19/12/11

പ്രതിഷേധസമരം
19-12-2011
ജയലക്ഷ്മി പാവമാണ്‌. വീട്ടിലെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കുമിടയിൽ സർക്കാർ സ്കൂളിൽ പഠിക്കുന്നു. ആവരേജ്‌ പഠിപ്പ്‌. മറ്റുള്ളവരെപ്പോലെ മാതാപിതാക്കളെ നോക്കണം എന്നാണ്‌ ചിന്ത മുഴുവനും. എസ്‌.എസ്‌.എൽ.സി. കടന്നു കൂടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്‌ നേരത്തേ ചിന്തിച്ചു തുടങ്ങി. പഠിച്ചുകൊണ്ടതിന്‌ കഴിയില്ലെന്ന്‌ ജയലക്ഷ്മിക്ക്‌ നല്ല ബോദ്ധ്യമുള്ളതിനാൽ മറ്റു മാർഗ്ഗങ്ങളെക്കുറിച്ച അന്വേഷണത്തിലാണ്‌.

മോണോ ആക്റ്റ്‌, ഓട്ടന്തുള്ളൽ, നാടോടി നൃത്തം എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിന്‌ അർഹത നേടിയ ജയലക്ഷ്മി വെറും പാവമല്ലെന്ന്‌ സ്കൂൾ മുറുമുറുത്തു. ജയലക്ഷ്മിക്ക്‌ പക്ഷെ അവിടേയും തൃപ്തി കൈവന്നില്ല. ചുരുങ്ങിയത്‌ അഞ്ചെട്ട്‌ ഐറ്റത്തിനെങ്കിലും പങ്കെടുക്കാൻ ആയാലെ കാര്യമുള്ളു എന്നായി. ചിത്രം വരക്കാനൊ പാട്ട്‌ പാടാനൊ കഴിവ്‌ വേണം. ഭരതനാട്യമൊ മറ്റ്‌ ഡാൻസുകളൊ ആവാമെന്നു വെച്ചാൽ ഡ്രസ്സുകൾക്കുള്ള പണത്തിന്‌ എവിടെ പോകും? ഇവിടേയും പ്രതീക്ഷകൾ നശിക്കുന്നതായി അനുഭവപ്പെട്ടു. തോൽക്കാൻ തയ്യാറല്ലാത്ത മനസ്സ്‌ കലുഷിതമായി തുടർന്നു.

സ്കൂൾ ഗ്രൗണ്ടിൽ സൊറ പറഞ്ഞ്‌ നടന്നപ്പോൾ ഒരു രസത്തിനാണ്‌ കൂട്ടുകാരിയുടെ അസ്ഥാനത്ത്‌ ഒന്ന് തോണ്ടിയത്‌. ഒപ്പം മൈതാനത്തിന്റെ അങ്ങേ തലക്കലേക്ക്‌ ഒരോട്ടവും കൊടുത്തു. സ്കൂളിന്റെ വേഗമേറിയ താരമുണ്ടൊ വിടുന്നു? അവൾ ജയലക്ഷ്മിയെ ഓടിച്ചു. പിടിക്കാനായില്ല. കിതച്ച്‌ തളർന്ന് ഗ്രൗണ്ടിന്റെ അറ്റത്തുള്ള തെങ്ങിന്‍ ചുവട്ടിലിരുന്ന ജയലക്ഷ്മിക്കരുകിൽ ഓടിയെത്തിയ കൂട്ടുകാരിയുടെ ചമ്മൽ മുഖത്ത്‌ തെളിഞ്ഞു കാണാമായിരുന്നു.

കലാരംഗം എന്ന തട്ടകം കായിക രംഗത്തേക്ക്‌ വഴി മാറിയത്‌ ആ സംഭവത്തോടെയായിരുന്നു. ബാലാരിഷ്ടതകൾ കടന്ന്, ചെന്നെത്തി നിന്നത്‌ നൂറ്‌ മീറ്റർ ഓട്ടത്തിൽ. കൂട്ടുകാരിയുടെ വേഗവും മറികടന്ന് കുതിക്കുന്നതിന്‌ ശക്തി കിട്ടിയത്‌ കുടുംബത്തിലെ ജീവിതത്തിന്റെ തുറിച്ചു നോട്ടമാണ്‌.

