24/7/10

ഗ്രാമങ്ങള്‍ ഇനിയും ഉറങ്ങരുത്.

19-07-2010

ഷാഫി പമ്മിപ്പമ്മിയാണ്‌ ഇറച്ചിപ്പുരയോട്‌ ചേര്‍ന്നുള്ള തോട്ടരുകില്‍ എത്തിയത്‌.

വെളിച്ചം വീണു തുടങ്ങിയിട്ടില്ലാത്ത വെളുപ്പാന്‍ കാലം. ആരും അറിയാതെയാണ്‌ എഴുന്നേറ്റു പോയത്‌.

കുറച്ചിട ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കാട്ടുചെടികള്‍ ചോര കുടിച്ച്‌ വീര്‍ത്തു നില്‍ക്കുന്നു. ശേഷിക്കുന്ന ഭാഗം തുറസ്സായി കിടക്കുന്നു. നെഞ്ചിടിപ്പുണ്ടെങ്കിലും കാട്ടുചെടികള്‍ക്കിടയിലെ അരിക്കിലാമ്പിന്‍റെ വെളിച്ചം ഭയത്തെ നേര്‍പ്പിച്ചു.

"ആരടാ അത്‌?" ആ നേരത്ത്‌ ഒന്നു ഞെട്ടിക്കാന്‍ വറീതാപ്ളയുടെ ചുക്കിച്ചുളിഞ്ഞ ശബ്ദത്തിനു കഴിഞ്ഞു.

"ഞാനാ വറീതാപ്ളെ..ഷാഫി"

"ങേ..മോനായിരുന്നോ...എന്താ ഈ നേരത്ത്‌?"

"ഒന്നു കാണാന്‍ വേണ്ടിയാ....."

"അതിനെന്താ..? മോനാ മരത്തിന്‍റെ കടയ്ക്കലേക്ക്‌ നീങ്ങി നിന്നോ..പേടീണ്ടോ?"

"ഇച്ചിരീശ്ശെ ഇണ്ട്"

മരത്തിന്‍റെ കടയോടു ചേര്‍ന്ന്‌ ആകാംക്ഷയോടെ നിന്നു.
മൂന്നുനാലു പേരുണ്ട് അവിടെ.

ചോര ചീറ്റിയപ്പോള്‍ മൂരി ഒന്നു പിടഞ്ഞു. ബന്ധിച്ചിരുന്ന കൈകാലുകള്‍ ശക്തിയോടെ കുതറി വിറച്ചു.

ചോര കണ്ട്‌ രണ്ടു കൈകൊണ്ടും കണ്ണുപൊത്തി. കൈവിരലുകള്‍ക്കിടയിലൂടെ എന്നിട്ടും കണ്ണ്‌ പുറത്തേക്കു നീണ്ടു. ഇരുട്ടിനുള്ളിലെ അരിക്കിലാമ്പിന്‍റെ വെളിച്ചത്തില്‍ ചോരയ്ക്കു കറുപ്പു നിറം. അത്‌ ഭീകരതയുടെ കാഠിന്യം കുറച്ചു.

തോലു നീക്കം ചെയ്ത്‌ ചെറിയ ഭാഗങ്ങളായി പിന്നീട്‌ ഇറച്ചിപ്പുരയിലേക്ക്. ഓല വെച്ചുകെട്ടിയ ഒരു താല്‍ക്കാലിക ഷെഡ്ഡാണ്‌ ഇറച്ചിപ്പുര. വീടിരിക്കുന്ന പറമ്പിന്‍റെ തെക്കേ മൂലയിലാണ്.

വെളിച്ചം വീണു തുടങ്ങിയ ഇരുട്ടിലൂടെ പന്ത്രണ്ടു വയസുകാരന്‍റെ കുസൃതിയോടെ വീട്ടിലേക്ക്‌ കുതിച്ചു. ഭയപ്പെട്ടതു പോലെ സംഭവിച്ചിരിക്കുന്നു. അയല്‍ വീടുകളില്‍ ജോലിക്കു പോകാനായി ഉമ്മ നേരത്തേ എഴുന്നേറ്റിരിക്കുന്നു. തന്നെ കാണാതുള്ള പരിഭ്രമം ഉമ്മയുടെ കയ്യിലിരിക്കുന്ന ചിമ്മിനി വെട്ടത്തില്‍ തെളിയുന്നുണ്ട്‌.

