15/2/12

മീന്‍

15-02-2012


സുലൈമാനെ മീഞ്ചൂരടിക്കണ്‌. മീങ്കച്ചോടക്കാരനെ പിന്നെ അത്തറ്‌ മണക്കൊ.

കക്ക പറക്കിയും ഞണ്ടിനെ പിടിച്ചും ചെറുപ്പകാലം. കടൽക്കാറ്റേറ്റ്‌ കറുത്ത ശരീരം. വഞ്ചിയും വലയും അറിഞ്ഞ മുക്കുവജീവിതം നല്ല പരിചയം. പഠിക്കുന്നതിനേക്കാൾ ചൂണ്ടയിടാനായിരുന്നു ഇഷ്ടം. ഉപ്പയും ഉമ്മയും എതിർത്തില്ല. കടൽക്കരയിലെ ജീവിതം ഇങ്ങിനെയെന്ന വിശ്വാസം. സ്ലെയിറ്റ്‌ തല്ലിപ്പൊട്ടിച്ച്‌ മൂന്നാം ക്ലാസ്സിൽ പഠിപ്പ്‌ നിർത്തി. കടലിന്റെ ചൂടും ചൂരും ആവാഹിച്ചെടുത്തു. ഉപ്പുവെള്ളത്തിൽ കുത്തിമറിഞ്ഞു.

കടൽത്തിര കഴുകിയ കലർപ്പില്ലാത്ത മണൽ ചുട്ടുപഴുത്ത്‌ കിടക്കുന്നു. അകലെ കടൽ വെള്ളത്തിനു മുകളിൽ വര പോലെ വഞ്ചികൾ കാണാറായി. ഉയരുകയും താഴുകയും ചെയ്യുന്നു. മീനും കൊണ്ടുള്ള വരവാണ്‌. ആഹ്ലാദവും കൂവലുമായി വഞ്ചികൾ കരക്കെത്തി.

കൂരകളിൽ നിന്ന് പെണ്ണുങ്ങൾ പുറത്ത്‌ ചാടി. കാക്കക്കൂട്ടം പോലെ വഞ്ചികൾക്ക്‌ ചുറ്റും കൂടി. നിശ്ശബ്ദമായിരുന്ന കടൽത്തീരം പെട്ടെന്ന് തിരക്ക്‌ പിടിച്ചു. ആകെ കലപില ബഹളം. ഉറക്കെയാണ്‌ വർത്താനങ്ങൾ. അല്ലെങ്കിൽ കടൽത്തിരയുടെ ശബ്ദത്തിൽ മുങ്ങിപ്പോകും. സൈക്കിളുകളും പെട്ടിവണ്ടികളും ഓട്ടൊറിക്ഷകളും അങ്ങിങ്ങായി പരന്നു കിടന്നു. അപൂർവ്വം ബൈക്കുകളും കാറുകളും. വട്ടകകളും കുട്ടകളും വഞ്ചിക്കു ചുറ്റും. ചില പെണ്ണുങ്ങൾ വട്ടക കയ്യിൽ തന്നെ പിടിച്ചിരിക്കുന്നു. താഴെ വെച്ചാൽ മാറിപ്പോയാലോ.

വഞ്ചികളിൽ നിറയെ ചാളയും അയിലയുമാണ്‌. ചിലതിൽ കുറച്ച്‌ ചെമ്മീനുണ്ട്‌. ചിലതിൽ പലവകയാണ്‌. വലിയ മീനുകളൊന്നും ഇല്ല. മുകളിൽ കാക്കകളും കിളികളും വട്ടം പറക്കുന്നു.

സുലൈമാൻ കുട്ടിയല്ലെ. അതുകൊണ്ട്‌ അവന്റെ ഊഴം അവസാനമാണ്‌. എന്നും കാണുന്നതാണവൻ. എന്നാലും ആകാംക്ഷയ്ക്ക് കുറവൊന്നും ഇല്ല. അറിയാതെ തിക്കിത്തിരക്കി കയറിപ്പോകും. ആരെങ്കിലും തലയ്ക്ക്‌ കിണുക്കുമ്പോൾ പിൻവലിയും.

കാക്കകളും കിളികളും ഇപ്പോൾ താഴ്‌ന്ന് പറക്കുന്നു. ചില കാക്കകൾ വഞ്ചികളിൽ തൊട്ട്‌ പറക്കുന്നു.

കാല്‌ കൊണ്ട്‌ തട്ടി വട്ടക വഞ്ചിക്കരുകിലേക്ക്‌ നീക്കി വെച്ചു. ഒരു പാവം കണക്കെ നിന്നു. കുറച്ച്‌ അടിയും പൊടിയും വാരിയിട്ട്‌ കൊടുത്തു. അൽപം അല്ലേ..അതിന്‌ പൈസ കൊടുക്കണ്ട. തലയിലെടുത്തു വെച്ച്‌ വെട്ടോഴിയിലേക്ക്‌ കേറി. രണ്ട്‌ മണിക്കൂർ ഓടിനടന്ന് വട്ടക കാലിയാക്കി. അന്നത്തെ വരുമാനം പതിനേഴ്‌ ഉറുപ്പിക. ഉമ്മാനെ ഏൽപിച്ചു.

വലുതായിക്കൊണ്ടിരുന്നപ്പോൾ കച്ചോടത്തിൽ അൽപാൽപ്പം പുരോഗതി വന്നു. പൈസ കൊടുത്ത്‌ മീൻ വാങ്ങി. സൈക്കിൾ വാങ്ങിച്ചു. പന്ത്രണ്ട്‌ കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക്‌ സൈക്കിൾ ചവിട്ടി.

ഗ്രാമം സുലൈമാനെ കാത്തിരിയ്ക്കാൻ തുടങ്ങി. വഴിയിലിറങ്ങി നിന്ന് പെണ്ണുങ്ങൾ മീൻ വാങ്ങി. സ്ഥിരം വാങ്ങുന്നവരെ കണ്ടില്ലെങ്കിൽ വിളിച്ച്‌ കൊടുത്തു. മിതമായ ലാഭം മാത്രം എടുത്തു. ഗ്രാമത്തിലേക്കുള്ള സുലൈമാന്റെ മീൻ തികയാതായി.

ഗ്രാമത്തിന്റെ നടുക്ക്‌ ഒരു ചെറിയ കവലയാണ്‌. രണ്ടുമൂന്ന് പീടികകൾ. തലമുടി വെട്ടുന്ന ഒരു കട. സുബ്രേട്ടന്റെ ചായപ്പീടിക. അന്തോണ്യാപ്ലേടെ പലചരക്ക്‌ പീടിക. പിന്നെ പഴയ ഒരു ക്ലബ്ബ്‌, നടുക്ക്‌. പുറമ്പോക്കിലാണ്‌ ക്ലബ്ബ്‌. അതിന്‌ മുന്നിൽ ഇച്ചിരി സ്ഥലം കൂടി ബാക്കിണ്ട്‌.

അവിടെ സുലൈമാൻ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വിരിച്ചു. മീനതിൽ കൂട്ടിയിട്ടു. ഇരുന്നായി വിൽപന. ഒന്നുരണ്ടു ദിവസം കച്ചോടം അൽപം കുറഞ്ഞു. പിന്നെ കൂടി. എല്ലാരും അവിടെ വന്ന് മീൻ വാങ്ങാൻ തുടങ്ങി. വാടക കൊടുക്കുന്ന പെട്ടിവണ്ടിയിലായി പിന്നെ മീന്റെ വരവ്‌.

കുറെ ദിവസം കഴിഞ്ഞു. ചിലർക്കൊക്കെ മുറുമുറുപ്പ്‌. മീനിലെ ഐസുരുകി വെള്ളം താഴെ പോകുന്നതാണ്‌ കാര്യം. താഴെ പോകാതെ പാത്രത്തിൽ കോരിയെടുത്ത്‌ അകലെ കളയാറുണ്ട്‌ സുലൈമാൻ. എന്നാലും താഴെ വീഴും. മുഖത്ത്‌ നോക്കി ആരും പറഞ്ഞില്ല. കാരണം എല്ലാവർക്കും സുലൈമാനെ ഇഷ്ടമാണ്‌.

അല്പം തെക്ക്‌ മാറിയാണ്‌ ഗൽഫുകാരന്റെ പുതിയ കടമുറികൾ. പുതിയ എന്നു പറഞ്ഞാൽ രണ്ടു കൊല്ലം കഴിഞ്ഞവയാണ്‌. നാലഞ്ച്‌ മുറികൾ കാണും. ആരും വാടകക്ക്‌ എടുത്തിട്ടില്ല. ഈ കുഗ്രാമത്തിൽ എന്ത്‌ കച്ചോടം നടത്താനാണ്‌? തെക്കേ അറ്റത്തേത്‌ ചെറിയ മുറിയാണ്‌. ആദ്യം അവിടെ സ്റ്റുഡിയോ തുടങ്ങി. വൈകാതെ അത്‌ പൂട്ടി. പിന്നെ ലേഡീസ്‌ ബ്യൂട്ടി പാർലർ തുടങ്ങി. അതും അടച്ചു. അതുകഴിഞ്ഞ്‌ മൊബൈൽ റിപ്പയറിംഗ്‌. അതും കൂടി പൂട്ടിയപ്പോൾ സുലൈമാൻ കട നോട്ടം വെച്ചു.

ഇപ്പോൾ മീങ്കച്ചോടം ആ മുറിയിലായി. അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയ വലിയൊരു തട്ട്‌. കടയുടെ മുന്നിൽ നാലു കാലിൽ ഉറപ്പിച്ചിരിക്കുന്നു. അത്‌ നിറയെ മീൻ. മുകളിലെ ഷീറ്റിൽ നിന്ന് താഴേക്ക്‌ ഒരു ട്യൂബ്‌. അഴുക്ക്‌ വെള്ളം ട്യൂബിലൂടെ താഴെ ബക്കറ്റിൽ നിറയും. നിറയുമ്പോൾ അതെടുത്ത്‌ ദൂരെ കളയും.

സുലൈമാൻ പുതിയ പെട്ടിവണ്ടി വാങ്ങി. വണ്ടി ഓടിക്കാനും സഹായത്തിനുമായി ഒരാളെ വെച്ചു. അഞ്ചാറു സ്ഥലത്ത്‌ മീനെത്തിച്ചു കൊടുക്കുന്ന വാടക വേറെ കിട്ടും. ആറ്‌ പ്ലാസ്റ്റിക്ക്‌ പെട്ടി നിറയെ മീനാണ്‌ ഗ്രാമത്തിലേക്കിപ്പോൾ ആവശ്യം. മുന്തിയ തരം മീനുകളും ഇപ്പോൾ സുലൈമാന്റെ ഷീറ്റിനു മുകളിൽ കാണാം. പുറമെ നിന്നും ആളെത്തുന്നുണ്ട്‌ മീൻ വാങ്ങാൻ. നല്ല തിരക്കാണ്‌. ധാരാളം മീനും.

ഒരിക്കൽ ഒരു 'കടല്‍ബ്രാലി'നെ വിറ്റു. മൂന്നര കിലോയോളം തൂക്കം വരും. ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്ക്കൻ വില പറയാതെ തന്നെ എടുത്ത്‌ സഞ്ചിയിലാക്കി. സുലൈമാൻ കൂടുതൽ വാങ്ങില്ല എന്ന് എല്ലാവർക്കും അറിയാം. അയാൾ ആയിരത്തിന്റെ ഒരു നോട്ട്‌ കൊടുത്തു. സുലൈമാൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. നൂറുംങ്കൂടി...പൊക്കറ്റിൽ കയ്യിട്ട്‌ നൂറും കൂടി എടുത്ത്‌ കൊടുത്തു. ബൈക്ക്‌ തിരിച്ച്‌ അയാൾ പോയി. സലിയുടെ കണ്ണ് തള്ളി.

സലി ആരെന്നു പറഞ്ഞില്ലല്ലോ അല്ലെ. ബീരാനിക്കാടെ മോനാണ്‌ സലി. ബീകോം ജയിച്ചതാണ്‌. ബീരാനിക്കക്ക്‌ കല്ല് വെട്ടലാണ്‌ പണി. ഒറ്റ മോനാ. കഷ്ടപ്പെട്ട്‌ നല്ലോണം പഠിപ്പിച്ചു. പഠിപ്പിനൊത്ത പണി കിട്ടിയില്ല. ചുമ്മാ തെക്കുവടക്ക്‌ നടക്കും. ജോലിയ്ക്ക്‌ കാത്തിരിക്യാ.

സലിക്ക്‌ മീങ്കച്ചോടം കണ്ടിരിക്കണം. അത്രേയുള്ളു. ഈയിടെ എപ്പോഴും സുലൈമാന്റെ അരികെ സലിയെ കാണാം. സംശയങ്ങളും ചോദിക്കും സുലൈമാനോട്‌. സുലൈമാനിക്കാ ഈ മീന്റെ പേരെന്താ...ആ മീൻ നന്നാക്കുമ്പൊ തൊലി പൊളിക്കണൊ...ഈ മീനിനാണൊ രുചി കൂടുതൽ...അങ്ങിനെ...

ഒരു മീന് ആയിരത്തിയൊരുന്നൂറ്‌ രൂപ!

അന്നുമുതലാണ്  സലി സ്വപ്നം കാണാൻ തുടങ്ങിയത്. രാത്രിയിൽ ഉറക്കം കുറഞ്ഞു. ചിന്തകൾ തന്നെ. ജോലി കിട്ടിയാൽ തന്നെ ഇത്രേം പൈസ എവിടന്ന് കിട്ടാനാ? സുലൈമാനിക്ക ആറ്‌ പെട്ടി മീൻ വിക്കും. കുറഞ്ഞത്ത്‌ ഇരുപത്തിഅയ്യായിരം രൂപ. ഒരു ദിവസം! അതും ഈ ഗ്രാമത്തിൽ നിന്ന്. തിരിഞ്ഞും മറിഞ്ഞും കിടന്നു. എവിടെ....ഉറങ്ങാൻ പറ്റുന്നില്ല. കണ്മുന്നിൽ ഒരു മീനും ആയിരത്തൊരുന്നൂറ്‌ രൂപയും.

പത്ത്‌ പൈസക്ക്‌ വകയില്ല. ബീരാനിക്ക കല്ലുവെട്ട് മടയിൽ പോയാലേ ഇപ്പോഴും കഞ്ഞി വെക്കാനാവു. പാവത്തിന്‌ വയ്യാതായി. എന്നാലും മുടങ്ങാതെ പോകും. ബീകോം വല്യ്‌ പഠിപ്പാണെന്നാണ്‌ ബീരാനിക്കാടെ വിചാരം.

ഇനി എപ്പഴാണാവൊ ഉറക്കം വരുന്നത്‌.... മീങ്കച്ചോടം തന്നെ തുടങ്ങിയാലോ..ഏയ്‌..അത്‌ വേണ്ട. ഇത്രേം പഠിച്ചിട്ട്‌ അതിനൊത്ത ജോലിയെങ്കിലും വേണ്ടെ? ആളോള്‌ കളിയാക്കില്ലെ. മീനെടുത്ത്‌ കൊടുക്കുമ്പൊ ഒരു ജാളൃത തോന്നും. അതിനൊരാളെ വെക്കണം. എന്നിട്ട്‌ മേൽനോട്ടം മാത്രം നോക്കി നിന്നാപ്പോരെ. എന്നാലും ഒരകൽച്ച. അങ്ങിനെ നോക്കിയാ കാശുണ്ടാക്കാൻ പറ്റ്വോ?

