10/3/12

ഹോര്‍മോണ്‍ സന്തതികള്‍

10-03-2012
അവരുടെ ഷർട്ടുകളിൽ പറ്റിപ്പിടിച്ച ഉണങ്ങാത്ത ചോര തെറിച്ച പാടുകൾ ഒരു നിഴൽ പോലെ കാഴ്ചയിൽ തങ്ങി.

രണ്ടു പേർ വീതമുള്ള രണ്ടു ബൈക്കുകൾക്ക് പുറകെ ഒരു കാറും പാഞ്ഞുപോയി. കയ്യിലിരുന്ന നാടൻ കോഴിയെ മുറുകെപ്പിടിച്ച് കടന്നുപോയ കാറിനെ തിരിഞ്ഞുനോക്കി. ക്ഷണനേരം കൊണ്ട് കാറ്‌ കാഴ്ചയിൽ നിന്ന് മറഞ്ഞിരുന്നു. അല്ലെങ്കിൽതന്നെ തിരിഞ്ഞ് നോക്കിയിട്ട് എന്ത് ചെയ്യാനാണ്‌? ഇഷ്ടമില്ലാത്തത് കാണുമ്പോൾ പ്രകടമാകുന്ന വെറുപ്പോ, സംഭവിച്ചത് അറിയാനുള്ള ആകാംക്ഷയോ ആയിരിക്കാം ആ വികാരത്തിനു പിന്നിൽ.

കയ്യിലിരുന്ന കോഴി ഒന്നു പിടഞ്ഞു. ഞാനൊരു നസ്രാണി ആണെ. ഞായറാഴ്ച ഇറച്ചി കൂടിയേ തീരു എന്ന് കെട്ട്യോൾക്ക് നിർബന്ധം. അതും നാടൻ കോഴി തന്നെ വേണം. അതിനവൾക്ക് ന്യായങ്ങളും ഉണ്ട്. ഹോർമോൺ കുത്തിവെച്ച കൊഴിയുടെ ഇറച്ചി പെൺകുട്ടികൾക്ക് കൊടുത്താൽ പെട്ടെന്ന് വയസ്സറിയിക്കുമത്രെ. നാല്പത് ദിവസം കൊണ്ട് വളർച്ചയവസാനിക്കുന്ന കോഴിയിറച്ചി ഉള്ളിൽ ചെന്നാൽ മനുഷ്യന്റെ ശരീരവും ത്വരിത വളർച്ചക്ക് വഴിവെക്കുമെന്നാണ്‌ അവൾ മനസ്സിലാക്കിയിരിക്കുന്നത്. നാല്പത് ദിവസത്തിൽ കൂടുതൽ പ്രായമുള്ള കോഴിയുടെ ഇറച്ചി തിന്നാനേ പാടില്ലെന്ന്.

ശരിയും തെറ്റും വിശ്വാസവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞ അവയിൽ മിശ്രിതമാണ്‌ അവളുടെ അറിവുകൾ. റേറ്റ്‌ കൂട്ടാന്‍ വേണ്ടി വാചകമടിക്കാന്‍ കഴിവുള്ളവനെ തെരഞ്ഞു പിടിച്ച് ചര്‍ച്ചകള്‍ തല്ലിക്കൂട്ടുന്ന ടീവികളിലെ അറിവുകാളാണെ അധികവും. ഒൻപതൊ പത്തൊ വയസ്സ് തികയുന്നതിനു മുൻപ് പ്രായപൂർത്തിയാകുന്ന പെൺകുട്ടികളെ ഉൾക്കണ്ഠയോടെയാണവൾ കണ്ടിരുന്നത്. അവർക്ക് ആയുസ്സ് കുറവാണത്രെ. ഇപ്പോള്‍ മനുഷ്യന്റെ ആയുർദൈർഘ്യം കൂടുതാലാണെന്ന് വാദിക്കുന്നവർക്ക് മുന്നിലേക്ക് ഒൻപത് വയസ്സിലെ പ്രായപൂർത്തി ഉയർത്തിക്കാട്ടും. പ്രായപൂർത്തിയുടെ ആറിരട്ടിയാണ്‌ ഒരു വ്യക്തിയുടെ ആയുർദൈർഘ്യത്തിന്റെ മാനദണ്ഡം എന്നതിനാൽ ഒൻപതുകാരി അൻപത്തിനാലിനോട് ചുറ്റിപ്പറ്റി നില്‍ക്കുമെന്ന്. വളർച്ചയുടെ എല്ലാ ഘട്ടങ്ങളും നേരത്തെ സംഭവിക്കുന്നു.

