12/11/10

വിശ്വസിച്ചാലും ഇല്ലെങ്കിലും....

12-11-2010

ഇരുട്ട്‌ വീണ് തുടങ്ങുന്നതേ ഉള്ളു. എങ്കിലും ആളെ തിരിച്ചറിയാന്‍ പ്രയാസമാണ്‌, പ്രത്യേകിച്ചും ആ ക്ഷേത്ര പരിസരത്ത്‌.


കുന്നിന്‍ ചെരിവ്‌ പോലെ താഴ്ന്ന പ്രദേശത്താണ്‌ ക്ഷേത്രം. സമതലനിരപ്പില്‍ നിന്ന്‌ ഒരിറക്കം ഇറങ്ങിച്ചെല്ലുന്നത്‌ ക്ഷേത്രത്തിന്റെ പൂമുഖത്തേക്കാണ്‌. ചുറ്റുവട്ടത്തെങ്ങും വീടുകള്‍ ഇല്ല. ആളും അനക്കവും ഇല്ലാതെ കിടന്നതിനാല്‍ പരിസരമാകെ കമ്മ്യൂണിസ്റ്റ്‌ പച്ചയും പുല്ലാനിവള്ളികളും കെട്ടുപിണഞ്ഞ്‌ കിടന്നിരുന്നു. കടുത്ത കരിമ്പച്ച നിറം അന്തരീക്ഷത്തിന്‌ ഭീകരരൂപം നല്‍കുന്നു. ഒറ്റക്കൊരാള്‍ ആ പരിസരത്ത്‌ കൂടെ തനിച്ച്‌ പോകാറില്ലെന്നത്‌ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഒന്നുരണ്ട്‌ മുത്തശ്ശന്‍ മരങ്ങള്‍ കൂടി ഈ ഭയത്തിന്‌ എരിവ്‌ പകരുന്നു. ക്ഷേത്രത്തില്‍ നിന്ന്‌ കയറിച്ചെല്ലുന്ന സമതല നിരപ്പില്‍ തന്നെയാണ്‌ ഒരു പഴയ ആല്‍വൃക്ഷം. പൊട്ടിപ്പൊളിഞ്ഞ ആല്‍ത്തറയും അതിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കുറ്റിച്ചെടികളും പ്രത്യേക ശ്രദ്ധയൊന്നും അവിടേക്കില്ലെന്ന്‌ വ്യക്തമാക്കുന്നു. തൊട്ട്‌ തന്നെ ചെറിയ ഇടവഴി. ആലിന്റെ അരികില്‍ വരെ കാറ്‌ കടന്ന്‌ വരാവുന്ന വഴി പിന്നീടങ്ങോട്ട്‌ ആള്‍ സഞ്ചാരമില്ലാതെ പുല്ല്‌ പിടിച്ച്‌ കിടക്കുന്നു.

ആലിന്റെ അരികിലെത്തിയ തെങ്ങുകയറ്റക്കാരന്‍ കുമാരന്‍ ഇടവഴി തിരിഞ്ഞ്‌ അമ്പലപ്പറമ്പിലേക്ക്‌ കയറി. അയാള്‍ക്ക്‌ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വെള്ള സാരിയുടുത്ത ഒരു സ്ത്രീ രൂപം അമ്പലത്തിനടുത്ത്‌ നിന്ന്‌ കയറ്റം കയറി വരുന്നു.

അയാള്‍ ഏണി ചരിച്ച്‌ തൊട്ടടുത്ത പറമ്പിലേക്ക്‌ കയറി. വേലിയോട്‌ ചേര്‍ത്തി ഏണി താഴെ കിടത്തിവെച്ചു. വേലിപ്പടര്‍പ്പില്‍ ഒളിഞ്ഞിരുന്ന്‌ ആ രൂപത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. വെളുത്ത സാരി മാത്രമാണ്‌ കാണാന്‍ കഴിയുന്നത്‌. പിന്നെ ആകെ ഒരു കറുത്ത രൂപം.

ഇരുട്ടായാലും അമ്പലപ്പറമ്പിലൂടെ തന്റെ വീട്ടിലേക്ക്‌ ഒറ്റയ്ക്ക് പോകുന്ന ധൈര്യവാനാണ്‌ കുമാരന്‍. എത്ര വൈകിയാലും രണ്ട്‌ കുപ്പി കള്ള്‌ അകത്താക്കി ഇരുപതടി നീളം വരുന്ന ഏണിയും ചുമലില്‍ വെച്ചാല്‍ ധൈര്യം താനെ വരും. പിന്നെ എല്ലാം പുല്ലാണ്‌.

മറ്റൊന്നും ശ്രദ്ധിക്കാതെ ആലിനെ ലക്ഷ്യം വെച്ച്‌ ചെറിയ കയറ്റം കയറുന്ന രൂപത്തെ കുമാരന്‍ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു. കള്ളിന്റെ വീര്യം നഷ്ടപ്പെട്ടെങ്കിലും ഇല്ലാത്ത ധൈര്യം സംഭരിച്ച്‌, അടുത്ത്‌ വരുന്ന രൂപത്തിന്റെ മുഖം കാണാന്‍ ശ്രമിച്ചു.

