24/12/10

ആഘോഷങ്ങള്‍ക്കിടയില്‍

24-12-2010

ആട്ടവും കൂത്തുമായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ഉയരാന്‍ മടിക്കുന്ന കണ്‍മിഴികളും ചുവടുറക്കാത്ത കാലുകളുമായി അടച്ചിട്ട മുറികളില്‍ നിന്ന്‌ നൃത്തം റോഡിലേക്കൊഴുകി. നഗരമണങ്ങളില്‍ മദ്യത്തിന്റെ മത്ത്‌. ആടിത്തളര്‍ന്ന്‌ അഴിഞ്ഞുലഞ്ഞ ചേലകളോടെ പരസ്പരസഹായത്തോടെ അന്തരീക്ഷം കൊഴുക്കുന്നു. താളമേളങ്ങളും അട്ടഹാസവും പുതുവര്‍ഷത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്നു.


അയാള്‍ ഓടിത്തളര്‍ന്ന്‌ ആള്‍ക്കൂട്ടത്തിന്റെ വഴിമുടക്കില്‍ സംശയിച്ച്‌ നിന്നു. ഇനിയും ഏറെ ദൂരമുണ്ട്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌. അതിനിടയില്‍ എത്ര പുതുവര്‍ഷക്കൂട്ടങ്ങളെ മറികടക്കണം എന്ന്‌ നിശ്ചയമില്ല. അഥവ മറികടന്നാലും അതേ പോലീസ്‌ സ്റ്റേഷനില്‍ തന്നെയാണെന്ന്‌ ഒരുറപ്പും ഇല്ല. പുതുവര്‍ഷപ്രതീക്ഷ പോലെ വെറും ഒരു പ്രതീക്ഷ മാത്രം.

മരണത്തെ എന്തുകൊണ്ടൊ അയാള്‍ക്ക്‌ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്‌ വെറുതെ ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായിരുന്നു പാര്‍ക്കിലെ സംഭവം.

"ചേട്ടാ..നല്ല വിശപ്പ്‌. തിന്നാനെന്തെങ്കിലും കിട്ട്വോ." കുഞ്ഞിനെ മാറോട് അടുക്കിപ്പിടിച്ചുകൊണ്ടവള്‍ കെഞ്ചി.

"ഇന്ന്‌ രാത്രി കിടക്കാന്‍ ഒരിടവും വേണം."

പ്രസവം കഴിഞ്ഞ്‌ രണ്ടാം ദിവസം ഗവന്മേന്റ്‌ ആശുപത്രിയില്‍ നിന്ന്‌ പുറത്താക്കിയതാണ്‌ അവളെ. ഉച്ച മുതല്‍ ഈ പാര്‍ക്കില്‍ വന്നിരിക്കുന്നു. എപ്പോഴും തുറന്ന്‌ കിടക്കുന്ന പാര്‍ക്കായതിനാല്‍ ഇരുന്നും കിടന്നും മോന്തിയാക്കി. ഇരുട്ട്‌ പരക്കുന്നതോടെ ഭയം വര്‍ദ്ധിക്കുന്നു. മൂന്ന്‌ നാല്‌ പേര്‌, കൂടെ പോരുന്നോ എന്ന്‌ ചോദിച്ചതല്ലാതെ മറ്റാരും ശ്രദ്ധിച്ചില്ല.

ഇരുട്ടിന്റെ കറുപ്പിന്‌ കട്ടി കൂടിയതിനാല്‍ പാര്‍ക്ക്‌ കാലിയായി. കാക്കകളും കിളികളും കാഷ്ഠിച്ച്‌ വികൃതമാക്കിയ കായ്യൊടിഞ്ഞ ഗാന്ധിപ്രതിമയ്ക്ക്‌ താഴെ മിന്നിക്കത്തുന്ന ഒരു ബള്‍ബിന്റെ വെട്ടത്തില്‍ മരത്തിന്റെ ചാരുബെഞ്ചില്‍ അയാള്‍ ചാരിയിരുന്ന്‌ ബീഡി വലിക്കുകയായിരുന്നു. വെളിച്ചത്തിന്‌ താഴെ ബീഡിയുടെ പുകച്ചുരുളുകള്‍ കുത്തഴിഞ്ഞ്‌ അലിഞ്ഞില്ലാതാകുന്നു.

ഇരുട്ടിനുള്ളില്‍ പുതഞ്ഞിരുന്ന അവള്‍ വെളിച്ചത്തിന്‌ കീഴിലെ മനുഷ്യനിലേക്ക്‌ എത്തിപ്പെട്ടത്‌ "ഇനി എന്ത്...." എന്ന ചോദ്യമാണ്‌.

രണ്ടും കല്‍പ്പിച്ചാണ്‌ അയാളോട്‌ അത്രയും ചോദിച്ചത്‌. അല്ലെങ്കില്‍ ആ മുഖത്ത്‌ നോക്കി ഒന്നും ചോദിക്കാന്‍ ആര്‍ക്കും തോന്നില്ല.

കലങ്ങിച്ചുവന്ന കണ്ണുകളും ചിരി മാഞ്ഞ കേറ്റിപ്പിടിച്ച മോന്തയും, ബീഡിച്ചൂരും ചാരായത്തിന്റെ നാറ്റവും, മുഷിഞ്ഞ്‌ തുടങ്ങിയ ഇളം നീല ഷര്‍ട്ടും കറുത്ത പാന്‍റും, ചീകിയൊതുക്കാത്ത മുടിയും അന്‍പതിനോടടുത്ത പ്രായവും.

അയാള്‍ തല ചരിച്ച്‌ രൂക്ഷമായൊന്ന്‌ നോക്കി. പ്രസവത്തിന്റെ മണം വിട്ടുമാറിയിട്ടില്ലാത്ത ഒരു കിളുന്ത്‌ പെണ്ണ്‌. ചോരമണം മായാത്ത കൈക്കുഞ്ഞ്‌.

"നീയേതാ..? ഈ നേരത്ത്‌ എന്തിനിവിടെ വന്നു?" രൂപം പോലെ ശബ്ദവും മുഴങ്ങി.

"ഉച്ചക്ക്‌ വന്നതാ. ഇപ്പൊ പേട്യാവുന്നു. അതോണ്ടാ. നല്ല വെശപ്പുണ്ട്‌. ഒന്ന്‌ കിടക്കേം വേണം."

