13/5/10

ഭ്രൂണം

03-05-2010
അമ്മയുടെ പേര് നിങ്ങള്‍ക്കറിയില്ലല്ലൊ...
സുമംഗലഭായി.
നല്ല പേര്‌ അല്ലെ? പേര്‌ പോലെ തന്നെ സുന്ദരിയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ നിറയെ കാമുകന്‍മാരായിരുന്നു. പക്ഷെ അമ്മയ്ക്കാരേയും ബോധിച്ചില്ല. എല്ലാം വെള്ളമൊലിപ്പിച്ച്‌ പിന്നാലെ നടന്നത്‌ മെച്ചം.

പഠിപ്പ്‌ അവസാനിക്കുന്നതിന്‌ മുന്‍പ്‌ അച്ഛന്‍ അമ്മയെ കെട്ടി. അച്ഛനും സുന്ദരനാണ്. ബിസ്സിനനുകാരന്. വിവാഹക്കമ്പോളത്തിലെ ഡിമാന്‍റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ ബിസ്സിനസ്സുകാരന്‍ എന്ന്‌ പറയുന്നത്. ഒരു തുക്കട തുണിക്കട നടത്തുന്ന ആള്‍ എങ്ങിനെയാണ്‌ ബിസ്സിനസ്സുകാരന്‍ ആകുന്നത്‌.? എന്തായാലും അച്ഛന്‍റെ ബിസ്സിനസ്സില്‍ അമ്മേടെ കുടുംബം കുടുങ്ങി എന്ന്‌ പറയുന്നതാവും ശരി. ദോഷം പറയരുതല്ലൊ, അമ്മേടെ വരവോടെ അച്ഛന്‌ വെച്ചടി വെച്ചടി കേറ്റമായിരുന്നു.

അമ്മ പക്ഷെ അന്നൊക്കെ നിരാശയിലായിരുന്നു. വര്‍ഷം ഒമ്പത്‌ കഴിഞ്ഞിട്ടും സന്താനഭാഗ്യം ഉണ്ടായില്ല. വീട്ടുകാരെല്ലാവരും അമ്മയെ കുരുത്തം കെട്ടവള്‍ എന്ന്‌ പറഞ്ഞ്‌ നടന്നു. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ കഴിയാതെ അച്ഛന്‍റെ അമ്മ പഴി പറഞ്ഞ്‌ ശണ്ഠ കൂട്ടി. അച്ഛനും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളൊക്കെ നിരങ്ങി ഉരുളി കമഴ്ത്തി. ഫലം കാണാതെ രണ്ട്‌ വര്‍ഷം മുന്‍പ്‌ അമ്പലം തെണ്ടല്‍ നിര്‍ത്തി. പകരം ഡോക്ടര്‍മാരെ തിരക്കിയിറങ്ങി. സര്‍വ്വ ടെസ്റ്റ്‌ നടത്തിയിട്ടും രണ്ട്‌ പേര്‍ക്കും ഒരു കുഴപ്പവും ഇല്ലത്രെ..! ഊണും ഉറക്കവും ഇല്ലാതെ എല്ലും തോലും ആയി അമ്മ. അച്ഛന്‌ അത്രക്ക്‌ പ്രയാസം ഉണ്ടെന്ന്‌ തോന്നിയില്ല.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ അമ്മ ഗര്‍ഭിണിയായി. അതിരില്ലാത്ത ആഹ്ളാദത്തോടെ അമ്മയും അഭിമാനത്തോടെ തലയുയര്‍ത്തി അച്ഛനും ശണ്ഠക്ക്‌ പകരം സ്നേഹം പൊതിഞ്ഞ്‌ അമ്മൂമ്മയും. ആകെക്കൂടി സന്തോഷമയം.