ദേവിയാണ്‌ പ്രതിഷ്ഠ. ഇതിന്‌ മുന്‍പും പലരും കണ്ടീട്ടുണ്ടത്രെ, രാത്രി അല്ലെന്ന്‌ മാത്രം. ഉച്ച സമയങ്ങളില്‍ ചിലപ്പോള്‍ അമ്പലത്തില്‍ നിറുത്താതെയുള്ള മണിയടി ഒച്ച കേട്ടാല്‍ അന്ന്‌ ദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ജനങ്ങള്‍ ഓടിക്കൂടുമ്പോഴേക്കും മുടി അഴിച്ചിട്ട്‌ കടും ചുവപ്പ്‌ നിറത്തിലുള്ള സാരിയുമായി തുറന്നു കിടക്കുന്ന അമ്പലവാതിലിലൂടെ അകത്ത്‌ കയറുന്ന ദേവിയുടെ പിന്‍ഭാഗം പലരും കണ്ടിട്ടുണ്ട്‌. കൂപ്പ്‌ കൈകളോടെ അടഞ്ഞ വാതിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനാനിരതരായി നില്‍ക്കുന്ന ഭക്തര്‍, പത്ത്‌ മിനിറ്റിന്‌ ശേഷം തുറക്കപ്പെടുന്ന ശ്രീകോവിലിനുള്ളിലെ ജ്വലിച്ചു നില്‍ക്കുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ദേവി വിഗ്രഹം വണങ്ങി സായൂജ്യമടയും. പൂജാരി നല്‍കുന്ന പ്രസാദം വാങ്ങി തിരിച്ച്‌ പോകും.

ഈയിടെയാണ്‌ ക്ഷേത്രത്തിന്‌ അല്‍പം ജീവന്‍ വെച്ചത്‌. അതും ചെറുപ്പക്കാരനായ പൂജാരിയുടെ വരവോടെ. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം അമ്പലം നിറയെ ജനങ്ങളാണ്‌, പെണ്ണുങ്ങളും കുട്ടികളും പുരുഷന്‍മാരുമായി. ശാന്തിയുടെ കൈപ്പുണ്യമാണെന്ന്‌ ഒരു കൂട്ടര്‍ പറയുമ്പോള്‍ ദേവി തിരിച്ചെത്തിയതാണെന്ന്‌ മറ്റൊരു കൂട്ടര്‍. ദേവി ഒരിക്കലും വെള്ള വസ്ത്രം ധരിക്കില്ലെന്നാണ്‌ ഒരു ന്യായം. എങ്ങിനെ ആയാലും ജനങ്ങള്‍ക്ക്‌ ഈ ക്ഷേത്രത്തിനോടുള്ള മതിപ്പ്‌ വര്‍ദ്ധിച്ചിരിക്കുന്നു.

അങ്ങ്‌ തെക്കാണ്‌ പൂജാരിയുടെ നാട്‌. സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയുമാണ്‌ ശാന്തിപ്പണി സ്വീകരിക്കാന്‍ കാരണം. രണ്ട്‌ കൊല്ലം മുമ്പ്‌ ഈ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ആരും അത്ര ഗൌനിച്ചിരുന്നില്ല. വിവാഹം കഴിക്കാത്ത ഒരു പയ്യന്‍ എന്നേ കരുതിയിരുന്നുള്ളു. കുറെ നാള്‍ പൂജയൊക്കെ മുറയ്ക്ക്‌ നടന്നെങ്കിലും ജനങ്ങള്‍ അത്ര അടുത്തിരുന്നില്ല.

ഒരിക്കല്‍ അലഞ്ഞുതിരിഞ്ഞ്‌ നടന്നിരുന്ന ഒരു ഭ്രാന്തി അമ്പലപ്പറമ്പില്‍ കിടന്നുറങ്ങിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. രാത്രിയില്‍ ക്ഷേത്രവളപ്പില്‍ യക്ഷിയെ കണ്ടെന്ന വാര്‍ത്ത ചുറ്റുവട്ടം പരന്നു. കുമാരന്‍ മാത്രമായിരുന്നു അവരെ ആ സ്ഥലത്ത്‌ നേരില്‍ കണ്ടത്‌. അന്നത്‌ കുമാരന്‍ കള്ള്ഷാപ്പില്‍ എടുത്തിട്ടപ്പോള്‍ ഉണ്ടായ പുകില്‌ പറയാതിരിക്കുന്നതാണ്‌ ഭംഗി. അവിടെ നിന്നാണ്‌ ഭ്രാന്തി യക്ഷിയെന്ന ധാരണ പരന്നത്.

