25/9/12

കവര്‍ന്നെടുക്കുന്ന നഗ്നത

(ഒളിക്യാമറ ഒരു പ്രശ്നമായി കയറിവന്ന മൂന്നുകൊല്ലം മുൻപ് ബ്ലോഗിലിട്ട പോസ്റ്റാണ്. ഇപ്പൊഴത്തെ ഇതിന്റെ  പ്രസക്തിയേക്കാൾ ഒരോർമ്മപ്പെടുത്തലും, കാണാത്തവർക്ക് കാണുകയും ആവാമല്ലോ.)
03-04-2010

വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മനസ്സിന്‍റെ കടിഞ്ഞാണ്‍ സ്വന്തം കയ്യില്‍ നിന്ന് ഏതൊക്കെയോ ലോകത്തേക്ക്‌ പറന്നകലുന്നു. ആ ലോകം നിയന്ത്രണമില്ലാത്ത പ്രവൃത്തികള്‍ക്ക്‌ നമ്മെ പ്രാപ്തരാക്കുന്നു എന്ന് തോന്നാറുണ്ട്.

അനില അത്തരം ഒരവസ്ഥയിലാണ്. വികാരം വിവേകത്തിനു മുകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കൗമാരനാളുകളില്‍ പോലും സ്വപ്നങ്ങള്‍ക്ക്‌ കൂടുതല്‍ നിറം ചാര്‍ത്തി പറന്നു നടക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ഇന്നിപ്പോള്‍ സഹിക്കാനാവാത്ത വേദനയും വിങ്ങലും മാത്രം ബാക്കി.

അനിലയ്ക്ക് സ്വന്തം നാട്ടിലെ ഉയര്‍ന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെട്ടപ്പോള്‍ വൈശാഖിന് അതൊരിക്കലും ഉള്‍ക്കൊള്ളാനായില്ല. നല്ല ശമ്പളത്തോടെ ലഭിച്ച ആ ജോലി അന്നുകാലത്ത്‌ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ചെയ്യുന്നതായിരുന്നില്ല എന്നാണ്‌ വാദം.
വൈശാഖിന്റെ ആശങ്കകള്‍ അംഗീകരിച്ച്‌ കൊടുത്തെങ്കിലും തന്നിലെ ബാഹ്യ സൗന്ദര്യം അദേഹത്തിന്‍റെ മനസ്സിലുണ്ടാക്കിയിരുന്ന ഭയം തന്നെയാണ്‌ മറ്റു കാരണങ്ങളായി പുറത്ത്‌ വരുന്നതെന്ന് കഴിഞ്ഞ കുറേ വര്‍ഷത്തെ ഒരുമിച്ചുള്ള സഹവാസത്തിനിടയില്‍ വ്യക്തമായതാണ്. കലാലയജീവിതത്തിന്‍റെ നല്ല നാളുകളില്‍ പ്രണയത്തിന്‍റെ ഒരു നേരിയ ചലനം പോലും മനസ്സിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നതില്‍ ഇപ്പോള്‍ അതിശയമെങ്കിലും വൈശാഖിന് അതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല. അതിലദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ന്യായീകരണമില്ലാത്തതിനാലാണ്‌ കൂടെ കൂടെ പറഞ്ഞ്‌ തന്‍റെ ഭാഗം ന്യായമാണെന്ന് സമര്‍ത്ഥിക്കാന്‍ മെനക്കെടാതിരുന്നത്. അതൊരുപക്ഷെ ആ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനെ ഉപകരിക്കു എന്ന് അനില ഭയപ്പെട്ടിരുന്നു.

കഴിഞ്ഞ എട്ട്‌ വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ ഈരണ്ട്‌ മാസം മാത്രമാണ്‌ ജീവിക്കാനായത്‌. സ്വന്തം നാടിന്റെ മനോഹാരിത കൈവിട്ട്‌ മണലാര്യണ്യത്തിലേക്ക്‌ ചേക്കേറാന്‍ അദേഹം നിര്‍ബന്ധിച്ചപ്പോഴൊക്കെ ദാമ്പത്യ ജീവിതത്തിന്റെ മധുരങ്ങള്‍ നുണയുന്നതിനേക്കാള്‍ പിറന്ന നാടിന്റെ ആത്മാവില്‍ മനസ്സ്‌ കുരുങ്ങിക്കിടന്നു. വൈശാഖ്‍ ഓരോ തവണ ലീവു കഴിഞ്ഞ് തിരിച്ച്‌ പോകുമ്പോഴും വേദനയുടെ വിമ്മിട്ടം നെഞ്ചിനകത്ത്‌ നെരിപ്പോടായി വിങ്ങിനിന്നു. വരാനിരിക്കുന്ന ലീവിനെ സ്വപ്നം കണ്ട്‌ ബാക്കിയുള്ള ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ ഹോട്ടലിലെ തിരക്ക്‌ വിരസതയ്ക്ക്‌ അയവ്‌ വരുത്തിയിരുന്നു.

"അനില....ഞാന്‍ കുറച്ച്‌ ചിത്രങ്ങള്‍ എടുത്തോട്ടെ.." ഒരു കറുത്ത രാത്രിയില്‍ തെങ്ങിന്‍ പട്ട ചീഞ്ഞ ചൂര് നിറഞ്ഞു നിന്ന കിടക്കറയില്‍ വെച്ച്‌ ഒരു ശീല്‍ക്കാരം പോലെ, അരുതാത്തത്‌ ആവശ്യപ്പെടുന്ന പകപ്പ്‌ നിറഞ്ഞ വാക്കുകള്‍ ചിതറി വീണു.

"പതിനഞ്ച്‌ വര്‍ഷം ഒന്നിച്ച്‌ ജീവിച്ചിട്ടും ഏട്ടനിനിയും എന്നെ മനസ്സിലായില്ലെന്നോ.. ഏട്ടനധികാരമില്ലാത്ത എന്തുണ്ടെന്നില്‍.?"

കൈവിരല്‍ തുമ്പില്‍ കാലഗതി നിര്‍ണ്ണയിച്ച്‌ കുത്തിയൊഴുകുന്ന തിരക്കില്‍ പഴമയുടെ പവിത്രമായ മൂല്യങ്ങള്‍ വലിച്ചെറിയുന്ന ഈ യുഗത്തില്‍ എത്രമാത്രം മനസ്സിലാക്കി എന്നവകാശപ്പെടുന്നവരോടുപോലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒരു ഭയം പിടികൂടുക എന്നത്‌ സ്വാഭാവികമായിരിക്കുന്നു. മനസ്സിലാക്കലുകളിലെ അര്‍ത്ഥമില്ലായ്മ വൈശാഖിനേയും ബാധിച്ചു കഴിഞ്ഞു. പരസ്പരമുള്ള വിശ്വാസത്തില്‍ പോലും അവിശ്വസനീയത നിഴല്‍ പോലെ പിന്തുടരുന്നു.

രാത്രിയുടെ ഇരുട്ടില്‍ മുഖഭാവങ്ങള്‍ കാണാനാകുന്നില്ലെങ്കിലും വാക്കുകളുടെ താളക്രമം എല്ലാം വിളിച്ചു പറയുന്നു.

 "ഞാനാലോചിക്കുകയാണ്‌ അനില...രണ്ട്‌ മാസം കഴിഞ്ഞ്‌ വീണ്ടും പത്ത്‌ മാസം....ഒന്നിക്കുന്ന സുഖം ലഭിക്കുന്നില്ലെങ്കിലും ഒരു നിഴല്‍ ചിത്രത്തിലൂടെയെങ്കിലും ഓര്‍മ്മകളെ താലോലിക്കാന്‍ ഞാനാഗ്രഹിക്കുന്നു അനില.. "

 "എന്തിനീ സാഹിത്യഭാഷ. കാര്യങ്ങള്‍ നേരെ പറഞ്ഞാപ്പോരെ."

 "മൊബൈലില്‍ നമ്മുടെ കുറച്ച്‌ ചിത്രങ്ങള്‍ എടുത്ത് കയ്യില്‍ വെച്ചാലൊ എന്ന് ചിന്തിക്കുകയാണ്"

അനില മറുത്തൊന്നും പറഞ്ഞില്ല. പരസ്പരം അകന്ന് കഴിയാന്‍ വിധിക്കപ്പെട്ട മനസ്സുകള്‍ക്ക്‌ അതൊരാശ്വാസമാകുമെങ്കില്‍ എതിര്‍പ്പിന്‌ പ്രസക്തി ഇല്ലല്ലൊ...വിവരസാങ്കേതികവിദ്യ മുന്നേറുന്നതിന്‌ സമാന്തരമായി മനുഷ്യന്‍റെ ആഗ്രഹങ്ങളും അതിനോടൊത്തുചേര്‍ന്ന് പോകുന്നതില്‍ തെറ്റ്‌ കണ്ടെത്താനായില്ല. ഒരു കൈപ്പിഴ ജീവിതത്തിന്‍റെ താളം തെറ്റിക്കും എന്ന ധാരണ ചെറുതായി അലട്ടിയെങ്കിലും വൈശാഖ്‌ എന്ന വ്യക്തിയെ അവിശ്വസിക്കേണ്ടതായ സന്ദര്‍ഭങ്ങളൊന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

ഭര്‍ത്താവിന്‍റെ ഇംഗിതം സാധിച്ചു കൊടുക്കുന്ന ഉത്തമയായ ഭാര്യ അല്‍പം ജാളൃതയോടെയെങ്കിലും കിടപ്പറ രംഗങ്ങള്‍ പകര്‍ത്താന്‍ സമ്മതം മൂളി. പകര്‍ത്തിയവ ഒരുമിച്ചിരുന്ന് കണ്ടാസ്വദിച്ചപ്പോള്‍ ജാളൃതയ്ക്ക്‌ പകരം നാണവും സ്വന്തം ശരീരത്തിന്‍റെ ഭംഗിയും ഇട കലര്‍ന്ന വികാരം മനസ്സിലോടിയെത്തി എന്നത്‌ നേരാണ്.

പതിനഞ്ച്‌ വര്‍ഷം പിന്നിടുമ്പോള്‍ അനില അഭിമുഖീകരിച്ചുകൊണ്ടിരുന്നത്‌. ദാമ്പത്യത്തിലെ പുതിയൊരു ഘട്ടമായിരുന്നു. പുത്തന്‍ രീതികളെ മനസ്സിലേക്ക്‌ ആവാഹിച്ച്‌ കുടിയിരുത്തുമ്പോള്‍ അതുമായി ഇഴുകിച്ചേരാനും അതില്‍ ലയിക്കാനും സാധിച്ച മനസികാവസ്ഥ, അനുഭവിക്കാത്ത ഒരു തരം അനുഭൂതികളിലേക്കുള്ള പ്രയാണമായി. അത്തരം ഒരവസ്ഥയിലാണ്‌ താന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന മോഹം ഉടലെടുത്തത്. കള്ളത്തരവും വഞ്ചനയും ഏതു സാഹചര്യത്തിലും കണ്ടെത്താനാകുമെന്ന അമിതവിശ്വാസം അനിലയില്‍ അന്തര്‍ലീനമായിരുന്നു.

ലീവവസാനിക്കാറായ സന്ദര്‍ഭത്തില്‍ ഒരു ദിവസം ഹോട്ടലില്‍ മുറിയെടുത്ത്‌ അനിലയുടെ മോഹം വൈശാഖ്‌ നിറവേറ്റി.

ഒരു സ്വര്‍ഗ്ഗത്തിലേക്ക്‌ കയറിച്ചെന്ന പ്രതീതി. കണ്ണിനേയും കാതിനേയും ഒപ്പം മനസിനേയും ആഹ്ളാദത്തിന്‍റെ ഉന്നതങ്ങളിലെത്തിക്കുന്ന സംവിധാനം തെല്ലൊന്നുമല്ല ആശ്ളേഷിപ്പിച്ചത്. ചുറ്റും കണ്ണാടി പതിപ്പിച്ച്‌ മനോഹരമാക്കിയ വിശാലമായ ബാത്ത്‌ റൂം. മുന്‍പൊന്നും ഇതിനകം കാണണമെന്നോ അകത്ത്‌ കയറണമെന്നോ നേരിയ ചിന്ത പോലും അനിലക്കില്ലായിരുന്നു.

വൈശാഖ്‌ പോയി ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ സ്റ്റെയ്‌റ്റ്സിലുള്ള കൂട്ടുകാരിയായ ശാലിനിയുടെ മെയില്‍ അനിലക്ക്‌ ലഭിക്കുന്നത്. ഏറെ പ്രയാസത്തോടെയാണ്‌ ഞാനിത്തവണ അനിലക്ക്‌ മെയില്‍ ചെയ്യുന്നത്. സമചിത്തതയോടെ ശാന്തമായി വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌ വിഷയം. ഞാനറിഞ്ഞിരുന്ന അനിലയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവം..! അധികം വര്‍ണ്ണിക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി നോക്കുക.

ആകാംക്ഷയും ഭയവും പടര്‍ന്നിറങ്ങിയ കൈവിരലുകള്‍ മൌസില്‍ പതിഞ്ഞു. യൂട്യൂബില്‍ ഒരു വീഡിയോ ഫയല്‍ തുറന്നു വന്നു.

കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. മരവിച്ച മസ്തിഷ്ക്കത്തില്‍ കടന്നലുകള്‍ ആഞ്ഞാഞ്ഞ്‌ കുത്തുന്നു. കാലിന്റെ പെരുവിരലില്‍ നിന്ന് അരിച്ചുകയറിയ പെരുപ്പ് ശരീരമാകെ കെട്ടിവരിഞ്ഞ് തലയ്ക്കകത്ത് കയറി താണ്ഡവമാടിയപ്പോള്‍ താങ്ങാനാവാത്ത ഭാരം മൂലം തല താഴ്ന്നു. ബുദ്ധിഭ്രമത്തിന്റെ സ്തായീഭാവം ഹൃദയചലനത്തെ ത്വരിതപ്പെടുത്തിയപ്പോള്‍ ഇടിമുഴക്കം താങ്ങാനാവാതെ മദയാന കൊലക്കളമാക്കിയ പൂരപ്പറമ്പുപോലെ മനസ്സ്‌ വികൃതമായി. ഇറുക്കിയടച്ച കണ്ണുകള്‍ക്കുള്ളിലേക്ക് ശരം പോലെ തുളഞ്ഞു കയറുന്ന ചിത്രങ്ങൾ. സഹിക്കാനാകാതെ തൊണ്ട കിടുകിടുത്തു. പൊട്ടിക്കരച്ചിലിനെ നിയന്ത്രിക്കാന്‍ വായ പൊത്തിയപ്പോള്‍ മൂക്കിലൂടെ ചാടിയ വികൃത സ്വരം പരിചയമില്ലാത്തവയായിരുന്നു. നിറഞ്ഞ കണ്ണുകളില്‍ മഞ്ഞപ്പ്‌ പടര്‍ന്നു. താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യതകള്‍ ഇതാ സ്വന്തം കണ്‍മുന്നില്‍ കിടന്ന്‌ കൊഞ്ഞനം കുത്തുന്നു. ലോകമാകെ തന്‍റെ സ്വകാര്യതകള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നു. മൂടിവെച്ചിരുന്നതെല്ലാം ഒറ്റ നിമിഷംകൊണ്ട്‌ പുറം ലോകം ആഘോഷിക്കുന്നു. ഇനി ഞാനെന്ന അനിലക്കെന്ത്‌ പ്രസക്തി?