ഉമ്മ കാണാതെ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പതുങ്ങി നിന്നപ്പോള്‍ ക്ഷയരോഗിയായ ഉപ്പായുടെ ചുമ ചെമ്പുകുടം തറയില്‍ വീണതു പോലെ കുലുങ്ങി.

മൂത്തവര്‍ മൂന്നു പേരും സഹോദരികളാണ്. ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത മൂത്തവള്‍ ഉമ്മയോടൊപ്പം പോകും. ഉപ്പായുടെ നിറം മങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നും പുറത്തു വരുന്ന കുപ്പായങ്ങള്‍ക്ക്‌ ബട്ടന്‍സ്‌ തുന്നി രണ്ടാമത്തവളും ജീവിക്കാനുള്ള സഹായം നല്‍കി വീട്ടില്‍ തന്നെ. മൂന്നാമത്തവള്‍ക്കാണ്‌ വീട്ട്‌ ജോലികള്‍. പരിചയമുള്ള എല്ലാവരും ഒരു സഹായം പോലെ തുണികള്‍ തുന്നാന്‍ ഉപ്പായെ ഏല്‍പിക്കും. വീട്ടിലിരുന്നാണ്‌ തയ്ച്ചു  കൊടുക്കുന്നത്. അസഹ്യമായ ചുമ വരുമ്പോള്‍ മാത്രം തുന്നല്‍ മെഷീനില്‍ നിന്ന്‌ അല്‍പനേരം വിട്ടു നില്‍ക്കും.

മൂന്നാമത്തേതും പെണ്ണായതുകൊണ്ടാണ്‌ നാലാമതും ഉമ്മാക്ക്‌ പെറേണ്ടി വന്നത്. തലമുറകളായി താമസിച്ചിരുന്ന വീടിനോട്‌ ചേര്‍ന്ന പത്തു സെന്‍റ്‌ സ്ഥലം കൃസ്ത്യന്‍‍ പള്ളിക്കാര്‍ കുടികിടപ്പവകാശം തന്നതാണ്.

വീട്ടുകാരെ സഹായിക്കണമെന്ന ചിന്ത കൌമാര മനസ്സില്‍ കലശലായി. വറീതാപ്ളയുടെ സഹായിയായി. സൈക്കിളില്‍ പല വീടുകളിലും ഇറച്ചി എത്തിച്ചു കഴിഞ്ഞാല്‍ അല്ലറ ചില്ലറ എല്ലു പറക്കലായി ഞായറാഴ്ചകളില്‍ ചെറിയ വരുമാനം. പണം ഉപ്പായെ ഏല്പിക്കുമ്പോള്‍ അഭിമാനം തോന്നി.

പഠിത്തത്തില്‍ ഒന്നാമനായിരുന്ന ഷാഫി സ്ക്കൂളിലും നാട്ടിലും വേണ്ടപ്പെട്ടവനായി മാറി.

എട്ടില്‍ പഠിക്കുമ്പോള്‍ തന്നെ ഉപ്പ മരിച്ചു.

അനാഥമായ കുടുംബത്തിന്‍റെ ഭാരം പേറേണ്ടിവന്നപ്പോള്‍ പഠിപ്പ്‌ നഷ്ടപ്പെട്ടു. ചുമട്ടു തൊഴിലാളിയായി പരിണാമം സംഭവിച്ചപ്പോള്‍ ഇറച്ചിക്കട വിട്ടു. പകരം സ്വന്തമായി ആടുകളെ വാങ്ങി ഞായറാഴ്ചളില്‍ അവയെ അറുത്തു വിറ്റും സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ യത്നിച്ചു.

അല്പം മെച്ചപ്പെട്ട കുടുംബാന്തരീക്ഷം എല്ലാവരിലും ആവേശമുണര്‍ത്തി. സഹോദരിമാരുടെ ശരീരത്തില്‍ എണ്ണമയം തിളങ്ങി. ചിന്തകളന്ന ചിരികളില്‍ സൗന്ദര്യം തുടിച്ചു.

