3/12/10

ഇത്തിരിക്കുഞ്ഞന്‍

26-11-10

ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ ഷിവാസ്‌ റീഗിളിന്റെ കുപ്പി അടച്ചുവെച്ചു. അലമാരി തുറന്ന് സഞ്ചിയില്‍ നിന്ന് ഒരുപിടി കശുവണ്ടിപ്പരിപ്പ്‌ വാരി മേശപ്പുറത്തിട്ടു.

നിവേദനത്തോടൊപ്പം സന്തോഷത്തിന്‌ അവര്‍ നല്‍കിയതാണ്‌ ഒരു സഞ്ചി നിറയെ കശുവണ്ടിപ്പരിപ്പ്‌. അതങ്ങിനെത്തന്നെ അലമാരയില്‍ തള്ളുകയായിരുന്നു. പിന്നീടത്‌ ഇപ്പോഴാണ്‌ ഓര്‍മ്മ വന്നത്‌.

അകത്തേക്കിറങ്ങിയ മദ്യത്തിന്റെ അലകള്‍ ഒരുറുമ്പുകടി പോലെ ശരീരത്തെ തഴുകി. മേശപ്പുറത്തിനൊരലങ്കാരം പോലെ വെളുത്ത്‌ മുഴുത്ത കശുവണ്ടിപ്പരിപ്പുകള്‍‍ ചിതറിക്കിടന്നു. അതിലൊന്നെടുത്ത്‌ വായിലിട്ട്‌ ചവച്ചു. മറ്റുള്ളവ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

അതെന്താ..ഒരു കശുവണ്ടിപ്പരിപ്പിന്റെ തല മാത്രം വലുതായിരിക്കുന്നത്‌..?കണ്ണുകള്‍ നന്നായി തിരുമ്മി നോക്കി. കണ്ണിന്റെ കുഴപ്പമല്ല. അതിന്റെ തല വളരുകയാണ്‌. സോമാലിയായിലെ കുട്ടികളുടെ തല‍ പോലെ അത് വളര്‍ന്നു. ചെറിയ കൈകാലുകള്‍. തൊലിയ്ക്കടിയില്‍ കൊഴുപ്പിന്റെ അംശം പോലുമില്ലാതെ എല്ലുന്തി ശുഷ്ക്കിച്ച ശരീരം അസ്ഥികൂടം പോലെ പല്ലിളിച്ചു.

മറ്റുള്ളവ ഓരോന്നായി ജീവന്‍ വെക്കുന്നു.

മുലപ്പാല്‍ തിങ്ങി കഴപ്പ്‌ ഒലിച്ചിറങ്ങുന്ന മുലഞെട്ടുകള്‍ കുഞ്ഞിന്റെ വായിലേക്ക്‌ വെയ്ക്കാന്‍ വെമ്പുന്ന അമ്മ, വായയുടെ സ്ഥാനത്ത്‌ ഒരു ചെറിയ കീറല്‍ മാത്രം കണ്ട്‌ അന്ധാളിക്കുന്നു.

തല നരച്ച്‌ വാര്‍ദ്ധക്യത്തിന്റെ വടുക്കള്‍ പാകിയ മുപ്പത്കാരി യൗവ്വനം അറിയാതെയും, ഇനിയും കൗമാരത്തിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ മുരടിച്ച്‌ നില്‍ക്കുന്ന മുപ്പത്കാരിയും ഒരുപോലെ...

ക്യാന്‍സര്‍ ബാധിച്ച്‌ വീര്‍ത്ത്‌ തൂങ്ങിയ നാവ്‌ വായിനകത്തേക്ക്‌ ഇടാന്‍ കഴിയാതെ വര്‍ഷങ്ങളോളം നരകയാതന തുടരുന്ന കുരുന്നുകള്‍ കശുവണ്ടിപ്പരിപ്പില്‍ നിര്‍വ്വികാരമായി നിലകൊള്ളുന്നു.

മരിയ്ക്കാത്തവന്റെ മരിച്ച നോട്ടം തീഷ്ണത വിതക്കുമ്പോള്‍ ഗ്ലാസ്സിലൊഴിച്ചുവെച്ച പച്ചച്ചോര വളരെ ലാഘവത്തോടെ അയാള്‍ മോന്തി. കശുവണ്ടിപ്പരിപ്പിലെ പച്ച മനുഷ്യന്റെ പ്രതീക്ഷകള്‍ വായിലിട്ട്‌ ചവച്ചിറക്കി.

"എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല. ഇത്തവണ തെളിച്ച മരുന്ന് മൂലം ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല."