അവളുടെ പല ന്യായങ്ങളും സമ്മതിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു കണക്കിന്‌ ഒന്നുമറിയാതെ അറബിനാട്ടിൽ കിടക്കുന്നതാണ്‌ ഭേദം എന്ന് തോന്നിപ്പോകുന്നു. നേരിട്ടുള്ള കാഴ്ചകളിൽ നിന്നൊഴിയാം.

ഇതാണ്‌ എനിക്കുള്ള കുഴപ്പം. എന്തെങ്കിലും ചിന്തിച്ചാൽ പരിസരം മറന്ന് ഒന്നിനു പുറകെ ഒന്നായി ചിന്തകൾ പെരുകി കാട് കയറും. ഇപ്പോൾത്തന്നെ കോഴിയേയും പിടിച്ച് റോഡിലൂടെയാണ്‌ നടക്കുന്നതെന്നു പോലും മറന്നിരിക്കുന്നു. ചിന്തിച്ച് ചിന്തിച്ച് റോഡിന്റെ നടുവിലേക്ക് നീങ്ങിയാലും അറിയാൻ പോകുന്നില്ല.

റോഡിന്റെ അരികെ തന്നെയാണ്‌ വീട്. ഭാര്യ മുറ്റത്തിറങ്ങി നില്പുണ്ട്. ഞാനിനി കവലയിൽ പോകും എന്നതിനാൽ അവൾ കോഴിയെ വാങ്ങാൻ ഇറങ്ങി നില്‍ക്കുന്നതാണ്‌.

"വേഗം തിരിച്ച് വന്നേക്കണേ... ഇപ്പൊത്തന്നെ ഈ കവലയിൽ വെച്ച് സെയ്താലിക്കുട്ടിയെ ആരൊ കുത്തി എന്ന് പറയ്ണ കേട്ടു. അവ്ടെച്ചെന്ന് ഇനി ആ കേസിലൊന്നും കുടുങ്ങണ്ട. ജോസ്ച്ചായന്‌ തിരിച്ച് പോവാന്ള്ളതാ.“ കോഴിയെ വാങ്ങി തിരിഞ്ഞു നടന്ന ഭാര്യയുടെ താക്കീത്.

ഞാനറിയാതെ എന്റെ നടത്തത്തിന്‌ വേഗത കൂടി. സെയ്താലിക്കുട്ടി ചെറുപ്പം മുതലേ എന്റെ കൂട്ടുകാരനായിരുന്നു. ഓന്നിച്ച് കളിച്ച് വളർന്ന് പഠിച്ചവർ. ഒരേ ആശയത്തെ മുറുകെ പിടിച്ച് പ്രവർത്തിച്ചവർ. വാചകക്കസർത്തും നേതൃപാടവവും അവനെ വിദ്യാർഥിപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്കുയർത്തി. ന്യൂനപക്ഷമെന്ന ഔദാര്യം പ്രസ്ഥാനത്തിന്റെ പടവുകൾ കയറാൻ അവനെ തുണച്ചപ്പോൾ നിശ്ശബ്ദപ്രവർത്തകനായ ഞാൻ ഔദാര്യം പറ്റാൻ അർഹനല്ലാതായി. എനിക്കതിൽ ഒട്ടും പ്രായാസമില്ലായിരുന്നു. വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സ്വന്തം കഴിവുകൾ പര്യാപ്തമല്ലെന്ന് എനിക്ക് നല്ല നിശ്ചയമായിരുന്നു.

