16/10/09

പാവം ഗംഗാധരക്കുറുപ്പ്‌


16-10-2009
സുമംഗല ഭായി പഠിക്കാന്‍ മിടുക്കിയായിരുന്നു. എസ്സ്‌.എസ്സ്‌.എല്‍.സി. ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി. പ്ളസ്‌ ടൂവിന്‌ നല്ല മാര്‍ക്ക്‌ കിട്ടി. മനസ്സില്ലാതിരുന്നിട്ടും എഡ്റന്‍സ് എഴുതാന്‍ പ്രേരണയായത്‌ അദ്ധ്യാപകരും സഹപാഠികളുമായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോള്‍ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പായി. അപ്പോഴേക്കും മെഡിസിന്‍ എന്ന സ്വപ്നം മുളപൊട്ടി വളര്‍ന്നു തുടങ്ങിയിരുന്നു. അതോടെ വീട്ടിലെ സ്ഥിതി അവള്‍ക്ക്‌ രൂപം മാഞ്ഞ നിഴലായി. സ്വകാര്യ സ്ഥാപനത്തില്‍ സീറ്റ്‌ തരപ്പെടുത്തണമെന്ന അടക്കാനാവാത്ത ആഗ്രഹം. സാമ്പത്തിക പരിമിതികള്‍ അവള്‍ ഓര്‍ത്തതേയില്ല,അല്ലെങ്കില്‍ അതവള്‍ക്ക്‌ പ്രശ്നമായിരുന്നില്ല. പഠിപ്പു കഴിഞ്ഞ്‌ ജോലി ലഭിക്കുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ നിന്ന്‌ ഒരു ഭാഗം പഠിക്കാനെടുത്ത കടം വീട്ടാനുപയോഗിക്കുന്നു. പിന്നീടങ്ങോട്ട്‌ ഉയര്‍ന്ന ജീവിതം-ഇതു മാത്രമായിരുന്നു മനസ്സു നിറയെ.

ഒരു വൈകുന്നേരം ഗംഗാധരക്കുറുപ്പിനോട്‌ സുമഗല ഭായി കാര്യം അവതരിപ്പിച്ചു. പണം കൊടുത്താല്‍ സീറ്റ്‌ കിട്ടും. പഠിച്ചുകഴിഞ്ഞാല്‍ ഡോക്ടറാകാം. കേട്ടപ്പോള്‍ എല്ലാം മറന്ന്‌ ആ പാവം മനുഷ്യന്‍ അഭിമാനംകൊണ്ടു.

"കാശെവിടെ മോളെ?"

"അതൊക്കെ അചഛന്‍ മനസ്സുവെച്ചാല്‍ നടക്കും. പഠിക്കുന്നതിന്‌ ഗവണ്മെന്‍റ് ലോണ്‍ കിട്ടും. പഠിച്ചുകഴിഞ്ഞാല്‍ നമുക്കത്‌ വീട്ടാമല്ലൊ"

" സര്‍ക്കാര്‌ ‌പറഞ്ഞാലും കാശെടുക്കാന്‍ ബാങ്കീ ചെല്ലുമ്പൊ ആധാരം കൊടുക്കേണ്ടിവരും. നമ്മുടെ കൈയ്യില്‍ എന്തുണ്ട്‌?"

"അമ്മായി തരാമെന്ന്‌ ഏറ്റിട്ടുണ്ട്‌."

അമ്പടി ഭയങ്കരീ. ഞാനറിയാതെ അവളെല്ലാം ശരിയാക്കിയിട്ടാണ്‌ എന്നോട്‌ പറയുന്നത്‌. ചെറിയ ചെറിയ വീടുകളുടെ പെയിന്‍റീങ് എടുത്തു നടത്തുന്ന ഗംഗാധരക്കുറുപ്പ്‌ മനസ്സിലോത്തു.

അച്ഛനും അമ്മയും മകളും. ഒരു കൊച്ചു കുടുമ്പം. അമിതമല്ലാത്ത വരുമാനം കൊണ്ട്‌ കടം കയറാതെ ജീവിക്കുന്നു. ചെറുപ്പം മുതല്‍ വീട്ടിലും നാട്ടിലും ആദരവ്‌ പിടിച്ചുപറ്റിയ കുറുമ്പിയായ കൊച്ചുകുറുമ്പിയായിരുന്നു സുമംഗല ഭായി. ദു:ശ്ശീലങ്ങളൊ വാശിയൊ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി.
meDikkal കോളേജില്‍ സീറ്റ്‌ തരപ്പെടുത്തി. ഗംഗാധരക്കുറുപ്പ്‌ ആദ്യമായി ലക്ഷങ്ങള്‍ക്ക്‌ കടക്കാരനായി. കടത്തെക്കുറിച്ചുള്ള ആധി അയാളുടെ ഉറക്കം നഷ്ടപ്പെടുത്തി. കൂടുതല്‍ പ്രസന്നവതിയായ സുമംഗല ഭായി ചിറകുവിരിച്ച സ്വപ്നങ്ങളുമായി ഒഴുകിനടന്നു.

