2/1/13

അമ്മയുടെ കുഞ്ഞ്

                                                                                                02/01/2013

 മതിലിനോടു ചേർത്തി നീളമുള്ള ഏണി കിടത്തിവെച്ച് കണ്ടാരൻ വലിയ ഗയിറ്റ് തുറന്നു. ഗൾഫു പണത്തിന്റെ പൊലിമ പൊലിപ്പിക്കുന്ന മുറ്റം പിന്നിട്ട്  ഇരുനില വീടിന്റെ സിറ്റൗട്ടിലെ ഗ്രാനൈറ്റു പതിച്ച തറയിൽ കണ്ടാരന്റെ സങ്കോചമില്ലാത്ത നഗ്നപാദങ്ങൾ പതിഞ്ഞത് ചിരപരിചിതനെപ്പോലെ. ചെരുപ്പുപയോഗിക്കാത്ത കാലുകളിലെ അഴുക്കിന്റെ ബാക്കികൾ ഗ്രാനൈറ്റ് മടി കൂടാതെ സ്വീകരിച്ചു.

കണ്ടാരനല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ കണ്ണാടിപോലെ തിളങ്ങുന്ന വൃത്തിയുള്ള തറയിൽ അഴുക്കുപുരണ്ട പാദങ്ങളെ തൊടുവിക്കാൻ ഒന്നു ശങ്കിക്കുകയെങ്കിലും ചെയ്തേനെ. ശീലിച്ചു പോന്ന ശീലങ്ങളിൽ ഗ്രാനൈറ്റിനോളം ഉയർച്ച ലഭിക്കാത്തതുകൊണ്ടോ, ലഭിക്കാനിടയില്ലാത്ത ഗ്രാനൈറ്റിന്റെ സുഖം അനുഭവിക്കുന്നവരോടുള്ള പ്രധിഷേധം വൃത്തിയില്ലാത്ത കാലുകൾ ചവുട്ടിത്തീർക്കുന്നതോ? രണ്ടിലേതായാലും കണ്ടാരൻ അങ്ങിനെയാണ്‌. ഒരു ഹരിജനായതുകൊണ്ടോ ഹരിജൻ കോളനിയിൽ താമസിക്കുന്നതുകൊണ്ടോ തൊഴിൽ തെങ്ങുകയറ്റമായതുകൊണ്ടോ അല്ല. ഉള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവിന്റെ വിദ്വേഷമാണത്.

തെങ്ങുമ്പൂവ്വിന്റെ തുണ്ടുകളും, കോഞ്ഞാട്ടയുടെ ഇറമ്പലും മൊരിയും വിയർപ്പുണങ്ങിയപ്പോൾ പശവെച്ചൊട്ടിച്ചതുപോലെ കുറിയ കറുത്ത മനുഷ്യന്റെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. തെങ്ങുകയറ്റം കഴിഞ്ഞു വരുന്ന വരവായതിനാൽ കയറുകൊണ്ടുള്ള തളപ്പ് തലേക്കെട്ടുപോലെ തലയിൽ ഇരിപ്പുണ്ട്. വിയർപ്പു നാറ്റവും തെങ്ങിൽ ചൂരും കലർന്ന സമ്മിശ്ര ഗന്ധമാണ്‌ കണ്ടാരന്. നടുവിനു വീതി കൂടിയ വെട്ടുകത്തി, തോളിൽ കാലൻകുട ഞാത്തിയിടുന്നതുപോലെ പുറത്ത് ഞാന്നു കിടപ്പുണ്ട്.

അല്പം പോലും ശങ്കയില്ലാതെ മുൻവാതിൽ തുറന്ന് കണ്ടാരൻ അകത്തു കടന്നു.

മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടറിലെ ഫെയ്സ്ബുക്കില്‍ കേന്ദ്രീകരിച്ചിരുന്നതിനാൽ അന്‍വര്‍ കണ്ടാരന്റെ അപ്രതീക്ഷിതമായ ആഗമനത്തിൽ ഞെട്ടിപ്പോയി. തലേ ദിവസം കണ്ടാരന്റെ ഭാര്യ കാർത്തുവുമായുണ്ടായ സംഭവങ്ങൾ ഓർത്തുകൊണ്ടായിരുന്നു സന്ദേഹത്തോടെ അന്‍വര്‍ സീറ്റിൽ നിന്നെഴുന്നേറ്റത്. വേണം എന്നു വിചാരിച്ചല്ല, അങ്ങിനെയൊക്കെ സംഭവിക്കുകയായിരുന്നു.

