8/1/14

ഭണ്ഡാരം

                                                                                                                      08/01/2014

 മാലിന്യ ലായിനിയുടെ ഭണ്ഡാരത്തിലേക്ക് പെരുമ്പാമ്പുകളെപ്പോലെ രണ്ടു പ്ളാസ്റ്റിക്ക് ഹോസുകൾ പൂണ്ടിറങ്ങി. കാസ്റ്റയേൺ കൊണ്ടുള്ള മൂടി തുറന്നപ്പോൾത്തന്നെ ഭണ്ഡാരത്തിൽ നിന്ന് ദുർഗ്ഗന്ധം പൊട്ടിച്ചിതറി. അടപ്പ് തുറന്നില്ലെങ്കിലും ഭണ്ഡാരം നിറഞ്ഞ് വ്രണം പൊട്ടിയൊലിക്കുന്നതുപോലെ ചലം ചുറ്റിനും ഉരുകിയുണങ്ങിക്കൊണ്ടിരിക്കും. സമ്മിശ്രമാണ്‌ ചലത്തിന്റെ ചൂര്‌. കടുകെണ്ണയും ഡോവ്‌ സോപ്പിന്റെ പതയും ചേർന്ന പാക്കിസ്ഥാനിയുടെ പച്ചച്ച നാറ്റം, മുറുക്കാനും വിയർപ്പും കൂടിക്കുഴഞ്ഞ ബംഗാളികളുടെ ഇളം ചുവപ്പ് കള്ളികളുള്ള മുഷിഞ്ഞ മുണ്ടിന്റെ നാറ്റം, വാറ്റുചാരായത്തിന്റെ കൊഴകൊഴ മണവും ചിതമ്പൽ കളയാത്ത പച്ചമീനിന്റെ ഉളുമ്പ് മണവും കലർന്ന ഫിലിപ്പൈനികളുടെ വെളുത്ത നാറ്റം, ഹിന്ദിക്കാരിൽ നിന്നുരുണ്ടുവരുന്ന പാൻപരാഗിന്റേയും തമ്പാക്കുവിന്റേയും മണം കുറ്റവും കുറവുമായി പരദൂഷണത്തിൽ മുഴുകി ടീവിയുടേയും കംബ്യൂട്ടറിന്റേയും മുന്നിൽ പാവകളാകുന്ന മലയാളിയുടെ വീർത്ത വയറ്റിൽ നിന്നു പുറംതള്ളുന്ന കീഴ്ശ്വാസത്തിന്റെ മണവും കലർന്ന നാറ്റം...എല്ലാം കൂടിക്കലർന്ന് അവരുടെ തന്നെ മലമൂത്ര വിസർജ്ജ്യലായനിയിൽ ലയിച്ച് ചെറുയാത്രകൾ അവസാനിപ്പിക്കുന്നത് താഴെയുള്ള മാലിന്യ ഭണ്ഡാരത്തിലാണ്‌. ഭണ്ഡാരത്തിനകത്ത് കുടുങ്ങുന്ന ദുർഗ്ഗന്ധം വീർപ്പുമുട്ടിയാണ്‌ പഴക്കം സമ്മാനിച്ച ചെറു സുഷിരങ്ങളിലൂടെ പുറത്തു ചാടി ചുറ്റും അലയുന്നത്. എത്ര മണമുള്ള പെർഫ്യൂമടിച്ചാലും ഈ ദുർഗ്ഗന്ധത്തെ നേരിടാതെ ഈ വില്ലയില്‍ നിന്ന് ആരും ജോലിക്ക് പോകാറില്ല. എനിക്കാണെങ്കിൽ ഇതൊരു ദുർഗ്ഗന്ധമേ അല്ല, ഒരു ശീലമാണ്‌.

പാമ്പുകൾ ഭണ്ഡാരത്തിൽ നിന്ന് ലായനി നക്കിക്കുടിക്കുകയാണ്‌.

റോഡിന്റെ ഓരം ചേർത്തു നിർത്തിയ ടാങ്കർലോറി. പാമ്പിന്റെ വാലറ്റം ടാങ്കറിന്റെ പിൻഭാഗവുമായി ഘടിപ്പിക്കുകയാണ്‌ പതിവ്‌. ആ ഭാഗത്തായി രണ്ടു മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പുകൾ പ്രവർത്തിപ്പിച്ച് ഭണ്ഡാരത്തിലെ മലിനലായനി ഊറ്റിയെടുത്ത് ടാങ്കർ നിറക്കും.

