5/7/14

അമ്മീമ്മക്കഥകളുടെ കഥാകാരി.

                                                                                                                                  5/7/2014

അഗ്രഹാരങ്ങളുടെ അടരുകളിൽ അസ്തമിച്ചിട്ടില്ലത്ത ആകുലതകൾ വിങ്ങിക്കൊണ്ടിരിക്കുന്നു... സവർണ്ണതയിൽ ഒരിക്കലും സമരസപ്പെടാത്ത ജാതിവൈര്യത്തിന്റെ വലിഞ്ഞുമുറുകിയ ചോരക്കുഴലുകളിൽ രക്തസമ്മർദം നിലച്ചിട്ടില്ല.

ചവിട്ടും കുത്തുമേറ്റ് ചതഞ്ഞരഞ്ഞ മനസ്സുമായി ക്രൂരാനുഭവങ്ങളുടെ സഹിക്കാൻ കഴിയായ്മയിൽ നിന്ന് ഉയിർക്കൊള്ളുന്ന എഴുത്തുകാരികൾ നമുക്ക് ചുറ്റും ധാരാളമാണ്‌. നേരെ മുന്നിൽ കാണുന്ന മരണത്തെപ്പോലും ചിരിയോടെ ചങ്കൂറ്റത്തോടെ നേരിടാൻ സ്വജീവിതം പരീക്ഷണമാക്കിയവർ.... മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാനുള്ള ഉൽക്കടമായ ആഗ്രഹം മൂലം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ സമൂഹത്തിന്റെ അലിഖിത നിയമത്തിനുമേൽ കാലെടുത്തു വെക്കുന്ന പിഴച്ച പെണ്ണെന്ന പഴി കേൾക്കേണ്ടി വരുന്നവർ... പൊള്ളയായ കപട സംസ്ക്കാരത്തെ വെല്ലുവിളിക്കുന്ന അഹങ്കാരിയും ധിക്കാരിയുമായവർ മുദ്ര ചാർത്തപ്പെടുന്നു.

അത്തരം തീവ്രാനുഭവങ്ങളെ കൂട്ടുപിടിച്ച് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സാമൂഹിക കാഴ്ചപ്പാടോടെ ആവിഷ്ക്കാരങ്ങൾ നടത്തുന്ന എഴുത്തുകാരി തന്നെയാണ്‌ “അമ്മീമ്മക്കഥകൾ”ടെ കഥാകാരിയായ എച്ചുമുക്കുട്ടി എന്ന കല എന്നതിൽ സംശയത്തിന്‌ സ്ഥാനമുണ്ടെന്നു തോന്നുന്നില്ല.

മുഖ്യധാരാ എഴുത്തുകാരെ നമ്മൾ വല്ലപ്പോഴും വായിക്കുന്നു. എന്നാൽ ബ്ലോഗേഴ്സിനെ സ്ഥിരം വായിക്കുന്നു. തന്മൂലം അവരെ നമ്മൾ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചയപ്പെടുന്നു/സ്നേഹിക്കുന്നു, അവരുടെ എഴുത്തുകളിലൂടെ. വ്യക്തിപരമായ അവരുടെ ചിന്തകളേയും ജീവിതത്തെത്തന്നേയും ഒരു പരിധി വരെ അടുത്തറിയുന്നുണ്ട്.

നമുക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്‌ എച്ചുമുക്കുട്ടിയുടേത്.

ബ്ലോഗ് പോസ്റ്റുകളെല്ലാം വായിച്ചതാണെങ്കിലും കഴിഞ്ഞ ദിവസമാണ്‌ അമ്മീമ്മക്കഥകൾ പുസ്തക രൂപത്തിൽ ഞാൻ വായിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു കുറിപ്പെഴുതണമെന്നു തോന്നി. കാരണം അതൊരു ഓർമ്മപ്പുസ്തകമല്ലെ.., കഥകളല്ലല്ലൊ?  നമ്മുടെ പല സുഹൃത്തുക്കളും അമ്മീമ്മക്കഥകളെ പരിചയപ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനിയും ഒരാവർത്തനം എന്നതിലുപരി എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകളിലൂടെ ഞാനൊന്ന് കണ്ണോടിക്കുവാൻ ശ്രമിക്കുകയാണ്‌.

അമ്മീമ്മക്കഥകളിലെ കഥാകാരിയുടെ ചില വാക്കുകൾ ഇതാ.... “വേരുകളുടെ പടലങ്ങളില്ലാതെ...” എന്ന ഒർമ്മക്കുറിപ്പിൽ നിന്ന്.

“വേരുകളെക്കുറിച്ച് ഒന്നും എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂർവ്വം ചൂണ്ടിക്കാണിക്കാൻ കുടുംബചരിത്രങ്ങളുടെ യാതൊരു ഭണ്ഡാപ്പുരകളുമില്ലാത്ത ഒരാളാണു ഞാൻ. പശ്ചാത്തലമില്ലാത്ത ഒരു ചിത്രം പോലെയോ വാദ്യവൃന്ദങ്ങളില്ലാത്ത ഒരു ഗാനം പോലെയോ ഉള്ള ജീവിതം. എന്റെ തറവാട്, എന്റെ അമ്മ വീട്, എന്റെ അച്ഛൻ വീട്, എന്റെ ബന്ധുവീടുകൾ ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാൻ ഇല്ല. എന്തിന്‌, എല്ലാവരും എന്റെ ജാതി എന്ന് പറയുന്നത് പോലെ ഞാൻ ഒരു നമ്പൂതിരിയാണെന്നോ.....എന്നോ അല്ലെങ്കിൽ ഞാൻ ഒരു ചോവനാണെന്നോ അതുമല്ലെങ്കിൽ ഞാനൊരു പുലയനാണെന്നോ ഉറപ്പായി നെഞ്ചൂക്കോടെ പറയാൻ എനിക്ക് കഴിയില്ല. അമ്മാതിരി രക്തം എന്നിലൊരിക്കലും തിളക്കുകയില്ല. എല്ലാ ജാതിയിലും മതങ്ങളിലും ഉള്ളിന്റെ ഉള്ളിൽ പതിയിരിക്കുന്ന ‘എന്റേതിന്റെ മേന്മയും’ ‘ഇതാ നോക്കൂ, ഇതാണ്‌ എന്റേത് ’ എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ളാദാഭിമാനവും ‘നമ്മുടെ കൂട്ടത്തിലെയാ’ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്‌.“    

ജാതിയുടേയും മതത്തിന്റേയും നിറത്തിന്റേയും പൊള്ളല്‍ സമ്മാനിച്ച ജനനവും, ജനനത്തോടെ നികൃഷ്ടജീവികളെപ്പോലെ അകറ്റി നിർത്തപ്പെട്ട ബാല്യവും ബ്ലോഗിന്റെ തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തലായി പ്രത്യക്ഷപ്പെട്ട പോസ്റ്റുകളായിരുന്നു. പെണ്ണെന്ന അവജ്ഞയെ പുല്ലുപോലെ നേരിട്ടത് മുൻവിധികളെ കുടഞ്ഞെറിഞ്ഞ തുടക്കം മുതലുള്ള തുറന്നു പറച്ചിലിലൂടെയാണ്‌. എന്റെ ജാതിയറിഞ്ഞാൽ, നിറമറിഞ്ഞാൽ, സൗന്ദര്യമറിഞ്ഞാൽ, ജീവിതമറിഞ്ഞാൽ അങ്ങിനേയുമിങ്ങനേയും ധരിക്കുമെന്ന വേവലാതികളില്ലാതെ തികഞ്ഞ ബോധ്യത്തോടെയുള്ള എഴുത്ത്. അവനവനെത്തന്നെ ബലികൊടുക്കാൻ തയ്യാറല്ലാത്ത എഴുത്തുകാരന്‌/കാരിക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന കാഴ്ചപ്പാട് നിറഞ്ഞുനിൽക്കുന്ന എഴുത്ത്.

ബാല്യകാലജീവിതം സമ്മാനിച്ച കയ്പുനീരിന്റെ അനുഭവങ്ങളും ഒറ്റപ്പെടലുമാണ്‌ കുട്ടികളുടെ മനസ്സും അവരുടെ വേദനകളും ഇത്രയും തന്മയത്വമായി പകർത്താൻ എച്ചുമുക്കുട്ടിയെ പ്രാപ്തമാക്കിയിരിക്കുക. ഒരു കുട്ടി ജന്മം കൊള്ളുന്നതിനുവേണ്ടി വളർന്നു വികസിക്കുന്ന സാഹചര്യം മുതൽ പ്രസവം ബാല്യം കൗമാരം ജീവിതം എന്നത് പോലെ ആരംഭം മുതൽ പടിപടിയായാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗ് പോസ്റ്റുകൾ വളർന്നു രൂപം പ്രാപിക്കുന്നതെന്ന് കാണാം.

സർവ്വ പ്രായങ്ങളിലും സമരം ചെയ്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട അവസ്ഥകളാണ്‌ തുടർന്നുള്ള എഴുത്തുകളിൽ ഉടനീളം നിഴലിച്ചു കിടക്കുന്നത്. അത്തരം എഴുത്തുകളിലാണ്‌ എച്ചുമുക്കുട്ടിയുടെ അപാരമായ കഴിവ് നമ്മെ അസൂയപ്പെടുത്തുന്നത്. അനുഭവങ്ങള്‍  കണ്ടെത്തുന്നതിനായുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരിക്കാം... ആ യാത്രക്കുവേണ്ട ഊർജ്ജം സമ്പാദിച്ചെടുത്തത് അമ്മീമ്മയിൽ നിന്നായിരുന്നുവെന്ന് വ്യക്തം.

ഒരൗദാര്യം പോലെ ഭിക്ഷപോലെ അമ്മീമ്മക്ക് നൽകുന്ന വീടും പറമ്പും പുരുഷാധിപത്യത്തിന്റേയോ സവർണ്ണാധിപത്യത്തിന്റേയോ കാർക്കശ്യങ്ങൾക്കുള്ള അവകാശമായി ഒരു കൂട്ടം മനുഷ്യർ സ്ഥാപിച്ചെടുക്കുന്നത് അമ്മീമ്മക്കഥകളിലെ “സ്വത്ത്, ധനം, സമ്പാദ്യം.....പെണ്ണിന്റെ കാര്യമാണു പറയുന്നത്...”എന്ന ഓർമ്മക്കുറിപ്പിൽ  കാണാം. അമ്മീമ്മയുടെ മരണശേഷം വീടിന്റേയും പറമ്പിന്റേയും അവകാശം സഹോദരന്റെ മകനു നൽകുന്ന നിബന്ധന എഴുതിച്ചേർക്കുന്നതോടെ അവകാശങ്ങൾക്ക് അർഹരല്ല സ്ത്രീകളെന്നും വെറുമൊരു കാവൽക്കാരി മാത്രമാണെന്നും ഓർമ്മപ്പെടുത്തുന്നതോടൊപ്പം പുരുഷാവകാശത്തിന്റെ നെറികേടിനെതിരെ ഉയരുന്ന ഗർജ്ജനവും കൂടി ആകുന്നുണ്ട് ആ ഭാഗങ്ങൾ.

ഇത്തരം ഓർമ്മകളുടെ ചിറകേറി പറക്കുന്ന എഴുത്തുകാരി മാതൃത്വത്തിന്റെ കനി തട്ടിപ്പറിക്കപ്പെടുന്ന ക്രൂരതയെക്കുറിച്ചും എഴുതുന്നത് പല പോസ്റ്റുകളിലും നമുക്ക് വായിക്കാനാവും.  സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന കോടതിവിധിയിൽ ബോധംകെട്ടു വീഴുന്ന നായികയെപ്പറ്റി എഴുതുന്നത് "പൂച്ചമ്മ" എന്ന കഥയിലാണ്‌. നമ്മുടേതെന്നു കരുതി നാം സർവ്വസമയവും കൂടെ കൊണ്ടുനടക്കുന്നത് ഒരു സുപ്രഭാതത്തിൽ അന്യമായി തീരുമ്പോൾ ചങ്ക് കഴയ്ക്കുന്ന വേദന മനുഷ്യനായി ജീവിക്കുന്നവർക്കെല്ലാം തുല്യമാണ്‌. അതൊരു തിരിച്ചറിവാകുന്നതോടെ നേടി എന്നു കരുതി സ്വന്തമാക്കിയതെല്ലാം ഇട്ടെറിയുകയും തന്നെക്കാൾ കൂടുതൽ നഷ്ടപ്പെടലുകളോടെ ജീവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുക എന്നത് തുടർന്ന് ജീവിക്കാൻ പ്രേരക ശക്തിയാവുകയും ഇല്ലായ്മയെ നേടിയെടുക്കാനുള്ള ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത്തരം ശക്തി നേടിയെടുക്കുക എന്നത് അതീവ ശ്രമകരമായ ഒരദ്ധ്വാനവും പലർക്കും ചിന്തിക്കാൻ കൂടി കഴിയാത്തതുമാണ്‌..!

തുടർന്നുവരുന്ന കഥകളിലും ലേഖനങ്ങളിലും കുറിപ്പുകളിലും എല്ലാം തന്നെ അശരണരും ദരിദ്രരും ആയവരുടെ അനുഭവങ്ങൾ പതിഞ്ഞിരിക്കുന്നതിൽ നിന്ന് അത്തരമൊരു ശക്തിയെ വായിച്ചെടുക്കാനാവുന്നു. വിശിഷ്യ പെൺപക്ഷങ്ങളുടെ അനുഭവസാക്ഷ്യങ്ങളോടെയുള്ള ഈറ്റപ്പുലിശക്തി....

ഒന്നുകൂടി വ്യക്തമാക്കിയാൽ ബ്രാഹ്മണ്യത്തിലെ സാമ്പത്തിക സമ്പന്നതയേയും സവർണ്ണ സമ്പന്നതയേയും തിരസ്ക്കരിച്ചിറങ്ങിപ്പോകുന്ന ഒരു ശക്തിയെ എച്ചുമുക്കുട്ടിയുടെ പോസ്റ്റുകളിലുടനീളം കാണാനാവുന്നു. ആ തിരസ്ക്കരണ ശക്തിയുടെ ഇന്നത്തെ രൂപത്തിലുള്ള ചില സൂചനകൾ ഈയിടെ പുറത്തിറങ്ങുന്ന കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വായിച്ചെടുക്കാനാവുന്നുണ്ട്. കുറച്ചുനാൾ മുമ്പെഴുതിയ ‘ചങ്ങാതി’ എന്ന കഥയിലെ നായികയുടെ വർത്തമാനകാല ചിത്രം ഒരുദാഹരണം മാത്രമാകാനാണ്‌ വഴി. അതിലെ രണ്ടു വരികൾ ഇപ്രകാരമാണ്‌. “ജീവിതം അടിച്ച് പതം വരുത്തിയ അവളുടെ ദാരിദ്ര്യം അവനിന്നു കണ്ടു മനസ്സിലാക്കുകയാണ്‌. നീലനിറമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റ്, ചുരുട്ടിയ പുല്പായ, മൂന്നു അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക്ക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ടു സാൽവാർ കമ്മീസുകൾ......“ കഴിഞ്ഞു സമ്പാദ്യം!

അമ്മീമ്മക്കഥകളുടെ പരിചയപ്പെടുത്തൽ ഈ-മഷിയിലൂടെ നടത്തിയ നിഷയുടെ വക്കുകൾ കേൾക്കു. അമ്മീമ്മ കാണിച്ച വഴികളിലൂടെ, അവർ പകർന്നു കൊടുത്ത നന്മയും സ്നേഹവും മുതൽകൂട്ടായി യാത്ര ആരംഭിച്ച കഥാകാരി ഇന്നും ആ വഴികളിലൂടെത്തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്‌ അവരുമായുള്ള എന്റെ പരിമിതമായ ഇടപഴകലിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്.“ സൗഹൃദത്തിന്റെ തലത്തിൽ നിന്ന് നിഷക്ക് അത്തരം യാഥാർഥ്യങ്ങൾ കാണാനായിട്ടുണ്ടെങ്കിൽ എഴുത്തിലൂടെ സ്വന്തം ജീവിതത്തിനു ജീവൻ നൽകുന്ന കഥാകാരിയാണ്‌ എച്ചുമുക്കുട്ടി എന്നു കരുതുന്നതിൽ തെറ്റില്ല.

ആറു മാസത്തേക്ക്, മാധ്യമം ദിനപ്പത്രത്തിലെ വെള്ളിയാഴ്ചകളില്‍ പുറത്തിറങ്ങുന്ന കുടുംബമാധ്യമത്തില്‍ സ്വകാര്യം എന്ന കോളം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ മുഖ്യധാരയിൽ നിലനിൽക്കേണ്ട പൊതുബോധത്തെക്കുറിച്ച് വാചാലയായത് നാം കണ്ടതാണ്‌. ആ എഴുത്തിനുള്ള ജനങ്ങളുടെ സ്വീകാര്യതയായിരുന്നു ആറുമാസം എന്ന കാലവധി രണ്ടര വർഷമായി നീണ്ടുപോകാൻ കാരണം. ആളും അർത്ഥവും സമ്മർദവും ആവശ്യമില്ലാതെ പ്രസിദ്ധികരിക്കപ്പെടാവുന്ന അച്ചടി മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എച്ചുമുക്കുട്ടിയുടേതായ രചനകൾ കാണാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ആഴത്തിലുള്ള വിപുലമായ വായനയും അതുമൂലം സ്വായത്തമാക്കിയ അറിവും മാത്രമല്ല യാത്രകളിലൂടെ നേടിയെടുത്ത അനുഭവങ്ങളുടെ തീഷ്ണമായ കണ്ടെത്തലുകളും സ്വന്തം ജീവിതം തന്നെയും പകർത്തിയെഴുതുമ്പോൾ എച്ചുമുക്കുട്ടിയെന്ന എഴുത്തുകാരി നേടിയ ബിരുദാനന്തരബിരുദമെന്ന അക്കാദമിക്ക് ഡിഗ്രിയേക്കാൾ എത്രയോ ഉയരത്തിലാണിന്നവർ.

ഞാനിത്രയും പറഞ്ഞുവെച്ചത് അമ്മീമ്മക്കഥകളെക്കുറിച്ച് മറ്റുള്ളവർ സൂചിപ്പിക്കാത്ത എന്റെ ചില ചിന്തകൾ ധ്വനിപ്പിക്കാനാണ്‌. എന്തുകൊണ്ട് എച്ചുമുക്കുട്ടി വായിക്കപ്പെടണം എന്നിടത്തേക്കാണ്‌.

സാധാരണ പുസ്തകങ്ങളേയും എഴുത്തുകാരേയും പറ്റിയുള്ള പരിചയപ്പെടുത്തൽ നമ്മൾ വായിക്കാറുണ്ട്. ഒരു ബ്ലോഗറെന്ന നിലക്ക് നമ്മുടെയെല്ലാം സുഹൃത്തായ പ്രിയപ്പെട്ട എഴുത്തുകാരി സഹജീവികളുടെ വേദന സ്വന്തം ജീവിത ലക്ഷ്യമാക്കുമ്പോള്‍ ലഭിക്കുന്ന ഏക മനസ്സമാധാനവും എഴുത്താണെന്ന് കാണാവുന്നതാണ്. ചിലര്‍ ജീവിത പ്രയാസങ്ങളെ ഒന്നുമല്ലാതാക്കാൻ ചില കണ്ടെത്തലുകള്‍ നടത്തും. തന്നെക്കാളേറെ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതം കണ്ടെത്തി അവരുടെ ഇടയിലേക്ക് ഊഴ്ന്നിറങ്ങുക എന്ന മനസ്സിനെ ബലപ്പെടുത്തുന്ന തന്ത്രം ഉപയോഗിക്കുന്ന രീതി. അത്തരം പേടിപ്പെടുത്തുന്ന ചുറ്റുപാടുകൾക്ക് വലിയ ഉദാഹരണങ്ങളാണ്‌ ഇപ്പോൾ തുടർക്കഥയായി ബ്ലോഗിൽ പ്രസിദ്ധികരിക്കുന്ന 'ഇച്ചാക്കയുടെയും' 'പൂജയുടെയും' 'സ്വന്‍സലിന്റെയും' 'ഗരുവിന്റെയും' 'സീമയുടെയും' കഥകൾ. ജീവിതത്തെ ശക്തിപ്പെടുത്താൻ എഴുത്തുകാരി തെരഞ്ഞെടുത്തതെന്നു തോന്നാവുന്ന  അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാൻ എളുപ്പമല്ല. അതുകൊണ്ടാണ്‌ പറഞ്ഞത് അവനവനെ തന്നെ ബലികൊടുക്കാൻ തയ്യാറാവാത്തവർക്ക് ഉൽകൃഷ്ടമായ രചനകൾക്കാവില്ലെന്ന്.