ഉമ്മയും ഉപ്പയും ഇല്ലാതിരുന്നതു മാത്രമായിരുന്നില്ല, തനിക്കിന്നലെ കോളേജിൽ പോകാൻ തോന്നാതിരുന്നതും സാഹചര്യം അനുകൂലമാക്കിയിരുന്നു. കാർത്തു എത്രയോ നാളായി ഈ വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നു? ചുരുക്കത്തിൽ ഒരു കുടുംബാംഗത്തെപ്പോലെ. കറുത്തതാണെങ്കിലും അംഗവടിവൊത്ത ലാവണ്യം കാർത്തുവറിയാതെ ഏറെ ആസ്വദിച്ചിരുന്നു. തന്നേയും ഉമ്മയേയും ഉപ്പയേയും പെരുത്തിഷ്ടമായിരുന്നു ഇന്നലെവരെ.   ഹരിജൻ കോളനിയിലെ സ്വഭാവദൂഷ്യങ്ങളേതുമില്ലാത്ത ഒരേയൊരു പെണ്ണായിരുന്നു കാർത്തു.

പിന്നെ എവിടെയാണ്‌ പിഴച്ചത്? വിവാഹം കഴിഞ്ഞ് പത്തുപതിനഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായില്ലെന്ന കുറവു നികത്താൻ ഏതു വിട്ടുവീഴ്ചക്കും കാർത്തു തയ്യാറാകുമെന്നു കരുതിയിരുന്നുവോ? കണ്ടാരനിലും കാർത്തുവിലും ആർക്കാണ്‌ ശേഷിയില്ലാത്തതെന്ന്‍ തനിക്കറിയാമായിരുന്നോ? ഇല്ലല്ലോ...അപ്പോൾ അതല്ല കാര്യം. ചെയ്ത തെറ്റിനെ സ്വയം ന്യായീകരിക്കാൻ വഴി തേടുന്നതാണ്. പൂച്ചയെപ്പോലെ ആരും കാണാതെ കാർത്തുവിന്റെ ശരീരസൗന്ദര്യം ആവോളം കവര്‍ന്നെടുത്തപ്പോൾ അറിയാതെ മനസ്സിൽ പെരുത്ത ആഗ്രഹം അനുകൂല സാഹചര്യത്തിൽ മുതലെടുക്കുകയായിരുന്നില്ലേ? എന്തൊക്കെ ന്യായീകരണം കണ്ടെത്തിയാലും തെറ്റ് തെറ്റ് തന്നെ.

അകത്തു കയറിയ കണ്ടാരന്റെ മുഖത്ത് കോപം തിരയിളക്കം നടത്തി. വാതിലടച്ച് തോളിനു പുറകിൽ തൂക്കിയിരുന്ന വെട്ടുകത്തിയെടുത്ത് കണ്ടാരന്‍ വിറച്ചു. കാർത്തുവിനെപ്പോലെത്തന്നെ ശാന്തസ്വഭാവക്കാരനായിരുന്ന കണ്ടാരന്റെ പേശികൾ കോപംകൊണ്ടു വലിഞ്ഞു മുറുകുന്നത് ഇതാദ്യമാണ്‌.

“എന്താ ക..ണ്ടാ...രാ...?”പരിഭ്രമം അന്‍വറിന്റെ വാക്കുകളെ നന്നേ ക്ഷയിപ്പിച്ചിരുന്നു.

“നിനക്കൊന്നുമറീല്ലേടാ ചെള്‌ക്കേ?” കണ്ടാരൻ വെട്ടുകത്തിയോങ്ങി അന്‍വറിനോടടുത്തു. അഴുക്ക് പുരണ്ട ഇടതു കൈകൊണ്ട് അവന്റെ ഷർട്ടിനു കുത്തിപ്പിടിച്ച് കുലുക്കി. മുഴുവൻ ശക്തിയും വാർന്നു പോയ അന്‍വര്‍ മരണത്തെ മുന്നിൽ കണ്ടു. തടയാനോ ഒന്നെതിർക്കാനോ സാധിക്കാത്തത്ര ദുർബ്ബലനായി തീർന്നിരുന്നു അന്‍വറപ്പോൾ.

