1/9/14

ശില്പസൗന്ദര്യം

                                                                                                                                              01/09/2014

മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മുലയരിഞ്ഞെറിഞ്ഞ സമരങ്ങൾ വാഴുന്ന കാലത്തും നഗരമധ്യത്തിനടുത്ത് പഴക്കം തിട്ടമില്ലാത്ത കരിങ്കൽ പ്രതിമ ഓജസ്സോടെ നിലകൊണ്ടിരുന്നു. സ്ത്രീനഗ്നതയുടെ നയനവീക്ഷണമായ പൂർണ്ണകായ പ്രതിമ ഉണങ്ങിയ കാക്കക്കാഷ്ഠങ്ങളോടുപോലും പരിഭവമില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവികതയോടെ....

പഴകിപ്പിഞ്ഞിയ ഭൂതകാലത്തിന്റെ കണക്കെടുപ്പിലേക്കു കടന്നുചെന്നാൽ ഒരുപക്ഷെ മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി കാണാൻ കഴിഞ്ഞേക്കാവുന്ന കരിങ്കൽ പ്രതിമ.

മുഷിഞ്ഞ ചാരനിറം. നൂറ്റാണ്ടുകളേല്പിച്ച വടുക്കൾ പ്രതിമയെ ഒന്നുകൂടി കറുപ്പിച്ചു. മാറിമാറി വന്ന ഋതുക്കൾ ചാരനിറത്തിന്‌ കടുപ്പം കൂട്ടി. ആകൃതിയിലൊ അളവിലൊ മാറ്റം സംഭവിച്ചില്ല. പ്രതിമയിരിക്കുന്ന ഇടത്തിലെ പുല്ലും ചെടികളും കരിയുകയും പുതിയവ തഴച്ചു വളരുകയും ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും ഇല്ലാതിരുന്ന ഒരദൃശ്യ സൗന്ദര്യം നാൾക്കുനാൾ പ്രതിമയിൽ തിളങ്ങി.

കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവർ ഒരു ഭാഗത്ത്. മറ്റാരും കാണാതെ നോക്കിനിൽക്കാൻ കഴിയാത്തതിനാൽ നിരശ കൂടെ കൊണ്ടുനടക്കുന്നവർ മറുഭാഗത്ത്. ഇവരെല്ലാവരുംതന്നെ പ്രതിമയെ സ്നേഹിച്ചിരുന്നു.

മനുഷ്യൻ തുണി കണ്ടുപിടിക്കുന്നതിനു മുൻപ് വെറുമൊരു ശില്പസൗന്ദര്യം മാത്രമായിരുന്നു പ്രതിമ. ഒളിവില്ലാത്ത നോട്ടങ്ങളാൽ സമ്പന്നമായ ചുറ്റുപാടുകളിൽ പ്രതിമ ശരിക്കും ബാഹ്യസമ്മർദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. വളരെ വളരെ സാവധാനത്തിലാണ്‌ പ്രതിമയിൽ സമ്മർദങ്ങൾ കനത്തു തുടങ്ങിയത്, നൂറ്റാണ്ടുകളുടെ പ്രയാണങ്ങൾക്കൊടുവിൽ...

പ്രതിമയുടെ മുലകളും ഗുഹ്യഭാഗങ്ങളും മറച്ച് അതേപടി നിലനിർത്തുക.

നിലനിൽക്കുന്ന ഭാരതസംസ്ക്കാരത്തിനുയോജ്യമെന്ന തിട്ടൂരം കല്പിക്കപ്പെടുമ്പോൾ ജയിച്ചത് നിരാശരായിരുന്നു. പ്രതിമ എടുത്തു മാറ്റില്ലെന്ന അറിവിൽ താൽക്കാലിക തൃപ്തി ലഭിച്ച സംതൃപ്തർ ‘ഹാവു’ എന്ന ആശ്വാസസ്വരം പുറപ്പെടുവിച്ചു. മുഴുവൻ പേർക്കും സ്വീകാര്യമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധികാരികൾക്കും ഹാവു.

