18/10/10

കടുവ

18-10-2010

hay

hi

തിരക്കിലാണോ?

എന്ത്‌ തിരക്ക്‌..കുറേ ബ്ളോഗ്‌ നോക്കണം. എന്റെ പോസ്റ്റിലെ അഭിപ്രായങ്ങള്‍ക്ക്‌ മറുപടി എഴുതണം. അതൊക്കെത്തന്നെ.

ഞാനൊരു പുതിയ ബ്ളോഗറായതിനാല്‍ കുറേ തെറ്റുകളൊക്കെ എന്റെ പ്രവൃത്തിയില്‍ ഉണ്ടാകും.

എല്ലാവരും ആദ്യം അങ്ങനെയൊക്കെത്തന്നെ.

mic?

ഉണ്ട്‌...

എങ്കില്‍ നമുക്ക്‌ സംസാരിക്കാം. അതാണ്‌ കൂടുതല്‍ നല്ലത്‌.

ഓകെ മാഷെ

ഹലോ...കേള്‍ക്കാമോ?

കേള്‍ക്കാം.

എന്നാല്‍ പറഞ്ഞൊ..


മാഷിന്റെ ബ്ളോഗിന്റെ പേര്‌ കടുവ എന്നാക്കിയത്‌ എന്തോ പോലെ തോന്നി എനിക്ക്‌. മെയില്‍ ഐഡിയും കടുവ എന്ന് തന്നെ ആയപ്പോള്‍ വ്യക്തിയെക്കുറിച്ച്‌ ഒന്നും മനസ്സിലാകാത്തത്‌ പോലെ.

അതിനു വേണ്ടിയല്ലെ അങ്ങിനെ ചെയ്തത്‌?

എന്നാലും അതിനൊരു പോരായ്ക പോലെ എനിക്ക്‌ തോന്നുന്നു. സൌഹൃദത്തില്‍, മുഴുവനല്ലെങ്കിലും അല്‍പം ചില കാര്യങ്ങള്‍ പരസ്പരം അറിഞ്ഞിരിക്കുന്നതല്ലെ നല്ലത്‌? ഞാനൊരു പുതുമുഖവും ഗള്‍ഫില്‍ അധികം പഴക്കം ഇല്ലാത്തതിനാലും എനിക്ക്‌ തോന്നുന്നതാവാം അല്ലെ?

ആ തോന്നല്‍ മുഴുവന്‍ തെറ്റാണ്‌ എന്ന് പറയാന്‍ പറ്റില്ല. ഒരു കാര്യത്തെക്കുറിച്ച്‌ മുഴുവന്‍ അറിയാതെ തുടങ്ങുമ്പോള്‍ പലതും നമ്മള്‍ മറച്ചുവെക്കാന്‍ ശ്രമിക്കും. എനിക്ക്‌ അങ്ങിനെ സംഭവിച്ചതാണ്‌.

എന്നാല്‍ ഇപ്പോഴത്‌ മാറ്റിക്കൂടെ?

അതിന്‌ ചില കുഴപ്പങ്ങളുണ്ട്‌. കടുവ എന്ന ബ്ളോഗ്‌ ഇപ്പോള്‍ കുറേ അധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നു. ഇനി അത്‌ മാറ്റുമ്പോള്‍ ഇപ്പോഴുണ്ടായിരിക്കുന്ന കടുവ എന്ന ബ്ളോഗിനോടുള്ള കാഴ്ചപ്പാടില്‍ത്തന്നെ ഒരു വ്യത്യാസം ഉണ്ടാകും.

അത്‌ ചെറിയൊരു കാര്യമല്ലെ?

അത്‌ കൂടാതെ ഇത്രയും നാള്‍ അജ്ഞാതനായിരുന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്ന് ചെറുതാകുന്നത്‌ പോലെ മന:സ്സാക്ഷി പറയുന്നു. ജാഡ കാണിക്കുന്നവന്‍ എന്ന്.

അതൊക്കെ വെറുതെ തോന്നുന്നതാ. പോസ്റ്റ്‌ ഇഷ്ടപ്പെട്ടാല്‍ അതിനെ കൂടുതല്‍ അംഗീകരിക്കുകയേ ഉള്ളു.

അങ്ങിനെ വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്‌.

അതൊക്കെ പോട്ടെ മാഷെ...നമുക്ക്‌ അന്യോന്യം നമ്മെക്കുറിച്ച്‌ പരിചയപ്പെടാം. അതിനെന്തെങ്കിലും തടസ്സമുണ്ടൊ അജ്ഞാത സുഹൃത്തേ....

ഹ.ഹ.ഹ. പരിഹാസ ഹാസ്യം ഇഷ്ടപ്പെട്ടു.

പരിഹസിച്ചതല്ല. ഒരു തമാശക്ക്‌ പറഞ്ഞതാ.

സാഗറിന്‌ എന്ത്‌ വേണമേങ്കിലും പറയാം. ഞാന്‍ അതിന്റെ അര്‍ത്ഥത്തിലേ അതിനെ കാണു. വിഷമിക്കണ്ട. കടുവ എന്ന പേര്‌ കൊടുത്തെങ്കിലും തങ്കപ്പെട്ട പാവം മനസ്സാ എന്റേത്‌.

അതിഷ്ടപ്പെട്ടു മാഷെ. നമ്മള്‍ നാലഞ്ചു ദിവസമേ ആയുള്ളു ചാറ്റ്‌ തുടങ്ങിയതെങ്കിലും നല്ലൊരു ബന്ധം പോലെ ആയിക്കഴിഞ്ഞു അല്ലെ?

അതെ.

എത്ര കൊല്ലമായി ഖത്തറില്‍ എത്തിയിട്ട്‌?

ഇരുപത്തൊമ്പത്‌ വര്‍ഷം കഴിയുന്നു.

അള്ളാ..ഒരു കൊല്ലം പോലും തികയാത്ത ഞാനെന്ത്‌ പ്രവാസി?

വിവാഹം കഴിഞ്ഞില്ലെ?

അതുകൊണ്ടല്ലെ ഇങ്ങോട്ട്‌ പോരേണ്ടി വന്നത്‌. പണിയൊന്നും ഇല്ലാതിരുന്നപ്പോള്‍ ഒരു പെണ്ണ്‌ കെട്ടിപ്പോയി.

ഞാനും ഏകദേശം അങ്ങിനെയൊക്കെത്തന്നെ. വിവാഹം കഴിഞ്ഞ്‌ ആറ്‌ മാസം കഴിഞ്ഞപ്പോള്‍ ഇവിടെ എത്തിയതാണ്‌.

അതെയോ?

പിന്നീട്‌ അഥിതിയായി വീട്ടിലെത്തി തിരിക്കും. അങ്ങിനെ ഇരുപത്തൊന്‍പത്‌ വര്‍ഷങ്ങള്‍. സെക്രട്ടറിയാണ്‌. അന്ന് മുതല്‍ നല്ല ശംബളവും കിട്ടിയിരുന്നു.

പിന്നെന്താ ഇത്രയും കാലമായിട്ട്‌ തിരിച്ച്‌ പൊകാതിരുന്നത്‌? ഗള്‍ഫ്‌ അത്രക്കും ഇഷ്ടപ്പെട്ടൊ..

ഇഷ്ടപ്പെട്ടിട്ടൊന്നും അല്ല. അല്‍പം കടമുണ്ട്‌. അതു കൂടി അവസാനിപ്പിക്കണം. എന്നിട്ട്‌ പോകണം.


ഇരുപത്‌ വര്‍ഷം കഴിഞ്ഞ പലരും ഇതുതന്നെ പറഞ്ഞ്‌ ഞാന്‍ കേള്‍ക്കുന്നു. അതാണെനിക്ക്‌ മന‍സ്സിലാവാത്തത്‌.

കുറച്ച്‌ കഴിയുമ്പോള്‍ എല്ലാം മനസ്സിലാകും. നാട്ടിലെ ജീവിതരീതിയില്‍ തുടങ്ങുന്ന മാറ്റങ്ങള്‍‍ പിന്നെപ്പിന്നെ നമ്മളറിയാതെ നമ്മളെ വിഴുങ്ങും. അതൊക്കെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും എന്നെപ്പോലെ ആന്‍പത്തിയഞ്ച്‌ വയസ്സെങ്കിലും ആവേണ്ടി വരും.

മക്കള്‍?

രണ്ടുപേര്‍. ഒരാണും ഒരു പെണ്ണും. രണ്ടുപേരുടേയും വിവാഹം കഴിഞ്ഞു.

പിന്നെന്താ പ്രശ്നം?

മകന്‌ എഞ്ചിനിയര്‍ ആകണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതല്‍ ഡൊണേഷന്‍ കൊടുത്താണ്‌ പഠിപ്പിച്ചത്‌. കിട്ടുന്ന ശംബളം തികയാതെ വന്നാപ്പോള്‍ കടം വാങ്ങീ പഠിപ്പിച്ചു.

അതുകൊണ്ടെന്താ അവര്‍ രക്ഷപ്പെട്ടില്ലെ?

ഓരോ വര്‍ഷം കഴിയുന്തോറും കടം കൂടുകയല്ലാതെ കുറഞ്ഞില്ല. അതിനു പുറകെ മകളും എത്തി. അവള്‍ക്ക്‌ ഡോക്ടറാകണം.

മക്കളെ നല്ല രീതിയില്‍ എത്തിക്കാനല്ലെ നമ്മളിവിടെ കഷ്ടപ്പെടുന്നത്‌?

നമ്മള്‍, നമ്മളെ മറന്നുള്ള ജീവിതത്തെ എത്തിപ്പിടിക്കുമ്പോള്‍ നമുക്ക്‌ സമാധാനം നല്‍കില്ലെന്ന് ഞാന്‍ പഠിച്ചു.

മക്കള്‍ നല്ല രീതിയില്‍ ആകുന്നതില്‍ എന്താ സമാധാനക്കുറവ്‌?

