30/4/19

ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക



രക്തവും മാംസവും എചുമുക്കുട്ടിയും

“ഒരു ഫോൺ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് “

ആമുഖത്തിലെ ആദ്യവരി.
നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാൻ കഴിയുന്നവർ ഉണ്ടാകുമൊ എന്ന് സംശയമാണ്. 272 പേജുകൾ ഉള്ള പുസ്തകം മുഴുവനായി ഫോണിൽ മാത്രം സൃഷ്ടിക്കുക.. ഒരു ഫോണിൽ ഇത്രയും എഴുതുകയൊ? അഞ്ചൊ ആറൊ വരികളിൽ മാത്രം തുടങ്ങുന്ന മുൻ അധ്യായങ്ങൾ ക്രമേണ നീളം വെക്കുന്നത് നമുക്ക് കാണാവുന്നതാണ്. യാത്രകളിലും ആശുപത്രികളിലുമായി എഴുതി തീർത്ത ജീവിത കഥയുടെ എഡിറ്റിങ്ങും ആശുപത്രിയിലിരുന്ന് ഫോണിൽ നിർവഹിച്ചു എന്നറിയുമ്പോൾ “നിത്യഭ്യാസി ആനയെ എടുക്കും“ എന്ന് പറയുന്നത് വെറുതെയാവില്ല. യാതൊരു അവകാശവാദമൊ മറ്റു വികാരങ്ങളൊ പ്രതിഫലിപ്പിക്കാതെ ഒരു സാധാരണ പറച്ചിൽ, തികച്ചും സത്യസന്ധമായി. ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളിലൂടെയും കടന്നു പോകുന്ന വായനക്കാർ ആമുഖത്തിലെ ആദ്യവരി വായിച്ച അത്ഭുതത്തോടേയും ഉല്‍ക്കണ്ഠയോടേയും ആയിരിക്കും തുടർന്നുള്ള വായനയോട് ചേരുക. ഒരുപക്ഷെ, ഫോണിൽ രചിച്ച മലയാളത്തിലെ ആദ്യത്തെ വലിയ പുസ്തകം ““ ഇതായിരിക്കും.

വിവാഹാജീവിതത്തിൽ സ്ത്രീയും പുരുഷനും പല തരത്തിലുള്ള അരുതായ്‌മകളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുഭവിക്കുക എന്നത് സാധാരണമാണ്. സമൂഹത്തിൽ കാലങ്ങളായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആൺക്കോയ്‌മയിൽ ഇന്നത്തെ പുരുഷന്മാർ സ്വയം ആഗ്രഹിക്കാതെ വന്നുചേർന്ന സ്ത്രീകൾക്കു മേലുള്ള ആധിപത്യം ഒരു ശീലമായ അവകാശമായി ഭൂരിപക്ഷത്തിലും തുടരുന്നു എന്നതാണ് വസ്തുത. കുടുംബം എന്ന ജീവിതരീതി തുടരുന്നതിനും അതൊരു കാരണമായിരിക്കാം. പുരുഷനും സ്ത്രീയും ജോലിക്കാർ ആകുന്ന ഇന്നത്തെ സാഹചര്യത്തിൽ രണ്ടിൽ ഒരാൾക്ക് കൂടുതൽ ജോലിഭാരം നൽകുന്നത് മനുഷ്യത്വപരമല്ല.

മാംസത്തിൽ നിന്നിറ്റുവീണ രക്തത്തിൽ ഭീകരതയും നിസ്സഹായതയും ജീവിതാനുഭവക്രൂരതകളായി ഒരു പെണ്ണിനുമേൽ പകർന്നാടിയത്, കണ്ണീരുപ്പിട്ട ശക്തിയോടെ സമൂഹത്തിനു മുന്നിലേക്കെറിഞ്ഞിരിക്കുകയാണ് ഡീസി ബുക്സ് പുറത്തിറക്കിയ എച്ചുമുക്കുട്ടിയുടെ “ഇതെന്റെ രക്താമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക“ എന്ന പുസ്തകത്തിലെ അത്മകഥാപരമായ അനുഭവ വിവരണങ്ങളിലൂടെ..

