15/8/17

ട്രാന്‍സ്ജെന്റെഴ്സിനെക്കുറിച്ചുള്ള  മലയാളത്തിലെ ആദ്യ നോവലാണ്‌ എച്ചുമുക്കുട്ടി എഴുതിയ "വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍" എന്ന് തോന്നുന്നു. എന്റെ പരിമിതമായ വായന ഞാനിവിടെ പങ്കു വെക്കുന്നു.
എനിക്ക്‌  ആണും പെണ്ണുമല്ലാത്തതെന്ന ആ  ഛക്ക  പ്രയോഗം മനസ്സിലായിത്തുടങ്ങുകയായിരുന്നു

‘ കേസാവും.. ഇത്‌  ചെയ്ത ആ നായിൻറെ  മോൻ ഡോക്ടർ സുഖമായി രക്ഷപ്പെടുകയും ചെയ്യും . പോലീസ്‌  പിന്നെ  സീമയുടെ പുറകേ കൂടും..  അവർക്ക്‌ വഴങ്ങി വഴങ്ങി  വായിലും  കുണ്ടിയിലും ക്യാൻസർ പിടിക്കും.  വഴങ്ങാൻ  മടിച്ചാൽ  ഈ പച്ചമുറിവിൽ  ലാത്തിയിറക്കാൻ മടിക്കില്ല  പോലീസുകാർ.  ആ അനുഭവമുണ്ട്‌ .’  ഗരു മുരണ്ടു.

‘എല്ലാവർക്കും കാശു  മതി  ദീദി.. അത്‌  ഇരന്നായാലും   കൊള്ളാം  കിടന്നായാലും കൊള്ളാം..ആണുങ്ങൾ  ഞങ്ങളെ  കല്യാണം കഴിക്കുന്നത്‌  ഞങ്ങൾ വായും കുണ്ടിയും വിറ്റിട്ടായാലും അവർക്ക്‌  പണം സമ്പാദിച്ചുകൊടുക്കാനാണ്‌. ’

പഴയ ഗരു  ശരീര വിൽപനക്ക്‌  പറഞ്ഞു വിട്ട്‌  പണം  സമ്പാദിക്കുകയും ഒടുവിൽ ഗുണ്ടകളുടേയും  പോലീസുകാരുടെയും പീഡനത്തിൽ മലദ്വാരം പിളർന്നു  പോവുകയും ചെയ്ത  കഥയാണ്‌ സ്വപ്ന  പറഞ്ഞത്‌.

. ആണുങ്ങളൂടെ ഘനമുള്ള  ശബ്ദത്തിൽ  സംസാരിക്കുകയും  ആൺ ശരീര രൂപങ്ങളിൽ സാരി ധരിക്കുകയും  ചെയ്യുന്നവരുമായി  ഇങ്ങനെ പരിചയപ്പെടുമെന്ന്‌ സ്വപ്നത്തിൽ കൂടി ഞാൻ കരുതിയിരുന്നില്ല.  പൊടുന്നനെ ഒരു പ്രേതലോകത്തെത്തിയതു പോലെയാണ്‌  എനിക്ക്‌  തോന്നിയത്‌.

നോവലിലെ പ്രധാന കഥാപാത്രമായ ശാന്തിയുടെ കഴ്ചകൾ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌ നാമൊന്നും മനസ്സിൽ പോലും കരുതാത്ത മൃഗീയമായ ക്രൂരതകളുടെ അതിഭീകരമായ നടുക്കത്തിലേക്കാണ്‌. വായനിക്കിടയിൽ നമുക്ക്‌ സംഭവിക്കുന്ന നടുക്കങ്ങൾ ഒരിക്കലും നമ്മെ വിട്ടുപിരിയില്ല എന്നത്‌ ഈ നോവലിന്റെ വലിയ പ്രത്യേകതയാണ്‌. ഇങ്ങനെയൊക്കെ ഈ ലോകത്തിൽ സംഭവിക്കുമൊ എന്ന അന്തിച്ചിരിപ്പുകൾ യാഥാർത്ഥ്യങ്ങളായി മനോഹരമായൊരു ചിത്രം പോലെ നമുക്ക്‌ മുന്നിൽ വരച്ചുവെക്കുന്നു എച്‌മുക്കുട്ടി.

