22/5/11

കൂട്ടിച്ചേര്‍ക്കലുകള്‍

22-05-2011

പ്രഹരമേറ്റ പ്രതീക്ഷകൾ കലമ്പിക്കൂടിയ മനസ്സ്‌. ഒരൊറ്റ ചിന്തക്കു മേൽ ഒരു പിടി മോഹങ്ങളും സ്വപ്നങ്ങളും ചേർത്ത്‌ വെച്ച്‌ മൂന്നര കൊല്ലങ്ങൾക്ക്‌ ശേഷം നാട്ടിലെത്തുമ്പോൾ നിറമുള്ള സങ്കൽപങ്ങൾ ഇന്നൊ നാളെയൊ പ്രാവർത്തികമാകുമെന്ന് ഹരിഹരപ്രസാദ്‌ ഉറച്ച്‌ വിശ്വസിച്ചിരുന്നു. അമിതമായ ആ വിശ്വാസമായിരുന്നു തിരിച്ചു പോകാറായപ്പോൾ വേദന വർദ്ധിപ്പിച്ചത്‌.

മാതാപിതാക്കളുടെ സംരക്ഷണയിൽ പാറപോലെ വളർന്നപ്പോഴും ജോലിയൊ ഭാവിയൊ ഒന്നും ഗൗരവമായി കണ്ടിരുന്നില്ല. പക്ഷെ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയപ്പോൾ ജോലിയും കൂലിയും ഗൗരവം വരുത്തി. അങ്ങിനെയാണ്‌ ജോലിക്ക്‌ വേണ്ടി സൗദി അറേബ്യയിൽ എത്തിയത്‌. ആവേശവും അർത്ഥവും നൽകിയ ആദ്യ ശമ്പളം മുതൽ ഒരു മനുഷ്യനായി എന്ന തോന്നൽ. തുടർന്നങ്ങോട്ട്‌ വിവാഹവും കുടുംബവും സൃഷ്ടിക്കാനുള്ള വ്യഗ്രത.

"നീയിതുവരെ റെഡിയായില്ലേ...?"ഹരിയുടെ കൂട്ടുകാരൻ ജയ്സൺ ബൈക്ക്‌ നിർത്തി താഴെയിറങ്ങിക്കൊണ്ട്‌ ചോദിച്ചു.

പൂമുഖത്തിരുന്ന ഹരി തലയുയർത്തി നിർവ്വികാരതയോടെ ജയ്സനെ നോക്കി. വിഷാദത്തിന്റെ നിഴലുകൾ പടർന്ന മുഖം.

"രണ്ടര മാസം കഴിഞ്ഞു. ഇനി പതിനാലു ദിവസം കഴിഞ്ഞാൽ ഇനിക്ക്‌ തിരിച്ച്‌ പോണം. അതിനിടയിലൊരു പെണ്ണിനെ കൂടി കണ്ടിട്ട്‌ എന്തിനാ ജയ്സൺ?"

"അതെല്ലാം നീ വന്നപ്പഴേ ഓർക്കണമായിരുന്നു. നീ വന്ന അന്നു മുതൽ നടക്കുന്നതല്ലേ? ഒരു എഴുപതിനു മേൽ പെൺകുട്ടികളെ നീ കണ്ടില്ലേ? ഒന്നിനെപ്പോലും നിനക്ക്‌ പിടിച്ചൊ? എനിക്ക്‌ വരെ നാണക്കേട്‌ തോന്നിത്തുടങ്ങി നിന്റെ കൂടെ വരാൻ."

"ശരിയാ ജയ്സൺ. ഇനിക്കും മടുത്തു. അതോണ്ട്‌ ഇനി ഏതായാലും പോകുന്നേനു മുൻപ്‌ ഒന്നും വേണ്ടാന്ന് തീരുമാനിച്ചു. അതോണ്ടാ ഇങ്ങ്നെ ഇരുന്നേ."

"നിന്നെ വെഷമിപ്പിക്കാൻ പറഞ്ഞതല്ല ഞാൻ."

"നിന്നെ ഇനിക്ക്‌ അറിയില്ലേടാ. തമ്മിൽ പറയുന്നതിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സുഹൃത്തുക്കളെന്ന് പറയുന്നതിൽ എന്താടാ അർത്ഥം?"

"എല്ലാം മനസ്സിലാക്കാൻ കഴിവുള്ള നീ എങ്ങനെ ഇങ്ങനെയായി എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്നത്‌. സൗദിയിലേക്ക്‌ പോകുന്നതിന്‌ മുൻപ്‌ നീയൊരിക്കൽ തമാശയായി പറഞ്ഞത്‌ ഓർമ്മയുണ്ടൊ?-പെണ്ണിന്റെ സൗന്ദര്യത്തിലല്ല സ്വഭാവത്തിലണ്‌ കാര്യം. ഒത്ത്‌ പോകാവുന്ന ഒരു പാവം കുട്ടി- എന്ന്. ആ നിന്നേയും ഈ നിന്നേയും എനിക്ക്‌ പിടി കിട്ടുന്നില്ലെടാ ഇപ്പൊ."

"ആ ഞാൻ തന്നെയാണ്‌ ഇപ്പോഴും. പക്ഷെ ആ എന്നിൽ ചില കൂട്ടിച്ചേർക്കലുകൾ സംഭവിച്ചിരിക്കുന്നുവെന്നാണ്‌ എനിക്കിപ്പൊ തോന്നുന്നത്‌. ആദ്യം കാണുന്ന കുട്ടിയെ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു എന്റെ ആദ്യ തീരുമാനം. ചിന്തിക്കാൻ നല്ലൊരു തീരുമാനമെങ്കിലും പ്രായോഗികമായി ശരിവരാത്ത ഒന്നാണതെന്ന് കാര്യത്തോടടുക്കുമ്പോൾ തിരിയുന്നു."

"അതാണോ ഇത്രയും പെണ്ണു കണ്ടിട്ട്‌ നിനക്ക്‌ ഒന്നിനേം പിടിക്കാതിരുന്നത്‌?"

"അല്ല. ഇപ്പറഞ്ഞത്‌, വെല്യ ആദർശനത്തിന്‌ വേണ്ടി വികാരം കൊള്ളുമ്പൊ ഉരുത്തിരിയുന്ന തീരുമാനങ്ങൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെ വരുന്നതിലെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. എന്റെ ആദ്യ ചിന്തയും ശരിയല്ലെന്ന് മാത്രം പറഞ്ഞതാണ്‌. ഇവിടെ മറ്റൊന്നാണ്‌. അതെന്താണെന്നാണ്‌ ഞാനിപ്പോൾ ആലോചിക്കുന്നത്‌."

"എങ്കിൽ പിന്നെ നീ നേരത്തെ പറഞ്ഞത്‌ പോലെ കൂട്ടിച്ചേർക്കലുകൾ തന്നെ കാരണം. ആ കൂട്ടിച്ചേർക്കലുകൾ എന്താണെന്ന് കണ്ടെത്തിയാപ്പോരെ? ഹരി മാത്രമല്ല, പലരും രണ്ടും മൂന്നും മാസത്തെ ലീവിന്‌ വിവാഹം കഴിക്കാൻ വന്നിട്ട് പെണ്ണിനെ ഇഷ്ടപ്പെടാതെ തിരിച്ച്‌ പോയത്‌ എനിക്കറിയാം."

"ജയ്സൺ പറഞ്ഞത്‌ ശരിയാണ്‌. ഞാനെന്റെ കാര്യം മാത്രമാ ആലോചിച്ചത്‌. ഇപ്പഴാ പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തന്നെ ഓർക്കുന്നത്‌."

"സൗദിയിലെന്താടാ സുന്ദരികൾ മാത്രേ ഉള്ളോ?"

ജയ്സന്റെ ആ വാക്കുകളില്‍ എന്തോ ഒരു കുരുക്ക് പോലെ ഹരിക്ക് അനുഭവപ്പെട്ടു.  ചില അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആ വരികളില്‍ ഉടക്കി കിടക്കുന്നതായി അനുഭവപ്പെടുന്നു. അവിടെ നടന്ന കാണലുകളെ ഹരി ഓര്‍ത്തു. ശരിയാണ്... സൌന്ദര്യം തന്നെ....
"യെസ്‌...അതാടാ ജയ്സൺ കാര്യം...നീ തമാശക്ക്‌ ചോദിച്ചതാണെങ്കിലും സംഭവം അത്‌ തന്നെ."

"എന്ത്‌?"

"ഞങ്ങൾ അവിടെ കാണുന്നത്‌ സുന്ദരികളെ മാത്രമാണ്‌. അൽപം സൗന്ദര്യം കുറഞ്ഞ ആരേയും കാണാറില്ല. നല്ല വസ്ത്രങ്ങൾ ധരിച്ച സുന്ദരികളായ സ്ത്രീകളെ മാത്രം കണ്ട്‌ മനസ്സിൽ കയറിക്കൂടിയ കൂട്ടിച്ചേർക്കൽ."

"ഞാൻ ഗൾഫിലൊന്നും പോയിട്ടില്ലെങ്കിലും നീയിപ്പറഞ്ഞത്‌ ഒരു നുണ മത്രമായെ എനിക്ക്‌ തോന്നുന്നുള്ളു."

"നുണയല്ലെടാ... സത്യം. നിറങ്ങൾ വിതറി നിഴലുകൾ പോലെ എന്റെ മനസ്സിൽ അള്ളിപ്പിടിച്ച സ്ത്രീ സൗന്ദര്യം. ഒരു നിമിഷം ഒഴിവ്‌ കിട്ടിയാൽ പിന്നെ ഞങ്ങളുടെ ലോകം ടീവിക്ക്‌ മുന്നിലാണ്‌. കഴിഞ്ഞ മൂന്നര കൊല്ലവും ഞാൻ കണ്ടത്‌ ടീവിയിലെ ചായം തേച്ച സൗന്ദര്യമാണ്‌. ക്രമേണ പഴയ രൂപങ്ങൾ മാഞ്ഞു പോയി. അവിടെ തെളിച്ചമുള്ള കൂട്ടിച്ചേക്കലുകൾ നടന്നു. ചെറിയൊരു മോചനം കടന്നു വന്നപ്പോഴേക്കും വീണ്ടും തിരിച്ച്‌ പോകുന്നു."

ഹരിഹരപ്രസാദ്‌ ഒരു നിമിഷം മണൽഭൂമിയുടെ നെഞ്ചിലേക്ക്‌ ചാടി വീണു. തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. ഈർപ്പമില്ലാതെ മഴക്കാറില്ലാതെ നനവില്ലാതെ ഉണങ്ങിക്കിടക്കുന്ന അന്തരീക്ഷം എവിടേയും. കൃത്രിമ പച്ചപ്പുകൾക്ക്‌ നാടിന്റെ ഇരുളിച്ച ലഭിക്കില്ല. ക്രമേണ മനസ്സിൽ പരുവപ്പെടുന്ന തെളിച്ചം നാടിന്റെ ഇരുളിമയെ വെറുക്കാൻ തുടങ്ങും. അനുവാദം ആവശ്യമില്ലാതെ കയറിക്കൂടുന്ന, സ്വയം അറിയാതെ സ്വീകരിക്കുന്ന കൂട്ടിച്ചേർക്കലുകൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ കടിച്ചമർത്തുന്ന വേദന ഒരു പ്രവാസിയുടെ ദുഃഖം മാത്രമായി അവശേഷിക്കുന്നു.

"വെറുതെ പറയല്ലേ ഹരി. ടീവിയിലൂടെ മാത്രമല്ലാതെ പെണ്ണുങ്ങളെ കാണാറില്ലെന്ന് നീ പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ട്‌."


"കാണാറില്ലെന്നല്ല. ഒറ്റയും തറ്റയും കാണാം. എത്ര സൗന്ദര്യം ഇല്ലാത്തവരാണെങ്കിലും തലയിലെ മുടിയടക്കം മൂടിയ കറുത്ത കുപ്പായത്തിനുള്ളിലെ പുറത്ത്‌ കണുന്ന മുഖം ഉദിപ്പുള്ളത്‌ മാത്രം. പണിയെടുക്കുകയും പണം അയക്കുകയും ചെയ്താൽ തൃപ്തിപ്പെടുന്ന മനസ്സ്‌ നാട്ടിലെ ദൈനംദിന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാതെ ചെത്തിമിനുക്കിയ ടീവി കാഴ്ചകളിലെ നിറങ്ങളിൽ മയങ്ങും. ആ നിറങ്ങളിൽ പൂർണ്ണത കാണുകയും സുഖമുള്ള സ്വപ്നങ്ങൾ നെയ്തു കൂട്ടുകയും ചെയ്യും. നാട്ടിലെ യാഥാർത്ഥ്യങ്ങൾ നേരിടുമ്പോഴാണ്‌ ഉപേക്ഷിക്കാൻ കഴിയാതെ സ്വപ്നങ്ങൾ വേര്‌ പിടിച്ചത്‌ അറിയാതെ വരുന്നത്‌."

"ചിലതൊക്കെ പിടി കിട്ടി. എങ്കിലും കൃത്യമായി എനിക്കങ്ങട്ട്‌ മനസ്സിലാവുന്നില്ല."

"നിനക്ക്‌ മാത്രമല്ല, പലർക്കും മനസ്സിലാവില്ല. അവിടത്തെ അന്തരീക്ഷവും ജീവിതവും അറിയുമ്പോഴെ പൂർണ്ണമായി ഞാൻ പറയുന്നത്‌ ഉൾക്കൊള്ളാൻ കഴിയു. അവൻ ആളായപ്പൊ ഒന്നും പിടിക്കുന്നില്ല എന്ന് മാത്രമെ നിനക്ക്‌ ചിന്തിക്കാനാകു. രണ്ട്‌ വ്യത്യസ്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഞങ്ങളുടെ ചില ആശയക്കുഴപ്പം."

"എന്ത്‌ ആശയക്കുഴപ്പമാണെങ്കിലും അതിന്റെ കാരണം പിടി കിട്ടിയല്ലോ.അപ്പോൾ ഇനി കാര്യങ്ങൾ എളുപ്പമാണ്‌."

"ഒരു പരിധി വരെ അങ്ങനെ പറയാം. എന്നാലും ഇത്തവണ സംഭവിച്ച ആഗ്രഹങ്ങളുടെ നഷ്ടവും, സമയം വൈകുന്നു എന്ന വേവലാതിയും അടുത്ത ലീവ്‌ വരെ മനസ്സിനെ ആക്രമിക്കും."

"അധികമൊന്നും ചിന്തിക്കണ്ട. അടുത്ത തവണ നീ വരുമ്പോഴേക്കും നിനക്ക്‌ പറ്റിയ ഒരുവളെ ഞാൻ കണ്ടെത്തി വീട്ടുകാരുമായി ആലോചിച്ച്‌ വെക്കാം. നീ ധൈര്യമായി പോയ്ക്കൊ."

"ഇനി അതു തന്നെയാണ്‌ ഞാനും കരുതിയിരിക്കുന്നത്‌."

"ശരി. എങ്കിൽ പിന്നെ കാണാം." ജയ്സൺ ബൈക്കെടുത്ത്‌ തിരിച്ച്‌ പോയി.