28-03-2012
ആട് രാമ, ചാട് രാമ..
ആടിക്കളിയെട കൊച്ചുരാമ...
ആടിക്കളിയെട കൊച്ചുരാമ...
താളത്തിനനുസരിച്ചാണ്
അയാളത് വിളിച്ചു പറയുന്നത്. വട്ടത്തിലുള്ള ചെറിയ അലുമിനിയപ്പാത്രം തലയിൽ
വെച്ച് രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച്
കുട്ടിക്കുരങ്ങൻ കാണികൾക്കു മുന്നിലൂടെ നടന്നു. ചില്ലറകൾ പാത്രത്തിൽ
വീണുകൊണ്ടിരുന്നു. അരക്കിട്ട് കുടുക്കിയ കയറിന്റെ ഒരറ്റം അയാള്‍ കയ്യിൽ
പിടിച്ചിരുന്നു. വലതു കയ്യിൽ ചെറിയൊരു വടിയാണ്. ആ വടി കൊണ്ടാണ് കുരങ്ങനെ
നിയന്ത്രിച്ചിരുന്നത്. തലയിൽ പാത്രം വെച്ചുള്ള ചടുലമായ നടത്തം കാണാൻ ശേല്
തന്നെ. ചിലരൊക്കെ പോക്കറ്റിൽ കയ്യിടുമ്പോൾ കുരങ്ങൻ അവിടെ നിൽക്കും. സ്വയം
നില്‍ക്കുന്നതാണോ അയാളുടെ നിയന്ത്രണം അനുസരിക്കുന്നതാണോ എന്നറിയില്ല.
നട്ടുച്ചയാണ്.
നല്ല ചൂടാണ്. ബസ്റ്റാന്റിന് തൊട്ടടുത്തായതിനാൽ ജനങ്ങൾ ധാരാളം. ബസ്സ്
വരുന്നതിനിടയിലുള്ള സമയം ചിലവഴിക്കാൻ നല്ല നേരമ്പോക്ക്. കുട
നിവർത്തിപ്പിടിച്ചും തലയിൽ ടവലുകൊണ്ട് മറച്ചും ചൂടിനെ
പ്രതിരോധിച്ച്
ജനങ്ങൾ കാഴ്ച കണ്ടുനിന്നു. കണ്ടു തഴമ്പിച്ച കാഴ്ച എന്നിരുന്നാലും അപൂർവ്വമായിക്കൊണ്ടിരിക്കുന്നു എന്നത് ആകാംക്ഷ നിലനിർത്തി.
കൃഷ്ണവേണി സാരിത്തലപ്പെടുത്ത് തലവഴി മൂടി ആൾക്കൂട്ടത്തിലൊരുവളായി. ഇന്നലെക്കണ്ട സീരിയലിലെ നടി ഉടുത്തിരുന്ന അതേ സാരി
വാങ്ങാൻ ഇറങ്ങിയതാണ്.
സാരിയെന്നാൽ ഭ്രാന്താണ്. ഇങ്ങിനെയൊരു ഭ്രാന്ത് ആർക്കെങ്കിലും കാണ്വൊ എന്നു സംശയാ.
അയാൾ കുരങ്ങന്റെ അരയിൽ കെട്ടിയിരുന്ന കയറൊന്ന് ചെറുതായി വലിച്ചു.
കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി.
അയാൾക്കെന്റെ ഭർത്താവിന്റെ നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ ശരീരമാണോ ചെറുതായി വേദനിക്കുന്നത്? ചെറുതായല്ല, നന്നായി വേദനിക്കുന്നു.
കൃഷ്ണവേണിയുടെ മനസ്സൊന്നു പിടഞ്ഞു. ചെറുപ്പത്തിന്റെ ചില മോഹങ്ങളും ചിന്തകളും നഷ്ടപ്രണയവും ഭര്‍ത്താവും മനസ്സില്‍ ഓടിയെത്തി.
അയാൾക്കെന്റെ ഭർത്താവിന്റെ നിഴൽരൂപം. കയറിന്റെ വലിച്ചിലിൽ എന്റെ ശരീരമാണോ ചെറുതായി വേദനിക്കുന്നത്? ചെറുതായല്ല, നന്നായി വേദനിക്കുന്നു.