“പെലയന്മാര്‌ടെ മേത്ത് എന്തും ആകാന്നാണോ നിന്റെയൊക്കെ വിജാരം? ജീവിതത്തില്ന്ന്‌വരെ കണ്ടാരൻ ആര്‌ടിം മെക്കട്ട് കേറീറ്റ്ല്ല. വേണ്ടാദീനം കാട്ട്യാ ഈ വെട്ടോത്തി ആ തലിട്‌ക്കും. നിന്നെ ഇണ്ടാക്ക്യോരെ ഞാനൊന്ന് കാണട്ടെ” വെട്ടുകത്തി അന്‍വറിന്റെ കഴുത്തിനോടു ചേർത്തി വെച്ചാണ്‌ അത്രയും പറഞ്ഞത്.

കണ്ടാരൻ പിൻതിരിഞ്ഞു. അന്‍വറിനു ശ്വാസം നേരെ വീണു. തിരിച്ചു കിട്ടിയ പുതിയ ജന്മത്തില്‍ പൂണ്ടിറങ്ങുമ്പോഴും ഉമ്മയും ഉപ്പയും അറിഞ്ഞാലുള്ള കുഴപ്പങ്ങളിൽ വേവലാതി പൂണ്ടു.

കണ്ടാരനെപ്പോലെ പറയുകയായിരിക്കുകയല്ല അവർ ചെയ്യുന്നത്. തല കണ്ടിച്ച് താഴെയിടും. ഓർത്തപ്പോൾ ആധി കൂടി. എങ്ങിനേയും അവരെ അറിയിക്കുന്നതിൽ നിന്നും കണ്ടാരനെ തടയണം.

“ഉമ്മ്യേം ഉപ്പയേം അറീക്കര്‌ത്. ഞാൻ കണ്ടാരന്റെ കാല്‌ പിടിക്ക്യാം.” പുറകിൽ നിന്നുള്ള തൊണ്ടയിടറിയ കേഴൽ കണ്ടാരനെ രൂക്ഷമായൊന്നു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചു.

അസാധാരണമായതൊന്നും സംഭവിക്കാത്തതുപോലെ കണ്ടാരൻ പടിയിറങ്ങി. ഗെയ്റ്റു കടന്ന് ഏണിയെടുത്തു തോളിൽ വെച്ചതും കാർത്തുവിനെക്കുറിച്ചോർത്തതും ഒരുമിച്ചായിരുന്നു.

സാഹചര്യം എന്തായിരുന്നാലും അന്യപുരുഷനോടൊത്ത് അല്പനേരമെങ്കിലും കഴിഞ്ഞവളാണ് കാര്‍ത്തു. അതവള്‍ക്കു നേരിട്ടു പറയേണ്ടിവന്നത് സഹിക്കാൻ തനിക്കാകും. പിന്നെപ്പിന്നെ സംശയത്തിനു വഴിവെയ്ക്കും. എല്ലാം തുറന്നു പറയുന്ന ശീലം, തന്നെ ദൈവതുല്യമായി കാണുന്ന വിശ്വാസം തന്നെ. ഇപ്പോഴിത് അവളെന്നെ അറിച്ചില്ലെങ്കിൽ നാളെ താനിതു കേൾക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയായിരിക്കുമോ?

കഴിഞ്ഞ പതിനാലു വർഷവും ഒരു കുഞ്ഞിക്കാലിനുവേണ്ടി മുട്ടാത്ത ദൈവങ്ങളോ ആശുപത്രികളോ ബാക്കിയില്ല. നേർച്ചകളും വഴിപാടുകളും ടെസ്റ്റുകളും മരുന്നുകളുമൊക്കെയായി ഇത്രയും വർഷങ്ങൾ. ഒടുവിൽ മാത്രമാണറിയുന്നത് തനിക്കൊരച്ഛനാകാൻ കഴിയില്ലെന്ന്. കാർത്തുവിനു കുഴപ്പമൊന്നും ഇല്ലെന്ന്. ഈ വിവരം കാർത്തുവിനെ അറിയിച്ചപ്പോൾ അവൾ പറഞ്ഞത് ‘നമുക്ക് നമ്മൾ മാത്രം മതിയെന്ന്‌’. സാമ്പത്തിക പരാധീനതകൾ തുടർന്നുള്ള ആശുപത്രി പരീക്ഷണങ്ങളിൽ നിന്ന്‍ വിലക്ക് കല്പിച്ചു. എങ്കിലും ഒരു കുഞ്ഞിനുവേണ്ടി മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു.

