16/12/13

അച്ചുവാശാന്റെ പട്ടികള്‍

o3 ഫെബ്രുവരി 2010

അച്ചുവാശാനിപ്പോള്‍ നായാട്ടുകാരാനാണ്‌. കവിടി നിരത്തലും ജാതകനോട്ടവും കൊണ്ട്‌ വലിയ ഗുണമില്ലാത്ത സമയത്തായിരുന്നു വിവാഹം. അഞ്ച്‌ പെണ്‍കുട്ടികളുടെ അച്ഛനായപ്പോള്‍ ഭാര്യയോട്‌ വെറുപ്പ്‌ തോന്നി. ജീവിതം കൂട്ടിമുട്ടിക്കാന്‍ കഴിയാതായാപ്പോള്‍ ചെറിയ ചെറിയ കളവ്‌ തുടങ്ങി. അയല്‍വീടുകളിലെ ഓട്ടുപാത്രങ്ങളാണ്‌ മോഷ്ടിക്കുന്നതെങ്കിലും കയ്യോടെ പിടികൂടുക സാധാരണ സംഭവമാണ്‌. അങ്ങിനെ അച്ചുവാശാന്‍ കള്ളനാശാനായി.

രാത്രിയില്‍ തെങ്ങില്‍ കയറി കള്ളൂറ്റി കുടിക്കുന്നത്‌ പതിവ്‌ പരിപാടിയാണ്‌. സഹികെട്ട്‌ ചെത്തുകാര്‌ തെങ്ങില്‍ ബ്ളെയിഡ്‌ വെക്കുകയും കള്ളുങ്കുടത്തില്‍ എന്തൊക്കെയോ കലക്കുകയും ചെയ്യാറുണ്ട്. എങ്കിലും ആശാനെ അത്‌ ബാധിക്കാറില്ല. ആരാണ്‌ കള്ള്‌ ഊറ്റി കുടിക്കുന്നതെന്ന്‌ ചെത്തുകാര്‍ക്കറിയാം. പക്ഷേ, പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു നാള്‍ ഭാര്യയെ താഴെ നിര്‍ത്തി ആശാന്‍ തെങ്ങില്‍ കയറി. തെങ്ങിന്റെ മുകളിലെത്തിയ സമയം ഒളിച്ചിരുന്ന ചെത്തുകാര്‌ ഭാര്യയെ പിടിച്ച്‌ തെങ്ങില്‍ കെട്ടിയിട്ട്‌ വായില്‍ തുണി തിരുകി. ഒന്നുമറിയാതെ കള്ളുമായ്‌ ഇറങ്ങിവന്ന ആശാന്‌ നാലെണ്ണം പൊട്ടിച്ച്‌ ഉടുമുണ്ടഴിച്ച്‌ തെങ്ങില്‍ കെട്ടിയിട്ടു. ഭാര്യയും ഭര്‍ത്താവും മുഖത്തോടുമുഖം നോക്കി രണ്ട്‌ തെങ്ങില്‍. നടുവില്‍ കള്ളുങ്കുടം. നേരം വെളുത്ത്‌ നാട്ടുകാരുടെ സന്ദര്‍ശനത്തിനു ശേഷം പത്ത്‌ മണിയോടെ കെട്ടഴിച്ചു വിട്ടു.

സുന്ദരികളായ അഞ്ച്‌ പെണ്‍മക്കള്‍ അയാള്‍ക്ക്‌ തലവേദനയായിരുന്നു. പകലെന്നൊ രാത്രിയെന്നൊ ഭേദമില്ലാതെ റോഡിലൂടെ പോകുന്നവരുടെ കണ്ണുകള്‍ ആശാന്റെ വീട്ടുമുറ്റത്തേക്ക്‌. പലപ്പോഴും റോഡില്‍ സൈക്കിളൊ ബൈക്കൊ കൂട്ടിയിടിച്ച്‌ അപകടങ്ങളും പതിവായിരുന്നു. രാത്രിയിലെ ശല്യങ്ങളില്‍ നിന്ന്‌ ഒഴിവാകാനാണ്‌ തെണ്ടിത്തിരിഞ്ഞു നടന്ന ഒരു ചാവാലി പട്ടിയെ സംരക്ഷിച്ചു തുടങ്ങിയത്‌. ഭക്ഷണവും പരിലാളനവും നല്‍കിയപ്പോള്‍ കറുത്ത നിറമുള്ള പട്ടി ഈറ്റപ്പുലിയായി.

ശല്യങ്ങള്‍ക്ക്‌ അറുതി വന്നു.

ഈ ചാവാലിപ്പട്ടി തന്നെയാണ്‌ ആശാന്റെ ജീവിതം മാറ്റി മറിച്ചതും. ആശാന്‍ നോക്കിയിരിക്കേ ഒരുനാളൊരു പ്രാവിനെ, പതിയിരുന്ന പട്ടി പിടികൂടിയതാണ്‌ പുതിയ ചിന്തകള്‍ക്ക്‌ വഴി വെച്ചത്‌. പട്ടിയെ ഉപയോഗിച്ച്‌ മുയലിനെ പിടികൂടുക എന്നതായിരുന്നു ചിന്ത. ചെറിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ മുയലുകള്‍ ഉണ്ടാകും. അതിനെ പുറത്തേക്ക്‌ ചാടിച്ച് പട്ടിയെക്കൊണ്ട്‌ പിടിപ്പിക്കുക. പിന്നീട്‌ അതൊരു ഹരമായി.

യജമാനന്‍ പറയുന്നതുപോലെ അനുസരിക്കാന്‍ പട്ടി പഠിച്ചു കഴിഞ്ഞിരുന്നു. ചെത്തുകാരെ കാണുമ്പോള്‍ വര്‍ഗ്ഗ ശത്രുവിനെ കാണുന്നതുപോലെ പട്ടി കുരക്കും.
നേരം വെളുത്താല്‍ പട്ടിയുമായി പുറത്തിറങ്ങുന്ന ആശാന്‍ ഒന്നൊ രണ്ടൊ മുയലുമായി തിരിച്ചെത്തും. വെയിലത്ത്‌ ഓടിയോടി തളര്‍ന്നു തുടങ്ങുന്ന പട്ടി, വായില്‍ നിന്ന്‌ വെള്ളമൊലിപ്പിച്ച്‌ വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും എല്ലിന്‍ കഷ്ണങ്ങളും നല്‍കും. പട്ടിക്കത്‌ അമൃത് പോലെയായിരുന്നു.

അച്ചുവാശാന്‍ നായാട്ടു സംഘം വിപുലീകരിച്ചു. ഇപ്പോള്‍ ആറേഴു പട്ടികളും പണിയില്ലാതെ നടക്കുന്ന മൂന്നുപേര്‍ അനുയായികളുമായി. പട്ടികള്‍ക്ക്‌ എല്ലിന്‍ കഷ്ണങ്ങളും അനുയായികള്‍ക്ക്‌ കള്ളും കഞ്ചാവും. ലഹരി മൂത്ത്‌ നടക്കുന്ന അനുയായികള്‍ ആശാന്റെ ആജ്ഞ അനുസരിക്കാന്‍ സദാസമയവും തയ്യാര്‍ . എണ്ണം കൂടിയപ്പോള്‍ പട്ടികള്‍ തമ്മില്‍ കടിപിടി കൂടുന്നത്‌ നിത്യ സഭവം. അനുയായികള്‍ തമ്മത്തമ്മില്‍ വാക്കേറ്റവും വഴക്കും.

ഇരകളെ കൂടുതല്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സന്തോഷം ഏറി. ആശാന്‍, യജമാനന്‍ ചമഞ്ഞരിക്കുകയും അനുയായികളും പട്ടികളും നായാട്ട്‌ നടത്തുകയും പതിവ്‌. ലഹരി പിടിച്ച അനുയായികളെ വെട്ടിച്ച്‌, കിട്ടിയ ഇരകളില്‍ നല്ലൊരു പങ്ക്‌ കുറ്റിക്കാട്ടിലിരുന്ന് പട്ടികള്‍ ഭക്ഷിക്കും. വഴിക്കുവെച്ച്‌, ബാക്കിയുള്ളവയില്‍ നിന്ന് ചിലതിനെ അനുയായികള്‍ വിറ്റ്‌ കാശാക്കും.

ഒരിരയെ ഓടിച്ചിട്ട്‌ പിടിക്കുന്ന വേട്ടപ്പട്ടി അതിനെ കൊന്നതിനു ശേഷമെ താഴെ വെക്കു. കൊല്ലാതെ ലഭിക്കണമെന്നുണ്ടെങ്കില്‍ ഇരയെ പിടിച്ച ഉടനെ നായാട്ടുകാര്‍ പട്ടികളില്‍ നിന്ന്‌ വാങ്ങിയെടുക്കുകയാണ്‌ പതിവ്‌.

നായാട്ടുസംഘത്തിന്റെ വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. ചെറിയ കുറ്റിക്കാട്ടില്‍ നിന്ന് വനത്തിലേക്ക്‌ കയറി. സംഘബലം കൂടി. നായാട്ടിടം വികസിച്ചു. കൊച്ചുകൊച്ചു സംഘങ്ങള്‍ ചേര്‍ത്ത്‌ സംഘടന ഉണ്ടാക്കി ആശാന്‍ മുന്തിയവനായി. ചെത്തുകാരേയും നാട്ടുകാരേയും കാണുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ടിരുന്നു. അനുയായികള്‍ മുഷ്ക്ക്‌ കാട്ടി. ആശാന്‍ നെഞ്ച്‌ വിരിച്ച്‌ നടന്നു. പെണ്മക്കള്‍ അനുയായികളൊത്ത്‌ ഉല്ലസിച്ചു കഴിഞ്ഞു. കണ്ടത്‌ കാണാതെയും കാണാത്തത്‌ അന്വേഷിച്ചും അയാള്‍ വീര്‍പ്പ്‌ മുട്ടി.

ഭക്ഷണമായി നല്‍കിയിരുന്ന എല്ലിന്‍ കഷ്ണങ്ങളിലെ ചതി തിരിച്ചറിഞ്ഞ പട്ടികള്‍ മോങ്ങാന്‍ തുടങ്ങി. ചിലവ മുരണ്ടും കാലുകള്‍ കൊണ്ട്‌ തട്ടിമാറ്റിയും പ്രതിഷേധിച്ചപ്പോള്‍ ചിലര്‍ ഒരു കാലുയര്‍ത്തി ‍തെങ്ങിന്റെ താഴെ മുള്ളിയാണ്‌ രോഷം കാണിച്ചത്‌. തല്ല് കിട്ടിയപ്പോള്‍ അടക്കിപ്പിടിച്ച ഓലിയിടലോടെ അവ ചുരുണ്ടു കൂടി. പട്ടികളുടെ തിരിച്ചറിവ്‌ സംഘബലം കുറച്ചെങ്കിലും ആശാന്‌ കൂശലുണ്ടായില്ല. പക്ഷെ ചെത്തുകാരെ കാണുമ്പോഴുണ്ടായ കുരയുടെ ശക്തി നേര്‍ത്തത്‌ മനസ്സിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരിക്കല്‍ നായാട്ട്‌ കഴിഞ്ഞ്‌ തിരിച്ചു വരുന്ന സംഘത്തില്‍ കറുത്ത നിറമുള്ള പട്ടി ഏറ്റവും പുറകിലായി ഞൊണ്ടി ഞൊണ്ടിവന്നു. നായാട്ടിനിടയില്‍ കാലോടിഞ്ഞതാണെന്ന് മറുപടി കിട്ടി. ആശാന്‌ ഒന്നും ആലോചിക്കാനില്ലായിരുന്നു. അകത്തുപോയി തോക്കുമായി പുറത്തു വന്നു. നിഷ്ക്കരുണം വെടിവെച്ചിട്ടു. ദയനീയമായ ശബ്ദത്തോടെ അത്‌ നിലത്ത്‌ കിടന്ന് പിടഞ്ഞു. താഴെ ചിതറിയ ചോരയില്‍ മണത്തു നോക്കി ചിലവ ഒറ്റക്കുതിപ്പിന് ആശാന്റെ മേലെ ചാടി വീണു. ബാക്കിയുള്ളവയും ഒത്തുകൂടി ഒരു കാട്ടുമൃഗത്തെ കടിച്ചു കീറുന്നതു പോലെ.....

കഞ്ചാവിന്റെ ലഹരി വിട്ടുമാറിയിട്ടില്ലാത്ത അനുയായികള്‍ വേട്ടക്കിരയാകുന്ന ഒരു മൃഗത്തിന്റെ ചേഷ്ടകള്‍ കണ്ട് രസിച്ചിരുന്നു.........


.


ആജ്ഞകള്‍ കിട്ടാതെ...


എന്തു ചെയ്യണമെന്നറിയാതെ........!

(2010 ഫെബ്രുവരിയില്‍ പോസ്റ്റ്‌ ചെയ്ത കഥയാണ്. വായിക്കാത്താവര്‍ക്കായി വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. വായിച്ചവര്‍ ക്ഷമിക്കുക.)