ട്രാൻസ്ജെന്റെഴ്സ്‌ മാത്രം ജീവിക്കുന്ന ഒരിടത്തേക്ക്‌  ശാന്തി എന്ന സ്ത്രീ കടന്നു ചെല്ലുമ്പോൾ അനുഭവപ്പെട്ട തീവ്രതകാളാണ്‌ എച്ചുമുക്കുട്ടി നേരിൽ കാണുന്നത്‌ പോലെ ഇവിടെ പറഞ്ഞിരിക്കുന്നത്‌. ആണായോ പെണ്ണായോ ജീവിക്കാൻ കഴിയാത്ത ഒരു വിഭാഗത്തിന്റെ ശക്തവും ദാരുണവുമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ വരച്ചു കാട്ടുന്ന നേരിട്ടനുഭവിപ്പിക്കുന്ന ഒരു പുസ്തകം ഇതിനു മുൻപ്‌ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ഞാൻ അങ്ങിനെ ഒന്ന്‌ ഇതിനുമുൻപ്‌ വായിച്ചിട്ടില്ല.

‘ തുണിയൂരി മുഖത്തിട്ടാൽ മാത്രം  മതി..  ബാക്കിയൊക്കെ  ഒ കെ ’ എന്ന ചില പുരുഷന്മാരാകട്ടെ വെടലച്ചിരിയും അശ്ലീല കമൻറും  കേൾക്കേണ്ടി വരുന്ന ശാന്തിയുടെയും പൂജയുടെയും കഥ ഇതിലടങ്ങിയിരിക്കുന്നു.

‘എനിക്ക്‌ ഓർമ്മകൾ    വേണ്ട.. എനിക്ക്‌  ഇന്നലെകൾ വേണ്ട..  എനിക്ക്‌  ഇനി  ഒരു പുരുഷൻറെ നെഞ്ചിലെ  ചൂടും അവൻറെ  കരവലയവും ഒന്നും   ആവശ്യമില്ല..  എന്ന്‌ പറയുന്ന ശാന്തി...

“കാണാത്തതു  കണ്ടുവെന്നും കേൾക്കാത്തത്‌  കേട്ടുവെന്നും അനുഭവിക്കാത്തത്‌ അനുഭവിച്ചുവെന്നും  പറയുന്നതിനാണ്‌   ഒരു  പതിനഞ്ചുകാരി കുട്ടിയ്ക്ക്‌ എല്ലാവരും  ശിക്ഷ നൽകുന്നത്‌.    എന്തിനാണ്‌ കുട്ടി  കളവ്‌ പറയുന്നതെന്ന്‌ എല്ലാവരും  ചോദിക്കും. മെഡിക്കൽ  കോളേജിലെ  ഹോസ്റ്റലിൽ  നിന്ന്‌ വരുമ്പോഴൊക്കെയും ചേട്ടൻ  കുട്ടിയെ അടിച്ചു.. ചെവി  പിടിച്ചു തിരുമ്മി.. കൊല്ലുമെന്ന്‌  അലറി. അമ്മ കുട്ടിയ്ക്ക്‌ ആഹാരം കൊടുത്തില്ല. ഇങ്ങനെയൊന്ന്‌ എൻറെ ഈ   വയറ്റിൽ പൊട്ടിയല്ലോ  എന്ന്‌ തലയ്ക്കടിച്ചുകൊണ്ട്‌  സ്വയം ശപിച്ചു. അനിയത്തി  തരം  കിട്ടുമ്പോഴെല്ലാം  കള്ളി  എന്നു വിളിച്ചു. ടീച്ചറും കന്യാസ്ത്രീ പ്രിൻസിപ്പലും ഉപദേശിച്ചു. കുരിശു വരച്ചു മുട്ടു കുത്തിച്ചു. കുട്ടിയ്ക്ക്‌ പാരനോയിയ  എന്ന മനോരോഗമായിരുന്നു.” എന്നെല്ലാം കേൾക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ശന്തി..

ജീവിതത്തിന്റെ കഠിനമായ വൈതരണികൾ നേരിട്ട്‌ പതംവരുമ്പോൾ ഒരു ജീവിതത്തെ സ്വീകരിച്ച്‌ മുന്നേറുന്ന പെൺമനസ്സിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ  ശാന്തിയിലൂടെ ഹൃദയസ്പർശ്ശിയായി ഈ നോവൽ അനാവരണം ചെയ്യുന്നുണ്ട്‌.

