1/8/14

ഗര്‍ഭജാഥകള്‍

                                                                                                                                       01/08/2014        
അവിഹിതഗർഭം എന്നു കേട്ടാൽ സാധാരണ ഒരു പുളകമൊക്കെ തോന്നാറുള്ളതാണ്‌. ഗർഭസ്വീകരണത്തിന്‌ നിദാനമായ കാരണങ്ങളന്വേഷിച്ചും സ്വീകരണസമയത്ത് അവരിൽ സംഭവിക്കുന്ന തരളിതമായ ഭാവചലങ്ങളുടെ ഭാവന ആവാഹിച്ചെടുത്തും സംഭവിക്കുന്ന പുളകം. വന്നുവന്ന്, കേട്ടുകേട്ട് ഇപ്പോഴത് പുളകം പോയിട്ട് ഒരു സംഭവമേ അല്ലാതായി.

ഇത്തരം ഗർഭങ്ങളിൽ പോലും സവർണ്ണനും അവർണ്ണനും ആകുന്നതിനനുസരിച്ച് അതിന്റെ പരസ്യ വിസ്തീർണ്ണത്തിലും ആരോഹണാവരോഹണക്രമങ്ങൾ താളം പിടിച്ചിരുന്നു.

ഇവിടെയിപ്പോൾ ഒരു പുലയപ്പെണ്ണിന്റെ അവിഹിത ഗർഭമാണ്‌ ചർച്ചയായത്. വിഹിതമാണൊ അവിഹിതമാണൊ എന്നൊക്കെ തീരുമാനിക്കുന്നത് നാട്ടുനടപ്പാണ്‌. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല, ഗർഭം ധരിച്ചവൾക്കും ധരിപ്പിക്കുന്നവനുപോലും...! അതുകൊണ്ട് അവിഹിതം കളഞ്ഞ് വെറും ഗർഭമാക്കുകയാണിവിടെ.

വാസന്തിയെന്ന പുലയപ്പെണ്ണിന്റെ ഗർഭം പത്തരമാറ്റൊന്നുമല്ല. നായര്‌ചെക്കന്റെ ബീജവും പുലയപ്പെണ്ണിന്റെ അണ്ഡവും സംയോജിച്ചതിനെ പൂർണ്ണമായും പുലയഗർഭമെന്ന് പറയാൻ കഴിയില്ലല്ലൊ. വേണമെങ്കിൽ നായര്‌-പുലയ ഗർഭമെന്ന് പറയാം. വാർത്തക്ക് പഴയ പുളകമൊന്നുമില്ലെങ്കിലും ഗർഭകാരണമന്വേഷിക്കാനും പെണ്ണിന്റെ പൂർവ്വ ചരിത്രം മെനഞ്ഞെടുക്കാനും ഇപ്പോഴും രസം തന്നെയാണ്‌. കൂടുതൽ വിദ്യാഭ്യാസം നേടിയ ഹരിജൻ പെൺകുട്ടിയാണെങ്കിൽ രസം ഒന്നുകൂടി വർദ്ധിക്കും. നട്ടുനടപ്പിന്റെ അസൂയയേയും അടിച്ചമർത്തലിനേയും ശക്തിയാർജ്ജിപ്പിക്കാൻ സിവിൽ എഞ്ചിനിയർ പെലിച്ചിപ്പെണ്ണിന്‌ പള്ളേലായി എന്നു പറഞ്ഞാൽ....കൊള്ളാം.

