24/1/11

കുറച്ച് രക്തം വേണമായിരുന്നു.

21-01-2011

അത്ര വലിയ അപകടം എന്നൊന്നും പറയാനില്ല. കാറിന്റെ മുന്‍ഭാഗം ഇലക്ട്രിക്‌ പോസ്റ്റില്‍ ഒന്ന്‌ തട്ടി എന്നേ തോന്നു. പക്ഷെ പോസ്റ്റ്‌ വളഞ്ഞു. ഡ്രൈവിംഗ്‌ സീറ്റ്‌ ആകെ തകര്‍ന്നത്‌ പോലെയാണ്‌. മറ്റ്‌ വാഹനങ്ങളൊന്നും പരിസരത്ത്‌ ഇല്ല.

ഇതെങ്ങിനെ സംഭവിച്ചു എന്നതാണ്‌ എല്ലാവര്‍ക്കും അത്ഭുതം. ടാറിംഗ്‌ റോഡാണ്‌. ഒരു ചെറിയ കുഴിയുണ്ടെന്നതൊഴിച്ചാല്‍ മറ്റ്‌ പ്രശ്നങ്ങളൊന്നും റോഡിനില്ല. ചിലപ്പോള്‍ കാറിന്റെ മുന്‍വശത്തെ വലതു ചക്രം കുഴിയില്‍ വീണ്‌ നിയന്ത്രണം തെറ്റിയതായിരിക്കാം. കാറൊരു പഴഞ്ചന്‍ അംബാസിഡര്‍ ആയതിനാല്‍ അത്ര നഷ്ടമൊന്നും പറയാനില്ല.

കുഞ്ഞുവര്‍ക്കിക്ക്‌ അറുപത്തഞ്ച്‌ കഴിഞ്ഞെന്നും പറഞ്ഞ്‌ പഴഞ്ചനാണ്‌, നഷ്ടമില്ല എന്നൊന്നും പറയാനൊക്കില്ലല്ലൊ? ഈ കാര്‍ന്നോരെന്തിനാ വയസ്സ്‌ കാലത്ത്‌ വണ്ടിയോടിക്കാന്‍ നടക്കുന്നതെന്ന്‌ വേണമെങ്കില്‍ ചോദിക്കാം. ഇന്നത്തെ കാലത്ത്‌ അങ്ങിനെ ചോദിക്കുന്നതിലും കഴമ്പില്ല.

ആണും പെണ്ണുമായി അഞ്ചെട്ടെണ്ണത്തിന്റെ അപ്പനായത്‌ പാടത്തും പറമ്പിലും എല്ലുമുറിയെ പണി ചെയ്ത്‌ തന്നെ. മക്കള്‍ വലുതായി എല്ലാം പച്ച പിടിച്ചു. അമേരിക്കയിലും, ഗള്‍ഫിലും, നാട്ടില്‍ ബിസ്സിനസ്സും ഒക്കെയായി നല്ല നിലയിലാണ്‌. അധികം പഠിപ്പൊന്നും ഇല്ലെങ്കിലും എല്ലാത്തിനും കാശുണ്ടാക്കാന്‍ അറിയാം. കാശായാല്‍പ്പിന്നെ പഴയത്‌ പോലെ തവ്ടും കപ്പയും കഞ്ഞിയും കുടിച്ച്‌ നടന്നാല്‍ പോരല്ലൊ. പണത്തിന്റെതായ ചുറ്റുപാടില്‍ ജീവിക്കണ്ടെ? അപ്പോള്‍പ്പിന്നെ പുത്തന്‍ ബംഗ്ളാവും കാറുമൊക്കെ ആകുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലല്ലൊ.

ഏത്‌ തവ്ട്‌ തിന്നിരുന്ന അപ്പനാണെന്ന്‌ പറഞ്ഞാലും ഇതൊക്കെ കണ്ടാല്‍ ഒരു പൂതി ഇല്ലാതിരിക്കൊ? എന്നാലും കുഞ്ഞുവര്‍ക്കിക്ക്‌ പഴയ കൈക്കോട്ടും ചെളിയും തന്നെയായിരുന്നു ഇഷ്ടം. കാറൊക്കെ കാണുമ്പോള്‍ കൌതുകത്തോടെ നോക്കും എന്നല്ലാതെ അതോടിക്കാന്‍ വലിയ കൊതിയൊന്നും ഇല്ലായിരുന്നു എന്ന്‌ പറഞ്ഞാല്‍ തെറ്റായിപ്പോകും. മനുഷ്യനല്ലെ. ആഗ്രഹങ്ങള്‍‍ എപ്പൊഴൊക്കെയാണ്‌ മാറുന്നതെന്ന്‌ പറയാന്‍ പറ്റില്ലല്ലൊ?

ബിസ്സിനസ്സുകാരന്‍, മൂത്തമകന്‍ ആദ്യമായി വാങ്ങിയ കാറാണ്‌ അംബാസിഡര്‍. അപ്പന്റെ ചെളിപിടിച്ച കയ്യോണ്ട്‌ അത് മ്മെ തൊട്ട്‌ ചീത്യാക്കണ്ടാന്ന്‌ അന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇപ്പോളത്‌ കുഞ്ഞുവര്‍ക്കി മാത്രെ തൊടു. മറ്റുള്ളവര്‍ക്കൊക്കെ വില കൂടിയ ഒന്നാന്തരം കാറുകളായി.

തൂറോളം പേടിയായിരുന്ന ഇളയമകള്‍ മേരിക്കുട്ടിവരെ കാറോടിച്ച്‌ പഠിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ മക്കള്‍ക്കൊരു പൂതി, അപ്പനും കൂടി പഠിക്കണമെന്ന്‌. അപ്പോള്‍ കുടുംബത്തിന്‌ ഒരു പേരായി.