പ്രശ്നം ഇതൊന്നുമല്ല. എനിക്കപ്പോള്‍ നാല്‌ മാസം മാത്രമെ വളര്‍ച്ച എത്തിയിട്ടുള്ളു. ഞാനപ്പോഴും സുമംഗലഭായിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന കൈയ്യും കാലും ഒതുക്കിവെച്ച്‌ അടങ്ങിക്കിടക്കുന്ന പകുതി വളര്‍ച്ച മാത്രമായിട്ടുള്ള മനുഷ്യക്കുഞ്ഞായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടയില്‍ സുമംഗലഭായി പടിഞ്ഞാമ്പുറത്തെ ചാച്ചിറക്കിലിരുന്ന്‌ പെണ്‍സഭകളില്‍ വിളമ്പിയ കാര്യങ്ങളായതുകൊണ്ടാണ്‌ എനിക്കിതൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രം സുരക്ഷിതമായ ഒരിടമായി തോന്നുന്നു. എല്ലാം മറ്റുള്ളവര്‍ ചെയ്തോളും. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജ്ജമെല്ലാം പൊക്കിള്‍കൊടിവഴി എനിക്ക്‌.; മൂത്രമൊഴിക്കണ്ട, കക്കൂസില്‍ പോകണ്ട, പല്ല്‌ തേക്കണ്ട, കുളിക്കണ്ട, തുണി മാറണ്ട. അങ്ങിനെ എല്ലാം കൊണ്ടും പരമസുഖം. വളഞ്ഞുകൂടി ഒരേ കിടപ്പാണെങ്കിലും ഒരു മടുപ്പും ഇല്ലായിരുന്നു. എന്നെ തട്ടാതേയും മുട്ടാതേയും കൊണ്ടുനടക്കാന്‍ എന്ത്‌ സന്തോഷമായിരുന്നു പാവം അമ്മയ്ക്ക്. അമ്മയെ പ്രയാസപ്പെടുത്താതെ ഞാനും അടങ്ങിക്കിടക്കുമായിരുന്നുട്ടോ.

എന്‍റെ ചലനങ്ങള്‍ കേള്‍ക്കാന്‍ അച്ഛന്‍ അമ്മയുടെ വയററില്‍ ചെവി ചേര്‍ക്കുമ്പോള്‍ ഞാനനങ്ങാതെ കിടക്കും. അല്ലെങ്കില്‍ തന്നെ എനിക്കപ്പോള്‍ വലിയ അനക്കമൊന്നും ആയിട്ടില്ല.

കൊച്ചുകുട്ടികള്‍ അമ്മയുടെ വയറ്റില്‍ തടവി സന്തോഷിപ്പിക്കുന്നത്‌ കാണുമ്പോള്‍ എനിക്ക്‌ ദേഷ്യം വരും. അമ്മയെ ആരെങ്കിലും തൊടുന്നത്‌ എനിക്കിഷ്ടമല്ല. അമ്മ എന്‍റെ മാത്രമാണ്‌., അങ്ങിനെയിപ്പൊ ആരും തൊടണ്ട. ഈ വിവരം എങ്ങിനെ അറിയിക്കും? എല്ലാം ഉള്ളിലൊതുക്കി. പുറത്തെ വിവരങ്ങളൊക്കെ എനിക്കറിയാന്‍ കഴിയുന്നു എന്ന്‌ അമ്മക്കറിയില്ലല്ലൊ.

രണ്ട്‌ പേരും കൂടി ടീവി കാണുമ്പോഴാണ്‌ പൊതു വിവരങ്ങള്‍ ലഭിക്കുന്നത്. അമേരിക്കയും, റഷ്യയും, ഗള്‍ഫും, മന്‍മോഹന്‍സിങ്ങും, അച്ചുതാനന്ദനും ഒക്കെ എനിക്കറിയാം. അമ്മ തനിച്ച്‌ ടീവി കാണുമ്പോള്‍ കാമ്പില്ലാത്ത കുറേ സീരിയലും കാണാം. അമ്മ പത്രം വായിക്കാത്തതുകൊണ്ട്‌ അച്ഛന്‍ അമ്മയോട്‌ പറയുന്നത്‌ കേട്ട്‌ വേണം അങ്ങിനെയുള്ള വിവരങ്ങള്‍ അറിയാന്‍.

വളരേ നേരത്തെ മുതല്‍ ഞാന്‍ ആണൊ പെണ്ണൊ എന്നറിയാന്‍ അമ്മയ്ക്കാണ്‌ തിടുക്കം. സ്കാന്‍ ചെയ്താല്‍ അറിയാമെന്ന്‌ അമ്മ. ഏഴ്‌ മാസം ഗര്‍ഭിണിയായിരുന്ന വടക്കേലെ സറീനയെ സ്കാന്‍ ചെയ്ത്‌ പറഞ്ഞത്‌ പെണ്ണായിരുന്നെന്നും പ്രസവിച്ചപ്പോള്‍ ആണായി പോയതും പറഞ്ഞ്‌ അച്ഛന്‍ കളിയാക്കി. ഞാനിപ്പൊ ആണായാലും പെണ്ണായാലും അമ്മയ്ക്കെന്താ? ഇതാ ചിലപ്പോഴൊക്കെ എനിക്ക്‌ ദേഷ്യം വരുന്നത്‌.