ആരോ കൊരക്കിൽ ഞെക്കിപ്പിടിച്ചതുപോലെ ഒരു മോട്ടോറിന്റെ ശബ്ദം ആസ്മരോഗിയായി. ഞാൻ മോട്ടോർ ഒഫാക്കി. അല്ലെങ്കിനിനി അത് നേരെയാക്കാൻ ഒരു മണിക്കൂർ കളയേണ്ടിവരും. കൈമുട്ടുവരെ നീളുന്ന ഗ്ലൗസിട്ട് ലായനിയിൽ കുളിച്ച ഹോസിനെ ഭണ്ഡാരത്തിനകത്തുനിന്ന് വെളിയിലേക്ക് വലിച്ചെടുത്തു. തിരക്ക് കൂട്ടുമ്പോഴാണ്‌ ലായനിയുടെ അരികുകൾ ഷർട്ടിലേക്കും പാന്റിലേക്കും തെറിച്ചു വീഴുന്നത്. ഹോസിന്റെ ഒരറ്റത്തെ ഫുട്ട്‌വാൽവിനു പുറത്തായി ഫിൽറ്റർ കൂടിയുണ്ട്. അതിനു വെളിയിലാണ്‌ തുണിയും മറ്റുമുള്ള കച്ചറകൾ ചുറ്റിപ്പിടിച്ചിരിക്കുന്നത്. ഒരു കമ്പിയെടുത്ത് വാൽവിനെ ചുറ്റിയിരുന്ന, മാലിന്യത്തിൽ കുഴഞ്ഞ തുണി നീക്കം ചെയ്യാൻ ആരംഭിച്ചു. ആദ്യം പുറത്തെടുത്തത് ബംഗാളികളുടെ കള്ളിത്തുണിയായിരുന്നു. ഫിൽറ്ററിനുള്ളിലേക്ക് തിങ്ങിക്കൂടിയ മറ്റൊന്നുകൂടി വലിച്ചെടുത്തു. തുളവീണ്‌ കീറിയ ഷഡ്ഡി. അലക്കുവെള്ളം ക്ലോസറ്റിലേക്ക് ചെരിക്കുന്നതിടയിൽ വെള്ളത്തിലൂടെ ചാടിപ്പോയതായിരിക്കണം. അല്ലെങ്കിൽ ആരും കാണാതെ അത് കളയാനുള്ള ഒരു മാർഗ്ഗം ഉപയോഗിച്ചതുമായിരിക്കാം. എന്തായാലും പൊല്ലാപ്പ് എനിക്കു തന്നെ. നിരന്തരമായ ഉപയോഗം മൂലം പച്ച നിറമായിരുന്ന ഹോസിപ്പോൾ മാലിന്യലായനിയുടെ കറുത്തു കുറുകിയ നിറത്തെക്കാൾ കറുത്തതാണ്‌.

വൃത്തിയാക്കിയ ഹോസ് വീണ്ടും ലായനിയിലേക്കിറക്കി. ചരടു വലിച്ച് എഞ്ചിൻ സ്റ്റാട്ടാക്കി മോട്ടോർ പ്രവർത്തിപ്പിച്ചു. ആസ്മ രോഗിയുടെ രോഗം മാറി. ശറേന്ന് പാമ്പ് ദ്രാവകം വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പതിനഞ്ചു മിനിറ്റിനകം ടാങ്കർ നിറഞ്ഞു. പെരുമ്പാമ്പുകളും മോട്ടോറും തമ്മിലുള്ള ബന്ധം വേർപ്പെടുത്തി. ഭണ്ഡാരത്തിൽ നിന്ന് പാമ്പുക്കളെ വലിച്ചെടുത്ത് പുറത്തേക്കിട്ടു. ടാങ്കറിന്റെ അടിഭാഗത്തായി രണ്ടോരങ്ങളിലും സ്ഥാപിച്ചിരുന്ന നീളമുള്ള പൈപ്പുകൾക്കുള്ളിലേക്ക് പാമ്പുകളെ തള്ളിക്കയറ്റി. മൂടിയെടുത്ത് ഭണ്ഡാരം അടച്ചു.

