6/3/13

ജനിതക മാറ്റം...?

"അമാനുഷിക ശക്തിയുള്ള ഒരപൂർ‍വ്വവതാരമല്ല ഞാൻ. സിമ്പ്ളി അയാമെ ഡോക്ടർ." ഡോക്ടറിൽ നിന്ന്‌ അത്തരം ഒരു പരാമര്‍ശം മധുസൂദനന്‍ പ്രതീക്ഷിച്ചിരുന്നില്ല. അനുഭാവപൂര്‍ണ്ണമായ ഒരു പ്രതികരണമായിരുന്നു കാത്തിരുന്നത്‌. 

"ഡോക്ടറിൽ ദൈവചൈതന്യമുണ്ടെന്ന്‌ ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. വർഷങ്ങൾ‍ കാത്തിരുന്നിട്ടും മക്കള്‍ ഉണ്ടാകാത്ത എത്രയോ പേര്‍ ഡോക്ടറുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കുന്നു?"

"അതെന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റും മനുഷ്യനെന്ന നിലയ്ക്കുള്ള സേവനവുമാണ്‌. അതിന്‌ ശാസ്ത്രലോകത്തിന്റെ സംഭാവനകൾ‍  പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം."

"ഇത്‌ മാത്രമാണ്‌ ഞാനും ഡോക്ടറില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയെങ്കിലും ഡോക്ടര്‍ സഹായിക്കണം." മധുസൂദനന്റെ സ്വരത്തില്‍ ക്ളായ്‌വ്‌ കലര്‍ന്നിരുന്നു.

"മധു പലയാവര്‍ത്തി എന്നെ സമീപിച്ചു കഴിഞ്ഞല്ലോ ഇപ്പോൾ.
അപ്പോഴൊക്കെ വ്യക്തമായ ഉത്തരവും നല്‍കിയിട്ടുണ്ട്‌. മധുവിന്‌ വെറുമൊരു കുഞ്ഞിനെ മാത്രം പോരല്ലൊ...?" 

"ഒരു പെണ്‍കുഞ്ഞ്‌ വേണമെന്ന്‌ പറയുന്നത്‌ തെറ്റാണോ, അല്ലെങ്കിലിന്ന്‌ നടക്കാത്തൊരു സംഭവമാണോ അത്‌?"

"മധു കരുതുന്നതുപോലെ അത്ര  നിഷ്പ്രയാസമാണ് അതെന്ന വിശ്വാസമില്ലെങ്കിലും സാധ്യമാണ്‌. അതല്ലല്ലോ പ്രശ്നം? പിന്നീടുള്ള ചില നിബന്ധനകള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ എനിക്കുതന്നെ ബോധ്യമില്ലാത്ത നിലയ്ക്ക്‌....അയാം നോട്ട്‌ ഷുവര്‍ എബൌട്ട് യുവര്‍ അംബീഷന്‍സ്‌." 

ഡോക്ടറുടെ തീരുമാനത്തില്‍ അയവ്‌ വന്നിരിക്കുന്നു. തുടക്കത്തില്‍ സാധിക്കില്ലെന്ന്‌ പറഞ്ഞിടത്താണ്‌ എനിക്കുറപ്പില്ലെന്നിടത്തേക്ക്‌ എത്തിയിരിക്കുന്നത്‌. ഇത്‌ തീര്‍ച്ചയായും പ്രതീക്ഷയ്ക്ക്‌ വക നല്‍കുന്നുവെന്ന്‌ മധുസൂദനന്‍ തീര്‍ച്ചപ്പെടുത്തി.

"എല്ലാ റിസ്ക്കും ഞാനേല്‍ക്കുന്നു. എത്രമാത്രം ഭയത്തോടുകൂടിയാണ്‌ ഒരു പെണ്‍കുട്ടിക്ക്‌ ഇന്നത്തെ കാലത്ത്‌ ജീവിക്കാനാകുക എന്ന്‌ ഡോക്ടര്‍ക്കറിയാമല്ലൊ? കായികമായ ശക്തി നേടണം, കരാട്ടേ പഠിക്കണം, തന്റേടത്തോടെ കാര്യങ്ങള്‍ നേരിടാനുള്ള ചങ്കൂറ്റം നേടണം എന്നൊക്കെ പറഞ്ഞാലും അതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന്‌ നമുക്കറിഞ്ഞുകൂടെ?"

"മധു ഇപ്പോള്‍ സംസാരിക്കുന്നത്‌ ഇതിനൊക്കെ ശാശ്വതമായൊരു പരിഹാരം കിട്ടിക്കഴിഞ്ഞു എന്ന രീതിയിലാണല്ലൊ."