വലിയ വായില്‍ നിന്നുള്ള വാക്ക്‌ കേട്ട്‌ വിഷം ഉറഞ്ഞുകൂടിയ മണ്ണിന്‌ പോലും ചിരി വന്നു. നിവേദനം സ്വീകരിക്കുകയും പാരിതോഷികങ്ങള്‍ വാങ്ങി അനുഭവിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക്‌ അയാള്‍ക്ക്‌ ചിന്തകളില്ലായിരുന്നു.

വളരെ നാളുകള്‍ക്കു മുന്‍പ്‌ പതിനാറു കമ്മിറ്റികള്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌ എന്നത്‌ അറിയാതെയല്ല വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്‌.

എഴുപത്തിനാല്‌ രാജ്യങ്ങള്‍ ഈ വിഷം നിരോധിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാതെയല്ല ഇവിടെ നിരോധിക്കേണ്ടതില്ല എന്ന്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ ആകാശത്ത്‌ പാറിക്കളിച്ച നീണ്ട വാല്‍ത്തുമ്പി പോലുള്ള ഹെലികോപ്റ്ററില്‍ നിന്ന് മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പുറത്തേക്ക്‌ ചീറ്റിയ വിഷം അറിവില്ലായ്മയുടെ കൌതുകക്കാഴ്ചകളായിരുന്നു. ആ കാഴ്ച മരണത്തിന്റെ മണം പിടിക്കലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ നെഞ്ചംപറമ്പെന്ന പാവം ഗ്രാമത്തിന്റെ നെറുകയില്‍ കശുമാവ്‌ തണല്‍ വിരിച്ച മണ്ണില്‍ ആഴത്തില്‍ കുഴിവെട്ടി ഗര്‍ഭഗൃഹം തീര്‍ത്ത്‌ ബാക്കി വന്ന ക്വിന്റല്‍ കണക്കിന്‌ വിഷക്കുപ്പികള്‍ അതിലിട്ട്‌ മൂടി.

കാലപ്പഴക്കത്തില്‍ കുപ്പികളില്‍ നിന്ന് പുറത്ത്‌ ചാടിയ വിഷം മണ്ണിനെ പ്രണയിച്ച്‌ ആശ്ലേഷിച്ച്‌ ഒന്നായി കിനിഞ്ഞിറങ്ങി. കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും എത്തി നോക്കി. പിതാവിന്റെ ബീജത്തിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും ഊഴ്ന്നിറങ്ങിയപ്പോള്‍ ജനിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ വികൃതമായി, ചുണ്ടുകള്‍ കോടി, തലയിലെ രോമങ്ങള്‍ വറ്റി, കൈകാലുകള്‍ ശോഷിച്ചു, ബാല്യമറിയാതെ കൗമാരമറിയാതെ വാര്‍ദ്ധക്യം പെട്ടെന്നായി.

ദുരിതങ്ങള്‍ കൂട്ടുതാമസക്കാരായി വീടുകളില്‍ ചേക്കേറിയപ്പോള്‍ വേദനകളും ശബ്ദങ്ങളും നിശ്ശബ്ദതയില്‍ മുങ്ങി മരിച്ചു. യജമാനനായി ദാരിദ്ര്യവും കൂട്ടുകാരനായി രോഗവും കടന്നു വന്നപ്പോള്‍ മരണം രക്ഷകനായി മാറിയ ഒരു പുതിയ ജീവിതക്രമം രൂപപ്പെട്ടത്‌ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചു.

അന്‍പത്‌ വ്യത്യസ്ഥ തരത്തിലുള്ള രോഗങ്ങളാണ്‌ ഈ വിഷം നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. ബ്രിട്ടണിലെ രാജകൊട്ടാരത്തിലേക്ക്‌ ആയിരങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ റാലി നടത്തിയതും, അന്‍പത്തിഎട്ട്‌ രാജ്യങ്ങളിലെ മുലപ്പാല്‍ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളതായി തെളിഞ്ഞതും, ലോകമന:സ്സാക്ഷി എന്‍ഡോസള്‍ഫാന്‌ ആഗോള നിയന്ത്രണം വേണമെന്ന് വാദിക്കാന്‍ ഇടയാക്കി.

ഇതൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

മദ്യക്കുപ്പികള്‍ കാലിയാകാതെ അയാള്‍ ശ്രദ്ധിച്ചു. നിവേദനക്കാര്‍ നല്‍കിയ കശുവണ്ടിപ്പരിപ്പ്‌ അവസാനിക്കാറായിരിക്കുന്നു.

അന്നയാള്‍ പതിവില്‍ കൂടുതല്‍ മദ്യപിക്കുകയും കശുവണ്ടിപ്പരിപ്പ്‌ ചവക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തളര്‍ന്നുറങ്ങി.