താമസിയാതെ സഹോദരിമാരുടെ വളര്‍ച്ച ഷാഫിയുടെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി. ചെയ്യുന്ന ജോലിയുടെ വരുമാനത്തില്‍ ഒതുങ്ങി നിന്ന്‌ സഹോദരി മാരെ കെട്ടിച്ചയയ്ക്കാന്‍ ആകില്ലെന്ന ചിന്ത സദാസമയവും...

വല്ലപ്പോഴും മാത്രം എത്തിച്ചേരുന്ന ലോഡിങ്ങിനെ മാത്രം ആശ്രയിക്കാതെ ആടിനെ അറവ്‌ ഞായറാഴ്ച എന്ന ഒറ്റ ദിവസത്തിലൊതുക്കാതെ ഇട ദിവസങ്ങളിലേക്കും ഉയര്‍ത്തിനോക്കി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാതെ അലട്ടുന്ന ചിന്തകള്‍ തന്നെ ബാക്കിയായി.

വാചാലമായിരുന്ന ഷാഫിയുടെ സ്വരത്തില്‍ വിളര്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങിയത് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ വാക്കുകളിലെ അനുഭാവം തൃപ്തി നല്‍കാതെ പണത്തിനു വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്നു മനസ്സ്‌.

എങ്ങിനേയും പണം ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമായി..!!

രണ്ടു ദിവസം കാണാതിരുന്ന ഷാഫി തിരിച്ചെത്തിയത്‌ ഗ്രാമവാസികളെ അത്ഭുതപ്പെടുത്തിയായിരുന്നു. പുത്തന്‍ ബൈക്കും പുത്തന്‍ ഡ്രസ്സുമായി ഗ്രാമത്തിന്‍റെ നെഞ്ചില്‍ ഊക്കോടെ ചാടിയിറങ്ങി.

പുതിയ ജോലി ലഭിച്ചെന്നറിഞ്ഞതില്‍ സഹപ്രവര്‍ത്തകരില്‍ സന്തോഷം. ചുമട്ടുതൊഴിലാളി പട്ടം തിരിച്ചു നല്‍കിയതും ആടിന്‍റെ ചുടുചോര അറപ്പായതും പിന്നീട്‌ സംഭവിച്ചത്‌.

സഹോദരിമാര്‍ നല്ല കുപ്പായങ്ങളിട്ട്‌ സുന്ദരികളായി. നിഴലായി കൂടിയിരുന്ന വിഷാദ ഭാവങ്ങള്‍ ഓടിയകന്നു. ഉമ്മയോട്‌ വീട്ടു ജോലികള്‍ക്ക്‌ ഇനി പോകെണ്ടെന്നു പറഞ്ഞപ്പോള്‍ കൂട്ടാക്കിയില്ല. പക്ഷെ തരിശായി കിടന്നിരുന്ന പത്തു സെന്റില്‍ വലിയ വീടായപ്പോള്‍ അയല്‍വക്കങ്ങള്‍ തന്നെ ഉമ്മയെ ജോലിയില്‍ നിന്ന്‌ ഒഴിവാക്കി.

അപ്പോഴും ഷാഫിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതെ ഗ്രാമം ഉണര്‍ന്നെണീറ്റുകൊണ്ടിരുന്നു.

അധിക സമയവും ബൈക്കില്‍ കറങ്ങി നടക്കുന്ന ഷാഫി വല്ലപ്പോഴും ഒരാഴ്ചയൊ രണ്ടാഴ്ചയൊ തുടര്‍ച്ചയായി മാത്രമാണ്‌ നാടു വിട്ട്‌ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്. പെട്ടെന്നുള്ള ഷാഫിയുടെ ഉയര്‍ച്ചയില്‍ ആദ്യം ഗ്രാമം അത്ഭുതപ്പെട്ടിരുന്നെങ്കിലും പിന്നീടത്‌ ചുരുങ്ങി വന്നു. അത്ഭുതം അസൂയയിലേക്കും, അസൂയ അംഗീകാരത്തിലേക്കും വഴിമാറിയത്‌ പണത്തിന്‍റെ ശക്തി തന്നെ.