അങ്ങിനെയാണ്‌ കുഞ്ഞുവര്‍ക്കിയും ഡ്രൈവിംഗ്‌ പഠിച്ചത്‌. പഠിച്ച്‌ കഴിഞ്ഞപ്പോള്‍ അതൊരാവേശമായി. ഷര്‍ട്ടിടാതെ കള്ള് കുടിക്കാന്‍വരെ കുഞ്ഞുവര്‍ക്കി കാറോടിച്ച്‌ പോയി. ബൈക്കിലെ മീന്‍ വില്‍പന പോലെ അംബാസിഡറിലെ കുഞ്ഞുവര്‍ക്കിയുടെ ഷര്‍ട്ടിടാത്ത ഡ്രൈവിങ്ങാണ്‌ കാറിന്റെ തരം താഴലിന്‌ കാരണമെന്ന്‌ ചിലരൊക്കെ കുശുമ്പ്‌ പറഞ്ഞു.

ഇത്തവണ കൃസ്തുമസ്സ്‌ തലേന്ന്‌ ചില മക്കളും പേരക്കുട്ടികളുമായി വീട്‌ നിറഞ്ഞു. വല്ലപ്പോഴുമെ ഇങ്ങനെ സംഭവിക്കാറുള്ളു. കൃസ്തുമസ്സിന്‌, തികയാത്ത ഒന്നുരണ്ട്‌ കുപ്പി കൂടി ഒപ്പിക്കാന്‍ പോയതാണ്‌ കുഞ്ഞുവര്‍ക്കി.

വണ്ടി ഇടിച്ചതും, എവിടെ നിന്നെന്നറിയില്ല റോഡ്‌ മുഴുവന്‍ ജനങ്ങള്‍. യുവതലമുറ മുഴുവന്‍ മൊബൈലെടുത്ത്‌ ഫോട്ടൊ കീച്ചുന്ന തിരക്കിലാണ്‌. ഇലക്ട്രിക്‌ പോസ്റ്റ്‌ 'റ' പോലെ വളഞ്ഞ്‌ നില്‍പ്പുണ്ട്‌. ഡ്രൈവിംഗ്‌ സീറ്റില്‍ കുരുങ്ങിയ കുഞ്ഞുവര്‍ക്കിയെ പുറത്തേക്കിറക്കാന്‍ മൊബൈലില്ലാത്തവര്‍ തന്നെ വേണ്ടിവന്നു. സ്റ്റിയറിംഗ്‌ നെഞ്ചോട്‌ ചേര്‍ന്ന്‌ അമര്‍ന്നിരുന്ന കുഞ്ഞുവര്‍ക്കിയുടെ തല പൊളിഞ്ഞ്‌ ചോര മുഖത്ത്‌ മുഴുവന്‍ പരന്നു. ഡോറ്‌ തുറക്കാന്‍ പറ്റാത്തതിനാല്‍ അത്‌ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. വഴിയെ വന്ന ഓട്ടോയില്‍ കയറ്റുമ്പോള്‍ കുഞ്ഞുവര്‍ക്കിക്ക്‌ ബോധം ഇല്ലായിരുന്നു.

അറിയപ്പെടുന്ന ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലാണ്‌ കുഞ്ഞുവര്‍ക്കി ഇപ്പോള്‍. ബോധം ഇല്ലാതിരുന്നതിനാലാണ്‌ സ്വകാര്യ ആശുപത്രിയില്‍ ആക്കാന്‍ കഴിഞ്ഞത്‌. അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേ കുഞ്ഞുവര്‍ക്കി പോകു. നാല്‌ കാശിന്‌ വഴിയുള്ളവരാണെന്ന്‌ അറിഞ്ഞാല്‍ അവരുടെ അടി വരെ കുഴിച്ചിട്ടേ സ്വകാര്യക്കാര്‍ രോഗികളെ പേര്‌ വെട്ടി പറഞ്ഞ്‌ വിടു എന്നായിരുന്നു കുഞ്ഞുവര്‍ക്കിയുടെ പക്ഷം.

ബിസ്സിനസ്സുകാരന്‍ മകനാണ്‌ ആദ്യം ആശുപത്രിയില്‍ ഓടിയെത്തിയത്‌. അത്യാഹിതവിഭാഗത്തില്‍ വേറെയും രോഗികള്‍ ഉള്ളതിനാല്‍ മുന്‍വശം അല്‍പം തിരക്കിലായിരുന്നു. വന്നപാടെ പെട്ടെന്നുള്ള ആകാംക്ഷ കൊണ്ട്‌ എല്ലാം വെറുതെ ഒന്നെത്തിനോക്കി‍ അയാള്‍ ഒഴിഞ്ഞുകിടന്ന ഒരു കസേരയില്‍ ചെന്നിരുന്നു.

ഡ്യൂട്ടി നേഴ്സ്മാരുടെ തിരക്ക്‌ പിടിച്ച ഓട്ടവും, പ്രിയപ്പെട്ടവരുടെ വേദന പങ്കിടാനെത്തുന്ന ഉറ്റവരുടെ വേവലാതികളും, ഗ്ളാസ്സിനകത്തേക്ക്‌ എത്തിനോക്കുന്നവരുടെ ആകാംക്ഷയും, സ്നേഹത്തിന്റെ കാഠിന്യം കവിഞ്ഞൊഴുകിയ കണ്ണുകളുമൊന്നും അയാളുടെ കാഴ്ചയില്‍ പെട്ടില്ല. ഒരു കടമ പോലെ അയാള്‍ എന്തിനൊ വേണ്ടി കസേരയില്‍ ഇരുന്ന് സ്വന്തം ബിസ്സിനസ്സിനെക്കുറിച്ചോര്‍ത്തു‌.