സമൂഹത്തിലെ അനാചാരങ്ങൾക്കും അനീതിക്കും എതിരായി തിളക്കുന്ന യൗവ്വനം ശക്തമായി പ്രതികരിക്കുന്നതാണ്‌ പിന്നീട് ഞാൻ കണ്ടത്. പ്രസ്ഥാനത്തിന്‌ തെറ്റിയിട്ടില്ലെന്നും സെയ്താലിക്കുട്ടി ശക്തിയാണെന്നും എനിക്ക് പൂർണ്ണമായി ബോദ്ധ്യപ്പെട്ടു.

പ്രത്യയശാസ്ത്രത്തിനോടും ആശയത്തോടും എനിക്കുള്ള അകൽച്ച സംഭവിച്ചത് സ്വന്തം ജീവിതത്തെ നന്നായി കരുപ്പിടിപ്പിക്കണം എന്ന് തോന്നിയപ്പോഴാണ്‌. അതിനേറ്റവും യോജിച്ചത് എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് വരുത്തിത്തീർക്കലാണ്‌. എത്ര ഇല്ലെന്ന് പറഞ്ഞാലും ഒരിഷ്ടം, ഒരു ചായ്‌വ് മനസ്സിൽ തങ്ങി നില്‍ക്കും. അപ്പോൾപ്പിന്നെ എനിക്കൊരു രാഷ്ട്രീയവും ഇല്ലെന്ന് പറയുന്നത് അർത്ഥശൂന്യമാണ്‌.

ആഡംബരത്തിന്റെ ഇഴകൾ കൊരുത്തെടുക്കാൻ അറബ്നാട്ടിൽ എത്തിപ്പെട്ടപ്പോഴും കൂട്ട് ഇന്നലേകളിലെ സുഖമുള്ള ഓർമ്മകൾ തന്നെ. എന്തൊക്കെയൊ നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് നീളം വെക്കുന്നതല്ലാതെ തിരികെ നേടാൻ കഴിയാതാവുന്നു.

സെയ്താലിക്കുട്ടിയുമായുള്ള സൗഹൃദം കത്തെഴുത്തിലൂടെ കൂടുതൽ മധുരമാക്കി. ചെറുപ്പത്തിലേ എം എൽ എ സ്ഥാനാർത്ഥിയാകാൻ അവന് അവസരം ലഭിച്ചപ്പോൾ എന്റെ സന്തോഷം അവനില്ലായിരുന്നുവെന്നത് കത്തുകളിൽ കൂടി വായിച്ചറിഞ്ഞു. അധികാര സ്ഥാനങ്ങളിൽ കയറിയിരുന്നാൽ മോഹങ്ങൾ കുതിക്കുമെന്നും അവനവലിലേക്ക് ചുരുങ്ങാനുമുള്ള ത്വര വർദ്ധിക്കുമെന്നും അവന്‌ സംശയമുണ്ടായിരുന്നു. അത്തരം ത്വ്വരയെ അടക്കിക്കൊണ്ടു തന്നെ ഒന്നാം വട്ടം അവസാനിപ്പിച്ചത് രണ്ടാം വട്ടത്തെ ഊഴത്തിന്‌ കൂടുതൽ കരുത്ത് നൽകി.

സ്വന്തം അഭിഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വീകരിച്ചും സ്വീകരിക്കാതേയും മനുഷ്യർ ജീവിച്ചുകൊണ്ടിരുന്നു.