മകന്‍ എഞ്ചിയറിംഗ്‌ പാസ്സായപ്പോള്‍ മകള്‍ രണ്ടാം വര്‍ഷം M.B.B.Sന്. നാട്ടിലും ഇവിടേയും നല്ലൊരു തുക ഞാന്‍ കടം വരുത്തി.

എന്നാലും രണ്ടുപേരും ഒരു നിലയിലായില്ലെ? അതൊരഭിമാനമല്ലെ.

അഭിമാനമൊക്കെ തന്നെ. എഞ്ചിനിയറിംഗ്‌ പാസ്സായ മകന്‍ അതിന്‌ ശ്രമിക്കാതെ സിനിമാസീരിയലിലേക്ക്‌ തിരിഞ്ഞു. എന്റെ തലക്കേറ്റ ആദ്യത്തെ അടിയായിരുന്നു അത്‌.

മാഷിന്റെ ഭാര്യ ഇതൊന്നും ശ്രദ്ധിച്ചില്ലെ?

ഇതാണ്‌ എല്ലാവരും ചോദിക്കുന്ന ചോദ്യം. ഇപ്പോഴത്തെ നമ്മുടെ പ്രവാസി കുടുംബങ്ങളില്‍ മക്കള്‍ അമ്മയ്ക്ക്‌ എത്രമാത്രം വില നല്‍കുന്നു എന്ന് സാഗര്‍ ചിന്തിച്ചിട്ടുണ്ടൊ?

ഒരു പരിധി വരെ...

ഒരു പരിധിയും ഇല്ല. ചെറുപ്പത്തില്‍ നമ്മള്‍ കഷ്ടപ്പെട്ട്‌ ജീവിക്കുന്നു. കഷ്ടപ്പാട്‌ അറിഞ്ഞ്‌ കൊണ്ട്‌ പഠിക്കുന്നു, ജീവിക്കുന്നു. എന്നിട്ടും അവസാനം വരെ കഷ്ടപ്പാട്‌ മാത്രമാണ്‌ പ്രവാസികള്‍ക്ക്‌ കൂട്ട്‌.

അത്‌ ശരിയാണ്‌.

മക്കള്‍ കഷ്ടപ്പെടാതെ പഠിച്ച്‌ വളരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എത്ര ഇല്ലെന്ന് പറഞ്ഞാലും അവര്‍ ചോദിക്കുന്നതൊക്കെ നമ്മള്‍ ചെയ്ത്‌ കൊടുക്കുന്നു. കഷ്ടപ്പാടിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും ഇടവരാതെ വളരുന്ന അവരില്‍ പണം എങ്ങിനെ ഉണ്ടാകുന്ന എന്ന ചിന്തപോലും ഉയരുന്നില്ല.

അങ്ങിനെ ഒരു ധാരണ സ്വാഭാവികമാണ്‌.

അവന്‍ ഒരു സീരിയല്‍ നടിയെ കല്യാണം കഴിച്ച്‌ ദൂരെ വാടകക്ക്‌ താമസിക്കുന്നു. വല്ലപ്പോഴും പണം ആവശ്യപ്പെട്ട്‌ അമ്മയുടെ അടുത്ത്‌ വരും.

എന്നാലും മോള് അങ്ങിനെ അല്ലല്ലൊ.

അവള്‍ കോഴ്സ്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുന്‍പ്‌ കൂടെ പഠിക്കുന്ന ഒരുവനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു.
ഇപ്പൊള്‍‍ മാഷോട്‌ എനിക്ക്‌ ഒന്നും പറയാന്‍ പറ്റുന്നില്ല.

എന്നാലും മരുമകന്‍ ഇപ്പോള്‍ ഡോക്ടറാണ്‌. ജോലിയും ഉണ്ട്‌. വലിയ അല്ലലില്ലാതെ ജീവിക്കുന്നു.

അത്രയും സമാധാനം.

എങ്കിലും അവളും പലപ്പോഴും പണത്തിനായി വീട്ടില്‍ വരും. മക്കളുടെ മനസ്സില്‍ ഞാനൊരു മഹാനായ പണക്കാരനാണ്‌ ഇപ്പോഴും.

ങും.

ബാങ്കുകളിലെ അഞ്ച്‌ ലക്ഷത്തിന്റെ കടം ഇപ്പോഴും ബാക്കിയാണ്‌. അതൊന്നവസാനിപ്പിക്കാനാണ്‌ എന്റെ ശ്രമം.

അത്‌ കഴിഞ്ഞ്‌ തിരിച്ച്‌ പോകാനാണോ....

അതെ. ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക്‌ എനിക്ക്‌ സാഗറിനോട്‌ ഒന്നേ പറയാനുള്ളു.

പറയാതെ തന്നെ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

അത്‌ വെറും പറച്ചിലാണ്‌. കാരണം ഞാനിവിടെ വന്ന ആദ്യനാള്‍ മുതല്‍ ഇത്തരം വിവരങ്ങള്‍ പലരും എന്നെ ധരിപ്പിച്ചിരുന്നു. ഞാനതെല്ലാം ശരിവെക്കുകയും ചെയ്തു. കേള്‍ക്കുകയല്ലാതെ എന്റെ പ്രവൃത്തിയില്‍ ഒന്നും ഉണ്ടായില്ല. എനിക്ക്‌ അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന എന്റെ അതിരു കടന്ന വിശ്വാസം.

ങും.

നമ്മള്‍ എത്ര വര്‍ഷം ഇവിടെ തങ്ങിയാലും നാട്ടില്‍ നിന്ന് വരുമ്പോള്‍ നമ്മളില്‍ വേരുറച്ച വിശ്വാസങ്ങളും കാഴ്ചകളും ചിന്തകളും അതേപടി വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നതായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നു. ആ മാറ്റങ്ങള്‍ നമ്മുടെ വീടിനേയും ബാധിക്കുന്നു എന്ന ഉള്‍ക്കൊള്ളല്‍ നമുക്ക്‌ എത്രത്തോളം സംഭവിക്കുന്നുണ്ട്‌? തീരെ സംഭവിക്കുന്നില്ല. ഒരു പൊതു സ്വഭാവം എന്നതിനപ്പുറത്തേക്ക്‌ നീങ്ങാന്‍ നമുക്കാകുന്നില്ല. അതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന തള്ളിക്കളയല്‍.

നമ്മള്‍ പല മാധ്യമങ്ങള്‍ വഴിയും അത്‌ തിരിച്ചറിയുന്നില്ലെ?

എത്രപേര്‍?
എത്രത്തോളം?
ലേബര്‍ ക്യാമ്പും കമ്പനിയും മാത്രമായി കഴിയുന്നവരാണ്‌ അധികവും. അല്ലെങ്കില്‍ തന്നെ അത്തരം തിരിച്ചറിവുകള്‍ക്ക്‌ മുകളില്‍ ഇവിടെ തുടരുന്ന ഒരേ ജോലിയും ഒരേ ഭക്ഷണവും ഒരേ ശംബളവും അവിടവിടെ ഉയരുന്ന കെട്ടിടങ്ങളും മാറ്റമില്ലാതെ മനസ്സിനെ കീഴടക്കുകയല്ലെ?

എനിക്കെന്തൊ ഒരു മനസ്സിലാകായ്ക വരുന്നു.

നാട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളും മക്കളില്‍ അതുണ്ടാക്കുന്ന സ്വാധീനവും നമ്മള്‍ കാണുന്നില്ല. നമ്മളെപ്പോഴും നാട്ടില്‍ നിന്ന്‌ പോരുമ്പോഴുണ്ടായ സ്നേഹങ്ങളും ബന്ധങ്ങളും അതേപടി സ്വരുക്കൂട്ടി അതിന്‍മേല്‍ അടയിരുന്ന്‌ ഇല്ലാത്ത പൈസ ഉണ്ടാക്കി ഓരോന്ന്‌ ചെയ്ത്‌ അവസാനം മക്കള്‍ വഴിതെറ്റി എന്നു പരിതപിക്കുന്നു.

ഞാനെന്താ പറയാ....

നമ്മള്‍ ആഗ്രഹിക്കുന്ന ഉള്ളില്‍ താലോലിക്കുന്ന സ്നേഹങ്ങള്‍ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു എന്നുള്‍ക്കൊള്ളാന്‍ അപ്പോഴും നമ്മള്‍ക്കാവില്ല. എന്നിട്ടും പഴയ സ്നേഹം തിരിച്ച്‌ കിട്ടും എന്ന്‌ പ്രതീക്ഷിച്ച്‌ കാത്തിരിക്കും.

അത്‌ ശരിയല്ലെ?

എന്ത്‌? കിട്ടില്ല എന്നതിനെ കാത്തിരിക്കുന്നതൊ...

അല്ലാതെ പിന്നെ എന്താണ്‌ വഴി?

നമ്മള്‍ ഇവിടെ ജീവിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ ജീവിതം പോലെ നമ്മുടെ വീട്ടിലും പകര്‍ത്താന്‍ ശ്രമിക്കും. അതുവഴി തന്നെ ആഢംബരം വര്‍ദ്ധിക്കുന്നു. പിന്നീട്‌ അവിടെ നിന്ന്‌ താഴാന്‍ നമ്മുടെ ദുരഭിമാനം തടസ്സമാകുന്നു. ആവശ്യമില്ലാതെ മക്കളെ എഞ്ചിനിയറും ഡോക്ടറും ആക്കാന്‍ അറിയാതെ നമ്മളും ആഗ്രഹിക്കുന്നു. ഇതൊക്കെ കടന്നു കയറുന്നത്‌ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്‌ തന്നെയല്ലെ?

ഞാന്‍ കേള്‍ക്കുന്നുണ്ട്‌.

പറഞ്ഞ്‌ പറഞ്ഞ്‌ കാട്‌ കയറുന്നു. ഞാനനുഭവിച്ച പ്രയാസങ്ങള്‍ മറ്റുള്ളവര്‍ അനുഭവിക്കാന്‍ ഇടവരരുത്‌ എന്ന്‌ കരുതി പറഞ്ഞ്‌ പോയതാണ്‌. സാഗറിന്‌ ബോറടിച്ച്‌ കാണും.

