3/2/14

ഒട്ടകം

“അവന്‌പ്പൊ ആകാശത്തായ്‌ര്‌ക്കും അല്ലേടി?”

കണ്ണടയിലൂടെ ഏറുകണ്ണിട്ടുനോക്കി കൊച്ചുദേവസ്സി ചോദിച്ചു. അന്നാമ്മക്ക് അതത്ര പിടിച്ചില്ല. തല
വെട്ടിച്ചൊന്നു നോക്കി. കാര്യം പിടികിട്ടിയ കൊച്ചുദേവസ്സിയുടെ കണ്ണുകൾ പിൻവലിഞ്ഞ് കണ്ണടക്കുള്ളിൽ അടങ്ങിയൊതുങ്ങി.

“ഞങ്ങ്ടെ മോന്റെ വീമാനം വന്നൊ?” എതിരെ വന്ന ഒരു ജുബ്ബാക്കരനോട് രണ്ടും കല്പിച്ച് അന്നാമ്മ ചോദിച്ചു. അയാൾ രണ്ടുപേരുടേയും മുഖത്തേക്കൊന്നു നോക്കി.

“നിങ്ങടെ മോനൊ...?”

“അതേന്ന്...അഞ്ചരേടെ വീമാനത്തിലാ വരാ. പല്ലന്തോമ”

“കുറച്ചുകൂടി കാത്തിരിക്ക്” അയാൾ വാച്ചുനോക്കി പറഞ്ഞു.

ആശ്വാസമായി. വന്നിട്ടില്ല. അഴുക്കുകൾക്കുമേൽ സുഗന്ധം പൂശിയെത്തിയ ആർഭാടങ്ങൾക്കിടയിൽ നിൽക്കാൻ കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഒരു തരം ചളിപ്പ്. ആളൊഴിഞ്ഞ ദിക്കിലേക്ക് മാറിനിന്നു. കുട ചുരുക്കി. അടുത്തുകണ്ട അരമതിലിൽ അന്നാമ്മക്കിരിക്കണം. പുതിയ ചട്ടയും മുറി*യുമായിരുന്നതിനാൽ ഇരിയ്ക്കാനൊരു വിഷമം. കാല്‌ കഴച്ചൊടിയുന്നു. മുഖം അടുപ്പിച്ച് അരമതിലിലൊന്നൂതി. പല്ലുപോയ വായിൽനിന്ന് തുപ്പൽപൊടി പാറിയത് കണ്ടില്ലെന്നു വെച്ചു. മുറിയുടെ പിന്നിലെ ഞൊറി പിടിച്ച് സൈഡിലേക്കുമാറ്റി മതിലിലിരുന്നു.

ആണും പെണ്ണുമായി ഒറ്റൊരുവൻ. പല്ലന്തോമ. ഞായറാഴ്ച പോത്തെറച്ചി വെച്ചുകൊടുക്കാത്തതിനാൽ തല്ലുപിടിച്ച് നന്നേ ചെറുപ്പത്തിലേ നാടുവിട്ട് ബോംബേക്ക് പോയി. പിന്നവടന്ന് വയസ്സൊത്തപ്പൊ പേർഷ്യക്ക്. ഈ കൊന്ത്രമ്പല്ല് ഇങ്ങനെ നിക്കുന്നത് കണ്ടാ ആർക്കായാലും ചിരി വരും. അതിലാരേം കുറ്റം പറയാനും പറ്റില്ലാന്നാ അന്നാമ്മേടെ ന്യായം.

അപ്പൂപ്പന്താടിയായിരുന്നു പല്ലൻതോമ. ഒഴുകിയൊഴുകി നടക്കണം ഒരു ചിന്തയുമില്ലാതെ. മേലോട്ടും കീഴോട്ടും നോക്കില്ല.