ആ സംഭവത്തിന്‌ ശേഷം ഒറ്റയും തറ്റയുമായി ജനങ്ങള്‍ അമ്പലത്തില്‍ എത്തി. പൂജാരിക്ക്‌ അതൊരാശ്വാസമായെങ്കിലും ജനങ്ങളില്‍ കടന്നു വന്ന വിശ്വാസത്തിന്‌ അടിത്തറയിട്ട് നിര്‍ത്താന്‍ മറ്റെന്തെങ്കിലും ചെയ്തേ പറ്റു എന്ന ചിന്ത കലശലായി.

ദേവി പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയെന്ന വാര്‍ത്ത പിന്നീട്‌ പരിസരപ്രദേശങ്ങളില്‍ കാട്ടുതീ പോലെ പടരന്നു. ആദ്യം കണ്ടത്‌ പൂജാരിയാണ്‌. ദേവിയെ കാണാന്‍ ജനങ്ങള്‍ക്ക്‌ ആകാംക്ഷ വര്‍ദ്ധിച്ചു. മുടി അഴിച്ചിട്ട്‌ അമ്പലത്തിനകത്തേക്ക്‌ കയറിപ്പോകുന്ന ദേവിയെ ചിലരൊക്കെ കണ്ടതോടെ ക്ഷേത്രം ഉണര്‍ന്നു. ദേവീമാഹാത്മ്യം കുഞ്ഞു മനസ്സുകളിലും മറ്റുള്ളവരിലും ആഴ്ന്നിറങ്ങി തൊട്ടടുത്ത ക്ഷേത്രത്തിലെ ദേവിയില്‍ ചെന്നെത്തിനിന്നു. അന്ധവിശ്വാസത്തിന്‌ ശക്തി പകര്‍ന്ന്‌ ടീവി കാഴ്ചകള്‍ മനസ്സുകള്‍ കീഴടക്കിയപ്പോള്‍ ക്ഷേത്രത്തിലെ വരുമാനം കുന്നുകൂടി.

വീടുകളിലെ പൂജയും ഹോമവും മറ്റുമായി പൂജാരി കേമനായി. സംഭാവനയിലൂടെ ലഭിച്ച കാറിലാണ്‌ പൂജാരി ഇപ്പോള്‍ ക്ഷേത്രത്തില്‍ വരുന്നത്‌.

ക്ഷേത്രാങ്കണം ആളും അ‍നക്കവും വെളിച്ചവും വന്നതോടെ ദേവിയുടെ പ്രത്യക്ഷപ്പെടല്‍ നിലച്ചു എന്നു പറയാം. ഇപ്പോഴാരും ദേവിയെ കാണാറില്ലെങ്കിലും ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ ക്ഷേത്രം ആഴ്ചയിലൊരിക്കല്‍ തിളങ്ങി നിന്നു. മറ്റ്‌ ദിവസങ്ങളില്‍ ഇപ്പോഴും ആരും അങ്ങോട്ട്‌ പോകാറില്ല, പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. വല്ലപ്പോഴുമൊക്കെ രാത്രിയില്‍ കാണുന്ന യക്ഷി തന്നെ പ്രശ്നം. ഒരു നിഴലായി എന്തെങ്കിലും കണ്ടാല്‍ പോലും പെട്ടെന്ന്‌ പ്രചാരം ലഭിക്കുന്നു എന്നത്‌ യക്ഷിക്കഥകളുടെ പ്രത്യേകതയാണല്ലൊ.

ആലിനോട്‌ അടുക്കുന്ന രൂപത്തെ ഒരു നിലയ്ക്കും തിരിച്ചറിയാന്‍ കഴിയാതെ കുമാരന്‍ വിഷമിച്ചു. മുന്‍പ്‌ തോന്നിയിരുന്ന നേരിയ ഭയം ഇപ്പോള്‍ ഒരു കണ്ടെത്തലിന് ‍സാക്ഷ്യം വഹിക്കുന്ന ആകാംക്ഷയായി പരിണമിച്ചിരിക്കുന്നു.

പെട്ടെന്നുള്ള ഇടിമിന്നലില്‍ ആ രൂപം ഒന്ന്‌ ഞെട്ടി. കുമാരന്‍ അവിശ്വസനീയമായ കാഴ്ച കണ്ട് വിശ്വാസം വരാതെ തരിച്ച് നിന്നു. ഒരു സൈഡ്‌ മാത്രമെ കണ്ടുള്ളുവെങ്കിലും കുമാരന്‌ ഉറപ്പായി.

നാളികേരക്കൊലയും പട്ടയും വെട്ടിയിടുന്ന അറ്റം വളഞ്ഞ വെട്ടുകത്തിക്കായി അയാള്‍ ഇരുട്ടില്‍ തപ്പി. ചെറിയ ഒരനക്കം ശ്രദ്ധയില്‍പ്പെട്ട രൂപം ആ ഭാഗത്തേക്ക്‌ തിരിഞ്ഞപ്പോഴാണ്‌ വീണ്ടും മിന്നല്‍.