ഇല്ല. ഞാന്‍ സസൂഷ്മം കേള്‍ക്കുകയായിരുന്നു ഓരോ വാക്കും.

ബ്ളോഗില്‍ പഴക്കമുണ്ടെങ്കിലും ആദ്യമായാണ്‌ ഒരു ബ്ളോഗ്‌ സുഹൃത്തുമായി ഇത്രയും സംസാരിച്ചത്‌. സാഗര്‍ ഗള്‍ഫിലെ തുടക്കക്കാരന്‍ ആയതാണ്‌ എന്നെക്കൊണ്ടിത്‌ പറയിച്ചത്‌. കുറെ ആയി. ഇനി പിന്നെ ആവാം.

മാഷുടെ അനുഭവങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച്‌ എത്രമാത്രം മുന്നോട്ട്‌ പോകാന്‍ എനിക്ക്‌ കഴിയുമോ ആവോ..
ശരി മാഷെ..പിന്നെകാണാം...


ok.good night.
---------------------------------------------------------------------------------------------------------------------------------------------------------------------
                                സന്തോഷം പങ്കുവെക്കുന്നു.

"പവന് പതിനയ്യായിരം രൂപയാ..." എന്ന എന്റെ അനുഭവ കഥ 14-09-2010ല്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഞാന്‍ പറഞ്ഞിരുന്ന പിടിച്ചു പറിച്ച് കൊണ്ടുപോയ ചെയിന്‍ തിരികെ കിട്ടും എന്നായിരിക്കുന്നു. രണ്ടുപേരെ പോലീസ്‌ പിടികൂടി. 13-10-2010ന് പോലീസ്‌ സ്റേഷനില്‍ നിന്നുള്ള ആവശ്യപ്രകാരം പതിനാലാം തിയതി എന്റെ ഭാര്യ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. തൊട്ടടുത്ത (മാള) സ്റ്റേഷനിലാണ് അവരെ പിടിച്ചത്‌ എന്നതിനാല്‍ ഞങ്ങളുടെ സ്റ്റേഷനിലേക്ക് (ഇരിഞ്ഞാലക്കുട) അവരെ കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ കേസിന്റെ ചില കാര്യങ്ങള്‍ ശരിയാക്കിയത്തിനു ശേഷം അധികം വൈകാതെ ആഭരണം തിരിച്ച് കിട്ടും എന്ന് പറഞ്ഞിരിക്കുന്നു. ഷഡി മാത്രമിട്ട് ലോക്കപ്പിനകത്തിരിക്കുന്ന ഇരുപത് വയസ്സ്‌ മാത്രം പ്രായം തോന്നിക്കുന്ന രണ്ടുപേരും മാല പണയം വെച്ചിരിക്കുകയാണെന്ന് പോലീസിനോട്‌ പറഞ്ഞു. പോലീസിന്റെ നല്ല മുഖം കണ്ടതിലുള്ള സന്തോഷത്തോടൊപ്പം നഷ്ടപ്പെട്ടു എന്ന് പൂര്‍ണ്ണമായും കരുതിയിരുന്നത് തിരിച്ചുകിട്ടും എന്നതിലും ഉള്ള ആഹ്ലാദം, മാല തിരികെ ലഭിക്കണമെന്ന് ആഗ്രഹിച്ച എന്റെ എല്ലാ ബൂലോകസുഹൃത്തുക്കളുമായി ഞാന്‍ പങ്കുവെക്കുന്നു.

സസ്നേഹം
റാംജി

92 അഭിപ്രായങ്ങൾ:

  1. പ്രവാസിയുടെ ജീവിത ദുരന്തങ്ങളെ ഒരു ടെലിഫോണ്‍ സംഭാഷണരൂപത്തില്‍ അവതരിപ്പിച്ചു അല്ലേ..

    പിന്നെ മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. കേരള പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചു തുടങ്ങി എന്നറിയുന്നതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  2. ഓരോ പ്രവാസിയുടെ ഉള്ളിലുമുണ്ട് ഇരമ്പുന്ന ഒരു സങ്കടക്കടല്‍..
    ആ നോവും,വേവും കാണുന്ന കണ്ണുകള്‍ ചുരുക്കമാണ്..

    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  3. പ്രവാസികളുടെ ദുരന്ത ജീവിതത്തെ ഒരു പുതിയ ശൈലിയില്‍ അവതരിപ്പിച്ചു, നന്നായിരിക്കുന്നു...

    പിന്നെ മാലകിട്ടിയത്തില്‍ സന്തോഷം, അപ്പോള്‍ ചിലവും കാണുമല്ലോ ?

    മറുപടിഇല്ലാതാക്കൂ
  4. പ്രവാസിയുടെ വൃത്തികെട്ട ദുരഭിമാനം വളരെ വ്യക്തമായി, കുറിക്കു കൊള്ളുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നോര്‍ത്തിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ...ഒന്ന് ചുഴിഞ്ഞു നോക്കിയാല്‍ ഞാന്‍ തന്നെയല്ലേ കടുവ മാഷ്‌...
    ഒരു ചാറ്റ് രൂപത്തില്‍ കഥ അവതരിപ്പിച്ചത് വളരെ നന്നായി...മറുതലക്കലെ ആളെ ആദ്യം സാഗര്‍ എന്നും, പിന്നെ സഗീര്‍ എന്നും അഭിസംബോധന ചെയ്തു കണ്ടു...ഖത്തറിലെ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ എന്നാ ബ്ലോഗറാണോ കക്ഷി...വെറുതെ ചോദിച്ചതാ കേട്ടോ...

    മറുപടിഇല്ലാതാക്കൂ
  5. ഒരു പ്രവാസിയുടെ മനസ്സ് എന്താണെന്ന് അറിയുമ്പോള്‍ സങ്കടം തോന്നുന്നു. ആദ്യം തന്നെ മക്കളെ, എല്ലാ സൌകര്യങ്ങളും [financial requirements] ചെയ്തുകൊടുത്തു നന്നാക്കാമെന്ന ചിന്ത എടുത്തു കളയു. ഈ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒന്ന് നോക്കാമെന്ന് തോന്നുന്നു. മറ്റു വായനക്കാരുടെ അഭിപ്രായം ദിവാരേട്ടന് അറിയണമെന്നുണ്ട്.

    മാല കിട്ടിയ വിവരം റാംജി, ദിവാരേട്ടനെ ഇമെയില്‍ വഴി അറിയിച്ചിരുന്നു. വളരെ നല്ലത്. അദ്ദേഹത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. രാംജീ,
    ആദ്യമായി മാല തിരികെ കിട്ടിയതിന്‍െറ സന്തോഷം
    പങ്കു വെയ്ക്കട്ടെ.
    പിന്നെ പ്രവാസിയുടെ ജീവിതം ഒരു ചാറ്റിംഗ് രൂപത്തില്‍ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിനും
    അഭിനന്ദനങ്ങള്‍. പിന്നെ റാംജിയുടെ കഥ തന്നെയാണോയിത്.

    മറുപടിഇല്ലാതാക്കൂ
  7. അത്‌ വെറും പറച്ചിലാണ്‌. കാരണം ഞാനിവിടെ വന്ന ആദ്യനാള്‍ മുതല്‍ ഇത്തരം വിവരങ്ങള്‍ പലരും എന്നെ ധരിപ്പിച്ചിരുന്നു. ഞാനതെല്ലാം ശരിവെക്കുകയും ചെയ്തു. കേള്‍ക്കുകയല്ലാതെ എന്റെ പ്രവൃത്തിയില്‍ ഒന്നും ഉണ്ടായില്ല. എനിക്ക്‌ അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന എന്റെ അതിരു കടന്ന വിശ്വാസം.

    അതെ അതിരു കടന്ന ആ വിശ്വാസത്തിലാണ് ഒരോ പ്രവാസിയും ഇവിടെ കഴിച്ചു കൂട്ടുന്നത് . കഷ്ടപ്പാടുകളും ദുരിതവും എന്തെന്ന് കേട്ടു കേള്‍വി പോലും ഇല്ലാതെ വളരുന്ന പ്രവാസികളുടെ മക്കള്‍ വഴിതെറ്റി പോവുന്നതില്‍ ഒരിക്കലും അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    ഒരു ചാറ്റിങ്ങ് രൂപത്തില്‍ നല്ല ഒരു ആശയം വായനക്കാര്‍ക്ക് നല്‍കിയ റാംജിയെ അഭിനന്ദിക്കുന്നു.
    -----------------------------------------------------
    മാല കിട്ടിയ സന്തോഷത്തില്‍ പങ്ക് ചേരുന്നു. ജിഷാദ് പറഞ്ഞ പോലെ അതിനു ചിലവ് ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല . ചിലവ് ചെയ്യാന്‍ നിന്നാല്‍ മാല കിട്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് തോന്നി പോവും അതുകൊണ്ട്.. എന്നാലും ചെറിയ ഒരു പാര്‍ട്ടി നടത്തണം നമ്മള്‍ പത്തഞ്ഞൂറ് ബ്ലോഗര്‍മാര്‍ക്ക് മാത്രമായി :) .

    മറുപടിഇല്ലാതാക്കൂ
  8. നല്ല ശൈലിയിൽ കഥ പറഞ്ഞു.ഇഷ്ടപ്പെട്ടു.മാലകിട്ടിയതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  9. മറ്റുള്ളവരെ കണ്ടു നമ്മള്‍ ഒന്നും പഠിക്കില്ല മാഷേ. എന്ജിനീയരിങ്ങിനു ചേര്‍ന്നപ്പോള്‍ പഠിപ്പിച്ച സാറന്മാര്‍ പറഞ്ഞു ഇത് വരെ ഉള്ള പോലെ അല്ല, പഠിത്തം കൈ വിടാതെ നോക്കണം എന്ന്. എന്നെ തോല്‍പ്പിക്കാന്‍ പരീക്ഷക്ക്‌ ആവില്ല എന്ന വിശ്വാസം പൊളിയാന്‍ സമയം എടുത്തില്ല. ജോലി കിട്ടിയപ്പോള്‍ പൈസ കുറച്ചെങ്കിലും മിച്ചം വക്കണം എന്ന് പറഞ്ഞതിന്റെ പൊരുളും മനസ്സിലാക്കാന്‍ വൈകി. അത് തന്നെ പ്രവാസ ജീവിതവും അല്ലെ... ജീവിതത്തോടുള്ള ഈ ഇന്‍ സൈറ്റ് ആണ് ഈ ബ്ളോഗിന്റെ കരുത്ത്....

