകളും തുരുമ്പ്‌ പിടിച്ച തകരഷീറ്റുകളും പലനിറത്തിലുള്ള പ്ളാസ്റ്റിക്ക്‌ പേപ്പറുകളുംകൊണ്ട്‌ വികൃതമായ ഒരു പ്രകൃതം. മറ്റുള്ളവയെല്ലാം ഓലക്കീറുകള്‍ കൊണ്ട്‌ ഒതുക്കത്തില്‍ കെട്ടിയുണ്ടാക്കിയ കുടിലുകളായിരുന്നു. കൊച്ച് കുടിലുകളായതിനാല്‍ തല കുനിച്ച് ഞൂണ്ടു വേണം അകത്തേക്ക്‌ കയറാന്‍.

പൊട്ടിച്ചിമാതുവൊഴികെ ബാക്കി എല്ലാവരും തമിഴരായിരുന്നു. അവര്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പൊട്ടിച്ചിമാതു ഏതെങ്കിലും വീട്ടില്‍ പണിക്ക്‌ പോകും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലാണ്‌ സ്ഥിരം പണി. അവിടെ പണി ഇല്ലെങ്കിലേ വേറെ എവിടെയെങ്കിലും പോകു.

പൊട്ടിച്ചി വളരെ ചെറുപ്പമാണ്‌.പതിനെട്ട്‌ പത്തൊമ്പത്‌ വയസ്സ്‌ പ്രായം വരും. കണ്ടാല്‍ ഒരു മുപ്പത്തഞ്ച്‌ വയസ്സെങ്കിലും തോന്നിക്കും. തീരെ വൃത്തിയും വെടിപ്പുമില്ല. നാറുന്ന ശരീരം. ചടപിടിച്ച തലമുടി മെഴുക്ക്‌ പുരട്ടാതെ ചപ്രചിപ്ര. ശരീരം മുഴുവന്‍ എപ്പോഴും ചൊറിഞ്ഞ്‌ കൊണ്ടിരിക്കും. വലിയ തൊള്ള. വലിയ പല്ലുകള്‍ പല വലിപ്പത്തില്‍ പുറത്തേക്ക്‌ ഉന്തി നില്‍ക്കുന്നു. ചുണ്ടുകള്‍ പിറകിലേക്ക്‌ വലിഞ്ഞ്‌ മോണയെല്ലം പുറത്താണ്‌. മൂക്കിന്റെ ഒരു ഭാഗം ചുണ്ടുമായി ചേര്‍ന്ന്‌ മുകളിലേക്ക്‌ വലിഞ്ഞിരിക്കുന്നു. ഈര്‍ക്കിലി പോലെ ചുക്കിച്ച ശരീരത്തിന്‌ യോജിക്കാത്ത ഒരു ബ്ളൌസ്സും കീറിയ പാവാടയും.
ഒട്ടനോട്ടത്തില്‍ ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുമെങ്കിലും ഭ്രാന്തില്ല.
ഒരു പൊട്ടി.
വ്യക്തമല്ലാതെ മൂക്കു കൊണ്ടുള്ള സംസാരം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു. എന്തിനേറെ, ഒരു പെണ്ണിന്റെ സൌന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടേണ്ട നെഞ്ചത്തെ ഉയര്‍പ്പ്‌ പോലും പേരിനില്ല.

തൊട്ടടുത്ത കുടിലിലെ തമിഴത്തിത്തള്ളക്ക്‌ പൊട്ടിച്ചിയെ ഇഷ്ടമായിരുന്നു. പൊട്ടിച്ചിയോട്‌ കൂടാനും ചിരിക്കാനും അവര്‍ മാത്രമായിരുന്നു കൂട്ടിന്‌. പറയുന്നത്‌ മുഴുവന്‍ മനസ്സിലാകില്ലെങ്കിലും തമിഴത്തി വായിലവശേഷിച്ച പല്ലുകള്‍ പുറത്ത്‌ കാട്ടി കുലുങ്ങിച്ചിരിക്കും. മൂക്കിലെ രണ്ട്‌ ഭാഗത്തേയും മൂക്കുത്തികള്‍ക്കൊപ്പം തുള വീണ ചെവിയും ചിരിയില്‍ ലയിക്കും. ആ ചിരി കാണുമ്പോള്‍ പൊട്ടിച്ചി വലിയ തൊള്ള തുറന്ന്‌ ഒരു പ്രത്യേക ശബ്ദത്തോടെ ചിരിയില്‍ പങ്കുചേരും.

കൊച്ചൌസേപ്പ്‌ മാപ്ളയുടെ പറമ്പില്‍ തെങ്ങ്‌ കയറ്റം. പൊട്ടിച്ചി നാളികേരമെല്ലാം പെറുക്കി കൂട്ടുകയാണ്‌. പരിസരത്ത്‌ മറ്റാരുമില്ല. കൊച്ചൌസേപ്പിന്റെ ഇളയ മകന്‍ ജോസ്‌ അതുവഴി വന്നു. കുനിഞ്ഞുനിന്ന്‌ നാളികേരം മാറ്റിയിടുന്ന പൊട്ടിച്ചിയുടെ ചന്തിയില്‍ ഒറ്റപ്പിടുത്തം. പെട്ടെന്നായതിനാല്‍ ഒന്നു ഞെട്ടിയ പൊട്ടിച്ചി ഒരു കയ്യില്‍ നാളികേരവുമായി ഉയര്‍ന്നപ്പോള്‍ ജോസ്‌ പുറകില്‍. ജോസിനൊരു വെപ്രാളം. ഒരടി പുറകോട്ട്‌ നീങ്ങിയപ്പോള്‍ പൊട്ടിച്ചി കയ്യില്‍ കയറി പിടിച്ചു.

" ഇഞ്ഞിം പിടിക്ക്‌. നല്ല സൊകം"

പെട്ടെന്ന്‌ കൈ വിടുവിച്ച്‌ ജോസ്‌ തിരിഞ്ഞ്‌ നടന്നു. ഇതൊന്നും അറിയാതെ തെങ്ങുകയറ്റക്കാരന്‍ പട്ട വെട്ടി താഴെ ഇടുന്നുണ്ടായിരുന്നു. ആ സംഭവത്തിന്‌ ശേഷം കൊച്ചൌസേപ്പ്‌ മാപ്ളയുടെ വീട്ടിലെ പണിക്ക്‌ പോകാന്‍ മാത്രമെ പോട്ടിച്ചിക്ക് ഇഷ്ടമുണ്ടായിരുന്നുള്ളു. തരം കിട്ടുമ്പോഴൊക്കെ ജോസ്‌ പൊട്ടിച്ചിയുടെ ചന്തിക്ക്‌ പിടിച്ച്‌ കൊണ്ടിരുന്നു.

തമിഴത്തിയോട്‌ മാത്രമെ എല്ലാം പറയൂ. എന്ത്‌ കേട്ടാലും ചിരിക്കുക എന്നതാണ്‌ തള്ളയുടെ പണി.

"പൊത്തിച്ചി, ഉന്‍ വയറ്‌ റൊമ്പ പെറ്‍സായിറ്‍ക്ക്‌. എന്നാച്ച്‌?" ഉയര്‍ന്ന വയറ്‌ കണ്ട്‌ തള്ളക്ക്‌ ആശങ്ക.

"ആവൊ"

എന്തുകൊണ്ട്‌ വയറ്‌ വീര്‍ത്തു എന്ന്‌ തിട്ടമില്ലാതെ എന്താണ്‌ ഉത്തരം പറയുക. പലതും ചോദിച്ചെങ്കിലും പൊട്ടിച്ചിക്ക്‌ ഒന്നും അറിയില്ലായിരുന്നു. അവസാനമാണ്‌ ജോസിനെക്കുറിച്ച്‌ സംസാരിച്ചത്‌. ജോസ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോഴേക്കും പൊട്ടിച്ചിയില്‍ ഉണര്‍വും ആവേശവും അണപൊട്ടുന്നത്‌ കണ്ട്‌ തമിഴത്തിത്തള്ള എല്ലം ചോദിച്ചു.

ആരും ഇല്ലാത്ത സമയത്ത്‌ ജോസ്‌ പലപ്പോഴും മേത്ത്‌ കയറിക്കിടക്കാറുണ്ടെന്നും, അങ്ങനെ കയറിക്കിടക്കുന്ന സമയത്ത്‌ പാവാട ഉയര്‍ത്തി മുഖവും തലയും മൂടാറുണ്ടെന്നും, അടിവയറ്റിലൊരു സുഖം വരാറുണ്ടെന്നും ഒക്കെ പറഞ്ഞു.

പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.

