15-05-2010
വെളുത്ത തുണികൊണ്ട് മൂടി ഇട്ടിരിക്കയാണ് എന്‍റെ മയ്യത്ത്.
മയ്യത്ത് കട്ടില്‍ കൊണ്ടുവരാന്‍ നാല് പേര് പള്ളിയിലേയ്ക്ക് പോയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ നിന്ന് ആദ്യമായി ഹജ്ജിനുപോയ മൂസാ ഹാജിയാണ് മയ്യത്ത് കട്ടില്‍ പള്ളിക്ക് സംഭാവന നല്‍കിയത്. നാല് പതിറ്റാണ്ട് മുന്‍പ് ഒരു കട്ടില്‍ പള്ളിക്ക് സംഭാവന നല്‍കുക എന്നാല്‍ അതൊരു വലിയ സംഭവമാണ്. ഹാജിയാര്‍ക്ക് അന്നതിനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളു. അതുകൊണ്ടുതന്നെ സമൂഹത്തില്‍ അല്‍പം തലയെടുപ്പും ഹാജിയാര്‍ക്കുണ്ടായിരുന്നു.
ഏഴടിയോളം നീളം വരുന്ന മയ്യത്ത് കട്ടില്‍ വരാന്തയ്ക്ക് താഴെ ഉമ്മറത്ത് കൊണ്ടുവെച്ചപ്പോള്‍ എന്‍റെ ബീവി കരച്ചിലിന്‍റെ ശബ്ദത്തിന് വേഗത കൂട്ടി. അവള്‍ മാത്രമാണ് ഉച്ചത്തില്‍ കരയുന്നത്. മറ്റുള്ളവര്‍ അവാര്‍ഡ് സിനിമപോലെ ശബ്ദമുണ്ടാക്കാതെ മുഖത്ത് ദയനീയഭാവം വരുത്തി മറ്റെന്തൊക്കെയൊ ചിന്തിച്ചിരിപ്പാണ്. മൂക്ക് പിഴിയുന്നവരേയും കണ്ണ് തുടയ്ക്കുന്നവരേയും പലരും ശ്രദ്ധിക്കുന്നുണ്ട്. ഇതിനിടയിലും മരണവീട്ടിലെ നിശ്ശബ്ദദയെ കീറി മുറിക്കുന്നത് അവളുടെ എണ്ണിപ്പെറുക്കിയുള്ള നിലവിളിയാണ്. ഇനിയൊരിക്കലും ഇത്രയും കരയേണ്ടിവരില്ലല്ലൊ എന്നതായിരിക്കാം ഉച്ചത്തില്‍ അലമുറയിടാന്‍ പ്രേരിപ്പിക്കുന്ന വികാരം. ഇതിനുമുന്‍പും ഞാനവളെ ഒരുപാട് കരയിപ്പിക്കാറുണ്ടായിരുന്നു. അതൊന്നും ശരിയായിരുന്നില്ലെന്നും വേണ്ടായിരുന്നെന്നും തോന്നാന്‍ മുഖത്ത് വെള്ള തുണി പുതപ്പിക്കേണ്ടിവന്നുവെന്നുമാത്രം.
ഇന്നലെ രാത്രി മുതല്‍ ഇതേ ഇരിപ്പാണ് എല്ലാരും. പലരുടേയും മുഖത്ത് ഉറക്കച്ചടവ് ദൃശ്യമാണ്. ഇന്നലെ രാത്രി വന്നെത്തിനോക്കിപ്പോയ പലരും സുഖമായുറങ്ങി വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. ഇനിയീപണ്ടാരത്തെ എങ്ങിനെയും ഖബറിസ്ഥാനിലെത്തിക്കണമെന്നാണവരുടെ ചിന്ത. എന്നാലെ സ്വന്തം കര്യത്തിനായി തിരിയാന്‍ പറ്റു.