സെയ്താലിക്കുട്ടിയുടെ ഫോൺ വിളികളിൽ ഇപ്പോൾ നിരാശയും വിഷാദവും ഇടകലർന്നിരുന്നത് ഞാൻ കാര്യമാക്കിയില്ല. കാര്യമാക്കേണ്ട കാര്യമില്ലല്ലോ. അവന്‍ എം എല്‍ എ ആണ്. എങ്കിലും ഗൾഫുകാരന്‌ ജോലി നഷ്ടപ്പെടാൻ പോകുന്നു എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന വെപ്രാളം പോലെ തോന്നിച്ചു.

കാലത്ത് തന്നെ റോഡ് സജീവമായിരുന്നു. ആകാംക്ഷയോടെ തിരക്കു പിടിച്ചോടുന്ന ജനങ്ങൾ. എന്തെങ്കിലും കേട്ടാൽ മതിയല്ലൊ ജനങ്ങൾക്ക് ഓടിത്തുടങ്ങാൻ. പാഞ്ഞ് പോയ ബൈക്ക്കാരിലെ ചോരക്കറ തെറിച്ച പാടുകൾ മനസ്സിൽ ഒന്ന് മിന്നി. കൊട്ടേഷൻ പണി തീർത്ത് പോയവരായിരിക്കും അവർ.

ഇത്തവണ ഞാന്‍ ലീവിലെത്തിയപ്പോൾ സെയ്താലിക്കുട്ടി മറ്റൊരു മനുഷ്യനായാണ്‌ എന്നെ കാണാൻ വന്നത്.

"നീ പാർട്ടി വിട്ടത് ശെര്യായില്ല. നീയൊരിക്കലും ചെയ്യാൻ പാടില്ലായിരുന്നു. നമ്മളെടയ്ക്ക് ഫോൺ ചെയ്യാറൊള്ളതല്ലെ. തീരുമാനത്തിനു മുമ്പ് നിനക്കതെന്നോട് പറയായിരുന്നില്ലെ?"

"ജോസിനറിയാലൊ, ഞാനൊരു സാധാരണ മനുഷ്യനാ. വിദ്യാഭ്യാസം കഴിഞ്ഞൊടനെ എം എൽ എ ആയി. തൊടർച്ചയായി പത്ത് കൊല്ലം. മറ്റൊരു പണിയും ഞാൻ ചെയ്തിട്ടില്ല, അറിഞ്ഞുംങ്കൂട. ഭാര്യയും രണ്ട് മക്കളും ആയി. ഇന്നുവരെ ആരുടെ കയ്യീന്നും കൈക്കൂലി വാങ്ങിട്ടില്ല. മാസത്തില് കിട്ട്ണേന്ന് പാർട്ടിക്ക് കൊടുക്കേണ്ട വിഹിതം കഴിച്ചാ കയ്യിലെത്തുന്നോണ്ട് ചെലവ് നടക്കാണ്ടായി. ജോസ്ന്നല്ല, എന്റെ ഭാര്യാന്നല്ല, എന്നെ ഇഷ്ടപ്പെട്ണ ആരും ഇതംഗീകരിക്കില്യാന്ന് അറിഞ്ഞോണ്ട് ഞാൻ അഭിപ്രായം ചോയിച്ചോണ്ടെന്ത് പ്രയോജനം?"

"നീയിന്നൊരു വ്യക്ത്യല്ല. ഒരു പറ്റം മനുഷ്യര്ടെ പ്രതീക്ഷയാ. അവര് നിന്നെക്കാൾ സാമ്പത്തികായും അല്ലാണ്ടും താഴെയാ. അതെല്ലാം മറന്ന് നീ നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു."

"നടപ്പിലാക്കാൻ കഴിയാത്ത വാക്കുകള്‍ പ്രയോഗിക്കാൻ നിന്നെപ്പോലുള്ളോർക്ക് എളുപ്പാ. ഒരു പാർട്ടീലും ഇല്ലെന്നല്ല, ഒരു രാഷ്ട്രീയത്തിലുമില്ലെന്ന് പറഞ്ഞാ മതിയല്ലൊ. ചെല അസാധാരണ വ്യക്തിത്വങ്ങളെ ഒഴിച്ചു നിർത്തിയാ ബാക്കിയെല്ലാം ചപലതകളുള്ള മനുഷ്യര് തന്നെ."