ആക്രി പെറുക്കുന്ന തമിഴന്‍മാരുടെ കൂമ്പ്‌ നോക്കി ഇടിച്ചു നാട്ടുകാര്‍. എന്തൊരു ധാര്‍മ്മികരോഷം..! കറുമ്പി പെണ്‍കുട്ടികളുടെ കൈക്ക്‌ പിടിച്ച്‌ വലിച്ചു. സഹികെട്ട തമിഴത്തിത്തള്ള വെട്ടോത്തിയെടുത്ത്‌ പുറത്ത്‌ വന്ന്‌ അലറി.

"ടായ്‌..പുണ്ടച്ചിമക്കളെ..എന്നാ തിമിറ്‌ ഉങ്കള്‍ക്കെല്ലാം. യാരാവത്‌ അടുത്താല്‍ വെട്ടിടുവേന്‍." വെട്ടോത്തി വീശി തള്ള കോപം കൊണ്ട്‌ വിറച്ചു.

ധാര്‍മ്മിക രോഷക്കാര്‍ റോഡിനു മുകളിലേക്ക്‌ ഓടിക്കയറി.

"നാങ്കെ ആക്രി വേല താന്‍ പണ്ണത്‌. ആനാല്‍ നായ പോലെ അല്ലൈ. പശിക്കായ്‌ പണി ശെയ്യത്‌, പാശത്ത്ക്കായ്‌ പാവമാകത്‌. ആനാല്‍ മലയാലത്ത്‌ മക്കള്‍ അന്തമാതിരി അല്ലൈ. പൊത്തിച്ചിയെ പാക്ക്‌...മലയാലത്ത്കാരന്‍ യൊരു നായ താന്‍ ഇന്ത മാതിരി പണ്ണി വെച്ചിറ്‍ക്ക്‌. അങ്കൈ പോയി കേള്‌." നീട്ടിത്തുപ്പിക്കൊണ്ട്‌ മുകളിലേക്ക്‌ നോക്കി വിളിച്ച്‌ പറഞ്ഞ തമിഴത്തി ചവിട്ടിത്തുള്ളി അകത്തേക്ക്‌ പോയി.

പിന്നെ ഇതാരായിരിക്കും? എല്ലാരും പരസ്പരം മുഖത്തോട്‌ മുഖം നോക്കി. മുഖത്ത്‌ നോക്കിയാല്‍ അടുക്കാന്‍ പോലും അറപ്പ്‌ തോന്നുന്ന അതിന്റെ അടുത്ത്‌ ഏതവനായിരിക്കും ഈ പണി ഒപ്പിച്ചത്‌. ആര്‍ക്കും അത്തരം ഒരു വ്യക്തിയെ കണ്ടെത്താന്‍ ആയില്ല. ഇക്കാര്യത്തില്‍ സ്വന്തം അച്ഛനെപ്പോലും വിശ്വസിക്കരുതെന്ന ചിലരുടെ അഭിപ്രായമാണ്‌ പലരിലേക്കും സംശയങ്ങള്‍ എത്തിച്ചേരാന്‍ ഇടയാക്കിയത്‌.

എന്നാലും ജോസിനെ സംശയിക്കാന്‍ പലര്‍ക്കും പ്രയാസമായിരുന്നു. സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറാത്തവന്‍, സല്‍സ്വഭാവി, ദാനശീലന്‍ എന്നീ ഗുണങ്ങള്‍ക്ക്‌ പുറമെ കൂട്ടുകാര്‍ക്ക്‌ വെള്ളമടിയും അത്യാവശ്യം അല്ലറ ചില്ലറയും നല്‍കുന്നവന്‍. അതുകൊണ്ടുതന്നെ അല്ലെന്നു സമര്‍ത്ഥിക്കാനാണ്‌ പലരും മെനക്കെട്ടത്‌.

മാസങ്ങള്‍ കഴിയുന്തോറും പൊട്ടിച്ചിയുടെ വയറ്‌ വീര്‍ത്ത്‌ വന്നു. മെല്ലിച്ച ശരീരത്തില്‍ ഒരു വലിയ വയറ്‌ കൂടി ആയപ്പോള്‍ ഒന്നുകൂടി വികൃതമായി. പല മാന്യരുടേയും ധാര്‍മ്മികരോഷം മദ്യത്തില്‍ മുങ്ങിക്കുളിച്ചപ്പോള്‍ പാവം പൊട്ടിച്ചിയും വയറും അനാഥമായി തമിഴത്തിത്തള്ളയുടെ മങ്ങിയ ചിരിക്കുള്ളില്‍ സാന്ത്വനം തേടി.

ഒരു കറുത്ത രാത്രിയില്‍ മഴ വീണ്ടും ഗര്‍ജ്ജിച്ചു. ഇരുട്ടിലൂടെ കലക്കവെള്ളം കുത്തിയൊലിച്ച്‌ വഴിച്ചാലിലൂടെ പാഞ്ഞു. ഇടിവെട്ടിനിടയില്‍ പൊട്ടിച്ചിയുടെ കരച്ചില്‍ തുരുമ്പിച്ചു. സംശയം തോന്നിയ തമിഴത്തി ഓടിയെത്തി കൂര മറച്ചിരുന്ന സിമന്‍റ്‌ ചാക്ക്‌ ഉയര്‍ത്തി നോക്കി. മിന്നലിന്റെ വെളിച്ചത്തില്‍, പൊട്ടിച്ചി അകത്ത്‌ കയറിയ കലക്കവെള്ളത്തില്‍ കാലിട്ടടിച്ച്‌ വയറ്‌ പൊത്തി അലറുന്നത്‌ കണ്ടു.

ശങ്കിക്കാതെ തിരിച്ചോടി സ്വന്തം കുടിലില്‍ നിന്ന്‌ കുറേ പഴന്തുണിയും കറിക്കത്തിയുമായി തമിഴത്തിത്തള്ള, ചാരിവെച്ചിരുന്ന പൊട്ടിച്ചിയുടെ കൂരയുടെ പാട്ടക്കതക്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നു. കതകടച്ച്‌ ചിമ്മിനി വെളക്ക്‌ കത്തിച്ചു. അരണ്ട പ്രകാശത്തില്‍ അരക്ക്‌ താഴെ ഉടുതുണിയില്ലാതെ മുക്കിയും മൂളിയും കലക്കവെള്ളത്തില്‍ കാലിട്ടടിക്കുന്നു പൊട്ടിച്ചി. ശകാരങ്ങള്‍ക്കും ഞരക്കങ്ങള്‍ക്കും ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍. വഴുവഴുപ്പില്‍ നിന്ന്‌ കൊച്ചിനെയെടുത്ത്‌ പൊക്കിള്‍ക്കൊടി കത്തി കൊണ്ട്‌ കണ്ടിച്ചു. വഴുവഴുപ്പെല്ലാം പഴന്തുണികൊണ്ട്‌ തുടച്ച്‌ വെള്ളമില്ലാത്ത ഭാഗത്ത്‌ കൊച്ചിനെ കിടത്തി. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു. ചെറിയൊരു അനക്കം മാത്രം അവശേഷിച്ച പൊട്ടിച്ചിയില്‍ നിന്ന്‌ നിലയ്ക്കാത്ത ചോര അവശിഷ്ടങ്ങളുമായി ചേര്‍ന്ന്‌ കലക്കവെള്ളത്തിലൂടെ പുറത്തേക്ക്‌ ഇഴഞ്ഞു.

വിടവുകളിലൂടെ അകത്ത്‌ കടന്ന കാറ്റ് ചിമ്മിനിവെട്ടം ഊതി കെടുത്തി.

അമ്മത്തൊട്ടില്‍ മാത്രം അഭയമായ പിഞ്ച്‌ മനസ്സ്‌ ഇരു‍ട്ടില്‍ കാറി കരഞ്ഞു.

103 അഭിപ്രായങ്ങൾ:

 1. "പൊട്ടിച്ചിയുടെ വിവരണം നന്നായിരുന്നു... "

  നല്ലൊരു കഥ.... ഇന്നത്തെ അവസ്ഥയെ വരച്ചുകാണിക്കാന്‍ നടത്തിയ ശ്രമം നന്നായി....പൊട്ടിച്ചിയെപ്പോലെ എത്രയോപേര്‍....

  അവര്‍കൊക്കെ ഈ കഥ സമര്‍പ്പിക്കാം അല്ലെ?

  സസ്നേഹം,

  കൊച്ചുരവി

  മറുപടിഇല്ലാതാക്കൂ
 2. വല്ലാത്ത അവതരണം മാഷേ.വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. നല്ലൊരു കഥ
  വളരെ നന്നായി എഴുതി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. എന്തു കൊണ്ട് ജോസിന്റെ പേര്‌ ആരും പറഞ്ഞില്ല?...

  ഈ കഥയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമൊ?..