    മറുപടിഇല്ലാതാക്കൂ
  10. പറയാന്‍ ശ്രമിച്ച രീതിയും പറഞ്ഞ കാര്യവും വിജയകരമായിട്ടുണ്ട്.
    അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും ഈ സ്ഥിതിയിലാകുന്നത്. സ്വന്തം മക്കളോ ബാക്കിയുള്ളവരോ ആകുമ്പോള്‍ അറിഞ്ഞുകൊണ്ട് സംഭവിക്കുന്ന കാര്യങ്ങള്‍.
    മക്കള്‍ പ്രതീക്ഷകള്‍ തെറ്റിക്കുമ്പോള്‍ അതൊരു ദുരന്തമായിതീരുന്നു.
    ഈ രീതി ഇഷ്ടപ്പെട്ടു. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. സംഭാഷണ രൂ‍പത്തിലെഴുതിയത് നന്നായി. ഇത് പ്രവാസിയുടെ മാത്രം പ്രശ്നമാണെന്നു തോന്നുന്നില്ല.ലോകമുണ്ടായതു മുതൽ മനുഷ്യർക്ക് ഈ പ്രശ്നമുണ്ടായിട്ടുണ്ട്.ഇനി അടുത്ത തലമുറയ്ക്കും ഇതുണ്ടാകും, അങ്ങനെയങ്ങനെ..........
    അഭിനന്ദനങ്ങൾ.
    മാല കിട്ടുമെന്നതിലെ സന്തോഷം ഞാനറിയിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. താങ്കള്‍ വീണ്ടും ജീവിതം എഴുതുന്നു.
    ചാറ്റിന്റെ രൂപത്തില്‍ അവതരിപ്പിച്ചത് നന്നായി.
    നല്ല റിയാലിറ്റി തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  13. എന്റെ അടുത്ത ബന്ധുവിന്റെ ജീവിതമാണ് താങ്കള്‍ എഴുതിയത്.കുട്ടികളെ പഠിപ്പിക്കാനായി ദുബായില്‍ നിന്ന് തിരിച്ചു പോന്നു-15വര്‍ഷത്തിന് ശേഷം-പണമെല്ലാം മക്കളെ ഡോക്ടറും എം ബി എ ക്കാരുമാക്കാന്‍ ചിലവഴിച്ചു.ഇപ്പോള്‍ കടം മാത്രം ബാക്കി.
    റാംജി,മാല തിരികെകിട്ടിയ സന്തോഷത്തില്‍ പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  14. നന്നായി.
    അവതരണത്തിൽ പുതുമയുണ്ട് റാംജി.
    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  15. ഈ കഥയുടെ (അല്ല സംഭവത്തിന്റെ )ഓരോ വാക്കുകളിലും പ്രവാസികളുടെ ആത്മാംശം കലര്‍ന്നിട്ടുണ്ട് ...അനുഭവ ങ്ങള്‍ ഏല്‍പ്പിച്ച മുറിവുകളിലെ ചോര പടര്‍ന്നിട്ടുണ്ട് ..
    രാംജിക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  16. ഒരു മുഴുജന്മത്തിലേക്കുള്ള കെണി! എന്തു പറയാൻ. സ്വന്തം കുടുംബത്തിനു വേണ്ടിയല്ലേ എന്നോർത്ത് എല്ലാം വിഴുങ്ങി, ജീവിതത്തിന്റെ അവസാനനാളുകളിൽ ഞെട്ടലോടെ ഇനിയും പലതും മനസ്സിലാക്കും. വളരെ വിഷമം തോന്നുന്നു.
    മാല തിരികെക്കിട്ടുന്നു എന്ന കാര്യം സന്തോഷകരം തന്നെ. കേരള പോലീസിനു നന്നായിവരട്ടെ.

    മറുപടിഇല്ലാതാക്കൂ
  17. നന്നായി ...
    എല്ലാവരും പ്രവാസത്തിലേക്ക് വരുന്നത് ,മൂന്നോ നാലോ കൊല്ലം കഴിഞ്ഞു തിരിച്ചു പോകും എന്ന് പറഞ്ഞിട്ടാണ് ..അവസാനം അത് നീണ്ട്‌ നീണ്ട്‌ വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോവുമ്പോള്‍ ആയിരിക്കും നാം തിരയുന്നത് "നമ്മുടെ ജീവിതം എവിടെ" എന്ന് അപ്പോഴേക്കും മറ്റുള്ളവര്‍ക്ക് വേണ്ടി എരിഞ്ഞു തീര്‍ന്ന ഒരു മെഴുകുതിരി പോലെ ആയിട്ടുണ്ടാവും ഓരോ പ്രവാസിയും അല്ലെ?

    പോലീസ് മാല തിരിച്ചു തരും എന്ന് പറഞ്ഞു?...എന്നാല്‍ നല്ലത് തന്നെ..

    മറുപടിഇല്ലാതാക്കൂ
  18. എത്ര പറഞ്ഞാലും മൻസ്സിലാകാത്ത പ്രവാസികൾക്കൊരുണർത്ത്‌ പാട്ടാണീ പോസ്റ്റ്‌..വളരെ സത്യമുള്ള..രചന..റാംജി..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  19. ചില ഇടതു ഒക്കെ ഇങ്ങനെ ഒക്കെ ഉണ്ടാവുമോ എന്ന് തോനിക്കുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ പോയത് ...അതോശോക്തി കൂടി പോയോ ?

    എന്നിരുനാലും സത്യം .........................................സത്യമായി കിടക്കുന്നു .......

    മാല കിട്ടി അല്ലെ .....സന്തോഷമായില്ലേ ...ഹി ഹി

    മറുപടിഇല്ലാതാക്കൂ
  20. ഓരോ പ്രവാസികളിലും ഇത് പോലെ കഥകള്‍ ഉണ്ട്..
    ബ്ളോഗും ചാറ്റുമായ് ബന്ധപ്പെടുത്തി മനോഹരമായ് അവതരിപ്പിച്ചു..
    മാല തിരിച്ചു കിട്ടും എന്നറിഞ്ഞതില്‍ സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  21. കുടുംബം നോക്കുന്ന എല്ലാവര്‍ക്കും ഉള്ള അനുഭവങ്ങള്‍. പ്രവാസിക്ക് പ്രത്യേകിച്ചും. സംഭാഷണ ശൈലിയില്‍ അവതരണം നന്നായി.
    മാല ഭാര്യയുടെതായിരുന്നു എന്നിന്നാണ് മനസ്സിലായത്. നന്മ വിജയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  22. എത്ര ബുദ്ധിപരമായി ചിന്തിച്ചാലും ,എത്ര തന്ത്രപരമായി പ്രവര്‍ത്തിച്ചാലും അദൃശ്യമായ ഒരു ശക്തി നമ്മെ നിയന്ത്രിക്കുന്നു എന്നതില്‍ തര്‍ക്കമില്ല . അത്തരം നിയന്ത്രണങ്ങളെ വിധി എന്ന ഓമനപ്പേരിട്ട് നാം വിളിക്കുന്നു . ഇത് കേവലം പ്രവാസികളില്‍ മാത്രമൊതുങ്ങുന്നതല്ല. മനുഷ്യകുലത്തിന്റെ മൊത്തം ചരിത്ര സത്യങ്ങളാണ് റാംജി ചെറിയൊരു ചാറ്റിങ്ങിലൂടെ മഹത്തായ ഒരു സന്ദേശമായി വായനക്കാരുമായി പങ്കുവെച്ചത് . സ്വാഭാവികതയും , അവതരണ രീതിയും മികച്ചുനില്‍ക്കുന്നു .
    മാല നഷ്ടപ്പെടലും , തിരിച്ചുകിട്ടാന്‍ വഴിതെളിഞ്ഞതും വിധിയുടെ വിളയാട്ടങ്ങള്‍ തന്നെ . ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  23. പ്രവാസികളുടെ പ്രയാസങ്ങള്‍ ചാറ്റ് രൂപത്ത്തിലൂടെ അവതരിപ്പിച്ചത് നന്നായി.

    ദുരഭിമാനവും പൊങ്ങച്ചങ്ങളും നിവരാന്‍ പപറ്റാത്തത്ര ഭാരം ഓരോരുത്തരുടെയും മുതുകത്ത് വച്ചുകെട്ടുന്നു, എല്ലവരിലുമിണ്ട് ഓരോ കടുവകള്‍.

    നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  24. നന്നായിട്ടുണ്ട്..പ്രവാസിയുടെ പ്രയാസങ്ങള്‍..
    ഇന്നലെ ഞാന്‍ ഒരുത്തനോട്‌ പറഞ്ഞു ഇപ്പൊ
    പെണ്ണ് കെട്ടണ്ട എന്ന്.അവനു ഇഷ്ടപ്പെട്ടില്ല.ഒട്ടും..!!!
    hei നന്നാകതില്ല..നമ്മളെപ്പോലെ തന്നെ..

    പിന്നെ ആ മാലയുടെ ബാക്കിക്ക് അങ്ങോട്ട്‌ പോകണ്ട
    കേട്ടോ.പിടിച്ചത് ഒക്ക് ശരി.പിന്നെ അവര് അതിലും
    വലിയ മാലയ്ക്കു ഉള്ള വില പറയും...