12/4/13

ഉള്‍വിളി

12-04-2013
 പെട്ടെന്ന് രണ്ടുകൈകൊണ്ടും ഉടുപ്പല്പം പൊക്കിപ്പിടിച്ച് സംഗീത പിന്നിലേക്കു ചാടി. അപകടം മണത്ത ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. ക്ഷണനേരം കൊണ്ട് ഉടുപ്പ് ശക്തിയായി കുടയാന്‍ തുടങ്ങിയെങ്കിലും വെപ്രാളം കൂടിക്കൊണ്ടിരുന്നു. ശരീരത്തിലേക്ക് പഴുതാരയോ തേരട്ടയോ മറ്റോ കയറിയോ എന്ന സംശയം കൃത്യമായി ദുരീകരിക്കാൻ സാധിക്കാതെയായി.

പകൽ സമയമാണെങ്കിലും കിടപ്പുമുറിയിലെ ജനലകൾ അധികം തുറന്നിരുന്നില്ല. ആവശ്യത്തിനു വെട്ടമുണ്ടെങ്കിലും വേണ്ടത്ര വ്യക്തതയ്ക്ക് തീരെ അപര്യാപ്തം. വഴുവഴുത്ത എന്തോ കാലിൽ തട്ടിയെന്നു വ്യക്തം. ഇനി വല്ല അരണയോ എലിയോ ആകാനും മതി. അധികം പഴക്കമില്ലാത്ത കോൺഗ്രീറ്റ് വീടിന്റെ അടച്ചുറപ്പുള്ള മുറിയിലെ ഗ്രാനൈറ്റ് തറയിൽ ഇത്തരം ഇഴജന്തുക്കൾ കയറില്ലെന്നായിരുന്നു വിശ്വാസം.

നേരിയ ഭയത്തിന്റെ സമ്മർദത്തോടെ സംഗീത ലൈറ്റ് ഓണാക്കി. മേശയ്ക്കടിയിലും കട്ടിലിനടിയിലും അലമാരയ്ക്കടിയിലും ഒന്നും കണ്ടില്ല. മുറിയ്ക്കു മൂലയിലായി കഴുകാനായി മാറിയിട്ട തുണികളിലെ അനക്കം കേട്ട് ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.

വലിയൊരു മൂർഖൻ പാമ്പ് പത്തി വിരിച്ച് ഉയർന്നു നിൽക്കുന്നു.‘യു’ ആകൃതിയിലുള്ള അടയാളത്തിനു മുകളിലെ രണ്ടുവരി ശല്‍ക്കങ്ങൾക്ക് കറുത്ത നിറം.പാമ്പ്‌ ചെറുതായി അങ്ങോട്ടുമിങ്ങോട്ടും തലയാട്ടി രസിക്കുന്നു.

മുഖാമുഖം നോക്കിയപ്പോള്‍ ശേഷിച്ചിരുന്ന ധൈര്യവും ചോർന്നു പോകുന്നതു തിരിച്ചറിയാന്‍ കഴിഞ്ഞത് അരിച്ചുകയറിയ വിറയൽ ശരീരമാസകലം വ്യാപിച്ചപ്പോഴാണ്‌. ഒരുൾവിളിയാലെന്നവണ്ണം ധൃതിയിൽ പുറത്തു കടന്ന് വാതിലടച്ചു കുറ്റിയിട്ടു.

അപ്രതീക്ഷിതമായ ഭയം തികട്ടി വന്ന നിലവിളി, അടഞ്ഞ കോൺഗ്രീറ്റ് ഹാളിനകത്തെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചതല്ലാതെ അയൽവക്കങ്ങളിലേക്കെത്താൻ പര്യാപ്തമായില്ല. തുറന്നുകിടന്നിരുന്ന ജനൽ കതകുകൾ പുറത്തിറങ്ങി ഭദ്രമായി അടച്ചു. പുറമെ നിന്ന് ‘പാമ്പ് പാമ്പ്’ എന്നു പറഞ്ഞ് ഉച്ചത്തിൽ വിളിച്ചു കൂവി. തനിക്കെവിടെ നിന്നാണ്‌ ഇത്രയും ശബ്ദം വരുന്നതെന്ന് സംഗീത അതിശയപ്പെട്ടു. ശരീരമാസകലം പെരുത്തു കയറി ശബ്ദമായി പ്രവഹിക്കുകയായിരുന്നു.

പല വീടുകളിലും അന്നേരം പുരുഷന്മാരുണ്ടായിരുന്നില്ല. എന്തൊക്കെപ്പറഞ്ഞാലും പാമ്പിനെ കൊല്ലണമെങ്കിൽ പുരുഷന്മാർ തന്നെ വേണം. രണ്ടുപേർ വടികളുമായെത്തി. അഞ്ചാറു സ്ത്രീകളും ഒന്നുരണ്ടു കുട്ടികളും കാഴ്ചക്കാരായെത്തി. അകത്തേക്കു കയറാൻ ധൈര്യപ്പെടാതെ ‘വീടിനകത്ത് പാമ്പോ’ എന്ന അതിശയത്തോടെ സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ അകത്തേക്കു നോക്കി നിന്നു.

പണ്ടു കാലത്തായിരുന്നെങ്കിൽ 
ഓലകൊണ്ടും ഓടുകൊണ്ടും നിർമ്മിച്ച വെളിച്ചം കുറഞ്ഞ വീടുകൾക്കകത്ത് പാമ്പുകൾക്കിരിക്കാൻ സൗകര്യമായിരുന്നു. അന്നുപക്ഷെ ഇപ്പോഴത്തേതു പോലെ പാമ്പുകൾ ഓടിക്കയറിയിരുന്നതായി കേട്ടിരുന്നില്ല. ഇന്നിപ്പോൾ സർവ്വസാധാരണമാണ്‌. അടച്ചുറപ്പുള്ള പ്രകാശം കൂടിയ വീടുകളുടെ വാതിൽ തുറന്നിട്ടാൽ ഇരയെ ഓടിച്ച് അകത്ത് കയറുന്ന പാമ്പുകൾ ധാരാളമാണ്‌. മിനുസമുള്ള പ്രതലത്തിൽ പാമ്പുകളുടെ സഞ്ചാരം കഠിനമെങ്കിലും ഇരകളുടെ ദൗർലഭ്യം അവറ്റയെ നിർബന്ധിതമാക്കുന്നു. മണ്ണിനടിയിലെ മാളങ്ങൾ നഷ്ടപ്പെട്ടത് ഭൂപ്പരപ്പിലെ ഊഷരതയിൽ അലയാൻ അവറ്റകളെ ശീലിപ്പിച്ചു.

തീരെ പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടപ്പോഴുണ്ടായ വെപ്രാളം മാറ്റി നിറുത്തിയാൽ സംഗീതയ്ക്ക് പാമ്പുകളെ ഇഷ്ടമായിരുന്നു. സർപ്പക്കാവുകളുടെ പരിരക്ഷയും പൂജയും മുറപോലെ നടത്തിയിരുന്ന തറവാട്ടിലായിരുന്നു ചെറുപ്പകാലം. പുല്ലാനിവള്ളികളും നീരോലിയും പേരറിയാചെടികളും കെട്ടുപിണഞ്ഞ കൊച്ചുകൊച്ചു കാടുകൾ പോലുള്ള വെഷക്കാവുകളിൽ വർഷത്തിലൊരിക്കൽ പാലും നൂറും കൊടുക്കുന്നതിനുള്ള ഏഴു ദിവസത്തെ അടിച്ചുതെളി നടത്തിയിരുന്നത് സംഗീതയായിരുന്നു. അതുകൊണ്ടു തന്നെ സർപ്പക്കാവുകൾ സംഗീതയുടെ മനസ്സിൽ ഭീതിയ്ക്കൊ, പേടിക്കേണ്ട ജീവികളാണ് സര്‍പ്പങ്ങളെന്ന ധാരണയ്ക്കൊ  ഇടയില്ലായിരുന്നു.

നഗര ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യന്റെ ആഡംബരപൂര്‍ണ്ണമായ ജീവിത സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അനുസരിച്ച് പ്രകൃതിയെ വരുതിയിലാക്കാന്‍ പ്രയത്നിക്കുന്നതിന്റെ പരിണതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരില്‍ നാഗങ്ങളെ മാത്രം എങ്ങിനെ ഒഴിവാക്കും? അപ്പോഴവ നഗരങ്ങളില്‍കൂടി കടന്നു കയറേണ്ടിയിരിക്കുന്നു അതിജീവനത്തിന്.

വടിയുമായി അയൽവക്കക്കാരൻ അകത്തു കയറി. തൊട്ടു പിറകെ മറ്റയാളും. ആദ്യ ഭയം വിട്ടൊഴിഞ്ഞ സംഗീതയും അവരോടൊപ്പം അകത്തു കയറി. ‘അതിനെ കൊല്ലണ്ട, ഓടിച്ചു വിട്ടാൽ മതി‘ എന്നു പറയണമെന്നുണ്ടായിരുന്നു. കൂടി നിൽക്കുന്നവരുടെ മുഖത്തെ ഭയവും അതിശയവും അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.

വാതിൽ തുറന്നു. പാമ്പ് അതേ സ്ഥാനത്തു തന്നെ ചുരുണ്ടുകൂടി അനങ്ങാതെ കിടന്നു. അതിന്റെ കിടപ്പു കണ്ടപ്പോൾ സംഗീതക്ക് ദയ തോന്നി. എന്തെങ്കിലും ഇര വിഴുങ്ങിയതുകൊണ്ടാവും അതങ്ങിനെ കിടക്കുന്നത്. ഉപദ്രവിക്കരുതെന്ന് വീണ്ടും പറയണമെന്നു തോന്നി. പക്ഷെ നാവനങ്ങിയില്ല. കവളമ്പട്ടയുടെ ഓരം ചെത്തി ഒറ്റയടിയ്ക്ക് കൊല്ലാൻ പാകത്തിലാക്കിയ പട്ട വടിയുമായി ആദ്യം കടന്നയാൾ ഒരു പാമ്പിനെക്കൊല്ലൽ വിദഗ്ദനെപ്പോലെ പതിയെ ചുവടു വെച്ചു. പാമ്പനങ്ങിയാൽ അയാൾ വിറച്ച് താഴെ വീഴുമെന്നാണ്‌ തോന്നിയത്. സംഗീതയ്ക്ക് പക്ഷെ ഭയം നിശ്ശേഷം മാറിയിരുന്നു.

അയാൾ പട്ട വടിയുയർത്തി സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചു. വട്ടത്തിൽ ചുരുണ്ടു കൂടിയിരുന്ന പാമ്പിന്റെ അടിയേറ്റ ഭാഗങ്ങള്‍ ഗ്രാനൈറ്റിനോടു ചേര്‍ന്ന് പരന്നൊട്ടി. തോലു പൊട്ടി മാംസം പുറത്തായെങ്കിലും തലയുയര്‍ത്തി ഫണം വിടര്‍ത്തി പിന്നെ സാവധാനം പത്തി താഴ്ത്തി താഴേക്കു താണു. തറയിലും താഴെക്കിടന്ന തുണികളിലും ചോരയും മാസത്തുണ്ടുകളും ചിതറിത്തെറിച്ചു. 
സംഗീത കണ്ണുകളടച്ച് മുഖം തിരിച്ചു. 

വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവിനോടു വിവരങ്ങൾ ധരിപ്പിക്കുമ്പോൾ തൊണ്ട ഇടറിയിരുന്നു, പുറത്തു വരുന്ന ശബ്ദത്തിനു വേദനയുടെ നനവുണ്ടായിരുന്നു. മൂർഖൻ പാമ്പുമൊത്ത് കിടപ്പു മുറിക്കത്ത് പെട്ടുപോയ ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ അയാളിൽ നടുക്കം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു വർഷത്തിടയിൽ നാലു തവണയാണ്‌ വീടിനു പുറത്ത് ഇതുപോലെ പാമ്പുകളെ കണ്ടെത്തി കൊന്നിരുന്നതെന്ന ഓർത്തെടുക്കൽ അയാളിൽ നടുക്കത്തിന്റെ ആക്കം കൂട്ടി. പുറത്തെ കേൾവികളിൽ നിന്ന് സർപ്പക്കാവുമായി ബന്ധപ്പെട്ടാണ്‌ പാമ്പു വിഷയം സംജാതമാകുന്നതെന്ന ധാരണ അയാളിൽ തല പൊക്കിയപ്പോഴൊക്കെ തൊട്ടടുത്ത് ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പ് അതിനെ ഖണ്ഡിച്ചു കൊണ്ടിരുന്നു. പാമ്പിനെ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞതിൽ അയാൾ ആശ്വാസം കൊണ്ടു.

വീടിനു പുറത്ത് പാമ്പുകളെ കൊന്നതു പോലായിരുന്നില്ല മുറിക്കകത്തെ പാമ്പിനെ ചതച്ചുപൊട്ടിച്ചു കൊന്ന കാഴ്ച സംഗീതയിൽ നിറഞ്ഞു നിന്നത്. മാസങ്ങളോളം ആ കാഴ്ച ഉണങ്ങാത്ത മുറിവു പോലെ വിങ്ങിക്കൊണ്ടിരുന്നു. സ്വതവേ പ്രസന്നവതിയായ സംഗീതയിൽ മൗനത്തിന്റെ നിഴലാട്ടം കടന്നു കൂടിയത് ആ സംഭവത്തിനു ശേഷമായിരുന്നു. ഒറ്റയ്ക്കിരിക്കാനും ചിന്തിക്കാനും സമയത്തെ മെരുക്കിയെടുത്തു.

നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടം മറിയുന്നതിനു കാരണമായ പ്രപഞ്ചത്തിലെ നേരുകള്‍ തലകീഴായതും കാരുണ്യം നഷ്ടപ്പെടുന്നതും, തനിച്ചാകുമ്പോള്‍ സംഗീത ചിന്തിച്ചുകൂട്ടി. പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന, ഭയമില്ലാതിരുന്ന കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍ എന്നാശിച്ചു. സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.

തുലാവർഷവും കാലവർഷവും ഭൂമിക്കു മുകളിൽ തകര്‍ത്തുപെയ്തിരുന്ന ആദ്യ നാളുകളിൽ തളം കെട്ടിക്കിടന്ന പറമ്പുകളിലെ കലക്കവെള്ളത്തിൽ തവളകളും ചെറുജീവികളും തിമിർത്താടി മതി മറന്നിരിക്കുമ്പോൾ അറിയാതെ ചിലവയെല്ലാം പാമ്പുകളുടെ ഇരയായി തീരാറുണ്ട്. തവളകളുടെ മാക്രോം വിളികളും ചിവീടുകളുടെ കരച്ചിലും പോലുള്ള നാനാതരം ശബ്ദങ്ങൾ പ്രപഞ്ചത്തിൽ നേർത്തതോടെ ഒറ്റയും തറ്റയുമായി അവശേഷിക്കുന്നവയെ എവിടെയാണെങ്കിലും ഓടിച്ചിട്ടു പിടിച്ചു ഭക്ഷിക്കാൻ സ്ഥലവും കാലവും നോട്ടമില്ലെന്നായി. സംഗീത ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിട്ടു കൊണ്ടിരുന്നു.

ഒരു വേനല്‍ക്കാലത്ത്, ഈർപ്പമില്ലാത്ത മണ്ണിനു മുകളിൽ കത്തുന്ന വെയിൽ പുരയ്ക്കു ചുറ്റും ദാക്ഷിണ്യമില്ലാതെ ജ്വലിച്ചു നിന്ന ഒരുച്ച നേരത്ത് കുളി കഴിഞ്ഞ് മുറ്റത്ത് നിൽക്കുകയായിരുന്നു സംഗീത. തല ഒരു വശം ചരിച്ചു പിടിച്ച് മുടിയിഴകളിലെ നനവുകളിലൂടെ കൈവിരലുകളോടിച്ച് മുടിയുടെ ഇട വിടർത്തി കോതിയൊരുക്കുമ്പോഴായിരുന്നു ഒരു തവളയുടെ അന്തം വിട്ട കരച്ചിൽ കേട്ടത്. രണ്ടു ചാട്ടത്തിനു പുരയ്ക്കകത്തു കടന്ന തവളയ്ക്കു പുറകെ ശരവേഗത്തിലായിരുന്നു പാമ്പും ഓടിക്കയറിയത്. മറ്റു മുറികളുടെ വാതിലടഞ്ഞു കിടന്നതിനാൽ തവളയ്ക്കൊളിക്കാൻ സുരക്ഷിതസ്ഥാനം കിട്ടാതെ പുറത്തേക്കു തന്നെ തിരിച്ചു പോയി, പുറകെ പാമ്പും. തവളയുടെ പരാക്രമവും പാമ്പിന്റെ നിശ്ചയദാര്‍ഢ്യവും അല്പനേരം നോക്കിനിന്ന സംഗീത അവ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ അകത്തു കയറി പുറത്തേക്കു നോക്കിയിരുന്നു.

സംഗീത ഓർക്കുകയായിരുന്നു. ഭക്ഷണവും പാർപ്പിടവും സകല ജീവികൾക്കും പ്രധാനപ്പെട്ടതു തന്നെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നത് പോലെ ഭക്ഷണത്തിനു വിഘ്നം വന്നാൽ എവിടേയും അതിക്രമിച്ചു കടക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. മണ്ണിനടിയിലെ മാളങ്ങൾ തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. വിഷത്തിന്‌ വിഷം ചികിത്സ എന്നാവുമ്പോൾ അതിക്രമിച്ചുള്ള ഇത്തരം കടന്നു കയറ്റങ്ങളെ തടയിടാൻ കടന്നു കയറ്റക്കാരെ തന്നെ കാവലേർപ്പെടുത്തുന്നതാണ്‌ വഴി, അല്ലാതെ കൊല്ലലല്ല. എന്തിന്റെ പേരിലായാലും അതിനെ ന്യായികരിക്കാന്‍ വയ്യ.

അതേ തവള തന്നെ വീണ്ടും അകത്തേക്ക് ചാടിക്കയറി വന്നു. ഇത്തവണ ചാടിവീണിടത്തുനിന്നും തുടർന്നു ചാടാൻ അതിനു വയ്യാതായിരിക്കുന്നു. തവളയുടെ മരണത്തിനു മുന്നുള്ള ഏതാനും നിർണ്ണായക നിമിഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ വീർത്തും ചുരുങ്ങിയും കിതച്ചുകൊണ്ടായിരിക്കാം; തളർന്നിരുന്നു. ഇത്ര സമയവും പാമ്പിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ചെറുത്തു നില്പേല്പിച്ച ക്ഷീണം.

അതാ...പാമ്പും മുറ്റത്ത് നിൽക്കുന്നു. തവള അകത്തു കയറി എന്ന സംശയമോ, തന്റെ സാന്നിധ്യം മനസിലാക്കിയ ശങ്കയോ പാമ്പിനുണ്ടായിരുന്നതായി സംഗീതക്കു തോന്നി. അതിനെ അകത്തു കയറ്റാതിരിക്കാൻ വാതിലിനോടു ചേർന്നിരുന്ന് കാലുകൾ നീട്ടി വെച്ചു. സാരി വലിച്ചിട്ട് കാലിന്റെ പാദം മൂടി. സൂക്ഷ്മ നിരീക്ഷണം പാമ്പിനു സാദ്ധ്യമല്ലെന്നറിയാമായിരുന്നു. തറയിലെ ഘര്‍ഷണങ്ങളിലൂടേയും നാവു നീട്ടിയുള്ള ഘ്രാണത്തിലൂടേയും അതുപക്ഷെ സഹചര്യം വ്യക്തമായി മനസ്സിലാക്കും.

അനങ്ങാതിരുന്നപ്പോൾ പാമ്പ് പതിയെ അകത്തേക്കു കയറാൻ ശ്രമം തുടങ്ങി. നേരിയ ഭയം തോന്നിച്ചു. ഇറയത്തു കയറിയ പാമ്പ് തല ഉയർത്തി അകത്തേക്കു നോക്കിയതും തവളയെ കണ്ടതും സംഗീതയുടെ കാലിലൂടെ കയറി അകത്തു കടന്നതും തവളയെ പിടിച്ചതും ഞൊടിയിടയിലായിരുന്നു. തവളയുടെ ശുഷ്ക്കിച്ച കരച്ചിൽ പാമ്പിന്റെ വായിലൂടെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു.

കിട്ടാക്കനിയായ ഭക്ഷണം മാത്രമാണ് അതിനിപ്പോള്‍ ആവശ്യമെന്ന് സംഗീതക്ക് തോന്നി. പ്രകൃതി അതിനു നല്‍കിയ ന്യായമായ ഭക്ഷണത്തെ, തടസ്സപ്പെടുത്തുന്നത് തെറ്റാണ്. പ്രകൃതിവിരുദ്ധമായി പെരുമാറാന്‍ സംഗീതക്ക് കഴിയുന്നില്ല.

ഇനി ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി ദാരുണമായതിനെ തല്ലിക്കൊല്ലുന്നത് ഒരിക്കൽ കൂടി കാണാൻ ത്രാണിയില്ലാതെ എഴുന്നേറ്റ് അകത്തേക്കു മാറി നിന്നു. വലിയ തിടുക്കം കൂട്ടാതെ അതിഴഞ്ഞ് ചുമരരികു ചേർന്ന് വാതിൽക്കലെത്തി. തലയുയർത്തി ചരിഞ്ഞ് സംഗീതയെ നോക്കി. പുറത്തേക്കു പോകേണ്ടതിനു പകരം തല താഴ്ത്തി പതിയെ സംഗീതയുടെ നേർക്ക് മിനുസമുള്ള പ്രതലത്തിലൂടെ തെന്നിത്തെന്നി ഇഴഞ്ഞു. തെന്നിത്തെന്നിയുള്ള ഇഴച്ചിലിൽ വേഗത കൂടുതലെന്ന പ്രതീതി സൃഷ്ടിച്ചത് ഭയം ജനിപ്പിക്കാതിരുന്നില്ല.

രണ്ടും കല്പിച്ച് അവിടെ തന്നെ നിന്നു. കാലിനരുകിലെത്തിയ പാമ്പ് നാവു നീട്ടി മണപ്പിച്ചു. നേരത്തുവന്ന ഭയം പാമ്പിനോടുള്ള സ്നേഹത്തിന്റെ തോതുയര്‍ത്തി. തന്റെ മണം അതിനു പകരാനായി സംഗീത സാരിയല്പം ഉയർത്തി കണങ്കാലുകൾ വെളിയിലാക്കി. പാമ്പിന്റെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് അനങ്ങാതെ നിന്നു. ഇപ്പോള്‍ നേരിയ ഭയം പോലും അകന്നകന്നു പോകുന്നു. കാൽവിരലുകളിലെല്ലാം തല മുട്ടിച്ച് മണത്ത പാമ്പ് സാവധാനം കോണിച്ചോട്ടിലേക്കു കയറി ചുരുണ്ടു കൂടി.

കുട്ടിക്കാലത്തെ സർപ്പക്കാവും അടിച്ചുതെളിയും മനസ്സിലോടിയെത്തിയപ്പോൾ സ്റ്റോർ മുറിക്കകത്തു പോയി ഒരു ചാക്കെടുത്ത് പാമ്പിനരുകിലേക്ക് നീക്കിയിട്ടു കൊടുത്തു. കോണിച്ചോട്ടിലെ ചുമരിനോടു ചേർന്ന മൂലയിലായിരുന്നതിനാൽ മറ്റാരുടെയെങ്കിലും നോട്ടം അങ്ങോട്ടെത്തുമെന്ന പേടി വേണ്ട.

വാവ സുരേഷ്* പറഞ്ഞതുപോലെ ചവച്ചിറക്കലും കുടിയുമില്ലാതെ വിഴുങ്ങല്‍ മാത്രമായ പാമ്പിന്, എന്തു ഭക്ഷണം കൊടുക്കുമെന്ന സംശയം പിടികൂടി. 
പാലും നൂറും കൊടുക്കുന്നു എന്നല്ലാതെ അത് കഴിക്കുന്നതു കണ്ടവരാരും ഇല്ലാത്തതിനാല്‍ വാവ സുരേഷ് പറഞ്ഞതിനെ വിശ്വസിക്കാം. അങ്ങിനെയെങ്കില്‍ ജീവനില്ലാത്തവയെ ഭക്ഷിക്കുമെന്നു കരുതാനും വയ്യ. അതെന്തെങ്കിലുമാകട്ടെ....

മാസങ്ങളോളം പാമ്പ് ആ വീട്ടിൽ ഒരതിഥിയായിട്ടും സംഗീതയല്ലാതെ ഒരു കുഞ്ഞുപോലും അതറിഞ്ഞിരുന്നില്ല. ഭർത്താവിനെ അറിയിക്കാതെ കുറ്റബോധം കനത്തു വിങ്ങുമ്പോഴും അറിയിച്ചാലുണ്ടാകുന്ന തീരുമാനത്തെ ഭയന്ന് അടക്കിയിരുന്നു. അകത്തുവെച്ച് പാമ്പിനെ തല്ലിക്കൊന്നതിനു ശേഷമുണ്ടായ സംഗീതയുടെ മൗനം ഈയിടെയായി അവളെ വിട്ടൊഴിഞ്ഞത് അയാൾക്കനുഭവപ്പെട്ടിരുന്നു. അതൊരു സ്വാഭാവിക മാറ്റത്തിലുപരിയായി മറ്റെന്തെങ്കിലും ചിന്തിക്കാൻ അയാൾക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു.