ബന്ധങ്ങളോടുള്ള
കടപ്പാടുകൾക്ക് കണക്കു തീർക്കാൻ വിധിക്കപ്പെട്ടത് പ്രണയവർണ്ണങ്ങളുടെ നിറം
നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. സങ്കല്പസ്വപ്നങ്ങളുടെ സാക്ഷാത്ക്കാരം
തല്ലിട്ട്
നേടാൻ തന്റേടം
തയ്യാറാകാതിരുന്നത് അന്നത്തെ ബന്ധങ്ങളുടെ തീവ്രത. പെണ്ണായ് പിറന്നതിനെ
ശപിച്ച ദിനങ്ങൾ. വിവാഹത്തിന്റെ ആദ്യനാളുകൾ നിർവ്വികാരത ആശ്വാസം നൽകി.
അപ്പോഴൊക്കെ താനൊരു വഞ്ചകിയാണോയെന്ന സംശയം മനസ്സിൽ കലശലായിരുന്നു.
നഷ്ടബോധം-
നിരാശ- വെറുപ്പ്- മടുപ്പ്- ഇഷ്ടപ്പെടായ്ക- ദേഷ്യം-
നിസ്സംഗത എന്നിങ്ങനെ
മാറിമറിഞ്ഞ ഭാവങ്ങളിലൂടെ അവസാനത്തിലേക്ക് എത്തിനിൽക്കുന്നുവെന്ന
തോന്നൽ....അവസാനത്തോടടുക്കുമ്പോഴുണ്ടാകുന്ന ആശങ്കകളും അപൂര്‍ണ്ണതകളും
ആശയക്കുഴപ്പമായി തലപൊക്കുന്നു.
ജീവിതം
മടുത്തത് പോലെ. അതുകൊണ്ടായിരിക്കാം മരണത്തെക്കുറിച്ച് ആലോചിക്കുന്നത്.
കൂടെയുള്ളവരുടെ
ഇനിയുള്ള
ജീവിതത്തെക്കുറിച്ചോർക്കുമ്പോഴാണ് മരണഭയം ഉണ്ടാകേണ്ടത്. അത്തരം ഭയം
തീരെയില്ല. ജീവിച്ചു തീരുന്നുവെന്ന അറിവ്, സഫലമാകാത്ത ആശകളെ പുല്‍കാൻ
ഇനിയും മോഹിക്കുന്നതാവാം അതിന് കാരണം. നടക്കില്ലെന്നറിഞ്ഞുകൊണ്ട്
മോഹിച്ചുമോഹിച്ചൊരവസാനം.
വിവാഹത്തിനു
മുൻപു കണ്ട സ്വപ്നങ്ങൾ
ഓർക്കാതിരിക്കാൻ
പഠിച്ചു കഴിഞ്ഞു, പ്രണയത്തിന്റെ നല്ല ഓർമ്മകള്‍ അയവിറക്കാനും.
കാലപ്പഴക്കത്തിൽ സ്വപ്നങ്ങൾ വിസ്മരിക്കപ്പെട്ടെങ്കിലും
അസ്തമയത്തോടടുത്തപ്പോൾ പുതിയ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, കാണുന്നു.
ഒതുക്കിയ മോഹങ്ങൾ പൂർണ്ണതയ്ക്ക് വേണ്ടി കേഴുമ്പോലെ...
മകളുടെ
വിവാഹാലോചനയെക്കുറിച്ച് ഭർത്താവ്
സൂചിപ്പിക്കുമ്പോഴൊക്കെ അലക്ഷ്യമായ മൂളൽ എന്നിൽ നിന്നും പുറത്ത്
വരുന്നതിനാലാണ് ‘ഈയിടെയായി കൃഷ്ണവേണി എന്തായിങ്ങനെ’ എന്നദ്ദേഹം പലപ്പോഴും
ചോദിച്ചിട്ടുള്ളത്.
‘എങ്ങിനെ’
എന്ന മറുചോദ്യം കൊണ്ട് തടയിടുമ്പോൾ, ചോദിച്ചത് വിഢ്ഢിത്തമായോ എന്നദ്ദേഹം
കരുതിയിരിക്കും.
