20/3/13

പാഠം ഒന്ന്....നാടൻ പശു.

                                                                                                                  20-03-2013


പശു നമുക്ക് ചാണകവും മൂത്രവും തരുന്നു. അതുപയോഗിക്കാഞ്ഞാല്‍ പ്രകൃതി കരയും. എന്തിനാണ് പ്രകൃതി കരയുന്നത്? നമ്മള്‍ നന്നായി ജീവിക്കണമെന്ന് പ്രകൃതി ആഗ്രഹിക്കുന്നു.
------------------------------------------
 മാധവേട്ടൻ മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതേ ഉള്ളു. മരിച്ചു എന്നു പറയുന്നത് ശരിയല്ല. ആത്മഹത്യ ചെയ്തയാൾക്ക് ജീവനൊടുക്കി എന്നതാണ്‌ ഭംഗിയായ വാക്ക്. ജീവനൊടുക്കി എന്നതും ഒരർത്ഥത്തിൽ തെറ്റാണ്‌. കടം കയറി ആത്മഹത്യചെയ്യുമ്പോൾ അത് കൊലപാതകമാണ്‌.

ഇവിടെ ആത്മഹത്യപോലും അല്ലെന്നാണ്‌ വാദം. ഹാർട്ടറ്റാക്ക് ആണത്രെ! കീടനാശിനി കഴിച്ച് വാഴക്കൂട്ടത്തിൽ കിടന്ന് പിടഞ്ഞുപിടഞ്ഞ് ചാവുന്നത് ഞാൻ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു. പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ വിഷം ഉള്ളിൽ ചെന്നാണ്‌ മരിച്ചതെന്ന് കണ്ടെത്തിയിട്ടും നാടു ഭരിക്കുന്നവർക്കാണ്‌ ഹാർട്ടറ്റാക്കാക്കാൻ ധൃതി. ജീവൻ പോകുമ്പോഴുള്ള പരാക്രമംകൊണ്ട് ഇളകിക്കിടന്ന വാഴത്തോട്ടത്തിലെ മണ്ണ്‌ കൈകൊണ്ടും കാലുകൊണ്ടും മാന്തിപ്പരത്തിയിരിക്കുന്നത് കണ്ടാൽ ഏതു കണ്ണുപൊട്ടനും പോസ്റ്റുമാർട്ടത്തിന്റെ റിസൾട്ടൊന്നും ആവശ്യമില്ല മാധവേട്ടൻ വെഷം കഴിച്ചതാണെന്ന് മനസ്സിലാക്കാൻ.

മാധവേട്ടന്റെ മരണം കൂടുതൽ നഷ്ടം വരുത്തിയത് എനിക്കാണ്. രണ്ടാഴ്ചകൊണ്ട് എല്ലും തോലുമായി. ഭയവും പെരുകി. മൂന്നു കൂട്ടരാണ്‌ ഇതിനിടയിൽ എന്നെ കാണാന്‍ വന്നുപോയത്. നാടൻ പശുവിനെ അവർക്കാർക്കും പോതിച്ചില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. ഓരോ തവണയും യന്ത്രം വെച്ച് ലിറ്റർ കണക്കിന്‌ പാലൂറ്റിയെടുത്ത് പാൽ സൊസൈറ്റിയിൽ കൊണ്ടുപോകുന്നവർക്ക് അള്ളിപ്പിടിച്ച അമ്‌ടുള്ള എന്നെ പിടിക്ക്യോ?

മാധവേട്ടന്റെ മോനാണ്‌ എന്നെ വിറ്റൊഴിവാക്കാൻ തിടുക്കം. മാധവേട്ടന്റെ ഭാര്യക്കാണെങ്കിൽ എന്നെ വിറ്റു കിട്ടുന്ന കാശുകൊണ്ട് അത്രയെങ്കിലും കടം വീട്ടാലോ എന്ന ആശ്വാസമുണ്ടെങ്കിലും രണ്ടു മനസ്സാണ്. ഇത്രേം കഷ്ടപ്പെട്ട് പോറ്റിയിട്ട് ഒരു കുപ്പി പാലെങ്കിലും കിട്ടാതെ എന്തിനാ ഈ ഭാരം സഹിക്കുന്നതെന്നാ മോന്റെ ചോദ്യം. കൂടുതൽ പണം മാത്രം മതിയല്ലോ ഈ മനുഷ്യന്മാർക്ക് !

