24/7/15

ചെരിപ്പ്‌


മരത്തിന്‍റെ നിറമുള്ള രണ്ടു ചെരിപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരിപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരിപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരിപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരിപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍ വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരിപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരിപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരിപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരിപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.


പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു,-മങ്ങി,-അറ്റുവീണു.-


എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരിപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരിപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരിപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണങ്ങളിലുള്ള റബര്‍ ചെരിപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരിപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരിപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരിപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരിപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരിപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരിപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരിപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരിപ്പിന്‌ സഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരിപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി ചെരിപ്പിന്‌ കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടൊ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരിപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരിപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണൊ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരിപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരിപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരിപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരിപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരിപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരിപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ ചത്തു.

പലരും ചെരിപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും ചെരിപ്പിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരിപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)

9/1/15

കൂത്തിച്ചി


                                                                                                                                                09/01/2015
പൊലീസ് അയാളെ അറസ്റ്റു ചെയ്തു. അയാളെ അറിയാവുന്നവർക്കെല്ലാം പൊലീസിന്റേത് തെറ്റായ
പ്രവൃത്തിയായി അനുഭവപ്പെട്ടു. അറുപത്തൊന്നു വയസ്സിനിടക്ക് അയാൾ ഗുരുതരമായ തെറ്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർക്കെല്ലാം നല്ല നിശ്ചയമാണ്‌. മക്കളേയും പേരമക്കളേയും കൂട്ടാതെ അയാളൊറ്റക്ക് ജീവിക്കാൻ തുടങ്ങിയത് ഒൻപതു വർഷം മുൻപ് ഭാര്യ മരിച്ചേപ്പിന്നെ. തികച്ചും ഒറ്റക്കാണെന്ന് പറഞ്ഞുകൂടാ. കൂടെ ട്വിറ്റിയും കൂട്ടിനുണ്ട്. ഇരുപത് കഴിഞ്ഞ സുന്ദരി പെൺകുട്ടി. ദാരിദ്ര്യം ട്വിറ്റിയെ അയാളുടെ സഹായിയായി നില്ക്കാൻ നിർബന്ധിച്ചു. സുരക്ഷിതമായ ഒരിടത്ത് അവൾ ജോലി ചെയ്യുന്നതിൽ ട്വിറ്റിയുടെ അപ്പനും അമ്മയും തൃപ്തരായിരുന്നു.

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന എമണ്ടൻ എസ്റ്റേറ്റിനകത്ത് ഒരു കൊച്ചു ടറസുവീട്, എല്ലാ സൗകര്യങ്ങളോടും കൂടി. ചുറ്റുവട്ടത്തൊന്നും ആളനക്കമില്ല.

അയാളുടെ ദിനചര്യകളിലെ സമയവും ക്രമവും കണിശമാണ്‌. രാവിലെ എഴുന്നേറ്റ് പറമ്പിലൂടെയുള്ള ഓട്ടം, അര മണിക്കൂർ. ഒരാഴ്ചകൊണ്ട് എസ്റ്റേറ്റ് ഒരുവട്ടം ഓടിത്തീർക്കും. ഓട്ടം കഴിഞ്ഞെത്തിയാൽ കട്ടൻചായ കുടിച്ചുള്ള അല്പസമയത്തെ വിശ്രമത്തിനിടയിൽ പത്രം വായന. കുളി കഴിഞ്ഞ് ട്വിറ്റി തയ്യാറാക്കുന്ന നാസ്ത. നാസ്തക്കിടയിൽ ആദ്യമൊക്കെ ട്വിറ്റിയുടെ തമാശകൾ പതിവായിരുന്നു. “നേരത്തെ ഉണരുന്നവർ കൂടുതൽ നുണയന്മാരാണെന്നാ പുതിയ കണ്ടുപിടുത്തം“ എന്ന ട്വിറ്റിയുടെ തമാശയാണ്‌ അവസാനത്തേത്. അന്നയാൾ സമനില തെറ്റിയവനെപ്പോലെ അടിക്കാനായി കൈയ്യുയർത്തി. കോപംകൊണ്ടു വിറച്ച അയാളെപ്പിന്നെ ട്വിറ്റി തമാശിച്ചിട്ടില്ല. പുറത്തു കാണാത്ത അയാളിലെ ഏതോ കള്ളത്തരമാണ്‌ കോപമെന്ന് ട്വിറ്റി വെറുതെ ഓർത്തു.