വാസന്തിയുടെ പൂർവ്വ ചരിത്രം അപ്പോഴേക്കും ഒന്നിനു പുറകെ മറ്റൊന്നായി മിച്ചഭൂമി കോളനിയിലെ ഇടവഴികളിലും പഞ്ചായത്ത് കിണറിന്റെ ചുവരെഴുത്തുകളിലും നിറം തെളിഞ്ഞു. വാസന്തിയുടെ ആദ്യ ഗർഭമായിരുന്നില്ല ഈ സങ്കര ജാതി ഗർഭമെന്നതാണ്‌ ഒന്നാമത്തെ ന്യൂസ്. നസ്രാണിഗർഭവും മാപ്ളഗർഭവും നമ്പൂരിഗർഭവുമെല്ലാം ഇതിനുമുൻപ് പൂപോലെ വാസന്തി നുള്ളിക്കളഞ്ഞിട്ടുണ്ടത്രെ. പോലീസുകാർ ചവ്ട്ടിക്കലക്കിയ ഗർഭം വേറെയും.. എത്ര വേഗമാണ്‌ ഗർഭജാഥകൾ കോളനി ഉഴുതു മറിച്ചിട്ടത്. പ്രായോഗികതയേക്കാൾ പ്രയോഗത്തിൽ വരുന്നത് ഭാവനകളാണ്‌... എളുപ്പവും... ശക്തവും..!

സ്വജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്‌ വാസന്തിയുടെ അച്ഛൻ നാരായണൻ. ജാതിയുമായി പുലബന്ധം പോലുമില്ലാത്ത പേര്‌. ജാതിയുടെ തലപ്പത്തിരിക്കുന്നവനാകുമ്പോൾ പേരിനും ഒരു എടുപ്പൊക്കെ വേണം. കറുത്ത് കറുത്ത് കരിവീട്ടിയുടെ നിറമാണ്‌. പൊണ്ണത്തടി. കുംഭവയർ. ഉയരം കുറവ്. അലക്കിത്തേച്ച ഖദർ മുണ്ടും ജുബ്ബയും. കരിവീട്ടി, തൂവെള്ള തുണികൾ കൂടി അണിയുമ്പോൾ പ്രത്യേക കാഴ്ചയാണ്‌. മൂക്കിന്റെ ഇടതുഭാഗത്തായി കറുത്ത അരിമ്പാറ കൂടിയായപ്പോൾ പറയേം വേണ്ട.

അടുത്ത കാലങ്ങളിലായാണ്‌ ശരീരം ഇമ്മാതിരി പരുവപ്പെട്ടത്. പന്നിമലത്തും കള്ളുകുടിയുമായി നടന്ന ചെറുപ്പകാലത്ത് ഒരെലുമ്പൻ. അന്ന് നാരായണൻ മാക്കോതയായിരുന്നു. വെറും മാക്കോതയല്ല, അട്ട മാക്കോത. പന്നിമലത്തുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...കള്ള് കുടിക്കുമ്പോഴും അട്ടയെപ്പോലെ കടിച്ചുപിടിച്ച്...എന്നുവേണ്ട എല്ലാത്തിലും മാക്കോത അട്ട തന്നെ. ചോര ഊറ്റിയെടുത്തിട്ടേ കടി വിടു. അട്ട മാക്കോത കെട്ടിയത് കാർത്തുവിനെ. കാർത്തുവും അന്നൊരു മൊതലായിരുന്നു, വായാടിയും. കാർത്തുവിന്റെ നാക്കായിരുന്നു മാക്കോതയുടെ ശക്തി വർദ്ധിപ്പിച്ചത്. ആരോടും തുറന്നടിച്ച് എന്തും പറയാൻ കാർത്തുവിന്‌ ലൈസൻസ് വേണ്ടായിരുന്നു. രണ്ടുപേരും നല്ല കമ്മ്യൂണിസ്റ്റുകാരും.

ഇല്ലായ്മയായിരുന്നു കമ്മ്യൂണിസത്തിൽ അവരെ ആകൃഷ്ടയാക്കിയത്. പാരമ്പര്യമായിട്ടും അത്തരം സമീപനം നിലനിന്നിരുന്നു എന്നും കൂട്ടിക്കോളു.

മിച്ചഭൂമി സമരമൊക്കെ സ്വന്തം അവകാശം പിടിച്ചുവാങ്ങുന്ന തർക്കമായി മാക്കോതയുടെ കൂടെക്കൂടി. പൊലീസിന്റെ അടി കിട്ടുമ്പോഴൊക്കെ ചെരങ്ങൻ തവളയെപ്പോലെ ശ്വാസം പിടിച്ച് വീർത്ത് നിന്നു. തക്കം കിട്ടുമ്പോൾ ഇരക്കുമേൽ ചാടിവീഴാൻ കാത്തു നിൽക്കുന്ന സിംഹത്തെപ്പോലെ മാക്കോത മാറി.