  മറുപടിഇല്ലാതാക്കൂ
 5. അനാഥയായ സ്ത്രീ ദരിദ്രയും മന്ദബുദ്ധിയുമാവുമ്പോൾ......... രാംജിയുടെ നിരീക്ഷണം സത്യമാണ്. വളരെ നന്നായി എഴുതി.ആഘാതമായി മനസ്സിലമരുന്ന വാങ്മയം.
  ഈ ദൈന്യം തിരിച്ചറിയാൻ കഴിയുന്നത് കുറച്ച് പേർക്ക് മാത്രമാണെന്ന അനുഭവത്തോട് ചേർത്ത് വായിയ്ക്കുമ്പോൾ കണ്ണു നിറയുന്നു.
  അഭിനന്ദനങ്ങൾ, കഥാകാരാ.

  മറുപടിഇല്ലാതാക്കൂ
 6. നല്ല കെട്ടുറപ്പുള്ള കഥ. നല്ല ഭാഷ. സാധാരണ കാണാറുള്ളതിനെക്കാളും ഉയര്‍ന്ന range-ല്‍ എത്തിയിരിക്കുന്നു. നല്ല ഒരു "റാംജി ടച്ച്‌"

  മറുപടിഇല്ലാതാക്കൂ
 7. നല്ലൊരു കഥ കൂടെ റാംജിയുടെ ശൈലി കൂടി ആയപ്പോള്‍ വളരെ നന്നായി...

  മറുപടിഇല്ലാതാക്കൂ
 8. നല്ലൊരു കഥ വായിച്ച അനുഭൂതി.
  അത് റാംജിയുടെ എല്ലാ കഥകളും നല്‍കാറുമുണ്ട്.
  ഒരു നൊമ്പരം ബാക്കി.

  മറുപടിഇല്ലാതാക്കൂ
 9. പ്രസവച്ചോരയുടെ ചൂര്‌ കൂരയില്‍ നിന്ന്‌ സിമന്‍റ്‌ ചാക്കിനിടയിലൂടെ പുറത്തെ കനത്ത മഴയില്‍ അലിഞ്ഞു കൊണ്ടിരുന്നു................
  ............
  ............ഇത്ര തീവ്രമായ വരികള്‍ അടുത്തൊന്നും വായിച്ചിട്ടില്ല.....ചോരയുടെ ഇത്തരം ദ്രിശ്യങ്ങള്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉണ്ട്

  മറുപടിഇല്ലാതാക്കൂ
 10. റാംജി ഭായ്
  വളരെ ശക്തമായ ഭാഷ ,നല്ല കഥ . മുന്‍പുള്ള കഥകളില്‍ നിന്നും വ്യത്യസ്തമായ അവതരണം . ഇഷ്ട്ടമായി

  മറുപടിഇല്ലാതാക്കൂ
 11. ഞങ്ങള്‍ ന്യൂബോബേയില്‍ താമസ്സിക്കുന്ന കാലത്ത് വഴിയരികിലുള്ള മരല്‍ത്തണലില്‍ ഇങ്ങിനെ ഒരു സ്തീയെ കാണാറുണ്ടായിരുന്നു.
  വളരെ നന്നായി പറഞ്ഞ കഥ.

  മറുപടിഇല്ലാതാക്കൂ
 12. വളരെ വ്യക്തവും ശക്തവുമായി പറഞ്ഞിരിക്കുന്നു...
  മനസ്സില്‍ തട്ടുന്ന വരികള്‍..
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 13. റാംജി, നല്ല കഥ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. കഥയിലെ കേന്ദ്രബിന്ദുവായ പൊട്ടിച്ചിയും അവളുടെ രൂപ ഭാവങ്ങളും കുടിലും പ്രസവരംഗങ്ങളും അതേപടി മനസ്സില്‍ തെളിഞ്ഞു വന്ന് ഹൃദയത്തിന്റെ ആര്‍ദ്ര തലങ്ങളില്‍ പ്രകമ്പനം കൊള്ളിക്കുന്ന എഴുത്ത്. മാന്യതയുടെ മുഖം മൂടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച മനുഷ്യന്‍ എന്നവന്യ ജീവിയുടെ മൃഗീയതകളും അധാര്‍മ്മിതകളുടെ കൊടിക്കീഴില്‍ അഴിഞ്ഞാടുന്ന ധാര്‍മ്മിക രോഷക്കാരെയും കഥാകൃത്ത് തന്മയത്വത്തോടെ അതി സമര്‍ത്തമായി വരികളിലൂടെ വരച്ചു കാണിച്ചിരിക്കുന്നു .ഒരു പൊട്ടിച്ചിയുടെ ഈറ്റ് നോവിന്റെ അന്ത്യത്തില്‍ പ്രവഹിച്ച പേറ്റു ചോര കലക്കവെള്ളത്തില്‍ ഒഴുകിപ്പോകുമ്പോള്‍ വേദനിക്കുന്നതും മലീമസമാകുന്നതും സമൂഹ മനസ്സാക്ഷിയാണ് . പൊക്കിള്‍ കോടിയില്‍ തമിഴത്തി കത്തി വെച്ചപ്പോള്‍ മുറിവേറ്റത് മാനുഷിക മൂല്യങ്ങള്‍ക്കാണ് . അഭിനന്ദനങ്ങള്‍ റാംജി.

  മറുപടിഇല്ലാതാക്കൂ
 15. Pranavam Ravikumar a.k.a. Kochuravi,
  മുന്നത്തെതു പോലെ ആദ്യ അഭിപ്രായത്തിന്‌
  നന്ദി സുഹൃത്തെ.

  അരുണ്‍ കായംകുളം,
  ചിലതൊക്കെ തുറന്നു പറയണ്ടേ അരുണ്‍.
  നന്ദി.

  ramanika,
  നന്ദി രമണിക.

  Sabu M H,
  രണ്ടാം ഭാഗം എന്തിന് സാബു.
  ഇതിവിടെ അവസാനിക്കുന്നു.
  നന്ദി സാബു.

  Echmukutty,
  ഒരു കാഴ്ചയുടെ
  കാനലിന്റെ അനുഭവം ഇതിലുണ്ട്.
  നന്ദിയുണ്ട് എച്മു.

  ÐIV▲RΣTT▲Ñ,
  നല്ല വാക്കുകള്ക്ക്
  നന്ദി ദിവാരേട്ടാ.

  Jishad Cronic,
  നന്ദി ജിഷാദ്.

  the man to walk with,
  നന്ദി സുഹൃത്തെ.

  ചെറുവാടി,
  നന്ദി ചെറുവാടി.

  ആയിരത്തിയൊന്നാംരാവ്,
  നന്ദി സുഹൃത്തെ.

  Renjith,
  നന്ദി രഞ്ജിത്.

  jyo,
  പൊട്ടിച്ചിയെ എന്റെ വരികളിലൂടെ
  മനസ്സിലാക്കാന്‍ സാധിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം.
  നന്ദി ജ്യോ.

  പാവത്താൻ,
  നന്ദി സുഹൃത്തെ.

  റിയാസ് (മിഴിനീര്ത്തു ള്ളി),
  നന്ദി റിയാസ്‌.

  മറുപടിഇല്ലാതാക്കൂ
 16. അവൻ, ആ വൃത്തികെട്ട മനുഷ്യൻ, അമ്മത്തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടുന്നവൻ.
  കഥ വളരെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 17. കാഴ്ചയുടെ വൈരൂപ്യത്തെ പോലും വെറുതെവിടാത്ത കാമം..!
  നല്ല പ്രമേയം , വ്യെക്തമായ ഭാഷ,
  ഒന്നും വിട്ടുകളയാത്ത വിവരണം..!
  മൊത്തത്തില്‍ ഒരു സമ്പൂര്‍ണ്ണ റാംജികഥ..!

  മറുപടിഇല്ലാതാക്കൂ
 18. മിനി പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്. !!

  മറുപടിഇല്ലാതാക്കൂ
 19. ജീവിതം പോലൊരു കഥ... വളരെ ശക്തമായി പറഞ്ഞല്ലോ.
  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 20. വിരുപ ദരിദ്ര എങ്കിലും അവള്‍ ഒരു പെണ്ണ്
  ബുദ്ധിയുറക്കാത്ത അനാഥ,അതു തന്നെയാണ്
  ജോസിനെ സംശയത്തിന്റെ നിഴല്‍ പോലും വീഴാതെ കാത്തത്
  ഇതു പോലെ എത്രയോ പൊട്ടിച്ചിമാര്‍...
  ശക്തമായ ഭാഷയില്‍ എഴുതിയ കഥ.