‘ദൈവമേ..കൊമ്പൻ മീശക്കാരൻ..കശാപ്പുകാരനാണല്ലോ’ ഇന്നേതായാലും എന്നെ കൊണ്ടുപോയതു തന്നെ. കണ്ണീ ചോരയില്ലാത്ത ഒരു മോനായിപ്പോയല്ലോ മാധവേട്ടനു പിറന്നത്?

എന്റെ പൂര്‍വ്വികര്‍ക്ക് നിങ്ങളൊക്കെ കൊടുത്തിരുന്നതുപോലെ പരുത്തിക്കുരുവും കപ്പലണ്ടിപ്പിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും തവ്ടും ഒന്നും എനിക്ക് തരണ്ട. എന്തെങ്കിലും പച്ചപ്പ് കാരിത്തിന്ന് ഞാനിവിടെ കഴിഞ്ഞോളാം. അല്ലെങ്കിൽ കശാപ്പുകാർക്കല്ലാതെ മറ്റാർക്കെങ്കിലും കൊടുക്ക്. ഞാൻ മനസ്സിൽ വിചാരിക്കുന്നത് മനുഷ്യർക്കെങ്ങനെ മനസ്സിലാവാനാ അല്ലേ?

മാധവേട്ടനായിരുന്നെങ്കിൽ ഞാൻ മനസ്സിൽ വിചാരിക്കുന്നതിനു മുൻപ് എല്ലാം മനസ്സിലാക്കും. എത്ര സ്നേഹമായിരുന്നു എന്നോട്. മാധവേട്ടൻ ഒന്നും കഴിച്ചില്ലെങ്കിലും എന്നെ കുളുപ്പിച്ച് വയറു നിറപ്പിച്ച് നെറ്റിയിൽ തടവുമ്പോൾ ഞാനഹങ്കരിച്ചിരുന്നു. തഴമ്പ് പടർന്ന കൈകൾകൊണ്ട് മുതുകിൽ തലോടുമ്പോൾ തീറ്റ കിട്ടിയില്ലെങ്കിലും വിശപ്പോ ക്ഷീണമോ തോന്നാറില്ലായിരുന്നു. പാലിനു വേണ്ടിയായിരുന്നില്ല മാധവേട്ടന്‍ എനിക്ക് തീറ്റ തന്നിരുന്നത്. ‘എന്താ എന്നെ കറന്ന് പാലെടുക്കാത്തത്’ എന്ന് ഞാൻ പരിഭവപ്പെടുന്നത് മനസ്സിലാക്കിയാണ്‌ ചായയ്ക്കു വേണ്ടിയെങ്കിലും അല്പം കറന്നെടുത്തിരുന്നത്. ബാക്കിയൊക്കെ എന്റെ മൂരിക്കുട്ടൻ കുടിച്ചു തീർക്കും.

വക്കോലും പുല്ലും വെള്ളവും തന്ന് പിന്നെന്തിനാ മാധവേട്ടൻ എന്നെ പൊന്നുപോലെ നോക്കിയതെന്ന് ആദ്യമൊക്കെ സംശയം ഇല്ലാതിരുന്നില്ല. ചെറിയ കൃഷിയിടത്തിലേക്കാവശ്യമായ വളം, എന്റെ ചാണകവും മൂത്രവുമാണെന്ന്‍ ക്രമേണ ഞാൻ മനസ്സിലാക്കി. മറ്റുള്ളവരൊക്കെ രാസവളം ഉപയോഗിച്ച് കൂടുതൽ വിളവെടുപ്പ് നടത്തുമ്പോഴും മാധവേട്ടൻ അതൊന്നും ഗൗനിച്ചില്ല, അവർക്കു പിന്നലെ പോയില്ല. അതുകൊണ്ടെന്താ...മാധവേട്ടന്റെ പറമ്പിലെ മണ്ണ്‌ ഇപ്പോഴും നല്ല ഇളക്കമുള്ളത് തന്നെ. തലമുറകളായി തുടർന്നുപോന്ന രീതി തുടർന്നു എന്നല്ലാതെ മാധവേട്ടന്‌ മറ്റൊന്നും അറിയില്ലായിരുന്നു. പുതിയ വളപ്രയോഗത്തിൽ അത്രകണ്ട് വിശ്വാസം തോന്നിയില്ലെങ്കിലും വർദ്ധിക്കുന്ന ലാഭത്തിന്റെ തോത് പ്രലോഭനത്തിന്‌ ചിലപ്പോഴൊക്കെ കാരണമായിട്ടുണ്ട്. എന്നിരുന്നാലും എന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു പരിഷ്ക്കാരത്തിന്‌ മാധവേട്ടൻ കൂട്ടാക്കിയില്ല.

