9/5/12

പതിവ്‌ പതിയാത്ത കുഞ്ഞുമനസ്സ്

ബസ്സിനകത്ത് നല്ല തിരക്കുണ്ടാകുമെന്നാണ്‌ കരുതിയിരുന്നത്. കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടുമെന്നുവരെ തോന്നി. അതുണ്ടായില്ല. കാലിയായി കിടക്കുന്ന സീറ്റുണ്ടായിട്ടും മൂന്നാല്‌ പെങ്കുട്ടികൾ ഡ്രൈവർക്ക് പുറകെ നിൽക്കുന്നുണ്ട്. കോളേജ് കുട്ടികൾ ഇരിക്കുന്നത് കണ്ടാൽ ചില കണ്ടക്ടർമാരുടെ നാവ് ചൊറിഞ്ഞുവരും. അത് കേൾക്കേണ്ടെന്നു വെച്ചാണ്‌ അവർ നിൽക്കുന്നത്.

കുട്ടിബസ്സുകളാണ്‌ ഈ ഗ്രാമപ്രദേശത്തുകൂടെ അധികവും. മുഴുവൻ വളവും തിരിവും ആയതോണ്ട് ചെറിയ ബസ്സുകളേ പറ്റൂ. സാധാരണയായി ആളുകളെ കുത്തിനിറച്ചാണ്‌ പോകാറുള്ളത്. ഇന്നെന്തുപറ്റി എന്നറിയില്ല.

കയറിയപാടേ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നാണ്‌ നോക്കിയത്. ആരുമില്ല. ഉണ്ടായിരുന്നെങ്കിൽ അവരെ എഴുന്നേല്പിച്ച് അവിടെ ഇരിക്കാമെന്നാണ്‌ കരുതിയത്. പത്തമ്പത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നത് പ്രയാസമായി തീര്‍ന്നിരിക്കുന്നു. കാലിന്റെ മുട്ട് നന്നായി വേദനിക്കുന്നുണ്ട്. ഒരുതരം കഴപ്പാണ്‌. നിൽക്കുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ കുത്തനേയുള്ള കമ്പിയോട് ചേർന്ന് നിന്നു. വലതു വശത്തെ സീറ്റിന്റെ ഓരത്ത് ചന്തികൂടി ചാരിയപ്പോൾ അല്പം ആശ്വാസം.

ആ സീറ്റിൽ ഒരു സ്ത്രീയും എട്ടൊമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാങ്കുട്ടിയും ഇരിപ്പുണ്ട്. കുട്ടി ഈ അറ്റത്തേക്ക് നീങ്ങിയാണ്‌ ഇരിക്കുന്നത്. മറ്റാരും ഇടയ്ക്ക് കയറിയിരിക്കാതിരിക്കാൻ കാലൊക്കെ അകത്തിവെച്ച് വിസ്തരിച്ചാണ്‌ രണ്ടുപേരുടേയും ഇരിപ്പ്. സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവരിവിടെ വന്നിരുന്നതാണ്‌ വിനയായത്. ഇതാണ്‌ എന്റെ കുഴപ്പം. അവരെവിടെയെങ്കിലും ഇരുന്നോട്ടെ. ഈ തരം തിരിവ് പാടില്ലെന്ന് എത്ര തീരുമാനിച്ചാലും മനസ്സിൽ ആദ്യം കടന്നുവരുന്നത് അങ്ങിനെ തന്നെ. എന്റെയീ സ്വഭാവം കൊണ്ട് ഞാൻ തോറ്റു.

എന്റെ മാത്രം തോന്നലാണ്‌ ഇത്തരം സ്വഭാവരൂപീകരണത്തിന്‌ ഹേതു എന്നു പറയുന്നതും ശരിയല്ല. സ്ത്രീകൾ, വികലാംഗർ, വൃദ്ധർ എന്നിങ്ങനെ സംവരണം ചെയ്തുവെച്ചിരിക്കുന്നതുകൊണ്ടാകാം ഞാനങ്ങനെ ആലോചിക്കുന്നത്. നിയമം മൂലം പരിഹാരം വേണ്ടിവരുന്നിടങ്ങളിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണല്ലൊ.

