1/1/12

ഒളിച്ചോട്ടം തുടരുന്നു....

 05-01-2012

അന്നത്തെ ഒരു ധൈര്യം..!ഇപ്പോഴോർക്കുമ്പോൾ ഭയം തോന്നുന്നു. ഏറുകൊണ്ട പട്ടിയെപ്പോലെ കുരച്ച്‌ ചാടുകയല്ലായിരുന്നൊ ഓരോ വാക്കിന്‌ പുറകേയും. അച്ഛനൊ അമ്മയൊ നാട്ടുകാരൊ ആരായാലും ഒന്നും കേള്‍ക്കാൻ തയ്യാറല്ലാത്ത മനസ്സ്‌. പ്രേമത്തിന്റെ ഒരു ശക്തിയേ..!

നായര്‌ പെണ്ണ് ചെത്തുകാരന്റെ മോനെ സ്നേഹിച്ചാൽ മതമൊന്നായാലും ഉപജാതികൾ സഹിക്കില്ലത്രെ. കണ്ടും കേട്ടും മർദ്ദനങ്ങൾ സഹിച്ചും ഒടുവിൽ രാത്രിക്കുരാത്രി അപ്പുവുമൊത്ത്‌ വണ്ടി കയറി സ്ഥലം വിട്ടു. 

ഒരു കൊല്ലം മുൻപ്‌ അപ്പേട്ടനും മോനുമൊത്ത്‌ വിദേശജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുമ്പോൾ മനസ്സ്‌ നിറയെ ആശങ്കകളായിരുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ എല്ലാരേയും ധിക്കരിച്ച്‌ ഓടിപ്പോയവർ തിരിച്ചെത്തുമ്പോൾ ലഭിക്കാവുന്ന പ്രതികരണം മോശമായിരിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ്‌ യാത്ര തിരിച്ചത്‌. വളർത്തി വലുതാക്കിയവരെ ഒരു വികാരത്തിന്‌ ശത്രുക്കളാക്കിയതിന്റെ കുറ്റബോധവും, നാട്ടിൽ നഷ്ടപ്പെട്ട വേരുകൾ തിരിച്ച്‌ പിടിക്കുന്നതിന്റെ ബുദ്ധിമുട്ടും, മോന്റെ പഠിപ്പവിടെ പൂർത്തീകരിക്കണമെന്ന ആഗ്രഹവും ഒന്നിച്ചപ്പോഴാണ്‌ വരവ്‌ നീണ്ടുപോയത്‌.

നരച്ച മുടിയിഴകൾ കറുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സുനന്ദ ചിന്തിച്ചത്‌ കാലങ്ങൾ മായ്ച്ചുകളഞ്ഞ വൈരാഗ്യവും പണം അടുപ്പിക്കുന്ന ബന്ധങ്ങളേയുമാണ്‌.

കാലത്തിന്‌ മായ്ക്കാൻ കഴിയാത്ത കാര്യങ്ങളില്ലെന്ന ഉപദേശം കാര്യമാക്കിയില്ല. വർഷങ്ങൾക്കുശേഷം കാണുമ്പോഴുണ്ടാകുന്ന ആകാംക്ഷയേയും പണത്തിന്റെ ധാരാളിത്തം സൃഷ്ടിക്കുന്ന പുറംകാഴ്ചകളേയുമാണ് കാലം മായ്ച്ചു എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്‌, വിശ്വസിക്കുന്നത്‌. പ്രകടമായ മാറ്റങ്ങൾ സമ്മാനിച്ചിരിക്കുന്ന ശരീരങ്ങള്‍ ഒഴിച്ചുനിർത്തിയാൽ, പഴയ പലരും അന്ന് പറഞ്ഞ വാക്കുകൾ ഇന്നലത്തേതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു.