ഒരിക്കലും പിടികൊടുക്കാതെ
കുതറിമാറുന്ന ഒരു കള്ളിയാണ് താനെന്ന് ഒരിക്കലും തോന്നിയിരിക്കില്ല.
അതിനുള്ള അവസരം ഉണ്ടാക്കിയിട്ടില്ല. പിന്നെ മനസ്സ്...വെറുതെ പറയാം, എന്റെ
മനസ്സിൽ അങ്ങു മാത്രമേ ഉള്ളുവെന്ന്. അല്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഒരുപാട്
തവണ പറയുകയും ചെയ്തിട്ടുണ്ട്.
പ്രായം മനസ്സിനെ
ബാധിക്കാത്തതിനാലാകണം ഇന്നലെ കണ്ട
സ്വപ്നത്തിന് പതിനേഴിന്റെ മികവ്. അല്ലെങ്കിൽ പ്രായത്തെ കീഴ്പ്പെടുത്തി പ്രണയം ജ്വലിക്കുന്നതാവാം.
വെളുത്ത ഷർട്ടും കറുത്ത പാന്‍റും സോമേട്ടന്റെ പ്രായം കുറച്ചിരിക്കുന്നു. ഇപ്പോഴും സുന്ദരൻ തന്നെ. എന്നേക്കാൾ പ്രായം കുറവേ തോന്നു.
കടല്‍ക്കരയിൽ
മറ്റാരും ഇല്ല. ഞങ്ങൾ രണ്ടുപേർ മാത്രം. ചിരിച്ച മുഖങ്ങളിൽ ശോകത്തിന്റെ
നിഴൽ തെളിഞ്ഞിരുന്നത് ഞങ്ങള്‍ പരസ്പരം തിരിച്ചറിയുന്നുണ്ടായിരുന്നു.
കുറ്റപ്പെടുത്തലുകളില്ലാതെ അടുത്തറിഞ്ഞ മനസ്സുകൾ വാചാലമാകാൻ തയ്യാറെടുക്കുന്നതായി എനിക്ക് തോന്നി.
"സുഖമല്ലേ കൃഷ്ണേ..?" സോമേട്ടനാണ്
തുടങ്ങിയത്.
"ഏട്ടനെന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടൊ എപ്പോഴെങ്കിലും....ഞാൻ വഞ്ചിച്ചുവെന്നും...?"
"എല്ലാമറിയുന്ന ഞാനെന്തിന് കൃഷ്ണയെ വെറുക്കണം? പക്ഷെ, മറ്റൊരു വിവാഹത്തിന്
നിനക്കെങ്ങനെ കഴിഞ്ഞുവെന്നോർത്ത് ആദ്യം
പലപ്പോഴും അറപ്പ് തോന്നിയിട്ടുണ്ട്."
ആ
വാക്കുകൾ ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. സങ്കല്പങ്ങളിൽ
വേറൊരാൾക്ക് സ്ഥാനമില്ലായിരുന്നല്ലോ. പെട്ടെന്ന് മറ്റൊരാളെ
സ്വീകരിക്കുമ്പോൾ സോമേട്ടന് അറപ്പ് തോന്നുന്നത് സ്വാഭാവികം. എന്നാലും ആ
വാക്കുകൾ വല്ലാതെ നോവിച്ചു.
"കൃഷ്ണേ...പഴയത്
നമുക്ക് വിട്ടേക്കാം. നമ്മളും മനുഷ്യരാണ്. അസൂയ- കുശുമ്പ്- വാശി- ദേഷ്യം
എല്ലാമുള്ള മനുഷ്യർ. കൂടിയും കുറഞ്ഞും അത്തരം അവസ്ഥകളിലൂടെ നമ്മൾ
സഞ്ചരിക്കും. അതിലുപരി നമ്മിൽ രൂപപ്പെട്ടിരുന്ന സ്നേഹവും പരസ്പരവിശ്വാസവും
സ്ഥായിയായി നിലനിൽക്കും. അങ്ങിനെയാണിപ്പോൾ
നമ്മൾ.."
"ഏട്ടൻ പറഞ്ഞത് ശരിയാണ്."
"കൃഷ്ണക്കെത്രയാ കുട്ടികൾ?"