പണത്തോടുള്ള ആർത്തി പെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യർ കൂടുതൽ ലാഭത്തിനായി പുതിയ രാസവളങ്ങളും കീടനാശിനികളും വിത്തുകളും വാങ്ങി പണം മുഴുവൻ വല്ലവനും കൊടുത്തു തുലച്ചു. പണ്ട് കൃഷി ചെയ്യാൻ പണം ആവശ്യമില്ലായിരുന്നെന്നും ഇന്ന് വളരെ കൂടുതാലായി എന്നും പരിഭവിക്കുന്നവർ, അന്ന് ഇതൊന്നും വാങ്ങാതെ കൃഷി ചെയ്തിരുന്നത് എങ്ങിനെയെന്ന് ആലോചിക്കാത്തതെന്താ? ഈ മനുഷ്യന്മാരുടെ കാര്യം പറഞ്ഞാ പൊട്ടന്മാര്‌ തന്നെ.

പുതിയ പരിഷ്ക്കാരങ്ങൾക്കിടയിൽക്കിടന്ന് മാധവേട്ടൻ നട്ടം തിരിഞ്ഞു. വേണമോ വേണ്ടയോ എന്ന വിഷമവൃത്തത്തില്‍ പെട്ട് വട്ടംചുറ്റി. പരമ്പരാഗത കൃഷിരീതി കൈവിടാതിരുന്ന എന്നാൽ പുതിയ ചിലതെല്ലാം സ്വീകരിച്ചും തുടർന്നിരുന്നതിനാൽ മറ്റുള്ളവരെപ്പോലെ അമ്പേ കൈവിട്ടു പോയിരുന്നില്ല മാധവേട്ടന്റെ കൃഷിയിടം. എങ്കിലും മണ്ണും വെള്ളവും വായുവും മലിനപ്പെട്ടിരുന്നു.

"സുഭാഷ് പലേക്കറുരുടെ* സീറോ ബജറ്റ് കൃഷിരീതിയെക്കുറിച്ച് മോള് കേട്ട്ട്ട്ണ്ടോ" ഒരുദിവസം കാലിത്തീറ്റ കലക്കിയ വെള്ളം തരുന്നതിനിടയില്‍ തൊഴുത്തില്‍വെച്ച് മാധവേട്ടന്‍ എന്റെ അകത്താടിയില്‍ തടവിക്കൊണ്ട് ചോദിച്ചു. പിന്നെ ഒരു കഥപോലെ എല്ലാം പറഞ്ഞു തന്നീട്ടേ മാധവേട്ടന്‍ എഴുന്നേറ്റു പോയുള്ളു.

എന്റെ ചാണകവും മൂത്രവും ഉപയോഗിച്ചിരുന്നത് മാധവേട്ടന് പ്രത്യേകിച്ചെന്തെങ്കിലും അറിയാമായിരുന്നതുകൊണ്ടാല്ല. അത്രയൊന്നും മാധവേട്ടന്‌ അറിയില്ലല്ലോ. കയ്യും കാലും മേലുമൊക്കെ അല്പം ചാണകം നാറിയാലും അവിടെ വളരുന്ന കായ്കനികൾ ഭക്ഷിക്കുന്നതുകൊണ്ട് മറ്റൊരു അസുഖവും വരില്ലെന്ന ദൃഢവിശ്വാസംകൊണ്ടായിരുന്നു.

പലേക്കറുടെ മാതൃകയെക്കുറിച്ച് അറിഞ്ഞതിനു ശേഷമാണ് ചാണകത്തിലും മൂത്രത്തിലും മധുരമുള്ള ശർക്കര ചേർത്ത് മാധവേട്ടൻ ഉപയോഗിക്കാൻ തുടങ്ങിയത്. കാട്ടിൽ വളരുന്ന വൃക്ഷങ്ങൾക്കു ചുവടെ ലഭിച്ചിരുന്ന പക്ഷിമൃഗാതികളുടെ വിസർജ്യവസ്തുക്കൾക്കു പകരമാണത്രെ നാടൻ പശുവിന്റെ ചാണകവും മൂത്രവും. കീടനാശിനികളും രാസവളവും ഉപയോഗിച്ചതുമൂലം നഷ്ടപ്പെട്ട മിത്ര കീടങ്ങളും സൂക്ഷ്മാണുക്കളും വളരാനായി, വൃക്ഷങ്ങളുടെ വേരുകൾ നല്‍കിയിരുന്ന ഭക്ഷണത്തിനു പകരമാണ്‌ ശർക്കരയോ മധുരമുള്ള മറ്റു വസ്തുക്കളോ ചേർക്കുന്നതെന്ന്.