കുമാരനെ കണ്ടെത്താന്‍ ആ രൂപത്തിന്‌ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്കെല്ലാം വ്യക്തമായി.

-സീരിയലില്‍ അഭിനയിക്കാന്‍ ഓടിപ്പോയ നമ്മുടെ പേങ്ങന്റെ മോള്‌....-

ചാടിയിറങ്ങി ആ ചെള്‌ക്കേടെ കഴുത്ത്‌ കണ്ടിക്കാനാണ്‌ തോന്നിയത്‌. ഇത്രേം പാവങ്ങളുടെ വിശ്വാസത്തിന്മേല്‍‍ അന്ധവിശ്വാസത്തിന്റെ അലകള്‍ സൃഷ്ടിച്ച്‌ പണം ഉണ്ടാക്കുന്ന കൂട്ടരുടെ കൂട്ടത്തില്‍ അവിളിനി ഉണ്ടാകാന്‍ പാടില്ല.

അയാള്‍ വെട്ടുകത്തിയില്‍ പിടി മുറുക്കിയതും ഇടവഴിയിലൂടെ റിവേഴ്സായി ഒരു കാറ്‌ വന്നതും ഒരുമിച്ചായിരുന്നു. വേലിപ്പടര്‍‍പ്പിലേക്ക്‌ ഒതുങ്ങി നിന്നു. കുമാരനെ അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

ആലിനോട്‌ ചേര്‍ന്ന് കാര്‍ നിന്നു. ലൈറ്റ്‌ ഓഫായി. ഡോര്‍ തുറന്നു. അടഞ്ഞു. വേഗത്തില്‍ കാര്‍ മുന്നോട്ട്‌ നീങ്ങി.

കുമാരന്‍ ഏണിയെടുത്ത്‌ തോളില്‍ വെച്ച്‌ തൊട്ടടുത്ത പറമ്പില്‍ നിന്ന് പുറത്ത്‌ കടന്നു. അമ്പലത്തിന്‌ നേരെ നടന്നു. ഇരുട്ടിലും അയാള്‍ക്ക്‌ വഴി കൃത്യമായിരുന്നു.

"കുമാരേട്ടാ ഏണി ഇപ്പോള്‍ എന്റെ തല പൊളിച്ചേനെ. ഭാഗ്യത്തിണ്‌ ഞാന്‍ മാറി." അമ്പലത്തില്‍ നിന്ന് നടന്നു വരികയായിരുന്ന പൂജാരിയുടെ ശബ്ദം.

"ശാന്തിയെന്താ ഈ നേരത്ത്‌? നിന്റെ കാറ്‌ പോയല്ലൊ..."

"അല്‍പം വൈകി. അവര്‍ മെയിന്‍ റോഡില്‍ നില്‍ക്കും. ഇവിടെ ആകെ ഇരുട്ടല്ലെ?"

"എന്നാ മോന്‍ ചെല്ല്..."

കുമാരന്‍ ഇരുട്ടിലൂടെ പിന്നേയും മുന്നോട്ട്‌.

1/11/10

ചെരുപ്പ്‌

01-11-2010

മരത്തിന്‍റെ നിറമുള്ള രണ്ടു ചെരുപ്പ്‌.

ഒറ്റ നോട്ടത്തില്‍ മരം കൊണ്ടുണ്ടാക്കിയതാണെന്നേ തോന്നു. സത്യത്തില്‍ തോന്നലായിരുന്നില്ല അത്‌. മരം കൊണ്ടുണ്ടാക്കിയതുതന്നെയായിരുന്നു. കണ്ടാല്‍ വിരൂപനല്ലാത്ത പരമേശ്വരവാരിയര്‍ നിത്യവും ഉപയോഗിച്ചിരുന്ന എന്നു പറയാന്‍ കഴിയില്ലെങ്കിലും, വിശേഷാല്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്ന ചെരുപ്പ്‌. വിശേഷാല്‍ ദിവസങ്ങളിലേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഈ ചെരുപ്പുകള്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ പോലെയായിരുന്നു.

വികാരങ്ങള്‍ വിവേകത്തെ നശിപ്പിച്ചിരുന്ന ഇളം പ്രായത്തില്‍ വാങ്ങിയ ചെരുപ്പ്‌. ഒരു വികാരത്തിന്‌ അന്നത്‌ വാങ്ങി എന്നു പറയുന്നത്‌ തെറ്റാണ്‌. വികാരത്തേക്കാള്‍ പാദങ്ങളുടെ രക്ഷയെ ഓര്‍ത്തു എന്നതാണ്‌ ശരി. അന്നത്‌ പുത്തനായിരുന്നു. തേയ്മാനം സംഭവിച്ചിട്ടില്ലായിരുന്നു.....

അന്നുകാലത്ത്‌ മിക്കവരും നഗ്നപാദരായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നില്ല പ്രശ്നം. പാദരക്ഷയെക്കുറിച്ച ബോധം തലമണ്ടകളിലെത്തിയിരുന്നില്ല എന്നതു കൊണ്ടാണ്‌. പിന്നൊന്ന്‌, മരച്ചെരുപ്പ്‌ വാങ്ങി കാലിലിട്ട്‌ നടക്കുമ്പോഴുണ്ടാകുന്ന അല്ലറചില്ലറ പരിചയക്കുറവ്‌ മുന്‍ കൂട്ടി മനസ്സിലാക്കി പലരും പിന്‍വാങ്ങുകയാണുണ്ടായത്‌. സാമ്പത്തികമൊ അല്ലെങ്കില്‍ മറ്റുവിധ ബുദ്ധിമുട്ടുകളൊ കാരണം മരച്ചെരുപ്പ്‌ വാങ്ങാന്‍ കഴിയാതിരുന്നവരില്‍ ഏറെപ്പേരും മരച്ചെരുപ്പിനെ മനസ്സിലിട്ട്‌ താലോലിച്ച്‌ ആരാധിച്ചിരുന്നു. പാടെ അവഗണിച്ചിരുന്ന നഗ്നപാദര്‍ മരച്ചെരുപ്പുമായി ബന്ധമുള്ള സകലതിനേയും ഭയന്നിരുന്നു.

ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ പലരേയും അലട്ടിയിരുന്ന സന്ദര്‍ഭത്തിലാണ്‌ പരമേശ്വരവാരിയര്‍ മരച്ചെരുപ്പ്‌ വാങ്ങിയത്‌. വിവാഹം കഴിക്കുന്നതും ഇളം പ്രായത്തില്‍ തന്നെയാണ്‌. വിവാഹത്തിനു വന്ന മുഴുവന്‍ പേരുടെ ശ്രദ്ധയും മരച്ചെരുപ്പില്‍ കുടുങ്ങിക്കിടന്നു. അതോടെയാണ്‌ ആ ഗ്രാമത്തില്‍ മരച്ചെരുപ്പ്‌ വാര്‍ത്തയാകുന്നതും പമേശ്വരവാരിയര്‍ ആളാകുന്നതും.പലര്‍ക്കും സംശയങ്ങളുണര്‍ന്നു. അത്ഭുതം-പരഹാസം-അസൂയ-ഭയം-ആകാംക്ഷ-എന്നിത്യാദി വികാരവിചാരങ്ങള്‍ പലരുടെ മുഖങ്ങളിലും തെളിഞ്ഞു, മങ്ങി, അറ്റുവീണു.

എല്ലാം കണ്ടും കേട്ടും പരമേശ്വരവാര്യര്‍ക്ക്‌ കൂടുതല്‍ ഉന്‍മേഷം.

ചെരുപ്പ്‌ നിത്യവും ഉപയോഗിച്ചുത്തുടങ്ങി. പുറത്തിറങ്ങുമ്പോള്‍ നെഞ്ഞല്‍പം മുന്നിലേക്കുന്തിച്ച്‌ ഞെളിഞ്ഞു നടന്നു. പിന്നിത്തുടങ്ങിയ അരക്കയ്യന്‍ വെള്ളഷര്‍ട്ട്‌ തുന്നിച്ചേര്‍ത്ത്‌ തേച്ച്‌ മിനുക്കിയിട്ടു. നീലത്തില്‍ മുക്കി വെളുപ്പിച്ച വെള്ളമുണ്ടിന്‍റെ താഴത്തെ അറ്റം ഇടതുകൈകൊണ്ട്‌ അല്‍പം ഉയര്‍ത്തിപ്പിടിച്ച്‌ റോഡിലൂടെ നടക്കുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും കടക്കണ്ണിലൂടെ വീക്ഷിച്ചിരുന്നു. കല്ലും മുള്ളും കാലില്‍ കയറി പഴുത്ത്‌ വ്രണമായിക്കഴിഞ്ഞിരുന്ന പലരേയും നേരിട്ടുകണ്ട്‌ ചെരുപ്പിന്‍റെ കഴിവിനെക്കുറിച്ച്‌ വര്‍ണ്ണിച്ചു. ആരും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അജ്ഞാതമായൊരു ഭയം അവരെ അലട്ടിയിരുന്നു എന്നത്‌ വ്യക്തമാണ്‌. മനമില്ലാമനസ്സോടെ ചിലരൊക്കെ തലയാട്ടി സമ്മതിച്ചു. കുറച്ചുപേര്‍ മരച്ചെരുപ്പ്‌ ഉപയോഗിച്ചുതുടങ്ങി. മരച്ചെരുപ്പിന്‍റെ മഹിമ കണ്ടെത്തിയ നാട്ടുകാരെ കാണുന്നത്‌ ആഹ്ളാദമേകി.