വിഷപ്പാമ്പിനെ മെരുക്കിയെടുത്ത കഴിവിന്റെ അഭിമാനം മനസ്സിലങ്ങനെ തിക്കുമുട്ടിയപ്പോൾ സംഗീത ഭർത്താവിനു മുന്നിൽ വിഷയം അവതരിപ്പിച്ചു. ഇത്രയും നാൾ വലിയൊരു ഒളിച്ചുവെപ്പിന്‌ സംഗീതക്കെങ്ങിനെ കഴിഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു. വിശ്വാസം വരാത്ത സംശയഭാവം അയാളുടെ മുഖത്ത് പ്രകടമായി. വളര്‍ത്തു മൃഗത്തെപോലെ ഒരു പാമ്പിനെ വീടിനകത്തു പരിപാലിക്കുന്നതില്‍ അയാള്‍ അതൃപ്തി കാട്ടി. അവിസ്വസനീയതയും അമ്പരപ്പും അയാളെ കോപിഷ്ടനാക്കി. സംഗീത അയാളുടെ കൈ പിടിച്ചെഴുന്നേല്പിച്ച് കോണിച്ചോട്ടിലേക്കു കൊണ്ടുപോയി. ഭാര്യയുടെ സ്നേഹത്തിനു മുന്നില്‍ അയാള്‍ക്ക് അനുസരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കാല്‌ തറയിലൂന്നാൽ പോലും അയാൾക്ക് ഭയം തോന്നി. കൊണിച്ചോട്ടിലെ വെളിച്ചത്തിന്റെ നേർപ്പ് ഭയം വർദ്ധിപ്പിച്ചു. സംഗീത കൈ നീട്ടി പാമ്പിനെ തൊട്ടു. അത് തല നീട്ടി പതിയെ പുറത്തു വന്നു. ഫണം വിടർത്തി ഉയർന്നു നിന്നു. അയാൾ ഭയന്ന് പുറകോട്ടു മാറി.

“പേടിക്കണ്ട...അതൊന്നും ചെയ്യില്ല.”

“മതിമതി..അതിനെ ഇപ്പോത്തന്നെ തല്ലിക്കൊന്ന് കളയണം."

“ഇതിനേം കൂടി തല്ലിക്കൊന്നാൽ വേറെ വരില്ലേ? പിന്നെ അതിനേം കൊല്ലണ്ടേ...? പിന്നേം....!”

“എന്നാ...കൊല്ലാനേതായാലും ഞാൻ പറയുന്നില്ല. പക്ഷെ വീടിനകത്തുനിന്ന് പുറത്താക്കിയേ തീരു. സൂക്ഷിക്കണം..വെഷപ്പാമ്പാ." ഇനി ഈ പാമ്പ്‌ ഇത്രയും നാള്‍ അകത്തുണ്ടായത് കൊണ്ടായിരിക്കുമോ മറ്റു പാമ്പുകള്‍ കുറെ കാലാമായി വീടിനകത്ത് കയറാതിരുന്നതെന്ന സംശയമായിരുന്നു അയാളില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് കാരണമായത്.

പിറ്റേന്ന് സംഗീത കുളിക്കാൻ കയറിയ സമയത്തായിരുന്നു അയൽവീട്ടിലെ അമ്മുക്കുട്ടി കളിക്കാനെത്തിയത്. കുട്ടികൾക്ക് സംഗീതയേയും, സംഗീതക്ക് കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. സംഗീതച്ചേച്ചിയൊത്ത് കളിക്കുകയെന്നതാണ്‌ കുട്ടികളുടെ പ്രിയ വിനോദം, മറിച്ചും.

”അമ്മുക്കുട്ടി നേരത്തേ വന്നോ?“ കുളിമുറിയിൽ നിന്ന് സംഗീത വിളിച്ചു ചോദിച്ചു.

”ചേച്ചി കുളിയ്ക്കാൻ നേരം വൈകിയതാ“

”മോളവിടെ നിക്ക്. ചേച്ചിയിപ്പൊ വരാം“

അമ്മുക്കുട്ടിപ്പിന്നെ പുറത്തേക്കിഴഞ്ഞു പോകുന്ന പാമ്പിനെ കണ്ട് ഒച്ച വെച്ചതും, അമ്മുക്കുട്ടിയുടെ അനക്കം കേട്ട് പാമ്പ് തിരികെ വന്ന് കോണിച്ചോട്ടിൽ കയറിയതും, ഭയന്നു വിറച്ച് അമ്മുക്കുട്ടി കാറിക്കാറി കരഞ്ഞതും വെള്ളം തുറന്ന് ധൃതിവെച്ച് കുളിക്കുന്നതിനിടയിൽ സംഗീത കേൾക്കുന്നുണ്ടായിരുന്നില്ല. പാമ്പെന്ന ശബ്ദം വ്യക്തമല്ലാതെ കേള്‍ക്കുന്നതായി തോന്നിയതിനാൽ വെള്ളം ഓഫാക്കി പുറത്തേക്കു ശ്രദ്ധിച്ചു. പുറത്ത് ആരുടെയൊക്കെയോ തിരക്കു പിടിച്ച സംസാരങ്ങളും വടിയെടുക്കെന്ന ആജ്ഞകളും കേട്ടതോടെ ചങ്കിനകത്ത് കൊള്ളിയാൻ മിന്നി. കയ്യിൽ തടഞ്ഞതെടുത്ത് വാരിച്ചുറ്റി പെട്ടെന്ന് കുളിമുറിക്കു പുറത്തിറങ്ങി. പിന്നെ കോണിച്ചോട്ടിലേക്കൊരോട്ടമായിരുന്നു.

പാമ്പിനെ അടിക്കാന്‍ കൈപ്പാങ്ങ് നോക്കിനിന്ന 
കോണിച്ചോട്ടിലുള്ളവരെ സംഗീത ത‍ള്ളിമാറ്റി.

“അതിനെ കൊല്ലണ്ട!” കുളി മുഴുവിക്കാതെ ഈറനോടെയെത്തിയ സംഗീതയുടെ ഉന്മാദാവസ്ഥയിലായിരുന്ന വാക്കുകൾ കേട്ട് എല്ലാവരും സ്തബ്ധരായി. സംഗീതയുടെ ഭാവം കണ്ടവർ പുറകോട്ടു മാറി.

കുനിഞ്ഞിരുന്ന് കോണിച്ചോട്ടിലേക്കു കയ്യിട്ട് സംഗീത പാമ്പിനെ പിടിച്ചു. സാമാന്യം ഭേദപ്പെട്ടൊരു മൂർഖൻ കയ്യിൽ ചുറ്റിവരിഞ്ഞ് പത്തി വിടർത്തി നിന്നു. അത്ഭുതവും ഭയവും കലർന്നെല്ലാരും പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

“അത് വെറും പാമ്പല്ല....സർപ്പമാണ്‌ സർപ്പം...” കൂട്ടത്തിൽ പ്രായം കൂടിയൊരു മുത്തശ്ശി പറഞ്ഞു. പലരിലും ഭക്തിയുടെ പ്രകാശം പൊഴിയാൻ തുടങ്ങി. ചിലർ അറിയാതെ കൈകൂപ്പി വണങ്ങി നിന്നു.

“അവള്‌ പറഞ്ഞതാ ശെരി. കൊല്ലണ്ട. അവള്‌ടെ മൊകം കണ്ടൊ ചൊമന്നത്...? സർപ്പസുന്ദരിയാ അവള്‌...” മുത്തശ്ശി തുടർന്നു.

‘ഈ തള്ള്യ്ക്ക് പ്രാന്താ..എവിട്യാ അവൾടെ മൊകം ചൊമന്നേ?’ എന്നു പറഞ്ഞ് കയ്യിലിരുന്ന വടി ദൂരേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊല്ലൽ വിദഗ്ദൻ നിരാശയോടെ നടന്നു നീങ്ങി.

മനസ്സിൽ ഊറിക്കൂടിയ ചിരി പുറത്തേക്കു ചാടാതിരിക്കാൻ പണിപ്പെട്ടുകൊണ്ട്
 സംഗീത പാമ്പിനെയുമെടുത്ത് അകത്തേക്കു തിരിച്ചു നടന്നു. 
-----------------
*വാവ സുരേഷ്:- പാമ്പുകളെ സ്നേഹിക്കുന്ന അവയെ ഉപദ്രവിക്കാതെ

പിടികൂടി ഒഴിവാക്കിത്തരുന്ന കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വ്യക്തി.

20/3/13

പാഠം ഒന്ന്....നാടൻ പശു.

                                                                                                                  20-03-2013


പശു നമുക്ക് ചാണകവും മൂത്രവും തരുന്നു. അതുപയോഗിക്കാഞ്ഞാല്‍ പ്രകൃതി കരയും. എന്തിനാണ് പ്രകൃതി കരയുന്നത്? നമ്മള്‍ നന്നായി ജീവിക്കണമെന്ന് പ്രകൃതി ആഗ്രഹിക്കുന്നു.
------------------------------------------
 മാധവേട്ടൻ മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതേ ഉള്ളു. മരിച്ചു എന്നു പറയുന്നത് ശരിയല്ല. ആത്മഹത്യ ചെയ്തയാൾക്ക് ജീവനൊടുക്കി എന്നതാണ്‌ ഭംഗിയായ വാക്ക്. ജീവനൊടുക്കി എന്നതും ഒരർത്ഥത്തിൽ തെറ്റാണ്‌. കടം കയറി ആത്മഹത്യചെയ്യുമ്പോൾ അത് കൊലപാതകമാണ്‌.

ഇവിടെ ആത്മഹത്യപോലും അല്ലെന്നാണ്‌ വാദം. ഹാർട്ടറ്റാക്ക് ആണത്രെ! കീടനാശിനി കഴിച്ച് വാഴക്കൂട്ടത്തിൽ കിടന്ന് പിടഞ്ഞുപിടഞ്ഞ് ചാവുന്നത് ഞാൻ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു. പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ വിഷം ഉള്ളിൽ ചെന്നാണ്‌ മരിച്ചതെന്ന് കണ്ടെത്തിയിട്ടും നാടു ഭരിക്കുന്നവർക്കാണ്‌ ഹാർട്ടറ്റാക്കാക്കാൻ ധൃതി. ജീവൻ പോകുമ്പോഴുള്ള പരാക്രമംകൊണ്ട് ഇളകിക്കിടന്ന വാഴത്തോട്ടത്തിലെ മണ്ണ്‌ കൈകൊണ്ടും കാലുകൊണ്ടും മാന്തിപ്പരത്തിയിരിക്കുന്നത് കണ്ടാൽ ഏതു കണ്ണുപൊട്ടനും പോസ്റ്റുമാർട്ടത്തിന്റെ റിസൾട്ടൊന്നും ആവശ്യമില്ല മാധവേട്ടൻ വെഷം കഴിച്ചതാണെന്ന് മനസ്സിലാക്കാൻ.

മാധവേട്ടന്റെ മരണം കൂടുതൽ നഷ്ടം വരുത്തിയത് എനിക്കാണ്. രണ്ടാഴ്ചകൊണ്ട് എല്ലും തോലുമായി. ഭയവും പെരുകി. മൂന്നു കൂട്ടരാണ്‌ ഇതിനിടയിൽ എന്നെ കാണാന്‍ വന്നുപോയത്. നാടൻ പശുവിനെ അവർക്കാർക്കും പോതിച്ചില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഓരോ തവണയും യന്ത്രം വെച്ച് ലിറ്റർ കണക്കിന്‌ പാലൂറ്റിയെടുത്ത് പാൽ സൊസൈറ്റിയിൽ കൊണ്ടുപോകുന്നവർക്ക് അള്ളിപ്പിടിച്ച അമ്‌ടുള്ള എന്നെ പിടിക്ക്യോ?

മാധവേട്ടന്റെ മോനാണ്‌ എന്നെ വിറ്റൊഴിവാക്കാൻ തിടുക്കം. മാധവേട്ടന്റെ ഭാര്യക്കാണെങ്കിൽ എന്നെ വിറ്റു കിട്ടുന്ന കാശുകൊണ്ട് അത്രയെങ്കിലും കടം വീട്ടാലോ എന്ന ആശ്വാസമുണ്ടെങ്കിലും രണ്ടു മനസ്സാണ്. ഇത്രേം കഷ്ടപ്പെട്ട് പോറ്റിയിട്ട് ഒരു കുപ്പി പാലെങ്കിലും കിട്ടാതെ എന്തിനാ ഈ ഭാരം സഹിക്കുന്നതെന്നാ മോന്റെ ചോദ്യം. കൂടുതൽ പണം മാത്രം മതിയല്ലോ ഈ മനുഷ്യന്മാർക്ക് !

‘ദൈവമേ..കൊമ്പൻ മീശക്കാരൻ..കശാപ്പുകാരനാണല്ലോ’ ഇന്നേതായാലും എന്നെ കൊണ്ടുപോയതു തന്നെ. കണ്ണീ ചോരയില്ലാത്ത ഒരു മോനായിപ്പോയല്ലോ മാധവേട്ടനു പിറന്നത്?

എന്റെ പൂര്‍വ്വികര്‍ക്ക് നിങ്ങളൊക്കെ കൊടുത്തിരുന്നതുപോലെ പരുത്തിക്കുരുവും കപ്പലണ്ടിപ്പിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും തവ്ടും ഒന്നും എനിക്ക് തരണ്ട. എന്തെങ്കിലും പച്ചപ്പ് കാരിത്തിന്ന് ഞാനിവിടെ കഴിഞ്ഞോളാം. അല്ലെങ്കിൽ കശാപ്പുകാർക്കല്ലാതെ മറ്റാർക്കെങ്കിലും കൊടുക്ക്. ഞാൻ മനസ്സിൽ വിചാരിക്കുന്നത് മനുഷ്യർക്കെങ്ങനെ മനസ്സിലാവാനാ അല്ലേ?