അരികിലെത്തിയ കാൽപ്പെരുമാറ്റം കേട്ട്‌ മുഖമുയർത്തിയപ്പോൾ അത്ഭുതപ്പെട്ടു. മഞ്ചു.പി. നായർ. തിരിച്ചെത്തിയപ്പോൾ ആദ്യം കാണാൻ ആഗ്രഹിച്ച മുഖം. പലരോടും അന്വേഷിച്ചു. ഒരു പണച്ചാക്കിനെ കല്യാണം കഴിച്ച്‌ സുഖമായി കഴിയുന്നു എന്നറിഞ്ഞു. ആ സുഖത്തിന്റെ ഭാവങ്ങളൊന്നും മഞ്ചുവിന്റെ മുഖത്ത്‌ കണ്ടെത്താനായില്ല. എല്ലിച്ച ശരീരത്തിൽ പണക്കൊഴുപ്പിന്റെ അടയാളമായി സാരി മാത്രമാണ്‌ തെളിഞ്ഞു നിന്നിരുന്നത്‌.

"ഇതാര്‌..? മഞ്ചു.പി.നായരോ? നിയ്യാകെ കോലം കെട്ടു പോയല്ലോ മോളെ." സമ്മിശ്രവികാരത്തോടെ അത്രയും പറയുമ്പോൾ അത്ഭുതം അടങ്ങിയിരുന്നില്ല.

"ആ പേരെല്ലാം കോളേജിലെ ചെല തമാശകളായിപ്പൊ തോന്നുന്നു സുനന്ദ. നിയ്യൊന്നും  ഇതുവരെ കേട്ടിട്ടില്ലാത്ത തെറികളാണ്‌ ഇപ്പോളെന്റെ പേരുകൾ. മൂക്കറ്റം കള്ളും കുടിച്ച്‌ വീട്ടിലെത്തുന്ന ന്റെ നായ്‌ര്ക്ക്‌ ഞാൻ പെല്യാട്ച്യും കൂത്തിച്യും ആണ്‌. പണംണ്ട്‌ ധാരാളം. അതോണ്ട്‌ ജീവിതാവൊ?"

മഞ്ചുവിന്റെ വാക്കുകളിൽ നിന്ന് അവളുടെ ജീവിതം വായിച്ചെടുത്തു. അവളുടെ ദുഃഖം  പുറത്ത്‌ ചാടാൻ വെമ്പൽ കൊള്ളുന്നതായി തോന്നി. രൂപം മാറിയെങ്കിലും സംസാരത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

"ഞാൻ വർത്താനം തൊടങ്ങ്യാ ന്റെ കാര്യങ്ങളും അന്യന്റെ കുറ്റങ്ങളും മാത്രാവും. അതോണ്ട്‌ സുനന്ദ സുനന്ദേടെ  വിശേഷങ്ങള്‌ പറയ്‌."

"എനിക്ക്‌ സുഗാ മഞ്ചു. അപ്പേട്ടനും നല്ല സ്നേഹണ്ട്‌. മോനും അങ്ങനന്യാ."

"സുനന്ദ വന്നപ്പൊ മൊതല്‌ നിന്നെ കാണാൻ വരണംന്ന് വിജാരിച്ചിട്ട്‌ ഇപ്പ്ഴാ പറ്റീത്‌. ഞാൻ തനിച്ച്‌ പൊറത്ത്‌ പോയാ ന്റെ നായ്‌ര്‌ക്ക്‌ പിടിക്കില്യ. പിന്നെ തെറീം ബഹളാ. അതോണ്ടാ വൈകീത്‌. ഇപ്പൊത്തന്നെ ചെല്ലുമ്പൊ എന്താണ്ടാവാന്ന് അറീല്യ. ന്നാലും നിന്നെക്കണ്ട്‌ ഞാൻ നിന്നോട്‌ ചെയ്ത തെറ്റിന്‌ മാപ്പ്‌ പറയാണ്ട്‌ ഒര്‌ സമാധാനോംല്യ."