കൂട്ടുകാരിയുടെ നിരാശാഭരിതനായ  കാമുകൻ കൂട്ടുകാരിയുടെ മുഖത്തേക്കെറിഞ്ഞ ആസിഡ്‌  പ്രയോഗത്തെ എതിർത്തപ്പോൾ സ്വീകരിക്കേണ്ടി വന്ന ബീഭൽസവും കത്തിക്കരിഞ്ഞു വികൃതമായ മുഖത്തിന്റെ ഒരു ഭാഗവും പേറി ജീവിക്കുന്ന പൂജ എന്ന സ്ത്രീയുടെ കഥയിലൂടെ നോവൽ ഏറെ ജ്വലിക്കുന്നു. സമൂഹത്തിൽ അവഗണിക്കപ്പെട്ട മനുഷ്യർക്ക്‌ വേണ്ടി ജീവിക്കുന്ന പൂജ ഇംഗ്ളീഷുകാരനായ പ്ളാസ്‌റിക്‌ സർജറി ഡോക്ടർ ഗ്രിഗറി സ്മിത്തെന്ന സുന്ദരനെ അറിയാതെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴും തനിക്കോ ഡോക്ടർക്കോ തന്റെ മുഖത്തെ വികൃതരൂപം സർജ​‍ീ ചെയ്ത് സുന്ദരമാക്കണം എന്ന് തോന്നാത്തത്‌ അവരുടെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ്‌.

കാലുകൾ നഷ്ടപ്പെട്ട സ്വൻസിൽ എന്ന കാശ്മീരി ബ്രാഹ്മണ പെൺകുട്ടി ഇച്ചാക്കയെന്ന മുസ്ലീമിനെ വിവാഹം കഴിച്ചു ജീവിക്കുന്ന കഥയും മനുഷ്യരിലെ ജാതിമത ചിന്തകളുടെ നേർക്കാഴ്ച്ചയാക്കി നോവലിനെ ശക്തമാക്കാൻ ശ്രമിച്ച കഥാകാരിയുടെ കഴിവ്‌ എടുത്ത്‌ കാണിക്കുന്നു.

കൂടാതെ മുസ്ലീങ്ങളാണ്‌ ഇന്ത്യയെ നശിപ്പിക്കുന്നതെന്നും അവരെയെല്ലാം പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ നാട്‌ കടത്തണമെന്നു കൂടെകുടെ പിറുപിറുക്കുന്ന ‘ബേൻചോ (പെങ്ങളെ ഭോഗിക്കുന്നവൻ) എന്ന ശൈലി കൂടെകൂട്ടിയ പ്രദീപ്‌ ജെയിനും, നിരവധി കാര്യങ്ങൾ പൂജക്ക്‌ പറഞ്ഞുകൊടുത്ത അശ്വനി ശർമ്മയും ഉൾപ്പെടുന്ന ആർക്കിടെക്റ്റ്‌ ഫേമിന്റെ മുഴുവൻ കഥയും പറയുന്നത്‌ കൂടാതെ ട്രാൻസ്ജെന്റെഴ്സായ ഗരുവിന്റെയും സീമയുടെയും മോനയുടെയും സ്വപനയുടെയും മുന്നിയുടെയും കഥകൾ കാണാം ദില്ലി പശ്ചാത്തലമായി രചിച്ച ഈ നോവലിൽ.

സാമൂഹികസാമ്പത്തിക കെട്ടുപാടുകളും വ്യവസ്ഥകളും ഒരു നിസ്സഹായയായ മനുഷ്യനിൽ ഏതൊക്കെ തലങ്ങളിലൂടെ വർത്തിക്കുന്നു എന്ന നല്ല നിരീക്ഷമാണ്‌ നോവൽ കാണിച്ചു തരുന്നത്‌. അതിന്റെ നല്ലൊരു ഉദാഹരണമാണ്‌ ചികിത്സക്കായി ചെല്ലുമ്പോൾ ഡോക്ടരുടെ വാക്കുകൾ സമ്മാനിക്കുന്നത്‌  “സാധ്യമല്ല.  ഒരു  ഛക്കയുടെ  മനോരോഗം ചികിൽസിക്കേണ്ട ഗതികേട്‌ എനിക്കില്ല. പൂജയ്ക്ക്‌ അവരെയും കൂട്ടി വേഗം തന്നെ  സ്ഥലം വിടാം .‘ ഛക്കകൾക്ക്‌  വ്യക്തമായ ഒരു  മനസ്സില്ല..  അതാണ്‌ അവരിൽ സംഭവിച്ചിട്ടുള്ള  എറർ. അവർ വെറും ക്രിമിനലുകളാണ്‌.  ഈ സിറ്റിയിൽ  നടക്കുന്ന  പല കുറ്റകൃത്യങ്ങളിലും ഛക്കകൾ ഇൻവോൾവ്ഡ്‌  ആണ്‌. അവരെയൊന്നും  ആരു വിചാരിച്ചാലും നന്നാക്കാൻ കഴിയില്ല.  കഴിഞ്ഞ ജന്മത്തിൽ  കൊടിയ പാപം  ചെയ്തവരാണ്‌ ഇജ്ജന്മം ഛക്കകളായി പിറക്കുന്നത്‌.”  