നല്ല ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടിന്റെ ആവരണം. അയാളുടെ തല പെരുത്തു. പൊട്ടിപ്പൊളിയുന്ന വേദന. എഴുന്നേറ്റിരിക്കാന്‍ നോക്കി. കഴിയുന്നില്ല. തല പൊങ്ങുന്നില്ല. എന്താണ്‌ സംഭവിക്കുന്നത്‌... അയാള്‍ക്കാകെ വെപ്രാളമായി. തല വ‍ളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നു എന്ന അറിവ്‌ ഞെട്ടലുളവാക്കി. കൈകാലുകള്‍ ചെറുതായി. അയാള്‍ ഒച്ചവെച്ചു. വീട്ടുകാര്‍ എഴുന്നേറ്റു വന്നു ലൈറ്റിട്ടു.

അത്ഭുതം...
അയാളുടെ സ്ഥാനത്ത്‌ തല വളര്‍ന്ന ഇത്തിരിക്കുഞ്ഞന്‍.
എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചു. തലയുടെ ഭാരം താങ്ങാനാവാതെ വീണ്ടും കിടന്നു.

വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയുമായി നേരം പുലര്‍ന്നു. അയാളുടെ പണത്തിന്റേയും പദവിയുടേയും പാദസേവകരായിരുന്ന അനുയായികള്‍ ഒത്തുകൂടി. സംഭവിച്ചത്‌ എന്താണെന്ന് അജ്ഞാതമായിരുന്നെങ്കിലും അവരും മദ്യം കഴിച്ച്‌ ചര്‍ച്ച തുടങ്ങി.

മനുഷ്യബീജത്തില്‍ വരെ എന്‍ഡോസള്‍ഫാന്‍ ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ തെളിക്കുന്ന പ്രദേശത്തെ ചെടികളെക്കുറിച്ച്‌ പറയാനുണ്ടൊ...അപ്പോള്‍ സ്വാഭാവികമായും ആ ചെടിയുടെ കായ്ഫലങ്ങളില്‍ അതിന്‍റെ അംശം നിലനില്‍ക്കും. അവ കഴിക്കുന്ന മറ്റ്‌ മനുഷ്യരിലേക്കും വിഷത്തിന്‍റെ സ്വാധീനം കടന്ന് വരുന്നു എന്നതിലേക്ക്‌ ചര്‍ച്ച നീങ്ങി.

അല്‍പം മദ്യം ബുദ്ധി ഉണര്‍ത്തും എന്ന് പറഞ്ഞാല്‍ അധികം മദ്യം അപാര ബുദ്ധിയോടെ തെരുവിലേക്ക്‌ ചാടാന്‍ പ്രേരിപ്പിക്കും എന്നു തീര്‍ച്ച.
ബസ്സുകള്‍ കത്തിച്ചു. കടകള്‍‍ തകര്‍ത്തു. നാടും നഗരവും നിശ്ചലമാക്കി നേതാവിനോട്‌ കൂറ്‌ പുലര്‍ത്തി.

അപ്പോഴും അയാളുടെ വീടിന്‌ മുകളില്‍ ഭീകരജീവി നിഴല്‍ വിരിച്ച്‌ പരന്നു കിടന്നു. ചിറകുകളില്‍ നിന്ന് നാല്‌ ഭാഗത്തേക്കും കാറ്റടിച്ചു. നിഴലിനടിയില്‍ അയാളും കുടുംബവും അപ്പോഴും കാറ്റേല്‍ക്കാതെ കഴിഞ്ഞ്‌ കൂടാന്‍ ശ്രമിച്ചു.

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

കാര്‍മേഘം ഉരുണ്ടുകൂടി. തുള്ളി തുള്ളിയായി മഴ ചാറി. പിന്നെ പെരുമഴയായി. കലക്കവെള്ളം കുത്തിയൊലിച്ച് കുളവും തോടും പുഴയും നിറഞ്ഞു. എല്ലാം ഒന്നായ്‌ ഒഴുകിച്ചേര്‍ന്ന് കടലിലെ ഗര്‍ജിക്കുന്ന തിരമാലകളായി ഉയര്‍ന്നു.

കലിയടങ്ങാത്ത തിരമാലകളുടെ ഭീതിത താണ്ഡവങ്ങളില്‍ ഭീകര ജീവിയുടെ തണലില്‍ സുരക്ഷിതത്വം തേടിയിരുന്ന വീടുകളുടെ അടിത്തറ പൊളിഞ്ഞു. നമ്മുടെ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങിയിരുന്ന ജീവിയുടെ നാരായവേര്‌ പിഴുത് മാറ്റി.