ഗ്രാമവാസികളില്‍ ഷാഫിയെന്ന വ്യക്തിത്വം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയപ്പോഴും പുറം കാഴ്ചകളിലെ ഭ്രമത്തില്‍ ഗ്രാമം കുടുങ്ങിക്കിടന്നു...

വെട്ടും കുത്തും കൊലപാതകവും കവര്‍ച്ചയും കള്ളനോട്ടും ബലാല്‍ക്കാരവും പത്രങ്ങളില്‍ നിറഞ്ഞൊഴുകിയപ്പോഴും ഷാഫിയുടെ ഗ്രാമം ശാന്തമായി തുടിച്ചു, വിദ്വേഷങ്ങളില്ലാതെ പകയില്ലാതെ.

അപ്പോഴും ഷാഫി ഇടക്കെല്ലാം ദൂരെ ജോലിക്ക്‌ പോയ്ക്കൊണ്ടേയിരുന്നു. ബൈക്കിന് പകരം മുന്തിയ കാറായെന്ന് മാത്രം.....

രണ്ടു സഹോദരിമാരുടെ വിവാഹം ഒരുമിച്ചാണ്‌ നടത്താന്‍ തീരുമാനിച്ചത്. ഗ്രാമം അതുവരെ കണ്ടിട്ടില്ലാത്ത ആഡംബരക്കല്യാണം.

"അവനെ സമ്മതിക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ വാപ്പ മരിച്ചപ്പോള്‍ എല്ലാം തീര്‍ന്നേനെ. ആരേയും ദ്രോഹിക്കാതെ അവന്‍ കഷ്ടപ്പെട്ട്‌ വലിയ നിലയിലായി. നമ്മളൊക്കെ അവനെ കണ്ടാണ്‌ പഠിക്കേണ്ടത്....." വിവാഹത്തിനെത്തിയവര്‍ വിലയിരുത്തി.

"അവനെപ്പോലെ ഒരു ജോലി നമുക്കും കിട്ടിയാല്‍ നമ്മളും ഇങ്ങിനെയൊക്കെ ആവും. ശരിക്കും അവന്‍റെ ജോലി എന്താ..? ഏത് സ്ഥലത്താ അവന്‍റെ ജോലി..?"

"അതൊക്കെ എന്തിനാ നോക്കണേ... നാട്ടില്‍ എല്ലാവരേയും സഹായിക്കുക എന്നല്ലാതെ അവനാര്‍ക്കും ഇതുവരെ ദ്രോഹൊന്നും ചെയ്തിട്ടില്ലല്ലൊ? പിന്നെ നമ്മളെന്തിനാ വേണ്ടാത്തതൊക്കെ അന്വേഷിക്കുന്നത്.....!"

"വാ.. നമുക്ക്‌ ബിരിയാണി കഴിക്കാം. അവസാനം അല്ലെങ്കില്‍ അടിയും പൊടിയും മാത്രേ കാണൂ."

അപ്പോഴും ഷാഫി ആരോടൊ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരുന്നു....!!!

5/7/10

ബാലകൃഷ്ണന്‍ മാഷും നടക്കുകയാണ്.

05-07-2010

നേരം പരപരാ വെളുത്തപ്പോള്‍ ബാലകൃഷ്ണന്‍ മാഷ്‌ നടക്കാനിറങ്ങി.

സ്ക്കൂള്‍ അദ്ധ്യാപകനാണ്‌.

ഡോക്ടറുടെ കര്‍ശന നിര്‍ദേശമാണ്‌ എന്നും രാവിലെ അര മണിക്കൂറെങ്കിലും നടക്കണം എന്നത്‌. വെറുതെ നടന്നാല്‍ പോര. പതിയെ തുടങ്ങി പിന്നെ കയ്യ്‌ വീശി കാല്‌ നീട്ടി വെച്ച്‌ നിവര്‍ന്ന്‌ വേണം നടക്കാന്‍. തിരിച്ചെത്തുമ്പോഴേക്കും നന്നായി വിയര്‍ക്കണം.