ടാങ്കർ ലോറിയോടിച്ച് നേരെ പോയത് ആൾത്താമസമില്ലാതെ നീണ്ടുകിടക്കുന്ന മരുഭൂമിയിലേക്കായിരുന്നു. ചുറ്റും കണ്ണോടിച്ച് നേരിയ ഭയത്തോടെ മരുഭൂമിയുടെ മാറിലേക്ക് ടാങ്കറിന്റെ ഔട്ട്ലെറ്റുകൾ തുറന്നു. മല-മൂത്ര-മാലിന്യ ലായനി ഝടിതിയിൽ ചുട്ടുപഴുത്ത മണലിനു മുകളിലേക്ക് തലതല്ലി വീണുകൊണ്ടിരുന്നു. പട്ടിണി കിടക്കുന്നവന്‌ ഒരു നാൾ ആഹാരം ലഭിച്ചതുപോലെ ലായനിയെ മണൽത്തരികൾ നക്കിത്തോർത്തി. ഞാൻ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ പെട്ടതുതന്നെ. ഇതൊക്കെ ഒഴുക്കിക്കളയാൻ ചില സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ ആകാവൂ. പിടിക്കപ്പെട്ടാൽ പിഴ കടുത്തതാണ്‌. വണ്ടി സ്വന്തമാണ്‌. കൂടുതൽ ട്രിപ്പെടുത്താലേ മെച്ചം കൂടൂ. അതുകൊണ്ടുതന്നെ നിയമവിരുദ്ധമെങ്കിലും ഇത്തരം സൂത്രപ്പണികൾ ചെയ്യാതെ നാട്ടിലാളാവാൻ പറ്റില്ല. കാലിയായ ടാങ്കറിന്റെ വാൽവുകൾ അടച്ചു.

നെഞ്ചോടു ചേർന്ന വിറയിലിനൊപ്പം ബാങ്ക് വിളി. മൊബൈലെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറാണ്‌. ചെവിയോടു ചേർത്തുവെച്ചപ്പോൾ ഞാനാണ്‌ ഹദ്രമാനിക്ക, സലീമെന്ന് അങ്ങേത്തല. ഏതു സലീമെന്നു ചോദിക്കാനാണ്‌ തോന്നിയത്. സ്വന്തം മോന്റെ സ്നേഹത്തോടെയുള്ള മൊഴിപോലെ സലീമെന്ന പറച്ചിൽ കാതിൽ പ്രകമ്പനം കൊണ്ടിരുന്നതിനാൽ എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും നാട്ടുവാസി എന്തെങ്കിലും സഹായത്തിനായിരിക്കും. ഏതു സലീമെന്നു ചോദിച്ച് ഒഴിവാക്കുന്നതായിരുന്നു ബുദ്ധി. അനാവശ്യമായ ഓരോ പൊല്ലാപ്പുകൾ.

മൊബൈലുമായുള്ള ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുമ്പോഴായിരുന്നു ഹദ്രമാനിക്കയിപ്പോൾ എവിടെയാണെന്നും അത്യാവശ്യമായി ഒന്നു കാണണമെന്നുമുള്ള തുടർച്ച കാതിലേക്കെത്തിയത്. ആരെന്നറിയാതെ ഞാനിവനോട് എന്താ പറയാ...നാട്ടിൽ എത്രയോ സലീമുമാരുണ്ട്. അവരെയൊക്കെ എപ്പോഴും ഓർത്തിരിക്കാൻ പറ്റോ? രാവും പകലും മലമൂത്ര ഗന്ധത്തെ പുണർന്നിക്കുന്ന ഞാനെങ്ങനെ ഓർക്കാനാണിതൊക്കെ. കാര്യമായ എന്തോ സഹായം തന്നെയെന്ന് സംസാരത്തിന്റെ തിടുക്കം സൂചിപ്പിക്കുന്നു.

എനിക്കങ്ങോട്ട് നേരെ മനസ്സിലായില്ല സലി എന്നു പറഞ്ഞതിന്‌ അറവക്കാരൻ പോക്കറിന്റെ മോനെ ഇത്രവേഗം മറന്നോ എന്നായി അവൻ.

