24/12/10

ആഘോഷങ്ങള്‍ക്കിടയില്‍

24-12-2010

ആട്ടവും കൂത്തുമായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ഉയരാന്‍ മടിക്കുന്ന കണ്‍മിഴികളും ചുവടുറക്കാത്ത കാലുകളുമായി അടച്ചിട്ട മുറികളില്‍ നിന്ന്‌ നൃത്തം റോഡിലേക്കൊഴുകി. നഗരമണങ്ങളില്‍ മദ്യത്തിന്റെ മത്ത്‌. ആടിത്തളര്‍ന്ന്‌ അഴിഞ്ഞുലഞ്ഞ ചേലകളോടെ പരസ്പരസഹായത്തോടെ അന്തരീക്ഷം കൊഴുക്കുന്നു. താളമേളങ്ങളും അട്ടഹാസവും പുതുവര്‍ഷത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്നു.


അയാള്‍ ഓടിത്തളര്‍ന്ന്‌ ആള്‍ക്കൂട്ടത്തിന്റെ വഴിമുടക്കില്‍ സംശയിച്ച്‌ നിന്നു. ഇനിയും ഏറെ ദൂരമുണ്ട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌. അതിനിടയില്‍ എത്ര പുതുവര്‍ഷക്കൂട്ടങ്ങളെ മറികടക്കണം എന്ന്‌ നിശ്ചയമില്ല. അഥവ മറികടന്നാലും അതേ പോലീസ്‌ സ്റ്റേഷനില്‍ തന്നെയാണെന്ന്‌ ഒരുറപ്പും ഇല്ല. പുതുവര്‍ഷപ്രതീക്ഷ പോലെ വെറും ഒരു പ്രതീക്ഷ മാത്രം.

മരണത്തെ എന്തുകൊണ്ടൊ അയാള്‍ക്ക്‌ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്‌ വെറുതെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിരുന്നു പാര്‍ക്കിലെ സംഭവം.

"ചേട്ടാ..നല്ല വിശപ്പ്‌. തിന്നാനെന്തെങ്കിലും കിട്ട്വോ." കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ചുകൊണ്ടവള്‍ കെഞ്ചി.

"ഇന്ന്‌ രാത്രി കിടക്കാന്‍ ഒരിടവും വേണം."

പ്രസവം കഴിഞ്ഞ്‌ രണ്ടാം ദിവസം ഗവന്മേന്റ്‌ ആശുപത്രിയില്‍ നിന്ന്‌ പുറത്താക്കിയതാണ്‌ അവളെ. ഉച്ച മുതല്‍ ഈ പാര്‍ക്കില്‍ വന്നിരിക്കുന്നു. എപ്പോഴും തുറന്ന്‌ കിടക്കുന്ന പാര്‍ക്കായതിനാല്‍ ഇരുന്നും കിടന്നും മോന്തിയാക്കി. ഇരുട്ട്‌ പരക്കുന്നതോടെ ഭയം വര്‍ദ്ധിക്കുന്നു. മൂന്ന്‌ നാല്‌ പേര്‌, കൂടെ പോരുന്നോ എന്ന്‌ ചോദിച്ചതല്ലാതെ മറ്റാരും ശ്രദ്ധിച്ചില്ല.

ഇരുട്ടിന്റെ കറുപ്പിന്‌ കട്ടി കൂടിയതിനാല്‍ പാര്‍ക്ക്‌ കാലിയായി. കാക്കകളും കിളികളും കാഷ്ഠിച്ച്‌ വികൃതമാക്കിയ കായ്യൊടിഞ്ഞ ഗാന്ധിപ്രതിമയ്ക്ക്‌ താഴെ മിന്നിക്കത്തുന്ന ഒരു ബള്‍ബിന്റെ വെട്ടത്തില്‍ മരത്തിന്റെ ചാരുബെഞ്ചില്‍ അയാള്‍ ചാരിയിരുന്ന്‌ ബീഡി വലിക്കുകയായിരുന്നു. വെളിച്ചത്തിന്‌ താഴെ ബീഡിയുടെ പുകച്ചുരുളുകള്‍ കുത്തഴിഞ്ഞ്‌ അലിഞ്ഞില്ലാതാകുന്നു.