പലേക്കർ കണ്ടുപിടിച്ച ഒരു പിടി കാര്യങ്ങളുണ്ട് ഇനിയും. ഞങ്ങൾക്കും അഭിമാനമാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ. ഇന്ത്യയിലെ നാടൻ പശുക്കളുടെ ചാണകത്തിൽ മാത്രമാണ്‌ ഈ രാജ്യത്തിന്റെ പച്ചപ്പ് മെച്ചപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുള്ളതെന്നും, നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ മുന്നൂറു മുതൽ അഞ്ഞൂറു കോടി വരെ സൂക്ഷ്മാണു ജീവികളുണ്ടെന്നും, നാടൻ പശു ഒരു ദിവസം നല്‍കുന്ന പതിനൊന്നു കിലോ ചാണകം കൊണ്ട് മുപ്പത് ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്നും നിരവധി പരീക്ഷണങ്ങൾ നടത്തി പ്രയോഗിച്ച് തീർപ്പു കല്പിച്ചു എന്നറിയുമ്പോൾ ഏതു പശുവിനാണ്‌ അഭിമാനിക്കാൻ കഴിയാതിരിക്കുക?

പക്ഷെ പലേക്കർ ഉണ്ടാക്കുന്ന മിശ്രിതത്തിന് കണ്ടുപിച്ചിരിക്കുന്ന പേര്‌ ‘ജീവാമൃതം’ എന്നാണ്. ജീവാമൃതത്തിന്‌ നല്ല മണമാണത്രെ. അതുകൊണ്ട് പതിനഞ്ച് അടി താഴെ വരെ എത്തുന്ന മണം നാടൻ മണ്ണിരകളെ ഭൂമിയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു വരുമെന്ന്. മണ്ണിര കമ്പോസ്റ്റിൽ വളരുന്ന മണ്ണിര ചവറാണ്‌ ഭക്ഷിക്കുന്നതെന്നും മണ്ണ്‌ തിന്നുന്ന നാടൻ മണ്ണിര ഉണ്ടായാൽ മാത്രമേ മണ്ണിനെ ഉഴുതുമറിച്ച് മാർദ്ദവമുള്ളതാക്കു എന്നും പറയുന്നു.

ഞാനെന്തിനാ വെറുതെ ഇതിനെക്കുറിച്ചൊക്കെ ഓര്‍ക്കുന്നേ. മനുഷ്യന്മാരായി അവരുടെ പാടായി. പ്രകൃതി വികൃതമാകുന്നത് കാണുമ്പോൾ ഓർക്കാതിരിക്കുന്നത് എങ്ങനെയാണ്‌? മനുഷ്യർ നശിപ്പിച്ചില്ലെങ്കിൽ തനിയെ വളർന്ന് കായ്കനികൾ നൽകുന്ന കാട്ടിലെ മരങ്ങളുടേയും നാട്ടിലെ പൂളി മാവ് പ്ലാവ് നെല്ലി എന്നിവയുടേയും അതേ രീതിയിലാണ്‌ മറ്റ് ചെടികളും വളരുന്നതെന്നാണ്‌ പാലേക്കർ പറഞ്ഞതെന്ന് മാധവേട്ടൻ  പറയുകയുണ്ടായി. പ്രകൃതിയിൽ അതിനനുഗുണമായ സംവിധാനം ഉണ്ടത്രെ. മരങ്ങൾക്ക് വളരാൻ ആവശ്യമായ എല്ലാ പോഷകങ്ങളും മണ്ണിലുണ്ട്. ഒരു സസ്യം വളരാൻ ആവശ്യമായ മൂലകങ്ങളുടെ ഒന്നര ശതമാനം മാത്രമേ മണ്ണിൽ നിന്ന് എടുക്കുന്നുള്ളുവെന്നും ബാക്കിയുള്ള തൊണ്ണൂറ്റിയെട്ടര ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും വെള്ളത്തിൽ നിന്നുമാണത്രെ അവ സ്വീകരിക്കുന്നത്. ഞാനിങ്ങനെയൊക്കെ മനസ്സിലാക്കുന്നുവെന്ന് മനുഷ്യരെങ്ങാനും അറിഞ്ഞാൽ മതി എനിക്ക് പ്രാന്താന്നും പറഞ്ഞ് ഓടിച്ചിട്ട് തല്ലിക്കൊല്ലാൻ. മനുഷ്യർക്ക് ഞങ്ങടെ ചിന്തകൾ അറിയാൻ വഴിയൊന്നുമിത്തത് ഭാഗ്യം.

