7/3/14

സൂക്ഷ്മപ്പെരുപ്പ്

                                                                                                                                   7/3/2014


അബോധം പിടിവിട്ട ചിന്തപക്ഷെ, പരിപൂർണ്ണ ബോധത്തിൽ എത്തിയിരുന്നില്ല.

ചിന്ത, ശേഷിയില്ലാത്ത തലയനക്കി നോക്കി. ജനിച്ചുവീണതു പോലുള്ള തന്റെ നഗ്നമേനി നിഴൽച്ചിത്രം കണക്കെ നയനങ്ങളെ ദ്രോഹിച്ചു. ആരുമില്ല, ഒറ്റക്കാണ്‌.

കാട്ടുമുളകളും വളവേതുമില്ലാത്ത മരങ്ങളും കാട്ടുവള്ളികളാൽ മനോഹരമായി കെട്ടിയൊരുക്കിയ മേൽക്കൂരയ്ക്കു കീഴെ താൻ മലർന്നു കിടക്കയാണ്‌, അർദ്ധബോധത്തിൽ. മേൽക്കൂരയ്ക്കു മുകളിൽ ഒതുക്കത്തോടെ പാകിയ ഉണങ്ങിയ ഈറ്റയിലകൾ തളത്തിനകത്ത് നേർത്ത കുളിർമ്മ വാരിയിട്ടു. കിടന്നകിടപ്പിൽ ചുറ്റും കണ്ണോടിച്ചു. ഒരു ഗൃഹാന്തരീക്ഷത്തിന്‌ അനുയോജ്യമായ ചമയങ്ങളെല്ലാം തളത്തിനകത്തുണ്ട്. പ്രത്യേക മുറികളില്ലെന്നതൊഴിച്ചാൽ തളം കലാപരമായിത്തന്നെ രൂപകല്പന ചെയ്തിരിക്കുന്നു, സജ്ജീകരിച്ചിരിക്കുന്നു. മുളയൊ മരമൊ ഇലകളൊ മാത്രം ഉപയോഗിച്ചു നിർമ്മിച്ചവയായിരുന്നു മുഴുവൻ ഗൃഹോപകരണങ്ങളും. എതിർവശത്തെ മുളഞ്ചുവരിനോടു ചേർന്ന് രണ്ടു കട്ടിലുകൾ. കാട്ടുമുളകൾ മിനുസപ്പെടുത്തി കാട്ടുവള്ളികളാൽ വരിഞ്ഞു മുറുക്കിയ കൈവിരുതിന്റെ ശേലായിരുന്നു കട്ടിലുകൾ.

ചിന്ത, തന്റെ കട്ടിലിലേക്കു നോക്കി. മനുഷ്യശരീരങ്ങൾ മിനുസ്സപ്പെടുത്തിയ മുളന്തണ്ടുകളിലൂടെ വിരലുകളോടിച്ചു. അറിയാതൊരു കുളിരിൽ സ്ഥലകാലബോധം വീണ്ടെടുക്കാനുള്ള ശ്രമം നടത്തി. എഴുന്നേൽക്കണമെന്നുണ്ട്. സാധിക്കുന്നില്ല. തന്റെയീ ഒഴുക്കൻ ശരീരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകുമൊ എന്ന സ്ത്രീസഹജമായ ഉൾക്കണ്ഠയും ഭയവും, പരിഭ്രമം സൃഷ്ടിച്ചു.

എന്തിനിത്ര പരിഭ്രമം...?

തന്റെ കൂട്ടുകാരിയാണല്ലൊ ശ്രുതി? ഭൂലോകത്തിലെ സകല വിഷയങ്ങളും തമ്മിൽ സംസാരിച്ചിരുന്നതല്ലേ? പിന്നെന്തിനാണ്‌ അവളുടെ ശരീരത്തിലേക്ക് അവൾ കാണാതെ ശ്രദ്ധിയ്ക്കാനും വെമ്പൽ പൂണ്ട് ഒളിഞ്ഞു നോക്കാനും മുതിർന്നത്? എപ്പോഴെങ്കിലും താനതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രണ്ടു പെൺശരീരങ്ങൾ. ഒന്ന് മറ്റൊന്നിനെ ഒളിഞ്ഞു നോക്കുക. ഉത്തരമില്ലാതാകുന്ന ഇത്തരം നോട്ടങ്ങൾക്കായിരിക്കുമൊ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങൾ എന്നൊക്കെ പറയുന്നത്....ഒളിപ്പിച്ചു വെക്കുന്നതിനെ ഒളിഞ്ഞു നോക്കുന്ന ഞാനൊന്നും അറിഞ്ഞില്ലെന്ന നിസ്സംഗ ഭാവത്തിന്റെ പൊരുൾ....അവളും തന്നെ ഒളിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കണം. മോശം...! വസ്ത്രങ്ങൾക്കിടയിലൂടെ കള്ളനോട്ടത്തിനുള്ള കുഞ്ഞിക്കൊതി. ഹേയ്...അതൊക്കെ വെറുതെയിവിടെ വാരിവലിച്ചിടണ്ട! പുരുഷന്മാരെയൊന്നും താനങ്ങനെ ഒളിഞ്ഞു നോക്കാറില്ലല്ലോ, നോക്കാൻ തോന്നാറുമില്ല. അല്പവസ്ത്രം ധരിച്ച് പണിയ്ക്കു വരുന്ന പുരുഷന്മാരെ സ്ഥിരമായി കാണുന്നതിനാലായിരിക്കുമൊ അവരെ ഒളിഞ്ഞു നോക്കാൻ തോന്നാത്തത്? താനെന്തിന്‌ വേണ്ടാത്തതൊക്കെ ചിന്തിക്കണം? ചിലപ്പോൾ അങ്ങിനെയൊക്കെ നോക്കിയെന്നിരിക്കും. അത്രയേ തനിക്കറിയാമ്പറ്റു.