പൂക്കളുടേയും ഇലകളുടേയും മരങ്ങളുടേയും മണ്ണിന്റേയും സൗന്ദര്യം കൺകുളുർക്കെ കണ്ടുകൊണ്ടാണ്‌ ഓട്ടം. കയ്യിൽ കിട്ടുന്ന ഏതെങ്കിലും ഒരു പുവ്വിറുത്ത് മണപ്പിച്ച് അതിന്റെ ഭംഗി ആസ്വദിച്ച് പിന്നെപ്പിന്നെ അതിന്റെ ഇതളുകൾ ഓരോന്നായി പിഴുതുകളഞ്ഞ് അയാൾ ഓടിക്കൊണ്ടിരിക്കും. എണ്ണം പറഞ്ഞൊരു സൗന്ദര്യ ആരാധകൻ. ആസ്വാദനം കഴിഞ്ഞ് അതിനെ നശിപ്പിക്കുന്നതോടെ കൂടുതൽ സംതൃപ്തി നേടുന്നു. സകലതിന്റേയും ബാഹ്യസൗന്ദര്യം അയാളെ ഉന്മത്തനാക്കാറുണ്ടായിരുന്നു.

പെണ്ണുടലുകളിലെ ആകാരവടിവ് പ്രകടമാക്കുന്ന വസ്ത്രധാരണത്തെ അവരറിയാതെ അയാളാവോളം ആസ്വദിച്ചിരുന്നത് അയാൾക്കുമാത്രം അറിയാവുന്ന രഹസ്യമാക്കി സൂക്ഷിച്ചു. അതതു കാലങ്ങളിലെ ഭൂരിപക്ഷത്തിനനുകൂലമായ നിലപാടുകൾക്കൊപ്പം ചേർന്നു നിന്നതാണ്‌ നല്ല മനുഷ്യനെന്ന പട്ടികയിലേക്ക് അയാളെ ജനം കല്പിച്ചു വെച്ചത്. ജനകല്പനയുടെ സ്വാധീനം അയാൾക്കയാളുടെ മനസ്സിന്റെ മോഹങ്ങൾ നുകരാൻ വിശാലമായി തുറന്നു കിടന്നു. മങ്ങലേല്ക്കുന്ന കാഴ്ചകളെ എന്നും പുതുക്കിക്കൊണ്ട് പീഡനങ്ങളെ സഹിക്കേണ്ടിവരുന്ന ഒരു ന്യൂനപക്ഷത്തെ അയാൾ അനുകൂലിക്കുകയൊ പ്രതികൂലിക്കുകയൊ ചെയ്യാതെ മനസ്സിനെ സുഖിപ്പിച്ച് ജീവിച്ചുപോന്നു.

കൈകളിൽ വിലങ്ങണിയിച്ച് അയാളെ വീടിനു പുറത്തേക്കിറക്കി. അധികം മനുഷ്യസ്പർശമേല്ക്കാത്ത എസ്റ്റേറ്റിനകത്ത് ജനങ്ങൾ കാഴ്ചക്കാരായി, അത്ഭുതത്തിലേറെ അവിശ്വസനീയതയോടെ....ഒരിക്കലും വിശ്വസിക്കാൻ കഴിയാതെ കാഴ്ചക്കാരിൽ പൊലീസിനോടുള്ള സംശയം മുറുമുറുപ്പായി ‘ടപ്പേന്ന് ’ മനുഷ്യഗന്ധമേറ്റ മണ്ണിൽ പകച്ചുകിടന്നു.

നവീനതകളും കാഴ്ചകളും അടക്കിയാസ്വദിച്ചിരുന്ന അയാളുടെ ജീവിതചര്യകൾക്ക് പ്രത്യേകതകൾ എന്നു പറയാൻ കാര്യമായൊന്നുമില്ലായിരുന്നു. നാസ്തക്കു ശേഷം ജീപ്പെടുത്ത് അയാൾ മാർക്കറ്റിലേക്ക് തിരിക്കും. മുന്തിയയിനം മത്സ്യവുമായി തിരിച്ചെത്തും. ട്വിറ്റി അത് നന്നായി കറി വെച്ചുകൊടുക്കും. സ്ഥിരമായി ഒരേ മത്സ്യം തന്നെയാണ്‌ അയാൾ വാങ്ങുക. മടുക്കുമ്പോൾ മാത്രമാണ്‌ മറ്റൊന്നിലേക്കു തിരിയുക. മീൻ മടുക്കുമ്പോൾ ഇറച്ചി. പൂർണ്ണമായി മടുത്തു കഴിയുമ്പോൾ അതൊഴിവാക്കി പുതിയതൊന്നിലേക്ക് എന്നതാണ്‌ ഭക്ഷണ കാര്യത്തിലെ അയാളുടെ ശീലങ്ങൾ.

ട്വിറ്റി അയാൾക്കൊപ്പം ചേർന്നതില്പിന്നെ മൂന്നു മാസങ്ങൾക്കു ശേഷമാണ്‌ ഒരു ജോഡി വസ്ത്രങ്ങൾ അയാളവൾക്ക് വാങ്ങിക്കൊടുക്കുന്നത്. ജീൻസും ചുവന്ന ടീഷർട്ടും. അതുവരെ അവളുപയോഗിച്ചിരുന്നത് ചുരിദാറായിരുന്നു. പുതുമോഡൽ വസ്ത്രങ്ങൾ ധരിക്കാൻ എന്നും മോഹമായിരുന്നു ട്വിറ്റിക്ക്. ഒരാശങ്ക അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചിരുന്നു. എസ്റ്റേറ്റിനകത്ത് കാഴ്ചക്കാരില്ലെന്നത് ശങ്കയെ ദുരീകരിക്കാൻ മതിയായ സാഹചര്യമൊരുക്കി. പുതിയ വസ്ത്രം ധരിച്ചു കാണണമെന്ന അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ട്വിറ്റിക്ക് വൈമനസ്യമേതുമുണ്ടായില്ല.

അയാളവളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ എടുത്തു. ട്വിറ്റിക്കും സ്വയം അഭിമാനമൊക്കെ തോന്നി. കട്ടി കൂടിയ തൊലികൊണ്ട് പൊതിഞ്ഞതുപോലെ അവൾക്കവളുടെ ശരീരം സുരക്ഷിതത്വത്തോടെ ഇരിക്കുന്നതായി അനുഭവപ്പെട്ടു. അയാളിൽ പുതിയ ഭാവങ്ങളൊന്നും കാണാതിരുന്നത് അവളുടെ തോന്നലുകളെ ശരിവെച്ചു. അടക്കിപ്പിടിച്ച അയാളുടെ ആസ്വാദനം മുറപോലെ നടന്നു. സഹകരണത്തിനു പ്രതിഫലമെന്നോണം മനുഷ്യദൗർബല്യമായി പരിഗണിക്കപ്പെടുന്ന പണത്തെ പ്രത്യേക പാരിതോഷികമായി അവൾക്കു നൽകാനയാൾ മറന്നില്ല.

അയാളുടെ കാഴ്ചകളും പണത്തോടുള്ള ട്വിറ്റിയുടെ ദൗർബല്യവും ഇഴപിരിച്ചയാൾ മുന്നോട്ട് സഞ്ചരിച്ചു. കാണാത്തതും കേൾക്കാത്തതും കഴിച്ചിട്ടില്ലാത്തതുമായ മൃഗമാംസ ഭക്ഷണത്തിന്റെ രുചികളിലൂടെ ട്വിറ്റിയും സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഒരു കൊല്ലമൊ അതിനപ്പുറമൊ ഒക്കെ ഒന്നിന്റെ മാത്രം മാംസം ഭക്ഷണമാക്കുന്നതിൽ അയാൾ അതൃപ്തിയൊന്നും കാണിക്കാറില്ല. ഇട കലർത്തി വാങ്ങുന്നതാണ്‌ നല്ലതെന്ന ട്വിറ്റിയുടെ അഭിപ്രായത്തിനയാൾ വില കല്പിച്ചില്ല.

മോഹങ്ങളും പ്രതീക്ഷകളും അവയുടെ സാക്ഷാത്ക്കരണവുമായി എസ്റ്റേറ്റിനകത്ത് ഒരു പുതുലോകത്തിന്റെ സാദ്ധ്യതകൾ ചാരം മൂടി കിടന്നു. കൂടുവിട്ട് കൂടുമാറുന്ന ഭക്ഷണക്രമമെന്ന പോലെ ട്വിറ്റിക്ക് വാങ്ങിക്കൊണ്ടിരുന്ന ഡ്രസ്സുകളിലും പുതുശീലങ്ങളുടെ ഡിസൈനുകൾ ആവോളം പ്രതിഫലിച്ചിരുന്നു. ‘ലെഗിൻസ് ’ കഴിഞ്ഞ് ‘ബിക്കിനി’യും കടന്നപ്പോൾ ട്വിറ്റിയുടെ സാമ്പത്തിക നിലയിലും കാര്യമായ വ്യത്യാസം പ്രകടമായി. കാഴ്ചക്കാരുടെ ബാഹുല്യമേതുമില്ലാത്ത ലോകത്ത് അയാളുമവളും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ ആവോളം ആസ്വദിച്ചു, നിർദേശങ്ങൾ സ്വീകരിക്കാതേയും എതിർപ്പുകൾ ഏൽക്കാതേയും. ട്വിറ്റിയുടെ ശരീരത്തിൽ സ്പർശിക്കാതെയുള്ള അയാളുടെ ആസ്വാദനം അവളിൽ ദിനചര്യയായി വർത്തിച്ചു. കടുത്ത സമ്മർദങ്ങൾ കെട്ടുപിണഞ്ഞ് കുന്നുകൂടുന്നതിന്‌ ദർശനതൃപ്തി കാരണമാകുന്നുവെന്ന് അയാൾ അറിഞ്ഞിരുന്നില്ല.