തനിക്കച്ഛനാകാൻ കഴിയില്ലെന്ന അവളുടെ അറിവായിരിക്കുമോ ഇനി ഇങ്ങിനെയൊരു സാഹസത്തിന്‌ അവളെ പ്രേരിപ്പിച്ചിരിക്കുക എന്നു കരുതുന്നതിലും തെറ്റ് കണ്ടെത്താനാകുമോ?

കാടു കയറുന്ന ചിന്തകൾക്കു വിരാമമിട്ട് കണ്ടാരൻ വീട്ടിലേക്കു നടന്നു.

മൂന്നുനാലു ദിവസങ്ങൾക്കു ശേഷമാണ്‌ കാർത്തു അന്‍വറിന്റെ വീട്ടിൽ വീണ്ടും പണിക്കു പോയിത്തുടങ്ങിയത്. മാതാപിതാക്കളെ വിവരം അറിയിക്കാത്തതിലുള്ള ആശ്വാസം അന്‍വറിനു ലഭിച്ചു. എന്നിട്ടും കാർത്തുവിനെ കാണുമ്പോഴുള്ള ഭയവും വേണ്ടായ്കയും വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. നേരിട്ടുള്ള ദർശനം ഒഴിവാക്കാൻ പരമാവധി അന്‍വര്‍ ശ്രമിച്ചിരുന്നു. കാർത്തു ആരും കാണാതെ അന്‍വറിനു നേരെ വെറുപ്പ് പ്രകടിപ്പിച്ചു. അപ്പോഴും അറിയപ്പെടാത്ത കൊതിയുടെ നാമ്പുകൾ മനസ്സിൽ ഉയരുന്നത് കാർത്തു അപ്പപ്പോൾ നശിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ കാർത്തുവിന്റെ മനസ്സിൽ പെരുമ്പറ മുഴക്കി.

അടുത്തടുത്ത് വീടുകൾ ഉണ്ടായിരുന്നിട്ടും അന്‍വറിന്റെ കീഴ്പ്പെടുത്തലിൽ ഒന്നൊച്ചയിടാൻ തോന്നാതിരുന്നതെന്താണ്‌? നിലനിർത്തിപ്പോന്ന നല്ല പേരിനു മുകളിൽ കളങ്കം പടർന്നെങ്കിലോ എന്ന ഭയമോ? കണ്ടാരനോടു പറഞ്ഞാൽ എല്ലാം മനസ്സിലാക്കാൻ കഴിവുള്ള ആളെന്ന അമിതവിശ്വാസമോ? അപ്രതീക്ഷിതമായ ബലപ്രയോഗത്തിന്റെ പകപ്പ് കെട്ടങ്ങുമ്പോഴേക്കും കണ്ടാരന്‌ അച്ഛനാകാൻ കഴിയില്ലെന്ന സത്യം ഒരു വിങ്ങലായി പതുങ്ങിക്കിടന്നിരുന്നതോ? ആഗ്രഹിക്കാത്ത ഒരാഗ്രഹത്തിന്റെ സാദ്ധ്യതകൾ വീണുകിട്ടിയപ്പോൾ മുൻതൂക്കക്രമങ്ങളിൽ മാറ്റം വന്നതോ? നിർവ്വചിക്കാനാവാത്ത പുതിയൊരു സമ്മിശ്രവികാരത്തിന്റെ ആകെത്തുകയായിരുന്നു ആ സംഭവം.

ആശുപത്രിചികിൽത്സ അവസാനിപ്പിച്ച് കണ്ടാരനും കാർത്തുവും കുറച്ചുനാൾ തള്ളിനീക്കി. പിന്നീട് ഒരു കുഞ്ഞെന്ന ആഗ്രഹം രണ്ടുപേരിലും ശക്തമായത് ദത്തെടുക്കുക എന്ന ആശയവുമായാണ്. ഇടയിൽ സംഭവിച്ച അരുതാത്ത സംഭവം ദത്തെടുക്കലിനെ ഒന്നു തളർത്തിയിരുന്നു. കുട്ടിയെ നേടണമെന്ന മോഹം മനം മടുപ്പിക്കുന്ന അലച്ചിലിനെ ഒരു തരത്തിലും ബാധിച്ചില്ല. നാളെയത് നേടാനാകുമെന്ന വിശ്വാസം കൂടിക്കൊണ്ടിരുന്നു. നൂലാമാലക്കൾ പരിഹരിച്ച് ദത്തെടുക്കുക എന്നത് ശ്രമകരമായ കാര്യമാണെന്ന ഉപദേശങ്ങൾ കണ്ടാരനും കാർത്തുവും തള്ളിക്കളഞ്ഞു. പല സ്ഥാപനങ്ങളുടെ പടിയിറങ്ങിയിട്ടും ശ്രമം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല.

