1/2/13

വഴി പിഴയ്ക്കുന്ന നോട്ടങ്ങള്‍ ....

                                                                                                   01-02-2013



 “എത്രയൊക്കെ പൊതിഞ്ഞുവെച്ചാലും പെണ്ണിന്റെ ശരീരം ആണിന്റേതാകുമോ? ഇല്ലല്ലോ?” ജോജിയോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.  വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുമ്പോൾ ദേഷ്യവും തോണുന്നുണ്ട്.

“എന്നാലും ടീഷര്‍ട്ടും ജീൻസും ധരിച്ച് നിന്റെ തനിച്ചുള്ള ദൂരയാത്ര അത്ര സുരക്ഷിതമാണോ പാറു? പ്രത്യേകിച്ചും ഡൽഹിയിൽ നിന്നു നാട്ടിലേക്ക്, അതും ക്രൂരമായ ലൈംഗികപീഡനത്തിനിരയായി ആ കുട്ടി മരിച്ച സമയത്തു തന്നെ” അല്പം മുഴുപ്പു കൂടിയ പാർവ്വതിയുടെ ശരീരഭാഗങ്ങൾ എപ്പോഴും ജോജിയിലുണ്ടാക്കുന്ന സംശയമായിരുന്നു അവളുടെ വസ്ത്രധാരണ രീതിയോടുള്ള ഇഷ്ടമില്ലായ്മയ്ക്ക് കാരണം.

“എതിർലിംഗത്തിൽ പെട്ടവരെ പരസ്പരം ആകർഷിക്കുന്നതിനും വംശപരമ്പര നിലനിർത്തുന്നതിനും സകല ജീവജാലങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യരെപ്പോലെ രണ്ടു വിഭാഗമായല്ലേ? പെണ്ണിനെ ആണാക്കാനോ, ആണിനെ പെണ്ണാക്കാനോ മാർഗ്ഗമൊന്നും അധികമില്ലല്ലോ? പിന്നെങ്ങനെ ഒരു പെണ്ണെന്ന സാധനത്തെ വസ്ത്രധാരണം കൊണ്ട് മറയ്ക്കാനാകും?” സംസാരിക്കുന്നത് സ്വന്തം ഭർത്താവിനോടാകുമ്പോൾ എനിക്ക് നാക്കിനെല്ലില്ലാതാകാറുണ്ട്.

“എന്നാൽ നീയിനി തുണി ഇല്ലാതെ നടന്നോ...”

“എന്തെങ്കിലും പറയുമ്പോ ഇമ്മാതിരിയുള്ള ‘ഞഞ്ഞാപിഞ്ഞാ’ വർത്താനം ബോറാണ്‌ട്ടോ.”

“പിന്നല്ലാതെ...മനുഷ്യനും മൃഗവും തമ്മിലുള്ള വേർതിരിവെങ്കിലും ഉണ്ടാവണ്ടേ?”

“ജോജി മീൻ ചെയ്യുന്നതെന്താ?“

”പാറൂന്റെ ശരീര പ്രകൃതിക്കനുസരിച്ച് ടീഷർട്ടും ജീൻസും ഒട്ടും ചേരില്ല“

”പച്ച മലയാളത്തിൽ പറഞ്ഞാ മൊലയുള്ള പെണ്ണുങ്ങൾ ടീഷർട്ട് ഇടാൻ പാടില്ലെന്ന് അല്ലേ? ജോജിയുടെ പ്രയാസം എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം. മറ്റുള്ളവർ ഇങ്ങനെയെന്നെ കാണുമ്പൊ അവർക്കെന്തെങ്കിലും വേണ്ടാത്തത് തോന്നുമെന്ന ഭയം“

”അതെ. അതു തന്നെയാ പാറു ഞാൻ കാണുന്നത്.“

”ജോജിക്ക് എന്നെയല്ലാതെ വേറൊരു പെണ്ണിനെ ഇങ്ങനെ കണ്ടാൽ എന്തു തോന്നും?“

"ആരും കാണാതെ ഒന്നും അറിയാത്തതുപോലെ എല്ലാം ഒന്നു നോക്കിക്കാണും. മറ്റാരെങ്കിലും ആ പെണ്ണിനെ സൂക്ഷിച്ചു നോക്കുന്നതു കാണുമ്പൊ അവനോട് ദേഷ്യം തോന്നും.”

“അല്ലാതെ വേറൊന്നും തോന്നില്ലല്ലോ? പിന്നെന്തിനാ ആ പെണ്ണിനെ നോക്കുന്ന വേറൊരാളിനോട് ദേഷ്യം തോന്നണേ?”

“അങ്ങിനെയാണോ ഒരു പെണ്ണിനെ നോക്കാ?”

“അപ്പോ ജോജി നോക്കിയതോ?”

“അത് പിന്നെ...ഒരു പെണ്ണിനെ കണ്ടാ നോക്കീന്നിരിക്കും. എന്നാലും നോക്കുന്നേനൊക്കെ ഒരിതില്ലേ.”

