1/9/14

ശില്പസൗന്ദര്യം

                                                                                                                                              01/09/2014

മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മുലയരിഞ്ഞെറിഞ്ഞ സമരങ്ങൾ വാഴുന്ന കാലത്തും നഗരമധ്യത്തിനടുത്ത് പഴക്കം തിട്ടമില്ലാത്ത കരിങ്കൽ പ്രതിമ ഓജസ്സോടെ നിലകൊണ്ടിരുന്നു. സ്ത്രീനഗ്നതയുടെ നയനവീക്ഷണമായ പൂർണ്ണകായ പ്രതിമ ഉണങ്ങിയ കാക്കക്കാഷ്ഠങ്ങളോടുപോലും പരിഭവമില്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാഭാവികതയോടെ....

പഴകിപ്പിഞ്ഞിയ ഭൂതകാലത്തിന്റെ കണക്കെടുപ്പിലേക്കു കടന്നുചെന്നാൽ ഒരുപക്ഷെ മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി കാണാൻ കഴിഞ്ഞേക്കാവുന്ന കരിങ്കൽ പ്രതിമ.

മുഷിഞ്ഞ ചാരനിറം. നൂറ്റാണ്ടുകളേല്പിച്ച വടുക്കൾ പ്രതിമയെ ഒന്നുകൂടി കറുപ്പിച്ചു. മാറിമാറി വന്ന ഋതുക്കൾ ചാരനിറത്തിന്‌ കടുപ്പം കൂട്ടി. ആകൃതിയിലൊ അളവിലൊ മാറ്റം സംഭവിച്ചില്ല. പ്രതിമയിരിക്കുന്ന ഇടത്തിലെ പുല്ലും ചെടികളും കരിയുകയും പുതിയവ തഴച്ചു വളരുകയും ചെയ്തുകൊണ്ടിരുന്നു. പണ്ടൊന്നും ഇല്ലാതിരുന്ന ഒരദൃശ്യ സൗന്ദര്യം നാൾക്കുനാൾ പ്രതിമയിൽ തിളങ്ങി.

കണ്ടാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവർ ഒരു ഭാഗത്ത്. മറ്റാരും കാണാതെ നോക്കിനിൽക്കാൻ കഴിയാത്തതിനാൽ നിരശ കൂടെ കൊണ്ടുനടക്കുന്നവർ മറുഭാഗത്ത്. ഇവരെല്ലാവരുംതന്നെ പ്രതിമയെ സ്നേഹിച്ചിരുന്നു.

മനുഷ്യൻ തുണി കണ്ടുപിടിക്കുന്നതിനു മുൻപ് വെറുമൊരു ശില്പസൗന്ദര്യം മാത്രമായിരുന്നു പ്രതിമ. ഒളിവില്ലാത്ത നോട്ടങ്ങളാൽ സമ്പന്നമായ ചുറ്റുപാടുകളിൽ പ്രതിമ ശരിക്കും ബാഹ്യസമ്മർദങ്ങളെ നേരിടേണ്ടി വന്നിരുന്നില്ല. വളരെ വളരെ സാവധാനത്തിലാണ്‌ പ്രതിമയിൽ സമ്മർദങ്ങൾ കനത്തു തുടങ്ങിയത്, നൂറ്റാണ്ടുകളുടെ പ്രയാണങ്ങൾക്കൊടുവിൽ...

പ്രതിമയുടെ മുലകളും ഗുഹ്യഭാഗങ്ങളും മറച്ച് അതേപടി നിലനിർത്തുക.

നിലനിൽക്കുന്ന ഭാരതസംസ്ക്കാരത്തിനുയോജ്യമെന്ന തിട്ടൂരം കല്പിക്കപ്പെടുമ്പോൾ ജയിച്ചത് നിരാശരായിരുന്നു. പ്രതിമ എടുത്തു മാറ്റില്ലെന്ന അറിവിൽ താൽക്കാലിക തൃപ്തി ലഭിച്ച സംതൃപ്തർ ‘ഹാവു’ എന്ന ആശ്വാസസ്വരം പുറപ്പെടുവിച്ചു. മുഴുവൻ പേർക്കും സ്വീകാര്യമായ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അധികാരികൾക്കും ഹാവു.

കരിങ്കൽ ശില്പത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തുണിയുടുപ്പിക്കാനുള്ള ഒരു സംഘത്തിന്റെ കണ്ടെത്തലായിരുന്നു ചപ്രചിപ്ര താടിക്കാരൻ ശില്പി. മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഒട്ടിയ കവിൾത്തടം. മകിണ്ട തോൾസഞ്ചിയിൽ നിന്ന് ഉളികളും ചുറ്റികയും ചുള്ളിക്കമ്പുകൾ പോലുള്ള കൈവിരലുകൾ നിധിപോലെ പുറത്തെടുത്തു.

തുണിയുടുപ്പിക്കൽ പ്രക്രിയയിലേക്ക് ഉളിയും ചുറ്റികയും കലപില കൂട്ടി. മറയക്കാൻ പോകുന്ന കാഴ്ച അവസാനമായി കാണാനും, ഇയാൾ എങ്ങിനെയാണ്‌ പ്രതിമയെ തുണിയുടുപ്പിക്കുന്നതെന്ന് കാണാനും, ശില്പിയെന്ന സാധനം എങ്ങിനെയിരിക്കുന്നുവെന്ന് കാണാനുമായി ധാരാളം ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. രൂപഭാവത്തിലും പ്രവൃത്തിയിലും അസാധാരണത്തം പ്രകടമായ ശില്പിക്കാണിപ്പോൾ പ്രതിമയുടേതിനേക്കാൾ കാഴ്ചക്കാർ.

ഇടതു കൈക്കുഴ പ്രതിമയിൽ ചേർത്തുവെച്ച് കൈപ്പത്തിയല്പം ഉയർത്തിയാണ്‌ വിരലുകളിൽ ഉളിയുടെ സ്ഥാനം. വിരലുകൾകൊണ്ട് പിടിച്ചു പിടിച്ചില്ല എന്ന മട്ടിലുള്ള കരുതലായിരുന്നു ശില്പി ഉളിയോടു സ്വീകരിച്ചിരുന്ന രീതി. ഉളിത്തലയിൽ ചുറ്റികയുടെ തലോടൽ പതിയുമ്പോൾ മാത്രം ഉളിമുന പ്രതിമയെ തഴുകി. ചുറ്റികയുടെ തലോടൽ ലഭിക്കാത്തപ്പോഴെല്ലാം പ്രതിമയുമായി ഉളിയല്പം അകലം പാലിച്ചേ നിന്നുള്ളു. അമ്മി കൊത്തുമ്പോഴുണ്ടാകുന്ന ചിലമ്പിച്ച മണിനാദത്തിൽ കരിങ്കൽ ധൂളികൾ മഴത്തൂളൽ പോലെ..

വളരെ സൂക്ഷ്മതയോടെയാണ്‌ പ്രതിമയുടെ പൊക്കിളിനു താഴെ ശില്പിയുടെ ഉളി ചിത്രം വരഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞ നേരംകൊണ്ട് പൊക്കിളിനു താഴെയായി വളഞ്ഞൊരു ഉരുളൻ വടിപോലെ തിണർത്ത ഒരു വര പ്രതിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബീഡി വലിച്ച് വിശ്രമിക്കാനുള്ള മനസ്സാന്നിദ്ധ്യമായിരുന്നില്ല അപ്പോൾ ശില്പിയുടേത്, പ്രതിമയുടെ നഗ്നത പൂർണ്ണമായും മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വശത്തേക്കല്പം ചെരിഞ്ഞു നിൽക്കുന്ന പ്രതിമ ഒരു കാലല്പം ഉയർത്തി മറുതുടയിൽ ചേർത്താണ്‌ നില്പ്. യോനി ദൃശ്യമാകാത്ത ശില്പചാതുരിയാണ്‌ പ്രതിമയെ ജീവസ്സുറ്റതാക്കിയത്. രണ്ടു തുടകളുടേയും മുകൾ ഭാഗത്തായി തിണർത്ത രണ്ടു വരകൾ കൂടി സൃഷ്ടിച്ച ശില്പി താഴേക്കിറങ്ങി.

ജുബ്ബാപോക്കറ്റിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു. പ്രതിമയെ നോക്കാതെ മുന്നോട്ടു നടന്നു. അല്പം മുന്നിലെത്തിയ ശില്പി പെട്ടെന്നു തിരിഞ്ഞുനിന്ന് കണ്ണെടുക്കാതെ പ്രതിമയെ നോക്കിനിന്നു. ബീഡിത്തുമ്പത്തെ ചുവപ്പുരാശി മിന്നുകയും മങ്ങുകയും ചെയ്തിരുന്നത് വളരെ തിടുക്കപ്പെട്ടാണ്‌്. പ്രതിമയെ നിരീക്ഷിച്ചുകൊണ്ടുതന്നെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി തുപ്പിയെറിഞ്ഞു. കണ്ണെടുക്കാതെ  പ്രതിമക്കരികെ ചെന്നുനിന്ന് ഉളിയും ചുറ്റികയുമെടുത്ത് ഒന്നുരണ്ടു കോറലുകൾ കൂടി വീഴ്ത്തി. വീണ്ടും പഴയ സ്ഥലത്ത് തിരികെയെത്തി ഒരു ബീഡി കൂടി കത്തിച്ചു. പ്രതിമയെ ഒന്നു നോക്കിയ അയാൾ താഴെ പൊടിമണ്ണിൽ ചമ്രം പടിഞ്ഞിരുന്ന് ബീഡി ആസ്വദിച്ചു വലിച്ചു.

ഇപ്പോൾ കാഴ്ചക്കാരെല്ലാം അത്ഭുതപ്പെട്ടിരിക്കയാണ്‌. അല്പം വിചിത്രമെന്ന് തോന്നാവുന്ന ശില്പിയിലേക്ക് ബഹുമാനങ്ങളും ആരാധനകളും കൂക്കിവിളിയുടെ ആരവമായി.

മാറിടം മറയ്ക്കാനായി ശില്പി വീണ്ടും പ്രതിമയിലേക്ക് കയറി. ഉളിയെടുത്ത് ശില്പത്തിന്റെ മുലക്കണ്ണുകൾ നീക്കം ചെയ്തു. അരുതെന്ന നിഷേധസ്വരം ജനങ്ങൾക്കിടയിൽ പൊട്ടിയൊലിച്ചു. അത്രനേരംവരേയും ശില്പിയുടെ കഴിവിനെ ബഹുമാനിച്ചിരുന്നവരിൽ പോലും വെറുപ്പ് കിനിയാൻ തുടങ്ങി. ശില്പി എന്തെങ്കിലും കാണുകയൊ കേൾക്കുകയൊ ചെയ്യുന്നില്ലായിരുന്നു. കലയുടെ കൃത്യമായ പൂർണ്ണതയിലേക്ക് ഒരു ധ്യാനത്തിലെന്നപോലെ ഉളിയും ചുറ്റികയും പ്രതിമയുടെ മാറിടത്തിൽ ഒഴുകി നടന്നു. അധികസമയമെടുക്കാതെ പണി പൂർത്തിയാക്കി ശില്പി താഴെയിറങ്ങി.

തെറിച്ചു നിന്നിരുന്ന മാറിടം മുലക്കച്ചയിൽ ഒതുങ്ങിയപ്പോൾ വൃത്തിയായ സൗന്ദര്യമായി പ്രതിമ തിളങ്ങി. നേരിയ നിരാശ പടർന്നിരുന്ന മുഖങ്ങളിൽ പോലും നിറഞ്ഞ തൃപ്തിയുടെ പൂത്തിരിവെട്ടം പ്രകാശിച്ചു. പുതുതായി ഒന്നും കൂട്ടിച്ചേർക്കാതെ നിലവിലെ വസ്തുവിനെ സ്നേഹപൂർവ്വം തഴുകി തൃപ്തരേയും അതൃപ്തരേയും സമന്വയിപ്പിച്ചുകൊണ്ട് ശില്പി തോൾസഞ്ചിയും തൂക്കി നടന്നകന്നു.

കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും കരിങ്കല്ലിന്റെ പഴമയുടെ നിറം ചില ഭാഗങ്ങളിൽ നിന്ന് തെറിച്ചുപോയിരുന്നു. ആ ഭാഗങ്ങളിൽ, ഇപ്പോഴത്തെ സ്വാഭാവികതയോട് ചേരാത്തതായ പുത്തൻ നിറം മുഴച്ചുനിന്നു. നാളെയത് പഴയതുമായി സമന്വയിച്ചേക്കാം.

കാലം അവിടേയും നിന്നില്ല. അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേ ഇരുന്നു....

നവീകരിക്കപ്പെട്ട പ്രതിമ നടപ്പുകാലത്തിന്റെ വേവുകളിൽ തൃപ്തി കാണിച്ചു.

പുത്തൻ ചേലൊക്കെ ആർജ്ജിച്ച അനുഭൂതി. ഇരിപ്പിടവും ചുറ്റുപാടും ശ്രദ്ധിച്ചു. എല്ലാം ചേലാക്കിയിട്ടുണ്ട്. പ്രതിമയുടെ ശരീരത്തെ പൊളിച്ചു വാർത്തില്ലെങ്കിലും സിമന്റ് തറയും ഇരിപ്പിടവും മനോഹരമായ ഗ്രാനൈറ്റ് പതിപ്പിച്ച് മോടിയാക്കിയിട്ടുണ്ട്. പ്രതികരണശേഷിയില്ലാത്ത പ്രതിമ എല്ലാം സഹിച്ചു.

ഈയിടെയായി കാഴ്ചക്കാരുടെ ബാഹുല്യം വർദ്ധിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്തുപോലും പ്രതിമക്കു മുന്നിലുള്ള വൃക്ഷച്ചുവട്ടിൽ സൊറ പറഞ്ഞിരിക്കുന്നവർ പതിവു കാഴ്ചയാണ്‌. കളിയും കാര്യവും ചിരിയുമായി അവരെല്ലാം ഉല്ലസിക്കുകയും ഗൗരവപ്പെടുകയും ചെയ്യുന്നത് കാണാം. അതിനിടയിലെല്ലാം ഒരോരുത്തരും അവരവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാൽ, പ്രതിമയെ ഒളിഞ്ഞൊ തെളിഞ്ഞൊ നോക്കാതിരിക്കുന്നില്ല. ആ നോട്ടം തന്നെയാണ്‌ പ്രതിമയുടെ ഇന്നത്തെ പ്രസക്തി. പ്രസക്തി നഷ്ടപ്പെടാൻ ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതിമയിലവശേഷിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലാത്ത വെറുമൊരു ജീവനില്ലാത്ത കാഴ്ച മാത്രമായി മാറും.

വെയിലെന്നൊ തണലെന്നൊ ഭേദമില്ലാതെ ചിലപ്പോഴൊക്കെ ചിലർ പ്രതിമയുടെ കാലിനു കീഴെയുള്ള ഗ്രാനൈറ്റ് തറയിലിരുന്ന് മുകളിലേക്ക് നോക്കും. അപ്പോഴവർക്ക് തല ഏങ്കോണിച്ച് ഉടലും കാലും വലുതായ പ്രതിമയുടെ രൂപം കിട്ടും. നോട്ടം കാലിടുക്കിലൂടെ മേലോട്ട് കയറുമ്പോൾ അനുഭവപ്പെടുന്ന വല്ലായ്മയിൽ പ്രതിമ തന്നെ ചൂളിപ്പോകാറുണ്ട്. അതുപക്ഷെ, പലർക്കും മനസ്സിലാവാറില്ല. ‘ഈ കിളികളെക്കൊണ്ട് തോറ്റു’ എന്നു പറഞ്ഞ് ഗ്രാനൈറ്റ് തറ കഴുകുന്നവർക്കറിയില്ലല്ലൊ അത് കിളികളുടെ മാത്രം കാഷ്ഠമല്ലെന്നും ഇരുട്ടുള്ള രാത്രികളിൽ ചിലരുടെ നിർവൃതി പൂത്തുലഞ്ഞുണങ്ങിയ അവശിഷ്ടങ്ങൾ കൂടെയുണ്ടെന്നും.

കഷായത്തിൽ ചേരാൻ അറപ്പുകാട്ടുന്ന മേമ്പൊടി പോലെ സമരങ്ങൾ അതത് കാലത്തെ വേവുകളായി തൊണ്ടകീറി പാഞ്ഞു. ഇന്നലത്തെ സമരങ്ങൾ ഇന്ന് തെറ്റായും ഇന്നത്തെ സമരങ്ങൾ നാളെ തെറ്റാകാനുമായി....സ്നേഹവും കരുണയും വ്യക്ത്യാതിഷ്ഠിതമായി പകച്ചു നിൽക്കുമ്പോൾ പ്രതിമയൊരു കരിങ്കല്ല് മാത്രം. എല്ലാം കാണാനും കേൾക്കാനും ശ്രമിച്ചാൽ എങ്ങുമെത്താതെ അങ്ങിനെ...

സമൂഹത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും പ്രതിമയുടെ അനുവാദം കൂടാതെ പ്രതിമയിലേല്പിക്കുന്നത് തടയാൻ കഴിയാത്ത സങ്കടം പ്രതിമ കടിച്ചമർത്തുമായിരിക്കും. എല്ലാതും എതിർപ്പില്ലാതെ സ്വീകരിക്കാൻ മാത്രമേ പ്രതികരണശേഷിയില്ലാത്ത പ്രതിമയ്ക്കാകു.

കഴിഞ്ഞ ആഴ്ചയിലാണ്‌ പ്രതിമയുടെ മുന്നിലൂടെ സമരാവേശമായി അഴിമതി ഇല്ലാതാക്കാനും സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കാനും വോട്ടു ചോദിച്ചുകൊണ്ട് ഒരു പുത്തൻ കൂട്ടം കടന്നു പോയത്. ഇനിയും നാരായവേര്‌ കണ്ടെത്തിയിട്ടില്ലാത്ത സ്ത്രീപീഡനവും അഴിമതിയും ഇവരെങ്ങനെയാണ്‌ അവസാനിപ്പിക്കുക എന്നോർത്ത് പ്രതിമ തലതല്ലി ചിരിച്ചില്ല.

ഓരോ കാലത്തും സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി പ്രതിമയുടെ ശരീരത്തേയും വസ്ത്രങ്ങളേയും പുതുപുതു ശില്പികൾ അഴിച്ചു പണിതുകൊണ്ടിരുന്നു. കരിങ്കല്ലിനോടു ചേരാത്തതും ചേരുന്നതുമായ വിധത്തിൽ ഏച്ചുകെട്ടലുകളോടെ പ്രതിമയുടെ ശരീരം വികൃതമായിക്കൊണ്ടിരുന്നു. തുടക്കങ്ങളിൽ മാത്രം തോന്നാവുന്ന വികൃതമെന്ന ഭാവം. തുടക്കങ്ങളിലെ തോന്നൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോൾ അതൊരു പരിചയമായി പ്രതിമയോടു ചേരും. ഇത്തരം പുതിയ പരിചയങ്ങൾ കുന്നുകൂടിയായിരിക്കാം അൺപെൺ പക്ഷമില്ലാത്ത വ്യക്തിസ്വാതന്ത്ര്യം വിലുങ്ങുകളില്ലാതെ പ്രവേശനം നേടിയിട്ടുണ്ടാകുക എന്ന് പ്രതിമക്ക് തോന്നിക്കൂടായ്കയില്ല. കാരണം ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങൾ കൂട്ടംകൂട്ടമായാണ്‌ പ്രതിമയുടെ കരിങ്കൽ പ്രതലത്തിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്നത്.

പ്രതിമയുടെ രൂപത്തിൽ സംഭവിച്ച സാരമായ വ്യത്യാസങ്ങൾ ഒരു നൂറ്റാണ്ടുപോലും തികച്ച് ജീവിതമില്ലാത്ത മനുഷ്യർക്ക് കാര്യമായൊന്നും മനസ്സിലാകാൻ വഴിയില്ല. രൂപഭാവങ്ങളിലെ ആകർഷകത്വം നശിച്ചാൽ പ്രതിമയൊരു കരിങ്കല്ലുമാത്രം. ആകർഷകത്വം നശിപ്പിക്കുന്ന ചേലുകളാണ്‌ പ്രതിമയിലേക്കിപ്പോൾ അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ആണെന്നൊ പെണ്ണെന്നൊ തരം തിരിക്കേണ്ടതില്ല. നിലവിലെ സ്ത്രീപീഡനങ്ങൾക്ക് ചേലാണ്‌ കാരണമെന്നും ചേല്‌ ഞങ്ങളുടെ അവകാശവും വ്യക്തിസ്വാതന്ത്ര്യമാണെന്നും ശാഠ്യം പിടിക്കുമ്പോൾ പ്രതിമയുടെ രൂപമാണ്‌ കൂടുതൽ വികൃതമാകുന്നത്.

കാലം കാത്തുനിൽക്കുന്നില്ല....

പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുകൊണ്ടിരിക്കയാണ്‌. മാറ്റങ്ങളെ സ്വീകരിക്കേണ്ടിവരുമ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യസങ്കല്പം മാത്രമായിരുന്നില്ല അതിനു കാരണം, വർദ്ധിച്ചുവരുന്ന പുത്തൻ ശില്പങ്ങളുടെ നിലനില്പില്ലാത്ത കാഴ്ചകൾ കൂടിയായിരുന്നു. കാഴ്ചക്കാരുടെ ക്രമാതീതമായ കുറവ് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുതുമ നശിക്കുകയും പ്രത്യേകതകൾ അവസാനിക്കുകയും ചെയ്യും. അങ്ങിനെ വന്നാൽ മനുഷ്യജീവിതം വരെ ദുസ്സഹമായിത്തീർന്നേക്കാം. കൂടുതൽ കൂടുതൽ മടങ്ങിവരാ പോയിന്റുകൾ സൃഷ്ടിച്ചുകൊണ്ട് സമയക്ളിപ്തമായ ജീവിതങ്ങൾ മുന്നേറുമ്പോൾ ആ ജീവിതത്തിലെ ശരിയും തെറ്റും ചേർന്ന് വികൃതമാക്കിക്കൊണ്ടിരിക്കുന്നത് പ്രതിമയെ മാത്രമാണ്‌. അവസാനം സ്വന്തം രൂപം തന്നെ നഷ്ടമാകാവുന്ന അവസ്ഥയോർത്ത് പ്രതിമക്ക് വല്ലായമ തോന്നാൻ തുടങ്ങി. കാലപ്രവാഹത്തിന്റെ അങ്ങേത്തല പ്രതിമക്കു മുന്നിൽ ചോദ്യചിഹ്നംപോലെ ഉടക്കിക്കിടന്നു.

പ്രതിമയുടെ മുന്നിലൂടെ കടന്നുപോയ കഴിഞ്ഞ ദിവസത്തെ നഗ്നരായ സ്ത്രീകളുടെ പ്രതിഷേധപ്രകടനം നാളെ പ്രതിമയിലേൽപിക്കാൻ പോകുന്ന നിർബന്ധിത മാറ്റങ്ങൾക്കുള്ള വഴിയൊരുക്കുന്നു. ഭൂതകാലവും വർത്തമാനകാലവും പ്രതിമക്കു നൽകുന്ന സൂചന ഭാവികാലത്തിന്റെ കാഴ്ചകളാണ്‌. തുടക്കത്തിൽ ചെന്നവസാനിക്കുന്ന വികൃതമായ മറ്റൊരു തുടക്കത്തിലേക്ക്...