മുന്തിയ ജാതിസ്ത്രീയും മുന്താത്ത ജാതിപുരുഷനും തമ്മിൽ ഒന്നിക്കേണ്ടി വന്നതിലെ ബാക്കിപത്രമായി പിറവിയെടുത്ത ജാതി തിരിച്ചറിയാൻ കഴിയാത്ത പെണ്ണിന്റെ, ചോദിക്കാനും പറയാനും ആളില്ലെന്ന ഈഗോകൾ സൃഷ്ടിക്കുന്ന അവസ്ഥ മുതലെടുത്തുകൊണ്ട് ദുരിതമാക്കിത്തീർക്കുന്ന പെൺജീവിതമാണ് ഈ പുസ്തകം.

ആമുഖത്തിലെ ആദ്യവരിയിലെ ഉല്‍ക്കണ്ഠപോലെ തുടർന്നുള്ള വായനയും സമ്മാനിക്കുന്നുവെന്ന് പറഞ്ഞുവല്ലൊ. അതിന്റെ കാരണം ഇതൊരു നോവലൊ നീണ്ടകഥയൊ അല്ലെന്നുള്ളതാണ്. ഒരു സ്ത്രീ അതിജീവനത്തിനുവേണ്ടി അനുഭവിച്ചു തീർത്ത സമാനതകളില്ലാത്ത പൊള്ളിയടരുകളുടെ വ്രണമായി തുടരുന്ന നേർസാക്ഷ്യങ്ങളാണ്. വീടകങ്ങളിൽ ധാരാളം സ്ത്രീകൾ പലതരം പീഡനങ്ങൾക്കും വിധേയമാകാറുണ്ട്. ശാരീരിക പീഡനം, മതപരമായ പീഡനം, ലൈംഗികമായ പീഡനം എന്നിങ്ങനെ പലതരം പീഡനങ്ങൾ. ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ അനുഭവിക്കാത്ത സ്ത്രീകൾ കുറവായിരിക്കും. ഒരു സ്ത്രീ അനുഭവിച്ച പീഡനം, ഈ പുസ്തകം വായിക്കുമ്പോൾ ആ സ്ത്രീക്ക് അതേപോലെ വായിക്കാൻ സാധിക്കുന്നത് അവരെ അത്ഭുതപരതന്ത്രരാക്കും. തുടർന്ന് വായിക്കുമ്പോൾ ആ സ്ത്രീ അനുഭവിച്ചതിനേക്കാൾ കൂടിയ പീഡനങ്ങളിലേക്ക് എഴുത്തുകാരി സഞ്ചരിക്കുന്നു. താൻ അനുഭവിച്ചതാണ് ഏറ്റവും വലിയ വേദന എന്ന് അത്ര നാളും ദൃഡമാക്കിയിരുന്ന ആ സ്ത്രീക്ക്, തനിക്ക് അനുഭവമില്ലാത്തിടത്തേക്ക് എഴുത്തുകാരി പ്രവേശിക്കുമ്പോൾ അവിശ്വനീയത പടരുന്നത്, തന്റെ അനുഭവമാണ് എറ്റവും വലിയത് എന്ന ധാരണയെ കയ്യൊഴിയാൻ മനസ്സ് സമ്മതിക്കാത്തതിനാലാണ്. അത് സ്വാഭാവികവുമാണ്. പക്ഷെ, ആ സ്ത്രീ അനുഭവിക്കാത്ത പീഡനം മറ്റൊരു സ്ത്രീ അനുഭവിച്ചിട്ടുണ്ടായിരിക്കും. അവർക്കും അവരുടെ അനുഭവം മാറ്റിനിർത്തിയാൽ മുൻസ്ത്രീയുടെ ഉല്‍ക്കണ്ഠ തന്നെയായിരിക്കും. പറയാൻ ശ്രമിച്ചത് പല സ്ത്രീകളുടേയും പലതരം അനുഭവങ്ങൾ ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നതിക്കുറിച്ചാണ്. ബെന്യാമിന്റെ “ആടുജീവിത“ വായനയും ഇതേ സമാനതകൾ നൽകുന്നുണ്ട്.