എന്നാലും അവർ ഒന്നൊതുങ്ങിയിരുന്നാൽ എനിക്കും ആ അറ്റത്ത് ഇരിക്കാമായിരുന്നു. കാലിന്റെ കഴപ്പ് കൂടി വരികയാണ്‌. ഇനി അത് കൂടാനാണ്‌ സാദ്ധ്യത. വേറെ ആരും എഴുന്നേൽക്കുന്ന മട്ടൊന്നും കാണാനില്ല. എന്തായാലും സഹിച്ചേ പറ്റൂ. ഇനി ഒരു നിമിഷംപോലും നിൽക്കാൻ വയ്യെന്നായി. ആരോടെങ്കിലും പറയാതെ പറ്റില്ല. ആ കുട്ടിയോട് ഒന്നൊതുങ്ങിയിരിക്കാൻ പറയാം. ആ കൊച്ചുമുഖത്ത് എന്നോടൊരു ദയയുള്ളത് പോലെ തോന്നി. ഞാൻ നോക്കിയിട്ട് അതേ വഴിയുള്ളു. ആ സ്ത്രീയെക്കണ്ടാലും അത്ര ഗൗരവക്കാരിയാണെന്ന് തോന്നുന്നില്ല. ചിലപ്പൊ ഇരിക്കാൻ പറ്റിയേക്കാം.

"മോനെ...ഒന്നൊതുങ്ങി ഇരുന്നാ എനിക്കും കൂടി അവിടെ ഇരിക്കാം. കാല്‌ കഴച്ച് നല്ല വേദന."

അവൻ ഒതുങ്ങിയതും അവന്റെ അമ്മ അവനെപ്പിടിച്ച് തള്ളി അറ്റത്താക്കിയതും ഒരുമിച്ചായിരുന്നു. അവന്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. സഹതാപത്തോടെ നിസ്സഹായനെപ്പോലെ അവന്‍ എന്നെ നോക്കി.

"അവനും ഫുൾ ടിക്കറ്റെടുത്താ യാത്ര ചെയ്യണേ. തനിക്ക് സ്ത്രീകൾ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാലെ സുഖം കിട്ടൂ...." അവന്റെ അമ്മയുടെ മുഖം വക്രിച്ചു. കള്ളത്തരമില്ലാത്ത കുഞ്ഞുമനസ്സ് അമ്മയെ സംശയത്തോടെ നോക്കി.

ഞെട്ടിപ്പോയി ഞാൻ. ആ സ്ത്രീയിൽ നിന്നും ഇങ്ങിനെ ഒന്നു പ്രതീക്ഷിക്കാത്തതിനാലാണ്‌ അത്ഭുതം തോന്നിയത്. മനസ്സിൽ പോലും ചിന്തിക്കാത്തത് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ജാളൃത തോന്നി. ബസ്സിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഒരു കുറ്റവാളിയെപ്പോലെ. കാലിന്റെ കഴപ്പും വേദനയും ഇപ്പോൾ അറിയുന്നില്ല. അഭിമാനത്തിനുമേൽ നിഴൽ വീണിരിക്കുന്നു. മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.