    മറുപടിഇല്ലാതാക്കൂ
  25. നല്ല കഥ ...............അല്ല ,.....ജീവിതം

    മറുപടിഇല്ലാതാക്കൂ
  26. പ്രവാസികളുടെ മക്കള്‍ ഒരുപാടുണ്ട് ഞങ്ങളുടെ സ്കൂളില്‍. some of them are in another world...riding bikes at high pace..problem makers @ home....i think what they really lack is the company with their parents...spending money for them is not they needs ...A T- shirt punch:my father is my ATM

    മറുപടിഇല്ലാതാക്കൂ
  27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  28. റാംജി, പ്രവാസിയുടേത് മാത്രമാണോ ഈ വ്യഥകൾ? പുതുമ ഇഷ്ടപ്പെട്ടു. ആ പോസ്റ്റിൽ തന്നെ ചോദിച്ചിരുന്നു അ മാലയുടെ കാര്യം, അന്ന് മറുപടി കിട്ടിയില്ലെങ്കിലും ഇപ്പൊ മാ‍ല തിരിച്ചു കിട്ടാൻ പോവുന്നതിൽ വളരെ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  29. ജോലിക്കായി ഗള്‍ഫില്‍ എത്തുന്ന ഓരൊര്‍ത്തര്‍ക്കും ഇതിന്റെ ഓരോ പകര്‍പ്പ് അച്ചടിച് നല്‍കണം...നാട്ടില്‍ പണിയെടുന്നവര്‍ക്കും ഇത് ബാധകമാണ്...
    (പിന്നെ താങ്കളുടെ പൊന്നിനു പൊന്നു കിട്ടി എന്നറിഞതില്‍ സന്തോഷം, പിന്നെ കോണക മാത്ര ധാരിയായ ആ ചെറുക്കന്റെ എവിടെയൊക്കെ കൊതുകു കടിക്കാം എന്നതും ചിന്താവിഷയമെത്രെ, നിങള്‍ അഴിയുടെ എത് ഭാഗത്താണ് എന്നതിനെ ആശ്രയിചിരിക്കും നിങളുടെ വിചാര ധാര!!! )

    മറുപടിഇല്ലാതാക്കൂ
  30. ഇത് നമ്മുടെ എല്ലാം കഥയാണ്‌ ..
    ഞാന്‍ അല്പനേരത്തേക്ക് സഗീര്‍ ആയി കേട്ടിരുന്നു പോയി...
    പക്ഷേ എനിയ്ക്കറിയാം സിസ്റ്റെം ഓഫ് ചെയ്ത് പുറത്തേക്കിറങ്ങിയാല്‍ ഞാന്‍ മറ്റൊരു റാംജി തന്നെ ആയി മാറുമെന്നും തുടര്‍കഥയിത് തുടരുമെന്നും ...
    ഇവിടെയെത്തി കുറേക്കഴിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും ചിന്തിച്ച് തുടങ്ങും നമുക്കോ ഒരു നല്ല ജീവിതം നഷ്ടപ്പെട്ടു..മറ്റുള്ളവരെങ്കിലും സന്തോഷിയ്ക്കുന്നത് കാണട്ടെ എന്ന് ..
    പക്ഷേ ആ സന്തോഷത്തില്‍ പങ്ക് ചേരാന്‍ പോലും നമ്മള്‍ അനുവദിയ്ക്കപ്പെടാറില്ല എന്ന് മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിയിരിയ്ക്കും..
    പോകണം ..
    തിരികെ പോകണം..
    പക്ഷേ പോയിട്ടെന്ത്?
    സുഖിമാനായി ലോ ലവന്‍ തിരിച്ച് വന്നു കിടന്ന് തെണ്ടുന്നു എന്ന് പരിഹാസം കേള്‍ക്കാനോ?

    മറുപടിഇല്ലാതാക്കൂ
  31. പ്രവാസിയുടെ ജീവിതത്തെപ്പറ്റി വളരെ നന്നായി പറഞ്ഞിരിക്കുന്നു.

    -തുടക്കത്തിലേ പ്രവാസജീവിതം മതിയാക്കി തിരിച്ചു പോന്ന ഒരു എക്സ് പ്രവാസി.

    "... ലോക്കപ്പിനകത്തിരിക്കുന്ന ഇരുപത് വയസ്സ്‌ മാത്രം പ്രായം തോന്നിക്കുന്ന..." !!!!!!

    മറുപടിഇല്ലാതാക്കൂ
  32. റാംജി,മാല തിരികെകിട്ടിയ സന്തോഷത്തില്‍ പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  33. അയ്യോ ഇങ്ങനെതന്നെയല്ലേ പ്രവാസികളുടെ ഭാവി? ഈ ആശയം ഒരു പുതുമയുള്ളതാക്കിയതിൽ വളരെ സന്തോഷം. അശരീരികളുടെ നാടകമായി, നന്നായിരിക്കുന്നു. കൈവിട്ടുപോയത് തിരിച്ചുകിട്ടുമ്പോൾ ആത്മസംതൃപ്തി ഇരട്ടിക്കും, ആ സംതൃപ്തിയിൽ ഞാനും പങ്കുചേരുന്നു. ആശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  34. റാംജി ഭായി, എന്നുമുള്ളതില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്.
    മാല തിരികെ കിട്ടിയതില്‍ സന്തോഷം അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  35. Manoraj,
    ആദ്യവായനക്ക് നന്ദി മനു.
    ഇരിഞ്ഞാലക്കുട പോലീസ്‌ സ്റേഷന്‍ ആണ് ആദ്യമായി ജനമൈത്രി പോലീസ്‌ തുടങ്ങിയത.

    mayflowers,
    നന്ദി സുഹൃത്തെ.

    Jishad Cronic
    ഇങ്ങിനെ പരസ്യമായി ചോദിക്കാമോ നിഷാദ്. ഇപ്പൊ എല്ലാവരും ചോദിക്കില്ലേ? എന്നെ മുടിപ്പിക്കാന്‍ അല്ലെ
    ഹ ഹ ഹ
    നന്ദി ജിഷാദ്.

    ചാണ്ടിക്കുഞ്ഞ്,
    സഗീര്‍ സാഗര്‍ എന്നത് തെറ്റിയതാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദിയുണ്ട്. തിരുത്തിയിട്ടുണ്ട്.
    നന്ദി മാഷേ.

    ÐIV▲RΣTT▲Ñ,
    ശരിയാണ് ദിവാരേട്ടന്‍ പറഞ്ഞത്‌. യോരോപ്യന്‍ രാജ്യങ്ങളിലേക്ക്‌ തിരിഞ്ഞു നോക്കാമെന്നു തന്നെയാണ് എനിക്കും തോന്നുന്നത്. അഭിപ്രായങ്ങള്‍ വന്നാല്‍ ഒരു പരന്ന ചിന്തക്ക് വഴിവെക്കും.
    നന്ദി ദിവാരേട്ടാ.

    കുസുമം ആര്‍ പുന്നപ്ര,
    എന്റെ കഥയല്ല. ഇപ്പോഴും കാണുന്നത് കണ്ടുകൊണ്ടിരിക്കുന്നത്.
    നന്ദി ടീച്ചറെ.

    ഹംസ,
    എന്റെ പാര്ട്ടി എന്നൊക്കെ പറഞ്ഞാല്‍ സന്തോഷം പങ്കുവെക്കുക എന്നത് പോലെയാണ്. അതാവുമ്പോ എത്ര ആള് കൂടുതലായാലും പ്രശ്നമില്ലല്ലോ
    പിന്നെ എനിക്ക് ചെലവ് വരുന്നതെ ഉള്ളു. ഞങ്ങള്ക്ക് കൊട്ടക്കണക്കിനാ ദൈവങ്ങള്‍ എന്നറിയാലോ. ഇപ്പൊ തന്നെ പൊണ്ടാട്ടി ഒരുപാട് പേര്ക്ക് ബുക്കിംഗ് നടത്തി ഇരിപ്പായിരിക്കും.
    നന്ദി ഹംസ.

    ധന്യ കുറുപ്പ്,
    നന്ദി ധന്യ.

    ബിജിത്‌ :|: Bijith,
    എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ചെയ്യുന്നത്. പക്ഷെ അത് മനസ്സിലാക്കാന്‍ അനുഭവം തന്നെ വേണ്ടിവരുന്നു എന്നതാണ് തമാശ അല്ലെ?
    നന്ദി ബിജിത്‌.

    ചെറുവാടി,
    തീര്ച്ചിയായും. അതുതന്നെയാണ് സംഭവിക്കുന്നത്.
    നന്ദി മാഷെ.

    Echmukutty,
    ഒരു തുടര്ക്കഥ പോലെ അല്ലെ.
    നന്ദി എച്മു.

    കലാം,
    നന്ദി മാഷെ.

    jyo,
    പലപ്പോഴും ഒഴിവാക്കാന്‍ കഴിയാത്ത പ്രയാസങ്ങള്‍.
    നന്ദി ജ്യോ.

    jayanEvoor,
    ചിലരൊക്കെ ഈ വിധത്തില്‍ എഴുതി കണ്ടപ്പോള്‍ അങ്ങിനെ ഒന്നായാലോ എന്ന് തോന്നി. പക്ഷെ അത്ര ശരിയായില്ല എന്നെനിക്ക് തോന്നി.
    നന്ദി മാഷെ.

    മറുപടിഇല്ലാതാക്കൂ
  36. രമേശ്‌ അരൂര്‍,
    നല്ല വാക്കുകള്ക്ക്
    നന്ദി മാഷെ.

    മുകിൽ,
    പലപ്പോഴും ഉള്ക്കൊ ള്ളാന്‍ കഴിയാതെ വരുന്ന നേരുകള്‍.
    നന്ദി സുഹൃത്തെ.

    ആചാര്യന്‍ ....,
    മൂന്നു നാല് കൊല്ലം കഴിഞ്ഞു തിരിച്ചു പോകാം എന്ന് തന്നെ കരുതി വരുന്നു. പിന്നീട് ചക്കപ്പശയില്‍ ഒട്ടിയ ഈച്ച പോലെ ആകുന്നു...
    നന്ദി ആചാര്യന്‍.

    ManzoorAluvila,
    അതെ എത്രയൊക്കെ മനസ്സിലാക്കിയാലും മനസിലാകാത്തത് പോലെ...
    നന്ദി മാഷെ.