കരിങ്കൽ ശില്പത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തുണിയുടുപ്പിക്കാനുള്ള ഒരു സംഘത്തിന്റെ കണ്ടെത്തലായിരുന്നു ചപ്രചിപ്ര താടിക്കാരൻ ശില്പി. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഒട്ടിയ കവിൾത്തടം. മകിണ്ട തോൾസഞ്ചിയിൽ നിന്ന് ഉളികളും ചുറ്റികയും ചുള്ളിക്കമ്പുകൾ പോലുള്ള കൈവിരലുകൾ നിധിപോലെ പുറത്തെടുത്തു.

തുണിയുടുപ്പിക്കൽ പ്രക്രിയയിലേക്ക് ഉളിയും ചുറ്റികയും കലപില കൂട്ടി. മറയക്കാൻ പോകുന്ന കാഴ്ച അവസാനമായി കാണാനും, ഇയാൾ എങ്ങിനെയാണ്‌ പ്രതിമയെ തുണിയുടുപ്പിക്കുന്നതെന്ന് കാണാനും, ശില്പിയെന്ന സാധനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുമായി ധാരാളം ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. രൂപഭാവത്തിലും പ്രവൃത്തിയിലും അസാധാരണത്തം പ്രകടമായ ശില്പിക്കാണിപ്പോൾ പ്രതിമയുടേതിനേക്കാൾ കാഴ്ചക്കാർ.

ഇടതു കൈക്കുഴ പ്രതിമയിൽ ചേർത്തുവെച്ച് കൈപ്പത്തിയല്പം ഉയർത്തിയാണ്‌ വിരലുകളിൽ ഉളിയുടെ സ്ഥാനം. വിരലുകൾകൊണ്ട് പിടിച്ചു പിടിച്ചില്ല എന്ന മട്ടിലുള്ള കരുതലായിരുന്നു ശില്പി ഉളിയോടു സ്വീകരിച്ചിരുന്ന രീതി. ഉളിത്തലയിൽ ചുറ്റികയുടെ തലോടൽ പതിയുമ്പോൾ മാത്രം ഉളിമുന പ്രതിമയെ തഴുകി. ചുറ്റികയുടെ തലോടൽ ലഭിക്കാത്തപ്പോഴെല്ലാം പ്രതിമയുമായി ഉളിയല്പം അകലം പാലിച്ചേ നിന്നുള്ളു. അമ്മി കൊത്തുമ്പോഴുണ്ടാകുന്ന ചിലമ്പിച്ച മണിനാദത്തിൽ കരിങ്കൽ ധൂളികൾ മഴത്തൂളൽ പോലെ..

വളരെ സൂക്ഷ്മതയോടെയാണ്‌ പ്രതിമയുടെ പൊക്കിളിനു താഴെ ശില്പിയുടെ ഉളി ചിത്രം വരഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞ നേരംകൊണ്ട് പൊക്കിളിനു താഴെയായി വളഞ്ഞൊരു ഉരുളൻ വടിപോലെ തിണർത്ത ഒരു വര പ്രതിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബീഡി വലിച്ച് വിശ്രമിക്കാനുള്ള മനസ്സാന്നിദ്ധ്യമായിരുന്നില്ല അപ്പോൾ ശില്പിയുടേത്, പ്രതിമയുടെ നഗ്നത പൂർണ്ണമായും മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വശത്തേക്കല്പം ചെരിഞ്ഞു നിൽക്കുന്ന പ്രതിമ ഒരു കാലല്പം ഉയർത്തി മറുതുടയിൽ ചേർത്താണ്‌ നില്പ്. യോനി ദൃശ്യമാകാത്ത ശില്പചാതുരിയാണ്‌ പ്രതിമയെ ജീവസ്സുറ്റതാക്കിയത്. രണ്ടു തുടകളുടേയും മുകൾ ഭാഗത്തായി തിണർത്ത രണ്ടു വരകൾ കൂടി സൃഷ്ടിച്ച ശില്പി താഴേക്കിറങ്ങി.