വിശ്വാസം ചിറകൊടിഞ്ഞ്‌ വീഴുമ്പോള്‍ അതിരുകടന്ന ആത്മവിശ്വാസത്തിന്‍റെ അഹങ്കാരം മനസില്‍ തീക്കനലായി പടര്‍ന്നു.

" ഈ അമ്മയ്ക്കിതെന്ത്‌ പറ്റി..?" കപടലോകത്തിന്‍റെ കാപട്യങ്ങള്‍ തിരിച്ചറിയാനാകാത്ത നിഷ്ക്കളങ്കയായ പതിമൂന്ന്‌ വയസുകാരി മകള്‍ അമ്മയെ തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണീരുണങ്ങിയ കവിള്‍ത്തടങ്ങള്‍ ഉയര്‍ത്തി ഇരുന്നിടത്തുനിന്ന്‌ എഴുന്നേറ്റത്‌.

"മോള്‌ പോയി പഠിക്ക്. അച്ഛന്റെ ഫോണ്‍ വന്നില്ലല്ലൊ എന്നാലോചിച്ചിരുന്നതാ..."ഒഴിഞ്ഞ്‌ മാറാന്‍ ഒന്നുരണ്ട്‌ വാക്ക്. അവള്‍ അകത്തേക്കു പോയി.

സംഭവിക്കാന്‍ പാടില്ലാത്ത കൈപ്പിഴയൊ അറിഞ്ഞുകൊണ്ട്‌ ചെയ്ത മണ്ടത്തരമൊ എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു ദിവസം പോലും ഒഴിവാക്കാതെ ഫോണ്‍ ചെയ്യാറുള്ള വൈശാഖ്‌ സ്വന്തം ഭാര്യയൊന്നിച്ചുള്ള രതിക്രീഡകള്‍ കൂട്ടുകാരൊത്ത്‌ ആഘോഷിക്കുമ്പോഴും ഒരിക്കലെങ്കിലും ഒരു വാക്കെങ്കിലും സൂചിപ്പിച്ചിരുന്നില്ലല്ലൊ എന്ന വേദന അനിലയെ തളര്‍ത്തി. സ്വന്തം ജീവനേക്കാളുപരി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത മനുഷ്യനെ ഇനിയും വെറുക്കാന്‍ കഴിയാത്ത മനസ്സിന്‍റെ മായാജാലം പിടി കിട്ടുന്നില്ല. വിശ്വാസം മുതലെടുത്ത്‌ കൂട്ടുകാര്‍ വഞ്ചിച്ചതായിരിക്കണെ എന്ന്‌ സമാധാനിക്കാന്‍ ശ്രമിക്കുമ്പോഴും കണ്‍മുന്നില്‍ തെളിയുന്നത്‌ സ്വന്തം നഗ്നത.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അതില്‍ കണ്ട വൈശാഖിന്റെ ചിത്രത്തിന്‌ ചതിയന്റെ മുഖം. ക്രൂരന്റെ ചേഷ്ടകളടങ്ങിയ മനോരോഗിയുടെ ഭാവം. അനിലയുടെ നെഞ്ചിടിപ്പ്‌ വര്‍ദ്ധിച്ചു.
സങ്കടവും കരച്ചിലും പകയും വെറുപ്പും അറപ്പും ഇടകലര്‍ന്ന ക്ഷോഭത്തോടെ മൊബൈല്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ചപ്പോള്‍ ശക്തിയോടെയുള്ള പൊട്ടിക്കരച്ചില്‍ കാതിലലച്ചു. സകല വികാരങ്ങളും വേരറ്റു വീഴുമ്പോള്‍ പറയാന്‍ വാക്കുകള്‍ക്കായി അനില തപ്പിത്തടഞ്ഞു.

ഞാന്‍ പറഞ്ഞു  കഴിഞ്ഞതിനു ശേഷം ഇങ്ങോട്ട്‌ പറഞ്ഞാല്‍ മതി എന്ന മുഖവുരയോടെ തുടങ്ങിയ കരഞ്ഞുണങ്ങിയ വാക്കുകള്‍ അര മണിക്കൂറിന്‌ ശേഷമാണ്‌ നിലച്ചത്.

മൊബൈല്‍ ഓഫായപ്പോള്‍ അഗ്നിസ്പുലിംഗങ്ങള്‍ സമന്വയിച്ച ഭദ്രകാളിയായി അനില. കിടക്കറ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആ ഒരൊറ്റ സംഭവം മാത്രമായിരുന്നു കൂട്ടിവായിക്കാന്‍ അനിലക്കുണ്ടായിരുന്നത്. മറിച്ചൊന്ന്‌ ചിന്തിക്കാനോ നെറ്റില്‍ കണ്ട ചിത്രങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. ഒരു പ്രൊഫഷണല്‍ ജോലിക്കാരന്‍റെ തന്മയത്വത്തോടെ എഡിറ്റു ചെയ്ത്‌ വൃ‍ത്തിയാക്കിയ ചിത്രവും ഹോട്ടല്‍മുറിയുടെ ഉള്‍ഭാഗവും അനില ശ്രദ്ധിച്ചില്ലെ എന്ന വൈശാഖിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു എല്ലാം മനസ്സിലാക്കിയവള്‍ എന്ന അഹന്തയുടെ മുനയൊടിച്ചത്. വെറുതെ സംശയിച്ചു എന്ന കുറ്റബോധത്തേക്കാളേറെ നിര്‍ദോഷമായൊരു പുതുമ പുല്‍കാന്‍ കൊതിച്ച തന്റെ കാഴ്ചപ്പാട്‌ തന്നെ എല്ലാത്തിനും വിനയായി.

വര്‍ഷങ്ങളായി ജോലി നോക്കുന്ന ഹോട്ടലില്‍ നിന്നും അനുഭവിക്കേണ്ടിവന്ന നീറ്റല്‍ സ്വന്തം നാടിന്റെ മനോഹാരിതയുടെ ആത്മാവില്‍ കത്തിപ്പടര്‍ന്നു.

സദാചാര മൂല്യങ്ങള്‍ക്ക്‌ വില കല്‍പിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക്‌ ഓടി മറയാന്‍ അനിലയുടെ മനസ്സ്‌ തിടുക്കം കൂട്ടി.

(ആവശ്യമില്ലാത്ത അവസാന വാചകം ചേര്‍ത്തതിനാല്‍ മറ്റൊരു കഥ തുടര്‍ക്കഥ പോലെ 
 എഴുതേണ്ടി വന്നത് ഇവിടെ വായിക്കാം)

(സൂക്ഷമായി നിരീക്ഷിച്ചാല്‍ പോലും കണ്ടത്താനാകാത്ത ചില ക്യമറക്കണ്ണുകള്‍...)

ഈ ചിതങ്ങളൊട്‌ കടപ്പെട്ടിരിക്കുന്നത്‌ ഒളി കാമറകൾ: നാം അറിയേണ്ട ചില കാര്യങ്ങൾ
എന്ന പോസ്റ്റ്‌ പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന ബ്ളോഗിനൊട്‌.

2/8/12

ശിക്ഷയില്ലാത്ത കൊലപാതകികള്‍



മരിച്ചു കഴിഞ്ഞപ്പോഴാണ്‌ മരിക്കേണ്ടായിരുന്നുവെന്ന് തോന്നുന്നത്. അനാവശ്യമായ ഒരു തീരുമാനം എത്ര പേരെയാണ്‌ വിഷമിപ്പിക്കുന്നത്. വിവേകശൂന്യമായ പ്രവൃത്തിയെന്ന് പൊതുവിൽ. ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച് സമൂഹം മുഴുവനായും ചിന്തിക്കുന്നത് മറിച്ചാകാൻ തരമില്ലല്ലൊ. എന്റെ കാര്യത്തിൽ അക്കാര്യം ഒന്നുകൂടി തറപ്പിച്ച് ഉറപ്പിക്കാൻ കഴിയുന്നത് എന്നെ നേരിട്ടറിയുന്നവർക്ക് മാത്രമല്ല കേട്ടറിയുന്ന പുതിയ ആളുകൾക്കു കൂടിയാണ്‌ എന്നത് വാസ്തവമാണ്. കാരണം ഞാനൊരു അസ്സൽ കർഷകൻ എന്നത് തന്നെ.

വലിയ കർഷകനൊന്നുമല്ല, ഒരിടത്തരം. ബങ്കിൽ നിന്ന് ലോണൊന്നും എടുക്കാതെ കൊക്കിലൊതുങ്ങാവുന്ന രൂപത്തിൽ തുടങ്ങിയതാണ്. വിഷമയം ഇല്ലാത്ത പച്ചക്കറി കഴിക്കാനും മിച്ചം വരുന്നത് സ്വന്തം ഗ്രാമവാസികൾക്ക് വിറ്റഴിച്ച് ജീവിക്കാനും മാത്രമായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. പിന്നീടത് വികസിച്ചു വളർന്നത് കൃഷിയിൽ നിന്നുള്ള ആദായം കൊണ്ടു തന്നെ.

ശവമടക്കിൽ പങ്കെടുക്കാനെത്തിയവരിൽ കഠിനമായ ദു:ഖമാണ്‌ കാണാനാകുന്നത്. വെളുപ്പിനു തന്നെ പോസ്റ്റ്മാർട്ടം നടത്തിക്കിട്ടി എന്നതും കാലത്തെ പത്രത്തിൽ വളരെ പ്രാധാന്യത്തോടെ വാർത്ത വന്നുവെന്നതും എനിക്ക് നേടിത്തന്ന ‘കർഷകശ്രീപ്പട്ടം’ എന്ന ലേബൽ തന്നെ കാരണം.

‘സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ബഹുമതിയായ കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ അൻപത് വയസ്സ് പ്രായമുള്ള വേലായുധൻനായർ ഭാരിച്ച കടക്കെണി മൂലം സ്വന്തം കൃഷിസ്ഥലത്തെ മാവിൽ കൊമ്പിൽ തൂങ്ങി മരിച്ചു‘

എന്റെ ജീവിതവും കഠിനപ്രയത്നവും അടങ്ങിയ വലിയ വാർത്തയാണ്‌ ആദ്യപേജിൽ തന്നെ നല്‍കിയിരിക്കുന്നത്. കൂടിനിൽക്കുന്നവർക്ക് ഈ വാർത്തയെ അംഗീകരിക്കാൻ പ്രയാസമാണെന്ന് അവരുടെ മുഖഭാവങ്ങൾ വിളിച്ചു പറയുന്നു. എന്തിനാണ്‌ ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഗ്രാമവാസികൾക്കിടയിലേക്ക് വ്യക്തമായ ഉത്തരവുമായി കാലത്തേത്തന്നെ പത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.

പത്രങ്ങൾ നിരത്തിയ കാരണങ്ങൾ എന്റെ ഗ്രാമവാസികൾ ആദ്യം വിശ്വസിച്ചില്ല. അത്തരം സാദ്ധ്യതകൾ ഒന്നുമില്ലാത്ത വ്യക്തിയാണെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലാത്ത വ്യക്തിത്വമാണെന്നും വളരെ നന്നായറിയാവുന്ന നാട്ടുകാർ പക്ഷെ കൂടുതൽ കൂടുതൽ വായിക്കുന്തോറും എന്നെ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആവർത്തിച്ച് വായിക്കുന്ന വാർത്തകളും രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ഉരുത്തിരിയുന്ന തീരുമാനവും ഒന്നായിത്തീരാൻ തുടങ്ങിയതോടെ എന്നെ മനസ്സിലാക്കിയിരുന്ന എന്റെ നാട്ടുകാർ ഞാൻ കടക്കെണിയിൽ അകപ്പെട്ടതാണെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം ധരിച്ചു. അവരറിയാതെ ഞാൻ കടം വാങ്ങിയിരുന്നെന്നും അവരുടെ മുന്നിൽ നല്ല പിള്ള ചമഞ്ഞതാണെന്നും നാളെ തുടർക്കഥ പടരുമ്പോൾ എന്നെ കൂടുതൽ വെറുക്കും എന്നതും പരമാർത്ഥമാണ്‌.

മരിച്ചില്ലായിരുന്നുവെങ്കിൽ കൂടിനിൽക്കുന്നവരോടെങ്കിലും പറയാമായിരുന്നു വേലായുധൻനായർക്ക് കടക്കെണി ഇല്ലായിരുന്നുവെന്നും ജീവിതത്തിലിന്നുവരെ പണം കടം വാങ്ങിയിട്ടില്ലെന്നും. അപ്പോള്‍ ഇത്തരം ഒരു വാർത്ത വന്നാലും എന്റെ ഗ്രാമവാസികൾ ഞാൻ പറയുന്നത് വിശ്വസിക്കുകയും ഈ വാർത്തയെ തിരസ്ക്കരിക്കുകയും ചെയ്യുമായിരുന്നു. കാരണം എന്റെ ജീവിതവും സ്വഭാവവും അവർക്ക് നേരിട്ടറിയാം എന്നത് തന്നെ. പക്ഷെ ഇതിപ്പോൾ അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. നമ്മളറിയാതെ വേലായുധൻനായർക്ക് കടമുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പം. ഈ പത്രങ്ങൾ ഇതെങ്ങനെ കണ്ടുപിടിച്ചു എന്ന സംശയവും.

ഇതെന്റെ നാട്ടുകാരുടെ ആശയക്കുഴപ്പമെങ്കിൽ ബാക്കി വരുന്ന മുഴുവൻ വായനക്കാർക്കും ആശയക്കുഴപ്പമേ ഉണ്ടാകില്ല. അവർക്ക്; പത്രങ്ങളിലൂടെ അറിഞ്ഞ വേലായുധൻനായർ, കടം തിരിച്ചടക്കാത്തതോ തിരിച്ചടക്കാൻ കഴിയാത്തതോ ആയ കൃഷിക്കാരൻ മാത്രം.

ചത്ത് കിടന്നാലും ചിന്തകൾക്കൊരു പഞ്ഞവുമില്ല. എന്നെക്കുറിച്ച വാർത്തയിലെ വികൃതി വായനക്കാരെക്കൊണ്ട് വായിപ്പിച്ച് എന്റെ വ്യക്തിത്വം തന്നെ അവർക്കു മുന്നിൽ വികൃതമാക്കും എന്നോർത്തപ്പോൾ ശവമാണെങ്കിലും ചിരിച്ചു പോകില്ലേ എന്ന് തോന്നി. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കോമാളിയായും തെമ്മാടിയായും ഗുണ്ടയായും ധാർഷ്ട്യക്കാരനായും നല്ലവനായും ഒക്കെ ഞാൻ കരുതിയിരുന്നത് ടീവികളും പത്രങ്ങളും കൂടി പടച്ചുണ്ടാക്കിയ ഇത്തരം അടിച്ചേല്പിക്കലുകളെ വിശ്വസിച്ചായിരുന്നല്ലോ....ഓരോരുത്തരും അവരവർ കടന്നുവന്ന വഴികളിലെ നേരിട്ട യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സംസാരിക്കുന്നതിലെ ഒരു വാക്കിനെ മാത്രം പൊക്കിയെടുത്ത് അത്  ആ വ്യക്തിയുടെ പൊതു സ്വഭാവമായി ചിത്രീകരിക്കുന്നത് ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നത് തെറ്റായിരുന്നെന്ന് മനസിലാക്കാൻ സ്വന്തം അനുഭവത്തിലൂടെ അറിയേണ്ടി വന്നതിൽ ഖേദം തോന്നി.