"പിന്നെ നീയെന്തിന്‌ ഇതിലേക്കെറങ്ങി? വേറെ വെല്ല ജോലീം നോക്കിക്കൂടായിരുന്നൊ?"

"ഓരോ പ്രായത്തിലും കാഴ്ചപ്പാടുകൾക്ക് വ്യതിയാനം സംഭവിക്കണ്‌ണ്ട്, തിരുത്തലും നിരാശേം ഒക്ക്യായി. എം എൽ എ എന്നത് എനിക്കന്ന് ആവേശായിരുന്നു. ഭാര്യേം കുട്ട്യോളും ചെലവും വർദ്ധിച്ചു. ക്രമേണ എം എൽ എ സ്ഥാനം ജോല്യായി രൂപാന്തരം പ്രാപിക്കണത് ഇനിയ്ക്ക്  മനസ്സിലായിരുന്നില്ല. ഇന്നിനിയ്ക്ക്, അറിയണ പണി  നഷ്ടപ്പെട്ണേന്റെ മാനസിക സംഘര്‍ഷാ‌. എന്റെ പാർട്ടി ഒരാളെ രണ്ടു തവണെക്കൂടുതൽ തുടർച്ചയായി എം എൽ എ ആക്കില്ലെന്ന് അറിയാല്ലൊ?"   

"ഇത്തരം ചിന്ത്യോള് നിനക്ക് മാത്രാ ശരി. തെകഞ്ഞൊരു സ്വാർത്ഥനാകാൻ നിനക്കെങ്ങനെ കഴിഞ്ഞു?"

"ഏറ്റക്കൊറച്ചിലോടെ സാർത്ഥത എല്ലാരിലും ഇണ്ട്. കാലങ്ങളായി നീ ചെയ്യണ ഗൾഫിലെ നിന്റെ പണി നഷ്ടപ്പെടുന്നൂന്ന് വരുമ്പോ നിന്റ മനോഭാവം എന്താരിക്കും?"

"നീ എം എൽ എ സ്ഥാനം ജോല്യായി കാണുന്നു."

"അല്ലെ?"

"എങ്കിലെനിക്കൊന്നും പറയാനില്യ."

"ഇരുവത്തിനാല്‌ മണിക്കൂറും പാർട്ടിപ്രവർത്തനാവ്മ്പോ ഞാൻ വേറെന്ത് ജോല്യാ ചെയ്യുക? അഥവാ എന്തെങ്കിലും ജോലി ചെയ്താ നീയടക്കം അയ്നെ എങ്ങ്നെ കാണും? നിനക്ക് ലോണെടുത്ത് കുട്ട്യോളെ പഠിപ്പിക്കാം വീടുവെക്കാം. ഏതു മാർഗ്ഗത്തിലൂടേയും കാശ്ണ്ടാക്കി ലോണടക്ക്യാം. ഇനിക്കൊ?"

"നീ സുഖസൗകര്യങ്ങളെക്കുറിച്ചാണ്‌ പറയുന്നത്."

"അതെ."

"നമ്മ്ടെ ജനാധിപത്യരീതീലെ അധികാര രാഷ്ട്രീയത്തിൽ പത്ത് കൊല്ലത്തെ ജീവിതം എന്നില് ചെല ശീലങ്ങള് സമ്മാനിച്ചു. അവ്ടന്ന് താഴേയ്ക്ക് വര്ണത് ഇനിക്ക് ചിന്തിക്കാൻ കഴിയാത്തത."