ഒരു മാസം കഴിഞ്ഞു. രണ്ടു മാസം കഴിഞ്ഞു..
ദത്തെടുക്കൽ പരിപാടിയും ഉപേക്ഷിക്കേണ്ട നിലയിലായി. ജാതിയാണ് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കുട്ടിയെ നൽകാൻ സന്നദ്ധരായ പല സ്ഥാപനങ്ങളും  അവരുടെ മുഖങ്ങളിൽ നിന്നു ജാതി ഗണിച്ചെടുത്ത് മറ്റു കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോൾ ചിലർ ജാതി നേരിട്ടു ചോദിച്ച് ഉറപ്പുവരുത്തിയാണ്‌ തിരിച്ചയച്ചത്.

മനുഷ്യനും സ്നേഹവും എന്ന പരിഗണനയ്ക്കപ്പുറത്തേക്ക് ഒരു കുഞ്ഞു വളരേണ്ട അന്തരീക്ഷത്തിന്‌ മേൽക്കോയ്മയുടെ അധികാര സ്വരം ഈ വക സ്ഥാപനങ്ങളുടെ എഴുതപ്പെടാത്ത വ്യവസ്ഥകളായിരുന്നു എന്നവര്‍ നേരിട്ടറിഞ്ഞു. എഴുതിവെക്കാൻ സ്വത്തില്ലെന്ന ന്യായം നിരത്തുമ്പോൾ അതൊന്നുമല്ല കാര്യമെന്നു കണ്ടാരനും കാർത്തുവും തീർച്ചപ്പെടുത്തിയത് കുറഞ്ഞ സമയത്തെ അനുഭവങ്ങളിലൂടെ ആയിരുന്നു.

“ഇനിക്കൊര്‌ സംസ്യം?” കാർത്തു കണ്ടാരനോടായി പറഞ്ഞു.

“ന്താ കാർത്തു?”

“രണ്ട് മാസായിറ്റ് ഞാൻ പൊറത്തായ്റ്റ്ല്ല....”

“അപ്പൊ നിനക്ക് വയ്റ്റ്ല്‌ണ്ടോ?”

“ഒറപ്പല്ല.മ്മ്ക്ക് ആസ്പത്രില്‌ ഒന്ന് പോയാലൊ?” കാർത്തു സന്തോഷത്തോടെയല്ല അതു പറഞ്ഞത്.

ആശുപത്രിയിൽ നിന്നുള്ള സ്ഥിരീകരണം പുതിയ ചിന്തകൾക്കും തീർച്ചയില്ലാത്ത വിവിധ വികാരങ്ങൾക്കും ഹേതുവായി.

“നമ്‌ക്ക്തിനെ കള്യാം.”രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കണ്ടാരനെ ചേർത്തുപിടിച്ചുകൊണ്ട് കാർത്തു പറഞ്ഞു.

എന്തു പറയണമെന്ന് തീര്‍ച്ചയില്ലാതെ കണ്ടാരന്‍ ആശയക്കുഴപ്പത്തിലായി. ഒരറ്റവും പിടിയില്ലാതെ വ്യക്തമായ തീരുമാനം കണ്ടത്താനാവാതെ ഇരുട്ടിന്റെ ആഴത്തില്‍ മുങ്ങാംകുഴിയിട്ടുകൊണ്ടിരുന്നു.

“നിങ്ങളെന്താ ന്നോട് ഒന്നും മിണ്ടാത്തെ? ന്നോട് വെറ്‌പ്പായൊ കേട്ടപ്പൊ?"കാര്‍ത്തുവില്‍ സംശയം പുളിച്ചുതേട്ടലായി.

"നിന്നിനിയ്ക്ക് വെറ്‌ക്കാമ്പറ്റോടി ഈജമ്മം? അങ്ങനൊക്കെണ്ടായത് നിന്റെ തോന്ന്യാസങ്കൊണ്ടല്ലല്ലൊ? അത്പ്പൊ ഇങ്ങ്നൊക്കെണ്ടാവ്‌ന്ന് കര്‌തില്ലല്ലൊ. യിനി യെന്താ വേണ്ടേന്ന് മ്മ്ക്ക് ആലോയിക്കാം“

”ന്തായാലും ഒര്‌ മേത്തന്റെ കുഞ്ഞിനെ മ്മ്ക്ക് വേണ്ട. മ്മ്ക്കും നണോം മാനോംല്ലെ?“ ഒരു കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിൽ കാർത്തു നേരിടേണ്ടിവന്ന പൊള്ളിക്കുന്ന വാക്കുകളോടുള്ള പ്രതിഷേധമായിരുന്നു നിറഞ്ഞുനിന്നത്.

ഒരമ്മയാവണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. പക്ഷെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാൽ താനിത് കരുതിക്കൂട്ടി ചെയ്തതാണെന്ന് അങ്ങോര്‌ സംശയിക്കില്ലേ? എല്ലാ വഴിയും അടഞ്ഞപ്പോൾ ഭാഗ്യം കൊണ്ടാണ്‌ ഇതു സംഭവിച്ചത് എന്നും കരുതാം. എന്തു പറഞ്ഞാലും കുടുംബസമാധാനം ഇല്ലാണ്ടായിട്ട് ഒരു കുഞ്ഞുണ്ടായിട്ടെന്തിനാ...വേണ്ട.

“കാര്‍ത്തു പറഞ്ഞതാ ശരി. ഇല്ലെങ്കി ഇല്ലാന്നല്ലൊള്ളു. വേറെ വെഷമൊന്നും ഇണ്ടാവ്‌ല്ലല്ലൊ. നമ്മ്ക്കതിനെ ഒഴിവാക്കാം” കണ്ടാരനും കാർത്തുവിനെ അനുകൂലിച്ചു.

കണ്ടാരന്റെ തീരുമാനത്തില്‍ കാർത്തുവിന്റെ മനസ്സൊന്നു പിടഞ്ഞു.
നശിപ്പിക്കണം എന്നു പറഞ്ഞെങ്കിലും മനസ്സാഗ്രഹിച്ചിരുന്നത് അമ്മയാകാനുള്ള അടങ്ങാത്ത മോഹം തന്നെയായിരുന്നു. കണ്ടാരന്റെ തീരുമാനം കേട്ടപ്പോൾ ശമിക്കാത്ത ദാഹം വേദനയായി മാറി. നശിപ്പിക്കണം എന്ന് ചാടിക്കേറി പറയേണ്ടായിരുന്നു.

പെട്ടെന്നുൾക്കൊള്ളാൻ കണ്ടാരനും സാധിച്ചില്ല. തന്റേതല്ലാത്ത ഒരു കുഞ്ഞിനെ തന്റെ ഭാര്യ പ്രസവിക്കുക...ഓർക്കുന്തോറും കാർത്തുവിനോട് വെറുപ്പനുഭവപ്പെടുന്നതായി തോന്നി. അന്നവള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ അറിഞ്ഞെങ്കിലോ എന്നു ഭയപ്പെട്ടിരിക്കാം. എന്നാലും അവള്‍ എതിര്‍ക്കേണ്ടാതായിരുന്നില്ലേ. അവളെതിര്‍ത്തില്ലെന്നു എങ്ങിനെ കരുതാമ്പറ്റും? നിവൃത്തിയില്ലാതെ കീഴടങ്ങേണ്ടി വന്നുവെന്നതൊക്കെ ശരിയാണെങ്കിലും അന്‍വറിന്റെ ഒരു കുഞ്ഞിനെ അവൾ പ്രസവിക്കുന്നു എന്നോർക്കുമ്പോൾ അകല്‍ച്ച അടുത്തു വരുന്നതുപോലെ. എത്ര ശ്രമിച്ചിട്ടും അംഗീകരിക്കാൻ കഴിയുന്നില്ല.