നാളെ കൃസ്തുമസ്സ്‌ കഴിഞ്ഞ്‌ പോകാനിരുന്നതാണ്‌. സ്വന്തം അനിയനെയാണ്‌ ഏല്‍പിച്ചിരുന്നതെങ്കിലും വിസ്വാസമില്ല. പോയേ തീരു. സ്വന്തം കാര്യം അവതാളത്തിലാക്കിയിട്ട്‌ അപ്പന്‌ കാവലിരിക്കാന്‍ പറ്റുമൊ? ഏത്‌ നേരത്താണാവൊ തനിക്ക്‌ കൃസ്തുമസ്സിന്‌ വരണം എന്ന്‌ തോന്നിയത്‌. സ്വന്തം മക്കള്‍‍ അപ്പൂപ്പനെ കാണണം എന്ന്‌ വാശി പിടിച്ചപ്പോള്‍ രണ്ടു ദിവസമല്ലെ എന്ന്‌ കരുതിയാണ്‌ മൂളിയത്‌. ഇതിങ്ങിനെ ആയിത്തീരുമെന്ന്‌ ആരറിഞ്ഞു? ആരെങ്കിലും വന്നാല്‍ ഇവിടെ നിന്ന്‌ രക്ഷപ്പെടണം.

മനസ്സ്‌ മുഴുവന്‍ ബിസ്സിനസ്സ്‌ സ്ഥലത്തായ അയാളെഴുന്നേറ്റ്‌ ഡെറ്റോള്‍ മണം നിറഞ്ഞ്‌ നിന്ന ഹാളിനകത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മരുന്നിന്റെ നേരിയ മണത്തിനിടയില്‍ പലരുടെയും ആശകളും ഭയവും ചിതറിക്കിടന്നിരുന്നു.

മുഖത്ത്‌ ദു:ഖം വരുത്തി ഓടിക്കിതച്ചെത്തുന്ന സഹോദരിമാരെ കണ്ടപ്പോള്‍ അല്‍പം ആശ്വാസം തോന്നി. നിമിഷം കൊണ്ട്‌ അയാള്‍ ബിസ്സിനസ്സില്‍ നിന്ന്‌ മനസ്സിനെ പറിച്ചെടുത്ത്‌ അത്യാഹിതവിഭാഗത്തിന്‌ മുന്നിലെ വിഷാദങ്ങളില്‍ കലര്‍ത്തി. അപ്പോഴും മറ്റ്‌ പുരുഷന്മാര്‍‍ ആരും വരാതിരുന്നത്‌ അയാളെ പ്രയാസപ്പെടുത്തി. സ്വന്തം ഭര്‍ത്താക്കാന്‍മാരെ അവരവരുടെ കാര്യങ്ങള്‍‍ക്ക്‌ പറഞ്ഞയച്ച്‌ കുറ്റങ്ങള്‍ക്ക്‌ ഇട നല്‍കാതെ വന്നെത്തിയ സഹോദരിമാര്‍ കേമികള്‍ തന്നെ. അയാള്‍ മനസ്സില്‍ ഓര്‍ത്തു.

"കുഞ്ഞുവര്‍ക്കിയുടെ കൂടെ ആരെങ്കിലും ഉണ്ടൊ?" ഒരു ചെറിയ തുണ്ടുകടലാസുമായി വാതില്‍ തുറന്ന്‌ പ്രത്യക്ഷപ്പെട്ട നേഴ്സിന്റെ ശബ്ദം ചിതറിക്കിടക്കുന്നവരെയെല്ലാം അങ്ങോട്ടടുപ്പിച്ചു. ചെറിയൊരു തിക്കിത്തിരക്കോടെ ആകാംക്ഷയോടെ ഓരോരുത്തരും വിവരങ്ങള്‍ അറിയാന്‍ അങ്ങോട്ടേക്ക്‌ നീങ്ങി. കൂട്ടത്തില്‍ നിന്ന്‌ അയാള്‍ നേരെ നേഴ്സിന്റെ മുന്നിലേക്ക്‌ ചെന്നു.

"ഏബി നെഗറ്റീവ്‌ രക്തം ഉടന്‍ വേണം. ഇവിടെ സ്റ്റോക്കില്ല" കൂടുതലൊന്നും പറയാതെ മറ്റാരേയും ശ്രദ്ധിക്കാതെ തുണ്ടുകടലാസ്സ്‌ അയാള്‍ക്ക്‌ കൊടുത്ത്‌ നേഴ്സ്‌ അകത്തേക്ക്‌ പോയി. പ്രതീക്ഷ മാത്രം ബാക്കിയാക്കി കൂട്ടം വീണ്ടും ചിതറി.

കയ്യിലിരുന്ന കടലാസ്സിലേക്ക്‌ നോക്കി 'മാരണം' എന്നയാള്‍ പിറുപിറുത്തു. ഇതിനുവേണ്ടി ഇനി എവിടെ പോകണം എന്ന്‌ നിശ്ചയമില്ലായിരുന്നു. മൊബൈലെടുത്ത്‌ ചിലരെ വിളിച്ചു. കയ്യിലിരുന്ന കടലാസ്‌ കഷ്ണവുമായി അയാള്‍ പുറത്തേക്കിറങ്ങി.

കാറോടിച്ച്‌ പോകുമ്പോഴും നാളെ കഴിഞ്ഞ്‌ തിരിച്ച്‌ പോകുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.