സങ്കല്‍പങ്ങള്‍ക്കപ്പുറം വളരെ ഉയര്‍ന്നതായിരുന്നു മെഡിക്കല്‍ കോളേജ്‌ പരിസരവും ചുറ്റുപാടുകളും. കോളേജിനകത്തു കയറിയപ്പോള്‍ സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞു. ഹോസ്റ്റലിലാണ്‌ താമസിക്കെണ്ടത്‌. മാസത്തിലൊരിക്കലെ മാതാപിതാക്കളെ കാണാനാകു എന്ന പ്രയാസം പുത്തന്‍ അന്തരീക്ഷത്തില്‍ വലുതായി അലട്ടിയില്ല.

ഹോസ്റ്റലിനകത്തെ സൌകര്യങ്ങള്‍ തന്‍റേതായ വ്യക്തിത്വത്തിലേക്ക്‌ സമന്വയിപ്പിക്കുന്നതിനിടയിലാണ്‌ പുറത്തൊരു ചെറിയ ബഹളം. ആകാക്ഷയോടെ പുറത്തെത്തി നോക്കി.

"ദേ അളിയ....കറുത്തൊരു പീസ്‌."

നാട്ടുകാരുടെ കറുത്ത സുന്ദരിയായ സുമംഗല ഭായിയെയാണ്‌ അന്നവര്‍ ഉന്നം വെച്ചത്‌. റാഗിങ്ങിന്റെ ഭീകരത അറിവിനപ്പുറമായിരുന്നു. നടക്കാനിരിക്കുന്ന സ്വപ്നങ്ങള്‍ക്കുള്ളില്‍ പരാതികളെല്ലം ഒളിപ്പിച്ചു. എങ്കിലും ഒരിക്കല്‍ മാത്രം സുഹ്ര്‍ത്തായ അദ്ധ്യാപകനോട്‌ വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ അയാളശ്വസിപ്പിച്ചു.

സ്വപ്നങ്ങള്‍ക്ക്‌ വിള്ളല്‍ വീണ്‌ തുടങ്ങിയപ്പോഴും മാനസികനില തകര്‍ന്നു തുടങ്ങിയപ്പോഴും മാതാപിതാക്കളെ അറിയിക്കാന്‍ കുറ്റബോധം അനുവധിച്ചില്ല. വീര്‍പ്പുമുട്ടിയപ്പോള്‍ അച്ഛനെ കാണണമെന്നു തോന്നി.

ഗംഗാധരക്കുറുപ്പൊരിക്കല്‍ മകളെ കാണാന്‍ കോളേജിലെത്തി. സമയാസമയങ്ങളില്‍ മാത്രമെ കാണാനൊക്കു എന്ന മാനേജ്മെന്‍റിന്‍റെ കര്‍ക്കശ നിലപാടില്‍ മനം നൊന്ത്‌ മടങ്ങേണ്ടിവന്നു. സ്വന്തം മകളെ കാണാന്‍ കാത്ത്‌ നില്‍ക്കേണ്ടി വന്നപ്പൊഴും വരാനിരിക്കുന്ന നല്ല നാളെയെക്കുര്‍ച്ചോര്‍ത്ത്‌ അയാളാശ്വസിച്ചു.

സുമംഗല ഭായി എന്ന മെഡിക്കല്‍ കോളേജ്‌ വിദ്യാര്‍ത്തിനി കോളേജിന്‍റെ നാലാം നിലയില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്തു. റ്റി.വി. ചാനലുകളില്‍ വാര്‍ത്ത. മരണം നടന്ന്‌ ഒന്നര മണിക്കൂറിനുശേഷം വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

ഗംഗാധരക്കുറുപ്പും ഭാര്യയും സ്തംഭിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് ആ കുട്ടി പിഴ അടക്കേണ്ടിവന്നു. കോളേജ്‌ അദ്ധ്യാപകനുമായി പ്രണയം. മാനേജ്മെന്‍റിന്‍റെ ക്രൂരതകള്‍ക്കിര-കാറ്റുപോലെ കഥകള്‍ പിറന്നു വീണുകൊണ്ടിരുന്നു.

പുതിയ കഥകളുടെ അപമാനവും പേറി കടക്കെണിയുടെ ഊരാക്കുടുക്കിലകപ്പെട്ട പാവം പിതാവ്‌.