7/1/11

കാളിപ്പെലിയെ പട്ടി കടിച്ചു.

07-01-2011

"അമ്മ്മ്മേ..അമ്മ്മ്മേ.."

കടയില്‍ നിന്ന്‌ വാങ്ങിയ ഒന്നുരണ്ട്‌ പൊതികളുമായി റോഡിലൂടെ നടന്നിരുന്ന കാളിപ്പെലി തിരിഞ്ഞു നോക്കി. സ്കൂള്‍ വിട്ടുവരുന്ന റോണിയും സഫറുവും ബാഗും തൂക്കിപ്പിടിച്ച്‌ ഓടിയടുത്തു. അഞ്ചാം ക്ളാസിലാണ്‌ രണ്ടുപേരും.

"അമ്മ്മ്മേ, പട്ടി കടിച്ചത്‌ എവ്ട്യ?"

കൈത്തണ്ട നീട്ടി കെട്ടഴിച്ച്‌ കാണിച്ച്‌ കൊടുത്തു. കടിച്ചുപൊളിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്ന്‌ പല്ല്‌ ഏറ്റിട്ടുണ്ട്‌.

"ആസൊത്രി പോയ്.ല്ലെ? വെഷംണ്ടാവുന്ന്‌ അപ്പനും അമ്മേം ന്നലെ രാത്രി  പറയ്.ണ്ണ്ടാര്‍ന്നു"

"നീ പോട മണ്ട. പട്ടി കടിച്ചാ വെഷല്ലണ്ടാവ. പേയെളകും. ഉപ്പ പറഞ്ഞത്‌ അങ്ങ്നാ. നീ സില്‍മേല്‌ കണ്ട്ട്ട്.ല്ലെ, വായേന്ന്‌ പത വന്ന്‌ പട്ട്യേപ്പോലെ കൊരക്കണത്‌ മന്ഷ്യമ്മാര്‌."

"മൊക്കള് പേടിക്കണ്ട. അമ്മ്മ്മക്ക്‌ കൊഴപ്പൊന്നും ണ്ടാവ് ല്ല. പത്തറ്പത്‌ വയസിന്റെടേല് ഒര്‌ ജലദോശപ്പനിപ്പോലും വന്ന്റ്റ്.ല്ല."

"ഞാന്ന്.ലെ അപ്പനോട്‌ പറഞ്ഞതാ അയ്.നെ കൊന്നളയാന്‍. എനിക്കയ്.നെ ഇശ്റ്റാണെങ്കിലും ആളോളെ കടിച്ചാ കൊല്ലന്നെ വേണം."

"പട്ടീനെ കൂട്ടീ കേറ്റണേലും മുന്ന്‌ ഞാന്‍ വന്നോണ്ടല്ലെ കടിച്ചേ. അത്‌ പോട്ടെ. കുട്ടമ്മാര്ടെ വിസേസം പറയ്‌."

"ഞങ്ങള്‌ അമ്മ്മ്മേന്ന്‌ വിളിക്കണോണ്ട്‌ ചെലരൊക്കെ ഞങ്ങ്‌ളെ കളിയാക്ക്.ണ്ണ്ട്‌. ആ തുറുകണ്ണന്‍ തോമക്കാ കൂടുതല്‌ എളക്കം. റൂള്‍ പെന്‍സ്‌ലോണ്ട്‌ കണ്ണിലൊര്‌ കുത്ത്‌ കൊട്ക്കാന്‍ അറിയാണ്ടല്ല."

"മൊക്കളും കാളിപ്പെലീന്ന്‌ വിളിച്ചാ മതി. തല്ല്‌ കൂടാനൊന്നും പോണ്ട. ഇപ്പൊ രാമന്നായരേം, ചങ്ക്രന്‍ നമ്പൂരിയേം, മൊയ്തു ഹാജിയേം ആരാനും ചേട്ടാന്നൊ ഇക്കാന്നൊ വിളിക്കാറ്‍ണ്ടൊ? അത്പോലാ കാളിപ്പെലീന്നും."