ഒരു മരണവീട്ടിലെ ഗന്ധം അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്നുണ്ട്. പലരും കൂട്ടമായ് നിന്ന് സ്വകാര്യം പറച്ചില്‍ പോലെ സംസാരിക്കുന്നു. മരണവീടാവുമ്പോള്‍ അങ്ങനെയാണല്ലൊ വേണ്ടതും. ഉച്ചത്തില്‍ സംസാരിക്കുകയൊ ചിരിക്കുകയൊ ചെയ്യെരുതെന്നാണല്ലൊ അലിഖിത നിയമം. അത് പാലിക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. സമയം ഇനിയും വൈകിക്കാതെ എന്നെ, മയ്യത്ത് കട്ടിലിനകത്താക്കാനാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച. പോകാന്‍ തിരക്കുള്ളവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചത്തെങ്കിലും ഈ കാത്തുകിടപ്പ് എനിയ്ക്കും അരോചകമാണ്.
എത്ര മണിക്കൂറുകളാണ് അവള്‍ തുടര്‍ച്ചയായി അലമുറയിട്ടുകൊണ്ടിരിക്കുന്നത്. ഒരു മടുപ്പുപോലും തോന്നുന്നില്ല. ശല്യം ഒഴിവായി എന്നു കരുതി സമാധാനിക്കേണ്ടതിനു പകരം കരച്ചിലോടുകരച്ചില്‍. അവള്‍ക്കങ്ങനെ കരുതാന്‍ കഴിയുമായിരിക്കില്ലായിരിക്കാം. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതല്ലെ. രണ്ടു തരം സ്വഭാവമായിരുന്നെങ്കിലും രണ്ട് പിള്ളേരുണ്ടായല്ലൊ.
പണം സമ്പാദിക്കാനുള്ള ത്വര കൂടിയതിനാല്‍ മറ്റുള്ളവരുടെ സങ്കടവും പ്രയാസവും കാണാന്‍ എനിക്കായില്ല. പണം സമ്പാദിക്കണമെങ്കില്‍ മനസ്സില്‍ ദയ പാടില്ലെന്നാണ് എന്‍റെ പോളിസി. അതുകൊണ്ടുതന്നെ വളരെയേറെ സമ്പാദിക്കാനും എനിക്കായി. ആരേയും സഹായിക്കാന്‍ തുനിയാഞ്ഞതാണ് അവളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഒരു കാരണം.
അയല്‍ വീട്ടിലെ മൊയ്തുക്കയുടെ ഏഴ് മക്കളില്‍ മൂത്തവളായ ആയിഷയുടെ നിക്കാഹ് നടത്താന്‍ പണ്ട് അവളെന്നോട് അയ്യായിരം രൂപ് കൊടുത്ത് സഹായിക്കന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കലി തുള്ളി. ഞാനവളെ അടിക്കുകയും ഇടിക്കുകയും ചെയ്തു. പണമില്ലാതെ ആ നിക്കാഹും മുടങ്ങി.
വീടുവീടാന്തിരം കയറി ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന ഒരു തമിഴന്‍റെ കൂടെ ആയിഷ പിന്നീട് ഓടിപ്പോയി. ഒന്നരവര്‍ഷം കഴിഞ്ഞ് ഒരു കൈക്കുഞ്ഞുമായി വീട്ടില്‍ തിരിച്ചെത്തി. കാണാന്‍ മൊഞ്ചത്തിയായ ആയിഷ പേറ് കഴിഞ്ഞപ്പൊ ഒന്ന് കൂടി പെരുത്തു. പ്രായധിക്യം കൊണ്ടു വളഞ്ഞുതുടങ്ങിയ മൊയ്തുക്ക അപ്പോഴും കുട്ടയും മുറവും കാവില്‍ തൂക്കി വില്‍പനയ്ക്കിറങ്ങുമായിരുന്നു. കൈ കാലുകള്‍ സാധാരണയില്‍ കവിഞ്ഞ നീളമുള്ള മൊയ്തുക്ക കറുത്തതാണെങ്കിലും പല്ലുകള്‍ നഷ്ടപ്പെട്ട് മെലിഞ്ഞിരുന്നതിനാല്‍ ഒറ്റ നോട്ടത്തില്‍ ഗാന്ധിജിയെപോലിരിക്കും.