പെണ്ണായാല്‍ മറ്റുള്ളവര്‍ എന്ത്‌ പറയും എന്നാണ്‌ അമ്മയുടെ ഏറ്റവും വലിയ ആധി. പിന്നെ പെണ്ണുങ്ങളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന ഓരോരൊ കഥകള്‍ , പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കാന്‍ സ്വര്‍ണ്ണം ഉണ്ടാക്കേണ്ടത്.......അങ്ങിനെ പോകുന്നു.

കുട്ടികളില്ലെങ്കില്‍ ഉണ്ടാവത്തതിന്‍റെ വിഷമങ്ങള്‍ . പഴി പറച്ചിലും, കുത്തുവാക്കുകളും, കളിയാക്കലും, അമ്പലവും, പള്ളിയും, ആശുപത്രിയും, ഡോക്ടറുമായി അങ്ങിനെ. അഥവാ ഉണ്ടായാലോ..ആഴ്ച ചെക്കപ്പ്‌, മാസചെക്കപ്പ്‌, സ്ക്കാന്‍, ടെസ്റ്റ്‌, കുഞ്ഞിന്‍റെ കുത്തിവെയ്പ്‌, പാല്‌, പോഷകാഹാരം, സ്ക്കൂള്‍, ഉന്നതപഠനം, കല്യാണം ഇങ്ങിനേയും. മനുഷ്യരുടെ ഓരോരു കാര്യങ്ങളേ. എ‍ങ്ങിനെ ചിരി വരാതിരിക്കും..?

അഞ്ച്‌ മാസം ആയപ്പോഴേക്കും എനിക്ക്‌ പുറത്ത്‌ വരണമെന്ന്‌ തോന്നിത്തുടങ്ങി. മറ്റു കുട്ടികളുടെ ചിരിയും കളിയും മൊബൈല്‍ തമാശകളും ഒക്കെ കാണുമ്പോള്‍ ഈ കിടപ്പ്‌ അത്ര സുഖമല്ലെന്ന തോന്നല്‍ വന്ന്‌ തുടങ്ങി. ഒതുങ്ങിക്കൂടിയുള്ള ഒളിച്ചിരിപ്പ്‌ ആദ്യമൊക്കെ രസമായിരുന്നു. പക്ഷെ പുറത്തെ കാഴ്ചകളാണ്‌ മധുരം. ഇനിയും എത്ര നാള്‍ ഇവിടെ ഒതുങ്ങിക്കൂടേണ്ടി വരുമെന്നറിയില്ല. പുതിയതോരോന്ന്‌ കാണുമ്പോഴും ഇപ്പൊ വേണം എന്ന തോന്നല്‍ ശക്തമായി തുടങ്ങി.

അമ്മയോടുള്ള സ്നേഹം കൊണ്ട്‌ ഇത്രനാളും അടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അത്യാവശ്യം അനങ്ങാനും മറിയാനും ശ്രമിക്കുന്നുണ്ട്. പണ്ടത്തെ കാലമൊന്നും അല്ലല്ലൊ. പണ്ടായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള ഭ്രൂണങ്ങളെ വയറ്റിലിട്ട്‌ അലക്കലും തേക്കലും കുളിക്കലും എന്തിനേറെ വാര്‍ക്കപ്പണിവരെ ചെയ്യുന്ന അമ്മമാരായിരുന്നു. അന്ന്‌ പെറാന്‍ മാത്രമായിരുന്നു അമ്മമാര്‍ക്ക്‌ ഒഴിവ്‌ കിട്ടിയിരുന്നത്. ഇന്ന്‌ അണ്ഡത്തില്‍ ബീജം പ്രവേശിക്കുമ്പോള്‍ മുതല്‍ റെസ്റ്റാണ്. അപ്പോപ്പിന്നെ ഞങ്ങള്‍ അനങ്ങേം മറിയേം ചെയ്താല്‍ ഒരു തെറ്റുമില്ല.