  മറുപടിഇല്ലാതാക്കൂ
 21. റാംജി,
  ഇതിനു മുമ്പേ എഴുതിയിടുള്ള കഥകള്‍ (recent ) എല്ലാം ഇഷ്ടപെട്ടിരുന്നു എങ്കിലും ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.
  വളരെ വളരെ നന്നായിരിക്കുന്നു. ലളിതമായ ഭാഷയാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌. ഏറ്റവും ഇഷ്ടപെട്ട ചിലവരികള്‍ ചുവടെ ചേര്‍ക്കുന്നു.
  "പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി. "ഇതാണ് നമ്മുടെ സമൂഹം. അടുത്ത വരികളില്‍ പറഞ്ഞതാണ് സത്യം, എന്തൊരു ധാര്‍മിക ബോധം..


  സങ്കടം ഒന്ന് മാത്രം. വീണ്ടും ഒരു പൊട്ടിച്ചി കൂടി ഈ ലോകത്തേക്...
  ഈ കഥ വായിച്ചു കഴിഞ്ഞപ്പോ ഈ കവിതയാണ് മനസ്സിലേക്ക് ഓടിയെത്തിയത്.. ക്ലിക്കൂ
  ഇനിയും നല്ല കഥകള്‍ കേള്‍ക്കാനായി വരാം.
  കാണാം..കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌

  മറുപടിഇല്ലാതാക്കൂ
 22. പൊട്ടിച്ചിയേയും അവളുടെ ജീവിതവും മുൻപിൽ കാണുന്നതുപോലെ...

  മറുപടിഇല്ലാതാക്കൂ
 23. ജോണ് എബ്രഹാമിന്റെ അഗ്രഹാരത്തിലെ കഴുതയിലും ഇങ്ങനെ ഒരു സംഭവമുണ്ട്. അതുകൊണ്ട് ഈ കഥക്കു സാംഗത്യം ഇല്ല എന്നല്ലാ ട്ടോ. ഇത് വായിച്ചപ്പോള്‍ ആ രംഗങ്ങള്‍ മനസ്സില്‍ ഓടി വന്നു. നന്നായി ഈ പുതിയ മേച്ചില്‍ പുറങ്ങള്‍ . ഹൃദയ സ്പര്‍ശിയായി.

  മറുപടിഇല്ലാതാക്കൂ
 24. റാംജി,
  ഇതിനു മുമ്പേ എഴുതിയിടുള്ള കഥകള്‍ (recent ) എല്ലാം ഇഷ്ടപെട്ടിരുന്നു എങ്കിലും ഏറ്റവും ഇഷ്ടപെട്ടത് ഇതാണ്.
  വളരെ വളരെ നന്നായിരിക്കുന്നു. ലളിതമായ ഭാഷയാണ്‌ ഇതിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌. ഏറ്റവും ഇഷ്ടപെട്ട ചിലവരികള്‍ ചുവടെ ചേര്‍ക്കുന്നു.
  "പൊട്ടിച്ചിക്ക്‌ വയറ്റിലുണ്ടെന്ന്‌ റോഡുവക്കുള്ളവരോക്കെ പെട്ടെന്നറിഞ്ഞു. ആത്മരോഷം പെരുകിയ നാട്ടുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി. " ഇതാണ് നമ്മുടെ സമൂഹം. അടുത്ത വരികളില്‍ പറഞ്ഞതാണ് സത്യം, എന്തൊരു ധാര്‍മിക ബോധം..

  സങ്കടം ഒന്ന് മാത്രം. വീണ്ടും ഒരു പൊട്ടിച്ചി കൂടി ഈ ലോകത്തേക്...
  ഈ കഥ വായിച്ചു കഴിഞ്ഞപ്പോ പനച്ചൂരാന്റെ ഈ കവിതയാണ് മനസ്സിലേക്ക് ഓടിയെത്തിയത്.. ക്ലിക്കൂ
  ഇനിയും നല്ല കഥകള്‍ കേള്‍ക്കാനായി വരാം.
  കാണാം..കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ്‌ ഹിന്ദ്‌

  മറുപടിഇല്ലാതാക്കൂ
 25. ഇത്തവണയും രസച്ചരട് ഒട്ടും മുറിഞ്ഞില്ലാ...ഭംഗിയായി.
  വായിക്കുന്ന ഓരോ വരിയും മനസ്സില്‍ തെളിഞ്ഞു കൊണ്ടേ ഇരുന്നു..

  മറുപടിഇല്ലാതാക്കൂ
 26. റാംജീ....
  പൊട്ടിച്ചിമാരെ പുറംലോകമറിയാന്‍ ഇത്തരത്തിലുള്ള കഥകള്‍ സഹായിക്കട്ടെ.... ചിത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് നന്നാവുന്നുണ്ട്.... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 27. മലയാളിക്കൊരു കൊട്ടാണല്ലേ.. സംഗതി കലക്കി..
  ധാനശീലന്‍ എന്നത് ദാനശീലന്‍ എന്നു തിരുത്തുമല്ലോ

  മറുപടിഇല്ലാതാക്കൂ
 28. റാംജീ, ഒന്നും പറയാനില്ല. ഒരു കാര്യം മാത്രം..... ഹാറ്റ്സ് ഓഫ്‌....!

  മറുപടിഇല്ലാതാക്കൂ
 29. വളരെ മനോഹരമായി പറഞ്ഞു റാംജി.. എനിക്ക് ഒത്തിരി ഇഷ്ടമായി ഈ കഥ

  മറുപടിഇല്ലാതാക്കൂ
 30. തെച്ചിക്കോടന്‍,
  നന്ദി സുഹൃത്തെ.

  Abdulkader kodungallur,
  കഥയെ അരിച്ച് കുറുക്കി ഓരോ വാചകങ്ങളും എടുത്ത്‌ അതിന്റെ വിശദീകരണം നന്നായി പറഞ്ഞപ്പോള്‍ കഥയേക്കാള്‍ നല്ല അഭിപ്രായമായി.
  നന്ദി ഭായി..

  mini//മിനി,
  നന്ദി ടീച്ചറെ.

  A.FAISAL,
  നല്ല വാക്കുകള്ക്ക്്
  നന്ദി ഫൈസല്‍.

  Sukanya,
  നന്ദി സുകന്യ.

  ഉഷശ്രീ (കിലുക്കാംപെട്ടി),
  സത്യമായ കഥ.
  നന്ദി കിലുക്കാംപെട്ടി.

  അലി,
  നന്ദി അലി.

  മാണിക്യം,
  അത് മാത്രമല്ല ചേച്ചി.
  നമ്മുടെ നാട്ടില്‍ ഒരുവന്‍ മറ്റുള്ളവര്ക്ക് നല്കുന്ന “നക്കലുകളില്‍” കീഴ്പ്പെടുന്നവര്‍ ഈ ഒരുവന്റെ തെറ്റുകളെ മൂടിവെക്കാന്‍ ആവത് മറ്റുള്ളവര്‍ ചെയ്യുന്നു എന്ന ഒരു ഭാഗം കൂടി വരുന്നുണ്ട്.
  നന്ദി ചേച്ചി..

  ഉമേഷ്‌ പിലിക്കൊട്,
  നന്ദി ഉമേഷ്‌.

  Typist | എഴുത്തുകാരി,
  നന്ദി ചേച്ചി..

  ഭാനു കളരിക്കല്‍,
  നന്ദി ഭാനു.

  ഹാപ്പി ബാച്ചിലേഴ്സ്,
  കവിത കേട്ടു. പനച്ചൂരാന്‍റെ വരികളെ
  അല്പം കൂടി ഗൌരവത്തോടെ ചുള്ളിക്കാട് ചോല്ലണമായിരുന്നു എന്ന് തോന്നി.
  നന്ദി ബാച്ചിലേഴ്സ്.

  വരയും വരിയും : സിബു നൂറനാട്,
  നന്ദി സിബു.

  മറുപടിഇല്ലാതാക്കൂ
 31. റാംജി ഭായ് ..എനിക്ക് ഒന്നും പറയാന്‍ ഇല്ല... ,കഥയും ,വിഷയവും കൂടെ അവസാനവും വായിച്ചപോള്‍ ,ഇത്ര കട്ടിയായി എഴുതിയ ഒരു പോസ്റ്റ്‌(ബ്ലോഗില്‍) ഞാന്‍ ഇത് വരെ വായിച്ചിട്ടില്ല ..നന്നായി ഭായി.ഇനിയും ഒരുപാട് എഴുതുവാന്‍ കഴിയട്ടെ ..