അന്നത്തെ സമരം വിജയിച്ചു. പുല്ലാനിവളപ്പിൽ തൊമ്മി മുതലാളിയുടെ കണ്ണായ മണ്ണ്‌ പത്ത് സെന്റ് വീതം പകുത്ത് കിട്ടിയപ്പോൾ മാക്കോതക്കും കാർത്തുവിനും സ്വന്തമായി ഭൂമിയായി. പത്ത് സെന്റിന്റെ അവകാശികൾ.

ശേഷിക്കുന്നവർക്കും ഭൂമിയെന്ന സമരവുമായി പാർട്ടി മുന്നേറിക്കൊണ്ടിരുന്നു. മാക്കോതയുടെ ആവശ്യം പത്തു സെന്റിൽ ഇനിയോരു വീടാണ്‌. മറ്റുള്ളവർക്കുകൂടി ഭൂമി വാങ്ങിക്കൊടുക്കാൻ സമരം ചെയ്യാനിറങ്ങി നടന്നിട്ട് കാര്യമില്ലെന്ന് മാക്കോതക്ക് തോന്നാൻ തുടങ്ങി. അട്ട പതിയെ കടി ലൂസാക്കാൻ തുടങ്ങി. പുതുരക്തം തേടി മാക്കോത ഭൂതകാല കടി വിട്ടു. ഭരണമുന്നണിയിലെ ഒരു ചെറുപാർട്ടിയെ സാവധാനത്തിൽ കടിക്കാൻ തുടങ്ങി. കടി മുറുകിയപ്പോൾ തൊമ്മി മുതലാളിയുടെ ഒരു പത്തു സെന്റിൽ കണ്ണായ മണ്ണിൽ എണ്ണം പറഞ്ഞൊരു കൊച്ചു ടെറസ് വീട് മാക്കോതക്കും കാർത്തുവിനും സ്വന്തം.

കറുത്ത് കരഞ്ഞ വാസന്തിയെ കടിഞ്ഞൂൽ പ്രസവത്തിൽ കാർത്തു പെറ്റിട്ടത് ടെറസ് വീട്ടിൽ. വാസന്തി വളർന്ന് ബ്ലാക്ക് ബ്യൂട്ടിയായി. അച്ഛന്റെ കുരുട്ടു ബുദ്ധിയും അമ്മയുടെ വായാടിത്തവും ഇഴ പിരിഞ്ഞ വാസന്തി ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് മിച്ചഭൂമി കോളനിയിൽ നട്ടുച്ച പോലെ തെളിഞ്ഞു. ഇതിനിടയിൽ പഴയ കടികൾ ഉപേക്ഷിച്ചും പുതിയതിനെ കടിച്ചുപിടിച്ചും അട്ട ചീർത്തുകൊണ്ടിരുന്നു.

സംവരണാനുകൂല്യങ്ങൾ കുത്തിയൊഴുകി മാക്കോതയുടെ പത്ത് സെന്റ് നിറഞ്ഞു കിടന്നു. വാസന്തി ഒന്നാം ക്ലാസ്സോടെ പത്താം തരം പാസ്സായപ്പോൾ മാക്കോതയും കനം വെച്ച് തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് ഒരു പോക്കായിരുന്നു മാക്കോതയുടെ തടി. അട്ട എന്നൊ മാക്കോത എന്നൊ വിളിക്കാൻ കോളനിക്കാർ ഭയപ്പെട്ടുതുടങ്ങി. മാക്കോതക്കും, ഹരിജൻ പേരായി തുടരുന്ന മാക്കോതയെ വെറുപ്പ് തോന്നാൻ തുടങ്ങി. അവിടെയാണ്‌ അട്ട മാക്കോത മരിക്കുന്നതും നാരായണൻ പിറവി കൊള്ളുന്നതും.

പയ്യെപ്പയ്യെയല്ല, പെട്ടെന്നാണ്‌ നാരായണൻ സ്വന്തം സമുദായത്തിന്റെ മേലേക്ക് ചാടിക്കയറിയത്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെയാണ്‌ അപ്പോൾ അട്ട കടിച്ചിരുന്നത്. ഹരിജനങ്ങൾക്ക് നാരയണൻ അങ്ങുന്നായി സാറായി മൊതലാളിയായി...പിന്നെ എമ്മെല്ലെയായി മന്ത്രിയായി. സ്വത്തുവകകൾ കുന്നുകൂടി.

സിവിൽ എഞ്ചിനിയറിങ്ങ് പാസ്സായ വാസന്തി സർക്കാരിൽ എഞ്ചിനിയറാകാനായി ശ്രമം ആരംഭിച്ച സമയത്താണ്‌ തൂക്കുമന്ത്രിസഭയിൽ നിന്ന് നാരായണൻ രാജി വെക്കുന്നത്. ആദ്യത്തെ ലാവണമായ കമ്മ്യൂണിസ്റ്റുകാരാണ്‌ രാജിക്കു പിന്നിലെന്ന് ഒരു ശ്രുതിയുണ്ട്. ഒരാളെ ഇപ്പുറത്തേക്കു കിട്ടിയാൽ മതി മന്ത്രിസഭ താഴെ വീഴുമെന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്‌. അതുകൊണ്ട് ചിലപ്പോൾ സംഗതി ശരിയാകാനും വഴിയുണ്ട്. ഒരു മനുഷ്യായുസ്സിനകത്ത് നേടേണ്ടതെല്ലാം നേടിയ നാരായണന്‌ സ്വന്തം നാട്ടിലൊരു സൽപ്പേര്‌ മെരുക്കിയെടുക്കാൻ കമ്മ്യൂണിസ്സം തന്നെയാണ്‌ നല്ലതെന്നു തീരുമാനിച്ചതാണെന്നും കിംവദന്തിയുണ്ട്. രണ്ടായാലും നാരായണൻ രാജി വെച്ചു.

വെറുതെ രാജിവെച്ചതുകൊണ്ടായില്ല. ആദ്യം പാർട്ടി മാറിയതിൽ പഴയ കമ്മ്യൂണിസ്റ്റുകാർക്കുള്ള വൈരാഗ്യവും പുതുതലമുറയിലെ യുവാക്കൾക്കുള്ള പുച്ഛവും അവസാനിപ്പിക്കാതെ അതിനകത്തേക്കുള്ള പ്രവേശനം എളുപ്പമല്ലെന്ന് നാരായണന്‌ നല്ല ബോധ്യമുണ്ട്. തന്ത്രങ്ങൾ ഒന്നും ലഭിക്കാതെ രാവും പകലും ഒന്നാക്കി പാദം വരെ വളർന്നു കിടന്ന വെരിക്കോസിന്റെ വേരു പടലങ്ങളിൽ തലോടിക്കൊണ്ടിരുന്നു.

ഒരു ദിവസം കാലത്തുതന്നെ ടെറസ്സിനകത്തെ വാഷ്ബെയ്സിനിൽ വാസന്തി വളഞ്ഞുകുത്തി ഛർദ്ദിക്കുന്നത് കാർത്തു കണ്ടെത്തിയ വിവരം നാരായണനെ അറിയിക്കുന്നത് ആയിടക്കാണ്‌. ഐഡിയാ...നാരായണൻ മനസ്സിൽ പറഞ്ഞു. നായര്‌ചെക്കനാണെന്നും മറ്റാരും അറിഞ്ഞിട്ടില്ലെന്നുമൊക്കെ നിസ്സാരമായി മോള്‌ പറഞ്ഞെന്നും കാർത്തു നാരായണനെ ധരിപ്പിച്ചു. നന്നായൊന്ന് കടിക്കാൻ കിട്ടിയ അവസരം അട്ടയുണ്ടോ വേണ്ടെന്നു വെക്കുന്നു? അതിനിപ്പോൾ മോളാണ്‌ എന്നതൊന്നും വലിയ തടസ്സമല്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടാൻ വഴിയില്ലെന്ന് നാരായണൻ കണക്കു കൂട്ടി. നായര്‌ചെക്കൻ പുലയപ്പെണ്ണിനെ പെഴപ്പിച്ചു. സംഗതി നിസ്സാരമല്ല. ഹരിജനങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സംഭവമാണ്‌. ഒന്നു കൊഴുപ്പിച്ചാൽ സംഗതി ഏറ്റതുതന്നെ. പാർട്ടി പ്രവേശനം എളുപ്പം. വാസന്തി അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ലെന്ന് നാരായണന്‌ നന്നായറിയാം.

കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങൾ സാധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് നാരായണൻ പഠിച്ചിരിക്കുന്നു. ചിലപ്പോൾ അതിനുവേണ്ടി തമ്മിൽ തമ്മിൽ ചതിക്കേണ്ടി വരും. പൂച്ചയെപ്പോലെ കണ്ണടച്ച് കക്കും. എല്ലാവരേയും ചതിക്കും. ഭാര്യയെ മക്കളെ ഒക്കെ.

അനുസരണകൊണ്ട് അടിമകളായ സ്വന്തം സമുദായത്തിലെ വിശ്വസ്തരായ തീവ്രാനുഭാവികളെ നാരായണൻ കാര്യം ധരിപ്പിച്ചു. അധികവും സ്ത്രീകളടങ്ങുന്ന ഇരുപതംഗ സംഘത്തെ ചട്ടം കെട്ടി. കാർത്തുവിനും വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു. പഴഞ്ചൻ ഏർപ്പാടാണെങ്കിലും പെട്ടെന്ന് രക്തം തിളപ്പിക്കാൻ ഇതൊക്കെയാണ്‌ ഇപ്പോഴും നല്ല മാർഗ്ഗം.

പിറ്റേന്ന് കാലത്ത് വാസന്തി കെട്ടിയൊരുങ്ങി പുറത്തിറങ്ങി. വാസന്തി ബസ്സ് കയറി പോയെന്ന് ഉറപ്പു വരുത്തിയ കാർത്തുവും സംഘവും ഒരു ജാഥ പോലെ യാത്രയായി. നാരായണന്റെ നിർദ്ദേശപ്രകാരം കാർത്തു പോകുന്ന പോക്കിൽ സംഭവം വിളമ്പി. കേൾക്കുന്നവർ കേൾക്കുന്നവർ പ്രത്യേക ഉന്മേഷത്തോടെ ജാഥക്കൊപ്പം കൂടി.

അപ്രതീക്ഷിതമായി നായരുടെ വീട്ടുപടിക്കലെ സമരം കണ്ട് ജനം അത്ഭുതംകൂറി എത്തി നോക്കി.

“പെലിച്ച്യായാലും നായര്‌ച്ച്യായാലും കുണ്ടാണം കുണ്ടാണം തന്ന്യാടി വെള്ളച്ചി” വായിലെ മുറുക്കാനും തുപ്പലും പുറത്തേക്ക് ചിതറിപ്പിച്ച് കാർത്തു ഭദ്രകാളിയായി. രണ്ടും കല്പിച്ചാണ്‌. നാരായണന്‌ ഒത്ത പെണ്ണ്‌.

ഇനിയും പോരട്ടെ എന്ന ആഗ്രഹത്തോടെ പെണ്ണിന്റെ വായിൽ നിന്നു വീണ തെറി ആസ്വദിച്ച ജനക്കൂട്ടം ‘ഛെ..ഛെ..’ എന്ന് പ്രദർശിപ്പിച്ചു.

“വെള്‌ത്ത ചെക്കനെ കണ്ട് കറമ്പി മലന്ന് കെടന്ന് സുകിച്ചപ്പൊ ഓർത്തില്ലേടി ചെള്‌ക്കെ ഇങ്ങ്ന്യൊക്കെ വരുംന്ന്” ജനത്തിന്റെ ആഗ്രഹ സഫലീകരണമെന്നോണം നായര്‌ചെക്കന്റെ അമ്മ മുണ്ടല്പം തെരുത്ത് കേറ്റി തണ്ടല്‌ മുന്നിലേക്കുന്തിച്ച് ഒന്നാട്ടിക്കാണിച്ച് നീട്ടിത്തുപ്പി.

