03-08-2010
"വേണ്ട..ഞാനുണ്ടാക്കിക്കോളാം...ഒരു ചായയുടെ കാര്യമല്ലെ. അതിനി തന്‍റെ മൂഡ് നശിപ്പിക്കണ്ട."
കൃത്യം ഏഴരക്ക് തന്നെ അയാള്‍ ഓഫീസിലേക്ക് ഇറങ്ങാറുള്ളതാണ്. ഇന്നല്‍പം ലേറ്റാകുന്നതിന്‍റെ വെപ്രാളം എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നു. അലാറം അടിച്ചെങ്കിലും മറ്റുള്ളവര്‍ സുഖമായി കിടക്കുന്നത് കണ്ടപ്പോള്‍ വെറുതെ ഒന്നുകൂടി കിടന്നതാണ്.
കാലത്തെഴുന്നേറ്റ് കുളികഴിഞ്ഞ് ഏറ്റവും ആദ്യം അടുക്കളയിലെത്തിയിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വിദ്യാഭ്യാസം വരുത്തിയേക്കാവുന്ന ആഢംബരങ്ങളുടെ അണുക്കള്‍ ബാധിക്കാതിരുന്ന അയളുടെ ഭാര്യ. കുടുംബത്തെ സ്വര്‍ഗ്ഗമാക്കി സംരക്ഷിച്ചിരുന്ന വീട്ടമ്മ.
പിന്നെ എവിടെയാണ് തെറ്റിയത്?
അവളെ ഗല്‍ഫിലേക്ക് വലിച്ചിട്ട തന്‍റെ തീരുമാനമൊ? പഞ്ഞമില്ലാതെ എത്തിച്ചേരുന്ന പണത്തിനിടയില്‍ മോഹങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ ചിന്തകള്‍ അനുവദിക്കില്ലല്ലൊ...പുതിയവയെ കൈനീട്ടി വരവേല്‍ക്കുമ്പോഴും പഴയതെല്ലാം ആവിയായ് തീരുന്നത് മനസ്സിന്‍റെ കോണിലെവിടെയൊ അറിയാതെ അടിഞ്ഞ് കൂടുന്നുണ്ടായിരുന്നു.
ഏതൊരു പെണ്ണിനേയും പോലെ ഭര്‍ത്താവൊത്ത് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഗള്‍ഫിലെ ഭാര്യയാകാന്‍ എന്തുകൊണ്ടൊ ആദ്യം മുതലെ അവള്‍ക്കിഷ്ടമല്ലായിരുന്നു. അവളുടെ ഇഷ്ടത്തേക്കാള്‍ തന്‍റെ ആഗ്രഹമായിരുന്നു അവളെ ഇവിടെ എത്തിച്ചത്.
പ്രവാസ ഭൂമിയുടെ തനിനിറം നേരിട്ട് കണ്ടപ്പോഴാണ് അവള്‍ കൂടുതല്‍ അസ്വസ്ഥയായത്. ദൂരങ്ങളോളം നീണ്ട് കിടക്കുന്ന മണലാരണ്യങ്ങള്‍. മരുഭൂമിയെ പകുത്ത് കേടുപാടുകളില്ലാതെ കറുത്ത റോഡ് നീളത്തില്‍. പച്ചപ്പുകള്‍ അവശേഷിക്കുന്ന ഈന്തപ്പനകള്‍ അങ്ങിങ്ങ്. ആട്ടിന്‍പറ്റം പോലെ ചിലയിടത്ത് കെട്ടിടങ്ങള്‍. തീര്‍ന്നു...അവളുടെ കാഴ്ചകള്‍.
അവളെ കുറ്റപ്പെറ്റുത്തുന്നതില്‍ ന്യായമില്ലെന്ന് അയാള്‍ക്കും തോന്നിയിരുന്നു. ചെടികളും പൂക്കളും മഞ്ഞും മഴയും തിക്കിത്തിരക്കിയ നാട്ടന്തരീക്ഷം അകന്ന് പോയപ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ലെന്നത് നേര്.
കലുഷിതമായ മനസ്സുമായി അവളുടെ ആദ്യനാളുകള്‍ കടന്നുപോയി.
അയാളുടെ ആഹാരക്രമത്തിലെ അടുക്കും ചിട്ടയും തിരികെ കിട്ടി. ഫ്രീസറിനകത്തെ തണുത്ത് മരവിച്ച കോഴിയെ അവള്‍ കറി വെച്ചെടുക്കുമ്പോള്‍ നാടന്‍ സ്വാദ്. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് മുക്തി നേടി.
അടഞ്ഞ മുറിക്കുള്ളിലെ സുലഭമായ വെളിച്ചത്തിന്‍റെ തെളിച്ചവും കാര്‍പ്പെറ്റ് നിരത്തിയ തറയും ഒട്ടും ഈര്‍പ്പമില്ലാത്ത അന്തരീക്ഷവും അവള്‍ക്കിഷ്ടപ്പെട്ടുവന്നു. കൊടുംചൂടും തണുപ്പും നിയന്ത്രിക്കുന്ന ഏസിയുടെ ശീതളിമയില്‍ മണ്ണുമായുള്ള ബന്ധം വേര്‍പ്പെട്ട കാലുകള്‍ പശിമയോടെ ഫ്ലാറ്റിനകത്ത് സുഖിച്ചു. ഭര്‍ത്താവ് മാത്രമായ കുടുംബത്തില്‍ തിരക്കൊഴിഞ്ഞ ശാന്തത ലഭിച്ചു. വെറുതെയാകുന്ന സമയത്തെ തള്ളിനീക്കാന്‍ ഉറക്കത്തേയും ടീവിയേയും കൂട്ട് പിടിച്ചു. പതിവില്ലാതിരുന്ന രണ്ട് സ്വഭാവം ക്രമേണ പതിവായി.
മഴയുടെ നനവും വീട്ടുപണിയുടെ വേവലാധിയും അകന്നുകൊണ്ടിരുന്ന മനസ്സില്‍ അവളറിയാതെ കയറിക്കൂടിയത് ഒന്നും ചെയ്യാനില്ലാതെ, ചിന്തകളെ തുരുമ്പെടുപ്പിക്കുന്ന അലസതയായിരുന്നു. ഫിലിപ്പൈനികളും പാക്കിസ്ഥാനികളും മാറ്റ് അറബ് വംശജരും അയല്‍വക്കക്കാരായതിനാല്‍ ഫ്ലാറ്റില്‍ നിന്ന് പുരത്തിറങ്ങേണ്ടി വരാറില്ല. ഇരുപത്തിനാല് മണിക്കൂറും അടഞ്ഞ മുറിയുടെ അകത്ത് തന്നെ. സമയാസമയങ്ങളില്‍ എഴുന്നേല്‍ക്കാന്‍ പോലും തോന്നിക്കാത്ത കിടപ്പ് തന്നെ ശരണം.
ആദ്യമായി നാട്ടിലേക്ക് പോകുന്നത് പ്രസവത്തിന് വേണ്ടിയാണ്. മനസ്സില്‍ പതുങ്ങിക്കിടന്നിരുന്ന നാടും തോടും കാറ്റും മഴയും എല്ലാം കാര്‍മേഘങ്ങളായ് ഉരുണ്ട് കൂടി. പ്രസവം എന്നതിനേക്കാള്‍ നാടിനെ കെട്ടിപ്പുണരാന്‍ കൊതിച്ചു.
വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. ചെളി പിടിച്ച തറയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ എന്തോ ഒരു വേണ്ടായ്ക അനുഭവപ്പെട്ടു. നാട്ടിലെ കാറുകള്‍ക്കെല്ലാം ഭംഗി കുറഞ്ഞെന്ന് തോന്നി. തീരെ ഷെയ്പ്പില്ലാതെ ഒരു വക കാറുകള്‍. ഗള്‍ഫില്‍ പോകുന്നതിന് മുന്‍പ് ഈ കാറുകളെല്ലാം ഭംഗിയുള്ളവ ആയിരുന്നല്ലൊ...?
കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകള്‍ നിറയെ വളവും തിരിവും. വീടിനോട് അടുക്കുന്തോറും പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത് പോലെ.
"ചേച്ചി നല്ലോണം തടിച്ചു. പഴേ സ്ളിം തന്നെയായിരുന്നു ഭംഗി."
അഭിപ്രായങ്ങള്‍ക്ക് ചിരി സമ്മാനിക്കുമ്പോഴും ഒരതൃപ്തി കൂട്ടിനുണ്ടായിരുന്നു..
സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലാണ് പ്രസവം നടന്നത്. എന്നിട്ടും ആ ആശുപത്രി പരിസരവുമായി പൊരുത്തപ്പെടാനാകാതെ കുഴഞ്ഞു. പതിയെ നാടിന്‍റെ രുചിയില്‍ അലിഞ്ഞ് ചേരാന്‍ തുടങ്ങി. അപ്പോഴും എന്തോ ഒരു കുറവ് അലട്ടിക്കൊണ്ടിരുന്നു.
അവളുടെ നിര്‍ബന്ധം നേരത്തെയുള്ള തിരിച്ച് പോക്കിന് വഴിവെച്ചു.
മണല്‍ക്കാറ്റേറ്റ് അവള്‍ ഉണര്‍ന്നു. ഉന്‍മേഷം ഉയര്‍ന്ന് പൊങ്ങി.
കുഞ്ഞിന്‍റെ പരിചരണത്തില്‍ മുഴുകിയപ്പോള്‍ സമയമില്ലെന്ന പരിഭവം. ഭക്ഷണ കാര്യങ്ങളില്‍ നോട്ടമില്ലാതായി. എല്ലാം മറന്നുള്ള ഉറക്കം നഷ്ടപ്പെട്ടതിലെ പ്രയാസം.
കാത്ത് നില്‍ക്കാതെ കടന്ന് പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അലസത പെരുകിക്കൊണ്ടിരുന്ന ദിനങ്ങള്‍....
രണ്ടാമത്തെ പ്രസവത്തിന് നാട്ടിലേക്ക് പോകാന്‍ അവള്‍ കൂട്ടാക്കിയില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ പോക്ക് സുഖയാത്രപോലെ ചുരുങ്ങി. ബന്ധുക്കളോടുള്ള തീവ്രത നേര്‍ത്ത് വന്നു. ബന്ധങ്ങളും കടപ്പാടുകളും വാക്കുകളില്‍ ഒതുങ്ങി.
അയാള്‍ ഓഫീസിലേക്ക് ഇറങ്ങുന്നതിനുശേഷം ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറാതെ അവള്‍ എഴുന്നേല്‍ക്കും. മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതോടെ ഒരു ദിവസത്തെ ഭാരം തീര്‍ന്നു എന്ന തോന്നല്‍. പേരിനെന്തെങ്കിലും വീട്ട് ജോലികള്‍ ആകാമെന്ന് വെച്ചാല്‍ തന്നെ കഴിയാറില്ല. വീണ്ടും കട്ടിലിലേക്ക്....
വെറുതെ ഇരുന്ന് സമയം പോകാത്ത ഭാര്യക്ക് അയാള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തിരുന്നു. ഒന്നും ചിന്തിക്കാനില്ലാതെ കണ്ണടച്ച് കിടക്കുന്നതിന്‍റെ സുഖം കമ്പ്യൂട്ടര്‍ അവള്‍ക്ക് നല്‍കിയില്ല.