  മറുപടിഇല്ലാതാക്കൂ
 32. നമ്മുടെ നാട്ടില്‍ ഈ ഒരു കാര്യത്തില്‍ മാത്രമെന്താ ഇത്ര ധാര്‍മ്മികബോധം എന്ന് പലവാര്‍ത്തകളും തോന്നിപ്പിക്കാറുണ്ട് .നമുക്കിവിടെ നാനാത്വത്തിലുള്ള ഏകത്വം ഈ കൂരപൊക്കല്‍ സദാചാരത്തില്‍ മാത്രമേ തെളിഞ്ഞു കാണാറുള്ളൂ .
  ജോസുമാരെ മൃഗമെന്ന് വിളിച്ച് മൃഗങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നില്ല ,അവയ്ക്ക് ഈ വക കാര്യങ്ങള്‍ക്ക് കൃത്യമായ കാലമെങിലുമുണ്ടല്ലോ .ഈ നരജന്മത്തിനു മാത്രമല്ലേ കോള്‍ സെന്ററിന്റെ നമ്പര്‍ പറയുമ്പോലെ 24365 ഈ ഒരു വികാരം കൊണ്ട് നടക്കാറുള്ളൂ .എന്ന ഇതില്‍ നിന്നൊരു മോചനം ...

  ഒരു നേര്‍ക്കാഴ്ച തന്നെയായി റാംജീ കഥ .ഒരു കതയായി മാത്രം ഇതു പറയാന്‍ കഴിയുന്ന ഒരു കാലം ഉണ്ടായെങ്കില്‍ .....

  മറുപടിഇല്ലാതാക്കൂ
 33. റാംജിയുടെ തികച്ചും വ്യത്യസ്തമായ ഈ കഥ ആ പ്രമേയം ആവിശ്യപ്പെടുന്ന ശ്ക്തവും, തീഷ്ണവുമായ ഭാഷയില്‍ അവ്തരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. വികൃതമായ മലയാളി മനസ്സിന്റെ കപട സദാചാരത്തിനു നേര്‍ക്ക് ശക്തമായ ഒരു ചാട്ടുളി.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 34. ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി.


  ഈ വരികള് മതിയെനിക്ക്. ക്രാഫ്റ്റിങ്ങിലെ സൂക്ഷ്മതയും ക്രമവും വീണ്ടും വീണ്ടും വായിപ്പിക്കുന്നു. എഴുത്തിലെ ധാര്മ്മികവിപ്ലവ ശബ്ദംതന്നെ.

  മറുപടിഇല്ലാതാക്കൂ
 35. ശക്തമായ വരികളില്‍കൂടി സത്യം പറയാന്‍ കാണിച്ച ആര്ജ്ജവത്തിന് അഭിനന്ദഞങ്ങള്‍.
  ശരിക്കും ചിന്തിപ്പിക്കുന്ന കഥ.

  മറുപടിഇല്ലാതാക്കൂ
 36. ചേട്ടാ .....നല്ല ശൈലി ..നന്നായിട്ടുണ്ട് .കഥ .....തുറന്നു എഴുതാന്‍ ഉള്ള ഈ ആര്‍ജവം എന്നും ഉണ്ടാവട്ടെ
  ...കഥ വായിച്ചിട്ടുണ് രണ്ടു ദിവസമായി ..കമ്മന്റ് മാറാന് പോയി ഇടാന്‍ ...............

  മറുപടിഇല്ലാതാക്കൂ
 37. വാക്കുകൾ കൊണ്ടും,വരകൾ കൊണ്ടും പൊട്ടിച്ചിയുടെ രൂപഭാവങ്ങൾക്ക് തുടക്കം കുറിച്ച്,ഒട്ടും മന:സാക്ഷിയില്ലാത്ത സമൂഹത്തിന്റെ മുഖമൂടികൾ വലിച്ചു കീറിയിരിക്കുന്നു....!
  അഭിനന്ദനങ്ങൾ....

  ബൂലോഗത്തിൽ മാത്രമല്ല... ,മലയാളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും , താങ്കളുടെ പലകഥകളും വരേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു...കേട്ടൊ റാംജി.

  മറുപടിഇല്ലാതാക്കൂ
 38. റാംജി ,നല്ലൊരു കഥ എന്നുപരയുന്ന്തിലും നടക്കുന്ന കഥ .പൊട്ടി ആയാലും സാരമില്ല കോലിന്റെമേല്‍ തുണി ചുറ്റിയ ഒരു രൂപം മതി . ഇത്രക്കും frustration ....എന്തു പറയാന്‍ ...

  മറുപടിഇല്ലാതാക്കൂ
 39. വളരെ ഹൃദയസ്പര്‍‌ശിയായ കഥ. നിസ്സഹായരെ ഒളിഞ്ഞും തെളിഞ്ഞും ചൂഷണം ചെയ്യുന്ന എത്രയൊ ആള്‍ക്കാരാണ്‌ സമൂഹത്തിലുള്ളത്. ജീവിതമെന്തന്നറിയാത്ത ഒരു പാവം പെണ്‍കുട്ടിയെ ചൂഷണം ചെയ്യുക. എത്രയോ അധമമായ പ്രവര്‍‌ത്തിയാണ്‌ ജോസ് ചെയ്തത്‌.

  ഈ കഥ എന്നെ ചിന്തിപ്പിക്കുകയും ഒപ്പം വേദനിപ്പിക്കുകയും ചെയ്തു. ഇതുപോലെ നല്ലൊരു കഥ ഞങ്ങള്‍ക്കു തന്നതിന്‌ നന്ദി. അഭിനന്ദങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 40. ശക്തമായ ഭാഷയില്‍ ഹൃദയ സ്പര്‍ശിയായ കഥ.വളരെ നന്നായി റാംജി.

  മറുപടിഇല്ലാതാക്കൂ
 41. thalayambalath,
  ചിത്രങ്ങള്‍ വലുതായി വരക്കാന്‍ അറിയില്ല.
  എന്നാലും കഴിയുന്നത് പോലെ ശ്രമിക്കുന്നു.
  നന്ദി സുഹൃത്തെ.

  ഒഴാക്കന്‍.,
  നന്ദി ഒഴാക്കന്‍.

  കുമാരന്‍ | kumaran,
  തിരുത്തിയിട്ടുണ്ട്.
  നന്ദി കുമാരന്‍.

  ആളവന്താുന്‍,
  നന്ദി സുഹൃത്തെ.

  Manoraj,
  നന്ദി മനു.

  perooran,
  നന്ദി സുഹൃത്തെ.

  siya,
  നന്ദി സിയാ.

  ജീവി കരിവെള്ളൂര്‍,
  കഥ മാത്രമായി നില്ക്ക ട്ടെ എന്ന് നമുക്ക്‌ ആശിക്കാം.
  നന്ദി ജീവി.

  അനില്കുീമാര്‍. സി.പി.,
  അതെ മാഷേ, വികൃതമായ സദാചാരം തന്നെ.
  നന്ദി.

  സലാഹ്,
  നല്ല വാക്ക്‌ുകള്ക്ക്
  നന്ദി സലാഹ്.

  കണ്ണൂരാന്‍ / Kannooraan,
  നന്ദി കണ്ണൂരാന്‍.

  jayarajmurukkumpuzha,
  നന്ദി സുഹൃത്തെ.

  MyDreams,
  നന്ദി സുഹൃത്തെ.

  മറുപടിഇല്ലാതാക്കൂ
 42. ഒരളവോളം അഭയകേന്ദ്രങ്ങളിലും ചൂഷണങ്ങൾ ഉണ്ടാകുന്നില്ലേ..

  മറുപടിഇല്ലാതാക്കൂ
 43. ആദ്യമായാണ് റാംജിയുടെ ഒരു കഥ വായിക്കുന്നത്. അസ്സലായിട്ടുണ്ട്. നല്ല അവതരണം. എന്നാലും ആ ജോസിനെ വെറുതെ വിടേണ്ടിയിരുന്നില്ല!

  മറുപടിഇല്ലാതാക്കൂ
 44. എവിടെയോ ഒരു വേദന അവശേഷിക്കുന്നു ...
  ആരോരുമില്ലാത്തവര്‍ക്ക് ഈ സമുഹത്തില്‍ സംഭവിക്കുന്നത്‌ ...
  നന്നായി അവതരിപ്പിച്ചിരിക്കുന്നു ..
  ഈ കഥകള്‍ എല്ലാം തന്നെ ഒരു പുസ്തകം ആക്കി കൂടെ രാംജി?