വാപ്പയും പോക്കറിക്കയും ഒന്നുപോലെ കഴിഞ്ഞിരുന്നവരായിരുന്നു. എന്റെ ദുർഗ്ഗന്ധത്തിനോടുള്ള സഹവാസം ആരംഭിച്ചതോടെയാണ്‌ വാപ്പയുടെ ദാരിദ്രത്തിന്റെ രൂക്ഷത കുറയാൻ ഇടയായത്. വാപ്പ മരിച്ചു. പോക്കറിക്കയിപ്പോഴും ചുമച്ചുതുപ്പി പഴയതിലും മോശമായി. അദ്ദേഹത്തിന്റെ മോൻ സലി ഇവിടെ ഉണ്ടെന്ന് ഒരു തവണ കെട്ടിയോൾക്ക് ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.

നീയവിടെ നിൽക്ക്, ഞനിതാ എത്തിക്കഴിഞ്ഞു എന്നു പറഞ്ഞ് ആക്സിലേറ്ററിൽ കാലമർത്തി. കാണേണ്ടെന്നാണ്‌ ആഗ്രഹമെങ്കിലും കാണണമെന്നുള്ള ത്വര മനസ്സിൽ ശക്തമാണ്‌.

സ്വന്തം വില്ലക്ക് അല്പം മുൻപായി വണ്ടിയൊതുക്കി. ഈ വണ്ടിയെങ്ങാനും അവൻ കണ്ടാമതി നാട്ടിൽ പാട്ടാവാൻ. അതോടെ തീർന്നു എല്ലാം. തീട്ടവണ്ടിയോടിക്കുന്ന ഹദ്രമാൻ എന്നറിഞ്ഞാൽ പോയില്ലെ മാനം....പിന്നെ കൊട്ടാരമുണ്ടായിട്ടെന്താ കാറുണ്ടായിട്ടെന്താ...? കൊല്ലങ്ങളോളം കഷ്ടപ്പെട്ടതിന്റെ പുറത്ത് നാട്ടുകാർ വെളിക്കിരിക്കുന്നതുപോലെയാവില്ലെ അത്.

ദൂരെ നിന്നുതന്നെ അവനെന്നെ കണ്ടിരുന്നു. എനിക്കങ്ങോട്ട് വ്യക്തമായില്ലെങ്കിലും ഒർമ്മകളിലെ നരുന്ത് ചെക്കന്റെ രൂപവുമായി സാദൃശ്യപ്പെടുത്തി തീരുമാനിക്കയായിരുന്നു. ഇതൊരു കുരിശാകും എന്ന് മനസ്സിൽ നിനച്ചാണ്‌ അവനരുകിലെത്തിയത്.

ഹൈദ്രമാനിക്ക, എന്തോരം നാളായി കണ്ടിട്ട് എന്നു പറഞ്ഞ് കൈ തന്നു. നന്നായി വെളുത്ത് തടിച്ചിട്ടുണ്ട്. പെട്ടെന്നൊരു അടുപ്പം കാണിക്കാൻ ഞാൻ മടിച്ചു. അവന്റെ ഓരോ വാക്കുകളും സുഖിപ്പിക്കലായി തോന്നി. ഇവനെ ഒഴിവാക്കാൻ ഇനി എന്താണൊരു വഴി?

ഞാനൊന്നും കഴിച്ചില്ല, നമുക്കെന്തെങ്കിലും കഴിക്കാം, റൂമിലൊന്നും ഇരിപ്പില്ല എന്നു പറഞ്ഞ് അവന്റെ കൈ പിടിച്ച് തൊട്ടുള്ള ഹോട്ടലിലേക്ക് കയറി. റൂം പരിചയപ്പെടുത്തുന്നത് ഒഴിവാക്കാൻ തൽക്കാലം ഇതേ വഴിയുള്ളു.

സ്വന്തം വീട്ടിലെ ഇല്ലായമകളുടേയും വല്ലയ്മകളുടേയും ദാരിദ്ര്യത്തിന്റേയും കടങ്ങളുടേയും ഭാണ്ഡം, ഹോട്ടലിനകത്തെ നേരിയ ശീതളിമയിലെ ആവി പറക്കുന്ന ബിരിയാണിക്കൊപ്പം അവൻ കെട്ടഴിച്ചു. ചുമച്ചുതുപ്പി എല്ലും കോലുമായ പോക്കറിക്കയുടെ രൂപത്തേക്കാൾ ദയനീയമായിരുന്നു അവന്റെ വാക്കുകൾ. ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു. അന്ത്യമില്ലാത്ത അവന്റെ നീണ്ടകഥ ഇപ്പോഴൊന്നും അവസാനിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ കൈ കഴുകാനായി ഞാൻ വാഷ്ബെയ്സിനടുത്തേക്ക് നീങ്ങി.

