1/4/11

എല്‍സിയും വൃദ്ധനും (അവസാനഭാഗം)

01-04-2011

                        (ഈ കഥയുടെ ആദ്യഭാഗം പൂര്‍ണ്ണമായി ഇവിടെ വായിക്കാം )



[ആദ്യഭാഗം ചുരുക്കത്തില്‍......
രണ്ടു മക്കളുടെ അമ്മ നാല്‍പത്‌ കാരിയായ എല്‍സിയുടെ ഭര്‍ത്താവ്‌ പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മരിച്ചു.
താഴെയുള്ള മകന്റെയും ഭാര്യയുടെയും ഒപ്പം താമസിക്കുന്ന പണക്കാരനായ ഒരു വൃദ്ധനെ പരിചരിക്കാന്‍ എല്‍സി ഈയിടെ തയ്യാറായി.
വൃദ്ധനും എല്‍സിയും ഒരു പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു.
വൃദ്ധനെ സംബോധന ചെയ്യേണ്ടത്‌ എങ്ങിനെയെന്ന് തിട്ടമില്ലാത്ത എല്‍സി......
തുടര്‍ന്ന് അവസാനഭാഗം താഴെ വായിക്കാം]
                   (ആദ്യഭാഗത്തിലെ സംഭാഷണരീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്)


"നീയെന്ത്‌ വിളിച്ചാലും അത്‌ വേണ്ടാന്നു ഞാന്‍ പറഞ്ഞില്ലല്ലൊ. നീ തന്നെ കുറച്ച്‌ കഴിയ്മ്പോ വേണ്ടാന്ന്‌ തോന്നണ്‌ത്‌ മാറ്റി വിളിക്കും."

ശരിയാണല്ലൊ. ആദ്യം കാര്‍ന്നോരെന്ന്‌ വിളിച്ചു. കുറച്ച്‌ ദിവസത്തെ ഇടപഴകലില്‍ കൂടി താന്‍ ശുശ്രൂഷിക്കുന്ന ഏതൊ ഒരു വൃദ്ധന്‍ എന്ന ധാരണയില്‍ നിന്ന്‌ ഒരപ്പച്ചന്റെ സാമിപ്യം അറിഞ്ഞു. അപ്പച്ചന്‍ മാത്രമാണൊ...ഒരു സുഹൃത്തും സഹോദരനും ഒക്കെ കൂടിയ എന്തൊ അല്ലെ? എങ്കില്‍പ്പിന്നെ അപ്പച്ച എന്ന്‌ വിളിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്‌. ചൊല്ലി വിളിക്കാന്‍ വേറഎന്താണ്‌ ശരിയായ വാക്ക്‌?

എല്‍സി ആകെ ആശയക്കുഴപ്പത്തിലായി. ചെറിയൊരു കാര്യത്തിനാണൊ മനസ്സിനെ ഇങ്ങിനെ പുണ്ണാക്കുന്നത്‌. എന്തെങ്കിലും വിളിക്കുക. മാസം തികയുമ്പോള്‍ കിട്ടുന്ന പണം വാങ്ങുക എന്നതിനപ്പുറത്തേക്ക്‌ മറ്റെന്താ. അത്തരം തീരുമാനത്തിലെത്താനും മനസ്സ്‌ സമ്മതിക്കുന്നില്ല.

"ന്താ മോളൊന്നും മിണ്ടാത്തത്‌? നിയ്യിവ്ടെ വന്നതെന്നെ നോക്കാനാ."

"ഞാനൊരു കുറവും വരുത്തുന്നില്ലല്ലൊ. സ്വന്തം അപ്പനെപ്പോലെ നോക്കുന്നില്ലെ?"

"എന്നല്ല...."തുടര്‍ന്ന്‌ പറയാന്‍ വാക്കുകളില്ലാതെ ഒരു ശൂന്യത വൃദ്ധനെ പിടി കൂടി.

പരിചാരിക മാത്രമായി വന്നു കയറിയ എല്‍സി തന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ പെരുമാറിയപ്പോള്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിന്‌ ആശ്വാസമായി. സ്വന്തം മക്കളെക്കാള്‍ കൂടുതല്‍ സ്നേഹം ഇപ്പോളവളില്‍ നിന്നാണ് ലഭിക്കുന്നത്.