ഒരീസം തെക്കേലെ ടോണിച്ചേട്ടന്‍ നെറ്റിലൂടെ എന്തോ വേണ്ടാത്തതൊക്കെ കാണുകയോ ചെയ്യുകയോ ചെയ്തെന്നും പറഞ്ഞ്‌ നെറയെ പോലീസ്‌ വന്നു. ടോണിച്ചേട്ടന്‍റെ അമ്മ കരയേം മൂക്ക്‌ പിഴിയേം എല്ലാം ചെയ്തീട്ടും പൊലീസ്‌ കുലുങ്ങിയില്ല. അവര്‌ ചേട്ടനേം കൊണ്ടുപോയി. ഈ വേണ്ടാത്തത്‌ എന്തെന്ന്‌ എനിക്കൊരു പിടിയും കിട്ടുന്നില്ല. എന്തായാലും രസമുള്ളതായിരിക്കും. അല്ലെങ്കില്‍ ഇത്ര കുഴപ്പം വരാവുന്ന കാര്യം കാണിക്കില്ലല്ലൊ. അതെങ്ങിനാ ഒന്ന്‌ അറിയാന്‍ പററ്വാ. കൊറേ പിള്ളേര്‌ നെറ്റില്‍ വേണ്ടാത്തതാണ്‌ കണുന്നതെന്ന്‌ അമ്മ പറഞ്ഞ്‌ ഞാനും കേട്ടിട്ടുണ്ട്. എന്തായാലും അതൊന്നറിഞ്ഞിട്ട്‌ തന്നെ കാര്യം. അതിനെങ്ങിനെയാ? എനിക്ക്‌ ദേഷ്യം വന്നാല്‍ ഞാന്‍ അമ്മേടെ വയറ്‌ ചവുട്ടിപ്പൊളിച്ച്‌ പുറത്ത്‌ ചാടും. ഇനീം മൂന്ന്‌ മാസം കഴിഞ്ഞ്‌ പുറത്ത്‌ കടക്കുമ്പോഴേക്കും ഈ വേണ്ടാത്തതൊക്കെ വേണ്ടതായാലോ....അപ്പൊ ഒരു രസോം ഇണ്ടാവില്ല. എനിക്കിപ്പൊത്തന്നെ കാണണം.

ഞങ്ങടെ നാട്ടിലെ വെല്യേ ആശുപത്രീല്‌ അമ്മേനെ കൊണ്ടോയി. ബ്ളെയിഡ്‌ കമ്പനീന്ന എല്ലാരും വിളിക്കണേ. കാല്‌ തല്ലിപ്പൊട്ടിയാലും മല-മൂത്ര-രക്ത ടെസ്റ്റുകള്‍ കൂടാതെ എക്സ്രെ-സ്ക്കാന്‍ അടക്കം മിനിമം അഞ്ച്‌ ടെസ്റ്റ്‌ നടത്താതെ മരുന്ന്‌ കുറിക്കാന്‍ പാടില്ലെന്നാണ്‌ അവിടത്തെ നിയമം. എല്ലാം ഒരു സ്ഥലത്ത്‌ നടത്താം എന്നതിനാല്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ലാത്ത എല്ലാരും ആ ആശുപത്രിയെ നല്ല ആശുപത്രീന്നു പറയും. ഞാന്‍ ആണൊ പെണ്ണൊ എന്നറിയാനാണ്‌ അമ്മയെ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട്‌ സ്കാന്‍ മാത്രം മതി.

ഒരു നേഴ്സ്‌ വന്ന്‌ അമ്മയെ ഇത്തിരിക്കോളം പോന്ന മേശപ്പുറത്ത്‌ കിടത്തി സാരി അടിവയറിനു താഴെ വരെ ഇറക്കിവെച്ചു. തണുപ്പ്‌ കൊണ്ട്‌ എനിക്ക്‌ വരെ കുളിര്‌ വന്നു. ഉടനെ ഞാനെന്‍റെ വര്‍ഗ്ഗം തെളിയിക്കുന്ന ഭാഗം പൊത്തിപ്പിടിച്ച്‌ ഡോക്ടറെ പറ്റിക്കാന്‍ നോക്കി. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ എല്ലാം കഴിഞ്ഞു.

ഞാന്‍ ആണ്‍കുട്ടിയാണെന്ന്‌ ഡോക്ടറുടെ സര്‍ട്ടിഫിക്കററ്. അച്ഛന്‌ സന്തോഷം, അമ്മക്ക്‌ അതിലേറെ. എല്ലാം ശുഭം.