റോഡിനോട്‌ ചേര്‍ന്ന പുറമ്പോക്കില്‍ ഓല കെട്ടി മേഞ്ഞ കുടില്‍ പോലെ തോന്നിക്കുന്ന ഒരിടത്ത്‌ അയാള്‍ കാര്‍ നിര്‍ത്തി. കോണ്‍ക്രീറ്റിന്റെ ഒടിഞ്ഞ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ മുന്‍ഭാഗത്ത്‌ ബെഞ്ച്‌ പോലെ സ്ഥാപിച്ചിട്ടുണ്ട്‌. ഇറയില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന തകരത്തില്‍ ചുവന്ന പെയ്ന്റ്‌ കൊണ്ട്‌ ആര്‍ട്ട്സ്‌ &‌ സ്പോര്‍ട്ട്സ്‌ ക്ലബ്ബ്‌ എന്നെഴുതിയിരിക്കുന്നു. ആ പരിസരം എന്തൊ, അയാള്‍ക്കിഷ്ടപ്പെട്ടില്ല. വല്ലാതെ ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥ. ഇതാണൊ ഇത്ര വലിയ ക്ലബ്ബെന്നയാള്‍ മനസ്സിലോര്‍ത്തു.

കാറില്‍ നിന്നിറങ്ങി ക്ലബ്ബിലേക്ക്‌ നടന്നു. ക്യാരന്‍സ്‌ കളിച്ചുകൊണ്ടിരുന്നവര്‍ പരിചയമില്ലാത്ത മുഖം കണ്ട്‌ കളി നിര്‍ത്തി അയാളെ ശ്രദ്ധിച്ചു.

"ഷെരീഫ്‌...?" ചെറിയൊരു സങ്കോചത്തോടെ അയാള്‍ ചോദിച്ചു.

"ഞാനാണ്‌ ഷെരീഫ്‌. ക്ലബ്ബിന്റെ സെക്രട്ടറി."കൂട്ടത്തില്‍ താടി വെച്ചവന്‍ പറഞ്ഞു. സൌമ്യമായ മുഖം.

"ഡേവിസ്‌ മാഷ്‌ പറഞ്ഞിട്ടാണ്‌ ഞാന്‍ വന്നത്‌. അത്യാവശ്യമായി അല്‍പം രക്തം വേണ്ടിയിരിക്കുന്നു. അപ്പനൊരു ആക്സിഡന്റ്‌ പറ്റി." ഒറ്റ ശ്വാസത്തിനാണ്‌ പറഞ്ഞത്‌. കടലാസ്സിലെ കുറിപ്പ്‌ ഷെരീഫിന്‌ നല്‍കി.

"റെയര്‍ ഗ്രൂപ്പാണ്‌. ഞങ്ങളുടെ ലിസ്റ്റില്‍ രണ്ട്‌ പേരുണ്ട്‌. കൂലിപ്പണിക്കാരാണ്‌. ജോലിക്ക്‌ പോയിരിക്കുന്നു. സാരമില്ല. നമുക്കവരെ വിളിക്കാം." കുറിപ്പ്‌ നോക്കിക്കൊണ്ട്‌ ഷെരീഫ് പറഞ്ഞു.

കാര്യം നടക്കുമെന്ന്‌ ഡേവിസ്‌ മാഷ്‌ പറഞ്ഞത്‌ ശരിയാണെന്ന്‌ അയാളോര്‍ത്തു. ഒരു പൊല്ലാപ്പിന്‌ പരിഹാരമായി എന്നതില്‍ ആശ്വസിച്ചു. എത്രയും വേഗം അവരെയും കൂട്ടി പുറപ്പെടാന്‍ അയാള്‍ തയ്യാറായിരുന്നു.

"സാറിന്റെയും ബന്ധുക്കളുടെയും രക്തം നോക്കിയില്ലെ സാറെ. സാധാരണ ബന്ധുക്കളുടെ രക്തം ചിലപ്പോള്‍ ഒരേ ഗ്രൂപ്പില്‍ പെട്ടതായിരിക്കാറുണ്ട്‌." ഷെരീഫ്‌ ഒരു സംശയം ചോദിച്ചു.

പെട്ടെന്നയാള്‍ക്ക്‌ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഒന്ന്‌ പരുങ്ങി. അല്ലെങ്കിലും കള്ളം പറയേണ്ടിവരുമ്പോള്‍ ഒരു പരുങ്ങല്‍ സ്വാഭാവികമാണല്ലൊ. ഒരിക്കല്‍ അമ്മയ്ക്ക്‌ രക്തത്തിന്‌ വേണ്ടി എല്ലാ മക്കളേയും ടെസ്റ്റ്‌ ചെയ്തിരുന്നത്‌ അയാള്‍ ഓര്‍ത്തു. തന്റെയും രണ്ട്‌ സഹോദരിമാരുടെയും രക്തം അതേ ഗ്രൂപ്പാണെന്ന്‌ ഇവരോടെങ്ങനെ പറയും? അല്ലേങ്കില്‍ തന്നെ തന്റെ രക്തം എടുത്തിട്ടുള്ള കളി ഒന്നും വേണ്ട. ഇവര്‍ക്ക്‌ എത്ര പണം വേണമെങ്കിലും കൊടുക്കാമല്ലൊ. പിന്നെന്തിനാ ഇവര്‍ വേണ്ടാത്ത കാര്യം അന്വേഷിക്കുന്നത്‌?

"ഇല്ല. തിരക്കിനിടയില്‍ അതോര്‍ത്തില്ല." അയാള്‍ പറഞ്ഞൊപ്പിച്ചു.

"പെട്ടെന്ന്‌ ചെയ്യേണ്ടതെല്ലാം മറക്കുന്നവരാണ്‌ ഇപ്പോള്‍ വരുന്നവരില്‍ അധികവും. സാറൊരു കാര്യം ചെയ്യ്‌. പെട്ടെന്ന്‌ തിരിച്ച്‌ പോയി സാറിന്റെയും ബന്ധുക്കളുടെയും ടെസ്റ്റ്‌ ചെയ്ത്‌ നോക്ക്‌. ചേരുന്നില്ലെങ്കില്‍ എനിക്ക്‌ ഫോണ്‍ ചെയ്യ്‌. അഞ്ച്‌ മിനിറ്റിനകം ഞങ്ങളെത്താം. വെറുതെ എന്തിനാ പണിക്ക്‌ പോയവരെ ബുദ്ധിമുട്ടിക്കുന്നത്‌?" അയാളുടെ മറുപടിയില്‍ സംശയം തോന്നിയ ഷെരീഫ്‌ പോംവഴി നിര്‍ദേശിച്ചു.