സംശയങ്ങൾക്ക് സ്ഥാനമില്ലാതെ, അടിച്ചേല്പിക്കപ്പെടുന്ന നുണകളെ ചേർത്തുവെക്കുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ വ്യക്തിത്വം തന്നെയായിരുന്നു. മുൻപ് നടന്ന എത്ര നുണകൾ പിന്നീട് തൊലിയുരിക്കപ്പെട്ട് പുറത്ത് വന്നാലും വർത്തമാന കാലത്തിലെ പുതിയ നുണകൾക്ക് നൽകുന്ന വിശ്വസനിയമെന്ന് തോന്നിപ്പിക്കാവുന്ന തെളിവുകളിൽ എന്റെ മനസ്സും കുരുങ്ങിപ്പോകാറുണ്ട്. കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് എന്റെ ശ്വാസഗതി പോലും മനപ്പാഠമായ ഭാര്യയുടെ മുഖത്തിപ്പോൾ കാണുന്നത് സങ്കടത്തേക്കാളേറെ സംശയം തന്നെ. ഇത്രയും തെറ്റിദ്ധരിപ്പിക്കൽ നടത്താൻ കഴിയുന്ന മാധ്യമ ശക്തിയെ തിരിച്ചറിയാൻ ഇത്ര കാലവും എനിക്ക് കഴിയാതിരുന്നത് പഴതെല്ലാം പെട്ടെന്ന് മറന്നു പോകുന്ന എന്റെ സ്വഭാവത്തിന്റെ കുഴപ്പമായിരുന്നു. ഇപ്പോൾ നടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന വൈകൃതം. പരോക്ഷമായെങ്കിലും എനിക്കെന്തെങ്കിലും നഷ്ടപ്പെടുന്നോ എന്ന് ചിന്തിക്കാത്ത വികാരപ്രകടനം.

മരണാനന്തര ക്രിയകൾ പെട്ടെന്ന് നടത്തി സ്ഥലം വിടാനാണ്‌ പലരും ആഗ്രഹിക്കുന്നത്. ആരും അത് പ്രകടമാക്കുന്നില്ലെന്നേ ഉള്ളു. മരിച്ചു കിടക്കുന്നത് എത്ര വേണ്ടപ്പെട്ടവനായാലും ശവത്തെ നോക്കിയിരുന്ന് സമയം കളയാൻ ഇന്നെവിടെ സമയം?

എന്റെ ഉറ്റ ചങ്ങാതിയാണ്‌ പ്രാഞ്ചീസ്. ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകൾ അവൻ ധാരാളം കണ്ടിട്ടുണ്ട്. ആധികാരികമായി ഒന്നും അറിയില്ല. എന്ത് കാര്യവും ‘ചടപടാന്ന്’ നടത്തുന്നവനാണ്.  ഇക്കാര്യത്തിൽ അതിനാവില്ലല്ലോ? അല്പം മാറിയിരിക്കുന്ന മൂനാലാളുകള്‍ക്കിടയിൽ അവനും ഇരിപ്പുണ്ട്. വേദനയും മൗനവുമാണ്‌ സ്വതവേ വാചാലനായ അവന്റെ ഭാവമിപ്പോൾ.

ഇടക്കിടയ്ക്ക് ജീവനില്ലാത്ത എന്റെ മുഖത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. നനവ് പടർന്ന കണ്ണുകളിൽ അവിശ്വസനിയത. അവൻ പത്രമെടുത്ത് ഞാൻ മരത്തിൽ തൂങ്ങിക്കിടക്കുന്ന ചിത്രം നോക്കുകയാണ്‌. അത് കാണാനാവാതെ അവൻ കണ്ണ്‌ വെട്ടിക്കുന്നു.

ശരിയാണ്.....വേണ്ടപ്പെട്ടവരുടെ മനസ്സിൽ മായാത്ത ഒരോർമ്മയായി തൂങ്ങിക്കിടക്കുന്ന ഈ ചിത്രമെങ്കിലും ഞാൻ ഒഴിവാക്കേണ്ടതായിരുന്നു. വേറെ എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു? ആ സമയത്ത് അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ. മരിക്കുക എന്ന ഒറ്റ ചിന്ത മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.

കർഷകശ്രീപ്പട്ടം കിട്ടിയപ്പോഴാണ്‌ ആദ്യമായി എന്റെ മുഖം ടീവിയിൽ വന്നത്. അന്ന് എന്തൊരു സന്തോഷമായിരുന്നു. ടീവിയിൽ മുഖം വരുത്താനുള്ള എന്തെങ്കിലും കഴിവുകൾ എനിക്കുണ്ടായിരുന്നില്ല. തീരെ പ്രതീക്ഷിക്കാതെ ലഭിച്ച അറിയപ്പെടൽ കൂടുതൽ ശ്രദ്ധേയനാക്കി. അധികം വൈകാതെ അറിയപ്പെടൽ തല്ലിക്കെടുത്തിയതും അറിയപ്പെടൽ പരസ്യമാക്കിയ അതേ വഴികൾ. ആ വഴികളിലൂടെ ഞാൻ രണ്ടാമതായി പ്രത്യക്ഷപ്പെട്ടത് കുപ്രസിദ്ധി എന്ന നിലയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു വളരെ നിസ്സാരമായ ആ സംഭവം അരങ്ങേറിയത്.

‘കർഷകശ്രീപ്പട്ടം കരസ്ഥമാക്കിയ വേലായുധൻ നായർ വർഷങ്ങളായി തൊട്ടടുത്ത സഹകരണ ബാങ്കിനെ വഞ്ചിച്ചു കൊണ്ടിരിക്കയാണ്‌. കടമെടുത്ത തുക തിരിച്ചടക്കാതെ മുതലും പലിശയും ചേർന്ന് ഇരട്ടിയോളമായിരിക്കുന്നു.’ വാർത്ത പ്രത്യക്ഷപ്പെട്ടത് ടീവിയിലായിരുന്നു. കേട്ടപ്പോൾ അത്ഭുതം തോന്നി.

ജീവിതത്തിൽ ഇന്നുവരെ ലോണെടുക്കുകയോ കടം വാങ്ങുകയോ ചെയ്യാത്ത എന്നെ പ്രതിയാക്കിയ വാർത്ത. തുകയോ ബാങ്കിന്റെ പേരോ പരാമർശിക്കാത്ത ആരോപണം കണ്ട ഉടനെ തൊട്ടടുത്ത ബങ്കിൽ പോയി തിരക്കി. ഒന്നും ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ഒരന്വേഷണം. ബഹുമാനത്തോടെ ബാങ്ക് ജീവനക്കാർ എന്നെ തിരിച്ചയക്കുമ്പോൾ അവർ പറഞ്ഞത് ഒർത്തെടുത്തു. കടമെടുത്ത് തിരിച്ചടക്കാത്തവരെക്കുറിച്ച അന്വേഷണവുമായി ടീവിക്കാർ വന്നെന്നും പറയത്തക്ക സംഖ്യ ആരും തരാനില്ലെന്നും പറഞ്ഞപ്പോൾ സിമ്പിൾ ലോണിനെക്കുറിച്ചു ചോദിച്ചെന്നും പറഞ്ഞു. കൂട്ടത്തിൽ ഞാന്‍ ജാമ്യം നിന്നു വാങ്ങിക്കൊടുത്ത ലോൺ അബ്ദുള്ള തിരിച്ചടയ്ക്കാതെ ഇരട്ടിയായെന്നും സൂചിപ്പിച്ചിരുന്നു.

അബ്ദുള്ളയെപ്പോലെ പലർക്കും ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ആരും മുടക്ക് വരുത്തിയതായി അറിയില്ല. ആൾ ജാമ്യത്തിൽ പെട്ടെന്ന് ലഭിക്കാവുന്ന അയ്യായിരം രൂപയുടെ ലോൺ സാധാരണക്കാർക്ക് എളുപ്പം ലഭ്യമാകുന്ന ഒന്നാണ്. അവർക്കത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ തിരിച്ചടച്ച് തീർക്കും എന്ന തീരുമാനത്തോടെയാണ്‌ ജാമ്യമായി നിൽക്കാറുള്ളത്. എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും അബ്ദുള്ള പറയാതിരുന്നത്. എന്നാലും ഇതത്ര വലിയ പ്രശ്നമാണോ? വാർത്ത കൊടുത്തതിൽ അവർക്കെന്തെങ്കിലും പിഴവ് സംഭവിച്ചതാകാം എന്ന് കരുതി സമാധാനിച്ചു.

അവിടം കൊണ്ടവസാനിക്കാതെ വലിയൊരു ചർച്ചയായി ടീവിക്കാർ ആഘോഷം തുടങ്ങി. ഞാനൊരു തട്ടിപ്പുകാരനെന്ന് ജീവിതത്തിലാദ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. സത്യം അതല്ലെന്ന് ബോധ്യപ്പെടുത്താൻ ആകുമെങ്കിലും 'എത്ര പേരെ' എന്ന ചിന്ത ആധി വർദ്ധിപ്പിച്ചു. തെറ്റായാലും ശരിയായാലും ആദ്യം കേൾക്കുന്ന വാർത്ത എല്ലാവരുടെ മനസ്സിലും ഉറച്ചു പോകും. പിന്നീടൊരു തിരുത്ത് വെറും പ്രഹസനമാണ്.

പ്രാഞ്ചീസുമായി എന്റെ പ്രയാസങ്ങൾ പങ്കിട്ടു. അവന്റെ ആശ്വസിപ്പിക്കൽ എനിക്കാശ്വാസം നല്‍കിയില്ല. എത്രയൊക്കെ പറഞ്ഞിട്ടും നാട്ടുകാരിൽ ചിലർ എന്നെ സംശയിക്കുന്നു എന്നുകൂടി പ്രാഞ്ചി കൂട്ടിച്ചേർത്തപ്പോൾ കൂടുതൽ വേദനക്ക് കാരണമായി. എന്തിന്‌, സ്വന്തം ഭാര്യ പോലും ഇപ്പോൾ വിശ്വസിക്കുന്നത് ഞാനൊരു തട്ടിപ്പുകാരനെന്നാണ്.

മറ്റു വഴികളൊന്നും എന്റെ മുന്നിൽ തുറന്നു കണ്ടില്ല. കാണുന്നവർക്ക് പറയാം ഞാൻ മണ്ടത്തരമാണ്‌ കാണിച്ചതെന്ന്. ചങ്കൂറ്റത്തോടെ എന്തും നേരിടാനുള്ള നിങ്ങളുടെ കഴിവാണ്‌ അങ്ങിനെ തോന്നാൻ കാരണം. അല്ലെങ്കിൽ സത്യവും നീതിയും നിയമവും വെറും പറച്ചിൽ മാത്രമാകുന്നതുകൊണ്ട്.

ഒരനക്കം സംഭവിക്കുന്നുണ്ട്. മറവു ചെയ്യാനുള്ള സമയം ആയിരിക്കും. അല്ലല്ലോ...ഒരു കാറ്‌ വന്നു നിന്നതിന്റെ ആകാംക്ഷയാണ്. നാലഞ്ചുപേർ ക്യാമറയുമായി ഇറങ്ങി. എന്നെ നാറ്റിച്ചവളും ഉണ്ടല്ലോ കൂട്ടത്തിൽ. ഇവൾക്കൊന്നും മന:സ്സാക്ഷി എന്നൊന്നില്ലേ? എന്റെ ശവത്തിൽ ചവുട്ടിനിന്ന് പുതിയ കഥ മെനയാൻ എത്തിയതായിരിക്കും.

പ്രാഞ്ചിയുടെ മുഖം ചുവന്നു തുടുത്തു. ചുഴലി കയറിയവനെപ്പോലെ വിറച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു. കൊടുങ്കാറ്റുപോലെ പാഞ്ഞുചെന്ന് അവൾക്കു മുന്നിൽ വിലങ്ങനെ നിന്നു.

ഇവനെന്താണീ കാണിക്കുന്നത്? നാളെ, മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്തയുണ്ടാക്കാനാണോ വെറുതേ...

"നിങ്ങൾ ചർച്ച നടത്തി വേലായുധനെ കൊന്നത് പോരാഞ്ഞ് ഇനി അവന്റെ ശവം കാണിച്ച് അധിക്ഷേപിക്കാനാണോടീ പരിപാടി?" പ്രാഞ്ചിയുടെ രോഷം എടീ എന്ന വിളിയിൽ ഒതുക്കി.

"കൃഷി ചെയ്താൽ ചിലപ്പോ നഷ്ടവും സംഭവിക്കാം. കടം വാങ്ങിയത്‌ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരാം." അമ്പടീ...അവളുടെ തൊലിക്കട്ടി സമ്മതിക്കണം. അത് തന്നെയാണ്‌ അവളുടെ കഴിവും. അസത്യങ്ങളും അർദ്ധസത്യങ്ങളും തങ്കപ്പെട്ട സത്യങ്ങളായി കാഴ്ചക്കാരനിൽ സന്നിവേശിപ്പിക്കാനുള്ള അവളുടെ കഴിവ്. നടന്ന, നടക്കുന്ന സംഭവം പോലെ അവതരിപ്പിക്കുന്ന സംസാരത്തിലെ ആധികാരിക ഭാവവും ദൃഢതയും.

"കൃഷി ചെയ്യാനുള്ള പണം കടം വാങ്ങിയല്ലെടീ അവൻ ചത്ത് കിടക്കുന്നത്. നീ കാണിച്ച അയ്യായിരം ഉലുവേടെ നൊണയിലാടി."

"അല്പം മര്യാദയ്ക്ക് സംസാരിക്കണം. എടീ പോടീന്നൊക്കെ വിളിച്ചാൽ താൻ വിവരം അറിയും. വേലായുധൻനായരെക്കുറിച്ച് നിങ്ങൾക്ക് എന്ത് വേണമെങ്കിലും കരുതാം. അത് ഞങ്ങളുടെ വിഷയമല്ല." അവളും വിടുന്ന ലക്ഷണമില്ല.

"എല്ലാം ഞങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്ക്യ. ഒന്നുരണ്ട് പേര് കുത്തിയിര്ന്ന്‍ ഏഴ്തിയിണ്ടാക്കണ നിങ്ങടെ പൂതികള്, സ്വന്തം എജമാനന് വേണ്ടി ഒര് പൊത്കാര്യാണെന്ന നെലയ്ക്ക് ഏഴ്ന്ന്‍ള്ളിക്കണത്...അതൊര് രാജ്യത്തെയാകെ വിശ്വസിപ്പിക്ക്യ. നിങ്ങള് പറയണത്‌ നൊണയാണെന്ന് ഇപ്പൊ ഞങ്ങക്ക് ബോദ്ധ്യായിത്തൊടങ്ങി. നേരിട്ട് അനുഭവിക്കണോരാ കമ്പ്യൂട്ടറിക്കൂടെ ഇപ്പോ കാര്യങ്ങള് പറഞ്ഞു തരണേ. ഇനി നിങ്ങടെ നൊണ വിശ്വസിക്കാന്‍ ആരേം കിട്ടില്ല കൊറച്ച് നാളുംകൂടി കഴിഞ്ഞാ....കഴിഞ്ഞ ദെവസം നിങ്ങള് കണ്ടത്‌ അതാ."