ജുബ്ബാപോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു. പ്രതിമയെ നോക്കാതെ മുന്നോട്ടു നടന്നു. അല്പം മുന്നിലെത്തിയ ശില്പി പെട്ടെന്നു തിരിഞ്ഞുനിന്ന് കണ്ണെടുക്കാതെ പ്രതിമയെ നോക്കിനിന്നു. ബീഡിത്തുമ്പത്തെ ചുവപ്പുരാശി മിന്നുകയും മങ്ങുകയും ചെയ്തിരുന്നത് വളരെ തിടുക്കപ്പെട്ടാണ്‌്. പ്രതിമയെ നിരീക്ഷിച്ചുകൊണ്ടുതന്നെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി തുപ്പിയെറിഞ്ഞു. കണ്ണെടുക്കാതെ  പ്രതിമക്കരികെ ചെന്നുനിന്ന് ഉളിയും ചുറ്റികയുമെടുത്ത് ഒന്നുരണ്ടു കോറലുകൾ കൂടി വീഴ്ത്തി. വീണ്ടും പഴയ സ്ഥലത്ത് തിരികെയെത്തി ഒരു ബീഡി കൂടി കത്തിച്ചു. പ്രതിമയെ ഒന്നു നോക്കിയ അയാൾ താഴെ പൊടിമണ്ണിൽ ചമ്രം പടിഞ്ഞിരുന്ന് ബീഡി ആസ്വദിച്ചു വലിച്ചു.

ഇപ്പോൾ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടിരിക്കയാണ്‌. അല്പം വിചിത്രമെന്ന് തോന്നാവുന്ന ശില്പിയിലേക്ക് ബഹുമാനങ്ങളും ആരാധനകളും കൂക്കിവിളിയുടെ ആരവമായി.

മാറിടം മറയ്ക്കാനായി ശില്പി വീണ്ടും പ്രതിമയിലേക്ക് കയറി. ഉളിയെടുത്ത് ശില്പത്തിന്റെ മുലക്കണ്ണുകൾ നീക്കം ചെയ്തു. അരുതെന്ന നിഷേധസ്വരം ജനങ്ങൾക്കിടയിൽ പൊട്ടിയൊലിച്ചു. അത്രനേരംവരേയും ശില്പിയുടെ കഴിവിനെ ബഹുമാനിച്ചിരുന്നവരിൽ പോലും വെറുപ്പ് കിനിയാൻ തുടങ്ങി. ശില്പി എന്തെങ്കിലും കാണുകയൊ കേൾക്കുകയൊ ചെയ്യുന്നില്ലായിരുന്നു. കലയുടെ കൃത്യമായ പൂർണ്ണതയിലേക്ക് ഒരു ധ്യാനത്തിലെന്നപോലെ ഉളിയും ചുറ്റികയും പ്രതിമയുടെ മാറിടത്തിൽ ഒഴുകി നടന്നു. അധികസമയമെടുക്കാതെ പണി പൂർത്തിയാക്കി ശില്പി താഴെയിറങ്ങി.

തെറിച്ചു നിന്നിരുന്ന മാറിടം മുലക്കച്ചയിൽ ഒതുങ്ങിയപ്പോൾ വൃത്തിയായ സൗന്ദര്യമായി പ്രതിമ തിളങ്ങി. നേരിയ നിരാശ പടർന്നിരുന്ന മുഖങ്ങളിൽ പോലും നിറഞ്ഞ തൃപ്തിയുടെ പൂത്തിരിവെട്ടം പ്രകാശിച്ചു. പുതുതായി ഒന്നും കൂട്ടിച്ചേർക്കാതെ നിലവിലെ വസ്തുവിനെ സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും സമന്വയിപ്പിച്ചുകൊണ്ട് ശില്പി തോൾസഞ്ചിയും തൂക്കി നടന്നകന്നു.

കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും കരിങ്കല്ലിന്റെ പഴമയുടെ നിറം ചില ഭാഗങ്ങളിൽ നിന്ന് തെറിച്ചുപോയിരുന്നു. ആ ഭാഗങ്ങളിൽ, ഇപ്പോഴത്തെ സ്വാഭാവികതയോട് ചേരാത്തതായ പുത്തൻ നിറം മുഴച്ചുനിന്നു. നാളെയത് പഴയതുമായി സമന്വയിച്ചേക്കാം.

കാലം അവിടേയും നിന്നില്ല. അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു....

നവീകരിക്കപ്പെട്ട പ്രതിമ നടപ്പുകാലത്തിന്റെ വേവുകളിൽ തൃപ്തി കാണിച്ചു.

പുത്തൻ ചേലൊക്കെ ആർജ്ജിച്ച അനുഭൂതി. ഇരിപ്പിടവും ചുറ്റുപാടും ശ്രദ്ധിച്ചു. എല്ലാം ചേലാക്കിയിട്ടുണ്ട്. പ്രതിമയുടെ ശരീരത്തെ പൊളിച്ചു വാർത്തില്ലെങ്കിലും സിമന്റ് തറയും ഇരിപ്പിടവും മനോഹരമായ ഗ്രാനൈറ്റ് പതിപ്പിച്ച് മോടിയാക്കിയിട്ടുണ്ട്. പ്രതികരണശേഷിയില്ലാത്ത പ്രതിമ എല്ലാം സഹിച്ചു.

ഈയിടെയായി കാഴ്ചക്കാരുടെ ബാഹുല്യം വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്തുപോലും പ്രതിമക്കു മുന്നിലുള്ള വൃക്ഷച്ചുവട്ടിൽ സൊറ പറഞ്ഞിരിക്കുന്നവർ പതിവു കാഴ്ചയാണ്‌. കളിയും കാര്യവും ചിരിയുമായി അവരെല്ലാം ഉല്ലസിക്കുകയും ഗൗരവപ്പെടുകയും ചെയ്യുന്നത് കാണാം. അതിനിടയിലെല്ലാം ഒരോരുത്തരും അവരവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാൽ, പ്രതിമയെ ഒളിഞ്ഞൊ തെളിഞ്ഞൊ നോക്കാതിരിക്കുന്നില്ല. ആ നോട്ടം തന്നെയാണ്‌ പ്രതിമയുടെ ഇന്നത്തെ പ്രസക്തി. പ്രസക്തി നഷ്ടപ്പെടാൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതിമയിലവശേഷിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറുമൊരു ജീവനില്ലാത്ത കാഴ്ച മാത്രമായി മാറും.

വെയിലെന്നൊ തണലെന്നൊ ഭേദമില്ലാതെ ചിലപ്പോഴൊക്കെ ചിലർ പ്രതിമയുടെ കാലിനു കീഴെയുള്ള ഗ്രാനൈറ്റ് തറയിലിരുന്ന് മുകളിലേക്ക് നോക്കും. അപ്പോഴവർക്ക് തല ഏങ്കോണിച്ച് ഉടലും കാലും വലുതായ പ്രതിമയുടെ രൂപം കിട്ടും. നോട്ടം കാലിടുക്കിലൂടെ മേലോട്ട് കയറുമ്പോൾ അനുഭവപ്പെടുന്ന വല്ലായ്മയിൽ പ്രതിമ തന്നെ ചൂളിപ്പോകാറുണ്ട്. അതുപക്ഷെ, പലർക്കും മനസ്സിലാവാറില്ല. ‘ഈ കിളികളെക്കൊണ്ട് തോറ്റു’ എന്നു പറഞ്ഞ് ഗ്രാനൈറ്റ് തറ കഴുകുന്നവർക്കറിയില്ലല്ലൊ അത് കിളികളുടെ മാത്രം കാഷ്ഠമല്ലെന്നും ഇരുട്ടുള്ള രാത്രികളിൽ ചിലരുടെ നിർവൃതി പൂത്തുലഞ്ഞുണങ്ങിയ അവശിഷ്ടങ്ങൾ കൂടെയുണ്ടെന്നും.