മറുത്തൊന്നും പറയാന്‍ അയാള്‍ക്കില്ലായിരുന്നു. തല കുമ്പിട്ട്‌ കാറിനടുത്തേക്ക്‌ തിരിച്ച്‌ നടന്നു.

പറഞ്ഞത്‌ അല്‍പം കൂടിപ്പോയൊ എന്ന്‌ ഷെരീഫിന്‌ തോന്നാതിരുന്നില്ല. ഇതിനെക്കാള്‍ ചെറുതാക്കി ഇത്തരക്കാരോട്‌ എന്താണ്‌ പറയുക? എങ്കിലും മനസ്സില്‍ പ്രയാസം തോന്നി. അധികം ആലോചിക്കാതെ ഓട്ടൊ വിളിച്ച്‌ രണ്ടാളേയും ജോലിസ്ഥലത്ത്‌ നിന്ന്‌ വിളിച്ച്‌ ആശുപത്രിയിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴാണ്‌ മനസ്സിന്‌ ആശ്വാസം കിട്ടിയത്‌.

ഹോസ്പ്പിറ്റലിന്‌ മുന്നില്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അയാള്‍ മുന്‍വശത്ത്‌ തന്നെ മറ്റാരാടൊ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ചെറിയൊരു പന്തികേട്‌ അയാളില്‍ ദൃശ്യമായിരുന്നു. ഷെരീഫിനെ കണ്ടതും അയാള്‍ അടുത്തേക്ക്‌ വന്നു.

"രക്തം വേണ്ടിവന്നില്ല ഷെരീഫ്‌. അതിന്‌ മുന്‍പ്‌ അപ്പന്‍ പോയി."

പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാത്ത അയാളുടെ മറുപടി ഷെരീഫും കൂട്ടരും പ്രതീക്ഷിച്ചിരുന്നൊ എന്തൊ...

7/1/11

കാളിപ്പെലിയെ പട്ടി കടിച്ചു.

07-01-2011

"അമ്മ്മ്മേ..അമ്മ്മ്മേ.."

കടയില്‍ നിന്ന്‌ വാങ്ങിയ ഒന്നുരണ്ട്‌ പൊതികളുമായി റോഡിലൂടെ നടന്നിരുന്ന കാളിപ്പെലി തിരിഞ്ഞു നോക്കി. സ്കൂള്‍ വിട്ടുവരുന്ന റോണിയും സഫറുവും ബാഗും തൂക്കിപ്പിടിച്ച്‌ ഓടിയടുത്തു. അഞ്ചാം ക്ളാസിലാണ്‌ രണ്ടുപേരും.

"അമ്മ്മ്മേ, പട്ടി കടിച്ചത്‌ എവ്ട്യ?"

കൈത്തണ്ട നീട്ടി കെട്ടഴിച്ച്‌ കാണിച്ച്‌ കൊടുത്തു. കടിച്ചുപൊളിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്ന്‌ പല്ല്‌ ഏറ്റിട്ടുണ്ട്‌.

"ആസൊത്രി പോയ്.ല്ലെ? വെഷംണ്ടാവുന്ന്‌ അപ്പനും അമ്മേം ന്നലെ രാത്രി  പറയ്.ണ്ണ്ടാര്‍ന്നു"

"നീ പോട മണ്ട. പട്ടി കടിച്ചാ വെഷല്ലണ്ടാവ. പേയെളകും. ഉപ്പ പറഞ്ഞത്‌ അങ്ങ്നാ. നീ സില്‍മേല്‌ കണ്ട്ട്ട്.ല്ലെ, വായേന്ന്‌ പത വന്ന്‌ പട്ട്യേപ്പോലെ കൊരക്കണത്‌ മന്ഷ്യമ്മാര്‌."

"മൊക്കള് പേടിക്കണ്ട. അമ്മ്മ്മക്ക്‌ കൊഴപ്പൊന്നും ണ്ടാവ് ല്ല. പത്തറ്പത്‌ വയസിന്റെടേല് ഒര്‌ ജലദോശപ്പനിപ്പോലും വന്ന്റ്റ്.ല്ല."

"ഞാന്ന്.ലെ അപ്പനോട്‌ പറഞ്ഞതാ അയ്.നെ കൊന്നളയാന്‍. എനിക്കയ്.നെ ഇശ്റ്റാണെങ്കിലും ആളോളെ കടിച്ചാ കൊല്ലന്നെ വേണം."

"പട്ടീനെ കൂട്ടീ കേറ്റണേലും മുന്ന്‌ ഞാന്‍ വന്നോണ്ടല്ലെ കടിച്ചേ. അത്‌ പോട്ടെ. കുട്ടമ്മാര്ടെ വിസേസം പറയ്‌."

"ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്.ണ്ണ്ട്‌. ആ തുറുകണ്ണന്‍ തോമക്കാ കൂടുതല്‌ എളക്കം. റൂള്‍ പെന്‍സ്‌ലോണ്ട്‌ കണ്ണിലൊര്‌ കുത്ത്‌ കൊട്ക്കാന്‍ അറിയാണ്ടല്ല."

"മൊക്കളും കാളിപ്പെലീന്ന്‌ വിളിച്ചാ മതി. തല്ല്‌ കൂടാനൊന്നും പോണ്ട. ഇപ്പൊ രാമന്നായരേം, ചങ്ക്രന്‍ നമ്പൂരിയേം, മൊയ്തു ഹാജിയേം ആരാനും ചേട്ടാന്നൊ ഇക്കാന്നൊ വിളിക്കാറ്‍ണ്ടൊ? അത്പോലാ കാളിപ്പെലീന്നും."