വളരെ ഫാസ്റ്റായി ഉണ്ടാക്കാവുന്ന ഭക്ഷണം തയ്യാറാക്കി ശീമപ്പന്നിയെപ്പോലെ തടിച്ച് കൊഴുത്ത് കഴിഞ്ഞ ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ച് കുളിക്കും.
കുറേ കാലമായി ഭക്ഷണത്തിലെ അരുചി അയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. അതിന് അയാളവളെ കുറ്റപ്പെടുത്തിയില്ല. പകരം ചിലപ്പോഴൊക്കെ ഹോട്ടലില്‍ പോയിരുന്നു എല്ലാരുമൊത്ത്. പിന്നീട് രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാക്കുന്നതില്‍ അവള്‍ ഉത്സാഹിച്ചു.
"ഇന്നെന്ത് പറ്റി? ചായപ്പാത്രം തീ പിടിക്കുമല്ലൊ..ആശാനിതെവിടെയാ....ഓഫീസില്‍ പോകണ്ടെ..ചായ ഏട്ടന്‍ ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞിട്ടല്ലെ ഞാന്‍ എഴുന്നേല്‍ക്കാതിരുന്നത്."തൊട്ട് പുറകില്‍ അവള്‍.
അയാള്‍ വാച്ച് നോക്കി. സമയം എട്ടര ആയിരിക്കുന്നു.
"ഏട്ടന്‍ പോയി കുളിച്ച് വാ. ചായ ഞാന്‍ റെഡിയാക്കാം."
ചായപ്പാത്രത്തിലേക്ക് വീണ്ടും വെള്ളം ഒഴിക്കുമ്പോള്‍ അയാള്‍ കുളിമുറിയില്‍ കയറി. തണുത്ത വെള്ളം കൊരിയോഴിച്ചുക്കൊണ്ടിരുന്നിട്ടും തലയിലെ പെരുപ്പ് അടങ്ങിയില്ല. തിരക്ക് കൂട്ടാതെ അയാള്‍ ഡ്രസ്സ് മാറി ഹാളിനകത്ത് വന്നിരുന്നു. ടീവി ഓണ്‍ ചെയ്തു. അവള്‍ ചായയുമായി എത്തി.
"ടീവി കണ്ടിരുന്നാല്‍ മതിയൊ? ഓഫീസ്സിലൊന്നും പോകണ്ടെ?"
"ഇന്ന് പോകുന്നില്ല. ഇനി എന്നും ഓഫീസ്സിലേ പോകണ്ട എന്ന് തീരുമാനിച്ചു. നമുക്ക് നാട്ടില്‍ പോകാം. മതി സമ്പാദിച്ചത്. ജീവിക്കാനുള്ളതിലും അപ്പുറം ഉണ്ടല്ലൊ. ഇനി നാട്ടില്‍ എന്തെങ്കിലും ചെയ്യാം."
അവളില്‍ ഒരു ഞെട്ടല്‍. വിശ്വസിക്കാനായില്ല.
"ഏട്ടനെന്താ ഭ്രാന്ത് പറയുന്നൊ? നാട്ടില്‍ ഇത്രേം എങ്ങിനെ കിട്ടാനാ. മണ്ടത്തരം കാണിക്കല്ലെ. അല്ലെങ്കില്‍ തന്നെ നാട്ടില്‍ പോയിട്ട് ഈ തിരക്കും ബഹളത്തിനും ഇടയില്‍ എങ്ങിനെ ജീവിക്കാനാ...എനിക്ക് വയ്യ. ഞാനില്ല."
"ആര്‍ത്തി മൂത്താല്‍ അനുഭവിക്കാന്‍ യോഗമില്ലാതെ വരും" അയാള്‍ കൂടുതലൊന്നും പറഞ്ഞില്ല.
നാട്ടിലേക്ക് പോകേണ്ട കാര്യങ്ങള്‍ ശരിയാക്കിവരാം എന്ന് പറഞ്ഞ് കാറിന്‍റെ ചാവിയെടുത്ത് അയാള്‍ പുറത്തേക്കിറങ്ങി.