കഷായത്തിൽ ചേരാൻ അറപ്പുകാട്ടുന്ന മേമ്പൊടി പോലെ സമരങ്ങൾ അതത് കാലത്തെ വേവുകളായി തൊണ്ടകീറി പാഞ്ഞു. ഇന്നലത്തെ സമരങ്ങൾ ഇന്ന് തെറ്റായും ഇന്നത്തെ സമരങ്ങൾ നാളെ തെറ്റാകാനുമായി....സ്നേഹവും കരുണയും വ്യക്ത്യാതിഷ്ഠിതമായി പകച്ചു നിൽക്കുമ്പോൾ പ്രതിമയൊരു കരിങ്കല്ല് മാത്രം. എല്ലാം കാണാനും കേൾക്കാനും ശ്രമിച്ചാൽ എങ്ങുമെത്താതെ അങ്ങിനെ...

സമൂഹത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും പ്രതിമയുടെ അനുവാദം കൂടാതെ പ്രതിമയിലേല്പിക്കുന്നത് തടയാൻ കഴിയാത്ത സങ്കടം പ്രതിമ കടിച്ചമർത്തുമായിരിക്കും. എല്ലാതും എതിർപ്പില്ലാതെ സ്വീകരിക്കാൻ മാത്രമേ പ്രതികരണശേഷിയില്ലാത്ത പ്രതിമയ്ക്കാകു.

കഴിഞ്ഞ ആഴ്ചയിലാണ്‌ പ്രതിമയുടെ മുന്നിലൂടെ സമരാവേശമായി അഴിമതി ഇല്ലാതാക്കാനും സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കാനും വോട്ടു ചോദിച്ചുകൊണ്ട് ഒരു പുത്തൻ കൂട്ടം കടന്നു പോയത്. ഇനിയും നാരായവേര്‌ കണ്ടെത്തിയിട്ടില്ലാത്ത സ്ത്രീപീഡനവും അഴിമതിയും ഇവരെങ്ങനെയാണ്‌ അവസാനിപ്പിക്കുക എന്നോർത്ത് പ്രതിമ തലതല്ലി ചിരിച്ചില്ല.

ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി പ്രതിമയുടെ ശരീരത്തേയും വസ്ത്രങ്ങളേയും പുതുപുതു ശില്പികൾ അഴിച്ചു പണിതുകൊണ്ടിരുന്നു. കരിങ്കല്ലിനോടു ചേരാത്തതും ചേരുന്നതുമായ വിധത്തിൽ ഏച്ചുകെട്ടലുകളോടെ പ്രതിമയുടെ ശരീരം വികൃതമായിക്കൊണ്ടിരുന്നു. തുടക്കങ്ങളിൽ മാത്രം തോന്നാവുന്ന വികൃതമെന്ന ഭാവം. തുടക്കങ്ങളിലെ തോന്നൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോൾ അതൊരു പരിചയമായി പ്രതിമയോടു ചേരും. ഇത്തരം പുതിയ പരിചയങ്ങൾ കുന്നുകൂടിയായിരിക്കാം അൺപെൺ പക്ഷമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വിലുങ്ങുകളില്ലാതെ പ്രവേശനം നേടിയിട്ടുണ്ടാകുക എന്ന് പ്രതിമക്ക് തോന്നിക്കൂടായ്കയില്ല. കാരണം ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾ കൂട്ടംകൂട്ടമായാണ്‌ പ്രതിമയുടെ കരിങ്കൽ പ്രതലത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നത്.