“ഇപ്പോഴെന്താ പ്രശ്നം? അത് പറ സലി”

ഒരു നിമിഷം അവനെന്റെ മുഖത്തേക്കു നോക്കി. അവൻ പറഞ്ഞുവന്നതിന്റെ തുടർച്ചക്ക് എന്റെ വാക്കുകൾ വിഘ്നമായി. അനാവശ്യമായ അവന്റെ പഴങ്കഥകൾ കേൾക്കാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. എല്ലാം അറിയാവുന്നവ തന്നെ.

“ഞാനിവിടെയെത്തിയിട്ട് ആറു കൊല്ലം ആകുന്നുവെന്ന് പറഞ്ഞല്ലോ. ഗൾഫ് രാജ്യങ്ങളിൽ ഓരോ പൗരന്റെ കയ്യിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇക്കാമ പോലും ( ആധാർ കാർഡ് പോലെ ഒന്ന്. ഒരു വ്യക്തിയുടെ എല്ലാ രേഖകളും ഈ കാർഡുവഴി അറിയാം. ഇതില്ലാതെ പിടിക്കപ്പെട്ടാൽ ജയിലും പിഴയും നിശ്ചയം ) എനിക്ക് കിട്ടിയിട്ടില്ല. നിതാഖാത്തിന്റെ ( പരിധി എന്നാണ്‌ ഈ വാക്കിന്റെ ശരിയയ അർത്ഥം. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നിയമനിർമ്മാണങ്ങൾക്ക് അനുസൃതമല്ലാത്ത കമ്പനികളോ വ്യക്തികളോ ഉണ്ടെങ്കിൽ അവർക്ക് രേഖകൾ എല്ലാം ശരിയാക്കാനുള്ള പരിധി ) ആനുകൂല്യത്തിൽ നാട്ടിലേക്ക് കയറിപ്പോകാം എന്നാണ്‌ കരുതിയിരുന്നത്. കഴിഞ്ഞില്ല!! എല്ലാ തവണത്തേയും പോലെ ഇത്തവണയും ഇവിടത്തെ ഭരണകൂടം പുതിയ നിയമങ്ങൾ അവസാന സമയമാകുമ്പോൾ ഉപേക്ഷിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടാൻ ഇവരിപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കയാണെന്ന് ഹദ്രമാനിക്കക്ക് അറിയാലൊ. ഈ ആഴ്ചയിൽ രണ്ടു തവണ ചെക്കിങ്ങ് നടന്നപ്പൊ ഒരുകണക്കിന്‌ ഞാൻ ഓടി രക്ഷപ്പെട്ടതാ. കഴിയില്ലിക്ക.... ഇങ്ങനെയിവിടെ പിടിച്ചു നിക്കാൻ....”

അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു, ദയനീയതയുണ്ടായിരുന്നു, എല്ലാം അവസാനിച്ചെന്ന തോന്നലുണ്ടായിരുന്നു, പരാജയം സമ്മതിക്കുണ്ടായിരുന്നു. ഞാനിവിടെ പതറാൻ പാടില്ലെന്ന് ഉപബോധമനസ്സെനിക്ക് താക്കീത് നൽകിക്കൊണ്ടിരുന്നു.

”എനിക്കിപ്പോൾ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും സലി? ഇവിടുത്തെ നിയമങ്ങൾ നിനക്കറിയാവുന്നതല്ലേ..ഇനിയും വൈകിക്കാതെ പോലീസിന്‌ പിടികൊടുത്ത് കയറിപ്പോകാൻ നോക്കുന്നതല്ലേ നല്ലത്...“എനിക്ക് വേറൊന്നും പറയാനില്ലായിരുന്നു. അവനെ ഒഴിവാക്കുക മാത്രമായിരുന്നു എന്റെ ആവശ്യം.