തിരിഞ്ഞു നോക്കാതെ ജയലക്ഷ്മി കുതിച്ചു കൊണ്ടിരുന്നു. പഴയ റെക്കോഡുകൾ തിരുത്തി പുതിയ റെക്കോഡുകൾ സ്ഥാപിച്ചു‌. സബ്ജില്ല, ജില്ല, സംസ്ഥാനം, ദേശിയം എന്നിങ്ങനെ പടർന്നു കയറിയ വേഗം എസ്‌.എസ്‌.എൽ.സിയും കടന്ന് മുന്നോട്ട്‌ പോകാൻ സുഗമമായ വഴിയൊരുക്കി. അന്തർദ്ദേശിയ മത്സരങ്ങളിലെ സാന്നിദ്ധ്യം റെയിൽവേയിലെ ജോലിക്ക്‌ കാരണമായി. ഉൾക്കാഴ്ചയോടെയുള്ള നിശ്ചയദാർഢ്യത്തിന്റെ ചിഹ്നമായി ലഭിച്ച ഉദ്യോഗത്തിൽ ഏറെ സന്തോഷിച്ചു. ആഗ്രഹിച്ചത്‌ നേടിയെടുക്കാനായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്‌ പങ്ക്‌ വഹിച്ച ദൃശ്യ-മാധ്യമ മീഡിയകൾക്ക്‌ ജയലക്ഷ്മി നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥ ആയതോടെ കുടുംബവും ജീവിതവും കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചത്‌ കായിക രംഗത്തോട്‌ ചെറിയ അകൽച്ചക്ക്‌ കാരണമായി. പിന്നീട്‌, ഉദ്യോഗത്തിലെ ഉയർച്ചക്ക്‌ വേണ്ടി മാത്രം ട്രാക്കിലേക്കിറങ്ങുന്ന ജയലക്ഷ്മി വിവാഹം കഴിച്ചത്‌ സ്പോർട്ട്സ്‌ താരത്തെ തന്നെ.

കഠിന പ്രയത്നം നടത്തിയാണെങ്കിലും രാജ്യത്തിന്റെ യസസ്സ്‌ ഉയർത്തുന്നതിന്‌ അന്താരാഷ്ട്ര
വേദികളിൽ കടന്നു കൂടാനുള്ള ഭർത്താവിന്റെ ആഗ്രഹങ്ങൾ പലപ്പോഴും നിഷ്പ്രഭമായിത്തീർന്നു. കൂട്ടിയാൽ കൂടാത്ത തന്റെ കഴിവില്ലായ്മയെ പഴിക്കാതെ ജയലക്ഷ്മിയിലൂടെ അത്‌ നേടിയെടുക്കാമെന്ന്‌ അയാൾ കണക്കു കൂട്ടി.

അയാളുടെ കണക്ക്‌ കൂട്ടലുകൾ ജയലക്ഷ്മിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. മറിച്ച്‌ ദാമ്പത്യത്തിൽ അത്‌ ചെറിയ കല്ലുകടിയായി മുഴച്ചു നിന്നു.

റെയിൽവേയിൽ ജയലക്ഷ്മിക്ക്‌ ലഭിക്കാവുന്ന ഉയർന്ന മേഖലകൾ കൈപ്പിടിയിലൊതുക്കി കായികരംഗത്തെ കൈവെടിഞ്ഞു. ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിച്ചു നിലനിർത്താൻ കായികവേദി തടസ്സമാകുമെന്നും, കുടുംബസുഖത്തിന്റെ തൃപ്തിക്ക്‌ അതൊരു ബാദ്ധ്യതയാകുമെന്നും അവൾ ഭർത്താവിനോട്‌ വാദിച്ചു.

ജനിച്ച രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിയെടുക്കാൻ ഗവൺമന്റ്‌ ചെയ്യുന്ന സഹായങ്ങൾ സ്വന്തം ജീവിത സൗകര്യങ്ങൾക്ക്‌ മാത്രമായി ചുരുക്കി കാണുന്നത്‌ രാജ്യസ്നേഹമില്ലായമയാണ്‌. രാജ്യസ്നേഹം മുന്‍നിര്‍ത്തി തുടർന്നു വരുന്ന പ്രതിഭകൾക്ക്‌ ലഭിച്ചേക്കാവുന്ന നാടിന്റെ സഹായങ്ങൾ നഷ്ടപ്പെടുത്തുന്നതിന്‌ ഇത്തരം സംഭവങ്ങൾ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പുകൾ അവൾക്ക്‌ നൽകിയെങ്കിലും അതൊന്നും കേട്ടതായിപ്പോലും ജയലക്ഷ്മി നടിച്ചില്ല.

അവൾക്ക്‌ അവളുടെ ജീവിതമാണ്‌ വലുത്‌. അതിനു വേണ്ടി നടത്തുന്ന മത്സരം മാത്രം. അതിനിടയിൽ പല മാർഗ്ഗങ്ങളും സ്വീകരിച്ചേക്കാം. ലക്ഷ്യം നേടിക്കഴിയുമ്പോൾ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്നു. അത്രമാത്രം. അതിലെ ന്യായാന്യായങ്ങൾ ചികയാൻ മുതിരാറില്ല.