“നമ്മൾ മറ്റൊരാളെ നോക്കുന്നതു കൊണ്ട് കുഴപ്പമില്ല, മറ്റൊരാൾ നോക്കുന്നതാണ്‌ നമുക്ക് പ്രയാസം അല്ലേ? നമ്മേപ്പോലെയാണ്‌ അവരും എന്നു കരുതാൻ തോന്നാത്തതെന്താ? ആണ്‌ പെണ്ണിനേയും, പെണ്ണ്‌ ആണിനേയും നോക്കിയെന്നിരിക്കും. അതൊരു സ്വാഭാവിക പ്രക്രിയയാണ്. എന്തെങ്കിലും പ്രത്യേകതകളുള്ള സ്ത്രീകളെ കണ്ടാൽ അവരുടെ സൗന്ദര്യം ഞാനും നോക്കിനിൽക്കാറുണ്ട്. അപൂർവ്വമായി ആണുങ്ങളേയും നോക്കാറുണ്ട്.“

"അതാ കൊഴപ്പം. പെണ്ണുങ്ങളങ്ങനെ നോക്കാൻ പാടുണ്ടോ?”

“ജോജിയിപ്പോഴും ഏതു നൂറ്റാണ്ടിലാ...? മാറ്റങ്ങളെ സ്വീകരിക്കുന്നെന്നു പറയുമ്പോഴും പഴയ ശീലങ്ങളെ തിരുത്താൻ മനസ്സ് തയ്യാറാകുന്നില്ല. രണ്ടും കൂടി എങ്ങിനെയാ ഒത്തു പോകുക?”

“മാറ്റം എന്നു പറഞ്ഞാ തോന്നിവാസമല്ല. തോന്നിയതു പോലെ എന്തും കാണിച്ചു നടക്കാമെന്നല്ല.”

“ഒരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത് എന്തു തോന്നിവാസമെന്നാണ്‌ പറയുന്നത്? മാറ്റങ്ങളിൽ ചില പിഴവുകൾ സംഭവിക്കുന്നുണ്ട്. അതോരോരുത്തരും ജീവിക്കുന്ന ചുറ്റുപാടിനും സംസ്ക്കാരത്തിനും അനുസരിച്ച് ശരിയും തെറ്റുമായിരിക്കാം. മനുഷ്യന്റെ പെരുകിക്കൊണ്ടിരിക്കുന്ന ആർത്തിയുടെ ഫലമാണത്. ഞാൻ പറയുന്നതു മാത്രമാണ്‌ ശരി എന്ന തോന്നൽ.”

“നീയെന്താ പ്രസംഗിക്കാൻ തന്നെ തീരുമാനിച്ചോ? വർത്താനം പറഞ്ഞു നിന്നാ ട്രെയിൻ അതിന്റെ പാട്ടിനു പോകും.” പാർവ്വതി പറഞ്ഞു തുടങ്ങിയാൽ നിറുത്തില്ലെന്ന് ജോജിക്ക് നന്നായറിയാം. 

ചെറുപ്പം മുതലേ മുത്തശ്ശിയോടുള്ള അവളുടെ അടുപ്പത്തിന്‌ ഇന്നും കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഒന്നര കൊല്ലമായി മുത്തശ്ശിയെ കാണാൻ പോകാതിരുന്നതിന്‌ ഒരു ന്യായവും നിരത്താൻ അവൾക്കാകില്ല. ഇപ്പൊഴെങ്കിലും പോകുന്നത് സുഖമില്ലെന്നറിഞ്ഞതുകൊണ്ടാണ്. ഒരു നായരു പെണ്ണ്‌ നസ്രാണിച്ചെക്കനെ സ്നേഹിച്ചപ്പോൾ എല്ലാ സഹായവും ചെയ്തു കൊടുത്തത് മുത്തശ്ശിയാണെന്ന്‍ അവൾ കൂടെക്കൂടെ പറയാറുണ്ട്. അവർക്ക് സുഖമില്ലെന്നറിഞ്ഞാൽ പാറുവിന്‌ ഇരിക്കപ്പൊറുതിയുണ്ടാവില്ല ഈ ഡൽഹിയിൽ. അവളെ ഇത്രയേറെ സ്വാധീനിക്കുന്ന മുത്തശ്ശി എന്നതുകൊണ്ടു മാത്രമാണ്‌ അവൾ ഈ സമയത്ത് പോകാൻ തീരുമാനിച്ചത്. അല്ലെങ്കിൽ കഴിഞ്ഞ അഞ്ചു ദിവസമായി ഡൽഹിയിലെ സമരത്തിൽ ഊണും ഉറക്കവും നഷ്ടപ്പെടുത്തി പങ്കെടുക്കുന്ന പാറുവിന്‌ ഒരു നിമിഷം പോലും അവിടെനിന്നു വിട്ടു നിൽക്കാനാവില്ല.