"ഞങ്ങളെന്തു കണ്ടെന്ന്...?"

"ഞങ്ങളെപ്പോലുള്ളോര് സര്‍ക്കാരിന് കൊട്ക്കണ നികുതിപ്പണം താമസിക്കാനൊള്ള വീടെന്ന വ്യാജേന നിങ്ങ കൊള്ളയടിച്ചത്...പന്ത്രണ്ട് വർഷായി ഒരൊറ്റ അടവ്‌ പോലും തിരിച്ചടക്കാതിര്ന്നത്...നിങ്ങളീ പലരും ആ വായ്പ എട്ത്തോരല്ലേ? അതെന്താ സത്യല്ലേ? ജീവിക്കാൻ വേണ്ടിട്ട് അയ്യായിരം ഉലുവ എടുത്തേന്‌ മറ്റൊരാള്‍ടെ പേരില് കള്ളക്കഥ പ്രചരിപ്പിക്കണ നിങ്ങള് ഓരോര്ത്തരും ലക്ഷങ്ങൾ കടം വാങ്ങി തട്ടിച്ചെട്ത്ത വീടുകള് വാടകയ്ക്ക് കൊട്ത്ത്‌ വഞ്ചിച്ച കഥ എത്ര ആൾക്കാര്‍ക്കറിയാം?"

"അതെല്ലാം ഞങ്ങൾ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ലേ?"

"ത്ഫൂ....തീരുമാനിച്ചു! അധികഭാഗോം എഴുതിത്തള്ളി. രണ്ടു കൂട്ടരും കൂടി ഒത്ത്‌ കളിച്ച് വീണ്ടും ഞങ്ങളെ പറ്റിച്ചു. നിങ്ങള് മൂടിവെയ്ക്കണതും നൊണ പ്രചരിപ്പിക്കണതും ഞങ്ങള്  കണ്ട്പിടിക്കാന്‍ തൊടങ്ങി. പലരും പല രൂപത്തില് പ്രതികരിച്ചെന്ന്‍ വരും സഹികെടുമ്പോ. നിങ്ങളെ കൊറേ വിശ്വസിച്ചതാ ഞങ്ങക്കു പറ്റിയ തെറ്റ്. ഇനി അതാവർത്തിക്കുന്ന് കര്തണ്ട."

"ഞങ്ങള്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എടുത്തിട്ട് പോയ്ക്കൊള്ളാം."

"ഏതദ്ദേഹത്തിന്റെ...? അയാളിനി ടീവീ സ്വന്തം പടം കണ്ട് കോൾമയിർക്കൊള്ളാവ്വേണ്ടി ജീവിച്ചിരിപ്പില്യല്ലോ. ഞങ്ങക്കും നിങ്ങടെ അത്തരം ഔദാര്യം ആവശ്യല്യ. പോകുന്നതാ നിങ്ങക്കു നല്ലത്." മരണ വീട്ടിലെ ജനങ്ങൾ ഒത്തു കൂടിയപ്പോൾ അവർ പിന്തിരിഞ്ഞ് നടന്നു.

ശബ്ദമില്ലാത്ത വീഡിയോയിൽ കയർത്ത് സംസാരിക്കുന്ന പ്രാഞ്ചീസിനേയും, കൂട്ടം കൂടിയ മരണ വീട്ടിലെ ജനങ്ങളേയും മാറിമാറി കാണിക്കുന്നതിനിടയിൽ ടീവിയിൽ വാർത്ത വായിക്കുകയാണ്‌. ‘വേലായുധൻനായരുടെ മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ  പ്രവർത്തകരെ അവിടെ തടിച്ചു കൂടിയ ഒരു കൂട്ടം ആളുകൾ തെറി പറഞ്ഞും ചീത്ത വിളിച്ചും അടിച്ചോടിച്ചു. കേട്ടാലറക്കുന്ന...."

-മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം- എന്ന ഫ്ലാഷ് ന്യൂസ് ടീവികളിൽ മിന്നിക്കൊണ്ടിരിക്കുമ്പോൾ വേലായുധൻ നായരുടെ ശവശരീരത്തിൽ അഗ്നി ആളിപ്പടരുകയായിരുന്നു.

13/7/12

ഇഷ്ടമില്ലാത്തിഷ്ടം






ഫെയ്സ്ബുക്കിലിടാൻ പഴയ ചില ചിത്രങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ സെൽഫൊൺ പാടാൻ തുടങ്ങിയത്. പരിചയമില്ലാത്ത നമ്പറാണ്‌. രണ്ടുമാസത്തെ ലീവിനുവേണ്ടി പുതിയ സിമ്മെടുത്തതിനാൽ അധികം ആർക്കും നമ്പർ കൊടുത്തിരുന്നില്ല. ലാന്റ് ഫോണിന്റെ നമ്പറും വീട്ടിലെ മൊബൈലിന്റെ നമ്പറും എല്ലാവർക്കുമറിയാം. ഇതൊന്നും അറിയാത്ത വ്യക്തിയാണ്‌ വിളിക്കുന്നത്. തിരിച്ചുപോകാൻ ഒരാഴ്ച ബാക്കിയുള്ള ഈ സമയത്ത് ആരായിരിക്കും വിളിക്കുന്നതെന്ന് ചിന്തിച്ചാണ്‌ ഫോണെടുത്തത്. 

"എടാ..ഭുവനാടാ ഇത്.." 

പെട്ടെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നി. പഴയ സ്വഭാവത്തിന്‌ ഒട്ടും മാറ്റമില്ല. അല്ലെങ്കിൽ ഇരുപത് വർഷം കഴിഞ്ഞിട്ടും പഴക്കമുള്ള പരിചയ ശബ്ദത്തിന്‌ നേരിയ വ്യതിയാനമെങ്കിലും സംഭവിക്കേണ്ടതായിരുന്നു. 

"ടാ..നിയ്യായിരുന്നോടാ..? ഇതിപ്പൊ എവടെ നിന്നാ? ഇപ്പൊ നാട്ടിലാണൊ? എന്താ പരിപാടി?" അറിയപ്പെടാത്ത നിരവധി വികാരങ്ങൾ ഇഴപിരിഞ്ഞ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം കൊണ്ട് തിക്കുമുട്ടി. തുടക്കത്തിൽത്തന്നെ ഭുവനാണ്‌ എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ അല്പം പാടുപെട്ടേനെ എന്നതായിരുന്നു വാസ്തവം. കാരണം ബോംബെ സൗഹൃദം പോലുള്ള പുറത്തെ സൗഹൃദങ്ങൾ അവിടം വിടുന്നതോടെ, പുതിയ മേച്ചില്പുറങ്ങളിൽ രൂപപ്പെടുന്ന സൗഹൃദങ്ങളിൽ നിഷ്പ്രഭമായിത്തീരാറുണ്ട്. എന്നാലുമൊരു സൂചനയിലൂടെ പെട്ടെന്നോർക്കാൻ കഴിയുന്നത് അന്നത്തെ അതിന്റെ വ്യാപ്തി തന്നെ. 

ഇടവേളക്കൊരവസാനം, ഒരു തമാശക്കെങ്കിലും ഇത്തരം പുതുക്കലുകളിൽ പരസ്പരം ഓർക്കുന്നുണ്ടോ എന്ന പരീക്ഷണം നടത്താൻ ആദ്യ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാറുള്ളതല്ലെ? അതാണ്‌ ഭുവന്റെ പഴയ സ്വഭാവത്തിൽ മാറ്റമില്ലെന്ന് പറഞ്ഞത്. പരീക്ഷിക്കാതേയും വളച്ചുകെട്ടാതേയും നേരേ പറയുക. 

"എടോ..തന്റെ രവിച്ചേട്ടനാ നിന്റെ നമ്പർ ഇനിയ്ക്ക് തന്നത്. ഞങ്ങളെടയ്ക്ക് കാണാറ്‌ണ്ട്. രവി നിന്നോടൊന്നും പറഞ്ഞില്ലെ"?

 പ..റഞ്ഞിരുന്നു. നിന്റെ നമ്പറില്ലാത്തോണ്ടാ വിളിക്കാൻ പറ്റാഞ്ഞേ. പിന്നെ നിന്റെ വീടെവടാന്നും അറിയില്ലല്ലോ?" രവിച്ചേട്ടൻ ഒന്നും പറഞ്ഞിരുന്നില്ല. രവിച്ചേട്ടനത് ഓർത്തിണ്ടാകില്ല. ഭുവനോട് അങ്ങിനെ പറയേണ്ടെന്ന് തോന്നി. 

"ഞാൻ പലവഴിക്കും പലതവണ നിന്നേക്കുറിച്ച് അന്വേഷിച്ചിരുന്നു. ഒന്നുകിൽ നീ ഗൾഫിലാണ്‌ അല്ലെങ്കില്‍ കഴിഞ്ഞ ആഴ്ച തിരിച്ചുപോയി എന്നാ അറിഞ്ഞിരുന്നത്. ഇത്തവണ എന്തായാലും കാണണമെന്നു തോന്നി. നീയെന്നാ തിരിച്ച് പോകുന്നത്? അതിനുമുൻപ് നിന്നെ ഒന്നു കണ്ടാമതി എനിക്ക്..." 

നിന്റെ വീടോ ഫോൺ നമ്പറോ നേരത്തേ അറിഞ്ഞിട്ടാണോ നിന്നെ ഞാനിപ്പോൾ വിളിക്കുന്നതെന്നാണ്‌ സാധാരണ നിലയിൽ തിരിച്ച് ചോദിക്കേണ്ടത്. അവനതിനുപകരം കേൾക്കാത്തത് പോലെ തിരസ്ക്കരിച്ചു. ഓരോ പ്രവൃത്തിയിലും അവന്റെ പ്രത്യേകതകൾ ഇത്തരത്തിലായിരുന്നു. മറ്റുള്ളവരെപ്പോലെ പകരത്തിനുപകരം എന്ന് ചിന്തിക്കാതെ മനസ്സിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത് പ്രവൃത്തിക്കുക. അധികം ആരിലും കാണാത്ത ഈ സ്വഭാവ വിശേഷങ്ങളാണ്‌ ഭുവനെ വ്യക്തതയോടെ ഓർമ്മപ്പെടുത്തുന്ന ഒരു ഘടകം. 

"അടുത്താഴ്ച പോകും. അതിനുമുൻപ് കാണാം. ഇനിയ്ക്കും തെരക്കായി നിന്നെ കാണാൻ. നിന്റെ പെണ്ണും മോളും എന്ത് പറയുന്നു? അവരും കൂടെ ഇല്ലേ?" ഒറ്റയടിക്ക് എല്ലാം അറിയാനായിരുന്നു തിടുക്കം.

"അതൊക്കെ വെല്യ കഥയാ..നമ്ക്ക് നേരിട്ട് പറയാം. ഇത് വേറൊരാൾടെ ഫോണാ. കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാം." ഫോൺ കട്ടായി. 

തിരിച്ചു വിളിച്ചാലോ. വേണ്ട. അവൻ തിരിച്ച് വിളിക്കാം എന്നല്ലെ പറഞ്ഞത്. ആകാംക്ഷ പെരുകി. അപ്രതീക്ഷിതമായി വന്നെത്തിയ പഴയ സൗഹൃദത്തിന്റെ ഓർമ്മയില്‍ കഴിഞ്ഞുപോയ യുവത്വത്തിന്റെ നാളുകൾ തെളിമയോടെ ഉദിച്ചുവന്നു. മൂടപ്പെട്ടു കിടന്നിരുന്ന ആ നല്ല നാളുകൾ ഇനിയും തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന മനസ്സിലൂടെ മിന്നിമറിഞ്ഞു. 

ഭുവൻ വിളിക്കുന്നതിനുമുൻപ് രവിച്ചേട്ടനെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കണം.

"ഹലോ..രവിച്ചേട്ടാ.."

"ഹലോ...എന്താടാ അത്യാവശ്യായ വിളി പോലെ..."

"ചുമ്മാ വിളിച്ചതാ..നമ്മ്ടെ ആ ഭുവന്റെ വിവരം അറിയാനാ." 

"ഓ...ഞാനത് പറയാൻ വിട്ട്പോയി. പല തവണ ഭുവൻ പറഞ്ഞിരുന്നതാ. നിന്നോട് സംസാരിക്കുമ്പോ ഞാനത് വിട്ട്പോകും. എന്തേ..അവൻ നിന്നെ വിളിച്ചിരുന്നോ?" 

"അതെ. ഇപ്പൊത്തന്നെ വിള്‍ച്ചിരുന്നു. കൊറച്ച്കഴിഞ്ഞ് വീണ്ടും വിളിക്കാന്ന് പറഞ്ഞിട്ട്ണ്ട്. രവിച്ചേട്ടൻ എന്നോട് ഭുവനെപ്പറ്റി പറഞ്ഞിരുന്നൂന്ന്‍ ഞാൻ നൊണ്യും പറഞ്ഞുപോയി അവനോട്. ഇനി വിളിക്കുമ്പോ എന്തെങ്കിലും പറയണല്ലോന്നു കര്‌ദ്യാ ഞാനൊടനെ രവിച്ചേട്ടനെ വിളിച്ചത്." 

"ചെലപ്പഴൊക്കെ അവന്‍ എന്റട്ത്ത് വരും. വളരെ ദയനീയമാണ്‌ ഇപ്പഴവന്റെ സ്ഥിതി." രവിച്ചേട്ടന്റെ സംസാരത്തില്‍നിന്ന് കാര്യങ്ങള്‍ മോശമാണെന്ന് മനസ്സിലാവുന്നു.

"ബോംബെയിലെ ജോലിയൊക്കെ വിട്ടോ? നല്ല ജോലിയായിരുന്നല്ലോ." 

"വിട്ടതല്ല, ആ കമ്പനി അവനെ ഒഴിവാക്കി. മറാത്തിയും ഹിന്ദിയും നന്നായി സംസാരിക്കാനറിയാം എന്നല്ലാതെ അവനെന്താ വേറൊരു യോഗ്യത? അങ്ങിനെയൊള്ള ഒരാക്ക് ഇത്രേം നല്ല ജോലി കിട്ടിത് കളയാണ്ട് നോക്കണ്ടത് അവനവൻ തന്ന്യല്ലേ? നാളേയ്ക്ക് വേണ്ടി ഒന്നും കര്‌താതെ ഇന്നാഘോഷായി നടന്നിര്‌ന്ന അവന്‌ മോന്ത്യായാ വെള്ളടിക്കണംന്നല്ലാതെ വെല്ല ചിന്തയും ഇണ്ടായിര്‌ന്നോ? അവന്റെ ഭാര്യും അവനെപ്പോലെ ബോംബെ സ്റ്റൈലീ അല്പം ‘മിനുങ്ങി’ ജീവിക്കാൻ തൊടങ്ങിതോടെ അവര്‌ടെ ജീവിതം തന്നെ നിയന്ത്രണം വിട്ടിര്‌ന്നില്ലെ?"

"ഞാൻ ഗൾഫീന്ന് ആദ്യത്തെ ലീവിന്‌ വന്നപ്പോ ബോംബെലിറങ്ങി അവന്റെ വീട്ടീ പോയിരുന്നു. പിന്നീടൊള്ള ഒരു വിവരോം ഇനിയ്ക്കറിയില്ല."