ബിക്കിനിയിൽ കാണുന്ന ട്വിറ്റി എന്ന കാഴ്ചക്ക് മങ്ങലേറ്റു തുടങ്ങി. നാസ്ത കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു നാൾ അയാൾ അവളോട് പറഞ്ഞു...“നിന്റെ ബിക്കിനിയും ഒഴിവാക്കാൻ സമയമായി ട്വിറ്റി.” പെട്ടെന്ന് അതവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ഉൾക്കൊള്ളാൻ കഴിയാതെ വരുന്നത് ഇതാദ്യമായല്ല. ആദ്യമായി കേൾക്കുന്ന കാണുന്ന എല്ലാറ്റിനോടും ട്വിറ്റിയുടെ മനോഭാവം അതായിരുന്നു. പിന്നെ.. ആട്ടിയോടിച്ചാലും പടിയിറങ്ങാതെ ഒരു ശീലമായി കൂടെ തുടരും. ആഡംബരഭ്രമം വർദ്ധിപ്പിക്കുന്ന ത്വരയെ നേടാൻ, പണം വരുന്ന വഴികളുടെ ന്യായങ്ങൾ നോക്കാതെ കണ്ണടക്കും. കാഴ്ചക്കാരില്ലെന്നത്, തോന്നിയപോലെ നടക്കാനുള്ള പ്രേരണക്ക് ഹേതുവായി. നേടിയതുമായി പൊതുബോധത്തിനൊപ്പം ജീവിക്കാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുന്നുവെന്ന പരിഹരിക്കാനാകാത്ത വേദന സംഭവിക്കും. ഓർക്കുന്തോറും ട്വിറ്റി ആകെ കൺഫ്യൂഷനിലാകുന്നു.

സാദ്ധ്യമല്ലെന്നു പറഞ്ഞ് അയാളുടെ വാക്കുകളെ നിഷേധിക്കാൻ ട്വിറ്റിക്ക് കഴിയില്ല. സമൂഹത്തിൽ അവളെ നാറ്റിക്കാൻ അയാളെടുത്ത അവളുടെ ഫോട്ടോകൾ തന്നെ ഇപ്പോഴും ധാരാളമാണ്‌. സദാചാരക്കുടുക്കിൽ കുരുക്കാൻ ഫോട്ടോക്കുള്ള സ്ഥാനം വലുതായി തന്നെ തുടരുന്നു. അയാളൊരു മോശം മനുഷ്യനാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല.

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ജീൻസിലേക്ക് മാറിയതുപോലെ ബിക്കിനിയിലേക്കു മാറിയതുപോലെ അവൾ വിവസ്ത്രയായി മാറി. ടെറസ്സിനകത്ത് ട്വിറ്റി ജനിച്ചതുപോലെ ജീവിക്കാൻ തുടങ്ങി. ആദ്യ ദിവസം മാത്രമെ ഉൾക്കൊള്ളാനാകായ്‌ക ട്വിറ്റിയെ ബാധിച്ചുള്ളു. ക്രമേണ അയാളും വിവസ്ത്രനായി ആ വീടിനകത്ത് കഴിഞ്ഞു.

ജീപ്പിനകത്തൊരു കൊച്ചു ഫ്രീസറുമായാണ്‌ അന്നയാൾ മാർക്കറ്റിൽ നിന്നും തിരിച്ചെത്തിയത്. കാണാൻ മോശമല്ലാത്ത പതിനഞ്ചുകാരി ഇരുനിറവും അയാൾക്കൊപ്പം ജീപ്പിനകത്തുണ്ടായിരുന്നു. ചെല്ലുളിയില്ലാതെ കിടന്ന മുടികളും ശ്രദ്ധയില്ലാതെ ധരിച്ചിരുന്ന പിന്നിത്തുടങ്ങിയ വസ്ത്രങ്ങളും ജീപ്പിനകത്തെ പെൺകുട്ടിയുടെ സൗന്ദര്യത്തെ നിറം കെടുത്തിയിരുന്നു. അവളുടെ കണ്ണുകൾ ഭക്ഷണ ലഭ്യതയെ തേടിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടും.

അകത്തേക്കു നോക്കി അയാൾ ട്വിറ്റിയെ വിളിച്ചു. അര മാത്രം ടവലുകൊണ്ട് മറച്ച ട്വിറ്റിയെ കണ്ട പെൺകുട്ടി സംശയത്തോടെ അയാളുടെ മുഖത്തേക്കു നോക്കി. അയാൾ പെൺകുട്ടിക്കൊരു മന്ദഹാസം സമ്മാനിച്ച് ട്വിറ്റിയോടായി പറഞ്ഞു...“ഇവളെ അകത്തേക്ക് കൊണ്ടുപോ. തേച്ചു കഴുകി നന്നായി കുളുപ്പിക്ക്. എന്ന്ട്ടവളെ നല്ല ഡ്രസ്സ് ഇടുവിപ്പിക്ക്. വയറു നിറയെ ഭക്ഷണം കൊടുക്ക്. പാവം..വിശന്നുവലഞ്ഞ് നില്ക്കണെ കണ്ടപ്പൊ കൂടെ കൂട്ടിതാ. നിനക്കൊരു സഹായിയായി ഇവ്ടെ നിന്നോട്ടെ. കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ചാൽ അവളൊന്നാന്തരം തമിഴ് അഴകിയാകും.”

പരസഹായമില്ലാതെ ഇറക്കി വെക്കാവുന്ന ഫ്രീസർ അയാൾ ഉമ്മറത്ത് ഇറക്കി വെച്ചു. ജീപ്പെടുത്ത് വീണ്ടും പുറത്തേക്കിറങ്ങി.