അവർ പറഞ്ഞത് ശരിയാണ്‌. രണ്ടാൾക്ക് ഇരിക്കാവുന്ന ചെറിയ സീറ്റ്. രണ്ടുപേരും ടിക്കറ്റെടുത്തവർ. അതിനിടയിൽ മൂന്നമതൊരാൾക്കിരിക്കാൻ വകുപ്പില്ല. സ്ത്രീയിരിക്കുന്ന സീറ്റിൽ പുരുഷനിരിക്കുന്നത് നമ്മുടെ നാട്ടിൽ പതിവില്ലല്ലൊ. പതിവ്‌ തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും ഉടലെടുക്കുന്നത്. തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി കണ്ടെത്തിയതിനു ശേഷമായിരിക്കും. വേദനയ്ക്കിടയിൽ ഞാൻ അങ്ങിനെയൊന്നും ഓർത്തില്ല. അതായിരുന്നു എന്റെ തെറ്റ്. എവിടെയെങ്കിലും ഒന്നിരുന്നാൽ മതി എന്നു മാത്രമായിരുന്നു മനസ്സിൽ.

ആരോടെങ്കിലും പറഞ്ഞാലേ എനിക്കിങ്ങിനെയൊരു പ്രയാസമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനാവു. പറഞ്ഞാലും, എനിക്കിരിക്കാൻ വേണ്ടി നുണ പറയുന്നതാണെന്നേ അവർക്ക് തോന്നു. യാതൊരു അംഗവൈകല്യങ്ങളുമില്ലാത്ത ഒത്ത ശരീരമാണ്‌ എന്റേത്. അതുകൊണ്ട് അങ്ങിനെ ഒരു ശ്രമം നടത്തിയിരുന്നാലും ഫലമില്ലാതായേനെ.

ആ സ്ത്രീയുടെ രണ്ടാമത്തെ വാചകം ചിലരൊക്കെ കേട്ടിരുന്നു. കേട്ടവർ എന്നെ ‘ഒരുജാതി’ നോട്ടമാണ്‌ നോക്കിയത്. എന്തെങ്കിലും മിണ്ടാൻ പറ്റോ? മനസ്സിലൊതുക്കി സഹിച്ചു. അതുകേട്ട് സദാചാരപൊലീസുകാരായ ആദർശധീരർ ചാടിക്കയറി ചീത്തവിളി തുടങ്ങിയില്ലല്ലൊ എന്ന് സമാധാനിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാര്യമറിയാതെ ഒരുവനെ ചീത്ത വിളിക്കാൻ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുകയാണ്‌ പതിവ്. ഈ ബസ്സിൽ അങ്ങിനെ ആരും ഇല്ലെന്നത് എന്റെ ഭാഗ്യം.

ആ കുഞ്ഞുമാത്രം ഇടയ്ക്കിടെ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അമ്മയുടെ പ്രവൃത്തി അവന് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തം. എനിക്കാ സീറ്റില്‍ ചാരിനില്‍ക്കാന്‍ അമ്മയറിയാതെ അവന്‍ ഒതുങ്ങുന്നുണ്ട്. 

"ഇത്രേം പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ലെ? പിന്നേം ഇവിടെത്തന്നെ ചാരി നിക്കണോ....?"

ആദ്യത്തേതിന്‌ പ്രതികരണമൊന്നും ഉണ്ടാവത്തതിനാൽ സംഭവത്തിന്‌ അല്പം കൊഴുപ്പ് കൂട്ടുകയാണെന്ന് എനിക്ക് തോന്നി. ഇത്തവണ പുരുഷകേസരികൾ ഉണർന്നു. ഒന്നും കാണാതെ മുൻവശത്ത് ഇരുന്ന ഒരുവനാണ്‌ തുടങ്ങിയത്. പിന്നീടത് ബസ്സ് മുഴുവൻ വ്യാപിച്ചു.