പുത്തൽ ശില്പികൾ മൂർച്ചയേറിയ തുളകൾ വീഴ്ത്തുന്ന ഡ്രില്ലുകളും ഗ്രൈന്ററുകളും ശരീരഘടനയെ മാത്രമല്ല ശരീരം നിർമ്മിക്കാനുപയോഗിച്ച കരിങ്കല്ലിന്റെ കാഠിന്യത്തെത്തന്നെ നശിപ്പിച്ചിരിക്കുന്നു. തൊട്ടാൽ പൊടിഞ്ഞുപോകാവുന്ന ചിതൽപ്പുറ്റുപോലെ തകർന്നിരിക്കുന്നു പ്രതിമയിലെ കടുത്ത പ്രതലങ്ങൾ പോലും.

കുറെനാൾ കഴിഞ്ഞൊരു ദിവസമാണ്‌ ശക്തിയായ് മഴ പെയ്തത്. മഴയിലലിഞ്ഞ ചിതൽപ്പുറ്റ് കലക്കവെള്ളമായി കുത്തിയൊഴുകി.   

1/8/14

ഗര്‍ഭജാഥകള്‍

                                                                                                                                       01/08/2014        
അവിഹിതഗർഭം എന്നു കേട്ടാൽ സാധാരണ ഒരു പുളകമൊക്കെ തോന്നാറുള്ളതാണ്‌. ഗർഭസ്വീകരണത്തിന്‌ നിദാനമായ കാരണങ്ങളന്വേഷിച്ചും സ്വീകരണസമയത്ത് അവരിൽ സംഭവിക്കുന്ന തരളിതമായ ഭാവചലങ്ങളുടെ ഭാവന ആവാഹിച്ചെടുത്തും സംഭവിക്കുന്ന പുളകം. വന്നുവന്ന്, കേട്ടുകേട്ട് ഇപ്പോഴത് പുളകം പോയിട്ട് ഒരു സംഭവമേ അല്ലാതായി.

ഇത്തരം ഗർഭങ്ങളിൽ പോലും സവർണ്ണനും അവർണ്ണനും ആകുന്നതിനനുസരിച്ച് അതിന്റെ പരസ്യ വിസ്തീർണ്ണത്തിലും ആരോഹണാവരോഹണക്രമങ്ങൾ താളം പിടിച്ചിരുന്നു.

ഇവിടെയിപ്പോൾ ഒരു പുലയപ്പെണ്ണിന്റെ അവിഹിത ഗർഭമാണ്‌ ചർച്ചയായത്. വിഹിതമാണൊ അവിഹിതമാണൊ എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്‌. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! അതുകൊണ്ട് അവിഹിതം കളഞ്ഞ് വെറും ഗർഭമാക്കുകയാണിവിടെ.

വാസന്തിയെന്ന പുലയപ്പെണ്ണിന്റെ ഗർഭം പത്തരമാറ്റൊന്നുമല്ല. നായര്‌ചെക്കന്റെ ബീജവും പുലയപ്പെണ്ണിന്റെ അണ്ഡവും സംയോജിച്ചതിനെ പൂർണ്ണമായും പുലയഗർഭമെന്ന് പറയാൻ കഴിയില്ലല്ലൊ. വേണമെങ്കിൽ നായര്‌-പുലയ ഗർഭമെന്ന് പറയാം. വാർത്തക്ക് പഴയ പുളകമൊന്നുമില്ലെങ്കിലും ഗർഭകാരണമന്വേഷിക്കാനും പെണ്ണിന്റെ പൂർവ്വ ചരിത്രം മെനഞ്ഞെടുക്കാനും ഇപ്പോഴും രസം തന്നെയാണ്‌. കൂടുതൽ വിദ്യാഭ്യാസം നേടിയ ഹരിജൻ പെൺകുട്ടിയാണെങ്കിൽ രസം ഒന്നുകൂടി വർദ്ധിക്കും. നട്ടുനടപ്പിന്റെ അസൂയയേയും അടിച്ചമർത്തലിനേയും ശക്തിയാർജ്ജിപ്പിക്കാൻ സിവിൽ എഞ്ചിനിയർ പെലിച്ചിപ്പെണ്ണിന്‌ പള്ളേലായി എന്നു പറഞ്ഞാൽ....കൊള്ളാം.

വാസന്തിയുടെ പൂർവ്വ ചരിത്രം അപ്പോഴേക്കും ഒന്നിനു പുറകെ മറ്റൊന്നായി മിച്ചഭൂമി കോളനിയിലെ ഇടവഴികളിലും പഞ്ചായത്ത് കിണറിന്റെ ചുവരെഴുത്തുകളിലും നിറം തെളിഞ്ഞു. വാസന്തിയുടെ ആദ്യ ഗർഭമായിരുന്നില്ല ഈ സങ്കര ജാതി ഗർഭമെന്നതാണ്‌ ഒന്നാമത്തെ ന്യൂസ്. നസ്രാണിഗർഭവും മാപ്ളഗർഭവും നമ്പൂരിഗർഭവുമെല്ലാം ഇതിനുമുൻപ് പൂപോലെ വാസന്തി നുള്ളിക്കളഞ്ഞിട്ടുണ്ടത്രെ. പോലീസുകാർ ചവ്ട്ടിക്കലക്കിയ ഗർഭം വേറെയും.. എത്ര വേഗമാണ്‌ ഗർഭജാഥകൾ കോളനി ഉഴുതു മറിച്ചിട്ടത്. പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്‌... എളുപ്പവും... ശക്തവും..!

സ്വജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്‌ വാസന്തിയുടെ അച്ഛൻ നാരായണൻ. ജാതിയുമായി പുലബന്ധം പോലുമില്ലാത്ത പേര്‌. ജാതിയുടെ തലപ്പത്തിരിക്കുന്നവനാകുമ്പോൾ പേരിനും ഒരു എടുപ്പൊക്കെ വേണം. കറുത്ത് കറുത്ത് കരിവീട്ടിയുടെ നിറമാണ്‌. പൊണ്ണത്തടി. കുംഭവയർ. ഉയരം കുറവ്. അലക്കിത്തേച്ച ഖദർ മുണ്ടും ജുബ്ബയും. കരിവീട്ടി, തൂവെള്ള തുണികൾ കൂടി അണിയുമ്പോൾ പ്രത്യേക കാഴ്ചയാണ്‌. മൂക്കിന്റെ ഇടതുഭാഗത്തായി കറുത്ത അരിമ്പാറ കൂടിയായപ്പോൾ പറയേം വേണ്ട.

അടുത്ത കാലങ്ങളിലായാണ്‌ ശരീരം ഇമ്മാതിരി പരുവപ്പെട്ടത്. പന്നിമലത്തും കള്ളുകുടിയുമായി നടന്ന ചെറുപ്പകാലത്ത് ഒരെലുമ്പൻ. അന്ന് നാരായണൻ മാക്കോതയായിരുന്നു. വെറും മാക്കോതയല്ല, അട്ട മാക്കോത. പന്നിമലത്തുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...കള്ള് കുടിക്കുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...എന്നുവേണ്ട എല്ലാത്തിലും മാക്കോത അട്ട തന്നെ. ചോര ഊറ്റിയെടുത്തിട്ടേ കടി വിടു. അട്ട മാക്കോത കെട്ടിയത് കാർത്തുവിനെ. കാർത്തുവും അന്നൊരു മൊതലായിരുന്നു, വായാടിയും. കാർത്തുവിന്റെ നാക്കായിരുന്നു മാക്കോതയുടെ ശക്തി വർദ്ധിപ്പിച്ചത്. ആരോടും തുറന്നടിച്ച് എന്തും പറയാൻ കാർത്തുവിന്‌ ലൈസൻസ് വേണ്ടായിരുന്നു. രണ്ടുപേരും നല്ല കമ്മ്യൂണിസ്റ്റുകാരും.

ഇല്ലായ്മയായിരുന്നു കമ്മ്യൂണിസത്തിൽ അവരെ ആകൃഷ്ടയാക്കിയത്. പാരമ്പര്യമായിട്ടും അത്തരം സമീപനം നിലനിന്നിരുന്നു എന്നും കൂട്ടിക്കോളു.

മിച്ചഭൂമി സമരമൊക്കെ സ്വന്തം അവകാശം പിടിച്ചുവാങ്ങുന്ന തർക്കമായി മാക്കോതയുടെ കൂടെക്കൂടി. പൊലീസിന്റെ അടി കിട്ടുമ്പോഴൊക്കെ ചെരങ്ങൻ തവളയെപ്പോലെ ശ്വാസം പിടിച്ച് വീർത്ത് നിന്നു. തക്കം കിട്ടുമ്പോൾ ഇരക്കുമേൽ ചാടിവീഴാൻ കാത്തു നിൽക്കുന്ന സിംഹത്തെപ്പോലെ മാക്കോത മാറി.

അന്നത്തെ സമരം വിജയിച്ചു. പുല്ലാനിവളപ്പിൽ തൊമ്മി മുതലാളിയുടെ കണ്ണായ മണ്ണ്‌ പത്ത് സെന്റ് വീതം പകുത്ത് കിട്ടിയപ്പോൾ മാക്കോതക്കും കാർത്തുവിനും സ്വന്തമായി ഭൂമിയായി. പത്ത് സെന്റിന്റെ അവകാശികൾ.

ശേഷിക്കുന്നവർക്കും ഭൂമിയെന്ന സമരവുമായി പാർട്ടി മുന്നേറിക്കൊണ്ടിരുന്നു. മാക്കോതയുടെ ആവശ്യം പത്തു സെന്റിൽ ഇനിയോരു വീടാണ്‌. മറ്റുള്ളവർക്കുകൂടി ഭൂമി വാങ്ങിക്കൊടുക്കാൻ സമരം ചെയ്യാനിറങ്ങി നടന്നിട്ട് കാര്യമില്ലെന്ന് മാക്കോതക്ക് തോന്നാൻ തുടങ്ങി. അട്ട പതിയെ കടി ലൂസാക്കാൻ തുടങ്ങി. പുതുരക്തം തേടി മാക്കോത ഭൂതകാല കടി വിട്ടു. ഭരണമുന്നണിയിലെ ഒരു ചെറുപാർട്ടിയെ സാവധാനത്തിൽ കടിക്കാൻ തുടങ്ങി. കടി മുറുകിയപ്പോൾ തൊമ്മി മുതലാളിയുടെ ഒരു പത്തു സെന്റിൽ കണ്ണായ മണ്ണിൽ എണ്ണം പറഞ്ഞൊരു കൊച്ചു ടെറസ് വീട് മാക്കോതക്കും കാർത്തുവിനും സ്വന്തം.

കറുത്ത് കരഞ്ഞ വാസന്തിയെ കടിഞ്ഞൂൽ പ്രസവത്തിൽ കാർത്തു പെറ്റിട്ടത് ടെറസ് വീട്ടിൽ. വാസന്തി വളർന്ന് ബ്ലാക്ക് ബ്യൂട്ടിയായി. അച്ഛന്റെ കുരുട്ടു ബുദ്ധിയും അമ്മയുടെ വായാടിത്തവും ഇഴ പിരിഞ്ഞ വാസന്തി ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് മിച്ചഭൂമി കോളനിയിൽ നട്ടുച്ച പോലെ തെളിഞ്ഞു. ഇതിനിടയിൽ പഴയ കടികൾ ഉപേക്ഷിച്ചും പുതിയതിനെ കടിച്ചുപിടിച്ചും അട്ട ചീർത്തുകൊണ്ടിരുന്നു.

സംവരണാനുകൂല്യങ്ങൾ കുത്തിയൊഴുകി മാക്കോതയുടെ പത്ത് സെന്റ് നിറഞ്ഞു കിടന്നു. വാസന്തി ഒന്നാം ക്ലാസ്സോടെ പത്താം തരം പാസ്സായപ്പോൾ മാക്കോതയും കനം വെച്ച് തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരു പോക്കായിരുന്നു മാക്കോതയുടെ തടി. അട്ട എന്നൊ മാക്കോത എന്നൊ വിളിക്കാൻ കോളനിക്കാർ ഭയപ്പെട്ടുതുടങ്ങി. മാക്കോതക്കും, ഹരിജൻ പേരായി തുടരുന്ന മാക്കോതയെ വെറുപ്പ് തോന്നാൻ തുടങ്ങി. അവിടെയാണ്‌ അട്ട മാക്കോത മരിക്കുന്നതും നാരായണൻ പിറവി കൊള്ളുന്നതും.

പയ്യെപ്പയ്യെയല്ല, പെട്ടെന്നാണ്‌ നാരായണൻ സ്വന്തം സമുദായത്തിന്റെ മേലേക്ക് ചാടിക്കയറിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയാണ്‌ അപ്പോൾ അട്ട കടിച്ചിരുന്നത്. ഹരിജനങ്ങൾക്ക് നാരയണൻ അങ്ങുന്നായി സാറായി മൊതലാളിയായി...പിന്നെ എമ്മെല്ലെയായി മന്ത്രിയായി. സ്വത്തുവകകൾ കുന്നുകൂടി.

സിവിൽ എഞ്ചിനിയറിങ്ങ് പാസ്സായ വാസന്തി സർക്കാരിൽ എഞ്ചിനിയറാകാനായി ശ്രമം ആരംഭിച്ച സമയത്താണ്‌ തൂക്കുമന്ത്രിസഭയിൽ നിന്ന് നാരായണൻ രാജി വെക്കുന്നത്. ആദ്യത്തെ ലാവണമായ കമ്മ്യൂണിസ്റ്റുകാരാണ്‌ രാജിക്കു പിന്നിലെന്ന് ഒരു ശ്രുതിയുണ്ട്. ഒരാളെ ഇപ്പുറത്തേക്കു കിട്ടിയാൽ മതി മന്ത്രിസഭ താഴെ വീഴുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്‌. അതുകൊണ്ട് ചിലപ്പോൾ സംഗതി ശരിയാകാനും വഴിയുണ്ട്. ഒരു മനുഷ്യായുസ്സിനകത്ത് നേടേണ്ടതെല്ലാം നേടിയ നാരായണന്‌ സ്വന്തം നാട്ടിലൊരു സൽപ്പേര്‌ മെരുക്കിയെടുക്കാൻ കമ്മ്യൂണിസ്സം തന്നെയാണ്‌ നല്ലതെന്നു തീരുമാനിച്ചതാണെന്നും കിംവദന്തിയുണ്ട്. രണ്ടായാലും നാരായണൻ രാജി വെച്ചു.

വെറുതെ രാജിവെച്ചതുകൊണ്ടായില്ല. ആദ്യം പാർട്ടി മാറിയതിൽ പഴയ കമ്മ്യൂണിസ്റ്റുകാർക്കുള്ള വൈരാഗ്യവും പുതുതലമുറയിലെ യുവാക്കൾക്കുള്ള പുച്ഛവും അവസാനിപ്പിക്കാതെ അതിനകത്തേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് നാരായണന്‌ നല്ല ബോധ്യമുണ്ട്. തന്ത്രങ്ങൾ ഒന്നും ലഭിക്കാതെ രാവും പകലും ഒന്നാക്കി പാദം വരെ വളർന്നു കിടന്ന വെരിക്കോസിന്റെ വേരു പടലങ്ങളിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദിവസം കാലത്തുതന്നെ ടെറസ്സിനകത്തെ വാഷ്ബെയ്സിനിൽ വാസന്തി വളഞ്ഞുകുത്തി ഛർദ്ദിക്കുന്നത് കാർത്തു കണ്ടെത്തിയ വിവരം നാരായണനെ അറിയിക്കുന്നത് ആയിടക്കാണ്‌. ഐഡിയാ...നാരായണൻ മനസ്സിൽ പറഞ്ഞു. നായര്‌ചെക്കനാണെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നുമൊക്കെ നിസ്സാരമായി മോള്‌ പറഞ്ഞെന്നും കാർത്തു നാരായണനെ ധരിപ്പിച്ചു. നന്നായൊന്ന് കടിക്കാൻ കിട്ടിയ അവസരം അട്ടയുണ്ടോ വേണ്ടെന്നു വെക്കുന്നു? അതിനിപ്പോൾ മോളാണ്‌ എന്നതൊന്നും വലിയ തടസ്സമല്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടാൻ വഴിയില്ലെന്ന് നാരായണൻ കണക്കു കൂട്ടി. നായര്‌ചെക്കൻ പുലയപ്പെണ്ണിനെ പെഴപ്പിച്ചു. സംഗതി നിസ്സാരമല്ല. ഹരിജനങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സംഭവമാണ്‌. ഒന്നു കൊഴുപ്പിച്ചാൽ സംഗതി ഏറ്റതുതന്നെ. പാർട്ടി പ്രവേശനം എളുപ്പം. വാസന്തി അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ലെന്ന് നാരായണന്‌ നന്നായറിയാം.

കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങൾ സാധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് നാരായണൻ പഠിച്ചിരിക്കുന്നു. ചിലപ്പോൾ അതിനുവേണ്ടി തമ്മിൽ തമ്മിൽ ചതിക്കേണ്ടി വരും. പൂച്ചയെപ്പോലെ കണ്ണടച്ച് കക്കും. എല്ലാവരേയും ചതിക്കും. ഭാര്യയെ മക്കളെ ഒക്കെ.

അനുസരണകൊണ്ട് അടിമകളായ സ്വന്തം സമുദായത്തിലെ വിശ്വസ്തരായ തീവ്രാനുഭാവികളെ നാരായണൻ കാര്യം ധരിപ്പിച്ചു. അധികവും സ്ത്രീകളടങ്ങുന്ന ഇരുപതംഗ സംഘത്തെ ചട്ടം കെട്ടി. കാർത്തുവിനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. പഴഞ്ചൻ ഏർപ്പാടാണെങ്കിലും പെട്ടെന്ന് രക്തം തിളപ്പിക്കാൻ ഇതൊക്കെയാണ്‌ ഇപ്പോഴും നല്ല മാർഗ്ഗം.

പിറ്റേന്ന് കാലത്ത് വാസന്തി കെട്ടിയൊരുങ്ങി പുറത്തിറങ്ങി. വാസന്തി ബസ്സ് കയറി പോയെന്ന് ഉറപ്പു വരുത്തിയ കാർത്തുവും സംഘവും ഒരു ജാഥ പോലെ യാത്രയായി. നാരായണന്റെ നിർദ്ദേശപ്രകാരം കാർത്തു പോകുന്ന പോക്കിൽ സംഭവം വിളമ്പി. കേൾക്കുന്നവർ കേൾക്കുന്നവർ പ്രത്യേക ഉന്മേഷത്തോടെ ജാഥക്കൊപ്പം കൂടി.

അപ്രതീക്ഷിതമായി നായരുടെ വീട്ടുപടിക്കലെ സമരം കണ്ട് ജനം അത്ഭുതംകൂറി എത്തി നോക്കി.

“പെലിച്ച്യായാലും നായര്‌ച്ച്യായാലും കുണ്ടാണം കുണ്ടാണം തന്ന്യാടി വെള്ളച്ചി” വായിലെ മുറുക്കാനും തുപ്പലും പുറത്തേക്ക് ചിതറിപ്പിച്ച് കാർത്തു ഭദ്രകാളിയായി. രണ്ടും കല്പിച്ചാണ്‌. നാരായണന്‌ ഒത്ത പെണ്ണ്‌.

ഇനിയും പോരട്ടെ എന്ന ആഗ്രഹത്തോടെ പെണ്ണിന്റെ വായിൽ നിന്നു വീണ തെറി ആസ്വദിച്ച ജനക്കൂട്ടം ‘ഛെ..ഛെ..’ എന്ന് പ്രദർശിപ്പിച്ചു.

“വെള്‌ത്ത ചെക്കനെ കണ്ട് കറമ്പി മലന്ന് കെടന്ന് സുകിച്ചപ്പൊ ഓർത്തില്ലേടി ചെള്‌ക്കെ ഇങ്ങ്ന്യൊക്കെ വരുംന്ന്” ജനത്തിന്റെ ആഗ്രഹ സഫലീകരണമെന്നോണം നായര്‌ചെക്കന്റെ അമ്മ മുണ്ടല്പം തെരുത്ത് കേറ്റി തണ്ടല്‌ മുന്നിലേക്കുന്തിച്ച് ഒന്നാട്ടിക്കാണിച്ച് നീട്ടിത്തുപ്പി.

സംഭവം അത്ര രഹസ്യമല്ലെന്ന് ജനത്തിന്‌ പിടികിട്ടി. നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലൊ എന്നൊരു പ്രയാസമെ അവർക്കുള്ളു.

രാഷ്ട്രീയകാർ ഇടപെട്ട് ഒതുക്കാനും പടർത്താനും പ്രയത്നം തുടങ്ങി. പെണ്ണിനോടും ചെറുക്കനോടും ചോദിച്ച് തീരുമാനിക്കാമെന്ന പൊതുജനാഭിപ്രായം സ്വീകരിക്കാതെ തരമില്ലെന്നായി. സമദൂരസമുദായ സംഘടനയും ദൂരമേതുമില്ലാത്ത സംഘടനയും തണുത്തു. തൽക്കാലം അന്നത്തെ ഭരണിപ്പാട്ടിന്‌ അറുതിയായി. ജാഥ പിൻവാങ്ങി.

തിരിച്ചുപോകുന്ന ജാഥാംഗങ്ങളും ബസ്സിറങ്ങി വരുന്ന നായര്‌ചെക്കനും കോളനിക്കടുത്ത റോഡിൽ നേർക്കുനേർ കണ്ടുമുട്ടി. ജാഥാംഗങ്ങളുടെ രക്തം തിളച്ചു. സംഭവം മനസ്സിലാകാതെ പകച്ചു നിന്ന അവനെ പിടിച്ച് റോഡ് സൈഡിലുള്ള പോസ്റ്റിൽ കെട്ടിയിട്ടു. ചിലർ അവന്റെ പാന്റടക്കം ലിംഗത്തെ മുറുകെപ്പിടിച്ച് ഞെരിക്കുകയും തിരിക്കുകയും ചെയ്തു. പള്ളക്ക് കുത്തി രസിച്ചു. തലയിൽ ഞോണ്ടി പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

അവനും വാസന്തിയും ഒരേ ബസ്സിലാണ്‌ വന്നിറങ്ങിയത്. കോളനി പരിസരത്ത് ഇത്തരം സംഭവം നടക്കുന്നതായി ഇരുവർക്കും അറിയില്ലായിരുന്നു. വാസന്തി കോളനിക്കകത്തേക്ക് നടക്കുന്നതിനിടയിലാണ്‌ സംഭവത്തെക്കുറിച്ചറിയുന്നത്. അവനെ പിടിച്ചുകെട്ടി മർദ്ദിക്കുന്നുവെന്ന് അറിഞ്ഞ വാസന്തി തിരിച്ച് റോഡിലേക്കോടി. അവളുടെ വ്യക്തി ജീവിതത്തിൽ നാരായണന്റെ ജൈവ സംജ്ഞകൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെത്തിയ വാസന്തി അവന്റെ കെട്ടുകളഴിച്ച് പോസ്റ്റിൽനിന്ന് സ്വതന്ത്രനാക്കി. തല്ലുകൊണ്ട ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

“ഇത്തരം ഞരമ്പ് രോഗികളെ വെറുതെ വിടരുത് മോളെ.” ആൾക്കൂട്ടം.

“ഞാനൊന്ന് ഛർദ്ദിച്ചുവെന്നത് നേരാ. അതിനാ കാലത്ത് തന്നെ ആസ്പത്രീ പോയെ. മരുന്നും കഴിച്ചു. ഇപ്പൊ ഛർദ്ദീം മാറി. പിന്നെ നിങ്ങൾക്കെന്താ കൊഴപ്പം?” വാസന്തി അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തോടായി പറഞ്ഞു.

5/7/14

അമ്മീമ്മക്കഥകളുടെ കഥാകാരി.