അവളുമായുള്ള തർക്കങ്ങൾ കാലപ്പഴക്കത്തിൽ അലിഞ്ഞലിഞ്ഞ്‌ തകർന്നപ്പോൾ ഒരു കാലത്ത്‌ രാജ്യത്തിന്റെ അഭിമാനമെന്ന് പത്രങ്ങൾ വാഴ്ത്തിയ ജയലക്ഷ്മി തടിച്ച്‌ കൊഴുത്ത്‌ ഒരു ഡിപ്പാർട്ട്‌മന്റിനെ കൈപ്പിടിയിലൊതുക്കി സസുഖം വാഴുകയാണ്‌.

ഗാന്ധിപ്രതിമക്ക്‌ തൊട്ടരുകിലായി ജയലക്ഷ്മി കാറ് നിറുത്തി.

മുന്‍വശത്തെ മൈതാനം നിറയെ ജനങ്ങൾ. ഉണർന്നു വരുന്ന മോഹങ്ങളും, പ്രതീക്ഷകളും, സ്വപ്നങ്ങളും ഗ്രൗണ്ടിലെ ട്രാക്കുകളിൽ ഊഴവും കാത്ത്‌ ആകാംക്ഷ നിരത്തി കാത്തിരിക്കുന്നു.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മൽസരങ്ങളുടെ ആദ്യദിനം.

ഇരുപതോളം പേരടങ്ങുന്ന ഒരു ചെറു സംഘം ഗാന്ധിപ്രതിമക്ക്‌ ചുറ്റും പ്ലെക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്‌. പോയ വർഷങ്ങളിൽ കഴിവ്‌ തെളിയിച്ച്‌ പല മത്സരങ്ങളിലും പങ്കെടുത്ത്‌ ഇന്നിപ്പോൾ ജീവിക്കാൻ വഴിയില്ലാതെ, സർക്കാരുകൾ വേണ്ടത്ര ഗൗനിക്കാതെ, ജോലിയില്ലാത്തവർ. കായിക രംഗത്തെ പ്രതിഭകളെ നാടിന്‌ ഗുണകരമായ രീതിയിൽ വളർത്തിക്കൊണ്ടു വരുന്നതിൽ സർക്കാരുകൾ കാണിക്കേണ്ട ഉത്തരവാദിത്വത്തിലെ നിസ്സംഗത തുറന്നു കാണിക്കുന്നതിന്‌ വേണ്ടിയുള്ള പ്രതിഷേധം.

ഗാന്ധിപ്രതിമയോട് ചേർന്ന് നിന്ന് ജയലക്ഷ്മി പ്രതിഷേധസമരം ഉൽഘാടനം ചെയ്തു.

"നാളത്തെ വാഗ്ദാനങ്ങളാണ്‌ മുന്നിൽ കാണുന്ന ആ മൈതാനത്തിൽ അണിനിരന്നിരിക്കുന്നത്‌. അസ്തമിച്ച പ്രതീക്ഷകൾക്ക്‌ ഇനിയും ആശ്വാസം ലഭിക്കും എന്ന വിശ്വാസത്തോടെയല്ല ഇന്നിവിടെ ഈ മൈതാനത്തിനു മുന്നില്‍ നമ്മള്‍ പ്രധിഷേധം സംഘടിപ്പിച്ചിരിക്കുന്നത്‌. ഇവരുടെ ഗതി, ഇന്ന് മൈതാനത്തിറങ്ങിയിരിക്കുന്ന കുട്ടികൾക്ക്‌ നാളെ വരാതിരിക്കാൻ ഗവൺമന്റിന്റെ ശ്രദ്ധ ഇവിടേക്ക്‌ തിരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌. സർക്കാർ ജോലി നൽകി ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ നാളെ ഭാരതത്തിന്‌ നഷ്ടപ്പെടുന്നത്‌ നല്ല കായിക താരങ്ങളെയായിരിക്കുമെന്ന് ഓർക്കുന്നത്‌ നന്ന്. വർഷങ്ങളായി സ്കൂളുകളിലും കോളേജുകളിലും മറ്റ്‌ മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളിൽ ചിലരാണ്‌ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്‌. വേണ്ട പോലെ പഠിപ്പിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇവർ ഇന്നും നേരിയ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്നു എന്നത്‌ വാസ്തവം. സർക്കാരിന്റെ കനിവുണ്ടെങ്കിൽ ഈ യുവതിയുവാക്കൾക്ക്‌ ഇനിയും ജീവിതത്തിന്റെ വഴിയിലേക്ക്‌ നടന്നു കയറാനാകും."

മുകളിലൂടെ പറന്നു പോയ ഒരു കാക്ക തൂറിയത്‌ ജയലക്ഷ്മിയുടെ തലയിലൂടെ ഇഴുകി സാരിയിൽ പടർന്നു