ഫെയ്സ്ബുക്കിലിടാൻ
പഴയ ചില ചിത്രങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സെൽഫൊൺ പാടാൻ തുടങ്ങിയത്.
പരിചയമില്ലാത്ത നമ്പറാണ്. രണ്ടുമാസത്തെ ലീവിനുവേണ്ടി പുതിയ
സിമ്മെടുത്തതിനാൽ അധികം ആർക്കും നമ്പർ കൊടുത്തിരുന്നില്ല. ലാന്റ് ഫോണിന്റെ
നമ്പറും വീട്ടിലെ മൊബൈലിന്റെ നമ്പറും എല്ലാവർക്കുമറിയാം. ഇതൊന്നും അറിയാത്ത
വ്യക്തിയാണ് വിളിക്കുന്നത്. തിരിച്ചുപോകാൻ ഒരാഴ്ച ബാക്കിയുള്ള ഈ സമയത്ത്
ആരായിരിക്കും വിളിക്കുന്നതെന്ന് ചിന്തിച്ചാണ് ഫോണെടുത്തത്.
"എടാ..ഭുവനാടാ ഇത്.."
പെട്ടെന്ന്
കേട്ടപ്പോള്‍ അത്ഭുതം തോന്നി. പഴയ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
അല്ലെങ്കിൽ ഇരുപത് വർഷം കഴിഞ്ഞിട്ടും പഴക്കമുള്ള പരിചയ ശബ്ദത്തിന് നേരിയ
വ്യതിയാനമെങ്കിലും സംഭവിക്കേണ്ടതായിരുന്നു.
"ടാ..നിയ്യായിരുന്നോടാ..?
ഇതിപ്പൊ എവടെ നിന്നാ? ഇപ്പൊ നാട്ടിലാണൊ? എന്താ പരിപാടി?" അറിയപ്പെടാത്ത
നിരവധി വികാരങ്ങൾ ഇഴപിരിഞ്ഞ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം കൊണ്ട്
തിക്കുമുട്ടി. തുടക്കത്തിൽത്തന്നെ ഭുവനാണ് എന്ന്
പറഞ്ഞില്ലായിരുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ അല്പം പാടുപെട്ടേനെ
എന്നതായിരുന്നു വാസ്തവം. കാരണം ബോംബെ സൗഹൃദം പോലുള്ള പുറത്തെ സൗഹൃദങ്ങൾ
അവിടം വിടുന്നതോടെ, പുതിയ മേച്ചില്പുറങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങളിൽ
നിഷ്പ്രഭമായിത്തീരാറുണ്ട്. എന്നാലുമൊരു സൂചനയിലൂടെ പെട്ടെന്നോർക്കാൻ
കഴിയുന്നത് അന്നത്തെ അതിന്റെ വ്യാപ്തി തന്നെ.
ഇടവേളക്കൊരവസാനം,
ഒരു തമാശക്കെങ്കിലും ഇത്തരം പുതുക്കലുകളിൽ പരസ്പരം ഓർക്കുന്നുണ്ടോ എന്ന
പരീക്ഷണം നടത്താൻ ആദ്യ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാറുള്ളതല്ലെ? അതാണ് ഭുവന്റെ
പഴയ സ്വഭാവത്തിൽ മാറ്റമില്ലെന്ന് പറഞ്ഞത്. പരീക്ഷിക്കാതേയും
വളച്ചുകെട്ടാതേയും നേരേ പറയുക.
"എടോ..തന്റെ രവിച്ചേട്ടനാ നിന്റെ നമ്പർ ഇനിയ്ക്ക് തന്നത്. ഞങ്ങളെടയ്ക്ക് കാണാറ്‌ണ്ട്. രവി നിന്നോടൊന്നും പറഞ്ഞില്ലെ"?
പ..റഞ്ഞിരുന്നു.
നിന്റെ നമ്പറില്ലാത്തോണ്ടാ വിളിക്കാൻ പറ്റാഞ്ഞേ. പിന്നെ നിന്റെ
വീടെവടാന്നും അറിയില്ലല്ലോ?" രവിച്ചേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല.