  മറുപടിഇല്ലാതാക്കൂ
 45. ഹായ് റാംജി
  തുറന്നു പറയട്ടെ, താങ്കളുടെ മറ്റു സൃഷ്ടികളെപോലെ എത്തിയില്ലെന്നൊരു തോന്നല്‍. നാട്ടിലേറെ കാണുന്ന ഒരു കാര്യം എടുത്തു പറഞ്ഞു എന്നതൊഴിച്ചാല്‍ കഥക്ക് ഒരു റാംജി ടച്ച്‌ കിട്ടിയില്ല. പലഭാഗങ്ങളിലും ഒരു വിവരണത്തിന്‍റെ പ്രതീതി. ഒന്നുകൂടി മനസ്സുവച്ചിരുന്നെങ്കില്‍ കുറെക്കൂടി നന്നാകുമായിരുന്നു.
  വയലാറിന്‍റെ "ആയിഷ" മുതല്‍ "പൊട്ടിച്ചി" വരെ വലിച്ചുകെട്ടിയ കീറച്ചാക്കിന്‍റെ മറയില്‍ ഈറ്റില്ലം തീര്‍ത്തവര്‍ക്കായി രക്തചൂരുള്ള മഴവെള്ളം കുത്തി ഒഴുകട്ടെ. ആ ഒഴുക്കില്‍ മുഖംമൂടികള്‍ ഒലിച്ചു പോകട്ടെ. അവസാനം എല്ലാം കലങ്ങി തെളിയട്ടെ. ഭാവുകങ്ങള്‍ റാംജി.

  സ്നേഹപൂര്‍വ്വം
  ഖാലിദ്‌ കല്ലൂര്‍

  മറുപടിഇല്ലാതാക്കൂ
 46. പൊക്കില്‍കൊടി മുറിക്കാനെടുത്ത ആ കറിക്കത്തി വായനക്കാരുടെ മനസ്സിലാണ്‌ മുറിവേല്‍‌പ്പിക്കുന്നത്‌.
  ശിക്ഷിക്കപ്പെടാതെ പോകുന്ന "ജോസുകുട്ടികള്‍‌" തന്നെയാണ്‌ കഥകളില്‍‌ വേണ്ടത്‌; ഇത്തരം കാര്യങ്ങളില്‍‌ മംഗളമായി ഒന്നും തന്നെ അവസാനിക്കറില്ലല്ലൊ. പൊട്ടിച്ചികള്‍ക്ക്‌ എന്നാണ്‌ നീതി ലഭിച്ചിട്ടുള്ളത്‌??
  ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന രീതിയില്‍ ചിന്തിക്കുന്ന നിസ്സംഗരേക്കാളും, ഒരു കാര്യത്തിനെങ്കിലും ധാര്‍‌മികരോഷം കൊള്ളുന്ന നാട്ടുകാര്‍‌ അല്ലേ നല്ലത്‌?

  കഥ നന്നായിട്ടുണ്ട്‌.

  മറുപടിഇല്ലാതാക്കൂ
 47. കഥ നന്നായി പറഞ്ഞിരിക്കുന്നു റാംജീ...
  പക്ഷേ,കഥകളിലെങ്കിലും ഇത്തരം ജോസുമാരെ ശിക്ഷിച്ചിരുന്നെങ്കിൽ....!!?
  അല്ല, ഞാൻ വെറുതെ.. വെറുതെ ആഗ്രഹിച്ചു പോകുന്നതാണ്...

  അശംസകൾ...

  മറുപടിഇല്ലാതാക്കൂ
 48. അവതരണത്തില്‍ സത്യാ സന്ധത പുലര്‍ത്തിയിരിക്കുന്നു.
  പക്ഷെ ദൈവത്തിന്റെ ഈ നീതി എനിക്ക് മനസ്സിലാകുന്നില്ല...

  മറുപടിഇല്ലാതാക്കൂ
 49. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTAN,
  നല്ല വാക്കിനും നിര്ടെഷത്ത്തിനും
  നന്ദി മാഷേ.

  pournami,
  പെണ്മക്കള്‍ക്കു പോലും സ്വന്തം വീട്ടിനകത്ത് സുരക്ഷിതമല്ലാത്ത കാലം.
  നന്ദി.

  Vayady,
  ക്രൂരതകള്‍ക്ക് അംഗീകാരം കൂടിക്കൊണ്ടിരിക്കുന്ന കാലം.
  നന്ദി വായാടി നല്ല വാക്കുകള്‍ക്ക്.

  Dipin സോമന്‍,
  നന്ദി ദിപിന്‍.

  sajeesh kuruvath,
  അപ്പുറവും ചൂഷണം എന്ന് പറഞ്ഞു ഇപ്പുറം കാണാതിരിക്കുന്നത് ...
  നന്ദി സുഹൃത്തെ.

  Mohamedkutty മുഹമ്മദുകുട്ടി,
  ജോസിനെപ്പോലുള്ളവര്‍ക്ക് ശിക്ഷ കിട്ടുന്നില്ല എന്നിടത്താണ് നമ്മുടെ സാമൂഹ്യ ചുറ്റുപാട്.
  വീണ്ടും കാണാം. നന്ദി മാഷേ.

  സ്നേഹ,
  അശരണര്‍ക്ക് എപ്പോഴും അവഗണന തന്നെ തുടരുന്നു.
  നന്ദി സ്നേഹ.

  ഖാലിദ്‌ കല്ലൂര്‍,
  നിര്‍ദേശങ്ങള്‍ ഗൌരവപൂര്‍വ്വം കണക്കിലെടുക്കുന്നു മാഷേ.
  തുടര്‍ന്നും നിരീക്ഷണങ്ങള്‍ അറിയിക്കാന്‍ മറക്കരുത്
  തുറന്നെഴുതുന്നതിനു നന്ദിയുണ്ട് മാഷേ.

  മറുപടിഇല്ലാതാക്കൂ
 50. കുറച്ചു നാളായി റാംജിയുറെ കഥകള്‍ പഴയ പോലെ അത്രക്കങ്ങു മനസ്സില്‍ പിടിക്കുന്നില്ലായിരുന്നു. എല്ലാത്തിനും ഒരു ധൃതി പോലെ.
  പക്ഷേ ഈ കഥയുണ്ടല്ലോ ആ ഇമേജെല്ലാം മാറ്റി അത്രയ്ക്ക് സൂപ്പര്‍.അവസാനഭാഗംഅത്രക്കും ഫീല്‍ ചെയ്തു. ഈ രാത്രിയില്‍ വായിച്ചത് കാരണം ഇനി ഉറക്കവും വരില്ല .അത്രക്കും സങ്കടം വന്നു.
  ഇനിയും ഇത് പോലുള്ള നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 51. ഇതൊരു കുരുക്കിന്റെ കഥയാണ്‌..
  കുരുക്കുന്നവരും..കുരുങ്ങുന്നവരും കൂടിവരുന്ന ഈ കാലഘട്ടത്തിന്റെ കഥയും.!!

  ആശംസകള്‍!!
  ഹൃദയപൂര്‍വ്വം.

  മറുപടിഇല്ലാതാക്കൂ
 52. Sajivan,
  “ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന രീതിയില്‍ ചിന്തിക്കുന്ന നിസ്സംഗരേക്കാളും, ഒരു കാര്യത്തിനെങ്കിലും ധാര്‍‌മികരോഷം കൊള്ളുന്ന നാട്ടുകാര്‍‌ അല്ലേ നല്ലത്‌?”
  തീര്ച്ചനയായും സജീവന്‍.
  നന്ദി.

  വീ കെ,
  കഥകളില്‍ മാത്രം ജോസുമാരെ ശിക്ഷിച്ചിട്ടെന്താ?
  ഇത്തരക്കാര്ക്ക് എന്നെങ്കിലും ശിക്ഷ ലഭിക്കുന്നുണ്ടോ?
  നന്ദി വി കെ.

  കണ്ണനുണ്ണി,
  മുനുഷ്യര്‍ ചെയ്യേണ്ടത്‌ മനുഷ്യന്‍ തന്നെ ചെയ്യണം.
  അതില്‍ ദൈവത്തിന്റെ നീതി എന്നത് ഒഴിവു കഴിവാണ്.
  നന്ദി കണ്ണാ.

  റോസാപ്പൂക്കള്‍,
  നല്ല വാക്കുകള്ക്ക്
  നന്ദി റോസ്.

  Joy Palakkal ജോയ്‌ പാലക്കല്‍,
  കുരുക്കില്‍ അകപ്പെടുന്നവര്‍,
  നന്ദി ജോയ്‌.