പ്രതിമയുടെ രൂപത്തിൽ സംഭവിച്ച സാരമായ വ്യത്യാസങ്ങൾ ഒരു നൂറ്റാണ്ടുപോലും തികച്ച് ജീവിതമില്ലാത്ത മനുഷ്യർക്ക് കാര്യമായൊന്നും മനസ്സിലാകാൻ വഴിയില്ല. രൂപഭാവങ്ങളിലെ ആകർഷകത്വം നശിച്ചാൽ പ്രതിമയൊരു കരിങ്കല്ലുമാത്രം. ആകർഷകത്വം നശിപ്പിക്കുന്ന ചേലുകളാണ്‌ പ്രതിമയിലേക്കിപ്പോൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആണെന്നൊ പെണ്ണെന്നൊ തരം തിരിക്കേണ്ടതില്ല. നിലവിലെ സ്ത്രീപീഡനങ്ങൾക്ക് ചേലാണ്‌ കാരണമെന്നും ചേല്‌ ഞങ്ങളുടെ അവകാശവും വ്യക്തിസ്വാതന്ത്ര്യമാണെന്നും ശാഠ്യം പിടിക്കുമ്പോൾ പ്രതിമയുടെ രൂപമാണ്‌ കൂടുതൽ വികൃതമാകുന്നത്.

കാലം കാത്തുനിൽക്കുന്നില്ല....

പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കയാണ്‌. മാറ്റങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്പം മാത്രമായിരുന്നില്ല അതിനു കാരണം, വർദ്ധിച്ചുവരുന്ന പുത്തൻ ശില്പങ്ങളുടെ നിലനില്പില്ലാത്ത കാഴ്ചകൾ കൂടിയായിരുന്നു. കാഴ്ചക്കാരുടെ ക്രമാതീതമായ കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുതുമ നശിക്കുകയും പ്രത്യേകതകൾ അവസാനിക്കുകയും ചെയ്യും. അങ്ങിനെ വന്നാൽ മനുഷ്യജീവിതം വരെ ദുസ്സഹമായിത്തീർന്നേക്കാം. കൂടുതൽ കൂടുതൽ മടങ്ങിവരാ പോയിന്റുകൾ സൃഷ്ടിച്ചുകൊണ്ട് സമയക്ളിപ്തമായ ജീവിതങ്ങൾ മുന്നേറുമ്പോൾ ആ ജീവിതത്തിലെ ശരിയും തെറ്റും ചേർന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്നത് പ്രതിമയെ മാത്രമാണ്‌. അവസാനം സ്വന്തം രൂപം തന്നെ നഷ്ടമാകാവുന്ന അവസ്ഥയോർത്ത് പ്രതിമക്ക് വല്ലായമ തോന്നാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ അങ്ങേത്തല പ്രതിമക്കു മുന്നിൽ ചോദ്യചിഹ്നംപോലെ ഉടക്കിക്കിടന്നു.

പ്രതിമയുടെ മുന്നിലൂടെ കടന്നുപോയ കഴിഞ്ഞ ദിവസത്തെ നഗ്നരായ സ്ത്രീകളുടെ പ്രതിഷേധപ്രകടനം നാളെ പ്രതിമയിലേൽപിക്കാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നു. ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്‌. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...

പുത്തൽ ശില്പികൾ മൂർച്ചയേറിയ തുളകൾ വീഴ്ത്തുന്ന ഡ്രില്ലുകളും ഗ്രൈന്ററുകളും ശരീരഘടനയെ മാത്രമല്ല ശരീരം നിർമ്മിക്കാനുപയോഗിച്ച കരിങ്കല്ലിന്റെ കാഠിന്യത്തെത്തന്നെ നശിപ്പിച്ചിരിക്കുന്നു. തൊട്ടാൽ പൊടിഞ്ഞുപോകാവുന്ന ചിതൽപ്പുറ്റുപോലെ തകർന്നിരിക്കുന്നു പ്രതിമയിലെ കടുത്ത പ്രതലങ്ങൾ പോലും.

കുറെനാൾ കഴിഞ്ഞൊരു ദിവസമാണ്‌ ശക്തിയായ് മഴ പെയ്തത്. മഴയിലലിഞ്ഞ ചിതൽപ്പുറ്റ് കലക്കവെള്ളമായി കുത്തിയൊഴുകി.