"എനിക്കുറപ്പുണ്ട്‌ ഡോക്ടര്‍, ഡോക്ടറെക്കൊണ്ട്‌ പറ്റാത്തതല്ലെന്ന്‌. പുതിയവയെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ഞാനെന്നും സന്നദ്ധനാണ്‌. മറ്റൊരാളെക്കാളും മുന്‍പ്‌ എനിക്കതീ സമൂഹത്തിനു മുന്‍പില്‍ പ്രയോഗിച്ചു കാണിക്കണം."

പ്രായോഗികതയുടെ പ്രശ്നങ്ങൾ നിസ്സാരമാക്കി മാറ്റത്തിന്റെ പുതുമയിലെ വക്താവാവുക എന്നതിനു മുൻതൂക്കം കൊടുക്കുന്ന ചിന്തകൾ. അസാധാരണമായ സംഭവങ്ങൾക്കു അത്ഭുതപരമായ പങ്കു വഹിക്കണമെന്നത് മധുസൂദനന്റെ പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹമാണ്‌.

"മധു പറയുന്നത്‌ ശരി തന്നെ. പെണ്‍കുട്ടികളില്‍ സ്വയരക്ഷക്കുള്ള കഴിവ്‌ ജന്മനാ ഉണ്ടാകണം എന്നതില്‍ എനിക്കഭിപ്രായ വ്യത്യാസമില്ല. എന്താണതിന്‌ മാര്‍ഗ്ഗം എന്നത്‌ ഞാനും ചിന്തിക്കുന്നു. പക്ഷെ ജനറ്റിക്ക്‌ ഘടന മാറ്റുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായി ഇന്ന്‌ പല പരീക്ഷണങ്ങളുടേയും അവസാന റിസള്‍ട്ടില്‍ കാണാനാകുന്നു."

"പ്രകൃത്യാ സംഭവിക്കുന്ന ജനിതക ഘടനയെ മാറ്റത്തിന്‌ വിധേയമാക്കുമ്പോള്‍ ചില ഇഷ്ടപ്പെടായ്മകള്‍ പ്രത്യക്ഷപ്പെടുന്നത്‌ സ്വാഭാവികമല്ലേ? അങ്ങിനെ ചിന്തിച്ചാല്‍ പ്രാകൃത മനുഷ്യലേക്ക്‌ ചുരുങ്ങിപ്പോകുകയല്ലേ ചെയ്യുക? പരീക്ഷിക്കപ്പെടുന്ന വസ്തുകളില്‍ സംജാതമാകുന്ന പരീക്ഷണ ഫലത്തിലെ കുറവുകള്‍ തുടര്‍ന്നുള്ളവയില്‍ പരീക്ഷിക്കപ്പെടുമ്പോഴല്ലേ പരീക്ഷണം പൂര്‍ണ്ണമാകുന്നത്‌?"

"മധുവിനങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ വ്യക്തമല്ലാത്ത ഒരു പരീക്ഷണത്തിന്‌ ഞാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെ ഗവേഷണ ഭീമനായ 'മൊന്‍സാന്റോ' വിപണിയിലിറക്കിയ ധാന്യങ്ങളെക്കുറിച്ച ഗുണവും ദോഷവും മധു കേട്ടിരിക്കുമല്ലോ? ഒരു വസ്തുവില്‍ നിന്നു ലഭിക്കുന്ന ലാഭത്തിലെ ഇരട്ടിപ്പിന്റെ തോത്‌ മാത്രമാണ്‌ മുഖ്യമായ ചിന്തയില്‍ കടന്നുവരുന്നത്‌. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ദോഷം സ്വയം അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ വേണ്ടായിരുന്നു എന്ന ചിന്ത പ്രസക്തമാകാറുള്ളത്‌. അപ്പോഴവിടെ ലാഭം എന്നത് വിസ്മരിക്കപ്പെടുകയും പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ദോഷങ്ങള്‍ മുഖ്യശത്രു ആകുകയും ബഹളം ഉണ്ടാക്കുകയുമല്ലേ സംഭവിക്കുന്നത്?"

"മനുഷ്യ ശരീരത്തിലെ ജീനുകളെ വേണ്ട വിധത്തില്‍ ക്രമീകരിച്ച്‌ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന മൊന്‍സാന്റോയെപ്പോലെയുള്ള ഒരു ഭീമനില്‍ തന്നെയാണല്ലോ ഡോക്ടറും സേവനം അനുഷ്ഠിക്കുന്നത്‌. അതുകൊണ്ടുതന്നെ എനിക്ക്‌ പ്രതീക്ഷിക്കാമല്ലോ..." മധുസൂദനന്‍ ഡോക്ടറുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ സ്വന്തം തീരുമാനം ശരിയെന്ന നിലപാടിലായിരുന്നു.

