1/12/11

പേടി

01-11-2011

"ഈയമ്മക്കെന്തിന്റെ കേടാ? പഠിക്കാനും സമ്മതിക്കില്ല....."ടീവിയിൽ നിന്ന് കണ്ണെടുത്ത്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ നിവർത്തിക്കൊണ്ട്‌ അനൂപ്‌ പിറുപിറുത്തു.

"സ്കൂളീന്ന് വന്നാ പുസ്തകം തുറന്നു നോക്കാത്ത നിനക്കിന്നെന്താ ഒരു പഠിപ്പ്‌? കരിന്തിരി കത്തുന്ന ആ വെളക്കെടുത്ത്‌ അകത്ത്‌ വെക്കാൻ പറഞ്ഞതിനാണൊ നിന്റെ ഈ ദേഷ്യം?" നാളെ കലത്ത്‌ കറി വെക്കാനുള്ള പയറ്‌ നന്നാക്കുന്നതിനിടയിൽ ടീവി സീരിയലിൽ നിന്ന് കണ്ണെടുക്കാതെ അമ്മ കോപിച്ചു.

വീട്ടിലിരുന്ന് മുഴുവൻ സമയവും പഠിക്കാത്തതിൽ അമ്മക്കുള്ള നീരസം വാക്കുകളിൽ വ്യക്തമാണ്‌. തന്നെ സംബന്ധിച്ച്‌ ടീ വി കാണൽ നിർബന്ധമുള്ള കാര്യമല്ല. പുറത്തെ ഇരുട്ടിലേക്ക്‌ കണ്ണോടിക്കുമ്പോൾ തോന്നുന്ന ഭയമാണ്‌ പ്രശ്നം. ഇരുട്ടിലേക്ക്‌ നോക്കണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചാലും അറിയാതെ നോക്കിപ്പോകുന്നു. 

മടിച്ച്‌ മടിച്ചെങ്കിലും ഉമ്മറത്ത്‌ നിന്ന് പതിയെ നിലവിളക്കെടുത്തു. പുകഞ്ഞുകൊണ്ടിരുന്ന തിരിയെടുത്ത്‌ പുറത്തേക്കെറിഞ്ഞു. അറിയാതെ ഇരുട്ടിലേക്ക്‌ നോക്കിപ്പോയി. ദേഹമാസകലം ഒരു കുളിര്‌, ഭയം.

പറമ്പിന്റെ തെക്ക്‌കിഴക്ക്‌ ഭാഗത്തായി ഇരുട്ടിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. പിൻതിരിയാതെ പുറകോട്ട്‌ നടന്ന് അകത്ത്‌ കയറി കതകടച്ചു. മുറിയിലെ വെളിച്ചത്തിൽ ഇരുട്ടിൽ നിന്ന് മോചനം കിട്ടി. എങ്കിലും മനസ്സിൽ കട്ടപിടിച്ച ഇരുട്ട്‌. ടീവിയിൽ നോക്കിയിരുന്നിട്ടും ശ്രദ്ധ മറ്റെങ്ങോ സഞ്ചരിച്ചു.

ഒരു കൊല്ലം മുൻപ്‌ പതിനൊന്നില് പഠിക്കുമ്പോഴാണ്‌ അപ്പൂപ്പൻ മരിക്കുന്നത്‌. തെക്കേപ്പുറത്തെ അതിരിനോട്‌ ചേർന്ന് വീടായതിനാൽ  കെഴക്കേപ്പുറത്ത്‌ തെക്കോട്ട്‌ നീക്കിയാണ്‌ ശവം ദഹിപ്പിക്കാൻ തീരുമാനിച്ചത്‌. 'സ്പുടം' ചെയ്യുകയായിരുന്നു.

തെക്കുവടക്കായി ആറടി നീളത്തിൽ ചെറിയൊരു തോട്‌ കീറി. പോള മാറ്റാത്ത വാഴപ്പിണ്ടി രണ്ടു വശത്തും നീളത്തിൽ വെച്ചു. അതിനു മുകളിൽ നാലഞ്ച്‌ കൈതത്തണ്ട്‌ കുറുകെ നിരത്തി. പിന്നെ, ഉണങ്ങിയ ചെറിയ വിറകും, ചാണവർളിയും, ചിരട്ടയും ചെറുതായി വിരിച്ച്‌ കിടക്ക പോലെ വരുത്തി രാമച്ചം വിരിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കിടത്തി. ചിരട്ട കൊണ്ടു തീർത്ത വലിയ മാലകൾ ദീർഘവൃത്താകൃതിയിൽ മൂന്ന് തട്ടുകളായി ചുറ്റും വെച്ചു. മൃതശരീരം മുഴുവനായി മൂടിയതിനു ശേഷം പഞ്ചസാരയും നെയ്യും രാമച്ചവും വിതറി മുകളിൽ ചാണവർളി നിരത്തി. പുറംഭാഗം കനം കുറച്ച്‌ വക്കോൽ നിരത്തി മുകളിൽ നനച്ച ചാക്കുകൊണ്ട്‌ മുഴുവനും മൂടി. പിന്നീട്‌ ചവുട്ടിക്കുഴച്ച കളിമണ്ണുകൊണ്ട്‌ പൂർണ്ണമായും തേച്ചുപിടിപ്പിച്ചു. ഇപ്പോൾ പുറത്തേക്ക്‌ ഒന്നും കാണാൻ കഴിയില്ല. ഏറ്റവും മുകളിലായി കളിമണ്ണും ചാക്കും തുരന്ന് മൂന്നിടത്ത്‌ വൃത്തത്തിൽ ദ്വാരമുണ്ടാക്കി.