-നാണമില്ലേട കെളവാ- തലേം കറപ്പിച്ച് നടക്കണ കോഴി- ആണുങ്ങടെ വെല കളയാൻ കാലത്തേ കുളിച്ചൊരുങ്ങി കേറിക്കോളും- പെണ്ണങ്ങളെ തൊട്ടാ ഇവനൊക്കെ എന്ത് സുഖം കിട്ടാനാ- അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാൻ പറ്റാത്ത ഇവനെയൊക്കെ തല്ലിക്കൊല്ലണം-

ഇതൊന്നുമല്ല, കേൾക്കാത്ത എത്രയോ തെറികൾ....ഞാനൊരക്ഷരം മിണ്ടിയില്ല. എന്റെ വായ തുറന്നാൽ തല്ല് വീഴും എന്നുറപ്പാണ്‌. ഒന്നും കേൾക്കാത്തവനെപ്പോലെ നിർവ്വികാരനായി തുടരാം. എന്തായാലും ഞാനൊരു സ്ത്രീപീഢനക്കാരനായി, വൃത്തികെട്ടവൻ, പെണ്ണ്‌പിടിയൻ. തെറ്റായ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ന്യായികരിക്കാൻ ശ്രമിച്ചാൽ സംഭവം കൂടുതൽ വഷളാകുകയേ ഉള്ളു.

ആ  കുഞ്ഞ് മാത്രമേ തന്റെ ഭാഗത്തുള്ളു എന്നൊക്കെ തോന്നാന്‍ തുടങ്ങി. അവന്റെ ചേഷ്ടകള്‍ അത്തരത്തിലുള്ളവയായിരുന്നു. ഓരോന്ന് പറയുന്നവരെ അവന്‍ ദേഷ്യത്തോടെ നോക്കാന്‍ തുടങ്ങി, ഇടയ്ക്ക് അമ്മയേയും.

നല്ലതും ചീത്തയും ഒന്നും മിണ്ടാനിനി എനിക്കവകാശമില്ല. എന്ത് പറഞ്ഞാലും അതിനെതിരെ കൊരച്ച്തുള്ളാൻ കാത്തിരിക്കുന്നവരാണ്‌ അധികവും. അടുത്തിരിക്കുന്ന ചിലർക്കെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ അറിയാമെങ്കിലും ഒരു പെൺവിഷയം എന്നതിനാൽ തീക്കൊള്ളിയിൽ തൊടാൻ അവരും അറച്ചു. എന്റെ മുഖഭാവങ്ങളെവരെ തെറ്റ് ചെയ്തവന്റെ അഹങ്കാരമായി ചിത്രീകരിക്കുന്നു.

ബസ്സിൽനിന്ന് ഇറങ്ങിപ്പോകുക മാത്രമേ ഇനി പോംവഴിയുള്ളു. അടുത്ത ബസ്സ് കിട്ടണമെങ്കിൽ ഇനിയും ഒരു മണിക്കൂർ കാത്ത് നില്‍ക്കേണ്ടിവരും. നേരം വൈകിയാൽ ഡോക്ടറേയും കാണാൻ കഴിയില്ല. വരുന്നത് വരട്ടെ. അവിടെത്തന്നെ നിന്നു.

ഒന്നൊതുങ്ങിയ കാലിന്റെ വേദന വീണ്ടും കൂടി. കാല്‌ വെട്ടിപ്പൊളിക്കുന്നത് പോലെ. അതിനിടയിൽ ശകാരങ്ങളൊന്നും എന്നെ പ്രകോപിപ്പിച്ചില്ല.

ഇപ്പോൾ സൈഡ് സീറ്റുകളിലൊന്നും തൊടാതെ കുത്തനെയുള്ള കമ്പിയിൽ മാത്രം ചാരി നിന്ന്, രണ്ടു കൈകൊണ്ടും മുകളിൽ പിടിച്ചാണ്‌ നില്പ്. വേദനയുടെ കാഠിന്യം സഹിക്കാനാകാതെ ചാരി നില്‍ക്കുന്ന കമ്പിയിലാക്കി പിടുത്തം. തലയ്ക്ക് മുകളിലൂടെ കൈകൾ പിന്നിലേയ്ക്കാക്കി കമ്പിയിൽ കോർത്ത് പിടിച്ചു. സഹിക്കാനാവുന്നില്ല. കാല്‌ തളരുന്നത് പോലെ അനുഭവപ്പെടുന്നു. കമ്പിയിലൂടെ ഇഴുകി താഴെ ഇരുന്നു. ഇരുന്നതാണോ കമ്പിയിലൂടെ ഇഴുകി താഴെ വീണതാണോ എന്ന് നിശ്ചയമില്ല.


എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചിലരെല്ലാം ചാടിയെഴുന്നേറ്റ് എന്നെ പിടിക്കാനായി ആഞ്ഞു.

"തൊട്ടുപൊകരുത്..."അരുകിലിരുന്ന ഒമ്പതു വയസ്സുകാരന്റെ ശബ്ദം ദൃഢമായിരുന്നു.

ആദ്യം എല്ലാവരും ഒന്നു സ്തംഭിച്ചെങ്കിലും അവന്റെ വാക്കുകൾ കാര്യമാക്കാതെ രണ്ടുപേർ എന്നെ പിടിച്ചെഴുന്നേല്പിക്കാൻ മുന്നോട്ട് വന്നു.

"ആ കുഞ്ഞ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലെ...തൊടരുതെന്നെ."

എന്റെ മുഴുവൻ വികാരങ്ങൾക്കും ആശ്വാസം ലഭിച്ചത് അങ്ങിനെ ഒരു വാക്കെങ്കിലും പറയാൻ സാധിച്ചപ്പോഴാണ്‌. ആദ്യമേ പറയണമെന്നുണ്ടായിരുന്നു. പരാശ്രയം കൂടാതെ ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്കാനാവില്ലെന്ന അറിവ് എന്നെ വാശിക്ക് വശംവദനാക്കിയില്ല. പക്ഷെ, ഇപ്പോൾ ആ കുഞ്ഞിന്റെ നിഷ്ക്കളങ്കമായ ആത്മാർത്ഥതയെ അംഗീകരിക്കാതിരിക്കാനാവില്ല.

എന്റെ ശബ്ദം കേട്ടതും, അവൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ഒരു കൈ സീറ്റിൽ പിടിച്ച് മറുകൈകൊണ്ട് എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഇത്രയും ഭാരമുള്ള എന്നെ ഒന്നനക്കാൻപോലും ആ കുഞ്ഞിനായില്ല. സീറ്റിൽനിന്നും പിടിവിട്ട് രണ്ടു കൈകൊണ്ടും ശ്രമം തുടർന്നു. ബാലൻസ് തെറ്റി അവൻ വേച്ചുവേച്ച് പോയി. പിന്നീട് കണ്ടക്ടർ വന്ന് സഹായിച്ചാണ്‌ എന്നെ എഴുന്നേല്പിച്ചത്.

അതില്പിന്നെ ബസ്സിലെ പല സീറ്റുകളും എനിക്കിരിക്കാൻ പാകത്തിൽ സന്നദ്ധമായിരിക്കുന്നത് ആ സീറ്റുകളിലെ മുഖഭാവങ്ങളിൽ നിന്ന് ഞാൻ വായിച്ചെടുത്തു.

അവനെന്റെ കൈ പിടിച്ച് അവന്റെ സീറ്റിലിരുത്തി. എതിർപ്പൊന്നുമില്ലാതെ ഞാനത് അനുസരിച്ചു. അവന്റെ അമ്മ അറ്റത്തേക്കൊതുങ്ങിയിരുന്ന് സഹകരിച്ചു. നടുവിലായി അവനും ഇരുന്നു.

"അമ്മ പാവാ..അച്ചനുമമ്മേം വഴക്കിട്ടോണ്ട് ഞങ്ങള്‌ അമ്മേടെ വീട്ടീ നിക്കാമ്പോവാ. അതോണ്ടാ..." അവനെന്നെ നോക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു.

ഞാനവനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടതും രണ്ടു തുള്ളി കണ്ണീര്‌ അവന്റെ തലയിൽ പതിച്ചതും എന്തിനെന്നറിയില്ല.