"ജീനുകളുടെ ക്രമീകരണത്തെക്കുറിച്ച്‌ ധാരാളം എക്സ്പിരിമെന്റ്‌സ് ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. പുരുഷബീജത്തിലേയോ സ്ത്രീയുടെ അണ്ഡത്തിലേയോ പോരായ്മകള്‍ പരിഹരിച്ച്‌ സന്താനലബ്ധി നല്‍കുക എന്നതിനപ്പുറത്തേക്ക്‌ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. പറയുന്നത്ര എളുപ്പമല്ലാത്തെ സങ്കീര്‍ണ്ണതകളിലൂടെയുള്ള യാത്ര." ഡോക്ടര്‍ മേശപ്പുറത്തിരുന്ന സ്റ്റെതസ്ക്കോപ്പിലൂടെ വിരലുകളോടിച്ചു  കൊണ്ടിരുന്നു. മധുസൂദനന്റെ തീരുമാനം തിരുത്തിക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരുന്നു.

"സത്യത്തില്‍ പുതിയവയെ സ്വീകരിക്കാനുള്ള ഒരുതരം ആകാംക്ഷയിലാണ്‌ ഞാനിപ്പോള്‍. ഫിലിപ്പിനോ സ്ത്രീകള്‍ പ്രസവിച്ചാല്‍ കുഞ്ഞുങ്ങള്‍ കണ്ണു തുറക്കുന്നത്‌ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണെന്ന്‌ കേട്ടിട്ടുണ്ട്‌. മനുഷ്യന്റെ മുഖമുള്ള നായ്ക്കുട്ടികള്‍ ജനിക്കുന്നു. മനുഷ്യന്റെ കൈകാലുകളോടുകൂടിയ കുഞ്ഞുങ്ങളെ പ്രസവികുന്ന മൃഗങ്ങള്‍. അങ്ങിനെ എത്രയോ കഥകള്‍ കേട്ടിരിക്കുന്നു. എന്തിന്‌...കുരങ്ങില്‍ നിന്ന പരിണാമം വിശ്വസിക്കാമെങ്കില്‍ ഒരു തുടര്‍യാത്രയും സംഭവിച്ചു കൂടെന്നില്ലല്ലോ?"

"മനുഷ്യരൂപമുള്ള മൃഗങ്ങള്‍ എന്നത്‌ മനുഷ്യവൈകൃതങ്ങളുടെ സൃഷ്ടി എന്നേ പറയാന്‍ പറ്റൂ."

"ഡോക്ടര്‍, ഞാന്‍ അര്‍ത്ഥമാക്കുന്നത്‌ പരീക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പ്രകൃതിയില്‍ സങ്കരയിനം സൃഷ്ടിക്കപ്പെടുന്നു എന്നാണ്‌. പരീക്ഷണത്തിനുള്ള ഒരു സാദ്ധ്യത പ്രകൃതി തന്നെ കാണിച്ചു തരുന്നു എന്നാണ്‌."

"ഇത്തരം അപൂര്‍വ്വ ജീവികള്‍ പ്രസവത്തോടെയോ അല്ലെങ്കില്‍ അധികം വൈകാതെയോ മരണപ്പെടുന്നുണ്ട്‌."

"അതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കപ്പെടാനും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ട സത്യമായി തീരില്ലെ അത്‌?"

"മധു പറഞ്ഞുവരുന്നത്‌ മനുഷ്യനും മൃഗവും പക്ഷിയും ഒക്കെക്കൂടിയുള്ള 'മനുഷ്യമൃഗപ്പക്ഷി' എന്ന പുതിയ സങ്കല്‍പ്പത്തിലേക്കാണോ?"

"അത്രയൊന്നും കണക്കു കൂട്ടുന്നില്ലെങ്കിലും മനുഷ്യന്‌ പ്രത്യേക കഴിവുകള്‍ നല്‍കുന്നതിന്‌ പര്യാപ്തമായ ജീനുകളുടെ ക്രോഡീകരണം സാദ്ധ്യമാവാം എന്നാണ്‌." തന്റെ ചിന്തകൾക്കൊപ്പം ഡോക്ടർക്ക് സഞ്ചരിക്കാനാകുന്നില്ലല്ലൊ എന്നോർത്ത് മധുസൂദനൻ കുണ്ഠിതപ്പെട്ടു. പരിണതഫലം വരുത്തിയേക്കാവുന്ന രൂപവ്യത്യാസങ്ങളിൽ സംശയിക്കുന്ന ഡോക്ടർ തന്റെ പ്രതീക്ഷകൾക്കു മങ്ങലേല്പിക്കുമോ എന്ന് സന്ദേഹിച്ചു.

"തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്‌ മധു ഭാവനയില്‍ കൊണ്ടുനടക്കുന്നത്‌. എന്തായാലും മധു ആഗ്രഹിക്കുന്ന വിധത്തില്‍ മധുവിനൊരു കുഞ്ഞ്‌ എന്ന പ്രതീക്ഷയെ ഞാന്‍ തടയുന്നില്ല. എന്റെ പരിമിതികള്‍ മധുവിനോട്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്തിന്റെ പേരിലായാലും പിന്നീടൊരു കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഡോക്ടറുടേതല്ലാത്ത പിഴവുകള്‍ക്കുപോലും കുറ്റക്കാരാകേണ്ടി വരുന്നവരാണ്‌ ഞങ്ങള്‍. അപ്പോള്‍ ഒരു പരീക്ഷണം വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചില്ലറയാകില്ല."

"നല്ലതായാലും ചീത്തയായാലും ഈ പ്രശ്നത്തിന്റെ പേരില്‍ ഡോക്ടറെ ഒരിയ്ക്കലും കുറ്റക്കാരനാക്കില്ല."

-------------------------------------------

മധുസൂദനന്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു മാലഖക്കുട്ടി. തൂക്കം കുറവ്. തൂക്കത്തിനനുസരിച്ച് ശരീരവും ചെറുതായി ഒതുങ്ങിയിരിക്കുന്നു. കൈകാലുകള്‍ക്കിടയിലെ നേര്‍ത്ത ചര്‍മ്മം പോലുള്ള ആവരണം പ്രത്യേകത.

മാലാഖക്കുട്ടി മായയെന്ന പേരിൽ വളർന്നുകൊണ്ടിരുന്നു. അമിതമായി വളര്‍ന്ന ചര്മ്മമായിരുന്നു മായയെ പ്രശസ്തയാക്കിയത്. മധുസൂദനൻ നിറഞ്ഞ തൃപ്തനായി. മായ ദൈവാവതാരമായും ചിറകുള്ള മാലാഖക്കുട്ടിയായും മനുഷ്യന്റെ അത്ഭുത പ്രതിഭാസമായും വ്യാപിച്ചുകിടന്നു. ആദ്യമൊക്കെ അനിഷ്ടം തോന്നിയെങ്കിലും പയ്യെപ്പയ്യെ മധുസൂദനന്റെ ഭാര്യയും താതാത്മ്യം പ്രാപിക്കുകയായിരുന്നു. ഡോക്ടർ ഇടയ്ക്കിടെ കുട്ടിയെ സന്ദർശിക്കുകയും മധുസൂദനനോട് വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടിരുന്നു.

"ഇപ്പോൾ പ്രശ്നമൊന്നുമില്ലല്ലൊ മധു?" തുടക്കത്തിലെ പ്രചരണവും പുതുമയും കുറഞ്ഞു വന്ന സന്ദർഭത്തിൽ ഡോക്ടർ മധുസൂദനനോടു ചോദിച്ചു.

"ഇല്ല ഡോക്ടർ. ഞാനും വൈഫും ഇപ്പോൾ വളരെ ഹാപ്പിയാണ്‌."

"പ്രശസ്തരായല്ലൊ അല്ലേ? ഹാപ്പിയായിരിക്കണമല്ലോ. ജനന സമയത്തെ കുഞ്ഞിന്റെ തൂക്കക്കുറവ് എന്നെ വളരെ ഉല്‍ക്കണ്ഠാകുലനാക്കിയിരുന്നു. അതൊരു സ്വാഭാവിക പരിണാമമെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നേരത്തേ സൂചിപ്പിച്ചിരുന്നതും അതായിരുന്നു, നമ്മുടെ കണക്കുകൂട്ടലുകളിൽ നിന്നും മാറിയ ചില സംഭവങ്ങൾ സംഭവിക്കാം എന്നത്. നമ്മൾ പ്രതീക്ഷിക്കാത്തവ ഇനിയും ചിലപ്പോൾ ഉണ്ടായേക്കാം എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്."