ഇരുട്ടിനുള്ളില്‍ പുതഞ്ഞിരുന്ന അവള്‍ വെളിച്ചത്തിന്‌ കീഴിലെ മനുഷ്യനിലേക്ക്‌ എത്തിപ്പെട്ടത്‌ "ഇനി എന്ത്...." എന്ന ചോദ്യമാണ്‌.

രണ്ടും കല്‍പ്പിച്ചാണ്‌ അയാളോട്‌ അത്രയും ചോദിച്ചത്‌. അല്ലെങ്കില്‍ ആ മുഖത്ത്‌ നോക്കി ഒന്നും ചോദിക്കാന്‍ ആര്‍ക്കും തോന്നില്ല.

കലങ്ങിച്ചുവന്ന കണ്ണുകളും ചിരി മാഞ്ഞ കേറ്റിപ്പിടിച്ച മോന്തയും, ബീഡിച്ചൂരും ചാരായത്തിന്റെ നാറ്റവും, മുഷിഞ്ഞ്‌ തുടങ്ങിയ ഇളം നീല ഷര്‍ട്ടും കറുത്ത പാന്‍റും, ചീകിയൊതുക്കാത്ത മുടിയും അന്‍പതിനോടടുത്ത പ്രായവും.

അയാള്‍ തല ചരിച്ച്‌ രൂക്ഷമായൊന്ന്‌ നോക്കി. പ്രസവത്തിന്റെ മണം വിട്ടുമാറിയിട്ടില്ലാത്ത ഒരു കിളുന്ത്‌ പെണ്ണ്‌. ചോരമണം മായാത്ത കൈക്കുഞ്ഞ്‌.

"നീയേതാ..? ഈ നേരത്ത്‌ എന്തിനിവിടെ വന്നു?" രൂപം പോലെ ശബ്ദവും മുഴങ്ങി.

"ഉച്ചക്ക്‌ വന്നതാ. ഇപ്പൊ പേട്യാവുന്നു. അതോണ്ടാ. നല്ല വെശപ്പുണ്ട്‌. ഒന്ന്‌ കിടക്കേം വേണം."

"ദാ..ഇതുണ്ട്‌. ..കഴിച്ചൊ." അയാള്‍ പുറകില്‍ വെച്ചിരുന്ന ബ്രഡിന്റെ നാലഞ്ച്‌ കഷ്ണങ്ങള്‍ നല്‍കി. ബഞ്ചിന്റെ തലക്കിലിരുന്ന്‌ കൊച്ചിനെ മടിയില്‍ കിടത്തി ആര്‍ത്തിയോടെ അവളത്‌ കഴിച്ചു. പ്ളാസ്റ്റിക്ക്‌ കുപ്പിയിലെ വെള്ളവും കുടിച്ച്‌ കഴിഞ്ഞപ്പോള്‍ അല്‍പം ആശ്വാസം. ഒന്നും അറിയാതെ കുഞ്ഞ്‌ ശാന്തമായി അവളുടെ മടിയില്‍ കിടന്നുറങ്ങുകയാണ്‌.

"നിനക്ക്‌ എവിടെയാ പോകേണ്ടതെന്ന്‌ പറഞ്ഞാല്‍ അവിടെ എത്തിക്കാം. ഇനിയും ഇവിടെ ഇരിക്കുന്നത്‌ പന്തിയല്ല."

"എങ്ങും പോകാനില്ല." സാമാന്യം സൌന്ദര്യമുള്ള ഇരുനിറക്കാരി. കുട്ടിത്തം സ്പുരിക്കുന്ന അമ്മ. വൃത്തികേടില്ലാത്ത വസ്ത്രധാരണം. ഇന്നത്തെ രാത്രി സുരക്ഷിതത്വം ലഭിച്ചെന്ന ആശ്വാസത്തോടെ അവള്‍ കുഞ്ഞിന്റെ മുഖത്ത്‌ തന്നെ നോക്കിയിരുന്നു.

"എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും." അവളുടെ ആശ്വാസത്തിന്‌ ബലം നല്‍കിയ വാക്കുകള്‍ അയാളെ വിശ്വസിക്കാന്‍ കരു‍ത്തേകി.

രാത്രിയുടെ കറുപ്പിന്‌ നിറം വര്‍ദ്ധിച്ചു. എല്ലാം മറന്ന്‌, ബള്‍ബിന്റെ നേര്‍ത്ത പ്രകാശത്തില്‍ അമ്മയും കുഞ്ഞും മരബെഞ്ചില്‍ കിടന്നുറങ്ങി. ക്ഷീണവും അലച്ചിലും അത്രമേലായിരുന്നു.

കരിഞ്ഞുണങ്ങുന്ന പുല്ലിലിരുന്ന്‌ അയാള്‍ ഒന്നിനുപുറകെ ഒന്നായി ബീഡികള്‍ വലിച്ച്‌ തള്ളി. ബീഡിക്കുറ്റികള്‍ ചറപറാ വലിച്ചെറിയാതെ അരികില്‍ തന്നെ കൂട്ടിവെച്ചു. ഉറക്കം തൂങ്ങികൊണ്ടിരുന്ന അയാളുടെ തല വല്ലപ്പോഴും ചാരുബെഞ്ചിലേക്ക്‌ ചായുമ്പോള്‍ അവളുടെ ശ്വാസോച്ഛാസത്തില്‍ നിഷ്ക്കളങ്കതയുടെ മണം അയാള്‍ അറിഞ്ഞു. രണ്ട്‌ കെട്ട്‌ ബീഡി തീര്‍ന്നപ്പോള്‍ ഇരുട്ട്‌ മാറി വെളിച്ചത്തിന്റെ വരവ്‌ കണ്ടു.

അവള്‍ ഇന്നലെ ചിന്തിച്ച "ഇനി എന്ത്‌..." എന്നത്‌ നേരം വെളുത്തപ്പോള്‍ അയാളിലേക്ക്‌ തിരിഞ്ഞിരിക്കുന്നു.അവളുമായി ആലോചിച്ചതുകൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയ അയാള്‍ അവളേയും കൂട്ടി പാര്‍ക്ക്‌ വിട്ടു.

മെയിന്‍ റോഡിന്റെ അരികിലുള്ള പഞ്ചായത്ത്‌ ഓഫീസിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ കീറത്തുണികള്‍ വിരിച്ച്‌ മറയുണ്ടാക്കി കുടില്‍ തീര്‍ത്തു. ഭക്ഷണം തേടി അയാള്‍ നഗരത്തിലേക്കിറങ്ങി. അവള്‍ കുഞ്ഞിനെ സ്നേഹിച്ച്‌ മാതൃസ്നേഹത്തില്‍ അഭയം തേടി. വൈകീട്ടെത്തുന്ന അയാള്‍ അവളെ ഊട്ടി, കുഞ്ഞിനെ താലോലിച്ചു.

അയാളുടെ കണ്ണുകളിലെ ചുവപ്പ് മാഞ്ഞു. ബീഡിച്ചൂര് അകന്നു.മുഖത്ത്‌ സന്തോഷത്തിന്റെ നേര്‍ത്ത അലകളായി ചെറുപുഞ്ചിരിയുടെ താളം.

ഒരു കുടുംബത്തിന്റെ സന്തോഷം എത്തിനോക്കിയ കുടിലിനകത്ത്‌ അവള്‍ ഓര്‍മ്മകളെ പുണരാതെ ഇന്നിന്റെ തൃപ്തിയില്‍ മാത്രം ലയിച്ചു. വഴിവക്കിലെ ആദ്യമായുണ്ടായ എത്തിനോട്ടങ്ങളിലെ കൌതുകം പിന്നീട്‌ പല സൌഹൃദങ്ങളായും രൂപാന്തരപ്പെട്ടു.