സ്വന്തം കുടുംബത്തിന്റെ വരുംകാല പ്രതീക്ഷകൾ നിർലോഭം വാഗ്ദാനം ചെയ്യപ്പെടുമ്പോൾ കാമുകനിൽ രക്ഷകനെ കണ്ടെത്തുകയും യൗവ്വനമോഹങ്ങൾക്ക് സ്വപ്നചിറക് വിരിയുകയും ചെയ്യുന്നത് സ്വാഭാവികം. പ്രണയ സാക്ഷാത്ക്കാരം താൽക്കാലിക രെജിസ്റ്റ്രേഷനലൂടെ പറ്റിക്കപ്പെട്ട വിവാഹമായിരുന്നുവെന്ന് നിഷ്ക്കളങ്കമനം തിരിച്ചറിയുന്നത് കാമശമനത്തിനായി മാത്രമുള്ള ഏകപക്ഷീയമായ രതിക്രൂരതയുടെ പരകോടിയിലാണ്. അത്തരം നിരവധി അനുഭവസാക്ഷ്യങ്ങളുടെ രചനയാണ് ഈ പുസ്തകം.

ഗാർഹികപീഡനത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്കൾക്ക് ഇരയായ ഒരു പെണ്ണിന്റെ മാംസമഴുകിയ രക്തത്തുടിപ്പ് സമൂഹം പൊതുബോധാടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുമ്പോൾ മുഖം‌മൂടികൾ കപട ചിരിയുമായി ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കും. സമൂഹത്തിൽ വീശിയെറിയുന്ന നുണകളുടെ നാരായവേര് പുറത്താകുമ്പോഴാണ് ബഹുമുഖ മുഖമ്മൂടികളുടെ തനിനിറം തുണിയുരിക്കപ്പെടുന്നത്. അത്തരം നാരായവേരുകൾ ഈ പുസ്തകം പുറന്തള്ളുന്നുണ്ട്.

“ഒരു പുരുഷനൊപ്പം ജീവിച്ച പെണ്ണിനേക്കാൾ ആ പുരുഷനെ ഞങ്ങൾക്കറിയാം എന്ന് വരെ സ്ത്രീകൾ പറഞ്ഞുകളയും.“ പുസ്തകത്തിലെ ഒരു വരിയാണിത്. സമൂഹത്തിൽ വിതറുന്ന നുണകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധനിർമ്മിതിക്ക് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു. അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി.

പുസ്തകത്തിന്റെ പുറംചട്ടയിൽ ചേർത്തിരിക്കുന്ന ഗ്രന്ഥപ്രശംസാക്കുറിപ്പ് ആ പുസ്തകത്തോട് കാണിച്ച അന്യായമായിത്തോന്നി. പുസ്തകം മുഴുവൻ വായിച്ചിട്ടും ഇത്രയും തരം താണ ഒരു വരി പോലും ആ പുസ്തകത്തിന്റെ ഉള്ളിൽ നിന്ന് കണ്ടെത്താനായില്ല. എന്നിരുന്നാലും സ്വയം സൃഷ്ടിച്ചെടുക്കുന്ന തേൻ പുരട്ടിയ നുണകൾ സമൂഹത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ ഈ പുസ്തകം വായിക്കുന്നത് കുറച്ചൊന്നുമല്ല ഓരോ മനുഷ്യനേയും സഹായിക്കുക.