"ഇനി എന്തിനാശങ്ക? വക്കീലന്മാരുടേതുപോലുള്ള ഉടുപ്പിട്ട് അവൾ സുഖമായി സ്കൂളിൽ പോയി വരുന്നു. മറ്റു കുട്ടികളൊത്ത് കളിച്ചുചിരിച്ചു നടക്കുന്നു. ഇത്രയും നാൾ അവൾക്കൊരു അസുഖം പോലും വന്നിട്ടില്ല. മറ്റു കുട്ടികളേക്കാൾ അല്പം ചെറുതാണ്‌ എന്നതൊഴിച്ചാൽ സുന്ദരിക്കുട്ടി."

"അവളിലെ അധിക ഭാഗങ്ങൾ അവളുടെ ദിനചര്യകൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടോ?" പക്ഷികളുടേതുപോലെ ആ കുട്ടിക്കൊരു ചിറക് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നില്ല. രക്ഷപ്പെടാനൊരു മാർഗ്ഗം, മുകളിലേക്ക് ഉയരാനുള്ള ഒരു കഴിവ്; അത്ര മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. മധുവിന്റെ തിടുക്കം തന്റെ പ്രവർത്തനത്തെ ബാധിച്ചതിൽ ഡോക്ടർ മൗനം പൂകി. മധുവിന്റെ സന്തോഷം കാണുമ്പോൾ അയാള്‍ ആഗ്രഹിച്ചതും ഇത്തരം ഒരപൂർവ്വതയായിരുന്നു എന്നു തോന്നുന്നു. മധുവിന്റെ ഭാര്യ ആദ്യമെല്ലാം ഒന്നു പകച്ചെങ്കിലും പ്രയാസപ്പെട്ടെങ്കിലും സ്വന്തം കുഞ്ഞിന്റെ അധികഭാഗവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിന് അതൊരു കുറവായി തോന്നിയില്ല അവര്‍ക്ക്. മധുവിന്റെ തോന്നലുകളെ തിരുത്താന്‍ പോയില്ല. തന്റെ പരീക്ഷണഫലങ്ങൾ ഇതുതന്നെയാണെന്നു മധു തീർച്ചപ്പെടുത്തിക്കോട്ടെ.

"പ്രയാസം ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല, തീരെയില്ല. അവളുടുപ്പിട്ടാൽ ആ ഭാഗങ്ങളൊന്നും മറ്റാർക്കും കാണാനും കഴിയില്ല. അവൾക്കാകെയുള്ള പ്രയാസം സ്കൂളിലെ സ്പോർട്ട്സ് ഗെയിംസ് മത്സരങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു എന്നതാണ്‌. അവൾ ഓടുന്നതും ചാടുന്നതുമെല്ലാം പറക്കുന്നതുപോലെ ആയതിനാൽ."

"മധു നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഇത്തരം കാണാപ്പഴുതുകൾ തുടർന്നുള്ള പരീക്ഷണങ്ങളിൽ നികത്തപ്പെടുമ്പോള്‍ പൂർണ്ണമാകും എന്നു വിശ്വസിക്കാം. നമ്മൾ ചിന്തിക്കാത്തത് പലതും കണ്ടെന്നിരിക്കാം. അവൾക്ക് മറ്റു വല്ല തടസ്സവും..?"

"ഡോക്ടറും കൂടെക്കൂടെ കാണുന്നതല്ലെ അവളെ? അവൾക്കത് കൂടുതൽ അഴകു നൽകുന്നു. സുന്ദരമായ വെളുത്തുനേർത്ത ചര്‍മ്മത്തിന്റെ  ഞൊറികൾ രണ്ടുഭാഗത്തും കാലുകൾക്കിടയിലും അലയിളക്കം പോലെ കിടക്കുന്നത് അപൂർവ്വ ഭംഗിയാണ്‌. കയ്യുകൾ ഉയർത്തുമ്പോൾ വിശറിപോലെ വിരിഞ്ഞു വരുന്ന ചിറക്."

"അവള്‍ക്ക് ചിറകുണ്ടെന്നത് ഇനിയും കൂടുതല്‍ പരസ്യപ്പെടുത്തരുത്. കുട്ടി വലുതാകുകയാണ്‌. മധു എത്രയൊക്കെ സന്തോഷിക്കുമ്പോഴും ആശങ്കകൾ എന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നതുപോലെ." 
ഒരു പക്ഷി നേരിടേണ്ടിവരുന്ന ആക്രമണം പക്ഷിയുടെ കഴിവുകളുള്ള മായയുടെ കാര്യത്തിൽ സംഭവിച്ചെങ്കിലോ? തള്ളിക്കളയാനാകാത്ത സാദ്ധ്യത ഡോക്ടറെ വീർപ്പുമുട്ടിച്ചു.

"കാരണം?" 