തന്റെ സ്ഥാനം തെറുപ്പിക്കാൻ വന്ന ശത്രുവെന്ന വിചാരത്തോടെ ട്വിറ്റി പെൺകുട്ടിയെ അകത്തേക്കു കൂട്ടി. ചെറുതെങ്കിലും ആകൃതിയൊത്ത ട്വിറ്റിയുടെ മുലകളെ നോക്കിക്കൊണ്ടാണ്‌ പെൺകുട്ടി അകത്തേക്കു നടന്നത്.

ഉച്ചഭക്ഷണ സമയത്താണ്‌ പിന്നീടാ പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചത്. കറുപ്പുനിറം അല്പം മുന്നിട്ടു നില്ക്കുന്നുവെങ്കിലും സുന്ദരിയായിരിക്കുന്നു. കണ്ണുകളപ്പോഴും ട്വിറ്റിയുടെ മാറിടത്തിൽ കള്ളനോട്ടം നടത്തിക്കൊണ്ടിരുന്നു. പെൺകുട്ടിയുടെ വിശപ്പിന്‌ വ്യതിയാനം സംഭവിച്ചിരിക്കുന്നതായി അയാൾ മനസ്സിലാക്കി.

ഒരാഴ്ചകൊണ്ട് പെൺകുട്ടിയും ട്വിറ്റിയും വളരെ കൂട്ടായി. അവർ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ തുടങ്ങി. ആ വീടിനകത്ത് പെൺകുട്ടി മാത്രം വസ്ത്രം ധരിക്കുന്നതിനാൽ പെൺകുട്ടിക്കെന്തൊ അരുതായ്‌ക തോന്നാൻ തുടങ്ങി. അയാളോട് അതേക്കുറിച്ച് സൂചിപ്പിക്കാനും ശ്രമിച്ചു.

“താത്തേ...നാനും ഉങ്കളെപ്പോലെ തുണിയില്ലാമെ നടക്കട്ടുമാ”

“അത് മുടിയാത്. നീ സുന്ദരമാണ തമിഴ് അഴകി. അതപ്പടി ഇരിക്കട്ടും.”

പെൺകുട്ടിയുടെ മോഹം അതോടെ അവസാനിച്ചു. ഒന്നുരണ്ടാഴ്ചകൊണ്ട് അയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു.

ട്വിറ്റിക്ക് ഒരാഴ്ചയെങ്കിലും സ്വന്തം വീട്ടിൽ നിൽക്കാനുള്ള സാഹചര്യം ഒരുങ്ങിയതിൽ പെൺകുട്ടിയോടു നന്ദി തോന്നി. ഒരുപാടു മുന്നേ സഞ്ചരിക്കുന്ന ജീവിതത്തിൽ നിന്ന് വളരെ താഴോട്ടിറങ്ങിയാണ്‌ ട്വിറ്റി വീട്ടിലേക്കു നടന്നത്. ജീൻസും ടി ഷർട്ടുമായിരുന്നു വേഷം. എന്നിട്ടും ട്വിറ്റിയെ വഴിക്കണ്ണുകൾ നോക്കുകുത്തിയാക്കി. അതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അപ്പോഴേക്കും മറന്നു തുടങ്ങിയിരുന്നു. അപ്പനും അമ്മയും വസ്ത്രത്തെ എതിർത്തപ്പോൾ വിഡ്ഡിച്ചിരി ചിരിച്ച് ആശ്വസിക്കാൻ ശ്രമിച്ചു. നിലവിലെ സദാചാര മൂല്യങ്ങളെ ഖണ്ഡിക്കാൻ തുനിയുമ്പോഴാണ്‌ ഒറ്റപ്പെടലുകൾ സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ തുടങ്ങി. വ്യക്തമായ നിശ്ചയങ്ങളോടെ മുന്നോട്ട് ജീവിക്കുന്നത് പ്രയാസങ്ങൾക്ക് വഴിവെക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച ജീവിതം ആശ്വാസം സമ്മാനിക്കുമെന്നും ട്വിറ്റിയെ തോന്നിപ്പിച്ചു.

ഒരാഴ്ചക്കുശേഷം എസ്റ്റേറ്റിൽ തിരിച്ചെത്തിയത് സാരി ധരിച്ചായയിരുന്നു. എസ്റ്റേറ്റിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ തന്റെ ശരീരത്തെ എന്തൊക്കെയൊ അനാവശ്യ വസ്തുക്കളാൽ പൊതിയപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. ജീപ്പിന്റെ കുറവ് അയാൾ പുറത്തുപോയിരിക്കുമെന്ന അറിവ് നൽകി. ചാവിയെടുത്ത് വീടു തുറക്കുമ്പോൾ പെൺകുട്ടി പുറത്ത് പോയിരിക്കും എന്ന സംശയം പിടികൂടി. അവളെ പറഞ്ഞുവിട്ടിരിക്കാം എന്ന് പിന്നെ ആശ്വസിച്ചു. വസ്ത്രം അഴിച്ചു കളഞ്ഞപ്പോൾ വല്ലാത്തൊരു സുഖം. ആ സുഖത്തിനിടയിലും തമിഴത്തി പെൺകുട്ടിയുടെ അസാന്നിധ്യം എന്തുകൊണ്ടാണെന്നതിന്റെ കാരണം തേടുകയായിരുന്നു മനസ്സപ്പോഴും.