മണ്ണിനെ സ്നേഹിച്ചിരുന്ന മാധവേട്ടനെ ഇത്തവണത്തെ കാലവർഷമാണ്‌ ചതിച്ചത്. ചിലർക്ക് അങ്ങിനെയാണ്‌., ചെറിയ കാരണം മതി വലിയ മന:പ്രയാസത്തിന്. പ്രതീക്ഷിച്ച വരുമാനത്തെ കാലവർഷം തകർത്തെറിഞ്ഞപ്പോൾ കടത്തേക്കാൾ മാധവേട്ടനെ പ്രയാസപ്പെടുത്തിയത് ബാങ്കുകാരായിരുന്നു. കടക്കെണിയിലകപ്പെടുന്ന കർഷകന്റെ വിധി അങ്ങിനെയാണ്‌ മാധവേട്ടനേയും പിടികൂടിയത്.

കശപ്പുകാരൻ എന്റെ വില ഉറപ്പിച്ചിരുന്നു. ഈ ജന്തുവിനെ എങ്ങിനെയെങ്കിലും ഒന്നൊഴിവാക്കണം എന്നതുകൊണ്ടാണ്‌ കിട്ടിയ വിലയ്ക്ക് നിങ്ങൾക്ക് തരുന്നതെന്ന് മാധവേട്ടന്റെ മോന്‍ പണം എണ്ണി വാങ്ങിക്കൊണ്ട് പറഞ്ഞു. ഇന്നത്തെ വിലയ്ക്ക് ഇതിന്റെ ഇരട്ടിയെങ്കിലും പണം കിട്ടേണ്ടതാണ്‌.

തമിഴ്നാട്ടിൽ നിന്നെത്തിയ ചടച്ച് ചാവാറായ മൂരികൾക്കും പോത്തുകൾക്കുമിടയ്ക്ക് എന്റെ ഒരു രാത്രി ആരംഭിക്കുന്നു. ആരംഭിക്കുന്നു എന്നല്ലാതെ ഈ രാത്രിയെങ്കിലും പൂർണ്ണമാകുമോ എന്നുപോലും ഉറപ്പില്ലാതെ...ഒറ്റക്കാഴ്ചയിൽ പശുവെന്നോ മൂരിയെന്നോ അറിയാൻ കഴിയാതെ ചളി പുരണ്ട ഒരുവക കോലമാണ്‌ എല്ലാത്തിന്റേതും. ശൂരത്വം ഉടച്ചു കളഞ്ഞെങ്കിലും മരണത്തിനു മുൻപ് ഒരിക്കലെങ്കിലും പശുവിന്റെ പുറത്ത് കയറാമെന്ന മിഥ്യാബോധം കൊണ്ടായിരുന്നു കൂട്ടത്തിനിടയിലെ ചിലരെങ്കിലും മൂട് മണപ്പിച്ച് എന്റെ പുറകെ കൂടിയത്.

ഏതാണ്ട് പാതിരാത്രി കഴിഞ്ഞിരിക്കണം. വിശന്നിട്ടാണെങ്കിൽ വയ്യ,നല്ല ദാഹവും. കുളമ്പുകൾക്കിടയിൽ പറ്റിക്കൂടിയ ചുങ്ങിയ ചാണകം കൊണ്ടുള്ള ചവിട്ടിക്കുഴച്ചിലിൽ ഞെരിഞ്ഞുപിരിഞ്ഞ നാലഞ്ച് വക്കോലിഴകൾ ആർത്തിയോടെ മണത്തപ്പോൾ ഓക്കാനം വന്നു. ആരാച്ചാരന്മാരുടെ മുഖഭാവത്തോടെ ഗുണ്ടകളുടെ കൂസലില്ലായ്മയോടെ കഴുത്തിൽ സ്വർണ്ണത്തിന്റെ മണിമാലകളിട്ട രണ്ടുപേർ കൂട്ടത്തിൽ നിന്ന് ഒരു മൂരിയെ പിടിച്ചുകൊണ്ടു പോകുമ്പോൾ എന്റെ വിശപ്പും ദാഹവും കെട്ടടങ്ങി.