മാധവേട്ടനായിരുന്നെങ്കിൽ ഞാൻ മനസ്സിൽ വിചാരിക്കുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കും. എത്ര സ്നേഹമായിരുന്നു എന്നോട്. മാധവേട്ടൻ ഒന്നും കഴിച്ചില്ലെങ്കിലും എന്നെ കുളുപ്പിച്ച് വയറു നിറപ്പിച്ച് നെറ്റിയിൽ തടവുമ്പോൾ ഞാനഹങ്കരിച്ചിരുന്നു. തഴമ്പ് പടർന്ന കൈകൾകൊണ്ട് മുതുകിൽ തലോടുമ്പോൾ തീറ്റ കിട്ടിയില്ലെങ്കിലും വിശപ്പോ ക്ഷീണമോ തോന്നാറില്ലായിരുന്നു. പാലിനു വേണ്ടിയായിരുന്നില്ല മാധവേട്ടന്‍ എനിക്ക് തീറ്റ തന്നിരുന്നത്. ‘എന്താ എന്നെ കറന്ന് പാലെടുക്കാത്തത്’ എന്ന് ഞാൻ പരിഭവപ്പെടുന്നത് മനസ്സിലാക്കിയാണ്‌ ചായയ്ക്കു വേണ്ടിയെങ്കിലും അല്പം കറന്നെടുത്തിരുന്നത്. ബാക്കിയൊക്കെ എന്റെ മൂരിക്കുട്ടൻ കുടിച്ചു തീർക്കും.

വക്കോലും പുല്ലും വെള്ളവും തന്ന് പിന്നെന്തിനാ മാധവേട്ടൻ എന്നെ പൊന്നുപോലെ നോക്കിയതെന്ന് ആദ്യമൊക്കെ സംശയം ഇല്ലാതിരുന്നില്ല. ചെറിയ കൃഷിയിടത്തിലേക്കാവശ്യമായ വളം, എന്റെ ചാണകവും മൂത്രവുമാണെന്ന്‍ ക്രമേണ ഞാൻ മനസ്സിലാക്കി. മറ്റുള്ളവരൊക്കെ രാസവളം ഉപയോഗിച്ച് കൂടുതൽ വിളവെടുപ്പ് നടത്തുമ്പോഴും മാധവേട്ടൻ അതൊന്നും ഗൗനിച്ചില്ല, അവർക്കു പിന്നലെ പോയില്ല. അതുകൊണ്ടെന്താ...മാധവേട്ടന്റെ പറമ്പിലെ മണ്ണ്‌ ഇപ്പോഴും നല്ല ഇളക്കമുള്ളത് തന്നെ. തലമുറകളായി തുടർന്നുപോന്ന രീതി തുടർന്നു എന്നല്ലാതെ മാധവേട്ടന്‌ മറ്റൊന്നും അറിയില്ലായിരുന്നു. പുതിയ വളപ്രയോഗത്തിൽ അത്രകണ്ട് വിശ്വാസം തോന്നിയില്ലെങ്കിലും വർദ്ധിക്കുന്ന ലാഭത്തിന്റെ തോത് പ്രലോഭനത്തിന്‌ ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എന്നിരുന്നാലും എന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പരിഷ്ക്കാരത്തിന്‌ മാധവേട്ടൻ കൂട്ടാക്കിയില്ല.

പണത്തോടുള്ള ആർത്തി പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൂടുതൽ ലാഭത്തിനായി പുതിയ രാസവളങ്ങളും കീടനാശിനികളും വിത്തുകളും വാങ്ങി പണം മുഴുവൻ വല്ലവനും കൊടുത്തു തുലച്ചു. പണ്ട് കൃഷി ചെയ്യാൻ പണം ആവശ്യമില്ലായിരുന്നെന്നും ഇന്ന് വളരെ കൂടുതാലായി എന്നും പരിഭവിക്കുന്നവർ, അന്ന് ഇതൊന്നും വാങ്ങാതെ കൃഷി ചെയ്തിരുന്നത് എങ്ങിനെയെന്ന് ആലോചിക്കാത്തതെന്താ? ഈ മനുഷ്യന്മാരുടെ കാര്യം പറഞ്ഞാ പൊട്ടന്മാര്‌ തന്നെ.

പുതിയ പരിഷ്ക്കാരങ്ങൾക്കിടയിൽക്കിടന്ന് മാധവേട്ടൻ നട്ടം തിരിഞ്ഞു. വേണമോ വേണ്ടയോ എന്ന വിഷമവൃത്തത്തില്‍ പെട്ട് വട്ടംചുറ്റി. പരമ്പരാഗത കൃഷിരീതി കൈവിടാതിരുന്ന എന്നാൽ പുതിയ ചിലതെല്ലാം സ്വീകരിച്ചും തുടർന്നിരുന്നതിനാൽ മറ്റുള്ളവരെപ്പോലെ അമ്പേ കൈവിട്ടു പോയിരുന്നില്ല മാധവേട്ടന്റെ കൃഷിയിടം. എങ്കിലും മണ്ണും വെള്ളവും വായുവും മലിനപ്പെട്ടിരുന്നു.

"സുഭാഷ് പലേക്കറുരുടെ* സീറോ ബജറ്റ് കൃഷിരീതിയെക്കുറിച്ച് മോള് കേട്ട്ട്ട്ണ്ടോ" ഒരുദിവസം കാലിത്തീറ്റ കലക്കിയ വെള്ളം തരുന്നതിനിടയില്‍ തൊഴുത്തില്‍വെച്ച് മാധവേട്ടന്‍ എന്റെ അകത്താടിയില്‍ തടവിക്കൊണ്ട് ചോദിച്ചു. പിന്നെ ഒരു കഥപോലെ എല്ലാം പറഞ്ഞു തന്നീട്ടേ മാധവേട്ടന്‍ എഴുന്നേറ്റു പോയുള്ളു.

എന്റെ ചാണകവും മൂത്രവും ഉപയോഗിച്ചിരുന്നത് മാധവേട്ടന് പ്രത്യേകിച്ചെന്തെങ്കിലും അറിയാമായിരുന്നതുകൊണ്ടാല്ല. അത്രയൊന്നും മാധവേട്ടന്‌ അറിയില്ലല്ലോ. കയ്യും കാലും മേലുമൊക്കെ അല്പം ചാണകം നാറിയാലും അവിടെ വളരുന്ന കായ്കനികൾ ഭക്ഷിക്കുന്നതുകൊണ്ട് മറ്റൊരു അസുഖവും വരില്ലെന്ന ദൃഢവിശ്വാസംകൊണ്ടായിരുന്നു.

പലേക്കറുടെ മാതൃകയെക്കുറിച്ച് അറിഞ്ഞതിനു ശേഷമാണ് ചാണകത്തിലും മൂത്രത്തിലും മധുരമുള്ള ശർക്കര ചേർത്ത് മാധവേട്ടൻ ഉപയോഗിക്കാൻ തുടങ്ങിയത്. കാട്ടിൽ വളരുന്ന വൃക്ഷങ്ങൾക്കു ചുവടെ ലഭിച്ചിരുന്ന പക്ഷിമൃഗാതികളുടെ വിസർജ്യവസ്തുക്കൾക്കു പകരമാണത്രെ നാടൻ പശുവിന്റെ ചാണകവും മൂത്രവും. കീടനാശിനികളും രാസവളവും ഉപയോഗിച്ചതുമൂലം നഷ്ടപ്പെട്ട മിത്ര കീടങ്ങളും സൂക്ഷ്മാണുക്കളും വളരാനായി, വൃക്ഷങ്ങളുടെ വേരുകൾ നല്‍കിയിരുന്ന ഭക്ഷണത്തിനു പകരമാണ്‌ ശർക്കരയോ മധുരമുള്ള മറ്റു വസ്തുക്കളോ ചേർക്കുന്നതെന്ന്.

പലേക്കർ കണ്ടുപിടിച്ച ഒരു പിടി കാര്യങ്ങളുണ്ട് ഇനിയും. ഞങ്ങൾക്കും അഭിമാനമാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ. ഇന്ത്യയിലെ നാടൻ പശുക്കളുടെ ചാണകത്തിൽ മാത്രമാണ്‌ ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളതെന്നും, നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ മുന്നൂറു മുതൽ അഞ്ഞൂറു കോടി വരെ സൂക്ഷ്മാണു ജീവികളുണ്ടെന്നും, നാടൻ പശു ഒരു ദിവസം നല്‍കുന്ന പതിനൊന്നു കിലോ ചാണകം കൊണ്ട് മുപ്പത് ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്നും നിരവധി പരീക്ഷണങ്ങൾ നടത്തി പ്രയോഗിച്ച് തീർപ്പു കല്പിച്ചു എന്നറിയുമ്പോൾ ഏതു പശുവിനാണ്‌ അഭിമാനിക്കാൻ കഴിയാതിരിക്കുക?

പക്ഷെ പലേക്കർ ഉണ്ടാക്കുന്ന മിശ്രിതത്തിന് കണ്ടുപിച്ചിരിക്കുന്ന പേര്‌ ‘ജീവാമൃതം’ എന്നാണ്. ജീവാമൃതത്തിന്‌ നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ്‌ ഭക്ഷിക്കുന്നതെന്നും മണ്ണ്‌ തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.

ഞാനെന്തിനാ വെറുതെ ഇതിനെക്കുറിച്ചൊക്കെ ഓര്‍ക്കുന്നേ. മനുഷ്യന്മാരായി അവരുടെ പാടായി. പ്രകൃതി വികൃതമാകുന്നത് കാണുമ്പോൾ ഓർക്കാതിരിക്കുന്നത് എങ്ങനെയാണ്‌? മനുഷ്യർ നശിപ്പിച്ചില്ലെങ്കിൽ തനിയെ വളർന്ന് കായ്കനികൾ നൽകുന്ന കാട്ടിലെ മരങ്ങളുടേയും നാട്ടിലെ പൂളി മാവ് പ്ലാവ് നെല്ലി എന്നിവയുടേയും അതേ രീതിയിലാണ്‌ മറ്റ് ചെടികളും വളരുന്നതെന്നാണ്‌ പാലേക്കർ പറഞ്ഞതെന്ന് മാധവേട്ടൻ  പറയുകയുണ്ടായി. പ്രകൃതിയിൽ അതിനനുഗുണമായ സംവിധാനം ഉണ്ടത്രെ. മരങ്ങൾക്ക് വളരാൻ ആവശ്യമായ എല്ലാ പോഷകങ്ങളും മണ്ണിലുണ്ട്. ഒരു സസ്യം വളരാൻ ആവശ്യമായ മൂലകങ്ങളുടെ ഒന്നര ശതമാനം മാത്രമേ മണ്ണിൽ നിന്ന് എടുക്കുന്നുള്ളുവെന്നും ബാക്കിയുള്ള തൊണ്ണൂറ്റിയെട്ടര ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും വെള്ളത്തിൽ നിന്നുമാണത്രെ അവ സ്വീകരിക്കുന്നത്. ഞാനിങ്ങനെയൊക്കെ മനസ്സിലാക്കുന്നുവെന്ന് മനുഷ്യരെങ്ങാനും അറിഞ്ഞാൽ മതി എനിക്ക് പ്രാന്താന്നും പറഞ്ഞ് ഓടിച്ചിട്ട് തല്ലിക്കൊല്ലാൻ. മനുഷ്യർക്ക് ഞങ്ങടെ ചിന്തകൾ അറിയാൻ വഴിയൊന്നുമിത്തത് ഭാഗ്യം.

മണ്ണിനെ സ്നേഹിച്ചിരുന്ന മാധവേട്ടനെ ഇത്തവണത്തെ കാലവർഷമാണ്‌ ചതിച്ചത്. ചിലർക്ക് അങ്ങിനെയാണ്‌., ചെറിയ കാരണം മതി വലിയ മന:പ്രയാസത്തിന്. പ്രതീക്ഷിച്ച വരുമാനത്തെ കാലവർഷം തകർത്തെറിഞ്ഞപ്പോൾ കടത്തേക്കാൾ മാധവേട്ടനെ പ്രയാസപ്പെടുത്തിയത് ബാങ്കുകാരായിരുന്നു. കടക്കെണിയിലകപ്പെടുന്ന കർഷകന്റെ വിധി അങ്ങിനെയാണ്‌ മാധവേട്ടനേയും പിടികൂടിയത്.

കശപ്പുകാരൻ എന്റെ വില ഉറപ്പിച്ചിരുന്നു. ഈ ജന്തുവിനെ എങ്ങിനെയെങ്കിലും ഒന്നൊഴിവാക്കണം എന്നതുകൊണ്ടാണ്‌ കിട്ടിയ വിലയ്ക്ക് നിങ്ങൾക്ക് തരുന്നതെന്ന് മാധവേട്ടന്റെ മോന്‍ പണം എണ്ണി വാങ്ങിക്കൊണ്ട് പറഞ്ഞു. ഇന്നത്തെ വിലയ്ക്ക് ഇതിന്റെ ഇരട്ടിയെങ്കിലും പണം കിട്ടേണ്ടതാണ്‌.