ആ ഗ്രാമത്തിലെ കൊച്ചുകുട്ടികളടക്കം എല്ലാവരും കാളിപ്പെലീന്നാ വിളിക്കാറ്‌. അതില്‍ അവര്‍ക്കൊരു പ്രയാസവും ഇല്ല. അതൊരു ബഹുമതി പോലെയാണ്‌. വിളി കേള്‍ക്കുന്നതില്‍ അവര്‍ക്കും, വിളിക്കുന്നതില്‍ ഗ്രാമീണര്‍ക്കും എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. അപൂര്‍വ്വം ചിലരെല്ലാം പ്രമാണിത്തം കാണിക്കാന്‍ കാളീന്നും, ചില പിള്ളേരൊക്കെ അമ്മൂമ്മേന്നും വിളിക്കും. കാളി എന്ന വിളിയില്‍ അധികാരവും അമ്മൂമ്മെ എന്ന വിളിയില്‍ സ്നേഹവും വിരിയും. കാളിപ്പെലീന്നുള്ള വിളിയില്‍ ഇത്‌ രണ്ടും ഉണ്ടാകാറില്ല.

"പേര്‌ വിളിക്കുമ്പൊ ഞങ്ങക്കൊര്‌ വെഷ്മം പോലെ. അതോണ്ടാ... ഈ സഫറൂന്‌ തന്നെ അമ്മ്മ്മേന്ന്‌ വിളിക്കാന്‍ മട്യാര്‍ന്ന്‌. മാപ്‌ളമാരൊക്കെ ഉമ്മുമ്മാന്നും, എളീമ്മാന്നും, വല്യുമ്മാന്നും വിളിക്കണ പോലെ ഒരിതില്ലല്ലൊ അമ്മ്മ്മാന്ന്‌ വിളിയ്ക്യാന്‍. ഇമ്മ്ക്കും അങ്ങ്നന്നെ."

"അപ്പൊ നസ്രാണികള്‌ മാമാനെ അച്ചാന്ന്‌ വിളിക്കണതൊ" സഫറുവും വിട്ട്‌ കൊടുക്കാന്‍ തയ്യാറായില്ല.

"യെങ്ങ്നെ വിളിച്ചാലും സ്നേഹംണ്ടായാ മതി. കുട്ടമ്മാര്‌ തല്ല്‌ കൂടണ്ട."

"അമ്മ്മ്മക്ക്‌ യിതൊക്കെ പൊറത്ത്ട്ട്‌ നടക്കാന്‍ നാണാവ് ല്ലെ? ജാക്കറ്റ്‌ ഇട്ടൂടെ..?"റോണിനായിരുന്നു സംശയം.

"നിക്ക്പ്പൊ അറ്പത്‌ ആയില്ലെ. ഞ്ഞിപ്പൊ ന്ത്‌ നാണംണ്ടാവാനാ?"

"നീയൊരു പൊട്ടന്‍ തന്നാ റോണി. വയസമ്മാരായാ നാണംണ്ടാവ് ല്യാന്ന്‌ ആര്‍ക്കാ അറിയാത്തെ?" അതും പറഞ്ഞ്‌ സഫറു അമ്മ്മ്മേടെ തൊറന്ന്‌ കെട്ക്കണ അതുമ്മെ ഒന്ന്‌ തൊട്ട്‌ നോക്കി.

ശരീരം മൊത്തമുള്ള കറുത്ത നിറത്തിന്‌ എണ്ണമയം തോന്നിച്ചിരുന്നു. ഒന്ന്‌ പോലും നഷ്ടപ്പെടാത്ത പല്ലുകള്‍ക്ക്‌ നല്ല വെളുപ്പ്‌ നിറം. അതുകൊണ്ടുതന്നെ കാളിപ്പെലിയുടെ ചിരിക്ക്‌ ഇപ്പോഴും സൌന്ദര്യമുണ്ട്‌. കുട്ടികളെ വലിയ ഇഷ്ടമായിരുന്ന അവര്‍ ഒറ്റമുണ്ട്‌ മാത്രം ഉടുത്തെ കാണാറുള്ളു. ആദ്യമെല്ലാം ബ്ളൌസ്‌ ഉപയോഗിച്ചിരുന്നെങ്കിലും പിന്നെ അത്‌ മാറ്റി. പകരം ഒരു തുണി മുന്‍ഭാഗത്തിട്ട്‌ അതിന്റെ തലഭാഗം കഴുത്തിന്‌ പിന്നില്‍ കെട്ടിവെക്കും. കുമ്പിട്ട്‌ നിന്ന്‌ പണിയെടുക്കുമ്പോള്‍ അതൊരു തടസ്സമായതിനാല്‍ പിന്നീടതും മാറ്റി. കറുത്ത നിറമുള്ള മൂരിനാക്ക്‌ പോലെ നെഞ്ചിനൊരലങ്കാരമായി അത്‌ രണ്ടും ഞാന്ന്‌ കിടക്കുന്നതല്ലാതെ പ്രത്യേകതകളൊന്നും ഇല്ലായിരുന്നു.