എല്‍സി മാസങ്ങളോളം വൃദ്ധനില്‍ നിന്ന് വേതനം പറ്റി. കൂടുതല്‍ അറിയുകയും അടുക്കുകയും ചെയ്ത്‌ രണ്ടൊറ്റപ്പെട്ട ജന്‍മങ്ങള്‍ പരസ്പരം ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തിലൂടെ സഞ്ചരിച്ചു. മാസാമാസം കിട്ടുന്ന ശമ്പളം കൂടാതെ എല്‍സിയുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ സഹായിക്കുന്നതിലും വൃദ്ധന്‍ സന്തോഷം കണ്ടെത്തി.

വൃദ്ധന്റെ കയ്യില്‍ നല്ലൊരു തുക സമ്പാദ്യമുണ്ട്‌. മക്കളെല്ലാം സ്വന്തമായി ഒരോ വീട്ടില്‍ കഴിയുന്നു. താഴെയുള്ള മകന്റെ കൂടെയാണ്‌ പൊറുതി. മകന്റെ ഭാര്യ ഉദ്യോഗസ്ഥയായതിനാല്‍ മകന്റെ തീരുമാനമാണ്‌ എല്‍സിയെ ഇവിടെ എത്തിച്ചത്‌. അവള്‍ ജോലിക്ക് പോകുന്ന സമയം തനിക്കൊരു കൂട്ടിന്.

മക്കളുടെ സ്ക്കൂള്‍ വിശേഷം തിരക്കുകയും പഠിപ്പിനെക്കുറിച്ച്‌ ചോദിച്ചറിയുകയും ചെയ്യുമ്പോള്‍ ഒരു സുരക്ഷിതത്വബോധം വന്നു ചേരുന്നത്‌ എല്‍സി അനുഭവിക്കുകയായിരുന്നു.

അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും വൃദ്ധന്റെ മനസ്സില്‍ ചില ശങ്കകള്‍ കടന്നു വന്നിരുന്നു. കാഴ്ചക്കുറവിന്റെ അഭാവം മുഖഭാവങ്ങളില്‍ നിന്ന്‌ ഒന്നും ശേഖരിക്കാനാകുന്നില്ലെങ്കിലും കാര്‍ന്നോര്‌, അപ്പച്ചാ വിളികള്‍ നിലച്ചതും പകരം ചില അജ്ഞാതമായ ഏതൊക്കെയൊ ശബ്ദങ്ങളിലൂടെ തന്റെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതി സ്വീകരിച്ചതിലെ അര്‍ത്ഥം തേടി വൃദ്ധന്‍ കുഴഞ്ഞു. ആ അര്‍ത്ഥം തേടല്‍ മനുഷ്യമനസ്സിന്റെ ഇനിയും പിടി കിട്ടാത്ത ചില കെട്ടുപിണച്ചിലിലേക്ക്‌ യാത്രയാക്കി.

അവളിനി ഒരു പകരക്കാരന്റെ സാന്നിദ്ധ്യം തന്നിലൂടെ പ്രതീക്ഷിച്ചു കൂടായ്കയില്ല എന്ന ചിന്തയിലേക്ക്‌ കയറിയത്‌ ചെറിയ അസ്വസ്ഥത ഉളവാക്കി. പ്രായം കൊണ്ടുള്ള പൊരുത്തക്കേടുകള്‍, ജാതി മൂലമുള്ള പൊരുത്തക്കേടുകള്‍ എല്ലാം നിറഞ്ഞു നില്‍ക്കുമ്പോള്‍ ചുറ്റുവട്ടത്തു നിന്നുള്ള എതിര്‍പ്പുകള്‍ ശക്തമാകും. ഇത്രയും പ്രായവ്യത്യാസത്തില്‍ എത്രയോ പേര്‍ പരസ്പരം കൂട്ടെന്ന രീതിയില്‍ വിവാഹിതരാകുന്നു. തന്റെ ഭാഗത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ ശരിയെന്ന്‌ തോന്നാം. മിണ്ടീം പറഞ്ഞ്‌ ഇരിക്കാനും, സഹായത്തിനും ഒരു കൂട്ട്‌. അവിടെ തീരുന്നു തന്റെ ആഗ്രഹം.

ഇത്രയും നാളത്തെ ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ നേടാന്‍ ഒരു പക്ഷെ എല്‍സിയും ആദ്യം അങ്ങിനെ ചിന്തിച്ചേക്കാം. ആദ്യചിന്തകളിലെ അനുഭവം പഴകുന്നതോടെ അവളുടെ ശരീരം ആഗ്രഹിക്കുന്നത്‌ നല്‍കാന്‍, മുരടിച്ച ഈ പടു വൃക്ഷത്തിനാകില്ല. മോഹിച്ചത്‌ നേടിക്കഴിഞ്ഞാല്‍, നേടിക്കഴിഞ്ഞതിലെ കുറവ്‌ തേടി പായുന്ന മനസ്സിന്റെ വികൃതി നല്ലത്‌ പോലെ വൃദ്ധന്‌ അറിയാമായിരുന്നു. എങ്കിലും എല്‍സിയെ നഷ്ടപ്പെടുത്താന്‍ അനുവദിക്കാത്ത മനസ്സും.