മൂത്ത പെണ്‍ക്കുട്ടിയ്ക്ക്‌ പന്ത്രണ്ട്‌ വയസ്സായപ്പോഴാണ്‌ ഭാര്യാവീട്ടില്‍ ഒരടിയന്തിരത്തിനു പോകേണ്ടിവന്നത്‌. അവിടെ എത്തിച്ചേര്‍ന്ന ബഹുമുഖ ജനങ്ങളും നഗ്നപാദരല്ലായിരുന്നുവെന്നുള്ളത്‌ സന്തോഷത്തിന്‍റെ നേരിയ ചലനങ്ങളുണര്‍ത്തി. പക്ഷെ, ഈടും ഉറപ്പും ഭംഗിയുമുള്ള മരച്ചെരുപ്പിനുപകരം പലരും പല വര്‍ണ്ണങ്ങളിലുള്ള റബര്‍ ചെരുപ്പായിരുന്നു ഉപയോഗിച്ചിരുന്നത്‌. മരച്ചെരുപ്പുകള്‍ക്കിടയില്‍ കടന്നു കയറിയ റബര്‍ ചെരുപ്പുകളെ മനസ്സാ വെറുത്തു.

എത്രയൊക്കെ തല പുകഞ്ഞാലോചിച്ചിട്ടും ഈടും ഉറപ്പും ഭംഗിയും മരച്ചെരുപ്പിനുമാത്രമാണെന്നാണ്‌ കണ്ടെത്താനായത്‌. റബര്‍ ചെരുപ്പിന്‌ വെറും പോളിച്ച മാത്രമാണ്‌. ആ പോളിച്ചയില്‍ പലരും കുടുങ്ങി. റബര്‍ ചെരുപ്പിനടിയില്‍ കൂടി മുള്ള്‌ പാദങ്ങളില്‍ കയറാനിടയുണ്ടെന്ന്‌ ആരും മനസ്സിലാക്കുന്നില്ല. എന്നാണിനി ഇക്കാണായ ജനങ്ങളുടെയൊക്കെ തലമണ്ടയില്‍ ബുദ്ധിയുദിക്കാന്‍ പോകുന്നത്‌.

അങ്ങിങ്ങായി ഒറ്റയും തറ്റയും കാണപ്പെട്ട മരച്ചെരുപ്പുകള്‍ മാത്രമായിരുന്നു അല്‍പം ആശ്വാസത്തിന്‌ വക നകിയത്‌. അപ്പോഴും പരമേശ്വരവാരിയരെ പരിഹസിച്ച്‌ ചിരിക്കുന്നവര്‍ ഏറെയായിരുന്നു. കളിയാക്കുകയാണെന്നറിഞ്ഞിട്ടും ഞെളിഞ്ഞു നടന്നു. എന്നിരുന്നാലും മനസ്സിന്‍ ഒരു തരം ചളിപ്പ്‌ അനുഭവപ്പെടാതിരുന്നില്ല. ഏറെ വിദൂരമല്ലാത്ത ഒരു നാളെ മുഴുവന്‍ പേരും മരച്ചെരുപ്പ്‌ ഉപയോഗിക്കുമെന്ന പ്രതീക്ഷ, എല്ലാവിധ ചളിപ്പുകളേയും അല്‍പം പരിഹാസത്തോടെ സ്വീകരിക്കാന്‍ പ്രചോദനമായി.

സദ്യ കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ ചെരുപ്പൂരി ഇറയത്തുവെച്ചു. പെട്ടെന്നാണ്‌ ശ്രദ്ധ സ്വന്തം ചെരുപ്പുകളില്‍ പതിഞ്ഞത്‌. ഇടതുകാലിന്‍റെ ഉപ്പുറ്റി പതിയുന്ന ഭാഗം പതിവില്‍ക്കൂടുതല്‍ താഴ്ന്നിരിക്കുന്നു. എടുത്തുനോക്കിയപ്പോള്‍ തേയ്മാനം സംഭവിച്ചതാണെന്ന്‌ ബോദ്ധ്യമായി. ചെരുപ്പിന്‌ സംഭവിച്ചിരിക്കുന്ന തേയ്മാനത്തില്‍ മനംനൊന്ത്‌ 'ഇനി എന്ത്‌' എന്നൊരു നിമിഷം ചിന്തിച്ചു. അപ്രതീക്ഷിതമായി കണ്ടെത്തിയ ഒന്നാകയാല്‍ പോംവഴിയെക്കുറിച്ച്‌ ചിന്തിക്കുന്നതിനുപകരം നഷ്ടബോധത്തിന്‍റെ ആഴങ്ങളിലേക്ക്‌ ഉരുണ്ടു വീഴാനാണ്‌ മനസ്സ്‌ വെമ്പിയത്‌. ഉറപ്പ്‌ നഷ്ടപ്പെടാത്തതും ഭംഗി അസ്തമിക്കാത്തതുമെന്ന്‌ മനസ്സിലായിരം വട്ടം ഉയര്‍ന്നു പൊങ്ങിയിരുന്ന വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമാണ്‌ ഇവിടെ ക്ഷതമേറ്റിരിക്കുന്നത്‌.