”ഇപ്പോഴെങ്കിലും നമുക്കൊന്ന് കാണാനൊത്തല്ലൊ ഹദ്രമാനിക്ക. അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നെങ്കിലും അകൽച്ചയോടെയയിരുന്നു നമ്മൾ കഴിഞ്ഞിരുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടത്തെ സാഹചര്യം എന്റെ വീട്ടിലൊന്ന് അറിയിക്കണം. ഞാൻ പറയുമ്പോൾ നുണയാണെന്നാ അവരുടെ ധാരണ. നമുക്കിനി പിന്നെ കാണാം“

മേശപ്പുറത്തുനിന്ന് ഒരു പല്ലുകുത്തിയെടുത്ത് പല്ലിട കുത്തി ഹോട്ടലിനു വെളിയിൽ കടന്നു. കൈപിടിച്ച് യാത്ര പറഞ്ഞു. അവന്റെ വാക്കുകളിൽ എന്നെക്കുറിച്ച എന്തൊക്കെയോ സൂചനകൾ കിട്ടി എന്ന സംശയം തോന്നി. സഹായവാഗ്ദാനം നടത്താത്തതിന്റേയും മുറിയിലേക്ക് ക്ഷണിക്കാത്തതിന്റേയും കുറ്റബോധം നിഴലായി അങ്ങിങ്ങ് കനത്തെങ്കിലും കാറുംകോളും ഒഴിഞ്ഞ തെളിമാനമായിരുന്നു മനസ്സുനിറയെ.

രേഖകളില്ലാത്തവരെ കൂടെത്താമസിപ്പിക്കുകയോ അവർക്ക് ജോലി നൽകുകയോ ചെയ്താൽ, ചെയ്യുന്നവർ പോലും അകത്താകുന്ന നിയമമാണ്‌. വെറുതേയെന്തിനാ വയ്യാവേലി വലിച്ചുവെക്കുന്നത്? തന്നെയുമല്ല, എന്റെ ദുർഗ്ഗന്ധകഥ നാട്ടിൽ പരക്കുകയും ചെയ്യും. ദൂരെ, ഏതെങ്കിലും അറബിയുടെ കീഴിൽ ശരിയാക്കിക്കൊടുക്കാം. അതുപിന്നെ കടമയുടെ വായ്ത്താരിയുമായ്  എന്നെത്തന്നെ ചുറ്റിത്തിരിയും. തൽക്കലം ഇത് തന്നെയാണ്‌ ശരി.

മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കൂടെ കഴിയുന്ന രണ്ടുപേരും എത്തിയിരുന്നു. സ്ഥിരം കേൾക്കുന്നതായതിനാൽ ‘നാറ്റം എത്തിയൊ’ എന്ന അവരുടെ പരിഹാസത്തിന്‌ മൂർച്ച തോന്നിയില്ല.

“നെരത്തില്‌ അദ്രമാന്റെ ഒര്‌ നാട്ടാരൻ ചങ്ങായിനെ കണ്ടിന്‌. നിന്നെ അറ്യോന്ന് ചോയ്ച്ചു. അറീന്നും പറഞ്ഞിന്‌”

ചന്ദ്രന്റെ വാക്കുകൾ എന്റെ സിരകളിൽ കടന്നലായി. വേറെ എന്തെങ്കിലും ചോദിച്ചോ എന്ന എടുത്തടിച്ചതുപോലുള്ള എന്റെ ചോദ്യം ചന്ദ്രനിൽ എന്തെങ്കിലും സംശയം സൃഷ്ടിച്ചിരിക്കുമോ.....

“ചോയ്ച്ചിനി, എന്താ പണീന്ന്?”

“എന്നിട്ട്...”

“സ്വന്തം ടാങ്കർ ഓടിക്ക്യാന്നും വെയ്സ്റ്റ്‌വാട്ടർ വലിച്ചെട്ക്കണ പണ്യാന്നും പറഞ്ഞിന്‌“

“നിയ്യെന്തിനാ അങ്ങനെ പറഞ്ഞെ? നിയ്യാരാ...എന്റെ തന്തയൊ? വിവരോം വെള്ള്യാഴ്ച്യും ഇല്ലാതെ പാസ്പോട്ടും തൂക്കി എറങ്ങിക്കോളും, സൗദി അറേബ്യയ്ക്ക്, എല്ലാരും പോണ്‌, ഞാനും പോണ്‌....ബുദ്ധില്ലാത്ത തെണ്ടി”