ഞാന്‍ ചേട്ടാന്ന്‌ വിളിച്ചോട്ടെ. എന്റെ ഭര്‍ത്താവിനെ ഞാന്‍ അങ്ങിനെയാണ്‌ വിളിച്ചിരുന്നതെന്ന്‌ ഒരിക്കല്‍ എല്‍സി പറഞ്ഞത്‌ മുതലാണ്‌ ഇത്തരം കാട്‌ കയറിയ ചിന്തകള്‍ തെളിഞ്ഞത്‌.

-ചേട്ടന്‍- മറ്റാരും കേള്‍ക്കാതെ എല്‍സിയില്‍ നിന്ന്‌ അത്‌ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്‌. മരിച്ചു പോയ അനന്ദലക്ഷ്മിയെ ഓര്‍മ്മ വരും. ഒരു വയസ്സന്‍ നാണം നിഴലിക്കും.

ചേട്ടനൊ..ആരും കേള്‍ക്കണ്ട നിന്റെ പ്രാന്തെന്ന്‌ മറുപടി പറയുമ്പോഴും അവള്‍ അങ്ങിനെത്തന്നെ വിളിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, പിന്നീടങ്ങനെ ചോദിച്ചിട്ടില്ല...വിളിച്ചിട്ടില്ല.

"ഇന്നെന്താ...കാര്‍ന്നോര്‌ വെല്യ ചിന്തേലാണാല്ലൊ."

ആ വിളിയിലെ ഹാസ്യം ആസ്വദിച്ചു കൊണ്ടു തന്നെ വൃദ്ധന്‍ എല്‍സിയുടെ ഉള്ളറിയാന്‍ മോഹിച്ചു.

"ഇപ്പൊ എന്ത്ന്നാ വിളിക്കാന്നൊള്ള സംശയം മാറിക്കിട്ടി...അല്ലെ എല്‍സിക്കുട്ടി?"

"ഞാന്‍ തമാശക്ക്‌ പറഞ്ഞതാ. പറയണേന്റെ രീതി കേട്ടാലും മനസ്സിലാവ്‌ല്യേ...എന്ത്‌ വിളിക്കണംന്ന്‌ ഇത്‌വരെ തീരുമാനിച്ചില്ല. തീരുമാനമാകുന്നത്‌ വരെ ഒന്നും വിളിക്കണ്ടാന്ന് വിചാരിക്കാ."

"ഞാനൊരു കാര്യം പറയട്ടെ. നിന്റെ പേരില്‌ കുറച്ച്‌ പണം ഞാന്‍ ബാങ്കിലിടാം. അതിന്റെ പലിശ്യോണ്ട്‌ നിനക്കും മക്കള്‍ക്കും കഴിയാം."

താന്‍ കൂടുതല്‍ സുരക്ഷിതയാകുന്നതും ഉത്തരമില്ലാതിരുന്ന ചിലവ സഫലമാകുന്നതും ആവശ്യപ്പെടാതെ സംഭവിക്കുന്നത്‌, വേണ്ടെന്നൊ വേണമെന്നൊ പറയാന്‍ എല്‍സിക്കായില്ല. അത്ഭുതത്തിന്റേയും ആഹ്ളാദത്തിന്റേയും തിരിച്ചറിയാനാകാത്ത വികാരം മനസ്സില്‍ നിറഞ്ഞത്‌ സത്യം.

"മക്കളറിഞ്ഞാല്‍ അത്‌ ബുദ്ധിമുട്ടാകില്ലെ?" എല്‍സി പോലും ചിന്തിക്കാതിരുന്ന വാക്കുകളാണ്‌ പുറത്ത്‌ വന്നത്‌. പണം സ്വീകരിക്കാന്‍ പ്രയാസമില്ലെന്ന്‌ സ്വയമറിയാതെ ആ വാക്കുകളില്‍ പ്രകടമായി.