ഒരിക്കൽ കൊച്ചുദേവസ്സിക്കൊരു കത്തുവന്നു, പല്ലൻതോമയുടെ. ചത്തിട്ടില്ലെന്നും അവൻ പേർഷ്യയിലാണെന്നും അവരറിയുന്നത് അന്നാണ്‌. പണ്ട്, പൊട്ടൻതോമയെന്നു വിളിച്ചവരെ കൊച്ചുദേവസ്സി വഴക്കു പറഞ്ഞിട്ടുണ്ട്. അന്നവർ പറഞ്ഞത് ശരിയായിരുന്നെന്നു തോന്നാൻ തുടങ്ങി. വീട്ടുവേലക്ക് നിന്ന സമയത്ത് നിർബന്ധപൂർവ്വം ഒരു പെണ്ണിന്റെ കൂടെ കിടക്കേണ്ടിവന്നത് സ്വന്തം അപ്പന്‌ അവനെഴുതി. പല്ലൻതോമയെ സംബന്ധിച്ച് അങ്ങിനെ എഴുതിയത് ശരിയായിരുന്നു. അവന്‌ എല്ലാം അപ്പനുമ്മമ്മയും മാത്രമായിരുന്നു. സംഗതി ആ പെണ്ണിന്റെ വീട്ടുകാരറിഞ്ഞു എന്ന് മനസ്സിലാക്കിയ പല്ലൻതോമ രായ്ക്കുരായ്മാനം അവിടുന്ന് ചാടി.

അപ്പൂപ്പന്താടി പാറിപ്പാറി നടന്നു. പ്രത്യേകിച്ചൊരു പ്രാവീണ്യവും ആവശ്യമില്ലാത്ത എല്ലാ ജോലികളിലും കൈവെച്ച് വർഷങ്ങൾക്ക് നീളം കൂടി. ഒരു കള്ളക്കേസ്സിൽ കുടുങ്ങുമെന്നായ പല്ലൻതോമ രക്ഷാമാർഗ്ഗമായി സ്വീകരിച്ചത് ദൂരെ മരുഭൂമിയിൽ ആടിനേയും ഒട്ടകത്തേയും നോക്കുന്ന ഒളിത്താവളം പോലെ ഒന്നിലായിരുന്നു. ആടിന്റേയും ഒട്ടകത്തിന്റേയും സാമിപ്യം രക്ഷാകവചമാക്കി ഭയത്തെ അകറ്റി.

ആടുകളേക്കാൾ പല്ലൻതോമക്കിഷ്ടം ഒട്ടകങ്ങളോടായിരുന്നു. അവറ്റയുടെ നീണ്ട കഴുത്തും താഴ്ന്ന താടിയും ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവവും പല്ലൻതോമയുടെ ഉന്തിനിൽക്കുന്ന പല്ലിന്റെ വകഭേദം പോലെ തോന്നിയതിനാലാകാം. തക്കം കിട്ടുമ്പോഴെല്ലാം ഒട്ടകത്തിന്റെ നേരിയ ചലനങ്ങൾപോലും തൊട്ടറിയാൻ ഒരുതരം ആർത്തിയായിരുന്നു.

കൂടെ ജോലി ചെയ്യുന്ന ‘യമനി’യുമൊത്ത് നേരം വെളുത്താൽ ആട്ടിൻപറ്റങ്ങൾക്കു പുറകേയാണ്‌. ഒട്ടകങ്ങളെ തുറന്നുവിട്ടാൽ അവ ചുറ്റിക്കറങ്ങി വൈകുന്നേരം കൂട്ടമായിത്തന്നെ തിരിച്ചെത്തിക്കൊള്ളും. പല്ലൻതോമക്ക് പക്ഷെ, ഒട്ടകങ്ങൾക്കൊപ്പം പോകാൻ കലശലായ ആഗ്രഹമുണ്ടായിരുന്നു. ഒരിക്കൽ യമനിയെ ആഗ്രഹം അറിയിച്ചു. ഒരേയൊരു ദിവസം മാത്രം യമനി ആഗ്രഹം പൂർത്തികരിക്കാൻ അനുവാദം നൽകി. ഒരു ദിവസത്തെ യാത്രകൊണ്ടുമാത്രം തൃപ്തിയാകാതെ പിറ്റേന്നും ആട്ടിൻപറ്റവുമായി യാമിനിക്കൊപ്പം ഇറങ്ങിയ പല്ലൻതോമ അയാളുടെ അനുവാദം കൂടാതെ ഒട്ടകങ്ങൾക്കൊപ്പം പോയി. പിന്നീടതൊരു പതിവായി. അനാവശ്യമായ ഒരു തസ്തിക കൂടി മരുഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു.