തമിഴ്നാട്ടിൽ നിന്നെത്തിയ ചടച്ച് ചാവാറായ മൂരികൾക്കും പോത്തുകൾക്കുമിടയ്ക്ക് എന്റെ ഒരു രാത്രി ആരംഭിക്കുന്നു. ആരംഭിക്കുന്നു എന്നല്ലാതെ ഈ രാത്രിയെങ്കിലും പൂർണ്ണമാകുമോ എന്നുപോലും ഉറപ്പില്ലാതെ...ഒറ്റക്കാഴ്ചയിൽ പശുവെന്നോ മൂരിയെന്നോ അറിയാൻ കഴിയാതെ ചളി പുരണ്ട ഒരുവക കോലമാണ്‌ എല്ലാത്തിന്റേതും. ശൂരത്വം ഉടച്ചു കളഞ്ഞെങ്കിലും മരണത്തിനു മുൻപ് ഒരിക്കലെങ്കിലും പശുവിന്റെ പുറത്ത് കയറാമെന്ന മിഥ്യാബോധം കൊണ്ടായിരുന്നു കൂട്ടത്തിനിടയിലെ ചിലരെങ്കിലും മൂട് മണപ്പിച്ച് എന്റെ പുറകെ കൂടിയത്.

ഏതാണ്ട് പാതിരാത്രി കഴിഞ്ഞിരിക്കണം. വിശന്നിട്ടാണെങ്കിൽ വയ്യ,നല്ല ദാഹവും. കുളമ്പുകൾക്കിടയിൽ പറ്റിക്കൂടിയ ചുങ്ങിയ ചാണകം കൊണ്ടുള്ള ചവിട്ടിക്കുഴച്ചിലിൽ ഞെരിഞ്ഞുപിരിഞ്ഞ നാലഞ്ച് വക്കോലിഴകൾ ആർത്തിയോടെ മണത്തപ്പോൾ ഓക്കാനം വന്നു. ആരാച്ചാരന്മാരുടെ മുഖഭാവത്തോടെ ഗുണ്ടകളുടെ കൂസലില്ലായ്മയോടെ കഴുത്തിൽ സ്വർണ്ണത്തിന്റെ മണിമാലകളിട്ട രണ്ടുപേർ കൂട്ടത്തിൽ നിന്ന് ഒരു മൂരിയെ പിടിച്ചുകൊണ്ടു പോകുമ്പോൾ എന്റെ വിശപ്പും ദാഹവും കെട്ടടങ്ങി.

അല്പം മാറി മറപോലെ തോന്നിക്കുന്ന മുറിക്കകത്തെ കുറ്റിയിൽ അതിനെ കെട്ടിയിട്ടു. തുറന്നിട്ട മുറിയായതിനാൽ ഞങ്ങൾക്കെല്ലാം കാണാം. ഒരു മണിമാലക്കാരൻ അതിന്റെ രണ്ടു കണ്ണുകളും മറയത്തക്ക വിധത്തിൽ ചോര പറ്റിയ ഒരു കഷ്ണം തുണികൊണ്ട് നെറ്റിയിലൂടെ വട്ടത്തിൽ കെട്ടി. മൂരിക്കിപ്പോൾ ആരേയും കാണാൻ പറ്റില്ല. തറയിൽ ചുമരിനോടു ചാരി വെച്ചിരുന്ന അഞ്ചു കിലോ തൂക്കം വരുന്ന പിടി നീളം കൂടിയ കൂടമെടുത്ത് മറ്റൊരു മണിമാലക്കാരൻ ഏനം നോക്കി. കൃത്യം...രണ്ടു കൊമ്പുകൾക്കും നടുവിലായി കണ്ണുകൾക്കു മുകളിലായി നെറ്റിയിൽ കൂടം കൊണ്ട് ആഞ്ഞടിച്ചു. അടി കൊണ്ടതും സർവ്വവും തളർന്ന് താഴെ വീണതും ക്ഷണ നേരം കൊണ്ട്. പെട്ടെന്നു തന്നെ മറ്റൊരുവൻ മൂർച്ചയുള്ള കത്തികൊണ്ട് പൊള്ളക്കുരക്ക് മുറിച്ചു. രക്തം വരാതായപ്പോൾ കത്തിയുടെ മുനകൊണ്ട് ഞരമ്പ് തിടുക്കത്തിൽ കുത്തിപ്പൊട്ടിച്ചു. രക്തം പുറത്തേക്ക് ശക്തിയോടെ ചീറ്റി. പിൻകാലുകളിൽ ശക്തിയറ്റ ചെറിയൊരു പിടച്ചിൽ.

കൊലക്കത്തിക്കിരയാകാൻ വിധിക്കപ്പെട്ട ഞാൻ എന്റെ ഊഴവും കാത്ത് മരണമുഹൂർത്തത്തിനു മുൻപുള്ള ക്രൂരക്കാഴ്ചകൾ സഹിച്ച് ദാഹവും വിശപ്പും നഷ്ടപ്പെട്ട് മിണ്ടാനാകാതെ......
------------------------------------------------


സുഭാഷ് പലേക്കർ : സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനും. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയാല്‍ ആ ലേഖനത്തില്‍ നിന്നു ലഭിക്കും.


"ചാണകം കൊണ്ടൊരു ജീവാമൃതം" എന്നൊരു ലേഖനം കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്നത് ധാരാളം പേര്‍ വായിച്ചു എന്നതിനേക്കാള്‍ വളരെയധികം ചര്‍ച്ചകള്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്നു എന്നതാണ്. വായിക്കാത്തവരുണ്ടെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയി വായിച്ചിരിക്കേണ്ടതാണ്. കര്‍ഷകര്‍ മാത്രം വായിക്കേണ്ട ഒന്നല്ല ഇത്. മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണെന്ന്‍ എനിക്ക് തോന്നുന്നു. കട്ടിയായ വാക്കുകളുപയോഗിക്കാതെ കഥപോലെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ഈ വിഷയം സര്‍വ്വരും അറിഞ്ഞിരിക്കണം എന്ന ലേഖകന്റെ (പി.ടി. മുഹമ്മദ് സാദിഖ്‌) ചിന്ത വായനയെ കൂടുതല്‍ ആകര്‍ഷിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കഥ വായിച്ചില്ലെങ്കിലും ലേഖനം വായിക്കാതിരിക്കരുത്.

6/3/13

ജനിതക മാറ്റം...?

"അമാനുഷിക ശക്തിയുള്ള ഒരപൂർ‍വ്വവതാരമല്ല ഞാൻ. സിമ്പ്ളി അയാമെ ഡോക്ടർ." ഡോക്ടറിൽ നിന്ന്‌ അത്തരം ഒരു പരാമര്‍ശം മധുസൂദനന്‍ പ്രതീക്ഷിച്ചിരുന്നില്ല. അനുഭാവപൂര്‍ണ്ണമായ ഒരു പ്രതികരണമായിരുന്നു കാത്തിരുന്നത്‌. 

"ഡോക്ടറിൽ ദൈവചൈതന്യമുണ്ടെന്ന്‌ ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. വർഷങ്ങൾ‍ കാത്തിരുന്നിട്ടും മക്കള്‍ ഉണ്ടാകാത്ത എത്രയോ പേര്‍ ഡോക്ടറുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കുന്നു?"

"അതെന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റും മനുഷ്യനെന്ന നിലയ്ക്കുള്ള സേവനവുമാണ്‌. അതിന്‌ ശാസ്ത്രലോകത്തിന്റെ സംഭാവനകൾ‍  പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം."

"ഇത്‌ മാത്രമാണ്‌ ഞാനും ഡോക്ടറില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയെങ്കിലും ഡോക്ടര്‍ സഹായിക്കണം." മധുസൂദനന്റെ സ്വരത്തില്‍ ക്ളായ്‌വ്‌ കലര്‍ന്നിരുന്നു.

"മധു പലയാവര്‍ത്തി എന്നെ സമീപിച്ചു കഴിഞ്ഞല്ലോ ഇപ്പോൾ.
അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും നല്‍കിയിട്ടുണ്ട്‌. മധുവിന്‌ വെറുമൊരു കുഞ്ഞിനെ മാത്രം പോരല്ലൊ...?" 

"ഒരു പെണ്‍കുഞ്ഞ്‌ വേണമെന്ന്‌ പറയുന്നത്‌ തെറ്റാണോ, അല്ലെങ്കിലിന്ന്‌ നടക്കാത്തൊരു സംഭവമാണോ അത്‌?"

"മധു കരുതുന്നതുപോലെ അത്ര  നിഷ്പ്രയാസമാണ് അതെന്ന വിശ്വാസമില്ലെങ്കിലും സാധ്യമാണ്‌. അതല്ലല്ലോ പ്രശ്നം? പിന്നീടുള്ള ചില നിബന്ധനകള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ എനിക്കുതന്നെ ബോധ്യമില്ലാത്ത നിലയ്ക്ക്‌....അയാം നോട്ട്‌ ഷുവര്‍ എബൌട്ട് യുവര്‍ അംബീഷന്‍സ്‌." 

ഡോക്ടറുടെ തീരുമാനത്തില്‍ അയവ്‌ വന്നിരിക്കുന്നു. തുടക്കത്തില്‍ സാധിക്കില്ലെന്ന്‌ പറഞ്ഞിടത്താണ്‌ എനിക്കുറപ്പില്ലെന്നിടത്തേക്ക്‌ എത്തിയിരിക്കുന്നത്‌. ഇത്‌ തീര്‍ച്ചയായും പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നുവെന്ന്‌ മധുസൂദനന്‍ തീര്‍ച്ചപ്പെടുത്തി.

"എല്ലാ റിസ്ക്കും ഞാനേല്‍ക്കുന്നു. എത്രമാത്രം ഭയത്തോടുകൂടിയാണ്‌ ഒരു പെണ്‍കുട്ടിക്ക്‌ ഇന്നത്തെ കാലത്ത്‌ ജീവിക്കാനാകുക എന്ന്‌ ഡോക്ടര്‍ക്കറിയാമല്ലൊ? കായികമായ ശക്തി നേടണം, കരാട്ടേ പഠിക്കണം, തന്റേടത്തോടെ കാര്യങ്ങള്‍ നേരിടാനുള്ള ചങ്കൂറ്റം നേടണം എന്നൊക്കെ പറഞ്ഞാലും അതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന്‌ നമുക്കറിഞ്ഞുകൂടെ?"

"മധു ഇപ്പോള്‍ സംസാരിക്കുന്നത്‌ ഇതിനൊക്കെ ശാശ്വതമായൊരു പരിഹാരം കിട്ടിക്കഴിഞ്ഞു എന്ന രീതിയിലാണല്ലൊ."

"എനിക്കുറപ്പുണ്ട്‌ ഡോക്ടര്‍, ഡോക്ടറെക്കൊണ്ട്‌ പറ്റാത്തതല്ലെന്ന്‌. പുതിയവയെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ഞാനെന്നും സന്നദ്ധനാണ്‌. മറ്റൊരാളെക്കാളും മുന്‍പ്‌ എനിക്കതീ സമൂഹത്തിനു മുന്‍പില്‍ പ്രയോഗിച്ചു കാണിക്കണം."

പ്രായോഗികതയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കി മാറ്റത്തിന്റെ പുതുമയിലെ വക്താവാവുക എന്നതിനു മുൻതൂക്കം കൊടുക്കുന്ന ചിന്തകൾ. അസാധാരണമായ സംഭവങ്ങൾക്കു അത്ഭുതപരമായ പങ്കു വഹിക്കണമെന്നത് മധുസൂദനന്റെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹമാണ്‌.

"മധു പറയുന്നത്‌ ശരി തന്നെ. പെണ്‍കുട്ടികളില്‍ സ്വയരക്ഷക്കുള്ള കഴിവ്‌ ജന്മനാ ഉണ്ടാകണം എന്നതില്‍ എനിക്കഭിപ്രായ വ്യത്യാസമില്ല. എന്താണതിന്‌ മാര്‍ഗ്ഗം എന്നത്‌ ഞാനും ചിന്തിക്കുന്നു. പക്ഷെ ജനറ്റിക്ക്‌ ഘടന മാറ്റുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി ഇന്ന്‌ പല പരീക്ഷണങ്ങളുടേയും അവസാന റിസള്‍ട്ടില്‍ കാണാനാകുന്നു."

"പ്രകൃത്യാ സംഭവിക്കുന്ന ജനിതക ഘടനയെ മാറ്റത്തിന്‌ വിധേയമാക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്മകള്‍ പ്രത്യക്ഷപ്പെടുന്നത്‌ സ്വാഭാവികമല്ലേ? അങ്ങിനെ ചിന്തിച്ചാല്‍ പ്രാകൃത മനുഷ്യലേക്ക്‌ ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുക? പരീക്ഷിക്കപ്പെടുന്ന വസ്തുകളില്‍ സംജാതമാകുന്ന പരീക്ഷണ ഫലത്തിലെ കുറവുകള്‍ തുടര്‍ന്നുള്ളവയില്‍ പരീക്ഷിക്കപ്പെടുമ്പോഴല്ലേ പരീക്ഷണം പൂര്‍ണ്ണമാകുന്നത്‌?"

"മധുവിനങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ വ്യക്തമല്ലാത്ത ഒരു പരീക്ഷണത്തിന്‌ ഞാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെ ഗവേഷണ ഭീമനായ 'മൊന്‍സാന്റോ' വിപണിയിലിറക്കിയ ധാന്യങ്ങളെക്കുറിച്ച ഗുണവും ദോഷവും മധു കേട്ടിരിക്കുമല്ലോ? ഒരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ലാഭത്തിലെ ഇരട്ടിപ്പിന്റെ തോത്‌ മാത്രമാണ്‌ മുഖ്യമായ ചിന്തയില്‍ കടന്നുവരുന്നത്‌. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ദോഷം സ്വയം അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ വേണ്ടായിരുന്നു എന്ന ചിന്ത പ്രസക്തമാകാറുള്ളത്‌. അപ്പോഴവിടെ ലാഭം എന്നത് വിസ്മരിക്കപ്പെടുകയും പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ മുഖ്യശത്രു ആകുകയും ബഹളം ഉണ്ടാക്കുകയുമല്ലേ സംഭവിക്കുന്നത്?"

"മനുഷ്യ ശരീരത്തിലെ ജീനുകളെ വേണ്ട വിധത്തില്‍ ക്രമീകരിച്ച്‌ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന മൊന്‍സാന്റോയെപ്പോലെയുള്ള ഒരു ഭീമനില്‍ തന്നെയാണല്ലോ ഡോക്ടറും സേവനം അനുഷ്ഠിക്കുന്നത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ പ്രതീക്ഷിക്കാമല്ലോ..." മധുസൂദനന്‍ ഡോക്ടറുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ സ്വന്തം തീരുമാനം ശരിയെന്ന നിലപാടിലായിരുന്നു.

"ജീനുകളുടെ ക്രമീകരണത്തെക്കുറിച്ച്‌ ധാരാളം എക്സ്പിരിമെന്റ്‌സ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. പുരുഷബീജത്തിലേയോ സ്ത്രീയുടെ അണ്ഡത്തിലേയോ പോരായ്മകള്‍ പരിഹരിച്ച്‌ സന്താനലബ്ധി നല്‍കുക എന്നതിനപ്പുറത്തേക്ക്‌ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പറയുന്നത്ര എളുപ്പമല്ലാത്തെ സങ്കീര്‍ണ്ണതകളിലൂടെയുള്ള യാത്ര." ഡോക്ടര്‍ മേശപ്പുറത്തിരുന്ന സ്റ്റെതസ്ക്കോപ്പിലൂടെ വിരലുകളോടിച്ചു  കൊണ്ടിരുന്നു. മധുസൂദനന്റെ തീരുമാനം തിരുത്തിക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു.

"സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ്‌ ഞാനിപ്പോള്‍. ഫിലിപ്പിനോ സ്ത്രീകള്‍ പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുന്നത്‌ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണെന്ന്‌ കേട്ടിട്ടുണ്ട്‌. മനുഷ്യന്റെ മുഖമുള്ള നായ്ക്കുട്ടികള്‍ ജനിക്കുന്നു. മനുഷ്യന്റെ കൈകാലുകളോടുകൂടിയ കുഞ്ഞുങ്ങളെ പ്രസവികുന്ന മൃഗങ്ങള്‍. അങ്ങിനെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. എന്തിന്‌...കുരങ്ങില്‍ നിന്ന പരിണാമം വിശ്വസിക്കാമെങ്കില്‍ ഒരു തുടര്‍യാത്രയും സംഭവിച്ചു കൂടെന്നില്ലല്ലോ?"

"മനുഷ്യരൂപമുള്ള മൃഗങ്ങള്‍ എന്നത്‌ മനുഷ്യവൈകൃതങ്ങളുടെ സൃഷ്ടി എന്നേ പറയാന്‍ പറ്റൂ."

"ഡോക്ടര്‍, ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ പരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രകൃതിയില്‍ സങ്കരയിനം സൃഷ്ടിക്കപ്പെടുന്നു എന്നാണ്‌. പരീക്ഷണത്തിനുള്ള ഒരു സാദ്ധ്യത പ്രകൃതി തന്നെ കാണിച്ചു തരുന്നു എന്നാണ്‌."

"ഇത്തരം അപൂര്‍വ്വ ജീവികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയോ മരണപ്പെടുന്നുണ്ട്‌."

"അതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കപ്പെടാനും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ട സത്യമായി തീരില്ലെ അത്‌?"

"മധു പറഞ്ഞുവരുന്നത്‌ മനുഷ്യനും മൃഗവും പക്ഷിയും ഒക്കെക്കൂടിയുള്ള 'മനുഷ്യമൃഗപ്പക്ഷി' എന്ന പുതിയ സങ്കല്‍പ്പത്തിലേക്കാണോ?"

"അത്രയൊന്നും കണക്കു കൂട്ടുന്നില്ലെങ്കിലും മനുഷ്യന്‌ പ്രത്യേക കഴിവുകള്‍ നല്‍കുന്നതിന്‌ പര്യാപ്തമായ ജീനുകളുടെ ക്രോഡീകരണം സാദ്ധ്യമാവാം എന്നാണ്‌." തന്റെ ചിന്തകൾക്കൊപ്പം ഡോക്ടർക്ക് സഞ്ചരിക്കാനാകുന്നില്ലല്ലൊ എന്നോർത്ത് മധുസൂദനൻ കുണ്ഠിതപ്പെട്ടു. പരിണതഫലം വരുത്തിയേക്കാവുന്ന രൂപവ്യത്യാസങ്ങളിൽ സംശയിക്കുന്ന ഡോക്ടർ തന്റെ പ്രതീക്ഷകൾക്കു മങ്ങലേല്പിക്കുമോ എന്ന് സന്ദേഹിച്ചു.

"തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്‌ മധു ഭാവനയില്‍ കൊണ്ടുനടക്കുന്നത്‌. എന്തായാലും മധു ആഗ്രഹിക്കുന്ന വിധത്തില്‍ മധുവിനൊരു കുഞ്ഞ്‌ എന്ന പ്രതീക്ഷയെ ഞാന്‍ തടയുന്നില്ല. എന്റെ പരിമിതികള്‍ മധുവിനോട്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്തിന്റെ പേരിലായാലും പിന്നീടൊരു കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഡോക്ടറുടേതല്ലാത്ത പിഴവുകള്‍ക്കുപോലും കുറ്റക്കാരാകേണ്ടി വരുന്നവരാണ്‌ ഞങ്ങള്‍. അപ്പോള്‍ ഒരു പരീക്ഷണം വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചില്ലറയാകില്ല."

"നല്ലതായാലും ചീത്തയായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഡോക്ടറെ ഒരിയ്ക്കലും കുറ്റക്കാരനാക്കില്ല."

-------------------------------------------

മധുസൂദനന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു മാലഖക്കുട്ടി. തൂക്കം കുറവ്. തൂക്കത്തിനനുസരിച്ച് ശരീരവും ചെറുതായി ഒതുങ്ങിയിരിക്കുന്നു. കൈകാലുകള്‍ക്കിടയിലെ നേര്‍ത്ത ചര്‍മ്മം പോലുള്ള ആവരണം പ്രത്യേകത.

മാലാഖക്കുട്ടി മായയെന്ന പേരിൽ വളർന്നുകൊണ്ടിരുന്നു. അമിതമായി വളര്‍ന്ന ചര്മ്മമായിരുന്നു മായയെ പ്രശസ്തയാക്കിയത്. മധുസൂദനൻ നിറഞ്ഞ തൃപ്തനായി. മായ ദൈവാവതാരമായും ചിറകുള്ള മാലാഖക്കുട്ടിയായും മനുഷ്യന്റെ അത്ഭുത പ്രതിഭാസമായും വ്യാപിച്ചുകിടന്നു. ആദ്യമൊക്കെ അനിഷ്ടം തോന്നിയെങ്കിലും പയ്യെപ്പയ്യെ മധുസൂദനന്റെ ഭാര്യയും താതാത്മ്യം പ്രാപിക്കുകയായിരുന്നു. ഡോക്ടർ ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കുകയും മധുസൂദനനോട് വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്നു.

"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലൊ മധു?" തുടക്കത്തിലെ പ്രചരണവും പുതുമയും കുറഞ്ഞു വന്ന സന്ദർഭത്തിൽ ഡോക്ടർ മധുസൂദനനോടു ചോദിച്ചു.

"ഇല്ല ഡോക്ടർ. ഞാനും വൈഫും ഇപ്പോൾ വളരെ ഹാപ്പിയാണ്‌."

"പ്രശസ്തരായല്ലൊ അല്ലേ? ഹാപ്പിയായിരിക്കണമല്ലോ. ജനന സമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവ് എന്നെ വളരെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. അതൊരു സ്വാഭാവിക പരിണാമമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നതും അതായിരുന്നു, നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും മാറിയ ചില സംഭവങ്ങൾ സംഭവിക്കാം എന്നത്. നമ്മൾ പ്രതീക്ഷിക്കാത്തവ ഇനിയും ചിലപ്പോൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്."

"ഇനി എന്തിനാശങ്ക? വക്കീലന്മാരുടേതുപോലുള്ള ഉടുപ്പിട്ട് അവൾ സുഖമായി സ്കൂളിൽ പോയി വരുന്നു. മറ്റു കുട്ടികളൊത്ത് കളിച്ചുചിരിച്ചു നടക്കുന്നു. ഇത്രയും നാൾ അവൾക്കൊരു അസുഖം പോലും വന്നിട്ടില്ല. മറ്റു കുട്ടികളേക്കാൾ അല്പം ചെറുതാണ്‌ എന്നതൊഴിച്ചാൽ സുന്ദരിക്കുട്ടി."

"അവളിലെ അധിക ഭാഗങ്ങൾ അവളുടെ ദിനചര്യകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടോ?" പക്ഷികളുടേതുപോലെ ആ കുട്ടിക്കൊരു ചിറക് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗ്ഗം, മുകളിലേക്ക് ഉയരാനുള്ള ഒരു കഴിവ്; അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. മധുവിന്റെ തിടുക്കം തന്റെ പ്രവർത്തനത്തെ ബാധിച്ചതിൽ ഡോക്ടർ മൗനം പൂകി. മധുവിന്റെ സന്തോഷം കാണുമ്പോൾ അയാള്‍ ആഗ്രഹിച്ചതും ഇത്തരം ഒരപൂർവ്വതയായിരുന്നു എന്നു തോന്നുന്നു. മധുവിന്റെ ഭാര്യ ആദ്യമെല്ലാം ഒന്നു പകച്ചെങ്കിലും പ്രയാസപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞിന്റെ അധികഭാഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിന് അതൊരു കുറവായി തോന്നിയില്ല അവര്‍ക്ക്. മധുവിന്റെ തോന്നലുകളെ തിരുത്താന്‍ പോയില്ല. തന്റെ പരീക്ഷണഫലങ്ങൾ ഇതുതന്നെയാണെന്നു മധു തീർച്ചപ്പെടുത്തിക്കോട്ടെ.

"പ്രയാസം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, തീരെയില്ല. അവളുടുപ്പിട്ടാൽ ആ ഭാഗങ്ങളൊന്നും മറ്റാർക്കും കാണാനും കഴിയില്ല. അവൾക്കാകെയുള്ള പ്രയാസം സ്കൂളിലെ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു എന്നതാണ്‌. അവൾ ഓടുന്നതും ചാടുന്നതുമെല്ലാം പറക്കുന്നതുപോലെ ആയതിനാൽ."

"മധു നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഇത്തരം കാണാപ്പഴുതുകൾ തുടർന്നുള്ള പരീക്ഷണങ്ങളിൽ നികത്തപ്പെടുമ്പോള്‍ പൂർണ്ണമാകും എന്നു വിശ്വസിക്കാം. നമ്മൾ ചിന്തിക്കാത്തത് പലതും കണ്ടെന്നിരിക്കാം. അവൾക്ക് മറ്റു വല്ല തടസ്സവും..?"

"ഡോക്ടറും കൂടെക്കൂടെ കാണുന്നതല്ലെ അവളെ? അവൾക്കത് കൂടുതൽ അഴകു നൽകുന്നു. സുന്ദരമായ വെളുത്തുനേർത്ത ചര്‍മ്മത്തിന്റെ  ഞൊറികൾ രണ്ടുഭാഗത്തും കാലുകൾക്കിടയിലും അലയിളക്കം പോലെ കിടക്കുന്നത് അപൂർവ്വ ഭംഗിയാണ്‌. കയ്യുകൾ ഉയർത്തുമ്പോൾ വിശറിപോലെ വിരിഞ്ഞു വരുന്ന ചിറക്."

"അവള്‍ക്ക് ചിറകുണ്ടെന്നത് ഇനിയും കൂടുതല്‍ പരസ്യപ്പെടുത്തരുത്. കുട്ടി വലുതാകുകയാണ്‌. മധു എത്രയൊക്കെ സന്തോഷിക്കുമ്പോഴും ആശങ്കകൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെ." 
ഒരു പക്ഷി നേരിടേണ്ടിവരുന്ന ആക്രമണം പക്ഷിയുടെ കഴിവുകളുള്ള മായയുടെ കാര്യത്തിൽ സംഭവിച്ചെങ്കിലോ? തള്ളിക്കളയാനാകാത്ത സാദ്ധ്യത ഡോക്ടറെ വീർപ്പുമുട്ടിച്ചു.