താല്‍ക്കാലികമായ വിഭ്രാന്തിയില്‍ നിന്ന്‌ മോചനം ലഭിച്ചപ്പോള്‍ ആശാരിയെ തിരക്കിയിറങ്ങി. ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരാശാരിയെ സമീപിച്ചപ്പോഴും മാനസിക പിരിമുറുക്കം അയഞ്ഞിരുന്നില്ല. വേദനയോടെ ചെരുപ്പൂരി ആശാരിക്ക്‌ കൊടുത്തു. തന്‍റെ വേദന മനസ്സിലാക്കിയിട്ടെന്നോണം വളരെ വിദഗ്ദമായ രീതിയില്‍ ആശാരി കട്ട വെച്ചു.  ആശ്വാസത്തോടെ പരമേശ്വരവാരിയര്‍ ഇറങ്ങി നടന്നു. കട്ട വെച്ചപ്പോള്‍ പഴയ മേന്‍മ നഷ്ടപ്പെട്ടോ എന്ന ശങ്ക ആശ്വാസത്തിന്‍റെ വക്കത്ത്‌ ഒട്ടിച്ചേര്‍ന്നുനിന്നു. അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്‍റെ ആഗ്രഹമായിരുന്നു ശങ്ക. എങ്കിലും പതിവായുള്ള ഉപയോഗം മൂലം ഗുണം നഷ്ടപ്പെട്ടു എന്ന തോന്നല്‍ അറിഞ്ഞിരുന്നില്ല.

വെറുതെയിരുന്ന്‌ ചെരുപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്തൊ ഒരു പിഴവ്‌ തോന്നിയിരുന്നു.

ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നതിനാല്‍ മകളുടെ വിവാഹം കേമമായി നടന്നു. വികാരവിചാരങ്ങള്‍ക്കതീതമായിരുന്ന മരുമകന്‍റെ കറുത്ത നിറമുള്ള ഷൂ ഒരാധിയായി പടര്‍ന്നു. എല്ലാം മനസ്സിലൊതുക്കി അരിശം കൊള്ളാനല്ലാതെ എതിര്‍ക്കാനൊ മറുത്തെന്തെങ്കിലും പറയാനൊ കഴിഞ്ഞില്ല. വിവാഹത്തിനെത്തിച്ചേര്‍ന്ന മറ്റുള്ളവരുടെ കാലുകളായിരുന്നു അതിനേക്കാള്‍ വിചിത്രം. നിറത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലയിനം ചെരുപ്പുകള്‍. നല്ലവ ഒഴിച്ചു നിര്‍ത്തി പുതുമയ്ക്കുവേണ്ടിയുള്ള പാച്ചിലാണോ ഇത്‌. ഉള്‍ക്കൊള്ളാനാവാത്ത ഇത്തരം മാറ്റങ്ങളിലും കുലുങ്ങാതെ ഉറച്ചു നിന്നു. പഴയ ചെരുപ്പുകള്‍ ഉപേക്ഷിച്ചില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടൊ ഉള്‍ക്കൊള്ളാതെയൊ സൂര്യന്‍ പതിവുപോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം ബാധിച്ച്‌ കിടപ്പിലായപ്പോഴും ചെരുപ്പുകള്‍ വളരെ വൃത്തിയായിത്തന്നെ കട്ടിലിനടിയില്‍ സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു. ആഴ്ചകളോളം കട്ടിലില്‍ കിടന്നു. ഇനി ശരീരത്തിന്‍റെ ഒരു ഭാഗം അനക്കാന്‍ കഴിയില്ലെന്ന അറിവ്‌ ദു:ഖിതനാക്കി. മറ്റുള്ളവരുടെ സഹായത്തോടെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നപ്പോഴും അറിയാതെ കണ്ണുകള്‍ കട്ടിലിനടിയില്‍ പരതിയിരുന്നു.

കാട്ടുതീപോലെ രോഗവിവരം ഗ്രാമത്തില്‍ പരന്നു. കേട്ടറിഞ്ഞവര്‍ ഓട്ടം തുടങ്ങി. ജാതിമതഭേതമന്യേ തൊട്ടടുത്ത പട്ടണത്തിലെ പല മാന്യന്‍മാരും പരമേശ്വരവാരിയരെ സന്ദര്‍ശിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്തു സംഭവിക്കുമെന്ന ജിജ്ഞാസ എല്ലാവരിലും പ്രകടമായിരുന്നു. ഒറ്റയും തറ്റയും വന്നുകൊണ്ടിരുന്നവര്‍ പിന്നെ ചെറു കൂട്ടങ്ങളായി.