ആ ഗ്രാമത്തിലെ കൊച്ചുകുട്ടികളടക്കം എല്ലാവരും കാളിപ്പെലീന്നാ വിളിക്കാറ്‌. അതില്‍ അവര്‍ക്കൊരു പ്രയാസവും ഇല്ല. അതൊരു ബഹുമതി പോലെയാണ്‌. വിളി കേള്‍ക്കുന്നതില്‍ അവര്‍ക്കും, വിളിക്കുന്നതില്‍ ഗ്രാമീണര്‍ക്കും എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. അപൂര്‍വ്വം ചിലരെല്ലാം പ്രമാണിത്തം കാണിക്കാന്‍ കാളീന്നും, ചില പിള്ളേരൊക്കെ അമ്മൂമ്മേന്നും വിളിക്കും. കാളി എന്ന വിളിയില്‍ അധികാരവും അമ്മൂമ്മെ എന്ന വിളിയില്‍ സ്നേഹവും വിരിയും. കാളിപ്പെലീന്നുള്ള വിളിയില്‍ ഇത്‌ രണ്ടും ഉണ്ടാകാറില്ല.

"പേര്‌ വിളിക്കുമ്പൊ ഞങ്ങക്കൊര്‌ വെഷ്മം പോലെ. അതോണ്ടാ... ഈ സഫറൂന്‌ തന്നെ അമ്മ്മ്മേന്ന്‌ വിളിക്കാന്‍ മട്യാര്‍ന്ന്‌. മാപ്‌ളമാരൊക്കെ ഉമ്മുമ്മാന്നും, എളീമ്മാന്നും, വല്യുമ്മാന്നും വിളിക്കണ പോലെ ഒരിതില്ലല്ലൊ അമ്മ്മ്മാന്ന്‌ വിളിയ്ക്യാന്‍. ഇമ്മ്ക്കും അങ്ങ്നന്നെ."

"അപ്പൊ നസ്രാണികള്‌ മാമാനെ അച്ചാന്ന്‌ വിളിക്കണതൊ" സഫറുവും വിട്ട്‌ കൊടുക്കാന്‍ തയ്യാറായില്ല.

"യെങ്ങ്നെ വിളിച്ചാലും സ്നേഹംണ്ടായാ മതി. കുട്ടമ്മാര്‌ തല്ല്‌ കൂടണ്ട."

"അമ്മ്മ്മക്ക്‌ യിതൊക്കെ പൊറത്ത്ട്ട്‌ നടക്കാന്‍ നാണാവ് ല്ലെ? ജാക്കറ്റ്‌ ഇട്ടൂടെ..?"റോണിനായിരുന്നു സംശയം.

"നിക്ക്പ്പൊ അറ്പത്‌ ആയില്ലെ. ഞ്ഞിപ്പൊ ന്ത്‌ നാണംണ്ടാവാനാ?"

"നീയൊരു പൊട്ടന്‍ തന്നാ റോണി. വയസമ്മാരായാ നാണംണ്ടാവ് ല്യാന്ന്‌ ആര്‍ക്കാ അറിയാത്തെ?" അതും പറഞ്ഞ്‌ സഫറു അമ്മ്മ്മേടെ തൊറന്ന്‌ കെട്ക്കണ അതുമ്മെ ഒന്ന്‌ തൊട്ട്‌ നോക്കി.

ശരീരം മൊത്തമുള്ള കറുത്ത നിറത്തിന്‌ എണ്ണമയം തോന്നിച്ചിരുന്നു. ഒന്ന്‌ പോലും നഷ്ടപ്പെടാത്ത പല്ലുകള്‍ക്ക്‌ നല്ല വെളുപ്പ്‌ നിറം. അതുകൊണ്ടുതന്നെ കാളിപ്പെലിയുടെ ചിരിക്ക്‌ ഇപ്പോഴും സൌന്ദര്യമുണ്ട്‌. കുട്ടികളെ വലിയ ഇഷ്ടമായിരുന്ന അവര്‍ ഒറ്റമുണ്ട്‌ മാത്രം ഉടുത്തെ കാണാറുള്ളു. ആദ്യമെല്ലാം ബ്ളൌസ്‌ ഉപയോഗിച്ചിരുന്നെങ്കിലും പിന്നെ അത്‌ മാറ്റി. പകരം ഒരു തുണി മുന്‍ഭാഗത്തിട്ട്‌ അതിന്റെ തലഭാഗം കഴുത്തിന്‌ പിന്നില്‍ കെട്ടിവെക്കും. കുമ്പിട്ട്‌ നിന്ന്‌ പണിയെടുക്കുമ്പോള്‍ അതൊരു തടസ്സമായതിനാല്‍ പിന്നീടതും മാറ്റി. കറുത്ത നിറമുള്ള മൂരിനാക്ക്‌ പോലെ നെഞ്ചിനൊരലങ്കാരമായി അത്‌ രണ്ടും ഞാന്ന്‌ കിടക്കുന്നതല്ലാതെ പ്രത്യേകതകളൊന്നും ഇല്ലായിരുന്നു.

ചെറുപ്പം മുതലെ പണിയെടുത്ത്‌ ഉറച്ച ശരീരം. ഇപ്പോഴും അതേ ആവേശത്തോടെ ജോലി ചെയ്യും. സ്ഥിരമായി ഒരു സ്ഥലത്ത്‌ പണിയില്ല. നേരം വെളുത്താല്‍ എല്ലാ വീട്ടിലും കയറി ഇറങ്ങും. ചെല്ലുന്ന സമയത്ത്‌ ആ വീട്ടില്‍ എന്ത്‌ പണിയാണൊ നടക്കുന്നത്‌ അതിനൊപ്പം ചേരും. ഊണ്‌ കഴിക്കുന്ന നേരത്താണ്‌ ചെല്ലുന്നതെങ്കില്‍ അവിടെനിന്ന്‌ ചോറ്‌ വാങ്ങി പുറത്തിരുന്ന്‌ കഴിക്കും.