ചീത്ത തവിട്ടുനിറത്തിലുള്ള ഒട്ടകങ്ങളുടെ നീണ്ട കാലുകളിലെ ഇഴഞ്ഞ നടത്തം നോക്കിക്കണ്ടു. നീണ്ട കഴുത്ത് അകാശത്തുനിന്നു ഇറങ്ങിവന്ന് പച്ചപ്പുകൾ കാരിത്തിന്നു. പല്ലൻതോമ അവയുടെ തീറ്റ അനുകരിക്കാൻ ശ്രമിക്കും. പക്ഷെ, കഴിയുന്നില്ല. കൈകൾ രണ്ടും കാലാക്കാൻ ശ്രമിച്ചു. അപ്പോഴും മുട്ടുകുത്തി നിൽക്കണം. കാൽമുട്ടുകൾ നിവർത്തി. അപ്പോൾ തലയുടെ ഭാഗം മരുഭൂമിയിലേക്കു താഴ്ന്നുനിന്നു. കഴുത്ത് നീട്ടി പുല്ലുകൾ കാരാൻ ശ്രമിച്ചുനോക്കി. കൈമുട്ടുകൾ വളയുന്നു. അതും നേരെയാക്കി വീണ്ടും ശ്രമം തുടർന്നു...

ഒട്ടകങ്ങൾ അല്പം മുന്നിലെത്തി. കൈകാലുകൾ നിവർത്തി കൈപ്പല മുകളിളേക്കുന്തിച്ച് നടുവല്പം വളച്ച് കഴുത്ത് നീട്ടി ചുട്ടുപഴുത്ത മണലിലൂടെ ഒട്ടകങ്ങൾക്കൊപ്പമെത്താൻ പ്രയത്നിച്ചു.

ഒട്ടകങ്ങളുമായുള്ള വർഷങ്ങളുടെ സമ്പർക്കത്തിൽ പുറത്തൊരു കൂന്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൈകൾ കാൽമുട്ടിനു കീഴേ വരെ നീണ്ടുകിടന്നു. വലിച്ചു നീട്ടിയാലെന്നപോലെ കഴുത്തിന്‌ നീളം വെച്ചു. മുന്നിലേക്കുന്തിയ പല്ലുകൾ പരന്ന കൂരപ്പോടെ നിലനിന്നപ്പോൾ നെറ്റിത്തടം ചുരുങ്ങി കണ്ണുകൾ പിൻവലിഞ്ഞു.

ഒട്ടകമാവാൻ പുതിയൊരുവനെത്തി..!

മങ്ങിയ ചട്ടയും മുറിയും പൊടികുടഞ്ഞെണീറ്റു...

ചായങ്ങൾ നഷ്ടപ്പെട്ട ചിത്രം പോലെ അപ്പനും അമ്മയും ഗ്രാമവും....

എയർപോർട്ടിനു പുറത്തെ ജനങ്ങൾ അറൈവൽ കവാടത്തിനു മുന്നിലേക്ക് അനങ്ങി. അന്നാമ്മ അരമതിലിൽ നിന്നെഴുന്നേറ്റു. ചട്ടയും മുറിയും നേരെയാക്കി. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിലേക്ക് കൊച്ചുദേവസ്സി കണ്ണുകളെ തുറന്നുവിട്ടു. പെരുവിരലിൽ നിന്നെത്തിനോക്കുന്ന ജനങ്ങൾ എന്തോ കണ്ടിരിക്കുന്നു.

കവാടത്തിനപ്പുറത്തുനിന്ന് പുറത്തേക്കു വരുന്നവരുടെ തലകൾക്കു മുകളിലൂടെ ഉയർന്ന കഴുത്തുള്ള ഒരു തല ചുറ്റും പകച്ചു നോക്കുന്നു. കൂനുള്ളതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട്. പരിസരത്തെ മുഴുവൻ കണ്ണുകളും, ഉയർന്നു കാണുന്ന കഴുത്തിലും തലയിലും കാട്ടാളനൃത്തം ചവുട്ടി.  ഉന്തിയ പല്ലുകളുടെ വളരെ നേർത്ത പരിചയം കൊച്ചുദേവസ്സിയുടെ രോമകൂപങ്ങളെ ഉണർത്തി.