"മക്കള്‍ക്ക്‌ എന്റെ പണത്തില്‍ കണ്ണില്ല. എല്ലാരും നല്ല നിലയിലാ. പണം ഇണ്ടാക്കണംന്ന്ണ്ടെങ്കിലും മറ്റൊരുത്തന്റെ കൈക്കലാക്കണംന്ന ആര്‍ത്തി ആര്‍ക്കുല്യ. വയസ് കാലത്ത്‌ അവര്‍ക്കെന്നെ നോക്കണംന്ന്ണ്ടെങ്കിലും ആളെണ്ണം കുറഞ്ഞ ഇപ്പഴത്തെ വീടോളിലെ ചിറ്റ്പാടില്‍ അവര്‍ക്ക്‌ പറ്റാഞ്ഞിട്ടാ. അതോണ്ടല്ലെ നിന്നെ കണ്ടെത്തി ഇവ്ടെ കൊണ്ടാക്കിത്‌. എന്റെ ഒറ്റപ്പെടല്‌ അവ്‌രും കാണുന്നൂന്നല്ലെ അതിന്റര്‍ത്തം. അതോണ്ട്‌ പണത്തിന്റെ കാര്യത്തില്‌ മോള്‌ വെഷ്മിക്കണ്ട."

എല്‍സി പണം നിരസിക്കുമെന്ന സംശയം അകന്നത്‌ വൃദ്ധന്‌ തൃപ്തി നല്‍കി. അവള്‍ അന്യയല്ലെന്നും പരസ്പരം കൂടുതല്‍ അടുക്കുന്നുവെന്നും അനുഭവപ്പെടാന്‍ തുടങ്ങി.

ദിവസവും രാവിലെ വന്ന്‌, വൈകീട്ട്‌ വൃദ്ധന്റെ മരുമകള്‍ ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍, എല്‍സി തിരിച്ച്‌ പോകുകയാണ്‌ പതിവ്‌. എല്‍സിയുടെ പേരില്‍ പണം ബാങ്കിലായി. അതിനു ശേഷം വൈകീട്ട്‌ തിരിച്ച്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ അവള്‍ക്ക്‌ തോന്നിത്തുടങ്ങി.

വൃദ്ധനോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരുന്നു. ചെറുപ്പ കാലത്തേക്ക്‌ തിരിച്ച്‌ പോകുന്നതും തന്റെ മനസ്സില്‍ പ്രണയം പുഷ്പിക്കുന്നതും തെല്ലൊരു നാണത്തോടെ മനസ്സിലാക്കി. കൌമാരക്കാരിയുടെ പകപ്പും പരിഭ്രമവും ഈയിടെ വൃദ്ധനുമായി സംസാരിക്കുമ്പോള്‍ കടന്നു വരുന്നു. ആരെങ്കിലും കാണുമൊ കേള്‍ക്കുമൊ എന്നൊക്കെയുള്ള വികാരം.

ഒരു ദിവസം രാത്രി എല്‍സി വൃദ്ധനോടൊപ്പം തങ്ങി. പലപ്പോഴായി വിചാരിക്കുന്നതാണ്‌. ഇതുവരെ കഴിഞ്ഞിരുന്നില്ല.

"എ‍ന്താ.. രണ്ടു പേരും കൂടി ഒരു ശൃംഗാരം." വൃദ്ധനും എല്‍സിയും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ വാതില്‍ക്കല്‍ മരുമകളുടെ ശബ്ദം‍.

"അല്ല. ഇതാര്‌? ജോലിക്കാരിയൊ..ഇന്നു ആപ്പീസില്‌ ചുള്ളമ്മാരെയൊന്നും വളയ്ക്കാന്‍ കിട്ടില്യേടി നിനക്ക്‌?" വൃദ്ധന്‍ തിരിച്ച്‌ കൊടുത്തു.

"ഈ അച്ചന്റെ ഒരു കാര്യം? വേറെ ആള്‍ക്കാര്‌ കേള്‍‍ക്കുംന്ന വിജാരേ ഇല്ല."

"നിയും അവളും എനിക്കെന്താ മോളെ വിത്യാസം?"

"എല്‍സിച്ചേച്ചി, കെളവന്‍ ആള്‌ ഭയങ്കരനാ..ഞാനത്‌ ആദ്യം പറയാന്‍ മറന്നു. വായില്‍ നിന്ന്‌ വരുന്നതിന്‌ നൂറ്‌ കിലോ തൂക്കം കാണും." ചിരിച്ചു കൊണ്ടാണ്‌ മരുമോളത്‌ പറഞ്ഞത്‌.

"കെളവന്‍ നിന്റെ നായരാടി. നായരും നായരിച്ചീം കൂടി പകലന്ത്യാവോളം ജോലീന്ന്‌ പറഞ്ഞ്‌ നടന്നൊ. പിന്നെന്റെ പ്രായാകുമ്പൊ പണ്ട്‌ ജീവിച്ചില്ലല്ലൊ എന്നോര്‍ത്ത്‌ വെഷമിക്കാം. ഞാനൊക്കെ ചെറുപ്പത്തില്‌ ഈ പണീം പണീംന്ന്‌ പറഞ്ഞ്‌ നടക്കല്ലായ്‌ര്‌ന്നു."