മുറിക്കകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രീസർ ശ്രദ്ധയില്പെട്ടു. താൻ വീട്ടിലേക്കു പോകുന്ന സമയത്തുപോലും വരാന്തയിൽ അലക്ഷ്യമായിട്ടിരുന്ന ഫ്രീസർ മുറിക്കകത്ത് സൂക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് സംശയം ജനിച്ചു. ഫ്രീസറിന്റെ വെളുത്ത പ്രതലത്തിലൂടെ മെല്ലെ കൈവിരലുകളോടിച്ചു. പുറം നന്നായി തണുത്തിരിക്കുന്നു, ചെറിയൊരു മൂളിച്ചയും. വെറുതെ ഇരിക്കുകയല്ല. വർക്ക് ചെയ്യുന്നുണ്ട്. ഇതിനകത്ത് എന്താണാവൊ അയാൾ വാങ്ങിവെച്ചിട്ടുണ്ടാകുക? അകം തുറന്നു കാണാനുള്ള ജിജ്ഞാസ ട്വിറ്റിയിൽ വന്നുകൂടി.

ഫ്രീസർ പൂട്ടിയിട്ടില്ലെന്നത് ആശ്വാസമായി. പതിയെ ഫ്രീസറിന്റെ ഹാന്റിലിൽ പിടിച്ച് ഉയർത്തി. കട്ടകുത്തി തണുത്തുവെളുത്ത പുക മുഖത്തേക്കടിച്ചു. ഫ്രീസറിന്റെ അകം ശൂന്യമെന്ന് തോന്നിപ്പിച്ചു. അല്പനിമിഷത്തെ ശൂന്യത അകന്നു. ഫ്രീസറിന്റെ അകം പതിയെ അനാവരണം ചെയ്യാൻ തുടങ്ങി. പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തണുത്തു വെറുങ്ങലിച്ച മാംസക്കഷ്ണങ്ങൾ പതിയെ ദൃശ്യമായിക്കൊണ്ടിരുന്നു.

പെട്ടെന്നു തല ചുറ്റുന്നതുപോലെ തോന്നി. ഫ്രീസറിൽ പിടിച്ച് താഴെ ഇരുന്നു. സമനില വീണ്ടെടുത്ത ട്വിറ്റി ഭയവിഹ്വലതയോടെ അവളുടെ മുറിയിലേക്കോടി. അഴിച്ചു മാറ്റിയിട്ട സാരിയും ബ്ലൗസും വലിച്ചുവാരി ചുറ്റി. പരിഭ്രമവും ഭയവും അവളുടെ ബുദ്ധി നശിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ തിടുക്കപ്പെട്ട് പുരക്കകത്ത് ഭ്രാന്തിയെപ്പോലെ ഓടിനടന്നു. എവിടെ തിരിഞ്ഞാലും അവിടെല്ലാം ഭയത്തിന്റെ നിഴലുകൾ പിന്തുടരാൻ തുടങ്ങി. ഉണങ്ങിപ്പിടിച്ച ചോരക്കീറുകൾ കണ്മുന്നിൽ വേടനൃത്തം ചെയ്തു.

ചെറുഭാഗങ്ങളാക്കിയ പെൺകുട്ടിയുടെ ശരീരം പ്ലാസ്റ്റിക്ക് കവറിനകത്ത് മരവിച്ചിരുന്നു....

മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! കണ്ണിൽ ഒരൊറ്റ കാഴ്ച മാത്രം! വിറക്കുന്ന കരങ്ങളോടെ വളരെ പണിപ്പെട്ട് തപ്പിപ്പിടിച്ചാണ്‌ മൊബൈൽ എടുത്തത്. പലവട്ടം ട്രൈ ചെയ്തപ്പോൾ അപ്പനെ കിട്ടി. കണ്ണീരോടെ കിതപ്പോടെ ഒറ്റ ശ്വാസത്തിന്‌ അവിടത്തെ ഭീകരാവസ്ഥ പറഞ്ഞുതീർത്ത് ട്വിറ്റി നിന്നു കിതച്ചു. ഉടനെ പൊലീസുമായി എത്തണമെന്ന് അപേക്ഷിക്കുമ്പോഴും മനസ്സ് ഭയത്തിൽ നിന്ന് ഒട്ടും മുക്തമായില്ല.

ഇനിയും എന്തുചെയ്യണമെന്ന് രൂപമില്ലാതെ പരിഭ്രമിക്കുമ്പോഴും അയാളുടെ വാക്കുകൾ ട്വിറ്റിക്കോർമ്മിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“നിന്റെ മുലകൾ കാണുമ്പോൾ കടിച്ചു തിന്നാനാണെനിക്കു തോന്നുന്നത്. അതെങ്ങിനെയാ..ഇത്തിരിയെങ്കിലും കഴമ്പ് വേണ്ടെ ശരീരത്തിൽ? നിയീ ഭക്ഷണം കഴിക്കുന്നതൊക്കെ എങ്ങോട്ടാ പോകുന്നത്? ഇനിയെങ്കിലും ഭക്ഷണം കഴിച്ച് ശരീരം നന്നാക്കാൻ നോക്ക്.”