                                                                                                                                  5/7/2014

അഗ്രഹാരങ്ങളുടെ അടരുകളിൽ അസ്തമിച്ചിട്ടില്ലത്ത ആകുലതകൾ വിങ്ങിക്കൊണ്ടിരിക്കുന്നു... സവർണ്ണതയിൽ ഒരിക്കലും സമരസപ്പെടാത്ത ജാതിവൈര്യത്തിന്റെ വലിഞ്ഞുമുറുകിയ ചോരക്കുഴലുകളിൽ രക്തസമ്മർദം നിലച്ചിട്ടില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു.

അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ്‌ “അമ്മീമ്മക്കഥകൾ”ടെ കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന്‌ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.

മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്.

നമുക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്‌ എച്ചുമുക്കുട്ടിയുടേത്.

ബ്ലോഗ് പോസ്റ്റുകളെല്ലാം വായിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ്‌ അമ്മീമ്മക്കഥകൾ പുസ്തക രൂപത്തിൽ ഞാൻ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറിപ്പെഴുതണമെന്നു തോന്നി. കാരണം അതൊരു ഓർമ്മപ്പുസ്തകമല്ലെ.., കഥകളല്ലല്ലൊ?  നമ്മുടെ പല സുഹൃത്തുക്കളും അമ്മീമ്മക്കഥകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരാവർത്തനം എന്നതിലുപരി എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകളിലൂടെ ഞാനൊന്ന് കണ്ണോടിക്കുവാൻ ശ്രമിക്കുകയാണ്‌.

അമ്മീമ്മക്കഥകളിലെ കഥാകാരിയുടെ ചില വാക്കുകൾ ഇതാ.... “വേരുകളുടെ പടലങ്ങളില്ലാതെ...” എന്ന ഒർമ്മക്കുറിപ്പിൽ നിന്ന്.

“വേരുകളെക്കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാൻ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാപ്പുരകളുമില്ലാത്ത ഒരാളാണു ഞാൻ. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛൻ വീട്, എന്റെ ബന്ധുവീടുകൾ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാൻ ഇല്ല. എന്തിന്‌, എല്ലാവരും എന്റെ ജാതി എന്ന് പറയുന്നത് പോലെ ഞാൻ ഒരു നമ്പൂതിരിയാണെന്നോ.....എന്നോ അല്ലെങ്കിൽ ഞാൻ ഒരു ചോവനാണെന്നോ അതുമല്ലെങ്കിൽ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാൻ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളിൽ പതിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കൂ, ഇതാണ്‌ എന്റേത് ’ എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും ‘നമ്മുടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്‌.“    

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പൊള്ളല്‍ സമ്മാനിച്ച ജനനവും, ജനനത്തോടെ നികൃഷ്ടജീവികളെപ്പോലെ അകറ്റി നിർത്തപ്പെട്ട ബാല്യവും ബ്ലോഗിന്റെ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തലായി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളായിരുന്നു. പെണ്ണെന്ന അവജ്ഞയെ പുല്ലുപോലെ നേരിട്ടത് മുൻവിധികളെ കുടഞ്ഞെറിഞ്ഞ തുടക്കം മുതലുള്ള തുറന്നു പറച്ചിലിലൂടെയാണ്‌. എന്റെ ജാതിയറിഞ്ഞാൽ, നിറമറിഞ്ഞാൽ, സൗന്ദര്യമറിഞ്ഞാൽ, ജീവിതമറിഞ്ഞാൽ അങ്ങിനേയുമിങ്ങനേയും ധരിക്കുമെന്ന വേവലാതികളില്ലാതെ തികഞ്ഞ ബോധ്യത്തോടെയുള്ള എഴുത്ത്. അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്‌/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്.

ബാല്യകാലജീവിതം സമ്മാനിച്ച കയ്പുനീരിന്റെ അനുഭവങ്ങളും ഒറ്റപ്പെടലുമാണ്‌ കുട്ടികളുടെ മനസ്സും അവരുടെ വേദനകളും ഇത്രയും തന്മയത്വമായി പകർത്താൻ എച്ചുമുക്കുട്ടിയെ പ്രാപ്തമാക്കിയിരിക്കുക. ഒരു കുട്ടി ജന്മം കൊള്ളുന്നതിനുവേണ്ടി വളർന്നു വികസിക്കുന്ന സാഹചര്യം മുതൽ പ്രസവം ബാല്യം കൗമാരം ജീവിതം എന്നത് പോലെ ആരംഭം മുതൽ പടിപടിയായാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകൾ വളർന്നു രൂപം പ്രാപിക്കുന്നതെന്ന് കാണാം.

സർവ്വ പ്രായങ്ങളിലും സമരം ചെയ്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥകളാണ്‌ തുടർന്നുള്ള എഴുത്തുകളിൽ ഉടനീളം നിഴലിച്ചു കിടക്കുന്നത്. അത്തരം എഴുത്തുകളിലാണ്‌ എച്ചുമുക്കുട്ടിയുടെ അപാരമായ കഴിവ് നമ്മെ അസൂയപ്പെടുത്തുന്നത്. അനുഭവങ്ങള്‍  കണ്ടെത്തുന്നതിനായുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരിക്കാം... ആ യാത്രക്കുവേണ്ട ഊർജ്ജം സമ്പാദിച്ചെടുത്തത് അമ്മീമ്മയിൽ നിന്നായിരുന്നുവെന്ന് വ്യക്തം.

ഒരൗദാര്യം പോലെ ഭിക്ഷപോലെ അമ്മീമ്മക്ക് നൽകുന്ന വീടും പറമ്പും പുരുഷാധിപത്യത്തിന്റേയോ സവർണ്ണാധിപത്യത്തിന്റേയോ കാർക്കശ്യങ്ങൾക്കുള്ള അവകാശമായി ഒരു കൂട്ടം മനുഷ്യർ സ്ഥാപിച്ചെടുക്കുന്നത് അമ്മീമ്മക്കഥകളിലെ “സ്വത്ത്, ധനം, സമ്പാദ്യം.....പെണ്ണിന്റെ കാര്യമാണു പറയുന്നത്...”എന്ന ഓർമ്മക്കുറിപ്പിൽ  കാണാം. അമ്മീമ്മയുടെ മരണശേഷം വീടിന്റേയും പറമ്പിന്റേയും അവകാശം സഹോദരന്റെ മകനു നൽകുന്ന നിബന്ധന എഴുതിച്ചേർക്കുന്നതോടെ അവകാശങ്ങൾക്ക് അർഹരല്ല സ്ത്രീകളെന്നും വെറുമൊരു കാവൽക്കാരി മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം പുരുഷാവകാശത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ഗർജ്ജനവും കൂടി ആകുന്നുണ്ട് ആ ഭാഗങ്ങൾ.

ഇത്തരം ഓർമ്മകളുടെ ചിറകേറി പറക്കുന്ന എഴുത്തുകാരി മാതൃത്വത്തിന്റെ കനി തട്ടിപ്പറിക്കപ്പെടുന്ന ക്രൂരതയെക്കുറിച്ചും എഴുതുന്നത് പല പോസ്റ്റുകളിലും നമുക്ക് വായിക്കാനാവും.  സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന കോടതിവിധിയിൽ ബോധംകെട്ടു വീഴുന്ന നായികയെപ്പറ്റി എഴുതുന്നത് "പൂച്ചമ്മ" എന്ന കഥയിലാണ്‌. നമ്മുടേതെന്നു കരുതി നാം സർവ്വസമയവും കൂടെ കൊണ്ടുനടക്കുന്നത് ഒരു സുപ്രഭാതത്തിൽ അന്യമായി തീരുമ്പോൾ ചങ്ക് കഴയ്ക്കുന്ന വേദന മനുഷ്യനായി ജീവിക്കുന്നവർക്കെല്ലാം തുല്യമാണ്‌. അതൊരു തിരിച്ചറിവാകുന്നതോടെ നേടി എന്നു കരുതി സ്വന്തമാക്കിയതെല്ലാം ഇട്ടെറിയുകയും തന്നെക്കാൾ കൂടുതൽ നഷ്ടപ്പെടലുകളോടെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്നത് തുടർന്ന് ജീവിക്കാൻ പ്രേരക ശക്തിയാവുകയും ഇല്ലായ്മയെ നേടിയെടുക്കാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം ശക്തി നേടിയെടുക്കുക എന്നത് അതീവ ശ്രമകരമായ ഒരദ്ധ്വാനവും പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ്‌..!

തുടർന്നുവരുന്ന കഥകളിലും ലേഖനങ്ങളിലും കുറിപ്പുകളിലും എല്ലാം തന്നെ അശരണരും ദരിദ്രരും ആയവരുടെ അനുഭവങ്ങൾ പതിഞ്ഞിരിക്കുന്നതിൽ നിന്ന് അത്തരമൊരു ശക്തിയെ വായിച്ചെടുക്കാനാവുന്നു. വിശിഷ്യ പെൺപക്ഷങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെയുള്ള ഈറ്റപ്പുലിശക്തി....

ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രാഹ്മണ്യത്തിലെ സാമ്പത്തിക സമ്പന്നതയേയും സവർണ്ണ സമ്പന്നതയേയും തിരസ്ക്കരിച്ചിറങ്ങിപ്പോകുന്ന ഒരു ശക്തിയെ എച്ചുമുക്കുട്ടിയുടെ പോസ്റ്റുകളിലുടനീളം കാണാനാവുന്നു. ആ തിരസ്ക്കരണ ശക്തിയുടെ ഇന്നത്തെ രൂപത്തിലുള്ള ചില സൂചനകൾ ഈയിടെ പുറത്തിറങ്ങുന്ന കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വായിച്ചെടുക്കാനാവുന്നുണ്ട്. കുറച്ചുനാൾ മുമ്പെഴുതിയ ‘ചങ്ങാതി’ എന്ന കഥയിലെ നായികയുടെ വർത്തമാനകാല ചിത്രം ഒരുദാഹരണം മാത്രമാകാനാണ്‌ വഴി. അതിലെ രണ്ടു വരികൾ ഇപ്രകാരമാണ്‌. “ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ ദാരിദ്ര്യം അവനിന്നു കണ്ടു മനസ്സിലാക്കുകയാണ്‌. നീലനിറമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റ്, ചുരുട്ടിയ പുല്പായ, മൂന്നു അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക്ക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ടു സാൽവാർ കമ്മീസുകൾ......“ കഴിഞ്ഞു സമ്പാദ്യം!

അമ്മീമ്മക്കഥകളുടെ പരിചയപ്പെടുത്തൽ ഈ-മഷിയിലൂടെ നടത്തിയ നിഷയുടെ വക്കുകൾ കേൾക്കു. അമ്മീമ്മ കാണിച്ച വഴികളിലൂടെ, അവർ പകർന്നു കൊടുത്ത നന്മയും സ്നേഹവും മുതൽകൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്‌ അവരുമായുള്ള എന്റെ പരിമിതമായ ഇടപഴകലിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.“ സൗഹൃദത്തിന്റെ തലത്തിൽ നിന്ന് നിഷക്ക് അത്തരം യാഥാർഥ്യങ്ങൾ കാണാനായിട്ടുണ്ടെങ്കിൽ എഴുത്തിലൂടെ സ്വന്തം ജീവിതത്തിനു ജീവൻ നൽകുന്ന കഥാകാരിയാണ്‌ എച്ചുമുക്കുട്ടി എന്നു കരുതുന്നതിൽ തെറ്റില്ല.

ആറു മാസത്തേക്ക്, മാധ്യമം ദിനപ്പത്രത്തിലെ വെള്ളിയാഴ്ചകളില്‍ പുറത്തിറങ്ങുന്ന കുടുംബമാധ്യമത്തില്‍ സ്വകാര്യം എന്ന കോളം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുഖ്യധാരയിൽ നിലനിൽക്കേണ്ട പൊതുബോധത്തെക്കുറിച്ച് വാചാലയായത് നാം കണ്ടതാണ്‌. ആ എഴുത്തിനുള്ള ജനങ്ങളുടെ സ്വീകാര്യതയായിരുന്നു ആറുമാസം എന്ന കാലവധി രണ്ടര വർഷമായി നീണ്ടുപോകാൻ കാരണം. ആളും അർത്ഥവും സമ്മർദവും ആവശ്യമില്ലാതെ പ്രസിദ്ധികരിക്കപ്പെടാവുന്ന അച്ചടി മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എച്ചുമുക്കുട്ടിയുടേതായ രചനകൾ കാണാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ആഴത്തിലുള്ള വിപുലമായ വായനയും അതുമൂലം സ്വായത്തമാക്കിയ അറിവും മാത്രമല്ല യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുടെ തീഷ്ണമായ കണ്ടെത്തലുകളും സ്വന്തം ജീവിതം തന്നെയും പകർത്തിയെഴുതുമ്പോൾ എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി നേടിയ ബിരുദാനന്തരബിരുദമെന്ന അക്കാദമിക്ക് ഡിഗ്രിയേക്കാൾ എത്രയോ ഉയരത്തിലാണിന്നവർ.

ഞാനിത്രയും പറഞ്ഞുവെച്ചത് അമ്മീമ്മക്കഥകളെക്കുറിച്ച് മറ്റുള്ളവർ സൂചിപ്പിക്കാത്ത എന്റെ ചില ചിന്തകൾ ധ്വനിപ്പിക്കാനാണ്‌. എന്തുകൊണ്ട് എച്ചുമുക്കുട്ടി വായിക്കപ്പെടണം എന്നിടത്തേക്കാണ്‌.

സാധാരണ പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള പരിചയപ്പെടുത്തൽ നമ്മൾ വായിക്കാറുണ്ട്. ഒരു ബ്ലോഗറെന്ന നിലക്ക് നമ്മുടെയെല്ലാം സുഹൃത്തായ പ്രിയപ്പെട്ട എഴുത്തുകാരി സഹജീവികളുടെ വേദന സ്വന്തം ജീവിത ലക്ഷ്യമാക്കുമ്പോള്‍ ലഭിക്കുന്ന ഏക മനസ്സമാധാനവും എഴുത്താണെന്ന് കാണാവുന്നതാണ്. ചിലര്‍ ജീവിത പ്രയാസങ്ങളെ ഒന്നുമല്ലാതാക്കാൻ ചില കണ്ടെത്തലുകള്‍ നടത്തും. തന്നെക്കാളേറെ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതം കണ്ടെത്തി അവരുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങുക എന്ന മനസ്സിനെ ബലപ്പെടുത്തുന്ന തന്ത്രം ഉപയോഗിക്കുന്ന രീതി. അത്തരം പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾക്ക് വലിയ ഉദാഹരണങ്ങളാണ്‌ ഇപ്പോൾ തുടർക്കഥയായി ബ്ലോഗിൽ പ്രസിദ്ധികരിക്കുന്ന 'ഇച്ചാക്കയുടെയും' 'പൂജയുടെയും' 'സ്വന്‍സലിന്റെയും' 'ഗരുവിന്റെയും' 'സീമയുടെയും' കഥകൾ. ജീവിതത്തെ ശക്തിപ്പെടുത്താൻ എഴുത്തുകാരി തെരഞ്ഞെടുത്തതെന്നു തോന്നാവുന്ന  അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ പറഞ്ഞത് അവനവനെ തന്നെ ബലികൊടുക്കാൻ തയ്യാറാവാത്തവർക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന്.

ബ്ലോഗർ കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് ജീവിതം ചീന്തിയെടുത്ത് തയ്യാറാക്കിയ എച്ചുമുക്കുട്ടിയുടെ രചനകൾ കേരളമാകെ വ്യാപിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നെനിക്ക് തോന്നുന്നു. അതിനുവേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ മറ്റ് സുഹൃത്തുക്കളെക്കോണ്ട് അമ്മീമ്മക്കഥകൾ വായിപ്പിക്കാനും വ്യപകമായ പുസ്തകലഭ്യതക്ക് വഴിയൊരുക്കുവാൻ കഴിയാവുന്നവർ അത് ചെയ്യുകയും വേണം. അമ്മീമ്മക്കഥകളിൽ വന്നതിനേക്കാൾ മഹത്തായ സൃഷ്ടികളാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗുകളിൽ ഇനിയും ധാരാളമായി കാണാൻ കഴിയുന്നത്. അതെല്ലാം പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിന്‌ കൂടുതൽ ഔട്ട്ലെറ്റുകളുള്ള പ്രസാധകരെ പരിചയപ്പെടുത്താനും അതിനാവശ്യമുള്ള സൗകര്യങ്ങൾ ചെയ്യാനും കഴിയുന്നവർ അങ്ങിനേയും നമ്മുടെ കുടുംബാംഗത്തിന്റെ മാനസ്സികോല്ലാസം വർദ്ധിപ്പിച്ച് എല്ലാ തലത്തിലും ദരിദ്രമായ സഹജീവികൾക്ക് ആശ്വാസം ലഭിക്കേണ്ടുന്ന എഴുത്തിലേക്ക് എച്ചുമുക്കുട്ടിയെ നയിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യണമെന്നുമാണ്‌ എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും അറിവു കൊണ്ടുമാത്രം കാര്യങ്ങൾ നടത്താൻ കഴിയാത്ത ഇന്നത്തെ കാലത്ത്. ലാഭവും പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിനകം തന്നെ എച്ചുമുക്കുട്ടിയുടെ പുസ്തകങ്ങൾ വിപണികൾ കീഴടക്കിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു.

അമ്മീമ്മക്കഥകൾ ലഭ്യമാകുന്ന ഇടങ്ങൾ:-

1. http://indulekha.com/ വഴി ഒൺലൈൻ വഴി വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ പോയാല്‍ ലഭിക്കും . ഇന്ദുലേഖയില്‍ പോയി Ammeemma Kathakal എന്ന് സേര്‍ച്ച്‌ ചെയ്താലും കാണാം.

2. ഇന്ത്യയില്‍ എവിടെയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും.
മാനേജർ, സി എൽ എസ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ, 670 141 എന്ന വിലാസത്തിൽ ആവശ്യപ്പെട്ടാലും മതി.
അല്ലെങ്കിൽ clsbuks@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അഡ്രസ്സും ഫോൺ നമ്പറും മെയിൽ ചെയ്യാം.
09747203420 ഈ മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ആയി മെസേജ് അയച്ചാലും ബുക്ക് ലഭിക്കും.

3. തൃശൂർ വടക്കേച്ചിറ ബസ്സ്സ്റ്റാന്റിലെ ജോർജ്ജേട്ടന്റെ പെട്ടിക്കടയിൽ പുസ്തകം വില്പനക്കുണ്ട്.

4. തിരുവനന്തപുരത്തെ കേശവദാസപുരത്ത് കേദാരം ഷോപ്പിങ്ങ് കോബ്ലക്സിലുള്ള എക്സെൽ ബുക്ക്ഷോപ്പിലും (ഷോപ്പ് നമ്പർ- 70) അമ്മീമ്മക്കഥകൾ കിട്ടും.

പരിചയപ്പെടുത്തലിനു എച്ചുമുക്കുട്ടിയോടു ചോദിച്ചപ്പോള്‍ തന്ന ചിത്രങ്ങള്‍ ആണ്.





26/5/14

കരുതലുകള്‍ നഷ്ടപ്പെടുത്താതെ....

                                                                                                                               26/05/2014

രണ്ടാമത്തെ ഡെലിവെറി അല്പം കോമ്പ്ലികേറ്റഡ് ആയിരുന്നു. അതുകൊണ്ടായിരുന്നു ആറു വർഷം പിന്നിട്ട ദാമ്പത്യത്തിനിടയിലേക്ക് അതൃപ്തി എത്തിനോക്കുന്നുവെന്ന് തോന്നിത്തുടങ്ങിയത്. അങ്ങിനെ തോന്നിയതിൽ കുറ്റം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രപ്രണയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നല്ലൊ ഞങ്ങളുടെ വിവാഹം.

ശരീരത്തിന്റെ ഫിസിക്കലായ കുറവുകൾ സ്നേഹത്തിനു മുകളിൽ പതിക്കുന്ന നിഴലുകളാണെന്ന് തോന്നിയതും ശിവേട്ടന്റെ കിടക്കറ രുചികളിലെ മാറ്റങ്ങളോടെയാണ്‌. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ശിവേട്ടനിലെ മാറ്റം. എന്റെ ശരീരത്തെ സ്പർശിക്കാതെ എനിക്കറപ്പുളവാക്കുന്ന ശിവേട്ടന്റെ പ്രവൃത്തികളിൽ ആദ്യകാല പ്രണയത്തിലെ ശോഭ മങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങി. എന്റെ കുറവുകൾ സ്വയം മനസ്സിലാക്കി അറപ്പകറ്റി പൊരുത്തപ്പെട്ടിരുന്നപ്പോഴും ഒരിഷ്ടക്കുറവ് മനസ്സറിയാതെ മനസ്സിൽ രൂപം കൊണ്ടിരുന്നു എന്നുവേണം കരുതാൻ.

വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസനും പാർവ്വതിയുമെന്ന് കൂടെക്കൂടെ പറയുമായിരുന്ന ശിവേട്ടനിൽ അപകർഷതാബോധത്തിന്റെ അപകട സാദ്ധ്യതകൾ ഏറിവന്നു. ശിവേട്ടന്റെ കറുത്ത നിറവും കാണാനുള്ള ചന്തക്കുറവും വിദ്യാഭ്യാസക്കമ്മിയും പ്രണയാരംഭത്തെ എന്നിൽ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അല്ലെങ്കിൽ സ്നേഹത്തിനിടയിലേക്ക് കടന്നുവരാവുന്ന വില്ലന്മാരായിരുന്നില്ല അതൊന്നുമെന്ന പൂർണ്ണവിശ്വാസം ശക്തവുമായിരുന്നു.

ഒരു സോഫ്റ്റ് വെയർ എഞ്ചിനിയർ എന്നത് ഇക്കാലത്ത് വലിയ സംഭവമൊന്നുമല്ലെന്ന് നന്നായറിയാം. പക്ഷെ, അതേ ശ്രേണിയിലുള്ള സഹപ്രവർത്തകരൊത്തുള്ള സഹവാസവും സൗഹൃദവും ശിവേട്ടനേയും ശിവേട്ടന്റെ സ്നേഹത്തേയും വളരെ പുറകിലേക്ക് നീക്കി നിർത്തുന്നില്ലേ? അപ്ഡേറ്റ് ചെയ്യപ്പെടാത്ത സ്നേഹം പോലെ പഴഞ്ചനായ പ്രതീതി. തൃപ്തിയുടെ രുചികളിൽ കാലോചിതമായ മാറ്റം ആഗ്രഹിക്കുന്ന സ്നേഹം. അതൊരു പക്ഷെ വികലമായ സംസ്ക്കാരത്തിന്റെ ചട്ടക്കൂടിനകത്ത് സ്നേഹത്തെ നിയന്ത്രിച്ചു നിർത്തിയതിനാലും ആകാം...ആലോചിക്കുന്തോറും തല പെരുക്കുന്നതുപോലെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരവിക്കുന്ന മോഹങ്ങൾ.