രവിച്ചേട്ടനത് ഓർത്തിണ്ടാകില്ല. ഭുവനോട് അങ്ങിനെ പറയേണ്ടെന്ന് തോന്നി.
"ഞാൻ
പലവഴിക്കും പലതവണ നിന്നേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒന്നുകിൽ നീ
ഗൾഫിലാണ് അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച തിരിച്ചുപോയി എന്നാ അറിഞ്ഞിരുന്നത്.
ഇത്തവണ എന്തായാലും കാണണമെന്നു തോന്നി. നീയെന്നാ തിരിച്ച് പോകുന്നത്?
അതിനുമുൻപ് നിന്നെ ഒന്നു കണ്ടാമതി എനിക്ക്..."
നിന്റെ
വീടോ ഫോൺ നമ്പറോ നേരത്തേ അറിഞ്ഞിട്ടാണോ നിന്നെ ഞാനിപ്പോൾ
വിളിക്കുന്നതെന്നാണ് സാധാരണ നിലയിൽ തിരിച്ച് ചോദിക്കേണ്ടത്. അവനതിനുപകരം
കേൾക്കാത്തത് പോലെ തിരസ്ക്കരിച്ചു. ഓരോ പ്രവൃത്തിയിലും അവന്റെ പ്രത്യേകതകൾ
ഇത്തരത്തിലായിരുന്നു. മറ്റുള്ളവരെപ്പോലെ പകരത്തിനുപകരം എന്ന് ചിന്തിക്കാതെ
മനസ്സിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത് പ്രവൃത്തിക്കുക. അധികം ആരിലും
കാണാത്ത ഈ സ്വഭാവ വിശേഷങ്ങളാണ് ഭുവനെ വ്യക്തതയോടെ ഓർമ്മപ്പെടുത്തുന്ന ഒരു
ഘടകം.
"അടുത്താഴ്ച
പോകും. അതിനുമുൻപ് കാണാം. ഇനിയ്ക്കും തെരക്കായി നിന്നെ കാണാൻ. നിന്റെ
പെണ്ണും മോളും എന്ത് പറയുന്നു? അവരും കൂടെ ഇല്ലേ?" ഒറ്റയടിക്ക് എല്ലാം
അറിയാനായിരുന്നു തിടുക്കം.
"അതൊക്കെ വെല്യ കഥയാ..നമ്ക്ക് നേരിട്ട് പറയാം. ഇത് വേറൊരാൾടെ ഫോണാ. കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാം." ഫോൺ കട്ടായി.
തിരിച്ചു
വിളിച്ചാലോ. വേണ്ട. അവൻ തിരിച്ച് വിളിക്കാം എന്നല്ലെ പറഞ്ഞത്. ആകാംക്ഷ
പെരുകി. അപ്രതീക്ഷിതമായി വന്നെത്തിയ പഴയ സൗഹൃദത്തിന്റെ ഓർമ്മയില്‍
കഴിഞ്ഞുപോയ യുവത്വത്തിന്റെ നാളുകൾ തെളിമയോടെ ഉദിച്ചുവന്നു. മൂടപ്പെട്ടു
കിടന്നിരുന്ന ആ നല്ല നാളുകൾ ഇനിയും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന
മനസ്സിലൂടെ മിന്നിമറിഞ്ഞു.
ഭുവൻ വിളിക്കുന്നതിനുമുൻപ് രവിച്ചേട്ടനെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.
"ഹലോ..രവിച്ചേട്ടാ.."
"ഹലോ...എന്താടാ അത്യാവശ്യായ വിളി പോലെ..."
"ചുമ്മാ വിളിച്ചതാ..നമ്മ്ടെ ആ ഭുവന്റെ വിവരം അറിയാനാ."