മൂക്ക് പിഴിയുന്നവരുടെ കൂട്ടത്തില്‍ ആയിഷയെ കണ്ടപ്പോള്‍ അല്‍പം വേദന തോന്നി. അന്നൊന്ന് സഹായിച്ചിരുന്നെങ്കില്‍ ആയിഷയ്ക്കൊരു ജീവിതം ഉണ്ടായേനെ. ആയിഷ തന്തയില്ലാത്ത കൊച്ചിനെ നോക്കി ജീവിക്കേണ്ട ഗതികേടിനുത്തരവാദി ഞാനും കൂടിയാണ്.
ഒരീച്ച മൂക്കില്‍ വന്നിരുന്നു.ആരൊ കൈവീശി അതിനെ ഓടിച്ചു. വീണ്ടും അതേ സ്ഥാനത്തുതന്നെ ഈച്ച പിന്നേയും വന്നിരുന്നു. ഏറെ കോപം വരേണ്ടതാണ്. എന്തുകൊണ്ടൊ യാതൊരു വികാരവും തോന്നിയില്ല. ബീവി ഇടയ്ക്കിടെ ദയനീയമായി എന്‍റെ മുഖത്തേക്ക് നോക്കുന്നുണ്ട്. പാവം...കരഞ്ഞുകരഞ്ഞ് തളര്‍ന്നിരിക്കുന്നു.
കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഈ മുഖം ഇതിനുമുന്‍പ് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഇനി തനിച്ചായി എന്ന ഭാവം ആ മുഖത്ത് കാണാറില്ലായിരുന്നു. ഇപ്പോള്‍ ചന്ദ്രേട്ടന്റെ ഭാര്യ ലീലേച്ചിയാണ് അവളെ സമാധാനിപ്പിക്കുന്നത്.
ചന്ദ്രേട്ടന്‍ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വിവരം ഒരിക്കല്‍ ബീവി പറഞ്ഞത് ഓര്‍ക്കുന്നു. വെറുതെ പറഞ്ഞതല്ല. അവര്‍ക്കും അല്‍പം സാമ്പത്തിക സഹായം വേണമത്രെ! ലീലേച്ചി കരഞ്ഞുകൊണ്ടോടിയെത്തിയത് എന്‍റെ ബീവിയുടെ അരികില്‍. മനസ്സലിഞ്ഞ അവള്‍ പണം കൊടുക്കാമെന്നേറ്റു. ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ ഡ്രൈവറായിരുന്നുങ്കിലും മൂന്ന് പെണ്‍മക്കളുടെ വിവാഹത്തോടെ ചന്ദ്രേട്ടന്‍ പാപ്പരായി. കിടപ്പാടം പണയത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ പെന്‍ഷനും ആയി. ഇതിനിടയിലാണ് ക്യാന്‍സര്‍ എത്തിപ്പെട്ടത്.
പണത്തെച്ചൊല്ലി ഞാനും ബീവിയും ശണ്ഠ കൂടി.
“കൊടുക്കുന്ന പണം തിരിച്ചുതരാന്‍ ചന്ദേട്ടനിനി എങ്ങിനെ കഴിയും-“
“ലീലേച്ചി അതെങ്ങിനേയും തന്ന് വീട്ടിക്കോളും” ബീവി വീറോടെ വാദിച്ചു.
“എങ്ങിനെ എന്നുകൂടി നീ തന്നെ പറയണം. മാത്രമല്ല ഈ പണം ബാങ്കില്‍ കിടന്നാല്‍ സുരക്ഷിതവുമാണ്, പലിശയും കിട്ടും”
“പലിശപ്പണം നമുക്ക് ഹറാമല്ലെ?”
ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. അവളുടെ വെളുത്ത കവിള്‍ത്തടം ചുവന്ന് തുടുത്തു.പലപ്പോഴും ഉത്തരം കിട്ടാതെ വരുമ്പോള്‍ ബീവിയുടെ കവിള്‍ത്തടമായിരുന്നു ആശ്വാസം. അവളുടെ വിട്ടുമാറാത്ത പല്ലുവേദനയുടെ കാരണവും എന്‍റെ പലപ്പോഴായുള്ള ഉത്തരം മുട്ടലായിരുന്നു.
“നിങ്ങളെ ഖബറിലേക്കെടുക്കുമ്പോള്‍ ഈ പണവും കെട്ടിപ്പിടിച്ച് കിടക്കാം” കണ്ണീരൊഴുകിയ കവിള്‍ത്തടം തലയിണയിലമര്‍ത്തി തേങ്ങി.
ഒരു വെളുപ്പാങ്കാലത്ത് ചന്ദ്രേട്ടന്‍ ചത്തു. വീട്ടിലെത്തിയ മൃതദേഹത്തില്‍കെട്ടിപ്പിടിച്ച് ലീലേച്ചിയും മക്കളും ഭ്രാന്തമായ ആവേശത്തോടെ അലറി വിളിച്ചു. എന്‍റെ ബീവി നിസ്സംഗയായി ജനാലിലൂടെ നോക്കി നിന്നു, നേരിയ കണ്ണീര്‍ ചാലുകളോടെ. അന്നല്‍പം സഹായിച്ചിരുന്നെങ്കില്‍ ചന്ദ്രേട്ടന് കുറച്ചു കാലം കൂടി ജീവിച്ചിരിക്കാമായിരുന്നു.
വളരെ ശ്രദ്ധയോടെ എന്നെ തൂക്കിയെടുത്ത് മയ്യത്ത് കട്ടിലില്‍ കിടത്തി. ഇപ്പോള്‍ പല താളത്തില്‍ കരച്ചില്‍ ഉയരുന്നു. ബീവി കരച്ചില്‍ മൂലം തളര്‍ന്നു വീണു.
ശവമഞ്ചം പതിയെ പള്ളിയിലേക്ക് നീങ്ങി.
ഖബറ് തയ്യാറായിരിക്കുന്നു.
പച്ച മാംസത്തിന്‍റെ ഗന്ധമുള്ള കമ്മ്യൂണിസ്റ്റ് പച്ച കാട് പിടിച്ച് കറുത്തിരുണ്ട് നില്‍ക്കുന്നു. അതിനോട് ചേര്‍ന്നാണ് ആറടി നീളമുള്ള എന്‍റെ കുഴി. കുഴിയ്ക്കിരുവശവും കറുത്ത മണ്ണ് കോരി വെച്ചിക്കുന്നു. മീസാന്‍ കല്ല് ഊഴവും കാത്ത് കിടക്കുന്നു.
ഇനി അധികം താമസമില്ല. കുഴിയിലേക്കിറക്കിയാല്‍ പിന്നെ എല്ലാം പെട്ടെന്നാകും. എല്ലാരും മണ്ണ് വാരി എന്‍റെ മേലെ ഇടും.
-പടച്ചോനെ- ഇതിനായിരുന്നോ ദേഹത്ത് അഴുക്ക് പറ്റിക്കാതെ ഇത്രയും കാലം പലരേയും ദ്രോഹിച്ച് സമ്പാദിച്ചുകൂട്ടിയത്...! സമ്പാദിച്ച പണമത്രയും വെറുതെ ആയല്ലോ.
മരണപ്പെട്ടവരുടെ ഖബറിനുമുകളില്‍ ഒരടയാളം പോലെ മീസാന്‍ കല്ലുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നു.
(ഞാന്‍ ബ്ലോഗ് ആരംഭിച്ച് ആദ്യമായി [19-01-2009] പ്രസിദ്ധീകരിച്ച കഥ വീണ്ടും റീ പോസ്റ്റ് ചെയ്യുന്നതാണ്.)