"ദാ..ഇതുണ്ട്‌. ..കഴിച്ചൊ." അയാള്‍ പുറകില്‍ വെച്ചിരുന്ന ബ്രഡിന്റെ നാലഞ്ച്‌ കഷ്ണങ്ങള്‍ നല്‍കി. ബഞ്ചിന്റെ തലക്കിലിരുന്ന്‌ കൊച്ചിനെ മടിയില്‍ കിടത്തി ആര്‍ത്തിയോടെ അവളത്‌ കഴിച്ചു. പ്ളാസ്റ്റിക്ക്‌ കുപ്പിയിലെ വെള്ളവും കുടിച്ച്‌ കഴിഞ്ഞപ്പോള്‍ അല്‍പം ആശ്വാസം. ഒന്നും അറിയാതെ കുഞ്ഞ്‌ ശാന്തമായി അവളുടെ മടിയില്‍ കിടന്നുറങ്ങുകയാണ്‌.

"നിനക്ക്‌ എവിടെയാ പോകേണ്ടതെന്ന്‌ പറഞ്ഞാല്‍ അവിടെ എത്തിക്കാം. ഇനിയും ഇവിടെ ഇരിക്കുന്നത്‌ പന്തിയല്ല."

"എങ്ങും പോകാനില്ല." സാമാന്യം സൌന്ദര്യമുള്ള ഇരുനിറക്കാരി. കുട്ടിത്തം സ്പുരിക്കുന്ന അമ്മ. വൃത്തികേടില്ലാത്ത വസ്ത്രധാരണം. ഇന്നത്തെ രാത്രി സുരക്ഷിതത്വം ലഭിച്ചെന്ന ആശ്വാസത്തോടെ അവള്‍ കുഞ്ഞിന്റെ മുഖത്ത്‌ തന്നെ നോക്കിയിരുന്നു.

"എന്റെ രാത്രികള്‍ പലപ്പോഴും ഈ മരബെഞ്ചിലൊ, റെയില്‍വെ സ്റ്റേഷനിലെ സിമന്റ്‌ ബെഞ്ചിലൊ, ബസ്റ്റാന്റിലെ ഈര്‍പ്പത്തിലൊ അല്ലെങ്കില്‍ കടത്തിണ്ണകളിലൊ ആയിരിക്കും." അവളുടെ ആശ്വാസത്തിന്‌ ബലം നല്‍കിയ വാക്കുകള്‍ അയാളെ വിശ്വസിക്കാന്‍ കരു‍ത്തേകി.

രാത്രിയുടെ കറുപ്പിന്‌ നിറം വര്‍ദ്ധിച്ചു. എല്ലാം മറന്ന്‌, ബള്‍ബിന്റെ നേര്‍ത്ത പ്രകാശത്തില്‍ അമ്മയും കുഞ്ഞും മരബെഞ്ചില്‍ കിടന്നുറങ്ങി. ക്ഷീണവും അലച്ചിലും അത്രമേലായിരുന്നു.

കരിഞ്ഞുണങ്ങുന്ന പുല്ലിലിരുന്ന്‌ അയാള്‍ ഒന്നിനുപുറകെ ഒന്നായി ബീഡികള്‍ വലിച്ച്‌ തള്ളി. ബീഡിക്കുറ്റികള്‍ ചറപറാ വലിച്ചെറിയാതെ അരികില്‍ തന്നെ കൂട്ടിവെച്ചു. ഉറക്കം തൂങ്ങികൊണ്ടിരുന്ന അയാളുടെ തല വല്ലപ്പോഴും ചാരുബെഞ്ചിലേക്ക്‌ ചായുമ്പോള്‍ അവളുടെ ശ്വാസോച്ഛാസത്തില്‍ നിഷ്ക്കളങ്കതയുടെ മണം അയാള്‍ അറിഞ്ഞു. രണ്ട്‌ കെട്ട്‌ ബീഡി തീര്‍ന്നപ്പോള്‍ ഇരുട്ട്‌ മാറി വെളിച്ചത്തിന്റെ വരവ്‌ കണ്ടു.

അവള്‍ ഇന്നലെ ചിന്തിച്ച "ഇനി എന്ത്‌..." എന്നത്‌ നേരം വെളുത്തപ്പോള്‍ അയാളിലേക്ക്‌ തിരിഞ്ഞിരിക്കുന്നു.അവളുമായി ആലോചിച്ചതുകൊണ്ട്‌ പ്രത്യേക ഗുണമൊന്നും ഇല്ലെന്ന്‌ മനസ്സിലാക്കിയ അയാള്‍ അവളേയും കൂട്ടി പാര്‍ക്ക്‌ വിട്ടു.

മെയിന്‍ റോഡിന്റെ അരികിലുള്ള പഞ്ചായത്ത്‌ ഓഫീസിന്റെ മതിലിനോട്‌ ചേര്‍ന്ന്‌ കീറത്തുണികള്‍ വിരിച്ച്‌ മറയുണ്ടാക്കി കുടില്‍ തീര്‍ത്തു. ഭക്ഷണം തേടി അയാള്‍ നഗരത്തിലേക്കിറങ്ങി. അവള്‍ കുഞ്ഞിനെ സ്നേഹിച്ച്‌ മാതൃസ്നേഹത്തില്‍ അഭയം തേടി. വൈകീട്ടെത്തുന്ന അയാള്‍ അവളെ ഊട്ടി, കുഞ്ഞിനെ താലോലിച്ചു.

അയാളുടെ കണ്ണുകളിലെ ചുവപ്പ് മാഞ്ഞു. ബീഡിച്ചൂര് അകന്നു.മുഖത്ത്‌ സന്തോഷത്തിന്റെ നേര്‍ത്ത അലകളായി ചെറുപുഞ്ചിരിയുടെ താളം.

ഒരു കുടുംബത്തിന്റെ സന്തോഷം എത്തിനോക്കിയ കുടിലിനകത്ത്‌ അവള്‍ ഓര്‍മ്മകളെ പുണരാതെ ഇന്നിന്റെ തൃപ്തിയില്‍ മാത്രം ലയിച്ചു. വഴിവക്കിലെ ആദ്യമായുണ്ടായ എത്തിനോട്ടങ്ങളിലെ കൌതുകം പിന്നീട്‌ പല സൌഹൃദങ്ങളായും രൂപാന്തരപ്പെട്ടു.

അവള്‍ അവിടത്തുകാരിയായി മാറുമ്പോള്‍ നിറം പിടിപ്പിച്ച കഥകള്‍ പഞ്ചായത്ത്‌ പരിസരത്ത്‌ പരന്നൊഴുകാന്‍ തുടങ്ങി. അവള്‍ അയാളോട്‌ പറയുകയൊ അയാള്‍ അവളോട്‌ അന്വേഷിക്കുകയൊ ചെയ്തിട്ടില്ലാത്ത വിവരങ്ങള്‍ പരിസരങ്ങളില്‍ നിന്ന്‌ കാതിലെത്തിയപ്പോള്‍ മറ്റൊരിടം തേടേണ്ട സമയം ആയിരിക്കുന്നു എന്നയാള്‍ക്ക്‌ ബോധ്യപ്പെട്ടു. നിസ്സഹായരുടെ നിസ്സഹായത രൂപം കൊള്ളുന്നത് സ്വന്തം വര്‍ഗ്ഗത്തില്‍ നിന്ന്‌ തന്നെയാണെന്ന്‌ അയാള്‍ വിഷമത്തോടെ ഓര്‍ത്തു.