നല്ല മീൻ കൊണ്ടരാം. കാശ്‌ കൊറച്ച്‌ വിക്കാം. അപ്പോൾ സുലൈമാനിക്കയെക്കാൾ നല്ല കച്ചോടം കിട്ടും. കൊറച്ച്‌ നാളോണ്ട്‌ നല്ല കാശും ഇണ്ടാക്കാം. ഒന്നുരണ്ട്‌ ദിവസം പരിചയം ഉള്ള ആളെ കൊണ്ടോകാം മീൻ വാങ്ങാൻ. പിന്നെ തനിച്ചാകാം. പതിയെ വണ്ടി വാങ്ങിയാൽ പിന്നെ പ്രശ്നമില്ല. മീൻ എടുത്ത്‌ കൊടുക്കാൻ ഒരാളെ വെക്കാതെ തരമില്ല. ഗള്‍ഫുകാരന്റെ അടച്ചിട്ട ഒരു മുറി തരപ്പെടുത്തണം. ചുളു വാടക കൊടുത്താൽ മതി. അടിപൊളി ഡെക്കറേഷൻ നടത്തണം. ഗ്ലാസ്സൊക്കെ പതിപ്പിച്ച്‌ നല്ല സ്റ്റൈലിൽ. ഒന്നൊ രണ്ടൊ ലക്ഷം ലോണെടുക്കാം.  മാസാമാസം അടച്ചാൽ മതി. കച്ചോടം തുടങ്ങിയാൽ ദിവസോം അടക്കാം. അത്‌ വലിയ പ്രശ്നമല്ല.

ലാഭവും വളർച്ചയും മാത്രം ചിന്തകളിൽ തെളിഞ്ഞ്‌ നിന്നു. ബാക്കിയെല്ലാം ഒത്തുതീർപ്പ്‌ പോലെ അവസാനിപ്പിച്ചു.

ഗൾഫുകാരന്റെ അടഞ്ഞു കിടന്ന മുറികളിൽ നടുമുറി. വലിയ മുറിയാണ്‌. കാലത്ത്‌ തന്നെ തുറന്നു. പാന്റും ഷർട്ടും ധരിച്ച്‌ സലി. ഒന്നും മനസ്സിലാകാതെ ബീരാനിക്ക. കാണുന്നവർക്ക്‌ അതിശയം. സുബ്രേട്ടന്റെ കടയിൽ നിന്ന് ചായയും പരിപ്പുവടയും. മീൻ വണ്ടിയെത്തി. സഹായികൾ ഇഷ്ടം പോലെ. പുത്തൻ മേശകളിൽ മീൻ നിരന്നു. സലിയുടെ മുഖം നിറയെ സന്തോഷം. ഉത്ഘാടനം കഴിഞ്ഞതോടെ വന്നവരൊക്കെ മീൻ വാങ്ങി. കണക്കും തൂക്കവും കാര്യമാക്കാതെ കച്ചോടം നടന്നു. ഉച്ചക്ക്‌ മുൻപ്‌ പകുതിയിലധികം മീനും തീർന്നു.

സുലൈമാൻ ഉച്ച തിരിഞ്ഞാണ്‌ കച്ചോടം തുടങ്ങുന്നത്‌. രണ്ടു മണി മുതൽ ആറര വരെ. അതിനിടയിൽ മുഴുവനും വിറ്റ്‌ തീർക്കും. ബാക്കി വരുത്തില്ല. ഇന്നാണെങ്കിൽ സുലൈമാൻ വന്നതുമില്ല.