“സമയം ഇനിയുമുണ്ടല്ലോ. ഒരു കാര്യം പറഞ്ഞതു മുഴുവനാക്കാതെ പോയാ എനിക്ക് സമാധാനമുണ്ടാകില്ല.” പാർവ്വതി ഒഴിഞ്ഞുമാറാനുള്ള ഭാവമില്ലായിരുന്നു.

“എന്തായാലും പാറൂന്റെ ഈ വേഷത്തോട് എനിക്ക് യോജിപ്പില്ല”

“ഞാൻ നേരത്തേ പറഞ്ഞതാണ്‌ അതിന്റെ കാരണം. പഴയത് വിടാനും പാടില്ല, പുതിയത് വേണന്താനും. മാറ്റങ്ങൾ സംഭവിക്കുമ്പൊ എപ്പഴും ഇങ്ങനെയാണ്. കമ്പ്യൂട്ടർ വന്നപ്പോഴത്തെ സ്ഥിതിയും ഇതായിരുന്നു. ജോലി നഷ്ടപ്പെടും എന്ന അപ്പോഴത്തെ ആശങ്ക ശക്തമായിരുന്നു. പക്ഷെ ഇപ്പോഴോ?”

“കമ്പ്യൂട്ടർ പോലാണോ വസ്ത്രധാരണം?”

“ദേ പിന്നേം മുട്ടുന്യായം. എനിക്ക് ദേഷ്യം വരണ്‌ണ്ട് ജോജി. മാറ്റം സംഭവിക്കുമ്പൊ പഴയ രീതികൾ അതേപടി നിലനിക്കില്ല. ശരിയല്ലെന്ന് ഇപ്പൊ തോന്നുന്നത് പിന്നീട് ശരിയായിത്തീരും. അല്ലെങ്കി ജോജിയൊന്നാലോചിച്ചു നോക്ക്, ഒരു പെൺശരീരം കാണുമ്പോളവളുടെ വസ്ത്രധാരണം മൂലം മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെടുന്നു എന്നു പറയപ്പെടുന്ന വികാരം ഇല്ലാതാകണം. ഇങ്ങിനെ കണ്ടുകണ്ട് തന്നെയല്ലേ അത് ഇല്ലാതാകുക? അങ്ങനെയല്ലേ അത് പരിഹരിക്കപ്പെടു. അല്ലെങ്കിൽ നാളെ ഇതേ പ്രശ്നങ്ങള്‍ തന്നെ വീണ്ടും ഇണ്ടാകില്ലേ? മറ്റു രാജ്യങ്ങളിൽ അല്പവസ്ത്രം ധരിച്ചു നടക്കുന്നവരെ ഇത്തരം ദ്രോഹങ്ങൾ ബാധിക്കാത്തതിൽ നിന്ന് ഒരു കാരണം ഇങ്ങനെ പരിഹരിക്കപ്പെടുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.”

“അതുകൊണ്ടാണ്‌ പീഡനം ഉണ്ടാകുന്നത് എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ. നമ്മുടെ സംസ്ക്കാരം നിലനിർത്തിയുള്ള മാറ്റങ്ങൾ ആവാം എന്നേ പറയുന്നുള്ളു.”

"ജോജി മനസ്സിൽ കൊണ്ടു നടക്കുന്ന സംസ്ക്കാരത്തിനു മാറ്റം സംഭവിക്കാതെ മറ്റെല്ലായിടത്തും ആയിക്കോട്ടെ എന്നല്ലേ? അങ്ങിനെ നടക്കുമോന്ന് ജോജി തന്നെ ഒന്നാലോചിച്ചു നോക്ക്. ജോജിയെന്ന നസ്രാണിച്ചെക്കൻ പാർവ്വതിയെന്ന നായരു പെണ്ണിനെ കെട്ടിയത് ഈ പറയുന്ന സംസ്ക്കാരം ബലി കഴിക്കാതെയാണോ? എന്റെ മുത്തശ്ശിക്കുണ്ടായ മാറ്റമെങ്കിലും ജോജിയെപ്പോലെയുള്ള ഒരു യുവാവിനു വേണ്ടേ?“

”സമ്മതിച്ചു പാറുക്കുട്ടി. ഞാൻ തർക്കത്തിനില്ല. നമുക്ക് സ്റ്റേഷനിലേക്കു പോകാം.“

"ജോജി കൂടെ ഉണ്ടായിരുന്നെങ്കിൽ യാത്ര രസമായേനേ. ഇതിപ്പോ ഞാൻ തനിച്ചു പോയി വരണ്ടേ?”

“ഒരാഴ്ചയിലെ കാര്യമല്ലേ ഉള്ളു. ഇയർ എൻഡിങ്ങിൽ എനിക്ക് ലീവ് കിട്ടില്ലാന്ന് നിനക്കറിയില്ലേ പാറു?”