"നിയെന്ത്‌ തെറ്റാ എന്നോട്‌ കാട്ടീത്‌? അതൊക്കെ പഠിക്കണ സമയത്ത്‌ ഇണ്ടാവണ വികൃതീം കുശൂമ്പും ഒക്ക്യല്ലെ. അതൊന്നും തെറ്റല്ല. ഞാനാലോജിക്കുമ്പൊ, നിങ്ങളൊക്കെക്കൂടി അന്ന് അങ്ങനെ ചെയ്തോണ്ടാ ഇന്നിനിക്ക്‌ അപ്പേട്ടനൊന്നിച്ച്‌ ജീവിക്കാൻ പറ്റ്ണേന്നാ."

"അസൂയ തന്നെയായിരുന്നെന്നാ തോന്നണേ. അന്ന്, നിന്നെക്കാൾ സൗന്ദര്യൊള്ള ഇനിയ്ക്കി പറ്റാത്തത്‌ നീ ചെയ്തപ്പൊ തോന്നീത്‌. ന്റെ അഹങ്കാരത്തിന്റെ ഫലാ ഇനിയ്ക്കി കിട്ട്യെ നായ്‌രും. വേറൊരു കാര്യങ്കൂടി പറയവ്വേണ്ടിട്ടാ തെരക്ക്‌ പിടിച്ച്‌ വന്നത്‌." 

"അതെന്താ മഞ്ചു?"

"നിന്റെ മോനല്ലെ ഉണ്ണി?"

"അതെ."

"ഞങ്ങടെ അട്ത്തൊള്ളൊരു കര്‌വാത്തിപ്പെണ്ണായി അവൻ സ്നേഹത്തിലാ."

"ഉണ്ണി നമ്മെപ്പോലൊന്ന്വല്ല മഞ്ചു. അവന്‌ എല്ലാരും സുഹൃത്ത്ക്കളാ."

"അങ്ങന്യല്ല സുനന്ദ. ഇവ്ട്ന്ന് കൊറെ ദൂരംണ്ടല്ലോ. അതോണ്ട്‌ നിയ്യറിയാഞ്ഞിട്ടാ. ഞാമ്പണ്ട്‌ നിന്നോട്‌ കാട്ട്യ തെറ്റിനൊര്‌ പരിഹാരാവൂല്യേന്ന് വെച്ചാ ഞാമ്പറഞ്ഞത്‌."

"ഇത്‌ പരിഹാരല്ല മഞ്ചു. തെറ്റ്‌ ആവർത്തിക്കലാ. ഇനി അങ്ങനെന്തെങ്കിലും അവന്‌ തോന്ന്യാത്തന്നെ അത്‌ നടത്തിക്കൊട്ക്ക്ണേലെന്താ തെറ്റ്‌?"

"ആ കര്‌വാത്തിപ്പെണ്ണിന്യോ? സങ്ങതി അവളൊര്‌ മൊതലാ. ആര്‌ കണ്ടാലും നോക്കി നിക്കേം ചെയ്യും. പണംല്യേലും അവൾടെ മിട്ക്കോണ്ട്‌ പഠിച്ച് കമ്പ്യൂട്ടർ ഇഞ്ചിനിയറായി. എന്നുവെച്ച്‌ മണ്ണും പൊടീം പിടിച്ച്‌ കെടക്കണ കര്‌വാന്റെ ആലേലെ പെണ്ണിനെ കെട്ട്വെ..? കള്ളുങ്കുടിച്ച്‌ ബൊതല്യാണ്ട്‌ നടക്കണ അയാടെ മോളെ കെട്ട്വെ..?നിനക്കൊരന്തസ്സില്യെ?"

"അതിനയാൾടെ മോളെന്ത്പെഴച്ചു? അവന്‌ ഇഷ്ടാണെങ്കി ഞങ്ങളെതിർക്കില്ല മഞ്ചു."

"നിയ്യൊരു പാവാ സുനന്ദേ. കണ്ണടച്ച്‌ എല്ലാരേം അങ്ങ്ട്‌ വിശ്വസിക്കും."