    MyDreams,
    മൊത്തത്തില്‍ ഇങ്ങിനെ എന്ന് കരുതാന്‍ പറ്റില്ല.
    കിട്ടിപ്പോയ് മാല ഹ ഹ ഹ . പക്ഷെ ആ കഥയില്‍ സുഹൃത്ത്‌ എഴുതിയത് പോലെ ഒരു ചര്ച്ച വരട്ടെ എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. അതിനു വേണ്ടി മാത്രമാണ് മാലയുടെ തുക്കം ഞാന്‍ പറഞ്ഞത്‌. പിന്നെ അഭിപ്രായങ്ങള്‍ വന്നപ്പോള്‍ ഇനി അങ്ങിനെ തന്നെ നീങ്ങട്ടെ എന്ന് കരുതി. സ്വര്ണ്ണ ഉപയോഗം നിരുല്സാഹപ്പെടുത്തെണ്ടാത് തന്നെ. എന്തായാലും ഞങ്ങളുടെ അടുത്ത്‌ തല്ക്കാലത്തെന്കിലും സ്വര്ണ്ണം ഉപയോഗം നിര്ത്തി . എത്ര നാള്‍ ഉണ്ടാകും എന്നറിയില്ല.
    നന്ദി മാഷെ.

    junaith,
    നന്ദി ജുനൈത്.

    Sukanya,
    പലരും കരുതിയിരുന്നത് എന്റേതല്ല എന്ന് തന്നെ.
    നന്ദി സുകന്യ.

    Abdulkader kodungallur,
    മനുഷ്യന് അതീതമായി എന്തോ ഒന്ന് നമുക്ക് ചുറ്റും ഉണ്ട്.
    നന്ദി ഭായി.

    ഇസ്മായില്‍ കുറുമ്പടി shaisma.co.cc.
    നന്ദി ഇസ്മായില്‍.

    തെച്ചിക്കോടന്‍,
    നന്ദി തെച്ചിക്കോടന്‍.

    ente lokam,
    പെണ്ണ് കേട്ടാതിരിക്കുന്നത് അതിലും കുഴപ്പം ആകും.
    പഴയ പോലീസില്‍ നിന്നും അല്പം വ്യത്യാസം ഇപ്പോള്‍ ഉണ്ട് എന്നാണു തോന്നുന്നത്.
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  37. പ്രവാസിയുടെ പരാധീനതകള്‍ നന്നായി ഉള്‍ക്കൊള്ളുന്ന പോസ്റ്റ്‌.
    ---------**----------
    മാല കിട്ടിയ സന്തോഷത്തില്‍ പങ്കു ചേരുന്നു

    മറുപടിഇല്ലാതാക്കൂ
  38. pravasi alla prayaasi aanu shariyaaya word. koollaam nannayittundu. keep in touch

    മറുപടിഇല്ലാതാക്കൂ
  39. ബ്ലോഗ്ഗിൽ തുടങ്ങി, പ്രവാസി ദുഃഖത്തിൽ എത്തി അല്ലേ?..

    മാല കിട്ടി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്‌. നമ്മുടെ പോലീസിന്റെ കഴിവിൽ അഭിമാനവും തോന്നി.

    മറുപടിഇല്ലാതാക്കൂ
  40. “നമ്മള്‍ എത്ര വര്‍ഷം ഇവിടെ തങ്ങിയാലും നാട്ടില്‍ നിന്ന് വരുമ്പോള്‍ നമ്മളില്‍ വേരുറച്ച വിശ്വാസങ്ങളും കാഴ്ചകളും ചിന്തകളും അതേപടി വ്യത്യാസമില്ലാതെ നിലനില്‍ക്കുന്നതായിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നമ്മള്‍ അറിയുന്നു.....
    ആ മാറ്റങ്ങള്‍ നമ്മുടെ വീടിനേയും ബാധിക്കുന്നു എന്ന ഉള്‍ക്കൊള്ളല്‍ നമുക്ക്‌ എത്രത്തോളം സംഭവിക്കുന്നുണ്ട്‌?
    തീരെ സംഭവിക്കുന്നില്ല....
    ഒരു പൊതു സ്വഭാവം എന്നതിനപ്പുറത്തേക്ക്‌ നീങ്ങാന്‍ നമുക്കാകുന്നില്ല....
    അതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന തള്ളിക്കളയല്‍....”

    പുതുതലമുറയായ ‘സഗീറു‘മാരോട് , അനുഭജ്ഞാനരായ നമ്മൾ ‘കടുവ‘കൾ പറഞ്ഞുകൊടുക്കുന്ന സ്വന്തം കഥ !

    അതും ചാറ്റിങ്ങ് രീതിയിൽ ഒരു പുതമയോടെ അവതരിപ്പിച്ചതിൽ അഭിനദനം...കേട്ടൊ റാംജി

    മറുപടിഇല്ലാതാക്കൂ
  41. മാല തിരിച്ചു കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം..പിന്നെ കഥയുടെ കാര്യം, വ്യത്യസ്തത ആഗ്രഹിച്ചവര്‍ക്കൊക്കെ ഇഷ്ടപ്പെടുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  42. നല്ലൊരു വിഷയം പുതുമയായ രീതിയില്‍ അവതരിപ്പിച്ചു!.പശ്ചാത്തലം ബ്ലോഗും ചാറ്റും ആയത് കൂടുതല്‍ ഹൃദ്യമാക്കി.ഞാനിവിടെ വരുമ്പോള്‍ പല ബ്ലോഗര്‍മാരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ അല്‍ഭുതപ്പെട്ടിരുന്നു.പിന്നെ ഓരോരുത്തരുമായി പരിചയപ്പെട്ടു വന്നപ്പോള്‍ എല്ലാവരുടെ ഉള്ളിന്റെ ഉള്ളിലും പ്രവാസവും പ്രയാസവും തന്നെയെന്നു മനസ്സിലായി.ഒരു പ്രവാസിയാവാതെ ഇത്രയും കാലം കഴിഞ്ഞതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നു. പിന്നെ മാല തിരിച്ചു കിട്ടുമെന്നറിഞ്ഞതില്‍ സന്തോഷം!.എന്നാലും ആകെ കണക്കു നോക്കുമ്പോള്‍ നഷ്ടം തന്നെ ആയിരിക്കും.ഇനി പൊണ്ടാട്ടിയുടെ നേര്‍ച്ചകളും തീര്‍ക്കണ്ടെ?.

    മറുപടിഇല്ലാതാക്കൂ
  43. മൂന്നു തലമുറകളുടെ പ്രാരാബ്ധം പേറാന്‍ വിധിക്കപ്പെട്ടവരാണ്‌ പ്രവാസികളീല്‍ പലരും. മാതാപിതാക്കളെ സം‌രക്ഷിക്കണം, സ്വന്തം തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റണം, കുട്ടികളെ വളര്‍‌ത്തി വലുതാക്കണം. വളര്‍‌ന്നു വലുതായിക്കഴിഞ്ഞാലും അവരുടെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല. ഇതിനെല്ലാം പണം വേണം. അതെത്ര കിട്ടിയാലും മതിയാവില്ല. അവസാനം എടുത്താല്‍ പൊങ്ങാത്തയത്ര കടവും നഷ്ടസ്വപ്‌നങ്ങളും മാത്രം ബാക്കി.

    പ്രവാസികള്‍ അനുഭവിക്കുന്ന മാനസികവ്യഥ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  44. മാല നന്നായി. സോറി. കഥ നന്നായി.

    (ജിശാദും ഹംസക്കയും പറഞ്ഞ പോലെ പാര്‍ട്ടിയോ തീറ്റയോ വേണ്ട. അവന്മാര്‍ക്ക് തിന്നുക എന്ന വിചാരമേ ഉള്ളൂ റാംജി. ശ്രീമതിയുടെ നേര്ച്ചക്കടം തീര്‍ക്കു. എന്നിട്ട് കണ്ണൂരാന്‍ കുടുംബത്തിനു
    ചെറിയൊരു സല്‍ക്കാരം. അതുമതി.)

    മറുപടിഇല്ലാതാക്കൂ
  45. പ്രവാസികളുടെ ജീവിതശൈലി നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  46. വേദനകളും ആകുലതകളും ഒപ്പം ചില കുഞ്ഞു സന്തോഷങ്ങളുമടങ്ങിയ പ്രവാസ ജീവിതം ഞാനും കുറച്ച് അനുഭവിച്ചിട്ടുണ്ട്.

    ഹൃദ്യമായിരുന്നു ഈ എഴുത്ത്.

    അപ്പോള്‍ മാല തിരിച്ച് കിട്ടിയല്ലേ, സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  47. എല്ലാ പ്രവാസിയുടെയും ചരിതം ഒന്നു തന്നെ.റാംജി അതു മനോഹരമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്.
    കുറച്ചു നാളായി കഷ്മീരില് നെറ്റു സ്ലൊ ആയതുകൊണ്ട് കഴിഞ്ഞ പോസ്റ്റിനൊന്നും കമന്റിടാന് പറ്റിയില്ല.ഇപ്പൊ നാട്ടിലായതു കൊണ്ടാന്ണു ബ്ലൊഗ് സ്പോട്ട് സൈന് ഇന് ചെയ്യാന് പറ്റിയത്

    മാലതിരിച്ചു കിട്ടിയതിന്റെ സന്തോഷം ഭാര്യയെ അറിയിക്കുക

    മറുപടിഇല്ലാതാക്കൂ
  48. പ്രവാസികളുടെ ദുരിതങ്ങൾ

    മറുപടിഇല്ലാതാക്കൂ
  49. പ്രവാസി.... പ്രയാസം പേറുന്നവന്‍ ആരോ അവന്‍ പ്രവാസി..!! പുതുമയുള്ള രീതി ഇഷ്ട്ടായി.

    മറുപടിഇല്ലാതാക്കൂ
  50. കുടുംബത്തെ നാട്ടിലാക്കി പോകുന്ന ഓരോ പ്രവാസിയുടെയും ഉള്ളിലുള്ള വിഷമങ്ങള്‍ നന്നായി പങ്കുവെച്ചു.... ഏറ്റവും പറ്റിയ ആളിനോടുതന്നെ.... (സംഭാഷണ രീതി നന്നായി) എന്റെ അഭിനന്ദനങ്ങള്‍... മാല പെട്ടെന്നുതന്നെ മടക്കികിട്ടട്ടെ....