“മോനേ...” അന്നാമ്മ പല്ലൻതോമയെ പിടിച്ച് അവന്റെ കൂനിന്മേൽ തടവി. “ഇതെന്ത്‌ര്‌ കോലാടാ ഇത്...മോനെന്താ പറ്റ്യേ..?”

പല്ലൻതോമ കഴുത്തിനെ ഒരു ചോദ്യചിഹ്നമാക്കി തോളോടു ചേർത്തുനിർത്തി.
------------------------------

കൊച്ചുദേവസ്സിക്കും അന്നാമ്മക്കും ഇരിയ്ക്കപ്പൊറുതിയില്ലാതായി. റ്റീവിക്കാർ പത്രക്കാർ ഫോട്ടോഗ്രാഫർമാർ ഗവേഷകർ....ഒട്ടകമനുഷ്യനെ കാണാൻ പെണ്ണുങ്ങളും കുട്ടികളും ചാവാറായ വൃദ്ധരും വരെ...കുരുത്തംകെട്ട പിള്ളേർ കല്ലെടുത്തെറിഞ്ഞു. കൂരച്ച മോന്തക്കുള്ളിലൂടെ ഒട്ടകശബ്ദത്തിൽ പല്ലൻതോമ കരഞ്ഞു ബഹളം വെച്ചു.

ചായ്പിന്റെ കട്ടിള മാറ്റി നീളവും വീതിയും കൂടിയ മറ്റൊന്ന് സ്ഥാപിച്ചു. കൂന്‌ തടയാതെ ചായ്പിനുള്ളിൽ കയറാൻ ഇപ്പോൾ പ്രയാസമില്ല. കാഴ്ചക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചായപിന്‌ ദീർഘചതുരാകൃതിയിലുള്ള ചില്ലു വെച്ചു. പകലന്തിയോളം കാഴ്ചക്കാരുടെ തിരക്ക്. കൊച്ചുദേവസ്സി ചാരുകസാരയിൽ മലർന്നുകിടന്ന് ബീഡി പുകച്ചു. അന്നാമ്മ കാലുനീട്ടിയിരുന്ന് മുറുക്കിത്തുപ്പി.

ഇറച്ചിക്കറിയുണ്ടാക്കി ചോറു കൊടുത്തു. വട്ടേപ്പവും നെയ്യപ്പവും ഉണ്ടാക്കിക്കൊടുത്തു. പല്ലൻതോമ അതൊന്നും കഴിച്ചില്ല. ഒരാഴ്ചക്കിടയിൽ ഒന്നുരണ്ടു തവണ വെള്ളം മാത്രം കുടിച്ചു. നാലഞ്ചു പാക്കറ്റ് ബ്രഡും തിന്നു.

പല്ലൻതോമയുടെ ആവശ്യപ്രകാരം കുറേ കറുകപുല്ല് കൊണ്ടുകൊടുത്ത അന്നാമ്മ അവന്റെ തീറ്റയും നോക്കി ദണ്ണിച്ചിരുന്നു, അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ. പുല്ല് തിന്നുന്ന മനുഷ്യനെ സ്വപ്നത്തിലെന്നപോലെ നോക്കി വിസ്മയം പൂണ്ടങ്ങനെ....

“അമ്മ വെഷമിക്കണ്ട. ന്റെ വയറും കൊടലും ചുക്കിച്ചുളിഞ്ഞ് വികൃതായി. നെഞ്ചിന്റകത്ത് നെറയെ മണൽപ്പൊടിയാ. തൊലിയ്ക്ക് കട്ടി കൂടി. കയ്യുങ്കാലും മരുഭൂമീലെ മണലീ നടക്കാൻ പാകത്തില്‌ തയമ്പായി. എല്ലാരും പല്ലന്തോമ്മാന്ന് വിളിച്ച് കള്യാക്കിര്‌ന്ന്ല്ലെ? ഇപ്പൊ ശെരിയ്ക്കന്നെ തിരിച്ചറിയണംങ്കി ആ പല്ല് വേണ്ടേ...? വിശ്രമല്ലാണ്ട് പണീട്ത്തോണ്ടാ ല്ലാം”

എന്തുചെയ്യണമെന്നറിയാതെ അന്നാമ്മയെഴുന്നേറ്റുചെന്ന് കൊച്ചുദേവസ്സിയോടു പരാതി പറഞ്ഞു. ബീഡി വലിച്ചും മുറുക്കിത്തുപ്പിയും പോംവഴിയ്ക്കു വേണ്ടി രണ്ടുപേരും തല പുകച്ചു.