"ഞാനടക്കൊള്ള ഒര് വെല്യ വിഭാഗത്തിന്‌, ഒള്ളത് നഷ്ടപ്പെട്ത്താനൊ താഴ്ന്ന് ജീവിക്കാനൊ കഴിയാത്തതാ പ്രശ്നം. പലേ ആത്മഹത്യക്ക് പിന്നിലും ഇത്തരം ദുരഭിമാനാണെന്ന് കാണാം. പക്ഷെ, നീയിങ്ങ്നെ ആയതിലാ എനിക്കത്ഭുതം."

"ഏച്ച് കൂട്ടുമ്പോ പൊട്ടിപ്പോകുന്നത് ഒരു പൂർണ്ണതയിലേക്കല്ലെന്ന തോന്നൽ."

"എനിക്കൊന്നേ നിന്നോട് പറയാനുള്ളു. കൊറച്ച്നാള് നോക്കീം കണ്ടും ശ്രദ്ധിച്ച് ജീവിക്കുക. എന്റെ കെട്ട്യോള് പറയാറുള്ളത് പോലെ അവസാനഘട്ടങ്ങൾ പെട്ടെന്നാക്കുന്ന ഹോർമോൺ പ്രക്രിയ മനുഷ്യന്റെ ചിന്തേലും പ്രവർത്തിക്കുന്നു എന്നാണ്‌. വിചാരങ്ങളും ചിന്തകളും ഒതുക്കി വികാരം കുതിച്ചു ചാടാൻ അധിക സമയം വേണ്ട."

രണ്ടു ദിവസം മുൻപാണ്‌ അവനുമായി ഇത്തരം സംസാരം നടന്നത്. അവന്‍ പറയുന്നതിനെ അപ്പാടെ തള്ളിക്കളയാന്‍ ആവില്ല. ഒരു കണക്കിന് ഞാനും ചെയ്യുന്നത് ഇതൊക്കെ തന്നെ. ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു.

ആംബുലൻസിനു പുറകെ രണ്ടു മൂന്ന് പോലീസ് ജീപ്പുകളും സംഭവസ്ഥലം വിട്ട് പോകുന്നു. അല്പം കൂടി നേരത്തെ എത്തേണ്ടതായിരുന്നു. നിറയെ ജനങ്ങളും പോലീസും തടിച്ചു കൂടിയിട്ടുണ്ട്. മുഴുവനുണങ്ങാത്ത ചോര ടാറിങ്ങ് റോഡിൽ അവശേഷിച്ചിരിക്കുന്നു.


മരിച്ചെന്നും ഇല്ലെന്നും രണ്ട് പക്ഷം. നേരിട്ട് കണ്ടവരായിരിക്കില്ല അഭിപ്രായം പറയുന്നത്. പാർട്ടി വിട്ടതിലുള്ള വൈരാഗ്യവും ഇനിയുള്ളവർക്ക് ഒരു മുന്നറിയിപ്പ് എന്ന രീതിയിലും പഴയ പാർട്ടിക്കാർ ചെയ്തതാണെന്ന് ഒരു വിഭാഗം. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് ലഭിച്ചേക്കാവുന്ന സ്ഥാനത്തിന്‌ മറ്റൊരാൾ കടന്നു വരുന്നതിനെ ഇല്ലായ്മ ചെയ്യാനും, അതിനെ പഴയ പാർട്ടി ചെയ്തതാണെന്ന് വരുത്തിത്തീർക്കാനും മറ്റവര്‍ കൊട്ടേഷൻ കൊടുത്തതാണെന്ന് മറുഭാഗം.

ന്യായവാദങ്ങള്‍ക്കിടയിൽ സത്യം അറിയാനാകാതെ ഞാൻ തിരിച്ച് നടക്കുമ്പോൾ ഒന്നുറപ്പായിരുന്നു. അവനെ സ്നേഹിച്ചിരുന്ന പ്രവർത്തകർക്ക് ഇത്തരം ഒരാക്രമണത്തിന്‌ കഴിയില്ലായിരുന്നു, ആഗ്രഹിക്കില്ലായിരുന്നു.