സരസനായ സഹപ്രവർത്തകൻ ശ്രീനിയുടെ സംഭാഷണങ്ങളും ചേഷ്ടകളും ആരേയും മോഹിപ്പിക്കുന്നതായിരുന്നു. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലക്ക് ശ്രീനിയുമായുള്ള സൗഹൃദം രൂപപ്പെട്ടത് പെട്ടെന്നായിരുന്നു. ഒരേ സ്ഥാപനത്തിലെ ഒരേ ജോലിക്കാർ. എന്നെപ്പോലെ തന്നെയാണ് ശ്രീനിയുടെ കുടുംബവും. ഭാര്യയും മക്കളും. വിപുലമായ ശ്രീനിയുടെ ആൺപെൺ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് പ്രത്യേക പരിഗണന വേണമെന്ന് ഞാൻ ഗൂഢമായി ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹ സഫലീകരണത്തിനായി ഏതറ്റം വരെ പോകാനും തയ്യറായിക്കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും. അത്രയൊന്നും സംഭവിക്കാതെ തന്നെ ശ്രീനിയുടെ പ്രത്യേക പരിഗണനക്ക് ഞാൻ അർഹയായി. എന്തോ നേടിയ അഹംഭാവത്തോടെ ആളൊഴിഞ്ഞിടത്ത് കാണാനും ഏറെ നേരം സസാരിച്ചിരിച്ചിരിക്കാനും സമയം കണ്ടത്തി ഞങ്ങൾ. സൗഹൃദം വേറെ എങ്ങോട്ടോ യാത്ര തുടങ്ങി. സ്വപ്നതുല്യമായി ചിറകുവിടർത്തിയ ജീവിതവുമായി ഞാൻ മതിമറന്നു. ശ്രീനിയുടെ കുടുംബവും, എന്റെ കുടുംബവും എന്റെ രാപ്പകലുകളിൽ നിന്നൊഴിഞ്ഞുപോയി. രാത്രിയിലെ മെസേജുകളും ഫോൺ കോളുകളും അവസാനിച്ച് നേരം പുലരുമ്പോൾ കാണാനും സംസാരിക്കാനും മാത്രമുള്ളതാക്കി ദിനചര്യകളെ ക്രമീകരിച്ചു. കണ്ടില്ല കേട്ടില്ല അറിയില്ല എന്ന എന്റെ നാട്യങ്ങൾ ശിവേട്ടനിൽ സംശയം ബലപ്പെടുത്തി.

“ നീയിതെന്തു ഭാവിച്ചാ ഹേമേ...? ഈയിടെയായി കുടുംബ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലല്ലൊ?” പ്രണയവിവാഹത്തിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കാൻ ആവത് ശ്രമിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു ശിവേട്ടന്റേത്. ഈയിടെയായി ശിവേട്ടന്റെ ശബ്ദം പോലും ഇറിറ്റേഷൻ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. മക്കളുടെ കൊഞ്ചിക്കുഴയലുകൾ സമനില തെറ്റിക്കുന്നു.

“ഞാനെന്തുവേണമെന്നാണ്‌ ശിവേട്ടൻ പറയുന്നത്?” ദേഷ്യപ്പെടരുതെന്ന് മനസ്സിൽ കരുതിയെങ്കിലും ശബ്ദം പുറത്ത് വന്നപ്പോൾ അതിനു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞത് കിടക്കറ രംഗങ്ങൾ മനസ്സിൽ മിന്നിയതിനാലാണ്‌. വാ തുറന്നപ്പോൾ തെങ്ങിൻ പട്ട ചീഞ്ഞ ചൂര്‌ ചുറ്റും വിന്യസിച്ചതു പോലെ...

നെല്ല് പുഴുങ്ങുന്ന മണമായിരുന്നു ശ്രീനിയ്ക്ക്. ഭോഗാലസ്യത്തിന്റെ കെട്ടു പൊട്ടുന്നതിനു മുൻപ് വിയർത്തു കുളിച്ചെഴുന്നേൽക്കുന്ന ശ്രീനി, ഒറ്റവീർപ്പിന്‌ കുടിക്കുന്ന വെള്ളമാണ്‌ മരണവെപ്രാളമാകുന്ന ശ്രീനിയുടെ തോണ്ട വറ്റലിന്‌ ശമനം ൻൽകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നീട് വിയർപ്പാറുന്നതുവരെ ആ ശരീരത്തിൽ തൊടുന്നത് ശ്രീനിക്കിഷ്ടമല്ല.

ചിലപ്പോഴെല്ലാം ബോധമനസ്സിനെ കീഴടക്കി അബോധമനസ്സിലെ ഞാൻ തന്നെ പുറത്തുവന്ന് എന്നെ ചോദ്യം ചെയ്യാറുണ്ട്.

- നിനക്കെന്താ ഹേമേ വട്ടായോ? നീ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്? ഒന്നിലും പൂർണ്ണമായ സംതൃപ്തി ലഭിക്കാതിരിക്കുന്നതാണ്‌ മനുഷ്യമനസ്സുകളുടെ പ്രത്യേകത. അതുതന്നെയാണ്‌ ജീവിതം മുന്നോട്ട് നയിക്കാൻ മനുഷ്യർക്ക് ലഭിക്കുന്ന പ്രതീക്ഷയും. പൂർണ്ണ തൃപ്തി കണ്ടെത്താനുള്ള അന്വേഷണം... അവിടെ നീ നിന്റെ ജീവിതം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. വലിയ അല്ലലില്ലാതെ ഒരു കുടുംബം മുന്നോട്ട് നീങ്ങുന്നുവെങ്കില്പിന്നെ അവനവന്റെ സ്വന്തം തൃപ്തി തേടി അലയുന്ന മനസ്സ്. അപ്പോഴാണ്‌ കുടുംബത്തെ മറന്നു പോകുന്നത്. കാരണം കുടുംബത്തിന്റെ തൃപ്തി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി അതിനപ്പുറത്തേക്ക്....ഇവിടെ നീ ചിന്തിക്കേണ്ടതായ വസ്തുത നമ്മുടെ നിലനിൽക്കുന്ന സംസ്ക്കാരത്തിന്‌/സമൂഹത്തിന്‌ അനുയോജ്യമായി സഞ്ചരിക്കണൊ അതോ നിന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ജീവിക്കണൊ എന്നാണ്‌. രണ്ടാമത്തെ വഴിയാണ്‌ തെരഞ്ഞെടുക്കുന്നതെങ്കിൽ നീ ജീവിക്കാൻ പോകുന്നത് പാകമാകാത്ത ഒരു സംസ്ക്കാരത്തിൽ കടന്നു കയറിയാണ്‌. അവിടെ നിനക്ക് പഴയതെല്ലാം നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങിനെയൊരു ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ തെരഞ്ഞെടുക്കുന്ന എതു തരത്തിൽപ്പെട്ട ഇണയാണെങ്കിലും ഇടക്കുവെച്ച് നിനക്ക് നഷ്ടപ്പെട്ടേക്കാം. എന്തുകൊണ്ടെന്നാൽ അവൻ പിന്നേയും പുതിയ ജീവിതം ആഗ്രഹിച്ചുകൊണ്ടേയിരിക്കും, മറിച്ചും. നിനക്കും അതോടൊപ്പം സഞ്ചരിക്കാനായില്ലെങ്കിൽ ഇന്നുണ്ടാവുന്നതുപോലുള്ള വേദന വീണ്ടും അപ്പോൾ നീ അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ചുകൊണ്ട് കുടുംബത്തെ നിലനിർത്തിക്കൊണ്ടു തന്നെ അവർക്കൊക്കെ അനുയോജ്യമായ തീരുമാനത്തിലൂടെ, ലഭിക്കാവുന്ന സ്വാതന്ത്ര്യത്തിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്‌ വിവേകിയായ നീ ചെയ്യേണ്ടത്.-

“ എല്ലാം എനിക്കറിയം. പക്ഷെ കഴിയുന്നില്ല. ആ സ്നേഹം നഷ്ടപ്പെടുത്താൻ പറ്റില്ല.”

- ഇത് സ്നേഹമല്ല... സ്നേഹം കൊണ്ട് നീ സ്വയം നിർമ്മിച്ച ഒരുതരം ലഹരിയാണ്‌. ആ ലഹരിക്കടിപ്പെട്ടു കിടക്കാൻ നീ മാത്രമാണ്‌ ആഗ്രഹിക്കുന്നത്... ശ്രീനിയല്ല. ശ്രീനി അവസാനമായി നിന്നോടെന്താണ്‌ പറഞ്ഞത്? -

“ഇന്നെനിക്ക് എന്റെ കുടുംബം തകരരുത് എന്നതാണ്‌ മുഖ്യം. നാളെ ഹേമയെ എനിക്കെങ്ങനെ കാണാനാകും എന്നിപ്പോൾ പറയാനാവില്ലെന്നും പരസ്പരം സുഹൃത്തുക്കളായി കഴിയാം എന്നുമാണ്‌. പക്ഷെ, എനിക്കറിയാം എന്റെ ശ്രീനിയെ...“

- കണ്ടൊ .....ഇതാണ്‌ ശ്രീനി. ശ്രീനി പറയുന്നതല്ല യഥാർത്ഥ ശ്രീനിയെന്നും, നീ വിചാരിക്കുന്നതാണ്‌ ശരിയായ ശ്രീനിയെന്നും തെറ്റിദ്ധരിച്ചുകൊണ്ട് നീ നിന്റെ മനസ്സിനെ പരുവപ്പെടുത്തി വെച്ചിരിക്കുന്നു. കുടുംബത്തിന്‌ പ്രാധാന്യം നൽകി ജീവിക്കുന്ന ശ്രീനി നിന്റെ ഫോൺ കോളുകൾപോലും അറ്റന്റ് ചെയ്തു എന്ന് വരില്ല. കുടുംബത്തെക്കാൾ പ്രാധാന്യം ശ്രീനിയ്ക്ക് നൽകുന്ന നിനക്കത് വേദനകൾ മാത്രമായിരിക്കും സമ്മാനിക്കുക. ഈ വിരോധാഭാസം മനസ്സിലാക്കാനായില്ലെങ്കിൽ നീ നിന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടുപോകും. ശ്രീനി പറഞ്ഞതുപോലെ ഒന്നും ആഗ്രഹിക്കാത്ത സുഹൃത്തുക്കൾ ആയിരിക്കുന്നതാണ്‌ തുടർന്ന് സംഭവിച്ചേക്കാവുന്ന വാശിയും വൈരാഗ്യവും ഇല്ലാത്തതാക്കാൻ പോലും പര്യാപ്തമാകുക.-

” അപ്പോൾ എന്റെ സ്നേഹമൊ..?“

-സ്നേഹം എന്നത് നിർവ്വചിക്കാൻ കഴിയാത്ത ഒരനുഭൂതിയാണ്‌. ഒരാളുടെ സ്നേഹം മുഴുവനായി നിനക്കുമാത്രം കിട്ടണം എന്ന വാശി വേദനകൾ മാത്രമെ സമ്മാനിക്കു. മറിച്ച് ആ സ്നേഹം എല്ലാർക്കും കിട്ടട്ടെ എന്ന് കരുതി നോക്കു. ഒരിറ്റ് സ്നേഹത്തിനായി നിന്നെക്കാളൊക്കെ ദരിദ്രമായി കഴിയുന്നവർ നിനക്ക് ചുറ്റുമുണ്ട്...അവരെ സ്നേഹിക്കാൻ നിനക്ക് ശ്രമിച്ചുകൂടെ? എന്തുകൊണ്ട് നിനക്കതിനു കഴിയുന്നില്ല? നിനക്ക് നിന്റെ മാത്രം എന്ന സ്വാർത്ഥത -

“ ഒന്നാണെന്ന് ഉറപ്പിച്ച ബന്ധത്തെ കേവലം ഒരു സുഹൃദ്ബന്ധമായി കാണാൻ എനിക്കെങ്ങനെ കഴിയും?”

- സുഹൃദ്ബന്ധങ്ങൾക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉദിക്കുന്നില്ലല്ലൊ... അതാണ്‌ ആ സ്നേഹത്തിന്‌ കൂടുതൽ മധുരം ലഭിക്കുന്നത്. ദു:ഖങ്ങളെ സങ്കടങ്ങളെ ബലപ്രദമായി ആശ്വസിപ്പിക്കാൻ കഴിയുന്നിടം സുഹൃദ്ബന്ധങ്ങളിലല്ലേ? കാരണം യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കുന്നത് സമാന ആശയങ്ങളുടെ തിരിച്ചറിവുകളിലൂടെയാണ്‌. അല്ലാതെ വിട്ടുവീഴ്ചകളിൽ മാത്രം നിലനിൽക്കുന്ന വിവാഹബന്ധങ്ങൾ പോലെയല്ല. പക്ഷെ, ഒരു യുദ്ധത്തിന്റെ സംഘർഷങ്ങൾ നിറഞ്ഞ ആദ്യഘട്ടം പോലെയാകരുത് നിന്റെ ജീവിതം. പുതിയൊരു സസ്ക്കാരത്തിന്റെ പിറവി നേരിടുന്ന പേറ്റുനോവിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കേണ്ടത് വിവേകമുള്ളവരാണ്‌. വളരെ പെട്ടെന്ന് മറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്‌ നീയിപ്പോൾ ജീവിക്കുന്നത്. മാറ്റങ്ങൾക്കനുസൃതമായി ജീവിക്കുന്ന നിന്റെ മനസ്സിനും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് സ്വാഭാവികമാണ്‌. ആ സ്വാഭാവികത ഉൾക്കൊള്ളാൻ കഴിയാത്ത മണ്ടിയൊന്നുമല്ലല്ലൊ നീ? അതുകൊണ്ടുതന്നെ ഈ ബന്ധത്തെ, നിലനിൽക്കുന്ന സംസ്ക്കാരത്തിനുസൃതമായി കെട്ടിപ്പടുത്ത ജീവിതത്തിനിടയിലേക്കു വലിച്ചിട്ടാൽ നിലനിൽക്കുന്ന ബന്ധത്തേക്കാൾ കൂടുതൽ എന്തു മേന്മയാണ്‌ ലഭിക്കുക എന്ന് നീ തന്നെ പറയൂ. നിലനിൽക്കുന്ന ബന്ധത്തിന്റെ ഒരു പുനരവതാരം മാത്രമല്ലെ ആകുന്നുള്ളു. തൽക്കാലത്തേക്കുള്ള ഓട്ടയടക്കൽ എന്നല്ലാതെ മറ്റെന്താണ്‌?-

“എന്തൊ...എന്നാലും ഒരു തൃപ്തി ലഭിക്കാത്തത് പോലെ തോന്നുന്നു....കൈപ്പിടിയിൽ ഒതുങ്ങിയത് അകന്നു പോകുന്നതുപോലെ നിരശ പടരുന്നു.”

- കൈപ്പിടിയിലൊതുങ്ങി എന്നത് നിന്റെ മോഹം മാത്രമായിരുന്നു. സ്വന്തം കുടുംബം നഷ്ടമായേക്കുമൊ എന്ന വല്ലാത്ത ഭയം നിന്റെ അമിത സ്നേഹപ്രകടനങ്ങളിൽ ശ്രീനിയെ അതൃപ്തനാക്കുന്നുണ്ട്. നീ ശീലിച്ചിരിക്കുന്ന നമ്മുടെ സംസ്ക്കാരം എന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ലൈംഗിക അത്യാവശ്യങ്ങളെ അധികമായി കൂട്ടിക്കലർത്തിയാണ്‌ നിർമ്മിച്ചു വെച്ചിരിക്കുന്നത്. ആ സംസ്ക്കാരത്തിൽ ലൈംഗികതയ്ക്കു കല്പിച്ചിരിക്കുന്ന സ്ഥാനം ഇല്ലാതായാൽ മാത്രമെ യഥാർത്ഥ സ്നേഹം ദർശിക്കാനാവു. ഇപ്പോൾ ജീവിതത്തിലെ ചില കരുതലുകളെ നഷ്ടപ്പെടുത്തിയാൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും പ്രയാസപ്പെടുകയും ആയിരിക്കും സംഭവിക്കുക. അല്ലെങ്കിൽ ആ കരുതലുകളെ ഒന്നായിക്കാണാനും സംരക്ഷിക്കാനുമുള്ളൊരു വ്യവസ്ഥ നീയടങ്ങുന്ന സമൂഹത്തിൽ സംജാതമാകണം. -

“പിന്നെന്തുകൊണ്ടാണ്‌ ശ്രീനിയെപ്പോലെ എനിക്ക് ഭയം തോന്നാത്തത്?“

- നിനക്ക് ഭയമില്ലെന്ന് ആരു പറഞ്ഞു? നീയും നന്നായി ഭയക്കുന്നുണ്ട്. അതേക്കാൾ കൂടുതൽ നീ ശ്രീനിയെ ഇഷ്ടപ്പെടുന്നു. അതിന്റെ കാരണമാണ്‌ നീ കണ്ടെത്തേണ്ടത്? നിന്റെ വിവാഹത്തിനു മുൻപുള്ള സാഹചര്യങ്ങളിലെ പ്രയാസങ്ങൾക്കിടയിൽ നീ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന നിന്റെ ശിവേട്ടനെ ഒന്നോർത്തുനോക്കു. അന്നതായിരുന്നു നിന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം. വിവാഹത്തിൽ എത്തിയതോടെ അന്നത്തെ സങ്കടങ്ങൾക്ക് പ്രതിവിധി ലഭിച്ചു. പിന്നീട് കുടുംബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളിൽ പ്രണയത്തിന്റെ തോത് കുറയുന്നതായി അനുഭവപ്പെട്ടു. ക്രമേണ നിന്റെ ജോലിയിൽ നിനക്ക് ലഭിച്ച കയറ്റവും സ്വീകാര്യതയും സൗഹൃദങ്ങളും നീയറിയാതെ നിന്റെ മനസ്സിനെ സ്വപ്നലോകത്തേക്ക് നയിക്കുന്നു. സമൂഹക്കാഴ്ചകളാണ്‌ ശരിയെന്നും അതിനൊത്ത ഒരു ബന്ധമാണ്‌ നിനക്കിപ്പോൾ ആവശ്യമെന്നും നീ നിന്റെ നമസ്സിനെ ദിനംപ്രതി പഠിപ്പിച്ചുകൊണ്ടിരുന്നു. അവിടെ നീയറിയാതെ നിന്റെ കുടുംബത്തെ നീ ബോധപൂർവ്വം മറന്നിരിക്കുന്നു. നിന്റെ കുടുംബമൊ ശ്രീനിയുടെ കുടുംബമൊ നിന്റെ കാഴ്ചയിൽ നിന്ന് അകലാൻ തുടങ്ങുന്നു. ഇതാപത്താണ്‌.-

” എല്ലാം അറിയാം. മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.“

- നിയന്ത്രിച്ചേ പറ്റു! അല്ലെങ്കിൽ മൃഗവും മനുഷ്യനും തമ്മിൽ എന്താ വ്യത്യാസം? നേരത്തെ പറഞ്ഞല്ലൊ, നമ്മളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അതിശീഘ്രം പായുന്ന പരിണാമഘട്ടങ്ങളിലൂടെ ആണെന്ന്. അതിനിടയിലെ വിലയില്ലാത്ത ചാവേറുകളാകാതിരിക്കാൻ ഹേമേ നീ ശ്രമിക്കുക-
---------------


ഇന്ന്‍ ഹേമ ഓഫീസിലെത്തിയത് ചിരിക്കുന്ന മുഖത്തോടെയാണ്‌. മലയാള സിനിമയിലെ ചെറുപ്പകാലത്തുള്ള ഊർവ്വശിയെപ്പോലെ അവൾ പ്രസന്നവതിയായിരുന്നു. സ്കൂട്ടി നിർത്തി സീറ്റുയർത്തിപ്പിടിച്ച് ചോക്ലേറ്റ് പാക്കറ്റ് എടുത്തു. സഹപ്രവർത്തകരിൽ അഹ്ളാദവും അത്ഭുതവും ഒരുപോലെ. ആദ്യ ചോക്ലേറ്റ് ശ്രീനിയ്ക്കു നേരെ നീട്ടുമ്പോൾ കൈ വിറച്ചിരുന്നില്ല.

ഉച്ചക്കു ശേഷം എല്ലാവർക്കുമുള്ള ചായ ഹേമയുടെ വകയായിരുന്നു. ചായ കുടി കഴിഞ്ഞ് ഹേമ പട്ടുപാടി. ഇന്നലെവരെ മൂഡിയായി മൂടിപ്പുതച്ചിരുന്ന ഹേമയുടെ ചെറുപ്പകാലത്തിന്റെ കുസൃതികളും പൊട്ടിച്ചിരിയും ഓഫീസിലെ കസേരകളിൽ പൊസിറ്റീവ് എനർജി അലതല്ലിയൊഴുകി. ശ്രീനിയോടെന്ന പോലെ എല്ലാവരോടും കളിചിരികളിൽ മുഴുകിയപ്പോൾ സ്നേഹത്തിന്റെ ഒരു വൻമല തന്നെ ഹേമയിൽ പതിക്കയായിരുന്നു.

ഓറഞ്ചും ജിലേബിയുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ശിവേട്ടന്റേയും മക്കളുടേയും മുഖത്തെ ആകാംക്ഷയുടെ സ്നേഹസ്പർശം ഹേമയുടെ കരുതലുകൾക്ക് കരുത്തേകി.

7/3/14

സൂക്ഷ്മപ്പെരുപ്പ്

                                                                                                                                   7/3/2014


അബോധം പിടിവിട്ട ചിന്തപക്ഷെ, പരിപൂർണ്ണ ബോധത്തിൽ എത്തിയിരുന്നില്ല.

ചിന്ത, ശേഷിയില്ലാത്ത തലയനക്കി നോക്കി. ജനിച്ചുവീണതു പോലുള്ള തന്റെ നഗ്നമേനി നിഴൽച്ചിത്രം കണക്കെ നയനങ്ങളെ ദ്രോഹിച്ചു. ആരുമില്ല, ഒറ്റക്കാണ്‌.

കാട്ടുമുളകളും വളവേതുമില്ലാത്ത മരങ്ങളും കാട്ടുവള്ളികളാൽ മനോഹരമായി കെട്ടിയൊരുക്കിയ മേൽക്കൂരയ്ക്കു കീഴെ താൻ മലർന്നു കിടക്കയാണ്‌, അർദ്ധബോധത്തിൽ. മേൽക്കൂരയ്ക്കു മുകളിൽ ഒതുക്കത്തോടെ പാകിയ ഉണങ്ങിയ ഈറ്റയിലകൾ തളത്തിനകത്ത് നേർത്ത കുളിർമ്മ വാരിയിട്ടു. കിടന്നകിടപ്പിൽ ചുറ്റും കണ്ണോടിച്ചു. ഒരു ഗൃഹാന്തരീക്ഷത്തിന്‌ അനുയോജ്യമായ ചമയങ്ങളെല്ലാം തളത്തിനകത്തുണ്ട്. പ്രത്യേക മുറികളില്ലെന്നതൊഴിച്ചാൽ തളം കലാപരമായിത്തന്നെ രൂപകല്പന ചെയ്തിരിക്കുന്നു, സജ്ജീകരിച്ചിരിക്കുന്നു. മുളയൊ മരമൊ ഇലകളൊ മാത്രം ഉപയോഗിച്ചു നിർമ്മിച്ചവയായിരുന്നു മുഴുവൻ ഗൃഹോപകരണങ്ങളും. എതിർവശത്തെ മുളഞ്ചുവരിനോടു ചേർന്ന് രണ്ടു കട്ടിലുകൾ. കാട്ടുമുളകൾ മിനുസപ്പെടുത്തി കാട്ടുവള്ളികളാൽ വരിഞ്ഞു മുറുക്കിയ കൈവിരുതിന്റെ ശേലായിരുന്നു കട്ടിലുകൾ.

ചിന്ത, തന്റെ കട്ടിലിലേക്കു നോക്കി. മനുഷ്യശരീരങ്ങൾ മിനുസ്സപ്പെടുത്തിയ മുളന്തണ്ടുകളിലൂടെ വിരലുകളോടിച്ചു. അറിയാതൊരു കുളിരിൽ സ്ഥലകാലബോധം വീണ്ടെടുക്കാനുള്ള ശ്രമം നടത്തി. എഴുന്നേൽക്കണമെന്നുണ്ട്. സാധിക്കുന്നില്ല. തന്റെയീ ഒഴുക്കൻ ശരീരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമൊ എന്ന സ്ത്രീസഹജമായ ഉൾക്കണ്ഠയും ഭയവും, പരിഭ്രമം സൃഷ്ടിച്ചു.

എന്തിനിത്ര പരിഭ്രമം...?