"ഓ...ഞാനത്
പറയാൻ വിട്ട്പോയി. പല തവണ ഭുവൻ പറഞ്ഞിരുന്നതാ. നിന്നോട് സംസാരിക്കുമ്പോ
ഞാനത് വിട്ട്പോകും. എന്തേ..അവൻ നിന്നെ വിളിച്ചിരുന്നോ?"
"അതെ.
ഇപ്പൊത്തന്നെ വിള്‍ച്ചിരുന്നു. കൊറച്ച്കഴിഞ്ഞ് വീണ്ടും വിളിക്കാന്ന്
പറഞ്ഞിട്ട്ണ്ട്. രവിച്ചേട്ടൻ എന്നോട് ഭുവനെപ്പറ്റി പറഞ്ഞിരുന്നൂന്ന്‍ ഞാൻ നൊണ്യും പറഞ്ഞുപോയി അവനോട്. ഇനി വിളിക്കുമ്പോ എന്തെങ്കിലും പറയണല്ലോന്നു കര്‌ദ്യാ ഞാനൊടനെ രവിച്ചേട്ടനെ വിളിച്ചത്."
"ചെലപ്പഴൊക്കെ
അവന്‍ എന്റട്ത്ത് വരും. വളരെ ദയനീയമാണ് ഇപ്പഴവന്റെ സ്ഥിതി."
രവിച്ചേട്ടന്റെ സംസാരത്തില്‍നിന്ന് കാര്യങ്ങള്‍ മോശമാണെന്ന്
മനസ്സിലാവുന്നു.
"ബോംബെയിലെ ജോലിയൊക്കെ വിട്ടോ? നല്ല ജോലിയായിരുന്നല്ലോ."
"വിട്ടതല്ല,
ആ കമ്പനി അവനെ ഒഴിവാക്കി. മറാത്തിയും ഹിന്ദിയും നന്നായി സംസാരിക്കാനറിയാം
എന്നല്ലാതെ അവനെന്താ വേറൊരു യോഗ്യത? അങ്ങിനെയൊള്ള ഒരാക്ക് ഇത്രേം നല്ല ജോലി
കിട്ടിത് കളയാണ്ട് നോക്കണ്ടത് അവനവൻ തന്ന്യല്ലേ? നാളേയ്ക്ക് വേണ്ടി ഒന്നും കര്‌താതെ ഇന്നാഘോഷായി നടന്നിര്‌ന്ന
അവന് മോന്ത്യായാ വെള്ളടിക്കണംന്നല്ലാതെ വെല്ല ചിന്തയും ഇണ്ടായിര്‌ന്നോ?
അവന്റെ ഭാര്യും അവനെപ്പോലെ ബോംബെ സ്റ്റൈലീ അല്പം ‘മിനുങ്ങി’ ജീവിക്കാൻ
തൊടങ്ങിതോടെ അവര്‌ടെ ജീവിതം തന്നെ നിയന്ത്രണം വിട്ടിര്‌ന്നില്ലെ?"
"ഞാൻ ഗൾഫീന്ന് ആദ്യത്തെ ലീവിന് വന്നപ്പോ ബോംബെലിറങ്ങി അവന്റെ വീട്ടീ പോയിരുന്നു. പിന്നീടൊള്ള ഒരു വിവരോം ഇനിയ്ക്കറിയില്ല."
"അച്ചനുമമ്മേം ഇങ്ങിന്യായോണ്ട് മോളും മോൾടെ വഴിക്ക് പോയി. അതിനെടേലാ ഭുവന്റെ ജോലീം നഷ്ടായേ. ജോലി ഇല്യാണ്ടായ ഭുവനെ അമ്മേം മോളുങ്കൂടി അടിച്ചിറക്കീന്നാ കേട്ടേ. ഗത്യന്തരല്യാതെ ആറ് കൊല്ലം മുമ്പ് അവൻ നാട്ട്ലെത്തി. അമ്മ്യേം മോളും സുഖായി ബോംബേല് കഴിയണ്ണ്ട്ന്നാ അറിഞ്ഞെ."
"അവര്‌ടെ ജീവിതം കണ്ട് അസൂയ തോന്നിട്ട്ണ്ട്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഭുവനിവിടെ എന്താ ചെയ്യണേ?"