ഒരു കുഞ്ഞെന്ന ചിന്തയിലേക്ക് കണ്ടാരൻ എത്തിനോക്കി. മറ്റെല്ലാ വഴികളും അടഞ്ഞിരിക്കുന്നു. നിരാശ്രയർക്ക് ദൈവം കാട്ടിത്തന്ന വഴിയായിരിക്കുമോ ഇത്? മൂന്നു പേർക്കല്ലാതെ മറ്റാർക്കും ഈ സംഭവം അറിയില്ല. അതിൽതന്നെ അന്‍വറിന്‌ ഇങ്ങിനെയൊരു ചിന്ത ഉണ്ടാകാനും വഴിയില്ല. താനൊരു ഷണ്ഡനാണെന്ന് അവനറിയില്ലല്ലൊ. കാർത്തുവിനു മാത്രമെ അതറിയാവു. അപ്പോൾപ്പിന്നെ കുഞ്ഞിന്റെ പിതൃത്വം അറിയാവുന്നവർ താനും കാർത്തുവും മാത്രം. മറ്റുള്ളവർക്കു മുന്നിൽ താനൊരു ഷണ്ഡനല്ലെന്നും കാർത്തുവൊരു മച്ചിയല്ലെന്നും തെളിയിക്കാൻ കിട്ടിയ സന്ദർഭം. ഒരു കുഞ്ഞിനെ ദത്തെടുത്താൽ അത് വളരുമ്പോൾ ഹരിജനാക്കി മാറ്റിയതിന്‌ ആ കുഞ്ഞ് പിന്നീട് വളര്‍ത്തിയവരെ കുറ്റപ്പെടുത്തിയേക്കാം. ആദ്യം മുതലേ ദത്തുസന്തതിയാണെന്നു പറഞ്ഞ് നാട്ടുകാരുടെ പരിഹാസം കേൾക്കേണ്ടി വരും.

മറിച്ചാകുമ്പോൾ പരിഹാസത്തിനു വഴിയില്ല. പരിഹാസത്തിനപ്പുറം കാർത്തുവിന്റെ കുഞ്ഞല്ലെന്നു തനിക്കും പറയാന്‍ കഴിയില്ലല്ലൊ? ദത്തെടുത്താൽ വളർത്തച്ഛനും വളർത്തമ്മയുമാണ്. കാർത്തുപോലും യഥാർത്ഥ അമ്മയാകുന്നില്ല. ഇവിടെയിപ്പോൾ കുഞ്ഞിന്റെ അമ്മ കാർത്തുവാണെന്ന നിഷേധിക്കാനാവാത്ത സത്യം സംശയാതീതവുമാക്കുന്നു, നാട്ടുകാർക്കു മുന്നിൽ തന്റെ കുഞ്ഞെന്ന ധാരണയും. ഇതല്ലെ കൂടുതൽ നല്ലത്? അന്‍വറാണെങ്കിൽ തൽക്കാലം ഇത്തരം ചൂഴ്ന്നു കിടക്കുന്ന ചിന്തകളിലേക്ക് കടന്നു വരില്ലെന്നു വ്യക്തം. അവനിനി തന്റേയോ കാർത്തുവിന്റേയോ മുഖത്തു നോക്കാൻ ധൈര്യപ്പെടില്ല. പ്രായത്തിന്റെ കാട്ടിക്കൂട്ടലുകളിൽ പൊങ്ങുതടി പോലെ ഒഴുകാനല്ലാതെ മറ്റെന്തറിയാൻ?

“കാർത്തു ഒറങ്ങ്യൊ?”

‘ഇല്ല’

“യെന്തിനാങ്ങ്നെ ആലോയിച്ച് കൂട്ട്ണേ? അതൊക്കെ വിട്ട്കള. കെടന്നൊറങ്ങാൻ നോക്ക്.”

"യെത്ര കൂട്ടിട്ടും കൂട്ണ്‌ല്ല ഒറങ്ങാൻ. കൊല്ലല്ലേന്നും പറഞ്ഞ് ഒര്‌ കുഞ്ഞിന്റെ നെറോളി ചെവ്ട്ടിലിങ്ങ്നെ മൂളാ." കാർത്തു കണ്ടാരനെ വരിഞ്ഞുമുറുക്കി ചേർത്തുപിടിച്ചു.

”എല്ലാത്തിനും ഒര്‌ വഴീണ്ടാവും. നീ സമാദാനായി ഒറങ്ങ്. സമയംണ്ടല്ലൊ. നാളെ നേരം വെള്‌ക്കട്ടെ. അന്ന്ട്ട് ഇന്തൂട്ടെങ്കിലും ചെയ്യാ.“

കൂരിരുട്ടിൽ അലിഞ്ഞിറങ്ങി അവരുറങ്ങി നാളത്തെ പുതുപ്രഭാതത്തിനു വേണ്ടി.