സംഭവം അത്ര രഹസ്യമല്ലെന്ന് ജനത്തിന്‌ പിടികിട്ടി. നേരത്തെ അറിയാൻ കഴിഞ്ഞില്ലല്ലൊ എന്നൊരു പ്രയാസമെ അവർക്കുള്ളു.

രാഷ്ട്രീയകാർ ഇടപെട്ട് ഒതുക്കാനും പടർത്താനും പ്രയത്നം തുടങ്ങി. പെണ്ണിനോടും ചെറുക്കനോടും ചോദിച്ച് തീരുമാനിക്കാമെന്ന പൊതുജനാഭിപ്രായം സ്വീകരിക്കാതെ തരമില്ലെന്നായി. സമദൂരസമുദായ സംഘടനയും ദൂരമേതുമില്ലാത്ത സംഘടനയും തണുത്തു. തൽക്കാലം അന്നത്തെ ഭരണിപ്പാട്ടിന്‌ അറുതിയായി. ജാഥ പിൻവാങ്ങി.

തിരിച്ചുപോകുന്ന ജാഥാംഗങ്ങളും ബസ്സിറങ്ങി വരുന്ന നായര്‌ചെക്കനും കോളനിക്കടുത്ത റോഡിൽ നേർക്കുനേർ കണ്ടുമുട്ടി. ജാഥാംഗങ്ങളുടെ രക്തം തിളച്ചു. സംഭവം മനസ്സിലാകാതെ പകച്ചു നിന്ന അവനെ പിടിച്ച് റോഡ് സൈഡിലുള്ള പോസ്റ്റിൽ കെട്ടിയിട്ടു. ചിലർ അവന്റെ പാന്റടക്കം ലിംഗത്തെ മുറുകെപ്പിടിച്ച് ഞെരിക്കുകയും തിരിക്കുകയും ചെയ്തു. പള്ളക്ക് കുത്തി രസിച്ചു. തലയിൽ ഞോണ്ടി പ്രകോപിപ്പിച്ചുകൊണ്ടിരുന്നു.

അവനും വാസന്തിയും ഒരേ ബസ്സിലാണ്‌ വന്നിറങ്ങിയത്. കോളനി പരിസരത്ത് ഇത്തരം സംഭവം നടക്കുന്നതായി ഇരുവർക്കും അറിയില്ലായിരുന്നു. വാസന്തി കോളനിക്കകത്തേക്ക് നടക്കുന്നതിനിടയിലാണ്‌ സംഭവത്തെക്കുറിച്ചറിയുന്നത്. അവനെ പിടിച്ചുകെട്ടി മർദ്ദിക്കുന്നുവെന്ന് അറിഞ്ഞ വാസന്തി തിരിച്ച് റോഡിലേക്കോടി. അവളുടെ വ്യക്തി ജീവിതത്തിൽ നാരായണന്റെ ജൈവ സംജ്ഞകൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിലെത്തിയ വാസന്തി അവന്റെ കെട്ടുകളഴിച്ച് പോസ്റ്റിൽനിന്ന് സ്വതന്ത്രനാക്കി. തല്ലുകൊണ്ട ക്ഷീണം അവന്റെ മുഖത്ത് പ്രകടമായിരുന്നു.

“ഇത്തരം ഞരമ്പ് രോഗികളെ വെറുതെ വിടരുത് മോളെ.” ആൾക്കൂട്ടം.

“ഞാനൊന്ന് ഛർദ്ദിച്ചുവെന്നത് നേരാ. അതിനാ കാലത്ത് തന്നെ ആസ്പത്രീ പോയെ. മരുന്നും കഴിച്ചു. ഇപ്പൊ ഛർദ്ദീം മാറി. പിന്നെ നിങ്ങൾക്കെന്താ കൊഴപ്പം?” വാസന്തി അവന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തോടായി പറഞ്ഞു.