ഒരു തീരുമാനത്തിലെത്തിയതു പോലെയായിരുന്നു കൊച്ചുദേവസ്സി പല്ലൻതോമയുടെ ചായപിനടുത്തേക്കു ചെന്നത്. ഒട്ടകത്തെപ്പോലെ കൈകാലുകൾ നീട്ടിവെച്ച് മയങ്ങുകയാണ്‌. ഇപ്പോഴാണ്‌ പുറത്തെ കൂനിന്റെ വളവ് കൊച്ചുദേവസ്സിക്ക് ശരിക്കും ബോധ്യമായത്. മഴവില്ലുപോലെ വ്യക്തമായി കാണാം. വാരിയെല്ലുകൾക്കു പുറത്തായി അധികപ്പറ്റുപോലെ ചര്‍മ്മം. അവിടെ പൂട പോലുള്ള രോമങ്ങൾ എഴുന്നേറ്റുനിന്നു, ഒരു ഭംഗിയുമില്ലാതെ.

“മോനേ...തോമ...വന്ന്ട്ട് ഒരാഴ്ച്യായില്ലെ..? മോനെന്താ പൊറത്തെറങ്ങാത്തേ...?”

തലയുയർത്തി അപ്പനെ നോക്കി. പ്രയാസപ്പെട്ട് കയ്യ് രണ്ടും താഴെ കുത്തി ഒട്ടകത്തെപ്പോലെ എഴുന്നേറ്റു. കൊച്ചുദേവസ്സിക്ക് വിശ്വസിക്കാനായില്ല. കൂനും കഴുത്തിന്റെ നീളവും വിധിയെന്നു സമാധാനിക്കാൻ ശ്രമിക്കുമ്പോഴാണ്‌ ആകാശം ഇടിഞ്ഞുവീണതു പോലെ അവന്റെ രൂപം കൊച്ചുദേവസ്സിയുടെ കണ്ണടക്കുള്ളിലേക്ക് വലിഞ്ഞു കയറിയത്. പതിയെ പല്ലൻതോമ പുറത്തു കടന്നു. കൃത്യം ഒരൊട്ടകക്കുഞ്ഞ്. മുറ്റത്തിറങ്ങി പച്ചിലകളൊക്കെ കടിച്ചുതിന്നാൻ തുടങ്ങി. അന്നാമ്മയും വിസ്മയപ്പെട്ടു നിൽക്കുകയാണ്‌. ഒരു ചൊടിയുമില്ലാതെ സാവധാനമാണ്‌ പല്ലൻതോമയുടെ പ്രവൃത്തികൾ. കയ്യിലേയും കാലിലേയും വിരലുകൾ കൂടിച്ചേരാൻ തുടങ്ങിയിരിക്കുന്നു. രണ്ടു കാലിൽ നിൽക്കാനും വയ്യെന്നായി.

അതുമിതുമൊക്കെ അല്പം കടിച്ചു തിന്നെന്നു വരുത്തി പല്ലൻതോമ തളർന്ന ശരീരത്തോടെ അകത്തേക്കു കയറി.