"ഒരു പെൺകുട്ടി. വിവാഹം
ആലോചിക്കുന്നു."
"അപ്പോൾ സുഖമാണ്...പിന്നേ..നമ്മളൊരുമിച്ചൊരു ചിത്രം ഞാൻ മൊബൈലിൽ എടുത്തോട്ടെ?"
"അതിനെന്താ?"
സംശയങ്ങളില്ലാത്ത വിശ്വാസം. വിശ്വാസം മാത്രമല്ല, എന്റെ ആഗ്രഹം
സോമേട്ടനിലൂടെ പ്രകടമാകുന്നത് ഗൂഢമായ നിർവൃതി നല്‍കുന്നു. ആവശ്യപ്പെടാതെ,
ആഗ്രഹിച്ച ആനന്ദം അനുഭവിക്കാം. ശരിയല്ലെന്നോ മോശമെന്നോ
തോന്നാവുന്നവ ആവശ്യപ്പെട്ടില്ലെന്ന തൃപ്തിയും ലഭിക്കും. എല്ലാം ഞങ്ങളുടെ
മോഹങ്ങളായിരുന്നല്ലൊ...അതുകൊണ്ടായിരിക്കാം ഒരുമിച്ചൊരു
ഫോട്ടോ...ഒട്ടിച്ചേർന്നിരിക്കൽ...അത്തരം മോഹങ്ങൾ പെരുകുമ്പോലെ...
സോമേട്ടൻ പോക്കറ്റിൽ നിന്ന് മൊബൈലെടുത്തു. ഫ്രണ്ട് ക്യാമറയാണ് ഓണാക്കിയത്.
എന്നോട്
ചേർന്ന് നിന്നു. വലതു കൈകൊണ്ട് മൊബൈൽ മുന്നിലേക്ക് അകത്തിപ്പിടിച്ചു.
സോമേട്ടന്റെ സംസാരത്തിനും കൈകൾക്കും ചെറിയ വിറയൽ. കൂടുതൽ ചേർന്ന്
നിൽക്കുന്തോറും വിറയൽ വർദ്ധിക്കുന്നു. ഞാൻ വെറുതെ നിൽക്കുന്നതിനാൽ എന്നിലെ
പ്രകടമായ ഭാവങ്ങൾ സോമേട്ടനറിയാൻ കഴിയുന്നില്ല. എന്റെ
മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ എല്ലാം
അറിയാം. അതിനുപോലും പറ്റുന്നില്ലായിരിക്കും. അങ്ങെത്തിയിട്ടും ചെറുതിലെ
വികാരം അതേപടി എന്നത് ശരിക്കും തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
ഒരുപക്ഷെ പിരിയേണ്ടി വന്നപ്പോഴത്തെ സമയവും കാലവും കഴിഞ്ഞുള്ളത്
അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സിന്റെ പിടിവാശിയും ആകാം ഇത്തരം
വികാരങ്ങൾക്ക് നിദാനം.
ഞാനല്പംകൂടി
അടുത്ത് നിന്നു. സോമേട്ടന്റെ ഇടതു കൈമുട്ട് മാറിടത്തിൽ അമർന്നു.
ശരീരമാസകലം ഒരു പെരുപ്പ് കയറി. ഞാന്‍ ഒന്നുകൂടി മുന്നോട്ടാഞ്ഞുനിന്നു.
സോമേട്ടനിത് അനുഭവപ്പെടുന്നില്ലായിരിക്കും. അല്ലെങ്കിൽ എന്നെപ്പോലെത്തന്നെ
അറിയാത്തതുപോലെ കൈമുട്ട് അമർത്തുന്നുണ്ടായിരിക്കും. കുറെ നേരം
അങ്ങിനെത്തന്നെ
നിന്നിരുന്നെങ്കിലെന്ന് മോഹിച്ചുപോയി.
രണ്ടുമൂന്ന്
ഫോട്ടൊ എടുത്തു. സാധാരണപൊലെ സംസാരിച്ചു തുടങ്ങാൻ സോമേട്ടൻ പാടുപെടുന്നത്
മനസ്സിലായി. ഫോട്ടോകൾ ഒന്നും ശരിയായില്ല. എന്നെ കാണിച്ചു തന്നു. ഇതുമതി
എന്നും പറഞ്ഞ് മൊബൈൽ പോക്കറ്റിലാക്കി.