“ഈയിടെയായി അച്ചായന്റെ തമാശകൾ ഇച്ചിരീശ്ശെ കൂടുന്നുണ്ട്.” അന്ന് പറഞ്ഞൊഴിഞ്ഞതോർക്കുന്നു.

അയാളിതുവരെ മൊഴിഞ്ഞിരുന്ന ഓരോ വാക്കുകൾക്കു പിന്നിലും ആഴത്തിലുള്ള നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നു ട്വിറ്റി. ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ലെന്ന വിശ്വാസത്തിൽ വാതിൽ കടന്ന് പുറത്തേക്കിറങ്ങി. മുറ്റത്ത് ബ്രേക്കിട്ട ജീപ്പിൽനിന്നും അയാളിറങ്ങി. വളരെ പ്രയാസപ്പെട്ടാണ്‌ മുഖത്തെ പരിഭ്രമവും വിറയലും അടക്കിനിർത്താൻ ട്വിറ്റി ശ്രമിച്ചുകൊണ്ടിരുന്നത്. അവളെല്ലാം മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞെങ്കിലും ഭാവഭേദമില്ലാതെ ചിരിച്ചുനിന്നു. ഫ്രീസർ ലോക്കു ചെയ്യാൻ മറന്നതിൽ സ്വയം പിറുപിറുത്തു.

“ഒരാഴ്ച വീട്ടിൽ പോയി നിന്നപ്പോഴേക്കും നീ സാരിയിലേക്കു തന്നെ തിരിച്ചു പോയൊ?”

“ഇപ്പഴെത്തിയതെ ഉള്ളു. ആരേം കാണാതായപ്പൊ പുറത്ത് വന്നു നോക്കിയതാ.”

ഉം..അകത്തുപോയി സാരിയൊക്കെ മാറ്റി ഒരു ചായ ഇട്ടോണ്ട് വാ വേഗം.“

രണ്ടുപേരും അകത്തേക്ക് കയറുമ്പോൾ ട്വിറ്റിയുടെ മനസ്സ് പിടയ്ക്കുകയായിരുന്നു, ഇനിയെന്താകണമെന്ന ചിന്തയിൽ അയാളും.

ചായയുമായി വന്നപ്പോൾ അയാൾ ചോദിച്ചു. ”നിയെന്താ സാരി മാറാത്തത്?“ ട്വിറ്റി സ്വന്തം ശരീരത്തിലേക്ക് നോക്കി. ശരിയാണല്ലൊ. താനത് മറന്നിരിക്കുന്നു. തിരിച്ചുപോയി സാരി മാറ്റി. പഴയതുപോലെ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ ഇപ്പോഴാകുന്നില്ലെന്നത് വല്ലാതെ കുഴച്ചു. വേണ്ടായ്കയോടെ അയാൾക്കുമുന്നിൽ മടിച്ചുനിന്നു. രക്ഷാമാർഗ്ഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടൊ എന്നവൾ പുറത്തേക്കു നോക്കി

”എന്താ പെണ്ണിനൊരു പുതിയ നാണം? ഒരാഴ്ചകൊണ്ട് നീ ആളാകെ മാറിയല്ലൊ?“ അയാൾ എഴുന്നേറ്റുചെന്ന് ട്വിറ്റിയുടെ തോളിൽ കൈവെച്ചു. അവളെ അയാൾ ആദ്യമായി സ്പർശിക്കുകയായിരുന്നു.

തന്റെ തോളിൽ ശവം വന്നുവീണ അറപ്പോടേയും വെറുപ്പോടേയും അവജ്ഞയോടേയും ഭയപ്പെട്ടു. ഒന്നും പുറത്തു കാണിക്കാതെ ദൈവത്തെ പ്രാർത്ഥിച്ചു.

“ഇന്ന് നമുക്കൊരുമിച്ച് ബാത്തുറൂമിൽ കയറി ഒന്നു കുളിക്കാം.” അയാളങ്ങിനെ ഒരാവശ്യം ഉന്നയിച്ചത് ട്വിറ്റിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. ഓരോ നിമിഷവും യുഗങ്ങൾ പോലെ നീളം വെക്കുന്നതായി അനുഭവപ്പെടാൻ തുടങ്ങി. അയാളുടെ സാന്നിധ്യം ട്വിറ്റിയെ കൂടുതൽ തളർത്തിക്കൊണ്ടിരുന്നു.

ട്വിറ്റി മുൻപിലും അയാൾ പുറകിലുമായി ബാത്ത് റൂമിലേക്ക് കയറി. അകത്ത് കടന്ന ഉടനെ തിരിഞ്ഞോടാൻ ശ്രമിച്ച ട്വിറ്റിയെ അയാൾ തടഞ്ഞു. പിന്നിൽ നിന്ന് കുളിമുറിയുടെ കുറ്റിയിട്ടു. കരയാൻ ശ്രമിച്ച ട്വിറ്റിയുടെ വായ് പൊത്തിപ്പിടിച്ചു.