- ’ഇല്ലാത്തവരേയും കുറഞ്ഞവരേയും  നമ്മുടെ  സമൂഹത്തിനു  വെറുപ്പാണ്‌.. ധനവും അധികാരവും ഇല്ലാത്തവരെ..  ബുദ്ധി കുറഞ്ഞവരെ.. ജീവിതസമരങ്ങളിൽ  തോറ്റു പോയവരെ  അവരെയൊന്നും  നമുക്ക്‌  സഹിക്കാൻ  കഴിയില്ല.  ഉള്ളവർ  ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഉള്ളവരുടെ ധാർഷ്ട്യം അഹന്ത, ആർത്തി   അതൊക്കെ നമ്മൾ  തുപ്പൽ കൂട്ടി വിഴുങ്ങും.. എന്നാൽ  ഇല്ലാത്തവരുടെ കളവ്‌ , ആർത്തി, അഭിമാനം, ആഗ്രഹം ഇതൊന്നും  നമുക്ക്‌  സഹിക്കാനോ  ക്ഷമിക്കാനോ പറ്റില്ല. -

- ‘അവരിൽ പലരും  ലിംഗച്ഛേദനം കഴിയുമ്പോൾ  ചിലപ്പോഴൊക്കെ സമനില തെറ്റിയവരെപ്പോലെ ആയിത്തീരാറുണ്ടെന്ന്‌  . ആ   കഠിന വേദനയെ സഹിക്കുന്നത്‌ അത്‌  കഴിഞ്ഞാൽ  പെണ്ണായിത്തീരാമെന്ന മോഹത്തിലാണ്‌. പക്ഷെ,  എത്രയായാലും  ഒരു മുഴുവൻ പെണ്ണാവാൻ ആർക്കും  കഴിയില്ലല്ലോ.  ആ സത്യവുമായി  പൊരുത്തപ്പെടേണ്ടി വരുമ്പോൾ കഠിന വേദനയ്ക്കും യാതനകൾക്കും ശേഷവും ജീവിതം പഴയതു പോലെ തന്നെ വഴിയോരങ്ങളിൽ  നൃത്തം ചെയ്തും  കൈ നീട്ടി യാചിച്ചും കണ്ടവരുടേയെല്ലാം  കാമം  ശമിപ്പിച്ചും മാത്രം  തുടരേണ്ടി വരുമെന്നറിയുമ്പോൾ  പലരുടേയും സമനില തെറ്റാറുണ്ട്‌..’ ഗരു   പറയുകയായിരുന്നു. -

- ‘ബൃഹന്നളയും ശിഖണ്ഡിയുമാണ്‌  ഛക്ക.  ദില്ലിയിൽ  ഇന്ദ്രപ്രസ്ഥത്തിൻറെ  കാലം മുതൽ  അവരുണ്ട്‌. എല്ലാ ആവശ്യങ്ങൾക്കും  ഈ രാജ്യം  അവരെ  എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്‌.  ശത്രു  രാജാവിനെ വിഷം കൊടുത്ത്‌  കൊല്ലാനും  യുദ്ധത്തിൽ മറയായി മുന്നിൽ  നില്ക്കാനും അന്തപ്പുരങ്ങൾക്കും  വേശ്യാലയങ്ങൾക്കും കാവൽ നില്ക്കാനും   എല്ലാം  ധാരാളമായി അവരെ ഉപയോഗിച്ചിട്ടുണ്ട്‌.  എന്നാലും അവർ ജീവിച്ചിരിപ്പില്ല  എന്ന്‌  ഭാവിക്കാനാണ്‌ ഇപ്പോഴും ഈ രാജ്യത്തിനിഷ്ടം.‘ അശ്വനി ശർമ്മ. -