ചെറുപ്പം മുതലെ പണിയെടുത്ത്‌ ഉറച്ച ശരീരം. ഇപ്പോഴും അതേ ആവേശത്തോടെ ജോലി ചെയ്യും. സ്ഥിരമായി ഒരു സ്ഥലത്ത്‌ പണിയില്ല. നേരം വെളുത്താല്‍ എല്ലാ വീട്ടിലും കയറി ഇറങ്ങും. ചെല്ലുന്ന സമയത്ത്‌ ആ വീട്ടില്‍ എന്ത്‌ പണിയാണൊ നടക്കുന്നത്‌ അതിനൊപ്പം ചേരും. ഊണ്‌ കഴിക്കുന്ന നേരത്താണ്‌ ചെല്ലുന്നതെങ്കില്‍ അവിടെനിന്ന്‌ ചോറ്‌ വാങ്ങി പുറത്തിരുന്ന്‌ കഴിക്കും.

എതിരെ സൈക്കിളില്‍ വന്ന ദാമോദരന്‍ അവര്‍ക്ക്‌ മുന്നില്‍ സൈക്കിള്‍‍ നിര്‍ത്തി. 'ചുന്ദരിക്കാളീടെ എവ്ട്‌യാ പട്ടി കടിച്ചെ..?"

കാല്‌ തറയില്‍ കുത്തി സൈക്കിളില്‍ ഇരുന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു. കൈത്തണ്ട നീട്ടി കടിച്ച സ്ഥലം അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു.

"ന്ന്‌ എവ്ടേം വാര്‍ക്കപ്പണില്ലെ. പെണ്ണ്‍ങ്ങടെ വായേ നോക്കാന്‍ പുവ്വാന്‍."

വാര്‍ക്കപ്പണി നടക്കുന്നിടത്ത്‌ ചെന്ന്‌ പെണ്ണ്ങ്ങള്‍ടെ വായില്‍ നോക്കിയിരിക്കിലാണ്‌ പ്രധാന പണി. വേറെ ഉപദ്രവം ഒന്നും ഇല്ലാത്തതിനാല്‍ ആരും ഒന്നും പറയാറില്ല.

"ആസോത്രീ പോയി കൊറച്ച്‌ ഇഞ്ചെശ് ണം കുത്തിക്കൊ. അല്ലെങ്കി പേയെളകും. ചെലപ്പൊ തള്ളേടെ മൊല കണ്ട്ട്ടാവും പട്ടിക്ക്‌ പ്രാന്ത്‌ വന്നത്‌. ഈ ചെരനാക്കിന്റെ മോളീക്കൂടെ യെന്ത്ങ്കിലും ഇട്ത്ത്‌ ഇട്ടൂടെ തള്ളയ്ക്ക്‌."

"നീ പോട വായേനോക്കി. ഞാന്‍ ബോഡീം ജാക്കറ്റും ഇട്ട്‌ കുന്തം മായ്‌രി നിര്‍ത്തിറ്റ്‌ വേണം നെന്നെപ്പോലുള്ളോര് ‍ക്ക്‌ രാത്രി വന്നെന്നെ കൊല്ലാന്‍..?"

"ഉവ്വ. നല്ല മൊതല്‌ തന്നെ. കുഴില്‍ക്ക്‌ ഇട്ക്കാറായ നിങ്ങ്ടെ അട്ത്ത്‌ ആര്‌ വരാനാ..?"

"മൊലകുടി മാറാത്ത കൊച്ച്ങ്ങ്‌ളെ വരെ വെറ്‌തെ വിടാത്തോരാ നിങ്ങള്‌ കൊറെ ആണ്ങ്ങ്‌ള്‌.
എങ്ങ്ന് ത്ത് യാലും പെണ്ണാന്ന്‌ കണ്ടാ മിറ്‍ഗങ്ങളാകണോര്‌. നീ പോയി നെന്റെ പാട്‌ നോക്കട ചെക്കാ. വാ മക്കളെ."