പിന്നെപ്പിന്നെ ഘോഷയാത്രകള്‍പോലെ-

കിടന്നകിടപ്പില്‍ നിന്നനങ്ങാന്‍ കഴിയാതെ, കറുത്ത്‌ കരുവാളിച്ച കുഴികളില്‍ കുടുങ്ങിയ കണ്ണുകള്‍ സന്ദര്‍ശകരെ കണ്ടു. അപ്പോഴും നിറം മങ്ങിയ കണ്ണുകള്‍ ജനങ്ങളുടെ ചെരുപ്പുകളിലുടക്കിനിന്നു.

പെട്ടെന്ന്‌- നിറം മങ്ങിയ കണ്ണുകള്‍ തിളങ്ങി. മുഖത്തെ മാറാലപോലെ, ചുക്കിച്ചുളിഞ്ഞ തൊലിയില്‍ വികാരങ്ങള്‍ സ്പുരിച്ചു. കണ്‍കോണുകളില്‍ സന്തോഷാശ്രുക്കള്‍. നെഞ്ഞല്‍പം ഉയര്‍ന്നു താണു. മുളച്ചുയര്‍ന്ന പറങ്കിമാവിന്‍ തൈ ഉപേക്ഷിച്ച പുറം തോടുപോലുള്ള ചുണ്ടുകള്‍ ഒന്നനങ്ങി. കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. മരച്ചെരുപ്പുകളുപയോഗിച്ചുള്ള ജനങ്ങളുടെ സന്ദര്‍ശനം പരമേശ്വരവാരിയരെ വേണ്ടതിലധികം വികാരവിവശനാക്കി. ഘോഷയാത്രകളുടെ നീളത്തില്‍ വര്‍ദ്ധന ദിനം പ്രതി സംഭവിച്ചിരുന്നു. ശ്വാസഗതി പലപ്പോഴും ഉച്ചത്തിലായി. എന്നിരുന്നാലും കട്ടിലിനടിയിലെ ചെരുപ്പില്‍ കൌതുകപൂര്‍വ്വം നോക്കുന്ന സന്ദര്‍ശകരുടെ കള്ളക്കാഴ്ച പരമേശ്വരവാരിയര്‍ കണ്ടുപിടിച്ചിരുന്നു. സന്ദര്‍ശനമെന്ന ലേബലില്‍ എത്തിയവരൊക്കെ മരച്ചെരുപ്പ്‌ അന്വേഷിക്കുകയാണെന്ന്‌ മനസ്സിലായി. ആ അറിവ്‌ വലിയ ആശ്വാസമായിരുന്നു.

പരിചാരികയായി‍ അപ്പൂപ്പനരുകില്‍ സദാസമയവും പേരക്കിടാവ്‌ ഉണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചുകുഞ്ഞ്‌. ആ കുഞ്ഞിന്‍റെ ദയനീയ ഭാവവും ഉല്‍ക്കണ്ഠയും ആവേശവും ശ്രദ്ധ പിടിച്ചുപാറ്റന്‍ തക്കതായിരുന്നു. ഒരു മുഴുവന്‍ സമയ പരിചാരിക.

ഒരു ദിവസം ഉച്ച സമയത്ത്‌ പമേശ്വരവാരിയര്‍ മരിച്ചു.

പലരും ചെരുപ്പ്‌ നോട്ടം വെച്ചു. കരഞ്ഞിരുന്ന പലരുടെ മനസ്സിലും അതിന്‍റെ ആകൃതിയും ഭംഗിയുമാണ്‌ തുടിക്കൊട്ടിയിരുന്നത്‌.

'സ്പുടം' ചെയ്യുന്നതിന്‌ ശവമെടുത്തപ്പോള്‍ രണ്ടുപേര്‍ കട്ടിലിനരുകിലേക്കു നീങ്ങി. പിന്നെ ശവമൊഴികെ ബാക്കിയെല്ലാവരും കട്ടിലിനരുകിലേക്ക്‌ പാഞ്ഞു.

തല മുട്ടാതെ കട്ടിലിനടിയില്‍നിന്ന്‌ ഇറങ്ങിവന്നത്‌ പേരക്കിടാവായിരുന്നു. സന്തോഷാധിക്യത്താല്‍ നിറഞ്ഞ കണ്ണുകളോടെ വലുപ്പം കൂടിയ മരച്ചെരുപ്പുകള്‍ കുഞ്ഞിക്കാലുകളില്‍ തളപളാ കടത്തി ഏന്തി വലിഞ്ഞ്‌ ആ കുട്ടി നടന്നു വരുന്നതു കണ്ടപ്പോള്‍ ഒന്നായെല്ലാം സ്തംഭിച്ചൂനിന്നു.

(01-04-2009നു ഞാന്‍ ഇത് ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ഒന്നുകൂടി പോസ്റ്റ്‌ ചെയ്യുന്നു.)