എതിരെ സൈക്കിളില്‍ വന്ന ദാമോദരന്‍ അവര്‍ക്ക്‌ മുന്നില്‍ സൈക്കിള്‍‍ നിര്‍ത്തി. 'ചുന്ദരിക്കാളീടെ എവ്ട്‌യാ പട്ടി കടിച്ചെ..?"

കാല്‌ തറയില്‍ കുത്തി സൈക്കിളില്‍ ഇരുന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു. കൈത്തണ്ട നീട്ടി കടിച്ച സ്ഥലം അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.

"ന്ന്‌ എവ്ടേം വാര്‍ക്കപ്പണില്ലെ. പെണ്ണ്‍ങ്ങടെ വായേ നോക്കാന്‍ പുവ്വാന്‍."

വാര്‍ക്കപ്പണി നടക്കുന്നിടത്ത്‌ ചെന്ന്‌ പെണ്ണ്ങ്ങള്‍ടെ വായില്‍ നോക്കിയിരിക്കിലാണ്‌ പ്രധാന പണി. വേറെ ഉപദ്രവം ഒന്നും ഇല്ലാത്തതിനാല്‍ ആരും ഒന്നും പറയാറില്ല.

"ആസോത്രീ പോയി കൊറച്ച്‌ ഇഞ്ചെശ് ണം കുത്തിക്കൊ. അല്ലെങ്കി പേയെളകും. ചെലപ്പൊ തള്ളേടെ മൊല കണ്ട്ട്ടാവും പട്ടിക്ക്‌ പ്രാന്ത്‌ വന്നത്‌. ഈ ചെരനാക്കിന്റെ മോളീക്കൂടെ യെന്ത്ങ്കിലും ഇട്ത്ത്‌ ഇട്ടൂടെ തള്ളയ്ക്ക്‌."

"നീ പോട വായേനോക്കി. ഞാന്‍ ബോഡീം ജാക്കറ്റും ഇട്ട്‌ കുന്തം മായ്‌രി നിര്‍ത്തിറ്റ്‌ വേണം നെന്നെപ്പോലുള്ളോര് ‍ക്ക്‌ രാത്രി വന്നെന്നെ കൊല്ലാന്‍..?"

"ഉവ്വ. നല്ല മൊതല്‌ തന്നെ. കുഴില്‍ക്ക്‌ ഇട്ക്കാറായ നിങ്ങ്ടെ അട്ത്ത്‌ ആര്‌ വരാനാ..?"

"മൊലകുടി മാറാത്ത കൊച്ച്ങ്ങ്‌ളെ വരെ വെറ്‌തെ വിടാത്തോരാ നിങ്ങള്‌ കൊറെ ആണ്ങ്ങ്‌ള്‌.
എങ്ങ്ന് ത്ത് യാലും പെണ്ണാന്ന്‌ കണ്ടാ മിറ്‍ഗങ്ങളാകണോര്‌. നീ പോയി നെന്റെ പാട്‌ നോക്കട ചെക്കാ. വാ മക്കളെ."

അവര്‍ മുന്നോട്ട്‌ നടന്നു.

കൈകാലുകള്‍ പോലെ ശരീരത്തിന്റെ ഒരു ഭാഗം എന്നതില്‍ കവിഞ്ഞ പ്രത്യേകതളൊന്നും അവര്‍ക്ക്‌ തോന്നിയിരുന്നില്ല. ബ്ളൌസ്‌ ഉപയോഗിക്കാത്തതിനാല്‍ ശരീരത്തില്‍ നിറവ്യത്യാസം ഇല്ലായിരുന്നു. ആകെ കറുപ്പ്‌ മാത്രം. ചിലര്‍ക്കൊക്കെ തമാശ തോന്നും എന്നല്ലാതെ അങ്ങിനെ നടക്കുന്നതുകൊണ്ട്‌ ഗുണമെ ഉള്ളു എന്നായിരുന്നു കാളിപ്പെലിയുടെ തിയറി.

"അമ്മ്മ്മ ഈ കൈയ്യെടോയീക്കൂടെ പോട്ടെ. മൊക്കള്‌ നടന്നൊ"

"അമ്മ്മ്മ പോയി ഇഞ്ചെഷം ചെയ്തൊട്ടൊ. അല്ലെങ്കി അയാള്‌ പറഞ്ഞ പോലെ പേയെളഗ്യാലൊ" റോണിക്കാണ്‌ ആശങ്ക.

"അമ്മ്മ്മ പുവ്വാം. മൊക്കള്‌ പറഞ്ഞതല്ലെ."

നടക്കുന്തോറും റോണിയുടെ മനസ്സില്‍ സംശയം. സഫറുവിന്റെ ഉപ്പയുടെ വാക്കുകളും ദാമോദരന്റെ വാക്കുകളും കൊച്ചുമനസ്സില്‍ ഭയത്തിന്റെ കൂട്‌ കെട്ടി.