തന്റെ കൂട്ടുകാരിയാണല്ലൊ ശ്രുതി? ഭൂലോകത്തിലെ സകല വിഷയങ്ങളും തമ്മിൽ സംസാരിച്ചിരുന്നതല്ലേ? പിന്നെന്തിനാണ്‌ അവളുടെ ശരീരത്തിലേക്ക് അവൾ കാണാതെ ശ്രദ്ധിയ്ക്കാനും വെമ്പൽ പൂണ്ട് ഒളിഞ്ഞു നോക്കാനും മുതിർന്നത്? എപ്പോഴെങ്കിലും താനതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രണ്ടു പെൺശരീരങ്ങൾ. ഒന്ന് മറ്റൊന്നിനെ ഒളിഞ്ഞു നോക്കുക. ഉത്തരമില്ലാതാകുന്ന ഇത്തരം നോട്ടങ്ങൾക്കായിരിക്കുമൊ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങൾ എന്നൊക്കെ പറയുന്നത്....ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ....അവളും തന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കണം. മോശം...! വസ്ത്രങ്ങൾക്കിടയിലൂടെ കള്ളനോട്ടത്തിനുള്ള കുഞ്ഞിക്കൊതി. ഹേയ്...അതൊക്കെ വെറുതെയിവിടെ വാരിവലിച്ചിടണ്ട! പുരുഷന്മാരെയൊന്നും താനങ്ങനെ ഒളിഞ്ഞു നോക്കാറില്ലല്ലോ, നോക്കാൻ തോന്നാറുമില്ല. അല്പവസ്ത്രം ധരിച്ച് പണിയ്ക്കു വരുന്ന പുരുഷന്മാരെ സ്ഥിരമായി കാണുന്നതിനാലായിരിക്കുമൊ അവരെ ഒളിഞ്ഞു നോക്കാൻ തോന്നാത്തത്? താനെന്തിന്‌ വേണ്ടാത്തതൊക്കെ ചിന്തിക്കണം? ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.

മൃഗത്തിന്റേയോ മരത്തിന്റേയോ തോലുകൊണ്ടുള്ളൊരു തൊട്ടിലിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചല്ലാതെ തളത്തിനുള്ളിൽ മറ്റാരേയും കണ്ടില്ലെന്നുള്ളത് പരിഭ്രമത്തിന്റെ തോത് കുറച്ചു. ഒരു തുണിയ്ക്കുവേണ്ടി കണ്ണുകൾ വിശന്നു പാഞ്ഞു. തുണിക്കഷ്ണം പോയിട്ട് ഒരുതരി നൂലുപോലും അവിടെയെങ്ങും കണ്ടെത്താനായില്ല.

തനിക്ക് ബോധം നശിക്കുന്നതിനു മുൻപ് വസ്ത്രങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലാതിനുശേഷം അഴിച്ചു മാറ്റിയതായിരിക്കാം. അപ്പോൾ ബോധത്തിനും അബോധത്തിനും ഇടയിലുള്ള സമയം എന്തായിരിക്കും സംഭവിച്ചിരിക്കുക? അവ്യക്തമായ ശരിയും തെറ്റും...?

വികൃതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് നാലഞ്ചു സ്ത്രീകൾ തളത്തിന്റെ ഉയരം കുറഞ്ഞ കവാടത്തിലൂടെ അകത്തേക്കു വന്നു. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കാത്ത മുഖഭാവങ്ങൾ അവർക്കുണ്ടായിരുന്നു. സംസാരത്തിൽ നാടൻ ചായയുടെ രുചി. തന്നെപ്പോലെ വിവസ്ത്രകളായിരുന്ന അവർ നാണത്തിന്റെ ചെറിയ ലാഞ്ചനപോലും കാണിക്കാത്ത സ്വാഭാവികത സ്വീകരിച്ചവരായിരുന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത സ്ത്രൈണശരീരങ്ങൾ  തന്റരുകിലേക്ക് നടന്നടുത്തു. കൂട്ടത്തിൽ പ്രായം കൂടിയ സ്ത്രീ തന്റെ നെറ്റിത്തടത്തിൽ കൈവെച്ചത് തട്ടിമാറ്റണമെന്ന് ആഗ്രഹിച്ചു. പൂർണ്ണ ബോധം തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ ശരീരവും ദുർബ്ബലമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്. അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുണ്ടായിരുന്നു. ഒന്നും തിരിയാതെ മ്ളാനമൂകയായി നോക്കിക്കിടന്നു. അവർ, തന്നെ, പിടിച്ചെഴുന്നേല്പിച്ചു കട്ടിലിലിരുത്തി. പ്രായം കൂടിയ സ്ത്രീ മുളങ്കുറ്റിയിൽ സൂക്ഷിച്ചിരുന്ന പച്ചിലച്ചാറ്‌ തന്റെ വായിലേക്കുറ്റിച്ചു. സട കുടഞ്ഞെണീറ്റ സിംഹം കണക്കെ പെട്ടെന്നുണരാൻ സഹായിച്ച പച്ചിലച്ചാറിൽ അത്ഭുതം കൂറി. അപരിചിതത്വമേതുമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ തന്നിൽ മുട്ടിയുരുമ്മിയിരുന്നത് അല്പം വെറുപ്പോടെയെങ്കിലും ജാള്യതയോടെ ആ സ്പർശന സുഖം ആസ്വദിച്ചുവൊ എന്നൊരു തോന്നൽ.

“എന്നെ നിങ്ങളെന്തിനാ ഇവിടെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നത്? എന്റെ വസ്ത്രങ്ങൾ താ. എനിക്ക് പോണം” ശബ്ദം ഉയർത്തി പറയണമെന്ന് കരുതിയിരുന്നതല്ല.

ഇനി, തന്നെയിവർ പിടിച്ചുകൊണ്ടു വന്നതായിരിക്കില്ലെന്നുണ്ടോ? നാട്ടിലൊക്കെ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അടിപ്പെട്ട് അവസാനം ഇവരുടെ കൈകളിലകപ്പെട്ടതോ? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലൊ. ഇപ്പോൾ സംഭവിക്കുന്നതല്ലാതെ ഒന്നും ഓർമ്മിക്കാനാവാതെ ശൂന്യമാണ്‌ മനസ്സ്..! ഈയിടെയായി മനസ്സെപ്പോഴും അങ്ങിനെയാണ്‌. കണ്ടതും കേട്ടതും മറന്ന് ചിന്തകളേതുമില്ലാതെ കൺമുന്നിൽ കാണുന്നതിൽ മാത്രം ഒതുങ്ങുക...! അല്പായുസ്സായ ചിന്തകൾ മാത്രം.

ശബ്ദം ഉയർന്നതിനാലായിരിക്കണം നാലഞ്ചു പുരുഷന്മാർ തളത്തിനകത്തേക്ക് ചെറിയ പരിഭ്രമത്തോടെ കയറിവന്നത്.  അന്യപുരുഷന്മാർ തന്റെ നഗ്നത കാണുന്നുവെന്ന കുറച്ചിൽ ഒരു കനലായി ജ്വലിച്ചു നിൽക്കാനിടയാക്കി. കൈകൾകൊണ്ട് പൊത്തിപിടിക്കാനുള്ള പാഴ്ശ്രമം ചരുക്കോല*പോലെ നേർത്തതായി. അവർക്കാർക്കും ഇത്തരം ഒരനുഭവമുള്ളതായി തോന്നിയില്ല. കൂട്ടത്തിലാർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന ഭാവമായിരുന്നു.

തന്നോടൊപ്പം നിന്നിരുന്ന സ്ത്രീകൾക്കു ജ്വലിക്കാതിരുന്ന എന്തുതരം സവിശേഷതയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഒരു നിമിഷം ഓർത്തു, പലരും തന്നെക്കാൾ സുന്ദരികളും. കറുത്തവരല്ല, നന്നായി വെളുത്തവരുമല്ല. എന്നാൽ വെളുത്തവർ തന്നെ. ഒത്ത ഉയരവും തടിയും മുഴുപ്പും. തന്നേക്കാൾ നിറമല്പം കുറവെന്ന് തോന്നുമെങ്കിലും അനാവശ്യമായ ദുർമ്മേദസ്സുകളില്ലാത്ത ശരീരങ്ങൾ ശിലാവിഗ്രഹങ്ങൾ പോലെ ആകർഷണിയമായിരുന്നു. ഇടതൂർന്ന് ചുളിവുകളില്ലാതെ നീണ്ടുനിവർന്ന കാർകൂന്തൽ ചന്തിയ്ക്കു താഴെ വരെ കിടന്നിരുന്നത് സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ നിരയൊപ്പിച്ച് വെട്ടി നിറുത്തിയിരുന്നു. സ്കൂൾ യൂണിഫോം പോലെ എല്ലാവർക്കും ഒരേ സ്റ്റൈൽ.

മാർദ്ദവമായ മൃഗത്തോലുകൊണ്ട് അരയ്ക്കു കീഴെയുള്ള മുൻവശത്തെ ബലമുള്ള മറ, സ്ത്രീകളുടേതിൽ നിന്നും അവിടേക്കു കയറിവന്ന പുരുന്മാരുടെ പ്രത്യേകതയിൽപ്പെടും. പ്രകൃതിയുടെ താക്കീതായി ബലമുള്ള മറ അരയ്ക്കു കീഴെ ഇടുങ്ങിക്കിടന്നു. അവർ സ്ത്രീകൾക്ക് നിർദേശങ്ങൾ നൽകി. തന്നെ കട്ടിലിൽ നിന്ന് താഴെയിറക്കി. നാണത്താൽ ചൂളിപ്പോയ ശരീരം മറ്റു സ്ത്രീകളുടെ മറ തേടി. തനിക്കൊരു പ്രത്യേകതയും കല്പിക്കാത്ത ഇവിടുത്തെ പുരുഷന്മാരുടെ സ്വാഭാവിക ചലനങ്ങൾക്ക് എന്തായിരിക്കാം കാരണം? മുഴുവനോടെ നിൽക്കുന്ന ഒരു സ്ത്രീയുടെ അസ്ഥാനങ്ങളിലേക്കെങ്കിലും നോക്കാത്ത പുരുഷന്മാരൊ? ഇതേത് ലോകം? ഭൂമി തന്നെയല്ലെ?

രണ്ടു സ്ത്രീകൾ തന്റെ കൈകളിൽ പിടിച്ച് പുരുഷന്മാർക്കു പുറകേ, പുറത്തേക്കു നടത്തി. ഒറ്റക്കവാടമുള്ള തളത്തിൽനിന്നു പുറത്തു കടക്കാൻ തലയല്പം കുനിക്കേണ്ടി വന്നു. വസ്ത്രങ്ങളേതുമില്ലാത്ത തന്റെ അരയിലെ വെള്ളിയരഞ്ഞാണത്തിലേക്ക് പല നയനനിരീക്ഷണങ്ങൾ പറ്റിച്ചേർന്നെങ്കിലും മടിച്ചു മടിച്ചകലുന്ന നാണത്തെ ഉൾക്കൊള്ളാതിരിക്കാൻ സാധിക്കുന്നില്ല. അവരുടെ ശ്രദ്ധ അരഞ്ഞാണത്തിലേക്കല്ലെങ്കിലോ എന്ന നാട്ടുനടപ്പ് ചിന്ത, തന്നിലെ കരുതിപ്പോരുന്ന സ്ത്രീത്വത്തിനു വെല്ലുവിളിയുയർത്തി. ഒരുവൾ പതിയെ അരഞ്ഞാണത്തിൽ സ്പർശിച്ച നിമിഷം തന്റെ വികലമായ ചിന്തകളുടെ മുനയൊടിഞ്ഞു.

പുറത്തെ വെയിലിനും തളത്തിനകത്തെ സുഖമുണ്ടായിരുന്നു. വിശാലമായ തളത്തിന്റെ പുറന്തോട് ഈറ്റയിലകളുടെ ഒതുക്കത്തിൽ ഭൂമിയെ തഴുകിനിൽക്കുന്ന വലിയൊരു വക്കോൽ കൂനപോലെ നിർമ്മലം. വേറേയും നലഞ്ചു കൂനകൾ. ചുറ്റുമുള്ള കൂനകൾക്കു മദ്ധ്യത്തിലായി, മരുഭൂമിയുടെ ഉച്ഛ്വാസമായി, കടൽത്തീരം പോലെ ശുദ്ധമായ മണൽത്തരികളാൽ സമൃദ്ധമായ വിശാലയിടം. കൂനക്കൾക്കു ചുറ്റും, പുറകുവശത്തായി അകന്നു പോകുന്ന മണൽത്തരികൾ നേർത്തുവരുന്നത് വൃക്ഷങ്ങളുടെ തുടക്കത്തിനായിരുന്നു. പിന്നീടങ്ങോട്ട് വളർന്നു പന്തലിച്ച കൂറ്റൻ മരങ്ങൾ. ശോഭ വിതറുന്ന തെളിമയുള്ള തുരുത്ത് കരിമ്പച്ച കാടുകളാൽ ബന്ധിക്കപ്പെട്ടുകിടന്നു.

വിശാലയിടത്തിന്‌ ഒത്ത നടുക്ക് പേരമരം പോലെ മൃദുവായ സാമാന്യം ഉയരത്തിലുള്ള ഉണങ്ങിയ നേർമരം*. കുഴിച്ചിട്ടിരിക്കുന്നു. ഇരുപതടി ഉയരമുള്ള മരത്തിനു മുകളിൽ കുരുത്തോലയെന്നു തോന്നിക്കുന്ന തോരണങ്ങൾ. ഇന്നെന്തോ വിശേഷദിവസമാണെന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം അവരവരുടേതായ ചെറുതും വലുതുമായ പ്രവൃത്തികളിൽ വ്യാപൃതരാണ്‌. പരിഭവമില്ലാത്ത പഞ്ചാരമണലിലിരുന്ന്‌ കുറച്ചു സ്ത്രീകൾ മറ്റുള്ളവരുടെ മുടിയെല്ലാം ചെത്തിയൊരുക്കുന്ന തിരക്കിലാണ്‌. ഇലകളും പൂക്കളും ഉണക്കിപ്പൊടിച്ച് നിറങ്ങളുണ്ടാക്കുന്ന മറ്റൊരു വിഭാഗം. ചമയങ്ങളുടെ ശ്രദ്ധയിലേക്കാണ്‌ അധികംപേരും തിരിഞ്ഞിരിക്കുന്നത്.

വിശാലയിടത്തിന്റെ മദ്ധ്യത്തിലൂടെ നേരേ എതിർ വശത്തേക്ക് നാലഞ്ചു സ്ത്രീകൾ ചേർന്ന് തന്നെ നടത്തിച്ചു. പലതരം ജോലികളിൽ മുഴുകിയിരിക്കുന്നവർ ഒരു നിമിഷം തന്റെ അരഞ്ഞാണത്തിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടു. അവരെല്ലാവരുടേയും അരകൾ ഒഴിഞ്ഞവയായിരുന്നു. നടത്തത്തിനിടയിൽ അരുകിലേക്ക് ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ കാണാനിടയായി. അയാളുടെ നോട്ടം വിശക്കുന്ന സിംഹത്തിന്റെ ആർത്തിപോലെ തോന്നി. അയാൾക്കരുകിലെത്തിയതും കൂടെയുള്ള സ്ത്രീകൾ ഉച്ചത്തിൽ അയാളെ ശകാരിക്കുകയും കാലുകൾകൊണ്ട് മണൽ കോരി എറിയുകയും ചെയ്തു. അയാളുടെ അരയിലെ മറ വരിഞ്ഞു മുറുക്കിയിരുന്നു.

കുട്ടികൾക്കും വൃദ്ധന്മാർക്കും ഇത്തരം മറകിളില്ലല്ലോയെന്ന് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കി. ശരിയാണ്‌. ആൺവർഗ്ഗത്തിലെ അപൂർവ്വം ചില വൃദ്ധർക്കും കുട്ടികൾക്കും മറയുണ്ടെന്നതൊഴിച്ചാൽ മറ്റ് കുട്ടികളും വൃദ്ധരും പെറ്റിടുമ്പോഴത്തെ രൂപംതന്നെ. അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌.

പളുങ്കുപോലെ വെള്ളം. അരുവിയിലേക്കിറഞ്ഞുമ്പോഴും അവർ തന്റെ കയ്യിൽ പിടിച്ചിരുന്നു. പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം. തന്റെ തലമുടി ഉയർത്തിപ്പിടിച്ചവർ കഴുത്തോളം വെള്ളത്തിൽ അല്പസമയം നിറുത്തി. കരയ്ക്കു കയറ്റി നനവുള്ള ശരീരത്തിലെ തലമുടിയൊഴികെയുള്ള രോമങ്ങളെല്ലാം കത്തിപോലെയുള്ള രണ്ടു കല്ലുകളുടെ കൂർത്തുപരന്ന ഭാഗംകൊണ്ട് വിദഗ്ദമായവർ നീക്കം ചെയ്തു. പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ്‌ അവർക്കത് നിർവ്വഹിക്കാൻ കഴിഞ്ഞത്. തന്റെ തോളത്തു തട്ടിയും ആശ്വാസ ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാന്ത്വനപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആദ്യമായുള്ള അവരുടെ ബലപ്രയോഗം വരാനിരിക്കുന്ന തിക്താനുഭവങ്ങളുടെ മുന്നറിയിപ്പാകുമോ എന്ന ശങ്ക വിട്ടകന്നില്ല. തലമുടിയുടെ തുമ്പറ്റം വെട്ടി നേരെയാക്കി. നെറ്റിയിലേക്കു കോതിയിട്ട മുടിയിഴകളെ നിരയൊപ്പിച്ച് വെട്ടി. വീണ്ടും അരുവിയിലേക്കിറക്കി തലയടക്കം കുളിപ്പിച്ചു. ചതച്ചുപിഴിഞ്ഞ പച്ചിലത്താളി തലയിൽ തേച്ച് മുടി നന്നായി കഴുകി. സുഗന്ധമുള്ള നേർപ്പിച്ച മരത്തൊലികൊണ്ട് ദേഹമെല്ലാം തേച്ചുകഴുകി. മുങ്ങിനിവർന്നപ്പോൾ അവർ തന്റെ കൈകൾ വിട്ടിരുന്നു. അരഞ്ഞാണമൊഴിച്ചാൽ താനും ആ സ്ത്രീകളിലൊരുവളായി തീർന്നിരിക്കുന്നു. തന്റെ മുഖത്തു നോക്കി ചിരിച്ചും താടിയ്ക്കു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷസ്വരങ്ങൾ പുറപ്പെടുവിച്ചു.

വിശാലയിടത്തെത്തുമ്പോൾ ദേഹത്തെ വെള്ളമെല്ലാം വറ്റിയിരുന്നു. തന്റെ വെള്ളിയരഞ്ഞാണത്തിനു സമാനമായി പലരുടേയും അരകളിൽ വള്ളിയരഞ്ഞാണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പരിണാമത്തിന്റെ പുതുമകളായി സൗന്ദര്യത്തിന്റെ പൂതിമണം പവിഴ മനസ്സുകളിൽ പറ്റിച്ചേരുന്നതായി തോന്നി. മാറ്റത്തിന്റെ അച്ചടക്കമില്ലായ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് മനസ്സാഗ്രഹിക്കുന്നു. എന്നാലും അറിയാതൊരു മോഹം മുന്നേ നിൽക്കുന്നുണ്ട്.

കടുത്തതല്ലാത്ത നിറങ്ങളുടെ ധാരാളിത്തമാണ്‌  മദ്ധ്യവയസ്ക്കനൊഴികേ മറ്റെല്ലാവരുടേയും ശരീരങ്ങൾ. ശരീരത്തിലെ ചമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തുന്നവരും തുള്ളിച്ചാടി സന്തോഷം പങ്കിടുന്ന കുട്ടികളും ചെറുകൂട്ടങ്ങളായി വിശാലയിടത്തിൽ ചിതറിക്കിടപ്പുണ്ട്.

നേരിയ നിറമുള്ള ചായങ്ങൾ കലാവിരുതോടെ തേച്ചുപിടിപ്പിച്ച മാറിടവുമേന്തി അടുത്തേക്കു വന്ന സ്ത്രീ തന്നെ പിടിച്ചു കൊണ്ടുപോയി കുത്തിനിറുത്തിയിരിക്കുന്ന ഒരു മരക്കുറ്റിയിലിരുത്തി. മറയുള്ളൊരു പുരുഷൻ ഏതോ കായുടെ പുറന്തോടിൽ ചായവുമായെത്തി.

ഏകാഗ്രതയോടെ, ചായത്തിൽ ചെടിത്തണ്ടു മുക്കി തന്റെ മുഖത്ത് വരക്കാൻ തുടങ്ങി. എതിർപ്പുകളെ കീഴടക്കുന്ന ശക്തികൾക്കിടയിലെന്ന ബോധം തന്നെ അനുസരണയുള്ള കുട്ടിയാക്കി. മുഖത്തും പുറത്തും നെഞ്ചത്തും വയറ്റത്തുമൊക്കെയായി ചായങ്ങൾ താഴോട്ടിഴഞ്ഞു. അയാൾ പലതരം മരക്കമ്പുകളുപയോഗിച്ച് ചായം പിടിപ്പിച്ചുകൊണ്ടിരുന്നു. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.

ചായം തേച്ച ശരീരത്തിനിപ്പോൾ വസ്ത്രങ്ങളില്ലെന്ന കുറവ് തിരിച്ചറിയാനാകുന്നില്ല. തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നില്ലാതായി. ക്ഷണിക്കാതെ, കൈ പിടിച്ചു വലിക്കാതെ മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് നടന്നു.

അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ചിതറിക്കിടന്ന കൂട്ടങ്ങളെല്ലാം ഒന്നായി. മറ്റൊരു കൂനയിലേക്ക് വരിയായി നീങ്ങി. ആദ്യം കണ്ട തളത്തിനേക്കാൾ വലിപ്പമുണ്ടായിരുന്നു അതിനകത്തെ തളത്തിന്‌. വിവിധ വർണ്ണങ്ങളോടെ ഉയരത്തിലുള്ള കുറേ വടികൾ തളത്തിനകത്ത് അലങ്കരിച്ചു വെച്ചിരുന്നു. കൂട്ടത്തിൽ പ്രായം കൂടുതൽ തോന്നിക്കുന്ന മറയില്ലാത്ത ഒരു വൃദ്ധൻ വടിയെടുത്ത് കണ്ണിനോടു ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ച് അകത്തേക്കു കയറിവന്ന ഓരോ പുരുന്മാർക്കും നൽകി. വടി ലഭിച്ചവർ പുറത്തേക്കു നീങ്ങി. ഓരോ പുരുഷന്റെ പിന്നിൽ നിന്നും ഓരോ സ്ത്രീകൾ പുരുഷന്മാരുടെ തോളത്തു പിടിച്ച് പുറത്തു കടന്നു. തീവണ്ടിപോലെ നിര നീണ്ടു. അവശേഷിച്ചവർ നിരയായി തീവണ്ടിക്കൊപ്പം ചേർന്നു. മുഴുവൻ കൂനകൾക്കകത്തും കുണുങ്ങിക്കുണുങ്ങി വടികളൊരു പ്രത്യേക താളത്തിൽ ചലിപ്പിച്ച്, തീവണ്ടി കയറിയിറങ്ങി. കുണുങ്ങുമ്പോൾ ശരീരം മൊത്തം കുലുങ്ങും. ആചാരത്തിന്റെ പ്രഥമ ഭാഗം തീർന്നപ്പോൾ എല്ലാരും വിശാലയിടത്തിന്റെ ഒരരുകിൽ ഒത്തുകൂടി.