ബ്ലോഗർ കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് ജീവിതം ചീന്തിയെടുത്ത് തയ്യാറാക്കിയ എച്ചുമുക്കുട്ടിയുടെ രചനകൾ കേരളമാകെ വ്യാപിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നെനിക്ക് തോന്നുന്നു. അതിനുവേണ്ടി നമുക്കോരോരുത്തർക്കും ചെയ്യാനാകുന്നത് നമ്മൾ ചെയ്യണം. നമ്മുടെ മറ്റ് സുഹൃത്തുക്കളെക്കോണ്ട് അമ്മീമ്മക്കഥകൾ വായിപ്പിക്കാനും വ്യപകമായ പുസ്തകലഭ്യതക്ക് വഴിയൊരുക്കുവാൻ കഴിയാവുന്നവർ അത് ചെയ്യുകയും വേണം. അമ്മീമ്മക്കഥകളിൽ വന്നതിനേക്കാൾ മഹത്തായ സൃഷ്ടികളാണ്‌ എച്ചുമുക്കുട്ടിയുടെ ബ്ലോഗുകളിൽ ഇനിയും ധാരാളമായി കാണാൻ കഴിയുന്നത്. അതെല്ലാം പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിന്‌ കൂടുതൽ ഔട്ട്ലെറ്റുകളുള്ള പ്രസാധകരെ പരിചയപ്പെടുത്താനും അതിനാവശ്യമുള്ള സൗകര്യങ്ങൾ ചെയ്യാനും കഴിയുന്നവർ അങ്ങിനേയും നമ്മുടെ കുടുംബാംഗത്തിന്റെ മാനസ്സികോല്ലാസം വർദ്ധിപ്പിച്ച് എല്ലാ തലത്തിലും ദരിദ്രമായ സഹജീവികൾക്ക് ആശ്വാസം ലഭിക്കേണ്ടുന്ന എഴുത്തിലേക്ക് എച്ചുമുക്കുട്ടിയെ നയിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യണമെന്നുമാണ്‌ എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും അറിവു കൊണ്ടുമാത്രം കാര്യങ്ങൾ നടത്താൻ കഴിയാത്ത ഇന്നത്തെ കാലത്ത്. ലാഭവും പണവും പ്രശസ്തിയും ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിനകം തന്നെ എച്ചുമുക്കുട്ടിയുടെ പുസ്തകങ്ങൾ വിപണികൾ കീഴടക്കിയേനെ എന്നും ഞാൻ വിശ്വസിക്കുന്നു.

അമ്മീമ്മക്കഥകൾ ലഭ്യമാകുന്ന ഇടങ്ങൾ:-

1. http://indulekha.com/ വഴി ഒൺലൈൻ വഴി വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ പോയാല്‍ ലഭിക്കും . ഇന്ദുലേഖയില്‍ പോയി Ammeemma Kathakal എന്ന് സേര്‍ച്ച്‌ ചെയ്താലും കാണാം.

2. ഇന്ത്യയില്‍ എവിടെയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും.
മാനേജർ, സി എൽ എസ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ, 670 141 എന്ന വിലാസത്തിൽ ആവശ്യപ്പെട്ടാലും മതി.
അല്ലെങ്കിൽ clsbuks@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് അഡ്രസ്സും ഫോൺ നമ്പറും മെയിൽ ചെയ്യാം.
09747203420 ഈ മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ആയി മെസേജ് അയച്ചാലും ബുക്ക് ലഭിക്കും.

3. തൃശൂർ വടക്കേച്ചിറ ബസ്സ്സ്റ്റാന്റിലെ ജോർജ്ജേട്ടന്റെ പെട്ടിക്കടയിൽ പുസ്തകം വില്പനക്കുണ്ട്.

4. തിരുവനന്തപുരത്തെ കേശവദാസപുരത്ത് കേദാരം ഷോപ്പിങ്ങ് കോബ്ലക്സിലുള്ള എക്സെൽ ബുക്ക്ഷോപ്പിലും (ഷോപ്പ് നമ്പർ- 70) അമ്മീമ്മക്കഥകൾ കിട്ടും.

പരിചയപ്പെടുത്തലിനു എച്ചുമുക്കുട്ടിയോടു ചോദിച്ചപ്പോള്‍ തന്ന ചിത്രങ്ങള്‍ ആണ്.