നാലു മണിയോടെ സലിയുടെ മീനെല്ലാം തീർന്നു. നിറഞ്ഞ സന്തോഷം. ലാഭം കണക്ക്‌ കൂട്ടാൻ കഴിഞ്ഞില്ല. കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു.

-സുലൈമാനെ മലർത്തിയടിച്ചു. പൂച്ചയെപ്പോലെ ഇരുന്നവൻ എല്ലാം പഠിച്ചു. സുലൈമാനോടാ അവന്റെ കളി. ഇന്നത്തെ കച്ചോടം നോക്കണ്ട. എന്നാലും അവൻ ആള്‌ ഭയങ്കരനാ. നോക്കിയിരുന്നവൻ പണി പറ്റിച്ചല്ലോ. ഇന്നവന്‌ ലാഭമൊന്നും കാണില്ല. നിസ്സാര വെലക്കെല്ലേ എല്ലാം വിറ്റത്‌. സുലൈമാന്റെ അടുത്ത്‌ മത്സരിക്കാൻ ഇവനാവൊ. അല്ലെങ്കിത്തന്നെ പാന്റും ഷർട്ടും ഇട്ട്‌ അവന്റെ ഒര്‌ കച്ചോടം. ഇവിടെ കച്ചോടത്തിന്‌ ഇത്രേം കാട്ടിക്കൂട്ടണ്ട കാര്യം എന്താ. അതും മീങ്കച്ചോടം. അറിയാത്ത ഓരോ പണിക്ക്‌ ഇറങ്ങും. എത്ര കാശാ വെറുതെ കളഞ്ഞേക്കണത്‌. പാവം, ബീരാനിക്ക രക്ഷപ്പെട്ടാ മത്യായിരുന്നു- നാട്ടുകാരുടെ അഭിപ്രായങ്ങൾ നീണ്ടു പോയി.

ഇന്നലത്തേക്കാൾ ഇരട്ടി മീൻ. ഒറ്റയും തറ്റയുമായി കച്ചോടം ഇഴഞ്ഞു. സലിയിൽ ചെറിയൊരു ആവലാധി രൂപപ്പെട്ടു. ഉച്ച കഴിഞ്ഞ് സുലൈമാനും എത്തി. ആവലാധി ആധിയായി.

സുലൈമാന്റെ കച്ചോടം പഴയത്‌ പോലെ നടന്നു. മീനൽപം കുറച്ചായിരുന്നു. അതുകൊണ്ടു തന്നെ പെട്ടെന്നു തീർന്നു.

-വലിയ മീനൊന്നും ഇവിടെ പോകില്ല. ചാളയും അയിലയും, കുറച്ച് പൊടിമീനും. അതുമതി. മോന്ത്യായാൽ ഇനി കച്ചോടം നടക്കില്ല. ഐസിട്ട്‌ വെച്ചില്ലെങ്കിൽ എല്ലാം കേടാവും- സലിയുടെ അരികില്‍ ചെന്ന സുലൈമാന്‍ ചെറിയൊരു ഉപദേശം കഴിഞ്ഞ്‌ തിരിച്ച്‌ പോയി.

അവന്റെയൊരുപദേശം! തല്ലിക്കൊല്ലാനുള്ള ദേഷ്യമാണ്‌ തോന്നിയത്‌. ഉള്ളിൽ ഒതുക്കി. ബാക്കി വന്നാലോ എന്നൊരു ധാരണ ഇല്ലായിരുന്നല്ലോ. ഒന്നും കരുതാഞ്ഞത്‌ അതാണ്‌. ഇനിയിപ്പൊ എന്താ ചെയ്യാ?

പിറ്റേന്ന് ഉച്ചക്ക്‌ സുലൈമാൻ മീനുമായി എത്തി. സലിയുടെ കട അടഞ്ഞു കിടന്നിരുന്നു.