"‘മൊൻസാന്റൊ’ തന്നെ മധു. ധാരാളം ധാന്യങ്ങൾ വളരെപ്പെട്ടെന്ന് ഉല്പാദിപ്പിക്കപ്പെടുന്നു എന്ന ഒറ്റ കാരണത്താൽ എല്ലാവർക്കും സ്വീകാര്യമായ തോതിൽ വളർന്ന വിപ്ളവകരമായ മുന്നേറ്റം. ജൈവഘടനയിൽ മാറ്റം വരുത്തിയ ഇത്തരം ധാന്യങ്ങൾ പല തരത്തിലുള്ള വിഷാംശങ്ങളും സ്വീകരിച്ചിരിക്കുന്നു എന്നാണ്‌ പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അരിയും ഗോതമ്പും മാത്രമല്ല, കോളിഫ്ളവറും കടുകും വഴുതനയും തുടങ്ങി എല്ലാം ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികളല്ലാത്ത ക്യാൻസർ,ട്യൂമർ എന്നീ രോഗങ്ങൾ ഈയിടെയായി പെരുകുന്നതും കിഡ്നി, ലിവർ തുടങ്ങിയ അവയവങ്ങൾ കേടുവരുന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌. ഞാൻ പറഞ്ഞുവരുന്നത് ജെനറ്റിക് മോഡിഫിക്കേഷൻ മൂലം സസ്യങ്ങളിൽ സംഭവിച്ചതുപോലുള്ള ഘടനയുടെ താളം തെറ്റലും അതുമൂലമുണ്ടാകുന്ന ദോഷവും മനുഷ്യരുടെ കാര്യത്തിലും സംഭവിച്ചേക്കാം എന്ന ആശങ്കയാണ്‌."

"ഇവിടെ പക്ഷെ വിഷാംശത്തിന്റെ സംഭവങ്ങളൊന്നും ഇല്ലല്ലോ?" മധുസുദനന്റെ വിശ്വാസത്തിലും ഇപ്പോള്‍ സംശയം കലര്‍ന്നു തുടങ്ങിയിരിക്കുന്നു. 

"നമ്മുടെ വിഷയത്തിൽ ഇപ്പോഴില്ല എന്നു പറയാം. പക്ഷേ പ്രതിരോധം എന്ന ചിന്ത എന്തൊക്കെ കൂട്ടിച്ചേർക്കും എന്ന് പറയാനാവുമോ? വിഷാംശം മാത്രമല്ല പ്രശ്നം. നമ്മള്‍ മുന്‍കൂട്ടി കാണാത്ത പലതും പിന്നീട് പുറത്തു വരും. ഉദാഹരണത്തിന്‌ മായയുടെ തൂക്കക്കുറവ്, പിന്നെ സ്കൂളിലെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാതിരുന്നത്. അങ്ങിനെ പലതും ഉണ്ടായിക്കൂടെ?"

"ഡോക്ടറെന്നെ ഇപ്പോൾ ഭയപ്പെടുത്തുകയാണ്‌."

"ഹ..ഹ..മധുവായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംസാരിച്ചത്. മറ്റൊരാളായിരുന്നുവെങ്കിൽ അറിഞ്ഞിരുന്നുകൊണ്ട് താനെന്തിനാണ്‌ ഇത് ചെയ്തത് എന്ന് എന്നോട് തിരിച്ച് ചോദിച്ചേനെ. എല്ലാം വ്യക്തമായാലും അതിനുള്ളിൽ അറിഞ്ഞുകൊണ്ട് തലവെക്കാനാണ്‌ ഇന്നത്തെ മനുഷ്യനിഷ്ടം. എല്ലാം നന്നായി തന്നെ കലാശിക്കുമെന്ന് നമുക്കാശിക്കാം മധു. ഞാനിറങ്ങട്ടെ."

----------------------------

നിലാവ് പരന്ന പുഴുക്കമുള്ള ഒരു രാത്രി. രാത്രിഭക്ഷണം കഴിഞ്ഞ് മധുസൂദനനും ഭാര്യയും മായയും കൂടി മുറ്റത്ത് കാറ്റുകൊണ്ടിരിക്കുന്നു. മെലിഞ്ഞ കാറ്റ് ഇലകളെ ചെറുതായി തലോടുന്നുവെന്നു മാത്രമേയുള്ളു. അകത്തിരിക്കുന്നതിനേക്കാൾ കുറവുണ്ട് ഉമ്മറത്തെ ഉഷ്ണത്തിന്‌. തെങ്ങോലകൾക്കിടയിലൂടെ നിലാവന്റെ ആഴത്തിലേക്ക് മായ ആർത്തിയോടെ നോക്കി.

"അച്ഛാ..ഞാനീ നിലാവിൽ ഒന്നു പറന്നു നോക്കട്ടെ?" മധുസൂദനനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചുകൊണ്ട് മായ ചോദിച്ചു.

"നിയെന്താ വെല്ല കിളിയുമാണോ പറക്കാന്‍? രാത്രിയിൽ അവള്‍ടെയൊരു പൂതി. മിണ്ടാണ്ട് അടങ്ങ്യൊത്ങ്ങി ഇരുന്നോ അവ്ടെ." മധുസൂദനന്റെ ഭാര്യ പരിഭവം പറഞ്ഞു.

"അതിനവൾക്ക് രാത്രിയിലും കണ്ണു കാണാമല്ലോ." മധുസൂദനൻ മകളെ സപ്പോർട്ട് ചെയ്തു.

"അതന്നെ അച്ഛാ....?" മായ മധുസൂദനന്റെ കഴുത്തിൽ ഞാന്നുകിടന്നു കൊഞ്ചി.

"മോള്‍ക്കതിനു പറ്റുമോ? ശ്രമിച്ചു നോക്ക്."

തനിക്ക് പറക്കാന്‍ കഴിയുമെന്ന് മായയ്ക്ക് മാത്രമെ അറിയാമായിരുന്നുള്ളു. ആരും കാണാതെ ചിലപ്പോഴൊക്കെ അവളതിനു ശ്രമിച്ചിരുന്നു. വർദ്ധിച്ച സന്തോഷത്തോടെ എഴുന്നേറ്റ മായ അനുവാദത്തിനായി കേഴുന്നതു പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി.

"കൊഞ്ചിപ്പിള്ളയല്ലെ? " വിശ്വാസമായില്ലെങ്കിലും മകളുടെ നിലാവിലെ നീന്തൽ കാണാന്‍ ആ അമ്മയും കൊതിക്കുന്നതുപോലെ....

അല്പം നീങ്ങിനിന്ന് മായ കയ്യുകൾ ഉയർത്തി. വിശറി പോലെ വിരിഞ്ഞ ചിറകുകൾ മയിൽനൃത്തത്തെ ഓർമ്മിപ്പിച്ചു. ശരീരത്തിൽ ചെറുതായ ഒരുയർച്ച രൂപപ്പെട്ടു. തല ചരിച്ച് മായ അച്ഛനേയും അമ്മയേയും നോക്കി. മധുസൂദനൻ അഭിമാനത്തോടെ ഭാര്യയുടെ മുഖത്തേക്കു ശ്രദ്ധിച്ചു. മധുസൂദനന്റെ ഭാര്യയ്ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. വിരിഞ്ഞ ചിറകുകൾക്ക് അത്രയും അഴകായിരുന്നു. മകളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ഭയത്തോടെ ചുറ്റും നോക്കി. പിന്നെ അത്ഭുതത്തോടെ മായയുടെ ചലനം നോക്കിനിന്നു കണ്ണുകളനക്കാതെ.

ഒഴിഞ്ഞ തെങ്ങോലകൾക്കിടയിലൂടെ ഒരൊറ്റ കുതിപ്പ്. മധുസൂദനന്റെ പുരയ്ക്കു മുകളിൽ വലിയൊരു വെളുത്ത വവ്വാൽ വട്ടം ചുറ്റി പറന്നു. ചാഞ്ഞും ചരിഞ്ഞും ഒഴുകിയും ഉയർന്നും താഴ്ന്നും കുറച്ചുനേരം....താഴെയിറങ്ങിയ മായ മധുസൂദനനോടു ചേർന്നുനിന്ന് ചോദിച്ചു. "ഞാനാ മനപ്പറമ്പു വരെ ഒന്നു പോയി വന്നാലോ?"

"അതെന്തിനാ?"

"അകലെ...മനപ്പറമ്പിനു മോളില് ‘പാറാട’*കൾ ചെറകടിച്ചു പറക്കുന്നത് ഞാൻ മോളില് വെച്ചു കണ്ടു. എന്തു ഭംഗ്യാണെന്നോ കാണാൻ? പിന്നേയും ഇഷ്ടംപോലെ കിളികള്‍ അവ്ട്യിണ്ട്ന്ന്‍ എല്ലാരും പറയണ്. എല്ലാറ്റിനേയും ഒരുമിച്ച് മോളില് നിന്ന്‍ കാണാൻ നല്ല ശേലായിരിക്കും. ഞാനൊന്നു കണ്ട്ട്ട് വരാച്ഛാ."

"താമസിക്കരുത് തിരിച്ചു വരാൻ. വേറെങ്ങും പോകരുത്."