"നിങ്ങളിരിക്ക്‌. ഇനിക്ക്‌ ഇത്തിരി പണി കൂടി ഇണ്ട്‌. അത്‌ കഴിഞ്ഞ്‌ വരാം." മരുമകള്‍ പോയി.

എല്‍സി കട്ടിലില്‍ വൃദ്ധന്റെ അരികിലേക്ക്‌ ചേര്‍ന്നിരുന്നു. ചുള്ളിക്കമ്പ്‌ പോലുള്ള വൃദ്ധന്റെ കൈകള്‍ മടിയിലെടുത്തുവെച്ച്‌ തഴുകി കൊണ്ടിരുന്നു.

"എന്റെ മരുമോള്‌ പറഞ്ഞ പോലെ നെനക്കെന്താ ഒരു സൃംഗാരം?" എല്‍സി അതൊന്നും കേള്‍ക്കുന്നില്ലായിരുന്നു.

"ചേട്ടാ...."അവള്‍ വളരെ സാവധാനം വിളിച്ചു. ഒരിഴച്ചില്‍ പോലെ പ്രത്യേകതരം ശബ്ദമായിരുന്നു ആ വിളിക്ക്.

"കള്ളീടെ മൊകത്തൊര്‌ നാണംണ്ടാവുംല്ലോ ഇപ്പൊ. ഇനിക്കത്‌ കാണാമ്പറ്റ് ണ് ല്യല്ലൊ." ഇങ്ങിനെ ഒരു സന്ദര്‍ഭം നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാല്‍ വൃദ്ധന്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല.

"ഒന്ന്‌ പോ ചേട്ടാ..എന്ത്‌ പറഞ്ഞാലും ഒര്‌ തമാശ. ഞാന്‍ കാര്യായിട്ടാ പറഞ്ഞെ. ചേട്ടനെന്നെ കെട്ടാമൊ?" കിളിര്‍ത്ത്‌ വന്ന നാണത്തോടെ എല്‍സി.

നമ്മളൊഴികെ മറ്റാര്‍ക്കും ഇതംഗീകരിക്കാന്‍ പറ്റില്ല. എന്റെ കാശ്‌ തട്ടിയെടുക്കാനുള്ള നിന്റെ അടവ്ന്നായ്‌രിക്യും പുറമേന്ന്‌ ആദ്യം കേള്‍ക്കാ. പിന്നെ ജാതി, നമ്മ്ടെ പ്രായത്തിന്റെ അന്തരം..അങ്ങനെ പല പ്രശ്നം."

വൃദ്ധന്‍ നേരത്തെ തന്നെ ഗൌരവമായി ഇത്തരം ബന്ധത്തില്‍ ഉടലെടുക്കാവുന്ന പ്രശ്നങ്ങളുടെ പല വശങ്ങളെക്കുറിച്ചും ചിന്തിച്ചു വെച്ചിരുന്നതിനാല്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ പറയാനായി.

"നീയെനിക്ക്‌ മോളെപ്പോലെയാ‌, സഹോദരിയെപ്പോലെയാ‌, ഭാര്യയെപ്പോലെയാ‌, അമ്മയെപ്പോലെയാ‌, എല്ലാം ചേര്‍ന്ന സുഹൃത്തിനെപ്പോലെയാ‌. എല്ലാവരേയും പോലെ മാത്രം...അതാണ്‌ നിനക്ക്‌ നല്ലത്‌, നമ്മ്‌ള്‍ക്ക്‌ നല്ലത്‌."

എല്‍സിക്ക്‌ പെട്ടെന്ന്‌ ഉള്‍ക്കൊള്ളാനായില്ലെങ്കിലും പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

"നമ്ക്ക്‌ നമ്മ്ടെ കൌമാരത്തിലേക്ക്‌ സഞ്ചരിക്കാം. ഒളിവില്‍ പ്രണയിക്കാം. എല്ലാര്ടെയും കണ്ണ്‌ വെട്ടിച്ച്‌ ഒളിച്ചിര്ന്നൊള്ള ആ പ്രണയം കണ്ടെത്താം. അതുകൊണ്ട്‌ ആരും കേ‍ക്കാതെ നിയെന്നെ ചേട്ടാന്ന്‌ വിളിക്കണം."
                                                ------------------------