മൃഗത്തിന്റേയോ മരത്തിന്റേയോ തോലുകൊണ്ടുള്ളൊരു തൊട്ടിലിൽ ശാന്തമായുറങ്ങുന്ന ഒരു കൊച്ചല്ലാതെ തളത്തിനുള്ളിൽ മറ്റാരേയും കണ്ടില്ലെന്നുള്ളത് പരിഭ്രമത്തിന്റെ തോത് കുറച്ചു. ഒരു തുണിയ്ക്കുവേണ്ടി കണ്ണുകൾ വിശന്നു പാഞ്ഞു. തുണിക്കഷ്ണം പോയിട്ട് ഒരുതരി നൂലുപോലും അവിടെയെങ്ങും കണ്ടെത്താനായില്ല.

തനിക്ക് ബോധം നശിക്കുന്നതിനു മുൻപ് വസ്ത്രങ്ങളുണ്ടായിരുന്നു. അബോധാവസ്ഥയിലാതിനുശേഷം അഴിച്ചു മാറ്റിയതായിരിക്കാം. അപ്പോൾ ബോധത്തിനും അബോധത്തിനും ഇടയിലുള്ള സമയം എന്തായിരിക്കും സംഭവിച്ചിരിക്കുക? അവ്യക്തമായ ശരിയും തെറ്റും...?

വികൃതമായ ഭാഷയിൽ സംസാരിച്ചുകൊണ്ട് നാലഞ്ചു സ്ത്രീകൾ തളത്തിന്റെ ഉയരം കുറഞ്ഞ കവാടത്തിലൂടെ അകത്തേക്കു വന്നു. അപ്രതീക്ഷിതമായി യാതൊന്നും സംഭവിക്കാത്ത മുഖഭാവങ്ങൾ അവർക്കുണ്ടായിരുന്നു. സംസാരത്തിൽ നാടൻ ചായയുടെ രുചി. തന്നെപ്പോലെ വിവസ്ത്രകളായിരുന്ന അവർ നാണത്തിന്റെ ചെറിയ ലാഞ്ചനപോലും കാണിക്കാത്ത സ്വാഭാവികത സ്വീകരിച്ചവരായിരുന്നു. വിവിധ പ്രായത്തിലുള്ള വ്യത്യസ്ത സ്ത്രൈണശരീരങ്ങൾ  തന്റരുകിലേക്ക് നടന്നടുത്തു. കൂട്ടത്തിൽ പ്രായം കൂടിയ സ്ത്രീ തന്റെ നെറ്റിത്തടത്തിൽ കൈവെച്ചത് തട്ടിമാറ്റണമെന്ന് ആഗ്രഹിച്ചു. പൂർണ്ണ ബോധം തിരിച്ചെത്തിയിട്ടില്ലാത്തതിനാൽ ശരീരവും ദുർബ്ബലമാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്. അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചിരിക്കുകയും ചെയ്യുണ്ടായിരുന്നു. ഒന്നും തിരിയാതെ മ്ളാനമൂകയായി നോക്കിക്കിടന്നു. അവർ, തന്നെ, പിടിച്ചെഴുന്നേല്പിച്ചു കട്ടിലിലിരുത്തി. പ്രായം കൂടിയ സ്ത്രീ മുളങ്കുറ്റിയിൽ സൂക്ഷിച്ചിരുന്ന പച്ചിലച്ചാറ്‌ തന്റെ വായിലേക്കുറ്റിച്ചു. സട കുടഞ്ഞെണീറ്റ സിംഹം കണക്കെ പെട്ടെന്നുണരാൻ സഹായിച്ച പച്ചിലച്ചാറിൽ അത്ഭുതം കൂറി. അപരിചിതത്വമേതുമില്ലാതെ അവരുടെ ശരീരഭാഗങ്ങൾ തന്നിൽ മുട്ടിയുരുമ്മിയിരുന്നത് അല്പം വെറുപ്പോടെയെങ്കിലും ജാള്യതയോടെ ആ സ്പർശന സുഖം ആസ്വദിച്ചുവൊ എന്നൊരു തോന്നൽ.