"അച്ചനുമമ്മേം ഇങ്ങിന്യായോണ്ട് മോളും മോൾടെ വഴിക്ക് പോയി. അതിനെടേലാ ഭുവന്റെ ജോലീം നഷ്ടായേ. ജോലി ഇല്യാണ്ടായ ഭുവനെ അമ്മേം മോളുങ്കൂടി അടിച്ചിറക്കീന്നാ കേട്ടേ. ഗത്യന്തരല്യാതെ ആറ്‌ കൊല്ലം മുമ്പ് അവൻ നാട്ട്ലെത്തി. അമ്മ്യേം മോളും സുഖായി ബോംബേല്‌ കഴിയണ്ണ്ട്ന്നാ അറിഞ്ഞെ." 

"അവര്‌ടെ ജീവിതം കണ്ട് അസൂയ തോന്നിട്ട്ണ്ട്. ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഒരിക്കലും കരുതിയില്ല. ഭുവനിവിടെ എന്താ ചെയ്യണേ?"

"ഭുവനല്ല, ഭുവനേന്ദ്രൻ നമ്പൂരി. പേരിനൊരു നമ്പൂരി കൂടി ഇണ്ടായത് ഇപ്പോ ഭാഗ്യായി. പണ്ട് പരിചയൊള്ള ഒരു നമ്പൂരി ഇപ്പൊ കല്യാണങ്ങക്കും അടിയന്തിരങ്ങക്കും ഒക്കെ സദ്യ നടത്തിക്കൊടുക്ക്ന്ന്‍ണ്ട്. അവര്‌ടെ കൂട്ടത്തിലാ. ഒരിയ്ക്കലിവ്ടെ അട്ത്തൊരു കല്യാണത്തിനെടേലാ ഞങ്ങ കണ്ടുമുട്ടിത്." 

"ആ പണി എന്നും ഇണ്ടാവില്ലല്ലോ?" 

"എന്തിനാ എന്നും പണി? അവനിപ്പഴും മൊന്ത്യായാ വെള്ളടിക്കണംന്ന് മാത്രേ ഒള്ളു. ഒരു കുടുംബണ്ടായിരുന്നൂന്നൊള്ള അങ്കലാപ്പോ വെഷമോ ഒന്നും ഇപ്പഴവനില്ല. കാശില്ലെങ്കി ആരോട് കൈനീട്ടാനും ഒരു മടിയൂല്യ ഇപ്പഴും. പഴയ അതേ സ്വഭാവം. എന്റടുത്തവന്‍ വര്‌ന്നന്ന് ഒരു ഷർട്ടും മുണ്ടും ഞാനവന്‌  കൊടുക്കണം, പോകുമ്പോ വണ്ടിക്കൂലിക്കുള്ള പൈസയും. അവനെ അറിയാവുന്നതോണ്ട് എത്ര സഹായിക്ക്യാനും ഇനിക്ക് മടിയില്ലട്ടോ, വിഷമവും. പക്ഷെ മറ്റൊരാള് അവനെക്കുറിച്ച് എന്ത് വിജാരിയ്ക്കുംന്ന പ്രയാസം തോന്നാറ്‌ണ്ട്." 

"രവിയേട്ടാ..സത്യത്തിൽ ഈയവസ്ഥ അറിഞ്ഞപ്പോ പ്രയാസം തോന്നുന്നു." 

"ആദ്യം മുതലേ നിന്നെയവൻ ചോദിക്കാറ്‌ണ്ടായിര്ന്നു. നിന്റെ നമ്പറ്‌ ഞാൻ മന:പ്പൂർവ്വം  കൊട്ക്കാതിര്‌ന്നതാ. അവസാനം കൊടുക്കാതിരിക്കാൻ പറ്റാതായപ്പഴാണ്‌ കൊടുക്കേണ്ടി വന്നത്. നീ ഇവിട്യില്ലെങ്കിലും നിന്റെ വീടന്വേഷിച്ച് അവൻ എത്തുന്നറിയാം. നമ്മേപ്പോലെ ആവുല്യല്ലൊ നമ്മ്ടെ ഭാര്യമാര്‌. പണ്ട് കൂത്താടി നടന്ന ഒരു കൂട്ടുകാരൻന്ന് പറഞ്ഞാ അവര്‌ക്ക് പുച്ചായിരിക്കും, പ്രത്യേകിച്ചും എല്ലാം അറിയാവ്ന്ന നെലയ്ക്ക്." 

രവിയേട്ടൻ പറയുന്നത് സത്യമാണ്‌. പക്ഷെ അതങ്ങിനെ സമ്മതിക്കാൻ മനസ്സ് അനുവദിച്ചില്ല. 

"നീയും ഭുവനും ഒന്നായിരുന്നല്ലോ. എന്നേക്കാൾ കൂടുതല് അവനാ നിനക്ക് വേണ്ടി എല്ലാം ചെയ്തു തന്നത്. ആ അടുപ്പം വെച്ചോണ്ട് നീയവന്‌ എന്തെങ്കിലും ചെയ്തുകൊടുക്കേണ്ടിവരും എന്നെനിയ്ക്ക് തോന്നി. ഇപ്പഴത്തെ നിന്റെ ചുറ്റുപാടില് ആ പഴയ ബന്ധം പുതുക്കുന്നത് യോജിക്കില്ലെന്നെനിയ്ക്ക് തോന്നി. ശരി...ഞാൻ പിന്നെ വിളിക്കാടാ."

ഫോൺ കട്ടായപ്പോൾ ഉത്തരമില്ലാത്ത ഒരുപാട് ശരികളും തെറ്റുകളും കലമ്പൽ കൂട്ടി. രവിയേട്ടനോട് സംസാരിക്കുന്നതുവരെ ഭുവനെ എങ്ങിനെയെങ്കിലും കാണണം, അവനെ കെട്ടിപ്പിടിച്ച് പഴയ സൗഹൃദം പുതുക്കണം എന്ന് മാത്രമായിരുന്നു ചിന്ത. പക്ഷെ രവിയേട്ടൻ സൂചിപ്പിച്ചതുപോലുള്ള വസ്തുതകൾ പരിഗണിക്കുന്നതാണ്‌ തുടർന്നുള്ള ജീവിതത്തിനു ഗുണകരം എന്ന ഒരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി. 

കൃത്യസമയത്തു തന്നെ ഭുവൻ തിരിച്ചു വിളിച്ചു. ഫോൺ എടുക്കേണ്ടെന്നുവരെ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല. 

"ഭുവനല്ലെ?" 

"പിന്നാരാടാ നിന്നെ വിളിക്കാൻ?" ഒരു തരി ചോരാത്ത അവന്റെ സ്നേഹം പഴയപടി അനുഭവിക്കുന്നതായി തോന്നി. കാലത്തിനനുസരിച്ച് സ്വഭാവം മാറുമെന്ന് പറയുന്നത് വെറുതെ. ആഗ്രഹവും സ്വാർത്ഥതയുമാണ്‌ പെരുകുന്നത്! അവൻ തുടർന്നു. 

"ഇന്നത്തെ ജോലി കഴിഞ്ഞെടോ. പോകുവാന്‍ നിക്കാ. ഒരു വാനിലാ എല്ലാരും കൂടി പോക്വാ. ഇവ്ടന്ന് ഏതാണ്ട് അഞ്ചു കിലോമീറ്ററല്ലെ ഒള്ളു നിന്റെ വീട്ടിലേയ്ക്ക്‌... അതുകൊണ്ട് ഞാനവരുടെ കൂടെ പോകണ്ടാന്നു വെച്ചു. യിപ്പൊത്തന്നെ ഞാനങ്ങോട്ട് വരാം." 

"അയ്യോ..ഇപ്പൊ വേണ്ട....ഭാര്യയും മക്കളുമൊത്ത് ഞാൻ ഭാര്യവീട്ടിലേയ്ക്ക് പോകാനെറങ്ങി. നാളെയൊ മറ്റന്നളോ ഞാൻ വിളിക്കാം."

"കഷ്ടായിടാ..വിളിക്കണം. മറക്കരുത്. നിന്നെ കാണാത്തോണ്ട് ചങ്കിനകത്ത് ഒരു പ്രയാസം. എത്ര കൊല്ലായിടാ നമ്മള് കണ്ടിട്ട്..? എന്നാ ഞാനവരുടെ കൂടെ പോട്ടെടാ." 

തൊണ്ട കിടുകിടുത്ത് കരച്ചിൽ വന്നെങ്കിലും ഒരു നെടുവീർപ്പിൽ എല്ലാം ഒതുക്കി. നുണ പറഞ്ഞതാണെന്ന് ഭുവന്‌ മനസ്സിലായി കാണുമോ? അവനെ ഒഴിവാക്കുകയാണെന്ന് തോന്നിയിരിക്കുമോ? ഇല്ല.. അവനങ്ങനെ ചിന്തിക്കാനാവില്ല.

മറ്റന്നാളാണ്‌ തിരിച്ചു പോകേണ്ടത്. ഇതിനിടയിൽ ഭുവനെ വിളിച്ചില്ല എന്ന കുറ്റബോധത്തേക്കാൾ കൂടുതൽ അവൻ വിളിച്ച കോളുകൾ അറ്റന്റു ചെയ്തില്ലെന്ന മനോവേദനയോടെ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ്‌ രവിയേട്ടന്റെ ഫോൺ. 

"എന്താ രവിയേട്ടാ..?" 

"ഇത്ര വേഗം ഉറക്കായോ?" 

"ഇത്ര വേഗോ..?മണി പതിനൊന്ന് കഴിഞ്ഞു. എന്തേ വിശേഷിച്ച്?" 

"മറ്റന്നാ നീ പോകല്ലേ എന്ന് പെട്ടെന്നോർത്തപ്പോ ഒടനെത്തന്നെ വിളിച്ചതാ. എങ്കി ഒറങ്ങിക്കോ. നാളെ കാണാം." 

പോകുന്നതോർത്ത് വിളിച്ചതാകാൻ വഴിയില്ല. എന്തിനായിരിക്കും ഈ നേരത്ത് വിളിച്ചിരിക്കുക? ഇനി ഭുവനെങ്ങാനും വിളിച്ച് പരാതി പറഞ്ഞു കാണുമോ? അങ്ങിനെ ഉണ്ടെങ്കിൽ പറഞ്ഞേനെ. 

നാളെ പോകണമല്ലൊ എന്ന ചിന്ത കാരണം നേരത്തേ ഉണർന്നു. ചായകുടി കഴിഞ്ഞില്ല, അതിനുമുൻപേ രവിയേട്ടന്റെ വിളി വന്നു. 

"പറയ് രവിയേട്ടാ." 

"ഒരു ദു:ഖ വാർത്തയിണ്ട്. ഇന്നലെ അത് പറയാനാ വിളിച്ചേ. പിന്നെ നിന്റെ ഒറക്കം കളയണ്ടാന്ന് കര്‌ദി. നമ്മ്ടെ ഭുവൻ ഇന്നലെ രാത്രി മരിച്ചു." 

സ്തബ്ധനായിപ്പോയി. ഉമിനീര്‌ വറ്റി. തലച്ചോറിനകത്ത് കടന്നലുകൾ കുത്തിക്കയറുന്നു. ചങ്ക് പൊട്ടിപ്പോകുമോ എന്ന് ഭയന്നു. 

"എ..ങ്ങ..നെ...?" മർമ്മരം പോലെ വാക്കുകൾ കെട്ടുപിണഞ്ഞു. 

"ഇന്നലെ രാത്രി എല്ലാരുംങ്കൂടെ വര്‍ത്താനം പറഞ്ഞിര്‌ന്നപ്പോ നെഞ്ച് പൊത്തിപ്പിടിച്ച് താഴെ വീണു. പിന്നെ അനങ്ങില്യ. ഇന്ന് പത്ത് മണിയ്ക്കും ഒരു മണിയ്ക്കും എടേല് ശവം മറവ് ചെയ്യും. നിന്നെ അറിയിക്കണ്ടാന്ന്  കര്‌ദീതാ ആദ്യം. അത് ശര്യല്ലല്ലൊ." 

"നിങ്ങൾ കാരണമാണ്‌ എനിക്കവനെ കാണാൻ പറ്റാഞ്ഞത്..."താക്കീതും ഭീഷണിയും പോലുള്ള സ്വരം അല്പം ഉയര്‍ന്നു പോയി. 

"കുറ്റപ്പെട്ത്തലൊക്കെ പിന്നെ. ഞാനിപ്പൊ ബൈക്കുമായി അവ്ടെ വരാം. നീ തയ്യറാവ്. ഇപ്പൊ പോയാ പതിനൊന്നു മണിക്കുമുമ്പ് അവ്ടെ എത്താം. ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും അവ്ടെ എത്താൻ. ഞാനിതാ പൊറപ്പെടുന്നു." 

എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. നെറികേടും കുറ്റബോധവും ആകെ ഉലച്ചു. ഒന്നും സംസാരിക്കാതെ രവിയേട്ടന്റെ ബൈക്കിനു പുറകിലിരിക്കുമ്പോൾ കലുഷിതമായ മനസ്സ് വ്യക്തമല്ലാത്ത കാഴ്ചകളിലൂടെ പാഞ്ഞു. 

മൗനമായി നിൽക്കുന്ന കുറച്ചാളുകൾക്കു പുറകെ ചെറിയൊരു വീട്ടുമുറ്റം നിശ്ശബ്ദമായ ദു:ഖത്തിലാഴ്ന്നു കിടക്കുന്നു. ആരേയോ പ്രതീക്ഷിക്കുന്നതുപോലെ ചിലരെല്ലാം ബൈക്കിൽ നിന്നിറങ്ങുന്ന ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

"രവി എത്ത്യോ? കൂടെള്ളത് ആരാ?" പ്രായമുള്ള തിരുമേനിക്ക് രവിച്ചേട്ടനെ അറിയാമെന്ന് തോന്നുന്നു. 

"ഇവനെന്റെ ബന്ധുവാ."

"നിങ്ങള് പോയി കണ്ടിട്ട് വാ. അത് കഴിഞ്ഞുവേണം ചടങ്ങ്കള് തീർക്കാൻ." 

രവിച്ചേട്ടനൊത്ത് മൃതദേഹത്തിനടുക്കലേക്ക് നീങ്ങുമ്പോൾ കുറ്റബോധം പെരുകിക്കൊണ്ടിരുന്നു. നീണ്ടുനിവർന്ന തടി കുറഞ്ഞ ശരീരം. ഒറ്റ മുടി പോലും നരക്കാത്തതാണ്‌ ഇത്രയും വർഷം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം തോന്നാതിരിക്കാൻ കാരണം. 

തിരിച്ച് നടക്കുമ്പോൾ ബോംബെ ജീവിതം കൂടുതൽ തെളിഞ്ഞു വന്നു. ഒപ്പം നന്ദികേടിന്റെ ഭാരം പരിസരബോധം നഷ്ടപ്പെടുത്തുന്നതായി അനുഭവപ്പെടാന്‍ തുടങ്ങി. തിരുമേനിയോട് രവിച്ചേട്ടൻ കാര്യങ്ങൾ തിരക്കുകയാണ്‌. 

"ഭാര്യയും മോളും വന്നില്ലെ തിരുമേനി?" 