"മഞ്ചു വെഷമിക്കണ്ട. ഞാനവനോട്‌ ചോദിക്കാം."

"ഇന്നന്നെ ചോയ്ക്കണം. അവനും ഇവ്ടെ ണ്ടാവുന്നാ ഞാങ്കര്‌ത്യെ. നേരിട്ട്‌ പറയാന്നും കര്‌തി."

"ഇതിപ്പൊ ഇത്രേം തെരക്കെന്താ?"

"തെരക്ക്ണ്ട്‌...ആ പെണ്ണിനേ....ഇപ്പൊ വയ്റ്റ്ലിണ്ട്‌. ഞങ്ങടെ അട്ത്ത്‌ എല്ലാരും അറിഞ്ഞു."

ഒരു നിമിഷം അരുതാത്തത്‌ എന്തൊ കേട്ടത്‌ പോലെ തോന്നിച്ചു. കാര്യത്തിന്റെ ഗൗരവം ഇങ്ങിനെ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

"നേരം ഒര്‌ പാടായി. ഞാമ്പോട്ടെ സുനന്ദേ. നിന്റെ അപ്പേട്ടനെ കാണാമ്പറ്റീല്യല്ലൊ."

"അപ്പേട്ടൻ വൈകീട്ടേ എത്തൂ. ചെറിയൊര്‌ ബിസിനസ്‌ണ്ട്‌. ജീവിക്കണ്ടേ‌?"

"കളിയാക്കല്ലെ മോളെ."

"ഞങ്ങളെല്ലാരുംങ്കൂടെ ഒരീസം നിന്റെ വീട്ടിലേക്ക്‌ വരണ്‌ണ്ട്‌."

മഞ്ചു പോയിക്കഴിഞ്ഞപ്പോൾ പഴയതു പോലെ ഒരു ഭയം കടന്നു കൂടി. എങ്ങും എത്താത്ത ഒരുപിടി ചിന്തകൾ കലമ്പൽ കൂട്ടി. മഞ്ചു പറഞ്ഞത്‌ നുണയാണെന്ന് വിശ്വസിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

എന്റെ മോൻ എന്നെപ്പോലെയോ അപ്പേട്ടനെപ്പോലെയോ ആയിരിക്കില്ലേ? ഇനി അങ്ങിനെ അല്ലെന്നാണൊ മഞ്ചു പറഞ്ഞതിൽ നിന്നു കരുതേണ്ടത്‌? അത്തരം മോശപ്പെട്ട സംഭവങ്ങളൊന്നും ഇതുവരെ അവനിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. കുറഞ്ഞ സമയം കൊണ്ട്‌ ഇങ്ങിനെ ഒരു ബന്ധം സാധ്യമാണോ? അപ്പേട്ടനോട്‌ ആദ്യമായി ഒന്ന് മിണ്ടിക്കിട്ടാൻ ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നത്‌ ഓർത്തു.

അപ്പുവിന്റേയും ഉണ്ണിയുടേയും സാന്നിദ്ധ്യത്തിൽ, മഞ്ചു വന്നതും പറഞ്ഞതും, എടുത്തിട്ടു. കേട്ട്‌ കഴിഞ്ഞിട്ടും പ്രത്യേക ഭാവഭേദങ്ങളൊന്നും ഉണ്ണിയിൽ കണ്ടില്ല.

അവിശ്വസനീയത നിഴലിച്ച അപ്പുവിൽ ക്രമേണ രൂപഭാവങ്ങൾ മാറി ക്രോധം സ്പുരിച്ചു. ദേഷ്യം ജ്വലിച്ച മുഖത്തേക്ക്‌ നോക്കാൻ ഭയം തോന്നി. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം.

"നീയിത്‌ എന്ത്‌ ഭാവിച്ചാ ഉണ്ണീ." അപ്പു ഉണ്ണിയോടായി ചോദിച്ചു.