അല്പം മാറി മറപോലെ തോന്നിക്കുന്ന മുറിക്കകത്തെ കുറ്റിയിൽ അതിനെ കെട്ടിയിട്ടു. തുറന്നിട്ട മുറിയായതിനാൽ ഞങ്ങൾക്കെല്ലാം കാണാം. ഒരു മണിമാലക്കാരൻ അതിന്റെ രണ്ടു കണ്ണുകളും മറയത്തക്ക വിധത്തിൽ ചോര പറ്റിയ ഒരു കഷ്ണം തുണികൊണ്ട് നെറ്റിയിലൂടെ വട്ടത്തിൽ കെട്ടി. മൂരിക്കിപ്പോൾ ആരേയും കാണാൻ പറ്റില്ല. തറയിൽ ചുമരിനോടു ചാരി വെച്ചിരുന്ന അഞ്ചു കിലോ തൂക്കം വരുന്ന പിടി നീളം കൂടിയ കൂടമെടുത്ത് മറ്റൊരു മണിമാലക്കാരൻ ഏനം നോക്കി. കൃത്യം...രണ്ടു കൊമ്പുകൾക്കും നടുവിലായി കണ്ണുകൾക്കു മുകളിലായി നെറ്റിയിൽ കൂടം കൊണ്ട് ആഞ്ഞടിച്ചു. അടി കൊണ്ടതും സർവ്വവും തളർന്ന് താഴെ വീണതും ക്ഷണ നേരം കൊണ്ട്. പെട്ടെന്നു തന്നെ മറ്റൊരുവൻ മൂർച്ചയുള്ള കത്തികൊണ്ട് പൊള്ളക്കുരക്ക് മുറിച്ചു. രക്തം വരാതായപ്പോൾ കത്തിയുടെ മുനകൊണ്ട് ഞരമ്പ് തിടുക്കത്തിൽ കുത്തിപ്പൊട്ടിച്ചു. രക്തം പുറത്തേക്ക് ശക്തിയോടെ ചീറ്റി. പിൻകാലുകളിൽ ശക്തിയറ്റ ചെറിയൊരു പിടച്ചിൽ.

കൊലക്കത്തിക്കിരയാകാൻ വിധിക്കപ്പെട്ട ഞാൻ എന്റെ ഊഴവും കാത്ത് മരണമുഹൂർത്തത്തിനു മുൻപുള്ള ക്രൂരക്കാഴ്ചകൾ സഹിച്ച് ദാഹവും വിശപ്പും നഷ്ടപ്പെട്ട് മിണ്ടാനാകാതെ......
------------------------------------------------


സുഭാഷ് പലേക്കർ : സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ്ങിന്റെ ഉപജ്ഞാതാവും പ്രചാരകനും. കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയാല്‍ ആ ലേഖനത്തില്‍ നിന്നു ലഭിക്കും.


"ചാണകം കൊണ്ടൊരു ജീവാമൃതം" എന്നൊരു ലേഖനം കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്നത് ധാരാളം പേര്‍ വായിച്ചു എന്നതിനേക്കാള്‍ വളരെയധികം ചര്‍ച്ചകള്‍ ഈ വിഷയത്തെക്കുറിച്ച് നടക്കുന്നു എന്നതാണ്. വായിക്കാത്തവരുണ്ടെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പോയി വായിച്ചിരിക്കേണ്ടതാണ്. കര്‍ഷകര്‍ മാത്രം വായിക്കേണ്ട ഒന്നല്ല ഇത്. മണ്ണിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണെന്ന്‍ എനിക്ക് തോന്നുന്നു. കട്ടിയായ വാക്കുകളുപയോഗിക്കാതെ കഥപോലെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നത് ഈ വിഷയം സര്‍വ്വരും അറിഞ്ഞിരിക്കണം എന്ന ലേഖകന്റെ (പി.ടി. മുഹമ്മദ് സാദിഖ്‌) ചിന്ത വായനയെ കൂടുതല്‍ ആകര്‍ഷിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. കഥ വായിച്ചില്ലെങ്കിലും ലേഖനം വായിക്കാതിരിക്കരുത്.