"ന്ന്ലെ രാത്ര്യന്നെ അറീച്ചു. ഞങ്ങ്ളെ പ്രതീക്ഷിക്ക്‌ണ്ടാന്നും അയാളായി ബന്ധല്യാന്നും പറഞ്ഞു. പിന്നാരും വാരാല്യാലൊ." 

"പിന്നെന്തേ ഇത്രേം വൈകിച്ചേ? വെളുപ്പിനേ എല്ലാം കഴിക്കായിരുന്നില്യെ?" 

"അങ്ങ്ന്യാ ഞങ്ങ്ള്‌ കര്‌ദ്യേ. ന്ന്ലെ രവ്യേ വിളിച്ച് പറയണേന്‌ മുന്നെ മരിച്ച് കെട്‌ക്ക്‌ണ ഭുവന്റെ ഷർട്ടിന്റെ പോക്കറ്റ്ലൊരു പഴേ ഫോട്ടോ കാണെണ്ടായി.  ഫോട്ടോയില്ള്ള ആളെ ആർക്കും പരിച്യം ഇല്യാത്തോണ്ട് ഒര്‌ മണ്യരെ കാക്കാന്ന് എല്ലാരുങ്കൂടീ തീര്‌മാനിക്കണ്ടായേ." 

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോവെടുത്ത് തിരുമേനി രവിയേട്ടനു നേരെ നീട്ടി. അതു വാങ്ങി നോക്കിയ രവിയേട്ടൻ പരിഭ്രമവും സഹതാപവും കലർന്ന കണ്ണുനീരോടെ എന്നെ ദയനീയമായി നോക്കുമ്പോൾ എന്റെ ശരീരം വിറക്കുന്നതായി തോന്നി. തിടുക്കപ്പെട്ട് രവിയേട്ടനിൽനിന്ന് ഫോട്ടോ പിടിച്ചുവാങ്ങി. 

ഞെട്ടിപ്പോയി! 

9/5/12

പതിവ്‌ പതിയാത്ത കുഞ്ഞുമനസ്സ്

ബസ്സിനകത്ത് നല്ല തിരക്കുണ്ടാകുമെന്നാണ്‌ കരുതിയിരുന്നത്. കയറിയപ്പോൾ ഇരിക്കാൻ സീറ്റ് കിട്ടുമെന്നുവരെ തോന്നി. അതുണ്ടായില്ല. കാലിയായി കിടക്കുന്ന സീറ്റുണ്ടായിട്ടും മൂന്നാല്‌ പെങ്കുട്ടികൾ ഡ്രൈവർക്ക് പുറകെ നിൽക്കുന്നുണ്ട്. കോളേജ് കുട്ടികൾ ഇരിക്കുന്നത് കണ്ടാൽ ചില കണ്ടക്ടർമാരുടെ നാവ് ചൊറിഞ്ഞുവരും. അത് കേൾക്കേണ്ടെന്നു വെച്ചാണ്‌ അവർ നിൽക്കുന്നത്.

കുട്ടിബസ്സുകളാണ്‌ ഈ ഗ്രാമപ്രദേശത്തുകൂടെ അധികവും. മുഴുവൻ വളവും തിരിവും ആയതോണ്ട് ചെറിയ ബസ്സുകളേ പറ്റൂ. സാധാരണയായി ആളുകളെ കുത്തിനിറച്ചാണ്‌ പോകാറുള്ളത്. ഇന്നെന്തുപറ്റി എന്നറിയില്ല.

കയറിയപാടേ പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നാണ്‌ നോക്കിയത്. ആരുമില്ല. ഉണ്ടായിരുന്നെങ്കിൽ അവരെ എഴുന്നേല്പിച്ച് അവിടെ ഇരിക്കാമെന്നാണ്‌ കരുതിയത്. പത്തമ്പത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ബസ്സില്‍ യാത്ര ചെയ്യുന്നത് പ്രയാസമായി തീര്‍ന്നിരിക്കുന്നു. കാലിന്റെ മുട്ട് നന്നായി വേദനിക്കുന്നുണ്ട്. ഒരുതരം കഴപ്പാണ്‌. നിൽക്കുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബസ്സിനുള്ളിലെ കുത്തനേയുള്ള കമ്പിയോട് ചേർന്ന് നിന്നു. വലതു വശത്തെ സീറ്റിന്റെ ഓരത്ത് ചന്തികൂടി ചാരിയപ്പോൾ അല്പം ആശ്വാസം.

ആ സീറ്റിൽ ഒരു സ്ത്രീയും എട്ടൊമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാങ്കുട്ടിയും ഇരിപ്പുണ്ട്. കുട്ടി ഈ അറ്റത്തേക്ക് നീങ്ങിയാണ്‌ ഇരിക്കുന്നത്. മറ്റാരും ഇടയ്ക്ക് കയറിയിരിക്കാതിരിക്കാൻ കാലൊക്കെ അകത്തിവെച്ച് വിസ്തരിച്ചാണ്‌ രണ്ടുപേരുടേയും ഇരിപ്പ്. സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവരിവിടെ വന്നിരുന്നതാണ്‌ വിനയായത്. ഇതാണ്‌ എന്റെ കുഴപ്പം. അവരെവിടെയെങ്കിലും ഇരുന്നോട്ടെ. ഈ തരം തിരിവ് പാടില്ലെന്ന് എത്ര തീരുമാനിച്ചാലും മനസ്സിൽ ആദ്യം കടന്നുവരുന്നത് അങ്ങിനെ തന്നെ. എന്റെയീ സ്വഭാവം കൊണ്ട് ഞാൻ തോറ്റു.

എന്റെ മാത്രം തോന്നലാണ്‌ ഇത്തരം സ്വഭാവരൂപീകരണത്തിന്‌ ഹേതു എന്നു പറയുന്നതും ശരിയല്ല. സ്ത്രീകൾ, വികലാംഗർ, വൃദ്ധർ എന്നിങ്ങനെ സംവരണം ചെയ്തുവെച്ചിരിക്കുന്നതുകൊണ്ടാകാം ഞാനങ്ങനെ ആലോചിക്കുന്നത്. നിയമം മൂലം പരിഹാരം വേണ്ടിവരുന്നിടങ്ങളിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാണല്ലൊ.

എന്നാലും അവർ ഒന്നൊതുങ്ങിയിരുന്നാൽ എനിക്കും ആ അറ്റത്ത് ഇരിക്കാമായിരുന്നു. കാലിന്റെ കഴപ്പ് കൂടി വരികയാണ്‌. ഇനി അത് കൂടാനാണ്‌ സാദ്ധ്യത. വേറെ ആരും എഴുന്നേൽക്കുന്ന മട്ടൊന്നും കാണാനില്ല. എന്തായാലും സഹിച്ചേ പറ്റൂ. ഇനി ഒരു നിമിഷംപോലും നിൽക്കാൻ വയ്യെന്നായി. ആരോടെങ്കിലും പറയാതെ പറ്റില്ല. ആ കുട്ടിയോട് ഒന്നൊതുങ്ങിയിരിക്കാൻ പറയാം. ആ കൊച്ചുമുഖത്ത് എന്നോടൊരു ദയയുള്ളത് പോലെ തോന്നി. ഞാൻ നോക്കിയിട്ട് അതേ വഴിയുള്ളു. ആ സ്ത്രീയെക്കണ്ടാലും അത്ര ഗൗരവക്കാരിയാണെന്ന് തോന്നുന്നില്ല. ചിലപ്പൊ ഇരിക്കാൻ പറ്റിയേക്കാം.

"മോനെ...ഒന്നൊതുങ്ങി ഇരുന്നാ എനിക്കും കൂടി അവിടെ ഇരിക്കാം. കാല്‌ കഴച്ച് നല്ല വേദന."

അവൻ ഒതുങ്ങിയതും അവന്റെ അമ്മ അവനെപ്പിടിച്ച് തള്ളി അറ്റത്താക്കിയതും ഒരുമിച്ചായിരുന്നു. അവന്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. സഹതാപത്തോടെ നിസ്സഹായനെപ്പോലെ അവന്‍ എന്നെ നോക്കി.

"അവനും ഫുൾ ടിക്കറ്റെടുത്താ യാത്ര ചെയ്യണേ. തനിക്ക് സ്ത്രീകൾ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നാലെ സുഖം കിട്ടൂ...." അവന്റെ അമ്മയുടെ മുഖം വക്രിച്ചു. കള്ളത്തരമില്ലാത്ത കുഞ്ഞുമനസ്സ് അമ്മയെ സംശയത്തോടെ നോക്കി.

ഞെട്ടിപ്പോയി ഞാൻ. ആ സ്ത്രീയിൽ നിന്നും ഇങ്ങിനെ ഒന്നു പ്രതീക്ഷിക്കാത്തതിനാലാണ്‌ അത്ഭുതം തോന്നിയത്. മനസ്സിൽ പോലും ചിന്തിക്കാത്തത് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ജാളൃത തോന്നി. ബസ്സിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഒരു കുറ്റവാളിയെപ്പോലെ. കാലിന്റെ കഴപ്പും വേദനയും ഇപ്പോൾ അറിയുന്നില്ല. അഭിമാനത്തിനുമേൽ നിഴൽ വീണിരിക്കുന്നു. മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.


അവർ പറഞ്ഞത് ശരിയാണ്‌. രണ്ടാൾക്ക് ഇരിക്കാവുന്ന ചെറിയ സീറ്റ്. രണ്ടുപേരും ടിക്കറ്റെടുത്തവർ. അതിനിടയിൽ മൂന്നമതൊരാൾക്കിരിക്കാൻ വകുപ്പില്ല. സ്ത്രീയിരിക്കുന്ന സീറ്റിൽ പുരുഷനിരിക്കുന്നത് നമ്മുടെ നാട്ടിൽ പതിവില്ലല്ലൊ. പതിവ്‌ തെറ്റിക്കുമ്പോഴാണ് പരാതിയും പ്രശ്നങ്ങളും ഉടലെടുക്കുന്നത്. തെറ്റിക്കുന്ന പതിവിന്റെ ശരി ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും. അതിനുള്ളില്‍ തെറ്റുകാരാകുന്നവര്‍ തൃപ്തി നേടുന്നത് ശരി കണ്ടെത്തിയതിനു ശേഷമായിരിക്കും. വേദനയ്ക്കിടയിൽ ഞാൻ അങ്ങിനെയൊന്നും ഓർത്തില്ല. അതായിരുന്നു എന്റെ തെറ്റ്. എവിടെയെങ്കിലും ഒന്നിരുന്നാൽ മതി എന്നു മാത്രമായിരുന്നു മനസ്സിൽ.

ആരോടെങ്കിലും പറഞ്ഞാലേ എനിക്കിങ്ങിനെയൊരു പ്രയാസമുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാനാവു. പറഞ്ഞാലും, എനിക്കിരിക്കാൻ വേണ്ടി നുണ പറയുന്നതാണെന്നേ അവർക്ക് തോന്നു. യാതൊരു അംഗവൈകല്യങ്ങളുമില്ലാത്ത ഒത്ത ശരീരമാണ്‌ എന്റേത്. അതുകൊണ്ട് അങ്ങിനെ ഒരു ശ്രമം നടത്തിയിരുന്നാലും ഫലമില്ലാതായേനെ.

ആ സ്ത്രീയുടെ രണ്ടാമത്തെ വാചകം ചിലരൊക്കെ കേട്ടിരുന്നു. കേട്ടവർ എന്നെ ‘ഒരുജാതി’ നോട്ടമാണ്‌ നോക്കിയത്. എന്തെങ്കിലും മിണ്ടാൻ പറ്റോ? മനസ്സിലൊതുക്കി സഹിച്ചു. അതുകേട്ട് സദാചാരപൊലീസുകാരായ ആദർശധീരർ ചാടിക്കയറി ചീത്തവിളി തുടങ്ങിയില്ലല്ലൊ എന്ന് സമാധാനിച്ചു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാര്യമറിയാതെ ഒരുവനെ ചീത്ത വിളിക്കാൻ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുകയാണ്‌ പതിവ്. ഈ ബസ്സിൽ അങ്ങിനെ ആരും ഇല്ലെന്നത് എന്റെ ഭാഗ്യം.

ആ കുഞ്ഞുമാത്രം ഇടയ്ക്കിടെ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അമ്മയുടെ പ്രവൃത്തി അവന് ഇഷ്ടപ്പെട്ടില്ല എന്ന് വ്യക്തം. എനിക്കാ സീറ്റില്‍ ചാരിനില്‍ക്കാന്‍ അമ്മയറിയാതെ അവന്‍ ഒതുങ്ങുന്നുണ്ട്. 

"ഇത്രേം പറഞ്ഞിട്ടും തനിക്ക് മനസ്സിലായില്ലെ? പിന്നേം ഇവിടെത്തന്നെ ചാരി നിക്കണോ....?"

ആദ്യത്തേതിന്‌ പ്രതികരണമൊന്നും ഉണ്ടാവത്തതിനാൽ സംഭവത്തിന്‌ അല്പം കൊഴുപ്പ് കൂട്ടുകയാണെന്ന് എനിക്ക് തോന്നി. ഇത്തവണ പുരുഷകേസരികൾ ഉണർന്നു. ഒന്നും കാണാതെ മുൻവശത്ത് ഇരുന്ന ഒരുവനാണ്‌ തുടങ്ങിയത്. പിന്നീടത് ബസ്സ് മുഴുവൻ വ്യാപിച്ചു.

-നാണമില്ലേട കെളവാ- തലേം കറപ്പിച്ച് നടക്കണ കോഴി- ആണുങ്ങടെ വെല കളയാൻ കാലത്തേ കുളിച്ചൊരുങ്ങി കേറിക്കോളും- പെണ്ണങ്ങളെ തൊട്ടാ ഇവനൊക്കെ എന്ത് സുഖം കിട്ടാനാ- അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാൻ പറ്റാത്ത ഇവനെയൊക്കെ തല്ലിക്കൊല്ലണം-

ഇതൊന്നുമല്ല, കേൾക്കാത്ത എത്രയോ തെറികൾ....ഞാനൊരക്ഷരം മിണ്ടിയില്ല. എന്റെ വായ തുറന്നാൽ തല്ല് വീഴും എന്നുറപ്പാണ്‌. ഒന്നും കേൾക്കാത്തവനെപ്പോലെ നിർവ്വികാരനായി തുടരാം. എന്തായാലും ഞാനൊരു സ്ത്രീപീഢനക്കാരനായി, വൃത്തികെട്ടവൻ, പെണ്ണ്‌പിടിയൻ. തെറ്റായ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ന്യായികരിക്കാൻ ശ്രമിച്ചാൽ സംഭവം കൂടുതൽ വഷളാകുകയേ ഉള്ളു.

ആ  കുഞ്ഞ് മാത്രമേ തന്റെ ഭാഗത്തുള്ളു എന്നൊക്കെ തോന്നാന്‍ തുടങ്ങി. അവന്റെ ചേഷ്ടകള്‍ അത്തരത്തിലുള്ളവയായിരുന്നു. ഓരോന്ന് പറയുന്നവരെ അവന്‍ ദേഷ്യത്തോടെ നോക്കാന്‍ തുടങ്ങി, ഇടയ്ക്ക് അമ്മയേയും.