ഈ വര്‍ഷം ഇന്നവസാനിക്കുന്നു. നാടും നഗരവും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നഗരസഭയുടെ ജീപ്പ്‌ തെരുവിലുറങ്ങുന്നവരോട്‌ നഗരം വിടാന്‍ മൈക്ക്‌ കെട്ടിപ്പറഞ്ഞ്‌ നഗരം ചുറ്റി. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ നിറഞ്ഞു.

അന്നം തേടിപ്പോയ അയാള്‍ അല്‍പം വൈകി തിര്‍ച്ചെത്തിയപ്പോള്‍ കുടില്‍ ഇരുന്നിടം ശൂന്യം. അവിടെ മതിലില്‍നിന്ന്‌ കോണ്‍ക്രീറ്റ്‌ അടര്‍ന്നിടത്ത്‌ തെറിച്ച്‌ നില്‍ക്കുന്ന തുരുമ്പിച്ച കമ്പിയില്‍ ഒരു കഷ്ണം കീറിയ സാരിത്തുണ്ട്‌ കാറ്റില്‍ ഇളകിയാടുന്നു.

അമ്മയേയും കുഞ്ഞിനേയും പോലീസുകാര്‍ കൊണ്ടുപോയി. നഗരമാലിന്യങ്ങള്‍ നീക്കം ചെയ്തിരിക്കുന്നു.

അയാള്‍ പൊട്ടിക്കരഞ്ഞു. കയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതികള്‍ താഴെ വീണ്‌ ചിതറി. മണ്ണില്‍ കിടന്നുരുണ്ടു. കൊച്ചുകുട്ടികളെപ്പോലെ അലറി വിളിച്ചു. തലയിലും മുഖത്തും പറ്റിപ്പിടിച്ച മണ്ണ്‌ തട്ടിക്കളയാതെ ഒരു ഭ്രാന്തനെപ്പോലെ അയാളെഴുന്നേറ്റ്‌ ഓടി, എന്തിനെന്നറിയാതെ എങ്ങോട്ടെന്നില്ലാതെ.

ഓട്ടത്തിനിടക്ക്‌ എപ്പോഴോ ഒരു വെളിപാട്‌ പോലെയാണ്‌ പോലീസ്‌ സ്റ്റേഷന്‍ ഓര്‍മ്മയില്‍ എത്തിയത്‌. പുതുവര്‍ഷലഹരിയില്‍ കുളിച്ച്‌ നില്‍ക്കുന്ന നഗരത്തിന്റെ പ്രഭയില്‍ അയാളുടെ അണപ്പും കിതപ്പും കാണാനൊ കേള്‍‍ക്കാനൊ ആരുമില്ലായിരുന്നു.

ആലോചിച്ച്‌ നിലക്കാന്‍ സമയമില്ല. രാത്രി പന്ത്രണ്ട്‌ മണി ആകാന്‍ പോകുന്നു. അവളും കുഞ്ഞും നഷ്ടപ്പെട്ടത്‌ ഇന്നാണ്‌, ഇക്കൊല്ലമാണ്‌. ഇക്കൊല്ലം തന്നെ അവളേയും കുഞ്ഞിനേയും ഞാന്‍ നേടിയെടുക്കും.

കാലുകള്‍ തറയിലുറപ്പിക്കാന്‍ പോലും കഴിയാതെ മസ്തിഷ്ക്കങ്ങളില്‍ ലഹരി പടര്‍ത്തി റോഡില്‍ ആടിക്കൊണ്ടിരിക്കുന്ന ഉന്‍മാദങ്ങളെ തള്ളിമാറ്റിക്കൊണ്ട്‌ പുതുവര്‍ഷത്തിന്‌ കാത്തിരിക്കാതെ അയാളോടി.

10/12/10

കാണാക്കാഴ്ചകള്‍

10-12-2010

വളരെ നാളായി വൃദ്ധന്റെ മനസ്സില്‍ ഒരാഗ്രഹം. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ പോകുന്ന മഹാബലിയെപ്പോലെ ഒരു യാത്ര.


നാട്ടിലെ മുഴുവന്‍ ജനങ്ങളേയും കാണുന്നത്‌ പോരാതെ, വര്‍ഷാവര്‍ഷം നടത്തുന്ന സന്ദര്‍ശനത്തില്‍ എത്ര രാജ്യങ്ങളിലാണ്‌ കയറി ഇറങ്ങുന്നത്. അല്പം കുടവയറും തടിയും ഉള്ളവരൊക്കെ ഓലക്കുടയും പിടിച്ച്‌ മാവേലിമാരാകുന്ന കാഴ്ചയും പലയിടത്തും കാണാം.

വൃദ്ധന്‌ അത്രയൊന്നും ആഗ്രഹമില്ല. ഒരിക്കല്‍ മാത്രം ഒന്ന്‌ പോണം. മക്കളുടെ മക്കളേയും പിന്നെ അല്പം ചില വീട്ടുകാരേയും ഒക്കെ ഒന്ന്‌ കാണണം. അത്ര ചെറിയ ആഗ്രഹമാണ്‌. മവേലിയെപ്പോലെ ആര്‍പ്പും കുരവയും ഒന്നും വേണ്ട. ആരുമറിയാതെ ഒന്ന്‌ കണ്ട്‌ തിരിച്ച്‌ പോരുക.

അങ്ങിനെയാണ്‌ നാല്പതാം ചരമവാര്‍ഷികത്തില്‍ വൃദ്ധന്‍ തന്റെ ഗ്രാമം വീണ്ടും കാണുന്നത്‌. മൊത്തം മാറിയിരിക്കുന്നു. ഒന്നും തിരിച്ചറിയാന്‍ തന്നെ പറ്റുന്നില്ല. താന്‍ താമസിച്ചിരുന്നത്‌ പോലുള്ള ഒരൊറ്റ വീടും ഇപ്പോള്‍ കാണാനില്ല. സൂക്ഷ്മമായി നോക്കിയിട്ടും വീടിരുന്ന സ്ഥലം പോലും കണ്ടുപിടിക്കാന്‍ ആവുന്നില്ല.

തൊട്ടുള്ള രണ്ടുനില വീട്ടിലേക്ക്‌ കയറാം. അകത്ത്‌ കടന്നപ്പോള്‍ എല്ലാം പുതിയ കാഴ്ചകള്‍. അത്ഭുതത്തോടെ ഓരോന്നും കണ്ട്‌ നടന്നു. അടുക്കളയില്‍ ഒരു പെണ്ണ്‌ പാത്രങ്ങള്‍ കഴുകുന്നു. ചുരിദാറാണ്‌ വേഷം. ഇറുകിയ ചുരിദാറിന്‌ മുകളില്‍ ശരീരവടിവുകള്‍ കൂടുതല്‍ മുഴച്ച്‌ നിന്നു. മകന്റെ മകന്റെ ഭാര്യയായിരിക്കണം. പ്രായം ഇരുപത്തഞ്ചേ തോന്നിക്കു എങ്കിലും അതിനെക്കാളൊക്കെ വളരെ കൂടുതലാണ്‌. കണ്ടാല്‍ തോന്നാതിരിക്കാന്‍ സര്‍വ്വ പണികളും നടത്തിയിട്ടുണ്ട്‌.

അടുക്കളയിലാണെങ്കിലും ശ്രദ്ധ മുഴുവന്‍ ടീവി ഇരിക്കുന്ന മുറിയിലേക്കാണ്‌. സൌന്ദര്യ സംരക്ഷണത്തിന്റെ ചര്‍ച്ചയാണ്‌ വിഷയം.

ഒന്ന്‌ ചുറ്റിനടന്ന്‌ പുരയൊക്കെ കണ്ടു. മൂന്ന്‌ മുറി, അടുക്കള, ഹാള്‍... എല്ലാം താഴെയുണ്ട്‌. മുകളിലും രണ്ട്‌ മുറിയുണ്ട്‌. പുറത്തിറങ്ങാതെ കാര്യം സാധിക്കാന്‍ അകത്ത്‌ തന്നെ കുളിമുറിയും കക്കൂസും.

തനിക്ക്‌ എന്തുണ്ടായിരുന്നു? മണ്ണു‍കൊണ്ട്‌ ഇഷ്ടിക ഉണ്ടാക്കി ചുവരുകള്‍ തീര്‍ത്ത ഓലമേഞ്ഞ ഒരു വീട്‌. നടുവിലകം കൂടാതെ ഒരു മുറിയും ചായ്പും. കിഴക്കും പടിഞ്ഞാറും വടക്കും വിശാലമായ ഇറയം. ചാച്ചിറക്കില്‍ അടുക്കളപ്പുര. ഒരുവിധം പ്രായമായപ്പോള്‍ ആങ്കുട്ട്യോള്‍ക്ക്‌ കിടക്കാന്‍ പടിഞ്ഞാറും കിഴക്കും ഉള്ള ഇറയം. മഴക്കാലത്ത്‌ കാറ്റടി തട്ടാതിരിക്കാന്‍ ചരിച്ചിറക്കിയ പുരയുടെ ഇറയില്‍ ഓല കൊണ്ടുണ്ടാക്കിയ തട്ടിക കെട്ടിയിടും. അന്ന് ഇറയത്തൊക്കെ കിടക്കുന്നത്‌ കൊണ്ട്‌ പേടി കുറവായിരുന്നു. മൂത്രമൊഴിക്കാനും തൂറാനുമൊക്കെ വിശാലമായ പറമ്പില്‍ നല്ല സുഖം.

വെറുത പറമ്പിലൊക്കെ ചുറ്റിക്കറങ്ങി. മറ്റ്‌ രണ്ടുമൂന്ന്‌ വീടുകളിലും പോയി. തിരിച്ച്‌ ആദ്യത്തെ വീട്ടില്‍ വന്നു. പണത്തിനനുസരിച്ച്‌ ഉണ്ടാകുന്ന മാറ്റങ്ങള്‍‍ മാത്രം എല്ലായിടത്തും.

സ്കൂള്‍ വിട്ട്‌ കുട്ടികള്‍ എത്തിയിരുന്നു. ഒരാണും ഒരു പെണ്ണും. പന്ത്രണ്ടിലും പതിനൊന്നിലുമാണ്‌ പഠിക്കുന്നത്‌. നല്ല ഭംഗിയുള്ള കുട്ടികള്‍. അമ്മയും മക്കളും സുഹൃത്തുക്കളെപ്പോലെ തമാശ പറഞ്ഞ്‌ ചിരിച്ച്‌ അങ്ങിനെ...നല്ല സന്തോഷം. കാണുന്നവര്‍ക്ക്‌ അസൂയ തോന്നും. ജീവിക്കണമെങ്കില്‍ ഇങ്ങിനെ ജീവിക്കണം. ആണെന്നൊ പെണ്ണെന്നൊ ചിന്തകളില്ലാതെ കെട്ടിമറിഞ്ഞ്‌ തല്ലുകൂടി ചിരിച്ച്‌ കളിച്ച്‌....

തനിക്കും ചെറുപ്പകാലം ഉണ്ടായിരുന്നു. അഞ്ച്‌ സഹോദരങ്ങളും മൂന്ന്‌ സഹോദരികളും അടങ്ങിയ ചെറുപ്പം. സഹോദരികള്‍ വയസ്സറിയിച്ചതിന്‌ ശേഷം അവരെ കാണാനും തൊടാനും അതിര്‍ വരമ്പുകള്‍ വന്നു. അതോടെയാണ്‌ ഞങ്ങള്‍ ആമ്പിള്ളേരെ ഇറയത്തേക്ക്‌ ചവുട്ടിത്തള്ളിയത്‌. തീണ്ടാരി ആയാപ്പിന്നെ ആങ്ങളമാരായാലും ഒരകലം സൂക്ഷിക്കണമെന്നാ അന്നച്ഛന്‍ അമ്മക്ക്‌ കൊടുത്തിരുന്ന നിര്‍ദേശം. ഓരോരോ കാലം.

-ദേ..ഇപ്പൊ ഇവിടെ കണ്ടില്ലെ..എല്ലാം മറന്ന്‌ ആര്‍മ്മാദിച്ച്‌ നടക്കണേ.അതോണ്ട്‌ എന്ത്‌ കൊഴപ്പാ വരണെ. പണ്ടത്തെ ആള്‍ക്കാരുടെ ഓരോരു നെയമങ്ങള്‌. ഇപ്പൊ ജനിച്ചാ മതിയാര്‍ന്നൂന്ന്‌ കൊതി തോന്നാ.-

"എടി പെണ്ണേ..മോന്ത്യായ നേരത്ത്‌ അവന്റടുത്ത്‌ കളിച്ച്‌ കളിച്ച്‌ കളി കാര്യാക്കല്ലെ. പറഞ്ഞേക്കാം." അമ്മ.

"അമ്മ അമ്മേടെ പണി നോക്ക്‌. പോയി വല്ല ക്രീമും പൊരട്ടി സുന്ദരി ആവാന്‍ നോക്ക്‌. ഇപ്പഴും മധുരപതിനേഴാന്നാ വിചാരം. പാവം അച്ഛന്‍. അതാ ഗള്‍ഫില്‍ കെടന്ന്‌ വെയില്‌ കൊള്ള്അ. മോത്ത്‌ ചന്തം വരു‍ത്തി നാളെ ആരെക്കാണിക്കാനാ?"

"പെണ്ണേ, നിന്റെ നാക്ക്‌ ഇത്തിരി കൂട്ണ്ണ്ട്..പറഞ്ഞേക്കാം"

അവള്‍ എഴുന്നേറ്റ്‌ ചെന്ന്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കവിളില്‍ ഉമ്മ വെച്ചു. "എന്റെ പഞ്ചാരക്കുട്ടിയല്ലേടി അമ്മെ നീ"

ഒന്നു കൊഞ്ചാതെ പോയിരുന്ന്‌ പഠിക്കെടി എന്ന്‌ പറഞ്ഞ്‌ അമ്മ അവളുടെ തോളത്ത്‌ തട്ടി. പരിഭവത്തോടെ അവള്‍ എഴുന്നേറ്റ്‌ പഠിച്ചുകൊണ്ടിരുന്ന മകന്റെ അരികിലെത്തി സങ്കടം ഉണര്‍ത്തിച്ചു.

"നോക്ക്യേടാ നിന്റെ അമ്മക്കുട്ടി എന്നെ അടിച്ചത്"

അവന്‍ അവളുടെ കൈപ്പല പിടിച്ച്‌ തിരിച്ച്‌ നോക്കി. "അത്‌ സാരല്യടി കോതേ. പിന്നിലല്ലെ അടിച്ചത്‌. മുന്നിലായിരുന്നെങ്കിലൊ"

"അയ്യട പഠിപ്പിസ്റ്റേ..ചെക്കന്റെ പൂതി കൊള്ളാലൊ" അവന്റെ മൂക്കിനുപിടിച്ച്‌ വലിച്ച്‌ അവളോടി.

ഓടിച്ചിട്ട്‌ പിടിച്ചപ്പോള്‍ രണ്ടൂപേരും കെട്ട്പിണഞ്ഞ്‌ താഴെ വീണു. കെട്ടിമറിഞ്ഞ്‌ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ട്‌ ചവിട്ട്‌ കൂടി.

"മതി മതി. രണ്ടുപേരും എഴുന്നേറ്റ്‌ പോ" അമ്മ ഇടപ്പെട്ടു.

കിതപ്പോടെ രണ്ടാളും എഴുന്നേറ്റ്‌ പുസ്തകമെടുത്ത്‌ കസേരയില്‍ ചെന്നിരുന്നു. പരസ്പരം അടുത്തിരുന്ന്‌ പഠിക്കുന്നതിനിടയില്‍ പുസ്തകത്തില്‍ നോക്കിക്കൊണ്ട്‌ അവള്‍ വളരെ പതുക്കെ പറഞ്ഞു

"ഇതിന് പകരം നാളെ നിന്നെ ഞാന്‍ കാണിച്ച്‌ തരാം. നാളെ ഞായറാഴ്ചയല്ലെ. അമ്മ കാലത്ത്‌ കല്യാണത്തിന്‌ പോകും. നീ എന്നെ ഒരു ചവിട്ട്‌ കൂടുതല്‍ ചവിട്ടി. അതിന്‌ ഞാന്‍ പകരം വീട്ടും"

"നോക്ക്യേ അമ്മേ ഇവ്‌ള്‌ പിന്നേം തല്ല്‌ പിടിക്കാന്‍ ഓരോന്ന്‌ പറയണ്‌"

"ഇല്ലമ്മെ. അവന്‍ വെറുതെ പറയാ"

"രണ്ടെണ്ണവും മിണ്ടാണ്ടിരുന്നൊ..അല്ലെങ്കില്‍ എന്റെ കയ്യീന്ന്‌ വേടിക്കും"

സ്വയം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇതെല്ലാം കണ്ട്‌ തിരിച്ച്‌ പോകണം എന്നേ തോന്നുന്നില്ല. ചെറുപ്പകാലം ഇത്രയും സുന്ദരമെന്ന്‌ അന്നൊന്നും തോന്നിയതേ ഇല്ല. വീട്ടുപണിയും, പഠിപ്പും, സ്വാതന്ത്ര്യം കുറഞ്ഞ വീട്ടന്തരീക്ഷവും കുഴഞ്ഞുമറിഞ്ഞ ഒരു വകയായിരുന്നു...എന്തായാലും വന്നതല്ലെ. നാളത്തെ ഒരു ദിവസവും കൂടി കഴിഞ്ഞിട്ട്‌ തിരിക്കാം.

സംഗതിയൊക്കെ ശരിയാ. എന്നാലും ഞായറാഴ്ചയാന്നും പറഞ്ഞ്‌ ഉച്ചയാകുന്നത്‌ വരെ കിടന്നുറങ്ങുന്നത്‌ പഠിക്കുന്ന കുട്ട്യോള്‍ക്ക്‌ നല്ലതല്ല. അമ്മക്ക്‌ അതൊന്നും പ്രശ്നമല്ല. ഉടുത്തൊരുങ്ങി കല്യാണത്തിന്‌ പോകാനുള്ള തിരക്കിലാണ്‌. രണ്ടെണ്ണത്തിനേയും തട്ടിവിളിച്ച്‌ എഴുന്നേല്‍പിച്ച്‌ അമ്മ കണ്ണാടിക്ക്‌ മുന്നില്‍ എത്തി. വേഗം‍ എഴുന്നേറ്റ്‌ തിരക്ക്‌ പിടിച്ച്‌ പല്ല്‌ തേച്ചെന്ന്‌ വരുത്തി ഉടനെ പുസ്തകമെടുത്ത്‌ പഠിക്കാനിരുന്നു.

വൃദ്ധന്‍ വാപൊളിച്ച്‌ നിന്നു. ചായപോലും കുടിക്കാതെ പഠിപ്പ്‌ തന്നെ. പഠിപ്പും ഉറക്കവും അല്ലാതെ വേറെ പണിയൊന്നും ഈ പീള്ളേര്‍ക്കില്ലെ? ഇന്നലെ സ്ക്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം മുറ്റത്തേക്കൊന്ന്‌ ഇറങ്ങുക പോലും ചെയ്തിട്ടില്ല രണ്ടും.

"ദോശേം ചായേം അട്ക്കളേല്ണ്ട്‌. ഇട്ത്ത്‌ കഴിച്ചൊ..ഞാന്‍ പുവ്വാ."

"അതൊക്കെ ഞങ്ങള്‌ കഴിച്ചോളാം. അമ്മ പൊക്കൊ" അവള്‍ക്കാണ്‌ അല്‍പം നാവ്‌ കൂടുതല്‍.

അമ്മ പടിയിറങ്ങിയപ്പോള്‍ അവള്‍ മുറ്റത്തിറങ്ങി നോക്കി. കണ്ണില്‍ നിന്ന്‌ മറയുന്നത്‌ വരെ അമ്മയെ നോക്കിനിന്ന അവള്‍ പെട്ടെന്ന്‌ ഓടി അകത്ത്‌ കയറി. ഓടിച്ചെന്ന്‌ അവന്റെ കാലില്‍ ഒരു ചവിട്ട്‌ കൊടുത്ത്‌ അവള്‍ മുകളിലേക്ക്‌ ഓടിപ്പോയി.

തലേദിവസത്തെ പകരം വീട്ടലാണെന്ന്‌ മനസ്സിലാക്കിയ അവനും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവനും പിന്നലെ ഓടിക്കയറി.

മുറിയിലൊളിച്ച അവളെ പിടികൂടി. പിടിവലിയില്‍ താഴെക്കിടന്ന്‌ കാലുകള്‍ കൊണ്ടുള്ള അങ്കം തുടര്‍ന്നു. രണ്ടുപേരും ചരിഞ്ഞ്‌ കിടന്ന്‌ ചവിട്ട്‌ കൂടുന്നതിന്‌ ശക്തി പോരാന്ന്‌ തോന്നിയതിനാല്‍ പരസ്പരം പിന്‍കഴുത്തില്‍ ഓരോ കൈകള്‍ കൊണ്ട്‌ പിടിച്ച്‌ ചെമ്മീന്‍ പോലെ വളഞ്ഞാണ്‌ അഭ്യാസം. ഇടക്ക്‌ കഴുത്തില്‍ നിന്ന്‌ കൈ വിടുവിക്കാന്‍ തല വെട്ടിക്കുകയും കഴുത്തിന്‌ ബലം നല്‍കി പുറകിലേക്ക്‌ തള്ളി നോക്കുകയും ചെയ്യുന്നുണ്ട്‌.

രണ്ടാളും വാശിയിലാണ്‌. കളി കാര്യമാകുമൊ എന്നാണ്‌ വൃദ്ധന്‌ പേടി. പിടിച്ച്‌ മാറ്റാനുള്ള കഴിവില്ലല്ലൊ. എല്ലാം കണ്ട്‌ നില്‍ക്കാം എന്ന്‌ മാത്രം.

പെട്ടെന്നുള്ള കുതറിച്ചയില്‍ അവന്റെ കൈ അവളുടെ പിന്‍കഴുത്തില്‍ നിന്ന്‌ പിടി വിട്ടു. പിടി വിട്ടതും അവളുടെ തല പുറകോട്ട്‌ നീങ്ങിയതും ക്ഷണനേരം കൊണ്ടാണ്‌. അവന്റെ കൈ ബ്ലൌസില്‍ കുരുങ്ങിയതും, മാറിടത്തില്‍ നഖക്ഷതങ്ങള്‍ പരന്നതും, ബ്ലൌസ്‌ കീറി മാറിടം നഗ്നമായതും എല്ലാം ഒറ്റ നിമിഷം കൊണ്ട്‌.

പ്രതീക്ഷിക്കാതെ, അറിയാതെ സംഭവിച്ച്‌ പോയത്‌....

അതേ നിമിഷം അവന്റെ കൈകളിലൂടെ വൈദ്യുതി തരംഗം പൊലെ എന്തോ ഒന്ന്‌ ശരീരം മുഴുവന്‍ നിറഞ്ഞത്‌ പോലെ, അവളിലും അവളറിയാത്ത എന്തോ ഒരു ഉണര്‍വ്വ്‌ തല പെരുപ്പിച്ചു. എല്ലാം മറന്ന്‌ അതേ കിടപ്പിലുള്ള രണ്ടുപേരുടെയും നോട്ടത്തിന്‌ തീഷ്ണതയേറി.

ബന്ധങ്ങളെ ആട്ടിയോടിച്ച് കൗമാരവികാരങ്ങള്‍ അവരില്‍ ആധിപത്യം നേടിയപ്പോള്‍ വൃദ്ധന്‍ തലകുനിച്ച്‌ സ്റ്റെയര്‍കെയ്സിറങ്ങി.

കൈമുട്ടുകള്‍ മേശയില്‍ ഊന്നി കസേരയിലിരുന്ന വൃദ്ധന്‍ കൈപ്പത്തികളില്‍ മുഖം താങ്ങി അല്‍പനേരം... ഒന്നും സംഭവിക്കാത്തത്‌ പോലെ ചിരി മായാതെ അവര്‍ പടികളിറങ്ങി വന്നു. നേരെ അടുക്കളയില്‍ പോയി ചായയും ദോശയും എടുത്ത്‌ കൊണ്ടുവന്ന്‌ രണ്ടാളും കഴിച്ചുകൊണ്ടിരുന്നു.

കാണാത്ത കാഴ്ചകളിലെ നല്ലതും ചീത്തയും തിരിച്ചറിയാനാകാതെ വൃദ്ധന്‍ പടിയിറങ്ങി നടന്നു.

3/12/10

ഇത്തിരിക്കുഞ്ഞന്‍

26-11-10

ഒരു പെഗ്ഗ്‌ അകത്താക്കി വീണ്ടും ഒന്നുകൂടി ഗ്ലാസ്സിനകത്തൊഴിച്ച്‌ ഷിവാസ്‌ റീഗിളിന്റെ കുപ്പി അടച്ചുവെച്ചു. അലമാരി തുറന്ന് സഞ്ചിയില്‍ നിന്ന് ഒരുപിടി കശുവണ്ടിപ്പരിപ്പ്‌ വാരി മേശപ്പുറത്തിട്ടു.

നിവേദനത്തോടൊപ്പം സന്തോഷത്തിന്‌ അവര്‍ നല്‍കിയതാണ്‌ ഒരു സഞ്ചി നിറയെ കശുവണ്ടിപ്പരിപ്പ്‌. അതങ്ങിനെത്തന്നെ അലമാരയില്‍ തള്ളുകയായിരുന്നു. പിന്നീടത്‌ ഇപ്പോഴാണ്‌ ഓര്‍മ്മ വന്നത്‌.

അകത്തേക്കിറങ്ങിയ മദ്യത്തിന്റെ അലകള്‍ ഒരുറുമ്പുകടി പോലെ ശരീരത്തെ തഴുകി. മേശപ്പുറത്തിനൊരലങ്കാരം പോലെ വെളുത്ത്‌ മുഴുത്ത കശുവണ്ടിപ്പരിപ്പുകള്‍‍ ചിതറിക്കിടന്നു. അതിലൊന്നെടുത്ത്‌ വായിലിട്ട്‌ ചവച്ചു. മറ്റുള്ളവ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

അതെന്താ..ഒരു കശുവണ്ടിപ്പരിപ്പിന്റെ തല മാത്രം വലുതായിരിക്കുന്നത്‌..?കണ്ണുകള്‍ നന്നായി തിരുമ്മി നോക്കി. കണ്ണിന്റെ കുഴപ്പമല്ല. അതിന്റെ തല വളരുകയാണ്‌. സോമാലിയായിലെ കുട്ടികളുടെ തല‍ പോലെ അത് വളര്‍ന്നു. ചെറിയ കൈകാലുകള്‍. തൊലിയ്ക്കടിയില്‍ കൊഴുപ്പിന്റെ അംശം പോലുമില്ലാതെ എല്ലുന്തി ശുഷ്ക്കിച്ച ശരീരം അസ്ഥികൂടം പോലെ പല്ലിളിച്ചു.

മറ്റുള്ളവ ഓരോന്നായി ജീവന്‍ വെക്കുന്നു.

മുലപ്പാല്‍ തിങ്ങി കഴപ്പ്‌ ഒലിച്ചിറങ്ങുന്ന മുലഞെട്ടുകള്‍ കുഞ്ഞിന്റെ വായിലേക്ക്‌ വെയ്ക്കാന്‍ വെമ്പുന്ന അമ്മ, വായയുടെ സ്ഥാനത്ത്‌ ഒരു ചെറിയ കീറല്‍ മാത്രം കണ്ട്‌ അന്ധാളിക്കുന്നു.

തല നരച്ച്‌ വാര്‍ദ്ധക്യത്തിന്റെ വടുക്കള്‍ പാകിയ മുപ്പത്കാരി യൗവ്വനം അറിയാതെയും, ഇനിയും കൗമാരത്തിലേക്ക്‌ എത്തിനോക്കാന്‍ കഴിയാതെ മുരടിച്ച്‌ നില്‍ക്കുന്ന മുപ്പത്കാരിയും ഒരുപോലെ...

ക്യാന്‍സര്‍ ബാധിച്ച്‌ വീര്‍ത്ത്‌ തൂങ്ങിയ നാവ്‌ വായിനകത്തേക്ക്‌ ഇടാന്‍ കഴിയാതെ വര്‍ഷങ്ങളോളം നരകയാതന തുടരുന്ന കുരുന്നുകള്‍ കശുവണ്ടിപ്പരിപ്പില്‍ നിര്‍വ്വികാരമായി നിലകൊള്ളുന്നു.

മരിയ്ക്കാത്തവന്റെ മരിച്ച നോട്ടം തീഷ്ണത വിതക്കുമ്പോള്‍ ഗ്ലാസ്സിലൊഴിച്ചുവെച്ച പച്ചച്ചോര വളരെ ലാഘവത്തോടെ അയാള്‍ മോന്തി. കശുവണ്ടിപ്പരിപ്പിലെ പച്ച മനുഷ്യന്റെ പ്രതീക്ഷകള്‍ വായിലിട്ട്‌ ചവച്ചിറക്കി.

"എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല. ഇത്തവണ തെളിച്ച മരുന്ന് മൂലം ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല."

വലിയ വായില്‍ നിന്നുള്ള വാക്ക്‌ കേട്ട്‌ വിഷം ഉറഞ്ഞുകൂടിയ മണ്ണിന്‌ പോലും ചിരി വന്നു. നിവേദനം സ്വീകരിക്കുകയും പാരിതോഷികങ്ങള്‍ വാങ്ങി അനുഭവിക്കുകയും ചെയ്യുക എന്നതിനപ്പുറത്തേക്ക്‌ അയാള്‍ക്ക്‌ ചിന്തകളില്ലായിരുന്നു.

വളരെ നാളുകള്‍ക്കു മുന്‍പ്‌ പതിനാറു കമ്മിറ്റികള്‍ അന്വേഷിച്ച റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌ എന്നത്‌ അറിയാതെയല്ല വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്‌.

എഴുപത്തിനാല്‌ രാജ്യങ്ങള്‍ ഈ വിഷം നിരോധിച്ചിട്ടുണ്ട്‌ എന്നത്‌ മനസ്സിലാക്കാതെയല്ല ഇവിടെ നിരോധിക്കേണ്ടതില്ല എന്ന്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ ആകാശത്ത്‌ പാറിക്കളിച്ച നീണ്ട വാല്‍ത്തുമ്പി പോലുള്ള ഹെലികോപ്റ്ററില്‍ നിന്ന് മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ വിരിയിച്ച്‌ പുറത്തേക്ക്‌ ചീറ്റിയ വിഷം അറിവില്ലായ്മയുടെ കൌതുകക്കാഴ്ചകളായിരുന്നു. ആ കാഴ്ച മരണത്തിന്റെ മണം പിടിക്കലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാസര്‍ഗോട്ടെ നെഞ്ചംപറമ്പെന്ന പാവം ഗ്രാമത്തിന്റെ നെറുകയില്‍ കശുമാവ്‌ തണല്‍ വിരിച്ച മണ്ണില്‍ ആഴത്തില്‍ കുഴിവെട്ടി ഗര്‍ഭഗൃഹം തീര്‍ത്ത്‌ ബാക്കി വന്ന ക്വിന്റല്‍ കണക്കിന്‌ വിഷക്കുപ്പികള്‍ അതിലിട്ട്‌ മൂടി.

കാലപ്പഴക്കത്തില്‍ കുപ്പികളില്‍ നിന്ന് പുറത്ത്‌ ചാടിയ വിഷം മണ്ണിനെ പ്രണയിച്ച്‌ ആശ്ലേഷിച്ച്‌ ഒന്നായി കിനിഞ്ഞിറങ്ങി. കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും എത്തി നോക്കി. പിതാവിന്റെ ബീജത്തിലും അമ്മയുടെ ഗര്‍ഭപാത്രത്തിലും ഊഴ്ന്നിറങ്ങിയപ്പോള്‍ ജനിക്കുന്ന കുട്ടികളുടെ കണ്ണുകള്‍ വികൃതമായി, ചുണ്ടുകള്‍ കോടി, തലയിലെ രോമങ്ങള്‍ വറ്റി, കൈകാലുകള്‍ ശോഷിച്ചു, ബാല്യമറിയാതെ കൗമാരമറിയാതെ വാര്‍ദ്ധക്യം പെട്ടെന്നായി.

ദുരിതങ്ങള്‍ കൂട്ടുതാമസക്കാരായി വീടുകളില്‍ ചേക്കേറിയപ്പോള്‍ വേദനകളും ശബ്ദങ്ങളും നിശ്ശബ്ദതയില്‍ മുങ്ങി മരിച്ചു. യജമാനനായി ദാരിദ്ര്യവും കൂട്ടുകാരനായി രോഗവും കടന്നു വന്നപ്പോള്‍ മരണം രക്ഷകനായി മാറിയ ഒരു പുതിയ ജീവിതക്രമം രൂപപ്പെട്ടത്‌ കാണേണ്ടവര്‍ കണ്ടില്ലെന്ന് നടിച്ചു.

അന്‍പത്‌ വ്യത്യസ്ഥ തരത്തിലുള്ള രോഗങ്ങളാണ്‌ ഈ വിഷം നല്‍കുന്നതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്‌. ബ്രിട്ടണിലെ രാജകൊട്ടാരത്തിലേക്ക്‌ ആയിരങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ റാലി നടത്തിയതും, അന്‍പത്തിഎട്ട്‌ രാജ്യങ്ങളിലെ മുലപ്പാല്‍ സാമ്പിളുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉള്ളതായി തെളിഞ്ഞതും, ലോകമന:സ്സാക്ഷി എന്‍ഡോസള്‍ഫാന്‌ ആഗോള നിയന്ത്രണം വേണമെന്ന് വാദിക്കാന്‍ ഇടയാക്കി.

ഇതൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

മദ്യക്കുപ്പികള്‍ കാലിയാകാതെ അയാള്‍ ശ്രദ്ധിച്ചു. നിവേദനക്കാര്‍ നല്‍കിയ കശുവണ്ടിപ്പരിപ്പ്‌ അവസാനിക്കാറായിരിക്കുന്നു.

അന്നയാള്‍ പതിവില്‍ കൂടുതല്‍ മദ്യപിക്കുകയും കശുവണ്ടിപ്പരിപ്പ്‌ ചവക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തളര്‍ന്നുറങ്ങി.

നല്ല ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടിന്റെ ആവരണം. അയാളുടെ തല പെരുത്തു. പൊട്ടിപ്പൊളിയുന്ന വേദന. എഴുന്നേറ്റിരിക്കാന്‍ നോക്കി. കഴിയുന്നില്ല. തല പൊങ്ങുന്നില്ല. എന്താണ്‌ സംഭവിക്കുന്നത്‌... അയാള്‍ക്കാകെ വെപ്രാളമായി. തല വ‍ളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്നു എന്ന അറിവ്‌ ഞെട്ടലുളവാക്കി. കൈകാലുകള്‍ ചെറുതായി. അയാള്‍ ഒച്ചവെച്ചു. വീട്ടുകാര്‍ എഴുന്നേറ്റു വന്നു ലൈറ്റിട്ടു.

അത്ഭുതം...
അയാളുടെ സ്ഥാനത്ത്‌ തല വളര്‍ന്ന ഇത്തിരിക്കുഞ്ഞന്‍.
എഴുന്നേല്‍പ്പിച്ചിരുത്താന്‍ ശ്രമിച്ചു. തലയുടെ ഭാരം താങ്ങാനാവാതെ വീണ്ടും കിടന്നു.

വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയുമായി നേരം പുലര്‍ന്നു. അയാളുടെ പണത്തിന്റേയും പദവിയുടേയും പാദസേവകരായിരുന്ന അനുയായികള്‍ ഒത്തുകൂടി. സംഭവിച്ചത്‌ എന്താണെന്ന് അജ്ഞാതമായിരുന്നെങ്കിലും അവരും മദ്യം കഴിച്ച്‌ ചര്‍ച്ച തുടങ്ങി.

മനുഷ്യബീജത്തില്‍ വരെ എന്‍ഡോസള്‍ഫാന്‍ ചലനം സൃഷ്ടിക്കുന്നുവെങ്കില്‍ അത്‌ തെളിക്കുന്ന പ്രദേശത്തെ ചെടികളെക്കുറിച്ച്‌ പറയാനുണ്ടൊ...അപ്പോള്‍ സ്വാഭാവികമായും ആ ചെടിയുടെ കായ്ഫലങ്ങളില്‍ അതിന്‍റെ അംശം നിലനില്‍ക്കും. അവ കഴിക്കുന്ന മറ്റ്‌ മനുഷ്യരിലേക്കും വിഷത്തിന്‍റെ സ്വാധീനം കടന്ന് വരുന്നു എന്നതിലേക്ക്‌ ചര്‍ച്ച നീങ്ങി.

അല്‍പം മദ്യം ബുദ്ധി ഉണര്‍ത്തും എന്ന് പറഞ്ഞാല്‍ അധികം മദ്യം അപാര ബുദ്ധിയോടെ തെരുവിലേക്ക്‌ ചാടാന്‍ പ്രേരിപ്പിക്കും എന്നു തീര്‍ച്ച.
ബസ്സുകള്‍ കത്തിച്ചു. കടകള്‍‍ തകര്‍ത്തു. നാടും നഗരവും നിശ്ചലമാക്കി നേതാവിനോട്‌ കൂറ്‌ പുലര്‍ത്തി.

അപ്പോഴും അയാളുടെ വീടിന്‌ മുകളില്‍ ഭീകരജീവി നിഴല്‍ വിരിച്ച്‌ പരന്നു കിടന്നു. ചിറകുകളില്‍ നിന്ന് നാല്‌ ഭാഗത്തേക്കും കാറ്റടിച്ചു. നിഴലിനടിയില്‍ അയാളും കുടുംബവും അപ്പോഴും കാറ്റേല്‍ക്കാതെ കഴിഞ്ഞ്‌ കൂടാന്‍ ശ്രമിച്ചു.

ഇത്തിരിക്കുഞ്ഞനായി രൂപാന്തരം പ്രാപിച്ച്‌ ദുരന്തം ഏറ്റ്‌ വാങ്ങേണ്ടി വന്നപ്പോഴും സ്വയം മനസ്സിലാക്കി തിരുത്താനാകാതെ ഭീകര ജീവിയുടെ ചിറകിനടിയില്‍ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും കീഴടങ്ങി വീണ്ടും അയാളുടെ നാവിറങ്ങിയത്‌ അയാളുടെ തന്നെ അനുയായികള്‍ തിരിച്ചറിഞ്ഞു.

കാര്‍മേഘം ഉരുണ്ടുകൂടി. തുള്ളി തുള്ളിയായി മഴ ചാറി. പിന്നെ പെരുമഴയായി. കലക്കവെള്ളം കുത്തിയൊലിച്ച് കുളവും തോടും പുഴയും നിറഞ്ഞു. എല്ലാം ഒന്നായ്‌ ഒഴുകിച്ചേര്‍ന്ന് കടലിലെ ഗര്‍ജിക്കുന്ന തിരമാലകളായി ഉയര്‍ന്നു.

കലിയടങ്ങാത്ത തിരമാലകളുടെ ഭീതിത താണ്ഡവങ്ങളില്‍ ഭീകര ജീവിയുടെ തണലില്‍ സുരക്ഷിതത്വം തേടിയിരുന്ന വീടുകളുടെ അടിത്തറ പൊളിഞ്ഞു. നമ്മുടെ മണ്ണിലേക്ക്‌ ആഴ്ന്നിറങ്ങിയിരുന്ന ജീവിയുടെ നാരായവേര്‌ പിഴുത് മാറ്റി.