കുളിമുറിക്കകത്തു പ്രവേശിച്ച ട്വിറ്റിക്ക് കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടപ്പോഴാണ്‌ ഒച്ചയിട്ട് അലറാൻ തയ്യറെടുത്തത്. അയാൾ മാസ്ക്കിങ്ങ് ടാപ്പുകൊണ്ട് അവളുടെ വായ് മൂടി. ചെറുതായൊന്ന് ചെറുത്തു നില്ക്കാൻപോലും ശക്തി നഷ്ടപ്പെട്ട ട്വിറ്റിയുടെ കൈകൾ പിന്നിലേക്ക് പിടിച്ച് ബന്ധിച്ചു. കാലുകൾ കൂടി കൂട്ടിക്കെട്ടിയപ്പോൾ അനങ്ങാൻ വയ്യാതായി.

കുളിമുറിക്കകത്ത് ആറടി നീളത്തിൽ ഒരു ബഞ്ച് തറയിൽ ഉറപ്പിച്ചു വെച്ചിരുന്നു. തല ബഞ്ചിനു പുറത്തേക്കു നില്ക്കത്തക്ക വിധത്തിൽ ട്വിറ്റിയെ ബഞ്ചിൽ കിടത്തി ബന്ധിച്ചു. നഗ്നതയെക്കുറിച്ചോർക്കാൻ അപ്പോൾ ട്വിറ്റിക്ക് കഴിഞ്ഞിരുന്നില്ല. ഭയം അത്രമേൽ അവളെ ദുബ്ബലയാക്കിക്കൊണ്ടിരുന്നു. തലമാത്രം ബഞ്ചുവിട്ട് അല്പം താഴേക്ക് ചരിഞ്ഞു കിടന്നിരുന്നു. ആശ്രയമില്ലാതാകുമ്പോൾ പൊട്ടിയടരുന്ന ലാവ കണ്ണിൽ നിന്ന് തറയിലേക്ക് ഉരുകിയിറങ്ങിക്കൊണ്ടിരുന്നു. കൊരക്കിലെ മുഴ താഴേക്കും മുകളിലേക്കും തിടുക്കപ്പെട്ടു.

അയാൾ ചുമരലമാര തുറന്ന് തിളങ്ങുന്ന കത്തിയെടുത്തു. ട്വിറ്റിയ്ക്ക് ശ്വാസം നിലച്ചതുപോലെ.. ആരാച്ചാരുടെ ചൂര്‌ ആഗിരണം ചെയ്ത് അറവുശാല പുളകിതമാകുന്നത് നരമാംസഭോജികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായും, അവർക്കിടയിൽ തൃപ്തിയുടെ താല്ക്കാലിക പുതുമ പടരുന്നതായും അവളിൽ തെളിഞ്ഞു. അടക്കിപ്പിടിക്കലുകൾക്കവസാനം പിറവി കൊള്ളുന്നത് മൗനങ്ങളാകുന്ന നെറികെട്ട ദുഷ്ടതകളാണല്ലൊ എന്നവൾ തേങ്ങി.

പൊലീസ് അയാളെ വരാന്തയിൽ നിന്നിറക്കി ജീപ്പിനടുത്തേക്ക് നയിച്ചു. പറമ്പിനകത്തെ ജനങ്ങളുടെ മുറുമുറുപ്പ് വലിയ ആരവങ്ങളായി മുദ്രാവാക്യങ്ങളായി മുഴങ്ങിത്തുടങ്ങി. കണ്ണീരുണങ്ങിയ പാടുകൾക്കു പുറത്ത് ആശ്വാസകണങ്ങളുടെ നീരുറവയുമായി തകർന്നുനിന്ന ട്വിറ്റിയേയും പോലീസ് ജീപ്പിനകത്തേക്ക് കയറ്റി.

“പൊലീസ് നീതി പാലിക്കുക. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക. അച്ചായനെ വിട്ടു തരിക.” ജനങ്ങൾ കൂടുതൽ ബഹളം വെക്കാൻ തുടങ്ങുന്നതിനു മുൻപ് പൊലീസ്‌ജീപ്പ് മുന്നോട്ടു നീങ്ങി.

ജീപ്പിനു പിറകെ ഓടിക്കൊണ്ടിരുന്ന ജനക്കൂട്ടം ട്വിറ്റിയെ കണ്ട് കൂടുതൽ പ്രകോപിതരാകാനും കല്ലെറിയാനും തെറി വിളിക്കാനും തുടങ്ങി. “കൂത്തിച്ചി...മനുഷ്യരെ ഇക്കിളിയാക്കുന്ന തുണിയും ചുറ്റി വയസന്മാരെ പറ്റിച്ച് പണം പിടുങ്ങി ജീവിച്ചോള്‌... വൃദ്ധരെ അനാശാസ്യത്തിൽ കുടുക്കുന്ന അറുവാണിച്ചി. നിനക്കുമില്ലേടി പ്രായമായ അപ്പൻ...”