"കാരണം?" 

"‘മൊൻസാന്റൊ’ തന്നെ മധു. ധാരാളം ധാന്യങ്ങൾ വളരെപ്പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ എല്ലാവർക്കും സ്വീകാര്യമായ തോതിൽ വളർന്ന വിപ്ളവകരമായ മുന്നേറ്റം. ജൈവഘടനയിൽ മാറ്റം വരുത്തിയ ഇത്തരം ധാന്യങ്ങൾ പല തരത്തിലുള്ള വിഷാംശങ്ങളും സ്വീകരിച്ചിരിക്കുന്നു എന്നാണ്‌ പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, കോളിഫ്ളവറും കടുകും വഴുതനയും തുടങ്ങി എല്ലാം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളല്ലാത്ത ക്യാൻസർ,ട്യൂമർ എന്നീ രോഗങ്ങൾ ഈയിടെയായി പെരുകുന്നതും കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ കേടുവരുന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌. ഞാൻ പറഞ്ഞുവരുന്നത് ജെനറ്റിക് മോഡിഫിക്കേഷൻ മൂലം സസ്യങ്ങളിൽ സംഭവിച്ചതുപോലുള്ള ഘടനയുടെ താളം തെറ്റലും അതുമൂലമുണ്ടാകുന്ന ദോഷവും മനുഷ്യരുടെ കാര്യത്തിലും സംഭവിച്ചേക്കാം എന്ന ആശങ്കയാണ്‌."

"ഇവിടെ പക്ഷെ വിഷാംശത്തിന്റെ സംഭവങ്ങളൊന്നും ഇല്ലല്ലോ?" മധുസുദനന്റെ വിശ്വാസത്തിലും ഇപ്പോള്‍ സംശയം കലര്‍ന്നു തുടങ്ങിയിരിക്കുന്നു. 

"നമ്മുടെ വിഷയത്തിൽ ഇപ്പോഴില്ല എന്നു പറയാം. പക്ഷേ പ്രതിരോധം എന്ന ചിന്ത എന്തൊക്കെ കൂട്ടിച്ചേർക്കും എന്ന് പറയാനാവുമോ? വിഷാംശം മാത്രമല്ല പ്രശ്നം. നമ്മള്‍ മുന്‍കൂട്ടി കാണാത്ത പലതും പിന്നീട് പുറത്തു വരും. ഉദാഹരണത്തിന്‌ മായയുടെ തൂക്കക്കുറവ്, പിന്നെ സ്കൂളിലെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത്. അങ്ങിനെ പലതും ഉണ്ടായിക്കൂടെ?"

"ഡോക്ടറെന്നെ ഇപ്പോൾ ഭയപ്പെടുത്തുകയാണ്‌."

"ഹ..ഹ..മധുവായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംസാരിച്ചത്. മറ്റൊരാളായിരുന്നുവെങ്കിൽ അറിഞ്ഞിരുന്നുകൊണ്ട് താനെന്തിനാണ്‌ ഇത് ചെയ്തത് എന്ന് എന്നോട് തിരിച്ച് ചോദിച്ചേനെ. എല്ലാം വ്യക്തമായാലും അതിനുള്ളിൽ അറിഞ്ഞുകൊണ്ട് തലവെക്കാനാണ്‌ ഇന്നത്തെ മനുഷ്യനിഷ്ടം. എല്ലാം നന്നായി തന്നെ കലാശിക്കുമെന്ന് നമുക്കാശിക്കാം മധു. ഞാനിറങ്ങട്ടെ."

----------------------------

നിലാവ് പരന്ന പുഴുക്കമുള്ള ഒരു രാത്രി. രാത്രിഭക്ഷണം കഴിഞ്ഞ് മധുസൂദനനും ഭാര്യയും മായയും കൂടി മുറ്റത്ത് കാറ്റുകൊണ്ടിരിക്കുന്നു. മെലിഞ്ഞ കാറ്റ് ഇലകളെ ചെറുതായി തലോടുന്നുവെന്നു മാത്രമേയുള്ളു. അകത്തിരിക്കുന്നതിനേക്കാൾ കുറവുണ്ട് ഉമ്മറത്തെ ഉഷ്ണത്തിന്‌. തെങ്ങോലകൾക്കിടയിലൂടെ നിലാവന്റെ ആഴത്തിലേക്ക് മായ ആർത്തിയോടെ നോക്കി.

"അച്ഛാ..ഞാനീ നിലാവിൽ ഒന്നു പറന്നു നോക്കട്ടെ?" മധുസൂദനനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ട് മായ ചോദിച്ചു.

"നിയെന്താ വെല്ല കിളിയുമാണോ പറക്കാന്‍? രാത്രിയിൽ അവള്‍ടെയൊരു പൂതി. മിണ്ടാണ്ട് അടങ്ങ്യൊത്ങ്ങി ഇരുന്നോ അവ്ടെ." മധുസൂദനന്റെ ഭാര്യ പരിഭവം പറഞ്ഞു.

"അതിനവൾക്ക് രാത്രിയിലും കണ്ണു കാണാമല്ലോ." മധുസൂദനൻ മകളെ സപ്പോർട്ട് ചെയ്തു.

"അതന്നെ അച്ഛാ....?" മായ മധുസൂദനന്റെ കഴുത്തിൽ ഞാന്നുകിടന്നു കൊഞ്ചി.

"മോള്‍ക്കതിനു പറ്റുമോ? ശ്രമിച്ചു നോക്ക്."

തനിക്ക് പറക്കാന്‍ കഴിയുമെന്ന് മായയ്ക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ആരും കാണാതെ ചിലപ്പോഴൊക്കെ അവളതിനു ശ്രമിച്ചിരുന്നു. വർദ്ധിച്ച സന്തോഷത്തോടെ എഴുന്നേറ്റ മായ അനുവാദത്തിനായി കേഴുന്നതു പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി.

"കൊഞ്ചിപ്പിള്ളയല്ലെ? " വിശ്വാസമായില്ലെങ്കിലും മകളുടെ നിലാവിലെ നീന്തൽ കാണാന്‍ ആ അമ്മയും കൊതിക്കുന്നതുപോലെ....

അല്പം നീങ്ങിനിന്ന് മായ കയ്യുകൾ ഉയർത്തി. വിശറി പോലെ വിരിഞ്ഞ ചിറകുകൾ മയിൽനൃത്തത്തെ ഓർമ്മിപ്പിച്ചു. ശരീരത്തിൽ ചെറുതായ ഒരുയർച്ച രൂപപ്പെട്ടു. തല ചരിച്ച് മായ അച്ഛനേയും അമ്മയേയും നോക്കി. മധുസൂദനൻ അഭിമാനത്തോടെ ഭാര്യയുടെ മുഖത്തേക്കു ശ്രദ്ധിച്ചു. മധുസൂദനന്റെ ഭാര്യയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വിരിഞ്ഞ ചിറകുകൾക്ക് അത്രയും അഴകായിരുന്നു. മകളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. പിന്നെ അത്ഭുതത്തോടെ മായയുടെ ചലനം നോക്കിനിന്നു കണ്ണുകളനക്കാതെ.

ഒഴിഞ്ഞ തെങ്ങോലകൾക്കിടയിലൂടെ ഒരൊറ്റ കുതിപ്പ്. മധുസൂദനന്റെ പുരയ്ക്കു മുകളിൽ വലിയൊരു വെളുത്ത വവ്വാൽ വട്ടം ചുറ്റി പറന്നു. ചാഞ്ഞും ചരിഞ്ഞും ഒഴുകിയും ഉയർന്നും താഴ്ന്നും കുറച്ചുനേരം....താഴെയിറങ്ങിയ മായ മധുസൂദനനോടു ചേർന്നുനിന്ന് ചോദിച്ചു. "ഞാനാ മനപ്പറമ്പു വരെ ഒന്നു പോയി വന്നാലോ?"

"അതെന്തിനാ?"

"അകലെ...മനപ്പറമ്പിനു മോളില് ‘പാറാട’*കൾ ചെറകടിച്ചു പറക്കുന്നത് ഞാൻ മോളില് വെച്ചു കണ്ടു. എന്തു ഭംഗ്യാണെന്നോ കാണാൻ? പിന്നേയും ഇഷ്ടംപോലെ കിളികള്‍ അവ്ട്യിണ്ട്ന്ന്‍ എല്ലാരും പറയണ്. എല്ലാറ്റിനേയും ഒരുമിച്ച് മോളില് നിന്ന്‍ കാണാൻ നല്ല ശേലായിരിക്കും. ഞാനൊന്നു കണ്ട്ട്ട് വരാച്ഛാ."

"താമസിക്കരുത് തിരിച്ചു വരാൻ. വേറെങ്ങും പോകരുത്."

'ഇല്ലച്ഛാ' എന്നു പറഞ്ഞ് അവൾ വീണ്ടും ഉയർന്നു. 

അലപ്ം ദൂരെയാണ്‌ പക്ഷികളുടെ താവളമായ മനപ്പറമ്പ്. നേരിട്ട് പറക്കുമ്പോൾ കുറച്ചേ ഉള്ളു. കൊത്തും കിളയുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്. യക്ഷികളും പ്രേതങ്ങളും കുടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന പറമ്പ്. ഭയം മാത്രം സമ്മാനിക്കുന്ന പറമ്പിലെ പുരാതനമായ മരങ്ങളിലെല്ലാം വിവിധയിനം പക്ഷികൾ താവളമാക്കിയിരിക്കയാണ്‌. മറക്കാനാവാത്ത മായക്കാഴ്ചക്കൾ മായയുടെ മനം നിറച്ചു.

അനാവശ്യ കോലാഹലങ്ങളില്ലാതെ നിലാവിൽ മർമ്മരം പോലെ തങ്ങിനിൽക്കുന്ന കുറുകലും മൂളലും. മായയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പക്ഷികളിൽ ചിലവ ബലമില്ലാതെ പറന്നു താണുകൊണ്ടിരുന്നു. മായ മുകളിലായി വട്ടം കറങ്ങിനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇലകൊഴിഞ്ഞ മരങ്ങളും തളിർത്ത മരങ്ങളുമെല്ലാം ചന്തമുള്ള കിളികൾ കയ്യടക്കിയിരിക്കുന്ന കാഴ്ച എത്ര സുന്ദരം. വള്ളിപ്പടർപ്പുകളിലെ കുഞ്ഞിക്കിളികളും വലിയ മരങ്ങളിലെ വെള്ളക്കൊക്കുകളും പാറാടയുമെല്ലാം നിദ്രയിൽ തന്നെ. തളിർത്തു നിൽക്കുന്ന മരക്കൊമ്പുകളിൽ കൂണു മുളച്ചു പൊന്തിയതുപോലെ നിരന്ന വെള്ളക്കൊക്കുകൾ തന്നെ കൂടുതൽ മനോഹരം. അവയ്ക്കു മുകളിൽ ചുറ്റിപ്പറന്ന് ഒരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന മായ പെട്ടെന്നൊരു വെടി ശബ്ദം കേട്ടു.

ഉറക്കം നഷ്ടപ്പെട്ട പക്ഷികളെല്ലാം കലപില കൂട്ടി ചുറ്റും ദുർബലമായി പറന്നുനിന്നു. വെടിയേറ്റ ഒരു വെള്ളക്കൊക്ക് മരത്തിന്റെ ചില്ലകളിൽ തട്ടിത്തടഞ്ഞ് നിലത്തേക്കുരുണ്ടു വീണു. ചതിച്ചു പിടിക്കുന്ന പക്ഷിവേട്ടക്കാരുടെ ക്രൂരതയിൽ മായയുടെ മനസ്സുരുകി. കൈകാലുകൾ തളരുന്നതുപോലെ തോന്നിത്തുടങ്ങി.

കൊക്കുകളും കാക്കയുമെല്ലാം ചിതറിപ്പറന്നുക്കൊണ്ടിരുന്നു. പക്ഷികളുടെ ദയനീയമായ കരച്ചിൽ നിലാവിന്‌ കറുപ്പുനിറം സമ്മാനിച്ചു.
വീണ്ടും വെടി ശബ്ദം!
മായയുടെ തല പെരുത്തു. പിന്നെ ഒന്നും ഓർമ്മയില്ല. കൊക്കുകളൊഴിഞ്ഞ മരക്കൊമ്പുകൾക്കിടയിൽ വെളുത്ത വവ്വാലിന്റെ ചലനമറ്റ ശരീരം തടഞ്ഞു കിടന്നു.
                                      ----------------------------
*പാറാട----വവ്വാല്‍

( ബെഞ്ചാലിയുടെ ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം 
എന്ന ലേഖനം വായിച്ചപ്പോള്‍ മുതല്‍ ഒരു കഥ എഴുതണം എന്ന് തോന്നി.)
ഈ മഷിയില്‍ പ്രസിദ്ധീകരിച്ചത്.


(കഥ കേള്‍ക്കണം എങ്കില്‍ എന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം)