12-04-2013
പെട്ടെന്ന് രണ്ടുകൈകൊണ്ടും ഉടുപ്പല്പം പൊക്കിപ്പിടിച്ച് സംഗീത പിന്നിലേക്കു ചാടി. അപകടം മണത്ത ശരീരത്തിന്റെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. ക്ഷണനേരം കൊണ്ട് ഉടുപ്പ് ശക്തിയായി കുടയാന്‍ തുടങ്ങിയെങ്കിലും വെപ്രാളം കൂടിക്കൊണ്ടിരുന്നു. ശരീരത്തിലേക്ക് പഴുതാരയോ തേരട്ടയോ മറ്റോ കയറിയോ എന്ന സംശയം കൃത്യമായി ദുരീകരിക്കാൻ സാധിക്കാതെയായി.
പകൽ സമയമാണെങ്കിലും കിടപ്പുമുറിയിലെ ജനലകൾ അധികം തുറന്നിരുന്നില്ല. ആവശ്യത്തിനു വെട്ടമുണ്ടെങ്കിലും വേണ്ടത്ര വ്യക്തതയ്ക്ക് തീരെ അപര്യാപ്തം. വഴുവഴുത്ത എന്തോ കാലിൽ തട്ടിയെന്നു വ്യക്തം. ഇനി വല്ല അരണയോ എലിയോ ആകാനും മതി. അധികം പഴക്കമില്ലാത്ത കോൺഗ്രീറ്റ് വീടിന്റെ അടച്ചുറപ്പുള്ള മുറിയിലെ ഗ്രാനൈറ്റ് തറയിൽ ഇത്തരം ഇഴജന്തുക്കൾ കയറില്ലെന്നായിരുന്നു വിശ്വാസം.
നേരിയ ഭയത്തിന്റെ സമ്മർദത്തോടെ സംഗീത ലൈറ്റ് ഓണാക്കി. മേശയ്ക്കടിയിലും കട്ടിലിനടിയിലും അലമാരയ്ക്കടിയിലും ഒന്നും കണ്ടില്ല. മുറിയ്ക്കു മൂലയിലായി കഴുകാനായി മാറിയിട്ട തുണികളിലെ അനക്കം കേട്ട് ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.
വലിയൊരു മൂർഖൻ പാമ്പ് പത്തി വിരിച്ച് ഉയർന്നു നിൽക്കുന്നു.‘യു’ ആകൃതിയിലുള്ള അടയാളത്തിനു മുകളിലെ രണ്ടുവരി ശല്‍ക്കങ്ങൾക്ക് കറുത്ത നിറം.പാമ്പ് ചെറുതായി അങ്ങോട്ടുമിങ്ങോട്ടും തലയാട്ടി രസിക്കുന്നു.
മുഖാമുഖം നോക്കിയപ്പോള്‍ ശേഷിച്ചിരുന്ന ധൈര്യവും ചോർന്നു പോകുന്നതു തിരിച്ചറിയാന്‍ കഴിഞ്ഞത് അരിച്ചുകയറിയ വിറയൽ ശരീരമാസകലം വ്യാപിച്ചപ്പോഴാണ്. ഒരുൾവിളിയാലെന്നവണ്ണം ധൃതിയിൽ പുറത്തു കടന്ന് വാതിലടച്ചു കുറ്റിയിട്ടു.
അപ്രതീക്ഷിതമായ ഭയം തികട്ടി വന്ന നിലവിളി, അടഞ്ഞ കോൺഗ്രീറ്റ് ഹാളിനകത്തെ ചുവരുകളിൽ തട്ടി പ്രതിഫലിച്ചതല്ലാതെ അയൽവക്കങ്ങളിലേക്കെത്താൻ പര്യാപ്തമായില്ല. തുറന്നുകിടന്നിരുന്ന ജനൽ കതകുകൾ പുറത്തിറങ്ങി ഭദ്രമായി അടച്ചു. പുറമെ നിന്ന് ‘പാമ്പ് പാമ്പ്’ എന്നു പറഞ്ഞ് ഉച്ചത്തിൽ വിളിച്ചു കൂവി. തനിക്കെവിടെ നിന്നാണ് ഇത്രയും ശബ്ദം വരുന്നതെന്ന് സംഗീത അതിശയപ്പെട്ടു. ശരീരമാസകലം പെരുത്തു കയറി ശബ്ദമായി പ്രവഹിക്കുകയായിരുന്നു.
പല വീടുകളിലും അന്നേരം പുരുഷന്മാരുണ്ടായിരുന്നില്ല. എന്തൊക്കെപ്പറഞ്ഞാലും പാമ്പിനെ കൊല്ലണമെങ്കിൽ പുരുഷന്മാർ തന്നെ വേണം. രണ്ടുപേർ വടികളുമായെത്തി. അഞ്ചാറു സ്ത്രീകളും ഒന്നുരണ്ടു കുട്ടികളും കാഴ്ചക്കാരായെത്തി. അകത്തേക്കു കയറാൻ ധൈര്യപ്പെടാതെ ‘വീടിനകത്ത് പാമ്പോ’ എന്ന അതിശയത്തോടെ സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ അകത്തേക്കു നോക്കി നിന്നു.
പണ്ടു കാലത്തായിരുന്നെങ്കിൽ ഓലകൊണ്ടും ഓടുകൊണ്ടും നിർമ്മിച്ച വെളിച്ചം കുറഞ്ഞ വീടുകൾക്കകത്ത് പാമ്പുകൾക്കിരിക്കാൻ സൗകര്യമായിരുന്നു. അന്നുപക്ഷെ ഇപ്പോഴത്തേതു പോലെ പാമ്പുകൾ ഓടിക്കയറിയിരുന്നതായി കേട്ടിരുന്നില്ല. ഇന്നിപ്പോൾ സർവ്വസാധാരണമാണ്. അടച്ചുറപ്പുള്ള പ്രകാശം കൂടിയ വീടുകളുടെ വാതിൽ തുറന്നിട്ടാൽ ഇരയെ ഓടിച്ച് അകത്ത് കയറുന്ന പാമ്പുകൾ ധാരാളമാണ്. മിനുസമുള്ള പ്രതലത്തിൽ പാമ്പുകളുടെ സഞ്ചാരം കഠിനമെങ്കിലും ഇരകളുടെ ദൗർലഭ്യം അവറ്റയെ നിർബന്ധിതമാക്കുന്നു. മണ്ണിനടിയിലെ മാളങ്ങൾ നഷ്ടപ്പെട്ടത് ഭൂപ്പരപ്പിലെ ഊഷരതയിൽ അലയാൻ അവറ്റകളെ ശീലിപ്പിച്ചു.
തീരെ പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടപ്പോഴുണ്ടായ വെപ്രാളം മാറ്റി നിറുത്തിയാൽ സംഗീതയ്ക്ക് പാമ്പുകളെ ഇഷ്ടമായിരുന്നു. സർപ്പക്കാവുകളുടെ പരിരക്ഷയും പൂജയും മുറപോലെ നടത്തിയിരുന്ന തറവാട്ടിലായിരുന്നു ചെറുപ്പകാലം. പുല്ലാനിവള്ളികളും നീരോലിയും പേരറിയാചെടികളും കെട്ടുപിണഞ്ഞ കൊച്ചുകൊച്ചു കാടുകൾ പോലുള്ള വെഷക്കാവുകളിൽ വർഷത്തിലൊരിക്കൽ പാലും നൂറും കൊടുക്കുന്നതിനുള്ള ഏഴു ദിവസത്തെ അടിച്ചുതെളി നടത്തിയിരുന്നത് സംഗീതയായിരുന്നു. അതുകൊണ്ടു തന്നെ സർപ്പക്കാവുകൾ സംഗീതയുടെ മനസ്സിൽ ഭീതിയ്ക്കൊ, പേടിക്കേണ്ട ജീവികളാണ് സര്‍പ്പങ്ങളെന്ന ധാരണയ്ക്കൊ ഇടയില്ലായിരുന്നു.
നഗര ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യന്റെ ആഡംബരപൂര്‍ണ്ണമായ ജീവിത സുഖങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും അനുസരിച്ച് പ്രകൃതിയെ വരുതിയിലാക്കാന്‍ പ്രയത്നിക്കുന്നതിന്റെ പരിണതഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരില്‍ നാഗങ്ങളെ മാത്രം എങ്ങിനെ ഒഴിവാക്കും? അപ്പോഴവ നഗരങ്ങളില്‍കൂടി കടന്നു കയറേണ്ടിയിരിക്കുന്നു അതിജീവനത്തിന്.
വടിയുമായി അയൽവക്കക്കാരൻ അകത്തു കയറി. തൊട്ടു പിറകെ മറ്റയാളും. ആദ്യ ഭയം വിട്ടൊഴിഞ്ഞ സംഗീതയും അവരോടൊപ്പം അകത്തു കയറി. ‘അതിനെ കൊല്ലണ്ട, ഓടിച്ചു വിട്ടാൽ മതി‘ എന്നു പറയണമെന്നുണ്ടായിരുന്നു. കൂടി നിൽക്കുന്നവരുടെ മുഖത്തെ ഭയവും അതിശയവും അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു.
വാതിൽ തുറന്നു. പാമ്പ് അതേ സ്ഥാനത്തു തന്നെ ചുരുണ്ടുകൂടി അനങ്ങാതെ കിടന്നു. അതിന്റെ കിടപ്പു കണ്ടപ്പോൾ സംഗീതക്ക് ദയ തോന്നി. എന്തെങ്കിലും ഇര വിഴുങ്ങിയതുകൊണ്ടാവും അതങ്ങിനെ കിടക്കുന്നത്. ഉപദ്രവിക്കരുതെന്ന് വീണ്ടും പറയണമെന്നു തോന്നി. പക്ഷെ നാവനങ്ങിയില്ല. കവളമ്പട്ടയുടെ ഓരം ചെത്തി ഒറ്റയടിയ്ക്ക് കൊല്ലാൻ പാകത്തിലാക്കിയ പട്ട വടിയുമായി ആദ്യം കടന്നയാൾ ഒരു പാമ്പിനെക്കൊല്ലൽ വിദഗ്ദനെപ്പോലെ പതിയെ ചുവടു വെച്ചു. പാമ്പനങ്ങിയാൽ അയാൾ വിറച്ച് താഴെ വീഴുമെന്നാണ് തോന്നിയത്. സംഗീതയ്ക്ക് പക്ഷെ ഭയം നിശ്ശേഷം മാറിയിരുന്നു.
അയാൾ പട്ട വടിയുയർത്തി സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞടിച്ചു. വട്ടത്തിൽ ചുരുണ്ടു കൂടിയിരുന്ന പാമ്പിന്റെ അടിയേറ്റ ഭാഗങ്ങള്‍ ഗ്രാനൈറ്റിനോടു ചേര്‍ന്ന് പരന്നൊട്ടി. തോലു പൊട്ടി മാംസം പുറത്തായെങ്കിലും തലയുയര്‍ത്തി ഫണം വിടര്‍ത്തി പിന്നെ സാവധാനം പത്തി താഴ്ത്തി താഴേക്കു താണു. തറയിലും താഴെക്കിടന്ന തുണികളിലും ചോരയും മാസത്തുണ്ടുകളും ചിതറിത്തെറിച്ചു. സംഗീത കണ്ണുകളടച്ച് മുഖം തിരിച്ചു.
വൈകുന്നേരം ഓഫീസിൽ നിന്നെത്തിയ ഭർത്താവിനോടു വിവരങ്ങൾ ധരിപ്പിക്കുമ്പോൾ തൊണ്ട ഇടറിയിരുന്നു, പുറത്തു വരുന്ന ശബ്ദത്തിനു വേദനയുടെ നനവുണ്ടായിരുന്നു. മൂർഖൻ പാമ്പുമൊത്ത് കിടപ്പു മുറിക്കത്ത് പെട്ടുപോയ ഭാര്യയുടെ അപ്പോഴത്തെ മാനസികാവസ്ഥ അയാളിൽ നടുക്കം സൃഷ്ടിച്ചു. കഴിഞ്ഞ ഒരു വർഷത്തിടയിൽ നാലു തവണയാണ് വീടിനു പുറത്ത് ഇതുപോലെ പാമ്പുകളെ കണ്ടെത്തി കൊന്നിരുന്നതെന്ന ഓർത്തെടുക്കൽ അയാളിൽ നടുക്കത്തിന്റെ ആക്കം കൂട്ടി. പുറത്തെ കേൾവികളിൽ നിന്ന് സർപ്പക്കാവുമായി ബന്ധപ്പെട്ടാണ് പാമ്പു വിഷയം സംജാതമാകുന്നതെന്ന ധാരണ അയാളിൽ തല പൊക്കിയപ്പോഴൊക്കെ തൊട്ടടുത്ത് ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പ് അതിനെ ഖണ്ഡിച്ചു കൊണ്ടിരുന്നു. പാമ്പിനെ കണ്ടെത്താനും നശിപ്പിക്കാനും കഴിഞ്ഞതിൽ അയാൾ ആശ്വാസം കൊണ്ടു.
വീടിനു പുറത്ത് പാമ്പുകളെ കൊന്നതു പോലായിരുന്നില്ല മുറിക്കകത്തെ പാമ്പിനെ ചതച്ചുപൊട്ടിച്ചു കൊന്ന കാഴ്ച സംഗീതയിൽ നിറഞ്ഞു നിന്നത്. മാസങ്ങളോളം ആ കാഴ്ച ഉണങ്ങാത്ത മുറിവു പോലെ വിങ്ങിക്കൊണ്ടിരുന്നു. സ്വതവേ പ്രസന്നവതിയായ സംഗീതയിൽ മൗനത്തിന്റെ നിഴലാട്ടം കടന്നു കൂടിയത് ആ സംഭവത്തിനു ശേഷമായിരുന്നു. ഒറ്റയ്ക്കിരിക്കാനും ചിന്തിക്കാനും സമയത്തെ മെരുക്കിയെടുത്തു.
നിലനിന്നിരുന്ന ആവാസവ്യവസ്ഥ തകിടം മറിയുന്നതിനു കാരണമായ പ്രപഞ്ചത്തിലെ നേരുകള്‍ തലകീഴായതും കാരുണ്യം നഷ്ടപ്പെടുന്നതും, തനിച്ചാകുമ്പോള്‍ സംഗീത ചിന്തിച്ചുകൂട്ടി. പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന, ഭയമില്ലാതിരുന്ന കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍ എന്നാശിച്ചു. സ്വയം സ്വരുക്കൂട്ടിയെടുക്കുന്ന ഭയത്തെ ആത്മരക്ഷ എന്ന പേരില്‍ മറ്റൊന്നിനുമേല്‍ പ്രയോഗിക്കുന്നത് തികഞ്ഞ സ്വാര്‍ത്ഥതയാണ്.
തുലാവർഷവും കാലവർഷവും ഭൂമിക്കു മുകളിൽ തകര്‍ത്തുപെയ്തിരുന്ന ആദ്യ നാളുകളിൽ തളം കെട്ടിക്കിടന്ന പറമ്പുകളിലെ കലക്കവെള്ളത്തിൽ തവളകളും ചെറുജീവികളും തിമിർത്താടി മതി മറന്നിരിക്കുമ്പോൾ അറിയാതെ ചിലവയെല്ലാം പാമ്പുകളുടെ ഇരയായി തീരാറുണ്ട്. തവളകളുടെ മാക്രോം വിളികളും ചിവീടുകളുടെ കരച്ചിലും പോലുള്ള നാനാതരം ശബ്ദങ്ങൾ പ്രപഞ്ചത്തിൽ നേർത്തതോടെ ഒറ്റയും തറ്റയുമായി അവശേഷിക്കുന്നവയെ എവിടെയാണെങ്കിലും ഓടിച്ചിട്ടു പിടിച്ചു ഭക്ഷിക്കാൻ സ്ഥലവും കാലവും നോട്ടമില്ലെന്നായി. സംഗീത ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിട്ടു കൊണ്ടിരുന്നു.
ഒരു വേനല്‍ക്കാലത്ത്, ഈർപ്പമില്ലാത്ത മണ്ണിനു മുകളിൽ കത്തുന്ന വെയിൽ പുരയ്ക്കു ചുറ്റും ദാക്ഷിണ്യമില്ലാതെ ജ്വലിച്ചു നിന്ന ഒരുച്ച നേരത്ത് കുളി കഴിഞ്ഞ് മുറ്റത്ത് നിൽക്കുകയായിരുന്നു സംഗീത. തല ഒരു വശം ചരിച്ചു പിടിച്ച് മുടിയിഴകളിലെ നനവുകളിലൂടെ കൈവിരലുകളോടിച്ച് മുടിയുടെ ഇട വിടർത്തി കോതിയൊരുക്കുമ്പോഴായിരുന്നു ഒരു തവളയുടെ അന്തം വിട്ട കരച്ചിൽ കേട്ടത്. രണ്ടു ചാട്ടത്തിനു പുരയ്ക്കകത്തു കടന്ന തവളയ്ക്കു പുറകെ ശരവേഗത്തിലായിരുന്നു പാമ്പും ഓടിക്കയറിയത്. മറ്റു മുറികളുടെ വാതിലടഞ്ഞു കിടന്നതിനാൽ തവളയ്ക്കൊളിക്കാൻ സുരക്ഷിതസ്ഥാനം കിട്ടാതെ പുറത്തേക്കു തന്നെ തിരിച്ചു പോയി, പുറകെ പാമ്പും. തവളയുടെ പരാക്രമവും പാമ്പിന്റെ നിശ്ചയദാര്‍ഢ്യവും അല്പനേരം നോക്കിനിന്ന സംഗീത അവ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ അകത്തു കയറി പുറത്തേക്കു നോക്കിയിരുന്നു.
സംഗീത ഓർക്കുകയായിരുന്നു. ഭക്ഷണവും പാർപ്പിടവും സകല ജീവികൾക്കും പ്രധാനപ്പെട്ടതു തന്നെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നത് പോലെ ഭക്ഷണത്തിനു വിഘ്നം വന്നാൽ എവിടേയും അതിക്രമിച്ചു കടക്കാൻ ആരും പഠിപ്പിക്കേണ്ടതില്ല. മണ്ണിനടിയിലെ മാളങ്ങൾ തന്നെ ഇല്ലാതായിരിക്കുന്ന സാഹചര്യത്തിൽ ‘പാമ്പുകൾക്ക് മാളമുണ്ട്’ എന്ന പാട്ടിലെ വരികൾ തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. വിഷത്തിന് വിഷം ചികിത്സ എന്നാവുമ്പോൾ അതിക്രമിച്ചുള്ള ഇത്തരം കടന്നു കയറ്റങ്ങളെ തടയിടാൻ കടന്നു കയറ്റക്കാരെ തന്നെ കാവലേർപ്പെടുത്തുന്നതാണ് വഴി, അല്ലാതെ കൊല്ലലല്ല. എന്തിന്റെ പേരിലായാലും അതിനെ ന്യായികരിക്കാന്‍ വയ്യ.
അതേ തവള തന്നെ വീണ്ടും അകത്തേക്ക് ചാടിക്കയറി വന്നു. ഇത്തവണ ചാടിവീണിടത്തുനിന്നും തുടർന്നു ചാടാൻ അതിനു വയ്യാതായിരിക്കുന്നു. തവളയുടെ മരണത്തിനു മുന്നുള്ള ഏതാനും നിർണ്ണായക നിമിഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ രക്ഷപ്പെട്ടെന്ന ആശ്വാസത്തോടെ വീർത്തും ചുരുങ്ങിയും കിതച്ചുകൊണ്ടായിരിക്കാം; തളർന്നിരുന്നു. ഇത്ര സമയവും പാമ്പിൽ നിന്നുള്ള രക്ഷപ്പെടലിന്റെ ചെറുത്തു നില്പേല്പിച്ച ക്ഷീണം.
അതാ...പാമ്പും മുറ്റത്ത് നിൽക്കുന്നു. തവള അകത്തു കയറി എന്ന സംശയമോ, തന്റെ സാന്നിധ്യം മനസിലാക്കിയ ശങ്കയോ പാമ്പിനുണ്ടായിരുന്നതായി സംഗീതക്കു തോന്നി. അതിനെ അകത്തു കയറ്റാതിരിക്കാൻ വാതിലിനോടു ചേർന്നിരുന്ന് കാലുകൾ നീട്ടി വെച്ചു. സാരി വലിച്ചിട്ട് കാലിന്റെ പാദം മൂടി. സൂക്ഷ്മ നിരീക്ഷണം പാമ്പിനു സാദ്ധ്യമല്ലെന്നറിയാമായിരുന്നു. തറയിലെ ഘര്‍ഷണങ്ങളിലൂടേയും നാവു നീട്ടിയുള്ള ഘ്രാണത്തിലൂടേയും അതുപക്ഷെ സഹചര്യം വ്യക്തമായി മനസ്സിലാക്കും.
അനങ്ങാതിരുന്നപ്പോൾ പാമ്പ് പതിയെ അകത്തേക്കു കയറാൻ ശ്രമം തുടങ്ങി. നേരിയ ഭയം തോന്നിച്ചു. ഇറയത്തു കയറിയ പാമ്പ് തല ഉയർത്തി അകത്തേക്കു നോക്കിയതും തവളയെ കണ്ടതും സംഗീതയുടെ കാലിലൂടെ കയറി അകത്തു കടന്നതും തവളയെ പിടിച്ചതും ഞൊടിയിടയിലായിരുന്നു. തവളയുടെ ശുഷ്ക്കിച്ച കരച്ചിൽ പാമ്പിന്റെ വായിലൂടെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു.
കിട്ടാക്കനിയായ ഭക്ഷണം മാത്രമാണ് അതിനിപ്പോള്‍ ആവശ്യമെന്ന് സംഗീതക്ക് തോന്നി. പ്രകൃതി അതിനു നല്‍കിയ ന്യായമായ ഭക്ഷണത്തെ, തടസ്സപ്പെടുത്തുന്നത് തെറ്റാണ്. പ്രകൃതിവിരുദ്ധമായി പെരുമാറാന്‍ സംഗീതക്ക് കഴിയുന്നില്ല.
ഇനി ബഹളമുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി ദാരുണമായതിനെ തല്ലിക്കൊല്ലുന്നത് ഒരിക്കൽ കൂടി കാണാൻ ത്രാണിയില്ലാതെ എഴുന്നേറ്റ് അകത്തേക്കു മാറി നിന്നു. വലിയ തിടുക്കം കൂട്ടാതെ അതിഴഞ്ഞ് ചുമരരികു ചേർന്ന് വാതിൽക്കലെത്തി. തലയുയർത്തി ചരിഞ്ഞ് സംഗീതയെ നോക്കി. പുറത്തേക്കു പോകേണ്ടതിനു പകരം തല താഴ്ത്തി പതിയെ സംഗീതയുടെ നേർക്ക് മിനുസമുള്ള പ്രതലത്തിലൂടെ തെന്നിത്തെന്നി ഇഴഞ്ഞു. തെന്നിത്തെന്നിയുള്ള ഇഴച്ചിലിൽ വേഗത കൂടുതലെന്ന പ്രതീതി സൃഷ്ടിച്ചത് ഭയം ജനിപ്പിക്കാതിരുന്നില്ല.
രണ്ടും കല്പിച്ച് അവിടെ തന്നെ നിന്നു. കാലിനരുകിലെത്തിയ പാമ്പ് നാവു നീട്ടി മണപ്പിച്ചു. നേരത്തുവന്ന ഭയം പാമ്പിനോടുള്ള സ്നേഹത്തിന്റെ തോതുയര്‍ത്തി. തന്റെ മണം അതിനു പകരാനായി സംഗീത സാരിയല്പം ഉയർത്തി കണങ്കാലുകൾ വെളിയിലാക്കി. പാമ്പിന്റെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് അനങ്ങാതെ നിന്നു. ഇപ്പോള്‍ നേരിയ ഭയം പോലും അകന്നകന്നു പോകുന്നു. കാൽവിരലുകളിലെല്ലാം തല മുട്ടിച്ച് മണത്ത പാമ്പ് സാവധാനം കോണിച്ചോട്ടിലേക്കു കയറി ചുരുണ്ടു കൂടി.
കുട്ടിക്കാലത്തെ സർപ്പക്കാവും അടിച്ചുതെളിയും മനസ്സിലോടിയെത്തിയപ്പോൾ സ്റ്റോർ മുറിക്കകത്തു പോയി ഒരു ചാക്കെടുത്ത് പാമ്പിനരുകിലേക്ക് നീക്കിയിട്ടു കൊടുത്തു. കോണിച്ചോട്ടിലെ ചുമരിനോടു ചേർന്ന മൂലയിലായിരുന്നതിനാൽ മറ്റാരുടെയെങ്കിലും നോട്ടം അങ്ങോട്ടെത്തുമെന്ന പേടി വേണ്ട.
വാവ സുരേഷ്* പറഞ്ഞതുപോലെ ചവച്ചിറക്കലും കുടിയുമില്ലാതെ വിഴുങ്ങല്‍ മാത്രമായ പാമ്പിന്, എന്തു ഭക്ഷണം കൊടുക്കുമെന്ന സംശയം പിടികൂടി. പാലും നൂറും കൊടുക്കുന്നു എന്നല്ലാതെ അത് കഴിക്കുന്നതു കണ്ടവരാരും ഇല്ലാത്തതിനാല്‍ വാവ സുരേഷ് പറഞ്ഞതിനെ വിശ്വസിക്കാം. അങ്ങിനെയെങ്കില്‍ ജീവനില്ലാത്തവയെ ഭക്ഷിക്കുമെന്നു കരുതാനും വയ്യ. അതെന്തെങ്കിലുമാകട്ടെ....
മാസങ്ങളോളം പാമ്പ് ആ വീട്ടിൽ ഒരതിഥിയായിട്ടും സംഗീതയല്ലാതെ ഒരു കുഞ്ഞുപോലും അതറിഞ്ഞിരുന്നില്ല. ഭർത്താവിനെ അറിയിക്കാതെ കുറ്റബോധം കനത്തു വിങ്ങുമ്പോഴും അറിയിച്ചാലുണ്ടാകുന്ന തീരുമാനത്തെ ഭയന്ന് അടക്കിയിരുന്നു. അകത്തുവെച്ച് പാമ്പിനെ തല്ലിക്കൊന്നതിനു ശേഷമുണ്ടായ സംഗീതയുടെ മൗനം ഈയിടെയായി അവളെ വിട്ടൊഴിഞ്ഞത് അയാൾക്കനുഭവപ്പെട്ടിരുന്നു. അതൊരു സ്വാഭാവിക മാറ്റത്തിലുപരിയായി മറ്റെന്തെങ്കിലും ചിന്തിക്കാൻ അയാൾക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു.
വിഷപ്പാമ്പിനെ മെരുക്കിയെടുത്ത കഴിവിന്റെ അഭിമാനം മനസ്സിലങ്ങനെ തിക്കുമുട്ടിയപ്പോൾ സംഗീത ഭർത്താവിനു മുന്നിൽ വിഷയം അവതരിപ്പിച്ചു. ഇത്രയും നാൾ വലിയൊരു ഒളിച്ചുവെപ്പിന് സംഗീതക്കെങ്ങിനെ കഴിഞ്ഞുവെന്നയാൾ അത്ഭുതപ്പെട്ടു. വിശ്വാസം വരാത്ത സംശയഭാവം അയാളുടെ മുഖത്ത് പ്രകടമായി. വളര്‍ത്തു മൃഗത്തെപോലെ ഒരു പാമ്പിനെ വീടിനകത്തു പരിപാലിക്കുന്നതില്‍ അയാള്‍ അതൃപ്തി കാട്ടി. അവിസ്വസനീയതയും അമ്പരപ്പും അയാളെ കോപിഷ്ടനാക്കി. സംഗീത അയാളുടെ കൈ പിടിച്ചെഴുന്നേല്പിച്ച് കോണിച്ചോട്ടിലേക്കു കൊണ്ടുപോയി. ഭാര്യയുടെ സ്നേഹത്തിനു മുന്നില്‍ അയാള്‍ക്ക് അനുസരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കാല് തറയിലൂന്നാൽ പോലും അയാൾക്ക് ഭയം തോന്നി. കൊണിച്ചോട്ടിലെ വെളിച്ചത്തിന്റെ നേർപ്പ് ഭയം വർദ്ധിപ്പിച്ചു. സംഗീത കൈ നീട്ടി പാമ്പിനെ തൊട്ടു. അത് തല നീട്ടി പതിയെ പുറത്തു വന്നു. ഫണം വിടർത്തി ഉയർന്നു നിന്നു. അയാൾ ഭയന്ന് പുറകോട്ടു മാറി.
“പേടിക്കണ്ട...അതൊന്നും ചെയ്യില്ല.”
“മതിമതി..അതിനെ ഇപ്പോത്തന്നെ തല്ലിക്കൊന്ന് കളയണം."
“ഇതിനേം കൂടി തല്ലിക്കൊന്നാൽ വേറെ വരില്ലേ? പിന്നെ അതിനേം കൊല്ലണ്ടേ...? പിന്നേം....!”
“എന്നാ...കൊല്ലാനേതായാലും ഞാൻ പറയുന്നില്ല. പക്ഷെ വീടിനകത്തുനിന്ന് പുറത്താക്കിയേ തീരു. സൂക്ഷിക്കണം..വെഷപ്പാമ്പാ." ഇനി ഈ പാമ്പ് ഇത്രയും നാള്‍ അകത്തുണ്ടായത് കൊണ്ടായിരിക്കുമോ മറ്റു പാമ്പുകള്‍ കുറെ കാലാമായി വീടിനകത്ത് കയറാതിരുന്നതെന്ന സംശയമായിരുന്നു അയാളില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് കാരണമായത്.
പിറ്റേന്ന് സംഗീത കുളിക്കാൻ കയറിയ സമയത്തായിരുന്നു അയൽവീട്ടിലെ അമ്മുക്കുട്ടി കളിക്കാനെത്തിയത്. കുട്ടികൾക്ക് സംഗീതയേയും, സംഗീതക്ക് കുട്ടികളേയും വലിയ ഇഷ്ടമായിരുന്നു. സംഗീതച്ചേച്ചിയൊത്ത് കളിക്കുകയെന്നതാണ് കുട്ടികളുടെ പ്രിയ വിനോദം, മറിച്ചും.
”അമ്മുക്കുട്ടി നേരത്തേ വന്നോ?“ കുളിമുറിയിൽ നിന്ന് സംഗീത വിളിച്ചു ചോദിച്ചു.
”ചേച്ചി കുളിയ്ക്കാൻ നേരം വൈകിയതാ“
”മോളവിടെ നിക്ക്. ചേച്ചിയിപ്പൊ വരാം“
അമ്മുക്കുട്ടിപ്പിന്നെ പുറത്തേക്കിഴഞ്ഞു പോകുന്ന പാമ്പിനെ കണ്ട് ഒച്ച വെച്ചതും, അമ്മുക്കുട്ടിയുടെ അനക്കം കേട്ട് പാമ്പ് തിരികെ വന്ന് കോണിച്ചോട്ടിൽ കയറിയതും, ഭയന്നു വിറച്ച് അമ്മുക്കുട്ടി കാറിക്കാറി കരഞ്ഞതും വെള്ളം തുറന്ന് ധൃതിവെച്ച് കുളിക്കുന്നതിനിടയിൽ സംഗീത കേൾക്കുന്നുണ്ടായിരുന്നില്ല. പാമ്പെന്ന ശബ്ദം വ്യക്തമല്ലാതെ കേള്‍ക്കുന്നതായി തോന്നിയതിനാൽ വെള്ളം ഓഫാക്കി പുറത്തേക്കു ശ്രദ്ധിച്ചു. പുറത്ത് ആരുടെയൊക്കെയോ തിരക്കു പിടിച്ച സംസാരങ്ങളും വടിയെടുക്കെന്ന ആജ്ഞകളും കേട്ടതോടെ ചങ്കിനകത്ത് കൊള്ളിയാൻ മിന്നി. കയ്യിൽ തടഞ്ഞതെടുത്ത് വാരിച്ചുറ്റി പെട്ടെന്ന് കുളിമുറിക്കു പുറത്തിറങ്ങി. പിന്നെ കോണിച്ചോട്ടിലേക്കൊരോട്ടമായിരുന്നു.
പാമ്പിനെ അടിക്കാന്‍ കൈപ്പാങ്ങ് നോക്കിനിന്ന കോണിച്ചോട്ടിലുള്ളവരെ സംഗീത തള്ളിമാറ്റി.
“അതിനെ കൊല്ലണ്ട!” കുളി മുഴുവിക്കാതെ ഈറനോടെയെത്തിയ സംഗീതയുടെ ഉന്മാദാവസ്ഥയിലായിരുന്ന വാക്കുകൾ കേട്ട് എല്ലാവരും സ്തബ്ധരായി. സംഗീതയുടെ ഭാവം കണ്ടവർ പുറകോട്ടു മാറി.
കുനിഞ്ഞിരുന്ന് കോണിച്ചോട്ടിലേക്കു കയ്യിട്ട് സംഗീത പാമ്പിനെ പിടിച്ചു. സാമാന്യം ഭേദപ്പെട്ടൊരു മൂർഖൻ കയ്യിൽ ചുറ്റിവരിഞ്ഞ് പത്തി വിടർത്തി നിന്നു. അത്ഭുതവും ഭയവും കലർന്നെല്ലാരും പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
“അത് വെറും പാമ്പല്ല....സർപ്പമാണ് സർപ്പം...” കൂട്ടത്തിൽ പ്രായം കൂടിയൊരു മുത്തശ്ശി പറഞ്ഞു. പലരിലും ഭക്തിയുടെ പ്രകാശം പൊഴിയാൻ തുടങ്ങി. ചിലർ അറിയാതെ കൈകൂപ്പി വണങ്ങി നിന്നു.
“അവള് പറഞ്ഞതാ ശെരി. കൊല്ലണ്ട. അവള്‌ടെ മൊകം കണ്ടൊ ചൊമന്നത്...? സർപ്പസുന്ദരിയാ അവള്...” മുത്തശ്ശി തുടർന്നു.
‘ഈ തള്ള്യ്ക്ക് പ്രാന്താ..എവിട്യാ അവൾടെ മൊകം ചൊമന്നേ?’ എന്നു പറഞ്ഞ് കയ്യിലിരുന്ന വടി ദൂരേക്ക് വലിച്ചെറിഞ്ഞ് പാമ്പിനെക്കൊല്ലൽ വിദഗ്ദൻ നിരാശയോടെ നടന്നു നീങ്ങി.
മനസ്സിൽ ഊറിക്കൂടിയ ചിരി പുറത്തേക്കു ചാടാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് സംഗീത പാമ്പിനെയുമെടുത്ത് അകത്തേക്കു തിരിച്ചു നടന്നു.
-----------------
*വാവ സുരേഷ്:- പാമ്പുകളെ സ്നേഹിക്കുന്ന അവയെ ഉപദ്രവിക്കാതെ
പിടികൂടി ഒഴിവാക്കിത്തരുന്ന കേരളത്തിലിന്ന് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന വ്യക്തി.