അവനൊന്നും മനസ്സിലാകാത്തത്‌ പോലെ ഡാഡിയെ നോക്കി, തെറ്റ്‌ ചെയ്യാത്ത കുട്ടിയുടെ ഭാവത്തോടെ.

"നിയാ പെണ്ണിനെ കല്യാണം കഴിക്കാനാണൊ തീരുമാനിച്ചിരിക്കുന്നത്‌?"

"അതിനെന്താ കുഴപ്പം?" പെട്ടെന്ന് ഞാനതില്‍ കയറിപ്പിടിച്ചു.

"ആ കരുവാത്തിപ്പെണ്ണിനെ.....അല്ലേ? അതിയനവർക്കെന്ത്‌ യോഗ്യതയാടി." അയാളുടെ ശരീരം വിറച്ചു തുടങ്ങി.

ആപ്പേട്ടന്റെ പുതിയൊരു മുഖം ആദ്യമായി കാണുകയായിരുന്നു. അപ്പേട്ടന്‌ എന്ത്‌ യോഗ്യത ഉണ്ടായിട്ടാണ്‌ എന്നെ ഇറക്കിക്കൊണ്ടുപോയത്‌ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്‌ മിണ്ടിയില്ല.

കാലങ്ങൾ മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഇത്രയും തീവ്രമാകുന്നതെങ്ങിനെ? പഴയ കാലം പാടെ വിസ്മരിച്ച്‌ ജീവിക്കാൻ കഴിയുന്നതെങ്ങനെ? പറയുന്ന വാക്കിന്‌ ഒരു ഉളുപ്പ്‌ പോലും തോന്നാത്തതെന്താ? നേടിയതിനേക്കാള്‍ നേടണമെന്ന ആർത്തിയോ? അപ്പോൾ അപ്പേട്ടൻ സ്വാർത്ഥനാണ്‌. ഞാനന്ന് ഒന്നും ആലോചിക്കാതെ അപ്പേട്ടനെക്കൂടെ ഒളിച്ചോടിയത്‌ വെറും വികാരമായിരുന്നൊ? അപ്പേട്ടന്‌ അന്നൊരു ജോലി കിട്ടിയില്ലായിരുന്നെങ്കിൽ തന്റെ സ്ഥിതി എന്താകുമായിരുന്നു? അല്ലെങ്കിൽ അപ്പേട്ടനിലെ ഈ ആർത്തി ദുരഭിമാനത്തിന്റെ ലക്ഷണമല്ലേ? ഒരു പിടിയും കിട്ടുന്നില്ലല്ലോ.

"ഡാഡിയും മമ്മിയും ഇക്കാര്യത്തിലെന്തിനാ വെറുതെ തർക്കിക്കുന്നത്‌? അവിടത്തെ എന്റെ സുഹൃത്തുക്കളെപ്പറ്റി നിങ്ങൾക്കറിയാലൊ. അവരാരെങ്കിലും എന്നെപ്പറ്റി ഇന്നുവരെ ഒരു കമ്പ്ലെയിന്റ്‌ പറഞ്ഞിട്ടുണ്ടൊ?"

"അതുപോലാണൊ ഇത്‌..?"  സംശയത്തോടെ....

"എന്താ വിത്യാസം? ഇവിടേയും എനിക്ക്‌ കുറെ സുഹൃത്തുക്കളുണ്ട്‌. അവരിലൊരുവളാണിവൾ." നിസ്സാരം.

മകനെ മനസ്സിലാക്കുന്നതിൽ തെറ്റ്‌ പറ്റിയതൊ, കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവില്ലായ്മയൊ, വ്യത്യസ്ഥമായ രണ്ട്‌ സാഹചര്യങ്ങൾ തമ്മിലുള്ള മത്സരമൊ എന്താണെന്ന് നിശ്ചയമില്ലാതായി.

"എടാ..അവൾ ഗർഭിണിയാണ്‌." ഞാന്‍ സ്വരം താഴ്ത്തി പറഞ്ഞു.

"അതിനെന്താ?"