അവര്‍ മുന്നോട്ട്‌ നടന്നു.

കൈകാലുകള്‍ പോലെ ശരീരത്തിന്റെ ഒരു ഭാഗം എന്നതില്‍ കവിഞ്ഞ പ്രത്യേകതളൊന്നും അവര്‍ക്ക്‌ തോന്നിയിരുന്നില്ല. ബ്ളൌസ്‌ ഉപയോഗിക്കാത്തതിനാല്‍ ശരീരത്തില്‍ നിറവ്യത്യാസം ഇല്ലായിരുന്നു. ആകെ കറുപ്പ്‌ മാത്രം. ചിലര്‍ക്കൊക്കെ തമാശ തോന്നും എന്നല്ലാതെ അങ്ങിനെ നടക്കുന്നതുകൊണ്ട്‌ ഗുണമെ ഉള്ളു എന്നായിരുന്നു കാളിപ്പെലിയുടെ തിയറി.

"അമ്മ്മ്മ ഈ കൈയ്യെടോയീക്കൂടെ പോട്ടെ. മൊക്കള്‌ നടന്നൊ"

"അമ്മ്മ്മ പോയി ഇഞ്ചെഷം ചെയ്തൊട്ടൊ. അല്ലെങ്കി അയാള്‌ പറഞ്ഞ പോലെ പേയെളഗ്യാലൊ" റോണിക്കാണ്‌ ആശങ്ക.

"അമ്മ്മ്മ പുവ്വാം. മൊക്കള്‌ പറഞ്ഞതല്ലെ."

നടക്കുന്തോറും റോണിയുടെ മനസ്സില്‍ സംശയം. സഫറുവിന്റെ ഉപ്പയുടെ വാക്കുകളും ദാമോദരന്റെ വാക്കുകളും കൊച്ചുമനസ്സില്‍ ഭയത്തിന്റെ കൂട്‌ കെട്ടി.

വീട്ടിലേക്ക്‌ കയറിയപ്പോള്‍ കറുപ്പും വെളുപ്പും നിറത്തോടുകൂടിയ പട്ടി കൂടിനകത്ത്‌ കിടന്ന്‌ വാലാട്ടി മുരണ്ടു. അതിനെ ഏറ്റവും ഇഷ്ടം റോണിക്കായിരുന്നു. സ്ക്കൂള്‍ വിട്ട്‌ വരുമ്പോള്‍ തന്നെ കൂടിനടുത്ത്‌ പോയി പട്ടിയെ ഒന്ന്‌ തലോടിയിട്ടേ വീടിനകത്ത്‌ പോലും കയറുമായിരുന്നുള്ളു. ഇന്നല്‍പം ദേഷ്യത്തോടെ ഒന്ന്‌ തല ചരിച്ച്‌ നോക്കിയതല്ലാതെ അതിനടുത്തേക്ക്‌ പോകാന്‍ റോണിക്കായില്ല. അകത്ത്‌ കടന്ന് ബാഗ്‌ വെച്ച്‌ കട്ടിലില്‍ പോയികിടന്നു. എന്ത്‌ പറ്റിയെന്ന അമ്മയുടെ ചോദ്യത്തിന്‌ തലവേദന എന്ന്‌ പറഞ്ഞൊഴിഞ്ഞു.