സമനില തെറ്റിയവനെപ്പോലെ ഞാൻ ചന്ദ്രനെ തല്ലാൻ ചെന്നതും മമ്മദെന്നെ പിടിച്ചു മാറ്റി കട്ടിലിരുത്തിയതും അല്പനിമിഷത്തിനു ശേഷമാണ്‌ എനിക്ക് ബോദ്ധ്യമായത്. ചന്ദ്രനും മമ്മദും ഇവനിതെന്തു പറ്റിയെന്ന ഭാവത്തോടെ സ്തംഭിച്ചിരുന്നു.

കക്ക്വൊന്നല്ലല്ലൊ..കഷ്ടപ്പെട്ട് പണീട്ക്കണതല്ലെ...അതെന്ത് പണ്യായാലും കൊറവ്വൊന്നല്ലാന്ന് പറഞ്ഞ് ചന്ദ്രൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”നീയിനി മിണ്ടര്‌തെട മൈരേ!“

പിന്നീടാരും ഒന്നും പറഞ്ഞില്ല.

ഒരാഴ്ച കഴിഞ്ഞു...രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയിൽ സലി വിളിച്ചില്ലല്ലൊ വന്നില്ലല്ലൊ എന്നോർത്തിരിക്കുമ്പോഴായിരുന്നു മൊബൈൽ ബെല്ലടിച്ചത്.

ഭാര്യയുടെ വിളിയാണ്‌. മോന്ത്യായ നേരത്ത് അവൾ വിളിക്കാറില്ലല്ലൊ എന്നോർത്താണ്‌ മൊബൈൽ ചെവിയോടടുപ്പിച്ചത്. ”പതിവില്ലാതെ നിയ്യെന്താ ഈ നേരത്ത്?“

ആദ്യമെല്ലാം വീട്ടിൽനിന്നൊരു ഫോൺവിളി വന്നാൽ പരിഭ്രമമാണ്‌. എന്തോ അത്യാഹിതം സംഭവിച്ചിട്ടാണ്‌ വിളിക്കുന്നതെന്ന ഒരു തരം വെപ്രാളമായിരിക്കും. ഞാൻ വെപ്രാളപ്പെടും എന്നവൾ മനസ്സിലാക്കിയപ്പോൾ ഹലോ ഒഴിവാക്കി വെറുതെ വിളിച്ചതാണിക്ക എന്നാക്കി തുടക്കം തന്നെ. പിന്നെപ്പിന്നെയാണ്‌ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാര്യയായിരിക്കില്ല വിളിക്കുകയെന്നും എന്റെ വിളി വൈകിയതുകൊണ്ട് അന്വേഷണം നടത്തുകയാണെന്നുമൊക്കെ എനിക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ വിളി അത്തരത്തിലൊന്നുമല്ല. സ്വന്തം വീട്ടിലല്ലെങ്കിലും പരിസരത്തെ എന്തോ വിവരം അറിയിക്കാനാണെന്നു വ്യക്തമാണ്‌.

“നമ്മ്ടെ പോക്കറിക്ക ഇന്നു കാലത്ത് മയ്യത്തായിക്ക. മയ്യത്ത് ഇത് വരെ പള്ളിക്കാട്ടിലേക്ക് എട്ത്ത്ട്ടില്ല. കാലത്ത് മൊതല്‌ സലീനെ വിളിക്കണതാ. ഇതുവരെ അവനെ ഫോണീ കിട്ടിട്ട്ല്ല. അതാപ്പൊ ഞാൻ ഇക്കാക്ക് വിളിച്ചേ, ഇക്കാക്ക് എന്തെങ്കിലും അറിയോന്നറിയാൻ?”

“ശരി ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം” അരുതാത്തതെന്തോ കേട്ടതായി എനിക്ക് തോന്നി. എവിടെയൊക്കെയൊ തിരിച്ചറിയാനാകാത്ത കൊളുത്തിപ്പിടുത്തം. പോക്കറിക്കായും വാപ്പയും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്ന ചെറുപ്പകാലം കൂടുതൽ തെളിമയോടെ കണ്മുന്നിൽ അതാ....സ്നേഹവും വിശ്വാസവും സഹായവും എനിക്ക് മാത്രം ലഭിക്കേണ്ടതല്ലെന്നും ഞാൻ മാത്രം അനുഭവിക്കേണ്ടതല്ലെന്നും ചിന്തിച്ചെടുക്കാൻപോന്ന ചങ്ങാത്തം. അറിയാതൊരു നെടുവീർപ്പ് മുറിക്കുള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു.