“എന്നെ നിങ്ങളെന്തിനാ ഇവിടെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നത്? എന്റെ വസ്ത്രങ്ങൾ താ. എനിക്ക് പോണം” ശബ്ദം ഉയർത്തി പറയണമെന്ന് കരുതിയിരുന്നതല്ല.

ഇനി, തന്നെയിവർ പിടിച്ചുകൊണ്ടു വന്നതായിരിക്കില്ലെന്നുണ്ടോ? നാട്ടിലൊക്കെ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് അടിപ്പെട്ട് അവസാനം ഇവരുടെ കൈകളിലകപ്പെട്ടതോ? ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലല്ലൊ. ഇപ്പോൾ സംഭവിക്കുന്നതല്ലാതെ ഒന്നും ഓർമ്മിക്കാനാവാതെ ശൂന്യമാണ്‌ മനസ്സ്..! ഈയിടെയായി മനസ്സെപ്പോഴും അങ്ങിനെയാണ്‌. കണ്ടതും കേട്ടതും മറന്ന് ചിന്തകളേതുമില്ലാതെ കൺമുന്നിൽ കാണുന്നതിൽ മാത്രം ഒതുങ്ങുക...! അല്പായുസ്സായ ചിന്തകൾ മാത്രം.

ശബ്ദം ഉയർന്നതിനാലായിരിക്കണം നാലഞ്ചു പുരുഷന്മാർ തളത്തിനകത്തേക്ക് ചെറിയ പരിഭ്രമത്തോടെ കയറിവന്നത്.  അന്യപുരുഷന്മാർ തന്റെ നഗ്നത കാണുന്നുവെന്ന കുറച്ചിൽ ഒരു കനലായി ജ്വലിച്ചു നിൽക്കാനിടയാക്കി. കൈകൾകൊണ്ട് പൊത്തിപിടിക്കാനുള്ള പാഴ്ശ്രമം ചരുക്കോല*പോലെ നേർത്തതായി. അവർക്കാർക്കും ഇത്തരം ഒരനുഭവമുള്ളതായി തോന്നിയില്ല. കൂട്ടത്തിലാർക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന ഭാവമായിരുന്നു.

തന്നോടൊപ്പം നിന്നിരുന്ന സ്ത്രീകൾക്കു ജ്വലിക്കാതിരുന്ന എന്തുതരം സവിശേഷതയായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഒരു നിമിഷം ഓർത്തു, പലരും തന്നെക്കാൾ സുന്ദരികളും. കറുത്തവരല്ല, നന്നായി വെളുത്തവരുമല്ല. എന്നാൽ വെളുത്തവർ തന്നെ. ഒത്ത ഉയരവും തടിയും മുഴുപ്പും. തന്നേക്കാൾ നിറമല്പം കുറവെന്ന് തോന്നുമെങ്കിലും അനാവശ്യമായ ദുർമ്മേദസ്സുകളില്ലാത്ത ശരീരങ്ങൾ ശിലാവിഗ്രഹങ്ങൾ പോലെ ആകർഷണിയമായിരുന്നു. ഇടതൂർന്ന് ചുളിവുകളില്ലാതെ നീണ്ടുനിവർന്ന കാർകൂന്തൽ ചന്തിയ്ക്കു താഴെ വരെ കിടന്നിരുന്നത് സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയിഴകൾ നിരയൊപ്പിച്ച് വെട്ടി നിറുത്തിയിരുന്നു. സ്കൂൾ യൂണിഫോം പോലെ എല്ലാവർക്കും ഒരേ സ്റ്റൈൽ.

മാർദ്ദവമായ മൃഗത്തോലുകൊണ്ട് അരയ്ക്കു കീഴെയുള്ള മുൻവശത്തെ ബലമുള്ള മറ, സ്ത്രീകളുടേതിൽ നിന്നും അവിടേക്കു കയറിവന്ന പുരുന്മാരുടെ പ്രത്യേകതയിൽപ്പെടും. പ്രകൃതിയുടെ താക്കീതായി ബലമുള്ള മറ അരയ്ക്കു കീഴെ ഇടുങ്ങിക്കിടന്നു. അവർ സ്ത്രീകൾക്ക് നിർദേശങ്ങൾ നൽകി. തന്നെ കട്ടിലിൽ നിന്ന് താഴെയിറക്കി. നാണത്താൽ ചൂളിപ്പോയ ശരീരം മറ്റു സ്ത്രീകളുടെ മറ തേടി. തനിക്കൊരു പ്രത്യേകതയും കല്പിക്കാത്ത ഇവിടുത്തെ പുരുഷന്മാരുടെ സ്വാഭാവിക ചലനങ്ങൾക്ക് എന്തായിരിക്കാം കാരണം? മുഴുവനോടെ നിൽക്കുന്ന ഒരു സ്ത്രീയുടെ അസ്ഥാനങ്ങളിലേക്കെങ്കിലും നോക്കാത്ത പുരുഷന്മാരൊ? ഇതേത് ലോകം? ഭൂമി തന്നെയല്ലെ?

രണ്ടു സ്ത്രീകൾ തന്റെ കൈകളിൽ പിടിച്ച് പുരുഷന്മാർക്കു പുറകേ, പുറത്തേക്കു നടത്തി. ഒറ്റക്കവാടമുള്ള തളത്തിൽനിന്നു പുറത്തു കടക്കാൻ തലയല്പം കുനിക്കേണ്ടി വന്നു. വസ്ത്രങ്ങളേതുമില്ലാത്ത തന്റെ അരയിലെ വെള്ളിയരഞ്ഞാണത്തിലേക്ക് പല നയനനിരീക്ഷണങ്ങൾ പറ്റിച്ചേർന്നെങ്കിലും മടിച്ചു മടിച്ചകലുന്ന നാണത്തെ ഉൾക്കൊള്ളാതിരിക്കാൻ സാധിക്കുന്നില്ല. അവരുടെ ശ്രദ്ധ അരഞ്ഞാണത്തിലേക്കല്ലെങ്കിലോ എന്ന നാട്ടുനടപ്പ് ചിന്ത, തന്നിലെ കരുതിപ്പോരുന്ന സ്ത്രീത്വത്തിനു വെല്ലുവിളിയുയർത്തി. ഒരുവൾ പതിയെ അരഞ്ഞാണത്തിൽ സ്പർശിച്ച നിമിഷം തന്റെ വികലമായ ചിന്തകളുടെ മുനയൊടിഞ്ഞു.

പുറത്തെ വെയിലിനും തളത്തിനകത്തെ സുഖമുണ്ടായിരുന്നു. വിശാലമായ തളത്തിന്റെ പുറന്തോട് ഈറ്റയിലകളുടെ ഒതുക്കത്തിൽ ഭൂമിയെ തഴുകിനിൽക്കുന്ന വലിയൊരു വക്കോൽ കൂനപോലെ നിർമ്മലം. വേറേയും നലഞ്ചു കൂനകൾ. ചുറ്റുമുള്ള കൂനകൾക്കു മദ്ധ്യത്തിലായി, മരുഭൂമിയുടെ ഉച്ഛ്വാസമായി, കടൽത്തീരം പോലെ ശുദ്ധമായ മണൽത്തരികളാൽ സമൃദ്ധമായ വിശാലയിടം. കൂനക്കൾക്കു ചുറ്റും, പുറകുവശത്തായി അകന്നു പോകുന്ന മണൽത്തരികൾ നേർത്തുവരുന്നത് വൃക്ഷങ്ങളുടെ തുടക്കത്തിനായിരുന്നു. പിന്നീടങ്ങോട്ട് വളർന്നു പന്തലിച്ച കൂറ്റൻ മരങ്ങൾ. ശോഭ വിതറുന്ന തെളിമയുള്ള തുരുത്ത് കരിമ്പച്ച കാടുകളാൽ ബന്ധിക്കപ്പെട്ടുകിടന്നു.

വിശാലയിടത്തിന്‌ ഒത്ത നടുക്ക് പേരമരം പോലെ മൃദുവായ സാമാന്യം ഉയരത്തിലുള്ള ഉണങ്ങിയ നേർമരം*. കുഴിച്ചിട്ടിരിക്കുന്നു. ഇരുപതടി ഉയരമുള്ള മരത്തിനു മുകളിൽ കുരുത്തോലയെന്നു തോന്നിക്കുന്ന തോരണങ്ങൾ. ഇന്നെന്തോ വിശേഷദിവസമാണെന്നു തോന്നുന്നു. കുട്ടികളും മുതിർന്നവരും വൃദ്ധരുമെല്ലാം അവരവരുടേതായ ചെറുതും വലുതുമായ പ്രവൃത്തികളിൽ വ്യാപൃതരാണ്‌. പരിഭവമില്ലാത്ത പഞ്ചാരമണലിലിരുന്ന്‌ കുറച്ചു സ്ത്രീകൾ മറ്റുള്ളവരുടെ മുടിയെല്ലാം ചെത്തിയൊരുക്കുന്ന തിരക്കിലാണ്‌. ഇലകളും പൂക്കളും ഉണക്കിപ്പൊടിച്ച് നിറങ്ങളുണ്ടാക്കുന്ന മറ്റൊരു വിഭാഗം. ചമയങ്ങളുടെ ശ്രദ്ധയിലേക്കാണ്‌ അധികംപേരും തിരിഞ്ഞിരിക്കുന്നത്.