കനത്ത ഇരുമ്പഴികളോടെ നിര്‍മ്മിച്ച ഒരു മുറിക്കുള്ളില്‍ അമ്മ്മ്മയെ പൂട്ടിയിട്ടിരിക്കുന്നു. പട്ടിയെപ്പോലെ ചാടിച്ചാടി നടന്ന്‌ നിലത്ത്‌ വീഴുന്നു. മുറിക്കുള്ളില്‍ വെച്ചിരുന്ന ഭക്ഷണത്തിലൂടെ ചാടിമറിഞ്ഞ്‌ ചിറിയില്‍ നിന്ന്‌ പതയൊലിപ്പിച്ച്‌ വല്ലാത്ത ഒരു രൂപം. പട്ടി കുരക്കുന്നത്‌ പോലുള്ള ഭയപ്പെടുത്തുന്ന ശബ്ദം. മൊക്കളെ എന്ന്‌ വിളിച്ച്‌ അഴികള്‍ക്കിടയിലൂടെ കൈ പുറത്തേക്ക്‌ നീട്ടിയപ്പോള്‍ റോണിക്ക്‌ ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. അപ്പനും അമ്മയും കൂടി പിടിച്ച്‌ വെച്ചിരുന്നതിനാല്‍ ആയില്ല. കൈനീട്ടി വിളിച്ചിട്ടും ചെല്ലാതായപ്പോള്‍ ഇരുമ്പഴികളില്‍ അമ്മ്മ്മ തലയടിച്ച്‌ പൊളിച്ചുകൊണ്ടിരുന്നു. തലയില്‍ നിന്ന്‌ ചോര ചീറ്റി. മുഖത്തും ദേഹത്തും ഒറ്റമുണ്ടിലും എല്ലാം ചുവന്ന ചോര ചാലിട്ടൊഴുകി. റോണി സര്‍വ്വശക്തിയുമെടുത്ത്‌ കുതറിയപ്പോള്‍ കട്ടിലില്‍ നിന്ന്‌ താഴെ വീണു. ആരും കാണാതെ എഴുന്നേറ്റു.

അവന്റെ മനസ്സ്‌ ആകെ അസ്വസ്ഥമായിരുന്നു. കനത്തു കനത്തുവന്ന ഭീതി ഭീമാകാരം പൂണ്ട് അവനു ചുറ്റും നൃത്തം ചവിട്ടാന്‍ തുടങ്ങി. തനിക്കു ചുറ്റും കറങ്ങുന്ന ലോകം. അതില്‍ നിറയെ പേ പിടിച്ച പട്ടികള്‍. നടുവില്‍ ഇരയെപ്പോലെ താന്‍ അമ്മൂമ്മയെന്നു വിളിക്കുന്ന കാളിപ്പെലി. അവന്റെ ശരീരം തളര്‍ന്നു. കൈകാലുകള്‍ വിറപൂണ്ടു. മനസ്സ്‌ പിന്നെയും കാടു കയറാന്‍ തുടങ്ങി. ആ ദാരുണ രംഗം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"ടാ..ആ വെട്ടിക്കൂട്ട്‌ ഇട്ത്ത്‌ പട്ടിക്ക്‌ കൊടുത്തേ.." റോണിയുടെ അനക്കം കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

കാലത്ത്‌ ഇറച്ചിവെട്ടുകാരുടെ അരികില്‍ നിന്ന്‌ എല്ലും ഇറച്ചിക്കഷ്ണങ്ങളും പൊടിയും ഒക്കെ കലര്‍ന്ന വെട്ടിക്കൂട്ട്‌ പട്ടിക്ക്‌ വേണ്ടി വാങ്ങി വെച്ചിരുന്നതാണ്‌.

റോണി അതെടുത്ത്‌ പുറത്ത്‌ കൊണ്ടുവെച്ചു. ഇപ്പോള്‍ വലിയ പരിഭ്രമമാണ്‌ മുഖത്ത്‌. കയ്യും കാലും വിറക്കുന്നു. വീടിന്‌ അരികിലൂടെ നടന്ന്‌ ഒരു ചെറിയ കുപ്പിയുമായി തിരിച്ച്‌ വന്നു. വിറക്കുന്ന കൈകളോടെ കുപ്പി തുറന്ന്‌ അതിലേക്കൊഴിച്ചു. കുപ്പി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.

പതിയെ പാത്രവുമായി പട്ടിക്കൂടിനടുത്തേക്ക്‌ നടന്നു. കൂടിനകത്ത്‌ വലാട്ടിക്കൊണ്ട്‌ പട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. പട്ടിയെ നോക്കാതെ കൂട്‌ തുറന്ന്‌ പാത്രം അകത്തേക്ക്‌ വെച്ചു.

കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‌ തുടച്ചുകൊണ്ട്‌ റോണി പിന്‍തിരിഞ്ഞ്‌ നടക്കുമ്പോള്‍ പട്ടി ആര്‍ത്തിയോടെ വെട്ടിക്കൂട്ട്‌ കഴിക്കുന്നതിന്റെ ഒച്ച കേള്‍ക്കാമായിരുന്നു.