ജനൽകതകുകൾ തുറന്നു. കരുവാളിച്ചു തുടങ്ങിയ വെയിലിഴകൾ. പകലന്തിയോളം കടുത്ത ചൂടിൽ വെന്തെരിഞ്ഞ ധൂമധൂളികൾ ചേർന്ന ചെറുകാറ്റ് ഒരാശ്വാസത്തിനെന്ന പോലെ തിടുക്കം കൂട്ടി മുറിയിലേക്കിടിച്ചു കയറി. ഏസിയുടെ തണുപ്പ് പറ്റിപ്പിടിച്ച തലയുടെ മുകൾഭാഗം അല്പം ഉയർന്നതായി അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച പൊറോട്ട ദഹിക്കാതെ കുളുകുളു പാടി. കുടലിനകത്തുകൂടി നീങ്ങിയ ഒരാരവം പുറത്തേക്ക് തെറിക്കാൻ തിടുക്കം കൂട്ടി. ചന്തികൾ ഇറുക്കിപ്പിടിച്ച് ആരവത്തിനെ ശ്വാസം മുട്ടിച്ചു കൊന്നു. ആരും അറിയാതെ ആരവത്തിന്റെ ഗന്ധം സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അലോസരമുണ്ടാക്കി ദുർഗ്ഗന്ധം മുറിയിലാകെ ചിതറി.

“പോയൊന്ന് തൂറിട്ടു വാട ഹദ്രമാനെ. എന്തൊരു നാറ്റാടാ ഇത്? നിന്റെ അകത്തും പൊറത്തും ഇതേ നാറ്റാണോ?” മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് നിർദ്ദോഷമായ ഒരു ഫലിതമെന്നോണം മമ്മദ് പറഞ്ഞു.

മറ്റുള്ളവർ അറിയില്ലെന്ന മൂഢധാരണ കൂടു തുറന്ന് പുറത്തു വന്നതിൽ ഞാൻ ഖിന്നനായി. ചവ്ട്ടിത്തുള്ളി മുറിക്കു പുറത്തേക്കു കടന്നു.

അല്പം കോപത്തോടെ ടാങ്കർ ലോറി സ്റ്റാട്ടാക്കി. വിശാലമായ റോഡിലൂടെ നൂറ്റിപ്പത്തിൽ പാഞ്ഞു. നാലഞ്ചു തവണ സലീമിനെ വിളിച്ചു. സ്വിച്ചോഫ് തന്നെ മറുപടി.

രണ്ടു ടാങ്കുകൾ കൂടി ഇനിയും കാലിയാക്കേണ്ടതുണ്ട്. ഒന്നാമത്തെ ടാങ്കിനകത്തേക്ക് പൈപ്പുകൾ ഇറക്കുമ്പോൾ സലീമും പോക്കറിക്കയും അവരുടെ കുടുംബവും ദൈന്യതയോടെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു. മരണവീട്ടിലെ കാത്തിരിപ്പും ആകാംക്ഷകളും ജോലി ഒരു യാന്ത്രികമെന്നോണം തുടരാൻ ഇടയാക്കി. മോട്ടോർ പ്രവർത്തിക്കുന്നതിന്റെ തുരുമ്പിച്ച ശബ്ദങ്ങൾക്കിടയിലും മനസ്സ് പോക്കറിക്കയുടെ വീട്ടുമുറ്റത്തായിരുന്നു. ടങ്കർ നിറഞ്ഞത് അറിഞ്ഞില്ല.  പെട്ടെന്ന് മോട്ടോർ ഓഫ് ചെയ്യാൻ ടാങ്കറിനു പിന്നിലേക്ക് ഓടിച്ചെന്നു. ടാങ്കർ നിറഞ്ഞുകവിഞ്ഞ് മല-മൂത്ര-മാലിന്യ ലായനി തലയിലൂടെ ദേഹമാകെ പൊതിഞ്ഞ് തറയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.