"ഭുവനല്ല,
ഭുവനേന്ദ്രൻ നമ്പൂരി. പേരിനൊരു നമ്പൂരി കൂടി ഇണ്ടായത് ഇപ്പോ ഭാഗ്യായി.
പണ്ട് പരിചയൊള്ള ഒരു നമ്പൂരി ഇപ്പൊ കല്യാണങ്ങക്കും അടിയന്തിരങ്ങക്കും ഒക്കെ
സദ്യ നടത്തിക്കൊടുക്ക്ന്ന്‍ണ്ട്. അവര്‌ടെ കൂട്ടത്തിലാ. ഒരിയ്ക്കലിവ്ടെ അട്ത്തൊരു കല്യാണത്തിനെടേലാ ഞങ്ങ കണ്ടുമുട്ടിത്."
"ആ പണി എന്നും ഇണ്ടാവില്ലല്ലോ?"
"എന്തിനാ
എന്നും പണി? അവനിപ്പഴും മൊന്ത്യായാ വെള്ളടിക്കണംന്ന് മാത്രേ ഒള്ളു. ഒരു
കുടുംബണ്ടായിരുന്നൂന്നൊള്ള അങ്കലാപ്പോ വെഷമോ ഒന്നും ഇപ്പഴവനില്ല.
കാശില്ലെങ്കി ആരോട് കൈനീട്ടാനും ഒരു മടിയൂല്യ ഇപ്പഴും. പഴയ അതേ സ്വഭാവം.
എന്റടുത്തവന്‍ വര്‌ന്നന്ന്
ഒരു ഷർട്ടും മുണ്ടും ഞാനവന് കൊടുക്കണം, പോകുമ്പോ വണ്ടിക്കൂലിക്കുള്ള
പൈസയും. അവനെ അറിയാവുന്നതോണ്ട് എത്ര സഹായിക്ക്യാനും ഇനിക്ക് മടിയില്ലട്ടോ,
വിഷമവും. പക്ഷെ മറ്റൊരാള് അവനെക്കുറിച്ച് എന്ത് വിജാരിയ്ക്കുംന്ന പ്രയാസം തോന്നാറ്‌ണ്ട്."
"രവിയേട്ടാ..സത്യത്തിൽ ഈയവസ്ഥ അറിഞ്ഞപ്പോ പ്രയാസം തോന്നുന്നു."
"ആദ്യം മുതലേ നിന്നെയവൻ ചോദിക്കാറ്‌ണ്ടായിര്ന്നു. നിന്റെ നമ്പറ് ഞാൻ മന:പ്പൂർവ്വം കൊട്ക്കാതിര്‌ന്നതാ. അവസാനം കൊടുക്കാതിരിക്കാൻ പറ്റാതായപ്പഴാണ് കൊടുക്കേണ്ടി വന്നത്. നീ ഇവിട്യില്ലെങ്കിലും നിന്റെ വീടന്വേഷിച്ച് അവൻ എത്തുന്നറിയാം. നമ്മേപ്പോലെ ആവുല്യല്ലൊ നമ്മ്ടെ ഭാര്യമാര്. പണ്ട് കൂത്താടി നടന്ന ഒരു കൂട്ടുകാരൻന്ന് പറഞ്ഞാ അവര്‌ക്ക് പുച്ചായിരിക്കും, പ്രത്യേകിച്ചും എല്ലാം അറിയാവ്ന്ന നെലയ്ക്ക്."
രവിയേട്ടൻ പറയുന്നത് സത്യമാണ്. പക്ഷെ അതങ്ങിനെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല.
"നീയും
ഭുവനും ഒന്നായിരുന്നല്ലോ. എന്നേക്കാൾ കൂടുതല് അവനാ നിനക്ക് വേണ്ടി എല്ലാം
ചെയ്തു തന്നത്. ആ അടുപ്പം വെച്ചോണ്ട് നീയവന് എന്തെങ്കിലും
ചെയ്തുകൊടുക്കേണ്ടിവരും എന്നെനിയ്ക്ക് തോന്നി. ഇപ്പഴത്തെ നിന്റെ
ചുറ്റുപാടില് ആ പഴയ ബന്ധം പുതുക്കുന്നത് യോജിക്കില്ലെന്നെനിയ്ക്ക് തോന്നി.