    മറുപടിഇല്ലാതാക്കൂ
  51. തമാശയിലൂടൊരു സീരിയസ് പ്രശനം വ്യത്യസ്ത രീതിയില്‍ മനോഹരമായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  52. പുതിയ രീതിക്ക് നൂറു മാര്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  53. ഇന്നു പോസ്റ്റു ചെയ്ത പുതിയ കഥയുടെ പേജ് വരുന്നില്ലല്ലൊ..?

    മറുപടിഇല്ലാതാക്കൂ
  54. പുതിയൊരു അവതരണ ശൈലി...
    ചേട്ടാ....നന്നായിട്ടുണ്ട്...
    മാല തിരിച്ചു കിട്ടിയെന്നറിഞ്ഞതില്‍ സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  55. പിന്നെയും ജീവിച്ചുതീര്ക്കാന് പ്രവാസിയുടെ ജീവിതം എത്രയോ ബാക്കിതന്നെ. അല്ലേ റാംജി.

    ഒറ്റ ജന്മംകൊണ്ട് നേടിയ പ്രവാസം എത്ര ജന്മംകൊണ്ടുതീരുമോ ആവോ.

    നമ്മുടെ നാടുനന്നാവാന് പ്രാര്ഥിക്കാം.
    സ്വദേശത്തെ ഇത്രമേല് സ്നേഹിക്കാന് പ്രവാസംതന്നെ വേണ്ടേയെന്ന് അവര് ചോദിക്കുന്നു.

    നന്ദി, റാംജി.

    മറുപടിഇല്ലാതാക്കൂ
  56. ഇടയ്ക്കൊരു മാറ്റം നല്ലതുതന്നെ..എങ്കിലും, സാറിന്റെ പഴയ കഥാവതരണരീതി തന്നെയാണെനിക്കിഷ്ടം. കഥ വായിച്ച് എത്രകാലം കഴിഞ്ഞാലും കഥാപാത്രങ്ങളും,രംഗങ്ങളും മനസ്സില്‍ നിറഞ്ഞുനില്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  57. സംഭാഷണ കഥ ..നല്ലൊരു ശൈലി ആയി റാംജി സാബ്,,മാലകിട്ടിയതില്‍ ആശ്വാസം പവനോക്കെ ഇപ്പൊ എന്താ വില..!

    മറുപടിഇല്ലാതാക്കൂ
  58. ‘നമ്മള്‍ ആഗ്രഹിക്കുന്ന ഉള്ളില്‍ താലോലിക്കുന്ന സ്നേഹങ്ങള്‍ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു എന്നുള്‍ക്കൊള്ളാന്‍ അപ്പോഴും നമ്മള്‍ക്കാവില്ല. എന്നിട്ടും പഴയ സ്നേഹം തിരിച്ച്‌ കിട്ടും എന്ന്‌ പ്രതീക്ഷിച്ച്‌ കാത്തിരിക്കും.‘

    - നമ്മള്‍ പ്രവാ‍സികള്‍!!!

    മറുപടിഇല്ലാതാക്കൂ
  59. കടുവയായാലും പുലിയായാലും പ്രൊഫൈൽ നാമത്തിനു പിന്നിലെ പച്ചജീവിതം ഇതൊക്കെതന്നെ. പലരും പറഞ്ഞുപഴകിയ വിഷയം പുതിയൊരാംഗിളിലൂടെ നോക്കികണ്ടത് വളരെ നന്നായി.

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  60. പോസ്റ്റ് നന്നായി മാഷേ. പ്രവാസികളെ കുറിച്ച് ആരൊക്കെ എത്ര പറഞ്ഞാലും എത്രയൊക്കെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും ഈ കഥകള്‍ തുടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  61. മാലകിട്ടിയല്ലോ..സന്തോഷം..!
    സംഭാഷണം നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  62. പാവം പ്രവാസി....
    ഒന്നും പറയാനില്ല റാംജി...
    ബാക്കി വരുന്നിടത്തു വച്ചു കാണാം...

    കഥ നന്നായിരിക്കുന്നു...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  63. മാല കിട്ടിയ സന്തോഷത്തിൽ പങ്കുചേരുന്നു. നന്നായി കഥ. ഇത് പ്രവാസിയുടെ മാത്രം പ്രശ്നമല്ല, എല്ലാ ശരാശരി മലയാളിയുടേതും. അഭിനന്ദനം, വായനാസുഖം വളരെയേറെ ഉണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  64. നാട്ടില്‍ ഉള്ളവര്‍ ഗമയില്‍ പറയും അവന്‍ അങ്ങ് ഗള്‍ഫിലാ ......പക്ഷെ അവനു മാത്രമേ അറിയൂ അവന്റെ സങ്കടങ്ങള്‍..!
    പുറത്തു കാണുന്നത് പോലെ ആവില്ല അകം..
    രാംജി..ഒരു പ്രവാസിയുടെ യദാര്‍ത്ഥ ചിത്രം ഇവിടെ കാണാന്‍ കഴിഞ്ഞു ..

    മാല കിട്ടിയല്ലോ....ഭാഗ്യം....അതിന്റെ മുല്യം നിസരമാല്ലലോ ...!(not in the sense that it is a gold chain)

    സന്തോഷം

    മറുപടിഇല്ലാതാക്കൂ
  65. Vishnupriya.A.R,
    നന്ദി വിഷ്ണുപ്രിയ.

    ആയിരത്തിയൊന്നാംരാവ്,
    അതെ. എല്ലാം അങ്ങിനെ ആയിരിക്കുന്നു.
    നന്ദി മാഷേ.

    ഹാപ്പി ബാച്ചിലേഴ്സ് ,
    നന്ദി ബാച്ചിലേഴ്സ്.

    poor-me/പാവം-ഞാന്‍ ,
    നന്നായി സുഹൃത്തെ.
    നന്ദി.

    jayarajmurukkumpuzha ,
    നന്ദി ജയരാജ്‌.

    അജേഷ് ചന്ദ്രന്‍ ബി സി,
    എങ്ങിനെ ആയാലും പരിഹാസം മാത്രം ബാക്കി.
    വിശദമായ അഭിപ്രായത്തിന് നന്ദി.

    ഷാ ,
    നന്ദി ഷാ.

    perooran ,
    നന്ദി പെരൂരാന്‍.

    വി.എ || V.A ,
    നന്ദി വി.എ.

    Renjith ,
    നന്ദി രഞ്ജിത്.

    വഴിപോക്കന്‍,
    നന്ദി സുഹൃത്തെ.

    ജോഷി പുലിക്കൂട്ടില്‍ .,
    നന്ദി ജോഷി.

    Sabu M H,
    നന്ദി സാബു.

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM,
    നന്ദി മുരളിയേട്ടാ.

    Mohamedkutty മുഹമ്മദുകുട്ടി ,
    വിശദമായ അഭിപ്രായത്തിന്
    നന്ദി മാഷേ.

    മറുപടിഇല്ലാതാക്കൂ
  66. Vayady,
    നന്ദി വായാടി.

    കണ്ണൂരാന്‍ / K@nnooraan,
    അഭിപ്രായം എന്തായാലും പറയാം. നന്നായി എന്ന് മാത്രം അല്ലല്ലോ വേണ്ടത്‌. വായിക്കുമ്പോള്‍ തോന്നുന്നത്.
    നന്ദി കണ്ണൂരാന്‍.

    krishnakumar513,
    നന്ദി സുഹൃത്തെ.

    പാറുക്കുട്ടി,
    നന്ദി പാറുക്കുട്ടി.

    റോസാപ്പൂക്കള്‍,
    നാട്ടില്‍ ആണല്ലേ?
    നന്ദി റോസ്.

    ജുവൈരിയ സലാം,
    നന്ദി ജുവൈരിയ സലാം.

    thalayambalath,
    നന്ദി സുഹൃത്തെ.

    കുമാരന്‍ | kumaran,
    നന്ദി കുമാരന്‍.

    ഒഴാക്കന്‍.,
    നന്ദി ഒഴാക്കന്‍.

    റോസാപ്പൂക്കള്‍,
    തെറ്റിപ്പോയതാ...

    റിയാസ് (മിഴിനീര്ത്തു ള്ളി),
    നന്ദി റിയാസ്‌.

    സലാഹ്,
    എല്ലാം നന്നാവും.
    നന്ദി സലാഹ്.

    സ്വപ്നസഖി,
    വായിച്ച് വായിച്ച് ബോറടി ഒന്നോഴിവായെങ്കിലോ..
    ഹ ഹ ഹ
    പോട്ടിച്ചിയിലെ അഭിപ്രായങ്ങള്‍ രണ്ടും കണ്ടിരുന്നു.
    വളരെ നന്ദി സ്വപ്നസഖി.

    സിദ്ധീക്ക് തൊഴിയൂര്‍
    ഹ ഹ ഹ
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  67. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  68. വളരെ നല്ല പോസ്റ്റ്, ഞാനും സഗറിനെപ്പോലെ തുടക്കക്കാരനാണു. ഇന്നലെ എന്റെ മനസ്സിൽ തോന്നിയ ‘ഞാൻ എന്ന പ്രാവാസി‘യുടെ സങ്കടങ്ങൾ ഞാൻ എന്റെ ചേച്ചീനോട് പറഞ്ഞിരുന്നു, അവളാണ് ഈ ലിങ്ക് തന്നതു...

    മറുപടിഇല്ലാതാക്കൂ
  69. സംഭാഷണ രൂപത്തില്‍ വലിയൊരു യാഥാര്‍ത്ഥ്യമാണ് അവതരിപ്പിച്ചത്. മാല തിരിച്ചു കിട്ടിയ സന്തോഷത്തില്‍ 
    പങ്ക് ചേരുന്നു.

    Palakkattettan.

    മറുപടിഇല്ലാതാക്കൂ
  70. അനില്കുുമാര്‍. സി.പി.,
    അതേ നമ്മള്‍ പ്രവാസികള്‍.
    നന്ദി മാഷെ.