പലതരം ഡാൻസുകളും മത്സരങ്ങളും ആഹ്ളാദത്തോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിന്നു. ആണെന്നോ പെണ്ണെന്നോ തരന്തിരിവില്ലാതെ നഗ്നശരീരങ്ങളുടെ ഗുസ്ഥി പോലുള്ള മത്സരം കഴിഞ്ഞതോടെ മുഴുവൻ ശരീരങ്ങളും മണലിൽ കുളിച്ചിരുന്നു. മത്സരം അവസാനിച്ചതും എല്ലാവരും ഒരാരവത്തോടെ മദ്ധ്യത്തിലായി സ്ഥാപിച്ച നേർമരത്തിനടുത്തേക്ക് പാഞ്ഞടുത്തു. മരത്തെ തലങ്ങും വിലങ്ങും വടികൊണ്ടടിതുടങ്ങി. വടികളെല്ലാം ഒടിഞ്ഞു താഴെ വീണതിനുശേഷം മരത്തെ ശക്തിയായി തള്ളി താഴെയിടുന്നതോടെ ചടങ്ങവസാനിക്കുന്നു.

അതവരുടെ പതിവായി നടക്കാറുള്ള ഉത്സവമായിരുന്നില്ലെന്നും, പുതിയൊരു വ്യക്തിയെ തങ്ങളോടൊപ്പം ചേർക്കുന്ന ചടങ്ങാണെന്നും, ചടങ്ങു തീരുമ്പോൾ പുതിയ വ്യക്തിയെ തങ്ങളിലൊരാളായി മാറ്റിയെടുക്കാനുമുള്ള ശാരീരികവും മാനസികവുമായ അഭ്യാസങ്ങളായിരുന്നെന്നും മനസ്സിലാക്കിയത് ഒരു മാസത്തെ അവരോടൊത്തുള്ള ജീവിതത്തോടെയാണ്‌. എങ്കിലും ആണുങ്ങൾക്കുള്ള മറ സ്ത്രീപുരുഷ സമത്വത്തിന്റെ തെന്നിനില്പായി തനിക്കു തോന്നി. പ്രകൃതികല്പന അംഗീകരിക്കാനാകാത്ത മനസ്സാണൊ തന്റേതും?.

ശരീരാവയവങ്ങൾ കാഴ്ചവസ്തുവല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. അമിത കാഴ്ചകൾക്കുള്ള ഉപകരണമല്ല തങ്ങളെന്ന് ഈ അന്തരീക്ഷം പഠിപ്പിക്കുന്നു. ഭോഗവസ്തുവാണ്‌ സ്ത്രീയെന്ന ധാരണയോടെ പുരുഷന്മാരുടെ നോട്ടം കടന്നുവരുന്നില്ലല്ലോ. സന്ദര്യം കൊണ്ട് നേടാവുന്ന അഹങ്കാരങ്ങൾ അറ്റുവീഴുന്നത് എത്ര തിടുക്കത്തോടെയാണ്. പ്രത്യേക പരിഗണനകൾ അനാവശ്യമാകുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദയാദാക്ഷിണ്യങ്ങൾ കൈവിടേണ്ടി വരുന്നതിലെ നഷ്ടബോധം മനസ്സിനെ കീഴ്പ്പെടുത്തുന്നുമുണ്ട്.

കൂനകളുടെ അരികു ചേർന്ന് നടക്കുമ്പോൾ താനേതൊക്കെയോ ലോകത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു. വിവസ്ത്രയാണെന്ന നേരിയ ഓർമ്മ പോലും സമീപത്തെങ്ങുമില്ല. ഭയക്കാതെ സ്വാതന്ത്രത്തോടെ നടക്കാം. ആരേയും ഒളിഞ്ഞു നോക്കേണ്ടതായ ആവശ്യം വരുന്നില്ല.

പെട്ടെന്നൊരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കി. ഒറ്റപ്പെട്ട ഒരു മണൽവൃക്ഷത്തിനു കീഴെ വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ. പൊട്ടിവീണ ഭയം മൂലം തന്റെ ശരീരം വിറക്കാൻ തുടങ്ങി. നേരേ മണലിൽ കൂടി വേഗത്തിലോടാൻ തിടുക്കം കൂട്ടി. കടൽക്കരയിലൂടെ ഓടുന്നതുപോലെ കാലു കുഴയുന്നു. മദ്ധ്യവയസ്ക്കൻ തന്നെ പിന്തുടരുന്നു. ഭയം പുറപ്പെടുവിച്ച ശബ്ദത്തിന്‌ വലിയ മുഴക്കമായിരുന്നു. വക്കോൽക്കൂനകളിൽ നിന്ന് മനുഷ്യർ പുറത്തു ചാടി. തന്റെ അരഞ്ഞാണത്തിൽ പിടികൂടിയ മദ്ധ്യവയസ്ക്കനോടൊപ്പം മണലിൽ വീണ്‌ ഉരുണ്ടുമറിഞ്ഞു. വടികളുമായി പാഞ്ഞെത്തിയ മനുഷ്യർ പേപ്പട്ടിയെ തല്ലുന്നതുപോലെ മദ്ധ്യവയസ്ക്കനെ മാറ്റിയിട്ട് അടിയ്ക്കാൻ തുടങ്ങി. പാതി ചത്ത മൃഗത്തെയെന്നവണ്ണം അതിനെ വലിച്ചിഴച്ചവർ കാടിനു നേർക്കു നടന്നു. തന്റെ ദേഹത്തെ മണലെല്ലാം തുടച്ചുമാറ്റി സമാധാനിപ്പിക്കുന്നതിനിടയിൽ ‘ആ മൃഗത്തിന്റെ ശല്യം അവസാനിച്ചെന്നും, മൃഗങ്ങൾക്കൊപ്പം കാട്ടിലാണ്‌ അതിന്റെ സ്ഥാനമെന്നുമുള്ള’ അവരുടെ വികൃതഭാഷയുടെ അർത്ഥം മനസ്സിലാക്കാനുള്ള അറിവ് സ്വായത്തമാക്കിയതിൽ കൃതാർത്ഥയായി. ലിംഗഭേദം വിഘ്നമാകാതെ പൊതുശത്രു വേരറ്റു വീഴുന്ന വക്കോൽകൂനകളിൽ ഒരിളങ്കാറ്റ് ഉരസി നിൽപ്പുണ്ടായിരുന്നു.

സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു.

      -----------------------------
ചരുക്കോല* = തെങ്ങിന്റെ ഓല മെടഞ്ഞ് പുര കെട്ടി, വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിപ്പണിയാൻ, പഴയ ഓല പൊളിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന മഴയും വെയിലും കൊണ്ട് നുറുമ്പിച്ച ഓല. ഈ ഓലകൾ നിറയെ വ്യക്തമായ പഴുതുകളായിരിക്കും, ദുർബലവുമായിരിക്കും.

നേർമരം*= വളവില്ലാതെ നേരെ വളർന്ന മരം.

3/2/14

ഒട്ടകം

“അവന്‌പ്പൊ ആകാശത്തായ്‌ര്‌ക്കും അല്ലേടി?”

കണ്ണടയിലൂടെ ഏറുകണ്ണിട്ടുനോക്കി കൊച്ചുദേവസ്സി ചോദിച്ചു. അന്നാമ്മക്ക് അതത്ര പിടിച്ചില്ല. തല
വെട്ടിച്ചൊന്നു നോക്കി. കാര്യം പിടികിട്ടിയ കൊച്ചുദേവസ്സിയുടെ കണ്ണുകൾ പിൻവലിഞ്ഞ് കണ്ണടക്കുള്ളിൽ അടങ്ങിയൊതുങ്ങി.

“ഞങ്ങ്ടെ മോന്റെ വീമാനം വന്നൊ?” എതിരെ വന്ന ഒരു ജുബ്ബാക്കരനോട് രണ്ടും കല്പിച്ച് അന്നാമ്മ ചോദിച്ചു. അയാൾ രണ്ടുപേരുടേയും മുഖത്തേക്കൊന്നു നോക്കി.

“നിങ്ങടെ മോനൊ...?”

“അതേന്ന്...അഞ്ചരേടെ വീമാനത്തിലാ വരാ. പല്ലന്തോമ”

“കുറച്ചുകൂടി കാത്തിരിക്ക്” അയാൾ വാച്ചുനോക്കി പറഞ്ഞു.

ആശ്വാസമായി. വന്നിട്ടില്ല. അഴുക്കുകൾക്കുമേൽ സുഗന്ധം പൂശിയെത്തിയ ആർഭാടങ്ങൾക്കിടയിൽ നിൽക്കാൻ കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഒരു തരം ചളിപ്പ്. ആളൊഴിഞ്ഞ ദിക്കിലേക്ക് മാറിനിന്നു. കുട ചുരുക്കി. അടുത്തുകണ്ട അരമതിലിൽ അന്നാമ്മക്കിരിക്കണം. പുതിയ ചട്ടയും മുറി*യുമായിരുന്നതിനാൽ ഇരിയ്ക്കാനൊരു വിഷമം. കാല്‌ കഴച്ചൊടിയുന്നു. മുഖം അടുപ്പിച്ച് അരമതിലിലൊന്നൂതി. പല്ലുപോയ വായിൽനിന്ന് തുപ്പൽപൊടി പാറിയത് കണ്ടില്ലെന്നു വെച്ചു. മുറിയുടെ പിന്നിലെ ഞൊറി പിടിച്ച് സൈഡിലേക്കുമാറ്റി മതിലിലിരുന്നു.

ആണും പെണ്ണുമായി ഒറ്റൊരുവൻ. പല്ലന്തോമ. ഞായറാഴ്ച പോത്തെറച്ചി വെച്ചുകൊടുക്കാത്തതിനാൽ തല്ലുപിടിച്ച് നന്നേ ചെറുപ്പത്തിലേ നാടുവിട്ട് ബോംബേക്ക് പോയി. പിന്നവടന്ന് വയസ്സൊത്തപ്പൊ പേർഷ്യക്ക്. ഈ കൊന്ത്രമ്പല്ല് ഇങ്ങനെ നിക്കുന്നത് കണ്ടാ ആർക്കായാലും ചിരി വരും. അതിലാരേം കുറ്റം പറയാനും പറ്റില്ലാന്നാ അന്നാമ്മേടെ ന്യായം.

അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.

ഒരിക്കൽ കൊച്ചുദേവസ്സിക്കൊരു കത്തുവന്നു, പല്ലൻതോമയുടെ. ചത്തിട്ടില്ലെന്നും അവൻ പേർഷ്യയിലാണെന്നും അവരറിയുന്നത് അന്നാണ്‌. പണ്ട്, പൊട്ടൻതോമയെന്നു വിളിച്ചവരെ കൊച്ചുദേവസ്സി വഴക്കു പറഞ്ഞിട്ടുണ്ട്. അന്നവർ പറഞ്ഞത് ശരിയായിരുന്നെന്നു തോന്നാൻ തുടങ്ങി. വീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന്‌ അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന്‌ എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു. സംഗതി ആ പെണ്ണിന്റെ വീട്ടുകാരറിഞ്ഞു എന്ന് മനസ്സിലാക്കിയ പല്ലൻതോമ രായ്ക്കുരായ്മാനം അവിടുന്ന് ചാടി.

അപ്പൂപ്പന്താടി പാറിപ്പാറി നടന്നു. പ്രത്യേകിച്ചൊരു പ്രാവീണ്യവും ആവശ്യമില്ലാത്ത എല്ലാ ജോലികളിലും കൈവെച്ച് വർഷങ്ങൾക്ക് നീളം കൂടി. ഒരു കള്ളക്കേസ്സിൽ കുടുങ്ങുമെന്നായ പല്ലൻതോമ രക്ഷാമാർഗ്ഗമായി സ്വീകരിച്ചത് ദൂരെ മരുഭൂമിയിൽ ആടിനേയും ഒട്ടകത്തേയും നോക്കുന്ന ഒളിത്താവളം പോലെ ഒന്നിലായിരുന്നു. ആടിന്റേയും ഒട്ടകത്തിന്റേയും സാമിപ്യം രക്ഷാകവചമാക്കി ഭയത്തെ അകറ്റി.

ആടുകളേക്കാൾ പല്ലൻതോമക്കിഷ്ടം ഒട്ടകങ്ങളോടായിരുന്നു. അവറ്റയുടെ നീണ്ട കഴുത്തും താഴ്ന്ന താടിയും ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവവും പല്ലൻതോമയുടെ ഉന്തിനിൽക്കുന്ന പല്ലിന്റെ വകഭേദം പോലെ തോന്നിയതിനാലാകാം. തക്കം കിട്ടുമ്പോഴെല്ലാം ഒട്ടകത്തിന്റെ നേരിയ ചലനങ്ങൾപോലും തൊട്ടറിയാൻ ഒരുതരം ആർത്തിയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന ‘യമനി’യുമൊത്ത് നേരം വെളുത്താൽ ആട്ടിൻപറ്റങ്ങൾക്കു പുറകേയാണ്‌. ഒട്ടകങ്ങളെ തുറന്നുവിട്ടാൽ അവ ചുറ്റിക്കറങ്ങി വൈകുന്നേരം കൂട്ടമായിത്തന്നെ തിരിച്ചെത്തിക്കൊള്ളും. പല്ലൻതോമക്ക് പക്ഷെ, ഒട്ടകങ്ങൾക്കൊപ്പം പോകാൻ കലശലായ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ യമനിയെ ആഗ്രഹം അറിയിച്ചു. ഒരേയൊരു ദിവസം മാത്രം യമനി ആഗ്രഹം പൂർത്തികരിക്കാൻ അനുവാദം നൽകി. ഒരു ദിവസത്തെ യാത്രകൊണ്ടുമാത്രം തൃപ്തിയാകാതെ പിറ്റേന്നും ആട്ടിൻപറ്റവുമായി യാമിനിക്കൊപ്പം ഇറങ്ങിയ പല്ലൻതോമ അയാളുടെ അനുവാദം കൂടാതെ ഒട്ടകങ്ങൾക്കൊപ്പം പോയി. പിന്നീടതൊരു പതിവായി. അനാവശ്യമായ ഒരു തസ്തിക കൂടി മരുഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു.

ചീത്ത തവിട്ടുനിറത്തിലുള്ള ഒട്ടകങ്ങളുടെ നീണ്ട കാലുകളിലെ ഇഴഞ്ഞ നടത്തം നോക്കിക്കണ്ടു. നീണ്ട കഴുത്ത് അകാശത്തുനിന്നു ഇറങ്ങിവന്ന് പച്ചപ്പുകൾ കാരിത്തിന്നു. പല്ലൻതോമ അവയുടെ തീറ്റ അനുകരിക്കാൻ ശ്രമിക്കും. പക്ഷെ, കഴിയുന്നില്ല. കൈകൾ രണ്ടും കാലാക്കാൻ ശ്രമിച്ചു. അപ്പോഴും മുട്ടുകുത്തി നിൽക്കണം. കാൽമുട്ടുകൾ നിവർത്തി. അപ്പോൾ തലയുടെ ഭാഗം മരുഭൂമിയിലേക്കു താഴ്ന്നുനിന്നു. കഴുത്ത് നീട്ടി പുല്ലുകൾ കാരാൻ ശ്രമിച്ചുനോക്കി. കൈമുട്ടുകൾ വളയുന്നു. അതും നേരെയാക്കി വീണ്ടും ശ്രമം തുടർന്നു...

ഒട്ടകങ്ങൾ അല്പം മുന്നിലെത്തി. കൈകാലുകൾ നിവർത്തി കൈപ്പല മുകളിളേക്കുന്തിച്ച് നടുവല്പം വളച്ച് കഴുത്ത് നീട്ടി ചുട്ടുപഴുത്ത മണലിലൂടെ ഒട്ടകങ്ങൾക്കൊപ്പമെത്താൻ പ്രയത്നിച്ചു.

ഒട്ടകങ്ങളുമായുള്ള വർഷങ്ങളുടെ സമ്പർക്കത്തിൽ പുറത്തൊരു കൂന്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൈകൾ കാൽമുട്ടിനു കീഴേ വരെ നീണ്ടുകിടന്നു. വലിച്ചു നീട്ടിയാലെന്നപോലെ കഴുത്തിന്‌ നീളം വെച്ചു. മുന്നിലേക്കുന്തിയ പല്ലുകൾ പരന്ന കൂരപ്പോടെ നിലനിന്നപ്പോൾ നെറ്റിത്തടം ചുരുങ്ങി കണ്ണുകൾ പിൻവലിഞ്ഞു.

ഒട്ടകമാവാൻ പുതിയൊരുവനെത്തി..!

മങ്ങിയ ചട്ടയും മുറിയും പൊടികുടഞ്ഞെണീറ്റു...

ചായങ്ങൾ നഷ്ടപ്പെട്ട ചിത്രം പോലെ അപ്പനും അമ്മയും ഗ്രാമവും....

എയർപോർട്ടിനു പുറത്തെ ജനങ്ങൾ അറൈവൽ കവാടത്തിനു മുന്നിലേക്ക് അനങ്ങി. അന്നാമ്മ അരമതിലിൽ നിന്നെഴുന്നേറ്റു. ചട്ടയും മുറിയും നേരെയാക്കി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിലേക്ക് കൊച്ചുദേവസ്സി കണ്ണുകളെ തുറന്നുവിട്ടു. പെരുവിരലിൽ നിന്നെത്തിനോക്കുന്ന ജനങ്ങൾ എന്തോ കണ്ടിരിക്കുന്നു.

കവാടത്തിനപ്പുറത്തുനിന്ന് പുറത്തേക്കു വരുന്നവരുടെ തലകൾക്കു മുകളിലൂടെ ഉയർന്ന കഴുത്തുള്ള ഒരു തല ചുറ്റും പകച്ചു നോക്കുന്നു. കൂനുള്ളതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട്. പരിസരത്തെ മുഴുവൻ കണ്ണുകളും, ഉയർന്നു കാണുന്ന കഴുത്തിലും തലയിലും കാട്ടാളനൃത്തം ചവുട്ടി.  ഉന്തിയ പല്ലുകളുടെ വളരെ നേർത്ത പരിചയം കൊച്ചുദേവസ്സിയുടെ രോമകൂപങ്ങളെ ഉണർത്തി.

“മോനേ...” അന്നാമ്മ പല്ലൻതോമയെ പിടിച്ച് അവന്റെ കൂനിന്മേൽ തടവി. “ഇതെന്ത്‌ര്‌ കോലാടാ ഇത്...മോനെന്താ പറ്റ്യേ..?”

പല്ലൻതോമ കഴുത്തിനെ ഒരു ചോദ്യചിഹ്നമാക്കി തോളോടു ചേർത്തുനിർത്തി.
------------------------------

കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഇരിയ്ക്കപ്പൊറുതിയില്ലാതായി. റ്റീവിക്കാർ പത്രക്കാർ ഫോട്ടോഗ്രാഫർമാർ ഗവേഷകർ....ഒട്ടകമനുഷ്യനെ കാണാൻ പെണ്ണുങ്ങളും കുട്ടികളും ചാവാറായ വൃദ്ധരും വരെ...കുരുത്തംകെട്ട പിള്ളേർ കല്ലെടുത്തെറിഞ്ഞു. കൂരച്ച മോന്തക്കുള്ളിലൂടെ ഒട്ടകശബ്ദത്തിൽ പല്ലൻതോമ കരഞ്ഞു ബഹളം വെച്ചു.

ചായ്പിന്റെ കട്ടിള മാറ്റി നീളവും വീതിയും കൂടിയ മറ്റൊന്ന് സ്ഥാപിച്ചു. കൂന്‌ തടയാതെ ചായ്പിനുള്ളിൽ കയറാൻ ഇപ്പോൾ പ്രയാസമില്ല. കാഴ്ചക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചായപിന്‌ ദീർഘചതുരാകൃതിയിലുള്ള ചില്ലു വെച്ചു. പകലന്തിയോളം കാഴ്ചക്കാരുടെ തിരക്ക്. കൊച്ചുദേവസ്സി ചാരുകസാരയിൽ മലർന്നുകിടന്ന് ബീഡി പുകച്ചു. അന്നാമ്മ കാലുനീട്ടിയിരുന്ന് മുറുക്കിത്തുപ്പി.

ഇറച്ചിക്കറിയുണ്ടാക്കി ചോറു കൊടുത്തു. വട്ടേപ്പവും നെയ്യപ്പവും ഉണ്ടാക്കിക്കൊടുത്തു. പല്ലൻതോമ അതൊന്നും കഴിച്ചില്ല. ഒരാഴ്ചക്കിടയിൽ ഒന്നുരണ്ടു തവണ വെള്ളം മാത്രം കുടിച്ചു. നാലഞ്ചു പാക്കറ്റ് ബ്രഡും തിന്നു.

പല്ലൻതോമയുടെ ആവശ്യപ്രകാരം കുറേ കറുകപുല്ല് കൊണ്ടുകൊടുത്ത അന്നാമ്മ അവന്റെ തീറ്റയും നോക്കി ദണ്ണിച്ചിരുന്നു, അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ. പുല്ല് തിന്നുന്ന മനുഷ്യനെ സ്വപ്നത്തിലെന്നപോലെ നോക്കി വിസ്മയം പൂണ്ടങ്ങനെ....

“അമ്മ വെഷമിക്കണ്ട. ന്റെ വയറും കൊടലും ചുക്കിച്ചുളിഞ്ഞ് വികൃതായി. നെഞ്ചിന്റകത്ത് നെറയെ മണൽപ്പൊടിയാ. തൊലിയ്ക്ക് കട്ടി കൂടി. കയ്യുങ്കാലും മരുഭൂമീലെ മണലീ നടക്കാൻ പാകത്തില്‌ തയമ്പായി. എല്ലാരും പല്ലന്തോമ്മാന്ന് വിളിച്ച് കള്യാക്കിര്‌ന്ന്ല്ലെ? ഇപ്പൊ ശെരിയ്ക്കന്നെ തിരിച്ചറിയണംങ്കി ആ പല്ല് വേണ്ടേ...? വിശ്രമല്ലാണ്ട് പണീട്ത്തോണ്ടാ ല്ലാം”

എന്തുചെയ്യണമെന്നറിയാതെ അന്നാമ്മയെഴുന്നേറ്റുചെന്ന് കൊച്ചുദേവസ്സിയോടു പരാതി പറഞ്ഞു. ബീഡി വലിച്ചും മുറുക്കിത്തുപ്പിയും പോംവഴിയ്ക്കു വേണ്ടി രണ്ടുപേരും തല പുകച്ചു.

ഒരു തീരുമാനത്തിലെത്തിയതു പോലെയായിരുന്നു കൊച്ചുദേവസ്സി പല്ലൻതോമയുടെ ചായപിനടുത്തേക്കു ചെന്നത്. ഒട്ടകത്തെപ്പോലെ കൈകാലുകൾ നീട്ടിവെച്ച് മയങ്ങുകയാണ്‌. ഇപ്പോഴാണ്‌ പുറത്തെ കൂനിന്റെ വളവ് കൊച്ചുദേവസ്സിക്ക് ശരിക്കും ബോധ്യമായത്. മഴവില്ലുപോലെ വ്യക്തമായി കാണാം. വാരിയെല്ലുകൾക്കു പുറത്തായി അധികപ്പറ്റുപോലെ ചര്‍മ്മം. അവിടെ പൂട പോലുള്ള രോമങ്ങൾ എഴുന്നേറ്റുനിന്നു, ഒരു ഭംഗിയുമില്ലാതെ.

“മോനേ...തോമ...വന്ന്ട്ട് ഒരാഴ്ച്യായില്ലെ..? മോനെന്താ പൊറത്തെറങ്ങാത്തേ...?”