ട്രെയിനിനകത്ത് നല്ല തിരക്കായിരുന്നു. റിസർവേഷൻ കമ്പാർട്ടുമെന്റാണെന്നുള്ളത് കേരളം വിട്ടാൽ മറ്റൊരിടത്തും ബാധകമല്ലാത്തതു പോലെയാണ്‌ ജനബാഹുല്യം കാണിക്കുന്നത്. ഒരു കണക്കിനാണ്‌ സ്വന്തം സീറ്റ് നമ്പർ കണ്ടുപിടിച്ച് തിങ്ങിക്കൂടി ഇരുന്നത്. ഭാഗ്യത്തിന്‌ ജനാലയോടു ചേർന്ന സീറ്റു തന്നെ കിട്ടി. 

അല്പനേരത്തേയ്ക്ക് ട്രെയിനിനകത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ പ്രയാസം തോന്നി. ആകെ കലപില ബഹളം. 

എന്തായിരിക്കും മുത്തശ്ശിക്കിങ്ങനെ സുഖമില്ലാതാകാൻ കാരണം? എന്റെ ഓർമ്മയിലൊന്നും ഒരസുഖം വന്നതായി അറിയില്ല. ജോജിയുടെ അനിയൻ ഷിബർട്ട് ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ വിശദമായി പറഞ്ഞതുമില്ല. ‘മുത്തശ്ശിക്ക് സുഖമില്ല. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ചേട്ടത്തി ഇന്നു തന്നെ വരണം’ അത്രയേ പറഞ്ഞുള്ളു. കൂടെക്കൂടെ ഞാൻ വിളിച്ചിട്ടും അവനൊന്നും വിട്ടുപറഞ്ഞില്ല. പ്ലെയിനിനു വരാമെന്നു പറഞ്ഞപ്പോൾ അതിന്റെയൊന്നും ആവശ്യമില്ലെന്ന് അവൻ തന്നെ പറഞ്ഞു. മുത്തശ്ശിക്കു കാണണമെന്നു പറഞ്ഞാൽ കാര്യത്തിന്റെ കാരണം തിരക്കാതെ ഞാനോടിയെത്തും എന്നവർക്കറിയാം. ഇനി പ്രശ്നമുള്ള എന്തെങ്കിലും അസുഖമായിരിക്കുമോ? എങ്കിൽ ഷിബർട്ട് അല്പം കൂടി ഗൗരവം കാണിക്കുമായിരുന്നു.

എടി കാന്താരീ....

മുത്തശ്ശി ചെറുപ്പം മുതലേ എന്നെ അങ്ങിനെയാ വിളിക്കാ. എന്നെയായിരുന്നു മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടം. കുളിച്ച് ചന്ദനക്കുറി തൊട്ട് വെളുത്ത ഒറ്റമുണ്ടുടുത്ത് ജാക്കറ്റുമിട്ട് നിന്നാൽ പൊക്കം കുറഞ്ഞു മെലിഞ്ഞ മുത്തശ്ശിക്ക് ഇപ്പോഴും നല്ല ശേലാണ്. ഞാൻ പെണ്ണല്ല ഒരാണാന്നും പറഞ്ഞത് മുത്തശ്ശി തന്നെ. ശരിക്കും പഴയ ആൾക്കാരിലെ പരിഷ്ക്കാരി. ഞാൻ ചെറുതായിരുന്നപ്പോഴാണ്‌ ആദ്യമായി അണ്ണാറക്കണ്ണന്റെ ഇറച്ചിയും മുയലിന്റെ ഇറച്ചിയും തവള ഇറച്ചിയുമൊക്കെ കഴിക്കുന്നത്. വീട്ടിൽ മുത്തശ്ശിയടക്കം മറ്റാരും ഒന്നിന്റേയും ഇറച്ചി കഴിക്കുമായിരുന്നില്ല. എന്നാലും പുതിയതായി എന്തെങ്കിലും കിട്ടിയാൽ മുത്തശ്ശി തന്നെ എല്ലാം വൃത്തിയാക്കി  എനിക്കു വറുത്തു മൊരിയിച്ചു തരും. എന്നിട്ട് ഞാൻ തിന്നുന്നതും നോക്കി താടിയ്ക്കും കൈകൊടുത്ത് അങ്ങനെ ഇരിക്കും.

ഒരു മഴക്കാലത്താണ്‌ തവള ഇറച്ചി ആദ്യമായി കഴിക്കുന്നത്. തവള എന്നു കേൾക്കുമ്പോൾ ഒരറപ്പു തോന്നിയിരുന്നു ആദ്യമാദ്യം. മഴ പെയ്ത് തെങ്ങിന്റെ തടത്തിലൊക്കെ ധാരാളം വെള്ളം കെട്ടിക്കിടക്കുണ്ടാകും. തടം കോരി മാടിവെച്ച തെങ്ങിന്റെ ചുറ്റുമുള്ള തിണ്ടുകളിൽ വളർന്ന ചെടികൾക്കിടയിൽ മഞ്ഞത്തവള തല പുറത്തേക്കാക്കി ഇരിക്കുന്നതു കാണാം. മുത്തശ്ശി നീളമുള്ള പച്ചീർക്കിലികൊണ്ട് കുടുക്കുണ്ടാക്കിയാണ്‌ തവളയെ പിടിക്കുക. എന്നിട്ട് അതിന്റെ അരയ്ക്കു മുകളിൽ വെച്ച് കട്ടു ചെയ്തെടുക്കും. അരയ്ക്കു കീഴെയുള്ള ഭാഗം മാത്രമേ എടുക്കു. പിന്നെ തൊലി പൊളിച്ച് വെള്ളത്തിൽ കഴുകിയെടുത്താൽ വളരെ നേർത്ത മാംസത്തിനു തെളിച്ചമുള്ള വെള്ളത്തിന്റെ നിറം പോലെ തോന്നിക്കും. അപ്പോൾ അറപ്പ് തോന്നില്ല. പാകം ചെയ്യാതെ തന്നെ എടുത്തു തിന്നാൻ തോന്നും.

മുത്തശ്ശിയാണ്‌ എന്നെ എല്ലാം പഠിപ്പിച്ചത്. നാലാളുടെ മുന്നിൽ തന്റേടത്തോടെ നിവർന്നുനിന്ന് പെണ്ണെന്ന ഭയം കൂടാതെ സംസാരിക്കാൻ പഠിപ്പിച്ചത്..പ്രായത്തിനനുസരിച്ച് കഥകൾ പറഞ്ഞു തന്നത്...അങ്ങിനെ എല്ലാം. വറ്റാത്ത കിണർ പോലെയായിരുന്നു മുത്തശ്ശിയുടെ കഥകളുടെ ശേഖരം.

വ്യത്യസ്ഥ പ്രായങ്ങളിൽ ഒരോർമ്മപ്പെടുത്തൽ പോലെ ഒരു കഥ തന്നെ പലവട്ടം പറഞ്ഞു തന്നിരുന്നത് പെണ്ണുങ്ങളുടെ മാറു മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിന്റേതായിരുന്നു. അതെന്നെ വളരെ പ്രയാസപ്പെടുത്തിയിരുന്നു പല സന്ദർഭങ്ങളിലും!

മുത്തശ്ശിയോടൊപ്പം ചെറുപ്രായത്തിലേക്കു നടക്കുന്നതിനിടയിൽ രണ്ടുമൂന്നു സ്റ്റേഷൻ പിന്നിട്ടത് അറിഞ്ഞില്ല. സാമാന്യം വലിയൊരു സ്റ്റേഷനിലാണ്‌ ട്രെയിനിപ്പോൾ. ട്രെയിനിനകത്തെ ശേഷിച്ച തിരക്കുകൂടി പുറത്തേക്കൊഴുകി. സീറ്റുകൾ പലതും കാലിയായി.

ഞാനിരിക്കുന്ന സീറ്റിൽ എന്നെക്കൂടാതെ ഇപ്പോഴുള്ളത് അൻപതിനു മുകളിൽ പ്രായം തോന്നിക്കുന്ന ഭാര്യയും ഭര്‍ത്താവുമാണ്. എതിർവശത്തെ മൂന്നു സീറ്റും ഒഴിഞ്ഞു കിടക്കുന്നു. ഇവിടെനിന്ന് ആ സീറ്റുകളിലേക്കും ആളെത്തുമായിരിക്കും.

എറണാക്കുളത്തേക്കാണ്‌ അവർ പോകുന്നതെന്നു പറഞ്ഞ് പരിചയപ്പെടുമ്പോഴും കോറം തികയാൻ എത്തേണ്ടവർ ആരൊക്കെയെന്ന തിരച്ചിലിലായിരുന്നു എന്റെ കണ്ണുകൾ. കൂടെക്കിട്ടിയിരിക്കുന്നത് പാവങ്ങളാണ്‌, വിശ്വസിക്കാം എന്നു മനസ്സിൽ കണക്കു കൂട്ടിയപ്പോൾ ഒരു ബാഗും തൂക്കിപ്പിടിച്ച് വിദ്യർത്ഥിയെപ്പോലെ തോന്നിക്കുന്ന ഒരുവൻ എന്റെ മുൻവശത്തെ സീറ്റിൽ വന്നിരുന്നു. ബാഗ് സീറ്റിനടിയിൽ തള്ളി ചെറിയൊരു വെപ്രാളത്തോടെ എന്നെ ആകെയൊന്നു നോക്കി സീറ്റിലിരുന്നു. ഒന്നുമറിയാത്തതു പോലെ ഞാനവന്റെ പെരുമാറ്റങ്ങൾ നോക്കിക്കണ്ടു.

കുറേ സമയം മുഖത്തോടുമുഖം നോക്കിയിരിക്കേണ്ടി വരുമ്പോഴത്തെ അങ്കലാപ്പൊന്നും അവനിൽ കണ്ടില്ല. ശ്രദ്ധിക്കപ്പെടേണ്ട ഒരു രൂപം കണ്ട ജിജ്ഞാസ അവനിലുണ്ടായിരുന്നു. പിന്നീടതൊരു മന്ദഹാസമായ് വിരിഞ്ഞ് ട്രെയിൻ യാത്രയിലെ സൗഹൃദമായി പരുവപ്പെടുകയായിരുന്നു. 

മുടിയല്പം നീട്ടി വളർത്തി റബർ ബാന്റിട്ട മറ്റൊരു ചെറുപ്പക്കാരൻ വിദ്യാർത്ഥിക്കരുകിൽ വന്നിരുന്ന് തടിച്ചൊരു ഇംഗ്ലീഷ് പുസ്തകമെടുത്ത് നിവർത്തി വായന തുടങ്ങി. ഒറ്റക്കാതിൽ കമ്മലിട്ട ആ താടിക്കാരൻ വേറൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ഭാവം അല്പം ജാട തോന്നിപ്പിക്കുന്നതായിരുന്നു. തലയുയർത്താതെ ഒളികണ്ണാലുള്ള നോട്ടം ഞാൻ അറിയുന്നില്ലെന്നായിരുന്നു താടിക്കാരന്റെ ധാരണ. നേരെ നോക്കിയാലുള്ള നോട്ടപ്പിശകിനൊരു മറ മാത്രമായിരിക്കുമോ പുസ്തകം വായന? അതോ മറ സൃഷ്ടിച്ചുള്ള ഓളിഞ്ഞു നോട്ടത്തിനു വേണ്ടിയോ?

ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ സീറ്റിൽ ഒരു മദ്ധ്യവയസ്ക്കൻ വന്നിരുന്നത്. ചുമ്മാ ചെറിയൊരു നിരീക്ഷണത്തിനു ശേഷം സീറ്റിന്റെ അങ്ങേ തലയ്ക്കൽ നേരെ എതിർ ദിശയിലേക്കു നോക്കിയിരുന്നു, അയാളുടെ സ്വന്തം ചിന്തകളുമായി. ട്രെയിനിന്‌ സ്പീഡ് വർദ്ധിക്കുന്തോറും എല്ലാവരും പെട്ടികളും ബാഗുകളും ഒതുക്കി അവനവന്റെ മനോരാജ്യങ്ങളിൽ മുഴുകിയും പരസ്പരം പരിചയപ്പെട്ടവർ തമ്മിൽ ഇഷ്ടമുള്ള വിഷയങ്ങള്‍ പങ്കിട്ടും നേരം കളഞ്ഞുകൊണ്ടിരുന്നു.

ഇപ്പോൾ നേരെ മുന്നിലിരിക്കുന്ന വിദ്യാർത്ഥി എന്നോട് കൂടുതൽ ചിരിക്കാനും തമാശ പറയാനും തുടങ്ങിയിരിക്കുന്നു ചിരപരിചിതരെപ്പോലെ. അവന്റെ തമാശകളും പഠിപ്പിന്റെ വിശേഷങ്ങളും കേൾക്കാൻ ഞാനും താല്പര്യം പ്രകടിപ്പിച്ചു. താടിക്കാരന്‌ ഇതൊന്നും അത്ര രസിക്കുന്നില്ലെന്ന് ഇടയ്ക്കിടയ്ക്ക് അയാൾ തലയുയർത്തി വിദ്യാർത്ഥിയെ നോക്കുന്നതു കാണുമ്പോൾ എനിക്കു തോന്നി. വിദ്യാർത്ഥി അതൊന്നും ഗൗനിക്കാതെ സംസാരത്തിലെ ആഹ്ളാദത്തിൽ അലിഞ്ഞു കഴിഞ്ഞിരുന്നു. എങ്കിലും താടിക്കാരൻ തലയുയർത്താതെ എന്നേയും തലയുയർത്തി വിദ്യാർത്ഥിയേയും നോക്കിക്കൊണ്ടേയിരുന്നു. ഇവിടെയിരിക്കുന്ന അഞ്ചു പേരുമായി ബന്ധമില്ലെന്ന ഭാവേന മദ്ധ്യവയസ്ക്കൻ പുറത്തേയ്ക്കു തന്നെ നോക്കിയിരിപ്പാണ്‌. 

“ഒച്ചയും ബഹളവുമുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഇരുന്നൂടെ തനിക്ക്?” താടിക്കാരൻ പുസ്തകം അടച്ചുകൊണ്ട് വിദ്യാർത്ഥിക്കു താക്കീതു നൽകി. 

“ഞാനെന്ത് ബഹളം ഉണ്ടാക്കീന്നാ ഇയ്യാള്‌ പറയണ്‌?” വിദ്യാർത്ഥി തിരിച്ചു ചോദിച്ചു.

“വണ്ടിയിൽ കേറീതു മുതൽ തുടങ്ങീതാ പെണ്ണുങ്ങളെ കാണാത്തതു പോലെ ഒരു നോട്ടവും വാചകമടിയും...” താടിക്കാരനു കൈവന്ന സദാചാരപോലീസിന്റെ നിറം അവിടെയിരുന്ന ആർക്കും ദഹിച്ചില്ല. എല്ലാവരും അയാളെ ശ്രദ്ധിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ അയാളിലേക്കു തിരിഞ്ഞത് വിദ്യാർത്ഥിയെ കൂടുതൽ കുറ്റപ്പെടുത്താൻ അയാളെ പ്രേരിപ്പിച്ചു.

“ഇത്തരം വായ്നോക്കികളാണ്‌ ആണുങ്ങളുടെ വെല ഇല്ലാതാക്കുന്നത്.”

ആരും ഒന്നും പറയാതിരുന്നപ്പോൾ എനിക്കെന്തോ വല്ലായ്ക തോന്നി. അപ്പുറവും ഇപ്പുറവും ഉള്ളവർ എത്തിനോക്കാനും തടിച്ചുകൂടാനും തുടങ്ങി. ആ വിദ്യാർത്ഥി എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ പോട്ടേന്നു വെക്കാം. ഒരു പെണ്ണിനെ കളിയാക്കിയെന്ന് ആരെങ്കിലും വെറുതെ ഒന്നു വിളിച്ചു പറഞ്ഞാൽ മതി കാര്യമറിയാതെ മറ്റുള്ളവർക്കു പ്രതിയെന്നു തോന്നുന്നവനെ എടുത്തിട്ടു പെരുമാറാൻ. സത്യമറിയാവുന്ന ഞാൻ തന്നെയാണ്‌ ഇതിവിടെ അവസാനിപ്പിക്കേണ്ടത്.

“ആ കുട്ടി തെറ്റൊന്നും കാണിച്ചില്ലല്ലോ? അധികം ഒച്ചയിലുമല്ല സംസാരിച്ചത്. പിന്നെന്തിനാ വെറുതെ ബഹളം ഉണ്ടാക്കുന്നത്?” ഞാൻ പറഞ്ഞു.

എന്റെ മറുപടി കേട്ട് തടിച്ചുകൂടാൻ തുടങ്ങിയവർ ഒഴിഞ്ഞുപോയി. താടിക്കാരന്റെ പക്ഷം ചേരാത്ത വാക്കുകൾ അയാൾക്ക് പ്രകോപനത്തിനു കാരണമായേക്കാം എന്നു ഞാൻ ഭയന്നു. പക്ഷെ താടിക്കാരൻ ഒന്നും പറഞ്ഞില്ല. ശബ്ദം പുറത്തു വരാതെ എന്തൊക്കെയോ അയാൾ പിറുപിറുത്തുകൊണ്ടിരുന്നു. എന്നിട്ടും പക്ഷം ചേരാൻ ആരെങ്കിലുമുണ്ടോ എന്നു തിരയുന്നുണ്ടായിരുന്നു.

“ദേ..ചേട്ടനൊന്നു നോക്ക്യേ...അവന്റെ കൊക്കിനെപ്പോലെയുള്ള നോട്ടം?” താടിക്കാരൻ തൊട്ടരുകിലിരുന്ന മദ്ധ്യവയസ്ക്കനെ കൂട്ടുപിടിക്കാൻ ശ്രമിച്ചു.

“ഞാനതൊന്നും ശ്രദ്ധിക്കാതെ എന്റെ പാടുനോക്കി ഇവിടെയിരിക്കയാണ്. നോക്കിയാലും കുഴപ്പം, നോക്കിയില്ലെങ്കിലും കുഴപ്പം. താനെന്തിനാ മറ്റൊരാളുടെ നോട്ടം നോക്കാൻ നടക്കുന്നേ? നോക്കനിയാ...ഇപ്പോ കാര്യങ്ങൾ വന്നുവന്ന് ആണും പെണ്ണും തമ്മിൽ ശത്രുക്കളായിരിക്കയാണ്. നിങ്ങളൊക്കെക്കൂടി ഒള്ളേനും ഇല്ലാത്തേനും ഒച്ചയുണ്ടാക്കുന്നതു കൊണ്ട് ആണുങ്ങളുടെ നോട്ടം പെണ്ണുങ്ങളെ പീഡിപ്പിക്കാനാണെന്നും, പെണ്ണുങ്ങളുടെ വായ തുറക്കുന്നത് ആണുങ്ങളെ വെറുതെ ചീത്ത വിളിക്കുകയാണെന്നുമുള്ള ഒരു ധാരണ ഈയിടെ വരുത്തിവെക്കാൻ കാരണമായിട്ടുണ്ട്. എന്തിനാ വെറുതെ ഇല്ലാത്ത കോലാഹലം ഉണ്ടാക്കുന്നത്?” മദ്ധ്യവയസ്ക്കന്‌ എല്ലാത്തിനോടും ഒരു പുച്ഛഭാവം.

താടിക്കാരൻ അതോടെ വീണ്ടും പുസ്തകം തുറന്ന് വായന തുടങ്ങി.

നേരം വെളുപ്പിനേ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി നിന്നു. ഷിബർട്ട് കാത്തു നില്പുണ്ടായിരുന്നു. എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങുമ്പോൾ ഞാൻ മുത്തശ്ശിയെക്കുറിച്ച് ചോദിച്ചു.

“അത് പേടിക്കാനൊന്നുമില്ല ചേട്ടത്തി. ചേട്ടത്തിയെ കാണാൻ ഒരു നമ്പറിട്ടതാ. മുത്തശ്ശിക്ക് ഒരസുഖവുമില്ല.”

ഷിബർട്ടിനോട് അപ്പോൾ തോന്നിയ ദേഷ്യത്തിന്‌ അതിരില്ലായിരുന്നു. അവനാണല്ലോ നുണ പറഞ്ഞ് ചെറുതായെങ്കിലും എന്നെ ഭയപ്പെടുത്തിയത്. മുത്തശ്ശി പറഞ്ഞാൽ എന്നെപ്പോലെത്തന്നെ അവനും മറുത്തൊന്നും പറയാൻ കഴിയില്ല.

“പെട്ടന്നിങ്ങനെ കാണണംന്ന് തോന്നാൻ എന്താ?”

“ഡൽഹിയിലെ കുഴപ്പങ്ങളിൽ നിന്ന് ചേട്ടത്തിയെ അകറ്റാൻ കൂടി മുത്തശ്ശി കണ്ടുപിടിച്ച വിദ്യയാ.”

"ഇതിത്തിരി കടന്ന കയ്യായിപ്പോയി ഷിബർട്ടേ.“

അസുഖമെന്നു കേട്ടപ്പോൾ ചെറിയൊരാശങ്ക തോന്നിയിരുന്നു. ഇന്നത്തെ കാലത്ത് അസുഖം എന്നു കേൾക്കാനേ സമയം കിട്ടൂ. അതിനിടയിൽ എല്ലാം കഴിഞ്ഞിരിക്കും. 

ഗെയ്റ്റിൽ കാത്തു നിൽക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ അമ്പരപ്പു തോന്നി. മുത്തശ്ശിയിൽ ഇങ്ങനെയൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല. ഉയരം കുറഞ്ഞ മുത്തശ്ശി ചുരിദാറിട്ടപ്പോൾ നല്ല ഉയരം! എന്തൊരു വേഷമാണ്‌ മുത്തശ്ശിയുടേത്? നാണമാകില്ലേ മുത്തശ്ശിക്ക്? കുളിച്ച് കുറി തൊട്ട് പഴയ വേഷം ധരിച്ചാൽ കാണാറുള്ള ചന്തവും തറവാടിത്തവും ഒന്നുമില്ലാതെ ഒരു കോമാളിയെപോലെ...ആദ്യം അതെല്ലാം ഊരിക്കളയിപ്പിച്ചിട്ടേ ഉള്ളു കാര്യം. ദേഷ്യത്തോടെയാണ്‌ കാറിൽ നിന്നിറങ്ങി മുത്തശ്ശിക്കരുകിലേക്കു നടന്നത്.

“ഇപ്പ്ളെങ്കിലും ഒന്ന് വരാൻ തോന്നീലോ ന്റെ കാന്താരിക്ക്...ന്നോട് ഒന്നും മിണ്ടണ്ട നിയ്യ്.” വയസ്സായ പിണക്കം പരിഭവിച്ചു.

“ന്റെ മുത്തശ്ശി എന്താ ഈ കാട്ട്യേക്കണേ? വയസ്സായാ നാണോല്യാണ്ടാവോ?അതൊക്കെ ഒന്നൂരിക്കളഞ്ഞ് ആ മുണ്ടെട്ത്തുട്ത്തേ.” മുത്തശ്ശിയെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാളൃം എനിക്കുണ്ടായിരുന്നു.

“ഞാനെന്താ ഇടണ്ടേന്ന് നിയ്യാണോ തീർച്ച്യാക്കണേ!? നിയ്യെന്തിനാ ന്നങ്ങനെ നോക്കാമ്പോയേ!”

അത്രയും പറഞ്ഞ് ശോഷിച്ച കൈകൾ കൊണ്ടെന്നെ വരിഞ്ഞുമുറുക്കി വീടിനടുത്തേക്കു നടന്നു, എന്റെ മുഖത്തുനിന്ന് കെണ്ണടുക്കാതെ.

ഞാൻ ഞാനല്ലെന്ന് എനിക്ക് തോന്നാൻ തുടങ്ങി.
ആ ലാളനയിലെ സ്നേഹം ആസ്വദിക്കാനാകാതെ ഞാനാരാണെന്ന അന്വേഷണത്തിലായിരുന്നു എന്റെ സർവ്വസ്വവും.