വീട്ടിലേക്ക്‌ കയറിയപ്പോള്‍ കറുപ്പും വെളുപ്പും നിറത്തോടുകൂടിയ പട്ടി കൂടിനകത്ത്‌ കിടന്ന്‌ വാലാട്ടി മുരണ്ടു. അതിനെ ഏറ്റവും ഇഷ്ടം റോണിക്കായിരുന്നു. സ്ക്കൂള്‍ വിട്ട്‌ വരുമ്പോള്‍ തന്നെ കൂടിനടുത്ത്‌ പോയി പട്ടിയെ ഒന്ന്‌ തലോടിയിട്ടേ വീടിനകത്ത്‌ പോലും കയറുമായിരുന്നുള്ളു. ഇന്നല്‍പം ദേഷ്യത്തോടെ ഒന്ന്‌ തല ചരിച്ച്‌ നോക്കിയതല്ലാതെ അതിനടുത്തേക്ക്‌ പോകാന്‍ റോണിക്കായില്ല. അകത്ത്‌ കടന്ന് ബാഗ്‌ വെച്ച്‌ കട്ടിലില്‍ പോയികിടന്നു. എന്ത്‌ പറ്റിയെന്ന അമ്മയുടെ ചോദ്യത്തിന്‌ തലവേദന എന്ന്‌ പറഞ്ഞൊഴിഞ്ഞു.

കനത്ത ഇരുമ്പഴികളോടെ നിര്‍മ്മിച്ച ഒരു മുറിക്കുള്ളില്‍ അമ്മ്മ്മയെ പൂട്ടിയിട്ടിരിക്കുന്നു. പട്ടിയെപ്പോലെ ചാടിച്ചാടി നടന്ന്‌ നിലത്ത്‌ വീഴുന്നു. മുറിക്കുള്ളില്‍ വെച്ചിരുന്ന ഭക്ഷണത്തിലൂടെ ചാടിമറിഞ്ഞ്‌ ചിറിയില്‍ നിന്ന്‌ പതയൊലിപ്പിച്ച്‌ വല്ലാത്ത ഒരു രൂപം. പട്ടി കുരക്കുന്നത്‌ പോലുള്ള ഭയപ്പെടുത്തുന്ന ശബ്ദം. മൊക്കളെ എന്ന്‌ വിളിച്ച്‌ അഴികള്‍ക്കിടയിലൂടെ കൈ പുറത്തേക്ക്‌ നീട്ടിയപ്പോള്‍ റോണിക്ക്‌ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അപ്പനും അമ്മയും കൂടി പിടിച്ച്‌ വെച്ചിരുന്നതിനാല്‍ ആയില്ല. കൈനീട്ടി വിളിച്ചിട്ടും ചെല്ലാതായപ്പോള്‍ ഇരുമ്പഴികളില്‍ അമ്മ്മ്മ തലയടിച്ച്‌ പൊളിച്ചുകൊണ്ടിരുന്നു. തലയില്‍ നിന്ന്‌ ചോര ചീറ്റി. മുഖത്തും ദേഹത്തും ഒറ്റമുണ്ടിലും എല്ലാം ചുവന്ന ചോര ചാലിട്ടൊഴുകി. റോണി സര്‍വ്വശക്തിയുമെടുത്ത്‌ കുതറിയപ്പോള്‍ കട്ടിലില്‍ നിന്ന്‌ താഴെ വീണു. ആരും കാണാതെ എഴുന്നേറ്റു.

അവന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായിരുന്നു. കനത്തു കനത്തുവന്ന ഭീതി ഭീമാകാരം പൂണ്ട് അവനു ചുറ്റും നൃത്തം ചവിട്ടാന്‍ തുടങ്ങി. തനിക്കു ചുറ്റും കറങ്ങുന്ന ലോകം. അതില്‍ നിറയെ പേ പിടിച്ച പട്ടികള്‍. നടുവില്‍ ഇരയെപ്പോലെ താന്‍ അമ്മൂമ്മയെന്നു വിളിക്കുന്ന കാളിപ്പെലി. അവന്റെ ശരീരം തളര്‍ന്നു. കൈകാലുകള്‍ വിറപൂണ്ടു. മനസ്സ്‌ പിന്നെയും കാടു കയറാന്‍ തുടങ്ങി. ആ ദാരുണ രംഗം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"ടാ..ആ വെട്ടിക്കൂട്ട്‌ ഇട്ത്ത്‌ പട്ടിക്ക്‌ കൊടുത്തേ.." റോണിയുടെ അനക്കം കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

കാലത്ത്‌ ഇറച്ചിവെട്ടുകാരുടെ അരികില്‍ നിന്ന്‌ എല്ലും ഇറച്ചിക്കഷ്ണങ്ങളും പൊടിയും ഒക്കെ കലര്‍ന്ന വെട്ടിക്കൂട്ട്‌ പട്ടിക്ക്‌ വേണ്ടി വാങ്ങി വെച്ചിരുന്നതാണ്‌.

റോണി അതെടുത്ത്‌ പുറത്ത്‌ കൊണ്ടുവെച്ചു. ഇപ്പോള്‍ വലിയ പരിഭ്രമമാണ്‌ മുഖത്ത്‌. കയ്യും കാലും വിറക്കുന്നു. വീടിന്‌ അരികിലൂടെ നടന്ന്‌ ഒരു ചെറിയ കുപ്പിയുമായി തിരിച്ച്‌ വന്നു. വിറക്കുന്ന കൈകളോടെ കുപ്പി തുറന്ന്‌ അതിലേക്കൊഴിച്ചു. കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

പതിയെ പാത്രവുമായി പട്ടിക്കൂടിനടുത്തേക്ക്‌ നടന്നു. കൂടിനകത്ത്‌ വലാട്ടിക്കൊണ്ട്‌ പട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പട്ടിയെ നോക്കാതെ കൂട്‌ തുറന്ന്‌ പാത്രം അകത്തേക്ക്‌ വെച്ചു.

കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‌ തുടച്ചുകൊണ്ട്‌ റോണി പിന്‍തിരിഞ്ഞ്‌ നടക്കുമ്പോള്‍ പട്ടി ആര്‍ത്തിയോടെ വെട്ടിക്കൂട്ട്‌ കഴിക്കുന്നതിന്റെ ഒച്ച കേള്‍ക്കാമായിരുന്നു.