ശരി...ഞാൻ പിന്നെ വിളിക്കാടാ."
ഫോൺ
കട്ടായപ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ശരികളും തെറ്റുകളും കലമ്പൽ കൂട്ടി.
രവിയേട്ടനോട് സംസാരിക്കുന്നതുവരെ ഭുവനെ എങ്ങിനെയെങ്കിലും കാണണം, അവനെ
കെട്ടിപ്പിടിച്ച് പഴയ സൗഹൃദം പുതുക്കണം എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ
രവിയേട്ടൻ സൂചിപ്പിച്ചതുപോലുള്ള വസ്തുതകൾ പരിഗണിക്കുന്നതാണ് തുടർന്നുള്ള
ജീവിതത്തിനു ഗുണകരം എന്ന ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി.
കൃത്യസമയത്തു തന്നെ ഭുവൻ തിരിച്ചു വിളിച്ചു. ഫോൺ എടുക്കേണ്ടെന്നുവരെ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.
"ഭുവനല്ലെ?"
"പിന്നാരാടാ
നിന്നെ വിളിക്കാൻ?" ഒരു തരി ചോരാത്ത അവന്റെ സ്നേഹം പഴയപടി
അനുഭവിക്കുന്നതായി തോന്നി. കാലത്തിനനുസരിച്ച് സ്വഭാവം മാറുമെന്ന് പറയുന്നത്
വെറുതെ. ആഗ്രഹവും സ്വാർത്ഥതയുമാണ് പെരുകുന്നത്! അവൻ തുടർന്നു.
"ഇന്നത്തെ
ജോലി കഴിഞ്ഞെടോ. പോകുവാന്‍ നിക്കാ. ഒരു വാനിലാ എല്ലാരും കൂടി പോക്വാ.
ഇവ്ടന്ന് ഏതാണ്ട് അഞ്ചു കിലോമീറ്ററല്ലെ ഒള്ളു നിന്റെ വീട്ടിലേയ്ക്ക്...
അതുകൊണ്ട് ഞാനവരുടെ കൂടെ പോകണ്ടാന്നു വെച്ചു. യിപ്പൊത്തന്നെ ഞാനങ്ങോട്ട്
വരാം."
"അയ്യോ..ഇപ്പൊ വേണ്ട....ഭാര്യയും മക്കളുമൊത്ത് ഞാൻ ഭാര്യവീട്ടിലേയ്ക്ക് പോകാനെറങ്ങി. നാളെയൊ മറ്റന്നളോ ഞാൻ വിളിക്കാം."
"കഷ്ടായിടാ..വിളിക്കണം.
മറക്കരുത്. നിന്നെ കാണാത്തോണ്ട് ചങ്കിനകത്ത് ഒരു പ്രയാസം. എത്ര കൊല്ലായിടാ
നമ്മള് കണ്ടിട്ട്..? എന്നാ ഞാനവരുടെ കൂടെ പോട്ടെടാ."
തൊണ്ട
കിടുകിടുത്ത് കരച്ചിൽ വന്നെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി. നുണ
പറഞ്ഞതാണെന്ന് ഭുവന് മനസ്സിലായി കാണുമോ? അവനെ ഒഴിവാക്കുകയാണെന്ന്
തോന്നിയിരിക്കുമോ? ഇല്ല.. അവനങ്ങനെ ചിന്തിക്കാനാവില്ല.
മറ്റന്നാളാണ്
തിരിച്ചു പോകേണ്ടത്. ഇതിനിടയിൽ ഭുവനെ വിളിച്ചില്ല എന്ന കുറ്റബോധത്തേക്കാൾ
കൂടുതൽ അവൻ വിളിച്ച കോളുകൾ അറ്റന്റു ചെയ്തില്ലെന്ന മനോവേദനയോടെ രാത്രി
ഉറങ്ങാൻ കിടക്കുമ്പോഴാണ് രവിയേട്ടന്റെ ഫോൺ.