ഇപ്പോള്‍ കാലത്തും വൈകീട്ടും റോഡ്‌ നിറയെ നടത്തക്കാരാണ്‌. ജോലി കഴിഞ്ഞ്‌ വരുന്ന സ്തീകള്‍ വീടെത്തുന്നതിന്‍റെ രണ്ടൂമൂന്ന്‌ സ്റ്റോപ്പ്‌ മുന്‍പ്‌ ബസ്സില്‍ നിന്നിറങ്ങി, നടക്കും. പണ്ടൊക്കെ സ്കൂളില്‍ പോയിരുന്ന സമയത്ത്‌ ബസ്സില്‍ കയറി സ്കൂളില്‍ പോകാന്‍ കൊതിയായിരുന്നു. അതെല്ലാം മാറി ഒന്നു്‌ നടന്നു പോകാന്‍ കൊതിയായിത്തുടങ്ങി. കൊതിച്ചാലും നടക്കാന്‍ കഴിയാതായിരിക്കുന്നു. രണ്ടടി വെച്ചാല്‍ അണപ്പാണ്‌. പിന്നെ, നടക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ അഭിമാനം ഉടനെ തകര്‍ന്ന്‌ വീഴേം ചെയ്യും.

ആരോടും കൂടാതെ ഒറ്റയ്ക്കാണ്‌ നടപ്പ്‌. ആദ്യമൊക്കെ നടക്കാന്‍ ഒരു ചമ്മലായിരുന്നു. ആരെങ്കിലും കണ്ടാല്‍ ഒരു രോഗിയാണെന്ന്‌ ധരിച്ചെങ്കിലൊ എന്നൊക്കെ. അതുകൊണ്ട്‌ നേരം വെളുക്കുന്നതിന്‌ മുന്‍പേ നടത്തം നടത്തിയിരുന്നു. അപ്പോള്‍ രാവിലെ സൈക്കിളില്‍ പത്രം കൊണ്ടിടുന്ന പിള്ളേരും ചായക്കടയിലേക്ക്‌ പാല്‌ കൊണ്ടുപോകുന്ന ചിലരേയും മാത്രമെ കാണാനാകു. തിരിച്ച്‌ വരുമ്പോള്‍ പീടികച്ചായ കുടിക്കാന്‍ പോണവരേയും കാണാം. ഇരുട്ട്‌ വിട്ട്‌ മാറിയിട്ടില്ലാത്തതിനാല്‍ പട്ടികളുടെ ശല്യം കൊണ്ടാണ്‌ നേരം വെളുത്തതിനു ശേഷം നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. അപ്പോഴേക്കും ചമ്മലും കുറഞ്ഞ്‌ തുടങ്ങിയിരുന്നു.

ഓരോന്ന്‌ ചിന്തിച്ച്‌ ആരേയും ശ്രദ്ധിക്കാതെ തന്നെയാണ്‌ മാഷ്‌ നന്നിരുന്നത്‌. വീടിന്‍റെ പടി ഇറങ്ങുന്നതും ചിന്തകള്‍ ഓടിക്കയറുന്നതും ഒരുമിച്ചാണ്‌.

തൊണ്ണൂറ്റിനാലാമത്തെ വയസ്സില്‍ ഒരു അടയ്ക്കാമരം വെട്ടിപ്പൊളിക്കുന്നതിടയില്‍ കുഴഞ്ഞു വീണാണ്‌ അച്ഛാച്ചന്‍ മരിക്കുന്നത്‌. ഒത്ത ശരീരവും അതിനൊത്ത പൊക്കവും. ഒരു നിമിഷവും വെറുതെ ഇരിക്കാത്ത ഇരുനിറക്കാരാന്‍. മൂന്ന്‌ കെട്ട്‌ തെറുപ്പ്‌ ബീഡിയും ഒരു കെട്ട്‌ ചുരുട്ടും ഒരു ദിവസം വലിച്ച്‌ തള്ളും. ചെത്താന്‍ കൊടുത്ത തെങ്ങിന്‍റെ പാട്ടമായി ലഭിക്കുന്ന ഒരു കപ്പ്‌ കള്ള്‌ രാവിലെ അകത്താക്കും. അഞ്ചെട്ടെണ്ണത്തില്‍ മൂന്നാമനായ താനായിരുന്നു അച്ഛാച്ചന്റെ സഹായി. കള്ള്‌ മോന്തുന്നത്‌ നോക്കിയിരിക്കുമ്പോള്‍ കപ്പിന്‍റെ അടിഭാഗം നുണയാന്‍ കിട്ടിയിരുന്നു.