ആഗ്രഹപൂർത്തീകരണം
സ്വപ്നങ്ങളിലാകുമ്പോൾ പരിസരം മറക്കുന്നത് സംഭവിക്കുന്നതാണ്.
അയാൾ
കുരങ്ങന്റെ കയറിൽ പിടിച്ചും, വടികൊണ്ട് നിർദ്ദേശിച്ചും കളി
തുടരുന്നുണ്ടായിരുന്നു. വന്നുകൊണ്ടിരിക്കുകയും പോയ്ക്കൊണ്ടിരിക്കുകയും
ചെയ്യുന്ന യാത്രക്കാർ രസം പിടിച്ച് തലയാട്ടുന്നു.
കൃഷ്ണവേണിയുടെ മനസ്സ് വലിഞ്ഞുമുറുകി. ആകെ ഒരുതരം അസ്വസ്ഥത. ശരീരത്തിൽ കയറ് മുറുകുകയും അയയുകയും ചെയ്യുന്നുണ്ടായിരുന്നു. തല പെരുത്തു.
"നിറുത്തെടൊ...!" കൃഷ്ണവേണിയില്‍ നിന്ന് പുറത്തു വന്നത് പേടിപ്പിക്കുന്ന ഒരു
ശബ്ദമായിരുന്നു.
എല്ലാവരുടേയും
ശ്രദ്ധ കൃഷ്ണവേണിയിലേക്കായി. കാര്യം എന്തെന്നറിയാതെ അയാളും പകച്ചു.
കളിച്ചുകൊണ്ടിരുന്ന കുരങ്ങൻ കൈകൾ രണ്ടും മുഖത്തിനു മുകളിലൂടെ ഉയർത്തി തല
പൊത്തിപ്പിടിച്ച് അയാളുടെ കാലിനരുകിൽ കുമ്പിട്ടിരുന്നു.
"അരയിൽ നിന്നതിന്റെ കയറഴിക്കെടൊ.!"
അതൊരാജ്ഞയായിരുന്നു.
ആ മിണ്ടാപ്രാണിയെങ്കിലും അയാളിൽ നിന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. കുരുക്കഴിച്ചാൽ അതിന് ഓടിപ്പോകുകയെങ്കിലും ചെയ്യാമല്ലൊ?
‘അത് ശരിയാ’ എന്ന് മുറുമുറുത്ത ജനം അതിനെ
സ്വതന്ത്രമാക്കണമെന്നും പറഞ്ഞു.
കുടുക്കില്ലാത്ത കുരങ്ങന്റെ കളി കാണാനാണ് രസം എന്നുള്ളവർ സമ്മതഭാവത്തിൽ ചിരിച്ചൊഴിഞ്ഞു.
കുടുക്കഴിച്ചാൽ കുരങ്ങൻ ഓടിപ്പോകുമോ എന്ന ഭയം അയാളെ നിശ്ശബ്ദനാക്കിയെങ്കിലും ഒന്നിച്ചുള്ള ആരവത്തിനിടയിൽ പിടിച്ചു നിൽക്കാനായില്ല.
അയാൾ
കുരങ്ങിന്റെ അരയിലെ കുരുക്കഴിച്ചു. ജനങ്ങൾ സന്തോഷത്തോടെ ആർത്തുവിളിച്ചു.
കുരുക്കിൽ നിന്ന് വിമുക്തനായി കൂടുതൽ ഉന്മേഷത്തോടെ കളി തുടങ്ങി. വർദ്ധിച്ച
സന്തോഷത്തോടെ അയാൾ പ്രോത്സാഹിപ്പിച്ചു. അയാൾക്കരുകിൽ കൂടുതൽ
പറ്റിച്ചേർന്നാണ് കുരങ്ങനിപ്പോൾ കളിക്കുന്നത്. ഒരിക്കൽപ്പോലും ഓടിപ്പോകാൻ
ശ്രമിച്ചില്ല. അയാളുടെ ഭയം വെറുതെ...
കൃഷ്ണവേണിയുടെ വേവലാതികളും വെറുതെയാണോ? അതിന് രക്ഷപ്പെടണ്ടെ?