തലയുയർത്തി അപ്പനെ നോക്കി. പ്രയാസപ്പെട്ട് കയ്യ് രണ്ടും താഴെ കുത്തി ഒട്ടകത്തെപ്പോലെ എഴുന്നേറ്റു. കൊച്ചുദേവസ്സിക്ക് വിശ്വസിക്കാനായില്ല. കൂനും കഴുത്തിന്റെ നീളവും വിധിയെന്നു സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ്‌ ആകാശം ഇടിഞ്ഞുവീണതു പോലെ അവന്റെ രൂപം കൊച്ചുദേവസ്സിയുടെ കണ്ണടക്കുള്ളിലേക്ക് വലിഞ്ഞു കയറിയത്. പതിയെ പല്ലൻതോമ പുറത്തു കടന്നു. കൃത്യം ഒരൊട്ടകക്കുഞ്ഞ്. മുറ്റത്തിറങ്ങി പച്ചിലകളൊക്കെ കടിച്ചുതിന്നാൻ തുടങ്ങി. അന്നാമ്മയും വിസ്മയപ്പെട്ടു നിൽക്കുകയാണ്‌. ഒരു ചൊടിയുമില്ലാതെ സാവധാനമാണ്‌ പല്ലൻതോമയുടെ പ്രവൃത്തികൾ. കയ്യിലേയും കാലിലേയും വിരലുകൾ കൂടിച്ചേരാൻ തുടങ്ങിയിരിക്കുന്നു. രണ്ടു കാലിൽ നിൽക്കാനും വയ്യെന്നായി.

അതുമിതുമൊക്കെ അല്പം കടിച്ചു തിന്നെന്നു വരുത്തി പല്ലൻതോമ തളർന്ന ശരീരത്തോടെ അകത്തേക്കു കയറി.

“ഇനിക്കി വയ്യപ്പാ. ആകെയൊരു തളർച്ച. കയ്യുങ്കാലും കൊഴയുന്നപോലെ”

കൊച്ചുദേവസ്സി ഡോക്ടറെ കൊണ്ടുവന്നു. പല്ലൻതോമയെ കണ്ട ഡോക്ടർ മിഴിച്ചുനിന്നു. എങ്ങിനെ ചികിത്സിക്കണമെന്ന് നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിൽ ഇന്നുവരെ ഇത്തരമൊരു മനുഷ്യജീവിയെ ചികിത്സിക്കേണ്ടതായി വന്നിട്ടില്ല. മനുഷ്യനുമല്ല മൃഗവുമല്ല. വൈദ്യശാസ്ത്രത്തിൽ ഒട്ടകമനുഷ്യന്റെ ചികിത്സയെക്കുറിച്ച് പഠിക്കാത്തതിനാൽ ഡോക്ടർ കയ്യൊഴിഞ്ഞു. വെറ്റിനറി ഡോക്ടറെ കൊണ്ടുവന്നിട്ടും തഥൈവ.

പിറ്റേന്ന് ചായപിൽ നിന്നിറങ്ങിയ എല്ലും തോലും, ബീഡി പുകച്ചുകൊണ്ടിരുന്ന കൊച്ചുദേവസ്സിയുടെ മുന്നിൽ വന്നുനിന്ന് കണ്ണീരൊഴുക്കി. മിഴികൾ കണ്ണടക്കുള്ളിലൂടെ നീട്ടി അവന്റെ കൂനിനു പുറത്തുള്ള രോമത്തിൽ തൊടുവിച്ച് കൊച്ചുദേവസ്സി നിസ്സംഗനായി.

“അപ്പൊ...അന്റെ രോമം വരെ കൊഴിഞ്ഞു തുടങ്ങി. ഇതെന്തൊരു നശിച്ച നാട്? ഒര്‌ മാസം തെകഞ്ഞ്ല്ലല്ലൊ ഞാന്‌വ്ടെ എത്തിട്ട്? ഇത്രേം കൊറഞ്ഞ ചൂടില്‌ യിനിയ്ക്കിവിടെ ജീവിക്കാമ്പ്റ്റ്ല്ല. കൊറേ വെറകൊക്കെ കൂട്ടീട്ട് ചായ്പിന്റെ ഒര്‌ മൂലേല്‌ തിയ്യിട്ട് തന്നാമതി. അല്ലെങ്കീ ഞാനീ ചായ്പില്‌ ചത്ത് വീഴും. അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്...!”

പല്ലൻതോമയുടെ സംസാരത്തിൽ ഇഴച്ചിൽ തുടങ്ങിക്കഴിഞ്ഞു. തിരിച്ച് പോയേക്കാം എന്നൊക്കെ പറയുമ്പോൾ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമാണ്‌ അവന്‌ ഉച്ഛരിക്കാനായത്. അവൻ പറഞ്ഞതിന്റെ അർത്ഥം കൊച്ചുദേവസ്സി ഊഹിച്ചെടുക്കുകയായിരുന്നു. അവന്റെ സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്ന് ആ പിതാവ് മനസ്സിലാക്കി.

കൊച്ചുദേവസ്സി ആകെ ധർമ്മസങ്കടത്തിലായി. വീടിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും കത്തി നിൽക്കുന്ന ഒരു തീക്കൂന! മടുത്തു. വീണ്ടും ബീഡിയെടുത്തു പുകച്ചു.

പല്ലൻതോമ തിരികെ ചായ്പിനകത്തേക്കു കയറി കാലുംനീട്ടി തറയിൽ കിടന്നു. നീളം കൂടിയ കയ്യിലും കാലിലും വേദനയോടെ നോക്കി. സങ്കടം വന്നു. ഉണങ്ങിപ്പോതിരിച്ച ശരീരവും മനസ്സും ഇനിയീ ഭൂമിയിൽ കിളിർക്കില്ല, ഈ നാടിനു പറ്റില്ല..! പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മനുഷ്യനെപ്പോലെ ജീവിക്കാനിനി ഇവിടെ സാദ്ധ്യമല്ല, എന്നാൽ മൃഗത്തെപ്പോലെയും. ഇനിയെന്തു ചെയ്യണം? ആദ്യമായി ഭാവിയെക്കുറിച്ചോർത്തു.....!

കൊച്ചുദേവസ്സിയും അന്നാമ്മയും ഉത്തരം കിട്ടാത്ത വേഴാമ്പലുകളായി. അവൻ ദിവസേന ക്ഷീണിച്ചുവരികയാണ്‌. അവനെ ചികിത്സിക്കാൻ നമ്മുടെ രാജ്യത്ത് ഡോക്ടർമാരില്ല. ഇങ്ങിനെ കിടന്നാൽ ചത്തുപോകും. അതിനു മുൻപൊരു മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ ആപത്താണ്‌. തൽക്കാലം ഒരു തീക്കൂനയുണ്ടാക്കിക്കൊടുത്താലും തണുപ്പുകാലത്തെന്തു ചെയ്യും? തിരികെ പറഞ്ഞയച്ചാലോ. അറബിനാടാവുമ്പോൾ അവനുള്ളത് അവിടെ കിട്ടുമായിരിക്കും.

അവരുടെ വേഴാമ്പലുകളെ തൽക്കാലത്തേക്കെങ്കിലും തകർത്തത് അറവക്കാരൻ അയ്മുട്ടിയുടേയും സഹായിയുടേയും വരവായിരുന്നു.

“മാപ്ലേം മാപ്ലിച്ചീങ്കൂടെ എന്താ ഒരാലോസന?” പോത്തിന്റെ തടിയും ഉപ്പന്റെ കണ്ണുമുള്ള അയ്മുട്ടി കഴുകനെപ്പോലെ വായ തുറന്നു. “മാപ്ല കോളടിച്ചല്ലൊ. ഒന്നാന്തരമൊരു ഒട്ടകത്തിന്യല്ലേ കിട്ട്യേക്ക്ണ്‌?”

“ഞങ്ങള്‌ അവ്നെക്കുറിച്ച് ഓരോന്നോർത്തിര്‌ന്നതാ സായ്‌വെ. തിരിച്ച് വിട്ടാലോന്നാ ചിന്ത.” കൊച്ചുദേവസ്സി താല്പര്യമില്ലാതെ പറഞ്ഞു.

“ഈ മാപ്ലക്കെന്താ പ്രാന്താ? ങ്ളൊരു നസ്രാണ്യല്ലേന്ന്...നാല്‌ പുത്തന്‌ണ്ടാക്കാൻ നോക്ക്. അതൊന്നും ഇങ്ങക്ക് ഞാമ്പറഞ്ഞ് തരണ്ടല്ലൊ. കറവ വറ്റ്യ പസൂനെ നമ്മളെന്താ ചെയ്യാ? അറക്കാങ്കോട്ക്കും, അറ്‌ഞ്ഞ്ട്ടും അറ്യാത്ത പോലെ, അദന്നെ. നിക്കാഹിനൊക്കെ ഇപ്പൊ ഒട്ടകെറച്ച്യ പേഷൻ. നല്ല തുട്ട് ഇങ്ങ്ട് പോര്‌ം.” അയമുട്ടി ലാഭം കണക്കു കൂട്ടി കൊരച്ചു.

“ഫ്അ...കഴുത്തറ്‌പ്പാ..! ഇപ്പൊവ്ടെന്നെറങ്ങില്ലെങ്കി ഞാന്‌പ്പ ചൂല്‌ട്ക്കും.” അന്നാമ്മയുടെ വായിലിരുന്ന മുറുക്കാൻ മുറ്റത്ത് ചിതറിത്തെറിച്ചു.

അയ്മുട്ടിയുടേയും സഹായിയുടേയും കൂസലില്ലാത്ത ഇറങ്ങിപ്പോക്ക് പല്ലൻതോമ ഗ്ലാസ്സിന്റെ സുതാര്യയിലൂടെ ആവാഹിച്ചെടുത്തു. മാതാപിതാക്കളുടെ സങ്കടം ഗ്രഹിച്ച് ചായ്പിനു വെളിയിലേക്ക് തലനീട്ടി പല്ലൻതോമ ചുമച്ചു. പതിഞ്ഞ ചുമ.

“വെഷമിക്കണ്ട. ഞാന്തിരികെ പോകാം. നമ്മ്ടെ നാടിന്‌ ന്റെ ശരീരം യിനി അധികപ്പറ്റാ. ഞാമ്പോയിട്ട് ബാങ്ക്‌ലിക്കി പൈസ അയച്ചോണ്ടിരിക്കാം, നമ്മ്ടെ രാജ്യത്തിനൊന്നും അധികപ്പറ്റാവാത്തത്.“ ശുഷ്കിച്ചു ചിലമ്പിച്ച ശബ്ദത്തിൽ നിന്ന് നുറുങ്ങിയ അക്ഷരങ്ങൾ ക്രമം തെറ്റി വീണു.

നേരം വെളുത്താൽ ആദ്യം ഒരു പീടികച്ചായ കൊച്ചുദേവസ്സിക്ക് പതിവുള്ളതാണ്‌. അത് കുടിച്ചെത്തുമ്പോഴേക്കും അന്നാമ്മ ഉണരും. കൊച്ചുദേവസ്സി രാവിലെത്തന്നെ കുളിച്ച് തുണി മറി. അന്നാമ്മ കൊടുത്ത കുടയുമായി മുറ്റത്തിറങ്ങിയപ്പോഴാണ്‌ മോന്റെ പാസ്പോട്ടെടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. വേറെ ഒന്നുരണ്ടു സ്ഥലത്ത് പോയിട്ടുവേണം അവന്റെ ടിക്കറ്റെടുക്കാൻ. എല്ലാം കൂടി ഒന്നിച്ചാകാം എന്ന് അന്നാമ്മയാണ്‌ ഇന്നലെ പറഞ്ഞത്.

”മോന്റെ പാസ്പോട്ട് എട്ത്തില്ല. അതിങ്ങെടുത്തോടി. അവൻ കെട്ക്ക്ണോട്ത്ത് ആ ബേഗില്‌ണ്ട്.“

അന്നാമ്മ ചായ്പിനകത്തേക്കു കയറി പല്ലൻതോമയുടെ കാലുകൾ കവച്ചുവെച്ച് അപ്പുറം കടന്നു. ബാഗു തുറന്ന് പാസ്പോട്ടെടുത്തു. ഒന്നല്ല, നാലഞ്ചെണ്ണം...! തിരികെ കടന്നപ്പോൾ അവനൊരു ഉമ്മ കൊടുക്കണമെന്ന് അന്നാമ്മക്കു തോന്നി.

നീണ്ട കഴുത്തിനറ്റത്തെ തല തറയോടു ചേർത്തി പതിഞ്ഞാണ്‌ പല്ലൻതോമ കിടന്നിരുന്നത്. ഒരടയാളം പോലെ പല്ലുകൾ പുറത്തു നിറുത്തി ബലമില്ലാത്ത വായുടെ കീഴ്ഭാഗം തറയിൽ മുട്ടി ചുളുങ്ങിക്കിടന്നു. പല്ലിനിടയിലൂടെ ഒഴുകിയ നുരയും പതയും, വറ്റിയും വറ്റാതെയും അവിടെത്തന്നെ അന്തിച്ചുനിന്നിരുന്നു. പതയുടെ അരികുകൾ കറുത്തുതടിച്ച ഉറുമ്പുകൾ കയ്യടക്കിയിരിക്കുന്നു. കൊരവള്ളി നഷ്ടപ്പെടുത്തിയ കണ്ഠനാളങ്ങളുള്ള കഴുതകളെപ്പോലെ അപ്പോഴും പല്ലൻതോമയുടെ കണ്ണുകളിൽ മരുഭൂമിയിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ കാണാമായിരുന്നു.

---------------------------------------------
മുറി*--പഴയ കൃസ്ത്യൻ സ്ത്രീകൾ ചിലയിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന പിൻഭാഗത്ത് ഞൊറികളുള്ള മുണ്ട് തന്നെ. പുറത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മുണ്ടിനേക്കാൾ കുറച്ചുകൂടി നീളം കൂടുതലുള്ളതിനാൽ ‘മുറി’എന്നാണ്‌ പറയുക.






8/1/14

ഭണ്ഡാരം

                                                                                                                      08/01/2014

 മാലിന്യ ലായിനിയുടെ ഭണ്ഡാരത്തിലേക്ക് പെരുമ്പാമ്പുകളെപ്പോലെ രണ്ടു പ്ളാസ്റ്റിക്ക് ഹോസുകൾ പൂണ്ടിറങ്ങി. കാസ്റ്റയേൺ കൊണ്ടുള്ള മൂടി തുറന്നപ്പോൾത്തന്നെ ഭണ്ഡാരത്തിൽ നിന്ന് ദുർഗ്ഗന്ധം പൊട്ടിച്ചിതറി. അടപ്പ് തുറന്നില്ലെങ്കിലും ഭണ്ഡാരം നിറഞ്ഞ് വ്രണം പൊട്ടിയൊലിക്കുന്നതുപോലെ ചലം ചുറ്റിനും ഉരുകിയുണങ്ങിക്കൊണ്ടിരിക്കും. സമ്മിശ്രമാണ്‌ ചലത്തിന്റെ ചൂര്‌. കടുകെണ്ണയും ഡോവ്‌ സോപ്പിന്റെ പതയും ചേർന്ന പാക്കിസ്ഥാനിയുടെ പച്ചച്ച നാറ്റം, മുറുക്കാനും വിയർപ്പും കൂടിക്കുഴഞ്ഞ ബംഗാളികളുടെ ഇളം ചുവപ്പ് കള്ളികളുള്ള മുഷിഞ്ഞ മുണ്ടിന്റെ നാറ്റം, വാറ്റുചാരായത്തിന്റെ കൊഴകൊഴ മണവും ചിതമ്പൽ കളയാത്ത പച്ചമീനിന്റെ ഉളുമ്പ് മണവും കലർന്ന ഫിലിപ്പൈനികളുടെ വെളുത്ത നാറ്റം, ഹിന്ദിക്കാരിൽ നിന്നുരുണ്ടുവരുന്ന പാൻപരാഗിന്റേയും തമ്പാക്കുവിന്റേയും മണം കുറ്റവും കുറവുമായി പരദൂഷണത്തിൽ മുഴുകി ടീവിയുടേയും കംബ്യൂട്ടറിന്റേയും മുന്നിൽ പാവകളാകുന്ന മലയാളിയുടെ വീർത്ത വയറ്റിൽ നിന്നു പുറംതള്ളുന്ന കീഴ്ശ്വാസത്തിന്റെ മണവും കലർന്ന നാറ്റം...എല്ലാം കൂടിക്കലർന്ന് അവരുടെ തന്നെ മലമൂത്ര വിസർജ്ജ്യലായനിയിൽ ലയിച്ച് ചെറുയാത്രകൾ അവസാനിപ്പിക്കുന്നത് താഴെയുള്ള മാലിന്യ ഭണ്ഡാരത്തിലാണ്‌. ഭണ്ഡാരത്തിനകത്ത് കുടുങ്ങുന്ന ദുർഗ്ഗന്ധം വീർപ്പുമുട്ടിയാണ്‌ പഴക്കം സമ്മാനിച്ച ചെറു സുഷിരങ്ങളിലൂടെ പുറത്തു ചാടി ചുറ്റും അലയുന്നത്. എത്ര മണമുള്ള പെർഫ്യൂമടിച്ചാലും ഈ ദുർഗ്ഗന്ധത്തെ നേരിടാതെ ഈ വില്ലയില്‍ നിന്ന് ആരും ജോലിക്ക് പോകാറില്ല. എനിക്കാണെങ്കിൽ ഇതൊരു ദുർഗ്ഗന്ധമേ അല്ല, ഒരു ശീലമാണ്‌.

പാമ്പുകൾ ഭണ്ഡാരത്തിൽ നിന്ന് ലായനി നക്കിക്കുടിക്കുകയാണ്‌.

റോഡിന്റെ ഓരം ചേർത്തു നിർത്തിയ ടാങ്കർലോറി. പാമ്പിന്റെ വാലറ്റം ടാങ്കറിന്റെ പിൻഭാഗവുമായി ഘടിപ്പിക്കുകയാണ്‌ പതിവ്‌. ആ ഭാഗത്തായി രണ്ടു മോട്ടോർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പുകൾ പ്രവർത്തിപ്പിച്ച് ഭണ്ഡാരത്തിലെ മലിനലായനി ഊറ്റിയെടുത്ത് ടാങ്കർ നിറക്കും.

ആരോ കൊരക്കിൽ ഞെക്കിപ്പിടിച്ചതുപോലെ ഒരു മോട്ടോറിന്റെ ശബ്ദം ആസ്മരോഗിയായി. ഞാൻ മോട്ടോർ ഒഫാക്കി. അല്ലെങ്കിനിനി അത് നേരെയാക്കാൻ ഒരു മണിക്കൂർ കളയേണ്ടിവരും. കൈമുട്ടുവരെ നീളുന്ന ഗ്ലൗസിട്ട് ലായനിയിൽ കുളിച്ച ഹോസിനെ ഭണ്ഡാരത്തിനകത്തുനിന്ന് വെളിയിലേക്ക് വലിച്ചെടുത്തു. തിരക്ക് കൂട്ടുമ്പോഴാണ്‌ ലായനിയുടെ അരികുകൾ ഷർട്ടിലേക്കും പാന്റിലേക്കും തെറിച്ചു വീഴുന്നത്. ഹോസിന്റെ ഒരറ്റത്തെ ഫുട്ട്‌വാൽവിനു പുറത്തായി ഫിൽറ്റർ കൂടിയുണ്ട്. അതിനു വെളിയിലാണ്‌ തുണിയും മറ്റുമുള്ള കച്ചറകൾ ചുറ്റിപ്പിടിച്ചിരിക്കുന്നത്. ഒരു കമ്പിയെടുത്ത് വാൽവിനെ ചുറ്റിയിരുന്ന, മാലിന്യത്തിൽ കുഴഞ്ഞ തുണി നീക്കം ചെയ്യാൻ ആരംഭിച്ചു. ആദ്യം പുറത്തെടുത്തത് ബംഗാളികളുടെ കള്ളിത്തുണിയായിരുന്നു. ഫിൽറ്ററിനുള്ളിലേക്ക് തിങ്ങിക്കൂടിയ മറ്റൊന്നുകൂടി വലിച്ചെടുത്തു. തുളവീണ്‌ കീറിയ ഷഡ്ഡി. അലക്കുവെള്ളം ക്ലോസറ്റിലേക്ക് ചെരിക്കുന്നതിടയിൽ വെള്ളത്തിലൂടെ ചാടിപ്പോയതായിരിക്കണം. അല്ലെങ്കിൽ ആരും കാണാതെ അത് കളയാനുള്ള ഒരു മാർഗ്ഗം ഉപയോഗിച്ചതുമായിരിക്കാം. എന്തായാലും പൊല്ലാപ്പ് എനിക്കു തന്നെ. നിരന്തരമായ ഉപയോഗം മൂലം പച്ച നിറമായിരുന്ന ഹോസിപ്പോൾ മാലിന്യലായനിയുടെ കറുത്തു കുറുകിയ നിറത്തെക്കാൾ കറുത്തതാണ്‌.

വൃത്തിയാക്കിയ ഹോസ് വീണ്ടും ലായനിയിലേക്കിറക്കി. ചരടു വലിച്ച് എഞ്ചിൻ സ്റ്റാട്ടാക്കി മോട്ടോർ പ്രവർത്തിപ്പിച്ചു. ആസ്മ രോഗിയുടെ രോഗം മാറി. ശറേന്ന് പാമ്പ് ദ്രാവകം വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പതിനഞ്ചു മിനിറ്റിനകം ടാങ്കർ നിറഞ്ഞു. പെരുമ്പാമ്പുകളും മോട്ടോറും തമ്മിലുള്ള ബന്ധം വേർപ്പെടുത്തി. ഭണ്ഡാരത്തിൽ നിന്ന് പാമ്പുക്കളെ വലിച്ചെടുത്ത് പുറത്തേക്കിട്ടു. ടാങ്കറിന്റെ അടിഭാഗത്തായി രണ്ടോരങ്ങളിലും സ്ഥാപിച്ചിരുന്ന നീളമുള്ള പൈപ്പുകൾക്കുള്ളിലേക്ക് പാമ്പുകളെ തള്ളിക്കയറ്റി. മൂടിയെടുത്ത് ഭണ്ഡാരം അടച്ചു.

ടാങ്കർ ലോറിയോടിച്ച് നേരെ പോയത് ആൾത്താമസമില്ലാതെ നീണ്ടുകിടക്കുന്ന മരുഭൂമിയിലേക്കായിരുന്നു. ചുറ്റും കണ്ണോടിച്ച് നേരിയ ഭയത്തോടെ മരുഭൂമിയുടെ മാറിലേക്ക് ടാങ്കറിന്റെ ഔട്ട്ലെറ്റുകൾ തുറന്നു. മല-മൂത്ര-മാലിന്യ ലായനി ഝടിതിയിൽ ചുട്ടുപഴുത്ത മണലിനു മുകളിലേക്ക് തലതല്ലി വീണുകൊണ്ടിരുന്നു. പട്ടിണി കിടക്കുന്നവന്‌ ഒരു നാൾ ആഹാരം ലഭിച്ചതുപോലെ ലായനിയെ മണൽത്തരികൾ നക്കിത്തോർത്തി. ഞാൻ ചുറ്റും നോക്കി. ആരെങ്കിലും കണ്ടാൽ പെട്ടതുതന്നെ. ഇതൊക്കെ ഒഴുക്കിക്കളയാൻ ചില സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ ആകാവൂ. പിടിക്കപ്പെട്ടാൽ പിഴ കടുത്തതാണ്‌. വണ്ടി സ്വന്തമാണ്‌. കൂടുതൽ ട്രിപ്പെടുത്താലേ മെച്ചം കൂടൂ. അതുകൊണ്ടുതന്നെ നിയമവിരുദ്ധമെങ്കിലും ഇത്തരം സൂത്രപ്പണികൾ ചെയ്യാതെ നാട്ടിലാളാവാൻ പറ്റില്ല. കാലിയായ ടാങ്കറിന്റെ വാൽവുകൾ അടച്ചു.