“ഇനിക്കി വയ്യപ്പാ. ആകെയൊരു തളർച്ച. കയ്യുങ്കാലും കൊഴയുന്നപോലെ”

കൊച്ചുദേവസ്സി ഡോക്ടറെ കൊണ്ടുവന്നു. പല്ലൻതോമയെ കണ്ട ഡോക്ടർ മിഴിച്ചുനിന്നു. എങ്ങിനെ ചികിത്സിക്കണമെന്ന് നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തിൽ ഇന്നുവരെ ഇത്തരമൊരു മനുഷ്യജീവിയെ ചികിത്സിക്കേണ്ടതായി വന്നിട്ടില്ല. മനുഷ്യനുമല്ല മൃഗവുമല്ല. വൈദ്യശാസ്ത്രത്തിൽ ഒട്ടകമനുഷ്യന്റെ ചികിത്സയെക്കുറിച്ച് പഠിക്കാത്തതിനാൽ ഡോക്ടർ കയ്യൊഴിഞ്ഞു. വെറ്റിനറി ഡോക്ടറെ കൊണ്ടുവന്നിട്ടും തഥൈവ.

പിറ്റേന്ന് ചായപിൽ നിന്നിറങ്ങിയ എല്ലും തോലും, ബീഡി പുകച്ചുകൊണ്ടിരുന്ന കൊച്ചുദേവസ്സിയുടെ മുന്നിൽ വന്നുനിന്ന് കണ്ണീരൊഴുക്കി. മിഴികൾ കണ്ണടക്കുള്ളിലൂടെ നീട്ടി അവന്റെ കൂനിനു പുറത്തുള്ള രോമത്തിൽ തൊടുവിച്ച് കൊച്ചുദേവസ്സി നിസ്സംഗനായി.

“അപ്പൊ...അന്റെ രോമം വരെ കൊഴിഞ്ഞു തുടങ്ങി. ഇതെന്തൊരു നശിച്ച നാട്? ഒര്‌ മാസം തെകഞ്ഞ്ല്ലല്ലൊ ഞാന്‌വ്ടെ എത്തിട്ട്? ഇത്രേം കൊറഞ്ഞ ചൂടില്‌ യിനിയ്ക്കിവിടെ ജീവിക്കാമ്പ്റ്റ്ല്ല. കൊറേ വെറകൊക്കെ കൂട്ടീട്ട് ചായ്പിന്റെ ഒര്‌ മൂലേല്‌ തിയ്യിട്ട് തന്നാമതി. അല്ലെങ്കീ ഞാനീ ചായ്പില്‌ ചത്ത് വീഴും. അത് പറ്റ്ല്ലെങ്കി ഞാമ്പൊക്കോളാം തിരിച്ച്...!”

പല്ലൻതോമയുടെ സംസാരത്തിൽ ഇഴച്ചിൽ തുടങ്ങിക്കഴിഞ്ഞു. തിരിച്ച് പോയേക്കാം എന്നൊക്കെ പറയുമ്പോൾ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രമാണ്‌ അവന്‌ ഉച്ഛരിക്കാനായത്. അവൻ പറഞ്ഞതിന്റെ അർത്ഥം കൊച്ചുദേവസ്സി ഊഹിച്ചെടുക്കുകയായിരുന്നു. അവന്റെ സംസാരശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്ന് ആ പിതാവ് മനസ്സിലാക്കി.

കൊച്ചുദേവസ്സി ആകെ ധർമ്മസങ്കടത്തിലായി. വീടിനുള്ളിൽ ഇരുപത്തിനാലു മണിക്കൂറും കത്തി നിൽക്കുന്ന ഒരു തീക്കൂന! മടുത്തു. വീണ്ടും ബീഡിയെടുത്തു പുകച്ചു.

പല്ലൻതോമ തിരികെ ചായ്പിനകത്തേക്കു കയറി കാലുംനീട്ടി തറയിൽ കിടന്നു. നീളം കൂടിയ കയ്യിലും കാലിലും വേദനയോടെ നോക്കി. സങ്കടം വന്നു. ഉണങ്ങിപ്പോതിരിച്ച ശരീരവും മനസ്സും ഇനിയീ ഭൂമിയിൽ കിളിർക്കില്ല, ഈ നാടിനു പറ്റില്ല..! പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മനുഷ്യനെപ്പോലെ ജീവിക്കാനിനി ഇവിടെ സാദ്ധ്യമല്ല, എന്നാൽ മൃഗത്തെപ്പോലെയും. ഇനിയെന്തു ചെയ്യണം? ആദ്യമായി ഭാവിയെക്കുറിച്ചോർത്തു.....!