വിശാലയിടത്തിന്റെ മദ്ധ്യത്തിലൂടെ നേരേ എതിർ വശത്തേക്ക് നാലഞ്ചു സ്ത്രീകൾ ചേർന്ന് തന്നെ നടത്തിച്ചു. പലതരം ജോലികളിൽ മുഴുകിയിരിക്കുന്നവർ ഒരു നിമിഷം തന്റെ അരഞ്ഞാണത്തിലേക്ക് ശ്രദ്ധിക്കുന്നത് കണ്ടു. അവരെല്ലാവരുടേയും അരകൾ ഒഴിഞ്ഞവയായിരുന്നു. നടത്തത്തിനിടയിൽ അരുകിലേക്ക് ഒഴിഞ്ഞു മാറിയിരിക്കുന്ന ഒരു മദ്ധ്യവയസ്ക്കനെ കാണാനിടയായി. അയാളുടെ നോട്ടം വിശക്കുന്ന സിംഹത്തിന്റെ ആർത്തിപോലെ തോന്നി. അയാൾക്കരുകിലെത്തിയതും കൂടെയുള്ള സ്ത്രീകൾ ഉച്ചത്തിൽ അയാളെ ശകാരിക്കുകയും കാലുകൾകൊണ്ട് മണൽ കോരി എറിയുകയും ചെയ്തു. അയാളുടെ അരയിലെ മറ വരിഞ്ഞു മുറുക്കിയിരുന്നു.

കുട്ടികൾക്കും വൃദ്ധന്മാർക്കും ഇത്തരം മറകിളില്ലല്ലോയെന്ന് പെട്ടെന്ന് മനസ്സിൽ തെളിഞ്ഞു. തിരിഞ്ഞുനോക്കി. ശരിയാണ്‌. ആൺവർഗ്ഗത്തിലെ അപൂർവ്വം ചില വൃദ്ധർക്കും കുട്ടികൾക്കും മറയുണ്ടെന്നതൊഴിച്ചാൽ മറ്റ് കുട്ടികളും വൃദ്ധരും പെറ്റിടുമ്പോഴത്തെ രൂപംതന്നെ. അനവസരത്തിലെ സൂക്ഷ്മപ്പെരുപ്പിനെപ്പോലും നിയന്ത്രിക്കാൻ പ്രകൃതികല്പിതമായ മാർഗ്ഗം സ്വീകരിക്കുകയാണെന്ന വിചാരമായിരുന്നു തനിക്കപ്പോൾ. മദ്ധ്യവയസ്ക്കനിൽ മറ്റുള്ളവരാൽ വരിഞ്ഞുമുറുക്കിയ മറയെന്നത് കണിശമാണ്‌.

പളുങ്കുപോലെ വെള്ളം. അരുവിയിലേക്കിറഞ്ഞുമ്പോഴും അവർ തന്റെ കയ്യിൽ പിടിച്ചിരുന്നു. പരിചിതമല്ലാത്ത പ്രയാസങ്ങൾ പരിമിതപ്പെടുത്തുന്ന പിടുത്തം. തന്റെ തലമുടി ഉയർത്തിപ്പിടിച്ചവർ കഴുത്തോളം വെള്ളത്തിൽ അല്പസമയം നിറുത്തി. കരയ്ക്കു കയറ്റി നനവുള്ള ശരീരത്തിലെ തലമുടിയൊഴികെയുള്ള രോമങ്ങളെല്ലാം കത്തിപോലെയുള്ള രണ്ടു കല്ലുകളുടെ കൂർത്തുപരന്ന ഭാഗംകൊണ്ട് വിദഗ്ദമായവർ നീക്കം ചെയ്തു. പലപ്പോഴും ബലപ്രയോഗത്തിലൂടെയാണ്‌ അവർക്കത് നിർവ്വഹിക്കാൻ കഴിഞ്ഞത്. തന്റെ തോളത്തു തട്ടിയും ആശ്വാസ ശബ്ദങ്ങൾ പുറപ്പെടുവിച്ചും സാന്ത്വനപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും ആദ്യമായുള്ള അവരുടെ ബലപ്രയോഗം വരാനിരിക്കുന്ന തിക്താനുഭവങ്ങളുടെ മുന്നറിയിപ്പാകുമോ എന്ന ശങ്ക വിട്ടകന്നില്ല. തലമുടിയുടെ തുമ്പറ്റം വെട്ടി നേരെയാക്കി. നെറ്റിയിലേക്കു കോതിയിട്ട മുടിയിഴകളെ നിരയൊപ്പിച്ച് വെട്ടി. വീണ്ടും അരുവിയിലേക്കിറക്കി തലയടക്കം കുളിപ്പിച്ചു. ചതച്ചുപിഴിഞ്ഞ പച്ചിലത്താളി തലയിൽ തേച്ച് മുടി നന്നായി കഴുകി. സുഗന്ധമുള്ള നേർപ്പിച്ച മരത്തൊലികൊണ്ട് ദേഹമെല്ലാം തേച്ചുകഴുകി. മുങ്ങിനിവർന്നപ്പോൾ അവർ തന്റെ കൈകൾ വിട്ടിരുന്നു. അരഞ്ഞാണമൊഴിച്ചാൽ താനും ആ സ്ത്രീകളിലൊരുവളായി തീർന്നിരിക്കുന്നു. തന്റെ മുഖത്തു നോക്കി ചിരിച്ചും താടിയ്ക്കു പിടിച്ചും കെട്ടിപ്പിടിച്ചും അവർ സന്തോഷസ്വരങ്ങൾ പുറപ്പെടുവിച്ചു.

വിശാലയിടത്തെത്തുമ്പോൾ ദേഹത്തെ വെള്ളമെല്ലാം വറ്റിയിരുന്നു. തന്റെ വെള്ളിയരഞ്ഞാണത്തിനു സമാനമായി പലരുടേയും അരകളിൽ വള്ളിയരഞ്ഞാണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പരിണാമത്തിന്റെ പുതുമകളായി സൗന്ദര്യത്തിന്റെ പൂതിമണം പവിഴ മനസ്സുകളിൽ പറ്റിച്ചേരുന്നതായി തോന്നി. മാറ്റത്തിന്റെ അച്ചടക്കമില്ലായ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് മനസ്സാഗ്രഹിക്കുന്നു. എന്നാലും അറിയാതൊരു മോഹം മുന്നേ നിൽക്കുന്നുണ്ട്.

കടുത്തതല്ലാത്ത നിറങ്ങളുടെ ധാരാളിത്തമാണ്‌  മദ്ധ്യവയസ്ക്കനൊഴികേ മറ്റെല്ലാവരുടേയും ശരീരങ്ങൾ. ശരീരത്തിലെ ചമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തുന്നവരും തുള്ളിച്ചാടി സന്തോഷം പങ്കിടുന്ന കുട്ടികളും ചെറുകൂട്ടങ്ങളായി വിശാലയിടത്തിൽ ചിതറിക്കിടപ്പുണ്ട്.

നേരിയ നിറമുള്ള ചായങ്ങൾ കലാവിരുതോടെ തേച്ചുപിടിപ്പിച്ച മാറിടവുമേന്തി അടുത്തേക്കു വന്ന സ്ത്രീ തന്നെ പിടിച്ചു കൊണ്ടുപോയി കുത്തിനിറുത്തിയിരിക്കുന്ന ഒരു മരക്കുറ്റിയിലിരുത്തി. മറയുള്ളൊരു പുരുഷൻ ഏതോ കായുടെ പുറന്തോടിൽ ചായവുമായെത്തി.

ഏകാഗ്രതയോടെ, ചായത്തിൽ ചെടിത്തണ്ടു മുക്കി തന്റെ മുഖത്ത് വരക്കാൻ തുടങ്ങി. എതിർപ്പുകളെ കീഴടക്കുന്ന ശക്തികൾക്കിടയിലെന്ന ബോധം തന്നെ അനുസരണയുള്ള കുട്ടിയാക്കി. മുഖത്തും പുറത്തും നെഞ്ചത്തും വയറ്റത്തുമൊക്കെയായി ചായങ്ങൾ താഴോട്ടിഴഞ്ഞു. അയാൾ പലതരം മരക്കമ്പുകളുപയോഗിച്ച് ചായം പിടിപ്പിച്ചുകൊണ്ടിരുന്നു. ഏതൊരു സ്ത്രീയും പുരുഷന്റെ നേരിട്ടുള്ള നോട്ടത്തിൽ ചൂളിപ്പോകേണ്ട ഭാഗം പിന്നിടുമ്പോൾ, ശരീത്തിൽ നിന്ന് നാണത്തിന്റെ ചീളുകൾ നാണമില്ലാതെ പടിയിറങ്ങുന്നതായി അനുഭവപ്പെട്ടു.

ചായം തേച്ച ശരീരത്തിനിപ്പോൾ വസ്ത്രങ്ങളില്ലെന്ന കുറവ് തിരിച്ചറിയാനാകുന്നില്ല. തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നില്ലാതായി. ക്ഷണിക്കാതെ, കൈ പിടിച്ചു വലിക്കാതെ മറ്റുള്ളവരുടെ കൂട്ടത്തിലേക്ക് നടന്നു.

അവർ പ്രതീക്ഷിച്ചത് സംഭവിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ചിതറിക്കിടന്ന കൂട്ടങ്ങളെല്ലാം ഒന്നായി. മറ്റൊരു കൂനയിലേക്ക് വരിയായി നീങ്ങി. ആദ്യം കണ്ട തളത്തിനേക്കാൾ വലിപ്പമുണ്ടായിരുന്നു അതിനകത്തെ തളത്തിന്‌. വിവിധ വർണ്ണങ്ങളോടെ ഉയരത്തിലുള്ള കുറേ വടികൾ തളത്തിനകത്ത് അലങ്കരിച്ചു വെച്ചിരുന്നു. കൂട്ടത്തിൽ പ്രായം കൂടുതൽ തോന്നിക്കുന്ന മറയില്ലാത്ത ഒരു വൃദ്ധൻ വടിയെടുത്ത് കണ്ണിനോടു ചേർത്ത് കണ്ണടച്ചു പ്രാർത്ഥിച്ച് അകത്തേക്കു കയറിവന്ന ഓരോ പുരുന്മാർക്കും നൽകി. വടി ലഭിച്ചവർ പുറത്തേക്കു നീങ്ങി. ഓരോ പുരുഷന്റെ പിന്നിൽ നിന്നും ഓരോ സ്ത്രീകൾ പുരുഷന്മാരുടെ തോളത്തു പിടിച്ച് പുറത്തു കടന്നു. തീവണ്ടിപോലെ നിര നീണ്ടു. അവശേഷിച്ചവർ നിരയായി തീവണ്ടിക്കൊപ്പം ചേർന്നു. മുഴുവൻ കൂനകൾക്കകത്തും കുണുങ്ങിക്കുണുങ്ങി വടികളൊരു പ്രത്യേക താളത്തിൽ ചലിപ്പിച്ച്, തീവണ്ടി കയറിയിറങ്ങി. കുണുങ്ങുമ്പോൾ ശരീരം മൊത്തം കുലുങ്ങും. ആചാരത്തിന്റെ പ്രഥമ ഭാഗം തീർന്നപ്പോൾ എല്ലാരും വിശാലയിടത്തിന്റെ ഒരരുകിൽ ഒത്തുകൂടി.

പലതരം ഡാൻസുകളും മത്സരങ്ങളും ആഹ്ളാദത്തോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും നിന്നു. ആണെന്നോ പെണ്ണെന്നോ തരന്തിരിവില്ലാതെ നഗ്നശരീരങ്ങളുടെ ഗുസ്ഥി പോലുള്ള മത്സരം കഴിഞ്ഞതോടെ മുഴുവൻ ശരീരങ്ങളും മണലിൽ കുളിച്ചിരുന്നു. മത്സരം അവസാനിച്ചതും എല്ലാവരും ഒരാരവത്തോടെ മദ്ധ്യത്തിലായി സ്ഥാപിച്ച നേർമരത്തിനടുത്തേക്ക് പാഞ്ഞടുത്തു. മരത്തെ തലങ്ങും വിലങ്ങും വടികൊണ്ടടിതുടങ്ങി. വടികളെല്ലാം ഒടിഞ്ഞു താഴെ വീണതിനുശേഷം മരത്തെ ശക്തിയായി തള്ളി താഴെയിടുന്നതോടെ ചടങ്ങവസാനിക്കുന്നു.

അതവരുടെ പതിവായി നടക്കാറുള്ള ഉത്സവമായിരുന്നില്ലെന്നും, പുതിയൊരു വ്യക്തിയെ തങ്ങളോടൊപ്പം ചേർക്കുന്ന ചടങ്ങാണെന്നും, ചടങ്ങു തീരുമ്പോൾ പുതിയ വ്യക്തിയെ തങ്ങളിലൊരാളായി മാറ്റിയെടുക്കാനുമുള്ള ശാരീരികവും മാനസികവുമായ അഭ്യാസങ്ങളായിരുന്നെന്നും മനസ്സിലാക്കിയത് ഒരു മാസത്തെ അവരോടൊത്തുള്ള ജീവിതത്തോടെയാണ്‌. എങ്കിലും ആണുങ്ങൾക്കുള്ള മറ സ്ത്രീപുരുഷ സമത്വത്തിന്റെ തെന്നിനില്പായി തനിക്കു തോന്നി. പ്രകൃതികല്പന അംഗീകരിക്കാനാകാത്ത മനസ്സാണൊ തന്റേതും?.

ശരീരാവയവങ്ങൾ കാഴ്ചവസ്തുവല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുന്നു. അമിത കാഴ്ചകൾക്കുള്ള ഉപകരണമല്ല തങ്ങളെന്ന് ഈ അന്തരീക്ഷം പഠിപ്പിക്കുന്നു. ഭോഗവസ്തുവാണ്‌ സ്ത്രീയെന്ന ധാരണയോടെ പുരുഷന്മാരുടെ നോട്ടം കടന്നുവരുന്നില്ലല്ലോ. സന്ദര്യം കൊണ്ട് നേടാവുന്ന അഹങ്കാരങ്ങൾ അറ്റുവീഴുന്നത് എത്ര തിടുക്കത്തോടെയാണ്. പ്രത്യേക പരിഗണനകൾ അനാവശ്യമാകുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദയാദാക്ഷിണ്യങ്ങൾ കൈവിടേണ്ടി വരുന്നതിലെ നഷ്ടബോധം മനസ്സിനെ കീഴ്പ്പെടുത്തുന്നുമുണ്ട്.