നല്ലതും ചീത്തയും ഒന്നും മിണ്ടാനിനി എനിക്കവകാശമില്ല. എന്ത് പറഞ്ഞാലും അതിനെതിരെ കൊരച്ച്തുള്ളാൻ കാത്തിരിക്കുന്നവരാണ്‌ അധികവും. അടുത്തിരിക്കുന്ന ചിലർക്കെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥ അറിയാമെങ്കിലും ഒരു പെൺവിഷയം എന്നതിനാൽ തീക്കൊള്ളിയിൽ തൊടാൻ അവരും അറച്ചു. എന്റെ മുഖഭാവങ്ങളെവരെ തെറ്റ് ചെയ്തവന്റെ അഹങ്കാരമായി ചിത്രീകരിക്കുന്നു.

ബസ്സിൽനിന്ന് ഇറങ്ങിപ്പോകുക മാത്രമേ ഇനി പോംവഴിയുള്ളു. അടുത്ത ബസ്സ് കിട്ടണമെങ്കിൽ ഇനിയും ഒരു മണിക്കൂർ കാത്ത് നില്‍ക്കേണ്ടിവരും. നേരം വൈകിയാൽ ഡോക്ടറേയും കാണാൻ കഴിയില്ല. വരുന്നത് വരട്ടെ. അവിടെത്തന്നെ നിന്നു.

ഒന്നൊതുങ്ങിയ കാലിന്റെ വേദന വീണ്ടും കൂടി. കാല്‌ വെട്ടിപ്പൊളിക്കുന്നത് പോലെ. അതിനിടയിൽ ശകാരങ്ങളൊന്നും എന്നെ പ്രകോപിപ്പിച്ചില്ല.

ഇപ്പോൾ സൈഡ് സീറ്റുകളിലൊന്നും തൊടാതെ കുത്തനെയുള്ള കമ്പിയിൽ മാത്രം ചാരി നിന്ന്, രണ്ടു കൈകൊണ്ടും മുകളിൽ പിടിച്ചാണ്‌ നില്പ്. വേദനയുടെ കാഠിന്യം സഹിക്കാനാകാതെ ചാരി നില്‍ക്കുന്ന കമ്പിയിലാക്കി പിടുത്തം. തലയ്ക്ക് മുകളിലൂടെ കൈകൾ പിന്നിലേയ്ക്കാക്കി കമ്പിയിൽ കോർത്ത് പിടിച്ചു. സഹിക്കാനാവുന്നില്ല. കാല്‌ തളരുന്നത് പോലെ അനുഭവപ്പെടുന്നു. കമ്പിയിലൂടെ ഇഴുകി താഴെ ഇരുന്നു. ഇരുന്നതാണോ കമ്പിയിലൂടെ ഇഴുകി താഴെ വീണതാണോ എന്ന് നിശ്ചയമില്ല.


എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചിലരെല്ലാം ചാടിയെഴുന്നേറ്റ് എന്നെ പിടിക്കാനായി ആഞ്ഞു.

"തൊട്ടുപൊകരുത്..."അരുകിലിരുന്ന ഒമ്പതു വയസ്സുകാരന്റെ ശബ്ദം ദൃഢമായിരുന്നു.

ആദ്യം എല്ലാവരും ഒന്നു സ്തംഭിച്ചെങ്കിലും അവന്റെ വാക്കുകൾ കാര്യമാക്കാതെ രണ്ടുപേർ എന്നെ പിടിച്ചെഴുന്നേല്പിക്കാൻ മുന്നോട്ട് വന്നു.

"ആ കുഞ്ഞ് പറഞ്ഞത് നിങ്ങള്‍ കേട്ടില്ലെ...തൊടരുതെന്നെ."

എന്റെ മുഴുവൻ വികാരങ്ങൾക്കും ആശ്വാസം ലഭിച്ചത് അങ്ങിനെ ഒരു വാക്കെങ്കിലും പറയാൻ സാധിച്ചപ്പോഴാണ്‌. ആദ്യമേ പറയണമെന്നുണ്ടായിരുന്നു. പരാശ്രയം കൂടാതെ ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്കാനാവില്ലെന്ന അറിവ് എന്നെ വാശിക്ക് വശംവദനാക്കിയില്ല. പക്ഷെ, ഇപ്പോൾ ആ കുഞ്ഞിന്റെ നിഷ്ക്കളങ്കമായ ആത്മാർത്ഥതയെ അംഗീകരിക്കാതിരിക്കാനാവില്ല.

എന്റെ ശബ്ദം കേട്ടതും, അവൻ സീറ്റിൽ നിന്നും എഴുന്നേറ്റു. ഒരു കൈ സീറ്റിൽ പിടിച്ച് മറുകൈകൊണ്ട് എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഇത്രയും ഭാരമുള്ള എന്നെ ഒന്നനക്കാൻപോലും ആ കുഞ്ഞിനായില്ല. സീറ്റിൽനിന്നും പിടിവിട്ട് രണ്ടു കൈകൊണ്ടും ശ്രമം തുടർന്നു. ബാലൻസ് തെറ്റി അവൻ വേച്ചുവേച്ച് പോയി. പിന്നീട് കണ്ടക്ടർ വന്ന് സഹായിച്ചാണ്‌ എന്നെ എഴുന്നേല്പിച്ചത്.

അതില്പിന്നെ ബസ്സിലെ പല സീറ്റുകളും എനിക്കിരിക്കാൻ പാകത്തിൽ സന്നദ്ധമായിരിക്കുന്നത് ആ സീറ്റുകളിലെ മുഖഭാവങ്ങളിൽ നിന്ന് ഞാൻ വായിച്ചെടുത്തു.

അവനെന്റെ കൈ പിടിച്ച് അവന്റെ സീറ്റിലിരുത്തി. എതിർപ്പൊന്നുമില്ലാതെ ഞാനത് അനുസരിച്ചു. അവന്റെ അമ്മ അറ്റത്തേക്കൊതുങ്ങിയിരുന്ന് സഹകരിച്ചു. നടുവിലായി അവനും ഇരുന്നു.

"അമ്മ പാവാ..അച്ചനുമമ്മേം വഴക്കിട്ടോണ്ട് ഞങ്ങള്‌ അമ്മേടെ വീട്ടീ നിക്കാമ്പോവാ. അതോണ്ടാ..." അവനെന്നെ നോക്കി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു.

ഞാനവനെ ചേർത്ത് പിടിക്കുമ്പോൾ എന്റെ തൊണ്ട വരണ്ടതും രണ്ടു തുള്ളി കണ്ണീര്‌ അവന്റെ തലയിൽ പതിച്ചതും എന്തിനെന്നറിയില്ല. 

11/4/12

പടക്കപ്പരമു

11-04-2012
കാലം തെറ്റി കടന്നെത്തുന്ന കാലാവസ്ഥ കണിക്കൊന്നയുടെ കണക്കുകളും തെറ്റിക്കുന്നു. പലതും നേരത്തെ പൂത്തുകൊഴിഞ്ഞു. ചിലതിൽ മാത്രം പേരിനുണ്ട് പൂക്കൾ. വിഷുവാണ്‌ വരുന്നത്, പരമുവിന്‌ സന്തോഷത്തിന്റെ നാളുകളാണ്‌.

പടക്കപ്പണിക്കാരനാണ്‌ പരമു. കറുത്ത എല്ലിച്ച മനുഷ്യൻ. എത്ര സമയം പണിയെടുത്താലും മുഷിവില്ലാത്തവൻ. എല്ലാവരേയും വിശ്വസിക്കുന്ന മനസ്സ്. എവിടെ, ആർക്കെന്തു സഹായത്തിനും ഉടനെ ഓടിയെത്തുന്ന പ്രകൃതം. സ്വന്തം ശരീരത്തെക്കാൾ മറ്റുള്ളവരുടെ ശരീരം നോവുന്നത് കാണുമ്പോള്‍ പ്രയാസപ്പെടുന്ന പരോപകാരി.

ഒരു കുഴപ്പമേയുള്ളു. വെള്ളത്തിനു പകരം പട്ടച്ചാരായമാണ്‌ പഥ്യം എന്നു മാത്രം കൂടെ കാജാ ബീഡിയും. ഇവ രണ്ടും വീട്ടിൽ സ്റ്റോക്കുണ്ടാകും. രണ്ടു പൊതി കാജാ ബീഡിയും ഒരു തീപ്പെട്ടിയും എപ്പോഴും ഇടതു കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കും. പോക്കറ്റിലോ മടിയിലോ ഒന്നും വെയ്ക്കില്ല, വിയർപ്പിന്റെ നനവ് ബീഡിയിൽ പടർന്നിരിക്കും.

ഗന്ധകം കലർന്ന വെടിമരുന്നിന്റെ മണവും, വാറ്റ് ചാരായം കുടിച്ച് വിയർക്കുമ്പോഴുണ്ടാകുന്ന നാറ്റവും കൂടിക്കുഴഞ്ഞ ഒരു വല്ലാത്ത ദുർഗ്ഗന്ധമാണ്‌ പരമുവിനെപ്പോഴും. പീടികച്ചായ കുടിക്കൽ ഒരു ശീലമായതിനാൽ നൂറ്‌ മീറ്റർ ദൂരെയുള്ള കവലയിലെ ചായക്കടയിലേയ്ക്ക് ഇടയ്ക്കിടെ പോയ്ക്കൊണ്ടിരിക്കും. ചായ കുടിക്കണം എന്നു തോന്നിയാൽ ഉടനെ പണി നിർത്തി എഴുന്നേല്‍ക്കും. നല്ല വേഗത്തിൽ ഒറ്റ നടത്തം. കറുത്ത ദേഹത്ത് പടക്കത്തിന്റെ മരുന്ന് പറ്റിപ്പിടിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണാം. മരുന്നെടുക്കുന്ന കൈകൊണ്ട് ശരീരത്തിന്റെ എവിടെയെങ്കിലും ഒന്നു തൊട്ടാല്‍ അതവിടെ മിനുസത്തോടെ വെളുത്ത പാണ്ടായി കിടക്കും. തുടച്ചു കളയാൻ ശ്രമിച്ചാൽ കൂടുതൽ പരക്കും എന്നല്ലാതെ പ്രയോജനമുണ്ടാകില്ല. കഴുകിയാൽ മാത്രമെ പിന്നീടത് പോകു. ചായകുടി കഴിഞ്ഞ് ഒരു ബീഡിയും വലിച്ച് തിരികെ പോരും.

ഷർട്ടിടാതെ മുണ്ട് മടക്കിക്കുത്തിയാണ്‌ പണിക്കിരിക്കുക. മടക്കിക്കുത്തിയ മുണ്ടിന്റെ മടക്ക് പിന്നെ വൈകീട്ടേ അഴിയൂ. വെടിമരുന്നും അഴുക്കും ചേർന്ന് മുണ്ടും ഒരു കോലത്തിലാണ്‌. ആഴ്ചയിൽ ഒരിക്കലേ ആ തുണി കഴുകു എന്നതിനാൽ പരമുവിനെക്കാൾ നാറ്റമാണ്‌ ആ തുണിക്ക്. പണിക്കിറങ്ങിയാൽ ഭക്ഷണം കഴിക്കാൻ മാത്രമേ കൈ കഴുകു. മറ്റ് സന്ദർഭങ്ങളിൽ ഉടുതുണിയിൽ കൈ തുടക്കുക എന്നതാണ്‌.

അമിതലാഭവും മൂലധനക്കുറവും മാത്രമല്ല ഈ കുടിൽ വ്യവസായം സ്വീകരിക്കാൻ പരമുവിനെ പ്രേരിപ്പിച്ചത്. പരമ്പരാഗതമായി തുടർന്നുപോന്ന തൊഴിലിനെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് വിശ്വസിച്ച് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു എന്നതാണ് മുഖ്യ കാരണം.  വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും, കൂടുതൽ ശ്രദ്ധ വേണ്ടതാണെന്നും മറ്റാരേക്കാളും പരമുവിന്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നു. കർശനമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കർക്കശക്കാരനായിരുന്നു.

അടുത്ത് പനകളുള്ള വീടുകളിൽ നിന്ന് അവ കച്ചോടം ചെയ്ത് പനയോല വെട്ടി താഴെയിറക്കി വെയിലത്ത് വിരിച്ചിടുന്നത് പരമു തന്നെ. ഉണങ്ങിയ പനയോലകൾ കെട്ടാക്കി തലച്ചുമടായി വീട്ടിലെത്തിക്കുന്നത് പരമുവും ഭാര്യയും ചേർന്നാണ്‌. നാളത്തെ ആവശ്യത്തിനുള്ള പനയോലകൾ ഇന്ന് രാത്രി തന്നെ മുറ്റത്ത് വീണ്ടും വിരിച്ചിടും. രാത്രിയിലെ ചെറിയ മഞ്ഞിൽ ഓലയ്ക്ക് പശിമ കിട്ടും. നേരം നന്നായി വെളുക്കുന്നതിനു മുൻപേ ആ ഓലയെല്ലാം ഓലപ്പടക്കം കെട്ടുന്നതിനു വേണ്ട സൈസിൽ ചെറുതായി വാർന്നു* വെക്കും. വാർന്നു വെച്ച ഓലകൾ ചെറിയ കെട്ടുകളാക്കി വെള്ളം തളിച്ചോ, നനച്ച ചാക്കിൽ പൊതിഞ്ഞു വെച്ചോ വൈകുന്നേരം വരെ അതിന്റെ പശിമ നിലനിർത്താം. വെയിലുദിച്ചാൽ ഓല ഒടിയും എന്നതിനാലാണ്‌ നേരത്തേ വാര്‍ന്നു വെക്കുന്നത്. ഓല വാർന്നു വെക്കലും, പടക്കം പേണലും*, ചെങ്കല്ല് ഇടിച്ചുപൊടിച്ചത്  ഈർക്കിലിപ്പടക്കത്തിന്റെ കുറ്റിയുടെ ഒരറ്റത്ത് ഇടിച്ച് നിറയ്ക്കുന്നതും പരമു തന്നെ.

'തിരി'ക്കാവശ്യമായ കരിമരുന്ന് ഇടിച്ചെടുക്കുന്നത് മരത്തിന്റെ ഉരലിലാണ്‌. അരമീറ്റർ നീളത്തിൽ വേണ്ടത്ര വണ്ണത്തിൽ തരംതിരിച്ചെടുക്കുന്ന നൂലിൽ, കഞ്ഞിവെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ കരിമരുന്ന് തേച്ചുപിടിപ്പിച്ച് വെയിലത്തുവെച്ച് ഉണക്കിയെടുക്കുന്ന പണി പരമുവിന്റെ ഭാര്യക്കാണ്‌. പിന്നീടവ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും.