'ഇല്ലച്ഛാ' എന്നു പറഞ്ഞ് അവൾ വീണ്ടും ഉയർന്നു. 

അലപ്ം ദൂരെയാണ്‌ പക്ഷികളുടെ താവളമായ മനപ്പറമ്പ്. നേരിട്ട് പറക്കുമ്പോൾ കുറച്ചേ ഉള്ളു. കൊത്തും കിളയുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന പറമ്പ്. യക്ഷികളും പ്രേതങ്ങളും കുടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന പറമ്പ്. ഭയം മാത്രം സമ്മാനിക്കുന്ന പറമ്പിലെ പുരാതനമായ മരങ്ങളിലെല്ലാം വിവിധയിനം പക്ഷികൾ താവളമാക്കിയിരിക്കയാണ്‌. മറക്കാനാവാത്ത മായക്കാഴ്ചക്കൾ മായയുടെ മനം നിറച്ചു.

അനാവശ്യ കോലാഹലങ്ങളില്ലാതെ നിലാവിൽ മർമ്മരം പോലെ തങ്ങിനിൽക്കുന്ന കുറുകലും മൂളലും. മായയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പക്ഷികളിൽ ചിലവ ബലമില്ലാതെ പറന്നു താണുകൊണ്ടിരുന്നു. മായ മുകളിലായി വട്ടം കറങ്ങിനിന്ന് കാഴ്ചകൾ ആസ്വദിച്ചു. ഇലകൊഴിഞ്ഞ മരങ്ങളും തളിർത്ത മരങ്ങളുമെല്ലാം ചന്തമുള്ള കിളികൾ കയ്യടക്കിയിരിക്കുന്ന കാഴ്ച എത്ര സുന്ദരം. വള്ളിപ്പടർപ്പുകളിലെ കുഞ്ഞിക്കിളികളും വലിയ മരങ്ങളിലെ വെള്ളക്കൊക്കുകളും പാറാടയുമെല്ലാം നിദ്രയിൽ തന്നെ. തളിർത്തു നിൽക്കുന്ന മരക്കൊമ്പുകളിൽ കൂണു മുളച്ചു പൊന്തിയതുപോലെ നിരന്ന വെള്ളക്കൊക്കുകൾ തന്നെ കൂടുതൽ മനോഹരം. അവയ്ക്കു മുകളിൽ ചുറ്റിപ്പറന്ന് ഒരോന്നും വീക്ഷിച്ചുകൊണ്ടിരുന്ന മായ പെട്ടെന്നൊരു വെടി ശബ്ദം കേട്ടു.

ഉറക്കം നഷ്ടപ്പെട്ട പക്ഷികളെല്ലാം കലപില കൂട്ടി ചുറ്റും ദുർബലമായി പറന്നുനിന്നു. വെടിയേറ്റ ഒരു വെള്ളക്കൊക്ക് മരത്തിന്റെ ചില്ലകളിൽ തട്ടിത്തടഞ്ഞ് നിലത്തേക്കുരുണ്ടു വീണു. ചതിച്ചു പിടിക്കുന്ന പക്ഷിവേട്ടക്കാരുടെ ക്രൂരതയിൽ മായയുടെ മനസ്സുരുകി. കൈകാലുകൾ തളരുന്നതുപോലെ തോന്നിത്തുടങ്ങി.

കൊക്കുകളും കാക്കയുമെല്ലാം ചിതറിപ്പറന്നുക്കൊണ്ടിരുന്നു. പക്ഷികളുടെ ദയനീയമായ കരച്ചിൽ നിലാവിന്‌ കറുപ്പുനിറം സമ്മാനിച്ചു.
വീണ്ടും വെടി ശബ്ദം!
മായയുടെ തല പെരുത്തു. പിന്നെ ഒന്നും ഓർമ്മയില്ല. കൊക്കുകളൊഴിഞ്ഞ മരക്കൊമ്പുകൾക്കിടയിൽ വെളുത്ത വവ്വാലിന്റെ ചലനമറ്റ ശരീരം തടഞ്ഞു കിടന്നു.
                                      ----------------------------
*പാറാട----വവ്വാല്‍

( ബെഞ്ചാലിയുടെ ജൈവതാളം തെറ്റിക്കുന്ന ജനിതക മാറ്റം 
എന്ന ലേഖനം വായിച്ചപ്പോള്‍ മുതല്‍ ഒരു കഥ എഴുതണം എന്ന് തോന്നി.)
ഈ മഷിയില്‍ പ്രസിദ്ധീകരിച്ചത്.


(കഥ കേള്‍ക്കണം എങ്കില്‍ എന്റെ ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം)