31/3/10

ചുവന്ന കണ്ണുകള്‍

23-03-2010

വേലിക്കുറുപ്പല്ല ശരിക്കും വേലുക്കുറുപ്പാണ്‌.
ഉണ്ണിക്ക്‌ പക്ഷെ വേലിക്കുറുപ്പാണ്‌. ഉണ്ണിക്ക്‌ മാത്രമല്ല ആ ഗ്രാമത്തില്‍ എല്ലാരും വേലിക്കുറുപ്പ്‌ എന്നു തന്നെയാണ്‌ വിളിച്ചിരുന്നത്‌. കുറുപ്പ്‌ എന്നു പറയുമ്പോള്‍ സംശയിക്കേണ്ട. ഇത്‌ അമ്പട്ടന്‍ വിഭാഗത്തില്‍പ്പെട്ട കുറുപ്പാണ്‌.

വേലിക്കുറുപ്പാണ്‌ അന്ന്‌ മുടി വെട്ടുന്നതില്‍ വിദഗ്ദന്‍. ഉണ്ണി രണ്ടാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ വേലിക്കുറുപ്പ്‌ ആദ്യമായി അവന്റെ മുടിവെട്ടിയത്‌.

ഒരു പ്രത്യേക തരം മനുഷ്യന്‍. കറുത്തിട്ടാണ്‌. അതും ഒരു മയമില്ലാത്ത കറുപ്പ്‌. എണ്ണ തൊടാതെ മൊരി പിടിച്ച കൈകാലുകള്‍. നടക്കുമ്പോള്‍ ഒരു കാല്‍മുട്ടിനു മുകളില്‍ മറ്റേ കാല്‍മുട്ട്‌ പിണഞ്ഞ്‌ വരും. രണ്ട്‌ മുട്ട്‌ കാലുകളും അല്‍പം അകത്തേക്ക്‌ തള്ളിയാണ്‌. കയ്യുടെ കക്ഷത്തില്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ കത്രികയും ചീര്‍പ്പും. ഉയര്‍ന്നും വളഞ്ഞും ഇരിക്കുന്ന കൈവിരലുകള്‍. കാലിന്റെ വിരലുകള്‍ രണ്ട്‌ ഭാഗത്തേക്കും ചരിഞ്ഞ്‌ വളര്‍ന്നിരിക്കുന്നു. ഷര്‍ട്ടിടില്ല. വെളുത്ത ഒറ്റമുണ്ടാണ്‌ വേഷം. അടിയില്‍ മറ്റൊന്നും ഉപയോഗിക്കില്ല.

അന്നാഗ്രാമത്തില്‍ കുറുപ്പിനെ കൂടാതെ മുടി വെട്ടാനുണ്ടായിരുന്നത്‌ പത്രോസ്സാപ്ളയാണ്‌ (പത്രോസ്‌ മാപ്പിള). ആളല്‍പം ലൂസാണ്‌. ചെറുപ്പമാണ്‌. മുടിവെട്ടിയാല്‍ മുഴുവന്‍ കത്തിരപ്പഴുതും. അതുകൊണ്ട്‌ വേലിക്കുറുപ്പ്‌ തന്നെയാണ്‌ അന്നത്തെ താരം. കടകളില്‍ ബോര്‍ഡ്‌ വെച്ച്‌ മുടി വെട്ടില്ലായിരുന്നു അന്ന്‌. ഓരോ വീട്ടിലും കയറി ഇറങ്ങിയാണ്‌ മുടി വെട്ടിയിരുന്നത്‌. മുറ്റത്ത്‌ ഒരു സ്റ്റൂളില്‍ കണ്ണാടിയും പിടിച്ച്‌ മുതിര്‍ന്നവര്‍ മുടി വെട്ടാനിരിക്കുമ്പോള്‍ ഉണ്ണിയെപ്പോലുള്ളവര്‍ താഴെ മുട്ടിപ്പലകയിലിരുന്നാണ്‌ തല നീട്ടി കൊടുത്തിരുന്നത്‌.

താഴെ ഇരിക്കുമ്പോള്‍ കുറുപ്പിന്‌ ഒരു സൌകര്യമുണ്ട്‌. മുട്ട്‌ കാലുകള്‍ അല്‍പം ഉള്ളിലേക്ക്‌ തള്ളിയിരിക്കുന്നതിനാല്‍ കുട്ടികളുടെ തല കാല്‍മുട്ടുകള്‍ക്കിടയിലാക്കി ഇറുക്കി പിടിക്കും. കുട്ടികളാവുമ്പോള്‍ തല ഇളക്കാതിരിക്കാനാണ്‌ അങ്ങിനെ ചെയ്യുന്നത്‌. ഉണ്ണി ഒരു നാള്‍ ഒരു പണി പറ്റിച്ചു. മുടി വെട്ടാനിരിക്കുന്നതിടയില്‍ കുറുപ്പ്‌ ഒന്ന്‌ നടു നിവര്‍ത്തിയപ്പോള്‍ ഉണ്ണി തല ചരിച്ച്‌ മുകളിലേക്ക്‌ നോക്കി. നല്ല രസം. കുറുപ്പ്‌ അതറിഞ്ഞില്ല. കുറേ നാളായി അത്തരം ഒരാഗ്രഹം മനസ്സില്‍ തത്തിക്കളിക്കയായിരുന്നു. ഇതൊന്നും അറിയാതെ വീണ്ടും മുടി വെട്ട്‌ തുടര്‍ന്നു. കുനിഞ്ഞിരിക്കുന്ന ഉണ്ണി മുറ്റത്തെ മണ്ണ്‌ വാരിയും ചെറിയ കല്ലുകളെടുത്തിട്ടും അനുസരണയോടെ ഇരുന്നു കൊടുത്തു. കത്രികക്ക്‌ മൂര്‍ച്ചയില്ലാതെ പലപ്പോഴും മുടി പിടിച്ച്‌ വലിക്കുന്നതു പോലെ അനുഭവപ്പെട്ടു. അപ്പോഴൊക്കെ 'അ' എന്നൊരു ശബ്ദം ഉണ്ണി പുറപ്പെടുവിക്കും. മുടിവെട്ട്‌ തീര്‍ന്നപ്പോള്‍ താഴെ നിന്ന്‌ പൊറുക്കിയ ഒരു കുഞ്ഞിക്കല്ല്‌ ഉണ്ണിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

"ഇനി എന്‍റ്റോ" എന്ന്‌ പറഞ്ഞ്‌ കുറുപ്പ്‌ നിവര്‍ന്ന്‌ നിന്നു.
കുനിഞ്ഞിരുന്ന ഉണ്ണി മടക്കിക്കുത്തിയ കുറുപ്പിന്റെ മുണ്ടിനടിയിലൂടെ താഴെനിന്ന്‌ മുകളിലേക്ക്‌ കല്ല്‌ തെറിപ്പിച്ചു. കല്ല്‌ തെറിപ്പിച്ചതും ശരം വിട്ടതുപോലുള്ള ഉണ്ണിയുടെ പാച്ചിലും ഒന്നിച്ചായിരുന്നു. കുറുപ്പ്‌ കൈകൊണ്ടൊന്നുഴിഞ്ഞ്‌, ഉണ്ണിയെ പിടിക്കാന്‍ നോക്കിയെങ്കിലും അവന്റെ പൊടി പോലും കാണാനായില്ല.

വൈകുന്നേരം അഞ്ചു മണിയായാല്‍ കുറുപ്പ്‌ കള്ള്‌ ഷാപ്പിലേക്ക്‌. രണ്ട്‌ കുപ്പി അകത്താക്കും. കുറുപ്പ്‌ ചെല്ലുന്ന എല്ലാ സമയത്തും പത്രോസ്സാപ്ള അവിടെ ഉണ്ടാകും. പത്രോസിന്‌ കുറുപ്പിന്റെ വക രണ്ട്‌ ഗ്ളാസ്സ്‌ എപ്പോഴും ഫ്രീ ആണ്‌. അത്‌ കഴിഞ്ഞ്‌ ആടിയാടി "കായലരികത്ത്‌...."എന്ന പാട്ട്‌ കുറുപ്പിന്റെ ഈണത്തില്‍ ഉറക്കെ പാടി റോഡിലൂടെ നടന്നു നീങ്ങും. കുറുപ്പിന്റെ പാട്ട്‌ കേള്‍ക്കാന്‍ പലരും റോഡുവക്കിലേക്ക്‌ ശ്രദ്ധിക്കാറുണ്ട്‌. യാതൊരു ശല്യവുമില്ലാത്ത കുറുപ്പിനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

നാലാംതരം കഴിഞ്ഞതോടെ മകന്‍ പുരുഷന്‍ ഒരു നിഴലായി കുറുപ്പിന്റെ കൂടെ കൂടി. അവന്‍റെ അമ്മയെ ആരും കണ്ടിട്ടില്ല. അതാരും അന്വേഷിച്ചിട്ടില്ലതാനും. പുരുഷന്‍ പക്ഷെ വെളുത്തിട്ടാണ്‌. നല്ല മുഖം. വള്ളിട്രൌസറുമിട്ട്‌ അച്ഛന്റൊപ്പം നടന്നു നടന്ന്‌ മുടിവെട്ട്‌ പഠിച്ചു. കുറുപ്പിനത്‌ കുറെ സഹായമായി.
എവിടെ പോണേലും കുറുപ്പിന്‌ പുരുഷന്‍ വേണം, പുരുഷന്‌ കുറുപ്പും......

അവന്‍ കുറുപ്പിനെ സഹായിക്കാന്‍ തുടങ്ങിയതോടെ ഒഴിവു സമയം ധാരാളമായി. കള്ളുകുടിയുടെ ദൈര്‍ഘ്യം കൂടി. ഇടക്കൊക്കെ പുരുഷനും ലഭിച്ചിരുന്നു കള്ള്‌. അവന്‍ പിന്നീട്‌ ഒരു പലചരക്കുകടയുടെ ചെരുവില്‍ ഒരു കസേരയും കണ്ണാടിയും സ്ഥാപിച്ച്‌ മുടിവെട്ടിന്‌ ഒരാസ്ഥാനം ഉണ്ടാക്കി. വീടുകളില്‍ പോയി വെട്ടുന്നത്‌ കുറക്കുകയൊ അല്ലെങ്കില്‍ ആ ജോലി കുറുപ്പ്‌ ഏറ്റെടുക്കുകയൊ ചെയ്തു. വരുമാനം വര്‍ദ്ധിച്ചു.

സ്ഥലങ്ങള്‍ മാറിക്കൊണ്ടേ ഇരുന്നു. കറങ്ങുന്ന കസേര, മേശ, മുന്നിലും പിന്നിലും കണ്ണാടി ഒക്കെ വന്നപ്പോല്‍ ഹെയര്‍ കട്ടിങ്ങ്‌ സലൂണ്‍ ആയി. കുറിപ്പിനേക്കാള്‍ വേഗത്തില്‍ മുടി വെട്ടുന്നതിനാല്‍ പുരുഷന്‌ മതിപ്പ്‌ കൂടി. കുറുപ്പ്‌ വൈകുന്നേരം അല്‍പം അകത്താക്കി മകന്റെ കടയില്‍ വന്നിരിക്കും. അപ്പോള്‍ പാട്ട്‌ പാടാറില്ല. അതൊരിക്കല്‍ മകന്‍ തന്നെ വിലക്കിയതാണ്‌.

അല്ലെങ്കിലും ഈയിടെയായി അച്ഛനോടുള്ള മമത അല്‍പം കുറഞ്ഞിട്ടുണ്ട്‌. ബീഡി പോലും വലിക്കാത്ത അച്ഛന്റെ കള്ളുകുടി ഇഷ്ടമല്ലാതായിത്തുടങ്ങി. പാന്റും ഇസ്തിരിയിട്ട ഷര്‍ട്ടുമായ്‌ നടന്നു. കുറുപ്പിന്റെ തുറന്നു കിടക്കുന്ന ശരീരം കണ്ട്‌ അവജ്ഞ തോന്നിത്തുടങ്ങി. വല്ലാത്തൊരു വെറുപ്പ്‌.

പയ്ക്കറ്റ്‌ കണക്കിന്‌ പനാമ സിഗരറ്റും വിസ്ക്കിയുമാണ്‌ പുരുഷന്‌ താല്‍പര്യം. കള്ളിനോട്‌ പുച്ഛം. വളരുന്തോറും കുറുപ്പിനോടുള്ള അകല്‍ച്ച വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കുറുപ്പ്‌ നടക്കാന്‍ പാടില്ല, ആടാന്‍ പാടില്ല, നിക്കാന്‍ പാടില്ല, പാടാന്‍ പാടില്ല. എന്നുവേണ്ട പുറത്തിറങ്ങാന്‍ പാടില്ല എന്നു വരെയായി.

ഉണ്ണിയുടെ അച്ഛന്‍ എപ്പോഴും പറയും... "നിയാ പുരുഷനെ കണ്ട്‌ പഠിക്ക്‌. ഇത്ര ചെറുപ്പത്തിലേ അവനെത്രയാ സമ്പാദിക്കുന്നത്‌? അവനെന്തു പഠിച്ചിട്ടാ...? നീയോ... ഒരു ഡിഗ്രീം കൈയ്യീപ്പിടിച്ച്‌ ജോലിക്ക്‌ തെണ്ടി നടക്കുന്നു. എന്നിട്ടെന്തായി..? ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്‌."

ഈ ഒരു പുരുഷന്‍ കാരണം ഞങ്ങള്‍ക്ക്‌ കണ്ണും ചെവിയും പൊത്തേണ്ടി വന്നിരിക്കുന്നു. ഇവനെ ഇങ്ങിനെ വിട്ടാല്‍ നമ്മള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല. അവനെ പുരുഷ കുറുപ്പെന്ന്‌ ആരും വിളിക്കുന്നുമില്ല. ഒരമ്പട്ടനാണെന്ന്‌ അവന്‍ പോലും മറന്നിരിക്കുന്നു. അവന്റെ കടയില്‍ ഇപ്പോള്‍ അഞ്ചുപേരാണ്‌ ജോലിക്കാര്‍.

പുരുഷന്‍ അവിടം കൊണ്ടൊന്നും അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

യാത്ര തുടര്‍ന്നു....ഇത്തവണ ടൌണില്‍ തന്നെ ഒരു മുറി ഒപ്പിച്ചെടുത്തു. നല്ല സ്ഥലസൌകര്യമുള്ള ഒരു മുറി. അപാരമായ ഗ്ളാസ്സൊക്കെ പതിപ്പിച്ച്‌ പുതുപുത്തന്‍ ഡിസൈനോടു കൂടിയ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തി ഒരടിപൊളി ഫാഷന്‍ ഹോമാക്കി മാറ്റി.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അക്ഷരങ്ങളില്‍ 'ഐശ്വര്യ ബ്യൂട്ടിപാര്‍ലര്‍ കം മസാജ്‌ സെന്റര്‍' എന്ന്‌ തിളങ്ങി. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍. കസ്റ്റമേഴ്സിന്‌ സ്വര്‍ഗ്ഗത്തിലെത്തുന്ന പ്രതീതി. നിറയെ ജോലിക്കാര്‍. വൃ‍ത്തിയായ ഡ്രസ്സുകളും സുഗന്ധപൂരിതമായ അന്തരീക്ഷവും. ഒരിക്കല്‍ കയറിയവന്‍ വീണ്ടും വീണ്ടും കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നു. പുരുഷന്‌ തീരെ സമയമില്ല. തിരക്കോട്‌ തിരക്ക്‌. ആവശ്യക്കാരുടെ തള്ളിച്ച ആവേശമായി. ജോലിക്കാരുടെ എണ്ണം കൂട്ടിയും തൊട്ടടുത്ത സ്ഥലം കൈക്കലാക്കിയും പ്രസ്ഥാനം വികസിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.

വീട്ടില്‍ പോക്ക്‌ വല്ലപ്പോഴുമൊക്കെയായി. ഇത്രയൊക്കെയായിട്ടും കുറുപ്പ്‌ മുടിവെട്ട്‌ നിറുത്തിയിരുന്നില്ല. പക്ഷ്‌ ഇപ്പോള്‍ വെട്ടുന്നത്‌ പ്രായമായി നടക്കാന്‍ വയ്യാത്തവരുടെ മുടി ആണെന്നുമാത്രം. മകന്‍ ഇത്രയും ഉയരത്തിലെത്തിയിട്ടും കുറുപ്പ്‌ മുടിവെട്ടുന്നതിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. പണ്ടത്തെ മധുരമില്ലെങ്കിലും കുറുപ്പിന്‌ കള്ള്‌ കുടിക്കാന്‍ മറ്റൊരു വഴിയും ഇല്ലായിരുന്നു. മകന്‍ എപ്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും കൊടുത്തെങ്കിലായി. പുരുഷനെ കാണാതെ പലപ്പോഴും കുറുപ്പ്‌ ഐശ്വര്യയില്‍ പോകാറുണ്ട്‌. ഷര്‍ട്ട്‌ ഇടാത്തതിനാല്‍ അകത്ത്‌ കയറാന്‍ ശ്രമിക്കാറില്ല. ദൂരെ നിന്ന്‌ മകനെ കണ്ട്‌ സംതൃപ്തിയോടെ മടങ്ങും. നേരിട്ട്‌ കണ്ടാല്‍ അവന്‍ വഴക്ക്‌ പറയുമെന്നറിയാം. ചിലപ്പോള്‍ രണ്ടടിയും തന്ന്‌ ചവുട്ടി പുറത്താക്കുമെന്നും നിശ്ചയമുണ്ടായിരുന്നു.

കുറുപ്പ്‌ ഇന്ന്‌ ഷര്‍ട്ടിടാന്‍ ഒരു കാരണമുണ്ട്‌. ഐശ്വര്യയില്‍ കയറാനും മകനെ കാണാനും കുറുപ്പ്‌ തീരുമാനിച്ചു. സെക്യൂരിറ്റിക്കാരെ ധിക്കരിച്ച്‌ അകത്ത്‌ കയറാന്‍ കഴിയാതെ വന്ന സമയത്താണ്‌ പുരുഷന്റെ വരവ്‌. ചുവന്ന കണ്ണുകള്‍ കോപം കൊണ്ട്‌ വിറച്ചു.

"എന്നെ നാറ്റിച്ചേ അടങ്ങു ഈ കിഴവന്‍. ഇവിടെ വരരുതെന്ന്‌ ഞാനെത്രവട്ടം പറഞ്ഞു. ഇന്ന്‌ ഞാന്‍ വീട്ടിലേക്ക്‌ വരുന്നുണ്ട്‌. അപ്പൊ കാണിച്ചു തരാം" എന്നു പറഞ്ഞ്‌ കുറുപ്പിനെ തള്ളി താഴെ ഇട്ടു
..........

ഐശ്വര്യയുടെ മുന്നില്‍ ജനക്കൂട്ടം. പതിവില്ലാതെ ബ്യൂട്ടി പാര്‍ലര്‍ പോലീസ്‌ വളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം ഓരോ ചലങ്ങളും നിരീക്ഷിക്കുന്നു. കൈയ്യാമം വെച്ച്‌ പുരുഷനെ പുറത്തേക്ക്‌ കൊണ്ടുവന്നു. ഐശ്വര്യയില്‍ നിന്നും പുറത്തു വന്ന സ്ത്രീകളേയും പുരുഷന്‍മാരേയും വരിവരിയായി ജീപ്പുകളിലേക്ക്‌ കയറ്റി. ഐശ്വര്യയുടെ വാതില്‍ പോലീസുകാര്‍ പൂട്ടി സീല്‍ ചെയ്തു. വേലിക്കുറുപ്പിന്റെ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാര്‍ക്ക്‌ ബോണസായി ലഭിച്ചതായിരുന്നു അനാശാസ്യത്തിന്റെ ഇരകളെ.

പുരുഷന്റെ കണ്ണുകള്‍ അപ്പോഴും ചുവന്നു തന്നെ ഇരുന്നു....

11/3/10

വിയര്‍ക്കുന്ന ജന്‍മങ്ങള്‍......!

11-03-2010
നട്ടുച്ച.
തലനാരിഴ പോലും കരിഞ്ഞു പോകാന്‍ ശക്തിയുള്ള ചൂട്‌.
പറഞ്ഞറിഞ്ഞതില്‍ നിന്ന്‌ ഏറെ വ്യത്യാസമുണ്ട്‌ അനുഭവിച്ചറിയുമ്പോള്‍.
എത്ര വെള്ളം കുടിച്ചിട്ടും ദാഹത്തിന് ശമനമില്ല.
കുറെ നേരമായി
പൊടിക്കാറ്റിലിങ്ങിനെ നിലയുറപ്പിച്ചിട്ട്‌ . ചൂടിനെക്കുറിച്ചും തണുപ്പിനെക്കുറിച്ചും പലരും പറഞ്ഞിരുന്നെങ്കിലും ഇത്രയും ക്രൂരമായിരിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയില്ല. നാട്ടില്‍ വെച്ച്‌ കണ്ണെത്താ ദൂരത്ത്‌ കാണാനായിരുന്ന മരിചിക ഇവിടെ തൊട്ടുമുന്നില്‍ നൃത്തം ചെയ്യുന്നു. നീണ്ടു കിടക്കുന്ന മണലാരണ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഈന്തപ്പനകളും കെട്ടിടങ്ങളും.

വെള്ളിയാഴ്ച ആയതിനാല്‍ ഫാക്ടറികളില്‍ നിന്നുള്ള രൂക്ഷ ഗന്ധത്തിന്‌ അയവുണ്ട്‌. അരമണിക്കൂറിലേറെയായി മനു വെയിലിനോട്‌ മല്ലിട്ട്‌ ഈ നില്‍പ്‌ തുടരുന്നു. ഇതിനിടയില്‍ പല വാഹനങ്ങളും കടന്നു പോയി. ഒന്നുപോലും നിറുത്തിയില്ലെന്നു മാത്രം.
കൂട്ടുകാര്‍ എന്നും തന്റെ ദൌര്‍ബല്യമായിരുന്നു.
അതുകൊണ്ടുതന്നെ ഞാനവനെക്കാണാന്‍ പോകുന്നു.
മരുഭൂമിയേയും ഇവിടത്തെ മനുഷ്യരേയും കൂടുതലറിയാന്‍ ഒരുപക്ഷെ ഈ സന്ദര്‍ശനം ഉപകരിച്ചേക്കാം. ഈ ഭാഗത്ത്‌ ടാക്സികളും മറ്റും കുറവായതിനാലാകണം ഇന്നേ ദിവസം യാത്രക്കാരെ കാണാനാകാത്തത്‌.

ഇവിടം പുതുമുഖമായ തനിക്ക്‌ യാത്രകളിലെ വിരസതയും അലസതയും കാത്തുനില്‍പും പുത്തനാണല്ലൊ. എല്ലാം അറിയാനുള്ള ആകാംക്ഷ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ കാത്തുനില്‍പ്‌ വിരസമാകുന്നില്ല.
ചൂടേറ്റിട്ടും വിയര്‍ക്കുന്നില്ലെന്നത്‌ ആശ്വാസം.
പഴയൊരു വെളുത്ത കാര്‍ ബ്രേക്കിട്ടു.
മനുവിന്റെ മനസ്സില്‍ പുതിയ ആശങ്കകള്‍ വിരിഞ്ഞു. കൂട്ടുകാരുടെ ഉപദേശം മനസ്സില്‍ തെളിഞ്ഞു. ഒരാള്‍ മാത്രമുള്ള കാറില്‍ കയറരുത്‌. പേഴ്സും പൈസയും പുറത്ത്‌ കാണിക്കരുത്‌. ഒറ്റക്ക്‌ ആര്‌ ക്ഷണിച്ചാലും എങ്ങോട്ടും പോകരുത്‌-ഉപദേശങ്ങളുടെ പട്ടിക ഇനിയും നീണ്ടതാണ്‌.

അതേക്കാള്‍ മനുവിനെ അപ്പോള്‍ അലട്ടിയിരുന്നത്‌ ഇയാളുമായി എങ്ങിനെ ആശയവിനിമയം നടത്തും എന്നതായിരുന്നു. അറബി ഭാഷ കേട്ടു തുടങ്ങുന്നതേ ഉള്ളു. ഇംഗ്ളീഷും ഹിന്ദിയുമാണെങ്കില്‍ അയാള്‍ക്കറിയണമെന്നില്ലല്ലൊ. ഡ്രൈവര്‍ ഒരു മലയാളി ആയിരിക്കണമേ എന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാറിനകത്തേക്ക്‌ നോക്കി.
'മലയാളി ആണോ? എവിടേക്കാ..?' താടി തടവിക്കൊണ്ട്‌ ഡ്രൈവര്‍.
സന്തോഷവും സമാധാനവും ഒരുമിച്ച്‌ ലഭിച്ചു മനുവിന്‌.
'അസിസിയ..'
'ഞാന്‍ വിട്ടു തരാം.' ഡോര്‍ തുറന്ന്‌ മുന്നില്‍ കയറി. ചെറുചിരിയോടെ അയാള്‍ മനുവിനെ എതിരേറ്റു . വൃത്തിയായി ചെത്തി മിനുക്കിയ കുറ്റിത്താടിയുള്ള ഡ്രൈവറെ നല്ല പരിചയം തോന്നി. ചിലപ്പോള്‍ അങ്ങിനെയാണ്‌, ചില മുഖങ്ങള്‍ക്ക്‌ പരിചയത്തിന്റെ ആവരണം....

മിനിറ്റുകള്‍ക്ക്‌ ശേഷമാണ്‌ ചൂടിന്റെ വലയത്തില്‍ നിന്നും മുക്തി തേടി കാറിനകത്തെ ശീതളിമയില്‍ ഒത്തുചേരാനായത്‌.

'അസിസിയായില്‍ എവിടെയാണ്‌ പോകേണ്ടത്‌..'
'കൃത്യമായ സ്ഥലം എനിക്കറിയില്ല. കൂട്ടുകാരന്‍ അവിടെകാത്തുനില്‍ക്കാംഎന്നാണ്‌പറഞ്ഞിരിക്കുന്നത്.'
'സൌദിയില്‍ വന്നിട്ട്‌ എത്ര നാളായി..?'
'രണ്ട്‌ മാസം ആകുന്നതേ ഉള്ളു.'
'അപ്പോള്‍ കൂട്ടുകാരന്‍ ഇങ്ങോട്ട്‌ വരുന്നതല്ലായിരുന്നൊ നല്ലത്‌..'
'വെറുതെ അവനെ എന്തിന്‌ ബുദ്ധിമുട്ടിക്കണം എന്ന്‌ കരുതി. ഞാനാണെങ്കില്‍ പുതിയ ആള്‍ എന്ന നിലക്ക്‌ കാര്യമായ പരിപാടികളൊന്നും ഇല്ലല്ലൊ. ചേട്ടന്‍റെ നാട്‌ എവിടെയാ?'
'കണ്ണര്. മണിയറ എന്ന്‌ പറയും. കേട്ടിട്ടുണ്ടൊ'
'മണിയറ കേട്ടിട്ടില്ല. ഞാന്‍ തൃശ്ശൂര്‍. നെല്ലായി എന്ന സ്ഥലത്ത്‌. പേര്‌ മനു. ബീകോം കഴിഞ്ഞ്‌ കംബ്യൂട്ടറും പഠിച്ച്‌ അങ്ങിനെ ഇരിക്കുമ്പോഴാണ് വിസ തരപ്പെട്ടത്‌. ഒന്നര ലക്ഷം കൊടുത്തെങ്കിലും നല്ല കമ്പനിയാണെന്ന്‌ പറഞ്ഞു. ഇപ്പോള്‍ ലേബറാണ്‌. ക്രമേണ മാറിക്കിട്ടും എന്നാണ്‌ പറഞ്ഞത്‌. പന്തീരായിരം രൂപ മാസം കിട്ടും. ഇപ്പോള്‍ പണി അല്‍പം കഠിനമാണെങ്കിലും പിന്നീട്‌ ശരിയാവും എന്ന്‌ ഏജെന്റ്റ് പറഞ്ഞിരുന്നു. '

' പ്രതീക്ഷകളാണ് മനു മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നത്‌. ഈ മണല്‍ ഭൂമിയെക്കുറിച്ച്‌ ഏറെ അറിയാന്‍ കിടക്കുന്നതേ ഉള്ളു. ഞാനിവിടെ പതിനേഴു വര്‍ഷമായി. പലപല ജോലി ചെയ്തു. രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തായ് ലാന്റ് ലോട്ടറിയെക്കുറിച്ചറിയാമൊ..? നമ്മുടെ നാട്ടിലെ സിക്കിം ബൂട്ടാന്‍ ലോട്ടറി പോലെ മാസത്തില്‍ രണ്ടു തവണ ഇവിടേയും ഒളിവില്‍ നടത്തുന്ന ചൂതാട്ടം. ഇതിന്റെ ഏജന്‍റുമാര് കോടിക്കണക്കിനാണ്‌ പണമുണ്ടാക്കുന്നത്‌. ഇതിന്‍റെയെല്ലാം ഇരകള്‍ പ്രതീക്ഷകള്‍ നശിച്ചു തുടങ്ങുന്ന ഒട്ടനേകം സ്വപ്നാടകര്‍. സ്വപ്നങ്ങള്‍ തകരുന്നത്‌ ഉള്‍ക്കൊള്ളാനാകാതെ നിലയില്ലാക്കയത്തില്‍ അകപ്പെട്ടവര്‍. പ്രതീക്ഷകള്‍ വെറും പ്രതീക്ഷ മാത്രമായി അസ്തമിക്കുമ്പോള്‍ നിരവധി രോഗങ്ങള്‍ കൂട്ടിനായി കൂട്ടിക്കൊണ്ടു പോകുന്നവര്‍.'

എല്ലം കേട്ടിരുന്ന മനുവില്‍ നിന്ന്‌ ഒരു നിശ്വാസമുയര്‍ന്നു. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവ കേട്ടതുപോലെ. തന്റെ വിശ്വാസങ്ങള്‍ക്കപ്പുറത്ത്‌ ക്രൂരമായ ഒരു മുഖം കൂടി ഇവിടെ കുടിയിരിക്കുന്നു. മനുവിന്റെ ചിന്തകളില്‍ ഒരിക്കലും എത്തിപ്പെടാത്തവ.
കട്ടാല്‍ കട്ടവന്റെ കൈ വെട്ടുന്ന നാട്‌. കൊന്നാല്‍ കൊന്നവന്റെ തല വെട്ടുന്ന നാട്‌.

മനസ്സില്‍ സംശയങ്ങള്‍ പെരുകി.
'അപ്പോള്‍ പുറമെ കാണിക്കുന്ന ചിരി കാപട്യം നിറഞ്ഞതാണോ?' മനു ചോദിച്ചു.

' എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. നന്‍മകള്‍ ശേഷിക്കുന്നവര്‍ ഇനിയും നമുക്ക്‌ ചുറ്റുമുണ്ട്‌. പക്ഷെ നന്‍മ നശിച്ചവരും നശിപ്പിക്കുന്നവരുമാണ്‌ അധികവും. ലോകമാകെ പണത്തിനു വേണ്ടി പരക്കം പായുന്നു. ഈ പാച്ചിലിനിടയില്‍ മനുഷ്യന്റെ മനുഷ്യത്വം നശിക്കുന്നതാണ്‌.
ഇവിത്തന്നെ നമുക്ക്‌ കാണാം.
വര്‍ഷങ്ങളായി പണിയെടുക്കുന്നവന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ അവനെ കൊത്തിവലിക്കുന്നു. കഴിഞ്ഞത്‌ ഓര്‍ക്കാതെ ഭാവിക്ക്‌ വേണ്ടി കൈ നീട്ടുന്നവരുടെ ഒരു പട തന്നെ അവനെ വീണ്ടും പിടിച്ചു വലിക്കുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയുമൊന്നും ബാധകമല്ലാത്തവരാണല്ലൊ പ്രവാസികള്‍...!'

പക്ഷെ മനുവിലെ ആശകള്‍ പുഷ്പിക്കാന്‍ തന്നെ വെമ്പിനിന്നു. ധരിച്ചുവെച്ചിരിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാന്‍ മനസ്സിന്‌ കഴിയുന്നില്ല. മനസ്സിലെ വിശ്വാസങ്ങള്‍ക്ക്‌ എതിരാണ്‌ വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍ എന്ന്‌ കണ്‍മുന്നില്‍ കാണുമ്പോഴും അതംഗീകരിക്കാന്‍ തയ്യാറാകാത്ത മനസ്സ്‌.
കാറ്‌ നിന്നു.
അസിസിയ എത്തിയിരിക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന്‌ പുറത്തിറങ്ങി. ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്‌ പുറം തിരിഞ്ഞ്‌ നടക്കുമ്പോള്‍"മനു" എന്ന വിളി.
കൂട്ടുകാരനായിരിക്കും എന്ന്‌ കരുതി തിരിഞ്ഞുനോക്കിയത്‌ ഡ്രൈവറുടെ മുഖത്ത്‌.
'രണ്ട്‌ റിയാല്‍ തന്നില്ല'
വൃത്തിയുള്ള താടിക്കുള്ളിലെ മന്ദസ്മിതം കലര്‍ന്ന ഡ്രൈവറുടെ നിര്‍വ്വികാരതയില്‍ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ തനിക്കുനേരെ തുറിച്ചു നോക്കുന്നതായി മനു തിരിച്ചറിയുകയായിരുന്നു.

രണ്ട്‌ റിയാല്‍ കൈ നീട്ടി വാങ്ങുമ്പോഴും അയാളുടെ മുഖത്ത് മന്ദസ്മിതത്തില്‍ അലിഞ്ഞ നിര്‍വ്വികാരത അതേപടി നിലനിന്നിരുന്നു. ചുറ്റും കണ്ണോടിച്ച് കൂട്ടുകാരനെ തിരഞ്ഞു.

ഇനി അവന്‍ വരാതിരിക്കുമൊ എന്ന സംശയം ആദ്യമായി മനസ്സില്‍ ഓടിയെത്തി.

മൊബൈലെടുത്ത്‌ വിളിച്ചു നോക്കി.

സ്വിച്ച്‌ ഓഫ്‌..!
ഇപ്പോള്‍ വെയിലിന്റെ ചൂടില്‍ വിയര്‍ക്കാനും തുടങ്ങി.

6/3/10

ചുഴലി കയറിയ പാര്‍വതി

2010 ഫെബ്രുവരി 18

ഞങ്ങള്‍, പെണ്ണുങ്ങള്‍ക്ക്‌ അവളോട്‌ അസൂയയാണ്‌. അസൂയയുടെ കാരണവും ഞങ്ങള്‍ക്ക്‌ നല്ല നിശ്ചയമുണ്ട്‌.
കടഞ്ഞെടുത്ത ശരീരമാണ്‌ പാര്‍വതിയുടേത്. എണ്ണക്കറുപ്പ്‌. നീളം കുറഞ്ഞതെങ്കിലും തിങ്ങി ഇടതൂര്‍ന്ന മുടി. വശ്യതയുടെ മര്‍മരം ഒളിഞ്ഞിരിക്കുന്ന കണ്ണുകള്‍ക്കു മുകളില്‍നീളം കൂടിയ പുരികങ്ങള്‍ ഒരലങ്കാരമാണ്‌. അല്‍പം ഉയര്‍ന്ന നെറ്റിത്തടത്തില്‍ അനുസരണയില്ലാത്ത മുടിയിഴകള്‍ താളം തെറ്റി തെറിച്ചു നില്‍പുണ്ട്‌. കവിള്‍ത്തടങ്ങള്‍ എണ്ണമയം ഏറ്റതുപോലെ തിളങ്ങുന്നു. ഉയര്‍ന്ന മൂക്കിനു താഴെ തടിച്ചു വിടര്‍ന്ന ചുണ്ടുകള്‍. അരികുചേര്‍ന്ന്‌ നിര തെറ്റി വളര്‍ന്ന മുകള്‍നിരയിലെ കൊച്ചുപല്ല്‌ ഏഴഴകാണ്‌. ചിരിക്കുമ്പോള്‍ തെളിയുന്ന വലതു കവിളിലെ നുണക്കുഴി തേന്‍പൊഴിക്കും. മിനുസമുള്ള താടിയില്‍ തൊടാന്‍ കൊതി തോന്നും.

പാര്‍വതിക്ക്‌ ചുഴലി കയറി.....
അതാണവളുടെ ശാപം. മുപ്പത്തഞ്ച്‌ കഴിഞ്ഞിട്ടും മംഗല്യം നടന്നില്ല. അയല്‍ വക്കവീടുകളിലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളൊരു സഹായിയായിരുന്നു. വീട്ടിലെ ചെറിയ ചെറിയ പണികള്‍ക്ക്‌ അവളെ വിളിക്കും. പണിയെടുപ്പിക്കുന്നതിനേക്കാള്‍ അവളെ നോക്കിയിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്‍െറ ഭര്‍ത്താവിന്റെ കണ്ണുവെട്ടത്തുനിന്ന് അവളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ വളരെ പാടുപെട്ടിരുന്നു. ഒതുങ്ങിവികസിച്ച അരക്കെട്ടിന്‌ വെളുത്ത ഒറ്റമുണ്ട്‌ നന്നായി ചേരുമായിരുന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞാണ്‌ പാര്‍വതിക്ക്‌ രോഗം കൂടിയ വിവരം അറിഞ്ഞത്‌. ഒരുദിവസം വായില്‍ നിന്ന്‌ നുരയും പതയും വന്ന്‌ പുഞ്ചപ്പാടത്തെ തോട്ടുവക്കില്‍ വീണുകിടന്നത്‌ അയാളാണ് കണ്ടത്‌. അച്ചുതന്‍ നായരും പര്‍വതിയും പുഞ്ചപ്പാടത്തിന്‍റെ മദ്ധ്യത്തില്‍. നുരയും പതയും ഒലിപ്പിച്ച്‌ താഴെ കിടന്നു പിടയുന്ന പാര്‍വതിയെ നോക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ ശരീരത്തില്‍ തൊടാന്‍ എന്തുകൊണ്ടോ കൈ വിറച്ചു. പകപ്പോടെ ചുറ്റും നോക്കിയതല്ലാതെ അനങ്ങാനായില്ല. സമയം കളയാതെ അയാള്‍ വയല്‍ വരമ്പിലൂടെ വീട്ടിലേക്കോടി. ഒറ്റ ശ്വാസത്തില്‍ ഭാര്യയോട്‌ വിവരങ്ങള്‍ പറഞ്ഞു. ഭാര്യയും സംഘവും പുഞ്ചപ്പാടത്തേക്കു പാഞ്ഞു.

പര്‍വതി എഴുന്നേറ്റിരുന്ന്‌ ചിറി തുടച്ച്‌ മോന്ത കഴുകി. പതിയെ എഴുന്നേറ്റ്‌ ഉടുമുണ്ടില്‍ പറ്റിയ ചളി തുടച്ചു നീക്കുമ്പോള്‍ സംഘം എത്തി. അവരോടൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ സഹതാപത്തിന്‍റെ സാന്ത്വനം നിറഞ്ഞ വാക്കുകള്‍ ചുറ്റും ചിതറി വീണു. അച്ചുതന്‍ നായര്‍ അവര്‍ക്കു പിന്നാലെ എന്തോ നഷ്ടപ്പെട്ടതു പോലെ കുമ്പിട്ട്‌ നടന്നു.

അച്ചുതന്‍ നായരുടെ ഭാര്യ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇനി പാര്‍വതിയുടെ സ്ഥിതി കൂടുതല്‍ വഷളാകാനാണ്‌ സദ്ധ്യത. വീട്ടുപണിയില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നതാണ്‌ ഉചിതം. എന്തൊ, അവളെ ഒഴിവാക്കികൊണ്ടൊരു തീരുമാനത്തിന്‌ എനിക്കാകുന്നില്ല. അസൂയയുണ്ടെങ്കിലും അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അടിമപ്പെട്ടിരിക്കുന്നു എന്ന ബോധം തിരിച്ചറിയുന്നു.

ഒന്നും സംഭവിക്കാത്തതുപോലെ പിറ്റെ ദിവസം പാര്‍വതി എത്തി. വന്നപാടെ ചൂലെടുത്ത്‌ മുറ്റം തൂത്തുവാരി. തെക്കുഭാഗത്തെ അടുക്കള ചെരുവില്‍ കുന്തുകാലിലിരുന്ന്‌ പാത്രങ്ങള്‍ ഓരോന്നായി എടുത്ത്‌ കഴുകുവാന്‍ തുടങ്ങി. ഞാനെല്ലാം നോക്കിനിന്നു. ഇന്നവള്‍ക്ക്‌ പതിവിനു വിപരീതമായി കൂടുതല്‍ അഴക്‌ തോന്നുന്നു. കുനിഞ്ഞിരുന്ന്‌ പാത്രം കഴുകുന്ന പാര്‍വതിയുടെ ഇടത്‌ ചെവിക്കും കൈത്തോളിനുമിടയിലൂടെ എന്‍െറ കണ്ണുകള്‍ കള്ളപ്രദക്ഷിണം നടത്തി.

പര്‍വതിയുടെ മനോനിലയില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌ തൊട്ടടുത്ത ദിനങ്ങളിലായിരുന്നു. പിന്നീടങ്ങോട്ട്‌ വീട്ടില്‍ വരവ്‌ വല്ലപ്പോഴുമായി. അലസമായ വസ്ത്രധാരണം തന്നെ അതിനു ഉദാഹരണമായിരുന്നു. വീട്ടില്‍ തീരെ വരാതായിത്തുടങ്ങിയപ്പോള്‍ എനിക്ക്‌ വേവലാധിയായി. ആരോട്‌ തിരക്കാന്‍. വളരെ നാളായി അച്ചുതന്‍ നായരുടെ ഭാര്യയെ കണ്ടിട്ട്‌. അവര്‍ ഇടക്കിടെ വരുമായിരുന്നെങ്കില്‍ ധാരാളം നാട്ടുവാര്‍ത്തകള്‍ കിട്ടുമായിരുന്നു. പുറത്തിറങ്ങാത്തതിനാല്‍ എനിക്കണെങ്കില്‍ വര്‍ത്തകളൊന്നും ലഭിക്കുമായിരുന്നില്ല. പിന്നീടെപ്പോഴൊ അവര്‍ തന്നെയായിരുന്നു പര്‍വതിയെക്കുറിച്ച്‌ വിവരങ്ങള്‍ അറിയിച്ചത്‌.

അവളിപ്പോള്‍ പുറത്തേക്കിറങ്ങാറില്ലത്രെ. വീട്ടില്‍ തന്നെയാണ്‌. അവളുടെ അമ്മയാണ്‌ കൂട്ടിരിപ്പ്‌. സദാസമയവും ചിന്തിച്ചുകൊണ്ട്‌ ഏകാന്തതയില്‍ നോക്കിയിരിക്കും. ഇടക്കിടക്ക്‌ ചുഴലി വരും. മനോനില ആകെ തകര്‍ന്നു. വീട്ടിലേക്ക്‌ സന്ദര്‍ശകരെ ആരേയും കടത്താറില്ല അവളുടെ അമ്മ. കാരണം അവള്‍ ബ്ലൌസ് ഉപേക്ഷിച്ചിരിക്കുന്നു. അരയ്ക്കു മുകള്‍ ഭാഗം നഗ്നമേനിയാണ്‌. എന്‍െറ അസൂയ ക്രമേണ അലിഞ്ഞില്ലാതായി. പകരം അലിവ്‌ തോന്നി. ഉടനെത്തന്നെ അവളെ കാണണമെന്ന്‌ മനസ്സ്‌ പറഞ്ഞു. അവളുടെ അമ്മ സമ്മതിക്കാതെ വരുമൊ എന്ന ശങ്ക നില്‍നില്‍പുണ്ടെങ്കിലും കാണാതിരിക്കാനാകില്ല. ഒപ്പം എന്തൊക്കെയൊ നഷ്ടപ്പെട്ടെന്ന തോന്നലും. സത്യത്തില്‍ തോന്നലായിരുന്നില്ല, നഷ്ടപ്പെടല്‍ തന്നെയായിരുന്നു. ഇനി അവളെ ഒന്നരുകില്‍ കിട്ടുമൊ എന്നുപോലും തിട്ടമില്ല. പതിയെ പതിയെ എല്ലാം ആസ്വദിക്കാമെന്നു കരുതിയതായിരുന്നു.

ഒരു കൊച്ചു വീടാണ്‌ അവളുടേത്‌. ഞാനങ്ങോട്ട്‌ കയറുമ്പോള്‍ താടിയ്ക്ക്‌ കയ്യും കൊടുത്ത്‌ ഉമ്മറത്ത്‌ അവളുടെ അമ്മ ഇരിപ്പുണ്ട്‌. എന്നെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റ്‌ കരഞ്ഞുകൊണ്ടടുത്തുവന്നു. ഏന്തിയേന്തികരയുന്നതില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. ഞാനവളെയൊന്നു കാണട്ടെയെന്നു പറഞ്ഞ്‌ അകത്തു കയറി.

മുറിക്കകത്ത് കടന്നപ്പോള്‍ എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവളുടെ അര്‍ദ്ധനഗ്നമേനിയുടെ അഴകു കണ്ടപ്പോള്‍ മനോവിഭ്രാന്തിയെക്കുറിച്ചുള്ള എന്‍െറ അറിവ്‌ നഷ്ടപ്പെട്ടു. കണ്ണിമവെട്ടാതെ നോക്കിനിന്നു. അവളുടെ ചുണ്ടിന്‍റെ കോണിലൊരു മന്ദഹാസം വിരിഞ്ഞു.

ശില്‍പികളുടെ കരവിരുതിനെ വെല്ലുന്ന അവളുടെ സ്തനങ്ങള്‍. ചിത്രം വരച്ച പോലെ അത്ര മനോഹരം. ജാളൃത കൂടാതെ അവളെന്‍റെ അരുകിലേക്കു വന്നു. ഒന്നു തൊടണമെന്ന്‌ തോന്നി. അഭിമാനം അനുവദിച്ചില്ല. അരികില്‍ വന്ന്‌ ദയനീയമായി എന്‍െറ കണ്ണുകളിലേക്ക്‌ നോക്കി.പിന്നെ തിരിച്ചു നടന്നു. അരക്കെട്ടിലിറുകിയ വെള്ളമുണ്ടിനു മുകളില്‍ ചന്തികള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടകന്നു.

നേരം വളുത്തപ്പോള്‍ പര്‍വതി രക്തത്തില്‍ കുളിച്ച്‌ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റിയില്ല. കഴുത്ത്‌ ഞെരിച്ച്‌ കൊലചെയ്യപ്പെട്ട നിലയില്‍ അവളുടെ അമ്മ ഉമ്മറത്ത്‌.

അച്ചുതന്‍ നായരെ കാണാനില്ലെന്ന വാര്‍ത്ത ഇതോടു ചേര്‍ക്കേണ്ടതാണ്‌.

വാല്‍ക്കഷ്ണം :ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രി എന്ന് എവിടെയോ വായിച്ചു. അപ്പോള്‍ അത് ആസ്വദിക്കാനും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
ഒരു പഴയ പോസ്റ്റ് ആണ് . വായിച്ചവര്‍ ക്ഷമിക്കണം.