അവള്‍ അവിടത്തുകാരിയായി മാറുമ്പോള്‍ നിറം പിടിപ്പിച്ച കഥകള്‍ പഞ്ചായത്ത്‌ പരിസരത്ത്‌ പരന്നൊഴുകാന്‍ തുടങ്ങി. അവള്‍ അയാളോട്‌ പറയുകയൊ അയാള്‍ അവളോട്‌ അന്വേഷിക്കുകയൊ ചെയ്തിട്ടില്ലാത്ത വിവരങ്ങള്‍ പരിസരങ്ങളില്‍ നിന്ന്‌ കാതിലെത്തിയപ്പോള്‍ മറ്റൊരിടം തേടേണ്ട സമയം ആയിരിക്കുന്നു എന്നയാള്‍ക്ക്‌ ബോധ്യപ്പെട്ടു. നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു.

ഈ വര്‍ഷം ഇന്നവസാനിക്കുന്നു. നാടും നഗരവും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നഗരസഭയുടെ ജീപ്പ്‌ തെരുവിലുറങ്ങുന്നവരോട്‌ നഗരം വിടാന്‍ മൈക്ക്‌ കെട്ടിപ്പറഞ്ഞ്‌ നഗരം ചുറ്റി. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ നിറഞ്ഞു.

അന്നം തേടിപ്പോയ അയാള്‍ അല്‍പം വൈകി തിര്‍ച്ചെത്തിയപ്പോള്‍ കുടില്‍ ഇരുന്നിടം ശൂന്യം. അവിടെ മതിലില്‍നിന്ന്‌ കോണ്‍ക്രീറ്റ്‌ അടര്‍ന്നിടത്ത്‌ തെറിച്ച്‌ നില്‍ക്കുന്ന തുരുമ്പിച്ച കമ്പിയില്‍ ഒരു കഷ്ണം കീറിയ സാരിത്തുണ്ട്‌ കാറ്റില്‍ ഇളകിയാടുന്നു.

അമ്മയേയും കുഞ്ഞിനേയും പോലീസുകാര്‍ കൊണ്ടുപോയി. നഗരമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു.

അയാള്‍ പൊട്ടിക്കരഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതികള്‍ താഴെ വീണ്‌ ചിതറി. മണ്ണില്‍ കിടന്നുരുണ്ടു. കൊച്ചുകുട്ടികളെപ്പോലെ അലറി വിളിച്ചു. തലയിലും മുഖത്തും പറ്റിപ്പിടിച്ച മണ്ണ്‌ തട്ടിക്കളയാതെ ഒരു ഭ്രാന്തനെപ്പോലെ അയാളെഴുന്നേറ്റ്‌ ഓടി, എന്തിനെന്നറിയാതെ എങ്ങോട്ടെന്നില്ലാതെ.

ഓട്ടത്തിനിടക്ക്‌ എപ്പോഴോ ഒരു വെളിപാട്‌ പോലെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഓര്‍മ്മയില്‍ എത്തിയത്‌. പുതുവര്‍ഷലഹരിയില്‍ കുളിച്ച്‌ നില്‍ക്കുന്ന നഗരത്തിന്റെ പ്രഭയില്‍ അയാളുടെ അണപ്പും കിതപ്പും കാണാനൊ കേള്‍‍ക്കാനൊ ആരുമില്ലായിരുന്നു.

ആലോചിച്ച്‌ നിലക്കാന്‍ സമയമില്ല. രാത്രി പന്ത്രണ്ട്‌ മണി ആകാന്‍ പോകുന്നു. അവളും കുഞ്ഞും നഷ്ടപ്പെട്ടത്‌ ഇന്നാണ്‌, ഇക്കൊല്ലമാണ്‌. ഇക്കൊല്ലം തന്നെ അവളേയും കുഞ്ഞിനേയും ഞാന്‍ നേടിയെടുക്കും.

കാലുകള്‍ തറയിലുറപ്പിക്കാന്‍ പോലും കഴിയാതെ മസ്തിഷ്ക്കങ്ങളില്‍ ലഹരി പടര്‍ത്തി റോഡില്‍ ആടിക്കൊണ്ടിരിക്കുന്ന ഉന്‍മാദങ്ങളെ തള്ളിമാറ്റിക്കൊണ്ട്‌ പുതുവര്‍ഷത്തിന്‌ കാത്തിരിക്കാതെ അയാളോടി.