"ഒരു പരിഹാരം വേണ്ടെ?"

"പരിഹാരൊ....അതവളാണ്‌ ചിന്തിക്കേണ്ടത്‌. സൗഹൃദം നിലനിർത്തേണ്ടത്‌ രണ്ടുപേരുടേയും ഉത്തരവാദിത്വമാണ്‌ അതിന്‌ വിഘാതമായി വരുന്ന സംഭവങ്ങളെ ഇല്ലായ്മ ചെയ്യാൻ അവളും ബാദ്ധ്യസ്ഥയാണ്‌."

"എടാ...ഇത്‌ ഗ്രാമമാണ്‌. ഇവിടെ ചെല സംസ്ക്കരംണ്ട്‌. അതിനെ ധിക്കരിച്ച്‌ കഴിയാന്നാണൊ നീ വിചാരിക്കുന്നത്‌?"

"പിന്നെ ഞാനെന്താ ചെയ്യേണ്ടത്‌?"

"നീയ്യവളെ വിവാഹം കഴിക്കണം."

"അത്‌ പറ്റില്ല!! സൗഹൃദം സൗഹൃദമാണ്‌. അതിന്റെ പരിധി തീരുമാനിക്കേണ്ടത്‌ സുഹൃത്തുക്കൾ തമ്മതമ്മിലാണ്‌. സൗഹൃദത്തിലൂടെ വേണമെങ്കിൽ ഇണയെ തെരഞ്ഞെടുക്കാം. ഇണയെ തെരഞ്ഞെടുക്കനുള്ള വഴി മാത്രമല്ല സൗഹൃദം."

"മതി നിന്റെ വേദാന്തം. വേദാന്തോം പറഞ്ഞോണ്ടിരുന്നാ നാട്ടുകാരുടെ തല്ല് കൊള്ളാം."

"ഇവിടെ ജീവിക്കാൻ എനിക്ക്‌ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട്‌ നേരത്തെ പറഞ്ഞിരുന്നതല്ലേ?"

പറിച്ചുനടൽ പച്ച പിടിക്കണമെങ്കിൽ കാലാവസ്ഥയിൽ മാറ്റം സംഭവിക്കരുതെന്നു മനസ്സിലാക്കാൻ കായ്ഫലങ്ങൾ ഉണ്ടാകുന്നത്‌ വരെ കാത്തിരിക്കേണ്ടി വന്നു. സ്വയം ആശ്വാസത്തിന്റെ പഴുതുകൾ തേടുമ്പോൾ കൂടെയുള്ളവരെ അറിയാമെന്ന് നടിക്കുന്നത്‌ നാട്യം മാത്രം. അവന്‌ അവന്റെ ശരികൾ. ദീർഘനിശ്വാസം....

"മതി...ഇനി പിന്നെയാവാം." കിടക്കാനായി എഴുന്നേറ്റ അപ്പുവിൽ കോപം വിട്ടകന്ന ആശ്വാസം കാണാനായി.

"നാളെയായാലും മറ്റന്നാളായാലും എന്നായാലും എനിക്കിതേ പറയാനുള്ളു." അവന്റെ സ്വരം ദൃഢമായിരുന്നു.

കാഴ്ചകൾ ഇരുട്ടിൽ ഒളിച്ച്‌ കിടക്കുന്ന ഒരു രാത്രി.

കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ വീമാനത്താവളം ലക്ഷ്യമാക്കി കാറ്‌ പായുകയാണ്‌. ആരും കാണാതെ ആരേയും അറിയിക്കാതെ ഒരൊളിച്ചോട്ടം.

മൂന്ന് മനസ്സുകൾ നിശബ്ദമാണ്‌ കാറിനകത്ത്‌ -പിൻതുടരുന്ന കുറ്റബോധം, ദുരഭിമാനത്തിന്റെ കെട്ട്‌ പിണച്ചിൽ, നിസ്സംഗതയോടെ നിസ്സാരമായി-