  മറുപടിഇല്ലാതാക്കൂ
 53. അങ്ങനെ ജോസ് ചെയ്ത തെറ്റിന്റെ ജീവിക്കുന്ന അടയാളമായി ആ കുഞ്ഞു അമ്മത്തൊട്ടിലിലേക്ക്...ഒരു തിരിച്ചു വരവിനായി...
  നല്ല കഥ...റാംജീ...മനുഷ്യന്‍ മൃഗമാകുന്നത് മാദകത്വം കണ്ടിട്ടല്ല എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈ കഥക്ക് കഴിഞ്ഞിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 54. പൊട്ടിച്ചിമാർ ജീവിതം തള്ളി നീക്കുമ്പോൾ ജോസുമാർ കൂസലില്ലാതെ വിലസ്സുന്നു!!
  നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 55. റാംജീ,
  എല്ലാവരുടെയും അഭിപ്രായങ്ങളും വായിച്ചു. പൊട്ടിച്ചിയും ഒരു പെണ്ണ്. ജോസ് അവളിലെ വികാരങ്ങള്‍ ഉണര്‍ത്തി. അവന്‍റ ആവശ്യം അതായിരുന്നു.പാവം പൊട്ടിച്ചി.ജോസ് സമൂഹത്തിലെ ഉന്നതന്‍.പണം കൊണ്ട്.സംസ്ക്കാരം കൊണ്ട് അവന്‍പൊട്ടിച്ചിയെക്കാള്‍ ദരിദ്രന്‍.കള്ളുകൊടുത്ത് എല്ലാവരെയും വശത്താക്കാന്‍ ത്രാണിയുള്ളവന്‍.അതുകൊണ്ട് അവന്‍റ പേര് ആരും പറയില്ല. അവളുടെ സഹായത്തിന് ഒരു തമിഴത്തി തള്ളയെങ്കിലും ഉണ്ടായല്ലൊ. ആരും സഹായത്തിനില്ലാതെ എത്രയോ പൊട്ടിച്ചിമാര്‍ ഇവടെ ജോസുമാരുടെ മക്കളെ
  പ്രസവിക്കുന്നു....കൊല്ലുന്നു...അമ്മതൊട്ടിലില്‍ കിടത്തുന്നു..വീണ്ടും പൊട്ടിച്ചിയാകുന്ന..കൊള്ളാം കഥ
  ജോസിനെ സേവുചെയ്തതില്‍ എനിക്കുപ്രതിഷേധമുണ്ട്.എന്തുകൊണ്ട് സമൂഹത്തിന്‍റ
  മുമ്പില്‍ കൊണ്ടുവന്നില്ല

  മറുപടിഇല്ലാതാക്കൂ
 56. നല്ല കഥ..

  "ഇത്രയും നാള്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കൂരക്കുള്ളില്‍ അവരെങ്ങിനെ ഒറ്റക്ക്‌ കഴിയുന്നു എന്ന്‌ ചിന്തിക്കുക പോലും ചെയ്യാതിരുന്ന കൂട്ടര്‍ ഗര്‍ഭത്തിന്റെ പൊരുള്‍ തേടി കുടിലുകള്‍‍ക്കിടയിലേക്ക്‌ ഇടിച്ചിറങ്ങി." ഈ വരികളാണ് കൂടുതല്‍ ഇഷ്ടായത്

  മറുപടിഇല്ലാതാക്കൂ
 57. വല്ലാതെ വിഷമിപ്പിച്ച കഥ. പാവം പൊട്ടിച്ചി. ഇതൊക്കെ നടക്കുന്നുണ്ടാവും അല്ലേ?

  മറുപടിഇല്ലാതാക്കൂ
 58. ഹൃദയ സ്പര്‍ശിയായ കഥ.... നല്ല അവതരണം...
  റാംജി സര്‍..., എപ്പോഴത്തെയും പോലെ സുപ്പര്‍

  മറുപടിഇല്ലാതാക്കൂ
 59. ചാണ്ടിക്കുഞ്ഞ്,
  ഓരോ മനുഷ്യന്റെയും മനസ്സാക്ഷി.
  നന്ദി മാഷെ.

  ലതി,
  നമ്മുടെ നാടിന്റെ സാമൂഹ്യ നീതി.
  നന്ദി ചേച്ചി.

  കുസുമം ആര്‍ പുന്നപ്ര,
  ജോസിനെ സേവ് ചെയ്യുന്നില്ല. നമ്മുടെ നാട്ടില്‍ നടക്കുന്നത്.
  അവിടത്തെ ജനങ്ങള്‍. അവര്‍ തീരുമാനിക്കണം.
  നന്ദി ടീച്ചര്‍.

  Jenshia,
  അതെ. സഹായം...?
  നന്ദി Jenshia.

  ഗീത,
  നടന്ന സംഭവം. പോട്ടിച്ചിയുടെ മകളും ഇപ്പോള്‍ ജീവിച്ചിക്കുന്നു.
  പതിമൂന്നു പതിനാലു വയസ്സ് പ്രായം ഇപ്പോള്‍.
  നന്ദി ഗീത.

  Nisha..,
  നന്ദി നിഷ.

  haina,
  നന്ദി ഹൈന.

  മറുപടിഇല്ലാതാക്കൂ
 60. മറ്റു "രാംജി കഥകള്‍ " പോലെ തന്നെ ആസ്വാദ്യമായ ഒന്ന് കൂടി.
  ഒപ്പം വേദനിക്കുന്നവരുടെ വേദന നന്നായി വരച്ചുകാനിക്കുന്നു
  ആശംസകളോടെ
  വഴിപോക്കന്‍

  മറുപടിഇല്ലാതാക്കൂ
 61. എന്റെ അഭിപ്രായം പ്രത്യേകം എഴുതുന്നതിനാലാണ് ഇവിടെ വരാഞ്ഞത്.നല്ല അവതരണം.

  മറുപടിഇല്ലാതാക്കൂ
 62. 2 vayassukaariyil thudangi 70 thu kaariyil vare kaamaarthi kaanunna, bhoga sukham thedunna aarthikkannukalkk nere thurann pidikkunna shakthamaaya srushti..


  abhinandangal Ramji

  മറുപടിഇല്ലാതാക്കൂ
 63. അവതരണം നന്നായി.. സമൂഹത്തിലെ പല ചൂഷണങ്ങളും കഥ എടുത്തു കാട്ടി.. എങ്കിലും വായിച്ചു വരുമ്പോള്‍ തന്നെ കഥയുടെ ഒരു ഏകദേശ പോക്ക് എങ്ങോട്ടാണെന്ന് വായനക്കാരന് തോന്നിയേക്കാം... അത് ഒരു ചെറിയ പോരായ്മയായി അനുഭവപ്പെട്ടു.. ഭാവുകങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 64. കേവല ഭാവനക്കപ്പുറമുള്ള സാമൂഹ്യ പശ്ചാത്തലം റാംജിയുടെ കഥകളെ വേറിട്ട്‌ നിര്‍ത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 65. റാംജീ, ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും മനസ്സിരുത്തി വായിച്ച കഥ. അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍
  അതീവ ശ്രദ്ധയോടെയുള്ള പിടിപ്പുള്ള ആഖ്യാനം. പൊട്ടിച്ചിയുടെ അറപ്പുളവാക്കുന്ന രൂപം വളരെ കൃത്യമായി മനസ്സിലേക്ക് കോറിയിട്ടു...
  മേനിവെടിപ്പിന്റെ മറയ്ക്കുള്ളില്‍ പോട്ടിച്ചിയുടെ ബാഹ്യരൂപത്തെക്കാള്‍ വികൃതമായ കാമാസക്തിയുടെ അറപ്പുളവാക്കുന്ന കോലവും...
  തുറന്ന എഴുത്തിനു വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 66. റാംജി എന്ന എഴുത്തുകാരന്റെ തൂലികയ്ക്ക് ശക്തിയുണ്ടായിരിക്കുന്നു.
  ഇനി ധൈര്യമായി മുന്നോട്ട് പോകാം
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 67. വഴിപോക്കന്‍,
  നല്ല വാക്കുകള്ക്ക്ല
  നന്ദി സുഹൃത്തെ.

  വി.എ || V.A,
  നന്ദി മാഷേ.

  kaattu kurinji,
  അഭിപ്രായത്തിനു
  വളരെ നന്ദി കാട്ടുകുറുഞ്ഞി.

  മഹേഷ്‌ വിജയന്‍,
  ഭയങ്കര സസ്പ്പെന്സ് ഞാന്‍ നിലനിര്താരില്ല.
  നന്ദി മഹേഷ്‌.

  ശ്രദ്ധേയന്‍ | shradheyan,
  നന്ദി ശ്രദ്ധേയന്‍.

  വഷളന്‍ ജേക്കെ ★ Wash Allen JK,
  എഴുതുന്നത് വായനക്കാര്ക്ക് ‌ അതേ ഭാവത്തില്‍
  മനസ്സിലാകുന്നു എന്നറിയുന്നതില്‍ കൂടുതല്‍ സന്തോഷം.
  നന്ദി ജെകെ.

  മേഘമല്ഹാകര്‍(സുധീര്‍),
  നന്ദി സുഹൃത്തെ.

  Kalavallabhan,
  നന്ദിയുണ്ട് കലാവല്ലഭന്‍.

  മറുപടിഇല്ലാതാക്കൂ
 68. ശക്തമായ അവതരണം . കഥ മനോഹരമായി ചേട്ടാ, ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 69. ഞാനുമോന്ന്‍ "പൊട്ടിച്ചിരിക്കുന്നു"
  ഇഷ്ടായി ചേട്ടാ

  മറുപടിഇല്ലാതാക്കൂ
 70. ജീവനുളള കഥ. പൊട്ടിച്ചിയുടെ അവസ്ഥ മനസ്സിലേക്ക് ഒരു കൂരമ്പുപോലെ ആഞ്ഞുതറച്ചിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 71. കഥയേക്കാള്‍,കഥ പറഞ്ഞ ശൈലി വളരെ ആകര്‍ഷകം.മിതമായ വാക്കുകള്‍ വളരെ അച്ചടക്കത്തോടെ നിരത്തി,ശാന്ത ചിത്തത യോടെ
  വായിക്കത്തക്കവിധം മനോഹരമായി പറഞ്ഞിരിക്കുന്നു.
  സംഭാഷണ ശകലങ്ങള്‍ കഥാപാത്രങ്ങളെ ജീവനുറ്റതാക്കി.
  ഭാവുകങ്ങള്‍
  ---ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 72. വിഷമമായല്ലോ..
  നന്നായിരിക്കുന്നു കഥ.
  വളരെ നന്നായി പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 73. നല്ലൊരു കഥ മാഷേ. ഏതു കാലഘട്ടത്തിനും അനുയോജ്യം.

  മറുപടിഇല്ലാതാക്കൂ
 74. അല്ലെങ്കിലും എക്കാലത്തും ഇത് തന്നെയാണല്ലോ സ്ഥിതി. മറ്റുള്ളവന്‍ വീണു കിടക്കുമ്പോള്‍ ധാര്‍മിക രോഷം കൊല്ലാന്‍ ആളുകള്‍ ധാരാളം. വീഴാതെ നോക്കാനോ പിടിച്ചെഴുന്നെല്പ്പിക്കാനോ ആളുകള്‍ വിരളം.
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 75. ഗോപീകൃഷ്ണ൯.വി.ജി,
  നന്ദി ഗോപി.

  Rasheed Punnassery,
  നന്ദി സുഹൃത്തെ.

  സ്വപ്നസഖി,
  നന്ദി സ്വപ്നസഖി.

  മുകിൽ,
  നന്ദി മുകില്‍.

  ശ്രീ,
  നന്ദി ശ്രീ.

  Shukoor Cheruvadi,
  നമ്മള്‍ ഇന്ന് കാണുന്ന പലതും ഒരു ഷോ എന്നതോ അല്ലെങ്കില്‍ സ്വന്തം കാരത്തിന് ഗുണമാകുന്നതോ എന്ന് മാത്രം നോക്കിയാണ് പ്രത്യക്ഷപ്പെടുന്നത്. പത്രങ്ങളും ടീവി കാഴ്ചകളും വരെ.
  നന്ദി മാഷെ.

  മറുപടിഇല്ലാതാക്കൂ
 76. കഥ വായിച്ചു. വളരെ നല്ലരു കഥ. അഭിനന്ദനങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ
 77. നല്ല കഥ, വായിക്കാന്‍ വൈകി.
  വെട്ടി തുറന്നു പറഞ്ഞു!

  കൂട്ടത്തില്‍ സാമൂഹിക കാപട്യത്തിനെതിരെ ചില കൂരമ്പുകള്‍!

  നന്നായി.

  അഭിനന്ദനങ്ങളും ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 78. പ്രിയ രാംജി വളരെ മനോഹരമായ്‌ കഥ പറഞ്ഞിരിക്കുന്നു..മനസ്സിൽ പൊട്ടിച്ചി ഒരു നൊമ്പരമായ്‌ അവശേഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 79. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 80. വരാനോരുപാട് വൈകി, ക്ഷമിക്കുമല്ലോ.
  ഇത്തരം തിരിച്ചറിവില്ലാത്ത എത്രയോ പാവങ്ങളെ മാന്യതയുടെ മുഖം മൂടി ധരിച്ച കാപാലികര്‍ കശക്കി എറിയുന്നു.
  നന്നായി പറഞ്ഞു. ചിന്തിക്കേണ്ട വിഷയം. സമൂഹത്തിലെ ഇത്തരം ആളുകളെ, കണ്ടാല്‍ നിഷ്കളങ്കനെന്നു തോന്നിക്കുന്ന, കാപാലികനെ കണ്ടെത്തി സമൂഹത്തിന്റെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കേണ്ടിയിരുന്നു എന്നൊരു ചെറിയ അഭിപ്രായം എനിക്കുണ്ട്.
  നന്നായി അവതരിപ്പിച്ചു, ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 81. നന്നായി അവതരിപ്പിച്ചു ഈ കഥ ..
  നാറിയ ശരീരത്തോടും നമ്മള്‍ കാണീയ്ക്കുന്ന കാമ ഭ്രാന്ത് .....
  ഒരേ സമയം ദൈവവും ചെകുത്താനുമാകാന്‍ കഴിയുന്ന ഒരേയൊരു ജീവി ;മനുഷ്യന്‍ ...

  മറുപടിഇല്ലാതാക്കൂ
 82. കഥ വളരെ പഴയതാണ് അപ്പോൾ കഥാപത്രങ്ങൾക്കും അത്രതന്നെ പഴക്കമുണ്ടാകും. വീണ്ടും ആ കഥ പുത്താൻ സാമൂഹ്യസാഹചര്യത്തിൽ എത്രകണ്ട് ചലനങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് പരിശോധിക്കപെടണ്ടത്.എന്നാൽ അമ്മ തൊട്ടിൽ മുൻപ് ഉണ്ടായിരുന്നില്ല അഥവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പോലെ സജീവമായിരുന്നില്ല. ഒരു കാര്യം സത്യമാണ് പൊട്ടിച്ചിമാർ ധാരളം ഇന്നും ആരുമറിയാതെ പെറുന്നുണ്ട്,പുതിയ ജോസുമാർ നമ്മുടെ നമുക്കിടയിൽ ഒന്നുമറിയാത്തവരെ പോലെ ഇന്നും ജീവിക്കുന്നുണ്ട് എന്നത് പരമാർത്ഥമാണ്.പരിശുദ്ധി പരിഹാസ്യമാകുന്ന നാഗരിക ഭ്രമങ്ങളിലായ ഒരു സമൂഹത്തിലാണ് നാം നിൽക്കുന്നത്.പൊട്ടിച്ചിയുടെ അന്നവും അന്തിയുറക്കവും പ്രശ്നമല്ല പക്ഷേ ഗർഭം അതറിഞ്ഞേ മതിയാകൂ...കഥ പറഞ്ഞ സ്വഭാവം ഇഷ്ടപ്പെട്ട്.

  മറുപടിഇല്ലാതാക്കൂ
 83. അജ്ഞാതന്‍3/06/2012 01:03:00 PM

  anil panachoorante oru kavitha oorma varunna

  Idavamasa perumazha peytha ravathil

  മറുപടിഇല്ലാതാക്കൂ
 84. കുട്ടിക്കാലത്ത് ഞാന്‍ പഠിച്ചിരുന്ന സ്കൂളിനടുത്ത് സ്ഥിരമായി കണ്ടിരുന്ന ഒരു സ്ത്രീയെ ഓര്‍മ്മ വന്നു...ഇപ്പോഴും അതിലേ പോകുമ്പോള്‍ അവിടെ എവിടെയെങ്കിലുമൊക്കെയായി അവരെ കാണാറുണ്ട് ...അവര്‍ക്ക് പക്ഷേ ശരിക്കും ഭ്രാന്താണ്... :-(

  മറുപടിഇല്ലാതാക്കൂ

 85. കഥ മുൻപും വായിച്ചിരുന്നു. പ്രമേയമോ അവതരണമോ പുതുമയുള്ളതായി തോന്നിയില്ല. വൈകാരികതയുടെ അളവ് കൂടുതലുള്ളതു പോലെയും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അന്നത്തെ കഥകള്‍ എല്ലാം ഇങ്ങിനെ ആയിരുന്നു മനോജ്‌.
   നന്ദി സുഹൃത്തെ.

   ഇല്ലാതാക്കൂ
 86. പലരും കണ്ടും കെട്ടും വളര്‍ന്ന സത്യം...rr

  മറുപടിഇല്ലാതാക്കൂ
 87. അടിസ്ഥാനപരമായ കഥയിൽ പുതുമയില്ലെങ്കിലും എഴുതിയ ശൈലി അതിനെ പരിഹരിക്കുന്നു. കഥ ആവശ്യപ്പെടുന്ന തീവ്രത കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 88. പച്ചയായ ജീവിത യാഥാർത്ഥ്യം ശക്ത്മായ ഭാഷയിൽ...നന്ദി

  മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....