- “മൂന്നാലു വയസ്സായിട്ടും  എൻറെ  ജ്യേഷ്ഠന്‌ ജട്ടിയിടാതെ നടക്കാൻ അനുവാദമുണ്ടായിരുന്നു. എന്നോട്‌  പറയുമ്പോലെ  കുണ്ടിക്കുപ്പായമിടാതെ പുറത്തിറങ്ങിയാൽ  അടിച്ചു ശരിപ്പെടുത്തുമെന്നൊന്നും  ആരും   ജ്യേഷ്ഠനോട്‌ പറഞ്ഞിരുന്നില്ല.  കുടപ്പനാടുന്ന സ്വർണ അരഞ്ഞാണവുമായി  നഗ്നനായി  ഓടുന്ന ജ്യേഷ്ഠനെ എല്ലാവരും  വാരിയെടുത്തുമ്മ  വെക്കാറുണ്ടായിരുന്നു.” -

- ’അവർ തൊടും.. വഴക്ക്‌ മൂത്താൽ  കെട്ടിപ്പിടിക്കും.. അതവരുടെ ഒരു തന്ത്രമാണ്‌. ഒരു രീതിയാണ്‌. അവർ തൊടുന്നത്‌ പൊതുസമൂഹത്തിനു അറപ്പാണ്‌. ആ അറപ്പുണ്ടാക്കി ഭയപ്പെടുത്തലാണ്‌ അവർക്കാകെ കൂടി കഴിയുന്ന ഒരു പ്രതിഷേധം. ശാരീരിക വൈകല്യങ്ങളും അതുണ്ടാക്കുന്ന  ദുർബലതയും കൊണ്ട്‌  ആരേയും കായികമായി നേരിടാൻ അവർക്ക്‌ കഴിയില്ല.“ -

എന്നിങ്ങനെയുള്ള കുടുംബവും സമൂഹവുമായി ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം നിരീക്ഷണങ്ങൾ ഈ നോവലിലുടനീളം നമുക്ക്‌ കണ്ടെത്താൻ കഴിയും.
ദില്ലിയില്‍, അതിക്രൂരമായി ബലാല്‍സംഗത്തിന് ഇരയായി മരണപ്പെട്ട നിര്‍ഭയ സംഭവത്തെ പകര്‍ത്തി വെച്ചാണ് നോവല്‍ അവസാനിപ്പിക്കുന്നത്

"....ആ ഇരുമ്പ് വടികളില്‍ അവളുടെ ചെറുകുടല്‍ ഒരു രക്തഹാരമായി അവശേഷിച്ചു. ആശരീരം മുഴുവന്‍ ആഴത്തിലിറങ്ങിയ ദന്തക്ഷതങ്ങളും നഖപ്പാടുകളുമയിരുന്നു.

കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ, രാത്രി ഒമ്പതുമണിയ്ക്ക് ചാര്‍ട്ടേട് ബസ്സില്‍ കയറുന്ന പെണ്‍കുട്ടിയെ, അപമര്യാദ കാണിച്ച പുരുഷനോട് പ്രതിഷേധം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി ബലാല്‍സംഗം ചെയ്ത് ബസ്സില്‍ നിന്ന് വലിച്ചെറിയാമെന്ന് നമ്മുടെ പൊതു സമൂഹവും ഇന്ത്യയുടെ തലസ്ഥാനനഗരവും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു....."

വളരെ മനോഹരമായി ലളിതമായി തയ്യാറാക്കിയിരിക്കുന്ന ഈ നോവൽ നമ്മുടെ കൂട്ടുകാരെക്കൊണ്ട്‌ വായിപ്പിച്ച്‌ പ്രചരണവും കഥാകാരിക്ക്‌ പ്രോത്സാഹനവും  നൽകുന്നത്‌ നന്നായിരിക്കും എന്ന്‌ ഞാൻ കരുതുന്നു. 

Logos Books,
Vilayoor post,
Pattambi
679 309 
Mobile no 8086126024
എന്ന വിലാസത്തിലും ഫോണ്‍ നമ്പറിലും അന്വേഷിച്ചാല്‍ പുസ്തകം ലഭ്യമാകും.