കൊച്ചുദേവസ്സിയും അന്നാമ്മയും ഉത്തരം കിട്ടാത്ത വേഴാമ്പലുകളായി. അവൻ ദിവസേന ക്ഷീണിച്ചുവരികയാണ്‌. അവനെ ചികിത്സിക്കാൻ നമ്മുടെ രാജ്യത്ത് ഡോക്ടർമാരില്ല. ഇങ്ങിനെ കിടന്നാൽ ചത്തുപോകും. അതിനു മുൻപൊരു മാർഗ്ഗം കണ്ടെത്തിയില്ലെങ്കിൽ ആപത്താണ്‌. തൽക്കാലം ഒരു തീക്കൂനയുണ്ടാക്കിക്കൊടുത്താലും തണുപ്പുകാലത്തെന്തു ചെയ്യും? തിരികെ പറഞ്ഞയച്ചാലോ. അറബിനാടാവുമ്പോൾ അവനുള്ളത് അവിടെ കിട്ടുമായിരിക്കും.

അവരുടെ വേഴാമ്പലുകളെ തൽക്കാലത്തേക്കെങ്കിലും തകർത്തത് അറവക്കാരൻ അയ്മുട്ടിയുടേയും സഹായിയുടേയും വരവായിരുന്നു.

“മാപ്ലേം മാപ്ലിച്ചീങ്കൂടെ എന്താ ഒരാലോസന?” പോത്തിന്റെ തടിയും ഉപ്പന്റെ കണ്ണുമുള്ള അയ്മുട്ടി കഴുകനെപ്പോലെ വായ തുറന്നു. “മാപ്ല കോളടിച്ചല്ലൊ. ഒന്നാന്തരമൊരു ഒട്ടകത്തിന്യല്ലേ കിട്ട്യേക്ക്ണ്‌?”

“ഞങ്ങള്‌ അവ്നെക്കുറിച്ച് ഓരോന്നോർത്തിര്‌ന്നതാ സായ്‌വെ. തിരിച്ച് വിട്ടാലോന്നാ ചിന്ത.” കൊച്ചുദേവസ്സി താല്പര്യമില്ലാതെ പറഞ്ഞു.

“ഈ മാപ്ലക്കെന്താ പ്രാന്താ? ങ്ളൊരു നസ്രാണ്യല്ലേന്ന്...നാല്‌ പുത്തന്‌ണ്ടാക്കാൻ നോക്ക്. അതൊന്നും ഇങ്ങക്ക് ഞാമ്പറഞ്ഞ് തരണ്ടല്ലൊ. കറവ വറ്റ്യ പസൂനെ നമ്മളെന്താ ചെയ്യാ? അറക്കാങ്കോട്ക്കും, അറ്‌ഞ്ഞ്ട്ടും അറ്യാത്ത പോലെ, അദന്നെ. നിക്കാഹിനൊക്കെ ഇപ്പൊ ഒട്ടകെറച്ച്യ പേഷൻ. നല്ല തുട്ട് ഇങ്ങ്ട് പോര്‌ം.” അയമുട്ടി ലാഭം കണക്കു കൂട്ടി കൊരച്ചു.

“ഫ്അ...കഴുത്തറ്‌പ്പാ..! ഇപ്പൊവ്ടെന്നെറങ്ങില്ലെങ്കി ഞാന്‌പ്പ ചൂല്‌ട്ക്കും.” അന്നാമ്മയുടെ വായിലിരുന്ന മുറുക്കാൻ മുറ്റത്ത് ചിതറിത്തെറിച്ചു.

അയ്മുട്ടിയുടേയും സഹായിയുടേയും കൂസലില്ലാത്ത ഇറങ്ങിപ്പോക്ക് പല്ലൻതോമ ഗ്ലാസ്സിന്റെ സുതാര്യയിലൂടെ ആവാഹിച്ചെടുത്തു. മാതാപിതാക്കളുടെ സങ്കടം ഗ്രഹിച്ച് ചായ്പിനു വെളിയിലേക്ക് തലനീട്ടി പല്ലൻതോമ ചുമച്ചു. പതിഞ്ഞ ചുമ.