മൂന്നാല്‌ കുട്ടികളും ഒന്നുരണ്ട് സ്ത്രീകളുമാണ്‌ ഓലപ്പടക്കം കെട്ടാൻ വരുന്നത്. ഗന്ധകവും(ഫോസ്ഫറസ്), പൊട്ടാസും(പൊട്ടാസ്യം ക്ലോറൈറ്റ്), അലുമിനിയം പൗഡറും(അലിമിനിയം ഓക്സൈഡ്) കൂട്ടിയോജിപ്പിച്ച പൊടി വളരെ സൂക്ഷിച്ചാണ്‌ ഓരോരുത്തർക്കും നല്‍കുക. മണ്ണിന്റെ ചെറിയൊരംശംപോലും കയറാതെ കടലാസ്സിലാണ്‌ മരുന്ന് എടുക്കുക. മണ്ണിന്റെ തരി വീഴണമെന്നില്ല, ചെറിയൊരു ഘര്‍ഷണം മതി അത് കത്തിപ്പിടിക്കാന്‍. ഏറ്റവും അപകടകാരിയാണ് പൊട്ടാസ് എന്ന് വിളിക്കപ്പെടുന്ന പൊട്ടാസ്യം ക്ലോറൈറ്റ്. മരുന്ന് മിക്സ് ചെയ്യുമ്പോള്‍ വെറുതെ തിരിക്കുകയും മറിക്കുകയും മാത്രമെ ആകാവു എന്നാണ്. കൈകൊണ്ട് തിരുമ്മി മിക്സ് ചെയ്‌താല്‍പോലും കത്തിപ്പിടിക്കാം. നിയമപ്രകാരം ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. പക്ഷെ നല്ല ശബ്ദത്തോടെ പൊട്ടുന്നതിനു വേണ്ടി എല്ലാവരും ഇതു തന്നെയാണ് ഉപയോഗിക്കുക. പടക്കം കെട്ടുന്നതിനുള്ള മരുന്ന് കോരിയെടുക്കാൻ പനയോല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൊച്ചു കോരിയും ഉണ്ടാകും.

വിഷു കൂടാതെ കല്യാണങ്ങൾക്കും ചെറിയ അമ്പലപ്പരിപാടിക്കും ചെറിയ പള്ളികളിലേക്കും ചന്ദനക്കുടത്തിനും ഒക്കെ പരമുവിന്റെ പടക്കം ഉപയോഗിച്ചു വന്നിരുന്നു. കൂടുതലുണ്ടാക്കുന്ന പടക്കം 'ചന്തക്കുന്നിലെ കടയിൽ' കൊണ്ടുപോയി കൊടുക്കും.

പതിനഞ്ച് കിലോമീറ്ററിനുള്ളിൽ ആകെയുള്ള ഒരേയൊരു പടക്കക്കടയാണ്‌ ചന്തക്കുന്നിലേത്. ശിവകാശിയിൽ നിന്നു കൊണ്ടുവരുന്ന എല്ലാത്തരം പടക്കങ്ങളും അവിടെ കിട്ടും. പരമുവിനെപ്പോലെ ആ പ്രദേശങ്ങളിൽ ഉല്പാദിപ്പിക്കുന്ന പടക്കങ്ങൾ മുഴുവൻ ആ കടയിലാണ്‌ കൊടുക്കുക.  ചെറിയ തോതിൽ ഡൈനയും ഗുണ്ടും ഏറ്‌പടക്കവും ഉണ്ടാക്കാൻ തുടങ്ങിയതോടെ പരമുവിനെ തേടി പൊലീസെത്തി. ലൈസൻസില്ലാതെയോ താമസിക്കുന്ന വീട്ടിൽ വെച്ചോ ഇപ്പണി നടപ്പില്ലെന്ന്‌ പൊലീസ് കർശനമായി താക്കീത്‌ ചെയ്തു.

നാട്ടുകാരുടെ മദ്ധ്യസ്ഥതയിൽ പൊലീസുമായി ഒത്തുതീർപ്പുണ്ടാക്കി. ഒരു മാസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കണം. പരമുവിന്റെ ജീവിതമാർഗ്ഗം എന്ന രീതിയിൽ നാട്ടുകാർ അലിവോടെ കാര്യങ്ങൾ ആലോചിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനും ലൈസൻസ് സംഘടിപ്പിക്കുന്നതിനും നാട്ടുകാര്‍ ശ്രമം തുടങ്ങി. നാട്ടുകാര്‍ക്ക്‌ പരമുവിനോടുള്ള താല്പര്യമായിരുന്നു അതിനു പിന്നില്‍.

പ്രസാദ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ഈ സമയത്താണ്‌. പരമു പണിയും മേൽനോട്ടവും നടത്തിയാൽ മതി. മറ്റെല്ലാം പ്രസാദ് ഏറ്റെടുത്തു. ചെറുപ്പത്തിന്റെ ആവേശവും, പുതിയ ബിസ്സിനസ്സിന്റെ കണക്കുകൂട്ടലുകളും കൂടിച്ചേർന്നത് പുതിയ പടക്കക്കമ്പനിയുടെ ഉദയത്തിനായിരുന്നു. പ്രസാദിന്റെ ഭാവനക്കനുസരിച്ച് ഷെഡ്ഡ് തീർത്തപ്പോൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതിൽ പരമുവിന്‌ എതിർപ്പുണ്ടായിരുന്നു.

പരമുവിന്റെ എതിര്‍പ്പ് നോക്കിയിരുന്നാല്‍
ഷെഡ്ഡ് പണിത്‌ ലൈസെന്‍സെടുക്കുന്ന കാര്യം നടപ്പില്ലെന്ന് പ്രസാദിനറിയാമായിരുന്നു. കുറഞ്ഞത് നാല് ഷെഡ്ഡുകള്‍ വേണം. ഓരോ ഷെഡ്ഡുകള്‍ തമ്മിലും നാല്‍പത്‌ മീറ്റര്‍ അകലമെന്കിലും ഉണ്ടായിരിക്കണം. മരുന്ന് തയ്യാറാക്കാനും ഉണക്കാനും പ്രത്യേകം തറ. പടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത്‌ വൈദ്യുതി ഉപയോഗിക്കാന്‍ പാടില്ല. പകല്‍ വെളിച്ചത്തിലേ നിര്‍മ്മാണം നടത്താവു. പൊട്ടുന്നതും പൊട്ടാത്തതുമായവ വെവ്വേറെ സൂക്ഷിക്കണം. ഷെഡ്ഡില്‍ നിന്നും നൂറ് മീറ്റര്‍ അകലെ മാത്രമേ വീടുകള്‍ ഉണ്ടാവാന്‍ പാടുള്ളൂ. അങ്ങിനെ പോകുന്നു നിബന്ധനകള്‍....

പ്രസാദിന്റെ  സ്വാധീനം ഉപയോഗപ്പെടുത്തി സ്വന്തം പുരയിടത്തിന്റെ ഒരറ്റത്ത് ഒറ്റഷെ
ഡ്ഡില്‍ ലൈസന്‍സ്‌ നേടിയെടുത്തു. വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. വീട്ടില്‍ നിന്ന് ഒളിവില്‍ വൈദ്യുതി തരപ്പെടുത്തി.

പരിമിതമായ അധികാരത്തിൽ പരമുവിന്‌ വിഷമമില്ലായിരുന്നു. അത്യാവശ്യം വേണ്ടവ നിസ്സാരമാക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. കുട്ടികളെ ഒഴിവാക്കി മുതിർന്നവരെ പണിക്ക് വെച്ചതിനു പിന്നിൽ പ്രസാദിന്റെ ചിന്തകളായിരുന്നു. അത് നന്നെന്ന് പരമുവിനും തോന്നി.

കേമന്മാരായ പണിക്കാരെത്തിയപ്പോൾ കമ്പനിയിൽ 'നില'യമിട്ടുകൾ വിരിയാൻ തുടങ്ങി.

ആകാശത്തിനു  കീഴെ തിളങ്ങുന്ന വര്‍ണ്ണങ്ങള്‍ വാരിവിതറി കാഴ്ചയില്‍ അസൂയ നിരത്തി. നിരനിരയായി ഉയര്‍ന്നു പൊങ്ങി പൊട്ടിവിരിയുന്ന മനോഹരമായ കാഴ്ച.

പൊട്ടി വിരിയാന്‍ തയ്യാറെടുക്കുന്ന വര്‍ണ്ണങ്ങളുടെ നിര്‍മ്മിതിയില്‍ അറിയപ്പെടാതെ പതിയിരിക്കുന്ന അപകട കാരണങ്ങള്‍ പല തീപ്പിടുത്തത്തിലേയും ഒന്നാം പ്രതിയാണ്. വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ തയ്യാറാക്കുന്ന മിശ്രിതം തറയില്‍ പരത്തിവെച്ച് ചെറിയ കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കും. വയലറ്റ്‌ പോലുള്ള നിറങ്ങളുടെ ഉണക്കി സൂക്ഷിക്കുന്ന ചെറു തുണ്ടുകള്‍ അന്തരീക്ഷത്തിന്റെ മാറുന്ന ഊഷ്മാവില്‍ തനിയെ കത്തുന്നു എന്നാണ് കാണപ്പെടുന്നത്. ചില ശ്രദ്ധക്കുറവുകള്‍ മൂലം ഉപയോഗിച്ച് മിച്ചം വരുന്ന കഷ്ണങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് പൊട്ടുന്ന പടക്കങ്ങള്‍ക്കരുകില്‍ തല്‍ക്കാലത്തേയ്ക്ക് എടുത്തു വെയ്ക്കാറുണ്ട്. പല പൊട്ടിത്തെറികള്‍ക്കും കാരണമായിട്ടുള്ളത് ഈ ശ്രദ്ധക്കുറവ് തന്നെ.

ഓർഡറുകൾ പിടിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും പ്രസാദിന്‌ പ്രത്യേക കഴിവായിരുന്നു. ഇടത്തരം വെടിക്കെട്ടുകൾ നടത്തിക്കഴിയുമ്പോൾ എല്ലാവരുടേയും ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു.

പണിക്കിടയിൽ ചാരായം കുടിക്കാൻ പാടില്ലെന്ന പ്രസാദിന്റെ താക്കീത് മാത്രമായിരുന്നു പ്രയാസം. അത് നന്നെന്ന് പരമുവിന്‌ പിന്നീട് ബോദ്ധ്യമായി. കാലത്തിനനുസരിച്ച ചില മാറ്റങ്ങൾ അംഗീകരിക്കേണ്ടതാണെന്ന് സ്വയം തീരുമാനിച്ചു.

കുറച്ചു നാളുകളിലെ പ്രവര്‍ത്തനം മൂലം കമ്പനിക്കുണ്ടായ പുരോഗതി വിലയിരുത്തിയാല്‍, കര്‍ക്കശമായ തീരുമാനത്തേക്കാള്‍ നല്ലത് പ്രായോഗികമായ വേഗമാണ് ഉചിതമെന്ന് പരമു മനസ്സിലാക്കി. പ്രസാദിന്റെ തീരുമാനങ്ങളാണ് കമ്പനിയുടെ വളര്‍ച്ചക്ക്‌ ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈസന്‍സ് പോലും തരപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഒളിവില്‍ വൈദ്യുതി എടുക്കാതിരുന്നെന്കില്‍ തിരക്ക്‌ സമയങ്ങളില്‍ പണികള്‍ ബാക്കിവന്നേനെ. പകല്‍ വെളിച്ചത്തില്‍ മാത്രം പണിയണമെന്ന നിയമം പാലിച്ചിരുന്നെങ്കില്‍ എത്ര വെടിക്കെട്ടുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു?

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. നാളെയാണ്‌ വിഷു. അങ്ങിങ്ങ് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേൾക്കാം. കവലയിൽ എല്ലാവരും സന്തോഷത്തിലാണ്‌. പരമുവിന്റെ ഇത്തവണത്തെ വിൽപന ആ കവലയിലാണ്‌. നല്ലോണം ‘വീശി’ സന്തോഷത്തോടെയാണ്‌ പുള്ളിക്കാരന്റെ നില്പ്.

പെട്ടെന്നാണ്‌ കാതടപ്പിക്കുന്ന ശബ്ദവും കൂട്ടപ്പൊരിച്ചിലും കേട്ടത്. പരിഭ്രമത്തോടെ പടക്കക്കമ്പനി ലക്ഷ്യമാക്കി ജനങ്ങള്‍ ഓടി. ഒരലർച്ചയോടെ വെളിവില്ലാതെയാണ്‌ പരമു പായുന്നത്.

ചിതറിത്തെറിച്ച പടക്കപ്പുരയുടെ അവശിഷ്ടങ്ങൾ ദൂരെക്കിടന്ന് കത്തുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില പൊട്ടലുകൾ മാത്രം കേൾക്കാം. ഷെഡ്ഡില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പ്രസാദിന്റെ അമ്മ പറഞ്ഞു. വൈദ്യുതി കണക്ഷനെടുക്കാനുപയോഗിച്ച വയറെല്ലാം ഈ സമയത്തിനിടക്ക് പ്രസാദ് മാറ്റിയിരുന്നു. തളർന്നു വീണ പരമുവിനെ പ്രസാദിന്റെ വീട്ടിൽ കിടത്തി. "ഇനി ഞാനില്ല..ഇനി ഞാനില്ല" എന്ന് ശബ്ദം കുറച്ച് പരമു മന്ത്രിക്കുന്നുണ്ടായിരുന്നു.

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ തുടങ്ങിയതാണ്‌. ഇതുവരെ ഒരപകടവും സംഭവിച്ചിട്ടില്ല. പിന്നെന്താണ്‌ ഇപ്പോഴിങ്ങനെ സംഭവിക്കാൻ? ലാഭം കൂട്ടാൻ വേണ്ടി ശ്രദ്ധിക്കേണ്ട പലതും വിസ്മരിക്കുന്നതാണോ? മരുന്നുകളിലും മായം കലർന്നിരിക്കുമോ? കൈക്കൂലിയുടെ കരുത്തില്‍ നിയമത്തിന്റെ താളം തെറ്റിക്കുന്നോ.... എന്തായാലും പരമു പടക്കപ്പണി നിർത്തി.

ആരില്ലെങ്കിലും ഇട്ട് പോകാൻ പ്രസാദ് തയ്യാറായില്ല. ഒരാഴ്ചക്കുള്ളിൽ പുതിയ ഷെഡ്ഡ്  ഉയർന്നു. തൊഴിലാളികളുടെ ജീവൻ കള്ളക്കണക്കായി ചേർത്ത് പുതിയ ലാഭക്കണക്കുകൾ മെനഞ്ഞ പ്രസാദിനു തെറ്റിയത് ഗ്രാമീണര്‍ വിവരമില്ലാത്തവരെന്ന തോന്നലാണ്, വളരുന്ന ഗ്രാമത്തെക്കുറിച്ച ബോധമില്ലായ്മയാണ്.

നേരം വെളുക്കുന്നതിനു മുൻപേ നാട്ടുകാർ കത്തിച്ച പുതിയ ഷെ
ഡ്ഡ് പിന്നീടുയർത്താൻ പ്രസാദും ശ്രമിച്ചില്ല.

എന്നാല്‍, അടുത്ത മാസത്തില്‍ത്തന്നെ തൊട്ടടുത്ത ഗ്രാമത്തില്‍ 'ചന്തക്കുന്നിലെ' പടക്കക്കടക്കാരന്റെ പുതിയ പടക്കനിര്‍മ്മാണശാലയ്ക്കുള്ള ഷെ
ഡ്ഡ് ഉയര്‍ന്നുകഴിഞ്ഞിരുന്നു.  

*വാര്‍ന്ന് എടുക്കുക= വാരല്‍ എന്നും പറയും. ഉണങ്ങിയ പനയോല പടക്കം കെട്ടേണ്ട രീതിയില്‍ മുറിച്ചെടുക്കുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. അല്പം പരിചയം ഉള്ളവര്‍ക്കേ അത് കഴിയു.

*പടക്കം പേണുക= കയറില്‍ ഓരോ പടക്കങ്ങളും ചേര്‍ത്ത്‌ വെച്ച് മാല കേട്ടുന്നതിനെയാണ്
പടക്കം പേണുക എന്ന് പറയുന്നത്.