വീട്ടുപടിക്കല്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ പിള്ളേരൊക്കെ മുറ്റത്ത്‌ ക്രിക്കറ്റ്‌ കളിക്കുന്നു. വയറ്‌ പൊട്ടിച്ച്‌ ചാടണമെന്ന ആഗ്രഹം കൂടിക്കൂടി വന്നു. അമ്മയിപ്പോള്‍ എളിയില്‍ കൈകുത്തിയാണ്‌ നടപ്പ്. അതിനര്‍ത്ഥം ഏതാണ്ടൊക്കെ ആയിത്തുടങ്ങി എന്നാണ്. എന്നാലും ഇനിയും രണ്ട്‌ മാസം ബാക്കി കിടക്കയാണ്. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കാവില്ല. പെട്ടെന്ന്‌ പെട്ടെന്നാണ്‌ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍ എനിക്കും അത്തരം മാറ്റങ്ങള്‍ സ്വാഭാവികമല്ലെ? ഇതൊക്കെ ആരോട്‌ എങ്ങിനെയാ ഒന്ന്‌ ഞാന്‍ ചോദിയ്ക്കാ. പണ്ടത്തെ കൂട്ടുകുടുംബം ആയിരുന്നെങ്കില്‍ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടേയും അമ്മാവന്‍റെയും വെല്ലിച്ഛന്റേം ഒക്കെ അഭിപ്രായം അറിയാമായിരുന്നു. ഒറ്റയ്ക്ക്‌ ഒരു തീരുമാനം എടുക്കുക എന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ല. ഇപ്പൊ അതാണൊ സ്ഥിതി? എനിക്കിനി തീരെ കാത്തിരിക്കാന്‍ വയ്യ.

അച്ഛന്‍ ടീവി ഓണാക്കിയപ്പോള്‍ അമ്മയും അടുത്ത്‌ ചെന്നിരുന്നു. വാര്‍ത്തകള്‍ വായിക്കുകയാണ്‌ ഒരു സുന്ദരിക്കോത.
"എണ്‍പതില്‍ പരം രാജ്യങ്ങളിലെ ആയിരക്കണക്കിന്‌ ശാസ്ത്രജ്ഞര്‍ ഫ്രാന്‍സ്‌-ന്യൂസിലാന്‍റ്‌ അതിര്‍ത്തിയിലെ കടലിനടിയില്‍ അന്‍പത്‌ മുതല്‍ നൂറ്റിഎഴുപത്തഞ്ച്‌ മീറ്റര്‍ വരെ താഴ്ചയില്‍ ഇരുപത്തിഏഴ്‌ കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന വായുശൂന്യമായ ഉപകരണത്തില്‍ കണികാപരീക്ഷണം തകൃതിയായി നടത്തുന്നു. പ്രപഞ്ചസൃഷ്ടിക്ക്‌ ശാസ്ത്രലോകം കണ്ടെത്തിയ കാരണമെന്ന്‌ കരുതുന്ന മഹാവിസ്പോടനം നടന്ന്‌ ഏതാനും മൈക്രോ സെക്കന്‍റുകള്‍ക്കുള്ളിലുള്ള പ്രപഞ്ചാവസ്ഥ സൃഷ്ടിച്ച്‌ കണികാരഹസ്യം കണ്ടുപിടിക്കുക എന്ന മഹാസംഭവം ആണ്‌ പരീക്ഷിക്കപ്പെടുന്നത്. പരീക്ഷണം പരാജയപ്പെട്ടാല്‍ ലോകം നശിക്കുമെന്ന്‌ വിമര്‍ശനം ഉയര്‍ന്ന്‌ കഴിഞ്ഞു. പരീക്ഷണം കൊണ്ട്‌ ഭൂമിയില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിക്കുമെന്നും ഭൂമിയുടെ നിലനില്‍പ്‌ തന്നെ അപകടത്തിലാക്കുമെന്നും പറയപ്പെടുന്നു."

അമ്മയ്ക്ക്‌ ഒന്നും മനസ്സിലായില്ല എഴുന്നേറ്റ്‌ പോയി കട്ടിലില്‍ കിടന്നു.
എനിക്കാകെ പരവേശം തുടങ്ങി. ഇനി ഞാനെന്ത്‌ ചെയ്യും? ഇവന്‍മാരുടെ ഒക്കെ പരീക്ഷണം കൊണ്ട്‌ ലോകം നശിച്ചാലോ? ഞാനീ വയറ്റിനകത്തെ വഴുവഴുപ്പില്‍ ഒടുങ്ങും. ഒരു ദിവസം പോലും ഒന്നും കാണാനാകാതെ നശിക്കും.