പാടത്ത്‌ മത്തനും കുബളവും പടവലവും പാവയ്ക്കായും നട്ട്‌ വളര്‍ത്തിയിരുന്നതിന്‌ നനയ്ക്കാന്‍ അച്ഛാച്ചനോടൊപ്പം കൂടിയിരുന്നു. വെള്ളം തിരിക്കുന്ന പണി തന്റേതാണ്‌. അച്ഛാച്ചന്‍ തേവും. എഞ്ചിനും കറണ്ടും ഒന്നും എത്തി നോക്കിയിട്ടില്ലാത്തതിനാല്‍ ത്-ലാത്തേക്കായിരുന്നു വീട്ടില്‍. മുഴുവന്‍ മുള കൊണ്ട്‌ കെട്ടിയുണ്ടാക്കിയ അന്നത്തെ നനയന്ത്രമായിരുന്നു ത്-ലാവ്‌ എന്ന്‌ പറയുന്ന പലതില്‍ ഒന്നായ ത്-ലാത്തേക്ക്‌. പിന്നെയുള്ളത്‌ കാളത്തേക്കാണ്‌. അന്ന്‌ രണ്ട്‌ കാളകളെ വാങ്ങാന്‍ കഴിവുള്ളവന്‍ നാട്ടിലെ ചെറുപ്രമാണിയാണ്‌. അച്ഛാച്ചന്‌ അത്രയൊന്നും സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു.

ക്രമേണ വെള്ളം തേവാന്‍ പഠിച്ചു. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ തേക്ക്‌ പൂര്‍ണ്ണമായും ഏറ്റെടുത്തു. വെള്ളം തിരിയ്ക്കാന്‍ അനിയത്തിയും. അച്ഛാച്ചന്‌ വീട്ടില്‍ വേറെ പണികള്‍ കാണും.

നല്ല ആയാസമുള്ള പണിയായിരുന്നു തേക്ക്‌(തേവല്‍‍). കിണറിനോളം തന്നെ നീളമുള്ള ത്-ലാക്കണ എന്ന ഒരു മുളയില്‍ വെള്ളം കോരിയെടുക്കാന്‍ പാകത്തില്‍ പലക കൊണ്ട്‌ തയ്യാറാക്കിയ ഒരു ത്-ലാക്കൊട്ട പിടിപ്പിക്കും. കിണറിന്‌ മുകളില്‍ പാലം പോലെ മെതി വെച്ചിരിക്കും. പാലത്തില്‍ കയറി മുളയില്‍ പിടിച്ച്‌ താഴ്ത്തി കിണറിന്‍റെ അടിയില്‍ നിന്ന്‌ ത്-ലാക്കൊട്ടയില്‍ വെള്ളം നിറയ്ക്കും. മെതിയില്‍ കുനിഞ്ഞ്‌ നിന്ന്‌ രണ്ട്‌ കൈകൊണ്ടും മുളയില്‍ പിടിച്ച്‌ ശക്തിയോടെ മുകളിലേക്ക്‌ ഒറ്റ ശ്വാസത്തില്‍ പൊക്കിവിടും. കിണറിന്‍റെ മദ്ധ്യഭാഗം വരെ ആ ആച്ചലില്‍ വെള്ളം അടങ്ങിയ ത്-ലാക്കൊട്ട ഉയര്‍ന്ന്‌ വരും. പിന്നീട്‌ ഓരോ കൈ മാറിമാറി മുളയില്‍ പിടിച്ച്‌ മുകളിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടിരിക്കും. മുകളിലെത്തിയ വെള്ളം പ്രത്യേകമായി കെട്ടിയുണ്ടാക്കിയ തേപ്പട്ക്ക എന്ന ഭാഗത്തേക്ക്‌ ഒഴിക്കും. അതങ്ങിനെ ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കും.

നാലഞ്ച്‌ കൊട്ട വെള്ളം എത്തിക്കുന്നതിനിടയില്‍ വിയര്‍ത്ത്‌ കുളിച്ചിരിക്കും. ശരീരത്തിന്‍റെ ഓരോ ഭാഗവും ഇളകും.

നാല്‍പത്തിയഞ്ച്‌ മിനിറ്റിനുള്ളില്‍ ആവശ്യത്തിനുള്ള വെള്ളം തേവിക്കഴിയും. തേക്ക്‌ നിര്‍ത്തി ഇടവിളത്തോട്ടത്തിലെ ചെടികളുടെ വളര്‍ച്ചയും പൂക്കളും നോക്കി ചുറ്റിത്തിരിയുന്നതിനിടയില്‍, വേരുകള്‍ കൊണ്ട്‌ സ്പ്രിംഗ്‌ നിര്‍മ്മിച്ച്‌ മുകളിലേക്ക്‌ കയറിപ്പോകുന്ന പടവലത്തിന്‍റെ തണ്ടില്‍ നിന്ന്‌ ചെറിയ പടവലം ഞാന്ന്‌ കിടക്കുന്നത്‌ കണ്ടു. വാഴനാരില്‍ ഒരു ചെറിയ കല്ല്‌ കെട്ടി പടവലത്തിന്‍റെ താഴെ ഞാത്തിയിട്ടു. അല്ലെങ്കില്‍ നീളം വെക്കുന്ന പടവലം ചുരുണ്ട്‌ കൂടി വികൃതമാകും.

പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോഴേക്കും വിയര്‍പ്പ്‌ എല്ലാം വറ്റി. കിണറ്റിന്‍ കരയിലെത്തി രണ്ട്‌ കൊട്ട വെള്ളം കോരി തേപ്പട്ക്കയില്‍ നിന്ന്‌ സുഖമായി കുളിച്ചു. ത്-ലാക്കൊട്ട ഊരി തോളില്‍ കമിഴ്ത്തി വെച്ച്‌ വീട്ടിലേക്ക്‌ നടന്നു. സ്കൂളില്‍ പോകേണ്ട സമയം ആയിരിക്കുന്നു. കാന്താരി മുളക്‌ അരച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്‌ സ്കൂളിലേക്ക്‌ പുറപ്പെട്ടു. മൂന്നര കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലെത്താന്‍.

നടക്കാന്‍ വേണ്ടി നടന്ന ബാലകൃഷ്ണന്‍ മാഷ്‌ വാച്ച്‌ നോക്കി. ഇന്ന്‌ ഇരുപത്‌ മിനിറ്റ്‌ കൊണ്ട്‌ തിരിച്ചെത്തി. ഓ..സാരമില്ല. അല്ലെങ്കിലും ഇത്‌ നനയും തേക്കുമൊന്നും അല്ലല്ലൊ കൃത്യമായി ചെയ്യാന്‍..? നമ്മുടെ സൌകര്യത്തിന്‌ ചില വിട്ടുവീഴ്ചകളൊക്കെ ആകാം.

മുറ്റത്ത്‌ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന മകനെ ഭാര്യ ശകാരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌ വീടിന്‍റെ പടി കയറിയത്‌.

"നേരം വെളുത്തപ്പോള്‍ തൊടങ്ങ്യതാണ്‌ അവന്‍റെയൊരു സൈക്കിള്‌ ചവിട്ട്‌. വെയര്‍ത്തൊഴുകുന്നത്‌ കണ്ടൊ? നീയിന്ന്‌ എന്തെങ്കിലും വരുത്തിവെയ്ക്കും. പനി പിടിച്ച്‌ കെടന്നാല്‍ അവ്ടെ കെടക്കലെ ഇണ്ടാകു. നീയ്യാ തെക്കേലെ ഉണ്ണ്യെ കണ്ട്‌ പഠിക്ക്‌...അവന്‌ എല്ലാത്തിനും ഏ-പ്ളസ്സാ. നിനക്ക്‌ ഒരെണ്ണത്തില്‌ മാത്രല്ലെ ഏ-പ്ളസ്‌ കിട്ടീത്‌. പഠിക്കുന്നില്ലെങ്കില്‍ പോട്ടെ, കംബ്യൂട്ടറുണ്ടിവിടെ....ഈ നേരം കൊണ്ട്‌ അതിലെന്തെങ്കിലും പഠിച്ചാ എത്ര കാര്യംണ്ട്‌? ആരോട്‌ പറയാനാ...അവനൊരു കുലുക്കം ഇണ്ടോന്ന്‌ നോക്ക്‌ ഞാനിത്രേം കൊരച്ചിട്ട്‌..?"

"പ്ളീസ്‌ അമ്മേ..പത്ത്‌ മിനിറ്റ്‌ കൂടെ.. "

"അല്ലെങ്കിലും ഞാന്‍ പറയണേന്‌ ഇവ്ടെ ആര്‍ക്കാ വെല...പട്ട്യേപ്പോലെ കൊരച്ച്‌ തൊള്ളേലെ വെള്ളം വറ്റിക്കാന്നല്ലാണ്ട്‌..?ദേഷ്യത്തോടെ അടുക്കളയിലേക്ക്‌ നടന്നു.

"അമ്മ പറയുന്നത്‌ കേക്ക്‌ മോനെ. സൈക്കിള്‌ വൈകീട്ടായാലും ചവ്ട്ടിക്കൂടെ?"

സൈക്കിള്‍ നിറുത്തി താഴെ ഇറങ്ങി.

"അപ്പൊ അച്ഛന്‌ ഒന്നും പറയാനില്ല അല്ലെ? അച്ഛന്‌ നേരം വെളുക്കുമ്പം നടക്കാന്‍ പുവ്വാം. ഇനിക്ക്‌ സൈക്കിള്‌ ചവ്ട്ടാന്‍ പാടില്ല. നാല്‌ മണിക്ക്‌ സ്കൂള്‌ വിട്ടെത്തിയാ അപ്പത്തന്നെ ട്യൂഷന്‌ പോണം. അത്‌ കഴിഞ്ഞ്‌ വന്നാ പിന്നേം പഠിക്കണം. ഒന്ന്‌ മൂത്രം മുള്ളാങ്കൂടി അമ്മ സമ്മതിക്കില്ല. പിന്നെവിട്യാ നേരം...?" ദേഷ്യത്തോടെ സൈക്കിള്‍ ഒതുക്കി വെച്ചു.

പിള്ളേരോട്‌ പോലും നോക്കീം കണ്ടും പറയേണ്ട കാലം. മാഷ്‌ അകത്തേക്ക്‌ കയറി. ഇനിയും കുറേ നേരം ബാക്കിയാണ്‌ സ്കൂളിലേക്ക്‌ പോകാന്‍. സ്കൂട്ടറൊന്ന്‌ തുടച്ച്‌ വെച്ചാലൊ..പിന്നീടാകാം...! ടീവി ഓണ്‍ ചെയ്ത്‌ കട്ടിലില്‍ കിടന്നു.

"അപ്പോഴേക്കും അനന്തശയനം തുടങ്ങിയൊ?" അടുക്കളയില്‍ നിന്ന്‌ ഭാര്യയുടെ പരിഭവം.

"നേരം വെളുത്തപ്പോ മുതല്‍ ഞാനീ അടുക്കളേല്‌ കെടന്ന്‌ മറിയാ. ഒരു പണീം ഇല്ലെങ്കി ഇവ്ടെ വന്നിരുന്ന്‌ രണ്ട്‌ ഉള്ളി തൊണ്ട്‌ പൊളിച്ചെങ്കിലും തന്നൂടെ. അതെങ്ങിനെയാ...വള ഊരിപ്പോകില്ലെ, സ്കൂള്‍ മാഷല്ലെ? ആ കട്ടില്‌ ആദ്യം തല്ലിപ്പൊളിച്ച്‌ കളയണം. നേരം വെളുക്കുമ്പോത്തന്നെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..."

അവള്‍ക്കിന്ന്‌ ചെകുത്താന്‍ കയറിയിരിക്കയാണ്‌. ഇനി രക്ഷയില്ല. കട്ടില്‌ കളഞ്ഞാലും ടീവി കളയില്ലവള്‍.

മാഷ്‌ അടുക്കളയിലേക്ക്‌ നടന്നു