"എന്താ രവിയേട്ടാ..?"
"ഇത്ര വേഗം ഉറക്കായോ?"
"ഇത്ര വേഗോ..?മണി പതിനൊന്ന് കഴിഞ്ഞു. എന്തേ വിശേഷിച്ച്?"
"മറ്റന്നാ നീ പോകല്ലേ എന്ന് പെട്ടെന്നോർത്തപ്പോ ഒടനെത്തന്നെ വിളിച്ചതാ. എങ്കി ഒറങ്ങിക്കോ. നാളെ കാണാം."
പോകുന്നതോർത്ത്
വിളിച്ചതാകാൻ വഴിയില്ല. എന്തിനായിരിക്കും ഈ നേരത്ത് വിളിച്ചിരിക്കുക? ഇനി
ഭുവനെങ്ങാനും വിളിച്ച് പരാതി പറഞ്ഞു കാണുമോ? അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞേനെ.
നാളെ പോകണമല്ലൊ എന്ന ചിന്ത കാരണം നേരത്തേ ഉണർന്നു. ചായകുടി കഴിഞ്ഞില്ല, അതിനുമുൻപേ രവിയേട്ടന്റെ വിളി വന്നു.
"പറയ് രവിയേട്ടാ."
"ഒരു
ദു:ഖ വാർത്തയിണ്ട്. ഇന്നലെ അത് പറയാനാ വിളിച്ചേ. പിന്നെ നിന്റെ ഒറക്കം
കളയണ്ടാന്ന് കര്‌ദി. നമ്മ്ടെ ഭുവൻ ഇന്നലെ രാത്രി മരിച്ചു."
സ്തബ്ധനായിപ്പോയി. ഉമിനീര് വറ്റി. തലച്ചോറിനകത്ത് കടന്നലുകൾ കുത്തിക്കയറുന്നു. ചങ്ക് പൊട്ടിപ്പോകുമോ എന്ന് ഭയന്നു.
"എ..ങ്ങ..നെ...?" മർമ്മരം പോലെ വാക്കുകൾ കെട്ടുപിണഞ്ഞു.
"ഇന്നലെ രാത്രി എല്ലാരുംങ്കൂടെ വര്‍ത്താനം പറഞ്ഞിര്‌ന്നപ്പോ
നെഞ്ച് പൊത്തിപ്പിടിച്ച് താഴെ വീണു. പിന്നെ അനങ്ങില്യ. ഇന്ന് പത്ത്
മണിയ്ക്കും ഒരു മണിയ്ക്കും എടേല് ശവം മറവ് ചെയ്യും. നിന്നെ
അറിയിക്കണ്ടാന്ന് കര്‌ദീതാ ആദ്യം. അത് ശര്യല്ലല്ലൊ."
"നിങ്ങൾ കാരണമാണ് എനിക്കവനെ കാണാൻ പറ്റാഞ്ഞത്..."താക്കീതും ഭീഷണിയും പോലുള്ള സ്വരം അല്പം ഉയര്‍ന്നു പോയി.
"കുറ്റപ്പെട്ത്തലൊക്കെ
പിന്നെ. ഞാനിപ്പൊ ബൈക്കുമായി അവ്ടെ വരാം. നീ തയ്യറാവ്. ഇപ്പൊ പോയാ
പതിനൊന്നു മണിക്കുമുമ്പ് അവ്ടെ എത്താം. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും
അവ്ടെ എത്താൻ. ഞാനിതാ പൊറപ്പെടുന്നു."