അമ്മയുടെ വേദനയും അച്ഛന്‍റെ വിഷമവും എല്ലാം എനിക്കന്യമായി. എന്‍റേതു മാത്രമായ ഒരു ലോകത്തേക്ക്‌ ചുരുങ്ങി. നഷ്ടപ്പെടലുകളെക്കുറിച്ച്‌ ചിന്തിക്കാനാകാതെ കൈകാലിട്ടട്ച്ച്‌ ബഹളം കൂട്ടി.

അമ്മയുടെ നിലവിളി കേട്ട്‌ അച്ഛന്‍ ഓടിവന്നു. സുമംഗലഭായി വേദന കൊണ്ട്‌ പുളുകയാണ്. അച്ഛന്‌ കാര്യം മനസ്സിലായില്ല. എന്‍റെ ശക്തമായ പിടച്ചിലാണ്‌ വേദനക്ക്‌ കാരണം. വയറു പൊത്തിപ്പിടിച്ച്‌ ഞെരിപിരികൊള്ളുന്നത്‌ കണ്ടു നില്‍ക്കാനാകാതെ അച്ഛന്‍ തളര്‍ന്നു. പ്രസവിക്കാന്‍ രണ്ട്‌ മാസവും കൂടി ബാക്കിയിരിക്കെ പെട്ടെന്നുണ്ടായ വേദന എല്ലാവരിലും ആശങ്കയുണര്‍ത്തി. ആരു ശ്രമിച്ചിട്ടും സമാധാനിപ്പിക്കാനാകാതെ പിടയുന്ന അമ്മയെ ഉടനെ ആശുപത്രിയിലെത്തിച്ചു.

ബോധരഹിതയായിരുന്ന സുമംഗലഭായിയുടെ അനങ്ങിക്കൊണ്ടിരുന്ന വയറ്‌ കണ്ട്‌ ആശുപത്രി അധികൃതരിലും ഭയം കടന്നുകൂടിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഉടനെ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക്‌ കയറ്റി. എന്നിലും ഭയം കടന്നുകൂടി. ഓപ്പറേഷന്‍ നടക്കുമ്പോള്‍ കണക്ക്‌ തെറ്റി ബ്ളെയിഡ്‌ താഴ്ന്നാല്‍ ശരീരം മുറിയുമെന്ന ഭയം. എല്ലാ ശക്തിയും സംഭരിച്ച്‌ ഞാന്‍ പുറത്തേക്ക്‌ ചാടാന്‍ ശ്രമിച്ചു.

ഓപ്പറേഷന്‌ മുന്‍പ്‌ തന്നെ പ്രസവം നടന്നു.

കൈകാലിട്ടടിച്ച്‌ കരച്ചിലോടെ പുറത്തേക്കു വന്നത്‌ മാത്രമെ എനിക്കോര്‍മ്മയുള്ളു.


(മാസം തികയാതെ പ്രസവിക്കുമോള്‍ വളര്‍ച്ചയെത്താത്ത ഭ്രൂണം നശിച്ച്‌ പോകാനാണ്‌ ഏറെ സാദ്ധ്യത. ക്ഷമയില്ലാതെ വളര്‍ന്നു വരുന്ന ഒരു പുതു തലമുറ സഹനശക്തി നഷ്ടപ്പെടുത്തി കാണുന്നതെല്ലാം സ്വന്തമാക്കാന്‍ എന്തും ചെയ്യാവുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ (തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രാദേശികവാദത്തിനും പുതിയ അംഗങ്ങളെ ലഭിക്കുന്ന പോലെ) തെറ്റും ശരിയും തിരിച്ചറിയാനാകാതെ സുഖം തേടി നശിക്കുകയല്ലെ...? നശിപ്പിക്കുകയല്ലെ...? പഴയ തലമുറ കാണാതെപോകുന്നതും പുതിയ തലമുറ മനസ്സിലാക്കാനാകാതെ പിടയുന്നതും ഒരു കഥയിലൂടെ ലളിതമായി പറയുവാന്‍ ശ്രമിക്കുകയാണ്‌ ഞാനിവിടെ. ഇനി ഇത്‌ പൂര്‍ണ്ണമാക്കേണ്ടത്‌ വായിക്കുന്ന ഓരോരുത്തരും അഭിപ്രായം പറഞ്ഞാണ്.)

ചിത്രം ഗൂഗിളില്‍ നിന്ന്.