അന്തരീക്ഷത്തിന്‌ പച്ചമാംസം കരിഞ്ഞ മണം. ആളുകളെല്ലാം ഒഴിഞ്ഞു. മൂന്ന് ദ്വാരങ്ങളിലൂടെ കട്ടപിടിച്ച പുക മുകളിലേക്ക്‌ ഉയരുന്നതൊഴിച്ചാൽ മറ്റ്‌ കാഴ്ചകളൊന്നും ഇല്ലായിരുന്നു. ചുറ്റും മതിൽ ഉണ്ടായിരുന്നെങ്കിൽ അയൽവക്കക്കാർക്കെങ്കിലും ഈ കാഴ്ചകളിൽ നിന്നും രക്ഷപ്പെടാമായിരുന്നു.

വർഷമൊന്ന് കഴിഞ്ഞിട്ടും എല്ലം ഇന്നലെ കണ്ടതുപോലെ തെളിഞ്ഞ്‌ കിടക്കുന്നു. പുറത്തിറങ്ങാതെ മുറിക്കുള്ളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതിനാലാണൊ ഇത്രയും ഭയം? ടീവി കാഴ്ചകളിലെ നേരിൽ കാണാത്ത പ്രേതങ്ങളും പിശാചുക്കളും മനസ്സിനെ കഴിവ്‌ കെട്ടതാക്കുന്നതാണോ? ഭയവും, ഭയം മൂലം രൂപപ്പെടുന്ന മടിയും മറച്ചുവെക്കാൻ നുണ പറയാൻ ശീലിക്കുന്നുവൊ? ന്യായമായ സംശയങ്ങൾ.

അമ്മയുടെ ശകാരം കേട്ടാണ്‌ കാലത്തെഴുന്നേറ്റത്‌. അതൊരു ശീലമായി. അമ്മ ദേഷ്യപ്പെട്ടില്ലെങ്കിൽ എഴുന്നേൽക്കാൻ സമയമായില്ലെന്ന് തോന്നും.

അടുത്ത വീട്ടിലെ മണിക്കുട്ടന്റെ അമ്മൂമ്മ മരിച്ചിരിക്കുന്നു. അവിടെ പോകാനാണ്‌ അമ്മ വിളിച്ചെഴുന്നേൽപിക്കുന്നത്‌.

മരണവീട്ടിൽ പോകാനും മരിച്ചുകിടക്കുന്നവരെ കാണാനും എന്തോ ഒരിത്‌. കഴിവതും പോകാറില്ല. കുറെ നാളത്തേക്ക്‌ ആ രൂപം മനസ്സിലങ്ങനെ കിടക്കും. രാത്രിയിൽ ഭയപ്പെടുത്തും.

അയൽവക്കങ്ങളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾക്ക്‌ സാന്നിധ്യം അറിയിച്ചില്ലെങ്കിൽ തിരിച്ചിങ്ങോട്ടും പ്രതികരണം അതേപോലെ ആയിരിക്കുമെന്നാണ്‌ അമ്മക്ക്‌ പേടി. അച്ഛൻ സ്ഥലത്തില്ലാത്ത നിലക്ക്‌ അമ്മ പറയുന്നതും കാര്യമാണ്‌. താൻ തന്നെയാണ്‌ പോകേണ്ടത്‌.

മണിക്കുട്ടൻ നന്നായി കരയുന്നുണ്ട്‌. അമ്മൂമ്മക്ക്‌ അവനെ ജീവനായിരുന്നു, അവന്‌ അമ്മൂമ്മയേയും. തന്നെക്കാൾ പേടിത്തൊണ്ടനെങ്കിലും ആ ഭയമൊന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. നഷ്ടപ്പെട്ടതിന്റെ വേദനയാണ്‌ അവന്റെ മുഖത്ത്‌.

അഞ്ചു സെന്റ്‌ സ്ഥലം. ഒരു ചെറിയ പുര. തൊട്ടടുത്തായി ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഒരു വർഷത്തിനുശേഷം അവിടേയും  നിറയെ മാറ്റങ്ങൾ കടന്നുവന്നിരിക്കുന്നു. ചാണവർളിയും, വക്കോലും, ചാക്കും, കളിമണ്ണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു. സമയവും പണവും ലാഭിക്കാൻ പല മാറ്റങ്ങളും...