“വെഷമിക്കണ്ട. ഞാന്തിരികെ പോകാം. നമ്മ്ടെ നാടിന്‌ ന്റെ ശരീരം യിനി അധികപ്പറ്റാ. ഞാമ്പോയിട്ട് ബാങ്ക്‌ലിക്കി പൈസ അയച്ചോണ്ടിരിക്കാം, നമ്മ്ടെ രാജ്യത്തിനൊന്നും അധികപ്പറ്റാവാത്തത്.“ ശുഷ്കിച്ചു ചിലമ്പിച്ച ശബ്ദത്തിൽ നിന്ന് നുറുങ്ങിയ അക്ഷരങ്ങൾ ക്രമം തെറ്റി വീണു.

നേരം വെളുത്താൽ ആദ്യം ഒരു പീടികച്ചായ കൊച്ചുദേവസ്സിക്ക് പതിവുള്ളതാണ്‌. അത് കുടിച്ചെത്തുമ്പോഴേക്കും അന്നാമ്മ ഉണരും. കൊച്ചുദേവസ്സി രാവിലെത്തന്നെ കുളിച്ച് തുണി മറി. അന്നാമ്മ കൊടുത്ത കുടയുമായി മുറ്റത്തിറങ്ങിയപ്പോഴാണ്‌ മോന്റെ പാസ്പോട്ടെടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. വേറെ ഒന്നുരണ്ടു സ്ഥലത്ത് പോയിട്ടുവേണം അവന്റെ ടിക്കറ്റെടുക്കാൻ. എല്ലാം കൂടി ഒന്നിച്ചാകാം എന്ന് അന്നാമ്മയാണ്‌ ഇന്നലെ പറഞ്ഞത്.

”മോന്റെ പാസ്പോട്ട് എട്ത്തില്ല. അതിങ്ങെടുത്തോടി. അവൻ കെട്ക്ക്ണോട്ത്ത് ആ ബേഗില്‌ണ്ട്.“

അന്നാമ്മ ചായ്പിനകത്തേക്കു കയറി പല്ലൻതോമയുടെ കാലുകൾ കവച്ചുവെച്ച് അപ്പുറം കടന്നു. ബാഗു തുറന്ന് പാസ്പോട്ടെടുത്തു. ഒന്നല്ല, നാലഞ്ചെണ്ണം...! തിരികെ കടന്നപ്പോൾ അവനൊരു ഉമ്മ കൊടുക്കണമെന്ന് അന്നാമ്മക്കു തോന്നി.

നീണ്ട കഴുത്തിനറ്റത്തെ തല തറയോടു ചേർത്തി പതിഞ്ഞാണ്‌ പല്ലൻതോമ കിടന്നിരുന്നത്. ഒരടയാളം പോലെ പല്ലുകൾ പുറത്തു നിറുത്തി ബലമില്ലാത്ത വായുടെ കീഴ്ഭാഗം തറയിൽ മുട്ടി ചുളുങ്ങിക്കിടന്നു. പല്ലിനിടയിലൂടെ ഒഴുകിയ നുരയും പതയും, വറ്റിയും വറ്റാതെയും അവിടെത്തന്നെ അന്തിച്ചുനിന്നിരുന്നു. പതയുടെ അരികുകൾ കറുത്തുതടിച്ച ഉറുമ്പുകൾ കയ്യടക്കിയിരിക്കുന്നു. കൊരവള്ളി നഷ്ടപ്പെടുത്തിയ കണ്ഠനാളങ്ങളുള്ള കഴുതകളെപ്പോലെ അപ്പോഴും പല്ലൻതോമയുടെ കണ്ണുകളിൽ മരുഭൂമിയിലെ ഒട്ടകങ്ങളുടെ ചിത്രങ്ങൾ കാണാമായിരുന്നു.

---------------------------------------------
മുറി*--പഴയ കൃസ്ത്യൻ സ്ത്രീകൾ ചിലയിടങ്ങളിൽ ഇപ്പോഴും ഉപയോഗിക്കുന്ന പിൻഭാഗത്ത് ഞൊറികളുള്ള മുണ്ട് തന്നെ. പുറത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മുണ്ടിനേക്കാൾ കുറച്ചുകൂടി നീളം കൂടുതലുള്ളതിനാൽ ‘മുറി’എന്നാണ്‌ പറയുക.