    അലി,
    നന്ദി അലി.

    ശ്രീ,
    തീര്ച്ചലയായും ശ്രീ.
    നന്ദി.

    a.faisal,
    നന്ദി ഫൈസല്‍.

    വീ കെ,
    നന്ദി സുഹൃത്തെ.

    ശ്രീനാഥന്‍,
    നന്ദി മാഷെ.

    Sneha,
    മൂല്യം വളരെ വലുതാണ്‌...
    നന്ദി സ്നേഹ.

    അന്ന്യൻ,
    തുടക്കക്കാരനല്ലേ..ഒന്നും നിസ്സാരമാക്കല്ലേ..
    നന്ദി അന്യന്‍.

    keraladasanunni,
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  71. കടുവയുടെ വക്കുകള്‍ക്ക് ചുറ്റും ഞാന് കറങ്ങുകയായിരുന്നു.

    " അല്‍പം കൂടി ചുമതല ബാക്കിയുണ്ട്‌. അതു കൂടി തീര്‍കണം. എന്നിട്ട്‌ പോകണം..."
    മുപത്തിയാറാമത്തെ കൊല്ലം ഒരു പ്രവാസിയുടെ ദീര്‍ഘ നിശ്വാസത്തൊടെയുള്ള പ്രഖ്യാപനം ഈയിടെ കേട്ടു....

    വായാടി പറഞ്ഞതാണ് ശരി "മൂന്നു തലമുറകളുടെ പ്രാരാബ്ധം പേറാന്‍ വിധിക്കപ്പെട്ടവരാണ്‌ പ്രവാസി.."

    എന്നിട്ടോ ആരറിയാനാ? മറ്റാരുമറിയില്ലങ്കിലും റാംജീ ഈ എഴുതിയത് എല്ലാ പ്രവാസിക്കും മനസ്സിലാവും, നല്ല അവതരണം..
    പലതരം പ്രലോഭനങ്ങളെ അതിജീവിയ്ക്കുക എന്നതാണു ഇന്ന് ഈ ലോകത്തു ജീവിയ്ക്കുന്നവന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോഹത്തിന്റെ വലയിൽ കുരുങ്ങിയവരല്ലേ പ്രവാസി?.

    മറുപടിഇല്ലാതാക്കൂ
  72. താങ്കള്‍ പറഞ്ഞത് പോലെ പലപ്പോഴും അച്ഛന്‍ അമ്മമാര്‍ക്ക് മക്കള്‍ ATM ആകുന്നു അല്ലെ?

    അയ്യപ്പന് ആദരാഞ്ജലികള്‍ ഇട്ടതു ഉചിതമായി...

    മറുപടിഇല്ലാതാക്കൂ
  73. ദുരഭിമാനം പ്രവാസികള്‍ക്കു മാത്രമുള്ള ഒരു ദൂഷ്യമായി കണക്കാക്കണോ .എല്ലാവരിലും ചെറിയ അളവിലെങ്കിലും ഇതുണ്ടെന്നാണ് തോന്നുന്നത് (ഇല്ലാത്തവര്‍ ക്ഷമിക്കുക).
    ദിവാരേട്ടന്‍ പറഞ്ഞതിനോട് അനുഭാവം .ജീവിതത്തിന്റെ തുടക്കത്തിലുള്ള രക്തത്തിളപ്പു കൊണ്ടാണോ എന്നറിയില്ല. മിക്കവാറും എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നതല്ലേ കടുവയും ആഗ്രഹിച്ചുള്ളൂ. നമ്മളുടെ ആഗ്രഹങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കാനായല്ലേ നമ്മള്‍ നമ്മുടെ പിന്‍‌ഗാമികള്‍ക്ക് ജന്മം നല്‍കുന്നത് ,അല്ലാതെ മക്കള്‍ ആവശ്യപ്പെട്ടിട്ടല്ലല്ലോ .പലതും നമ്മുടെ സ്വാര്‍ത്ഥസുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും തന്നെ .പക്ഷേ ഇതില്‍ പലതും പാഴ്ശ്രമങ്ങളാകുന്നെന്ന് തിരിച്ചറിയപ്പെടുന്നത് ജീവിത സായാഹ്നത്തിലാവും

    (ഇങ്ങനൊരഭിപ്രായം പറയാന്‍ ഞാന്‍ അനുഭവിച്ച ജീവിതത്തില്‍ നിന്നല്ലാ, ചുറ്റിലും കാണുന്ന ജീവിതങ്ങളില്‍ നിന്നുമാത്രം .അതുകൊണ്ട് അടിക്കാനോങ്ങിയ കൈ അടക്കിവച്ചാലും .ഇതീയുള്ളവന്റെ ചെറിയ വായില്‍ നിന്നും അല്പം വലിയ കാര്യം പറയാന്‍ ശ്രമിച്ചതാണേ )

    മാല തിരിച്ചു കിട്ടാന്‍ പോകുന്ന സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു .പൊന്നില്‍ തീര്‍ത്ത ബന്ധങ്ങളിലേതുപോലെ ...

    മറുപടിഇല്ലാതാക്കൂ
  74. പ്രവാസ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുമായി റാംജീ വീണ്ടും മനസിന്റെ ലോലതന്ത്രികളില്‍ തൊടുന്നു!
    സംഭാഷണ രീതിയില്‍ ഉള്ള പോസ്റ്റ്‌ വളരെ നന്നായി, സ്വാഭാവികമായി...


    പിന്നെ മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  75. പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു ,നല്ല അവതരണം ഭായി .പ്രവാസികളുടെ മനസ്സില്‍ നിന്നുള്ള സ്വരം കേള്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ എനിക്ക് അറിയില്ല ,എന്‍റെ പ്രവാസ ജീവിതം എന്ന് തീരുമോ ആവോ ?

    മറുപടിഇല്ലാതാക്കൂ
  76. പതിവുപോലെ നല്ലൊരു അവതരണം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  77. കഥ ഇഷ്ടപ്പെട്ടു..നല്ലൊരു അവതരണം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  78. സംഭാഷണം ഇഷ്ടായി .
    മല കിട്ടിയതില്‍ സന്തോഷം

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  79. പ്രിയ ശ്രീ റാംജി,
    പോസ്‌റ്റ്‌ നന്നായി.ഹൃദ്യം.അഭിനന്ദനങ്ങള്‍.മറ്റുള്ളവയും വായിക്കാം.
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌ ചന്ത്രോത്ത്‌

    മറുപടിഇല്ലാതാക്കൂ
  80. വിണ്ടും ഒരു പ്രവാസ ദുരന്തം :( ... പുതിയ അവതരന്നം കൊള്ളം.

    മാല തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു :)

    മറുപടിഇല്ലാതാക്കൂ
  81. മാണിക്യം,
    എല്ലാം അറിഞ്ഞിട്ടും അതനുസരിച്ച് ചലിക്കാന്‍ കഴിയാത്ത ചുറ്റുപാടുകള്‍.
    നന്ദി ചേച്ചി.

    raadha,
    നന്ദി രാധ.

    ജീവി കരിവെള്ളൂര്‍,
    ഇതില്‍ അടിയുടെ പ്രശ്നമൊന്നും ഇല്ല ജീവി. വായിക്കുമ്പോള്‍ തോന്നുന്നത് എന്തായാലും എഴുതുക. അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ എഴുതുന്നതിനെ മറ്റുള്ളവര്‍ എങ്ങിനെ കാണുന്നു എന്നാരിയുന്നതല്ലേ ശരി? നമ്മള്‍ അറിയുന്ന കാര്യങ്ങളും അനുഭവത്തില്‍ മാത്രമേ മനസ്സിലാക്കുന്നുള്ളൂ എന്ന് മാത്രം.
    നന്ദി ജീവി.

    കുഞ്ഞൂസ് (Kunjuss),
    നന്ദി കുഞ്ഞൂസ്.

    Vishnupriya.A.R,
    നന്ദി വിഷ്ണുപ്രിയ.

    siya,
    അതൊന്നും ആലോചിക്കണ്ട. ജീവിക്കുക.
    നന്ദി സിയ.

    Pranavam Ravikumar a.k.a. Kochuravi,
    നന്ദി സുഹൃത്തെ.

    the man to walk with,
    നന്ദി സുഹൃത്തെ.

    സുസ്മേഷ് ചന്ത്രോത്ത്,
    എന്റെ ബ്ലോഗ്‌ സന്ദര്ശിനത്തിനും അഭിപ്രായത്തിനും
    നന്ദി സുസ്മേഷ്.

    ബിഗു,
    എവിടെ ആയിരുന്നു കുറച്ച് കാലം?
    നന്ദി സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  82. രണ്ട് മൂന്ന് തവണ വന്നു പുതിയ കഥ എവിടെ?

    മറുപടിഇല്ലാതാക്കൂ
  83. ഇപ്പോള്‍ വായിച്ചതേ ഉള്ളൂ.. എല്ലാരും പറഞ്ഞു കഴിഞ്ഞു... സംഭാഷണ രീതിയില്‍ അവതരിച്ചത് ഇഷടപ്പെട്ടു. പുതുമയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  84. ഗള്‍ഫ് കാരന്‍റെ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യം ആണ് താന്കള്‍ അവതരിപ്പിചിരിക്കുന്നത്. വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  85. ശ്രദ്ധേയമായ അവതരണം. അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  86. എന്നും ചോദിച്ചു കൊണ്ടിരിക്കുന്ന
    കുറെ ചോദ്യങ്ങളും, മറുപടിയും
    ഇനിയും ചോദ്യങ്ങള്‍ ബാക്കിയാണു
    ഉത്തരങ്ങളും.
    എന്താ പറയുക മാഷെ, പ്രവാസം ഒരത്ഭുത വാസം

    മറുപടിഇല്ലാതാക്കൂ
  87. ഒരു പാട് ഒരു പാട് ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ

മനസ്സിലുള്ളത്‌ ഇവിടെ കുറിക്കുമല്ലൊ.....