കനം കുറഞ്ഞ ഇരുമ്പ്‌ പട്ടികകളും കമ്പികളും വെൽഡ്‌ ചെയ്ത ആട്ടുതൊട്ടിൽ പോലെ ഒന്ന്. ആറടിയോളം നീളം വരുന്ന അതിന്റെ അടിഭാഗത്ത്‌ നാല്‌ ചെറിയ കാലുകൾ. കുറച്ച്‌ ഉണക്കവിറക്‌, കുറച്ച്‌ ചകിരിമടൽ, കുറച്ച്‌ ചിരട്ട. എല്ലാം ഒരു പെട്ടിവണ്ടിയിൽ നിന്ന് താഴെ ഇറക്കി.

പുരയുടെ തൊട്ടരുകിലായി കുറച്ച്‌ സ്ഥലം നിരപ്പാക്കി അവിടെ തൊട്ടിൽ എടുത്ത്‌ വെച്ചു. ശരിയാണ്‌, അതിനകത്ത്‌ കത്തിത്തീരുമ്പോൾ ചാരമെല്ലാം അഴികൾക്കിടയിലൂടെ താഴെ വീഴും. രണ്ടുപേർ ചേർന്ന് തൊട്ടിൽ തറയിൽ നന്നായി ഉറപ്പിക്കുകയാണ്‌.

ശരീരം പെരുത്ത്‌ വരുന്നത്‌ പോലെ തോന്നി. കൺമുന്നിൽ അപ്പൂപ്പന്റെ മെല്ലിച്ച രൂപം. കരയുന്ന മണിക്കുട്ടന്റെ ദയനീയഭാവം. ഭയം കൊണ്ടവൻ തന്നെ കെട്ടിപ്പിടിക്കുന്നതായി തോന്നി. ദേഹമാസകലം ഒരു വിറയൽ.

പെട്ടെന്നായിരുന്നു എല്ലാം. തൊട്ടിലിന്റെ ഒരു തല പിടിച്ചുയർത്തി അനൂപ്‌ താഴേക്ക്‌ മറച്ചിട്ടു. കൂടി നിന്നവരെല്ലാം ഓടി അകന്നതിനാൽ ആരുടേയും ദേഹത്ത്‌ തട്ടിയില്ല.


ഒരു കാരണവർ ഓടിവന്ന് അനൂപിനെപ്പിടിച്ച്‌ തല്ലി, താഴേക്ക് തള്ളിയിട്ടു. എല്ലാരും ഓടിക്കൂടി. അമ്മ അവനെ പിടിച്ചെഴുന്നേൽപിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു.

അവന്‍ കരഞ്ഞില്ല. അവന്‌ കണ്ണീര്‌ വന്നില്ല. കിതച്ചുകൊണ്ടിരുന്നു. ചിലർ ചേർന്ന് അനൂപിനെ അനുനയിപ്പിച്ച്‌ മാറ്റി നിർത്തി. ആർക്കും ഒന്നും പിടി കിട്ടിയില്ല.
പലരും അനൂപിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തൊട്ടിൽ സൂക്ഷിച്ചു നോക്കി അവന്‍‍ കിതച്ചുകൊണ്ടിരുന്നു.

പഞ്ചമിയിൽ മരിച്ചതിന്റെ അനർത്ഥം തുടങ്ങി എന്ന് ആൾക്കൂട്ടത്തിൽ പിറുപിറുപ്പ്‌.

തൊട്ടിൽ വീണ്ടും പഴയപടി വെച്ചു. അവന്റെ മുഖം ചുവന്നു. ശ്വാസഗതി വർദ്ധിച്ചു. ഭ്രാന്തമായ ആവേശത്തോടെ കുതിച്ചു ചെന്ന് തൊട്ടിലെടുത്തുയർത്തി വീണ്ടും മറിച്ചിട്ട്‌ അലറി. താഴെനിന്ന് കനം കൂടിയ വിറകു കൊള്ളിയെടുത്ത്‌ ശക്തിയോടെ ആഞ്ഞുവീശി. "കൊന്നുകളയും" എന്നലറി നടന്നു. പെട്ടെന്നാരും അടുക്കാൻ ധൈര്യപ്പെട്ടില്ല. കരഞ്ഞുകൊണ്ട്‌ ഓടിയടുത്ത അമ്മയെ കണ്ടപ്പോൾ വിറക്‌ താഴെയിട്ടു. അമ്മയെ കെട്ടിപ്പിടിച്ച്‌ തോളിൽ തല ചായ്ച്ച്‌ പൊട്ടിക്കരഞ്ഞു.

അനൂപിനേയും ചേർത്ത്‌ പിടിച്ച്‌ അമ്മ വീട്ടിലേക്ക്‌ നടന്നു. അവന്‍ പതിയെ തിരിഞ്ഞ്‌ നോക്കി അമ്മയോട്‌ കരഞ്ഞു പറഞ്ഞു. "അമ്മേ, മണിക്കുട്ടന്‌ പേട്യാവും...."