കൂനകളുടെ അരികു ചേർന്ന് നടക്കുമ്പോൾ താനേതൊക്കെയോ ലോകത്തുകൂടി സഞ്ചരിച്ചുകൊണ്ടിരുന്നു. വിവസ്ത്രയാണെന്ന നേരിയ ഓർമ്മ പോലും സമീപത്തെങ്ങുമില്ല. ഭയക്കാതെ സ്വാതന്ത്രത്തോടെ നടക്കാം. ആരേയും ഒളിഞ്ഞു നോക്കേണ്ടതായ ആവശ്യം വരുന്നില്ല.

പെട്ടെന്നൊരു മുരൾച്ച കേട്ട് തിരിഞ്ഞു നോക്കി. ഒറ്റപ്പെട്ട ഒരു മണൽവൃക്ഷത്തിനു കീഴെ വിശന്ന സിംഹത്തിന്റെ കണ്ണുകളോടെ മദ്ധ്യവയസ്ക്കൻ. പൊട്ടിവീണ ഭയം മൂലം തന്റെ ശരീരം വിറക്കാൻ തുടങ്ങി. നേരേ മണലിൽ കൂടി വേഗത്തിലോടാൻ തിടുക്കം കൂട്ടി. കടൽക്കരയിലൂടെ ഓടുന്നതുപോലെ കാലു കുഴയുന്നു. മദ്ധ്യവയസ്ക്കൻ തന്നെ പിന്തുടരുന്നു. ഭയം പുറപ്പെടുവിച്ച ശബ്ദത്തിന്‌ വലിയ മുഴക്കമായിരുന്നു. വക്കോൽക്കൂനകളിൽ നിന്ന് മനുഷ്യർ പുറത്തു ചാടി. തന്റെ അരഞ്ഞാണത്തിൽ പിടികൂടിയ മദ്ധ്യവയസ്ക്കനോടൊപ്പം മണലിൽ വീണ്‌ ഉരുണ്ടുമറിഞ്ഞു. വടികളുമായി പാഞ്ഞെത്തിയ മനുഷ്യർ പേപ്പട്ടിയെ തല്ലുന്നതുപോലെ മദ്ധ്യവയസ്ക്കനെ മാറ്റിയിട്ട് അടിയ്ക്കാൻ തുടങ്ങി. പാതി ചത്ത മൃഗത്തെയെന്നവണ്ണം അതിനെ വലിച്ചിഴച്ചവർ കാടിനു നേർക്കു നടന്നു. തന്റെ ദേഹത്തെ മണലെല്ലാം തുടച്ചുമാറ്റി സമാധാനിപ്പിക്കുന്നതിനിടയിൽ ‘ആ മൃഗത്തിന്റെ ശല്യം അവസാനിച്ചെന്നും, മൃഗങ്ങൾക്കൊപ്പം കാട്ടിലാണ്‌ അതിന്റെ സ്ഥാനമെന്നുമുള്ള’ അവരുടെ വികൃതഭാഷയുടെ അർത്ഥം മനസ്സിലാക്കാനുള്ള അറിവ് സ്വായത്തമാക്കിയതിൽ കൃതാർത്ഥയായി. ലിംഗഭേദം വിഘ്നമാകാതെ പൊതുശത്രു വേരറ്റു വീഴുന്ന വക്കോൽകൂനകളിൽ ഒരിളങ്കാറ്റ് ഉരസി നിൽപ്പുണ്ടായിരുന്നു.

സ്വയമേ, ദേഹത്തെ വെള്ളിയരഞ്ഞാണം വലിച്ചുപൊട്ടിച്ച് ദൂരേക്കെറിഞ്ഞ് അവർക്കൊപ്പം സാവധാനം നടന്നു.

      -----------------------------
ചരുക്കോല* = തെങ്ങിന്റെ ഓല മെടഞ്ഞ് പുര കെട്ടി, വീണ്ടും ഒരു വർഷം കഴിഞ്ഞ് പുതുക്കിപ്പണിയാൻ, പഴയ ഓല പൊളിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന മഴയും വെയിലും കൊണ്ട് നുറുമ്പിച്ച ഓല. ഈ ഓലകൾ നിറയെ വ്യക്തമായ പഴുതുകളായിരിക്കും, ദുർബലവുമായിരിക്കും.

നേർമരം*= വളവില്ലാതെ നേരെ വളർന്ന മരം.