എന്ത്
ചെയ്യണമെന്ന് ഒരു രൂപവുമില്ല. നെറികേടും കുറ്റബോധവും ആകെ ഉലച്ചു. ഒന്നും
സംസാരിക്കാതെ രവിയേട്ടന്റെ ബൈക്കിനു പുറകിലിരിക്കുമ്പോൾ കലുഷിതമായ മനസ്സ്
വ്യക്തമല്ലാത്ത കാഴ്ചകളിലൂടെ പാഞ്ഞു.
മൗനമായി
നിൽക്കുന്ന കുറച്ചാളുകൾക്കു പുറകെ ചെറിയൊരു വീട്ടുമുറ്റം നിശ്ശബ്ദമായ
ദു:ഖത്തിലാഴ്ന്നു കിടക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്നതുപോലെ ചിലരെല്ലാം
ബൈക്കിൽ നിന്നിറങ്ങുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"രവി എത്ത്യോ? കൂടെള്ളത് ആരാ?" പ്രായമുള്ള തിരുമേനിക്ക് രവിച്ചേട്ടനെ അറിയാമെന്ന് തോന്നുന്നു.
"ഇവനെന്റെ ബന്ധുവാ."
"നിങ്ങള് പോയി കണ്ടിട്ട് വാ. അത് കഴിഞ്ഞുവേണം ചടങ്ങ്കള് തീർക്കാൻ."
രവിച്ചേട്ടനൊത്ത്
മൃതദേഹത്തിനടുക്കലേക്ക് നീങ്ങുമ്പോൾ കുറ്റബോധം പെരുകിക്കൊണ്ടിരുന്നു.
നീണ്ടുനിവർന്ന തടി കുറഞ്ഞ ശരീരം. ഒറ്റ മുടി പോലും നരക്കാത്തതാണ് ഇത്രയും
വർഷം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം തോന്നാതിരിക്കാൻ കാരണം.
തിരിച്ച്
നടക്കുമ്പോൾ ബോംബെ ജീവിതം കൂടുതൽ തെളിഞ്ഞു വന്നു. ഒപ്പം നന്ദികേടിന്റെ
ഭാരം പരിസരബോധം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി.
തിരുമേനിയോട് രവിച്ചേട്ടൻ കാര്യങ്ങൾ തിരക്കുകയാണ്.
"ഭാര്യയും മോളും വന്നില്ലെ തിരുമേനി?"
"ന്ന്ലെ രാത്ര്യന്നെ അറീച്ചു. ഞങ്ങ്ളെ പ്രതീക്ഷിക്ക്‌ണ്ടാന്നും അയാളായി ബന്ധല്യാന്നും പറഞ്ഞു. പിന്നാരും വാരാല്യാലൊ."
"പിന്നെന്തേ ഇത്രേം വൈകിച്ചേ? വെളുപ്പിനേ എല്ലാം കഴിക്കായിരുന്നില്യെ?"
"അങ്ങ്ന്യാ
ഞങ്ങ്ള് കര്‌ദ്യേ. ന്ന്ലെ രവ്യേ വിളിച്ച് പറയണേന് മുന്നെ മരിച്ച്
കെട്‌ക്ക്‌ണ ഭുവന്റെ ഷർട്ടിന്റെ പോക്കറ്റ്ലൊരു പഴേ ഫോട്ടോ കാണെണ്ടായി.
ഫോട്ടോയില്ള്ള ആളെ ആർക്കും പരിച്യം ഇല്യാത്തോണ്ട് ഒര് മണ്യരെ കാക്കാന്ന്
എല്ലാരുങ്കൂടീ തീര്‌മാനിക്കണ്ടായേ."
ഒരു
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോവെടുത്ത് തിരുമേനി രവിയേട്ടനു നേരെ നീട്ടി.
അതു വാങ്ങി നോക്കിയ രവിയേട്ടൻ പരിഭ്രമവും സഹതാപവും കലർന്ന കണ്ണുനീരോടെ
എന്നെ ദയനീയമായി നോക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നതായി തോന്നി.
തിടുക്കപ്പെട്ട് രവിയേട്ടനിൽനിന്ന് ഫോട്ടോ പിടിച്ചുവാങ്ങി.
ഞെട്ടിപ്പോയി!