നെഞ്ചോടു ചേർന്ന വിറയിലിനൊപ്പം ബാങ്ക് വിളി. മൊബൈലെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറാണ്‌. ചെവിയോടു ചേർത്തുവെച്ചപ്പോൾ ഞാനാണ്‌ ഹദ്രമാനിക്ക, സലീമെന്ന് അങ്ങേത്തല. ഏതു സലീമെന്നു ചോദിക്കാനാണ്‌ തോന്നിയത്. സ്വന്തം മോന്റെ സ്നേഹത്തോടെയുള്ള മൊഴിപോലെ സലീമെന്ന പറച്ചിൽ കാതിൽ പ്രകമ്പനം കൊണ്ടിരുന്നതിനാൽ എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. ഏതെങ്കിലും നാട്ടുവാസി എന്തെങ്കിലും സഹായത്തിനായിരിക്കും. ഏതു സലീമെന്നു ചോദിച്ച് ഒഴിവാക്കുന്നതായിരുന്നു ബുദ്ധി. അനാവശ്യമായ ഓരോ പൊല്ലാപ്പുകൾ.

മൊബൈലുമായുള്ള ബന്ധം വേർപ്പെടുത്താൻ ഒരുങ്ങുമ്പോഴായിരുന്നു ഹദ്രമാനിക്കയിപ്പോൾ എവിടെയാണെന്നും അത്യാവശ്യമായി ഒന്നു കാണണമെന്നുമുള്ള തുടർച്ച കാതിലേക്കെത്തിയത്. ആരെന്നറിയാതെ ഞാനിവനോട് എന്താ പറയാ...നാട്ടിൽ എത്രയോ സലീമുമാരുണ്ട്. അവരെയൊക്കെ എപ്പോഴും ഓർത്തിരിക്കാൻ പറ്റോ? രാവും പകലും മലമൂത്ര ഗന്ധത്തെ പുണർന്നിക്കുന്ന ഞാനെങ്ങനെ ഓർക്കാനാണിതൊക്കെ. കാര്യമായ എന്തോ സഹായം തന്നെയെന്ന് സംസാരത്തിന്റെ തിടുക്കം സൂചിപ്പിക്കുന്നു.

എനിക്കങ്ങോട്ട് നേരെ മനസ്സിലായില്ല സലി എന്നു പറഞ്ഞതിന്‌ അറവക്കാരൻ പോക്കറിന്റെ മോനെ ഇത്രവേഗം മറന്നോ എന്നായി അവൻ.

വാപ്പയും പോക്കറിക്കയും ഒന്നുപോലെ കഴിഞ്ഞിരുന്നവരായിരുന്നു. എന്റെ ദുർഗ്ഗന്ധത്തിനോടുള്ള സഹവാസം ആരംഭിച്ചതോടെയാണ്‌ വാപ്പയുടെ ദാരിദ്രത്തിന്റെ രൂക്ഷത കുറയാൻ ഇടയായത്. വാപ്പ മരിച്ചു. പോക്കറിക്കയിപ്പോഴും ചുമച്ചുതുപ്പി പഴയതിലും മോശമായി. അദ്ദേഹത്തിന്റെ മോൻ സലി ഇവിടെ ഉണ്ടെന്ന് ഒരു തവണ കെട്ടിയോൾക്ക് ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.

നീയവിടെ നിൽക്ക്, ഞനിതാ എത്തിക്കഴിഞ്ഞു എന്നു പറഞ്ഞ് ആക്സിലേറ്ററിൽ കാലമർത്തി. കാണേണ്ടെന്നാണ്‌ ആഗ്രഹമെങ്കിലും കാണണമെന്നുള്ള ത്വര മനസ്സിൽ ശക്തമാണ്‌.

സ്വന്തം വില്ലക്ക് അല്പം മുൻപായി വണ്ടിയൊതുക്കി. ഈ വണ്ടിയെങ്ങാനും അവൻ കണ്ടാമതി നാട്ടിൽ പാട്ടാവാൻ. അതോടെ തീർന്നു എല്ലാം. തീട്ടവണ്ടിയോടിക്കുന്ന ഹദ്രമാൻ എന്നറിഞ്ഞാൽ പോയില്ലെ മാനം....പിന്നെ കൊട്ടാരമുണ്ടായിട്ടെന്താ കാറുണ്ടായിട്ടെന്താ...? കൊല്ലങ്ങളോളം കഷ്ടപ്പെട്ടതിന്റെ പുറത്ത് നാട്ടുകാർ വെളിക്കിരിക്കുന്നതുപോലെയാവില്ലെ അത്.

ദൂരെ നിന്നുതന്നെ അവനെന്നെ കണ്ടിരുന്നു. എനിക്കങ്ങോട്ട് വ്യക്തമായില്ലെങ്കിലും ഒർമ്മകളിലെ നരുന്ത് ചെക്കന്റെ രൂപവുമായി സാദൃശ്യപ്പെടുത്തി തീരുമാനിക്കയായിരുന്നു. ഇതൊരു കുരിശാകും എന്ന് മനസ്സിൽ നിനച്ചാണ്‌ അവനരുകിലെത്തിയത്.

ഹൈദ്രമാനിക്ക, എന്തോരം നാളായി കണ്ടിട്ട് എന്നു പറഞ്ഞ് കൈ തന്നു. നന്നായി വെളുത്ത് തടിച്ചിട്ടുണ്ട്. പെട്ടെന്നൊരു അടുപ്പം കാണിക്കാൻ ഞാൻ മടിച്ചു. അവന്റെ ഓരോ വാക്കുകളും സുഖിപ്പിക്കലായി തോന്നി. ഇവനെ ഒഴിവാക്കാൻ ഇനി എന്താണൊരു വഴി?

ഞാനൊന്നും കഴിച്ചില്ല, നമുക്കെന്തെങ്കിലും കഴിക്കാം, റൂമിലൊന്നും ഇരിപ്പില്ല എന്നു പറഞ്ഞ് അവന്റെ കൈ പിടിച്ച് തൊട്ടുള്ള ഹോട്ടലിലേക്ക് കയറി. റൂം പരിചയപ്പെടുത്തുന്നത് ഒഴിവാക്കാൻ തൽക്കാലം ഇതേ വഴിയുള്ളു.

സ്വന്തം വീട്ടിലെ ഇല്ലായമകളുടേയും വല്ലയ്മകളുടേയും ദാരിദ്ര്യത്തിന്റേയും കടങ്ങളുടേയും ഭാണ്ഡം, ഹോട്ടലിനകത്തെ നേരിയ ശീതളിമയിലെ ആവി പറക്കുന്ന ബിരിയാണിക്കൊപ്പം അവൻ കെട്ടഴിച്ചു. ചുമച്ചുതുപ്പി എല്ലും കോലുമായ പോക്കറിക്കയുടെ രൂപത്തേക്കാൾ ദയനീയമായിരുന്നു അവന്റെ വാക്കുകൾ. ഞാൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു. അന്ത്യമില്ലാത്ത അവന്റെ നീണ്ടകഥ ഇപ്പോഴൊന്നും അവസാനിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ കൈ കഴുകാനായി ഞാൻ വാഷ്ബെയ്സിനടുത്തേക്ക് നീങ്ങി.

“ഇപ്പോഴെന്താ പ്രശ്നം? അത് പറ സലി”

ഒരു നിമിഷം അവനെന്റെ മുഖത്തേക്കു നോക്കി. അവൻ പറഞ്ഞുവന്നതിന്റെ തുടർച്ചക്ക് എന്റെ വാക്കുകൾ വിഘ്നമായി. അനാവശ്യമായ അവന്റെ പഴങ്കഥകൾ കേൾക്കാൻ എനിക്കൊരു താല്പര്യവുമില്ലായിരുന്നു. എല്ലാം അറിയാവുന്നവ തന്നെ.

“ഞാനിവിടെയെത്തിയിട്ട് ആറു കൊല്ലം ആകുന്നുവെന്ന് പറഞ്ഞല്ലോ. ഗൾഫ് രാജ്യങ്ങളിൽ ഓരോ പൗരന്റെ കയ്യിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇക്കാമ പോലും ( ആധാർ കാർഡ് പോലെ ഒന്ന്. ഒരു വ്യക്തിയുടെ എല്ലാ രേഖകളും ഈ കാർഡുവഴി അറിയാം. ഇതില്ലാതെ പിടിക്കപ്പെട്ടാൽ ജയിലും പിഴയും നിശ്ചയം ) എനിക്ക് കിട്ടിയിട്ടില്ല. നിതാഖാത്തിന്റെ ( പരിധി എന്നാണ്‌ ഈ വാക്കിന്റെ ശരിയയ അർത്ഥം. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നിയമനിർമ്മാണങ്ങൾക്ക് അനുസൃതമല്ലാത്ത കമ്പനികളോ വ്യക്തികളോ ഉണ്ടെങ്കിൽ അവർക്ക് രേഖകൾ എല്ലാം ശരിയാക്കാനുള്ള പരിധി ) ആനുകൂല്യത്തിൽ നാട്ടിലേക്ക് കയറിപ്പോകാം എന്നാണ്‌ കരുതിയിരുന്നത്. കഴിഞ്ഞില്ല!! എല്ലാ തവണത്തേയും പോലെ ഇത്തവണയും ഇവിടത്തെ ഭരണകൂടം പുതിയ നിയമങ്ങൾ അവസാന സമയമാകുമ്പോൾ ഉപേക്ഷിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. പക്ഷേ നിയമവിരുദ്ധമായി താമസിക്കുന്നവരെ പിടികൂടാൻ ഇവരിപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കയാണെന്ന് ഹദ്രമാനിക്കക്ക് അറിയാലൊ. ഈ ആഴ്ചയിൽ രണ്ടു തവണ ചെക്കിങ്ങ് നടന്നപ്പൊ ഒരുകണക്കിന്‌ ഞാൻ ഓടി രക്ഷപ്പെട്ടതാ. കഴിയില്ലിക്ക.... ഇങ്ങനെയിവിടെ പിടിച്ചു നിക്കാൻ....”

അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു, ദയനീയതയുണ്ടായിരുന്നു, എല്ലാം അവസാനിച്ചെന്ന തോന്നലുണ്ടായിരുന്നു, പരാജയം സമ്മതിക്കുണ്ടായിരുന്നു. ഞാനിവിടെ പതറാൻ പാടില്ലെന്ന് ഉപബോധമനസ്സെനിക്ക് താക്കീത് നൽകിക്കൊണ്ടിരുന്നു.

”എനിക്കിപ്പോൾ ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റും സലി? ഇവിടുത്തെ നിയമങ്ങൾ നിനക്കറിയാവുന്നതല്ലേ..ഇനിയും വൈകിക്കാതെ പോലീസിന്‌ പിടികൊടുത്ത് കയറിപ്പോകാൻ നോക്കുന്നതല്ലേ നല്ലത്...“എനിക്ക് വേറൊന്നും പറയാനില്ലായിരുന്നു. അവനെ ഒഴിവാക്കുക മാത്രമായിരുന്നു എന്റെ ആവശ്യം.

”ഇപ്പോഴെങ്കിലും നമുക്കൊന്ന് കാണാനൊത്തല്ലൊ ഹദ്രമാനിക്ക. അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നെങ്കിലും അകൽച്ചയോടെയയിരുന്നു നമ്മൾ കഴിഞ്ഞിരുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇക്കാക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടത്തെ സാഹചര്യം എന്റെ വീട്ടിലൊന്ന് അറിയിക്കണം. ഞാൻ പറയുമ്പോൾ നുണയാണെന്നാ അവരുടെ ധാരണ. നമുക്കിനി പിന്നെ കാണാം“

മേശപ്പുറത്തുനിന്ന് ഒരു പല്ലുകുത്തിയെടുത്ത് പല്ലിട കുത്തി ഹോട്ടലിനു വെളിയിൽ കടന്നു. കൈപിടിച്ച് യാത്ര പറഞ്ഞു. അവന്റെ വാക്കുകളിൽ എന്നെക്കുറിച്ച എന്തൊക്കെയോ സൂചനകൾ കിട്ടി എന്ന സംശയം തോന്നി. സഹായവാഗ്ദാനം നടത്താത്തതിന്റേയും മുറിയിലേക്ക് ക്ഷണിക്കാത്തതിന്റേയും കുറ്റബോധം നിഴലായി അങ്ങിങ്ങ് കനത്തെങ്കിലും കാറുംകോളും ഒഴിഞ്ഞ തെളിമാനമായിരുന്നു മനസ്സുനിറയെ.

രേഖകളില്ലാത്തവരെ കൂടെത്താമസിപ്പിക്കുകയോ അവർക്ക് ജോലി നൽകുകയോ ചെയ്താൽ, ചെയ്യുന്നവർ പോലും അകത്താകുന്ന നിയമമാണ്‌. വെറുതേയെന്തിനാ വയ്യാവേലി വലിച്ചുവെക്കുന്നത്? തന്നെയുമല്ല, എന്റെ ദുർഗ്ഗന്ധകഥ നാട്ടിൽ പരക്കുകയും ചെയ്യും. ദൂരെ, ഏതെങ്കിലും അറബിയുടെ കീഴിൽ ശരിയാക്കിക്കൊടുക്കാം. അതുപിന്നെ കടമയുടെ വായ്ത്താരിയുമായ്  എന്നെത്തന്നെ ചുറ്റിത്തിരിയും. തൽക്കലം ഇത് തന്നെയാണ്‌ ശരി.

മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ കൂടെ കഴിയുന്ന രണ്ടുപേരും എത്തിയിരുന്നു. സ്ഥിരം കേൾക്കുന്നതായതിനാൽ ‘നാറ്റം എത്തിയൊ’ എന്ന അവരുടെ പരിഹാസത്തിന്‌ മൂർച്ച തോന്നിയില്ല.

“നെരത്തില്‌ അദ്രമാന്റെ ഒര്‌ നാട്ടാരൻ ചങ്ങായിനെ കണ്ടിന്‌. നിന്നെ അറ്യോന്ന് ചോയ്ച്ചു. അറീന്നും പറഞ്ഞിന്‌”

ചന്ദ്രന്റെ വാക്കുകൾ എന്റെ സിരകളിൽ കടന്നലായി. വേറെ എന്തെങ്കിലും ചോദിച്ചോ എന്ന എടുത്തടിച്ചതുപോലുള്ള എന്റെ ചോദ്യം ചന്ദ്രനിൽ എന്തെങ്കിലും സംശയം സൃഷ്ടിച്ചിരിക്കുമോ.....

“ചോയ്ച്ചിനി, എന്താ പണീന്ന്?”

“എന്നിട്ട്...”

“സ്വന്തം ടാങ്കർ ഓടിക്ക്യാന്നും വെയ്സ്റ്റ്‌വാട്ടർ വലിച്ചെട്ക്കണ പണ്യാന്നും പറഞ്ഞിന്‌“

“നിയ്യെന്തിനാ അങ്ങനെ പറഞ്ഞെ? നിയ്യാരാ...എന്റെ തന്തയൊ? വിവരോം വെള്ള്യാഴ്ച്യും ഇല്ലാതെ പാസ്പോട്ടും തൂക്കി എറങ്ങിക്കോളും, സൗദി അറേബ്യയ്ക്ക്, എല്ലാരും പോണ്‌, ഞാനും പോണ്‌....ബുദ്ധില്ലാത്ത തെണ്ടി”

സമനില തെറ്റിയവനെപ്പോലെ ഞാൻ ചന്ദ്രനെ തല്ലാൻ ചെന്നതും മമ്മദെന്നെ പിടിച്ചു മാറ്റി കട്ടിലിരുത്തിയതും അല്പനിമിഷത്തിനു ശേഷമാണ്‌ എനിക്ക് ബോദ്ധ്യമായത്. ചന്ദ്രനും മമ്മദും ഇവനിതെന്തു പറ്റിയെന്ന ഭാവത്തോടെ സ്തംഭിച്ചിരുന്നു.

കക്ക്വൊന്നല്ലല്ലൊ..കഷ്ടപ്പെട്ട് പണീട്ക്കണതല്ലെ...അതെന്ത് പണ്യായാലും കൊറവ്വൊന്നല്ലാന്ന് പറഞ്ഞ് ചന്ദ്രൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

”നീയിനി മിണ്ടര്‌തെട മൈരേ!“

പിന്നീടാരും ഒന്നും പറഞ്ഞില്ല.

ഒരാഴ്ച കഴിഞ്ഞു...രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടയിൽ സലി വിളിച്ചില്ലല്ലൊ വന്നില്ലല്ലൊ എന്നോർത്തിരിക്കുമ്പോഴായിരുന്നു മൊബൈൽ ബെല്ലടിച്ചത്.

ഭാര്യയുടെ വിളിയാണ്‌. മോന്ത്യായ നേരത്ത് അവൾ വിളിക്കാറില്ലല്ലൊ എന്നോർത്താണ്‌ മൊബൈൽ ചെവിയോടടുപ്പിച്ചത്. ”പതിവില്ലാതെ നിയ്യെന്താ ഈ നേരത്ത്?“

ആദ്യമെല്ലാം വീട്ടിൽനിന്നൊരു ഫോൺവിളി വന്നാൽ പരിഭ്രമമാണ്‌. എന്തോ അത്യാഹിതം സംഭവിച്ചിട്ടാണ്‌ വിളിക്കുന്നതെന്ന ഒരു തരം വെപ്രാളമായിരിക്കും. ഞാൻ വെപ്രാളപ്പെടും എന്നവൾ മനസ്സിലാക്കിയപ്പോൾ ഹലോ ഒഴിവാക്കി വെറുതെ വിളിച്ചതാണിക്ക എന്നാക്കി തുടക്കം തന്നെ. പിന്നെപ്പിന്നെയാണ്‌ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാര്യയായിരിക്കില്ല വിളിക്കുകയെന്നും എന്റെ വിളി വൈകിയതുകൊണ്ട് അന്വേഷണം നടത്തുകയാണെന്നുമൊക്കെ എനിക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ വിളി അത്തരത്തിലൊന്നുമല്ല. സ്വന്തം വീട്ടിലല്ലെങ്കിലും പരിസരത്തെ എന്തോ വിവരം അറിയിക്കാനാണെന്നു വ്യക്തമാണ്‌.

“നമ്മ്ടെ പോക്കറിക്ക ഇന്നു കാലത്ത് മയ്യത്തായിക്ക. മയ്യത്ത് ഇത് വരെ പള്ളിക്കാട്ടിലേക്ക് എട്ത്ത്ട്ടില്ല. കാലത്ത് മൊതല്‌ സലീനെ വിളിക്കണതാ. ഇതുവരെ അവനെ ഫോണീ കിട്ടിട്ട്ല്ല. അതാപ്പൊ ഞാൻ ഇക്കാക്ക് വിളിച്ചേ, ഇക്കാക്ക് എന്തെങ്കിലും അറിയോന്നറിയാൻ?”

“ശരി ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം” അരുതാത്തതെന്തോ കേട്ടതായി എനിക്ക് തോന്നി. എവിടെയൊക്കെയൊ തിരിച്ചറിയാനാകാത്ത കൊളുത്തിപ്പിടുത്തം. പോക്കറിക്കായും വാപ്പയും ഇണപിരിയാത്ത ചങ്ങാതിമാരായിരുന്ന ചെറുപ്പകാലം കൂടുതൽ തെളിമയോടെ കണ്മുന്നിൽ അതാ....സ്നേഹവും വിശ്വാസവും സഹായവും എനിക്ക് മാത്രം ലഭിക്കേണ്ടതല്ലെന്നും ഞാൻ മാത്രം അനുഭവിക്കേണ്ടതല്ലെന്നും ചിന്തിച്ചെടുക്കാൻപോന്ന ചങ്ങാത്തം. അറിയാതൊരു നെടുവീർപ്പ് മുറിക്കുള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു.

ജനൽകതകുകൾ തുറന്നു. കരുവാളിച്ചു തുടങ്ങിയ വെയിലിഴകൾ. പകലന്തിയോളം കടുത്ത ചൂടിൽ വെന്തെരിഞ്ഞ ധൂമധൂളികൾ ചേർന്ന ചെറുകാറ്റ് ഒരാശ്വാസത്തിനെന്ന പോലെ തിടുക്കം കൂട്ടി മുറിയിലേക്കിടിച്ചു കയറി. ഏസിയുടെ തണുപ്പ് പറ്റിപ്പിടിച്ച തലയുടെ മുകൾഭാഗം അല്പം ഉയർന്നതായി അനുഭവപ്പെട്ടു. ഉച്ചക്ക് കഴിച്ച പൊറോട്ട ദഹിക്കാതെ കുളുകുളു പാടി. കുടലിനകത്തുകൂടി നീങ്ങിയ ഒരാരവം പുറത്തേക്ക് തെറിക്കാൻ തിടുക്കം കൂട്ടി. ചന്തികൾ ഇറുക്കിപ്പിടിച്ച് ആരവത്തിനെ ശ്വാസം മുട്ടിച്ചു കൊന്നു. ആരും അറിയാതെ ആരവത്തിന്റെ ഗന്ധം സ്വയം ആസ്വദിക്കുമ്പോൾ മറ്റുള്ളവർക്ക് അലോസരമുണ്ടാക്കി ദുർഗ്ഗന്ധം മുറിയിലാകെ ചിതറി.

“പോയൊന്ന് തൂറിട്ടു വാട ഹദ്രമാനെ. എന്തൊരു നാറ്റാടാ ഇത്? നിന്റെ അകത്തും പൊറത്തും ഇതേ നാറ്റാണോ?” മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് നിർദ്ദോഷമായ ഒരു ഫലിതമെന്നോണം മമ്മദ് പറഞ്ഞു.

മറ്റുള്ളവർ അറിയില്ലെന്ന മൂഢധാരണ കൂടു തുറന്ന് പുറത്തു വന്നതിൽ ഞാൻ ഖിന്നനായി. ചവ്ട്ടിത്തുള്ളി മുറിക്കു പുറത്തേക്കു കടന്നു.

അല്പം കോപത്തോടെ ടാങ്കർ ലോറി സ്റ്റാട്ടാക്കി. വിശാലമായ റോഡിലൂടെ നൂറ്റിപ്പത്തിൽ പാഞ്ഞു. നാലഞ്ചു തവണ സലീമിനെ വിളിച്ചു. സ്വിച്ചോഫ് തന്നെ മറുപടി.

രണ്ടു ടാങ്കുകൾ കൂടി ഇനിയും കാലിയാക്കേണ്ടതുണ്ട്. ഒന്നാമത്തെ ടാങ്കിനകത്തേക്ക് പൈപ്പുകൾ ഇറക്കുമ്പോൾ സലീമും പോക്കറിക്കയും അവരുടെ കുടുംബവും ദൈന്യതയോടെ സ്വൈര്യം കെടുത്തിക്കൊണ്ടിരുന്നു. മരണവീട്ടിലെ കാത്തിരിപ്പും ആകാംക്ഷകളും ജോലി ഒരു യാന്ത്രികമെന്നോണം തുടരാൻ ഇടയാക്കി. മോട്ടോർ പ്രവർത്തിക്കുന്നതിന്റെ തുരുമ്പിച്ച ശബ്ദങ്ങൾക്കിടയിലും മനസ്സ് പോക്കറിക്കയുടെ വീട്ടുമുറ്റത്തായിരുന്നു. ടങ്കർ നിറഞ്ഞത് അറിഞ്ഞില്ല.  പെട്ടെന്ന് മോട്ടോർ ഓഫ് ചെയ്യാൻ ടാങ്കറിനു പിന്നിലേക്ക് ഓടിച്ചെന്നു. ടാങ്കർ നിറഞ്ഞുകവിഞ്ഞ് മല-മൂത്ര-മാലിന്യ ലായനി തലയിലൂടെ ദേഹമാകെ പൊതിഞ്ഞ് തറയിലൂടെ ഒലിച്ചുകൊണ്ടിരുന്നു.